പി.ജെ. തോമസ്

കക്ഷത്തിൽ പിഎച്ച്​.ഡിയുള്ളവരും ആത്​മരതിക്കാരായ ഗൈഡുമാരും

എ.എം. ഷിനാസ് : 16ാം നൂറ്റാണ്ടിലെ മധ്യകാല ഫ്രഞ്ചിലെ ഒരു വാക്കാണ് Recerche. അതാണ് ആംഗലേയത്തിൽ Research. അന്വേഷിക്കുക, തേടിക്കണ്ടെത്തുക എന്നൊക്കെയാണ് അതിന്റെ അക്ഷരാർഥം. ആദ്യം ഇൻക്രിമെൻറിനും പിന്നെ പ്രൊമോഷനും യു.ജി.സി, പിഎച്ച്.ഡി ഒരു മാനദണ്ഡമായി നിശ്ചയിച്ചപ്പോൾ ഗവേഷണ ബിരുദം നേടാനുള്ള അധ്യാപകരുടെ പരക്കംപാച്ചിലാരംഭിച്ചു. പിന്നെ, മുൻ കേന്ദ്ര മാനവവിഭവശേഷി മന്ത്രിയായിരുന്ന പ്രകാശ് ജാവേദ്കർ 2021 ജൂലൈ മുതൽ സർവകലാശാലകളിലും കോളേജുകളിലും എൻട്രി ലെവലിൽ തന്നെ പിഎച്ച്.ഡി ബിരുദം നിർബന്ധിതമാക്കുമെന്ന് പ്രസ്താവിച്ചപ്പോൾ ഈ ബിരുദം എവ്വിധമെങ്കിലും കരസ്ഥമാക്കാനുള്ള വെപ്രാളം വൻതോതിലായി. തുടർന്ന് മാന്ത്രികർ തങ്ങളുടെ തൊപ്പിയിൽ നിന്ന് തത്തയെ പുറത്തെടുക്കുന്നതുപോലെ പലരും പിഎച്ച്.ഡി എന്ന "പച്ചക്കിളി'യുമായി വന്ന് നമ്മെ അമ്പരപ്പിച്ചു! അതിനു മുൻപ് ഏതെങ്കിലും റിസർച്ച് ജേണലിലോ, അതുപോട്ടെ, ഏതെങ്കിലും ഗൗരവമുള്ള ആനുകാലികങ്ങളിലോ, ഒരു വരിപോലും പ്രസിദ്ധീകരിച്ചിട്ടില്ലാത്തവർ, അവർക്ക് "ഗമണ്ടനെ'ന്നും മറ്റുള്ളവർക്ക് "ഉഡായിപ്പ്' എന്നും തോന്നുന്ന ഗവേഷണ പ്രബന്ധങ്ങളുമായി രംഗത്തെത്തി. ഡോക്ടർ എന്ന സംജ്ഞ പേരിന് മുൻപിൽ ചേർക്കാമെന്നല്ലാതെ സത്തയിൽ (substance) പരമദരിദ്രമാണ് പല ഗവേഷണ പ്രബന്ധങ്ങളും. ചിലരൊക്കെ കീശയിൽ നിന്ന് പണമെറിഞ്ഞ് അവ പ്രസിദ്ധീകരിച്ച് സഹപ്രവർത്തകർക്കും പരിചയക്കാർക്കും വിൽക്കുന്ന സാഹചര്യവുമുണ്ട്. മറ്റു പലരുമാകട്ടെ അവയൊന്നും ഒരിക്കലും വെളിച്ചം കാണാത്ത ഇരുട്ടറകളിലേക്ക് തള്ളുന്നു. നമ്മൾ ജീവിക്കുന്ന സമൂഹത്തിനോ അവനവന്റെ ജ്ഞാനശാസ്ത്രമണ്ഡലത്തിനോ അണുമാത്ര സംഭാവന ചെയ്യാത്തതാണ്, നിർഭാഗ്യവശാൽ, പല പിഎച്ച്.ഡി പ്രബന്ധങ്ങളും. ഈയിടെയായി സംസ്ഥാനത്തെ സർക്കാർ-എയ്ഡഡ് കോളേജുകളിൽ റിസർച്ച് കേന്ദ്രങ്ങൾ അടിക്കടി കൂടിവരികയാണ്. ഒരു പിഎച്ച്.ഡിയുമായി പുറത്തിറങ്ങിയ അധ്യാപകർക്ക് പിറ്റേന്ന് തന്നെ റിസർച്ച് ഗൈഡ്ഷിപ്പ് കിട്ടുന്ന "ഏകജാലക യുദ്ധകാലാടിസ്ഥാന' സംവിധാനമാണുള്ളത്. വാളെടുത്തവരെല്ലാം വെളിച്ചപ്പാടാവുന്ന സ്ഥിതിവിശേഷം. ഡോക്ടറേറ്റ് ഡിഗ്രിക്കുണ്ടായിരുന്ന അന്തസ്സും ബഹുമാന്യതയുമൊക്കെ ഏറെക്കുറെ നാമാവശേഷമായിരിക്കുന്നു. ഈ നാണംകെട്ട പരിതോവസ്ഥയിൽ ശരിക്കും വലയുന്നതും "വധിക്കപ്പെടുന്നതും' യാഥാർഥവും അകൃത്രിമവുമായ ഗവേഷണ സപര്യയിൽ മുഴുകിയവരാണ്. ഗവേഷണബിരുദം കൂടാതെ നല്ല അധ്യാപകരാവാൻ പറ്റില്ലെന്ന അധികാരികളുടെ പിഴച്ച യുക്തിയാണ് ഈ പ്രവണതയ്ക്കു പിന്നിലെന്നു തോന്നുന്നു. എന്താണ് റിസർച്ചിന്റെ ലക്ഷ്യവും ഉദ്ദേശ്യവുമെന്നാണ് താങ്കൾ കരുതുന്നത്?

പി.ജെ. തോമസ് : റിസർച്ചിനെപ്പറ്റിയുള്ള ധാരണ തന്നെ പൊളിച്ചെഴുതേണ്ടതുണ്ട്. റിസർച്ച്​ എന്ന കാര്യം എല്ലാവർക്കും പറ്റുന്നതാണ് എന്നൊരു മതിഭ്രമം നമ്മുടെ അധ്യാപകർക്കു മാത്രമല്ല, വിദ്യാഭ്യാസമേഖലയുടെ കാര്യകർത്താക്കളായ അധികാരികൾക്കുമുണ്ട്. ഒന്നാമതായി നാം മനസ്സിലാക്കേണ്ടത്, റിസർച്ച് എല്ലാവർക്കും പറ്റിയതല്ല എന്നതാണ്. പിഎച്ച്.ഡി ഉള്ളവരെല്ലാം കലർപ്പില്ലാത്ത (genuine) ഗവേഷകരാണെന്നോ മൗലികമായി ഗവേഷണത്തിൽ വ്യാപൃതരായവരെല്ലാം പിഎച്ച്.ഡി ബിരുദമുള്ളവരാണെന്നോ ഉള്ള സങ്കല്പത്തിൽ നിന്ന് നാം വിടുതൽ നേടണം. റിസർച്ചിനെ നാം സ്‌പെഷ്യൽ ആയിത്തന്നെ കാണണം. ഇതിലേക്ക് ഉദ്ദേശ്യശുദ്ധിയോടെയും ദൃഢപ്രത്യയത്തോടെയും വരുന്നവർക്ക് റിസർച്ചിൽ താത്പര്യവും മാനസികവും ബൗദ്ധികവുമായ ശേഷിയും കരുത്തും ഉണ്ടാവണം. എൻട്രി ലെവലിൽ കോളേജിൽ അധ്യാപകരാവുന്നവർക്കെല്ലാം പിഎച്ച്.ഡി നിഷ്‌കർഷിക്കുന്നത് റിസർച്ചിനെ Procrustean bed ന്റെ പരുവത്തിലാക്കും. ആരാണ് യഥാർഥ ഗവേഷകർ എന്ന് തിരിച്ചറിയാൻ പറ്റാത്ത, ആകെ കുഴഞ്ഞുമറിഞ്ഞ അവസ്ഥ വന്നുചേരും.

കോളേജധ്യാപകർക്ക് പിഎച്ച്.ഡി ഡിഗ്രി എടുക്കാൻ താത്പര്യമുണ്ടെങ്കിൽ അവർ എടുക്കട്ടെ. പക്ഷേ, അവരെയെല്ലാവരെയും ഒരു കൊട്ടത്താപ്പിൽ Researchers എന്ന് വിശേഷിപ്പിക്കുന്നതും മഹത്വവത്കരിക്കുന്നതും അഭിലഷണീയമല്ല.

റിസർച്ചിനെ നാം രണ്ടായി തിരിക്കണം. ഒന്ന്, വെറും റിസർച്ച് ഡിഗ്രി ആണ്. എം.എ കഴിഞ്ഞ് മറ്റൊരു ഡിഗ്രി. അത്രമാത്രം, ബി.എഡ് ഒക്കെപ്പോലെ. പഠിപ്പിക്കുന്ന മേഖലയിൽ കുറച്ചു കൂടുതൽ കാര്യങ്ങൾ അറിയാനും അവ വിദ്യാർഥികളുമായി പങ്കുവെക്കാനും പ്രയോജനപ്പെടുന്ന ഒരു ബിരുദം എന്ന അർഥത്തിൽ. കോളേജധ്യാപകർക്ക് പിഎച്ച്.ഡി ഡിഗ്രി എടുക്കാൻ താത്പര്യമുണ്ടെങ്കിൽ അവർ എടുക്കട്ടെ. പക്ഷേ, അവരെയെല്ലാവരെയും ഒരു കൊട്ടത്താപ്പിൽ Researchers എന്ന് വിശേഷിപ്പിക്കുന്നതും മഹത്വവത്കരിക്കുന്നതും അഭിലഷണീയമല്ല. അവരെ Teachers with research degree എന്നുപറയാം. "Doctorate as Degree' എന്ന അർഥത്തിൽ.

ഇപ്പോൾ സാമാന്യത്തിലധികം പേർ പിഎച്ച്.ഡി എടുക്കുന്നത് മൂന്നു കാരണങ്ങളാലാണ് - Research force, Research requirement, Research necessity. അത്തരം ഗവേഷണ ബിരുദങ്ങളെ മറ്റേതൊരു ബിരുദംപോലെ കണ്ടാൽ മതി. നാം കറൻസിയെ devalue ചെയ്യുന്നതുപോലെ അവയെയും devalue ചെയ്യണം. കോളേജ് തലത്തിൽ പഠിപ്പിക്കുന്ന അധ്യാപകർക്ക് അവരവരുടെ വിഷയങ്ങളിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന പുതിയ ജ്ഞാനസരണികളെക്കുറിച്ചും പുതിയ പ്രവണതകളെക്കുറിച്ചും ജ്ഞാനശാസ്ത്രപരമായ ചുവടുമാറ്റങ്ങളെക്കുറിച്ചും (paradigm shift) ധാരണയുണ്ടാകണം. അതിന് പുതിയ പുസ്തകങ്ങളും നവ ഗവേഷണപ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുന്ന ജേണലുകളും വായിക്കുകയും അവയിൽ പറയുന്ന കാര്യങ്ങൾ ഗ്രഹിക്കാനുള്ള കഴിവുമുണ്ടായിരിക്കണം. ഒരു പി.എച്ച്.ഡി കക്ഷത്തിലുള്ളതുകൊണ്ട് ഈ വക കാര്യങ്ങളൊന്നുമുണ്ടാവണമെന്നില്ല.

രണ്ടാമത്തെത്, റിസർച്ചിനെ സ്‌പെഷ്യൽ ആയി കാണുന്നവരാണ് അവർ പുതിയ ജ്ഞാനോൽപാദനത്തിന് ശേഷിയുള്ളവരായിരിക്കും. അവർക്ക് ആവുന്നത്ര സ്വാതന്ത്ര്യം കൊടുക്കണം. ഇന്ത്യയിൽ ഒരു pseudo democratic thinking ഉണ്ട് - ഒരുതരം uniformity. ഒരു തരം equalization. അത് കുറഞ്ഞപക്ഷം, റിസർച്ചിന്റെ മണ്ഡലത്തിലെങ്കിലും അഭികാമ്യമല്ല. ഞാനൊരു ഉദാഹരണം പറയാം. ഞങ്ങളുടെ ഡിപ്പാർട്ട്‌മെൻറിൽ ചെന്നൈ ഐ.ഐ.ടി യിൽ നിന്ന് പിഎച്ച്.ഡി യും പോസ്റ്റ് ഡോക്ടറൽ ഡിഗ്രിയുമുള്ള ഒരു ചെറുപ്പക്കാരനുണ്ട്. അദ്ദേഹം റിസർച്ച് ഗൈഡ്ഷിപ്പിന് താത്പര്യപ്പെടുന്നില്ല. കാരണം, ആഴ്ചയിൽ 16 മണിക്കൂർ പഠിപ്പിക്കണം. കഴിഞ്ഞ വർഷം വരെ എം.എ യുടെ ഒരു മണിക്കൂർ ഒന്നര മണിക്കൂറായാണ് കണക്കാക്കിയിരുന്നത്. ഇപ്പോൾ അത് യു.ജി.സി മാനദണ്ഡങ്ങൾ വകവെക്കാതെ ഒരു മണിക്കൂറാക്കി. പല അധ്യാപകരും വിചാരിച്ചിരുന്നത് ഈ അര മണിക്കൂർ ബിരുദാനന്തര ബിരുദതലത്തിൽ ക്ലാസെടുക്കാനുള്ള തയ്യാറെടുപ്പിന്റെ അധികസമയമാണെന്നാണ്. ഇത് പക്ഷേ, അധ്യാപകരുടെ റിസർച്ചുമായി ബന്ധപ്പെട്ട സമയമാണ്. അതുകൊണ്ടാണ് ആ അധ്യാപകൻ പറഞ്ഞത് റിസർച്ച് ഗൈഡൻസിന് തനിക്ക് സമയമുണ്ടാകില്ലെന്നും വിദ്യാർഥികളോട് നീതി പുലർത്താൻ പറ്റില്ലെന്നും.

എല്ലാ കാര്യങ്ങളെയും ക്യാപ്പിറ്റലിസ്റ്റ്, നവലിബറൽ എന്നു പറഞ്ഞ് അടച്ചാക്ഷേപിക്കുന്നതിനു പകരം (അതിൽ പലതിലും അപകടങ്ങൾ ഇല്ലെന്നല്ല) സ്വീകരിക്കാവുന്നവയെ പൊതുമേഖലയിലും പ്രാവർത്തികമാക്കണം.

താൻ റിസർച്ച് ഗൈഡ് ആവാൻ യോഗ്യനാണോ എന്നും ഗവേഷക വിദ്യാർഥികൾക്കുവേണ്ടി വേണ്ടത്ര സമയം വിനിയോഗിക്കാൻ തനിക്ക് കഴിയുമോ എന്നും അധ്യാപകരാണ് തീരുമാനിക്കേണ്ടത്. അതിന് ഇന്റഗ്രിറ്റി വേണം. ഇവിടെ പക്ഷേ, സി.വി യിൽ ഗൈഡ്ഷിപ്പ് കൂടി ചേർത്ത്, കൂടുതൽ ഉയർന്ന പദവികൾ പ്രതീക്ഷിച്ച് പൊള്ളയായ ആത്മരതിയിൽ ആമഗ്നരാവുകയാണ് ചിലർ. അധ്യാപകർക്കിടയിൽ ഒരു ശ്രേണീകരണം വരുന്നത് മോശം കാര്യമൊന്നുമല്ല. അമേരിക്കയിലും ബ്രിട്ടനിലുമൊക്കെ ധാരാളം കമ്യൂണിറ്റി കോളേജുകളുണ്ട്. ഏതെങ്കിലും ഒരു വിഷയത്തിൽ ഡിഗ്രി നേടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ അവിടെ ചേരും. അവിടെയുള്ള അധ്യാപകരുടെ പേ സ്‌കെയിലും വേറെയായിരിക്കും.

ഗായത്രി ചക്രവർത്തി സ്പിവാക്ക്​, ഹോമി.കെ. ഭാഭ

എല്ലാവരെയും എം.എക്കാരും എം.എസ്സിക്കാരും പിഎച്ച്.ഡിക്കാരും ആക്കാനല്ല അത്തരം കോളേജുകൾ. ഇവിടെയുണ്ടായിരുന്ന പഴയ ജൂനിയർ കോളേജുകളെപ്പോലെ. യൂറോപ്പിലൊക്കെയുള്ള ആരോഗ്യമേഖലയുടെ കാര്യവും ഇതുപോലെയാണ്. സൂപ്പർ സ്‌പെഷ്യാലിറ്റിക്ക് പോകാൻ താത്പര്യമോ സമയമോ ശേഷിയോ ഇല്ലാത്ത ഡോക്ടർമാർ അവിടെ പൊതുവെ ഫാമിലി മെഡിക്കൽ പ്രാക്റ്റീഷനേഴ്‌സ് ആയാണ് സേവനമനുഷ്ഠിക്കുന്നത്. അവർക്കു പറ്റാത്തത് കൂടുതൽ മികച്ച ഹോസ്പിറ്റലുകളിലേക്ക് റഫർ ചെയ്യുന്നു. അതുപോലെ വിദ്യാഭ്യാസമേഖലയിലും ഒരു ശ്രേണീകരണം വരുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ല. എല്ലാ കാര്യങ്ങളെയും ക്യാപ്പിറ്റലിസ്റ്റ്, നവലിബറൽ എന്നു പറഞ്ഞ് അടച്ചാക്ഷേപിക്കുന്നതിനു പകരം (അതിൽ പലതിലും അപകടങ്ങൾ ഇല്ലെന്നല്ല) സ്വീകരിക്കാവുന്നവയെ പൊതുമേഖലയിലും പ്രാവർത്തികമാക്കണം.

ഇന്ന യൂണിവേഴ്‌സിറ്റിയിൽ നിന്ന്, ഇന്നയാളുടെ കീഴിൽ റിസർച്ച് ചെയ്തു എന്ന കാര്യത്തിനൊക്കെ പാശ്ചാത്യനാടുകളിൽ ഒരു ഗ്രാവിറ്റി ഉണ്ട്. സാമാന്യേന ഇക്കാര്യങ്ങൾ quality assurance ന്റെ സൂചകവുമാണ്.

​താങ്കൾ അമേരിക്കയിലെയും ബ്രിട്ടനിലെയും സർവകലാശാലകളിൽ ഫെലോഷിപ്പുകൾ കിട്ടി രണ്ടു പതിറ്റാണ്ടിനിടെ പലവട്ടം പോയിട്ടുണ്ട്. താങ്കളുടെ കോളേജിലെ ഇംഗ്ലീഷ് വകുപ്പ് സംഘടിപ്പിക്കുന്ന പരിപാടികളിൽ രാജ്യാന്തര പ്രശസ്തരായ പണ്ഡിതർ പങ്കെടുത്തിട്ടുണ്ട്. ഭാഗ്യവശാൽ അങ്ങനെ, അവരിൽ പലരെയും - സ്ലാവോയ് സിസെക്, ഹോമി കെ. ഭാഭ, ജൊനാഥൻ കള്ളർ, അകീൽ ബിൽഗ്രാമി, ഗായത്രി സ്പിവാക്, ടോറിൽ മോയ്, ലോറ മൾവി, ഡേവിഡ് ബ്രോംവിച്ച്, റിച്ചാർഡ് ഷെക്‌നർ, നിക്കോളാസ് കോംപ്രിഡിസ്, അർജുൻ അപ്പാദുരൈ - കേൾക്കാനും അവരുമായി സംവദിക്കാനും മലയാളികൾക്ക് അവസരം കൈവന്നു. ഇവരിൽ പലരുമായും താങ്കൾക്ക് നല്ല സൗഹൃദബന്ധവുമുണ്ട്. പാശ്ചാത്യനാടുകളിലെ ഗവേഷണ സംസ്‌കാരത്തെപ്പറ്റി ചുരുക്കിപ്പറയാമോ?

പാശ്ചാത്യനാടുകളിൽ പൊതുവെ എം.എ/പിഎച്ച്.ഡി ഒരുമിച്ചാണ്. അതുകൊണ്ട് പഠനകാലം മുതൽ ഭാവി ഗവേഷകർക്ക് അവരുടെ പ്രൊഫസർമാരെ, വ്യക്തിപരമായും വൈജ്ഞാനികമായും നന്നായി അറിയാം. പിന്നെ ഇന്ന യൂണിവേഴ്‌സിറ്റിയിൽ നിന്ന്, ഇന്നയാളുടെ കീഴിൽ റിസർച്ച് ചെയ്തു എന്ന കാര്യത്തിനൊക്കെ അവിടെ ഒരു ഗ്രാവിറ്റി ഉണ്ട്. സാമാന്യേന ഇക്കാര്യങ്ങൾ quality assurance ന്റെ സൂചകവുമാണ്. റിസർച്ച് കഴിഞ്ഞ ഉടനെ അവിടെ ഗവേഷകർ കോളേജിലോ സ്‌കൂളിലോ പഠിപ്പിക്കാൻ പോകുന്നില്ല. അവരെ absorb ചെയ്യാൻ യൂണിവേഴ്‌സിറ്റികളിൽ സംവിധാനമുണ്ട്, റിസർച്ച് അസിസ്റ്റന്റായും റിസർച്ച് കൊലാബറേറ്റേഴ്‌സായുമൊക്കെ. അവർക്ക് സാമാന്യം നല്ല ശമ്പളവും ലഭിക്കുന്നു. സ്പിവാക്കും ഭാഭയുമൊക്കെ എന്റെ സുഹൃത്തുക്കളാണ്. ഇന്ത്യയിൽ നിന്ന് ബിരുദമെടുത്തുപോയ അവർ വാസ്തവത്തിൽ പാശ്ചാത്യ ഗവേഷണ സംസ്‌കാരത്തിന്റെ ഉൽപ്പന്നങ്ങളാണ്. അവരെയൊക്കെ hire ചെയ്യുമ്പോൾ ആദ്യം നൽകുന്നത് പ്രവർത്തന സ്വാതന്ത്ര്യമാണ്. പുസ്തകം എഴുതാനും പ്രത്യേക വിഷയങ്ങൾ തേടി രാജ്യാന്തരയാത്രകൾ നടത്താനും അവിടങ്ങളിൽ താമസിക്കാനും രാജ്യത്തിനു പുറത്തുള്ള സർവകലാശാലകളുമായി സഹകരിച്ച് പ്രൊജക്റ്റ് ചെയ്യാനും അന്താരാഷ്ട്ര കോൺഫറൻസുകളിൽ യഥേഷ്ടം പങ്കെടുക്കാനുമൊക്കെ അവർക്ക് പരിപൂർണ സ്വാതന്ത്ര്യമുണ്ട്. നാളുകളോളം അവർ യൂനിവേഴ്‌സിറ്റിയിൽ ഉണ്ടാവാറില്ല. അവർ ഒരു കോഴ്‌സ് ഓഫർ ചെയ്യുന്നു. അത് കഴിഞ്ഞാൽ സ്വന്തം മേഖലയിലെ ഗവേഷണ പ്രവർത്തനങ്ങളിൽ വ്യാപൃതരാവുന്നു. Giving freedom is one way of appreciating genuine researchers. ആ ഗവേഷകരിൽ പലരും സ്റ്റേറ്റിന്റെ നയങ്ങൾക്കെതിരെ നിലകൊള്ളുന്നവരാണെങ്കിൽപോലും അത്തരം ഗവേഷകരെ അംഗീകരിക്കുന്നു, ബഹുമാനിക്കുന്നു. അവരിൽനിന്ന് അതിനനുസരിച്ചുള്ള ഔട്ട്പുട്ടും ഉണ്ടാകുന്നു.

യഥാർഥ ഗവേഷണത്തെ നമ്മൾ ഓവർവാല്യു ചെയ്യണം. അത്തരം ഗവേഷകരെ വഴിവിട്ടുതന്നെ പ്രോൽസാഹിപ്പിക്കുന്നതിൽ ഒരു തെറ്റുമില്ല. റിസർച്ച് എന്നാൽ തേടിപ്പോകലാണ്. പുതിയൊരു ജ്ഞാനോൽപ്പാദനമാണ് നടക്കുന്നത്.

ഇവിടെ വിശിഷ്ട ഗവേഷകരെ ഉൾക്കൊള്ളാനുള്ള സംവിധാനങ്ങളും സ്ഥാപനങ്ങളും പരിമിതമാണ്. കേരളത്തിലെ സി.ഡി.എസ് പോലുള്ളവ വിപുലീകരിക്കുകയും അത്തരം ഏതാനും മികച്ച സ്ഥാപനങ്ങൾ ഉയർത്തിക്കൊണ്ടുവരികയും വേണം. അന്താരാഷ്ട്ര നിലവാരം എന്നു പറഞ്ഞാൽ നല്ല കെട്ടിടങ്ങളും ഇൻഫ്രാസ്ട്രക്ചറുമല്ല. Teaching/research community ക്ക് ആ നിലവാരം വേണം. ഇവിടെ വെള്ളമില്ലാത്തിടത്ത് മുങ്ങുക, വിതറാത്തിടത്തുനിന്ന് ശേഖരിക്കുക എന്ന മട്ടിലാണ് മിക്ക റിസർച്ചും. നല്ല ഗവേഷകരെ ഉൾക്കൊള്ളാൻ പാകത്തിൽ റിസർച്ച് ഫണ്ടും റിസർച്ച് പ്രൊജക്റ്റുകളും നമ്മുടെ യൂണിവേഴ്‌സിറ്റികൾക്കുണ്ടാവണം. ഇവിടെ സയൻസിൽ ഗവേഷണം ചെയ്യുന്ന മിടുക്കരായ പലരും സ്വന്തം കീശയിൽ നിന്ന് പണമെടുത്താണ് പിഎച്ച്.ഡി പൂർത്തിയാക്കുന്നത്. പിന്നെ സാഹചര്യ സമ്മർദ്ദങ്ങൾ മൂലം പി.എച്ച്.ഡി എടുത്തവരും അല്ലാത്തവരും തമ്മിൽ ഒരു വേർതിരിവുണ്ടാകണം. Uniformity is death. നമുക്ക് വേണ്ടത് റിസർച്ചിലെങ്കിലും diversity ആണ്. ഇവിടെ ഒരു കോളേജിൽനിന്ന് എം.എ എടുക്കുന്നു. മറ്റൊരു കോളേജിൽ അല്ലെങ്കിൽ യൂണിവേഴ്‌സിറ്റിയിൽ പിഎച്ച്.ഡി ചെയ്യുന്നു. എം.എ തലത്തിൽതന്നെ ഗവേഷണ സഹായികളായ അധ്യാപകരെ മനസ്സിലാക്കാനുള്ള സാഹചര്യം ഇവിടെയില്ല. എളുപ്പത്തിൽ ക്രിയ നടത്തി പിഎച്ച്.ഡി നേടുന്നതോടെ ഗവേഷണവും തീരുന്നതാണ് പൊതുവെ കാണുന്നത്. വിദേശരാജ്യങ്ങളിൽ ഗവേഷണമേഖല അത്യധികം മൽസരസ്വഭാവമുള്ളതാണ്. ഏത് രീതിയിലും എവിടംവരെയും വളരാവുന്നതും വികസിക്കുന്നതുമാണ് ഗവേഷണം. യഥാർഥ ഗവേഷണത്തെ നമ്മൾ ഓവർവാല്യു ചെയ്യണം. അത്തരം ഗവേഷകരെ വഴിവിട്ടുതന്നെ പ്രോൽസാഹിപ്പിക്കുന്നതിൽ ഒരു തെറ്റുമില്ല. റിസർച്ച് എന്നാൽ തേടിപ്പോകലാണ്. പുതിയൊരു ജ്ഞാനോൽപ്പാദനമാണ് നടക്കുന്നത്. മാനവിക വിഷയങ്ങളാണെങ്കിൽ ഇത്തരം ഗവേഷകരിൽ നിന്ന് ഒരു path-breaking പുസ്തകം അല്ലെങ്കിൽ സിദ്ധാന്തം വരാം. സയൻസിലാണെങ്കിൽ പേറ്റന്റും കണ്ടുപിടുത്തങ്ങളും ഉണ്ടാവാം. ഇതെല്ലാം നിലവിലുള്ള സിസ്റ്റത്തിൽ ദുഷ്‌കരമാണ്. ▮


എ. എം. ഷിനാസ്

എഴുത്തുകാരൻ, എറണാകുളം മഹാരാജാസ്​ കോളേജിൽ ചരിത്രവിഭാഗം മേധാവി. എല്ലാവരും ഇന്ത്യക്കാർ പക്ഷെ കുടിയേറ്റക്കാർ, റഷ്യ: മണ്ണിൽ വീണ നക്ഷത്രം, എം.ജി.എസിന്റെ​​​​​​​ ചരിത്രനിലപാടുകൾ (സഹ ഗ്രന്​ഥകർത്താവ്​), Local History : Quest for Method and Theories (Co-Editor ) എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചു.

പി. ജെ. തോമസ്

ചങ്ങനാശ്ശേരി എസ്. ബി. കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവി. സമ്മർ ഫെലോ, 1997, 2004 - Cornell University, Ithaca, NY, USA, ഫെലോഷിപ്പ്​, 2018- Birbeck, University of London, ഫെലോഷിപ്പ്, 1999- M D Anderson Cancer Center, Houston, Texas, ഫെലോഷിപ്പ്, 2001- Memorial Hermann Health Care System, Houston, Texas. എസ്.ബി. കോളേജ് പ്രതിവർഷം നടത്തുന്ന സി.എ. ഷെപ്പേഡ് സ്മാരക പ്രഭാഷണങ്ങളുടെ സംഘാടകൻ.

Comments