ഡാറ്റ പേടിച്ച് സ്ഥിതിവിവര സ്ഥാപനങ്ങളെ
കൊന്നുകളയുന്ന ഭരണകൂടം

സ്ഥിതിവിവരസ്ഥാപനങ്ങളെയാകെ ദുർബലപ്പെടുത്താനും ഇല്ലാതാക്കാനും ഭരണകൂടത്തിന്റെ ആസൂത്രിതശ്രമം നടക്കുന്ന പശ്ചാത്തലത്തിലാണ് ഈ വർഷത്തെ ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനാചരണം.

ലോകപ്രശസ്ത സ്ഥിതിവിവര (സ്റ്റാറ്റിസ്റ്റിക്സ്) ശാസ്ത്രജ്ഞനായ പ്രശാന്ത് ചന്ദ്ര മഹാനോബിസിന്റെ ജന്മദിനമായ ജൂൺ 29 എല്ലാ വർഷവും ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനമായിട്ടാണ് ആചരിക്കുന്നത്. ഭരണകൂട താൽപര്യം സംരക്ഷിക്കുന്നതിനായി രാജ്യത്തെ സ്റ്റാറ്റിസ്റ്റിക്കൽ സംവിധാനത്തിൽ സർക്കാർ അമിതമായ ഇടപെടലുകളാണ് നടത്തുന്നതെന്ന ശക്തമായ വിമർശനം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ വർഷത്തെ ദിനാചരണമെന്നത് ഏറെ പ്രാധാന്യമുള്ളതാണ്.

രാജ്യത്തെ ആസൂത്രണ കമീഷനുപകരം രൂപീകരിച്ച സർക്കാർ എജൻസിയായ നിതി ആയോഗിന്റെയും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതിയുടെയും അമിത ഇടപെടൽ കാരണം രാജ്യത്തെ സ്റ്റാറ്റിസ്റ്റിക്കൽ സംവിധാനത്തിന്റെ നിഷ്പക്ഷതയും മഹത്വവും കഴിഞ്ഞ ദശകത്തിൽ ഗണ്യമായി കുറഞ്ഞുവെന്നത് ഏവരും അംഗീകരിക്കുന്ന വസ്തുതയാണ്. അതുകൊണ്ടുതന്നെ ലോകത്തെ ഏറ്റവും വിപുലവും കാര്യശേഷിയുമുള്ള ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സംവിധാനത്തിന്റെ വിശ്വാസ്യത വീണ്ടെടുക്കാനുള്ള നടപടികൾ പുതിയ കേന്ദ്ര ഭരണ നേതൃത്വത്തിൽ നിന്നുണ്ടാകണമെന്നാണ് രാഷ്ട്രീയമേഖലയിലും അക്കാദമിക് രംഗത്തുള്ളവരും താൽപര്യപ്പെടുന്നത്.

ലോകപ്രശസ്ത റ്റാറ്റിസ്റ്റിക്സ് ശാസ്ത്രജ്ഞനായ  പ്രശാന്ത് ചന്ദ്ര മഹാനോബിസിന്റെ ജന്മദിനമായ ജൂൺ 29 എല്ലാ വർഷവും ദേശീയ  സ്റ്റാറ്റിസ്റ്റിക്സ്  ദിനമായിട്ടാണ്  ആചരിക്കുന്നത്.
ലോകപ്രശസ്ത റ്റാറ്റിസ്റ്റിക്സ് ശാസ്ത്രജ്ഞനായ പ്രശാന്ത് ചന്ദ്ര മഹാനോബിസിന്റെ ജന്മദിനമായ ജൂൺ 29 എല്ലാ വർഷവും ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനമായിട്ടാണ് ആചരിക്കുന്നത്.

സ്റ്റാറ്റിസ്റ്റിക്സ് വിഷയത്തിന്റെ പ്രസക്തി

വിവിധ മേഖലകളിൽ അറിവ് ഉൽപ്പാദിപ്പിക്കപ്പെടുന്നതിന് അടിസ്ഥാനപരമായി നാം ആശ്രയിക്കുന്നത് അതാതു രംഗവുമായി ബന്ധപ്പെട്ട സ്ഥിതിവിവ രകണക്കുകൾ അല്ലെങ്കിൽ ഡാറ്റയെയാണ്. ലഭിച്ച ഡാറ്റ അപഗ്രഥനം ചെയ്ത് പുതിയ അറിവുകൾ സൃഷ്ടിക്കുകയെന്നതാണ് അറിവുൽപാദന പ്രക്രിയയുടെ രീതി ശാസ്ത്രം. അതുകൊണ്ട് അറിവ് സൃഷ്ഠിക്കുന്ന പ്രക്രിയയിൽ സ്ഥിതി വിവരശാസ്ത്ര പഠനശാഖക്ക് വലിയ പ്രാധാന്യമാണുള്ളത്.

പ്രകൃതിയിലെ പ്രതിഭാസങ്ങളടക്കം ചുറ്റുപാടും സംഭവിക്കുന്ന കാര്യങ്ങളെ സംബന്ധിച്ച ഡാറ്റയെ ആസ്പദമാക്കിയാണ് കാലാവസ്ഥാ വ്യതിയാനം, മഴ ലഭ്യത, മലിനീകരണം, ജലദൗർലഭ്യം തുടങ്ങിയ പരിസ്ഥിതി പ്രശ്നങ്ങളെകുറിച്ചുള്ള അറിവ് ലഭിക്കുന്നത്. അതോടൊപ്പം, ലോകത്തെ 800 കോടിയോളം ജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങളെയും പട്ടിണി, പാർപ്പിടം, കൃഷി, തൊഴിൽ, വിദ്യാഭ്യാസം, ലിംഗസമത്വം തുടങ്ങിയ സാമൂഹ്യ- സാമ്പത്തിക വിഷയങ്ങളെയും കുറിച്ചുള്ള വ്യക്തമായ അറിവ് ലഭിക്കുന്നതിന് നാം ആശ്രയിക്കുന്നത് അതാതു രംഗത്തുനിന്ന് ലഭ്യമാകുന്ന സ്ഥിതിവിവര കണക്കുകളാണ്.

ഡാറ്റയെ ആസ്പദമാക്കിയാണ് കാലാവസ്ഥാ വ്യതിയാനം, മഴ ലഭ്യത, മലിനീകരണം, ജലദൗർലഭ്യം തുടങ്ങിയ   പരിസ്ഥിതി  പ്രശ്നങ്ങളെകുറിച്ചുള്ള അറിവ് ലഭിക്കുന്നത്. / Photo: Knut-Erik Helle
ഡാറ്റയെ ആസ്പദമാക്കിയാണ് കാലാവസ്ഥാ വ്യതിയാനം, മഴ ലഭ്യത, മലിനീകരണം, ജലദൗർലഭ്യം തുടങ്ങിയ പരിസ്ഥിതി പ്രശ്നങ്ങളെകുറിച്ചുള്ള അറിവ് ലഭിക്കുന്നത്. / Photo: Knut-Erik Helle

ചുറ്റുപാടും നടക്കുന്ന ഏതൊരു പ്രതിഭാസത്തിന്റെയും പരീക്ഷണങ്ങളുടെയും വിവിധ ഘടകങ്ങളെ സംബന്ധിച്ച വിവരങ്ങൾ അപഗ്രഥനം ചെയ്യുമ്പോൾ വ്യക്തമാകുന്നത്, സംഭവിക്കുന്ന കാര്യങ്ങളെ അല്ലെങ്കിൽ ഫലം മുൻകൂട്ടി പ്രവചിക്കാൻ സാധിക്കില്ല എന്നതാണ്. വ്യത്യസ്ത ഫലങ്ങൾ സംഭവിക്കാനുള്ള സാധ്യതകളെക്കുറിച്ചു മാത്രമേ മുൻകൂട്ടി പ്രതിപാദിക്കാൻ സാധിക്കുകയുള്ളൂയെന്നതാണ് ശാസ്ത്ര സത്യം. അതുകൊണ്ട് സ്ഥിതിവിവരശാസ്ത്രപഠനശാഖയുടെ മുഖ്യ ഘടകമായ സാധ്യതകളെക്കുറിച്ചുള്ള (Probability) പഠനങ്ങൾ കൃഷി, വൈദ്യശാസ്ത്രം, എഞ്ചിനീയറിംഗ്, പരിസ്ഥിതി പഠനം, സാമ്പത്തിക ശാസ്ത്രം, ഇൻഷുറൻസ്, വാണിജ്യം തുടങ്ങിയ വ്യത്യസ്ത മേഖലകളിലെ പഠനത്തിനും ഗവേഷണത്തിനും അത്യന്താപേക്ഷിതമാണ്.

നേട്ടങ്ങൾ പെരുപ്പിച്ചുകാണിക്കാനും ജനങ്ങളുടെ യഥാർത്ഥ ജീവിത പ്രയാസങ്ങൾ മറച്ചുവെക്കാനും വ്യഗ്രത കാണിക്കുന്ന തരത്തിലുള്ള കണക്കുകളും റിപ്പോർട്ടുകളും അവതരിപ്പിക്കാനുള്ള ഏജൻസിയായി രാജ്യത്തെ സ്ഥിതിവിവര സ്ഥാപനങ്ങളെ സർക്കാർ തന്നെ ഇപ്പോൾ മാറ്റിക്കൊണ്ടിരിക്കയാണ്.

അതുപോലെ ഇന്നത്തെ കാലത്ത് ഏവരും പ്രാധാന്യത്തോടെ കാണുന്ന പഠനശാഖകളായ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, മെഷീൻ ലേണിംഗ്, ഡാറ്റ സയൻസ് തുടങ്ങിയ വിഷയങ്ങളുടെ അടിസ്ഥാനം സ്റ്റാറ്റിസ്റ്റിക്സ് വിഷയവുമായി ബന്ധപ്പെട്ട നിയമങ്ങളും പ്രയോഗങ്ങളുമാണെന്നതും പ്രസ്തുത ശാഖയുടെ പ്രാധാന്യം വർധിപ്പിക്കുന്നുണ്ട്.

ഭരണവ്യവസ്ഥിതിയുടെ രാഷ്ട്രീയ സാമൂഹ്യ നിലപാടുകൾ കാരണം, മുമ്പ് ഡാറ്റ ശേഖരിക്കുന്നതിനും അവ പൊതുസമൂഹത്തിൽ ലഭ്യമാകുന്നതിനും വലിയ പ്രതിബന്ധങ്ങൾ നിലനിന്നിരുന്നു. അതുകാരണം, ഭൂരിഭാഗം ജനങ്ങൾക്കും സമൂഹത്തിലെ വിവിധ വിഷയങ്ങളെ സംബന്ധിച്ച ഡാറ്റ അപ്രാപ്യമായിരുന്നു. അതുകൊണ്ടുതന്നെ അറിവുൽപ്പാദനപ്രക്രിയയിൽ സമൂഹത്തിനാകെ പങ്കു വഹിക്കാനുള്ള സാഹചര്യം പരിമിതവുമായിരുന്നു.

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, മെഷീൻ ലേണിംഗ്, ഡാറ്റ സയൻസ് തുടങ്ങിയ  വിഷയങ്ങളുടെ അടിസ്ഥാനം സ്റ്റാറ്റിസ്റ്റിക്സുമായി ബന്ധപ്പെട്ടാണ്.
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, മെഷീൻ ലേണിംഗ്, ഡാറ്റ സയൻസ് തുടങ്ങിയ വിഷയങ്ങളുടെ അടിസ്ഥാനം സ്റ്റാറ്റിസ്റ്റിക്സുമായി ബന്ധപ്പെട്ടാണ്.

പക്ഷെ പൊതുമണ്ഡലത്തിൽ വിവരങ്ങൾ ലഭ്യമാക്കാനുള്ള രാഷ്ട്രീയ നിലപാടുകൾ ലോകത്തെങ്ങും സ്വീകരിച്ചുകൊണ്ടിരിക്കുന്ന ആധുനിക കാലത്ത് പുത്തൻ സാങ്കേതികവിദ്യകളുടെ കൂടി സഹായത്തോടെ ഏതു രംഗത്തുമുള്ള ഡാറ്റയും എല്ലാവർക്കും ലഭിക്കുന്ന തരത്തിലേക്ക് ലോകം വളർന്നു കൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ ലഭ്യമായ ഡാറ്റയെ ആസ്പദമാക്കി ഓരോ സാഹചര്യത്തിലും പ്രശ്ന പരിഹാരത്തിനായി അവയെ വിശകലനം ചെയ്യാനുള്ള കഴിവ് ഓരോരുത്തരും ആർജിക്കേണ്ടതാണ്.

അതുകൊണ്ടുതന്നെ ഡാറ്റ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളെ ക്കുറിച്ചും ശേഖരിച്ച ഡാറ്റ വിശകലനം ചെയ്ത് ഭാവിയിൽ സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങൾ മനസ്സിലാക്കുന്നതിനെകുറിച്ചുമുള്ള പഠനശാഖയായ സ്റ്റാറ്റിസ്റ്റിക്സിന് ആധുനിക ലോകത്ത് വലിയ പ്രാധാന്യമാണുള്ളത്.

സ്ഥിതിവിവരശാസ്ത്ര സ്ഥാപനങ്ങളും
ആസൂത്രണ കമീഷനും

ബ്രിട്ടീഷ് കൊളോണിയൽ ഭരണം അവസാനിപ്പിച്ച് ഇന്ത്യ സ്വതന്ത്രയായശേഷം 1950 ജനുവരി 31 ന്, അന്നത്തെ പ്രസിഡൻ്റ് ഡോ. രാജേന്ദ്ര പ്രസാദ് തന്റെ ആദ്യ പാർലമെൻ്റ് പ്രസംഗത്തിലാണ് ആസൂത്രണ കമീഷൻ രൂപീകരിക്കുന്നതുമായ ബന്ധപ്പെട്ട നയം പ്രഖ്യാപിച്ചത്. ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനായി ലഭ്യമായ വിഭവങ്ങൾ ശാസ്ത്രീയമായി പ്രയോജനപ്പെടുത്തി വികസന പ്രവർത്തനങ്ങളും പദ്ധതികളും ആവിഷ്കരിക്കാനും സർക്കാരിന് ഉപദേശങ്ങൾ നൽകാനുമായി 1950 മാർച്ചിലാണ് ദേശീയ ആസൂത്രണ കമീഷൻ രൂപീകരിക്കുന്നതും പഞ്ചവത്സരപദ്ധതികൾ നടപ്പിലാക്കുന്നതും.

ആസൂത്രണ കമ്മിഷൻറെ ആദ്യ മീറ്റിംഗ്. ജി.എൻ.ലാൽ മേത്ത സംസാരിക്കുന്നു. 1950-ലെ ചിത്രം. / Photo: publicresource.org
ആസൂത്രണ കമ്മിഷൻറെ ആദ്യ മീറ്റിംഗ്. ജി.എൻ.ലാൽ മേത്ത സംസാരിക്കുന്നു. 1950-ലെ ചിത്രം. / Photo: publicresource.org

ഏറ്റവും ഫലപ്രദവും സന്തുലിതവുമായ പദ്ധതികൾ ആവിഷ്കരിച്ചുകൊണ്ടുള്ള കർമപദ്ധതികളാണ് ആസൂത്രണ കമീഷൻ പിന്നീടുള്ള ആറര പതിറ്റാണ്ടോളം നടപ്പിലാക്കാൻ ശ്രമിച്ചത്. പഞ്ച വത്സര പദ്ധതികൾ കൊളോണിയൽ ഭരണത്തിനുശേഷമുള്ള രാജ്യത്തെ ജനജീവിതം മെച്ചപ്പെടുത്താനും സാമ്പത്തിക പരിവർത്തനത്തിനുമായി തെരഞ്ഞെടുത്ത മാർഗമായി മാറുകയും ചെയ്തു.

ആസൂത്രണ പ്രക്രിയയുടെ അവിഭാജ്യ ഘടകമാണ് വ്യത്യസ്ത മേഖലകളിൽ നിന്ന് ശേഖരിക്കുന്ന ഡാറ്റ. വിവിധ മേഖലകളിൽ നിന്ന് ഡാറ്റ ശേഖരിക്കാനും വ്യത്യസ്ത തലത്തിൽ നിന്ന് ലഭ്യമാകുന്നവയെ സംയോജിപ്പിക്കാനും അവ വിശകലനം ചെയ്യാനും ആസൂത്രണ കമീഷനെ സഹായിച്ചിരുന്നത് മൂന്നു പ്രധാന സ്ഥിതിവിവരശാസ്ത്ര സ്ഥാപനങ്ങളായിരുന്നു.

സാമ്പിൾ സർവ്വേ നടത്തി തയ്യാറാക്കിയ ഒട്ടനവധി ദേശീയ സാമ്പിൾ സർവേ റിപ്പോർട്ടുകൾ ഉപേക്ഷിക്കപ്പെടുന്നതിനോ കേന്ദ്ര ഭരണനേതൃത്വത്തിന്റെ താല്പര്യത്തിനനുസരിച്ചു മാറ്റിയെഴുതാനോ നിർബന്ധിക്കപ്പെടുന്ന സാഹചര്യമാണ് കണ്ടുവരുന്നത്.

സ്ഥിതിവിവരശാസ്ത്രമേഖലയിലെ പരിശീലനത്തിനും വിദ്യാഭ്യാസത്തിനുമായി കൽക്കട്ടയിൽ 1931- ലാരംഭിച്ച ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (ISI), പദ്ധതികളുടെ നേട്ടങ്ങളും കോട്ടങ്ങളും പരിശോധിക്കാനും ജനജീവിതവുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാനും ജനങ്ങളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഡാറ്റ ശേഖരിക്കാനായി 1950- ൽ ആരംഭിച്ച നാഷണൽ സാമ്പിൾ സർവ്വേ ഓർഗനൈസേഷൻ (NSSO), സ്ഥിതിവിവര കണക്കുകളും അവയുടെ പ്രവർത്തനങ്ങളും ഏകോപിപ്പിക്കാനായി 1951- ൽ തുടങ്ങിയ സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ(CSO) എന്നിവയായിരുന്നു പ്രസ്തുത സ്ഥാപനങ്ങൾ. ഈ മൂന്നു പ്രശസ്ത സ്ഥാപനങ്ങളും ആരംഭിക്കാനുള്ള നേതൃത്വപരമായ പങ്കു വഹിച്ചിരുന്നത് ലോകം ആദരിക്കുന്ന പ്രശസ്ത സ്ഥിതിവിവര ശാസ്ത്രജ്ഞനായ പി.സി. മഹലനോബിസായിരുന്നു.

Photo: dvararesearch
Photo: dvararesearch

ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാനായി സ്ഥിതിവിവരശാസ്ത്ര മേഖലയെ ഫലപ്രദമായി ഉപയോഗിക്കാനുള്ള കഴിവും ജനസംഖ്യാ സെൻസസ്, വിവിധ രംഗങ്ങളിലെ സ്ഥിതി വിലയിരുത്താനുള്ള സർവേകൾ തുടങ്ങിയ പ്രവർത്തനങ്ങളിൽ അദ്ദേഹം നൽകിയ സംഭാവനകൾ ഏറ്റവും കൂടുതൽ തിരിച്ചറിഞ്ഞതും അംഗീകരിച്ചതും ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രുവായിരുന്നു. 1968- ൽ രാജ്യം അദ്ദേഹത്തെ പത്മവിഭൂഷൺ നൽകി ആദരിച്ചു.

സ്ഥിതിവിവരശാസ്ത്ര സംവിധാനത്തെ ദുർബലപ്പെടുത്തുന്ന നയങ്ങൾ

രാജ്യത്തെ സ്ഥിതിവിവരശാസ്ത്ര മേഖലയെ നിർജീവമാക്കാനുള്ള ശ്രമങ്ങളാണ് നിരന്തരമായി ഇപ്പോൾ നടന്നുവരുന്നത്. ഭരണകൂട താല്പര്യങ്ങൾക്കനുസരിച്ച് സർക്കാർ നടപ്പിലാക്കുന്ന പദ്ധതികളുടെ നേട്ടങ്ങൾ പെരുപ്പിച്ചുകാണിക്കാനും ജനങ്ങളുടെ യഥാർത്ഥ ജീവിത പ്രയാസങ്ങൾ മറച്ചുവെക്കാനും വ്യഗ്രത കാണിക്കുന്ന തരത്തിലുള്ള കണക്കുകളും റിപ്പോർട്ടുകളും അവതരിപ്പിക്കാനുള്ള ഏജൻസിയായി രാജ്യത്തെ സ്ഥിതിവിവര സ്ഥാപനങ്ങളെ സർക്കാർ തന്നെ ഇപ്പോൾ മാറ്റിക്കൊണ്ടിരിക്കയാണ്.

രാജ്യത്തെ വികസന പ്രവർത്തനങ്ങളിൽ ഒട്ടനവധി സംഭാവന ചെയ്ത  അസൂത്രണ കമീഷന്‍ നിര്‍ത്തലാക്കിയത് നരേന്ദ്ര മോദിയാണ്.
രാജ്യത്തെ വികസന പ്രവർത്തനങ്ങളിൽ ഒട്ടനവധി സംഭാവന ചെയ്ത അസൂത്രണ കമീഷന്‍ നിര്‍ത്തലാക്കിയത് നരേന്ദ്ര മോദിയാണ്.

ഇന്ത്യയുടെ വികസനത്തിന് നിർണായക പങ്കു വഹിച്ച സാമ്പത്തിക ആസൂത്രണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നടപ്പിലാക്കികൊണ്ടിരുന്ന ആസൂത്രണ കമീഷനെ ചരിത്രത്തിന്റെ ഭാഗമാക്കിയത് നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ ടേമിലാണ്. 2014- ലെ തന്റെ ആദ്യ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് രാജ്യത്തെ വികസന പ്രവർത്തനങ്ങളിൽ കഴിഞ്ഞ കാലത്ത് ഒട്ടനവധി സംഭാവന ചെയ്ത അസൂത്രണ കമീഷൻ നിർത്തലാക്കാനുള്ള പ്രഖ്യാപനം പ്രധാനമന്ത്രിയിൽ നിന്നുണ്ടായത്.

രാജ്യത്തെ സമഗ്രമായി കണ്ടുകൊണ്ടുള്ള പഠനങ്ങൾ നടത്തി വാർഷിക പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുന്ന ആസൂത്രണ രീതിയാണ് ഇതോടെ അവസാനിച്ചത്. പകരം, പകരം പുതിയ സംഘടനയായ നിതി ആയോഗ് രൂപീകരിച്ചു. എന്നാൽ നിതി ആയോഗ് രാജ്യത്തെ സ്റ്റാറ്റിസ്റ്റിക്കൽ സംവിധാനത്തെ വിശ്വാസത്തിലെടുക്കാതെ സർക്കാർ താല്പര്യത്തിനുസരിച്ച് സ്വന്തം നിലയിൽ കണക്കുകൾ ശേഖരിക്കാൻ തുടങ്ങിയതോടെ രാജ്യത്തെ യഥാർത്ഥ ചിത്രം ലഭിക്കാതാവുകയും നിഷ്പക്ഷമായ വിവരങ്ങൾക്ക് തടസം നേരിടുകയുമുണ്ടായി.

സാമ്പിൾ സർവ്വേ നടത്തി തയ്യാറാക്കിയ ഒട്ടനവധി ദേശീയ സാമ്പിൾ സർവേ റിപ്പോർട്ടുകൾ ഉപേക്ഷിക്കപ്പെടുന്നതിനോ കേന്ദ്ര ഭരണ നേതൃത്വത്തിന്റെ താല്പര്യത്തിനനുസരിച്ചു മാറ്റിയെഴുതാനോ നിർബന്ധിക്കപ്പെടുന്ന സാഹചര്യമാണ് പിന്നീട് കണ്ടുവരുന്നത്. ഇതിന് ഏറ്റവും പ്രധാനപ്പെട്ട ഉദാഹരണങ്ങളിലൊന്നാണ് ആരോഗ്യ വകുപ്പിനു കീഴിലുള്ള സ്വതന്ത്ര സ്ഥാപനമായ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സയൻസ് (IIPS) വിവിധ ആരോഗ്യ പ്രശ്നങ്ങളെ സംബന്ധിച്ചു നടത്തിയ ദേശീയ ആരോഗ്യ സർവ്വേ (NFHS-5).

 19 ശതമാനത്തോളം വീടുകളിൽപോലും ശൗചാലയങ്ങൾ ഇല്ലെന്നും ‘സമ്പൂർണ വെളിയിട വിസർജ്യമുക്ത രാഷ്ട്രം’ എന്ന സ്വച്ഛ് ഭാരത് മിഷന്റെ അവകാശവാദം പൊള്ളയാണെന്നുമായിരുന്നു NFHS-5 കണ്ടെത്തൽ. / Photo: Sharada Prasad CS
19 ശതമാനത്തോളം വീടുകളിൽപോലും ശൗചാലയങ്ങൾ ഇല്ലെന്നും ‘സമ്പൂർണ വെളിയിട വിസർജ്യമുക്ത രാഷ്ട്രം’ എന്ന സ്വച്ഛ് ഭാരത് മിഷന്റെ അവകാശവാദം പൊള്ളയാണെന്നുമായിരുന്നു NFHS-5 കണ്ടെത്തൽ. / Photo: Sharada Prasad CS

അതു പ്രകാരം 19 ശതമാനത്തോളം വീടുകളിൽപോലും ശൗചാലയങ്ങൾ ഇല്ലെന്നും ‘സമ്പൂർണ വെളിയിട വിസർജ്യമുക്ത രാഷ്ട്രം’ എന്ന സ്വച്ഛ് ഭാരത് മിഷന്റെ അവകാശവാദം പൊള്ളയാണെന്നുമായിരുന്നു കണ്ടെത്തൽ. അതുപോലെ സ്ത്രീകളുടെയും കുട്ടികളുടയും വിളർച്ചാ നിരക്ക് ഉയരുന്നതായും 40 ശതമാനത്തോളം കുടുംബങ്ങൾക്ക് പാചക വാതകം ലഭിക്കുന്നില്ലെന്നും പ്രസ്തുത ആരോഗ്യ സർവ്വേയുടെ ഫലമായി കണ്ടെത്തിയിരുന്നു. ഈ സ്ഥിതിവിശേഷം പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനുപകരം സർക്കാരിന് അപ്രിയമായ സത്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് സ്ഥാപനത്തെ വിലക്കുന്ന നടപടികളാണുണ്ടായത്.

സ്ഥിതിവിവരക്കണക്കുകൾ നൽകുന്ന സംവിധാനത്തിന് ഏതെങ്കിലും തരത്തിലുള്ള പോരായ്മകളും പരിമിതികളും ഉണ്ടെങ്കിൽ അവ പരിഹരിക്കാനായിട്ടാണ് സർക്കാർ മുന്നോട്ടുവരേണ്ടത്. പക്ഷെ ഇവിടെ നടക്കുന്നത് സംവിധാനമാകെ ഇല്ലാതാക്കാനുള്ള ബോധപൂർവമായ ശ്രമമാണ്.

സർവ്വേ ഫലങ്ങൾ മാത്രമല്ല, സ്റ്റാറ്റിസ്റ്റിക്കൽ സംവിധാനം രാജ്യത്തെ സാമൂഹ്യ- സാമ്പത്തിക അവസ്ഥ പഠിക്കാൻ തയ്യാറാക്കിയ പല മാനദണ്ഡങ്ങളും സർക്കാർ താല്പര്യത്തിനനുസരിച്ച് മാറ്റിയെഴുതാനും ഈ കാലത്തു ശ്രമിച്ചതിന്റെ സൂചനയാണ് ദാരിദ്ര്യവുമായി ബന്ധപ്പെട്ട് ഈയിടെ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ. ഉപഭോക്തൃ ചെലവിന്റെ അടിസ്ഥാനത്തിൽ ദരിദ്രരുടെ എണ്ണം കണകാക്കുന്ന രാജ്യം പിന്തുടരുന്ന പഴയ രീതി ഉപേക്ഷിച്ച് ‘മൾട്ടി ഡയമൻഷണൽ പോവർട്ടി ഇൻഡക്സ്’ കണക്കാക്കുന്ന പുതിയ രീതി ആവിഷ്കരിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ദാരിദ്ര്യം കുറഞ്ഞുകൊണ്ടിരിക്കുന്നുവെന്ന യാന്ത്രികമായ വിവരം നൽകാനും കേന്ദ്ര സർക്കാർ ഏജൻസികൾ ഇക്കാലത്ത് ശ്രമിച്ചു.

ഐക്യരാഷ്ട്രസംഘടനയുടെ 2024- ലെ കണക്കുകൾ പ്രകാരം ലോകത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായി ചൈനയെ പിന്തള്ളി ഇന്ത്യ മാറിയിരിക്കയാണ്. നിർഭാഗ്യകരമെന്നു പറയട്ടെ, ഏറ്റവും കൂടുതൽ ആൾക്കാർ വസിക്കുന്ന ഈ രാജ്യത്തെ വ്യക്തികളുമായി ബന്ധപ്പെട്ട സാമൂഹിക, സാംസ്കാരിക, സാമ്പത്തിക വിവരങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്ന സെൻസസ് നടത്താൻ തയ്യാറാവാതെ അനിശ്ചിതമായി മാറ്റിവെച്ചുകൊണ്ടിരിക്കയാണ്, ഭരണാധികാരികൾ.

ഐക്യരാഷ്ട്രസംഘടനയുടെ 2024- ലെ കണക്കുകൾ പ്രകാരം ലോകത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായി ചൈനയെ പിന്തള്ളി ഇന്ത്യ മാറിയിരിക്കയാണ്. / Photo: McKay Savage, Wikimedia Commons
ഐക്യരാഷ്ട്രസംഘടനയുടെ 2024- ലെ കണക്കുകൾ പ്രകാരം ലോകത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായി ചൈനയെ പിന്തള്ളി ഇന്ത്യ മാറിയിരിക്കയാണ്. / Photo: McKay Savage, Wikimedia Commons

ഓരോ പത്തുവർഷം കൂടും തോറും 1881 മുതൽ നടന്നുവന്നിരുന്ന സെൻസസ് അവസാനമായി നടന്നത് 2011- ലായിരുന്നു. കോവിഡു കാരണം 2021- ൽ മാറ്റിവെച്ച സെൻസസ് 2024 ആയിട്ടും നടത്താനുള്ള തീരുമാനമൊന്നും ഇതുവരെ സ്വീകരിച്ചതായി കാണുന്നില്ല. അതുകൊണ്ടുതന്നെ വിവിധ മേഖലകളിലെ ജനങ്ങളുടെ സാന്നിധ്യത്തിന്റെ ഇന്നത്തെ യഥാർത്ഥ ചിത്രത്തിനു പകരം 2011- ലെ കണക്കുകൾവെച്ച് സംസാരിക്കേണ്ട ഗതികേടിലാണ് നാം.

വിരോധാഭാസമെന്നു പറയട്ടെ, ലോകം മുഴുവൻ അറിവ് ഉത്പാദിപ്പിക്കാനും വികസനത്തിനും ഡാറ്റ ശേഖരത്തെ വലിയ തോതിൽ ആശ്രയിക്കുന്ന ഈ കാലഘട്ടത്തിലാണ് രാജ്യത്തെയും ജനജീവിതത്തെയും സംബന്ധിച്ച യഥാർത്ഥ വസ്തുതകൾ നമ്മോടു പറയുന്ന സ്ഥിതിവിവരകണക്കുകളെ ഭരണകൂടം ഭയക്കുന്നതും രാജ്യത്തെ സ്റ്റാറ്റിസ്റ്റിക്‌സ് സംവിധാനത്തെ ദുർബലപ്പെടുത്തുന്നതും.

കഴിഞ്ഞ കാലങ്ങളിൽ ഏറ്റവും വിശ്വസനീയമായരീതിയിൽ ഡാറ്റ കൈകാര്യം ചെയ്തിരുന്ന ഇന്ത്യയിലെ പ്രസ്തുത സംവിധാനങ്ങളെ ലോകസമൂഹം അംഗീകരിക്കാതെയായിട്ടുണ്ടെന്ന സൂചന ലോകബാങ്ക് ഈയിടെ പ്രസിദ്ധീകരിച്ച അന്താരാഷ്ട്ര സ്റ്റാറ്റിസ്റ്റിക്കൽ പെർഫോമൻസ് റിപ്പോർട്ടിലൂടെ വെളിപ്പെടുന്നതും ഇതിനോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്. ഇന്ത്യയിലെ സ്ഥിതിവിവരക്കണക്കുകൾ നൽകുന്ന സംവിധാനത്തിന് ഏതെങ്കിലും തരത്തിലുള്ള പോരായ്മകളും പരിമിതികളും ഉണ്ടെങ്കിൽ അവ പരിഹരിക്കാനായിട്ടാണ് സർക്കാർ മുന്നോട്ടുവരേണ്ടത്. പക്ഷെ ഇവിടെ നടക്കുന്നത് സംവിധാനമാകെ ഇല്ലാതാക്കാനുള്ള ബോധപൂർവമായ ശ്രമമാണെന്നു പറയാതെ വയ്യ.

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ച മന്ദഗതിയിലാവുകയും തൊഴിലില്ലായ്മയും ദാരിദ്ര്യവും  വർദ്ധിക്കുകയും ചെയ്യുന്ന വർത്തമാന സാഹചര്യത്തിൽ  രാജ്യത്തിന്റെ ദേശീയ സ്ഥിതിവിവരസ്ഥാപനങ്ങൾ നൽകുന്ന സത്യസന്ധമായ കണക്കുകൾ വിവാദങ്ങൾക്ക് ഇനിയും വിഷയമായിരിക്കുമെന്നതിൽ തർക്കമില്ല.
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ച മന്ദഗതിയിലാവുകയും തൊഴിലില്ലായ്മയും ദാരിദ്ര്യവും വർദ്ധിക്കുകയും ചെയ്യുന്ന വർത്തമാന സാഹചര്യത്തിൽ രാജ്യത്തിന്റെ ദേശീയ സ്ഥിതിവിവരസ്ഥാപനങ്ങൾ നൽകുന്ന സത്യസന്ധമായ കണക്കുകൾ വിവാദങ്ങൾക്ക് ഇനിയും വിഷയമായിരിക്കുമെന്നതിൽ തർക്കമില്ല.

നിഷ്പക്ഷവും സ്വാതന്ത്രവുമായ സ്ഥിതിവിവരസ്ഥാപനങ്ങൾ പ്രസിദ്ധീകരിക്കുന്ന റിപ്പോർട്ടുകളും ഗുണമേന്മയുള്ള ഡാറ്റയും പലപ്പോഴും ജനവിരുദ്ധ നിലപാടു സ്വീകരിക്കുന്ന ഭരണാധികാരികളെ അസ്വസ്ഥമാക്കുന്നതായിരിക്കും. ജവഹർലാൽ നെഹ്റുവിന്റെ കാലഘട്ടത്തിനുശേഷം അധികാരത്തിൽ വന്ന എല്ലാ ഭരണാധികാരികളും ഇത്തരത്തിലുള്ള നിഷ്പക്ഷവും സത്യസന്ധവുമായ റിപ്പോർട്ടുകൾ സർക്കാരിന് പ്രതികൂലമായി ബാധിക്കുന്നതാണെങ്കിൽ അവ അവഗണിക്കുന്ന സ്ഥിതിയുണ്ടായിട്ടുണ്ട്. എന്നാൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് വികസനകാര്യത്തിലുള്ള നെഹ്റുവിന്റെ കാഴ്ച്ചപ്പാടിനെ ശക്തിപ്പെടുത്തുന്നതും മഹലനോബിസ് നേതൃത്വം നൽകിയിരുന്നതുമായ സ്ഥിതിവിവരസ്ഥാപനങ്ങളെയാകെ ദുർബലപ്പെടുത്താനും ഇല്ലാതാക്കാനുമുള്ള ആസൂത്രിതശ്രമങ്ങളാണ്.

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ച മന്ദഗതിയിലാവുകയും തൊഴിലില്ലായ്മയും ദാരിദ്ര്യവും വർദ്ധിക്കുകയും ചെയ്യുന്ന വർത്തമാന സാഹചര്യത്തിൽ രാജ്യത്തിന്റെ ദേശീയ സ്ഥിതിവിവരസ്ഥാപനങ്ങൾ നൽകുന്ന സത്യസന്ധമായ കണക്കുകൾ വിവാദങ്ങൾക്ക് ഇനിയും വിഷയമായിരിക്കുമെന്നതിൽ തർക്കമില്ല. ഈ പ്രതികൂല സാഹചര്യത്തിൽ ലോകത്താകെ മാതൃകയായിരുന്ന ഇന്ത്യയിലെ സ്റ്റാറ്റിസ്റ്റിക്കൽ സംവിധാനത്തെ സംരക്ഷിക്കാൻ ഭരണനേതൃത്വവും അക്കാദമികരംഗത്തു പ്രവർത്തിക്കുന്നവരും മുന്നോട്ടുവരണമെന്നാണ് ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ദിനത്തിൽ എല്ലാവരെയും ഓർമപ്പെടുത്തുന്നത്.

Comments