പി. പ്രേമചന്ദ്രൻ

ആൺതരികളുടെ ഊട്ടുപുരകൾ

തുല്യതയുടെ, പങ്കുവെക്കലിന്റെ, പരസ്പരം അംഗീകരിക്കലിന്റെ, ജനാധിപത്യബോധത്തിന്റെ പാഠങ്ങൾ വളർന്നുവരുന്ന ആൺകുട്ടികൾക്ക് നൽകാൻ ശ്രമിച്ചുകൊണ്ടേയിരിക്കേണ്ടതുണ്ട്​

ൺബോധത്തിന് നേരിട്ട് ചാർച്ച അധികാരത്തോടാണ്. അധികാരപ്രയോഗത്തിനുള്ള സമ്മതിയാണ് അതാവശ്യപ്പെടുക. നോക്കുകൊണ്ടും വാക്കുകൊണ്ടും ഊക്കുകൊണ്ടും അത് എല്ലായ്പ്പോഴും ആധിപത്യത്തിനായി ശ്രമിച്ചുകൊണ്ടിരിക്കും. ആധിപത്യം സ്ഥാപിക്കുമ്പോൾ മാത്രം ലഹരി ലഭിക്കുന്ന വിചിത്രമായ മനോഭാവമാണ് അത്. മറ്റേത് ലഹരിയെക്കാളും ഉപേക്ഷിക്കാൻ പ്രയാസകരം. ആൺബോധത്തിന്റെ അടരുകൾ ഒരാളുടെ ഉള്ളിൽ ദൃഢമാവുന്നത് അയാളുടെ ജീവിതപരിസരങ്ങളിൽ നിന്ന് മാത്രമല്ല. ചരിത്രത്തിന്റെ ഊക്കൻ കാലടികൾ വർത്തമാനത്തിനു മേൽ നേരിട്ടമരുന്ന ആൺബോധം പോലെ മറ്റൊന്നില്ല. പാമ്പ് ഉറപൊഴിക്കുന്നത് പോലെ സ്വാഭാവികമായി ഊർന്നുപോകുന്നതല്ല, പിന്നീട് താൻ നേടിയ ഏതറിവുകൊണ്ടും ഒരാണിന്റെ ഉള്ളിൽ നിന്നും ഈ ബോധം. താൻ ജനിക്കും മുൻപ് തന്റെ ബോധത്തെ പൊതിയാൻ തുടങ്ങിയ ആവരണങ്ങളെ ഉള്ളിത്തൊലിപോലെ അടർത്തിമാറ്റുക അപൂർവ്വത്തിൽ അപൂർവ്വംപേർക്ക് മാത്രം കഴിയുന്ന ഒന്നാണ്. അതിനുള്ള ശ്രമമാണ് ചിന്തയിലും എഴുത്തിലും ഇടപെടലുകളിലും സാമൂഹിക പ്രവർത്തനങ്ങളിലും കൂടി ഓരോ ആൺതരിയും നിരന്തരം നടത്തേണ്ടുന്ന ഏറ്റവും പ്രധാനപ്പെട്ട ജനാധിപത്യപ്രവർത്തനം. തന്നെത്തന്നെ ജനാധിപത്യവൽക്കരിക്കേണ്ട ഉത്തരവാദിത്വമാണ് ഓരോ ആണും വർത്തമാനകാലത്ത് സ്വയം ഏറ്റെടുക്കേണ്ട പ്രാഥമികമായ കർത്തവ്യം. കാരണം ആൺബോധവും ജനാധിപത്യവും ഒരാളുടെ ഉള്ളിൽ ഒരേ സമയം മുളച്ചുപൊന്താത്ത, പ്രകൃതത്താൽ തന്നെ വിരുദ്ധധ്രുവങ്ങളിൽ നിലകൊള്ളുന്ന മനോഭാവങ്ങളാണ്.

ആൺബോധം ഉറച്ചുവരുന്ന വഴികൾ ഒരു ദേശത്തെങ്കിലും സമാനമായിരിക്കും. കുടുംബം, വളർന്നുവരുന്ന ചുറ്റുപാടുകൾ, വിദ്യാലയം, പ്രവർത്തിക്കുന്ന സംഘടനകൾ, തൊഴിലിടം, സൗഹൃദങ്ങൾ ഇതെല്ലാം ഒറ്റയ്ക്കോ കൂട്ടായോ ആണ് ഒരാൺകുട്ടിയുടെ ഉള്ളിൽ ഈ അധീശഭാവത്തെ നിരന്തരം നട്ടുനനച്ചുവളർത്തുന്നത്. ആൺ എന്ന് തിരിച്ചറിയുന്ന നിമിഷം മുതൽ എല്ലായിടത്തുനിന്നും ലഭിക്കുന്ന സവിശേഷ പരിഗണന പിൽക്കാലത്ത് ആ പദവി ആസ്വദിക്കുന്ന മനോഭാവത്തിലേക്കും അതിന് കോട്ടംതട്ടിക്കുന്ന എന്തിനെയും ചെറുക്കാനുള്ള പ്രേരണയിലേക്കും ഒരാളെ തീർച്ചയായും നയിക്കും.

കുടുംബത്തിലെ ആൺതരി

കൂട്ടുകുടുംബ വ്യവസ്ഥയിലാണ് ആൺ- പെൺ വിവേചനത്തിന്റെ കാഠിന്യം ഏറ്റവും വ്യക്തമാവുക. അവിടങ്ങളിൽ മനുഷ്യരായി എണ്ണപ്പെടുക ആണുങ്ങൾ മാത്രമാണ്. കുഞ്ഞാണെങ്കിലും ആൺകുട്ടികൾ എല്ലായ്പ്പ്പോഴും പരിഗണിക്കപ്പെടും. സ്ത്രീകളും പെൺകുട്ടികളും അവകാശങ്ങൾ ഇല്ലാത്തവരാകും. അടുക്കളയിൽ ആണ് ആദ്യം ഇത് തൊട്ടറിയാനാവുക. ആൺകുട്ടികൾക്ക് അവിടെ കൂടുതൽ പരിഗണന ലഭിക്കും. ആദ്യം ലഭിക്കുക, കൂടുതൽ അളവ് ലഭിക്കുക, പ്രത്യേകമായി എടുത്തുവെക്കുക ഇതെല്ലാം വ്യക്തിപരമായി ആൺബോധം ഉണ്ടാക്കുന്നതിൽ ഘടകമായി വർത്തിച്ചിട്ടുണ്ട് എന്ന് ഇന്ന് തിരിച്ചറിയാൻ കഴിയും.

കളരി ആൺകുട്ടികൾക്ക് മാത്രമായിരുന്നു. കളരിയിൽ പഠിക്കുന്നവർ എന്ന നിലയിൽ ഉള്ള സവിശേഷമായ ശ്രദ്ധയുടെയും ഉള്ളതിൽ നല്ല ഭക്ഷണത്തിന്റെയും കാരണവും യഥാർത്ഥത്തിൽ ആൺജന്മത്തിന്റെ പ്രിവിലേജ് ആയിരുന്നു. നെയ്യിട്ട കാപ്പിയും ഗോതമ്പ് റവ കൊണ്ടുള്ള പലഹാരങ്ങളും കളരിയുടെ പേരിൽ ആയതിനാൽ വിളമ്പുന്ന അമ്മമാർക്കും പന്തിയിലുള്ള പക്ഷപാതം കണ്ടില്ലെന്ന് നടിക്കാൻ കഴിഞ്ഞിരുന്നു.

ജേഷ്ഠാനുജൻമാരുടെ മക്കളായി ഞങ്ങൾ ആറുപേർ ഉണ്ടായിരുന്നതിൽ മൂന്നുപേരായിരുന്നു ആൺകുട്ടികൾ. മൂത്തവർ രണ്ടുപേർ ആണുങ്ങളായതുകൊണ്ട് ആ പരിഗണന നല്ലരീതിയിൽ ലഭിച്ചിരുന്നു. വിഷുപോലുള്ള വിശേഷദിവസങ്ങളിൽ കൈനീട്ടം ലഭിക്കുന്നതിലുള്ള വ്യത്യാസം ആൺകുട്ടി ആയതിനാലാണ് എന്ന് അക്കാലത്ത് തന്നെ അറിയാമായിരുന്നു. കളരി ആൺകുട്ടികൾക്ക് മാത്രമായിരുന്നു. കളരിയിൽ പഠിക്കുന്നവർ എന്ന നിലയിൽ ഉള്ള സവിശേഷമായ ശ്രദ്ധയുടെയും ഉള്ളതിൽ നല്ല ഭക്ഷണത്തിന്റെയും കാരണവും യഥാർത്ഥത്തിൽ ആൺജന്മത്തിന്റെ പ്രിവിലേജ് ആയിരുന്നു. നെയ്യിട്ട കാപ്പിയും ഗോതമ്പ് റവ കൊണ്ടുള്ള പലഹാരങ്ങളും കളരിയുടെ പേരിൽ ആയതിനാൽ വിളമ്പുന്ന അമ്മമാർക്കും പന്തിയിലുള്ള പക്ഷപാതം കണ്ടില്ലെന്ന് നടിക്കാൻ കഴിഞ്ഞിരുന്നു. കളിയിടങ്ങളിലേക്കുള്ള ദൂരയാത്രങ്ങൾ ഞങ്ങൾ ആൺകുട്ടികൾക്ക് മാത്രമുള്ള അവകാശമായിരുന്നു. മീൻപിടിക്കാൻ, കാവുകളിൽ കളിയാട്ടങ്ങൾ കാണാൻ ഞങ്ങൾക്ക് മാത്രം എവിടെവേണമെങ്കിലും പോകാമായിരുന്നു. ആൺകുട്ടികളുടെ ആവശ്യങ്ങൾക്ക് എളുപ്പം പരിഹാരങ്ങൾ എപ്പോഴും ഉണ്ടായി. അപ്പോഴും അനുജത്തിമാർ അസൂയയോടെയുള്ള നോട്ടങ്ങളാലും വലിയ വായിലെ കരിച്ചിലാലും അവരുടെ കുഞ്ഞുപ്രതിഷേധങ്ങൾ രേഖപ്പെടുത്തിക്കൊണ്ടിരുന്നു. ആരും അവ മുഖവിലക്കെടുത്തില്ലെങ്കിലും.

കുടുംബം ആണിൽ നിക്ഷേപിക്കുന്ന ഏറ്റവും മനുഷ്യത്വവിരുദ്ധമായ പാഠം, വീട്ടിന്റെ മുഴുവൻ ഉത്തരവാദിത്വങ്ങളും പെണ്ണിന്റേതാണ് എന്ന ബോധമാണ്. കൂട്ടുകുടുംബമായാലും അണുകുടുംബമായാലും ഇതിൽ മാറ്റമുണ്ടാവുന്നില്ല / ഫോട്ടോ: ഫാസിൽ

ആൺ എന്ന നിലയിൽ ജീവിതത്തെ മുന്നിൽ നിന്നുനേരിടാനുള്ള മാനസികവും ശാരീരികവും ആയ കരുത്ത് പ്രധാനം ചെയ്യുകയാണ് ഈ പരിഗണനകളുടെ ഉള്ളർത്ഥം. അനുജത്തിമാരെ അഥവാ സ്ത്രീകളെ സംരക്ഷിക്കുകയും അവർക്ക് വേണ്ട കാര്യങ്ങൾ നിർവ്വഹിക്കുകയും ചെയ്യുകയാണ് ആണുങ്ങളുടെ ധർമ്മം എന്നും ചേട്ടന്മാരെ അഥവാ ആണുങ്ങളെ അനുസരിക്കുകയാണ് തങ്ങളുടെ നിലനിൽപ്പിന്റെ അടിസ്ഥനാമാണെന്നുമുള്ള വലിയ പാഠം സംശയലേശമില്ലാതെ ഉറപ്പിക്കുകയായിരുന്നു ആ പരിഗണനകളും അവഗണനകളും ചെയ്തത്.

അടുക്കളയിൽ കയറി ആഹാരമുണ്ടാക്കുന്ന, വസ്ത്രങ്ങൾ സ്വയം കഴുകുന്ന പുരുഷൻ ആണുങ്ങളുടെ മാത്രമല്ല പെണ്ണുങ്ങളുടെയും പരിഹാസപാത്രമായിരുന്നു. അവരെ കേട്ടാലറയ്ക്കുന്ന ചീത്തവാക്കുകളാൽ അധിക്ഷേപിക്കാൻ മുന്നിൽ മിക്കപ്പോഴും സ്ത്രീകൾ തന്നെയായിരുന്നു ഉണ്ടായിരുന്നത്.

അത് കാലങ്ങളെടുത്തുള്ള പ്രായോഗിക പരിശീലനങ്ങളായിരുന്നു. ഉചിത സന്ദർഭത്തിൽ, പ്രക്രിയാധിഷ്ഠിതമായി, വൈകാരികത കൂട്ടിക്കുഴച്ച്. പിന്നീട് സമത്വത്തെ കുറിച്ച് വിദ്യാലയങ്ങളിൽ പഠിച്ച സൈദ്ധാന്തിക വായ്ത്താരികൾക്ക് അതുകൊണ്ടുതന്നെ ഇതിൽ രണ്ടുകൂട്ടരുടെയും ബോധത്തെ മാറ്റിത്തീർക്കാൻ പോയിട്ട്, സ്പർശിക്കാൻ പോലും ആയില്ല. കുടുംബം ആണിൽ നിക്ഷേപിക്കുന്ന ഏറ്റവും മനുഷ്യത്വവിരുദ്ധമായ പാഠം, വീട്ടിന്റെ മുഴുവൻ ഉത്തരവാദിത്വങ്ങളും പെണ്ണിന്റേതാണ് എന്ന ബോധമാണ്. കൂട്ടുകുടുംബമായാലും അണുകുടുംബമായാലും ഇതിൽ മാറ്റമുണ്ടാവുന്നില്ല. അടുക്കള സ്ത്രീയുടെ മാത്രം ലോകമാണ് എന്നത് കണ്ടും അറിഞ്ഞുമാണ് കുഞ്ഞുങ്ങൾ വളരുന്നത്. അടുക്കളയിൽ കയറാത്തതിന്, പാത്രം കഴുകിവെക്കാത്തതിന്, മുറ്റമടിക്കാത്തതിന്, തുണികൾ അലക്കാത്തതിന് ഞങ്ങളുടെ തലമുറയിലെ ആൺകുട്ടികൾ ഒരിക്കലും ശകാരം കേട്ടിട്ടുണ്ടാവില്ല. അവ വീട്ടിലെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും മാത്രം ചുമതലയാണ് എന്ന് ഞങ്ങളിൽ മായ്ച്ചാലും കഴുകിയാലും തീരാത്തതരത്തിൽ അക്കാലത്തെ കുടുംബസംവിധാനം കൊത്തിവെച്ചിട്ടുണ്ടായിരുന്നു. അടുക്കളയിൽ കയറി ആഹാരമുണ്ടാക്കുന്ന, വസ്ത്രങ്ങൾ സ്വയം കഴുകുന്ന പുരുഷൻ ആണുങ്ങളുടെ മാത്രമല്ല പെണ്ണുങ്ങളുടെയും പരിഹാസപാത്രമായിരുന്നു. അവരെ കേട്ടാലറയ്ക്കുന്ന ചീത്തവാക്കുകളാൽ അധിക്ഷേപിക്കാൻ മുന്നിൽ മിക്കപ്പോഴും സ്ത്രീകൾ തന്നെയായിരുന്നു ഉണ്ടായിരുന്നത്.

സ്‌കൂൾ എന്ന ആൺഗുണപാഠശാലകൾ

സ്‌കൂളിനോപ്പം ഞങ്ങളുടെ ദേശത്ത് ആൺകുട്ടികൾക്ക് നിർബന്ധിതമായും വേണ്ടുന്ന ഒന്നായി കളരി പഠനം കരുതപ്പെട്ടിരുന്നു. അഞ്ചാം ക്ലാസിലൊക്കെ എത്തുമ്പോഴേക്ക് ദേശത്തെ ആൺകുട്ടികൾ മിക്കവരും കളരിയിൽ ചേരും. വടക്കൻ രീതിയിലുള്ള മലക്കക്കളരി ആയിരുന്നു ഞങ്ങളുടേത്. വെറുംകൈ മുതൽ ചെറുവടി, ആറും പന്ത്രണ്ടും ചാൺ നീളമുള്ള തടിച്ച ചൂരൽ വടി, കഠാര, വാൾ, ഉറുമി, കുന്തം, മഴു, ഒറ്റ തുടങ്ങിയ ആയുധങ്ങൾ പ്രയോഗിച്ചുവരെയുള്ള ആക്രമണങ്ങളും പ്രതിരോധങ്ങളും ആണ് കളരിയിൽ പഠിപ്പിച്ചിരുന്നത്. ശരീരം വടിവുള്ളതാക്കാനുള്ള മെയ്യഭ്യാസങ്ങളും ഉഴിച്ചലുകളും ഉണ്ടായിരുന്നു.

സ്‌കൂൾ നിരന്തരം പെൺകുട്ടികളെ പഠിപ്പിച്ചിരുന്നത് അടക്കവും ഒതുക്കവും വിധേയത്വവും ആയിരുന്നു. പെൺകുട്ടികളുമായി ഇടപഴകുകയോ നല്ല സൗഹൃദങ്ങൾ ഉണ്ടാക്കുകയോ ചെയ്യുക അക്കാലത്ത് ആൺകുട്ടികൾക്കിടയിൽ അപമാനകരമായ ഒന്നായി തീർച്ചപ്പെടുത്തിയിരുന്നു. അത് കുറച്ചിലോ ആണത്തമില്ലായ്മയോ ആയാണ് പരിഗണിക്കപ്പെട്ടത്.

ശരീരത്തിന്റെ കലാപരമായ ആവിഷ്‌കാരമായിരുന്നു കളരിപ്പയറ്റിൽ ഉണ്ടായിരുന്നത്. എന്നാൽ കളരിയിൽ പഠിച്ച ഓരോ ആൺകുട്ടിയുടെയും മനസ്സിൽ ആഴത്തിൽ വേരുറയ്ക്കുന്നത് ആൺശരീരത്തിന്റെ കരുത്തിനെക്കുറിച്ചുള്ള അധീശബോധമാണ്. നെഞ്ചുവിരിച്ച് ശിരസ്സുയർത്തിമാത്രമേ അവർ നടക്കൂ. തന്റെ ശരീര ബലത്തിന്റെ കരുത്തിൽ കീഴടക്കാൻ കഴിയാത്തതായി ഒന്നുമില്ല എന്ന തോന്നൽ അത് ശക്തമായി ഉണ്ടാക്കിയിരുന്നു. ഒരർത്ഥത്തിൽ ശക്തമായ ആൺശരീരബോധം തന്നെയാണ് അത്. ശരീരത്തിന്റെ ബലമാണ് പ്രധാനം, അതുകൊണ്ട് കീഴടക്കാൻ പറ്റാത്തതായി ഒന്നുമില്ല, ജീവിതവിജയം ശരീരബലത്തെ മാത്രം ആശ്രയിച്ചാണിരിക്കുന്നത് എന്നിങ്ങനെ ബലപ്പെട്ടശരീരത്തെ ചാഞ്ഞും ചെരിഞ്ഞും നോക്കിസ്വയം പറഞ്ഞുകൊണ്ടേയിരുന്നു ഞങ്ങൾ അപ്പോൾ.

ശരീരത്തിന്റെ കലാപരമായ ആവിഷ്‌കാരമായിരുന്നു കളരിപ്പയറ്റിൽ ഉണ്ടായിരുന്നത്. എന്നാൽ കളരിയിൽ പഠിച്ച ഓരോ ആൺകുട്ടിയുടെയും മനസ്സിൽ ആഴത്തിൽ വേരുറയ്ക്കുന്നത് ആൺശരീരത്തിന്റെ കരുത്തിനെക്കുറിച്ചുള്ള അധീശബോധമാണ്. / Photo: Wikimedia Commons

സ്‌കൂൾ ആൺകുട്ടികൾക്ക് വലിയ സ്വാതന്ത്ര്യം അനുവദിച്ചിരുന്ന കാലമായിരുന്നു. എന്നാൽ പെൺകുട്ടികളെ സ്‌കൂളിന്റെ കാഴ്ചയിൽ എവിടെയും തെളിഞ്ഞുകണ്ടില്ല. അക്കാലത്തെ ഞങ്ങളുടെ സ്‌കൂൾ നാടകങ്ങളിൽ പോലും പെൺവേഷം കെട്ടിയിരുന്നത് ആൺകുട്ടികളാണ്. കലാപരിപാടികളിൽ, പഠനത്തിൽ മുന്നോക്കം നിന്ന പെൺകുട്ടികൾ ഓർമ്മയിലെ ഇല്ല. അതേസമയം കളികളിൽ, കലോത്സവങ്ങളിൽ, പഠനത്തിൽ മുന്നിൽ നിന്ന എത്രയോ ആൺകുട്ടികളെ ഇപ്പോഴും ഓർക്കുന്നു. സ്‌കൂൾ നിരന്തരം പെൺകുട്ടികളെ പഠിപ്പിച്ചിരുന്നത് അടക്കവും ഒതുക്കവും വിധേയത്വവും ആയിരുന്നു. പെൺകുട്ടികളുമായി ഇടപഴകുകയോ നല്ല സൗഹൃദങ്ങൾ ഉണ്ടാക്കുകയോ ചെയ്യുക അക്കാലത്ത് ആൺകുട്ടികൾക്കിടയിൽ അപമാനകരമായ ഒന്നായി തീർച്ചപ്പെടുത്തിയിരുന്നു. അത് കുറച്ചിലോ ആണത്തമില്ലായ്മയോ ആയാണ് പരിഗണിക്കപ്പെട്ടത്. പെൺകുട്ടികളുമായി സംസാരിക്കുന്നവരെ "പെണ്ണമ്പു' (അമ്പു അക്കാലത്തെ പൊതുപേരുകളിൽ ഒന്നായിരുന്നു) എന്ന് വിളിച്ചു കളിയാക്കിയിരുന്നു.

ശരീരവളർച്ചയെക്കുറിച്ചോ ലൈംഗികതയെക്കുറിച്ചോ അധ്യാപകരാരെങ്കിലും ശരിയായി പറഞ്ഞുതന്നതായി ഓർക്കുന്നില്ല. പരസ്പരം കുറച്ചധികം സംസാരിച്ചാൽ പോലും ഗർഭമുണ്ടാകുമോ എന്നു ഭയന്ന കൂട്ടുകാരുണ്ട്.

പെൺകുട്ടികളെ കഴിയുമെങ്കിൽ പരസ്യമായി കളിയാക്കലും അപമാനിക്കലും നല്ല "ആൺകുട്ടി' ആകുന്നതിന് അത്യാവശ്യമായിരുന്നു. കൂടിയ ആണത്ത ക്ലബ്ബിലെ അംഗത്വം അത്തരക്കാർക്കായിരുന്നു. അധ്യാപികമാരെ വരെ അപമാനിക്കും വിധം പെരുമാറുന്ന മുട്ടൻ ആൺകുട്ടികൾ അക്കാലത്ത് സ്‌കൂളിലെ വീരപുരുഷന്മാർ ആയിരുന്നു. ഒരിക്കൽ ഈ വെല്ലുവിളി ഏറ്റെടുത്ത് ക്ലാസിലെ പെൺകുട്ടിയുടെ ഇരട്ടപ്പേര് ബോർഡിൽ മാഷ് കാണത്തക്കവിധത്തിൽ എഴുതിയാടാൻ മുതിർന്നത് ഓർമ്മയിൽ ഉണ്ട്. ആരാണ് ഇതെഴുതിയത് എന്ന് ചോദിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കണം. അതിനുള്ള ശിക്ഷ ഏറ്റുവാങ്ങണം. അപ്പോൾ ശരിയായ ആൺകുട്ടി ആകും. ചിലപ്പോൾ ദുർബലരായ ചില ആരാധകന്മാരെയും കിട്ടും.

അക്ഷരാർത്ഥത്തിൽ അക്കാലത്തെ സ്‌കൂൾ ആൺ- പെൺ വ്യത്യാസത്തെ ഓരോ കുട്ടിയുടെയും ഉള്ളിൽ ഉറപ്പിച്ചിരുന്നു. ആണുങ്ങൾ എല്ലാത്തിന്റെയും ഉടമയും പെണ്ണുങ്ങൾ അടിമയും ആണെന്ന ബോധം അത് നിരന്തരം ഓരോ കുഞ്ഞിന്റെയും ഉള്ളിൽ അടിവരയിട്ടുകൊണ്ടിരുന്നു. പരസ്പരം ഇടകലരുകയോ ആരോഗ്യകരമായ സൗഹൃദം സാധ്യമാവുകയോ ചെയ്യുന്ന ഒന്നും ഇരുകൂട്ടർക്കിടയിലും ഉണ്ടായിരുന്നില്ല. വിലക്കുകൾ ശക്തമായി ഉണ്ടാവുകയും ചെയ്തിരുന്നു. ശരീരവളർച്ചയെക്കുറിച്ചോ ലൈംഗികതയെക്കുറിച്ചോ അധ്യാപകരാരെങ്കിലും ശരിയായി പറഞ്ഞുതന്നതായി ഓർക്കുന്നില്ല. പരസ്പരം കുറച്ചധികം സംസാരിച്ചാൽ പോലും ഗർഭമുണ്ടാകുമോ എന്നു ഭയന്ന കൂട്ടുകാരുണ്ട്. മെൻസസ് എന്ന വാക്ക് ക്ലാസിൽ ഉച്ചരിക്കാൻ പോലും ഭയപ്പെട്ട ഒരധ്യാപികയെ ഓർക്കുന്നു. ബയോളജി ടെക്സ്റ്റിൽ അത്തരം വാക്കുകൾ നേരത്തെ അടിവരയിട്ടോ വട്ടംവരച്ചോ അടയാളപ്പെടുത്തിയ പഴയപുസ്തകങ്ങൾ ആയിരുന്നു ഞങ്ങളിൽ പലരുടെയും കയ്യിൽ ഉണ്ടായിരുന്നത്. അവ എന്താണ് എന്ന് നിഷ്‌കളങ്കഭാവത്തിൽ അധ്യാപികയോട് ആരായുന്ന വില്ലന്മാർ ആൺകുട്ടികളുടെ ആരാധനാപാത്രങ്ങൾ ആയിരുന്നു.

അക്ഷരാർത്ഥത്തിൽ അക്കാലത്തെ സ്‌കൂൾ ആൺ- പെൺ വ്യത്യാസത്തെ ഓരോ കുട്ടിയുടെയും ഉള്ളിൽ ഉറപ്പിച്ചിരുന്നു. പരസ്പരം ഇടകലരുകയോ ആരോഗ്യകരമായ സൗഹൃദം സാധ്യമാവുകയോ ചെയ്യുന്ന ഒന്നും ഇരുകൂട്ടർക്കിടയിലും ഉണ്ടായിരുന്നില്ല. / Photo: General education department kerala

പെൺകുട്ടികൾ ഞങ്ങൾക്ക് അപ്രാപ്യമായ മറ്റൊരു ലോകത്തായിരുന്നു. അവരുടെ വികാരങ്ങൾ, ചിന്തകൾ, പ്രശ്നങ്ങൾ എന്തെന്ന് മനസ്സിലാക്കാനുള്ള ഒരവസരവും ഒരാൺകുട്ടിക്കും ഇല്ലായിരുന്നു. ചങ്കൂറ്റത്തോടെ നിൽക്കാൻ, തനിക്ക് പ്രയാസമുണ്ടാക്കിയ സഹപാഠിക്ക് നേരെ വിരൽചൂണ്ടാൻ അക്കാലത്തെ സ്‌കൂൾ ഒരു പെൺകുട്ടിയെയും പ്രാപ്തയാക്കിയിരുന്നില്ല. വിധേയത്വവും അനുസരണയും ആണ് അതവരെ പ്രധാനമായും പഠിപ്പിച്ചത്. അടങ്ങിയൊതുങ്ങിയിരിക്കാൻ അതവരെ നിരന്തരം നിർബന്ധിച്ചു കൊണ്ടിരുന്നു.

ഇതിന്റെ കുറേക്കൂടി വിപുലമായ ഒരു ലോകം മാത്രമായിരുന്നു കോളേജും. പ്രീഡിഗ്രിക്കാലം ആൺകുട്ടികൾക്ക് മുന്നിൽ സ്വാതന്ത്ര്യത്തിന്റെയും സാധ്യതകളുടെയും വലിയ ലോകം തന്നെ തുറന്നിടുന്നുണ്ട്. നിരന്തരം ക്ലാസ് കട്ട് ചെയ്ത് സിനിമകൾക്ക് പോകൽ, ചായക്കടകളിലും ബസ്സ്റ്റോപ്പുകളിലും എത്രനേരം വേണമെങ്കിലും ഇരുന്ന് സൊറപറയൽ, വളരെ വൈകി മാത്രം വീട്ടിലെത്തൽ ഇതിനൊക്കെ മിക്ക ആൺകുട്ടികൾക്കും സ്വാതന്ത്ര്യം സ്വാഭാവികമായി കോളേജ് അന്തരീക്ഷത്തിൽ ഉണ്ടായിരുന്നു. എന്നാൽ പെൺകുട്ടികൾ നിരന്തരം സീനിയർ പൂവാലന്മാരെ ഭയന്ന് ക്ലാസുമുറികളിൽ തന്നെ അഭയം കണ്ടെത്തി. കോളേജിന്റെ ദൃശ്യപരിധിയിൽ ശ്രദ്ധനേടിയ പെൺകുട്ടികൾ തുലോം കുറവായിരുന്നു. ഡിഗ്രി കാലഘട്ടത്തിലാണ് പിന്നെയും പെൺകുട്ടികളുമായി അൽപ്പമെങ്കിലും തുല്യനിലയിലുള്ള സൗഹൃദം സാധ്യമാവുന്നത്. അതും ഒന്നും രണ്ടും വർഷങ്ങൾ കഴിയുമ്പോൾ. കുറച്ചാളുകൾ, ദീർഘമായ കാലം ഒരുമിച്ചിരിക്കൽ തുടങ്ങിയവയാണ് ആ സൗഹൃദങ്ങളും സാധ്യമാക്കിയത്.

കോളേജ് ജീവിതത്തിന്റെ മുറിച്ചുമാറ്റാൻ കഴിയാത്ത ഭാഗമാണ് കാമ്പസ് രാഷ്ട്രീയപ്രവർത്തനം. അതിൽ അക്കാലത്ത് സജീവമായി ഉണ്ടായിരുന്ന ഒരാൾ എന്ന നിലയിൽ സംഘടനാ പ്രവർത്തന രംഗത്തും പെൺ ഇടപെടലുകൾ നാമമാത്രമായിരുന്നു എന്ന് ഇപ്പോൾ തിരിച്ചറിയാം. ആൺകരുത്തിന്റെ ആഘോഷം തന്നെയാണ് കാമ്പസ് രാഷ്ട്രീയത്തിലും ഉച്ചത്തിൽ മുഴങ്ങിയിരുന്നത്. പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിൽ, സംഘടിപ്പിക്കുന്നതിൽ, മുന്നിൽ നിന്നും കാര്യങ്ങൾ തീരുമാനിക്കുന്നതിൽ ഇടപെടാൻ കഴിഞ്ഞ പെൺകുട്ടികൾ അപൂർവ്വം മാത്രം. എന്നാൽ പ്രകടനങ്ങളിൽ, തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ, സമ്മേളന പങ്കാളികളായി അനേകം പെൺകുട്ടികൾ ഉണ്ടായിരുന്നു. അവരുടെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ പരിധി അത്രമാത്രം. അതുമാത്രമായിരുന്നില്ല കാമ്പസിലെ സംഘടനാപ്രവർത്തനം.

അധ്യാപകർ എന്ന പദവി തന്നെ ഒരു കോയ്മയാണ്. കുട്ടികളാണ് അവിടെ അടിമകൾ. രാജ്യത്ത് ജനാധിപത്യം നടപ്പിലായിട്ടും ഏകാധിപത്യം നാണംകെട്ട രീതിയിൽ ഭരണം തുടർന്ന അപൂർവ്വം ദേശങ്ങളിൽ ഒന്നാണ് ക്ലാസ് മുറികൾ.

എതിരാളികളെ എല്ലാതരത്തിലും നേരിടുന്നതിനുള്ള അടവുകളും ചുവടുകളും എല്ലായ്പ്പോഴും മൂർച്ച കൂട്ടിവെക്കേണ്ടതുണ്ട്. ശാരീരികമായും മാനസികമായും എതിരാളികളെ തളർത്തേണ്ടതുണ്ട്. ഇതിനൊക്കെയുള്ള വഴികൾ ആൺകരുത്തുകൾക്ക് മാത്രം പതിച്ചുനൽകപ്പെട്ടവ ആയിരുന്നു. അല്ലെങ്കിൽ ആ വഴികൾ പെൺമനസ്സുകൾക്ക് ഒരിക്കലും പൊരുത്തപ്പെടാൻ കഴിയുന്നതും ആവില്ല.

അധ്യാപകജീവിതപാഠങ്ങൾ

മുപ്പത് വർഷത്തെ അധ്യാപക ജീവിതത്തിൽ സ്ത്രീയെ തുല്യപദവിയിൽ കാണുന്ന, പെൺകുട്ടികളെ ആത്മവിശ്വാസത്തിലെക്കും സ്വാതന്ത്ര്യബോധത്തിലേക്കും ഉയരാൻ സഹായിക്കുന്ന എത്ര അധ്യാപകന്മാരെ കണ്ടെത്തിയിട്ടുണ്ട്? വിരലിൽ എണ്ണാവുന്നവർ. അങ്ങിനെ ആവാനുള്ള ശ്രമം നടത്തിയിട്ടുണ്ടോ എന്നതും സ്വയംവിമർശനപരമായി പരിശോധിക്കേണ്ടതുണ്ട്. അധ്യാപകർ എന്ന പദവിതന്നെ ഒരു കോയ്മയാണ്. കുട്ടികളാണ് അവിടെ അടിമകൾ. രാജ്യത്ത് ജനാധിപത്യം നടപ്പിലായിട്ടും ഏകാധിപത്യം നാണംകെട്ട രീതിയിൽ ഭരണം തുടർന്ന അപൂർവ്വം ദേശങ്ങളിൽ ഒന്നാണ് ക്ലാസ് മുറികൾ. ശരിയാണ്, സ്‌കൂൾ സ്വയം ഒരു രാജ്യമാണ്. സ്വന്തമായ നിയമങ്ങളും വ്യവസ്ഥകളും ഉള്ള ഒരു ദേശം. അവിടുത്തെ നിയമാവലികൾ ഉണ്ടാക്കുന്നത് ഭരണാധികാരികളായ അധ്യാപകരാണ്. പലതും, ആരാലും ചോദ്യം ചെയ്യപ്പെടാൻ കഴിയാത്ത, അവിടുത്തെമാത്രം അലിഖിത നിയമങ്ങൾ. സർക്കാർ നിർദ്ദേശങ്ങൾ പോലും കാറ്റിൽപ്പറത്തി കുട്ടികളുടെയും വിദ്യാഭ്യാസത്തിന്റെയും പേരിൽ നടപ്പിലാക്കുന്ന നീതികരിക്കാൻ കഴിയാത്ത ശാസനകൾ. ഈ കൽപ്പനകൾ പൊതുവിൽ കുട്ടികൾക്ക് എതിരാവുമ്പോൾ തന്നെ സവിശേഷമായി അതിന്റെ ഇരകളാവുക പെൺകുട്ടികളാണ്. സ്‌കൂൾ പെൺകുട്ടികളുടെ മഹാരക്ഷകർത്താവാണെന്നാണ് സങ്കല്പം. പെൺകുട്ടികൾ വഴിതെറ്റിപോകാതിരിക്കാൻ പ്രിൻസിപ്പാൾ മുതൽ മിനിസ്റ്റീരിയൽ സ്റ്റാഫ് വരെ ജാഗരൂകരാണ്. എല്ലാതരത്തിലുമുള്ള സർവൈലൻസിന്റെയും ഇരയാണ് നമ്മുടെ പെൺകുട്ടികൾ.

സ്‌കൂൾ പഠിപ്പിക്കുന്ന ആദ്യ ആൺബോധപാഠം ആണുങ്ങൾ ആണ് എവിടെയും മുന്നിൽ എന്നതാണ്. സ്‌കൂൾ ഹാജർ പട്ടികയിൽ ആൺകുട്ടികൾ കഴിഞ്ഞാണ് ഇന്നും പെൺകുട്ടികളുടെ പേര് വരുന്നത് എന്നത് ഓർത്തുനോക്കൂ.

പൂർവ്വം അധ്യാപികമാർ ഒഴികെ മഹാഭൂരിപക്ഷം അധ്യാപികമാരും പെൺകുട്ടികളെ നന്നാക്കിയെടുക്കാനുള്ള സ്ഥാപനമായി തന്നെയാണ് സ്‌കൂളിനെ ഇന്നും കാണുന്നത്. പലപ്പോഴും പെൺകുട്ടികളുടെ മേൽ കടുത്ത വിലക്കുകളും അധികാരപ്രയോഗവും നടത്തുന്ന അധ്യാപികമാരും ഉണ്ട്. സംശയത്തോടെ നോക്കിയും മുൻധാരണകൾ വെച്ചും പെരുമാറി പെൺകുട്ടികളുടെ സ്‌കൂൾ കാലത്തെ നരകമാക്കുന്ന അധ്യാപികമാർ പേറുന്നതും കുട്ടികളിലേക്ക് സംക്രമിപ്പിക്കുന്നതും കാലങ്ങൾക്ക് മുൻപേ കുഴിച്ചുമൂടേണ്ടിയിരുന്ന സ്ത്രീയെക്കുറിച്ചുള്ള സങ്കൽപ്പമാണ്. അവർ മുൻതലമുറയിൽ നിന്ന് ഏറ്റുവാങ്ങിയ നല്ലസ്ത്രീയെക്കുറിച്ചുള്ള വാർപ്പ് മാതൃകയാകാനാണ് അവർ പുതിയ കാലത്തെകുട്ടിയേയും നിർബന്ധിക്കുന്നത്. അതിലടങ്ങിയ പുരുഷാധിപത്യ മൂല്യങ്ങളെ കാണാനോ തിരിച്ചറിയാനോ കുലസ്ത്രീകളായി തങ്ങളെ സ്വയം കാണുന്ന അധ്യാപികമാർക്ക് കഴിയുന്നില്ല.

സ്‌കൂൾ പഠിപ്പിക്കുന്ന ആദ്യ ആൺബോധപാഠം ആണുങ്ങൾ ആണ് എവിടെയും മുന്നിൽ എന്നതാണ്. സ്‌കൂൾ ഹാജർ പട്ടികയിൽ ആൺകുട്ടികൾ കഴിഞ്ഞാണ് ഇന്നും പെൺകുട്ടികളുടെ പേര് വരുന്നത് എന്നത് ഓർത്തുനോക്കൂ. ഏതുകാര്യത്തിനും ആണുങ്ങളെ കഴിഞ്ഞേ പെൺകുട്ടികളെ വിളിക്കുന്നുള്ളൂ. പ്രസംഗിക്കാൻ, പാട്ടുപാടാൻ. കലോത്സവ പട്ടികകളിൽ എല്ലാ ഇനത്തിന്റെയും ആദ്യവിഭാഗം ആൺകുട്ടികളുടെതാണ്. ഭരതനാട്യം (ആൺ) കുച്ചുപ്പുടി (ആൺ) എന്നിങ്ങനെ പെൺകുട്ടികൾ ധാരാളമായി പങ്കെടുക്കുന്ന നൃത്തഇനങ്ങൾ പോലും. ഇതിലൊക്കെ എന്തെങ്കിലും സന്ദേശം അവശേഷിക്കുന്നുണ്ടോ എന്നുപോലും ഒരാളും പരിശോധിക്കുന്നില്ല.

ആധുനിക സൗകര്യങ്ങൾ കൂട്ടിനുണ്ടാകാമെങ്കിലും, വെച്ചുവിളമ്പലും അലക്കിത്തേക്കലും അടിച്ചും തുടച്ചും വൃത്തിയാക്കലും കുടുംബത്തിലെ അവശതയുള്ള മനുഷ്യരെ പരിപാലിക്കലും വരും കാലങ്ങളിലും ഈ വിനീതവിധേയരുടെ ചുമലിൽ തന്നെ ആയിരിക്കും

സ്‌കൂൾ അടിമുടി ആണരങ്ങാണ്. വാദത്തിന് അധ്യാപികമാരുടെ എണ്ണമാണ് സ്‌കൂളുകളിൽ കൂടുതലും ഉള്ളത് എന്ന് സമ്മതിക്കുമ്പോൾ തന്നെ, അവർ കൊണ്ടുനടക്കുന്ന കാഴ്ചപ്പാടുകൾ സമീപനങ്ങൾ എന്നിവയെ മുൻനിർത്തിയാണ് അവിടം പുരുഷൻ ഉണ്ടാക്കിയ മൂല്യങ്ങളുടെ പുനരുത്പാദനകേന്ദ്രമാണ് എന്നു പറയാറുള്ളത്. ഈ മുപ്പത് വർഷത്തിൽ പല സർക്കാർ സ്‌കൂളുകളിലും ജോലി ചെയ്തിട്ടുണ്ടെങ്കിലും അവിടങ്ങളിൽ ഒന്നിലും ഒരു അധ്യാപിക സ്റ്റാഫ് സെക്രട്ടറി ആയിരുന്നതിന്റെ ചരിത്രം ഉണ്ടായിരുന്നില്ല. സീനിയോറിറ്റി അനുസരിച്ചുള്ള വിതരണം അല്ലെങ്കിൽ ഒരു ചുമതലയും സ്ത്രീകൾക്ക് കൊടുക്കാത്ത സ്‌കൂളുകളും ഉണ്ട്. അപവാദങ്ങൾ ഇല്ലെന്നല്ല. പക്ഷെ സ്‌കൂൾ അതിന്റെ ഓരോ സെക്കന്റിലും ആൺകോയ്മയുടെ ആയിരക്കണക്കിന് വിത്തുകൾ കുഞ്ഞുങ്ങളിൽ വിതക്കുന്നുണ്ട്.

പുതിയകാലത്തെ രക്ഷകർത്താക്കൾ പെൺകുട്ടികൾക്ക് മേലുള്ള സ്‌കൂളിന്റെ എല്ലാ നിയന്ത്രണങ്ങളെയും മറയില്ലാതെ പിന്തുണയ്ക്കുന്നവരാണ്. കൂടുതൽ കർക്കശമായ നിയമങ്ങൾക്ക് വേണ്ടി വാദിക്കുന്നവരുമുണ്ട്. വഴിതെറ്റിപോകാതിരിക്കാൻ എന്ന ന്യായത്തിൽ അവരുടെ സ്വകാര്യതയുടെ ഏതാഴങ്ങളിലേക്കും കടന്നുചെല്ലാൻ പച്ചക്കൊടികാട്ടുന്നവരാണ് മിക്കവരും. എന്നാൽ ആൺകുട്ടികളുടെ കാര്യത്തിൽ ഇതൊന്നും ആവശ്യമില്ല എന്ന് സമ്മതിക്കുകയും ചെയ്യും. അതിനർത്ഥം, ആധുനിക സൗകര്യങ്ങൾ കൂട്ടിനുണ്ടാകാമെങ്കിലും, വെച്ചുവിളമ്പലും അലക്കിത്തേക്കലും അടിച്ചും തുടച്ചും വൃത്തിയാക്കലും കുടുംബത്തിലെ അവശതയുള്ള മനുഷ്യരെ പരിപാലിക്കലും വരും കാലങ്ങളിലും ഈ വിനീതവിധേയരുടെ ചുമലിൽ തന്നെ ആയിരിക്കും എന്നാണ്. അതിനായാണ് പുതിയ ലോകബോധത്തിന്റെ, കാഴ്ചപ്പാടുകളുടെ, സ്വാതന്ത്ര്യവാഞ്ഛയുടെ ആകാശങ്ങൾ അവരുടെ മുന്നിൽ കൊട്ടിയടക്കാൻ എല്ലാ സാമൂഹിക സ്ഥാപനങ്ങളും ഒറ്റക്കെട്ടായി അണിചേരുന്നത്. തുല്യതയുടെ, പങ്കുവെക്കലിന്റെ, പരസ്പരം അംഗീകരിക്കലിന്റെ, ജനാധിപത്യബോധത്തിന്റെ പാഠങ്ങൾ ആണധികാരത്തിന്റെ ചുറ്റും പുളയ്ക്കുന്ന വിഷബോധത്തെ മറികടക്കും വിധം നമ്മുടെ വളർന്നുവരുന്ന ആൺകുട്ടികൾക്ക് നൽകാൻ ശ്രമിച്ചുകൊണ്ടേ അതിനെ മാറ്റിത്തീർക്കാൻ ആഗ്രഹിക്കുന്നവർക്ക് ഭാവിയിൽ പ്രതീക്ഷ പുലർത്താൻ കഴിയൂ ▮

Comments