ഇനി ബോഡി ന്യൂട്രാലിറ്റിയെക്കുറിച്ച്​
​സംസാരിക്കാം

ബോഡി ഷെയ്​മിങ്ങോ ബോഡി പോസിറ്റിവിറ്റിയോ നമുക്കാവശ്യമില്ല. വേണ്ടത് ബോഡി ന്യൂട്രാലിറ്റിയാണ്. മനുഷ്യരുടെ ശരീരം അവർക്ക് കിട്ടുന്ന അംഗീകാരങ്ങളിൽ ഇടപടാതിരിക്കുന്ന അവസ്ഥ എന്നാണ് പുലരുക? എന്നാണ് വ്യത്യസ്തതകളെ മുൻവിധികളില്ലാതെ അംഗീകരിക്കാനുള്ള പക്വത നമുക്ക് കൈവരിക?

ടി കൂടുമ്പോൾ നമുക്ക് നഷ്ടമാകുകയും തടി കുറഞ്ഞാൽ കൂടുകയും ചെയ്യുന്ന ആത്മവിശ്വാസം എന്തിനെയാണ് കുറിക്കുന്നത്?

തൊലിനിറം, തടി, കോമ്പല്ല്, മുടന്ത്, കഷണ്ടി, കോങ്കണ്ണ്, കുടവയർ, പാണ്ട് എന്നിങ്ങനെയുള്ള ശാരീരികാവസ്ഥകളെ എത്ര സാധാരണമായാണ് കുട്ടികൾ പോലും പരിഹസിക്കാനുപയോഗിക്കുന്നത്? ആ കളിയാക്കലുകളെ ഭയന്നുമാത്രം സ്‌കൂളുകൾ ഉപേക്ഷിച്ചവരെത്ര? വീണ്ടുവിചാരമോ തിരുത്തോ ഇല്ലാതെ തലമുറകളായി കൈമാറ്റം ചെയ്തുകൊണ്ടിരിക്കുന്ന സാമൂഹിക/സാംസ്‌കാരിക സാംക്രമിക രോഗമാണ് ബോഡി ഷെയിമിങ്. വ്യക്തിയിൽ അനാവശ്യ ഉത്കണ്ഠ ഉണ്ടാക്കുന്നതു മുതൽ ആത്മഹത്യയിൽവരെ കൊണ്ടെത്തിക്കാവുന്ന ഇത്തരം പ്രവണതകളെ നാം നിയന്ത്രിക്കാറില്ല, എന്നുമാത്രമല്ല ശരീരത്തെപ്രതി പരിഹസിക്കാതെ ആശയങ്ങളെ പറഞ്ഞു ഫലിപ്പിക്കാൻ പോലും നമുക്കറിയില്ല. ‘നട്ടെല്ലില്ലാത്ത' നിലപാട്, ‘അന്ധ' വിശ്വാസങ്ങൾ, ‘മുടന്തൻ' ന്യായം എന്നൊക്കെ സാംസ്‌കാരിക നായകത്വമുള്ളവർ വരെ വകതിരിവില്ലാതെ വിളിച്ചുപറയും.

മനുഷ്യരുടെ ശരീരം അവർക്ക് കിട്ടുന്ന അംഗീകാരങ്ങളിൽ ഇടപടാതിരിക്കുന്ന അവസ്ഥ എന്നാണ് പുലരുക? എന്നാണ് വ്യത്യസ്തതകളെ മുൻവിധികളില്ലാതെ അംഗീകരിക്കാനുള്ള പക്വത നമുക്ക് കൈവരിക?

മലയാളീസംസ്‌കാരത്തിൽ അലിഞ്ഞുചേർന്നതാവും ഈ പരിഹാസം. അത്തരം വാക്കുകളെ മാറ്റിനിർത്തി സംസാരിക്കാൻ കഠിനശ്രമം തന്നെ വേണ്ടിവരുന്ന അവസ്ഥയിലാണ് നമ്മുടെ ഭാഷ തന്നെ രൂപപ്പെട്ടിട്ടുള്ളത്. നമ്മുടെ സിനിമകൾ കാലങ്ങളായി മനുഷ്യരെ ചിരിപ്പിക്കാൻ ഉപയോഗിക്കുന്നത് ബോഡി ഷെയിമിങ്ങിന്റെ അങ്ങേയറ്റമാണ്. സമീപകാലത്ത്​ ഇന്ദ്രൻസും കിലിയൻ എംബാപ്പേയും സെറീന വില്യംസും നേരിട്ട അനുഭവങ്ങൾ ഈ പ്രവണതയിലേക്കുള്ള നമ്മുടെ അടിയന്തിര ഇടപെടൽ ആവശ്യപ്പെടുന്നുണ്ട്. മനുഷ്യരുടെ കഴിവുകൾക്കപ്പുറം ശരീരം സമൂഹത്തിൽ ഇടപെടുന്നതെങ്ങനെയെന്നതാണ് അത് കാണിച്ചു തരുന്നത്.

‘ഐഡിയൽ ബോഡി ഇമേജ്' എന്ന വ്യാജനിർമിതി ഉണ്ടാക്കിയെടുത്തതിൽ ഇവിടുള്ള കോസ്‌മെറ്റിക് കമ്പനികൾക്ക് വലിയ പങ്കുണ്ട്.

പരസ്യക്കമ്പനികളുടെ ഒരു തത്വവാചകമുണ്ട്, ആളുകളുടെ വേദനയെ സ്പർശിക്കുക, ഇല്ലെങ്കിൽ വേദനയുണ്ടാക്കുക എന്നിട്ട് പരിഹാരം നിർദ്ദേശിക്കുക. ‘ഐഡിയൽ ബോഡി ഇമേജ്' എന്ന വ്യാജനിർമിതി ഉണ്ടാക്കിയെടുത്തതിൽ ഇവിടുള്ള കോസ്‌മെറ്റിക് കമ്പനികൾക്ക് വലിയ പങ്കുണ്ട്. ചുരുണ്ട മുടി, കറുത്ത നിറം, ശരീരാകൃതി, ചാടിയ വയർ, പാടുകൾ നിറഞ്ഞ മുഖം, കണ്ണ്, മൂക്ക് തുടങ്ങി നഖം വരെ നിങ്ങൾക്ക് ജന്മനാൽ ലഭ്യമായ, ആരോഗ്യവുമായി യാതൊരു ബന്ധവുമില്ലാത്ത അവസ്ഥകളെ വേദനകളാക്കാനും അങ്ങനെ അവർ നിർമ്മിച്ച ഐഡിയൽ ഇമേജിനുള്ളിൽ നിങ്ങളെ എത്തിക്കാനും അവർ ‘പെടാപ്പാട്' പെടുന്നുണ്ട്. പൗഡർ മുതൽ സർജറി വരെ എത്തിനിൽക്കുന്നു യാതൊരു കുറവുമില്ലാത്ത ശരീരങ്ങളിലേക്കുള്ള ഇവരുടെ കൈകടത്തൽ. ഇത് പൊതുജനം തിരിച്ചറിയാൻ തുടങ്ങിയെന്നതിന്റെ ഉദാഹരണമാണ് ഫെയർ ആൻഡ് ലൗലിക്കെതിരെ ഉയർന്നുവന്ന ആരോപണങ്ങൾ.

വീട്ടിൽ നിന്നിറങ്ങുമ്പോഴോ, ആളുകളെ അഭിമുഖീകരിക്കുന്നതിനോ എന്തിനാണ്, എങ്ങനെയാണ് ഒരുങ്ങുന്നത് എന്ന് ചിന്തിച്ചുനോക്കിയാൽ ബോഡി ഷെയിമിങ് ഏതൊക്കെ തരത്തിൽ നമ്മുടെ ജീവിതത്തിൽ ഇടപെടുന്നു എന്ന് വേർതിരിച്ചറിയാനാവും

എങ്കിലും ഐഡിയൽ ബോഡി ഇമേജിനുള്ളിൽ അകപ്പെടാനുള്ള വ്യഗ്രത നമ്മളിൽ ഏറിയോ കുറഞ്ഞോ അന്തർലീനമായോ പ്രകടമായോ ഉണ്ട്. മനുഷ്യരുടെ വ്യത്യസ്ത ശരീരപ്രകൃതിയെ അംഗീകരിക്കാൻ വയ്യാത്തവിധം നമ്മളെ അത് വിമുഖരാക്കിത്തീർക്കുന്നു. വീട്ടിൽ നിന്നിറങ്ങുമ്പോഴോ, ആളുകളെ അഭിമുഖീകരിക്കുന്നതിനോ എന്തിനാണ്, എങ്ങനെയാണ് ഒരുങ്ങുന്നത് എന്ന് ചിന്തിച്ചുനോക്കിയാൽ ബോഡി ഷെയിമിങ് ഏതൊക്കെ തരത്തിൽ നമ്മുടെ ജീവിതത്തിൽ ഇടപെടുന്നു എന്ന് വേർതിരിച്ചറിയാനാവും. അവരവരായിരിക്കാൻ ധൈര്യമില്ലാത്ത അവസ്ഥയിലേക്കാണ് ഈ സെൽഫീകൾച്ചർ നമ്മെക്കൊണ്ടെത്തിക്കുന്നത്. എന്റെ തൊലിനിറമോ അരവണ്ണമോ അല്ല എന്നെ നിർണ്ണയിക്കുന്നത് എന്ന് ചിന്തിച്ചാൽ തീരാവുന്ന അസുഖമാണത്. എന്നാൽ അതിന്​ശരീരം നോക്കി നമുക്ക് മാർക്കിടുന്ന സമൂഹം സമ്മതിക്കുകയില്ല.

ഐഡിയൽ ബോഡി ഇമേജിനുള്ളിൽ അകപ്പെടാനുള്ള വ്യഗ്രത നമ്മളിൽ ഏറിയോ കുറഞ്ഞോ അന്തർലീനമായോ പ്രകടമായോ ഉണ്ട്. മനുഷ്യരുടെ വ്യത്യസ്ത ശരീരപ്രകൃതിയെ അംഗീകരിക്കാൻ വയ്യാത്തവിധം നമ്മളെ അത് വിമുഖരാക്കിത്തീർക്കുന്നു.

അതിസാധാരണമായ മറ്റൊരു അനോരോഗ്യപ്രവണതയാണ് ഡയറ്റിങ്. ഹൃദയം/കരൾ/വൃക്ക സംബന്ധമായ അസുഖങ്ങളുണ്ടെങ്കിലോ, നിങ്ങളുടെ തൂക്കം ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുന്നുണ്ടെങ്കിലോ ഡയബെറ്റിസിലോ അല്ലാതെ ഭക്ഷണക്രമീകരണത്തിന്റെ ആവശ്യമില്ല. പട്ടിണി കിടക്കുന്നതും നമുക്ക് ലഭ്യമായ വിളകളെ ആശ്രയിക്കാതെ ഓട്‌സ് പോലുള്ള ഇറക്കുമതി ചെയ്യപ്പെട്ട വിളകളിൽ ഇത്രത്തോളം നമ്മൾ ആകൃഷ്ടരാവുന്നതും ഐഡിയൽ ബോഡി ഇമേജിലേക്കുള്ള ഓട്ടമത്സരത്തിലാണ്. ഇത് മാനസികാരോഗ്യത്തെ മോശമായി ബാധിക്കുന്നു. വണ്ണം വെക്കുമോ എന്ന ഭയം തന്നെ anorexia nervosa എന്ന അവസ്ഥയിലെത്തിക്കാനുള്ള സാധ്യത കൂട്ടുകയും ചെയ്യുന്നു. പാടെ കാർബ്സ് ഒഴിവാക്കിക്കൊണ്ടുള്ള കീറ്റോ ഡയറ്റ്​ ഒക്കെ കരളിനെയും വൃക്കകളെയും സമ്മർദ്ദത്തിലാക്കുന്നുണ്ട്. ശരീരത്തിന്റെ തൂക്കത്തിനല്ല, ആരോഗ്യത്തിനാണ് നമ്മൾ ഊന്നൽ കൊടുക്കേണ്ടത്. സമീകൃതാഹാരമാണ് ആരോഗ്യത്തിന് നല്ലത്, പാവയ്ക്കനീരല്ല.

ബോഡി ഷെയ്​മിങ്ങോ ബോഡി പോസിറ്റിവിറ്റിയോ നമുക്കാവശ്യമില്ല. വേണ്ടത് ബോഡി ന്യൂട്രാലിറ്റിയാണ്.

ശാരീരികവും മാനസികവും സാമൂഹികവുമായി മനുഷ്യനെ മോശമായ രീതിയിൽ സ്വാധീനിക്കുന്നുണ്ട്, നമ്മൾ വളരെ നിസ്സാരമായി കാണുന്ന ബോഡി ഷെയ്​മിങ്. സ്ത്രീകൾ, വിശേഷാൽ പ്രസവം കഴിഞ്ഞവർ, അതിനിരയാക്കപ്പെടുന്നതും അതിന്റെ പേരിൽ ചൂഷണം ചെയ്യപ്പെടുന്നതും ദാരുണമാണ്. കൗമാരത്തിൽ തന്നെ പ്രസവിച്ചാലുള്ള ശാരീരികാവസ്ഥയെക്കുറിച്ച്​ പെൺകുട്ടികൾ ആകുലത പേറിയാണ് നടക്കുന്നതെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ബോഡി ഷെയ്​മിങ്ങോ ബോഡി പോസിറ്റിവിറ്റിയോ നമുക്കാവശ്യമില്ല. വേണ്ടത് ബോഡി ന്യൂട്രാലിറ്റിയാണ്. മനുഷ്യരുടെ ശരീരം അവർക്ക് കിട്ടുന്ന അംഗീകാരങ്ങളിൽ ഇടപടാതിരിക്കുന്ന അവസ്ഥ എന്നാണ് പുലരുക? എന്നാണ് വ്യത്യസ്തതകളെ മുൻവിധികളില്ലാതെ അംഗീകരിക്കാനുള്ള പക്വത നമുക്ക് കൈവരിക? എന്നാണ് നമ്മൾ പരിഷ്‌കൃത സമൂഹമാകുക? ▮

Reference:1. Gilbert, P., & Miles, J. (Eds.). (2002). Body shame: Conceptualisation, research, and treatment. Psychology Press.2. Moya- Garófano, A., & Moya, M. (2019). Focusing on one's own appearance leads to body shame in women but not men: The mediating role of body surveillance and appearance-contingent self-worth. Body image, 29, 58-64.3. Dolezal, L. (2015). The body and shame: Phenomenology, feminism, and the socially shaped body. Lexington Books.4. Chomet, N. (2017). Coping with Body Shaming. The Rosen Publishing Group, Inc.

Comments