കോഴിക്കോട് മെഡിക്കൽ കോളേജിലെ ജനകീയ വിചാരണ, ചൂതാട്ടവിരുദ്ധ സമരം

“കോഴിക്കോട് മെഡിക്കൽ കോളേജിലെ ഒരു തരം എത്തിക്സുമില്ലാത്ത വളരെ മോശപ്പെട്ട ഒരു ഡോക്ടറെ - ജനങ്ങളിൽ നിന്ന് വൻതോതിൽ പണം വാങ്ങുകയും, കൊടുക്കാനാകില്ലെങ്കിൽ സർജറി ഉൾപ്പടെ നിഷേധിക്കുകയും ചെയ്യുന്ന ഒരാളെ - കൃത്യമായി അന്വേഷണം നടത്തി, വിവരങ്ങൾ ശേഖരിച്ച്, ദിവസവും സമയവും തീരുമാനിച്ച്, വന്നിറങ്ങുന്ന സമയത്ത് പിടിച്ചു കൊണ്ടുവന്ന്, ട്രാഫിക് ഐലൻ്റിൽ കയറ്റി നിർത്തി, ചെരിപ്പുമാല ഇടീച്ച്, കുറ്റപത്രം വായിച്ചു കേൾപ്പിക്കുകയാണ് ചെയ്തത്” - കേരളത്തിലെ ജനകീയ വിചാരണക്കാലത്തെ ഓർത്തെടുക്കുകയാണ് കെ. വേണു. എം.ജി. ശശിയുമായുള്ള ദീർഘ അഭിമുഖ പരമ്പര തുടരുന്നു.

കെ. വേണുവിന്റെ ജനാധിപത്യ അന്വേഷണങ്ങൾ - 29

എം.ജി.ശശി: കേണിച്ചിറ മത്തായിയുടെ ഉന്മൂലനത്തോടു കൂടി ഉന്മൂലനസമരങ്ങൾ അവസാനിക്കുന്നു. നേരത്തേ ജയറാം പടിക്കലിനെ ഉന്മൂലനം ചെയ്യാൻ ഉദ്ദേശിച്ചത് നടന്നില്ല, മാത്രമല്ല അടിസ്ഥാന വർഗത്തിൽപ്പെട്ട എതിർ രാഷ്ട്രീയ പ്രവർത്തകരെ -അവർ ഇങ്ങോട്ട് ആക്രമിച്ചാലും തിരിച്ചടിക്കേണ്ടതില്ല എന്ന നിലപാടെടുക്കുന്നു.പക്ഷേ, കണ്ണൂരിൽ ചൂതാട്ടവിരുദ്ധ സമരവുമായി ബന്ധപ്പെട്ടുകൊണ്ട് മറ്റൊരു അനുഭവം ഉണ്ടായല്ലോ...

കെ.വേണു: സാംസ്ക്കാരിക വേദി പ്രവർത്തനങ്ങളുടെ ഭാഗമായിത്തന്നെയാണ് വളരെ വ്യാപകമായി ചൂതാട്ടവിരുദ്ധ സമരങ്ങൾ നടക്കുന്നത്. തൃശൂരിലാണ് സമരം ആദ്യം ആരംഭിച്ചത്. പിന്നീടത് കണ്ണൂരിലും മറ്റും സജീവമായി. ചൂതാട്ടവിരുദ്ധ സമരത്തിന് നേതൃത്വം നൽകിയതിൻ്റെ പേരിലാണ് കണ്ണൂരിൽ സാംസ്ക്കാരിക വേദി പ്രവർത്തകനായ രമേശൻ കൊല്ലപ്പെടുന്നത്. അത്തരമൊരു ജനകീയ സമരത്തിന് നേതൃത്വം നൽകിയ ഒരു മനുഷ്യൻ ചൂതാട്ട മാഫിയയുടെ തീരുമാന പ്രകാരം കൊല്ലപ്പെട്ടു എന്നത് കേരളീയ മനസ്സാക്ഷിയേയും സാംസ്ക്കാരിക രംഗത്തേയും ഞെട്ടിച്ച ഒന്നായിരുന്നു. അതിന് പകരം വീട്ടാൻ അന്ന് സാംസ്കാരിക വേദി പോലുള്ള സംഘടനക്ക് കഴിയുമായിരുന്നില്ല. അതുകൊണ്ട് പെട്ടെന്നൊന്നും ചെയ്യാൻ കഴിഞ്ഞില്ല. പിന്നീട് കുറച്ചു വർഷങ്ങൾക്കു ശേഷം പാർട്ടിയുടെ മുൻകയ്യിൽത്തന്നെയാണ് ആ അരുംകൊലയ്ക്ക് പകരം വീട്ടിയത്.

മുരളി കണ്ണമ്പള്ളി
മുരളി കണ്ണമ്പള്ളി

ഞാനോർക്കുന്നുണ്ട്, കണ്ണൂർ ടൗൺ ഹാളിൽ ഞങ്ങളുടെ നാടക സംഘം സാറാ ജോസഫിൻ്റെ 'ബലിദാനം' എന്ന ചെറുകഥയെ ആധാരമാക്കിയ നാടകം കളിക്കുന്ന ദിവസമായിരുന്നു ഈ പകരം വീട്ടിൽ. നാടകാവതരണത്തിനു മുമ്പുതന്നെ ആ വിവരം രഹസ്യമായി പ്രചരിച്ചിരുന്നു.

രമേശൻ്റെ കൊലപാതകത്തിന് ഉത്തരവാദിയായ ചട്ടരാജൻ എന്ന ഗുണ്ട കൊല്ലപ്പെടുന്നു. അത് പാർട്ടി തന്നെ ആസൂത്രണം ചെയ്തതാണ്. അയാളെ നേരിടുക എളുപ്പമായിരുന്നില്ല. എന്നാൽ, ആ പകരം വീട്ടൽ നടക്കുക തന്നെ ചെയ്തു. ചട്ടരാജനെ വധിച്ചു.

ബഹുജനങ്ങൾക്കിടയിലെ പ്രവർത്തനം

ബഹുജനങ്ങൾക്കിടയിൽ പ്രവർത്തിക്കുക എന്നതിൻ്റെ ഭാഗമായി അക്കാലത്ത് ട്രേഡ് യൂണിയൻ മേഖലയിലും വിദ്യാർത്ഥി-യുവജന രംഗങ്ങളിലുമൊക്കെ സജീവമായ ചലനങ്ങൾ സൃഷ്ടിച്ചല്ലോ...

നേരത്തേ ഞാൻ സൂചിപ്പിച്ച പോലെ അടിയന്തരാവസ്ഥക്കാലത്തൊക്കെ ബഹുജന പ്രവർത്തനം വിപ്ലവ പാർട്ടിയുടെ പരിപാടിയേ അല്ലാ എന്നുള്ളൊരു ഭീകരവാദ സംഘടനയുടെ സമീപനമാണ് നമ്മൾ സ്വീകരിച്ചിരുന്നത്. സിവിക് ചന്ദ്രനൊക്കെ പുറത്തു വന്നതോടുകൂടി സാംസ്ക്കാരിക വേദി പ്രവർത്തനങ്ങൾ സജീവമായി. അന്ന് അതിനോടൊപ്പം തന്നെ മറ്റു ബഹുജനമേഖലകളിൽ പ്രവർത്തിക്കാനും മുൻകയ്യെടുക്കണം എന്നൊരു തീരുമാനത്തിൽ പാർട്ടി ക്രമേണ എത്തിച്ചേർന്നു. 1979-ൽ ഞാൻ ജയിലിൽ നിന്നു പുറത്തു വന്ന സമയത്ത് സംസ്ഥാന കമ്മറ്റിയുടെ ഒരു വിപുലീകൃത യോഗം നടത്തുകയുണ്ടായി. ഒക്ടോബർ പ്രമേയം എന്ന് പിന്നീട് അറിയപ്പെട്ട ഒരു രേഖ അവിടെ അംഗീകരിക്കപ്പെട്ടു. ബഹുജന പ്രവർത്തനങ്ങളും പൊതുയോഗങ്ങളുമൊക്കെ സംഘടിപ്പിക്കുന്നതിന് ഊന്നൽ നൽകുന്നതായിരുന്നു ആ രേഖ. പൊതുയോഗങ്ങൾ സംഘടിപ്പിക്കാൻ പാടില്ലാ എന്നതായിരുന്നല്ലോ മുമ്പുണ്ടായിരുന്ന നിലപാട്. എന്നാൽ അടിയന്തരാവസ്ഥ പിൻവലിക്കപ്പെട്ടതിനു ശേഷം വാസുവേട്ടൻ്റെ നേതൃത്വത്തിൽ കോഴിക്കോട് ടൗൺ ഹാളിൽ ഒരു പൊതുസമ്മേളനം നടന്നു. ജയിലിൽ നിന്ന് പുറത്തു വന്നവരുടെ ഒരു കൂടിച്ചേരൽ പോലെയാണ് അത് വിളിച്ചു കൂട്ടിയത്. വലിയ ജനക്കൂട്ടമായിരുന്നു. ടൗൺ ഹാൾ നിറഞ്ഞു കവിഞ്ഞ് രാത്രി 12 മണി വരെയൊക്കെ മീറ്റിംഗ് തുടർന്നു. പക്ഷേ, അത്തരം പൊതുപ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാൻ പാടില്ല എന്നൊരു ലൈൻ പാർട്ടിയിൽ അപ്പോഴും നിലനിന്നിരുന്നു. ബഹുജന പ്രവർത്തനങ്ങൾ തുടങ്ങണം എന്ന അഭിപ്രായമാണ് ജയിലിലായിരുന്നപ്പോൾത്തന്നെ എനിക്കുണ്ടായിരുന്നത്. ആദ്യം പുറത്തു വന്ന സോമശേഖരൻ, മുരളി തുടങ്ങിയവരൊക്കെ പരസ്യ പ്രവർത്തനങ്ങൾ തിരുത്തൽവാദമാണ് -റിവിഷനിസമാണ് എന്ന നിലപാടിലായിരുന്നു. വിപ്ലവ പ്രവർത്തനങ്ങളിൽ നിന്നുള്ള പുറകോട്ട് പോക്കാണ് അതെന്ന അഭിപ്രായമാണവർക്ക്. ഇതിനെയൊക്കെ മറികടന്നു കൊണ്ടായിരുന്നു ഒക്ടോബർ പ്രമേയം. വിപ്ലവ പാർട്ടിയാകുമ്പോൾത്തന്നെ ബഹുജന മേഖലകളിലെ പ്രവർത്തനങ്ങൾ ഏറ്റെടുത്തു കൊണ്ട് പൊതുയോഗങ്ങളും മറ്റും സംഘടിപ്പിക്കണമെന്നതായിരുന്നു ഒക്ടോബർ പ്രമേയത്തിൻ്റെ കാതൽ. അതിനു ശേഷമാണ് പൊതുപ്രവർത്തനങ്ങൾ വലിയ രീതിയിൽ ആരംഭിക്കുന്നത്. പൊതുയോഗങ്ങളിലൊക്കെ ഞാൻ സജീവമായി പങ്കെടുക്കാൻ തുടങ്ങി. ഈ മാറ്റങ്ങളെത്തുടർന്നാണ് ട്രേഡ് യൂണിയൻ, വിദ്യാർത്ഥി-യുവജന മേഖലകളൊക്കെ സജീവമായത്.

സോമശേഖരൻ
സോമശേഖരൻ

ജനകീയ ഇച്ഛ

പിന്നീട് ജനകീയ വിചാരണകളുടെ കാലമാണല്ലോ. ഏകദേശം ആ സമയങ്ങളിലാണ് പ്രസ്ഥാനവുമായി സഹകരിച്ച് ഞാനും പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഒരു ഘട്ടത്തിൽ വിദ്യാർത്ഥി സംഘടനയുടെ സംസ്ഥാന കൺവീനറായി പ്രവർത്തിച്ചു. പിന്നീട് യുവജനവേദിയുടെ സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പറായും, കേവി നേതൃത്വം നൽകിയിരുന്ന CRC CPI (ML)-ൻ്റെ പാലക്കാട് ജില്ലാ സെക്രട്ടറിയായും പ്രവർത്തിക്കാൻ അവസരമുണ്ടായി. പാർട്ടിയുടെ സംസ്ഥാന കമ്മറ്റിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു ഞാനക്കാലത്ത്. എന്നാൽ, നക്സലേറ്റുകൾ ജയിലിനകത്തും പുറത്തും കൊടിയ മർദ്ദനവും അടിച്ചമർത്തലും നേരിട്ട കാലത്ത് - അടിയന്തരാവസ്ഥക്കാലത്തും മറ്റും പ്രവർത്തിക്കാൻ എനിക്ക് ഭാഗ്യമുണ്ടായില്ല. ആ സമയത്ത് വളരെ വ്യാപകമായി നടന്ന ജനകീയ വിചാരണകൾ, ജനകീയ ഇച്ഛയെ ഉണർത്തിയെടുക്കുകയും ജനാധിപത്യത്തെക്കുറിച്ച് വലിയ പ്രതീക്ഷകൾ വളർത്തിയെടുക്കുകയും ചെയ്തല്ലോ...

ഒരു പരിധിവരെ അത് ശരിയാണ്. പക്ഷേ, പലപ്പോഴും നടപ്പിലാക്കിയതു പോലുള്ള ജനകീയ വിചാരണയല്ല പൂർണ്ണമായും നമ്മുടെ സങ്കല്പത്തിലുണ്ടായിരുന്നത്. ചാരു മജുംദാറൊക്കെ ബംഗാളിൽ ചെയ്തിരുന്ന ഒരു പ്രവർത്തനമുണ്ടായിരുന്നു. ജന്മിമാരെ പിടിച്ചു കൊണ്ടുവന്ന് കർഷകരുടെ മുന്നിൽ നിർത്തി അവരെ ജനകീയ വിചാരണ ചെയ്യുന്ന രീതി. ജന്മിമാരെ കൊല്ലുന്നതിലേക്ക് പലപ്പോഴും നീങ്ങിയിരുന്നില്ലെങ്കിൽത്തന്നെയും, സ്വാഭാവികമായും മറ്റു രീതിയിലുള്ള ശിക്ഷകളിലേക്ക് എത്തുമായിരുന്നു. എന്തെങ്കിലുമൊക്കെ ശിക്ഷ നൽകി ജന്മിമാരെ ഒതുക്കുക എന്നതാണ്. അത്തരം വിചാരണകളൊക്കെ നടത്തണം എന്നാണ് ഉദ്ദേശിച്ചിരുന്നത്. അങ്ങനെ ചില പ്രവർത്തനങ്ങളൊക്കെ ഇവിടെയും തുടങ്ങി വെച്ചിരുന്നു. അതിൻ്റെ ഭാഗമായിട്ടാണ് വാസുവേട്ടൻ്റെ മുൻകയ്യിൽ -കുറേ മുൻനിര പ്രവർത്തകരുടെ നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് വിചാരണ നടക്കുന്നത്. മെഡിക്കൽ കോളേജിലെ ഒരു തരം എത്തിക്സുമില്ലാത്ത വളരെ മോശപ്പെട്ട ഒരു ഡോക്ടറെ -ജനങ്ങളിൽ നിന്ന് വൻതോതിൽ പണം വാങ്ങുകയും, കൊടുക്കാനാകില്ലെങ്കിൽ സർജറി ഉൾപ്പടെ നിഷേധിക്കുകയും ചെയ്യുന്ന ഒരാളെ -കൃത്യമായി അന്വേഷണം നടത്തി, വിവരങ്ങൾ ശേഖരിച്ച്, ദിവസവും സമയവും തീരുമാനിച്ച്, വന്നിറങ്ങുന്ന സമയത്ത് പിടിച്ചു കൊണ്ടുവന്ന്, മെഡിക്കൽ കോളേജിലെ ട്രാഫിക് ഐലൻ്റിൽ കയറ്റി നിർത്തി, ചെരിപ്പുമാല ഇടീച്ച്, കുറ്റപത്രം വായിച്ചു കേൾപ്പിക്കുകയാണ് ചെയ്തത്.

ഗ്രോ വാസു
ഗ്രോ വാസു

കണ്ടമാനം ജനം കൂടി. ശരിക്കും വലിയൊരു പോലീസ് സംഘവുമുണ്ടായിരുന്നു അവിടെ. പക്ഷേ, പോലീസുകാർ അനങ്ങാതെ നോക്കി നിന്നു. കുറ്റവിചാരണ കഴിഞ്ഞ് ശിക്ഷാ പ്രഖ്യാപനം നടത്തി. അത് ചൂടേറിയ വാർത്തയായി മാറി. അഖിലേന്ത്യാ തലത്തിൽത്തന്നെ ഇംഗ്ലീഷ് പത്രങ്ങളുടെ ആദ്യ പേജിലെ വലിയ ന്യൂസായി വന്നു. ചീഫ് ജസ്റ്റിസ് വരെ വിചാരണയെ പുകഴ്ത്തി അഭിപ്രായം പറഞ്ഞു. നക്സലേറ്റുകൾ അത്തരമൊരു രീതി സ്വീകരിച്ച് അഴിമതിക്ക് വലിയ പ്രഹരമേൽപ്പിക്കുകയാണ്, അത് പ്രോത്സാഹിക്കപ്പെടേണ്ടതാണ് എന്നാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്. അതിനെത്തുടർന്ന് കേരളത്തിൽ വ്യാപകമായി ജനകീയ ആഘോഷമായി വിചാരണകൾ നടക്കാൻ തുടങ്ങി.

മെഡിക്കൽ കോളേജ് വിചാരണയിൽ അന്നത്തെ വിദ്യാർത്ഥികളിൽ ഇപ്പോൾ തൃശൂരിലെ ദയ ഹോസ്പിറ്റലിലെ മെഡിക്കൽ സൂപ്രണ്ട് ഡോ. ബ്രന്മപുത്രനും മറ്റും സജീവമായി ഉണ്ടായിരുന്നല്ലോ...

ആദ്യഘട്ടത്തിൽ അന്വേഷണം നടത്തുന്നതിലും മറ്റും പ്രത്യേകമായിത്തന്നെ ബ്രഹ്മപുത്രനൊക്കെ വളരെ സജീവമായിരുന്നു. വിദ്യാർത്ഥികളുടെ വലിയൊരു ടീം രൂപപ്പെട്ടു. ദയ ആശുപത്രി എം.ഡി. ഡോ.അബ്ദുൾ അസീസും മറ്റും ആ സംഘത്തിലുണ്ടായിരുന്നു. പക്ഷേ, വിചാരണകൾ വ്യാപകമായപ്പോൾ പിന്നീട് മറ്റു ചില പ്രശ്നങ്ങൾ ഉയർന്നുവന്നു. ജനകീയ വിചാരണകൾ മാർക്സിസ്റ്റ് പാർട്ടിക്ക് ചെറുതല്ലാത്ത ക്ഷീണമുണ്ടാക്കിയിരുന്നു. അപ്പൊ അതിനെ നേരിടാനായി അവരുടെ സംഘം വിചാരണകളിൽ കടന്നുകയറാൻ തുടങ്ങി, ഇടപെടാൻ തുടങ്ങി. ഒരു പ്രശ്നമുണ്ടാകുമ്പൊ ആർക്കും ഇടപെടാമല്ലോ. പ്രത്യേക സംഘടനാ സംവിധാനമൊന്നുമില്ലാതെ ജനങ്ങൾ മുൻകയ്യെടുക്കുന്നു. അപ്പൊ ആർക്കും അതിൽ ഇടപെടാം. ശിക്ഷാ നടപടി എന്തു വേണമെന്ന ആലോചന വരുമ്പൊ, താരതമ്യേന ചെറിയ കേസുകളിൽപ്പോലും വിചാരണയെത്തന്നെ പൊളിക്കാൻ ബോധപൂർവ്വം പദ്ധതിയിട്ട ആ സംഘം 'അവൻ്റെ കയ്യ് വെട്ടണം, കാല് വെട്ടണം' എന്നൊക്കെ ബഹളമുണ്ടാക്കാൻ തുടങ്ങും. അങ്ങനെ അതിനെ മൊത്തമായിത്തന്നെ കലക്കാൻ അവർ ശ്രമിച്ചു. അത് വലിയ പ്രശ്നമായി. അതേ സമയം, വേറൊരു വലിയ തമാശയുമുണ്ടായിരുന്നു. ആരെങ്കിലും ചെറിയ കേസുകളുമായി സ്റ്റേഷനിൽ വന്നു കഴിഞ്ഞാൽ പോലീസുകാർ ഉടനേ പറയും, “ദേ, അവടെ നക്സലേറ്റുകളുണ്ട്. അവരെ കണ്ടോളൂ. അവരീ പ്രശ്നം ഭംഗിയായി പരിഹരിച്ചു തരും” എന്ന്.

ഉദ്ദേശിച്ച പോലുള്ള ജനകീയ വിചാരണകളല്ല നടന്നത് എന്ന് കേവി തന്നെ പറഞ്ഞല്ലോ. ചൈനയിൽ മാവോയുടെ കാലത്തെ ജനകീയ വിചാരണകൾ, മജുംദാറിൻ്റെ നേതൃത്വത്തിൽ ബംഗാളിൽ നടന്ന വിചാരണകൾ... എന്നാൽ, കേരളത്തിൽ നടന്ന വിചാരണകൾ സത്യത്തിൽ ഒരു പ്രതീകാത്മക വിചാരണയായല്ലേ കണക്കാക്കാനാകൂ? ജനകീയ അധികാരത്തെക്കുറിച്ചുള്ള ജനകീയ ഇച്ഛ എന്നു വേണമെങ്കിൽ വിശേഷിപ്പിക്കാം. പൂർണ്ണമായ അർത്ഥത്തിൽ ജനകീയ കൂട്ടായ്മയിൽ നിന്നുണ്ടാകുന്ന വിചാരണയും വിധിയുമൊന്നുമല്ലല്ലോ നടപ്പാക്കപ്പെട്ടത്.

അതാണ് അതിൻ്റെ പരിമിതി. ജനകീയ വിചാരണ എന്നു പറയുമ്പൊ... വിചാരണ ചെയ്യുന്നതും വിധി പ്രഖ്യാപിക്കുന്നതും ശരിക്ക് കോടതിയുടെ ഭാഗമാണ്. പക്ഷേ, കോടതിയുടെ അധികാരം ജനകീയ വിചാരണക്ക് -ജനകീയ കോടതിക്ക് ഇല്ല താനും. അതുകൊണ്ട് ഏറെനാൾ വലിയ രീതിയിൽ അതിന് മുന്നോട്ടു പോകാനാകില്ല. നേരത്തേ പറഞ്ഞ പോലെ അരാജകാവസ്ഥ സൃഷ്ടിക്കുന്ന മറ്റിടപെടലുകൾ നടക്കുകയും ചെയ്യുന്നു. അങ്ങനെ, ഒന്നുരണ്ടു വർഷം കഴിഞ്ഞപ്പോൾ പാർട്ടിയുടെ ഭാഗത്തു നിന്നു തന്നെ തീരുമാനമെടുത്ത് ജനകീയ വിചാരണയിൽ നിന്ന് പിൻവാങ്ങുകയാണ് ചെയ്യുന്നത്. കാരണം ദുരുപയോഗപ്പെടുത്തി തുടങ്ങിയപ്പൊ ഉദ്ദേശിച്ചതിന് വിരുദ്ധമായ ഫലമാണ് ഉണ്ടാവുക എന്ന സ്ഥിതി വന്നു. അപ്പോൾ ഈ പ്രവർത്തനത്തെ കൂടുതൽ പ്രോത്സാഹിപ്പിക്കാതെ അവസാനിപ്പിക്കുകയാണ് ചെയ്തത്.

ചാരുമജുംദാറൊക്കെ ബംഗാളിൽ ചെയ്തിരുന്ന ഒരു പ്രവർത്തനമുണ്ടായിരുന്നു. ജന്മിമാരെ പിടിച്ചു കൊണ്ടുവന്ന് കർഷകരുടെ മുന്നിൽ നിർത്തി അവരെ ജനകീയ വിചാരണ ചെയ്യുന്ന രീതി. ജന്മിമാരെ കൊല്ലുന്നതിലേക്ക് പലപ്പോഴും നീങ്ങിയിരുന്നില്ലെങ്കിൽ ത്തന്നെയും, സ്വാഭാവികമായും മറ്റു രീതിയിലുള്ള ശിക്ഷകളിലേക്ക് എത്തുമായിരുന്നു.
ചാരുമജുംദാറൊക്കെ ബംഗാളിൽ ചെയ്തിരുന്ന ഒരു പ്രവർത്തനമുണ്ടായിരുന്നു. ജന്മിമാരെ പിടിച്ചു കൊണ്ടുവന്ന് കർഷകരുടെ മുന്നിൽ നിർത്തി അവരെ ജനകീയ വിചാരണ ചെയ്യുന്ന രീതി. ജന്മിമാരെ കൊല്ലുന്നതിലേക്ക് പലപ്പോഴും നീങ്ങിയിരുന്നില്ലെങ്കിൽ ത്തന്നെയും, സ്വാഭാവികമായും മറ്റു രീതിയിലുള്ള ശിക്ഷകളിലേക്ക് എത്തുമായിരുന്നു.

രാഷ്ട്രീയവും സംസ്കാരവും

ജനകീയ സാംസ്ക്കാരിക വേദി എന്നുള്ളത് പാർട്ടിയുടെ തന്നെ ജനകീയ മുഖമായി മാറുന്നു. അല്ലെങ്കിൽ സാംസ്ക്കാരിക രംഗത്തെ പ്രവർത്തനങ്ങളിൽ ഊന്നുന്നതിനേക്കാൾ പാർട്ടി ചെയ്യേണ്ടതായ കാര്യങ്ങളൊക്കെ സാംസ്ക്കാരിക വേദിയെ മുൻനിർത്തി -സാംസ്ക്കാരിക വേദിയിലൂടെ നടപ്പാക്കപ്പെടുന്നു. തുടർന്ന് പ്രശ്നമായി മാറിയത് രാഷ്ടീയവും സംസ്ക്കാരവും തമ്മിലുള്ള ബന്ധവും വൈരുദ്ധ്യവും തന്നെയാണല്ലേ?

നക്സലേറ്റ് രാഷ്ട്രീയത്തോട് താല്പര്യം കാണിക്കുന്നവരൊക്കെ അതാതിടങ്ങളിൽ സാംസ്ക്കാരിക വേദി രൂപീകരിക്കണമെന്നാണ് ആവശ്യപ്പെടുക. അത് അന്നത്തെ ഒരു പ്രശ്നമായിരുന്നു. പാർട്ടിയുടേയും സാംസ്ക്കാരിക വേദിയുടേയും പ്രവർത്തനങ്ങൾ തമ്മിൽ തരംതിരിച്ചറിയാനാകാത്ത വിധം - ഒന്നും നിയന്ത്രിക്കാനാകാത്ത വിധം ജനകീയ സാംസ്ക്കാരിക വേദി എന്ന പേരിൽ പുതിയ സംഘങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നു. അതുകൊണ്ട് പിന്നീടിത്തരം സംഘങ്ങളെ പ്രോത്സാഹിപ്പിച്ചില്ല. രാഷ്ട്രീയവും സംസ്ക്കാരവും തമ്മിലുള്ള ബന്ധം -അതിലേതിനാണ് മേധാവിത്വമുള്ളത് എന്നതൊരു പ്രശ്നമായി. മാവോയുടെ നിലപാടിൽ രാഷ്ടീയത്തിനാണ് എല്ലായ്പ്പോഴും നേതൃത്വമുണ്ടാകേണ്ടത്. അത്രയും നാൾ ആ സമീപനം തന്നെയാണ് നമ്മളും സ്വീകരിച്ചു പോന്നത്. എന്നാൽ പിന്നീടിവിടെ സാംസ്ക്കാരിക വേദിയുടെ ആപേക്ഷിക സ്വാതന്ത്ര്യം എന്നൊരു നിലപാട് - തർക്ക വിഷയമായിരുന്നപ്പോഴും ഏറെക്കുറെ അംഗീകരിച്ചിരുന്നു. പൂർണ്ണമായ സ്വാതന്ത്ര്യമല്ല എന്നാൽ പാർട്ടിക്ക് പൂർണ്ണമായും കീഴ്പ്പെടുകയും വേണ്ട എന്ന പോലെ ഒരു മദ്ധ്യവർത്തി സമീപനം. അത്തരത്തിൽ പ്രവർത്തനങ്ങൾ മുന്നോട്ട് നീങ്ങുമ്പോഴാണ് നേരത്തേ പറഞ്ഞ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. 'രണ്ടാം കേണിച്ചിറ'ക്കു ശേഷം പോലീസ് നായാട്ട് സജീവമാവുകയും പ്രവർത്തിക്കാൻ സാധിക്കാതെ വരികയും ചെയ്തപ്പോൾ ബുദ്ധിജീവികളൊക്കെ പിൻവാങ്ങി. അവർ വേറൊരു വേദിയുണ്ടാക്കി. പത്രം തുടങ്ങി. അങ്ങനെയാണ് അക്കാലത്തെ പ്രവർത്തനങ്ങളുടെ ഒരു ഘട്ടം അവസാനിക്കുന്നത്.

രാഷ്ട്രീയവും സംസ്ക്കാരവും തമ്മിലുള്ള ഒത്തുചേരൽ തന്നെയല്ലേ വേണ്ടത്? അടിത്തറയും മേൽക്കൂരയും തമ്മിലുള്ള കൊടുക്കൽ-വാങ്ങൽ പോലെ... രാഷ്ട്രീയമില്ലാത്ത സംസ്ക്കാരവും സംസ്ക്കാരമില്ലാത്ത രാഷ്ട്രീയവും -രണ്ടും ശരിയായ നിലപാടുകൾ അല്ലല്ലോ...

പൊതുവിൽ അങ്ങനെ മനസ്സിലാക്കപ്പെടുമ്പോഴും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാടിൻ്റേയും സംഘടനാ രീതിയുടേയും ഭാഗമായി ഏതിനാണ് മേധാവിത്വമുള്ളത് - ഏതാണ് മുഖ്യ വൈരുദ്ധ്യം എന്ന് ചോദിക്കുന്നതുപോലുള്ള ഒരു പ്രശ്നം ഉയർന്നു വരും. ഒരു വൈരുദ്ധ്യമുള്ളിടത്ത് അതിൽ മുഖ്യഘടകം ഏതാണെന്ന് തീരുമാനിക്കണം. അതാണ് മാവോയിസ്റ്റ് രീതി. രണ്ടിനേയും തുല്യമായി കാണാൻ പറ്റില്ല. അതാണ് സൈദ്ധാന്തികമായ പ്രതിസന്ധി. ഏതെങ്കിലുമൊന്ന് പ്രധാനമാണ്. തുല്യമാകാൻ പാടില്ല, പറ്റില്ല. അങ്ങനത്തെ ഒരു കാഴ്ചപ്പാട് ഉണ്ട്. അപ്പോ സ്വാഭാവികമായും രാഷ്ട്രീയം മുൻപന്തിയിൽ വരുന്നു. സംസ്ക്കാരം രണ്ടാമതാവുന്നു. ശരിയായതല്ല എന്നു തോന്നുന്ന തീരുമാനങ്ങളിലേക്ക് എത്തേണ്ടി വരുന്നത് അങ്ങനെയാണ്. രണ്ടിനേയും തുല്യമായി കണക്കാക്കാനാകാത്തത് മാവോയിസ്റ്റ് വിശകലന രീതിയാണെന്ന് മാത്രമല്ല, ശരിക്കും മാർക്സിസ്റ്റ് വിശകലന രീതി തന്നെയാണ്.

തുടരും...


Summary: Marxist theoretician K Venu recalls People Trials in Kerala including Calicut Medical College. Interview series with MG Sasi part 29.


കെ.വേണു

കേരളത്തിലെ നക്സൽ പ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകരിൽ ഒരാൾ​, കമ്യൂണിസ്​റ്റ്​ സൈദ്ധാന്തികൻ, എഴുത്തുകാരൻ. രാഷ്​ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി തടവുശിക്ഷ അനുഭവിച്ചു. പ്രപഞ്ചവും മനുഷ്യനും, വിപ്ലവത്തിന്റെ ദാർശനിക പ്രശ്നങ്ങൾ, ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ജനാധിപത്യ സങ്കൽപം, ഒരു ജനാധിപത്യവാദിയുടെ വീണ്ടുവിചാരങ്ങൾ തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

എം.ജി. ശശി

സിനിമ, നാടക സംവിധായകന്‍, നടന്‍. അടയാളങ്ങള്‍, ജാനകി എന്നീ സിനിമകള്‍ സംവിധാനം ചെയ്തു.

Comments