ചിപ്കോ സമരത്തിൽ നിന്ന് / Photo: The Right Livelihood Award

പ്രാദേശിക പരിസ്​ഥിതി സമരങ്ങളുടെ
രാഷ്​ട്രീയത്തെക്കുറിച്ച്​, വിമർശനാത്മകമായി...

മുതലാളിത്തത്തിന്റെ ഹിംസാത്മകമായ ചൂഷണങ്ങൾക്ക് പ്രാദേശികമായി ബദലുകൾ തേടുന്നുവെന്ന് അവകാശപ്പെടുന്ന കേരളം പോലും പാശ്ചാത്യ വരേണ്യതയുടെ പ്രകടനപരതയിലൂന്നിയതും മുതലാളിത്ത സങ്കൽപ്പങ്ങൾക്ക് കാര്യമായ കേടുപാടു തട്ടാൻ സാധ്യതയില്ലാത്തതുമായ അരാഷ്​ട്രീയമായ പരിസ്ഥിതികാവബോധമാണ് മുന്നോട്ടുവെക്കുന്നത്.

സുസ്ഥിര വികസനം, പരിസ്ഥിതി സന്തുലിതാവസ്ഥ, നീതിയുക്തമായ വിഭവ വിതരണം എന്നീ സങ്കല്പങ്ങളുടെയെല്ലാം അടിസ്ഥാനം പാരിസ്ഥിതിക അവബോധമാണ്​. വ്യാവസായിക വിപ്ലവാനന്തരം പാശ്ചാത്യ രാജ്യങ്ങളിൽ ഉടലെടുത്ത പരിസ്ഥിതി പ്രതിസന്ധികളിൽ നിന്നാണ് ആധുനിക പാരിസ്ഥിതികാവബോധം രൂപപ്പെട്ടത് എന്ന ധാരണയാണ് പ്രബലമായുള്ളത്. ഇത്തരം ഒരു ധാരണ രൂപപ്പെടുന്നതിൽ 1962 ൽ പ്രസിദ്ധീകരിച്ച റേച്ചൽ കാർസന്റെ സൈലൻറ്​ സ്​പ്രിങ്​ എന്ന പുസ്തകത്തിന്റെ സ്വാധീനം വലുതാണ്. സൈലൻറ്​ സ്​പ്രിങിന്റെ പ്രസിദ്ധീകരണവും 1970 കളോടെ വടക്കേ അമേരിക്കയിൽ നടന്ന പരിസ്ഥിതി സംരക്ഷണ സമരങ്ങളുമാണ് ആധുനിക പാരിസ്ഥിതികാവബോധത്തിന് അടിത്തറ പാകിയത് എന്നാണ് മുഖ്യധാരാ പാരിസ്ഥിതിക ചരിത്രത്തിന്റെ ഭാഷ്യം. എന്നാൽ പാശ്ചാത്യ പാരിസ്ഥിതികാവബോധത്തിൽനിന്ന്​ ഏറെ ഭിന്നമായി രൂപപ്പെട്ട ഒന്നാണ് ഇന്ത്യയിലെ ആധുനിക പാരിസ്ഥിതികാവബോധവും പ്രസ്ഥാനങ്ങളും.

സൈലൻറ്​ സ്​പ്രിങ്​ , റേച്ചൽ കാർസൻ

ആധുനിക പാരിസ്ഥിതികാവബോധ നിർമിതിയെക്കുറിച്ച് നിലനിൽക്കുന്ന മുഖ്യധാരാ ധാരണകളെ ഇന്ത്യൻ പാരിസ്ഥിതിക പ്രസ്ഥാനങ്ങളുടെ സവിശേഷതകളെ മുൻനിർത്തി വിമർശനാത്മകമായി പരിശോധിക്കാൻ ശ്രമിക്കുകയാണിവിടെ.

പാശ്ചാത്യ പാരിസ്ഥിതികാവബോധം

ഇരുപതാം നൂറ്റാണ്ടിന്റെ പകുതിവരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രാദേശികമായ പാരിസ്ഥിതിക പ്രശ്‌നങ്ങളെ മുൻനിർത്തി അസംഘടിതമായ അസംഖ്യം പാരിസ്ഥിതിക പ്രസ്ഥാനങ്ങൾ നിലനിന്നിരുന്നു. ഏകീകൃതമായ പാരിസ്ഥിതികാവബോധത്തിനുപകരം പ്രാദേശികമായി ചെറുസംഘങ്ങൾ നടത്തിയ സമരങ്ങളും പ്രസ്ഥാനങ്ങളുമായിരുന്നു അക്കാലംവരെ നിലനിന്നിരുന്നത്. എന്നാൽ, പരിസ്ഥിതി സംരക്ഷണത്തിൽനിന്ന്​ പാരിസ്ഥിതിക വാദത്തിലേക്കുള്ള വികാസം സാർവത്രികമായ ഒരു ചരിത്രശ്രേണി പിന്തുടർന്നാണ് സാധ്യമായത് എന്ന വിപുലവും തെറ്റായതുമായ ഒരു ധാരണ നിലനിന്നുപോരുന്നുവെന്ന് കെൻറ്​ സർവകലാശാലയിലെ എൻവയോൺമെന്റൽ പൊളിറ്റിക്‌സ് പ്രൊഫസറായിരുന്ന ക്രിസ് റൂട്ടസ് 2004 ൽ അഭിപ്രായപ്പെടുന്നുണ്ട്.

പാശ്ചാത്യരാജ്യങ്ങളിൽ പരിസ്ഥിതിവാദവും പരിസ്ഥിതി പ്രവർത്തനങ്ങളുമെല്ലാം സാമൂഹികവും സാമ്പത്തികവുമായി മേൽത്തട്ടിൽ ജീവിക്കുന്ന മനുഷ്യരുടെ ആശയമായി കണക്കാക്കിപ്പോരുന്ന ഒന്നാണ്.

അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, ആധുനിക വിദ്യാഭ്യാസത്തിന്റെ വളർച്ച, പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ചുള്ള ശാസ്​ത്രീയാവബോധം, ബഹുജന മാധ്യമങ്ങളുടെ വികാസം, പാരിസ്ഥിതിക പ്രശ്‌നങ്ങളോടുള്ള ഇടതുപക്ഷ നിലപാടുകൾ എന്നിവയെല്ലാം ലോകമെമ്പാടും ആധുനിക പാരിസ്ഥിതിക പ്രസ്ഥാനങ്ങൾക്ക് രൂപം നൽകി. ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിലാണ് സംരക്ഷണവും പരിപാലനവും മുൻനിർത്തിയുള്ള ആധുനിക പാരിസ്ഥിതിക ബോധം അന്താരാഷ്ട്ര ശ്രദ്ധ നേടുന്നത്. 1970 കളോടെ വ്യവസായവൽകൃത രാജ്യങ്ങൾ, വിശിഷ്യാ, വടക്കേ അമേരിക്ക, പരിസ്ഥിതി സംരക്ഷണത്തിനായി സംസാരിച്ചുതുടങ്ങുകയും 1972-ൽ ഐക്യരാഷ്ട്രസഭ സ്റ്റോക്ക്‌ഹോമിൽ പരിസ്ഥിതിയെക്കുറിച്ചുള്ള ആദ്യ അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കുകയും ചെയ്തു. ഇത് പരിസ്ഥിതി വിഷയങ്ങളിൽ ലോകരാഷ്ട്രങ്ങളുടെ സഹകരണം പ്രോത്സാഹിപ്പിക്കുന്ന (UNEP) രൂപപ്പെടലുകൾക്ക്​ കാരണമായി.

അലാസ്കയിലെ അല്യൂഷ്യൻ ദ്വീപുകളിൽ ആണവപരീക്ഷണം നടത്താനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധിച്ച് 1971-ൽ 'ഗ്രീൻപീസ്' എന്ന ബോട്ടിൽ ദ്വീപിലേക്ക് തിരിച്ച പരിസ്ഥിതിപ്രവർത്തകർ. ഇതാണ് ഗ്രീൻപീസ് എന്ന സംഘടനയുടെ രൂപീകരണത്തിലേക്ക് നയിച്ചത്.

1970-കൾക്കുശേഷം ഉയർന്നുവന്ന ആധുനിക പാരിസ്ഥിതിക പ്രസ്ഥാനങ്ങൾ സുസംഘടിത പ്രസ്ഥാനത്തിന്റെ രൂപം കൈവരിച്ചുവന്നിരുന്നു. ഏകോപിത സ്വഭാവത്തോടുകൂടിയുള്ള പ്രവർത്തനങ്ങളും, വിവിധ ഘടകങ്ങൾക്കിടയിലെ ഇടപെടലുകളും, അവയ്ക്ക് ഇത്തരത്തിൽ ഒരു സുസംഘടിത പ്രസ്ഥാനത്തിന്റെ രൂപം നൽകുന്നതിൽ വലിയ പങ്കുവഹിച്ചു. 1971 ൽ കാനഡയിലെ വാൻകോവറിൽ സ്ഥാപിതമായ ‘ഗ്രീൻപീസ്’, 1969 ൽ സാൻഫ്രാൻസിസ്‌കോയിൽ സ്ഥാപിതമായ ‘ഫ്രൻറ്​സ്​ ഓഫ് എർത്ത്​ ഇന്റർനാഷണൽ’ എന്നിവയെല്ലാം ഇത്തരത്തിൽ രൂപപ്പെട്ട ആധുനിക പരിസ്ഥിതി പ്രസ്ഥാനങ്ങൾക്ക് ഉദാഹരണങ്ങളാണ്.

പാശ്ചാത്യ രാജ്യങ്ങളിലെ പരിസ്ഥിതി സംഘടനകളിലെ പ്രധാന പ്രവർത്തകരുടെ സാമൂഹിക- സാമ്പത്തിക നിലയെ കുറിച്ചു നടത്തിയ പഠനങ്ങളിൽ പരിസ്ഥിതിവാദികളിൽ ഭൂരിഭാഗവും ശരാശരി വരുമാനത്തിനും വിദ്യാഭ്യാസത്തിനും മുകളിലുള്ളവരാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

വ്യാവസായിക വിപ്‌ളവാനന്തരം, വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെയും തകർച്ച നേരിടുന്ന ആവാസ വ്യവസ്ഥകളുടെയും സംരക്ഷണത്തിനായുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് പാശ്ചാത്യ രാജ്യങ്ങളിൽ പരിസ്ഥിതി പ്രസ്ഥാനങ്ങൾ രൂപപ്പെട്ടത് എന്നാണ് ഒക്കലഹോമ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ സോ​ഷ്യോളജി പ്രൊഫസറായിരുന്ന ഡൺലപ് അഭിപ്രായപ്പെടുന്നത്. 1973-ൽ യു. എസ് പാസാക്കിയ വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ സംരക്ഷണത്തിനായുള്ള നിയമം (ESA), ജീവജാലങ്ങളുടെ സംരക്ഷണത്തെ അടിസ്ഥാനമാക്കി 1970 കളിൽ രൂപപ്പെട്ടുവന്ന പരിസ്ഥിതികാവബോധത്തിനുദാഹരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്.

പാശ്ചാത്യരാജ്യങ്ങളിൽ പരിസ്ഥിതിവാദവും പരിസ്ഥിതി പ്രവർത്തനങ്ങളുമെല്ലാം സാമൂഹികവും സാമ്പത്തികവുമായി മേൽത്തട്ടിൽ ജീവിക്കുന്ന മനുഷ്യരുടെ ആശയമായി കണക്കാക്കിപ്പോരുന്ന ഒന്നാണ്. സമീപകാലം വരെ പരിസ്ഥിതിവാദത്തെക്കുറിച്ചുള്ള വ്യവഹാരങ്ങളിൽ ‘എലിറ്റിസം’ ഒരു പ്രധാന ചർച്ചാവിഷയമായി നിലനിന്നിരുന്നു.

വില്യം ടക്കർ, എറിക് ഹോബ്സ്ബോം

‘ഏതൊരു പ്രദേശത്തെയും പരിസ്ഥിതിവാദികളെ തിരിച്ചറിയാൻ വളരെ എളുപ്പമാണ്, ലളിതമായി പറഞ്ഞാൽ അവർ, പ്രാദേശിക പ്രഭുവർഗത്തിലെ അംഗങ്ങളായിരിക്കും. പാരിസ്ഥിതിക വീക്ഷണം കുലീനമായ ഒരാശയമാണ്. സ്വയം സുരക്ഷിതത്വത്തെക്കുറിച്ച് ഒരിക്കൽപോലും ആകുലപ്പെടേണ്ടതില്ലാത്ത ഒരാൾക്ക് ഈ കുലീന ബോധം എക്കാലത്തും നിലനിർത്താനാകും'- പാശ്ചാത്യ പരിസ്ഥിതിവാദത്തെക്കുറിച്ചുള്ള അമേരിക്കൻ പത്രപ്രവർത്തകൻ വില്യം ടക്കറിന്റെ അഭിപ്രായമാണിത്. പാശ്ചാത്യ രാജ്യങ്ങളിലെ പരിസ്ഥിതി സംഘടനകളിലെ പ്രധാന പ്രവർത്തകരുടെ സാമൂഹിക- സാമ്പത്തിക നിലയെ കുറിച്ചു നടത്തിയ പഠനങ്ങളിൽ പരിസ്ഥിതിവാദികളിൽ ഭൂരിഭാഗവും ശരാശരി വരുമാനത്തിനും വിദ്യാഭ്യാസത്തിനും മുകളിലുള്ളവരാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പരിസ്ഥിതി പ്രസ്ഥാനങ്ങൾക്കും സമരങ്ങൾക്കുമുള്ള പിന്തുണ പ്രധാനമായും സമ്പന്ന രാജ്യങ്ങളിൽ നിന്നാണ് വരുന്നത് എന്നതുകൊണ്ടുതന്നെ, പാരിസ്ഥിതിക പ്രസ്ഥാനങ്ങൾ എന്ന ആശയം സമ്പന്നതയുമായി ബന്ധപ്പെട്ട ഒന്നാണെന്ന് പ്രസിദ്ധ മാർക്‌സിസ്റ്റ് ചിന്തകനായ എറിക് ഹോബ്സ്ബോം (1989) അഭിപ്രായപ്പെട്ടിട്ടുണ്ട്.

സൈലൻറ്​ സ്​പ്രിങും ആധുനിക പരിസ്ഥിതി പ്രസ്ഥാനങ്ങളും

1962 ൽ റേച്ചൽ കഴ്‌സൻ എഴുതിയ സൈലൻറ്​ സ്​പ്രിങ്​ എന്ന പുസ്തകത്തിന്റെ പ്രസിദ്ധീകരണവും അതിനോടുള്ള ജനങ്ങളുടെ പ്രതികരണങ്ങളുമാണ് പാശ്ചാത്യ രാജ്യങ്ങളിൽ വിശിഷ്യാ, വടക്കേ അമേരിക്കയിൽ ആധുനിക പാരിസ്ഥിതികാവബോധത്തിനും പരിസ്ഥിതി പ്രസ്ഥാനങ്ങൾക്കും തുടക്കമിടുന്നതിൽ നിർണായക പങ്കുവഹിച്ചത് എന്ന് മാധവ് ഗാഡ്ഗിലും, ഗുഹയും (1994 ) റൂട്‌സും (2004) അഭിപ്രായപ്പെടുന്നുണ്ട്. സൈലൻറ്​ സ്​പ്രിങിന്റെ പ്രസിദ്ധീകരണം വൈവിധ്യമാർന്ന അമേരിക്കൻ ജനതക്കിടയിൽ പാരിസ്ഥിതിയെകുറിച്ചുള്ള ഉത്കണ്ഠ വളർത്തുകയും പാരിസ്ഥിതികാവബോധത്തിന്റെ വിത്ത് പാകുകയും ചെയ്തു.

കീടനാശിനികൾക്കെതിരെ അമേരിക്കൻ സെനറ്റിൽ സംസാരിക്കുന്ന റേച്ചൽ കാർസൺ / rachelcarsoncouncil.org

ഇത് അമേരിക്കൻ പരിസ്ഥിതി പ്രസ്ഥാനങ്ങളിലും സമരങ്ങളിലും പങ്കാളികളാവാൻ ജീവിതത്തിന്റെ നാനാതുറകളിലെ മനുഷ്യരെ പ്രേരിപ്പിക്കുകയും ആധുനിക പ്രസ്ഥാനങ്ങൾക്ക് ജീവൻ നൽകുകയും ചെയ്തതായി പുലിസ്റ്റർ പ്രൈസ് ജേതാവും കവിയുമായ എലിസ ഗ്രിസ്വേൾഡ് 2012 ൽ അഭിപ്രായപ്പെടുന്നുണ്ട്; ‘സൈലൻറ്​ സ്​പ്രിങ്​ നിരവധി മനുഷ്യരുടെ പരിസ്ഥിതിയെക്കുറിച്ചുള്ള ധാരണകളെ നവീകരിക്കുകയും പാരിസ്ഥിതിക പ്രസ്ഥാനങ്ങളിൽ പങ്കെടുക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. കീടനാശിനി ദുരുപയോഗത്തിനെതിരെ നടപടി ആവശ്യപ്പെട്ട്​ ആളുകൾ അമേരിക്കൻ കോൺഗ്രസിലെ അവരുടെ പ്രതിനിധികൾക്ക് കത്തുകളെഴുതുകയും നിവേദനങ്ങൾ സമർപ്പിക്കുകയും ചെയ്തു'' (എലിസ, 2012).
ഈ പുസ്തകം വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും, ലോകമെമ്പാടും കൂടുതൽ ശാസ്ത്രീയമായ അറിവിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന പരിസ്ഥിതി സംഘടനകൾക്ക്​ രൂപം നൽകുകയും ചെയ്തതായി പൊതുവിൽ അംഗീകരിച്ചുപോരുന്നു.

ലോകമെമ്പാടുമുള്ള ആധുനിക പാരിസ്ഥിതിക പ്രസ്ഥാനങ്ങൾക്കും, അവബോധ നിർമിതിക്കും, ജന്മം നൽകിയ കൃതിയായി അംഗീകരിച്ചുപോരുന്ന ഒന്നാണ് സൈലൻറ്​ സ്​പ്രിങ്.

റേച്ചൽ കാർസന്റെ പ്രവർത്തനങ്ങൾ മനുഷ്യനും പരിസ്ഥിതിയും തമ്മിൽ നിലനിന്നിരുന്ന ബന്ധത്തെ സംബന്ധിക്കുന്ന ധാരണകളെ വിമർശനാത്മകമായി പരിശോധിക്കുവാനും അതുവഴി ആധുനികമായ ഒരു പൊതു പാരിസ്ഥിതികാവബോധം നിർമിക്കുവാൻ കാരണമാവുകയും ചെയ്തതായി ജോർജ്ജ് വാഷിംഗ്ടൺ യൂണിവേഴ്‌സിറ്റിയിലെ പാരിസ്ഥിതിക ചരിത്ര പ്രൊഫസറായ ലിൻഡ ലിയർ അഭിപ്രായപ്പെടുന്നു. ലോകമെമ്പാടുമുള്ള സമകാലിക പാരിസ്ഥിതിക പ്രസ്ഥാനങ്ങളെ രൂപപ്പെടുത്തുന്നതിലും അവയുടെ പ്രവർത്തനങ്ങൾക്ക് പ്രചോദനം നൽകുന്നതിലും സൈലൻറ്​ സ്​പ്രിങ്​ നിർണായക പങ്കാണ് വഹിച്ചത്. 31 ആഴ്ചകളിലധികം ന്യൂയോർക് ടൈംസിന്റെ ബെസ്​റ്റ്​ സെല്ലെർ ലിസ്റ്റിൽ തുടർന്ന ഈ പുസ്തകം ആധുനിക പാരിസ്ഥിതിക പ്രസ്ഥാനങ്ങളുടെ വികാസത്തിലെ നാഴികക്കല്ലായാണ് അറിയപ്പെടുന്നത്.

2021 സെപ്റ്റംബറിൽ പീറ്റ്സ്ബർഗിൽ നടന്ന കാലാവസ്ഥാ പ്രതിഷേധത്തിൽ നിന്ന് / Photo: Wikimedia Commons

വംശനാശഭീഷണി നേരിടുന്ന ജീവികളെയും ആകർഷകമായ ആവാസ വ്യവസ്ഥകളേയും സംരക്ഷിക്കുക എന്ന പ്രാഥമിക ലക്ഷ്യത്തിൽ നിന്ന് പ്രകൃതിയിൽ ഒന്നിനും തനിച്ച്​ നിലനിൽക്കാനാവില്ല എന്ന തിരിച്ചറിവിലൂടെ, കൂടുതൽ ഇൻക്‌ളൂസീവായ പാരിസ്ഥിതികാവബോധത്തിന്റെ തലത്തിലേക്ക് ഉയരാൻ പരിസ്ഥിതിപ്രസ്ഥാനങ്ങളെ സ്വാധീനിച്ചു എന്നതാണ് സൈലൻറ്​ സ്​പ്രിങിന്റെ ഏറ്റവും പ്രധാന സംഭാവനകളിലൊന്നായി കണക്കാക്കപ്പെടുന്നത് (എലിസ, 2012).

റേച്ചൽ കാഴ്സന്റെ ജീവചരിത്രത്തിൽ, പത്രപ്രവർത്തകനായ വില്യം സൗണ്ടർ ആധുനിക പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ സ്ഥാപകയായി കാർസനെ അടയാളപ്പെടുത്തുന്നുണ്ട്. സാമാന്യമായി പറഞ്ഞാൽ, ലോകമെമ്പാടുമുള്ള ആധുനിക പാരിസ്ഥിതിക പ്രസ്ഥാനങ്ങൾക്കും, അവബോധ നിർമിതിക്കും, ജന്മം നൽകിയ കൃതിയായി അംഗീകരിച്ചുപോരുന്ന ഒന്നാണ് സൈലൻറ്​ സ്​പ്രിങ്.

ഇന്ത്യൻ പാരിസ്ഥിതികാവബോധത്തിന്റെ നിർമിതി

ഇന്ത്യയുൾപ്പെടുന്ന മൂന്നാം ലോകരജ്യങ്ങളിലെ പാരിസ്ഥിതികവാദം പാശ്ചാത്യ രാജ്യങ്ങളിലേതിൽനിന്ന്​ തികച്ചും വ്യത്യസ്തമായ ഒന്നായി ഗാഡ്ഗിലും ഗുഹയും 1994 ൽ നിരീക്ഷിക്കുന്നുണ്ട്. പാശ്ചാത്യ രാജ്യങ്ങളിൽ പരിസ്ഥിതി പ്രസ്ഥാനങ്ങൾ ഒരു വ്യവസായികാനന്തര സമൂഹത്തിന്റെ ഉല്പന്നമായിരുന്നെങ്കിൽ ഇന്ത്യയിൽ ഇത് വ്യവസായികവത്കരണത്തിന്റെ ആദ്യഘട്ടങ്ങളിൽത്തന്നെ രൂപംകൊണ്ട ഒന്നായിരുന്നു. ഇന്ത്യൻ പരിസ്ഥിതി പ്രസ്ഥാനങ്ങളിൽ ഏറിയപങ്കും സാധാരണ മനുഷ്യരുടെ ഉപജീവന ആശങ്കകളും അതിദ്രുത വ്യവസായികവത്കരണവും തമ്മിലുള്ള സംഘർഷങ്ങളുടെ ഫലമായി രൂപം കൊണ്ടവയായിരുന്നു.

മാധവ് ഗാഡ്ഗിൽ, രാമചന്ദ്ര ഗുഹ

താരതമ്യേന വ്യവസായികവത്കരണം കുറവായിരുന്നതും എന്നാൽ ദ്രുതഗതിയിൽ വ്യവസായവൽക്കരണം നടന്നുകൊണ്ടിരിക്കുന്നതുമായ മൂന്നാം ലോക രാജ്യങ്ങളിൽ പാരിസ്ഥിതികാവബോധത്തെ രാഷ്ട്രീയ, സാമ്പത്തിക, വിഭവ സമരങ്ങളുമായി ഇഴചേർന്നിരിക്കുന്ന ഒന്നായി കാണാൻ സാധിക്കും. അത്തരം സമരങ്ങൾ അപൂർവമായി മാത്രമേ പാശ്ചാത്യരാജ്യങ്ങളിലേതുപോലെ വിപുലമായ സംഘടിത പരിഥിതി സംരക്ഷണ പ്രസ്ഥാനങ്ങളുടെ രൂപം കൈവരിക്കാറുള്ളു എന്ന് 2004 ൽ റൂട്‌സ് നിരീക്ഷിക്കുന്നുണ്ട്. തങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ ജീവിതത്തിൽ നിന്ന്​ വേർപെട്ടു നിലകൊള്ളുന്ന ഒന്നായിട്ടല്ല ഭൗതിക പരിസ്ഥിതിയെ ആദ്യകാല ആധുനിക പരിസ്ഥിതി പ്രസ്ഥാനങ്ങൾ പരിഗണിച്ചുപോന്നിരുന്നത്. ചുറ്റുപാടുകളെ വലിയതോതിൽ ആശ്രയിച്ചുകൊണ്ടുള്ള വ്യാവസായിക പൂർവ സമൂഹ ഘടനയായിരുന്നതിനാലാകാം, അക്കാലത്ത്​ സംസ്‌കാരവും പരിസ്ഥിതിയും തമ്മിലുള്ള ‘ഡൈക്കോട്ടമി’ (dichotomy) വളരെ ദുർബലമായി കാണപ്പെട്ടിരുന്നത്. പരിസ്ഥിതി എന്നത് തങ്ങളുടെ ദൈനംദിന ജീവിതത്തിൽ നിന്നകന്ന് നിലകൊള്ളുന്ന സത്തയായി സങ്കല്പിക്കാൻ അവർക്ക് സാധ്യമായിരുന്നില്ല.

തങ്ങളുടെ ജീവനോപാധികളിൽ വ്യവസായികവത്കരണത്തിന്റെ ഫലമായി വന്നുചേർന്ന പ്രതിസന്ധിക്കെതിരെയുള്ള സമരമായിട്ടാണ് ചാലിയാർ സമരം 1963 ൽ ആരംഭിക്കുന്നത്.

ആധുനിക ഇന്ത്യൻ പരിസ്ഥിതി പ്രസ്ഥാനങ്ങൾ സാമൂഹികനീതിക്ക്​ പ്രാധാന്യം നൽകി ഉയർന്നുവന്നവയായി നിരീക്ഷിക്കപ്പെടുന്നുണ്ട്. തുല്യനീതി എന്നത് അത്തരം പ്രസ്ഥാനങ്ങളുടെ ബോധശക്തിയായി പ്രാരംഭഘട്ടം മുതൽ നിലനിന്നുപോന്നു. ഓരോ ജനസമൂഹവും അധിവസിക്കുന്ന പ്രദേശങ്ങളിലെ അവരുൾപ്പെടുന്ന പ്രകൃതി, സമൂഹത്തിലെ മുഴുവൻ മനുഷ്യർക്കും ഒരുപോലെ അവകാശപ്പെട്ടതാണെന്നും, അവരുടെ ഉപജീവനശൈലിയുമായി ഇഴചേർന്നുകിടക്കുന്ന ഭൗതിക പരിസ്ഥിതിയുടെ സംരക്ഷണം അവരുടെതന്നെ അസ്തിത്വത്തിന്റെ സംരക്ഷണമായി അവർ കണക്കാക്കിയിരുന്നതായും ഇന്ത്യയിലെ ആദ്യകാല ആധുനിക പരിസ്ഥിതി സമരങ്ങളിൽനിന്ന്​ മനസ്സിലാക്കാം. കോളനീകരണ കാലഘട്ടത്തിൽ കടന്നുവന്ന കൺസർവേഷനിസ്റ്റ് ആശയങ്ങളോ വനസംരക്ഷണവാദമോ ഒന്നും ഇന്ത്യയിലെ ആധുനിക പാരിസ്ഥിതിക പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങൾക്ക്​ ഒരുകാലത്തും ആധാരമായിരുന്നില്ലെന്ന്​അഗർവാൾ 1985 ൽ അഭി​പ്രായപ്പെടുന്നുണ്ട്. മറിച്ച്​, മുതലാളിത്ത വ്യാവസായിക വളർച്ചയുടെ ഫലമായുണ്ടായ പാരിസ്ഥിതിക പ്രതിസന്ധികളും സാമൂഹിക-സാമ്പത്തിക അസമത്വങ്ങളും വൈവിധ്യമാർന്ന പാരിസ്ഥിതിക പ്രസ്ഥാനങ്ങളെ ചേർത്തുനിർത്തുന്ന പ്രമാണമായി ഇന്ത്യയിൽ നിലകൊണ്ടു.

സാമ്പത്തിക സമൃദ്ധിയുടെ നേരിട്ടുള്ള പ്രതിഫലനമായ ‘full stomach' പരിസ്ഥിതി ബോധമായിട്ടാണ് പാശ്ചാത്യ പരിസ്ഥിതി ബോധത്തെ കാലിഫോർണിയ സർവകലാശാലയിലെ ചരിത്ര- പരിസ്ഥിതി പഠന വിഭാഗത്തിലെ പ്രൊഫസറായ റോഡറിക് നഷ് 1972 ൽ വിശേഷിപ്പിച്ചത്. പാരിസ്ഥിതിക ആശങ്കകൾ എന്നത് അവിടെ അടിസ്ഥാന ഭൗതികാവശ്യങ്ങൾ നിറവേറ്റിയശേഷം മാത്രം പരിഗണിക്കപ്പെടുന്ന ഒന്നാണ്. എന്നാൽ, ഇന്ത്യയിൽ മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനാവശ്യമായ ബോധമായി പാരിസ്ഥിതികാവബോധം നിലകൊള്ളുന്നതായി നിരീക്ഷിക്കാം.

ഇന്ത്യൻ പരിസ്ഥിതി പ്രസ്ഥാനങ്ങളിൽ ഏറിയപങ്കും സാധാരണ മനുഷ്യരുടെ ഉപജീവന ആശങ്കകളും അതിദ്രുത വ്യവസായികവത്കരണവും തമ്മിലുള്ള സംഘർഷങ്ങളുടെ ഫലമായി രൂപം കൊണ്ടവയായിരുന്നു. / Photo: Tribals protesting against cutting of trees for Anakkayamproject , TheNewsMinutes

ഇന്ത്യയിലെ ആദ്യത്തെ ആധുനിക പരിസ്ഥിതി സമരമായ ചാലിയാർ സംരക്ഷണ സമരം, ഇത്തരത്തിൽ ഉപജീവനമാർഗങ്ങൾക്ക് തടസമാവുന്ന വ്യാവസായിക മലിനീകരണത്തിനെതിരെ ചാലിയാറിലെ നിരക്ഷരരും ദരിദ്രരുമായ മത്സ്യത്തൊഴിലാളികൾ തുടക്കം കുറിച്ചതാണ്. അവർക്ക്​ ഉന്നത വിദ്യാഭ്യാസമോ, പരിസ്ഥിതിയെ സംബന്ധിക്കുന്ന ശാസ്ത്രീയധാരണകളോ ഇല്ലായിരുന്നു, സൈലൻറ്​ സ്​പ്രിങ്ങിനെയോ, റേച്ചൽ കാർസനെയോ കുറിച്ച് അവർ കേട്ടിട്ടുണ്ടായിരുന്നില്ല. ഈ മനുഷ്യരാണ്​ ‘ചാലിയാർ മൽസ്യ- കക്ക തൊഴിലാളി യൂണിയൻ' എന്ന പേരിൽ സംഘടിക്കുകയും തങ്ങളുടെ ഉപജീവനത്തെയും ആ ഉപജീവനത്തിൽ ഇഴചേർന്നുകിടക്കുന്ന പരിസ്ഥിതിയെയും സംരക്ഷിക്കാൻ മുന്നോട്ടു വരികയും ചെയ്​തത്​.

ഇന്ത്യയുൾപ്പെടുന്ന മൂന്നാം ലോക രാജ്യങ്ങളിലെ ദരിദ്ര മനുഷ്യരുൾപ്പെടെ എല്ലാ വിഭാഗം ജനങ്ങളും പാരിസ്ഥിതിക പ്രശ്‌നങ്ങളിൽ അതീവ ഉത്കണ്ഠയുള്ളവരും, തങ്ങളുടെ ഭൗതികജീവിതത്തെ ബാധിക്കുന്ന പ്രധാന പ്രശ്‌നങ്ങളിൽ ഒന്ന് എന്ന നിലയിൽത്തന്നെ അവയിൽ സജീവമായി ഇടപെടുന്നവരുമാണ്.

തങ്ങളുടെ ജീവനോപാധികളിൽ വ്യവസായികവത്കരണത്തിന്റെ ഫലമായി വന്നുചേർന്ന പ്രതിസന്ധിക്കെതിരെയുള്ള സമരമായിട്ടാണ് ചാലിയാർ സമരം 1963 ൽ ആരംഭിക്കുന്നത്. നിർഭാഗ്യവശാൽ ഇന്ത്യയിലെ ആദ്യത്തെ പരിസ്ഥിതി സംരക്ഷണ സമരമായി മുഖ്യധാരാ പാരിസ്ഥിതിക ചരിത്രം, ഇനിയും ചാലിയാർ സമരത്തെ പരിഗണിച്ചിട്ടില്ല. 1963 ൽ ഏറ്റവും ദരിദ്രരായ മനുഷ്യരാൽ അസംഘടിതമായ ഒരു പ്രതിഷേധ സമരമായി തുടക്കം കുറിച്ച്​, 2001 ആവുമ്പോഴേക്കും രാജ്യത്തെ മുഴുവൻ പരിസ്ഥിതി പ്രവർത്തകരുടെയും ശ്രദ്ധയും പിൻതുണയും പിടിച്ചുപറ്റിയ സമരമായിരുന്നു ഇത്​. കേരളത്തിൽ ഏറ്റവുമധികം മനുഷ്യർ അധിവസിക്കുന്ന നദീതടമായിരുന്നിട്ടു കൂടി മുഖ്യധാരാ സാഹിത്യത്തിൽ നിന്നും കലയിൽനിന്നും ചാലിയാറിനെയും അതിലെ ജീവിതങ്ങളെയും ഏറെ കാലം മാറ്റിനിർത്തിയതുപോലെതന്നെ, ചാലിയാർ സംരക്ഷണ സമരത്തെയും ആദ്യത്തെ ആധുനിക പരിസ്ഥിതി സമരം എന്ന നിലയിൽനിന്ന്​ ഇന്ത്യൻ പാരിസ്ഥിതിക ചരിത്രം മാറ്റിനിർത്തുകയായിരുന്നു.

ഇന്ത്യയുൾപ്പെടുന്ന മൂന്നാംലോക രാജ്യങ്ങളിൽ രൂപപ്പെടുന്ന പാരിസ്ഥിതിക പ്രസ്ഥാനങ്ങൾക്ക് പാശ്ചാത്യ രാജ്യങ്ങളിലെ സ്ഥാപനവൽകൃതമായ പാരിസ്ഥിതിക പ്രസ്ഥാനങ്ങളേക്കാൾ സമൂഹത്തിലെ എല്ലാ വിഭാഗം മനുഷ്യരെയും ഉൾക്കൊള്ളാൻ സാധിക്കുന്നു എന്നത് മറ്റൊരു സവിശേഷതയാണ്. പരിസ്ഥിതിയുടെ ആന്തരികമായ മൂല്യത്തെകുറിച്ചുള്ള തിരിച്ചറിവിനേക്കാൾ ഉയർന്ന ജീവിതനിലവാരത്തിന്റെയും, ആധുനിക വിശ്രമാസ്വാദന രീതികളുടെയും, സൗന്ദര്യ സങ്കൽപ്പങ്ങളുടെയും സവിശേഷതയായിട്ടാണ് പാശ്ചാത്യ പാരിസ്ഥിതികവാദത്തിന്റെ പിറവിയെ ഒരുകൂട്ടം ഗവേഷകർ നോക്കികാണുന്നത്. ഈ വീക്ഷണകോണിൽ പരിസ്ഥിതിവാദം ഒരു ‘പോസ്റ്റ്​ ഇൻഡസ്ട്രിയൽ' സമൂഹത്തിലെ ഒഴിവുസമയ വിനോദമായോ ഒരു ‘പോസ്റ്റ് മെറ്റീരിയൽ' ലോക വീക്ഷണത്തിന്റെ പ്രകടനമായോ കണക്കാക്കാം. ഇത്തരം പാശ്ചാത്യ സാഹചര്യങ്ങൾക്ക് വിരുദ്ധമായി, ഇന്ത്യയുൾപ്പെടുന്ന മൂന്നാം ലോക രാജ്യങ്ങളിലെ ദരിദ്ര മനുഷ്യരുൾപ്പെടെ എല്ലാ വിഭാഗം ജനങ്ങളും പാരിസ്ഥിതിക പ്രശ്‌നങ്ങളിൽ അതീവ ഉത്കണ്ഠയുള്ളവരും, തങ്ങളുടെ ഭൗതികജീവിതത്തെ ബാധിക്കുന്ന പ്രധാന പ്രശ്‌നങ്ങളിൽ ഒന്ന് എന്ന നിലയിൽത്തന്നെ അവയിൽ സജീവമായി ഇടപെടുന്നവരുമാണ്.

മുതലാളിത്തത്തിന്റെ ഹിംസാത്മകമായ ചൂഷണങ്ങൾക്ക് പ്രാദേശികമായി ബദലുകൾ തേടുന്നുവെന്ന് അവകാശപ്പെടുന്ന കേരളം പോലും പാരിസ്ഥിതിക വ്യവഹാരങ്ങളിൽ പാശ്ചാത്യ വരേണ്യതയുടെ പ്രകടനപരതയിലൂന്നിയതും മുതലാളിത്ത സങ്കൽപ്പങ്ങൾക്ക് കാര്യമായ കേടുപാടു തട്ടാൻ സാധ്യതയില്ലാത്തതുമായ അരാഷ്​ട്രീയമായ പരിസ്ഥിതികാവബോധമാണ് കുറേ കാലങ്ങളായി മുന്നോട്ടുവെക്കുന്നത്. ഓരോ ജൂൺ അഞ്ചിനും മുടക്കമില്ലാതെ നടക്കുന്ന മരം നടൽ പ്രഹസനങ്ങൾ ഇതിലുൾപ്പെടുത്താം. പ്രാദേശികമായി മനുഷ്യജീവനും ജീവനോപാധികൾക്കും, ആരോഗ്യസംരക്ഷണത്തിനുമെല്ലാം വിഘാതമാവുന്ന പ്രവർത്തനങ്ങൾക്കെതിരായ അവബോധമാണ് ആദ്യം ബദൽ എന്ന രീതിയിൽ നിർമിച്ചെടുക്കേണ്ടതും പകർന്നുനൽകേണ്ടതും.

വികേന്ദ്രീകരണം അധികാരത്തിലെന്നപോലെ പാരിസ്ഥിതികാവബോധമുൾപ്പെടുന്ന സകലമേഖലകളിലും കൈക്കൊള്ളേണ്ട ഒന്നാണ്. പ്രാദേശിക പാരിസ്ഥിതിക അനീതികളെ സംബോധന ചെയ്​ത്​, നീതിയെ മുൻനിർത്തികൊണ്ടുള്ള പരിസ്ഥിതികാവബോധം രൂപപ്പെടുത്താൻ ആധുനിക ഇന്ത്യൻ പാരിസ്ഥിതികാവബോധത്തിനു രൂപം നൽകിയ ചാലിയാർ സമരവും, ചിപ്‌കോ സമരവുമുൾപ്പടെയുള്ള അസംഖ്യം പ്രാദേശിക പരിസ്ഥിതി സംരക്ഷണ സമരങ്ങൾ സഹായകമാണ്. പ്രാദേശികമായ പാരിസ്ഥിതിക അനീതികളെ സംബോധന ചെയ്യുമ്പോൾ തന്നെ അവ ആഗോള മുതലാളിത്തത്തിന്റെ ഉല്പന്നങ്ങളാണെന്ന്​ മനസ്സിലാക്കേണ്ടതുണ്ട്​. ഒപ്പം, മുതലാളിത്തം കേന്ദ്രീകൃതമായ പ്രവർത്തനരൂപമുള്ളതോ, കേന്ദ്രീകൃതമായ പാരിസ്ഥിതികാഘാതങ്ങൾ ഉണ്ടാക്കുന്നതുമായ ഒന്നല്ല എന്നുകൂടി മനസ്സിലാക്കുമ്പോൾ നമ്മുടെ പ്രാദേശികമായ ഓരോ പാരിസ്ഥിതിക ഇടപെടലുകളും കൂടുതൽ വിപുലമായ രാഷ്ട്രീയം ഉൾച്ചേർന്നതും, പരിവർത്തനശേഷിയുള്ളതുമായി മാറുന്നു. ​▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ഡോ. രതീഷ് പാണമ്പറ്റ

ഭൂമിശാസ്​ത്ര ഗവേഷകൻ. Spatial Justice, Environmental Justice, Environmental History, Political Ecology എന്നീ മേഖലകളിൽ അന്വേഷണം നടത്തുന്നു. മലപ്പുറം പൂക്കോട്ടൂർ ജി.എച്ച്​.എസ്​.എസിൽ അധ്യാപകൻ.

Comments