‘നമുക്ക് ഗ്രാമങ്ങളിൽച്ചെന്നു രാപ്പാർക്കാം, അതികാലത്തെഴുന്നേറ്റു മുന്തിരിത്തോട്ടങ്ങളിൽപ്പോയി മുന്തിരി വള്ളി തളിർത്തു പൂവിട്ടിരിക്കയും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്നു നോക്കാം. അവിടെ വെച്ച് ഞാനെന്റെ പ്രേമം നിനക്കു തരും.'
ബൈബിൾ കോപ്പികൾ ഒന്നും കൈയിലില്ലാതിരുന്ന സമയത്ത് സോളമന്റെ പ്രണയം തുളുമ്പുന്ന വാക്കുകൾ കേട്ടാനന്ദിച്ചത് ‘നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ' എന്ന സിനിമയിലാണ്. മോഹൻലാലിന്റെ ചിരി വിരിയുന്ന ശബ്ദത്തിൽ പ്രണയം വീണ്ടും വീണ്ടും കേട്ടു. പച്ചമുന്തിരി പൂച്ചക്കണ്ണി ശാരിയുടെ തലയ്ക്കുമീതേ മഴ പോലെ ചൊരിഞ്ഞ് മോഹൻലാൽ ചിരിച്ചപ്പോൾ നമ്മളും ചിരിച്ചു. മലയാളിപ്പെണ്ണായ ഞാൻ പ്രണയത്തെ ആദ്യമായി അറിഞ്ഞത് ആ പാട്ടുസീനിലൂടെയാണ് .‘പവിഴം പോൽ പവിഴാധരം പോൽ
പനിനീർ പൊൻ മുകുളം പോൽ ' ...
സുഗന്ധമുള്ള, നിറമുള്ള, മധുരമുള്ള, സംഗീതമുള്ള പ്രണയം. നൂറ്റാണ്ടുകൾ പഴക്കമുള്ള വികാരമാണ് പ്രണയം.
ഇതിഹാസങ്ങൾ എടുത്താലും മതഗ്രന്ഥങ്ങൾ നോക്കിയാലും അതിലെല്ലാം പ്രണയം പ്രധാന വിഷയമായിരുന്നു എന്നുകാണാം. മഹാഭാരതത്തിൽ ഒരുപാട് പ്രണയങ്ങൾ, ശന്തനുവിന് ജീവൻ പോകുമെന്ന് തോന്നുന്നത് മത്സ്യഗന്ധിയായ സത്യവതിയെ കിട്ടില്ലെന്നു തോന്നുമ്പോഴാണ്. യമിയായി വേഷം മാറി പർണശാലയിൽ താമസിക്കുന്ന അർജുനന് തന്നെ പരിചരിക്കാൻ വരുന്ന കണ്ണന്റെ സഹോദരി സുഭദ്രയോട് തോന്നുന്നത് അടക്കാൻ വയ്യാത്ത പ്രണയമാണ്.
(വിഷ്ണു നാരായണൻ നമ്പൂതിരിയുടെ സുഭദ്രാർജുനം ഇറ്റിവീഴാൻ പോകുന്ന നീർത്തുള്ളിയുടെ നിർമ്മലതയോടെ പ്രണയഭാവത്തെ അവതരിപ്പിച്ചിട്ടുണ്ട്‘പങ്കിടുമ്പോൾ ശതജ്ജ്വാല
ചിന്തിടുമഗ്നിയോ സ്‌നേഹം ?'
എന്ന് അർജുനൻ ആ സ്‌നേഹത്തെക്കുറിച്ചു പറയുന്നുണ്ട്.
അംബ, അംബിക, അംബാലികമാരിൽ അംബയ്ക്ക് പ്രണയമുണ്ട്. ഭീഷ്മർ പിടിച്ചുകൊണ്ടുവന്ന കാരണത്താൽ പ്രണയതിരസ്‌കൃതയാകുന്ന അംബ മാത്രമാണ് മഹാഭാരതത്തിൽ പ്രണയത്തിന്റെ പേരിൽ പ്രതികാരത്തിനിറങ്ങുന്ന ഒരേയൊരു വ്യക്തി, ഒരേയൊരു സ്ത്രീ.
വൻ ഫെമിനിസ്റ്റായി സ്വയം സങ്കല്പിച്ചു നടന്നിരുന്നൊരു കാലത്ത് പ്രണയം എന്നൊരു വികാരം യഥാർഥത്തിൽ ഉണ്ടോ എന്ന് ഞാൻ സംശയിച്ചിരുന്നു. ‘ഇവൾക്കൊന്നും വേറെ ഒരു പണിയുമില്ല, കണ്ണിൽക്കണ്ട ചെക്കന്മാർക്ക് നോട്ടെഴുതി നടക്കുന്നു' എന്ന് പുച്ഛത്തോടെ ഞാനന്ന് മനസ്സിൽ കരുതിയിട്ടുണ്ട്.
ശ്രീകൃഷ്ണനോട് സത്യഭാമയ്ക്ക് ഒടുങ്ങാത്ത പ്രണയമുണ്ട്. ‘ധീരനായ ഒരു മനുഷ്യനാവാൻ ആദ്യം നീയെന്നെ അനുവദിക്ക്' എന്ന് കേവല മനുഷ്യകാമുകനായി മുൻഷിയുടെ സത്യഭാമയിൽ ശ്രീകൃഷ്ണൻ തന്റെ കാമുകിയോടു പറയുന്നുണ്ട്. ശ്രീകൃഷ്ണനോട് ദ്രൗപതിക്കുള്ളത് ഭക്തി മുന്തിനിൽക്കുന്ന പ്രണയമാണ്. രാധാകൃഷ്ണ പ്രണയമാണ് പറഞ്ഞു കേട്ടിട്ടുള്ളതിൽ ഏറ്റവും പഴക്കം ചെന്ന പ്രണയകഥ. അടയാള മോതിരം കളഞ്ഞതിന്റെ പേരിൽ കാമുകിയെ മറന്നു എന്നു പറഞ്ഞ ദുഷ്യന്തനെക്കുറിച്ചു പറഞ്ഞു കേൾക്കുമ്പോഴെല്ലാം എന്തൊരു പ്രണയവഞ്ചകൻ എന്നു തോന്നിയിട്ടുണ്ട്. അതുപോലെ ‘പാടില്ലാ പാടില്ലാ നമ്മെ നമ്മൾ പാടെ മറന്നൊന്നും ചെയ്തുകൂടാ' എന്ന രമണന്റെ വാക്കുകൾ അമ്മ പാടി കേൾപ്പിക്കുമ്പോൾ ചന്ദ്രിക വല്ലാത്ത പ്രണയവഞ്ചകി എന്നും തോന്നും. ഡിഗ്രിക്ക് ഉപഗുപ്തൻ ചുടലക്കാട്ടിൽ വാസവദത്തയെ കാണാൻ വന്നതു കണ്ടപ്പോൾ പ്രണയത്തിൽ എന്തുമാത്രം ക്ഷമയും കാത്തിരിപ്പും ആവശ്യമാണ് എന്നുകണ്ട് അന്തംവിട്ടു. തിരുവനന്തപുരത്തുകാരൻ രാഘവൻ മാഷ് വള്ളമൂന്നും താളത്തിൽ കരുണ ചൊല്ലുമ്പോൾ വാസവദത്തയുടെ സൗന്ദര്യം നീരിൽ സൂര്യവെളിച്ചം പോലെ തെന്നിത്തെറിച്ചു. ഉപഗുപ്തന്റെ കാരുണ്യം കണ്ടു കണ്ണിൽ വെള്ളം വന്നു. പ്രണയം പുസ്തകത്തിലും സിനിമയിലും മാത്രമുള്ള എന്തോ ആണെന്നായിരുന്നു അന്നത്തെ ഒരു വിശ്വാസം.
പ്രഹർഷേണ നയിക്കുന്നത് പ്രണയം എന്നാണ് വാക്കിനർഥം വിഗ്രഹിച്ചു പഠിച്ചിട്ടുള്ളത്. പക്ഷേ എന്റെ തന്നെ പ്രാണൻ മറ്റേയാൾ എന്നു തോന്നുന്നതാണ് പ്രണയം എന്നത് അനുഭവിച്ചറിയാൻ മാത്രം പറ്റുന്ന ജീവിതസത്യമാണ്.
വൻ ഫെമിനിസ്റ്റായി സ്വയം സങ്കല്പിച്ചു നടന്നിരുന്നൊരു കാലത്ത് പ്രണയം എന്നൊരു വികാരം യഥാർഥത്തിൽ ഉണ്ടോ എന്ന് ഞാൻ സംശയിച്ചിരുന്നു. കോളേജിൽ ബിസിനസ് സ്റ്റഡീസ് പഠിക്കുന്ന കുട്ടികളുടെ ഡിപ്പാർട്ട്മെന്റിൽ പ്രണയം ഉണ്ടോ ഇല്ലയോ എന്ന വിഷയത്തിൽ പ്രസംഗമത്സരം വച്ചപ്പോൾ പ്രണയം ഇല്ല, അത് സ്ത്രീക്കും പുരുഷനും പരസ്പരം തോന്നുന്ന ശാരീരികാകർഷണം മാത്രമാണ്, തികച്ചും ബയോളജിക്കലായ ഒരു ആകാംക്ഷ മാത്രമാണത് എന്ന് പ്രസംഗിക്കാൻ പോയ ആളാണ് ഞാൻ. പ്രസംഗത്തിനു തൊട്ടുമുമ്പ് കൂട്ടുകാരിയുമായുണ്ടായ തർക്കത്തിൽ എന്റെ വാദത്തിന്റെ മുന ഒടിഞ്ഞുപോയി, എനിക്ക് ആശക്കുഴപ്പമുണ്ടായി. ഇനി സത്യത്തിൽ പ്രണയം എന്നത് ഞാൻ മനസ്സിലാക്കിയ ഒന്നല്ലാതെ വരുമോ എന്ന്! ചിന്താകുഴപ്പത്തിൽപ്പെട്ടുപോയ ഞാൻ പ്രഭാഷിക്കാൻ പോയില്ല. അന്ന് എന്റെ മറ്റൊരു കൂട്ടുകാരി ഒരു മുസ്‌ലിം പയ്യനുമായി പ്രണയത്തിലായിരുന്നു. അവളേക്കാൾ രണ്ടു ക്ലാസുയർന്നു പഠിക്കുന്ന കാമുകന്റെ എഴുതാത്ത നോട്ടുകളെല്ലാം മറ്റുള്ളവരുടെ നോട്ടു നോക്കി പകർത്തി എഴുതിക്കൊടുത്തിരുന്നത് അവളാണ്. അവളുടെ നല്ല കൈയക്ഷരമാണ്.
പ്രണയം തിരിച്ചറിയുമ്പോൾ ജാതിയെ തിരിച്ചറിയുന്നില്ല, അല്ലെങ്കിൽ ജാതി വ്യത്യാസം ഒരു പ്രശ്‌നമായി ഞങ്ങൾ രണ്ടുപേർക്കും തോന്നിയിട്ടില്ല.
‘ഇവൾക്കൊന്നും വേറെ ഒരു പണിയുമില്ല, കണ്ണിൽക്കണ്ട ചെക്കന്മാർക്ക് നോട്ടെഴുതി നടക്കുന്നു' എന്ന് പുച്ഛത്തോടെ ഞാനന്ന് മനസ്സിൽ കരുതിയിട്ടുണ്ട്. തനിക്കുവേണ്ടി കാര്യങ്ങൾ ചെയ്യാനുള്ള ഒരാൾ എന്ന നിലയിലേ അവൻ അവളെ കാണുന്നുള്ളൂ എന്നാണ് ഞാൻ കരുതിയിരുന്നത്. ഞാനവളോട് സംസാരിക്കാൻ ശ്രമിക്കുമ്പോഴൊക്കെ അവനോടുള്ള സ്‌നേഹത്താൽ അവൾ എന്തും ചെയ്യും എന്ന അവസ്ഥയിലായിരുന്നു. അവരെ തമ്മിൽ അടുപ്പിച്ചത് അവർ പ്രവർത്തിച്ചിരുന്ന ഒരേ രാഷ്ട്രീയ പ്രസ്ഥാനവും ആശയങ്ങളും ഒരുമിച്ചുള്ള പ്രവർത്തനങ്ങളും ആയിരുന്നിരിക്കണം. പ്രണയിക്കുന്ന കാലത്തൊന്നും അവർക്ക് തങ്ങൾ രണ്ട് മതത്തിൽപ്പെട്ടവരാണ് എന്ന ബോധമുണ്ടായിരുന്നു എന്നുതോന്നുന്നില്ല. ഉണ്ടെങ്കിൽത്തന്നെ അതിനെ അവർ കാര്യമായി കണക്കിലെടുത്തിരുന്നില്ല. അവർ അങ്ങനെ പ്രണയിച്ചു നടന്നു.
പ്രണയമില്ലെന്നു തർക്കിച്ചു നടന്ന, ശരീരം അപ്രസക്തമാണ് മനസ്സാണ് മുഖ്യം, ലോകത്തിനു വേണ്ടി ജീവിതം ഉപയോഗിക്കലാണ് ശരി എന്നൊക്കെ ചിന്തിച്ച് ക്ലാസ്സിക് നോവലുകളൊക്കെ വായിച്ച് ലോകദുഃഖങ്ങളൊക്കെ തലയിലേറ്റി നടന്ന എനിക്ക് ചെറുതായൊരു കുഴപ്പം പറ്റി.
‘ആഴമേ നിന്റെ കാതലിലെങ്ങും
മീനുകൾ കൊത്തുവേല ചെയ്യുന്നു '
എന്നും‘കവിളുകളുടെ കടലിൽ ഒരു ചിരി
നങ്കൂരമിട്ടു കിടപ്പുണ്ടായിരുന്നു
അകലെ മിഴിമുനമ്പത്ത്
തണുതണുത്തൊരു നോട്ടം
തല കുനിച്ചിരുന്ന്
ഓ ചക്രവാളമേ
എന്ന് മൂളുന്നുണ്ടായിരുന്നു രാത്രി ഒരരിപ്പയിലേക്കു പതിച്ചു.
അതിൽ തങ്ങി നിൽക്കുന്ന
രഹസ്യങ്ങളുടെ മഷിക്കട്ടകളെടുത്ത്
ആകാശം ചുമരെഴുത്തു തുടങ്ങി.
നൂലിട്ടു താഴേക്കു നീളുന്നു
എല്ലാം തുറന്നു പറഞ്ഞ മനസ്സ് .
വായനയുടെയും ചിന്തയുടെയും സംസ്‌കാരമാണ് ഞങ്ങളെ ചങ്ങാതികളാക്കിയത്, അതാണ് ഞങ്ങളെ ഒന്നാക്കുന്ന സംസ്‌കാരം എന്നു മറുപടി കൊടുത്ത് പ്രണയത്തിന്റെ ആറാം വർഷത്തിൽ ജാതിയെ മറികടന്ന് ഞങ്ങൾ കെട്ടി. ഒറ്റജീവിതമായി.
എന്നും അക്കാലത്ത് ഞാൻ വായിച്ച് ഹരം പിടിച്ച് ഒരു കവിയുമായി എഴുത്തുകുത്തു ചർച്ചകളിലേർപ്പെട്ടു. ഡിഗ്രി ഫസ്റ്റിയറിൽ ഒരു കവിയരങ്ങിൽ മാത്രം കണ്ട കവിയുമായി ഒരുപാട് സംസാരിച്ചു. ഞാനങ്ങനെ പുതിയ തമിഴ് കവിതകളും ഇംഗ്ലീഷ് കവിതകളും പുതുമലയാളം കവിതകളും നാട്ടുവീട്ടു വിശേഷങ്ങളും അറിഞ്ഞു... പ്രിയപ്പെട്ട കൂട്ടുകാരന് എന്നുതുടങ്ങി എന്റെ കൂട്ടുകാരന് എന്നവസാനിക്കുന്ന അഭിസംബോധനയ്‌ക്കൊടുവിൽ മൂന്നു വർഷങ്ങൾക്കുശേഷം ഞങ്ങൾ വീണ്ടും കണ്ടുമുട്ടി. പ്രണയം ഉണ്ട്, അതിൽ മനസ്സുണ്ട് ശരീരവുമുണ്ട് എന്ന തിരിച്ചറിവുണ്ടായി.
പ്രണയം തിരിച്ചറിയുമ്പോൾ ജാതിയെ തിരിച്ചറിയുന്നില്ല, അല്ലെങ്കിൽ ജാതി വ്യത്യാസം ഒരു പ്രശ്‌നമായി ഞങ്ങൾ രണ്ടുപേർക്കും തോന്നിയിട്ടില്ല. ഒരേ മാനസിക തലങ്ങളുടെ ലയനമാണ് സ്വാഭാവികമായി വന്നുചേരുന്ന ഒരു പ്രണയത്തിൽ സംഭവിക്കുന്നത് എന്നെനിക്ക് മനസ്സിലായി. ഞങ്ങൾക്ക് മനസ്സിലായത് പക്ഷേ ബന്ധുജനങ്ങൾക്ക് മനസ്സിലായില്ല. മേൽജാതി എന്ന് വിളിക്കപ്പെടുന്ന ജാതിയിൽപ്പെട്ട ആളും കീഴ്ജാതി എന്ന് വിളിക്കപ്പെടുന്ന ജാതിയിൽപ്പെട്ട ആളും കല്യാണം കഴിക്കുമ്പോൾ തമ്മിൽ ചേരാത്ത രണ്ടു സംസ്‌കാരങ്ങൾ തമ്മിൽ ചേർക്കാൻ ശ്രമിക്കയാണെന്നും ആ മിശ്രണം ശരിയാവില്ലെന്നും സംസ്‌കാര വ്യത്യാസം മുഴച്ചു നിൽക്കും എന്നും അവർ പറഞ്ഞു. അത് ജീവിതത്തെ ബുദ്ധിമുട്ടിലാക്കും എന്ന് അവർ അടിവരയിട്ടു പറഞ്ഞു. ഒരു മനുഷ്യൻ വായിച്ചും പഠിച്ചും പെരുമാറിയും നേടുന്നതാണയാളുടെ സംസ്‌കാരമെന്ന് (അല്ലാതെ ജനിച്ച ജാതി നൽകുന്നതല്ല) മറുപടി പറയാൻ ഞങ്ങൾക്കു കഴിഞ്ഞു. വായനയുടെയും ചിന്തയുടെയും സംസ്‌കാരമാണ് ഞങ്ങളെ ചങ്ങാതികളാക്കിയത്, അതാണ് ഞങ്ങളെ ഒന്നാക്കുന്ന സംസ്‌കാരം എന്നു മറുപടി കൊടുത്ത് പ്രണയത്തിന്റെ ആറാം വർഷത്തിൽ ജാതിയെ മറികടന്ന് ഞങ്ങൾ കെട്ടി. ഒറ്റജീവിതമായി.
പ്രണയം രണ്ടു പേരുടെ മാത്രം ലയനമാണ്, തെരഞ്ഞെടുപ്പാണ്. അതിലേക്ക് മൂന്നാമതൊരാളുടേയോ ആശയത്തിന്റെയോ മറ്റ് നിഗൂഢ താൽപര്യങ്ങളുടെയോ കടന്നുകയറ്റം ഉണ്ടാവുമ്പോഴാണ് അത് അപകടകരമായ ഒരനുഭവമായി മാറുന്നത്.
നീണ്ട കത്തെഴുത്തുകളുടേയോ കാണാൻ നീണ്ട കാത്തിരിപ്പിന്റെയോ ഒരു കാലത്തല്ല നമ്മളിപ്പോൾ ജീവിക്കുന്നത്. എന്റെ പ്രണയകാലം എന്ന് പറയുന്നത് സ്മാർട്ട് ഫോൺ വന്നിട്ടില്ലാത്ത കാലമാണ്. സംസാരിക്കാൻ കത്തെഴുത്ത് മാത്രം മാർഗമുള്ള കാലം. കത്തെഴുതി ഇന്നിട്ടാൽ അങ്ങേർക്കത് മറ്റന്നാൾ മാത്രമേ കിട്ടൂ. അത് കിട്ടി അന്നുതന്നെ എഴുതി പോസ്റ്റ് ചെയ്താലേ ആ ആഴ്ച തന്നെ എനിക്ക് മറുപടി കിട്ടൂ. കാത്തിരിപ്പിന്റെ ദിവസങ്ങൾ. കാത്തിരുപ്പിന്റെ ആനന്ദം, എഴുതിയതിനെക്കുറിച്ചുള്ള ചിന്തകൾ, എന്താകും മറുപടി എന്ന ആകാംക്ഷ... കാത്തിരിപ്പിന് നമ്മെ ക്ഷമ പഠിപ്പിക്കാനുള്ള കഴിവുണ്ട്. കാത്തിരിപ്പിൽ ആളുകളുടെ സ്വഭാവം മനസ്സിലാക്കാനുള്ള സമയവുമുണ്ട്.
‘നിന്റെ പേർ കൊച്ചുകിളിയായ് ഒതുങ്ങുന്നെന്റെ കൈകളിൽ നാവിന്മേലതു മഞ്ഞല്ലോ ചുണ്ടുകൾക്കൊരനക്കവും. രണ്ടു മുദ്രകൾ രണ്ടക്ഷരങ്ങൾ നിൻ പേർ കുതിക്കവേ പിടിക്കപ്പെട്ട പന്തല്ലോ വായിൽ മണി നിനാദവും. കുളത്തിൻ നീല നിസ്തബ്ധ- ജലത്തിൽ വന്നു വീഴ്കയാ - ണൊരു കല്ല് - തുളുമ്പുന്നു നിന്റെ പേരിന്റെ നീരല. നിന്റെ പേർ ഇടിനാദം പോൽ രാക്കുളമ്പടിയൊച്ചയിൽ അല്ലെങ്കിൽ നിറ തോക്കൊഴിയും മട്ടിലുള്ളാക്കടുസ്വരം ഉച്ചരിക്കപ്പെടുന്നെന്റെ നെറ്റിമേൽത്തന്നെ നേരെയായ്. നിൻ നാമം ഇളകാക്കൺപോളകളിൽ തണു ചുംബനം അരുവിക്കുളിർവെള്ളത്തിൻ ഒരിറക്ക്, അതു പ്രാവുപോൽ നീലം, നിന്റെ പേരിന്റെ ചൂഴവും ഗാഢനിദ്രയും ...
നീണ്ട കോളേജടവുകൾക്കും ഓണാവധിക്കും ശേഷം കോളേജ് തുറക്കുംവരെ അവസാനം വന്ന കത്ത് ആരും കാണാതെ വായിച്ചുകൊണ്ടിരിക്കും. തുടരെത്തുടരെ തുറന്നും മടക്കിയും വായിച്ച് അവസാനമാകമ്പോഴേക്കും കത്ത് മുഷിഞ്ഞും മടക്കുകൾ കീറിയും ഒരു പരുവമാകും. വാക്കുകൾ മനഃപ്പാഠമായിട്ടുണ്ടാകും.
പ്രണയമാണ് നമുക്കുള്ളിൽ എന്ന് തിരിച്ചറിഞ്ഞത് കൂട്ടുകാരൻ എനിക്കീ കവിത പരിഭാഷപ്പെടുത്തി അയച്ചു തന്നപ്പോഴാണ്. ഹൃദയത്തിൽ കല്ലുവീണ ആഴവും അലയും എന്നിലുമുണ്ടായി. മൂലകവിതയിൽ ‘നിന്റെ പേർ അഞ്ചക്ഷരങ്ങൾ' എന്നത് എനിക്കു വേണ്ടി 'നിന്റെ പേർ രണ്ടക്ഷരങ്ങൾ' എന്നു മാറ്റിയിട്ടാണ് രണ്ടക്ഷരപ്പേരുകാരിയായ എനിക്കയച്ചുതന്നത്. അതിലെ ഓരോ വരിയും ഉള്ളിൽ മുഴങ്ങിക്കൊണ്ടിരുന്നു. ഇപ്പോഴും അതിന്റെ മുഴക്കമുണ്ട്.
മരീന സ്വെറ്റയേവയുടെ നിന്റെ പേർ മാത്രമല്ല പിന്നെയും ഒരുപാടു കവിതകൾ, പരിഭാഷകൾ, എനിക്കു കിട്ടാത്ത ആഴ്ച്ചപ്പതിപ്പുകളിലെ വിദേശ കഥകൾ ഒക്കെ വന്നുകൊണ്ടിരുന്നു എന്റെ പേരിൽ, എന്റെ കോളേജ് അഡ്രസ്സിൽ. നീണ്ട കോളേജടവുകൾക്കും ഓണാവധിക്കും ശേഷം കോളേജ് തുറക്കുംവരെ അവസാനം വന്ന കത്ത് ആരും കാണാതെ വായിച്ചുകൊണ്ടിരിക്കും. തുടരെത്തുടരെ തുറന്നും മടക്കിയും വായിച്ച് അവസാനമാകമ്പോഴേക്കും കത്ത് മുഷിഞ്ഞും മടക്കുകൾ കീറിയും ഒരു പരുവമാകും. അതിലെ വാക്കുകൾ മനഃപ്പാഠമായിട്ടുണ്ടാകും. ഓരോ വാക്കും ഓർത്തോർത്ത് അവധി കഴിയും.
ഇന്നുപക്ഷേ പ്രണയത്തിന് ഇത്രയൊന്നും സമയമോ ക്ഷമയോ ആവശ്യമില്ല.
പുതുകാലം സ്പീഡിന്റെ കാലമാണ്. കുട്ടികൾക്ക് കുട്ടിത്തത്തിന് സമയമില്ലാത്തൊരു കാലത്താണവർ. ശ്രദ്ധ ചിതറിപ്പോയതുപോലൊരു കാലമാണ്. ജനിക്കുന്നതേ അവർ സ്മാർട്ട്‌ഫോൺ വിദഗ്ധരായിട്ടാണ്. സ്മാർട്ട് ഫോണിന്റെ കാലം അറിവിന് വിലക്കുകളില്ലാത്ത, കാഴ്ചയ്ക്ക് വിലക്കുകളില്ലാത്ത കാലമാണ്. ഭൗതികജീവിതത്തിന്റെ എല്ലാ രഹസ്യങ്ങളും ഇന്ന് സ്‌ക്രീനിൽ പരസ്യമാണ്. കൗമാര കാലങ്ങൾക്ക് ദൈർഘ്യം കുറവാണ്. അപ്പോഴേക്കും മൂക്കാത്ത പേരക്ക പഴുക്കും പോലെ അവർക്ക് എല്ലാ ജൈവിക അറിവുകളും ലഭിച്ചിരിക്കും. ഇൻസ്റ്റന്റ് പ്രണയത്തിന്റെ കാലമെന്നു പറയാം. മേഘസന്ദേശത്തിലെ സന്ദേശമയപ്പ് അക്ഷരാർത്ഥത്തിൽ നടപ്പിലാവുന്ന കാലം. ‘മെസേജ് ' അയപ്പിന്റെ കാലം ഒരുപാട് സമയമെടുത്ത് പരസ്പരം മനസ്സിലാക്കി ഒരു ലയമുണ്ടായി സ്വാഭാവികമായി രൂപപ്പെട്ടു വരുന്ന പ്രണയത്തിന്റെ കാലമല്ല. തീരുമാനങ്ങളെല്ലാം വളരെ പെട്ടെന്ന് എടുക്കപ്പെടുകയും വേഗത്തിൽ പ്രാവർത്തികമാക്കപ്പെടുകയും ചെയ്യുന്ന, 'വേഗം' (Speed) കാര്യങ്ങളെ നിയന്ത്രിക്കുന്ന കാലമാണ്. ആളുകളുമായി ബന്ധപ്പെടാനും പരിചിതരാവാനും ഒക്കെ വളരെ എളുപ്പമുള്ള കാലം. പ്രണയം പണ്ടത്തേക്കാൾ വളരെ എളുപ്പമാണിന്ന് സംഭവിക്കാൻ. സന്ദേശങ്ങളയക്കാൻ, ഇപ്പോൾ കാണണം എന്നു തോന്നിയാൽ കാണാൻ എന്തും എളുപ്പമാക്കിത്തന്നിട്ടുണ്ട് സ്മാർട്ട്‌ഫോൺ എന്ന ഭീകരൻ. അതുകൊണ്ട് തന്നെ പഴയ കാലത്തേക്കാൾ അപകടം കൂടുതലുണ്ട് പുതിയ കാലത്തെ പ്രണയത്തിൽ. അത് വ്യക്തികൾ ദുരുപയോഗം ചെയ്യാൻ ഉള്ള സാധ്യതയുണ്ട്, മതപരമായ താത്പര്യങ്ങൾക്കുപയോഗിക്കാൻ സാധ്യതയുണ്ട്, വ്യക്തിയെ ലൈംഗിക ചൂഷണങ്ങൾക്ക് ഉപയോഗിക്കാൻ സാധ്യതയുണ്ട്. നിത്യമായ പരിചയത്തിൽ നിന്നോ സമയമെടുത്തുള്ള മനസ്സിലാക്കലിൽ നിന്നോ സ്വാഭാവികമായി രൂപപ്പെടുന്ന പ്രണയമല്ലാത്തതുകൊണ്ടുതന്നെ എളുപ്പത്തിൽ പ്രണയപങ്കാളിയെ വകവരുത്താൻ ഒരു മടിയുമില്ലാത്തവരായി മാറിപ്പോവുന്നു ഇന്നത്തെ പ്രണയികൾ ചിലരെങ്കിലും.
പുതുകാലം പ്രണയിക്കാൻ പറ്റിയ കാലമല്ല. പ്രണയികൾക്ക് മുമ്പത്തേക്കാൾ മനക്കരുത്തും ധൈര്യവും ജാഗ്രതയും കുറച്ചധികം തന്നെ വേണ്ടിയിരിക്കുന്നു.
ആരാധനാലയങ്ങൾ എന്തുമാത്രം അസംബന്ധങ്ങളാണ് എന്ന് കോവിഡ് കാലം വെളിപ്പെടുത്തിത്തന്നിട്ടുണ്ട്. മനുഷ്യർ സൃഷ്ടിച്ച് പ്രതിഷ്ഠിച്ച ദൈവങ്ങളോ മനുഷ്യദൈവങ്ങളോ ഈയൊരു മഹാമാരിക്കാലത്ത് ജനസഹായത്തിന് എത്തിയിട്ടില്ല. ദൈവസങ്കല്പം തന്നെ കുട്ടിക്കഥ പോലെ ലളിതം എന്ന് നഗ്‌നമായി വെളിപ്പെട്ട കാലമാണിത്. വെറും സാമ്പത്തിക സ്ഥാപനങ്ങൾ തന്നെയാണ് അല്ലെങ്കിൽ വെറും പണമിടപാട് കേന്ദ്രങ്ങൾ തന്നെയാണ് ആരാധനാലയങ്ങൾ എന്ന് തെളിയിക്കപ്പട്ടയിക്കാലത്ത് മതവിശ്വാസം ജനങ്ങളിൽ ഉറച്ചിരിക്കേണ്ടത് ചിലരുടെ ആവശ്യമാണ്. അതിന് പ്രണയത്തേയും ഉപയോഗിക്കും. പ്രണയികൾ ഗൗനിക്കാത്ത ജാതിയേയും മതത്തേയും അതിലേക്ക് കുത്തിത്തിരുകും.
ചുരുക്കത്തിൽ പുതുകാലത്തെ പ്രണയികൾ, പ്രണയിക്കാൻ ഉദ്ദേശിക്കുന്നവർ അതിജാഗ്രതയോടെ മുന്നോട്ടു നീങ്ങേണ്ടതുണ്ട് എന്നുസാരം. സൂക്ഷിച്ചില്ലെങ്കിൽ പാകമാകാത്ത പഴം പോലെ എപ്പോൾ വേണമെങ്കിലും ഞെട്ടറുക്കപ്പെട്ട് നിലത്തുവീഴാം. വ്യക്തിജീവിതത്തിൽ മതം ഇടപെടുക എന്ന കാര്യം എല്ലാ മതങ്ങളും ജാതികളും എല്ലാ കാലത്തും ചെയ്യുന്നുണ്ട്. എന്റെ കൂട്ടുകാരിക്ക് കോളേജുകാലത്തിനു ശേഷം അവളുടെ അന്യമതസ്ഥനായ കൂട്ടുകാരനോടൊപ്പം ഒരുമിച്ചൊരു ജീവിതം സാധ്യമായില്ല. പുതുകാലവും പ്രണയികളോട് പെരുമാറ്റത്തിൽ വലിയ വ്യത്യാസമൊന്നും വരുത്തിയിട്ടില്ല എന്നുമാത്രമല്ല പ്രണയ പങ്കാളികളുടെ ബന്ധുജനങ്ങളുടെ എതിർപ്പ് മാത്രം നേരിട്ടാൽപ്പോര അവരിലേക്ക് ഉറ്റുനോക്കി മുതലാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന നിരീക്ഷക മാഫിയയുടെ ലൗ ജിഹാദ്, നാർക്കോട്ടിക് ജിഹാദ് പോലെയുള്ള ആരോപണങ്ങളേയും നേരിടേണ്ടിവരുന്നു. അതുകൊണ്ടു തന്നെ പുതുകാലം പ്രണയിക്കാൻ പറ്റിയ കാലമല്ല. പ്രണയികൾക്ക് മുമ്പത്തേക്കാൾ മനക്കരുത്തും ധൈര്യവും ജാഗ്രതയും കുറച്ചധികം തന്നെ വേണ്ടിയിരിക്കുന്നു.▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.