സുദേഷ്​ എം. രഘു

മുന്നാക്ക സംവരണ വിധി:
ഉന്നത ജുഡീഷ്യറിയിൽ ​

ജുഡീഷ്യറിയിൽ റിസർവേഷന്റെ പ്രാധാന്യമാണ്, മുന്നാക്ക സംവരണം സംബന്ധിച്ച സുപ്രീംകോടതി വിധി സൂചിപ്പിക്കുന്നത്. ജുഡീഷ്യറിയിൽ റിസർവേഷനില്ലാത്തതുകൊണ്ടാണ് ഇത്തരം വിധികളുണ്ടാകുന്നത് എന്നു പറയാം. ഭരണഘടനയുടെ അന്തഃസത്തക്ക് നിരക്കാത്ത ഒന്നാണ്, 103-ാംഭരണഘടനാ ഭേദഗതിയെന്ന് നിരവധി പഠനങ്ങളും നിയമവിദഗ്​ധരും പറഞ്ഞിട്ടുള്ളതാണ്. എന്നാൽ, കോടതിക്ക് ഇക്കാര്യം ബോധ്യമാകത്തക്കവിധം ഒരു വിധിയുണ്ടായില്ല എന്നതാണ് ദൗർഭാഗ്യകരം.

കെ. കണ്ണൻ: മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തിയ ഭരണഘടനാ ഭേദഗതി സുപ്രീംകോടതി ശരിവച്ചു. അഞ്ചിൽ മൂന്ന് ജഡ്ജിമാരും മുന്നാക്ക സംവരണത്തെ അനുകൂലിച്ചു. ചീഫ് ജസ്റ്റിസ് യു.യു. ലളിതും ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ടുമാണ് വിയോജന വിധി പുറപ്പെടുവിച്ചത്. മുന്നാക്ക സംവരണത്തെ എതിർത്തുകൊണ്ട്​ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ട്, സാമൂഹികമായി പിന്നാക്കം നിൽക്കുന്ന എസ്.സി., എസ്.ടി. ഒ.ബി.സി വിഭാഗങ്ങളെ ഒഴിവാക്കുന്നത് ഭരണഘടനയുടെ അടിസ്ഥാന ഘടനയെ ലംഘിക്കലാണ് എന്നു പറയുന്നു. ‘റിപ്പബ്ലിക്കായി ഏഴു പതിറ്റാണ്ടിനിടെ ആദ്യമായാണ്​ ഈകോടതി വിവേചനപരമായ ഒരു നയത്തിന്​ അനുമതി നൽകുന്നത്​. ഭരണഘടനയുടെ അന്തഃസത്ത, ഒഴിവാക്കലിന്റേതല്ല. എന്നാൽ, ഈ ഭരണഘടനാ ഭേദഗതി ഒഴിവാക്കലിന്റെ ഭാഷയാണ്​ സംസാരിക്കുന്നത്​. അതുവഴി ഭരണഘടനയുടെ അടിസ്​ഥാന ഘടന ലംഘിക്കപ്പെട്ടു’ എന്ന്​ വ്യക്തമായി തന്നെ ജസ്​റ്റിസ്​ രവീന്ദ്ര ഭട്ട്​ വിയോജന വിധിയിൽ പറയുന്നുണ്ട്​. ഈ വാദം കൂടി പരിഗണിച്ചാൽ, സുപ്രീംകോടതി വിധി എങ്ങനെയാണ്, ഭരണഘടന മുന്നോട്ടുവക്കുന്ന സംവരണത്തിന്റെ സത്തക്ക് വിരുദ്ധമാകുന്നത്? ഈ വിധിയുടെ സാമൂഹിക പ്രത്യാഘാതം എന്തായിരിക്കും?​

സുദേഷ് എം. രഘു: ബഹുഭൂരിപക്ഷം വരുന്ന സംവരണ വിഭാഗങ്ങൾ അതിശക്തമായ വാദമുഖങ്ങൾ മുന്നോട്ടുവച്ച കേസാണിത്. അതിന്റെ ഭാഗമായിട്ടാണ് ഡൽഹി ലോ യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലറും ഭരണഘടനാ വിദഗ്ധനുമായ ഡോ. മോഹൻ ഗോപാലിന്റെ നേതൃത്വത്തിലുള്ള പാനൽ വാദങ്ങൾ മുന്നോട്ടുവച്ചത്. അതിന്റെ കൂടി പ്രതിഫലമായിരിക്കണം രണ്ട് ജഡ്ജിമാരുടെ വിയോജന വിധി എന്നാണ് ഞാൻ കരുതുന്നത്.

സാമ്പത്തിക സംവരണ വിഷയത്തിൽ വിധി പറഞ്ഞ സുപ്രീംകോടതി ഭരണഘടനാബെഞ്ച്​: ജസ്​റ്റിസുമാരായ ദിനേഷ് മഹേശ്വരി, എസ്. രവീന്ദ്ര ഭട്ട്, യു.യു.ലളിത്, ബേല എം.ത്രിവേദി, ജെ.ബി.പാർത്ഥിവാല

ഇന്ത്യയുടെ രാഷ്ട്രീയ സാഹചര്യം നോക്കിക്കഴിഞ്ഞാൽ, ബാക്ക്‌വാഡ് ക്ലാസ് മൂവ്‌മെന്റുകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ദുർബലമായ ഒരു കാലഘട്ടമാണിത്. മുഖ്യധാരാ സമൂഹവും രാഷ്ട്രീയകക്ഷികളുമെല്ലാം സവർണ സംവരണത്തിനുവേണ്ടി വാദിച്ചുകൊണ്ടിരിക്കുമ്പോൾ അതിനെതിരെ ശക്തമായ പ്രതിരോധമുണ്ടാക്കേണ്ട പ്രസ്ഥാനങ്ങളും പാർട്ടികളും ഒ.ബി.സി സംഘടനകളും ദുർബലരായിരിക്കുകയോ നിശ്ശബ്ദരായിരിക്കുകയോ ചെയ്യുന്ന സമയത്താണ് ചെറിയൊരു ഗ്രൂപ്പെങ്കിലും ഇതിനെതിരായ ശക്തമായ വാദങ്ങൾ കോടതിയിൽ മുന്നോട്ടുവക്കുന്നത്. അതിന്റെ കൂടി ഫലമായിട്ടാണ് 3-2 എന്ന തരത്തിലൊരു വിധിയുണ്ടായത്. എന്നാൽ, ഇതിന്റെയൊരു പ്രശ്‌നമെന്നു പറയുന്നത്, റിവ്യൂ ഹർജി കൊടുക്കുകയാണെന്നുവയ്ക്കുക. ജസ്റ്റിസ് യു.യു. ലളിത് വിരമിച്ചുവ​ല്ലോ​. വിയോജന വിധി എഴുതിയ ജഡ്ജിക്കുപകരം വരുന്നയാൾ, റിവ്യൂ ഹർജിയിൽ അനുകൂലമായി നിന്നാൽ പോലും, അപ്പോഴും 3-2ൽ തന്നെ നിൽക്കും എന്നതാണ് ഒരു പ്രശ്‌നം. എങ്കിലും പോരാട്ടം നടത്തേണ്ടതിന്റെ ആവശ്യകത നിലനിൽക്കുന്നുണ്ട് എന്നുതന്നെയാണ് മനസ്സിലാക്കേണ്ടത്.

ഇന്ത്യയിൽ സംവരണത്തിന് എതിരായി നടക്കുന്ന എല്ലാ നീക്കങ്ങളും ഒ.ബി.സി സംവരണത്തിന് എതിരായ നീക്കങ്ങളാണ്. എസ്.സി- എസ്.ടി സംവരണം ജനസംഖ്യാനുപാതികമാണ്, എന്നാൽ, ഒ.ബി.സി സംവരണം ജനസംഖ്യാനുപാതികമല്ല.

വാസ്തവത്തിൽ, ജുഡീഷ്യറിയിലാണ് ആദ്യം സംവരണം വരേണ്ടത് എന്ന നിലപാടാണ് എന്നെപ്പോലുള്ളവർക്കുള്ളത്. 2006ൽ യു.പി.എ സർക്കാർ ഭരിച്ചിരുന്ന കാലത്ത്, രാജ്യസഭാ എം.പിയായിരുന്ന സുദർശൻ നാച്ചിയപ്പന്റെ നേതൃത്വത്തിൽ, എം.പിമാരടക്കം 32 പേരുള്ള ഒരു കമ്മിറ്റിയെ വച്ചിരുന്നു. ജുഡീഷ്യറിയിൽ സംവരണം വേണോ എന്നത് പരിശോധിക്കാൻ. ഈ കമ്മിറ്റി വിശദ പഠനങ്ങൾക്കുശേഷം 2007ൽ റിപ്പോർട്ട് സമർപ്പിച്ചു. ജുഡീഷ്യറിയിൽ റിസർവേഷൻ നിർബന്ധമായും വേണം എന്ന് വളരെ ശക്തമായി ഈ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ജനങ്ങളുടെ സാമ്പത്തിക- സാമൂഹിക- രാഷ്ട്രീയ നീതി ഉറപ്പുവരുത്തുന്നത് നീതിന്യായ വ്യവസ്ഥയാണ്. അതിന് ഭരണഘടനയെ വ്യാഖ്യാനിക്കാനുള്ള നിർമിതമായ അധികാരമുണ്ട്. ഈ അധികാരം എക്‌സിക്യൂട്ടീവിന് നൽകിയിട്ടില്ല. പാർലമെൻറ്​ പാസാക്കുന്ന നിയമങ്ങളുടെ സാധുത പരിശോധിക്കാൻ ജുഡീഷ്യറിക്ക് അധികാരമുണ്ട്. ഇത്തരമൊരു സംവിധാനമായതുകൊണ്ട്, ജുഡീഷ്യറി അതിനെ നിർമിച്ച സാമൂഹിക യാഥാർഥ്യങ്ങളെ ശരിക്കും പ്രതിഫലിപ്പിക്കുന്ന ഒന്നായിരിക്കണമെന്ന് സുദർശൻ നാച്ചിയപ്പൻ റിപ്പോർട്ട് പറയുന്നുണ്ട്. ഇക്കാര്യം ചൂണ്ടിക്കാണിച്ചാണ്, ഹയർ ജുഡീഷ്യറിയിൽ, അതായത്, ഹൈക്കോടതിയിലും സുപ്രീംകോടതിയിലും റിസർവേഷൻ വേണം എന്ന റിപ്പോർട്ട് ഈ കമ്മിറ്റി മുന്നോട്ടുവച്ചത്. ദൗർഭാഗ്യവശാൽ, ഈ ശുപാർശ നടപ്പാക്കാൻ സർക്കാറുകൾ ഇതുവരെ തയാറായിട്ടില്ല.

മറ്റൊന്ന്, ഇന്ദ്ര സാഹ്‌നി V/S യൂണിയൻ ഓഫ് ഇന്ത്യ എന്ന മണ്ഡൽ കേസിന്റെ വിധിയാണ്​. ഒമ്പതംഗ ബഞ്ചാണത്. അതിൽ, പിന്നാക്ക സമുദായത്തിൽ പെട്ട ഒരു ജഡ്ജിയുണ്ടായിരുന്നു. തമിഴ്‌നാട്ടുകാരനായ എസ്. രത്‌നവേൽ പാണ്ഡ്യൻ. ഡി.എം.കെ നേതാവായിരുന്നു അദ്ദേഹം, പിന്നാക്ക രാഷ്ട്രീയത്തിന്റെ വക്താവായിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യം നിർണായകമായ ഒരു കാര്യമായിരുന്നു. കാരണം, അദ്ദേഹത്തിന്റെ വിധിയാണ്, ക്രീമിലെയർ വ്യവസ്ഥ പറയുന്ന ഭൂരിപക്ഷ ബെഞ്ചിന്റെ വിധിക്കെതിരായി, അവരുടെ എല്ലാ വാദങ്ങളെയും തള്ളിക്കളഞ്ഞ്​, ഈ വ്യവസ്ഥ നടപ്പാക്കാൻ പാടില്ല എന്ന് ശക്തമായി വാദിച്ചത്. ജുഡീഷ്യറിയിൽ റിസർവേഷന്റെ പ്രാധാന്യമാണ് ഇത് സൂചിപ്പിക്കുന്നത്. വാസ്തവത്തിൽ, ജുഡീഷ്യറിയിൽ റിസർവേഷനില്ലാത്തതുകൊണ്ടാണ് ഇത്തരം വിധികളുണ്ടാകുന്നത് എന്നു പറയാം. ഭരണഘടനയുടെ അന്തഃസത്തക്ക് നിരക്കാത്ത ഒന്നാണ്, 103-ാം ഭരണഘടനാ ഭേദഗതിയിലൂടെ നടപ്പാക്കിയിട്ടുള്ളതെന്ന് നിരവധി പഠനങ്ങളും നിയമവിദഗ്​ധരും പറഞ്ഞിട്ടുള്ള കാര്യമാണ്. എന്നാൽ, കോടതിക്ക് ഇക്കാര്യം ബോധ്യമാകത്തക്കവിധം ഒരു വിധിയുണ്ടായില്ല എന്നതാണ് ദൗർഭാഗ്യകരം.

പിന്നാക്ക പ്രസ്ഥാനങ്ങളെല്ലാം ദുർബലമായതുകൊണ്ട് ഈ വിധിക്കെതിരെ ഒരു സോഷ്യൽ മൂവ്‌മെന്റുണ്ടാകുമെന്ന് പറയാൻ കഴിയില്ല. അതേസമയം, ഒരു സോഷ്യൽ ഇംപാക്റ്റുണ്ടാകും. ഇന്ത്യയിൽ സംവരണത്തിന് എതിരായി നടക്കുന്ന എല്ലാ നീക്കങ്ങളും ഒ.ബി.സി സംവരണത്തിന് എതിരായ നീക്കങ്ങളാണ് എന്ന് കരുതുന്നയാളാണ് ഞാൻ. എസ്.സി- എസ്.ടി സംവരണം ജനസംഖ്യാനുപാതികമാണ്, എന്നാൽ, ഒ.ബി.സി സംവരണം ജനസംഖ്യാനുപാതികമല്ല. ആകെ 50 ശതമാനത്തിനപ്പുറത്തേക്ക് സംവരണം പോകാൻ പാടില്ല എന്ന വ്യവസ്ഥ നിലനിൽക്കുന്നതുകൊണ്ട്, അവരുടെ സംവരണം ജനസംഖ്യാനുപാതികമല്ല. ഉദാഹരണത്തിന്, ജനസംഖ്യയിൽ ഭൂരിപക്ഷമുള്ള ഒ.ബി.സി വിഭാഗങ്ങൾക്ക് 27 ശതമാനം സംവരണമാണ് മണ്ഡൽ കമീഷൻ ശുപാർശ ചെയ്യുന്നത്. അതുകൊണ്ട്, ജനസംഖ്യാനുപാതിക സംവരണം ഇവർക്ക് ലഭിക്കില്ല എന്നുറപ്പാണ്. അതിന്റെയൊരു കുഴപ്പം, ഇവരുടെ ജനസംഖ്യക്ക് ഏകദേശമെങ്കിലും ആനുപാതികമായ പ്രാതിനിധ്യം സർവീസിൽ കിട്ടണമെങ്കിൽ, ജനറൽ സീറ്റുകൂടി കിട്ടേണ്ടിവരും. ജനറൽ സീറ്റ്​ കിട്ടാനുള്ള ഇവരുടെ അവസരം നഷ്ടപ്പെടുകയാണ്. ജനറൽ സീറ്റിൽനിന്നാണല്ലോ ഇ.ഡബ്ല്യു.എസ് കൊടുത്തിട്ടുള്ളത്. അപ്പോൾ, 50 ശതമാനം ജനറൽ സീറ്റ് 40 ശതമാനമായി കുറഞ്ഞു. അതുകൊണ്ടുതന്നെ, ഒ.ബി.സി വിഭാഗങ്ങൾക്ക് വലിയൊരു തിരിച്ചടിയാണ് ഈ വിധി എന്നതിൽ ഒരു സംശയവുമില്ല. അവർക്ക് നഷ്ടമുണ്ടാകില്ല എന്ന് കോടതികളും ഭരണകൂടങ്ങളും പറയുന്നതിൽ ഒരർഥവുമില്ല. അവർക്ക് വലിയ നഷ്ടം തന്നെ സംഭവിക്കും. ഏറ്റവും അവസാനം, മോദി സർക്കാറിന്റെ കാലത്തുതന്നെ, പാർലമെന്റിൽ അവതരിപ്പിച്ച കണക്കനുസരിച്ച്, ഒ.ബി.സി വിഭാഗങ്ങൾക്ക് 27 ശതമാനം പ്രാതിനിധ്യം പോലും കേന്ദ്ര സർക്കാറിന്റെ പല വിഭാഗങ്ങളിലും കിട്ടിയിട്ടില്ല. ഇങ്ങനെയൊരവസ്ഥയിൽ അവരുടെ പ്രതിനിധ്യം വീണ്ടും വീണ്ടും കുറഞ്ഞുപോകുകയാണ് ദീർഘകാലാടിസ്ഥാനത്തിൽ സംഭവിക്കാൻ പോകുന്നത്.

പ്രമുഖ പാർട്ടികൾ അടിസ്ഥാനപരമായി സംവരണത്തിന് എതിരാണ്, അല്ലെങ്കിൽ, എക്‌സ്‌ക്ലൂസിവായി സാമുദായിക സംവരണം നടപ്പാക്കുന്നതിന് എതിരുനിൽക്കുന്ന പാർട്ടികളാണ്. മുന്നാക്ക സംവരണം നടപ്പാക്കണം, മുന്നാക്കക്കാരിലെ പാവപ്പെട്ടവർക്ക് സംവരണം വേണം എന്ന ഡിമാൻറ്​ പ്രത്യക്ഷമായും പരോക്ഷമായും ഉന്നയിച്ചുകൊണ്ടിരിക്കുന്ന പാർട്ടികളാണ്.

സംവരണം എന്നത് ഇന്ത്യനവസ്ഥയിൽ ഒരു ദാരിദ്ര്യനിർമാർജന പരിപാടിയാകേണ്ട ഒന്നല്ല എന്ന്, നിലനിൽക്കുന്ന സാമൂഹിക യാഥാർഥ്യങ്ങളുടെ പ്രാഥമിക വായനയിൽ ബോധ്യപ്പെടുന്ന കാര്യമാണ്. എന്നിട്ടും, ഇത്തരമൊരു ഭേദഗതി, ചർച്ച പോലുമില്ലാതെ പാസാക്കിയെടുക്കാൻ ഇന്ത്യൻ പാർലമെന്റിന് കഴിഞ്ഞതും അതിന്, ഇടതുപക്ഷം അടക്കം, സാമൂഹിക നീതിയുടെ ഭാഷ സംസാരിക്കുന്ന രാഷ്ട്രീയപാർട്ടികളുടെയെല്ലാം പിന്തുണ ലഭിക്കുന്നതും എന്തുകൊണ്ടാണ്?

ഇന്ത്യയിൽ സംവരണ വിഷയം എന്നത്, അടിസ്ഥാനപരമായി ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും സി.പി.എമ്മിന്റെയും പ്രശ്‌നമാണ്. രണ്ടു പാർട്ടികളാണ് ഇന്ത്യയുടെ ഭരണചക്രം വർഷങ്ങളായി തിരിച്ചുകൊണ്ടിരിക്കുന്നത്. ഈ പ്രമുഖ പാർട്ടികൾ അടിസ്ഥാനപരമായി സംവരണത്തിന് എതിരാണ്, അല്ലെങ്കിൽ, എക്‌സ്‌ക്ലൂസിവായി സാമുദായിക സംവരണം നടപ്പാക്കുന്നതിന് എതിരുനിൽക്കുന്ന പാർട്ടികളാണ്. മുന്നാക്ക സംവരണം നടപ്പാക്കണം, മുന്നാക്കക്കാരിലെ പാവപ്പെട്ടവർക്ക് സംവരണം വേണം എന്ന ഡിമാൻറ്​ പ്രത്യക്ഷമായും പരോക്ഷമായും ഉന്നയിച്ചുകൊണ്ടിരിക്കുന്ന പാർട്ടികളാണ്. ഇന്ത്യയിലെ ബഹുഭൂരിപക്ഷവും ഈ പാർട്ടികളുടെ അനുഭാവികളോ വോട്ടർമാരോ ആണ്. സ്വഭാവികമായും അവരെ സ്വാധീനിക്കാൻ ഈ പാർട്ടികൾക്ക് കഴിയും. അതുകൊണ്ടുതന്നെ സംവരണ വിഷയം അടിസ്ഥാനപരമായി ഈ പാർട്ടികളുടെ കൂടി വിഷയമാണ്. ഈ പാർട്ടികളിലെ സംവരണ വിഭാഗങ്ങളിൽ പെടുന്ന ആളുകൾക്ക്, നയരൂപീകരണത്തിൽ സ്വാധീനം ചെലുത്താൻ കഴിയാത്തതുകൊണ്ടാണ്, തീരുമാനങ്ങൾ അവർക്കെതിരായി വരുന്നത്.

ഡോ. മോഹൻ ഗോപാൽ

എസ്.പി, ആർ.ജെ.ഡി, ബി.എസ്.പി പോലെ, മണ്ഡൽ രാഷ്ട്രീയത്തിനനുബന്ധമായി ഉണ്ടായ പാർട്ടികളെല്ലാം ദുർബലമായ സാഹചര്യം കൂടി ഇതിനോടുചേർത്ത്​ കാണണം. ഹിന്ദുത്വം ശക്തിപ്രാപിച്ചത്, ഒ.ബി.സി വിഭാഗങ്ങളെ അവരിലേക്ക് സ്വാംശീകരിച്ചുകൊണ്ടാണ്. ബി.ജെ.പി വളരെ പ്രധാനപ്പെട്ട ഒ.ബി.സി പാർട്ടി കൂടിയാണ്. അതുകൊണ്ടുതന്നെ, സംവരണം പോലുള്ള വിഷയങ്ങളിൽനിന്ന് അവരെ മാറ്റിനിർത്താൻ കഴിഞ്ഞു എന്നതിന്റെ അനന്തരഫലമായിട്ടുകൂടിയാണ് പാർലമെന്റിൽ ഇങ്ങനെയൊരു ഭേദഗതി നിയമം പാസാക്കാനായത്. അവിടെ ആകെ മുസ്‌ലിംലീഗും ഒവൈസിയുടെ പാർട്ടിയും മാത്രമാണ്, ഭേദഗതിയെ എതിർത്തത്. മുഖ്യധാരാ പാർട്ടികളിൽ സമ്മർദം ചെലുത്താൻ കഴിയുന്ന രീതിയിൽ ശക്തമായ ഒരു സ്വാധീനമുണ്ടാകുന്നില്ല എന്നതാണ്​ പ്രശ്​നം.

ഉദാഹരണത്തിന്​, എസ്.എൻ.ഡി.പി യോഗത്തെ നോക്കുക. കേരളത്തിലെ പ്രധാനപ്പെട്ട ഒരു പിന്നാക്ക സമുദായ സംഘടനയല്ലേ, ഈയൊരു വിധി വന്നിട്ടുപോലും പഠിച്ചിട്ട് പ്രതികരിക്കാം എന്നാണ് വെള്ളാപ്പള്ളി നടേശൻ പറയുന്നത്. ഒരു പ്രതികരണത്തിനുപോലും കഴിയാത്തവിധം ദുർബലാവസ്ഥയിലാണവർ. അവർക്കുപോലും ഡിമാന്റില്ലെങ്കിൽ, ബാക്കിയുള്ളവർ എന്തിന് മുന്നിട്ടിറങ്ങണം എന്ന ചോദ്യവുമുണ്ട്. ▮


സുദേഷ് എം. രഘു

എഴുത്തുകാരൻ. പി.എസ്.സി. നിയമനങ്ങളിലെ മെറിറ്റ് അട്ടിമറി എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്. ബ്രാഹ്‌മണ മാർക്‌സിസം എന്ന പുസ്തകത്തിന്റെ വിവർത്തകൻ

ഷഫീഖ് താമരശ്ശേരി

മാധ്യമപ്രവർത്തകൻ

കെ. കണ്ണൻ

ട്രൂകോപ്പി എക്സിക്യൂട്ടീവ് എഡിറ്റർ.

Comments