ശാശ്വത പരിഹാരത്തിന്​ തെരുവുനായകളെ
കൊന്നൊടുക്കേണ്ടിയും വരും

തെരുവുനായ്ക്കളെ കൊന്നൊടുക്കുന്നത് കണ്ണില്‍ ചോരയില്ലായ്മയാണ്, അതുകൊണ്ട് ആ മാര്‍ഗ്ഗം നമ്മള്‍ സ്വീകരിക്കരുത് എന്ന വാദം ഉന്നയിക്കുന്നവര്‍ കുറഞ്ഞത് ശാസ്ത്രത്തിന്റെ മറ അതിനായി ഉപയോഗിക്കരുത്. ശാശ്വത നടപടിയാണ് ആഗ്രഹിക്കുന്നത് എങ്കില്‍ കൊന്നൊടുക്കല്‍ എന്ന മാര്‍ഗ്ഗം കൂടാതെ നമുക്കത് കൈവരിക്കാന്‍ സാധിക്കില്ല.

ങ്ങേയറ്റം അപകടകാരികളായ നായ്ക്കളെ പിടികൂടി ദയാവധം ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷന്‍ (KSCPCR), ​ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കേരളത്തില്‍ ഉയര്‍ന്നുവരുന്ന തെരുവുനായ്​ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നീക്കം.

കേരളത്തിലെ തെരുവുനായ ശല്യം എല്ലാ വര്‍ഷവും ചര്‍ച്ചകളില്‍ ഇടം പിടിക്കുന്ന വിഷയമാണ്. തെരുവുനായകളുടെ ആക്രമണം മൂലം സംസ്ഥാനത്തുടനീളം കൊച്ചു കുട്ടികളടക്കമുള്ളവര്‍ മരിക്കുമ്പോള്‍ ഇത്തരം ചര്‍ച്ചകളുണ്ടാവേണ്ടത് അനിവാര്യമാണ്. എന്നാല്‍, മിക്ക സാഹചര്യങ്ങളിലും ഈ ചര്‍ച്ചകള്‍ ലക്ഷ്യം കാണാതെ പോവുകയാണ്. തെരുവുനായ ശല്യത്തിനുള്ള പരിഹാരം എന്തെന്ന ചോദ്യമാണ് ഇത്തരം ചര്‍ച്ചകളില്‍ പ്രധാനമായും ഇടം പിടിക്കാറ്​. അത്തരം ചര്‍ച്ചകളില്‍ പലപ്പോഴും അവഗണിക്കപ്പെടുന്നതും, അശാസ്ത്രീയമെന്നും കണ്ണില്‍ ചോരയില്ലാത്തതെന്നും മുദ്രകുത്തി ഒഴിവാക്കപ്പെടുന്നതുമായ ഒരു മാര്‍ഗ്ഗത്തെ കുറിച്ചാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്.

പേവിഷബാധ മരണവും ദാരിദ്ര്യവും

ആദ്യമായി, എന്തുകൊണ്ട് ഈ വിഷയം ഗൗരവമായി കാണേണ്ടതുണ്ട് എന്ന് വ്യക്തമാക്കുന്ന കുറച്ചു കണക്കുകള്‍ പരിശോധിക്കാം. കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് മന്ത്രി പര്‍ഷോത്തം രൂപാല 2019-ല്‍ ലോക്സഭയില്‍ അവതരിപ്പിച്ച കണക്കുകള്‍പ്രകാരം 'ഒന്നരക്കോടി തെരുവുനായകളാണ്' ഇന്ത്യയിലെ തെരുവുകളില്‍ അലഞ്ഞുതിരിയുന്നത്. അതേസമയം, ഇന്ത്യയിലെ 96% പേവിഷബാധയ്ക്കും അനുബന്ധ കേസുകള്‍ക്കും കാരണം തെരുവുനായ ശല്യമാണെന്ന്​ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കബിള്‍ ഡിസീസിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. പേവിഷബാധ മൂലമുള്ള മരണനിരക്ക് ലോകത്ത് ഏറ്റവും റിപ്പോര്‍ട്ട് ചെയ്യുന്നത് ഇന്ത്യയിലാണ്.

2011-ലെ ഒരു പഠനം സൂചിപ്പിക്കുന്നത്, രാജ്യത്ത് പ്രതിവര്‍ഷം 17.4 ദശലക്ഷം ആളുകള്‍ക്ക് നായ്ക്കളുടെ കടിയേല്‍ക്കുന്നുവെന്നും 25,000 മനുഷ്യരുടെ മരണത്തിന് പേവിഷബാധ കാരണമാകുന്നുവെന്നുമാണ്. പേവിഷബാധ മൂലമുണ്ടാകുന്ന മരണങ്ങളും ദാരിദ്ര്യവും തമ്മില്‍ അവിഭാജ്യ ബന്ധമുണ്ട്. ഭൂരിഭാഗം സാഹചര്യങ്ങളിലും, മാലിന്യം ശേഖരിക്കുന്നവര്‍, ശാരീരിക ബലഹീനയുളളവര്‍ എന്നിവരാണ്​ നായ്ക്കളുടെ ആക്രമണത്തിന് ഇരയാകുക എന്ന് അനുഭവം തെളിയിക്കുന്നു. ദരിദ്രരും ദുര്‍ബലരുമായ സമൂഹങ്ങളെയും കുട്ടികളെയുമാണ് പേവിഷബാധ പ്രധാനമായും ബാധിക്കുന്നത്. അടുത്തിടെ നടത്തിയ പഠനമനുസരിച്ച്, പേവിഷബാധാ സാധ്യതയുള്ള പ്രദേശങ്ങളില്‍ നായ്ക്കളുടെ ആക്രമണത്തിന് വിധേയരായവരില്‍ 40 ശതമാനവും 5- 15 വയസിനിടയിലുള്ളവരാണ്​.

2016 മുതല്‍ 2021 വരെയുള്ള അഞ്ച് വര്‍ഷത്തിൽ 8,09,629 തെരുവുനായ ആക്രമണങ്ങളാണ്​ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇത്തരം ആക്രമണങ്ങളില്‍ 42 പേര്‍ മരിച്ചുവെന്നും വിവരാവകാശരേഖകൾ വഴി പുറത്തുവന്ന കണക്ക് പറയുന്നു.

കേരളം അപകടനിലയിൽ

കേരളത്തിന്റെ അവസ്ഥയും ഒട്ടും പ്രത്യാശാപൂര്‍ണമല്ല. 2019-ല്‍ 5,794 തെരുവുനായ ആക്രമണങ്ങള്‍റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 2020-ല്‍ 3,951 കേസ്​; 2021-ല്‍ 7,927 കേസ്​; 2022-ല്‍ 11,776 കേസ്​, 2023 ജൂണ്‍ 19 വരെ 6,276 കേസുകളും കണ്ണൂര്‍ ജില്ലയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട് കേരള ബാലാവകാശ കമ്മീഷന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പരാതിയിലാണ് ഈ കണക്ക്. ദേശീയ ലൈവ് സ്റ്റോക്ക് സെന്‍സസിന്റെ വിശകലനമനുസരിച്ച്, കേരളത്തില്‍ 10,000 ആളുകള്‍ക്ക് 83 എന്ന അനുപാതത്തില്‍ നായ്ക്കളുണ്ട്. കര്‍ണാടകയിലത് 163-ഉം, ഗുജറാത്തില്‍ 132-ഉം, ഗോവയില്‍ 183-ഉം ആകുന്നു. പത്ത് ലക്ഷം ആളുകളില്‍ കേരളത്തിലെ 1,470 പേര്‍ക്ക് പട്ടികടി ഏല്‍ക്കുന്നു എന്നും കണക്ക് സൂചിപ്പിക്കുന്നു.

2016 മുതല്‍ 2021 വരെയുള്ള അഞ്ച് വര്‍ഷത്തിൽ 8,09,629 തെരുവുനായ ആക്രമണങ്ങളാണ്​ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇത്തരം ആക്രമണങ്ങളില്‍ 42 പേര്‍ മരിച്ചുവെന്നും വിവരാവകാശരേഖകൾ വഴി പുറത്തുവന്ന കണക്ക് പറയുന്നു.

പേവിഷബാധ മാത്രമല്ല, തെരുവുനായകള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍. അവ മൂലമുണ്ടാവുന്ന റോഡപകടങ്ങൾ, വന്ധ്യംകരണം കഴിഞ്ഞ തെരുവുനായകളുടെ ആക്രമണങ്ങൾ തുടങ്ങിയവ അതില്‍ ഉള്‍പ്പെടും. തെരുവുനായ്ക്കള്‍ രാത്രി തെരുവുകള്‍ കയ്യടക്കുന്നത് ഇന്ത്യയിലെ മിക്ക പ്രദേശങ്ങളിലുമുള്ള പ്രതിഭാസമാണ്. ഇത് തെരുവുകള്‍ മനുഷ്യര്‍ക്ക് പ്രാപ്യമല്ലാത്ത സാഹചര്യം ഉണ്ടാക്കുന്നുവെന്നത് തെരുവുനായ പ്രശ്‌നത്തിന്റെ അധികം ആരും പ്രാമുഖ്യം കൊടുക്കാത്ത വശങ്ങളില്‍ ഒന്നാണ്. ഏതൊരു പ്രദേശത്തെയും പൊതു ഇടങ്ങള്‍ മനുഷ്യര്‍ക്ക് ഏതുസമയത്തും ഒരേ പോലെ പ്രാപ്യമാകണം എന്നതിൽ തര്‍ക്കമില്ല. എന്നാല്‍ അത്തരത്തിലുള്ള പ്രാപ്യത കൈവരിക്കാന്‍സാധിക്കാത്തതിന് ഒരു കാരണം തെരുവുനായകളുടെ സാന്നിധ്യമാണ്.

ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും തെരുവുനായ്​ ആക്രമണം എപ്രകാരമാണ് മറ്റു ജീവി വര്‍ഗ്ഗങ്ങളെ ബാധിക്കുന്നത് എന്നതിനെ സംബന്ധിച്ച് ഇനിയും പഠനങ്ങള്‍ നടക്കേണ്ടതുണ്ട്.

തെരുവുനായകള്‍ മനുഷ്യര്‍ക്കുമാത്രമല്ല മറ്റു ജീവി-വര്‍ഗ്ഗങ്ങള്‍ക്കും കൂടി ഭീഷണി ഉയര്‍ത്തുന്നു. തെരുവ് നായ്ക്കളുടെ വ്യാപനം വിവിധ സാംക്രമിക രോഗങ്ങള്‍ക്ക് കാരണമാകുന്നു എന്ന് പഠനങ്ങള്‍ തെളിയച്ചിട്ടുണ്ട്. വന്യജീവികള്‍ക്കിടയിലും, മറ്റു മൃഗങ്ങള്‍ക്കിടയിലും ഇത്തരം രോഗങ്ങള്‍ വലിയ തോതില്‍ സംക്രമണം ചെയ്യാന്‍ സാധ്യതയുണ്ട്. കേരളം പോലെ ദേശാടനപ്പക്ഷികള്‍ എത്തുന്ന ഒരിടത്ത് തെരുവുനായ്ക്കള്‍ അടക്കമുള്ള അക്രമസ്വഭാവമുള്ള മൃഗങ്ങളുടെ അതിയായ സാന്നിദ്ധ്യം അവയുടെ സ്വൈര്യവിഹാരത്തെ പ്രതികൂലമായി ബാധിക്കും. ഡൗണ്‍ ടു എര്‍ത്ത് എന്ന മാഗസിനില്‍ 2020-ല്‍ നരേന്ദ്ര പാട്ടീല്‍, മേഘ്‌ന ഉനിയല്‍ എന്നിവര്‍ ചേര്‍ന്ന് എഴുതിയ ഒരു ലേഖനത്തില്‍, ഇന്ത്യയിലെ അലഞ്ഞു തിരിയുന്ന തെരുവുനായ്ക്കള്‍ എപ്രകാരമാണ് മറ്റു ജീവജാലങ്ങള്‍ക്ക് ഭീഷണിയാകുന്നത് എന്ന് വ്യക്തമായി പറയുന്നുണ്ട്. ജമ്മു കാശ്മീരില്‍ കണ്ടു വരുന്ന പ്രത്യേകയിനം പക്ഷിയായ കറുത്ത കഴുത്തുള്ള കൊക്കുകളുടെ (Black Necked Cranes) പ്രജനനം തെരുവുനായ്ക്കളുടെ ആക്രമണം മൂലം സാരമായി കുറയാന്‍ കാരണമായി. 1995-ല്‍ 60 ശതമാനമായിരുന്ന ഈ പക്ഷിവര്‍ഗ്ഗത്തിന്റെ പ്രജനന നിരക്ക് 2016-ല്‍ 29 ശതമാനമായി. ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും തെരുവുനായ്​ ആക്രമണം എപ്രകാരമാണ് മറ്റു ജീവി വര്‍ഗ്ഗങ്ങളെ ബാധിക്കുന്നത് എന്നതിനെ സംബന്ധിച്ച് ഇനിയും പഠനങ്ങള്‍ നടക്കേണ്ടതുണ്ട്.

മുകളില്‍ സൂചിപ്പിച്ചതുപോലെ ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിലേതിന് സമാനമായി കേരളത്തിലും തെരുവുനായ്​ ആക്രമണങ്ങള്‍ക്കിരയാവുന്നത് കുട്ടികളും സ്ത്രീകളും തന്നെയാണ്. ഇത് വിരല്‍ ചൂണ്ടുന്നത്, ഏറ്റവും വേഗത്തിലും കാര്യക്ഷമമായ രീതിയിലും തെരുവുനായ്​ ശല്യം നേരിടേണ്ടതിന്റെ ആവശ്യകതയിലേക്കാണ്. എന്നാല്‍ ഇതിനായി സ്വീകരിക്കേണ്ട മാര്‍ഗ്ഗം എന്തെന്ന വിഷയത്തില്‍ വ്യാപകമായ അഭിപ്രായ വ്യത്യാസങ്ങളും തര്‍ക്കവും സാമൂഹ്യ മാധ്യമങ്ങളിലും മറ്റും സജീവമാണ്​.

നായ്ക്കളെ തെരുവില്‍ അലയാന്‍ വിടുന്നത് അവയോട് മനുഷ്യന്‍ ചെയ്യുന്ന കൊടിയ അനീതികളില്‍ ഒന്നാണ്.

കാരണം മനുഷ്യർ തന്നെ

തെരുവുനായ്​ പ്രശ്‌നത്തിന്റെ മൂല ഉദ്ഭവം മനുഷ്യര്‍ തന്നെയാണെന്ന യാഥാര്‍ത്ഥ്യം തള്ളിക്കളയാനാകില്ല. മാലിന്യ നിര്‍മാര്‍ജനത്തിലെ പാകപ്പിഴകളും, അതുമൂലമുണ്ടാകുന്ന തെരുവുകളിലെ മാലിന്യങ്ങളുടെ കുമിഞ്ഞുകൂടലുമാണ്​ തെരുവുകളില്‍ നായ്ക്കളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതിനുള്ള പ്രധാന കാരണം. വളര്‍ത്തുനായാ ഉടമസ്ഥരുടെ നിരുത്തരവാദ സമീപനവും, നായ്ക്കളെ വഴിയിലേക്ക് തള്ളുന്നതും മറ്റു കാരണമാവുന്നു. നായ, അനേകം വര്‍ഷങ്ങളായി മനുഷ്യരോട് ഇടപഴകി ജീവിക്കുന്ന ജീവിവര്‍ഗ്ഗമാണ്. മനുഷ്യരുടെ പരിചരണം നായകള്‍ക്ക് ആവശ്യമാണ്. അത് കൂടാതെ വരുമ്പോഴാണ്​ അവ അക്രമാസക്തരാവുന്നതും, മനുഷ്യരെയും, മറ്റു ജീവികളെയും ആക്രമിക്കുന്നതും. നായ്ക്കളെ തെരുവില്‍ അലയാന്‍ വിടുന്നത് അതുകൊണ്ടു തന്നെ, അവയോട് മനുഷ്യന്‍ ചെയ്യുന്ന കൊടിയ അനീതികളില്‍ ഒന്നാണ്. മനുഷ്യരുടെ പ്രവര്‍ത്തനങ്ങളുടെ, ശ്രദ്ധയില്ലായ്മയുടെ ആകത്തുകയാണ് തെരുവുനായാ പ്രശ്‌നം എന്ന് അംഗീകരിക്കുമ്പോള്‍ തന്നെ അതിനുള്ള പരിഹാരം കണ്ടെത്താനുള്ള ഉത്തരവാദിത്ത്വവും മനുഷ്യര്‍ക്ക് തന്നെയാണ്.

ഇന്ത്യയില്‍, തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിനുള്ള പ്രധാന നിയമ നിര്‍മ്മാണങ്ങളാണ് സ്റ്റേറ്റ് മുനിസിപ്പല്‍ നിയമങ്ങളും 1960-ലെ PCA (Prevention of Cruelty to Animals Act) യും. തെരുവുനായ്ക്കളെ തെരുവില്‍ നിന്ന് നീക്കുകയോ കൊല്ലുകയോ ചെയ്യണമെന്ന് മേല്‍പ്പറഞ്ഞ രണ്ടു നിയമങ്ങളും ആവശ്യപ്പെടുന്നു. 2001-നുമുമ്പ്, ഇന്ത്യയിലെ പ്രാദേശിക സര്‍ക്കാരുകള്‍ക്ക് അവരുടെ പൗരർക്ക്​ അപകടങ്ങളില്‍ നിന്നും അസുഖങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുന്നതിനും, പൊതുസ്ഥലം സംരക്ഷിക്കുന്നതിനും, പൊതുജനങ്ങളുടെ ജീവിതം, ഉപജീവനം, വ്യക്തിസ്വാതന്ത്ര്യം, സഞ്ചാരസ്വാതന്ത്ര്യം എന്നിവയ്ക്കുള്ള അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമായി തെരുവുനായകളെ കൊല്ലാൻ അവകാശമുണ്ടായിരുന്നു. 2001-ലാണ് ഇതിന് മാറ്റം വരുത്തി കേന്ദ്ര സര്‍ക്കാര്‍ എ.ബി.സി (Animal Birth Control) നിയമം അവതരിപ്പിക്കുന്നത്. പൊതുജനാരോഗ്യവുമായി ഒരു ബന്ധവുമില്ലാത്ത കേന്ദ്ര സാംസ്‌കാരിക മന്ത്രാലയമാണ് ഇത് പ്രഖ്യാപിച്ചത് എന്നത് കൗതുകകരമായ വസ്തുതയാണ്. മനേക ഗാന്ധിയായിരുന്നു അക്കാലത്ത് പ്രസ്തുത മന്ത്രാലയത്തിന്റെ സഹമന്ത്രി. വനങ്ങള്‍, തടാകങ്ങൾ, നദികള്‍, വന്യജീവികള്‍ എന്നിവയുള്‍പ്പെടെയുള്ള പരിസ്ഥിതിയെ സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക, ജീവജാലങ്ങളോട് അനുകമ്പ കാണിക്കുക എന്നത് ഇന്ത്യയിലെ പൗരരുടെ കടമയാണ് എന്ന് അനുശാസിക്കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 51 A യുടെ തെറ്റായ വായനയിലൂടെയാണ് ഈ നിയമനിര്‍മ്മാണം മുന്നോട്ട് വെക്കപ്പെട്ടത്. ഇതിലൂടെ സംസ്ഥാനങ്ങളുടെയും, പ്രാദേശിക ഭരണകൂടങ്ങളുടെയും തെരുവുനായകളെ കൊല്ലാനുള്ള അവകാശം വാജ്പേയിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ചെയ്തു. പകരം, തെരുവുനായശല്യം നേരിടാൻ മുന്നോട്ട് വെക്കപ്പെട്ട മാര്‍ഗ്ഗങ്ങള്‍ വന്ധ്യകരണവും, പേവിഷബാധക്കെതിരായ വാക്‌സിനേഷന്‍ കുത്തിവയ്പ്പുകളും ആണ്. 70 ശതമാനം നായകളെയെങ്കിലും വന്ധ്യംകരിച്ചാല്‍ അടുത്ത മൂന്നുവര്‍ഷം കൊണ്ട് നായകളുടെ ജനനനിരക്ക് നിയന്ത്രിക്കുവാന്‍ സാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. വന്ധ്യംകരണത്തോടൊപ്പം തന്നെ പേവിഷ പ്രതിരോധ കുത്തിവെപ്പും മുന്നോട്ടു കൊണ്ടുപോകണം. തെരുവുനായ്​ ശല്യം നേരിടാൻ പലപ്പോഴും മുന്നോട്ടുവെക്കപ്പെടുന്ന മറ്റൊരു മാര്‍ഗ്ഗം ഷെല്‍ട്ടറുകള്‍ നിര്‍മിച്ച് നായ്ക്കളെ അവിടേക്ക് മാറ്റുക എന്നതാണ്.
മുകളില്‍ സൂചിപ്പിച്ച എല്ലാ മാര്‍ഗ്ഗങ്ങള്‍ക്കും വലിയ പരിമിതികളുണ്ട് എന്നത് തീര്‍ച്ചയാണ്. തെരുവുനായ്​ ശല്യത്തിനുള്ള ശാശ്വത പരിഹാരമായി ഇപ്പറഞ്ഞവയില്‍ ഒന്നിനെയും കണക്കാക്കാന്‍ കഴിയില്ല.

ഷെല്‍ട്ടറുകള്‍ നിര്‍മിച്ച് തെരുവുനായകളെ അവിടേക്ക് മാറ്റി പാര്‍പ്പിക്കുന്ന രീതിയും ജനസാന്ദ്രത കൂടുതലുള്ള കേരളം പോലുള്ള സംസ്ഥാനത്ത് വിജയമാക്കാന്‍ സാധിക്കുമെന്നുറപ്പില്ല. അത്തരമൊരു സാഹചര്യത്തില്‍ എന്താണ് തെരുവുനായാ ശല്യത്തിനുള്ള ശാശ്വതവും പ്രായോഗികവുമായ പരിഹാരം?

വന്ധ്യംകരണം മാത്രമോ പരിഹാരം?

വന്ധ്യംകരണം കൊണ്ടുമാത്രം ഉടമസ്ഥതയില്ലാത്ത തെരുവുനായ്​ ശല്യം തടയാന്‍ സാധിക്കില്ല. ലോകാരോഗ്യസംഘടനയുടെ ശുപാര്‍ശ അനുസരിച്ച്; വന്ധ്യകരണം ഉടമസ്ഥതയിലുള്ള വളര്‍ത്തു പട്ടികളിലാണ് പ്രധാനമായും നടപ്പിലാക്കാന്‍ സാധിക്കുക. തെരുവുനായകളെ നിയന്ത്രിക്കാനുള്ള ഒരു മാര്‍ഗ്ഗം മാത്രമാണ് ഇതെന്നും WHO സൂചിപ്പിക്കുന്നു. ഇത്തരം മാര്‍ഗ്ഗനിദ്ദേശങ്ങള്‍ നിലനില്‍ക്കുമ്പോഴും കോടിക്കണക്കിന് രൂപയാണ് സര്‍ക്കാരുകള്‍ വന്ധ്യംകരണത്തിന്​ ചെലവഴിച്ചത് എന്നും ഓര്‍ക്കണം.

തെരുവുനായകളുടെ ഏകദേശ എണ്ണം സൂചിപ്പിച്ചിരുന്നുവല്ലോ. അത്രയും ഭീമമായ എണ്ണം തെരുവുനായകളെ പൂര്‍ണമായി വന്ധ്യംകരിക്കാനുള്ള ശ്രമങ്ങള്‍ക്കുപിന്നിലെ പ്രായോഗിക പ്രശ്‌നങ്ങള്‍ മറന്നുകളയരുത്. ഒരു നായയെ പിടികൂടി വിദഗ്ദ്ധ ഡോക്ടറുടെ നേതൃത്വത്തില്‍ വന്ധ്യംകരണം നടത്തി മൂന്നുദിവസം ശസ്ത്രക്രിയനാന്തര പരിചരണം നല്‍കി വാക്‌സിൻ നല്‍കി പുറത്തുവിടാന്‍ ഏകദേശം 2100 രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത് എന്ന് ഡോ. മുഹമ്മദ് ആസിഫ് എഴുതിയ ഒരു ലേഖനത്തില്‍ പറയുന്നു. ഒരു ഭൂപ്രദേശത്തെ മുഴുവന്‍ നായകളെയും ഈ രീതിയില്‍ വന്ധ്യംകരിക്കാൻ ആവശ്യമുള്ള സാമ്പത്തിക- മാനുഷിക വിഭവങ്ങള്‍ ഇന്ത്യയില്‍ ഉണ്ടാകുമോ എന്ന ചോദ്യം പ്രസക്തമാണ്. ABC നിയമങ്ങള്‍ പാലിച്ച്​ പേവിഷബാധ വലിയ രീതിയില്‍ നിയന്ത്രിച്ച സംസ്ഥാനങ്ങളില്‍ ഒന്നാണ് ഗോവ. എന്നാല്‍ ജനസാന്ദ്രതയും, ഭൂപ്രദേശവും ഗോവയുടേതിലും കൂടുതലായ വലിയ സംസ്ഥാനങ്ങളില്‍ ഇത്തരം മാര്‍ഗ്ഗങ്ങള്‍ പിന്തുടര്‍ന്ന് സമാന വിജയം കൈവരിക്കാന്‍സാധിക്കുമോ എന്നത് സംശയമാണ്.

ഗ്രീസില്‍ നിന്നുമുള്ള ഒരു അനുഭവം ഇവിടെ പറയേണ്ടത് അനിവാര്യമാണ്. നായ്ക്കളെ പിടിച്ച്​, വന്ധ്യംകരിച്ച്, വിട്ടയക്കുന്ന ഗ്രീസില്‍ പിന്തുടര്‍ന്ന് പോന്നിരുന്ന രീതി വിമര്‍ശനങ്ങള്‍ക്കിടയാക്കി. നായ്ക്കളുടെ ഉടമസ്ഥര്‍, അവരുടെ നായകളെ വന്ധ്യംകരണം നടക്കുമെന്നുറപ്പുള്ള ഇടങ്ങളില്‍ കൊണ്ടുവന്ന്​ ഉപേക്ഷിക്കുന്നതായിരുന്നു വിമര്‍ശനത്തിനുള്ള കാരണം. ഷെല്‍ട്ടറുകള്‍ നിര്‍മിച്ച് തെരുവുനായകളെ അവിടേക്ക് മാറ്റി പാര്‍പ്പിക്കുന്ന രീതിയും ജനസാന്ദ്രത കൂടുതലുള്ള കേരളം പോലുള്ള സംസ്ഥാനത്ത് വിജയമാക്കാന്‍ സാധിക്കുമെന്നുറപ്പില്ല. അത്തരമൊരു സാഹചര്യത്തില്‍ എന്താണ് തെരുവുനായാ ശല്യത്തിനുള്ള ശാശ്വതവും പ്രായോഗികവുമായ പരിഹാരം?

ശാസ്ത്രീയ മാലിന്യസംസ്‌കരണം, ഉത്തരവാദിത്തത്തോടുകൂടിയ വളര്‍ത്തുനായ പരിപാലനം എന്നീ മാര്‍ഗ്ഗങ്ങള്‍ക്കൊപ്പം തെരുവ് നായകളെ കൊല്ലുന്നത്​ പേവിഷബാധയും അനുബന്ധ പ്രശ്‌നങ്ങളും തടയാന്‍ സാധിക്കും എന്നതിന് നിരവധി ഉദാഹരണങ്ങള്‍ ലോകത്ത് ഇന്നുണ്ട്.

ലോകാരോഗ്യ സംഘടന 1990-ല്‍ പുറത്തിറക്കിയ മാര്‍ഗ്ഗനര്‍ദ്ദേശങ്ങളില്‍ ഇങ്ങനെ പറയുന്നു: ''നായ്ക്കളുടെ പ്രത്യുത്പാദന നിയന്ത്രണം വളരെ അപൂര്‍വമായി മാത്രമേ പ്രയോജനപ്പെടുകയുള്ളൂ. നായ്ക്കളെ പിടികൂടി ക്ലെയിം ചെയ്യപ്പെട്ടില്ല എങ്കില്‍, അവയെ മനുഷ്യത്വപരമായി കൊല്ലണം.’’
WHO മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച നിരവധി രാജ്യങ്ങളില്‍ തെരുവുകളില്‍ ഉടമസ്ഥതയില്ലാത്ത നായ്ക്കളെ പരിപാലിക്കാന്‍ നിയമപ്രകാരം അനുവദിക്കുന്നില്ല. പകരം, ഉടമസ്ഥതയിലുള്ള നായ്ക്കളെ വന്ധ്യംകരണം ചെയ്യാനും ഉടമസ്ഥതയില്ലാത്ത നായ്ക്കളെ കൊല്ലാനും അത്തരം രാജ്യങ്ങള്‍ ആവശ്യപ്പെടുന്നു. ഈ രണ്ടു മാര്‍ഗ്ഗങ്ങളും നായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതില്‍ സഹായകമാകുന്നു എന്നും സൂചിപ്പിക്കപ്പെടുന്നുണ്ട്.

കൊല്ലൽ എന്ന പരിഹാരം

ശാസ്ത്രീയ മാലിന്യസംസ്‌കരണം, ഉത്തരവാദിത്തത്തോടുകൂടിയ വളര്‍ത്തുനായ പരിപാലനം എന്നീ മാര്‍ഗ്ഗങ്ങള്‍ക്കൊപ്പം തെരുവ് നായകളെ കൊല്ലുന്നത്​ പേവിഷബാധയും അനുബന്ധ പ്രശ്‌നങ്ങളും തടയാന്‍ സാധിക്കും എന്നതിന് നിരവധി ഉദാഹരണങ്ങള്‍ ലോകത്ത് ഇന്നുണ്ട്. ജപ്പാനാണ് അവയില്‍ ഒന്ന്. ജപ്പാനിലെ പരിസ്ഥിതി മന്ത്രാലയത്തിന്റെ 2014-ലെ കണക്കനുസരിച്ച്, ജപ്പാനിലെ പബ്ലിക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ് (''ജിച്ചിതായ്'') പ്രാദേശിക മൃഗസംരക്ഷണ കേന്ദ്രങ്ങളിലും മൃഗസംരക്ഷണ ഷെല്‍ട്ടറുകളിലുമായി 46,411 നായ്ക്കളെയും പൂച്ചകളെയും നിയമപരമായി കൊല്ലുന്നുണ്ട്. 1957 മുതല്‍ ജപ്പാന്‍ പേവിഷബാധയില്‍ നിന്ന്​ വിമുക്തി നേടിയ രാജ്യമാണ്. ജപ്പാന്‍ ഇത് നേടിയെടുത്തത് ശാസ്ത്രീയ മാലിന്യ സംസ്‌കരണവും, പ്രതിരോധ കുത്തിവെപ്പുകള്‍ക്കും ഒപ്പം തെരുവുനായകളുടെ വലിയ തോതിലുള്ള കൊന്നൊടുക്കലില്‍ കൂടിയുമാണ്.


അമേരിക്കയില്‍ ഓരോ വര്‍ഷവും ഏകദേശം 2.7 ദശലക്ഷം നായ്ക്കളെയും പൂച്ചകളെയും ദയാവധം ചെയ്യുന്നു. ഷെല്‍ട്ടറുകള്‍ നിറഞ്ഞു കവിയുന്നതും, അവയെ ദത്തെടുക്കാന്‍ ആവശ്യക്കാര്‍ മുന്നോട്ട് വരാത്തതും ആണ് ഇതിനുകാരണം. 2016-ല്‍ യു.എസില്‍ 5,92,255 നും 8,66,366 നും ഇടയില്‍ തെരുവുനായ്ക്കളെ ദയാവധം ചെയ്തു എന്നും കണക്ക്​ സൂചിപ്പിക്കുന്നു.

തെരുവുനായകളെ കൊന്നൊടുക്കുന്ന രീതി മുന്നോട്ട് വെക്കുമ്പോള്‍ പല പരിസ്ഥിതിവാദികളും, മൃഗസ്‌നേഹികളും, ശാസ്ത്രം ആയുധമാക്കുന്ന വിദഗ്ധരും വരെ പറയാറുള്ള പ്രധാന പ്രശ്‌നം, ആ രീതിക്കു പിന്നിലെ മനുഷ്യത്വമില്ലായ്മയാണ്. എന്നാല്‍ പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച്, അതിന്റെ ചരിത്രത്തെ കുറിച്ച് അറിയാവുന്നവര്‍ക്ക് പല കാലങ്ങളിലും, പരിസ്ഥിതിയില്‍ തുലനം കൊണ്ടു വരുന്നതിനോ, മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ ഒഴിവാക്കുന്നതിനോ ചില ജീവിവര്‍ഗ്ഗങ്ങളെ കൊന്നൊടുക്കുന്ന രീതി പിന്തുടരുന്നതായി അറിവുണ്ടാവേണ്ടതാണ്. പരിസ്ഥിതി സംരക്ഷണം എന്നാല്‍ മൃഗങ്ങളെ സംരക്ഷിക്കല്‍ മാത്രമാണ് എന്നത് തെറ്റിദ്ധാരണയാണ്. പ്രത്യേക സാഹചര്യങ്ങളില്‍, ചില ജീവിവിഭാഗങ്ങളെ കൊല്ലുന്നതും പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമാണ്.

തെരുവുനായ്ക്കള്‍ ഉയര്‍ത്തുന്ന ഭീഷണിയെ ഏറ്റവും ഫലപ്രദമായ രീതിയില്‍ നേരിടാനുള്ള ലക്ഷ്യം എന്ന നിലയിലാണ് ഇവിടെ കൊന്നൊടുക്കലെന്ന രീതി ഉയര്‍ത്തി കാണിക്കുന്നത്. പല ഘട്ടങ്ങളായി വേണ്ടി വരും ഇത് നടപ്പിലാക്കാന്‍.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വലിയ എണ്ണത്തില്‍കാണപ്പെടുന്ന ആന്റ്‌ലോപ് വിഭാഗത്തില്‍പെട്ട മൃഗമാണ് നീല്‍ഗായ്. കൃഷിനാശവും അതുവഴി കര്‍ഷകര്‍ക്ക് നഷ്ടവും വരുത്തിവെക്കുന്ന നീല്‍ ഗായ്ക്കളെ കൊല്ലാനുള്ള സമ്മതം സുപ്രീംകോടതി അതാത് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അനുവദിക്കുന്നുണ്ട്. മറ്റു പല ജീവികളുടെ കാര്യത്തിലും ഇത്തരം അനുമതികള്‍ പല രാജ്യങ്ങളിലുമായി നിലനില്‍ക്കുന്നതായി കാണാം. അത്തരത്തിലൊരു സാഹചര്യത്തില്‍, മനുഷ്യരുടെ സമാധാനപൂര്‍ണമായ ജീവിതത്തിനും, മറ്റു ജീവിവര്‍ഗ്ഗങ്ങള്‍ക്കും ഭീഷണിയാകുന്ന, പേവിഷ ബാധ എന്ന രാജ്യത്തെ ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതം അപടകത്തിലാക്കുന്ന രോഗത്തിന് കാരണമാകുന്ന ഒരു ജീവിവര്‍ഗ്ഗത്തിന്റെ കാര്യത്തിലും എന്തുകൊണ്ട് സമാന നടപടി സാധ്യമല്ല?
'ഒരു പാറ്റയെ കൊല്ലുമ്പോള്‍ നിങ്ങളൊരു നായകനും, പൂമ്പാറ്റയെ കൊല്ലുമ്പോള്‍ നിങ്ങളൊരു പ്രതിനായകനും ആകുന്നു. സൗന്ദര്യശാസ്ത്രത്തിന് ധാര്‍മികതയുടെ ഒരു വശം കൂടിയുണ്ട്' എന്ന നീത്​ഷേയുടെ പ്രശസ്ത ഉദ്ധരണി ഇവിടെ ഓർക്കാം.

തെരുവുനായകളെ കൊന്നൊടുക്കുന്നതിലൂടെ മാത്രം പേവിഷബാധയും അനുബന്ധ പ്രശ്‌നങ്ങളും നേരിടാന്‍ സാധിക്കും എന്നല്ല വാദിക്കുന്നത്. അതോടൊപ്പം, മനുഷ്യരില്‍ പേവിഷബാധ കുത്തിവയ്പ്പും, ശാസ്ത്രീയ മാലിന്യ സംസ്‌കരണവും തുടരുക തന്നെ വേണം. കൂടാതെ വളര്‍ത്തു നായകളുടെ ഉടമസ്ഥരെ ഉത്തരവാദിത്തത്തോടെ നായകളെ വന്ധ്യംകരിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവാന്മാരാക്കുകയും വേണം. വന്‍തോതിലുള്ള നായ്ക്കളുടെ കൊന്നൊടുക്കലിലൂടെ മാത്രം ഒരു നാട്ടിലും തെരുവുനായശല്യം ഇല്ലാതായിട്ടില്ല എന്ന വാദം നിരാകരിക്കുന്നില്ല. ഈ വിഷയത്തില്‍ പ്രതികരിച്ച്​, ഡോ. അരുണ്‍ ടി. രമേശ് എഴുതിയ ഫേസ്ബുക്ക് കുറിപ്പില്‍ ഇങ്ങനെ പറയുന്നു: 'തെരുവുനായ്ക്കളെ പൂര്‍ണമായി നീക്കം ചെയ്യാന്‍ സാധിക്കാത്തതുകൊണ്ട്, അടുത്ത ബ്രീഡിങ്ങ് സീസണുകളില്‍ ജനിക്കുന്ന നായ്ക്കളുടെ സര്‍വൈവല്‍ റേറ്റ് കൂടുന്നതു വഴിയും മൈഗ്രേഷന്‍ വഴിയും പോപ്പുലേഷന്‍ വീണ്ടും ക്യാരിയിങ്ങ് കപ്പാസിറ്റിയിലേക്ക് എത്തുകയാണ് സാധാരണയായി സംഭവിക്കുന്നത്.'

തെരുവുനായ്ക്കള്‍ ഉയര്‍ത്തുന്ന ഭീഷണിയെ ഏറ്റവും ഫലപ്രദമായ രീതിയില്‍ നേരിടാനുള്ള ലക്ഷ്യം എന്ന നിലയിലാണ് ഇവിടെ കൊന്നൊടുക്കലെന്ന രീതി ഉയര്‍ത്തി കാണിക്കുന്നത്. പല ഘട്ടങ്ങളായി വേണ്ടി വരും ഇത് നടപ്പിലാക്കാന്‍. ഒപ്പം, മാലിന്യ നിയന്ത്രണം ഫലപ്രദമായി മുന്നോട്ടുകൊണ്ടു പോകാനും സാധിക്കണം. അത്തരത്തില്‍ മാത്രമേ ശാശ്വത പരിഹാരം കാണാന്‍ സാധിക്കൂ. പേവിഷബാധ തെരുവുനായ്ക്കള്‍ മൂലമുണ്ടാകുന്ന വലിയ അപകടമാണ് എന്ന് അംഗീകരിക്കുമ്പോള്‍ തന്നെ, അതുമാത്രമല്ല തെരുവുനായ്ക്കള്‍ സൃഷ്ടിക്കുന്ന പ്രശ്‌നമെന്ന് മനസിലാക്കുമ്പോഴാണ് വന്ധ്യംകരണ നടപടികളിലൂടെ മാത്രം ഈ പ്രതിസന്ധിയെ നേരിടാന്‍ സാധിക്കില്ല എന്ന തിരിച്ചറിവ് നമുക്കുണ്ടാകുക.

നായ്ക്കളെ കൊന്നൊടുക്കുന്നത് കണ്ണില്‍ ചോരയില്ലായ്മയാണ്, അതുകൊണ്ട് ആ മാര്‍ഗ്ഗം നമ്മള്‍ സ്വീകരിക്കരുത് എന്ന വാദം ഉന്നയിക്കുന്നവര്‍കുറഞ്ഞത് ശാസ്ത്രത്തിന്റെ മറ അതിനായി ഉപയോഗിക്കരുത്. ചര്‍ച്ചകള്‍ നടക്കട്ടെ. ശാശ്വത നടപടിയാണ് ആഗ്രഹിക്കുന്നത് എങ്കില്‍ കൊന്നൊടുക്കല്‍ കൂടാതെ നമുക്കത് കൈവരിക്കാന്‍ സാധിക്കില്ല.

References:
Urban Menace: India's policies on free-ranging dogs risk public health (Meghna Uniyal, 23 June 2023): https://www.downtoearth.org.in/news/governance/urban-menace-india-s-policies-on-free-ranging-dogs-risk-public-health-90149.
കൊന്നൊടുക്കിയാല്‍ പ്രശ്‌നം തീരുമോ (ഡോ എം മുഹമ്മദ് ആസിഫ്): https://luca.co.in/stray-dog/
തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊന്നതു കൊണ്ടാണോ സൂറത്തില്‍ പ്ലേഗ് വന്നത്? (ഡോ അരുണ്‍ ടി. രമേശ്): https://luca.co.in/surat-plague-and-stray-dogs/
Simply put: Why culling is not a 'lust for killing', it is conservation (Jay Mazoomdar, June 13, 2016): https://indianexpress.com/article/explained/maneka-gandhi-prakash-javadekar-culling-of-wild-animals-animal-culling-2849544/
India Gives Go-Ahead for Farmers to Cull 'Vermin (Danny Lewis, June 17, 2016): https://www.smithsonianmag.com/smart-news/india-gives-go-ahead-farmers-cull-vermin-180959460/

Comments