ആൺകുട്ടികൾ കരയാമോ?

റൂഹിക്കും യഷിനും വേണ്ടി ചലച്ചിത്ര സംവിധായകനും നിർമാതാവുമായ കരൺ ജോഹർ എഴുതിയ കഥ കുഞ്ഞു ലവന്റെ വലിയ ചിന്തകൾ പരിചയപ്പെടുത്തുന്നു

ആൺകുട്ടികൾക്ക് പിങ്ക് കുപ്പായമിടാമോ?

ആൺകുട്ടികൾക്ക് പൊട്ടുതൊടാമോ?

രൺ ജോഹർ എഴുതിയ "കുഞ്ഞു ലവന്റെ വലിയ ചിന്തകൾ' (The Big thoughts of little Luv) എന്ന കുട്ടികളുടെ പുസ്തകത്തിന്റെ ആമുഖം തുടങ്ങുന്നതിങ്ങനെയാണ്, ""എന്റെ പേര് കരൺ ജോഹർ, ഞാൻ യഷിന്റെയും റൂഹിയുടെയും അഭിമാനമുള്ള അമ്മയാണ്. അല്ലെങ്കിൽ അങ്ങനെയാണ് ഞാൻ എന്നെ കാണുന്നത്. എന്റെ കുടുംബത്തെ നോക്കൂ, എന്തെങ്കിലും പഴയ നിയമങ്ങൾ അവിടെ ബാധകമാണോ? ഞാൻ വാടകഗർഭപാത്രത്തിലൂടെ കുട്ടികളെ സ്വീകരിച്ച ഒറ്റയാണാണ്. എന്റെ വീട് എന്നു വച്ചാൽ അമ്മുമ്മയും അച്ഛനും കുട്ടികളും ആണ്. പരമ്പരാഗത "പൂർണ' കുടുംബത്തിൽ നിന്നു തീർത്തും വ്യത്യസ്തം.''

റൂഹിക്കും യഷിനുമൊപ്പം കരൺ ജോഹർ / Photo:Instagram/Karan Johar

റൂഹിക്കും യഷിനും വേണ്ടി ചലച്ചിത്ര സംവിധായകനും നിർമാതാവുമായ കരൺ ജോഹർ എഴുതിയ കഥയെയാണ് ഇവിടെ പുസ്തകമാക്കിയിരിക്കുന്നത്. ആൺകുട്ടികളെക്കുറിച്ചുള്ള മുൻവിധികൾ അവരിൽ അടിച്ചേല്പിക്കുന്നതിനെക്കുറിച്ച് ഇത്രയും മനോഹരവും ധീരവുമായി എഴുതിയിട്ടുള്ള പുസ്തകങ്ങൾ കുറവാണ്. മനുഷ്യരെ ആൺ-പെൺ എന്ന് രണ്ടു കളത്തിലായി കറുപ്പും വെളുപ്പുമായി കാണുന്നതിലെ അസംബന്ധത്തെ കുറിച്ച് കുട്ടികൾക്കായി കരൺ ജോഹറിനെപ്പോലെ സെലിബ്രിറ്റി ആയ ഒരാൾ എഴുതുമ്പോൾ അത് സമൂഹത്തിൽ സ്വാധീനം ചെലുത്തുന്നു. പിങ്ക് ഉടുപ്പ് ഇടുന്ന ആൺകുട്ടിയും കരയുന്ന ആൺകുട്ടിയും ആണല്ലാതാവുന്നു എന്ന് നമ്മൾ കുട്ടിക്കാലത്തേ കുട്ടികളിൽ കുത്തി വയ്ക്കുന്നു. സമൂഹത്തിലെ ഉത്തമപുരുഷൻ എന്ന സങ്കല്പം അങ്ങനെയാണ് നിർമിക്കപ്പെടുന്നത്.

ലവന്റെ സംശയങ്ങളോടെയാണ് കഥ തുടങ്ങുന്നത്. എല്ലാവരും പറയുന്നു, ലവനും ഇരട്ടയായ കുശയും ഒരേ പോലെയാണെന്ന്. അവരുടെ കണ്ണുകൾ ഒരുപോലെ, തലമുടിക്ക് ഒരേ നിറം, രണ്ടു പേർക്കും ഒരേ പൊക്കം, എന്തിന് രണ്ടു പേരുടെയും അപ്പി പോലും ഒരു പോലെ! ഞങ്ങൾക്കു രണ്ടു പേർക്കും ഒരേ തരം സാധനങ്ങളാണ് ഇഷ്ടം, പച്ച പളുങ്കുമണികൾ, തോട്ടത്തിലെ ഊഞ്ഞാൽ, ടിവി കാണലും ചോക്കലേറ്റും വീണ്ടും ടിവി കാണലും!

പക്ഷേ, ഞങ്ങൾ വളരെ വ്യത്യസ്തരാണ്. കാരണം ഞാൻ ഒരു ആൺകുട്ടിയും കുശ പെൺകുട്ടിയുമാണ്.

കുശ പറയും, നമുക്ക് രാജകുമാരിയുടെ വേഷം കെട്ടാം. അതു കഴിയുമ്പോൾ ഞാൻ പറയും നമുക്ക് യുദ്ധം ചെയ്യാം. ഞാൻ ഹനുമാൻ നീ രാവണൻ. എന്റെ കയ്യിലെ വാൾ അവൾക്കു കൊടുത്തിട്ട് അവളുടെ ഞാൻ ഗദ കയ്യിലെടുക്കുന്നു.
പക്ഷേ, ഡാഡി പറയുന്നു, ""ലവൻ, ആൺകുട്ടികൾ ഇങ്ങനെ വേഷം കെട്ടില്ല.''
അതെന്താ കുശയ്ക്ക് രാജകുമാരി വേഷം കെട്ടുകയും ചെയ്യാം യുദ്ധം ചെയ്യുകയും ആവാം!

കുശ പറയും, ""ഞാൻ നിന്നെ ഊഞ്ഞാലിൽ അങ്ങ് ഉയരത്തിലേക്ക് പറത്തി വിടാൻ പോവുകയാണ്.'' ""നോക്കിക്കോ.''
ഊഞ്ഞാലിൽ നിന്ന് പിടിവിട്ട ഞാൻ ആകാശത്തുകൂടെ ഒരു വിമാനം പോലെ പറന്നു.
എന്നിട്ട് പൊത്തോ എന്നു താഴെ.
അമ്മുമ്മ എന്നെ എടുത്ത് ഉമ്മ തന്നു. എന്നിട്ടു പറഞ്ഞു, ""ധീരനാവൂ, ആൺകുട്ടികൾ കരയില്ല.''
അതെന്താ, കുശയ്ക്ക് കരയാം, എനിക്കു പാടില്ല!
കുശ പറയും, ""ഹീരയുടെ പിറന്നാളിന് എനിക്ക് തിളങ്ങുന്ന പിങ്ക് ടി ഷർട്ട് ഇടണം.'' ""എനിക്കും എനിക്കും.''

പക്ഷേ, അമ്മ പറയും, ""അല്ല ലവൻ, ആൺകുട്ടികൾ പിങ്ക് ഉടുപ്പ് ഇടില്ല. ഇതാ നിന്റെ വരയുള്ള നല്ല നീലയുടുപ്പ്.''
അതെന്താ, കുശയ്ക്ക് പിങ്ക് ഉടുപ്പിടാം, എനിക്കു പാടില്ല!
കണ്ണു പെടാതിരിക്കാനായി ചേച്ചി ഞങ്ങളുടെ മുഖത്ത് കറുത്ത പൊട്ട് ഇടുകയായിരുന്നു. ""അമ്മയുടെ പോലെ എനിക്കും നെറ്റിയിൽ പൊട്ടുപോലെ ഇടണം.''
ചേച്ചി ചിരിച്ചിട്ടു പറയും, ""പൊട്ടൻ.''
കുശയും ചിരിച്ചിട്ടു പറയും, ""പൊട്ടൻ, പൊട്ടൻ.''
അതെന്താ, പെൺകുട്ടികൾക്ക് പൊട്ടിടാം, ആൺകുട്ടികൾക്ക് പാടില്ല!
അമ്മായിയുടെ കല്യാണമാണ്. ഭയങ്കര രസം! എനിക്കും കുശക്കും ഒരുപാട് രാത്രിവരെ ഉറങ്ങാതിരിക്കാം! എത്ര ലഡു വേണമെങ്കിലും തിന്നാം. അമ്മയ്ക്ക് ദേഷ്യം വരികയേ ഇല്ല.
അച്ഛൻ എന്റെ തലയിൽ ഒരു പിങ്ക് തലപ്പാവ് കെട്ടുന്നു. എന്നിട്ട് അച്ഛന്റെ തലയിലും ഒരു പിങ്ക് തലപ്പാവ്. യേ! ഞങ്ങൾക്ക് രണ്ടുപേർക്കും ഒരേ തരം തലപ്പാവ്!
പക്ഷേ, ഞാൻ വിചാരിച്ചിരുന്നത് ആൺകുട്ടികൾ പിങ്ക് ഉടുക്കില്ല എന്നാണല്ലോ!
ചെണ്ടക്കാർ കൊട്ടുന്നു. ഞാൻ അവരുടെ അടുത്തു പോയി, അവരെന്നെയും കൊട്ടാൻ സമ്മതിച്ചു. ഡും, ഡും, ഡും. എല്ലാവരും നൃത്തം ചെയ്യുന്നു, അമ്മുമ്മ പോലും!
അമ്മായി ഒരു കാറിൽ കയറുന്നു, എന്നിട്ട് കരയുന്നു. ""അത് വേറൊരു വീട്ടിൽ പോകുന്നതുകൊണ്ടാണ്.''
പക്ഷേ, അച്ഛൻ എന്തിനാണ് കരയുന്നത്?
ആണുങ്ങൾ കരയില്ല എന്നാണ് ഞാൻ വിചാരിച്ചിരുന്നത്. ""ചിലപ്പോൾ നീ അത്ര പൊട്ടനല്ലായിരിക്കും ലവൻ! ആൺകുട്ടി എന്നാൽ ഒരൊറ്റ രീതിയിൽ ആയിരിക്കണമെന്നില്ല.'' അച്ഛൻ എന്നെ കെട്ടിപ്പിടിച്ചു പറയുന്നു, ""ക്ഷമിക്കൂ, ലവൻ നിനക്ക് കുശയുടെ രാജകുമാരി വേഷം ധരിക്കുകയും ഹനുമാൻ ആവുകയും ചെയ്യാൻ പറ്റുമായിരിക്കും.''
അമ്മുമ്മ പറഞ്ഞു, ""ക്ഷമിക്കൂ ലവൻ നീ ലോകത്തെ ഏറ്റവും ധീരനായ കുട്ടി ആയിരിക്കുമ്പോഴും കരഞ്ഞാൽ കുഴപ്പമൊന്നുമില്ല.''
അമ്മ എന്നെ മടിയിലിരുത്തി പറഞ്ഞു, ""നീ പിങ്ക് ഉടുപ്പിൽ എന്ത് സുന്ദരനാണ്!''
ചേച്ചിയും കുശയും ഇക്കിളിപൂണ്ടു ചിരിച്ചു പറഞ്ഞു, ""പ്രത്യേകിച്ചും പൊട്ടു തൊടുമ്പോൾ!''

കരൺ ജോഹർ പറയുന്നു, ""പരമ്പരാഗതമായി ഒരു അമ്മ കുട്ടികൾക്കായി ചെയ്യുന്നതെല്ലാം ഞാൻ ചെയ്യുന്നു. അതുകൊണ്ടാണ് ഞാൻ എന്റെ ഇരട്ടകളുടെ അമ്മയാണന്ന് പറയുന്നത്... എന്റെ സ്ത്രീ സുഹൃത്തുക്കളെക്കാൾ എത്രയോ സ്‌റ്റൈലിൽ ഞാൻ തിളങ്ങുന്ന പിങ്ക് സ്‌നിക്കേഴ്‌സ് ഇടുന്നു!'' ""എന്നാലും എന്റെ കുട്ടികളെ വളർത്തിക്കൊണ്ടു വരുമ്പോൾ പഴയ നിയമങ്ങളനുസരിച്ചാണ് അവരെ വളർത്തുന്നതെന്ന് എനിക്ക് തോന്നാറുണ്ട്. ആണും പെണ്ണുമായ ഇരട്ടകളെ വളർത്തുമ്പോൾ ഇത് കൂടുതൽ രൂക്ഷമായി തോന്നാറുണ്ട്. കുട്ടികൾക്ക് ആൺ-പെൺ വേഷം ധരിപ്പിക്കുന്നതിനെക്കുറിച്ച് എന്റെ അമ്മയുമായി ഞാൻ നിരന്തരമായി പോരാട്ടത്തിലാണ്.''
നിങ്ങൾ നിങ്ങളുടെ കുട്ടികളെ സ്‌നേഹിക്കുന്നുവെങ്കിൽ അവർ എങ്ങനെയാവാൻ ഇഷ്ടപ്പെടുന്നോ അങ്ങനെ വിടരാനനുവദിക്കൂ എന്നു പറഞ്ഞാണ് കരൺ ജോഹർ അവസാനിപ്പിക്കുന്നത്.

പക്ഷേ, ഈ പുസ്തകം വായിച്ചവസാനിപ്പിക്കുമ്പോൾ എനിക്കു തോന്നിയത് ഒരു അമ്മയെന്ന നിലയിൽ കരൺ ജോഹറിനെ ചിത്രീകരിക്കുന്ന വേറെ നല്ല ഒരു ബാലപുസ്തകത്തിനു സാധ്യത ഉണ്ടെന്നാണ്. വീട്ടിൽ പുരുഷന്റെ പങ്കിലെ ഇത്തരം വ്യത്യസ്തതകൾ പരിചയപ്പെടുത്തുന്നതും പുരുഷാധിപത്യത്തെ ചോദ്യം ചെയ്യുന്നതാണ്. ഒറ്റയ്ക്ക് കുട്ടികളെ വളർത്തുന്ന അച്ഛന്മാരും അപൂർവമല്ലല്ലോ.

കുട്ടികൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളിലൊന്നാണ് ഈ ആൺ പെൺ വാർപ്പുമാതൃകകൾക്കുള്ളിൽ ഞെക്കി വളർത്തൽ. വിവാഹമോചിതരായ രക്ഷകർത്താക്കളുടെ മക്കളായ ജീവിതം, Single mother വളർത്തുന്ന കുട്ടി, Single father വളർത്തുന്ന കുട്ടി, അന്യസംസ്‌കാരങ്ങളിൽ ജീവിക്കുന്ന കുട്ടികളുടെ സാംസ്‌കാരിക പ്രശ്‌നങ്ങൾ എന്നിങ്ങനെ നിരവധി കാര്യങ്ങൾ കുട്ടികളുടെ മനസ്സിനെ അലട്ടുന്നു. അവയെ സർഗാത്മകമായി അഭിമുഖീകരിക്കുന്ന പുസ്തകങ്ങൾ എഴുതാൻ നമ്മുടെ എഴുത്തുകാരോ അവ പ്രസിദ്ധീകരിക്കാൻ നമ്മുടെ ബാലസാഹിത്യ പ്രസിദ്ധീകരണ സംവിധാനമോ ഇപ്പോഴും പ്രചോദിതരാവുന്നില്ല എന്നത് ഒരു പിന്നോക്കാവസ്ഥയാണ്. കുട്ടികൾക്കായി മുതിർന്നവർക്കെഴുതുന്ന സാഹിത്യത്തിന്റെ ബോൺസായ് പതിപ്പുകൾ ഉണ്ടാക്കാനാണ് നമുക്കിപ്പോഴും ഇഷ്ടം.

ഇന്ത്യയിലെ ബാലസാഹിത്യത്തിൽ ആൺകുട്ടിക്ക് കാറും പെൺകുട്ടിക്ക് പാവയും ആൺകുട്ടിക്ക് മങ്ങിയ നിറമുള്ള ഉടുപ്പും പെൺകുട്ടിക്ക് തിളങ്ങുന്ന നിറങ്ങളും എന്ന വെട്ടിൽ നിന്ന് ഇതുവരെ മോചിതമാവാൻ കഴിഞ്ഞിട്ടില്ല. ആ അവസ്ഥയിൽ ഇരുവർക്കും ഇവയെല്ലാം ആയാലെന്താ എന്നതിനെക്കുറിച്ചാണ് ബാലസാഹിത്യരംഗത്ത് സംവാദം നടക്കുന്നത്. ആ വേളയിലാണ് പിങ്ക് ഉടുപ്പ് ഇടുന്നതിൽ സന്തോഷം കാണുന്ന ആൺകുട്ടിയുമായി കരൺ ജോഹർ വരുന്നത്. അങ്ങനെയാണ് നമ്മുടെ ബാലസാഹിത്യസങ്കല്പത്തെ ഈ പുസ്തകം തലതിരിച്ചിടുന്നത്.

പ്രിയ കുര്യൻ

ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രകാരിലൊരാളായ പ്രിയ കുര്യൻ ചിത്രീകരണം നടത്തിയിരിക്കുന്നു. ചിത്രീകരണത്തിന് ടാറ്റാ ട്രസ്റ്റിന്റെ പരാഗ് നല്കുന്ന ബിഗ് ലിറ്റിൽ ബുക്ക് പുരസ്‌കാരം ലഭിച്ചയാളാണ് പ്രിയ.

ഈ പുസ്തകത്തെക്കുറിച്ച് കരൺ ജോഹർ നടത്തുന്ന പ്രൊമോ എന്ന ലിങ്കിൽ കാണാം ▮


റൂബിൻ ഡിക്രൂസ്‌

നാഷണൽ ബുക്ക് ട്രസ്റ്റിന്റെ മലയാളം എഡിറ്റർ, കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ.

Comments