ചീഫ് ജസ്റ്റിസ് ഡി.വെെ. ചന്ദ്രചൂഡ് സ്ഥാനമൊഴിയുന്ന സമയത്ത് കാസർകോട്ടെ എൻഡോസൾഫാൻ ഇരകൾക്കു വേണ്ടി അഭിവാദ്യമർപ്പിക്കാനാണ് ‘സെർവ് കളക്റ്റീവ്’ (CERV COLLECTIVE) പ്രവർത്തകനായ ഞാൻ ഇതെഴുതുന്നത്.
ഡി.വൈ. ചന്ദ്രചൂഡ് സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന കാലത്ത് പുറപ്പെടുവിച്ച, മനുഷ്യാവകാശ കമീഷൻ നിർദേശിച്ച ഭരണഘടനാപരമായ അവകാശങ്ങൾ സ്ഥാപിച്ച ആശ്വാസധനവിധി ആ നിരാലംബർക്ക് നല്കിയ സമാശ്വാസം വിവരണാതീതമാണ്. രണ്ടു വർഷത്തിനിടയിൽ അദ്ദേഹം പുറപ്പെടുവിച്ച 613 വിധിന്യായങ്ങളിൽ ഒന്ന്, കാസർകോട്ടെ എൻഡോസൾഫാൻ ഇരകൾക്കുവേണ്ടി വിധിച്ച ആശ്വാസധന വിധിയാണ് എന്നത് കേരളം ഈ സന്ദർഭത്തിൽ നന്ദിപൂർവം ഓർക്കുന്നു.
കഴിഞ്ഞ നൂറ്റാണ്ടിനൊടുവിൽ ലീലാകുമാരിയമ്മ നേടിയെടുത്ത എൻഡോസൾഫാൻ നിരോധനത്തെക്കുറിച്ചുള്ള വിധി കഴിഞ്ഞ് ഇവിടുത്തെ പ്രതിരോധ സമരം മുന്നോട്ടുവെച്ചത് ഇരകൾക്കവകാശപ്പെട്ട മനുഷ്യാവകാശ കമീഷന്റെ (NHRC) നിർദേശങ്ങൾ നടപ്പിലാക്കാനാണ്. 2010 ഡിസംബർ 31 ന് ജസ്റ്റിസ് ബാലകൃഷ്ണൻ ഇവിടെ വന്ന് നിർദേശങ്ങൾ പ്രഖ്യാപിക്കുമ്പോൾ അരജീവിതങ്ങളായ ഇരകളുടെ കണ്ണുകളിൽ ഭരണഘടന അനുശാസിക്കുന്ന സഹായഹസ്തങ്ങളുടെ പ്രകാശം ചൊരിഞ്ഞിരുന്നു.
ഭരണകൂട നൃശംസത ഏറ്റുവാങ്ങി വാടിത്തളർന്ന, കീടനാശിനി വിഷം ബാധിച്ചു കിടക്കുന്ന ആ നിരാലംബർക്ക് ഭരണഘടന നൽകുന്ന അവകാശങ്ങളുടെ സമാശ്വാസ നിർദേശങ്ങളാണ് മനുഷ്യാവകാശ കമ്മീഷൻ നല്കിയത്. 1992- ൽ റിയോ ഡീ ജനീറോയിൽ നടന്ന (റിയോ സമ്മിറ്റ് ) ആഗോള ഉച്ചകോടിയിലെ ഉടമ്പടിയിൽ അംഗരാജ്യമായ ഇന്ത്യ ഒപ്പുവെച്ചതുകൊണ്ടാണ് ഈ നിർദേശങ്ങൾക്ക് ഭരണഘടനാ പ്രാബല്യം ഉണ്ടായിരുന്നത്.
ചാലിയാർ സമരം കഴിഞ്ഞ് ബിർള ഇരകൾക്ക് നഷ്ടപരിഹാരം നൽകാതെ മുങ്ങിയതും പ്ലാച്ചിമട സമരം കഴിഞ്ഞ് നഷ്പരിഹാരം നൽകാതെ ആ ബില്ല് പ്രസിഡണ്ട് ഒപ്പുവെക്കാതെ മടക്കിയതും ഉടമ്പടിലംഘനം മൂലമാണ്. കാസർകോടിന് ആ ഗതി വരാതിരിക്കാനാണ് ഈ ഭരണഘടനാവകാശം പാലിക്കാനുള്ള നിഷ്ക്കർഷ ഞാൻ മുന്നോട്ടുവെച്ചത്. പരിസ്ഥിതി മലിനീകരിക്കപ്പെടുന്നതുമൂലം മനുഷ്യനും ജീവജാലങ്ങൾക്കും രോഗവും മരണവും ഉണ്ടാക്കുന്ന പരിസ്ഥിതി വിരുദ്ധ പ്രവർത്തനം നടത്തുന്നവർ നഷ്ടപരിഹാരം (Polluter Pays) നല്കണമെന്നതാണ് റിയോ സമ്മിറ്റിന്റെ അന്തഃസത്ത. 1995- ൽ ഇന്ത്യൻ പാർലമെൻ്റിൽ ഇന്ത്യ ഇത് അംഗീകരിക്കുകയും (National Enviornmental Tribunal Act 1995) നഷ്ടപരിഹാര വ്യവസ്ഥകൾ ഭരണഘടനാപ്രകാരം പ്രാബല്യത്തിൽ വരുത്തുകയും ചെയ്തു. ഇന്ത്യയുടെ പരമോന്നത ആരോഗ്യ ഗവേഷണ സ്ഥാപനമായ ഐ.സി.എം.ആറിനു കീഴിലുള്ള, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒക്യുപേഷണൽ ഹെൽത്ത് (NIOH) കാസർകോട്ടു വന്ന് എപ്പിഡെമിയോളജി പഠനം നടത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
കഴിഞ്ഞ നൂറ്റാണ്ടിനൊടുവിൽ ലീലാകുമാരിയമ്മ നേടിയെടുത്ത എൻഡോസൾഫാൻ നിരോധനത്തെക്കുറിച്ചുള്ള വിധി കഴിഞ്ഞ് ഇവിടുത്തെ പ്രതിരോധ സമരം മുന്നോട്ടുവെച്ചത് ഇരകൾക്കവകാശപ്പെട്ട മനുഷ്യാവകാശ കമീഷന്റെ (NHRC) നിർദേശങ്ങൾ നടപ്പിലാക്കാനാണ്.
22 കൊല്ലം അവിടെ ആകാശത്തളി നടത്തിയ എൻഡോസൾഫാനാണ് രോഗങ്ങളുടെ മൂലകാരണം എന്ന് ആ ആരോഗ്യസംഘം ദേശീയ മനുഷ്യാവകാശ കമീഷന് റിപ്പോർട്ട് സമർപ്പിച്ചു. ഓരോ രോഗിക്കും അഞ്ച് ലക്ഷം രൂപ ആശ്വാസധനവും ചികിത്സക്കായി സെൻട്രലൈസ്ഡ് പാലിയേറ്റിവ് ആശുപത്രിയും 2010 ഡിസംബർ 31ന് മനുഷ്യാവകാശ കമീഷൻ ശുപാർശ ചെയ്തു. അപ്പോഴേക്കും രോഗികളുടെ നില വഷളായി, അവരുടെ എണ്ണം വർധിച്ചു. നിലവിൽ 6000-ലധികം രോഗികളുണ്ടെന്ന് കമീഷൻ തന്നെ പ്രഖ്യാപിച്ചു. ദേശീയ മനുഷ്യാവകാശ കമീഷൻ നിർദേശിച്ച വഴിയിലൂടെ പോകാതെ, അത് പറയുന്നവരെ ഭർത്സിച്ചും അധിക്ഷേപിച്ചും ഭയപ്പെടുത്തിയും അപമാനിച്ചും 2012- ലെ രാഷ്ടീയനേതൃത്വത്തിന്റെ പ്രതിനിധിയുടെ ചാവേറുകളായി എൻഡോസൾഫാൻ വിരുദ്ധസമിതിയുടെ ഒമ്പത് അംഗങ്ങൾ ചേർന്ന് ആ ഭരണഘടനാവിധിയിൽ മായം ചേർത്ത് തകർക്കുകയും മനുഷ്യാവകാശ വിധിയെ അട്ടിമറിച്ച ഉമ്മൻചാണ്ടി സർക്കാറിന്റെ തെറ്റായ നടപടികൾക്കൊപ്പം ചേർന്ന് ആ വിധിയെ ഉന്മൂലനം ചെയ്യുകയും ചെയ്തു.
മനുഷ്യാവകാശവിധികൾ നടപ്പാവില്ല എന്ന വികല ന്യായം പറഞ്ഞാണ് അവർ അന്നത്തെ സർക്കാറിന്റെ ഏകപക്ഷീയമായ വെള്ളം ചേർക്കലിന് കൂട്ടുനിന്നത്. ആ ഒമ്പത് പേർ എന്റെ ഭരണഘടനാവാദങ്ങളെ തള്ളിക്കളഞ്ഞ് ആ സർക്കാരിന്റെ പിറകെപോയി. ഞാൻ പറഞ്ഞ അവകാശസമരത്തിലേക്ക് പോകാതെ അവരുടെ താല്ക്കാലിക ഒത്തുതീർപ്പു സമരങ്ങൾ മൂലമാണ് രോഗികളുടെ മൗലികാവകാശമായ ആശ്വാസധനവും പാലിയേറ്റീവ് കെയർ ആശുപത്രിയും ഒരു വ്യാഴവട്ടം അവർക്ക് നിഷേധിക്കപ്പെട്ടത്.
മെഡിക്കൽ ക്യാമ്പിലൂടെ തെരഞ്ഞെടുത്ത് ലിസ്റ്റ് ചെയ്ത 6727 പേർ സഹായധനമോ പാലിയേററീവ് കെയർ ആശുപത്രിയോ കിട്ടാതെ വലഞ്ഞു. നിർദിഷ്ട പാലിയേറ്റീവ് കെയർ ആശുപത്രി എന്ന സങ്കല്പം പൊളിച്ച് സർക്കാരും ഈ ഗ്രൂപ്പും ഒത്തുചേർന്ന് കേരളത്തിലും കർണാടകത്തിലുമായി 17 ആശുപത്രികളെ എം പാനൽ ചെയ്ത് അവരുടെ രോഗത്തെ ലഘൂകരിച്ച് ഇരകളെ വഞ്ചിച്ചു.
പരിസ്ഥിതി മലിനീകരിക്കപ്പെടുന്നതുമൂലം മനുഷ്യനും ജീവജാലങ്ങൾക്കും രോഗവും മരണവും ഉണ്ടാക്കുന്ന പരിസ്ഥിതി വിരുദ്ധ പ്രവർത്തനം നടത്തുന്നവർ നഷ്ടപരിഹാരം (Polluter Pays) നല്കണമെന്നതാണ് റിയോ സമ്മിറ്റിന്റെ അന്തഃസത്ത. 1995- ൽ ഇന്ത്യൻ പാർലമെൻ്റിൽ ഇന്ത്യ ഇത് അംഗീകരിക്കുകയും (National Enviornmental Tribunal Act 1995) നഷ്ടപരിഹാര വ്യവസ്ഥകൾ ഭരണഘടനാപ്രകാരം പ്രാബല്യത്തിൽ വരുത്തുകയും ചെയ്തു.
വീട്ടിൽ കിടന്നിരുന്ന, സെറിബ്രൽ പാൾസി പോലുള്ള രോഗം ബാധിച്ചവർ അയൽ സംസ്ഥാനത്തെ മംഗലാപുരത്തും 540 കി.മി ദൂരമുള്ള തിരുവനന്തപുരത്തെ ശ്രീചിത്രയിലും പോകാനാകാതെ വലഞ്ഞു. കോവിഡ് കാലത്ത് അതിർത്തിയും അടച്ചു. കൂനിന്മേൽ കുരുപോലെ രോഗികൾ ആത്മഹത്യാവഴി തേടി. താത്ക്കാലിക ഒത്തുതീർപ്പുകളുടെ ചില നിശ്ശബ്ദതകൾ രോഗികളുടെ യഥാത്ഥ അവകാശങ്ങൾ മറച്ചു വെച്ചു. മനുഷ്യാവകാശവിധികൾ നടപ്പിലാകില്ലെന്ന് വിളിച്ചുപറഞ്ഞ് അവരെ നിരാശയിലേക്കും ആത്മഹത്യയിലേക്കും നയിച്ചു. 217 കോടി രൂപ സർക്കാരിൽ നിന്ന് ആശ്വാസധനം കിട്ടാനുള്ള ഭരണഘടനാ വിധി നിലവിലുള്ളപ്പോൾ വെറും ആറരക്കോടിയുടെ വായ്പ എഴുതിത്തള്ളിയാൽ മതി എന്ന് സർക്കാരുമായി ഒത്തു തീർപ്പുകരാറുണ്ടാക്കി അവർ വിനീതവിധേയരായി. ഇതിന് കാരണക്കാരായ പ്ലാന്റേഷൻ കോർപ്പറേഷനെ ആശ്വാസധനം കൊടുക്കുന്നതിൽ നിന്നൊഴിവാക്കി, മനുഷ്യാവകാശ കമീഷനുമായുണ്ടാക്കിയ കരാർ ലംഘിച്ചത് (go- MS No 34/12) ഭരണഘടനാലംഘനം തന്നെയായിരുന്നു.
ഇതിനെതിരെ കാസർകോട് ഒരു പ്രതിഷേധ സമരവുമുണ്ടായില്ല, എന്നാൽ ഇരകളെ വസ്തുക്കളെപ്പോലെ പ്രദർശിപ്പിച്ചുള്ള സമരങ്ങൾ നിരന്തരം നടന്നു. ‘നഷ്ടപരിഹാരം സർക്കാർ തന്നാൽ മതി’ എന്ന പുതിയ മുദ്രാവാക്യവും ഉയർന്നു. മനുഷ്യാവകാശ കമീഷൻ ഉമ്മൻ ചാണ്ടി സർക്കാറുമായി ഉണ്ടാക്കിയ കരാർ ധിക്കരിച്ച് രോഗികളെ പല കാറ്റഗറികളാക്കി, ഒരേ ദുരിതം പേറുന്നവരെ രണ്ടോ മൂന്നോ തരം പൗരരാക്കി വിവേചനം നടത്തി ആശ്വാസധനത്തെ മൂന്നു ഗഡുക്കളാക്കി അഞ്ചു വർഷത്തിനുള്ളിൽ നല്കുമെന്ന തെറ്റായ ഉത്തരവിനും അവർ കൂട്ടുനിന്നു.
87 കോടി രൂപ സർക്കാർ- 87 കോടി രൂപ പ്ലാന്റേഷൻ എന്ന മനുഷ്യാവകാശ ഉടമ്പടി അനുസരിച്ച് പോയിരുന്നെങ്കിൽ പ്ലാന്റേഷൻ കോർപ്പറേഷന്റെ ഒരു വർഷത്തെ വിഭവസമാഹരണത്തിലൂടെ ഇത് സാധ്യമാകുമായിരുന്നു. അവരെ ഒഴിവാക്കിയതിലൂടെ ആ സാധ്യതയും അടഞ്ഞു. ലിസ്റ്റിലുള്ള 2970 രോഗികളെ അഞ്ച് ലക്ഷം രൂപ ആശ്വാസധനം ലഭിക്കാൻ അവകാശമില്ലാത്ത ഗ്രൂപ്പായി സർക്കാർ തരംതാഴ്ത്തുകയും ആശ്വാസധനവിതരണം അവതാളത്തിലാവുകയും ചെയ്തപ്പോഴാണ് സെർവ് കളക്റ്റീവ് സുപ്രീം കോടതിയെ സമീപിക്കാൻ മുൻകയ്യെടുത്തത്.
മനുഷ്യാവകാശ നിഷ്ക്കർഷയുണ്ടായിട്ടും ചിലർ ആശ്വാസധനത്തെ നഷ്ടപരിഹാരം എന്നു പറഞ്ഞ് അധിക്ഷേപിച്ചു. ലിസ്റ്റു ചെയ്യപ്പെട്ട 6727 രോഗികൾക്ക് അഞ്ചു ലക്ഷം രൂപ ആശ്വാസധനം നല്കാത്തതിലും രോഗികൾക്ക് ശാശ്വത നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള ട്രിബ്യൂണൽ രൂപീകരിക്കാത്തതിലും കടുത്ത അതൃപ്തി അറിയിച്ച് ദേശീയ മനുഷ്യാവകാശ കമീഷൻ കേരള സർക്കാറിന് നോട്ടീസയച്ചത് 2015 ഏപ്രിൽ ഒമ്പതിനാണ്. ഇത് രോഗികളുടെ ഭരണഘടനാവകാശം ഉയർത്തിപ്പിടിച്ചു. ഇതിന്റെ പ്രാധാന്യത്തെപ്പറ്റി യാതൊരു ധാരണയുമില്ലാത്ത ചില സമരപ്രവർത്തകർ ഹൈക്കോടതിയിൽ ഹരജി ഫയൽ ചെയ്ത് (WP (C) 32119 of 2015) ട്രിബ്യൂണൽ ആവശ്യമില്ല എന്ന വിധി സമ്പാദിച്ചു. ഒപ്പം സർക്കാർ എല്ലാം ചെയ്യുന്നുണ്ടെന്നും ഒത്തുതീർപ്പുവ്യവസ്ഥ നടപ്പാക്കിയാൽ മതിയെന്നും കോടതിയെ അറിയിച്ചു. ഈ കോടതിവിധിയെ എങ്ങനെ മറികടക്കാം എന്ന് ചിന്തിച്ച് നേടിയെടുത്ത ഭരണാഘടനാവിധികൾ കാറ്റിൽ പറന്നു പോകുമെന്ന് ബോധ്യമായപ്പോഴാണ് കേരളത്തിലെ 12 സംഘടനകളെ ഏകോപിപ്പിച്ച് ‘സെർവ് കളക്റ്റീവ്’ (CERV COLLECTIVE) എന്ന കൂട്ടായ്മയുണ്ടായത്. ചലച്ചിത്ര സംവിധായകനും നടനുമായ പ്രകാശ് ബാരെ പ്രസിഡണ്ടും കെ.കെ. അശോകൻ സെക്രട്ടറിയും ഹസ്സൻ മാങ്ങാട് ട്രഷററുമാണ്.
എറണാകുളത്തെ റിട്ട. ജസ്റ്റിസ് പി.എൻ. രവീന്ദ്രനെ സമീപിച്ച് സുപ്രീംകോടതി അഡ്വക്കറ്റായ പി.എസ്. സുധീറിലൂടെ ആദ്യമായി കോടതിയിലൂടെ നിരോധനം നേടിയെടുത്ത ലീലാകുമാരിയമ്മയുടെ മാതൃകയിലൂടെ ഞങ്ങൾ സുപ്രീംകോടതിയെ സമീപിക്കാൻ നീരുമാനിച്ചു.
കാസർക്കോട്ടെ ദുരന്തത്തിന്റെ ആഴവും വ്യാപ്തിയും രോഗികളുടെ ദുരിതാവസ്ഥയും നീതി നിഷേധവും ഹൃദയം കൊണ്ട് തൊട്ടറിഞ്ഞ അവർ ഒരു പ്രതിഫലവും പറ്റാതെ നിരുപാധികം കേസ് നടത്താൻ തയ്യാറായി മനുഷ്യ സ്നേഹത്തിന്റെ ഉദാത്ത മാതൃകയായി മാറി.
‘സെർവ്’ ഫയൽ ചെയ്ത കോടതിയലക്ഷ്യഹരജിയിൽ (COTEMT PET (C) No.244/2021) 2022 മെയ് 13 - ന് ചരിത്ര പ്രധാനമായ ആ വിധി തന്നത് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡാണ്.
ലിസ്റ്റു ചെയ്യപ്പെട്ട 6727രോഗികൾ ഓരോരുത്തർക്കും അഞ്ച് ലക്ഷം രൂപ മൂന്നാഴ്ചയ്ക്കുള്ളിൽ നല്കാനായിരുന്നു വിധി. അതുവരെ ലഭ്യമാകാതിരുന്ന 210 കോടി രൂപ ഉന്നത നീതിപീഠത്തിന്റെ കർശന ഉത്തരവിനു മുമ്പിൽ മുട്ടുകുത്തി. നിലവിലുണ്ടായിരുന്ന എല്ലാ ഒത്തുതീർപ്പു വഞ്ചനാകരാറുകളും കാറ്റിൽപറത്തി കാസർകോട് കളക്ടറുടെ അക്കൗണ്ടിലേക്ക് സാമൂഹ്യനീതി വകുപ്പ് കൈമാറി. അപ്പോൾ, ‘സർക്കാറിന്റെ കണക്കു പുസ്തകത്തിലല്ല, രോഗികളുടെ കൈകളിലാണ് തുക എത്തേണ്ടത്’ എന്ന ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ വാക്യം ഇരകളുടെ തരള ഹൃദയങ്ങളിൽ മുഴങ്ങിക്കൊണ്ടിരുന്നു.
മനുഷ്യാവകാശ കമീഷന് സ്റ്റാറ്റ്യൂട്ടറി പദവിയില്ലെന്ന് അധിക്ഷേപിച്ച ചുക്കും ചുണ്ണാമ്പുമറിയാത്തവരുടെ നെഞ്ചിലേക്കാണ് ഡി.വൈ. ചന്ദ്രചൂഡിന്റെ ഈ വാക്യങ്ങൾ ചാട്ടുളി പോലെ പതിച്ചത്. കോടതിയലക്ഷ്യഹരജിയിൽ നോട്ടീസ് ലഭ്യമായതിന് ശേഷമാണ് സർക്കാർ ആശ്വാസധനം വിതരണം ചെയ്യാൻ പണം അനുവദിച്ചത്. ‘കാൻസർ രോഗികൾ ഉൾപ്പെടെയുള്ളവർക്ക് ആശ്വാസധനം ലഭിക്കാനായി കോടതിയെ സമീപിക്കേണ്ടിവരുന്നത് ദുഖകരമാണെന്നും ഈയവസ്ഥ എന്തിനു സൃഷ്ടിക്കുന്നു’ എന്നും ഉന്നത നീതിപീഠം സർക്കാറിനോട് ചോദിച്ചു.
കേസ് ഫയൽ ചെയ്ത എട്ടു രോഗികൾക്ക്- ബൈജു, കെ.ജി. അശോക് കുമാർ, പി.വി. മധുസുദനൻ, രവീന്ദ്രൻ എം.വി ശാന്ത, തോമസ് പി.ജെ, സജി, ശാന്താകൃഷ്ണൻ- കോടതിച്ചെലവിലേക്ക് 50,000 രൂപ കൂടി നല്കാൻ വിധി നല്കി ഇരകൾക്കൊപ്പം നിന്ന ജസ്റ്റിസ് ചന്ദ്രചൂഡിന് അഭിവാദനങ്ങൾ. ഇരകൾക്കവകാശപ്പെട്ട പാലിയേറ്റീവ് ആശുപത്രി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നിയമിച്ച മൂന്നംഗഭരണഘടനാ ബെഞ്ചിന് വിട്ട് ‘സെർവി’ന്റെ കേസ് ഹൈക്കോടതിയിൽ തുടരുകയാണ്. ഇരകളാക്കപ്പെട്ടവരുടെ ഭരണഘടനാവകാശങ്ങൾ വീണ്ടെടുത്ത യഥാർത്ഥ ന്യായാധിപനാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്.