Photo : Muhammed Hanan Ak

തെരുവിൽനിന്ന്​ എടുത്തു വളർത്തുന്ന ഒരു പട്ടി
​നമ്മെ കുറച്ചുകൂടി നല്ല മനുഷ്യരാക്കും

തീർച്ചയായും, തെരുവുനായപ്രശ്നം പരിഹരിച്ചേതീരൂ. പക്ഷേ അവയെ ഉന്മൂലനം ചെയ്യുക എന്ന ഒരിക്കലും എഫക്റ്റീവായി നടപ്പിലാക്കാൻ കഴിയാത്ത, പൈശാചികമായ പ്രതിവിധിയെപ്പറ്റി സംസാരിക്കുന്ന ‘അൺസിവിലൈസ്ഡ്’ സമൂഹമായി മാറാതിരിക്കാം നമുക്ക്.

പാണ്ടനെന്നും കറമ്പനെന്നും വെളുമ്പനെന്നും ചെമ്പനെന്നുമൊക്കെയായിരുന്നു നമ്മളവരെ വിളിച്ചിരുന്നത്. കുറച്ചുകൂടി പ്രൗഢിയുള്ള അപൂർവ്വം ചിലർ ടിപ്പു, കൈസർ, ടൈഗർ തുടങ്ങിയ രാജകീയനാമങ്ങളിലും അറിയപ്പെട്ടു. അതേ, പറഞ്ഞുവരുന്നത് പണ്ടൊക്കെ നമ്മുടെ വീടുകളിൽ വളർത്തിയിരുന്ന നാടൻപട്ടികളെക്കുറിച്ചാണ്. (തീർച്ചയായും ഇവിടെ ഒരു ജെൻഡർ പ്രശ്നമുണ്ട്. പക്ഷേ അതാണ് റിയാലിറ്റി!) ഇപ്പോൾ നമ്മളവരെ മുഴുവൻ വിളിക്കുന്നത് ഒരൊറ്റപേരിലാണ്, തെരുവുനായ്ക്കൾ. വീടായവീടുമുഴുവൻ വിദേശബ്രീഡുകളെ കൊണ്ടുനിറഞ്ഞപ്പോൾ വീട്ടുനായ്ക്കളിൽനിന്ന്​ തെരുവുനായ്ക്കളായി മാറിയ നമ്മുടെ native hounds (ഉണ്ടാക്കിപ്പേരാണ്) അഥവാ നാടൻപട്ടികൾ.

സത്യത്തിൽ നമ്മുടെ നാടൻ പട്ടികളേയും പൂച്ചകളേയും നമുക്ക് ഇത്രക്കങ്ങു വേണ്ടാതായത് എന്തുകൊണ്ടാണ്? ഒരു കിണ്ണം ചോറും ആണ്ടിനും സമ്പ്രാന്തിക്കും ഒരെല്ലിൻ കഷണവും പിന്നെ വല്ലപ്പോഴും കറമ്പാാാ എന്നൊരു വിളിയുമുണ്ടെങ്കിൽ ജീവിതകാലം മുഴുവൻ നമുക്കു കൂട്ടായി നമ്മുടെ പിന്നാലെ ഓടിനടന്ന അവരെ എപ്പോഴാണ് നാം ഇത്രക്ക് വെറുക്കാൻ തുടങ്ങിയത്? നാടൻനായ്ക്കൾക്ക് ശൗര്യം കുറവാണെന്ന് ആരും പറയില്ല. പിന്നെന്താ, അവർക്ക് ഇപ്പറഞ്ഞ വിദേശ ബ്രീഡുകളുടെ ലുക്കില്ല! ഭംഗിയില്ല! നോക്കൂ, ട്രോപ്പിക്കൽ കാലാവസ്ഥയിൽ ജീവിക്കാൻ അനുയോജ്യമായ രീതിയിൽ ഉണ്ടാക്കപ്പെട്ട മനുഷ്യരും മൃഗങ്ങളും ആണ് നമ്മളും അവരും. മനുഷ്യരുടെ കാര്യത്തിലെന്നപോലെ തന്നെ ഭംഗിയെ അളക്കുന്ന നമ്മുടെ കാഴ്ചപ്പാടിന്റെ പ്രശ്നമാണിവിടെയും. അവരെ കാണാൻ ഭംഗിയില്ലെങ്കിൽ നമ്മളെയും കാണാൻ ഭംഗിയില്ല! (നമ്മുടെ കാഴ്ചപ്പാടിലെ ഭംഗിവച്ചാണെങ്കിൽ മൃഗാധിപത്യം വന്നാൽ നമ്മുടെ നാടൻപട്ടികളും പൂച്ചകളും കൂടി നമ്മളെയൊക്കെ കൊണ്ടുപോയി കിണറ്റിൽ കളഞ്ഞിട്ട് വെളുവെളുത്ത സായിപ്പന്മാരേയും മദാമ്മമാരേയും ഇറക്കുമതി ചെയ്തേനെ! പക്ഷേ അവരതുചെയ്യില്ല, കട്ടായം!)

പ്രകൃതി അത്ഭുതകരമായ സന്തുലനം പാലിച്ചു നിർമ്മിച്ചിരിക്കുന്ന ഈ ആവാസവ്യവസ്ഥയെ തകിടം മറിക്കാൻ കഴിവുള്ള ഒരൊറ്റ ജീവിവർഗ്ഗമേ ഉള്ളൂ, അതു മനുഷ്യനാണ്. മറ്റെല്ലാ ജീവിവർഗ്ഗവും, തെരുവുനായാകട്ടെ, വന്യജീവികളാവട്ടെ, മനുഷ്യന്റെ ചെയ്തികളുടെ അനന്തരഫലം അനുഭവിക്കാൻ വിധിക്കപ്പെട്ടവർ മാത്രമാണ്. തെരുവുനായ്ക്കൾ ക്രമാതീതമായി വർദ്ധിക്കുന്നതിൽ അവർക്ക് ഒരു റോളുമില്ല. എന്നാൽപ്പിന്നെ അങ്ങുപെറ്റുപെരുകി മനുഷ്യരെ മുഴുവൻ ആക്രമിച്ചു ശരിയാക്കിക്കളയാം എന്ന് ഒരുനായും വിചാരിച്ചുവച്ചിട്ടില്ല.

ഒരു കിണ്ണം ചോറും ആണ്ടിനും സമ്പ്രാന്തിക്കും ഒരെല്ലിൻ കഷണവും പിന്നെ വല്ലപ്പോഴും കറമ്പാാാ എന്നൊരു വിളിയുമുണ്ടെങ്കിൽ ജീവിതകാലം മുഴുവൻ നമുക്കു കൂട്ടായി നമ്മുടെ പിന്നാലെ ഓടിനടന്ന അവരെ എപ്പോഴാണ് നാം ഇത്രക്ക് വെറുക്കാൻ തുടങ്ങിയത്? / Photo: Stray Faces, Fb

തെരുവുനായ്ക്കൾക്ക് യാതൊരു നിയന്ത്രണവുമില്ലാതെ വംശവർദ്ധനയുണ്ടാകാൻ പാകത്തിന് ഇമ്മാതിരി വെയ്സ്റ്റ് നാം വഴിയിൽ തള്ളാൻ തുടങ്ങിയിട്ട് വർഷം എത്രയായി? എന്റെയൊന്നും കുട്ടിക്കാലത്ത്, അതായത് എൺപതുകളിലൊന്നും ഇവിടെ തെരുവുവെയ്സ്റ്റ്​ ഉണ്ടായിരുന്നില്ല, തെരുവുനായയും ഉണ്ടായിരുന്നില്ല. നിർഭാഗ്യവശാൽ ഇപ്പോൾ രാവിലെ വെയ്സ്റ്റ് റോഡിൽ കൊണ്ടുപോയി ഇട്ടശേഷം തെരുവുനായശല്യത്തെപ്പറ്റി ഘോരഘോരം പ്രസംഗിക്കുന്ന സമൂഹമായിപ്പോയി നമ്മുടേത്. ഇനി ജനം വെയ്സ്റ്റ് കൃത്യമായി പാത്രങ്ങളിലാക്കി മുന്നിൽവച്ചാൽത്തന്നെ സർക്കാർ, തദ്ദേശസ്വയംഭരണ വെയ്സ്റ്റ് മാനേജ്മെൻറ്​ സിസ്റ്റം ഫലപ്രദമായാണോ പ്രവർത്തിക്കുന്നത്? പൊതുസ്ഥലങ്ങളും നിരത്തുകളുമൊക്കെ ക്രമാതീതമാംവിധം ഭക്ഷണവെയ്സ്റ്റുകൊണ്ടുനിറഞ്ഞ ഈ അസ്വാഭാവിക ആവാസവ്യവസ്ഥയിൽ പുഴുവും എലിയും പട്ടിയും പൂച്ചയുമൊക്കെ സ്വാഭാവികമായും പെറ്റുപെരുകും. പട്ടിയായാലും പൂച്ചയായാലും കാര്യമായി ഭക്ഷണം ലഭ്യമല്ലാത്ത അവസ്ഥയിലെ പ്രസവത്തിലുണ്ടാകുന്ന കുഞ്ഞുങ്ങളുടെ എണ്ണവും നമ്മുടേതുപോലെ ഭക്ഷണത്തിന്റെ ആധിക്യമുള്ള അവസ്ഥയിലുണ്ടാകുന്ന കുഞ്ഞുങ്ങളുടെ എണ്ണവും തമ്മിൽ വലിയ വ്യത്യാസമുണ്ടായിരിക്കും. എന്നാൽ നാളെമുതൽ അവക്ക് വെയ്സ്റ്റ് ഉൾപ്പെടെ ഒരുവിധ ഭക്ഷണവും ലഭ്യമാവാതെ വന്നാലോ? അതും വലിയ പ്രശ്നമായി മാറും. ഒരേസമയം, മാലിന്യപ്രശ്നവും കൂടി പരിഹരിച്ചുകൊണ്ടേ തെരുവുനായ പ്രശ്നം പരിഹരിക്കാനാവൂ. അതുകഴിഞ്ഞ് അവക്ക് കൃത്യമായി ഭക്ഷണം കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം.

പട്ടികളും പൂച്ചകളും ഒരിക്കലും മനഃപൂർവ്വം മനുഷ്യനെ പ്രകോപിപ്പില്ല. അത് അവരുടെ നിലനിൽപ്പിനുതന്നെ ഭീഷണിയാണെന്ന തിരിച്ചറിവ് അവർക്കുണ്ട്. ഇപ്പോൾ അവർ അക്രമം കൂടുതൽ കാണിക്കുന്നുണ്ടെങ്കിൽ അതിനെന്തെങ്കിലും കാരണം കാണും.

ഞാനൊരു മൃഗസംരക്ഷകയൊന്നുമല്ല. പക്ഷേ എത്രയോ വർഷങ്ങളായി കൊച്ചിയിലെ പട്ടിക്കൂട്ടങ്ങൾക്കിടയിലൂടെതന്നെ സ്ഥിരം നടക്കുന്ന ആളാണ്. അവരെ അക്രമാസക്തരായി പൊതുവെ കാണാറില്ല. കാരണം പട്ടികളും പൂച്ചകളും ഒരിക്കലും മനഃപൂർവ്വം മനുഷ്യനെ പ്രകോപിപ്പില്ല. അത് അവരുടെ നിലനിൽപ്പിനുതന്നെ ഭീഷണിയാണെന്ന തിരിച്ചറിവ് അവർക്കുണ്ട്. ഇപ്പോൾ അവർ അക്രമം കൂടുതൽ കാണിക്കുന്നുണ്ടെങ്കിൽ അതിനെന്തെങ്കിലും കാരണം കാണും. ഏതെങ്കിലും രീതിയിൽ ത്രെറ്റൻഡ് ആകുമ്പോഴാണ് അവർ അക്രമാസക്തരാകുന്നത്. ഇപ്പോൾ നായ്ക്കൾക്കുനേരേ നാം തുടങ്ങിയിരിക്കുന്ന വയലൻസ് അവരെ കൂടുതൽ ഭയപ്പെടുത്തുകയും അത് കൂടുതൽ അക്രമമായി പുറത്തുവരികയും ചെയ്യും. കഴിഞ്ഞദിവസം ടെലിവിഷൻ ചർച്ചയിൽ പങ്കെടുത്ത ഒരു ഡോക്ടർ പറഞ്ഞതോർക്കുന്നു, ‘കേരളത്തിലെ പട്ടികടികേസുകൾ വളരെയധികം വർദ്ധിച്ചിട്ടുണ്ട്. പക്ഷേ അവയിൽ പകുതിയും വീട്ടിൽവളർത്തുന്ന പട്ടികളുടേതാണ്'. ആ ഒരുവസ്തുത നാം സൗകര്യപൂർവ്വം വിസ്മരിക്കുന്നു. കുറ്റം മുഴുവൻ തെരുവുനായുടേതാകുന്നു.

Photo : Stray Faces, Fb

ഇനി അക്രമാസക്തതയെപ്പറ്റി പറയാൻതന്നെ നമുക്കെന്തവകാശം?. ബാക്കി കിട്ടാനുള്ള ചില്ലറയുടെ പേരിലും പൊറോട്ടയും ഇറച്ചിയും കിട്ടാത്തതിന്റെ പേരിലും ഒക്കെവരെ മറ്റൊരുമനുഷ്യനെ ഒരുമടിയുമില്ലാതെ കൊല്ലാൻ കഴിയുന്ന ഒരു ജനതയാണു നാം. സ്നേഹിക്കുന്നയാളെ ഒരുമടിയുമില്ലാതെ പെട്രോളൊഴിച്ചുകത്തിക്കുന്ന ജനത. നമ്മിലെ ആക്രമണോത്സുകതയെ ആരാണളക്കുക? പട്ടി കടിക്കുന്നതിന്റേയും പൂച്ച കടിക്കുന്നതിന്റേയുമൊക്കെ കൃത്യമായ കണക്കുണ്ട് നമ്മുടെ കയ്യിൽ. എന്നാൽ അടി മുതൽ കൊലപാതകം വരെ ഒരുദിവസം മനുഷ്യൻ മനുഷ്യനോടുകാണിക്കുന്ന അതിക്രമങ്ങളുടെ കണക്ക് ഒന്നെടുത്താൽ അതെത്രമാത്രം ഭയാനകമായിരിക്കും. അതുപോലെ, മനുഷ്യനെ കടിക്കുന്ന കണക്കിനൊപ്പം കാലങ്ങളായി നാം പട്ടികളോടും പൂച്ചകളോടും കാണിക്കുന്ന അതിക്രമങ്ങളുടെ കണക്കുകൂടി നോക്കുന്നതുനന്നായിരിക്കും. പ്രത്യേകിച്ച് ഒരുകാര്യവുമില്ലാതെ വിഷംകൊടുത്തും കെട്ടിത്തൂക്കിയും മാർക്ക്മാൻസ്ഷിപ്പ് പരീക്ഷിക്കാനായി വെടിവച്ചും വെട്ടിക്കൊന്നുമൊക്കെ എത്രമാത്രം പട്ടികളേയും പൂച്ചകളേയും നാം കൊല്ലുന്നുണ്ട്.

ഇന്ത്യയിലെ ആദ്യത്തെ ആൻറി റാബിസ് സ്റ്റേറ്റായി മാറിയ ഗോവയിൽ 2014 ലാണ് മിഷൻ റാബിസ് എന്ന പേരിൽ തെരുവുനായ്ക്കളിൽ വാക്സിനേഷൻ പരിപാടി തുടങ്ങുന്നത്. ആവർഷം പതിനേഴ്​ റാബിസ് മരണമാണ് അവിടെയുണ്ടായത്. അതിൽനിന്ന്​ പേവിഷമുക്തസ്റ്റേറ്റാവാൻ ഏഴുവർഷത്തെ നിരന്തര പ്രവർത്തനമാണ് ഗോവ നടത്തിയത്.

തെരുവുനായ്ക്കളുടെ എണ്ണം കഴിഞ്ഞ വർഷങ്ങളിൽ കൂടിയിട്ടുണ്ടെന്നത് വസ്തുതയാണ്. വർഷങ്ങൾക്കുമുമ്പ് നാം തുടങ്ങിയ നായ്ക്കളുടെ വന്ധ്യംകരണപരിപാടിയായ ‘എ.ബി.സി’ കൃത്യമായി നടപ്പിലാക്കാത്തതാണ് ഇതിന്റെ പ്രധാന കാരണമായി മൃഗസംരക്ഷണരംഗത്തുപ്രവർത്തിക്കുന്നവർ പറയുന്നത്. ഇനിയും ഇതുപോലെ വംശവർദ്ധന തുടർന്നാൽ നമുക്ക് ഒന്നും ചെയ്യാനാവാത്ത അവസ്ഥ വരുമത്രേ. എന്നാൽ പ്രശ്നപരിഹാരത്തിനുള്ള യഥാർത്ഥ പരിശ്രമത്തിനപ്പുറം ഒരുസർക്കാർ കാട്ടിക്കൂട്ടൽ, കണ്ണിൽപൊടിയിടൽ പരിപാടിയായി ‘എ.ബി.സി’ മാറി. ഇനിയെങ്കിലും ഗ്രൗണ്ട്​ലെവലിൽ പ്രവർത്തിക്കുന്ന മൃഗസംരക്ഷകപ്രവർത്തകരെ കാര്യമായി ഉൾപ്പെടുത്തിക്കൊണ്ടുവേണം ഇത്തരം കമ്മറ്റികൾ ഉണ്ടാക്കാനും പദ്ധതികൾ രൂപീകരിക്കാനും.

പ്രീതി ശ്രീവൽസൻ

വർഷങ്ങളായി തൃശൂരിൽ ‘പോസ്’ എന്ന പേരിൽ തെരുവുമൃഗങ്ങളുടെ റെസ്‌ക്യൂവും ഷെൽറ്ററും നടത്തുന്ന പ്രീതി ശ്രീവൽസൻ പറയുന്നു:‘എത്രയോ വർഷങ്ങളായി ഗ്രൗണ്ട് ലെവലിൽ പ്രവർത്തിക്കുന്നതുകൊണ്ട് നമുക്ക് ഇവയെപ്പറ്റി മറ്റാരേക്കാളും അറിയാം. സ്റ്റെറിലൈസേഷൻ പ്രോഗ്രാമിലായാലും വാക്സിനേഷൻ പ്രോഗ്രാമിലായാലും അതുപോലെ ആനിമൽസുമായി ബന്ധപ്പെട്ട മറ്റുപദ്ധതികളിലുമൊക്കെ ഈ രംഗത്ത് ജെന്യൂൻ ആയി പ്രവർത്തിക്കുന്നവരെ കൂടുതൽ ഉൾപ്പെടുത്തണം. എ.ബി.സി ഒക്കെ നടപ്പിലാക്കുമ്പോൾ നമ്മൾ വളരെ ശ്രദ്ധിക്കണം. ഒരു സ്ഥലത്തുനിന്ന്​ പിടിച്ച പട്ടിയെ സ്റ്റെറിലൈസേഷനുശേഷം അതേ സ്ഥലത്തുതന്നെ തിരിച്ചുവിടണം. കാരണം പട്ടിയും പൂച്ചയുമൊക്കെ വളരെ ടെറിറ്റോറിയലാണ്. ‘എ.ബി.സി’ സ്റ്റേറ്റ് മുഴുവനായി ഒന്നിച്ചു നടപ്പിലാക്കേണ്ട പരിപാടിയാണ്. ഒരു പ്രദേശത്ത് കുറേ പട്ടികളെ സ്റ്റെറിലൈസ് ചെയ്തതുകൊണ്ട് കാര്യമില്ല. അതുവർഷങ്ങളോളം നമ്മൾ തുടർച്ചയായി വളരെ എഫിഷ്യന്റായിത്തന്നെ ചെയ്തുകൊണ്ടിരിക്കേണ്ട ഒരുസംഗതിയാണ്.'

​​​​​​​ഇന്ത്യ, ഫിലിപ്പീൻസ്, മൗറീഷ്യസ്, ബംഗ്ലാദേശ്, പാക്കിസ്ഥാൻ തുടങ്ങി പലസമയങ്ങളിൽ പലരീതികളിൽ തെരുവുനായ്ക്കളെ കൊന്ന് ഈ പ്രശ്നത്തിനുപരിഹാരം കാണാൻ ശ്രമിച്ച ഇടങ്ങളിലൊന്നും ഇതൊരു പരിഹാരമേ ആയില്ല എന്നതാണു വാസ്തവം.

ഇന്ത്യയിലെ ആദ്യത്തെ ആൻറി റാബിസ് സ്റ്റേറ്റായി മാറിയ ഗോവയിൽ 2014 ലാണ് മിഷൻ റാബിസ് എന്ന പേരിൽ തെരുവുനായ്ക്കളിൽ വാക്സിനേഷൻ പരിപാടി തുടങ്ങുന്നത്. ആവർഷം പതിനേഴ്​ റാബിസ് മരണമാണ് അവിടെയുണ്ടായത്. അതിൽനിന്ന്​ പേവിഷമുക്തസ്റ്റേറ്റാവാൻ ഏഴുവർഷത്തെ നിരന്തര പ്രവർത്തനമാണ് ഗോവ നടത്തിയത്. ഇതുപോലെ വിജയകരമായ ഒത്തിരി ഉദാഹരണങ്ങളുണ്ട് നമുക്കുമുന്നിൽ. പക്ഷേ സർക്കാരും മൃഗസംരക്ഷകരും സർവ്വോപരി ജനങ്ങളും ഒക്കെ ഉൾപ്പെട്ട കൂട്ടായ പ്രവർത്തനത്തിലൂടെയേ ഇതു സാദ്ധ്യമാകൂ. കൊച്ചിയിൽ ധ്യാൻ ഫൗണ്ടേഷൻ റസ്‌ക്യൂ പദ്ധതി നടത്തുന്ന പ്രതിക് സുധാകരൻ പറയുന്നു: ‘വാക്സിനേറ്റ് ചെയ്യാനോ സ്റ്റെറിലൈസ് ചെയ്യാനോ പെട്ടെന്നുപോയി നായയെ പിടിക്കാനാവില്ല. അതിന് ട്രെയിനിംഗ് വേണം. സർക്കാർ ആളുകളെ തെരഞ്ഞെടുത്താൽ നമ്മളിവിടെ അവർക്ക് ട്രെയിനിംഗ് കൊടുക്കാൻ റെഡിയാണ്'.

തീർച്ചയായും, ഇപ്പോഴത്തെ തെരുവുനായപ്രശ്നം പരിഹരിച്ചേതീരൂ. ഞാനുൾപ്പെടെ റോഡിലൂടെ നടക്കുന്ന എല്ലാവർക്കും നായ കടിച്ചേക്കുമെന്ന ഭയമുണ്ട്. പക്ഷേ അവയെ ഉന്മൂലനം ചെയ്യുക എന്ന ഒരിക്കലും എഫക്റ്റീവായി നടപ്പിലാക്കാൻ കഴിയാത്ത, പൈശാചികമായ പ്രതിവിധിയെപ്പറ്റി സംസാരിക്കുന്ന ‘അൺസിവിലൈസ്ഡ്’ സമൂഹമായി മാറാതിരിക്കാം നമുക്ക്. ഇന്ത്യ, ഫിലിപ്പീൻസ്, മൗറീഷ്യസ്, ബംഗ്ലാദേശ്, പാക്കിസ്ഥാൻ തുടങ്ങി പലസമയങ്ങളിൽ പലരീതികളിൽ തെരുവുനായ്ക്കളെ കൊന്ന് ഈ പ്രശ്നത്തിനുപരിഹാരം കാണാൻ ശ്രമിച്ച ഇടങ്ങളിലൊന്നും ഇതൊരു പരിഹാരമേ ആയില്ല എന്നതാണു വാസ്തവം. കള്ളിംഗ് (കൂട്ടക്കൊല) ഒരുരീതിയിലുള്ള ഫലവും ഉണ്ടാക്കുകയില്ലെന്നുമാത്രമല്ല, അടുത്ത ജനറേഷൻ നായ്ക്കൾ കൂടുതൽ അഗ്രസീവാവുകയാണ് ഉണ്ടാവുക.

ഇന്ത്യയിലെ ആദ്യത്തെ ആൻറി റാബിസ് സ്റ്റേറ്റായി മാറിയ ഗോവയിൽ 2014 ലാണ് മിഷൻ റാബിസ് എന്ന പേരിൽ തെരുവുനായ്ക്കളിൽ വാക്സിനേഷൻ പരിപാടി തുടങ്ങുന്നത്. / Photo: Mission Rabies Goa, Fb

പതിമൂന്നു വർഷമായി ഈ രംഗത്തുപ്രവർത്തിക്കുന്ന പ്രതിക്, മൃഗസംരക്ഷണവകുപ്പായാലും സർക്കാർ മൃഗാശുപത്രികളായാലും റേബിസ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കാണിക്കുന്ന അത്ഭുതപ്പെടുത്തുന്ന ഉത്തരവാദിത്വമില്ലായ്മ കണ്ട് മനസുമടുത്ത ആളാണ്:‘റാബിസ് ബാധയുണ്ടെന്നു സംശയിക്കുന്ന നായയെയും കൊണ്ട് സർക്കാർ ആശുപത്രിയിൽ ചെന്നാൽ അവിടെ അതിനെ ഐസലോറ്റ് ചെയ്യാൻ സംവിധാനമില്ല. അവരങ്ങനത്തെ കേസുകൾ പരമാവധി അറ്റൻഡ് ചെയ്യില്ല. അതുപിന്നെ നമ്മടെ ഉത്തരവാദിത്തമാണ്​. സർക്കാർ ഇതിനെല്ലാം പൈസ ചെലവാക്കുന്നെണ്ടെന്നോർക്കണം. ഇതിന് കൃത്യമായ കർമനിരതമായ സംവിധാനം വേണം. റാബിസ് ആണെന്നുറപ്പുള്ള ഒരു നായയേം കൊണ്ട് പലപ്പോളും നമ്മൾ എത്ര നടക്കേണ്ടി വരുന്നുണ്ടെന്നറിയാമോ? റാബിസ് ബാധിച്ചാണ്​ ചത്തതെന്ന് ഏതാണ്ടുറപ്പുള്ള നായയെ പോസ്റ്റുമോർട്ടത്തിനയക്കാൻ പോലും പലപ്പോഴും സർക്കാർ മൃഗാശുപത്രികൾ മെനക്കെടാറില്ല. കഴിഞ്ഞവർഷം ഫോർട്ടുകൊച്ചിയിൽനിന്ന്​ പേവിഷബാധയുണ്ടെന്നു സംശയിക്കുന്ന ഒരു പട്ടിയേയും കൊണ്ട് ഞാൻ ജില്ലാ മൃഗാശുപത്രിയിൽ ചെന്നു. റാബിസ് ബാധയുണ്ടെന്നുസംശയമുള്ളതിനാൽ അതിനെ ഐസൊലേറ്റ് ചെയ്യാൻ ഞാൻ തന്നെ തിരിച്ചുകൊണ്ടുപോന്നു. രണ്ടുദിവസം കഴിഞ്ഞപ്പോൾ നായ ചത്തു. മണ്ണുത്തിയിലേക്ക് പോസ്റ്റ്മോർട്ടത്തിനയക്കാൻ വേണ്ട സംവിധാനം ഇല്ല എന്നുപറഞ്ഞ് സർക്കാർ സംവിധാനങ്ങളെല്ലാം ഒഴിവായി. ഒടുവിൽ ഞാൻ തന്നെ ഐസ്ബോക്സ് ഉണ്ടാക്കി അയച്ചു. പട്ടിക്ക് റേബിസ് ഉണ്ടെന്ന് സ്ഥിരീകരിച്ചു. നിങ്ങൾ വിശ്വസിക്കുവോന്നറിയില്ല, പോസ്റ്റുമോർട്ടത്തിനുശേഷം ആ ബോഡി അവരെനിക്ക് ധ്യാൻ ഫൗണ്ടേഷനിലേക്ക് തിരിച്ചയച്ചുതരികയാണുണ്ടായത്!

പ്രതിക് സുധാകരൻ

ഇതുപോലെ ഈ മാർച്ചിൽ തൃപ്പൂണിത്തുറയിൽനിന്ന്​ ഒരു റാബിസ് സസ്പെക്റ്റ് കേസുമായി വിളിച്ചു. പട്ടിയെ ഒരു ചെറിയ ചായക്കടക്കുള്ളിൽ കെട്ടിയിട്ടിരിക്കുകയാണ്. ജില്ലാ വെറ്റിനറി സെന്ററിൽനിന്നും പറഞ്ഞു, തൃപ്പൂണിത്തുറ വെറ്റിനറി ക്ലിനിക്കിൽ വിളിക്കാൻ. അവരുപറയുന്നു, മുനിസിപ്പാലിറ്റിയെ വിളിക്കാൻ. മുനിസിപ്പാലിറ്റിയിൽ വിളിച്ചപ്പോൾ വീണ്ടും പറയുന്നു, വെറ്റിനറി ക്ലിനിക്കിനെ സമീപിക്കാൻ. എന്തായാലും ആരും ഉത്തരവാദിത്വം ഏറ്റെടുക്കാതെ പട്ടി രണ്ടുദിവസം ആ ചായകടക്കുള്ളിൽ കിടന്നു. എന്നിട്ടു ചത്തു. അതിനെ പോസ്റ്റ്മോർട്ടത്തിനയക്കുകയോ ഒന്നും ചെയ്തില്ല. ഒരുപ്രദേശത്തെ നായ റാബിസ് വന്നുചത്താൽ ആ പ്രദേശത്തെ 75- 80 ശതമാനം നായ്ക്കൾക്കും വാക്സിനേഷൻ നിർബന്ധമായും എടുക്കണം. എന്നാലേ അവക്ക് ഹെർഡ് ഇമ്മ്യൂണിറ്റി വരികയും അതുവഴി ആ പ്രദേശത്തെ റാബിസ് പ്രശ്നം പരിഹരിക്കപ്പെടുകയും ചെയ്യുകയുള്ളൂ. അതൊന്നും ഒരിക്കലും നടപ്പിലാവാറില്ല.'
മൃഗസംരക്ഷണപ്രവർത്തനങ്ങൾ താരതമ്യേന നല്ല നിലയിൽ നടക്കുന്ന കൊച്ചിയിലാണ് ഈ അവസ്ഥ എന്നോർക്കണം.

പതിനായിരങ്ങൾ മുടക്കി ബ്രീഡിനെ വാങ്ങി വീണ്ടും പതിനായിരങ്ങൾ മുടക്കി അതിനെ ഏറെ ബുദ്ധിമുട്ടി, കഷ്ടപ്പെട്ട് വളർത്തുന്നതിനുപകരം നമ്മുടെ നാടൻ പട്ടിക്കുഞ്ഞുങ്ങളേയും പൂച്ചക്കുഞ്ഞുങ്ങളേയും അഡോപ്റ്റ് ചെയ്തുതുടങ്ങൂ. നമ്മുടെ പട്ടികളും പൂച്ചകളും നമ്മുടെ വീടുകളിൽവളരട്ടെ.

പൊതുവെ മൃഗങ്ങളെ മാനുഷികപരിഗണനയോടെ കാണുന്ന സിവിലൈസ്ഡ് സമൂഹങ്ങളൊക്കെ സി.എൻ.വി.ആർ പ്രോഗ്രാം ആണ് തെരുവുമൃഗങ്ങളുടെ ക്രമാതീതമായ വംശവർദ്ധനക്കുള്ള പ്രതിവിധിയായി കാണുന്നത്. കളക്റ്റ്, ന്യൂട്ടർ, വാക്സിനേറ്റ് ആൻഡ് റിട്ടേൺ. വന്ധ്യംകരണപദ്ധതിതന്നെ. ഒരു തെരുവുനായ പോലും ഇല്ലാത്ത രീതിയിൽ ഈ പദ്ധതി നടപ്പിലാക്കിയ നെതർലാന്റ്സിലാണെങ്കിൽ അഡോപ്റ്റ് ചെയ്യലല്ലാതെ മറ്റിനം നായ്ക്കളെ ഷോപ്പുകളിൽനിന്നും വാങ്ങാൻ പോയാൽ പല തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും വലിയ ടാക്സും ഈടാക്കുന്നുണ്ട്. കാനഡയിലുള്ള ഒരു സുഹൃത്തിന്റെ മകൾ പറഞ്ഞ കഥയാണ്. അവൾക്ക് അവിടെ വളർത്താൻ ഒരു പൂച്ചക്കുട്ടിയെ അഡോപ്റ്റ് ചെയ്യണം. ഏജൻസിയെ സമീപിച്ചപ്പോൾ, അവർ കുറേയധികം നിബന്ധനകൾ മുന്നോട്ടുവച്ചു, കൃത്യമായ ഇൻസ്പെക്ഷനുകൾ ഉണ്ടാവും. എന്തെങ്കിലും തരത്തിലുള്ള നെഗ്ലിജൻസ് കണ്ണിൽപ്പെട്ടാൽ അവർ പൂച്ചയെ തിരിച്ചുകൊണ്ടുപോകും. കഥ പറയുമ്പോൾ സുഹൃത്തുപറഞ്ഞു,‘നമ്മുടെ നാട്ടിലാണെങ്കിൽ എന്തു സുഖമാണ്​. വഴീന്ന് ഏതേലും പൂച്ചേനെ ഇങ്ങെടുത്തോണ്ടുപോരുക.'
പക്ഷേ ആ പൂച്ചകൾ എങ്ങനെ ജീവിക്കുന്നുവെന്ന് നമ്മളാരും അന്വേഷിക്കാറില്ല. വീട്ടിൽവളർത്തുന്ന പൂച്ചകൾ പതിനഞ്ചോ ചിലപ്പോൾ പതിനെട്ടോവർഷം വരെ ജീവിക്കുമെങ്കിൽ തെരുവുപൂച്ചകൾ അഞ്ചുവയസ്സിനപ്പുറം പോയാൽ ഭാഗ്യമാണ്. പ്രസവിച്ചാലുടനെ ചാക്കിൽകെട്ടിക്കൊണ്ടുപോയി വലിച്ചെറിയുന്നതുമുതൽ മനുഷ്യനിൽനിന്നുള്ള നിരവധിയായ അതിക്രമങ്ങളെ ഓരോ ദിവസവും അതിജീവിച്ചാണ് ഒരോ തെരുവുപൂച്ചയും പട്ടിയും വളരുന്നത്.

പൊതുവെ മൃഗങ്ങളെ മാനുഷികപരിഗണനയോടെ കാണുന്ന സിവിലൈസ്ഡ് സമൂഹങ്ങളൊക്കെ സി.എൻ.വി.ആർ പ്രോഗ്രാം ആണ് തെരുവുമൃഗങ്ങളുടെ ക്രമാതീതമായ വംശവർദ്ധനക്കുള്ള പ്രതിവിധിയായി കാണുന്നത്. / Photo: NAWRC, Fb

കേരളത്തിൽ മൂന്നുലക്ഷം തെരുവുനായ്ക്കളുണ്ടെന്നാണ് പത്രറിപ്പോർട്ട്. അതുതന്നെ ശരിക്കുള്ള കണക്കാവില്ല. കാരണം അങ്ങനെയൊരു സർവ്വേ നടന്നിട്ടില്ല. വീട്ടിൽ വളർത്തുന്ന നായ്ക്കൾ എട്ടരലക്ഷത്തോളം എന്നാണ് സർക്കാർ കണക്ക്. ഇതിൽ ഭൂരിപക്ഷവും ബ്രീഡ് ഇനങ്ങൾ ആയിരിക്കും എന്നുറപ്പാണല്ലോ. പതിനായിരങ്ങൾ മുടക്കി ബ്രീഡിനെ വാങ്ങി വീണ്ടും പതിനായിരങ്ങൾ മുടക്കി അതിനെ ഏറെ ബുദ്ധിമുട്ടി, കഷ്ടപ്പെട്ട് വളർത്തുന്നതിനുപകരം നമ്മുടെ നാടൻ പട്ടിക്കുഞ്ഞുങ്ങളേയും പൂച്ചക്കുഞ്ഞുങ്ങളേയും അഡോപ്റ്റ് ചെയ്തുതുടങ്ങൂ. നമ്മുടെ പട്ടികളും പൂച്ചകളും നമ്മുടെ വീടുകളിൽവളരട്ടെ. നമ്മുടെ കുട്ടികൾ അവരുടെകൂടെ കളിച്ചുവളരട്ടെ. പക്ഷേ കൃത്യമായി വാക്സിനേഷൻ എടുക്കണമെന്നുമാത്രം. വേണമെങ്കിൽ എന്നെയൊന്നുപുന്നാരിച്ചോ എന്ന മുഖഭാവത്തോടെ എവിടെയെങ്കിലും കൊണ്ടുവച്ചാൽ അവിടെത്തന്നെയിരിക്കുന്ന പേർഷ്യൻ പൂച്ചയേക്കാൾ എത്ര രസമാണ് എത്ര എന്റർടെയിനിംഗ് ആണ് നാടൻപൂച്ചയുടെ കൂടെ കളിക്കാൻ. അതുപോലെ നാടൻ പട്ടിയും. സ്നേഹിച്ചുകൊല്ലും അവർ നമ്മെ! നായ്ക്കളായാലും പൂച്ചകളായാലും ഈ പല ബ്രീഡുകളും നമ്മുടെ കാലാവസ്ഥയുമായി ചേരാത്തതാണ്. വാങ്ങി അതിന്റെ കമ്പം തീരുമ്പോൾ, അല്ലെങ്കിൽ അതിന് അസുഖം വരുമ്പോഴോ പ്രായമാകുമ്പോഴോ പുറത്തേക്കു തള്ളപ്പെടുന്ന ഇത്തരം ബ്രീഡുകളും കേരളത്തിലെ തെരുവുകളിലും റസ്‌ക്യൂഹോമുകളിലും നിറയെ ഉണ്ട്. തെരുവിൽ ജനിച്ചുവളരുന്ന മൃഗങ്ങൾക്ക് മിനിമം സ്ട്രീറ്റ് സ്മാർട്ട്നെസ്​ എങ്കിലും ഉണ്ടാവും. ഒരിക്കൽപോലും തെരുവുകാണാത്ത ഇതുങ്ങൾ തെരുവിലേക്ക്​ തള്ളപ്പെടുമ്പോഴുണ്ടാവുന്ന അവസ്ഥയോ. ഇത്തരം മനുഷ്യരാകാൻ നമുക്ക് എങ്ങനെ പറ്റുന്നു.

സർക്കാർ ആദ്യം ചെയ്യേണ്ടത് ഒരുവിധമാനദണ്ഡങ്ങളുമില്ലാതെ മുളച്ചുപൊന്തുന്ന ഇത്തരം ബ്രീഡിംഗ് കേന്ദ്രങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ്. ഇത്തരം ബ്രീഡുകളെ വാങ്ങിക്കുന്നവർ അതിന്റെ പിന്നീടങ്ങോടുള്ള എല്ലാത്തരം ഉത്തരവാദിത്വങ്ങളും കൃത്യമായി നിർവ്വഹിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാകണം.

സർക്കാർ ആദ്യം ചെയ്യേണ്ടത് ഒരുവിധമാനദണ്ഡങ്ങളുമില്ലാതെ മുളച്ചുപൊന്തുന്ന ഇത്തരം ബ്രീഡിംഗ് കേന്ദ്രങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ്. ഇത്തരം ബ്രീഡുകളെ വാങ്ങിക്കുന്നവർ അതിന്റെ പിന്നീടങ്ങോടുള്ള എല്ലാത്തരം ഉത്തരവാദിത്വങ്ങളും കൃത്യമായി നിർവ്വഹിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാകണം. പ്രീതി ശ്രീവത്സൻ പറയുന്നു: ‘എന്തുമാതിരി ബ്രീഡ് ഇനങ്ങളാണെന്നോ ഇപ്പോൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ നമുക്കുകിട്ടുന്നത്. തെരുവുമൃഗങ്ങൾക്കുപുറമേ ഇപ്പോൾ ഇതും നമ്മുടെ ഉത്തരവാദിത്വമാണ്. ഇത്തരം മൃഗങ്ങൾക്ക് ലൈസൻസ് മാത്രമല്ല, മൈക്രോചിപ്പിംഗും ഉറപ്പാക്കണം. ഉടമസ്ഥനു തോന്നുമ്പോൾ അങ്ങനെ ഉപേക്ഷിക്കാൻ പറ്റില്ല എന്ന അവസ്ഥ വരണം.'

വേണമെങ്കിൽ എന്നെയൊന്നുപുന്നാരിച്ചോ എന്ന മുഖഭാവത്തോടെ എവിടെയെങ്കിലും കൊണ്ടുവച്ചാൽ അവിടെത്തന്നെയിരിക്കുന്ന പേർഷ്യൻ പൂച്ചയേക്കാൾ എത്ര രസമാണ് എത്ര എന്റർടെയിനിംഗ് ആണ് നാടൻപൂച്ചയുടെ കൂടെ കളിക്കാൻ. / Photo: Wikimedia Commons

അനുഭവത്തിന്റെ വെളിച്ചത്തിൽ ഞാൻ പറയുന്നു, തെരുവിൽനിന്നും എടുത്തുവളർത്തുന്ന ഒരു പൂച്ചയോ പട്ടിയോ നമ്മുടെ ജീവിതവും കാഴ്ചപ്പാടുകളുമൊക്കെ മാറ്റിമറിക്കും. അവർ നമ്മെ കുറച്ചുകൂടി നല്ല മനുഷ്യരാക്കും. ലോകം എല്ലാവർക്കും ഉള്ളതാണെന്ന് അവർനമ്മെ പഠിപ്പിക്കും. വർഷങ്ങളായി വാടക ഫ്ലാറ്റുകൾ മാറിമാറിയുള്ള ജീവിതത്തിൽ പട്ടിയെയോ പൂച്ചയെയോ വളർത്തുക എന്നത് നടക്കാത്ത കാര്യമായി മാറിയിരുന്നു. അപ്പോഴാണ് പപ്പുടു പരുക്കുപറ്റി ചോരയൊലിക്കുന്ന കാലും വലിച്ചുവച്ച് ഞങ്ങളുടെജീവിതത്തിലേക്ക് കടന്നുവന്നത്. ഇനിയും വീടുമാറേണ്ടിവരുമെന്നതിനാൽ പപ്പുടുവിനേയും ആദ്യമൊന്നും അധികം അടുപ്പിച്ചില്ല. പക്ഷേ ഞങ്ങളേയും കൊണ്ടേ പോകൂ എന്നുറപ്പിച്ചിട്ടായിരുന്നു പപ്പുടു. പൂച്ചയേയും കൊണ്ടുള്ള വീടുമാറ്റത്തെപ്പറ്റി ഒത്തിരി സന്ദേഹങ്ങളുണ്ടായിരുന്നു ഞങ്ങൾക്ക്. പക്ഷേ പിന്നീടുപല വീടുമാറ്റങ്ങളും നടന്നു. ഓരോപ്രാവശ്യവും ആദ്യത്തെ ദിവസം പപ്പുടു പേടിച്ച് ഓടിപ്പോകും. എന്നിട്ട് പത്തുനൂറുവീടുകൾക്കിടയിലുള്ള, പപ്പുടുവിന് ഇതുവരെ പരിചയമില്ലാത്ത ആ പുതിയ വീട്ടിലേക്ക് ഞങ്ങളുടെ മണംപിടിച്ചുമാത്രം തിരിച്ചുവരും. ജന്തുക്കൾക്കുമാത്രം അറിയുന്ന സ്നേഹത്തിന്റെ മായാജാലം!


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


സന്ധ്യാ മേരി

കഥാകൃത്ത്​, നോവലിസ്​റ്റ്​. വർഷങ്ങളായി ദൃശ്യ- ശ്രവണ മാധ്യമരംഗത്ത്​ പ്രവർത്തിക്കുന്നു. ​​​​​​​ചിട്ടിക്കാരൻ യൂദാസ് ഭൂത വർത്തമാന കാലങ്ങൾക്കിടയിൽ (കഥ), മരിയ വെറും മരിയ (നോവൽ) എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments