ആർ. രാജശ്രീ

പ്രണയത്തെക്കുറിച്ച്​ ചില പേടികൾ

അകപ്പെടുന്നവരെ സ്വതന്ത്രരാക്കുകയും പുറമെ നില്ക്കുന്നവരെ ഭയപ്പെടുത്തുകയും ചെയ്യുന്ന സ്വഭാവമുണ്ട് പ്രണയത്തിന്. എക്കാലവും അത് അങ്ങനെ തന്നെയായിരുന്നു. സമീപകാലത്ത് ആ ഭയത്തിന് ചില വിപരീതമാനങ്ങൾ കൂടി കലർന്നുവെന്നു മാത്രം. അതാകട്ടെ സമൂഹത്തിൽ പരക്കെ വ്യാപിച്ച അപരനോടുള്ള ഭയത്തിൽ നിന്നും സംശയത്തിൽ നിന്നും ഉയിരിട്ടതാണെന്നു കാണാം.

ടുത്തിടെ വ്യാപകമായി പ്രചരിച്ച ഒരു പരസ്യത്തിൽ കുടുംബങ്ങളെ അലട്ടുന്ന പ്രശ്നങ്ങളായി ദാരിദ്ര്യം, രോഗം, തൊഴിലില്ലായ്മ, വിവാഹ തടസം എന്നിവയോടൊപ്പം പ്രണയവും രേഖപ്പെടുത്തപ്പെട്ടിരുന്നു. പരസ്യദാതാവ് ഉദ്ദേശിച്ചതെന്തായാലും പ്രണയം ഇന്ത്യൻ മധ്യവർഗ കുടുംബങ്ങളെ സംബന്ധിച്ച്​പരിഹരിക്കേണ്ട പ്രശ്നങ്ങളിലൊന്നായി തുടരുന്നുവെന്നതാണ് വാസ്തവം. പ്രണയത്തിൽ ‘അകപ്പെട്ടുപോകുക' എന്ന പ്രയോഗത്തിൽത്തന്നെ അതുണ്ട്. കുടുംബത്തിന്റെ സുസ്ഥിതിക്കും അഭിമാനത്തിനും ഉലച്ചിലേല്പിക്കുന്ന ഒന്നായോ ഏറെ പണിപ്പെട്ട് പൊരുത്തപ്പെടേണ്ട ഒന്നായോ പ്രണയത്തെ കാണാനാണ് സമൂഹത്തിനും താൽപര്യം. രണ്ടു വ്യക്തികൾ തമ്മിലുള്ള മനോഹരമായ ഒരു പാരസ്പര്യം എന്തുകൊണ്ടാണ് ഒരു ഘടനയുടെ സ്വാസ്ഥ്യത്തെ ഇല്ലായ്മ ചെയ്യുന്നത്?

മൂന്ന് സംഭവകഥനങ്ങളാണ്: മൂന്നിലും പ്രധാന കഥാപാത്രം പ്രണയമാണ്

ഒന്ന്: ബിരുദ വിദ്യാർഥിനിയായ പെൺകുട്ടിയെ അയൽക്കാരനായ യുവാവിന് ഇഷ്ടമാണ്. അതറിഞ്ഞപ്പോൾ അവൾക്കും താൽപര്യം. ബിരുദം കഴിയുന്നതുവരെ കാത്തിരിക്കാൻ ഇരുവരും തീരുമാനിച്ചു. ഒന്നര വർഷത്തിനുശേഷം യുവാവ് വിവാഹാലോചനയുമായി പെൺകുട്ടിയുടെ വീട്ടുകാരെ സമീപിച്ചു. ജാതി, മതം, സാമ്പത്തികശേഷി ഒക്കെ തൃപ്തികരം. പക്ഷേ പെൺകുട്ടിയുടെ അച്ഛനും അമ്മാവനും അതിശക്തമായി എതിർത്തു. പ്രേമിച്ചതുകൊണ്ട് വിവാഹം നടത്തില്ല എന്ന വിചിത്രമായ നിലപാടായിരുന്നു. പെണ്ണ് പ്രേമിച്ച് വിവാഹം കഴിച്ചുവെന്ന് നാട്ടുകാരറിയുന്നത് കുടുംബത്തിന് അഭിമാനക്ഷതമാണ് എന്നായിരുന്നു വാദം. ആ വാദം അംഗീകരിക്കപ്പെട്ടു. അവരെ ധിക്കരിക്കാനുള്ള ശേഷി പെൺകുട്ടിക്ക് ഇല്ലായിരുന്നു. വീട്ടുകാർ യുദ്ധകാലാടിസ്ഥാനത്തിൽ അവൾക്ക് മറ്റൊരു ബന്ധം കണ്ടെത്തി. സ്വന്തം ജില്ലയിൽ നിന്ന് മറ്റൊരു ജില്ലയിലേക്ക് അവൾ പറിച്ചുമാറ്റപ്പെട്ടു. സ്വന്തം വീട്ടുകാരെക്കൂടി മനസ്സിൽനിന്ന് അടർത്തിമാറ്റിയാണ് അവൾ പോയത്. നാട്ടുനടപ്പനുസരിച്ച് പ്രസവത്തിനുപോലും പിന്നീടവൾ വീട്ടിൽ വന്നില്ല.

പ്രണയം പോലെ എക്കാലവും സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമായിട്ടുള്ള മറ്റൊന്നില്ല. അതിലാരോപിക്കപ്പെടുന്ന സാർവലൗകികതയും സാർവജനീനതയും ഒരു പരിധി വരെ മാത്രം നിലനില്ക്കുന്നതാണ്.

രണ്ട്: ഡോക്ടറായ പെൺകുട്ടി. സഹപാഠിയുമായി പ്രണയത്തിലാണ്. അവളുടെ അച്ഛൻ അതിശക്തമായി എതിർത്തു. പ്രണയം പോലെ മ്ലേച്ഛമായ ഒരു കാര്യം സ്വന്തം മകൾ ചെയ്യുമെന്ന് അയാൾ ജീവിതത്തിൽ പ്രതീക്ഷിച്ചില്ലത്രേ. പഠിക്കാൻ വിട്ടപ്പോൾ സഹപാഠിയെ പ്രണയിച്ചു നടക്കാൻ തയ്യാറായ പയ്യനെ വിശ്വസിക്കരുത് എന്നാണ് അയാളുടെ തിയറി. മകൾ അയാൾക്കൊപ്പം പോയാൽ താൻ ആത്മഹത്യ ചെയ്യുമെന്ന് അച്ഛൻ ഭീഷണിപ്പെടുത്തി. മകൾക്ക് വലിയ ഒരു വിവാഹബന്ധം അയാൾ കണ്ടുവച്ചിട്ടുണ്ട്. അതായാൽ അവൾക്ക് പ്രാക്ടീസ് ചെയ്യാതെ രാജകീയമായി ജീവിക്കാം. കാമുകനൊപ്പം പോയാൽ ജോലിചെയ്ത് ജീവിക്കേണ്ടി വരുമത്രേ. ജോലി ചെയ്യാനല്ല മകളെ എം.ബി.ബി.എസ്. പഠിപ്പിച്ചത്. കുട്ടിക്കാലത്ത് ഉടുപ്പ് മുതൽ വളർന്നപ്പോൾ എം.ബി.ബി.എസ്. വരെ തെരഞ്ഞെടുത്തത് അച്ഛനാണ്. എല്ലാം വൻ വിജയമായിരുന്നു. ഭർത്താവിനെയും അച്ഛൻ തന്നെ തെരഞ്ഞെടുക്കുന്നത് സ്വീകരിച്ചാൽ മതി എന്നാണ് നിശ്ചയം. കാമുകന് താൻ നല്കിയ ഉറപ്പ് പാലിക്കാനും അച്ഛനെ ധിക്കരിക്കാനും കഴിയാത്ത പെൺകുട്ടി വൻ സമ്മർദത്തിന് അടിപ്പെട്ടത് ഫലം. അത് അവളുടെ അഹങ്കാരമായി മാത്രമേ അച്ഛൻ കാണുന്നുള്ളൂ. നേരത്തേ നിശ്ചയിച്ച വിവാഹം ഗംഭീരമായി നടത്തി അച്ഛൻ ധന്യനായി.

പ്രണയം പോലെ എക്കാലവും സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമായിട്ടുള്ള മറ്റൊന്നില്ല. അതിലാരോപിക്കപ്പെടുന്ന സാർവലൗകികതയും സാർവജനീനതയും ഒരു പരിധി വരെ മാത്രം നിലനില്ക്കുന്നതാണ്. അതിനു കാരണം പ്രണയവും 'പ്രതിജനഭിന്ന വിചിത്ര'മാണെന്നതാണ്.

മൂന്ന്: പുരോഗമന ചിന്താഗതിക്കാരായ അധ്യാപകരുടെ മകൾ. പ്രൊഫഷണൽ ബിരുദധാരിണിയാണ്, സഹപാഠിയായ യുവാവുമായി പ്രണയത്തിലുമാണ്. വിവരം അറിഞ്ഞതുമുതൽ പിന്തിരിപ്പിക്കാൻ മാതാപിതാക്കൾ പരമാവധി ശ്രമിച്ചു. മകൾ പ്രണയ ജിഹാദിലാണെന്ന് അവർ ഉറപ്പിച്ചു കഴിഞ്ഞിരുന്നു. മകളെ സ്വതന്ത്രയായി വളർത്തുകയും ദൂരത്തയച്ചു പഠിപ്പിക്കുകയും ചെയ്യുമ്പോഴൊക്കെ അഭ്യുദയകാംക്ഷികൾ നല്കിയ താക്കീതുകൾ സത്യമായതായി അവർ ഖേദിച്ചു. ബിരുദാനന്തര ബിരുദം കൂടി കഴിഞ്ഞശേഷം വിവാഹം ആലോചിക്കാമെന്ന് അവർ പറഞ്ഞു. കമിതാക്കൾ അതിന് തയ്യാറായെങ്കിലും മാതാപിതാക്കൾ വാക്കുതെറ്റിച്ചു. പറഞ്ഞ സമയപരിധി കഴിഞ്ഞയുടനെ കുട്ടികൾ വിവാഹിതരാവുകയും ചെയ്തു. ഇനിയും ഏതുനിമിഷവും പ്രണയ ജിഹാദ് സംഭവിക്കുമെന്ന് പ്രതീക്ഷിച്ച് മാതാപിതാക്കൾ സൂക്ഷ്മതയോടെ കാത്തിരിക്കുന്നു. വേണ്ടപ്പെട്ടവർ നല്കിയ മുന്നറിയിപ്പുകൾ അവഗണിച്ചതിന്‌ തങ്ങൾ വലിയ വില കൊടുത്തുവെന്നും ഇനിയുള്ളവർ സൂക്ഷിക്കണമെന്നും നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നു .

ഈ മൂന്നു സംഭവങ്ങളിലും പ്രണയത്തിൽ പ്രഥമദൃഷ്ട്യാ എതിർക്കപ്പെടാനുള്ളതായി ഒന്നുമില്ല. ആദ്യത്തെ രണ്ടിലും ബാഹ്യഘടകങ്ങളൊക്കെ തൃപ്തികരമായിരുന്നിട്ടും പെൺകുട്ടികളുടെ സ്വയംനിർണയാവകാശം പ്രവർത്തിക്കുന്നതാണ് പ്രണയം എതിർക്കപ്പെടാനുള്ള കാരണമാകുന്നത് എന്നു കാണാം. മൂന്നാമത്തേതിൽ എതിർപ്പ് പ്രണയബാഹ്യമായ കാരണത്താലാണ്. തുറന്നു പറഞ്ഞില്ലെങ്കിലും പ്രണയവുമായി നേരിട്ട് യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളുടെ പേരിൽ ഭയവും അസ്വസ്ഥതയുമുണ്ടാവുകയും ചെയ്തു. ആ ഭയത്തിന് സാമൂഹ്യമായ സ്വീകാര്യത കൂടി ലഭിക്കുന്ന അവസ്ഥയിലാണ് പ്രണയത്തെക്കുറിച്ച് വീണ്ടും ചിന്തിക്കേണ്ടി വരുന്നത്.

Decorating a Bride, രാജാ രവി വർമ്മയുടെ പെയ്ന്റിങ്ങ്. ഇന്ത്യൻ കുടുംബങ്ങളെ രൂപപ്പെടുത്തുന്ന ഉഭയ ലൈംഗികതാ സങ്കല്പത്തിന് ഉറപ്പുനല്കാനുതകുന്ന വിധം വളരെ സൂക്ഷ്മതയോടെയാണ് പ്രണയത്തെ പൗരാണിക കൃതികളിലടക്കം ഉപയോഗിച്ചിരിക്കുന്നതെന്നു കാണാം. ദാമ്പത്യം വഴിയുള്ള കുടുംബസ്ഥാപനവും സഹധർമചാരിത്വവും വ്രതശുദ്ധിയും ബലപ്പെടുത്തിയെടുക്കുക എന്ന ഉത്തരവാദിത്വം അങ്ങനെ പ്രണയത്തിൽ വന്നു ചേരുന്നുണ്ട്.

പ്രണയം പോലെ എക്കാലവും സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമായിട്ടുള്ള മറ്റൊന്നില്ല. അതിലാരോപിക്കപ്പെടുന്ന സാർവലൗകികതയും സാർവജനീനതയും ഒരു പരിധി വരെ മാത്രം നിലനില്ക്കുന്നതാണ്. അതിനു കാരണം പ്രണയവും "പ്രതിജനഭിന്ന വിചിത്ര'മാണെന്നതാണ്. ആത്യന്തികമായി രണ്ട് വ്യക്തികൾ തമ്മിലുള്ള ഇടപാട് മാത്രമായിരിക്കുന്ന ഒന്നിൽ സമൂഹത്തിന്റെ താൽപര്യങ്ങൾ ഇടപെടുന്നതിലെ പ്രതിസന്ധികളാണ് കാലങ്ങളായി എഴുത്തിലും കലയിലും നാം കാണുന്നത്. സത്യത്തിൽ ഉദാത്തമായ വികാരമായി പ്രണയത്തെ സ്ഥാപിക്കാനുള്ള കാരണങ്ങളിലൊന്ന് സാഹിത്യത്തിലും കലയിലുമുള്ള സ്വാധീനമായിരിക്കണം.
അത്തരത്തിലുള്ള ഉദാത്തതയ്ക്കുതന്നെ പ്രണയം ധാരാളം യോഗ്യതാപരീക്ഷകൾ ജയിക്കേണ്ടതായിട്ടുണ്ട് താനും. രണ്ടു വ്യക്തികൾ തമ്മിലുള്ള പ്രണയമാണെങ്കിലും അത് ശരീരനിരപേക്ഷമായിരിക്കണം, അവരിൽ മാത്രം ഒതുങ്ങിയ നിലയിൽനിന്ന് വികസിച്ച് വിശ്വപ്രണയത്തോളം എത്തണം, സമൂഹത്തിന്റെ താൽപര്യങ്ങളെ തൃപ്തിപ്പെടുത്തുന്നതായിരിക്കണം, ആത്യന്തികമായി നന്മയുടെ പക്ഷത്തുമായിരിക്കണം. നല്ല പ്രണയവും ചീത്ത പ്രണയവുമുണ്ട് എന്നർഥം. നല്ല പ്രണയമാണ് മേൽ സൂചിപ്പിച്ച പ്രകാരം സ്ഥാനപ്പെട്ട് ആദർശപ്രണയമായി മാറുക.

സോദ്ദേശ്യമെന്നും ആദർശാത്മകമെന്നുമുള്ള രണ്ടു വിഭാഗം പ്രണയങ്ങൾ മാത്രമേ സാമൂഹികാംഗീകാരം നേടിയുള്ളൂ എന്നുപറയാം. ചീത്ത പ്രണയം സ്വാഭാവികമായും അതിന്റെ വിപരീതദിശയിലാവും നില്ക്കുക

ദുർബലരും അപരിഷ്കൃതരും വ്യവസ്ഥാനുസൃതമല്ലാത്ത ശരീരത്തിന്റെയും മനസ്സിന്റെയും ഉടമകളുമായ മനുഷ്യർ സാഹിത്യത്തിലും കലയിലുമെന്നതു പോലെ പ്രണയത്തിന്റെ ഉദാത്തതയ്ക്കും പുറത്തുനിന്നു. ഇന്ത്യൻ കുടുംബങ്ങളെ രൂപപ്പെടുത്തുന്ന ഉഭയ ലൈംഗികതാ സങ്കല്പത്തിന് ഉറപ്പുനല്കാനുതകുന്ന വിധം വളരെ സൂക്ഷ്മതയോടെയാണ് പ്രണയത്തെ പൗരാണിക കൃതികളിലടക്കം ഉപയോഗിച്ചിരിക്കുന്നതെന്നു കാണാം. ഉദാഹരണത്തിന്, കുമാരസംഭവത്തിലെ പ്രണയത്തിന്റെ ഉദ്ദേശ്യം കൃതിയുടെ പേരിൽത്തന്നെയുണ്ട്. അതിനുപുറമെ സ്ത്രീ പുരുഷന്മാരുടെ പേരുകൾ ഒന്നിച്ചുചേർത്തുള്ളതും അല്ലാത്തതുമായ പ്രണയ വിഷയകങ്ങളായ കൃതികൾ പ്രധാനമായും കലാശിക്കുന്നത് അവരുടെ വിവാഹത്തിലും ദാമ്പത്യത്തിലുമായിരിക്കും. ദാമ്പത്യം വഴിയുള്ള കുടുംബസ്ഥാപനവും സഹധർമചാരിത്വവും വ്രതശുദ്ധിയും ബലപ്പെടുത്തിയെടുക്കുക എന്ന ഉത്തരവാദിത്വം അങ്ങനെ പ്രണയത്തിൽ വന്നു ചേരുന്നുണ്ട്. ഇന്ദുലേഖാ- മാധവന്മാരുടെ പ്രണയമടക്കം ഉദാഹരണമാണ്. പ്രണയവും പ്രണയസാഫല്യവും വിവാഹവും ചേർന്ന് പുതിയ കുടുംബസമ്പ്രദായത്തിന് തറക്കല്ലിടുന്നിടത്താണ് നോവൽ അവസാനിക്കുന്നത്. ഫലത്തിൽ, നിലവിലുള്ള പാരമ്പര്യമായ സംബന്ധ സമ്പ്രദായത്തിന് ഉലച്ചിൽ തട്ടിച്ചുകൊണ്ട് ആധുനികമായ വിവാഹം സ്ഥാപിക്കാനുള്ള ഉപാധിയാണ് അതിലെ പ്രണയം.

കുമാരനാശാന്റെ മാംസനിബദ്ധമല്ലാത്ത അനുരാഗങ്ങളും സമാനമായ മറ്റു രചനകളും മാനുഷികത ചോർത്തിക്കളഞ്ഞ് ആദർശാത്മകമായ ഒരു മിഥ്യാലോകത്തിൽ പ്രണയത്തെ സ്ഥാപിച്ചു.

ഭൗതികലക്ഷ്യങ്ങളോടെയുള്ള പ്രണയത്തിന് സംഭവിക്കുന്ന പ്ലേറ്റോണിക് രൂപാന്തരങ്ങൾ വി.സി. ബാലകൃഷ്ണപ്പണിക്കരുടെ ‘ഒരു വിലാപം' മുതലുള്ള കാവ്യങ്ങളിൽ കണ്ടെത്താം. അയഞ്ഞ വിവാഹബന്ധങ്ങൾ സ്വാഭാവികമായിരുന്ന കാലത്ത് ദാമ്പത്യത്തിനകത്തു നിലനില്ക്കുന്ന രണ്ടു മനുഷ്യർക്കിടയിലുണ്ടാകുന്ന മാനസികൈക്യമായാണ് ഒരു വിലാപത്തിനുള്ളിൽ പ്രണയം പ്രവർത്തിക്കുന്നത്. ഭാര്യാഭർത്തൃപ്രണയമായതുകൊണ്ടുതന്നെ അതിൽ ഉദാത്തത ആരോപിക്കുക എളുപ്പവുമാണ്. അതിനു പിന്നാലെയാണ് കുമാരനാശാനിലെ മാംസനിബദ്ധമല്ലാത്ത അനുരാഗങ്ങൾ നാം പരിചയപ്പെടുന്നത്. അവയെല്ലാം മാനുഷികത ചോർത്തിക്കളഞ്ഞ് ആദർശാത്മകമായ ഒരു മിഥ്യാലോകത്തിൽ പ്രണയത്തെ സ്ഥാപിച്ചു.

പ്രണയം മനുഷ്യരെ ആന്തരികമായി സ്വതന്ത്രരാക്കുമെന്ന ഒരു നിരീക്ഷണമുണ്ട്. സമൂഹത്തിന്റെ കെട്ടുപാടുകളെ പൊട്ടിച്ചു കളയാനും പൊളിറ്റിക്കൽ ആയി ചിന്തിക്കാനും മനുഷ്യരെ സഹായിക്കുമെന്നതാണ് ആ സ്വാതന്ത്ര്യത്തിന്റെ സ്വഭാവം

ചുരുക്കത്തിൽ സോദ്ദേശ്യമെന്നും ആദർശാത്മകമെന്നുമുള്ള രണ്ടു വിഭാഗം പ്രണയങ്ങൾ മാത്രമേ സാമൂഹികാംഗീകാരം നേടിയുള്ളൂ എന്നുപറയാം. ചീത്ത പ്രണയം സ്വാഭാവികമായും അതിന്റെ വിപരീതദിശയിലാവും നില്ക്കുക. ജനപ്രിയ സാഹിത്യത്തിൽ ആ നില പലതരത്തിൽ ചിത്രീകരിക്കപ്പെട്ടു നാം കണ്ടിട്ടുണ്ട്. ‘ലക്ഷണയുക്ത'രും ‘ധാർമിക'രുമല്ലാത്ത മനുഷ്യർക്കിടയിലെ പ്രണയത്തിന് സോദ്ദേശ്യ - ആദർശാത്മക പ്രണയങ്ങളുടെ സാമൂഹിക പരിരക്ഷയില്ല. അത് ഏറ്റവും നശ്വരമായതും താൽക്കാലിക ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ളതും "മൂല്യച്യുതി'യുടെ ലക്ഷണങ്ങൾ പ്രദർശിപ്പിക്കുന്നതുമായി മാറി. അത്തരം പ്രണയങ്ങളെയാണ് ആണാടിന് പെണ്ണാടിനോടുള്ള തരം വികാരം എന്ന് ടോൾസ്റ്റോയ് വിളിച്ചത്. പ്രണയത്തോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടിലെ വൈരുദ്ധ്യം അതേപടി തുടരുന്നുവെന്നതാണ് കൗതുകം.

പ്രണയം മനുഷ്യരെ ആന്തരികമായി സ്വതന്ത്രരാക്കുമെന്ന ഒരു നിരീക്ഷണമുണ്ട്. സമൂഹത്തിന്റെ കെട്ടുപാടുകളെ പൊട്ടിച്ചു കളയാനും പൊളിറ്റിക്കൽ ആയി ചിന്തിക്കാനും മനുഷ്യരെ സഹായിക്കുമെന്നതാണ് ആ സ്വാതന്ത്ര്യത്തിന്റെ സ്വഭാവം. പ്രണയത്തെ ഏറ്റവും പ്രഹരശേഷിയുള്ള വിമോചനോപാധിയാക്കി മാറ്റുന്നതും ഇതുതന്നെയാണ്. രണ്ട് മനുഷ്യർ തമ്മിലുള്ള ഉടമ്പടി മാത്രമായി പ്രണയത്തെ കാണാൻ യാഥാസ്ഥിതികർക്കും ഉൽപതിഷ്ണുക്കൾക്കും സാധിക്കാതെ വരുന്നതിന് കാരണവും ഇതാണ്.

ഉൽപതിഷ്ണുക്കളെ സംബന്ധിച്ച്​ സോദ്ദേശ്യ - ആദർശാത്മകപ്രണയം സാമൂഹിക പ്രതിബദ്ധത കൂടിയുള്ള ഒന്നാണ്. തീർച്ചയായും പ്രണയത്തിലൂടെയുള്ള മിശ്രവിവാഹങ്ങൾക്ക് അങ്ങനെയൊരു മാനം കൂടിയുണ്ട്. ആദ്യപടി അത് ജാതിമതാദികൾക്കെതിരായ കലഹമായി മാറുകയും രണ്ടാമത് ബദൽ കുടുംബങ്ങളെ രൂപപ്പെടുത്തുകയും ചെയ്യുന്നു.

പ്രണയത്തെക്കുറിച്ചുള്ള കാല്പനികാഖ്യാനങ്ങൾ പൊതുവേ പ്രതികാരത്തെയും ഉൾക്കൊള്ളുന്നതുകാണാം. പ്രത്യക്ഷത്തിൽ നിഷ്‌കളങ്കമെന്നു തോന്നുന്ന ആഖ്യാനങ്ങൾ പോലും അത്തരം ചിലത് ഒളിപ്പിച്ചിരിക്കും. ഉദാഹരണത്തിന്, ചേർക്കിൽ പാറുക്കുട്ടിയമ്മയുടെ കുട്ടികളുടെ മഹാഭാരതത്തിലെ രാക്ഷസകഥാപാത്രങ്ങൾ മുസ്‌ലീംഭാഷ സംസാരിക്കുന്നതു കാണാം.

യാഥാസ്ഥിതികരുടെ കാര്യത്തിൽ പ്രണയത്തിന് അയിത്തമുണ്ട്. നേരത്തേ പറഞ്ഞ ആദ്യ രണ്ടു കേസുകളിലും യാഥാസ്ഥിതികത്വമാണ് പ്രണയത്തിന് എതിരുനില്ക്കുന്നത്. ഒന്നാമത്തേതിൽ കൃത്യമായും പെൺകുട്ടി പ്രണയത്തിന്റെ കാര്യത്തിൽ സ്വയം തീരുമാനമെടുത്തത് കുടുംബത്തിന്റെ അന്തസ്സിന് ചേരായ്മയായി അവർ കാണുന്നു. രണ്ടാമത്തെ കേസിലെ പ്രണയം മ്ലേച്ഛമാണെന്നു വിശ്വസിക്കുന്ന അച്ഛന്റെ മനോനില അവരും പങ്കുവയ്ക്കുന്നുണ്ട്. എങ്കിലും മറ്റു താൽപര്യങ്ങൾ ഇല്ല. രണ്ടാമത്തെ കേസിലെ അച്ഛൻ മധ്യവർഗ മലയാളി കുടുംബത്തിലെ ടിപ്പിക്കൽ പുരുഷനാണ്. ഭാര്യയ്ക്കും മക്കൾക്കും സ്വകാര്യ ജീവിതം ഇല്ല എന്നു വിശ്വസിക്കുന്ന നിരവധി കുടുംബനാഥന്മാരിൽ ഒരാളാണയാൾ. മറ്റുള്ളവരുടെ, പ്രത്യേകിച്ച് കുടുംബത്തിലെ സ്ത്രീകളുടെ വ്യക്തിപരമായ ഇടത്തിൽ കൈകടത്തുന്നതുവഴിയാണ് അവരിൽ നിയന്ത്രണം സാധ്യമാകുക എന്നു വിശ്വസിക്കുന്ന ആളുമാണ്. ഇത്തരം വ്യക്തികൾക്ക് കൃത്യമായും താൽപര്യമുള്ള മേഖല പ്രണയമായിരിക്കും. അതിനെ അവർ മറ്റു പല നിയന്ത്രണങ്ങളും സാധ്യമാക്കുന്ന ടൂളായി ഉപയോഗിച്ചെന്നും വരാം. മക്കളുടെ പ്രണയം തങ്ങളുടെ സർവാധികാരത്തിനെതിരെയുള്ള കലാപമായിത്തന്നെ അവർ മനസ്സിലാക്കിയെടുക്കുന്നുണ്ട്. ‘ബൗണ്ടറി വാൾസ്: കാസ്റ്റ് ആൻഡ് വിമൻ ഇൻ എ തമിഴ് കമ്യൂണിറ്റി' എന്ന പുസ്തകത്തിൽ തമിഴ്നാട്ടിലെ കോട്ടൈ പിള്ളമാരെക്കുറിച്ച് കമല ഗണേഷ് സൂചിപ്പിക്കുന്നുണ്ട്. ആ വിഭാഗത്തിലെ സ്ത്രീകൾ അക്ഷരാർഥത്തിൽ കോട്ടയ്ക്കുള്ളിലാണ് താമസിച്ചിരുന്നത്.

അന്യജാതിയിൽപെട്ടതോ അല്ലാത്തതോ ആയ പുരുഷന്മാരുമായി സ്ത്രീകൾക്ക് സഹവാസമുണ്ടായാൽ അവരെയും കുഞ്ഞുങ്ങളെയുമടക്കം മുക്കിക്കൊന്ന് രക്തശുദ്ധി തെളിയിച്ചിരുന്നതായി നൂർ യാൽമൻ അടക്കമുള്ള ഗവേഷകർ വ്യക്തമാക്കുന്നുണ്ട്. പ്രണയത്തിന്റെ കാര്യത്തിൽ ഈ മനോനിലയാണ് പലപ്പോഴും പ്രവർത്തിക്കുക.

അപരത്വത്തോടുള്ള ഭയം രൂപപ്പെടുന്നതിന് സാംസ്കാരികവും ചരിത്രപരവുമായ കാരണങ്ങളുണ്ട്. പ്രത്യക്ഷത്തിൽ നിഷ്കളങ്കമെന്നു തോന്നുന്ന ആഖ്യാനങ്ങൾ പോലും അത്തരം ചിലത് ഒളിപ്പിച്ചിരിക്കും.

പ്രണയത്തെക്കുറിച്ചുള്ള കാല്പനികാഖ്യാനങ്ങൾ പൊതുവേ പ്രതികാരത്തെയും ഉൾക്കൊള്ളുന്നതുകാണാം. മറ്റൊരു മനുഷ്യജീവിയെ സ്നേഹിക്കുന്നതിനുപകരം പരാജയപ്പെടുത്താനോ നശിപ്പിക്കാനോ പ്രണയത്തെ ഉപയോഗിക്കുന്നതിന്റെ ആവിഷ്കാരങ്ങൾ കൊണ്ട് അവ സമ്പന്നമാണ്. സംസ്കാരത്തിൽ നിന്നു നടക്കുന്ന അബോധപൂർവമായ ചില ആഗിരണങ്ങളുടെ കൂട്ടത്തിൽ പെടും ഇത്. അപരത്വത്തോടുള്ള ഭയം രൂപപ്പെടുന്നതിന് സാംസ്കാരികവും ചരിത്രപരവുമായ കാരണങ്ങളുണ്ട്. പ്രത്യക്ഷത്തിൽ നിഷ്കളങ്കമെന്നു തോന്നുന്ന ആഖ്യാനങ്ങൾ പോലും അത്തരം ചിലത് ഒളിപ്പിച്ചിരിക്കും. ഉദാഹരണത്തിന്, ചേർക്കിൽ പാറുക്കുട്ടിയമ്മയുടെ കുട്ടികളുടെ മഹാഭാരതത്തിലെ രാക്ഷസകഥാപാത്രങ്ങൾ മുസ്​ലിം ഭാഷ സംസാരിക്കുന്നതു കാണാം.

അതടക്കം മുഖ്യധാരാസാഹിത്യവും സിനിമയും പ്രക്ഷേപിച്ച ചില താൽപര്യങ്ങളുണ്ട്. അത് വളരെ സ്വാഭാവികമായി സ്വീകരിച്ച ഒരു തലമുറയാണ് പ്രണയത്തെ ഭയക്കുന്ന ഇന്നത്തെ രക്ഷാകർത്താക്കളിൽ പലരും എന്നുകൂടി ഓർക്കണം.

പ്രണയം പോലെ കാല്പനികമായ ഒരു വികാരത്തിനും അതിനുള്ള തെരഞ്ഞെടുപ്പുകളിലെ വൈയക്തികതയ്ക്കും മേൽ ഭയം ആധിപത്യം സ്ഥാപിക്കുമ്പോൾ ഇത്തരം ചില സൂചനകൾ പോലും പ്രസക്തമാകുന്നുണ്ട്.

അകപ്പെടുന്നവരെ സ്വതന്ത്രരാക്കുകയും പുറമെ നില്ക്കുന്നവരെ ഭയപ്പെടുത്തുകയും ചെയ്യുന്ന സ്വഭാവമുണ്ട് പ്രണയത്തിന്. എക്കാലവും അത് അങ്ങനെ തന്നെയായിരുന്നു. സമീപകാലത്ത് ആ ഭയത്തിന് ചില വിപരീതമാനങ്ങൾ കൂടി കലർന്നുവെന്നു മാത്രം. അതാകട്ടെ സമൂഹത്തിൽ പരക്കെ വ്യാപിച്ച അപരനോടുള്ള ഭയത്തിൽ നിന്നും സംശയത്തിൽ നിന്നും ഉയിരിട്ടതാണെന്നു കാണാം. സൗന്ദര്യത്തിന് ഭയത്തെ കീഴ്പ്പെടുത്താനാവുമെന്ന കാല്പനിക വിശ്വാസത്തിലാവും ഇനിയങ്ങോട്ട് പ്രണയത്തിന്റെ ഭാവി. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ആർ. രാജശ്രീ

എഴുത്തുകാരി, നോവലിസ്റ്റ് കല്ല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത, അപസർപ്പകാഖ്യാനങ്ങൾ: ഭാവനയും രാഷ്ട്രീയവും തുടങ്ങിയവ പ്രധാന കൃതികളാണ്.

Comments