ഒമൈക്രോൺ അണുബാധ കാട്ടു തീ പോലെ പടർന്നു പിടിച്ചു തുടങ്ങി. ബഹുഭൂരിപക്ഷം ആളുകൾക്കും വൈറസ് ലഭിക്കും. കൂടുതൽ ആളുകളിലും വൈറസ് കാര്യമായ ചലനങ്ങൾ സൃഷ്ടിക്കില്ല. എങ്കിലും, ആശുപത്രികളിൽ അഡ്മിറ്റാകേണ്ടി വരുന്നവരുടെ എണ്ണവും ആനുപാതികമായി കൂടും. അവരെയും അതോടൊപ്പം കോവിഡ് ഇതര രോഗികളെയും ഒരേ പോലെ ഉൾക്കൊള്ളുക എന്നതായിരിക്കും അടുത്ത ഒന്നൊന്നര മാസക്കാലം കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
കെ. കണ്ണൻ: കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നുവെന്നുമാത്രമല്ല, ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണത്തിൽ വലിയ വർധനയുമുണ്ടാകുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സെക്രട്ടറിയേറ്റ് അടക്കമുള്ള സർക്കാർ ഓഫീസുകളിലും ക്ലസ്റ്ററുകൾ രൂപപ്പെടുന്ന സ്ഥിതിയുമുണ്ട്. തിരുവനന്തപുരം ജില്ലയിൽ ടി.പി.ആർ 47 ശതമാനത്തോളമായി, അതായത്, രണ്ടിൽ ഒരാൾക്ക് രോഗബാധ. കോഴിക്കോട് ജില്ലയിൽ 20 ശതമാനത്തോളം ആരോഗ്യപ്രവർത്തകർക്ക് കോവിഡ് ബാധിച്ചതായാണ് കണക്ക്. മെഡിക്കൽ കോളേജ് അടക്കം മൂന്ന് സർക്കാർ ആശുപത്രികളിൽ നൂറിലേറെ ആരോഗ്യപ്രവർത്തകർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന, വർക്കല താലൂക്കാശുപത്രിയിലെ നഴ്‌സിങ് ഓഫീസർ പി.എസ്. സരിത കഴിഞ്ഞദിവസം മരിച്ചു. ആരോഗ്യ പ്രവർത്തകരിലെ രോഗബാധ, ചികിത്സാ മേഖലയിൽ വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നുറപ്പാണ്.
ആരോഗ്യപ്രവർത്തകർക്ക് രോഗം വന്നാൽ കുറഞ്ഞത് ഒരാഴ്ചയെങ്കിലും മാറിനിൽക്കേണ്ടിവരും. ആരോഗ്യമേഖലയിലെ മനുഷ്യവിഭവശേഷിയെയും അത് ബാധിക്കും. കോവിഡേതര രോഗചികിത്സയെയും അത് പ്രതിസന്ധിയിലാക്കും.
താങ്കളുടെ കൂടി അനുഭവത്തിൽ, ഡോക്ടർമാരും നഴ്‌സുമാരും ടെക്‌നീഷ്യന്മാരും അടങ്ങുന്ന ആരോഗ്യപ്രവർത്തകർ ഇപ്പോൾ, പ്രത്യേകിച്ച്, ഒമിക്രോൺ വ്യാപനകാലത്ത് നേരിടുന്ന പ്രശ്‌നങ്ങൾ എന്തൊക്കെയാണ്?
ഡോ. ഷമീർ വി.കെ.: കോവിഡ് ഒമൈക്രോൺ വകഭേദത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയാണല്ലോ വർധിച്ച വ്യാപനശേഷി. ഇതുവരെ വന്ന കോവിഡിന്റെ ഏതൊരു വകഭേദവുമായും താരതമ്യം ചെയ്ത് നോക്കുമ്പോഴും ഒമൈക്രോണിന് വ്യാപന ശേഷി വളരെ കൂടുതലാണ് എന്നതിൽ സംശയമൊന്നുമില്ല. ലോകത്താകമാനം നമ്മൾ നേരത്തെ കണ്ട കാഴ്ച ഇതുതന്നെയാണ്. ഇതുവരെ കോവിഡിൽ വന്ന ഓരോ തരംഗവും പോലെ ഒമൈക്രോണും ആദ്യം യൂറോപ്പ്,അമേരിക്ക ഭൂഖണ്ഠങ്ങൾക്കുശേഷം ഉത്തരേന്ത്യ, അതു കഴിഞ്ഞ് നമ്മുടെ നാട് എന്ന ഒരു രീതി പിന്തുടരുന്നതാണ് കാണുന്നത്. ഇത് നമ്മൾ പ്രതീക്ഷിച്ചിരുന്നതു തന്നെയാണ്. അതേപോലെ, എല്ലാ താരംഗങ്ങളിലും ആരോഗ്യ പ്രവർത്തകരാണ് ആദ്യം രോഗബാധിതരാകുക. അതും കേരളം ഇപ്പോൾ സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നു.
കേരളത്തിൽ നല്ലൊരു ശതമാനം ആളുകൾക്ക് നേരത്തെ കോവിഡ് വന്നതാണ്. പ്രായപൂർത്തിയായവരിൽ നല്ലൊരു ശതമാനം വാക്‌സിനും എടുത്തവരാണ്. എന്നാൽ കോവിഡ് അണുബാധയിലൂടെയും വാക്‌സിനിലൂടെയും കൈവരിച്ച പ്രതിരോധ ശേഷിക്ക് ഒമൈക്രോൺ അണുബാധയെ പൂർണമായും തടയാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ടു കഴിഞ്ഞു. കേരളത്തിലെ ജനസാന്ദ്രത, അനിയന്ത്രിതമായ കൂട്ടം ചേരലുകൾ, ലോക്ക്ഡൗണിനും കനത്ത നിയന്ത്രണങ്ങൾക്കും ശേഷം സാധാരണ രീതിയിലേക്ക് തിരിച്ചുവന്നുകൊണ്ടിരുന്ന ജനജീവിതം എല്ലാം ഒമൈക്രോൺ വ്യാപനത്തിന് വേഗത പകർന്നു എന്നു വേണം കരുതാൻ.
പുറം രാജ്യങ്ങളിലേയും ഇതുവരെയുള്ള നമ്മുടെയും അനുഭവങ്ങൾ വച്ച് ഒമൈക്രോൺ ഇതുവരെ വന്ന കോവിഡ് വകഭേദങ്ങളുടെ അത്രയും ഭീകരകാരി അല്ല. പെട്ടെന്ന് പടർന്നു പിടിക്കുമെങ്കിലും രോഗതീവ്രത കുറവാണ്. ന്യൂമോണിയ ഉണ്ടാക്കുന്നത് വളരെ കുറച്ച് രോഗികളിൽ മാത്രമാണ്. വളരെയധികം അളവിൽ ഓക്‌സിജൻ വേണ്ടി വരുന്നതും ഐ.സി.യു വെൻറിലേറ്റർ ചികിത്സകൾ വേണ്ടി വരുന്നതുമായ രോഗികൾ നന്നേ കുറവാണ്. ഒമൈക്രോൺ പ്രശ്‌നമുണ്ടാക്കുന്നത് മിക്കവാറും വളരെ പ്രായം കൂടുതലുള്ളവരിലും നേരത്തെ പലതരത്തിലുള്ള രോഗങ്ങളുള്ളവരിലുമാണ്. ഇത്തരം ആളുകളാണ് ആശുപത്രികളിൽ അഡ്മിറ്റ് ആകുന്നതും. എന്നാൽ സമൂഹത്തിലെ രോഗവ്യാപനം വളരെ കൂടുതലായതുകൊണ്ടുതന്നെ അഡ്മിറ്റാകുന്ന രോഗികളുടെ എണ്ണവും കുത്തനെ കൂടുമെന്നത് സ്വാഭാവികം. ഇതാണ് നമ്മുടെ ആരോഗ്യ സംവിധാനങ്ങൾക്ക് പരീക്ഷണം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. ഒരേസമയം കോവിഡിതര രോഗികൾ ഒരു വശത്തും കോവിഡ് പോസിറ്റീവായ രോഗികൾ ഐസൊലേഷൻ വാർഡുകളിലും നിറയുന്നത് ആശുപത്രികൾക്ക് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടുണ്ടാക്കും. അതിന്റെ കൂടെ ആരോഗ്യ പ്രവർത്തകർ കൂടി രോഗബാധിതരാകുമ്പോൾ പ്രയാസം ഇരട്ടിക്കുന്നു.
രോഗികളുടെ എണ്ണം കൂടുമ്പോൾ ആശുപത്രി ചികിത്സ ആവശ്യമായി വരുന്നവരുടെ എണ്ണവും കൂടുമെന്ന് ആരോഗ്യമന്ത്രി തന്നെ മുന്നറിയിപ്പുനൽകുന്നുണ്ട്. അതായത്, ഓക്‌സിജനും ഐ.സി.യുവും വെന്റിലേറ്റർ കിടക്കകളും ആവശ്യമായ രോഗികളുടെ എണ്ണം കൂടും. നമ്മുടെ ആശുപത്രികൾ ഈ അടിയന്തര സാഹചര്യം നേരിടാൻ ഇപ്പോൾ വേണ്ടത്ര സജ്ജമാണോ? സർക്കാർ മെഡിക്കൽ കോളേജുകളിലെ ഏറ്റവും പ്രധാന വർക്ക് ഫോഴ്‌സാണ് പി.ജി.- ഹൗസ് സർജൻസി ഡോക്ടർമാർ. പി.ജി. ഡോക്ടർമാർക്ക് സമരത്തിനുപോലും ഇറങ്ങേണ്ട അവസ്ഥയുമുണ്ടായി. കോവിഡിന്റെ അതിതീവ്ര വ്യാപനത്തിന്റെ സാഹചര്യത്തിൽ, സർക്കാർ ആശുപത്രികളിലെ കോവിഡ്, കോവിഡേതര ചികിത്സാ സംവിധാനങ്ങളിൽ എങ്ങനെയുള്ള നവീകരണമാണ് സ്വീകരിക്കേണ്ടത്?
കോവിഡ് മൂന്നാം തരംഗം നേരിടാനുള്ള നമ്മുടെ സൗകര്യങ്ങൾ വിലയിരുത്തുമ്പോൾ നേരത്തെ വന്ന തരംഗങ്ങൾ നേരിട്ട രീതി കൂടി പരിശോധിക്കേണ്ടി വരും.
ശക്തമായ പ്രതിരോധ നടപടികൾ, ടെസ്റ്റിംഗ്, ഐസൊലേഷൻ, അതിവേഗതയിലുള്ള പ്രതിരോധ കുത്തിവെപ്പ് വിതരണം തുടങ്ങിയവ വിശദീകരിക്കേണ്ട കാര്യമില്ലല്ലോ. ആശുപത്രികളിലെ സൗകര്യങ്ങൾ മാത്രം ഒന്ന് ഓടിച്ചു നോക്കാം. അന്ന് ആശുപത്രികളിൽ കോവിഡ് ഇതര രോഗികളുടെ തിരക്ക് വളരെ കുറവായിരുന്നു. ആശുപത്രികളിൽ സന്ദർശക നിയന്ത്രണം പോലെയുള്ള പ്രതിരോധ മാർഗങ്ങൾ പലതും സ്വീകരിച്ചു. കോവിഡ് ചികിത്സക്ക് താത്കാലികമായി നിരവധി ആരോഗ്യ പ്രവർത്തകരെ നിയമിച്ചു. കോവിഡ് ബ്രിഗേഡ് എന്ന പേരിൽ വലിയൊരു സന്നാഹം തന്നെ ആശുപത്രിയിൽ സഹായത്തിനെത്തി. കോവിഡ് രോഗികളെ ചികിൽസിക്കാൻ പല ഭാഗങ്ങളിലായി ഫസ്റ്റ് ലൈൻ, സെക്കൻറ് ലൈൻ സെന്ററുകൾ ആരംഭിച്ചു. സർക്കാരിന്റെ ഇൻഷുറൻസ് പദ്ധതി ഉപയോഗിച്ച് കോവിഡ് രോഗികൾക്കായി സൗജന്യ ചികിത്സ സ്വകാര്യ ആശുപത്രികളിൽ ഉറപ്പു വരുത്തി. കോവിഡിനുവേണ്ടിയുള്ള എല്ലാ മരുന്നും പരിശോധനയും സർക്കാർ സൗജന്യമായി നൽകി. ഐ. സി. യു സൗകര്യം, വെന്റിലേറ്ററുകൾ, ഓക്‌സിജൻ സൗകര്യങ്ങൾ എന്നിവ മെഡിക്കൽ കോളേജുകളിൽ കുത്തനെ കൂട്ടി. ഏറ്റവും ഗുരുതരമായ രോഗികളെ മാത്രം മെഡിക്കൽ കോളേജുകളിലും മറ്റു tertiary care സെന്ററുകളിലും ചികിൽസിച്ചു.
ഏറെക്കുറെ സർക്കാർ ഈ സംവിധാനങ്ങൾ എല്ലാം അവസാനിപ്പിച്ച ഘട്ടത്തിലാണ് മൂന്നാം തരംഗം ആഞ്ഞടിക്കുന്നത്. പൊതുവെ ആവശ്യത്തിന് ജോലിക്കാരില്ലാതെ വലയുന്ന മെഡിക്കൽ കോളേജുകൾക്ക് ഇത് കനത്ത വെല്ലുവിളി തന്നെയാണ് സൃഷ്ടിക്കുന്നത്. നിറഞ്ഞു കവിഞ്ഞു കിടക്കുന്ന വാർഡുകളിൽ ജോലി ചെയ്യാൻ ആളുകളില്ലാതെ വലയുമ്പോൾ അതേ സ്റ്റാഫ് തന്നെ ഐസൊലേഷൻ വാർഡുകൾ കൂടി കൈകാര്യം ചെയ്യേണ്ടി വരുന്നു. കോവിഡിനുവേണ്ടി മെഡിക്കൽ കോളേജിന് പുറത്തുള്ള സർക്കാർ ചികിത്സാ സൗകര്യങ്ങൾ തുടങ്ങാത്ത സാഹചര്യത്തിൽ എല്ലാ തരത്തിലുള്ള രോഗികളും മെഡിക്കൽ കോളേജിൽ എത്തുന്ന സാഹചര്യം ഉണ്ടായി. മാസങ്ങളായി കൃത്യമായുള്ള അധ്യയനം മുടങ്ങി കിടന്നിരുന്ന പി.ജി വിദ്യാർത്ഥികൾ, രണ്ടാം തരംഗത്തിനു ശേഷം അവരുടെ യഥാർത്ഥ പഠന പരിശീലന പരിപാടികളിലേക്ക് തിരിച്ചു പൊയ്‌ക്കൊണ്ടിരിക്കുകയായിരുന്നു. ഈ വരുന്ന തരംഗത്തിലെ തിരക്ക് അവരെ വീണ്ടും ബാധിക്കുമെന്നതിൽ സംശയമില്ല. ആദ്യ കോവിഡ് തരംഗങ്ങൾ നമ്മൾ നേരിട്ടത് ഒരു കൂട്ടായ്മയിലൂടെയായിരുന്നു. സമൂഹത്തിന്റെ എല്ലാ തുറകളിലും ഈ കൂട്ടായ പരിശ്രമം കാണാനുണ്ടായിരുന്നു. അതിന്റെ മറ്റൊരു രൂപമായിരുന്നു മെഡിക്കൽ കോളേജുകളിലും. ഡിപ്പാർട്ടുമെൻറ്ഭേദമന്യേ എല്ലാവരും കോവിഡ് ചികിത്സയിൽ ഇടപെട്ടത്. അധ്യാപന ജോലി മാത്രം പ്രതീക്ഷിച്ച് നോൺ ക്ലിനിക്കൽ വിഷയങ്ങളിൽ പി.ജി ചെയ്യുന്നവർ പോലും രോഗീ പരിചരണത്തിൽ ഇടപെട്ടു. മെഡിക്കൽ കൂടാതെ ഫർമസി, നഴ്‌സിംഗ്, ഡെന്റൽ തുടങ്ങിയ എല്ലാം സ്ഥാപനങ്ങളിലെയും സ്റ്റാഫും വിദ്യാർഥികളും അവരെക്കൊണ്ട് പറ്റുന്ന റോളുകൾ ചെയ്തു കൊണ്ടിരുന്നു. ഇന്ന് ഇവർ എല്ലാം അവരുടേതായ ജോലികളിൽ തിരക്കിലായി. മെഡിക്കൽ കോളേജിലെ സർജിക്കൽ, നോൺ ക്ലിനിക്കൽ വിഭാഗങ്ങളെല്ലാം അവരുടെ തിരക്കുകളിലേക്ക് തിരിച്ചു പോയി. ഇതും കോവിഡ് ചികിൽസിക്കാനുള്ള മനുഷ്യ വിഭവ ശേഷി കുത്തനെ കുറച്ചു.
മറ്റേത് രാജ്യങ്ങളെയും സംസ്ഥാനങ്ങളെയും വെച്ചു നോക്കുമ്പോൾ കേരളത്തിലെ സർക്കാർ ആരോഗ്യ സംവിധാനങ്ങൾ വളരെ ശക്തമാണ്. അതിൽ ഏറ്റവും പ്രധാനം സമൂഹത്തിലേക്ക് ഇറങ്ങി പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തനവും പ്രതിരോധ പ്രവർത്തനങ്ങളും ആണ്. പക്ഷേ കിടത്തി ചികിത്സയിലേക്ക് വരുമ്പോൾ നമ്മുടെ ആരോഗ്യ സംവിധാനങ്ങളുടെ ശക്തി നന്നായി കുറയുന്നതായി കാണാം. പല പ്രൈമറി, കമ്യൂണിറ്റി ഹെൽത്ത് സെന്ററുകളിലും കിടത്തി ചികിത്സ ഉണ്ടെങ്കിലും അല്പം ഗുരുതര സ്വഭാവമുള്ള രോഗങ്ങൾ കിടത്തി ചികിൽസിക്കുന്ന രീതിയിലേക്ക് സർക്കാർ ആശുപത്രികൾ ഭൂരിപക്ഷവും വളർന്നിട്ടില്ല. എല്ലാത്തിനും മെഡിക്കൽ കോളേജുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ് ഇന്നും തുടരുന്നത്.
ഒമൈക്രോൺ അണുബാധ കാട്ടു തീ പോലെ പടർന്നു പിടിക്കും. പിടിച്ചു തുടങ്ങി. ബഹുഭൂരിപക്ഷം ആളുകൾക്കും വൈറസ് ലഭിക്കും. കൂടുതൽ ആളുകളിലും വൈറസ് കാര്യമായ ചലനങ്ങൾ സൃഷ്ടിക്കില്ല. നേരത്തെ പല പല രോഗങ്ങളാൽ വലയുന്നവർക്ക് ഒമൈക്രോണും ഒരു പരീക്ഷണം ആയേക്കും. അവർ പലരും ആശുപത്രികളിൽ അഡ്മിറ്റ് ആയേക്കും. വൈറസ് ബാധ ഏൽക്കുന്നവരുടെ എണ്ണം കോവിഡിന്റെ എല്ലാ വകഭേദങ്ങളെക്കാൾ പതിൻമടങ്ങ് കൂടുമ്പോൾ ഇങ്ങനെ അഡ്മിറ്റാകേണ്ടി വരുന്നവരുടെ എണ്ണവും ആനുപാതികമായി കൂടും. അവരെയും അതോടൊപ്പം കോവിഡ് ഇതര രോഗികളെയും ഒരേ പോലെ ഉൾക്കൊള്ളുക എന്നതായിരിക്കും അടുത്ത ഒന്നൊന്നര മാസക്കാലം കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
എന്തൊക്കെ ചെയ്യാം?. കേരളം ഇതിന്റെ ട്രയൽ റൺ പല തവണ നടത്തിയതാണ്. ഒന്ന് ഓൺ ചെയ്താൽ പ്രവർത്തന സജ്ജമാക്കാൻ കഴിയുന്ന സന്നാഹങ്ങൾ നമുക്കുണ്ട്. ഒരു തവണ കൂടി നാം പഴയ പോലെ ടീം വർക്ക് ആയി പ്രവർത്തിക്കേണ്ടി വരും. രോഗലക്ഷണങ്ങളുള്ളവർ എത്രയും പെട്ടെന്ന് വീട്ടിലേക്ക് ഒതുങ്ങണം. മറ്റു രോഗം ഇല്ലാത്തവർക്കും പ്രായം കുറഞ്ഞവർക്കും ഗൃഹചികിത്സ മതിയാകും. പ്രായം കൂടിയവരിലും മറ്റു രോഗം ഉള്ളവരിലും കൂടുതൽ സൂക്ഷ്മമായ നിരീക്ഷണം വേണ്ടി വരും. ബന്ധുക്കളും കൂട്ടിരിപ്പുകാരും കൂടുതൽ ശ്രദ്ധിക്കേണ്ടി വരും. ഫോൺ വഴിയും ടെലി മെഡിസിൻ വഴിയും വിദഗ്‌ധോപദേശം തേടാൻ കഴിയണം. ആവശ്യമെങ്കിൽ ആശുപത്രിയിൽ അഡ്മിറ്റ് ആക്കുന്നത് ആലോചിക്കണം. കിടത്തി ചികിൽസിക്കാൻ പഴയ പോലെ ടയർ സിസ്റ്റം തിരിച്ചു വരണം. വീട്ടിൽ നിരീക്ഷിക്കാൻ സാധിക്കാത്ത, എന്നാലും ഗുരുതര പ്രശ്‌നങ്ങൾ കാണിക്കാത്ത പ്രായമുള്ളവരെയും മറ്റു രോഗങ്ങളുള്ളവരെയും ഫസ്റ്റ്, സെക്കൻറ് ലൈൻ ചികിത്സാ കേന്ദ്രങ്ങളിൽ കിടത്താം. കൂടുതൽ പരിശോധന വേണ്ടുന്നവരെ, കമ്യൂണിറ്റി, താലൂക്ക്, ജില്ലാ ആശുപത്രികളിൽ കിടത്തേണ്ടി വരും. അതിൽ തന്നെ ഏറ്റവും പ്രതിസന്ധി ഉണ്ടാകാൻ പോകുന്ന കൂട്ടരാണ് വൃക്ക രോഗികൾ. ഡയാലിസിസിനെ ആശ്രയിച്ചു പോകുന്ന നിരവധി വൃക്ക രോഗികൾ വരുന്ന നാളുകളിൽ കോവിഡ് ബാധിതരാവാൻ സാധ്യത ഉണ്ട്. അവർക്ക് ഡയാലിസിസ് തുടരാൻ കുറച്ചധികം കേന്ദ്രങ്ങൾ പ്രത്യേകം മാറ്റി വെക്കേണ്ടി വരും. ഏറ്റവും ഗുരുതര സ്വഭാവമുള്ള രോഗികളെ മാത്രം മെഡിക്കൽ കോളേജുകളിലേക്ക് റെഫർ ചെയ്യുന്ന രീതി ഉറപ്പു വരുത്തണം. കൃത്യമായി ആസൂത്രണം ചെയ്തു ഉപയോഗിക്കുക യാണെങ്കിൽ വെന്റിലേറ്റർ, ഓക്‌സിജൻ സൗകര്യങ്ങൾക്ക് ഇനി ഒരു അപര്യാപ്തത ഉണ്ടാവാൻ സാധ്യതയില്ല. കാരണം ഡെൽറ്റ തരംഗം പോലെ ന്യൂമോണിയയും ഓക്‌സിജൻ കുറവും ഓമൈക്രോണിൽ എന്തായാലും ഉണ്ടാവില്ല എന്നതു തന്നെ.
ഓമൈക്രോണിന് വീര്യം കുറവാണ്. ഒരു പക്ഷേ അതു ഈ മഹാമാരിയുടെ അവസാന ലാപ് ഓട്ടം ആയിരിക്കാം. പ്രകൃതിയായുള്ള വാക്സിനും ആയേക്കാം. പെട്ടെന്ന് എടുക്കുന്ന പ്രതിരോധ നടപടികൾക്ക് ഓമൈക്രോണിനെ തടയാൻ ബുദ്ധിമുട്ടുമാണ്. എന്നിരുന്നാലും റോട്ടിൽ പോയി വൈറസിനെ വാങ്ങി വീട്ടിൽ കൊടുക്കാത്തതാണ് നല്ലത്. പടരുന്നത് ഒരല്പം സാവകാശത്തിലാക്കാൻ ശ്രമിക്കാം. എല്ലാവർക്കും ഒരേ പോലെ ചികിത്സ കിട്ടാനും ആരോഗ്യ പ്രവർത്തകർക്ക് അൽപം ആശ്വാസം നൽകാനും ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിക്കേണ്ടതുണ്ട്.▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.