ഒന്നര വർഷം നീണ്ട അവബോധ പ്രവർത്തനങ്ങൾക്കുശേഷം ഇന്ന് മുഹമ്മയിലെ സ്ത്രീകൾ ബഹുഭൂരിപക്ഷവും സിന്തറ്റിക് സാനിറ്ററി പാഡുകൾ ഉപേക്ഷിച്ച് കോട്ടൺ തുണി പാഡുകളിലേക്കും ആർത്തവ കപ്പുകളിലെക്കും മാറിക്കഴിഞ്ഞു- ആർത്തവ പരിചരണത്തിന് മുൻതൂക്കം നൽകി മുഹമ്മയിൽ നടപ്പാക്കിയ പദ്ധതിയുടെ മാർഗനിർദേശിക എന്ന നിലയിൽ അനുഭവം എഴുതുകയാണ് ലേഖിക
2020 നവംബർ 7 ന് ആലപ്പുഴയിലെ മുഹമ്മ എന്ന ചെറു ഗ്രാമത്തിൽ നടന്ന ഒരു പ്രഖ്യാപനം, ‘ഇന്ത്യയിലെ ആദ്യ സിന്തെറ്റിക് സാനിട്ടറി പാഡ് രഹിത ഗ്രാമം’ ഗ്രാമപഞ്ചായത്തുകളുടെ കാര്യനിർവഹണത്തിലും ആർത്തവ ശുചിത്വ മേഖലയിലും ചരിത്രപരമായ സ്ഥാനം നേടി. ഈ പരിശ്രമത്തിന്റെ മാർഗനിർദ്ദേശിക എന്ന നിലയിൽ എന്റെ അനുഭവങ്ങൾ പങ്കുവയ്ക്കട്ടെ.
അധികാര വികേന്ദ്രീകരണം അക്ഷരാർത്ഥത്തിൽ നടപ്പിലാക്കുകയും അതിനു ശക്തിപകരാൻ ജനകീയാസൂത്രണം കാര്യക്ഷമമായി പ്രവർത്തിക്കുകയും ചെയ്യുന്ന സംസ്ഥാനമാണ് കേരളം. ത്രിതല പഞ്ചായത്തുകളിൽ കുടുംബശ്രീ പോലെയുള്ള ശക്തമായ സംഘടിത സംവിധാനങ്ങൾ നിലവിലുണ്ട്. മാലിന്യ നിർമാർജനത്തിൽ ഹരിതകർമ സേനയുടെ ഇടപെടലും നിർണായകമാണ്. സ്ത്രീ- പുരുഷാനുപാതത്തിൽ മുൻപിൽ നിൽക്കുന്ന നമുക്ക് സ്ത്രീകളുടെ ആരോഗ്യം, ശുചിത്വം എന്നിവയ്ക്ക് മുൻതൂക്കം നൽകി ഈ സംവിധാനങ്ങളെ വേണ്ട വിധം ഉപയോഗിക്കാൻ കഴിഞ്ഞാൽ ഇന്ന് നാം നേരിടുന്ന ആർത്തവ മാലിന്യം പോലെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കും. ഇവിടെയാണ് മുഹമ്മ പഞ്ചായത്തിൽ ആർത്തവ പരിചരണത്തിന് മുൻതൂക്കം നൽകുന്ന ഈ പദ്ധതി ജനശ്രദ്ധ നേടുന്നത്.
മുഹമ്മ എന്ന തണ്ണീർത്തട ഗ്രാമം
റാംസാർ പ്രദേശമായ വേമ്പനാട് തണ്ണീർതടത്തിന്റെ ഹൃദയ ഭാഗത്തായി കായലിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം പാരിസ്ഥിതിക പ്രത്യേകതകൾ നിറഞ്ഞതാണ്. നിരവധി തോടുകളും കുളങ്ങളും കായലും ഒക്കെ ചേർന്ന് ഒരു ജലകേന്ദ്രീകൃതവ്യവസ്ഥ നിലനില്ക്കുന്ന ഇവിടുത്തെ ജനങ്ങളിൽ ഏറിയ പങ്കും നിത്യവൃത്തിക്ക് വിഭവസമ്പന്നമായ കായലിലെ കക്ക നിക്ഷേപത്തെ ആശ്രയിക്കുന്നു.
സുസ്ഥിര സാമ്പത്തിക അടിത്തറയിലൂന്നിയ സാമൂഹിക വ്യവസ്ഥിതി നമുക്കിവിടെ ദർശിക്കാനാകില്ല, മറിച്ച്, 25000 നു മുകളിൽ വരുന്ന ജനങ്ങളിൽ ബഹുഭൂരിപക്ഷവും അന്നന്നത്തെ അന്നത്തിന് കഷ്ടപ്പെടുന്നത് കാണാം. ലിംഗാനുപാതത്തിൽ മുൻപിൽ നിൽക്കുന്ന മുഹമ്മയിൽ 13,000 ലധികം വരുന്ന സ്ത്രീകളിൽ കയർ- കക്ക വാരൽ തൊഴിലാളികളാണ് ഏറെയും. ഇത്തരത്തിൽ കായലുമായി ഏറെ അടുത്ത് ഇടപഴകി കഴിയുന്ന ഇവിടുത്തെ ജനതയ്ക്ക് ഈ സഹജീവനത്തിന്റെ ഗുണവും ദോഷവും ഒരുപോലെ അനുഭവഭേദ്യമാകുന്നു. വിഭവസമൃദ്ധമെങ്കിലും വേമ്പനാടിന്റെ ആവാസവ്യവസ്ഥ അതിസങ്കീർണമായ ഒന്നായതിനാൽ പ്രകൃതിയിലെ മാനുഷിക ഇടപെടലും കാലാവസ്ഥാ വ്യതിയാനവുമൊക്കെ സൃഷ്ടിക്കുന്ന ചലനങ്ങൾ ഇവരുടെ ജീവിതത്തെയും ബാധിക്കും. അതുകൊണ്ടുതന്നെ അവരുടെ ജീവിതോപാധിയായ കായലും അതിനോട് ചേർന്ന ആവാസവ്യവസ്ഥയും ഇവരുടെ ജീവിതത്തിൽ വ്യക്തമായ സ്വാധീനം ചെലുത്തുന്നു.
വേമ്പനാട് തണ്ണീർതടം ശോഷണത്തിലേക്കോ?
ഏതാനും ദശാബ്ദങ്ങളായി കായലിന്റെ സമ്പന്നതയും ആവാസവ്യവസ്ഥയും ശോഷിക്കുകയാണോ എന്ന സന്ദേഹം പല കോണിൽ നിന്നും ഉയരുന്നുണ്ട്. കേന്ദ്ര സമുദ്ര ഗവേഷണ കേന്ദ്രത്തിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, കായലിന്റെ ആഴം 8-9 മീറ്ററിൽ നിന്ന് (1930) 1.5 -4 മീറ്ററിലേക്ക് ചുരുങ്ങിയിരിക്കുന്നു. ഇതിന്റെ ഒരു പ്രധാന കാരണം മാനുഷിക ഇടപെടലാണ്. വിവിധ ജലസ്രോതസ്സുകളിലൂടെ കായലിൽ എക്കലും മാലിന്യവും അടിഞ്ഞുകൂടുന്നു. ഇതിൽ പ്രധാനം, വർധിച്ചു വരുന്ന പ്ലാസ്റ്റിക് ആണെന്നതിൽ തർക്കമില്ല. ഏതൊരു സാധനവും സൗകര്യാനുസരണം ഉപയോഗിച്ച് വലിച്ചെറിയുക എന്നത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായിരിക്കുന്നു ഇന്ന്.
കായലിലേക്കുള്ള കൈവഴികളായ തോടുകൾ പേറി വരുന്ന മാലിന്യം താങ്ങാനുള്ള ശേഷി കായലിനില്ല. കനാലുകളിലും തുടർന്ന് കായലിലും നിക്ഷേപിക്കപ്പെടുന്ന ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളിൽ സിന്തെറ്റിക് സാനിറ്ററി നാപ്കിനുകൾ വലിയ തോതിൽ അടങ്ങിയിരിക്കുന്നു എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. ഇത്തരം ജലവാഹിനികളുടെ മലിനീകരണത്തിലൂടെ വലിയൊരു ആവാസവ്യവസ്ഥയുടെ നാശത്തിനാണ് ഇത് വഴി തെളിക്കുക. വേമ്പനാട് പോലെ പ്രത്യേക പരിഗണന അർഹിക്കുന്ന തണ്ണീർതടങ്ങളിൽ ഇത് കൂടുതൽ സങ്കീർണ അവസ്ഥ സംജാതമാക്കുന്നു.
ആർത്തവമാണോ പ്രശ്നം? അതോ സമൂഹത്തിന്റെ കാഴ്ചപ്പാടുകളോ?
മേൽപ്പറഞ്ഞ സാഹചര്യത്തിൽ സമൂഹത്തിന്റെ വിരലുകൾ പലപ്പോഴും സ്ത്രീകളുടെ നേരെ ചൂണ്ടുന്നതായി കാണാം. ഇതിനു വഴിയൊരുക്കുന്നത് സമൂഹം ഒന്നടങ്കമാണ്. പുരുഷാധിപത്യത്തിലൂന്നിയ നമ്മുടെ സമൂഹത്തിൽ തലമുറകളായി കൈ മാറിവന്ന മുൻവിധികൾ തന്നെയാണ് നമ്മുടെ ശാപം. ഇത് സ്ത്രീയുടെ മേൽ അടിച്ചേൽപ്പിക്കുന്ന വിലക്കുകൾ ആർത്തവ ശുചിത്വ സംരക്ഷണത്തിന്റെ നൂതന സാധ്യതകളെ പ്രയോജനപ്പെടുത്തുന്നതിൽ നിന്ന് അവളെ പിന്തിരിപ്പിക്കുന്നു.
ആർത്തവ പരിചരണത്തിനു വേണ്ട ആരോഗ്യപരമായ പിന്തുണയ്ക്ക് പകരം പലപ്പോഴും അവഞ്ജയും അവഗണനയും കുറ്റപ്പെടുത്തലുകളുമാണ് സ്ത്രീകളുടെ മേൽ പതിക്കുന്നത്. ആർത്തവത്തെ സംബന്ധിച്ച് നിലനിൽക്കുന്ന അറിവില്ലായ്മയും അവജ്ഞയും മണ്ണടിയേണ്ടതുണ്ട്.
ജീവന്റെ ഉൽപ്പത്തിക്ക് നിദാനമായ ശാരീരിക പ്രക്രിയയാണ് ആർത്തവം. ആർത്തവ ശുചിത്വം ഓരോ വ്യക്തിയുടെയും അവകാശമാണ്. ശരിയായ ആർത്തവ പരിചരണം സ്ത്രീയുടെ മാത്രമല്ല കുടുംബത്തിന്റെയും അടുത്ത തലമുറയുടെയും ആരോഗ്യ സംരക്ഷണത്തിന് അത്യന്താപേക്ഷിതമാണ്. എന്നാൽ ആർത്തവത്തെ കുറിച്ച് സംസാരിക്കാൻ പോലും മടിക്കുന്ന സമൂഹമാണ് നമ്മുടേത്. തികച്ചും സ്വാഭാവിക ശാരീരിക പ്രക്രിയയായ ഒന്നിന്റെ മേൽ ഇത്ര അയിത്തം കൽപ്പിച്ചുകൊടുക്കുന്നതിലെ വൈരുദ്ധ്യം തിരിച്ചറിയാൻ തയ്യാറാകാത്ത ഒരു സമൂഹമാണല്ലോ നമ്മുടെതെന്ന് ലജ്ജിക്കേണ്ടതാണ്. ആർത്തവ പരിചരണത്തിനു വേണ്ട ആരോഗ്യപരമായ പിന്തുണയ്ക്ക് പകരം പലപ്പോഴും അവഞ്ജയും അവഗണനയും കുറ്റപ്പെടുത്തലുകളുമാണ് സ്ത്രീകളുടെ മേൽ പതിക്കുന്നത്. മാറിവരുന്ന കാഴ്ചപ്പാടുകളുടെ ഈ കാലഘട്ടത്തിൽ ആർത്തവത്തെ സംബന്ധിച്ച് നിലനിൽക്കുന്ന അറിവില്ലായ്മയും അവജ്ഞയും മണ്ണടിയേണ്ടതുണ്ട്. ആർത്തവം അശുദ്ധിയല്ലെന്ന തിരിച്ചറിവിനോടൊപ്പം ആർത്തവകാല ആരോഗ്യത്തെ കുറിച്ചും പരിചരണത്തിനെക്കുറിച്ചും ഓരോരുത്തരും ബോധവാന്മാരാകേണ്ടത് സമത്വത്തിലും പരസ്പരബഹുമാനത്തിലും ഊന്നിനിൽക്കുന്ന ഒരു സമൂഹത്തിന്റെ ഉന്നമനത്തിന് അനിവാര്യമാണ്.
ആദ്യമായി, ആർത്തവ പരിചരണം എന്നാൽ മാർക്കറ്റിൽ ലഭ്യമാകുന്ന ബ്രാൻഡ് സാനിറ്ററി നാപ്കിനുകൾ വാങ്ങി ഉപയോഗിക്കുക എന്നതിന്റെ അടിസ്ഥാനം തന്നെ ചോദ്യം ചെയ്യപ്പെടണം.
സിന്തെറ്റിക് പാഡുകൾ : ചില ആരോഗ്യ, പാരിസ്ഥിതിക ചിന്തകൾ
ഇന്ന് സ്ത്രീകൾ ശുചിത്വം ഉറപ്പാക്കാൻ മാർക്കറ്റിൽ ലഭ്യമായ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സിന്തെറ്റിക് സാനിറ്ററി നാപ്കിനുകളാണ് വ്യാപകമായി ഉപയോഗിക്കുന്നത്. ആർത്തവ രക്തം ആഗിരണം ചെയ്യാനുള്ള ഏറ്റവും ഫലപ്രദമായ മാർഗമായാണ് ഇത് ഉപയോഗിക്കപ്പെടുന്നത്. ‘ആ ദിനങ്ങളിലെ ശുചിത്വത്തിന്എന്തുപയോഗിക്കണം’ എന്ന് തീരുമാനിക്കാൻ പലപ്പോഴും സ്ത്രീകൾക്ക് വൻകിട നാപ്കിൻ കമ്പനികളുടെ പരസ്യ വാചകങ്ങളാണ് തുണയാവുക. അതിനപ്പുറം അവ എന്തിനാൽ നിർമിച്ചിരിക്കുന്നു, അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ, അത് എങ്ങനെ സംസ്കരിക്കപ്പെടുന്നു, അവ നമ്മുടെ പ്രകൃതിയിലുണ്ടാക്കുന്ന ആഘാതങ്ങൾ എന്നിവയൊന്നും അവരുടെ അറിവിലോ ചിന്താ മണ്ഡലങ്ങളിലോ ഉണ്ടാവാറില്ല. അതിന് നമ്മുടെ സമൂഹം യാതൊരു പരിഗണനയും കൊടുത്തിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.
ഒരു സിന്തെറ്റിക് പാഡ് നാല് പ്ലാസ്റ്റിക്ക് ക്യാരിബാഗിന് തുല്യമാണ്, അത് 800 വർഷം ഭൂമിയിൽ അവശേഷിക്കും എന്നാണ് നാഷണൽ ഹെൽത്ത് മിഷന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്.
സുരക്ഷക്കാണ് എന്നുകരുതി നമ്മൾ ഉപയോഗിക്കുന്ന പല തരത്തിലുള്ള രാസവസ്തുക്കളും ഇത്തരത്തിൽ അനാരോഗ്യത്തിലേക്കാണ് നമ്മളെ തള്ളി വിടുന്നത്. പണ്ടുണ്ടായിരുന്ന നാപ്കിനുകളിൽ നല്ലൊരു ശതമാനം പഞ്ഞി കാണാമായിരുന്നെങ്കിൽ ഇന്നവയിൽ ഇതൊക്കെ അന്യമാണ്. പകരം 90 ശതമാനവും പ്ലാസ്റ്റിക്, സൂപ്പർ അബ്സോർബൻറ് ജെല്ലുകൾ, വുഡ് പൾപ്പ് എന്നിവയാണ് കാണാനാവുക. ഇതെല്ലാമാകട്ടെ, ബ്ലീച്ച് ചെയ്തവയും. പുറമേ പെട്രോളിയം ഉൽപ്പന്നങ്ങളുടെ ബാക്കി ചേരുവകളും സുഗന്ധം പൂശാൻ മറ്റു രാസ വസ്തുക്കളുടെ അകമ്പടിയും. ഇതൊന്നും പാക്കറ്റുകളിൽ രേഖപ്പെടുത്തേണ്ടത് അനിവാര്യമല്ല എന്നതാണ് പൊതു ജനങ്ങൾക്ക് ഇതിനെക്കുറിച്ച് അറിവില്ലാതാകാൻ പ്രധാന കാരണം. എല്ലാ മാസവും കച്ചവടം ഉറപ്പാക്കുന്ന വൻകിട കമ്പനികൾ മറിച്ചൊരു ചിന്തയ്ക്കും ഇട കൊടുക്കില്ല എന്നത് വേറൊരു സത്യം.
ഒരു സിന്തെറ്റിക് പാഡ് നാല് പ്ലാസ്റ്റിക്ക് ക്യാരിബാഗിന് തുല്യമാണ്, അത് 800 വർഷം ഭൂമിയിൽ അവശേഷിക്കും എന്നാണ് നാഷണൽ ഹെൽത്ത് മിഷന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. 90 ശതമാനത്തോളം പ്ലാസ്റ്റിക് കൊണ്ട് നിർമിച്ച സാനിട്ടറി പാഡുകൾ ശാസ്ത്രീയമായി ഇൻസിനറേറ്റ് ചെയ്യുകയാണ് വേണ്ടത്. എന്നാൽ ഇതിനുള്ള സംവിധാനം അപ്രാപ്യമായ സാഹചര്യത്തിൽ സാധാരണ രീതിയിൽ കത്തിക്കാൻ സ്ത്രീകൾ നിർബന്ധിതരാകുന്നു. കത്തിക്കുമ്പോൾ പുറത്തു വിടുന്ന വിഷ വാതകങ്ങൾ (ഡയോക്സിനുകൾ ഉൾപ്പടെ) ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുവാൻ സാധ്യതയുണ്ട്.
എങ്ങനെ ഇടപെടാം... സാധ്യതകൾ എന്തൊക്കെ?
ബാംഗ്ലൂർ ആസ്ഥാനമായ പരിസ്ഥിതി സംരക്ഷണ സംഘടനയായ ‘അട്രീ’യും മുഹമ്മ ഗ്രാമപഞ്ചായത്തും സംയുക്തമായി ഒരു പദ്ധതി ഏറ്റെടുത്തു. ഞങ്ങൾ മുഹമ്മയിൽ നടത്തിയ ആദ്യ സർവ്വേ പ്രകാരം ഇവിടെയുള്ള കയർ- കായൽ മേഖലയുമായി ബന്ധപ്പെട്ട് ജീവിക്കുന്ന സാധാരണക്കാരായ സ്ത്രീകൾക്കിടയിൽ ഇന്നും പഴയ രീതി പിന്തുടർന്ന് തുണി ഉപയോഗിക്കുന്നവർ ധാരാളമുണ്ട് എന്ന് കണ്ടെത്തി. എന്നാൽ ഇവരിൽ ബഹുഭൂരിപക്ഷത്തിനും ആർത്തവത്തെക്കുറിച്ചും ശുചിത്വ മാർഗ്ഗങ്ങളെ പറ്റിയും (പ്രത്യേകിച്ച്, സുസ്ഥിര ബദൽ മാർഗങ്ങൾ/ഉത്പന്നങ്ങൾ) അവബോധം ഇല്ല എന്ന് ‘അട്രീ’ നടത്തിയ പഠനത്തിൽ വ്യക്തമായി.
20% സ്ത്രീകളെങ്കിലും ഇതുമായി ബന്ധപ്പെട്ട് ശാരീരിക പ്രശ്നങ്ങൾ നേരിട്ടിട്ടുണ്ട്, പ്രത്യേകിച്ചും സിന്തെറ്റിക്ക് സാനിറ്ററി പാഡ് ഉപയോഗിക്കുന്നവരിൽ ത്വക് രോഗങ്ങൾ പോലെയുള്ളവ സാധാരണം. ഇതിന്ബോധവൽക്കരണ പ്രവർത്തനങ്ങളും ഒപ്പം സുസ്ഥിര ബദൽ മാർഗങ്ങളുടെ പ്രചാരണവുമാണ് ആവശ്യം എന്ന തിരിച്ചറിവിനെ തുടർന്ന് അതിനുള്ള ശ്രമങ്ങളായി.
പദ്ധതി രൂപീകരണം, ബദൽമാർഗ്ഗങ്ങൾ തിരഞ്ഞെടുക്കൽ, ബോധവൽക്കരണം എന്നിവയ്ക്ക് മുൻതൂക്കം നൽകി. ഇതിനായി സർക്കാരിന്റെ ജനകീയ സംവിധാനങ്ങൾ എല്ലാം ഫലപ്രദമായി ഉപയോഗിച്ചു. ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ ആശമാർവഴി വീടുകൾതോറും, ഗ്രാമസഭകൾ, CDS - ADS - അയൽകൂട്ടങ്ങൾ, തൊഴിലുറപ്പ് ഇടങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അംഗനവാടികൾഎന്നിവ വഴിയെല്ലാം ഈ ബോധവൽക്കരണ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചു. ഇതിനോടൊപ്പം പഞ്ചായത്തുമായി ചേർന്ന് സ്വീകാര്യമായ ബദൽമാർഗങ്ങൾ സബ്സിഡി നിരക്കിൽ ലഭ്യമാക്കാനുള്ള സംവിധാനം കൂടിയായപ്പോൾ മുഹമ്മയിലെ സ്ത്രീകളിൽ ആർത്തവ പരിചരണത്തിനു സുസ്ഥിര മാർഗങ്ങൾ എന്ന ശീലമാറ്റം ചുവടുറച്ചു.
തുണി നാപ്കിനുകൾ മൃദുവായതും ഈർപ്പം നന്നായി വലിച്ചെടുക്കാൻ കഴിവുള്ളതുമായ ഫ്ലാനൽ തുണിയിലാണ് നിർമിക്കുന്നത്. ഏകദേശം എട്ട് ലെയർഫ്ലാനൽ തുണികളാണ് ഒരു നാപ്കിനിൽ ഉള്ളത്.
ആരോഗ്യകരമായ ആർത്തവത്തിനു വേറിട്ട മാർഗ്ഗങ്ങൾ
ആർത്തവ ശുചിത്വരംഗത്തെ ഇന്നത്തെ രീതികളിൽ കാലോചിത ഇടപെടൽ അനിവാര്യമാണ്. പതിവുരീതികളിൽനിന്ന് വ്യത്യസ്തമായി സുസ്ഥിരവും ആരോഗ്യകരവും പ്രകൃതി സൗഹൃദവുമായ ശീലങ്ങളിലേക്ക് വഴി തിരിച്ചു വിടുക മാത്രമാണ് ഇതിന് ഏക പോംവഴി. ഇന്ന് ധാരാളം പ്രകൃതി സൗഹൃദ മാർഗങ്ങൾ ലഭ്യമാണ്. അതിൽ ഏറ്റവും അനുയോജ്യമായത് രണ്ടു രീതികളാണ്, പ്രകൃതി സൗഹൃദപരവും പുനരുപയോഗം ചെയ്യാവുന്നതുമായ തുണി പാഡുകളും മെൻസ്ട്രൽ കപ്പുകളും.
പ്രകൃതി സൗഹൃദം, ആരോഗ്യദായകം തുണി പാഡുകൾ
ആദ്യത്തേത് നമുക്കെല്ലാം പരിചിതമായ പരമ്പരാഗത രീതിയുടെ പുനരാവിഷ്കരണം ആണെന്ന് പറയാം. പത്ത് വർഷങ്ങൾക്കു മുമ്പുവരെ കേരളത്തിന്റെ ഭൂരിപക്ഷം വരുന്ന ഗ്രാമീണ ജനത ആർത്തവ ദിനങ്ങൾ പഴയ തുണി ഉപയോഗിച്ചാണ് അതിജീവിച്ചത്. അലക്കിയെടുത്ത മുണ്ടുകളോ, കോട്ടൺ വസ്ത്രങ്ങളോ ആർത്തവ സമയങ്ങളിൽ കൂടുതലായി ഉപയോഗിച്ചിരുന്നു. ഇന്നും ഗ്രാമപ്രദേശങ്ങളിൽ നല്ലൊരു ശതമാനം സ്ത്രീകൾ ഈ രീതി പിന്തുടരുന്നുണ്ട്. ഇതിന്റെ പോരായ്മ, അധിക രക്തസ്രാവം പ്രതിരോധിക്കാനാകാതെ ലീക്ക് സംഭവിക്കുകയും രക്തക്കറ പുറമേ ധരിച്ചിരിക്കുന്ന വസ്ത്രത്തിൽ പിടിക്കുകയും ചെയ്യും എന്നതാണ്. പിന്നെ അധികം ഈർപ്പം കൊണ്ടുണ്ടാകുന്ന അസ്വസ്ഥതയും.
ഈവിധ പോരായ്മകൾ പരിഹരിക്കുന്നതും എന്നാൽ മോഡേൺ സാനിട്ടറി നാപ്കിനോട് കിടപിടിക്കുന്നതും ആണ് തുണി നാപ്കിനുകൾ. മൃദുവായതും ഈർപ്പം നന്നായി വലിച്ചെടുക്കാൻ കഴിവുള്ളതുമായ ഫ്ലാനൽ തുണിയിലാണ് ഇതിന്റെ നിർമാണം. ഏകദേശം എട്ട് ലെയർഫ്ലാനൽ തുണികളാണ് ഒരു നാപ്കിനിൽ ഉള്ളത്. ഏറ്റവും അടിയിൽ പാന്റീസിനോട് ചേർന്നിരിക്കുന്ന പാളി പൂർണമായും ലീക്ക് പ്രൂഫ് ആയ PUL (Poly Urethane Laminated) മെറ്റീരിയൽ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. അതിനാൽ, ഒരു തുള്ളി പോലും പുറത്തു പോകുകയോ കറ പുരളുകയോ ചെയ്യുന്നില്ല. ഇരുവശത്തുമുള്ള വിങ്ങ്സ് ബട്ടൺ ഉപയോഗിച്ച് സാധാരണ നാപ്കിനുകൾ വയ്ക്കുന്നത് പോലെ തന്നെ പാന്റീസിൽ പിടിപ്പിക്കുകയും ചെയ്യാം.
ഓൺലൈൻ മാർക്കറ്റിൽ തുണി പാഡുകൾ യഥേഷ്ടം ലഭ്യമാണ്. ഒരു നാപ്കിനു 200 മുതൽ മുകളിലോട്ട് വില വരും. ചുരുങ്ങിയത് അഞ്ചെണ്ണമുണ്ടെങ്കിൽ ഒരാൾക്ക് ആർത്തവചക്രം കൈകാര്യം ചെയ്യാം. പുനരുപയോഗം ചെയ്യാവുന്ന ഇവയ്ക്കു മുടക്കുന്ന തുക മാസം തോറും മറ്റു നാപ്കിനുകൾക്ക് മുടക്കുന്ന തുകയുമായി താരതമ്യം ചെയ്യുമ്പോൾ തുച്ഛമാണ്.
മെൻസ്ട്രൽ കപ്പുകൾ വർധിപ്പിക്കുന്ന സ്ത്രീ സ്വാതന്ത്ര്യം
ആർത്തവശുചിത്വ ഉൽപ്പന്നങ്ങളിൽ ഒരു വിപ്ലവം തന്നെ സൃഷ്ടിക്കുന്ന ഒന്നാണ് മെൻസ്ട്രൽ കപ്പുകൾ. മലയാളി സ്ത്രീകൾക്ക് ഇനിയും സുപരിചിതമാകേണ്ടിയിരിക്കുന്നു ഇവ. 1930ൽ യു.എസിലാണ് ആദ്യമായി മെൻസ്ട്രൽ കപ്പ് ഉപയോഗിച്ചത്. ഇപ്പോൾ ഇതിന്റെ ഉപയോഗത്തെ കുറിച്ചുള്ള ചർച്ച ലോകത്ത് അനുദിനം വ്യാപകമായി വരികയാണ്. കേരളത്തിലും മെൻസ്ട്രൽ കപ്പുകൾക്ക് സ്ത്രീകൾക്കിടയിൽ സ്വീകാര്യത കൂടുകയാണ്.
രണ്ടു സ്ത്രീകളടങ്ങുന്ന കുടുംബത്തിന് ഒരു മാസം ചുരുങ്ങിയത് 100 രൂപയിലധികം സാനിട്ടറി നാപ്കിനുകൾ വാങ്ങുന്നതിന് ചെലവാകുന്നുണ്ടാവാം. ബദൽ മാർഗം ഉപയോഗിക്കുന്ന പക്ഷം ഈ ചെലവ് ഒറ്റതവണ മുതൽമുടക്കിലേക്ക് മാറും
കണ്ടാൽ പ്ലാസ്റ്റിക് അല്ലെങ്കിൽ റബ്ബർപോലെ തോന്നുമെങ്കിലും മെഡിക്കൽ ഗ്രേഡിലുള്ള സിലിക്കൺ (സാധാരണയായി ആരോഗ്യ ചികിത്സാ രംഗത്ത് ശസ്ത്രക്രിയാ വേളയിൽ ഉപയോഗിക്കുന്ന) എന്ന മെറ്റീരിയൽ കൊണ്ടാണ് മെൻസ്ട്രൽ കപ്പ് നിർമിക്കുന്നത്. ചെറിയ ബെൽ ആകൃതിയിലുള്ള ഒരു കപ്പ് യോനിക്കുള്ളിൽ കടത്തിവെച്ച് ആർത്തവ രക്തം ശേഖരിച്ച് പുറത്തു കളയുന്ന സംവിധാനമാണിത്. ഇഷ്ടാനുസരണം നിവർത്താനും മടക്കാനും കഴിയുന്ന ഒന്നാണിവ.
അതുകൊണ്ടുതന്നെ യോനിക്കുള്ളിൽ കടത്തി വയ്ക്കുന്നതിന് യാതൊരു ബുദ്ധിമുട്ടുമില്ല. ശരിയായി വയ്ക്കുന്ന പക്ഷം യോനിക്കുള്ളിൽ നിവർന്നിരിക്കുന്ന കപ്പ്, ആർത്തവ രക്തം പുറത്തേക്കു വരാതെ കപ്പിൽ ശേഖരിച്ച് വയ്ക്കുന്നു. ഇപ്രകാരം 6 മുതൽ 10 മണിക്കൂർ വരെ ഇത് ഉള്ളിൽ വയ്ക്കാം. അണുവിമുക്തമായ വൃത്തിയുള്ള സാഹചര്യത്തിൽ ഇത് പുറത്തെടുത്ത് രക്തം കളഞ്ഞ് വൃത്തിയായി കഴുകി വീണ്ടും അകത്തു വയ്ക്കാം. ആർത്തവ ശേഷം ചൂടുവെള്ളത്തിൽ കഴുകി തുണി സഞ്ചിയിൽ സൂക്ഷിച്ചു വയ്ക്കാം.
തുണി പാഡുകൾ/ ആർത്തവ കപ്പുകൾ: ഒരു ആരോഗ്യ പാരിസ്ഥിതിക സാമ്പത്തിക അവലോകനം
സാധാരണ ഗതിയിൽ രണ്ടു സ്ത്രീകളടങ്ങുന്ന ഒരു കുടുംബത്തിന് ഒരു മാസം ചുരുങ്ങിയത് 100 രൂപയിലധികം സാനിട്ടറി നാപ്കിനുകൾ വാങ്ങുന്നതിന് ചെലവാകുന്നുണ്ടാവാം. ബദൽ മാർഗം ഉപയോഗിക്കുന്ന പക്ഷം ഈ ചെലവ് ഒറ്റതവണ മുതൽമുടക്കിലേക്ക് മാറുന്നു (തുണിപാഡുകൾ 8 എണ്ണം -1600 രൂപ, ആർത്തവ കപ്പ് രണ്ടെണ്ണം- 1000 രൂപ). പുനരുപയോഗം സാധ്യമായതിനാൽ സിന്തറ്റിക് നാപ്കിനുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് തുച്ഛമാണ്. തുണി പാഡ് ഉപയോഗിക്കുമ്പോൾ മാസം വെറും 45 രൂപയിലേക്ക് ഈ ചെലവ് ചുരുക്കാം. ആർത്തവ കപ്പ് ആണെങ്കിൽ വെറും 28 രൂപയിൽ ഒതുങ്ങും. സബ്സിസി നിരക്കിൽ ഈ സൗകര്യം ലഭ്യമായ മുഹമ്മയിലെ കാർഷിക മത്സ്യ മേഖലയെ ആശ്രയിച്ചു കഴിയുന്ന സാധാരണ കുടുംബത്തിന് ഈ അധികച്ചെലവ് നിയന്ത്രിച്ച് കുറഞ്ഞത് 1000 രൂപയെങ്കിലും മിച്ചം വയ്ക്കാൻ സാധിച്ചിട്ടുണ്ട്. മാത്രമല്ല, വർഷം തോറും പ്രകൃതിയിലേക്ക് തള്ളിക്കൊണ്ടിരുന്ന മാലിന്യത്തിൽ നിന്ന് ചുരുങ്ങിയത് 400 പാഡ് എങ്കിലും കുറയ്ക്കാനും ഇതിലൂടെ ഒരു കുടുംബത്തിന് സാധിക്കും. സാമ്പത്തിക ലാഭം കൂടാതെ പരിസ്ഥിതി സംരക്ഷണത്തിനു നൽകുന്ന ഈ സേവനത്തിനുപുറമേ ഈ ശീലമാറ്റം തരുന്ന ആരോഗ്യം ജീവിതകാലം മുഴുവൻ മുതൽക്കൂട്ടാകും.
സ്വന്തം ശുചിത്വത്തിന് ഏത് മാർഗം സ്വീകരിക്കണം എന്നത് ഒരു സ്ത്രീയുടെ സ്വകാര്യതയാണ്, അവളുടെ താല്പര്യമാണ്, അത് തിരഞ്ഞെടുക്കാനുള്ള അവകാശം അവളുടെതാണ്. അതിനാൽ ഇവിടെ അവബോധം സൃഷ്ട്ടിക്കുകയാണ് പ്രധാനം.
ഇനിയും മറന്നു കൂടെ അനാചാരങ്ങളെ ?
ഇത്രയും ആരോഗ്യപ്രദമായ, സ്ത്രീ സ്വാതന്ത്ര്യം വർധിപ്പിക്കുന്ന മാർഗമുള്ളപ്പോൾ നാം സിന്തറ്റിക് സാനിട്ടറി നാപ്കിൻ കമ്പനികൾ സൃഷ്ടിക്കുന്ന മൂഢസ്വർഗത്തിൽനിന്ന് പുറത്തുവരണം. അതേസമയം സ്വന്തം ശുചിത്വത്തിന് ഏത് മാർഗം സ്വീകരിക്കണം എന്നത് ഒരു സ്ത്രീയുടെ സ്വകാര്യതയാണ്, അവളുടെ താല്പര്യമാണ്, അത് തിരഞ്ഞെടുക്കാനുള്ള അവകാശം അവളുടെതാണ്. അതിനാൽ ഇവിടെ അവബോധം സൃഷ്ട്ടിക്കുകയാണ് പ്രധാനം. ഈ അവബോധം ഉണ്ടാകുന്നതിലൂടെ സ്വന്തം ആരോഗ്യവും പ്രകൃതിയുടെ ആരോഗ്യവും സംരക്ഷിക്കേണ്ടത്തിന്റെ ആവശ്യം നമുക്ക് ബോധ്യപ്പെടും. ഇഷ്ടാനുസരണം ഇതിൽ ഏത് സുസ്ഥിര മാർഗ്ഗം സ്വീകരിക്കുന്നതിനും വഴിയൊരുങ്ങും, ശീലങ്ങൾ താനേ മാറി തുടങ്ങും. സമൂഹത്തിലെ ഒരോ സ്ത്രീകളിലേക്കും ഈ സന്ദേശം എത്തിച്ച് മാറ്റത്തിന്റെ കണ്ണികളാവാം. ഇതിന് ഉത്തമ ഉദാഹരണമായി മാറിക്കഴിഞ്ഞു മുഹമ്മയെ പൂർണമായും സിന്തറ്റിക് സാനിറ്ററി പാഡ് രഹിതമാക്കിയ ‘ഏട്രീ’യുടെ പദ്ധതി. സിന്തറ്റിക് സാനിറ്ററി പാഡ് രഹിത ഗ്രാമം എന്ന തലക്കെട്ടിൽ ഐ.എസ്.ആർ.ഒ അന്തരീക്ഷ കോർപറേഷന്റെ സാമ്പത്തിക സഹായത്തോടെ സംസ്ഥാന സർക്കാരിന്റെ ജനകീയ സംവിധാനങ്ങളെ ഉൾക്കൊള്ളിച്ച് കൃത്യമായി ആസൂത്രണം ചെയ്ത ഒരു പദ്ധതിയായിരുന്നു ഇത്. ഏകദേശം ഒന്നര വർഷം നീണ്ട അവബോധ പ്രവർത്തനങ്ങൾക്കുശേഷം ഇന്ന് മുഹമ്മയിലെ സ്ത്രീകൾ ബഹുഭൂരിപക്ഷവും സിന്തറ്റിക് സാനിറ്ററി പാഡുകൾ ഉപേക്ഷിച്ച് കോട്ടൺ തുണി പാഡുകളിലേക്കും ആർത്തവ കപ്പുകളിലെക്കും മാറിക്കഴിഞ്ഞു. കൂട്ടായ്മയോടെയുള്ള പ്രവർത്തനവും ഏകോപനവും ഏത് സമൂഹത്തിലും മനോഭാവ മാറ്റവും ശീലവൽക്കരണവും സാധ്യമാക്കും. ഇവിടെ കേവലം ബോധവൽക്കരണം ജീവിതത്തെയും നമ്മുടെ പ്രകൃതിയെ തന്നെയും രഷിക്കാൻ പോന്നതാണ് എന്ന് ‘ഏട്രീ’യുടെയും മുഹമ്മ ഗ്രാമ പഞ്ചായത്തിന്റെയും പദ്ധതി നമുക്ക് കാട്ടിത്തന്നു. ഇത് നല്ല തുടക്കമാണ്. ഇനിയും ഏറെ ദൂരം പോകുവാനുണ്ട് നമുക്ക്. അതിനായി കൈകോർക്കാം, കാതോർക്കാം.▮