ബെന്യാമിൻ

വർഗീയരോഗം കേരളത്തെയും ബാധിച്ചു,
ജാഗ്രത പുലർത്താൻ ഇടതുപക്ഷത്തിന്​ കഴിഞ്ഞില്ല

ബെന്യാമിന്റെ പുതിയ നോവൽ ‘തരകൻസ് ഗ്രന്ഥവരി’ ഉടൻ പുറത്തിറങ്ങാനിരിക്കുന്നു. ഈ എഴുത്തുകാരന്റെ പതിനൊന്നാമത് നോവലാണിത്. ഘടനയിലും അവതരണത്തിലും ഏറെ പരീക്ഷണങ്ങൾ പുലർത്തുന്ന, വായനക്കാർക്ക്​ കൂടുതൽ പങ്കാളിത്തം നൽകുന്നതാണ് തന്റെ പുതിയ നോവലെന്ന് ബെന്യാമിൻ പറയുന്നു. ഈ സാഹചര്യത്തിൽ അദ്ദേഹവുമായി നടത്തിയ സംഭാഷണം, രചനയുടെ രസതന്ത്രത്തെക്കുറിച്ചും എഴുത്തിന്റെ ബഹുസ്വരതയെക്കുറിച്ചും മലയാളിയുടെ പുതിയ വായനാ ഭാവുകത്വത്തെക്കുറിച്ചും പുതിയ എഴുത്തിനെക്കുറിച്ചും സമകാലിക ഇന്ത്യനവസ്​ഥകളെക്കുറിച്ചുമുള്ള ആശയവിനിമയങ്ങളായി വികസിച്ചു. ഒപ്പം, ഇതുവരെ പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലാത്ത ഒരു സാഹിത്യ പദ്ധതിയെക്കുറിച്ചും ബെന്യാമിൻ വെളിപ്പെടുത്തുന്നു.


വി. മുസഫർ അഹമ്മദ്​: ‘തരകൻസ് ഗ്രന്ഥവരി' ചരിത്രത്തിൽ വിഷത്തിനുള്ള പങ്കിനെക്കുറിച്ചാണോ അന്വേഷിക്കുന്നത്?. ചില അദ്ധ്യയങ്ങൾ വായിച്ചപ്പോൾ അങ്ങനെ തോന്നി. ചരിത്രത്തിൽ, പ്രത്യേകിച്ചും രാജാക്കൻമാരുടെ, സഭയുടെ, പ്രവാചകൻമാരുടെ, തിരുവിതാംകൂർ രാജാക്കൻമാരുടെ ചരിത്രങ്ങളിലെല്ലാം വിഷം കൊടുത്തുകൊല്ലുന്ന നിരവധി സംഭവങ്ങളുണ്ടല്ലോ. വിഷം തീണ്ടാതിരിക്കാൻ എന്നും വളരെക്കുറച്ചവളിൽ വിഷം കഴിച്ച് ഇമ്യൂണിറ്റി നേടാൻ ശ്രമിച്ചിരുന്ന ചക്രവർത്തിമാരെക്കുറിച്ചും ചരിത്രകഥകളിൽ കാണാം. അങ്ങനെ ചരിത്രം തീണ്ടിയ വിഷത്തെ ഇറക്കാനാണോ ‘ഗ്രന്ഥവരി’യിൽ താങ്കളുടെ ശ്രമം?

ബെന്യാമിൻ: എന്നുവേണമെങ്കിൽ ആനുഷംഗികമായി പറയാമെന്നുമാത്രം. അത് നോവലിന്റെ പ്രധാന വിഷയത്തിലേക്കുള്ള ഒരു സൂചന മാത്രമേ ആകുന്നുള്ളൂ. നിശ്ചയമായും, നോവൽ തിരുവിതാംകൂർ ചരിത്രവുമായും അന്നുനടന്ന ചില സംഭവങ്ങളുമായും കൂടിച്ചേരുന്നുണ്ട്. പക്ഷേ ചരിത്രം എങ്ങനെയാണ് മനുഷ്യന്റെ ഭാവനയ്ക്ക് വളംവച്ച് സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നതെന്നും എത്രത്തോളം നമ്മുടെ സമൂഹം ഭൂതകാലത്താൽ ബാധിതരായിരിക്കുന്നു എന്നുമാണ് ഈ നോവൽ പ്രധാനമായും അന്വേഷിക്കുന്നത്. ആ അർത്ഥത്തിൽ ചരിത്രത്തിന്റെ വിഷം തീണ്ടിയ മനുഷ്യരെക്കുറിച്ചുള്ള നോവൽ എന്നു പറയാം.

പുതിയ നോവലിനെ ‘ഹിസ്റ്റോറിക്കൽ ത്രില്ലർ’ എന്നാണ് താങ്കൾ സ്വയം വിശേഷിപ്പിക്കുന്നത്. മഞ്ഞവെയിൽ മരണങ്ങൾ മുതൽ ത്രില്ലർ, ഡിറ്റക്ടീവ് എഴുത്ത് താങ്കളിലുണ്ടെന്ന് തോന്നിയിട്ടുണ്ട്. നോവൽ അന്വേഷിക്കുന്ന കേന്ദ്ര പ്രമേയത്തിലെത്താൻ കുറ്റാന്വേഷണ എഴുത്തിന്റെ രീതി. നിശ്ശബ്ദ സഞ്ചാരങ്ങളിൽ കുടിയേറ്റത്തിനിടെ ജോലി ചെയ്തു മരിക്കുന്ന നഴ്സിന്റെ കുഴിമാടം അന്വേഷിച്ചു പോകുന്ന കഥാപാത്രത്തിന്റെ പല പ്രവൃത്തികളും ഒരു ഡിറ്റക്ടീവിനെയാണ് ഓർമിപ്പിക്കുന്നത്. ഇങ്ങനെ നിങ്ങളിൽ ഉറങ്ങാതെ പ്രവർത്തിക്കുന്ന ഡിറ്റക്ടീവിനെക്കുറിച്ചു കൂടി പറയാമോ?

ജീവിതത്തിൽ ഒരു ഡിറ്റക്ടീവ് സ്വഭാവം പുലർത്താത്ത ഒരാൾക്ക് നല്ല അന്വേഷകൻ ആയിത്തീരാൻ കഴിയില്ല എന്നും അയാൾക്ക് പുതിയ കണ്ടെത്തലുകളിൽ എത്തിച്ചേരാൻ കഴിയില്ല എന്നും വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. ജീവിതത്തിന്റെ എല്ലാ തുറകളിലും ഈ ഡിറ്റക്ടീവ് സ്വഭാവം നിലനിൽക്കുന്നുണ്ട്. അത് സയൻസിലും ചരിത്രത്തിലും ഭാഷയിലും ഒക്കെയുണ്ട്. അങ്ങനെ അന്വേഷണാത്മക സ്വഭാവം പുലർത്തുകയും ചുഴിഞ്ഞിറങ്ങിച്ചെന്ന് പരിശോധിക്കാൻ കഴിവുണ്ടാവുകയും ചെയ്യുന്നവരാണ് പുതിയ കണ്ടെത്തലുകൾക്ക് ഉടമകളാവുക. ഉദാഹരണത്തിന്​, നമ്മൾ മലബാർ കലാപത്തെക്കുറിച്ച് പഠിക്കുന്നു. ഈ ഡിറ്റക്ടീവ് മനസില്ലാത്ത ഒരാൾ പഴയ വിശദീകരണങ്ങളും എഴുത്തുകളിലും മാത്രം കിടന്നു കറങ്ങുകയേയുള്ളൂ. എന്നാൽ മിടുക്കനായ ഒരു അന്വേഷകൻ ആ ചരിത്രസംഭവത്തെ സംബന്ധിച്ച് പുതിയ കാര്യങ്ങൾ നമുക്ക് കൊണ്ടുതരുന്നു. ജീവിതത്തിലുടനീളം എല്ലാ മേഖലകളിലും ഒരു ഡിറ്റക്ടീവ് നിലനിൽക്കുന്നുണ്ട് എന്നാണ് പറഞ്ഞുവന്നത്. അത് എങ്ങനെ നോവലുകളിൽ ഉപയോഗിക്കാം എന്നാണ് ഞാൻ സ്വയം പരിശോധിച്ചുകൊണ്ടിരിക്കുന്നത്. ഞാൻ തന്നെ ഒരു അന്വേഷകനും ചുഴിഞ്ഞു നോട്ടക്കാരനും പുതിയ കാര്യങ്ങളുടെ കണ്ടെത്തലുകാരനും ആയിരിക്കുമ്പോൾ സ്വഭാവികമായും എന്റെ കഥാപാത്രങ്ങളും അങ്ങനെ ആയിത്തീരുകയാണ് ചെയ്യുന്നത്. പിന്നെ തിരക്കുനിറഞ്ഞ ഒരു ലോകത്തിൽ ജീവിക്കുന്ന വായനക്കാരെ എന്റെ നോവലിൽ ഉറപ്പിച്ചുനിറുത്താനുള്ള ഒരു വഴി എന്ന നിലയിലും ഞാനതിനെ കാണുന്നു.

20 വർഷമായി മലയാള നോവലുകളിൽ പരീക്ഷണങ്ങളൊന്നും നടക്കുന്നില്ലെന്നും സ്വന്തം വായനക്കാരെ നഷ്ടപ്പെടുമോ എന്ന ഭയത്താൽ എഴുത്തുകാർ തങ്ങളെത്തന്നെ ആവർത്തിക്കുകയാണെന്നും താങ്കൾ സമീപകാലത്ത് പറഞ്ഞു. ഇതേപ്രശ്നം തനിക്കുമുണ്ടെന്നും അതിൽ നിന്നുള്ള വിടുതി തേടിക്കൊണ്ടാണ് ‘ഗ്രന്ഥവരി’ എഴുതിയത് എന്നും താങ്കൾ പറയുന്നു. ഈ നിരീക്ഷണം കുറേക്കൂടി വിശദമാക്കാമോ.

അതൊരു കടുത്ത സ്വയം വിമർശനമായിട്ടാണ് ഞാൻ കാണുന്നത്. മലയാള നോവലിന്​ പുതിയ സ്ഥാനങ്ങൾ കൊണ്ടുകൊടുക്കാനും മങ്ങിപ്പോയ വായനയെ തിരികെപ്പിടിക്കാനും വളരെയധികം യത്‌നിക്കുകയും അതിൽ വിജയം കണ്ടെത്തുകയും ചെയ്ത എഴുത്തുകാർ എന്നാണ് ഞാനുൾപ്പെടെ, തൊണ്ണൂറുകളുടെ മദ്ധ്യത്തിലും രണ്ടായിരത്തിന്റെ തുടക്കത്തിലുമായി എഴുതിത്തുടങ്ങിയ ഞങ്ങളുടെ തലമുറയെ ഞാൻ കാണുന്നത്. അതിലെനിക്ക് അഭിമാനവുമുണ്ട്. എന്നാൽ കാൽ നൂറ്റാണ്ടുകൾക്കുശേഷം ഞങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ ആ വിമർശനത്തിൽ കഴമ്പുണ്ട് എന്നാണ് വിചാരിക്കുന്നത്.

നോവൽ ഏതാണ്ട് അസ്തമിച്ചെന്നും നൂറു പേജിൽ കൂടുതലുള്ള നോവലുകൾ ഇനി ആരും വായിക്കില്ല എന്നും പ്രസാധകന്മാർ നിർണയിച്ചകാലത്താണ് ഞങ്ങളുടെ തലമുറ വരുന്നത്.

നോവലുകളിൽ വിഷയവൈവിധ്യം ഉണ്ടായെങ്കിൽ പോലും ഭാഷയിലോ ഘടനയിലോ ശൈലിയിലോ വലിയ പരീക്ഷണങ്ങൾക്ക് മുതിരുന്ന നോവലുകളൊന്നും ഈ കാലഘട്ടത്തിൽ കാണാനില്ല. അത് ഒരു വിധത്തിൽ നോവലിനുണ്ടായിട്ടുള്ള സ്തംഭനാവസ്ഥയായി ഞാൻ കാണുന്നു. അതിനുകാരണം, താങ്കൾ സൂചിപ്പിച്ച ഭയം തന്നെയാണ്. ഇപ്പോൾ ഓരോ എഴുത്തുകാർക്കും കിട്ടിയിരിക്കുന്ന ഒരു വായനാസമൂഹമുണ്ട്. എഴുത്തുകാരുടെ ഭാവനാരാഹിത്യത്തിലും പരിമിതമായ അഭിരുചികളിലും തളച്ചിടപ്പെട്ടവരാണ് അവർ. നിരന്തരം ഒരേ വിഷയങ്ങൾ പല രൂപത്തിൽ ആവർത്തിച്ച് അവരുടെ സാഹിത്യാഭിരുചിയെ തളച്ചിടുകയാണ് എഴുത്തുകാർ ചെയ്യുന്നത്. ഇതൊരു പരാജയമായി ഭാവിയിലെ സാഹിത്യ നിരൂപണം വിലയിരുത്തും എന്നെനിക്ക്​ തോന്നുന്നു. സ്വയം തിരിച്ചറിവുകളിൽ നിന്നാണ് പരീക്ഷണങ്ങൾക്കുള്ള ഊർജ്ജം നമുക്ക് ലഭിക്കുന്നത്. ‘തരകൻസ് ഗ്രന്ഥവരി’ അങ്ങനെ ഒരു പരീക്ഷണമാണ്.

എഴുത്തുകാർ സർവ്വവും കോരിക്കൊടുക്കുക എന്നതിൽ നിന്ന് വ്യത്യസ്തമായി വായനക്കാരുടെ സർഗ്ഗാത്മകതയും ഊർജ്ജവും ഭാവനയും അന്വേഷണത്വരയും കൂടി വിനിയോഗിക്കപ്പെടേണ്ട ഒന്നായിട്ടാണ് ഈ നോവൽ വിഭാവനം ചെയ്തിരിക്കുന്നത്. അതിനർത്ഥം, ഞാൻ എന്റെ പഴയതിൽ നിന്ന് പൂർണമായും വിടുതൽ നേടിക്കഴിഞ്ഞിരിക്കുന്നു എന്നല്ല. ഭാവിയിൽ അതിനുകൂടി കഴിയും വിധത്തിലേക്കുള്ള ഒരു ശ്രമം എന്ന നിലയിലാണ് ഞാനിതിനെ കാണുന്നത്. ഇത് മറ്റ് എഴുത്തുകാരെയും മാറിച്ചിന്തിക്കുന്നതിന്​ പ്രേരിപ്പിക്കുകയും നമ്മുടെ ഭാഷയിൽ വൈവിധ്യമുള്ള പരീക്ഷണങ്ങൾ സംഭവിക്കാൻ ഇടയാക്കുകയും ചെയ്യും എന്നാണ് എന്റെ പ്രതീക്ഷ. ഈ നോവലിന്റെ പ്രഖ്യാപനം വന്നപ്പോൾ ചില വായനക്കാരെങ്കിലും അതെങ്ങനെയാണ് വായിക്കുക എന്നൊരു അങ്കലാപ്പ് പ്രകടിപ്പിക്കുന്നുണ്ട്. പുതിയ ചില രൂപങ്ങളിലേക്കും പരീക്ഷണങ്ങളിലേക്കും അവരെക്കൂടി പരുവപ്പെടുത്തുക എന്നൊരു ലക്ഷ്യം കൂടി ഈ നോവലിനുണ്ട്.

സമീപകാലത്ത് മലയാളത്തിലുള്ള പല നോവലുകൾക്കും ഇംഗ്ലീഷ് പരിഭാഷകൾ സാധ്യമാകുന്നു. അത്തരം പരിഭാഷകൾക്ക് പുരസ്‌ക്കാരങ്ങൾ ലഭിക്കുന്നു. ഏറ്റവും പുതിയ തലമുറയിലെ എഴുത്തുകാർ മുതൽ എം.മുകുന്ദനെപ്പോലുള്ള മുതിർന്ന എഴുത്തുകാർക്കുവരെ ജെ.സി.ബി പുരസ്‌ക്കാരം പോലുള്ളവ കിട്ടുന്നു. ഈ സന്ദർഭത്തിൽ ഒരു കാര്യം ചോദിക്കാൻ ആഗ്രഹിക്കുന്നു. മലയാള നോവലുകൾ ഇംഗ്ലീഷിലാകുമ്പോൾ ചില അധ്യായങ്ങൾ തന്നെ ഒഴിവാക്കപ്പെടുന്നു. ചില കഥാപാത്രങ്ങളെ കാണാതാകുന്നു. വിവർത്തനം പദാനുപദ തർജമയല്ലെന്നും അത് മറ്റൊരു എഴുത്തു തന്നെയാണെന്നതിലും എനിക്ക് ഒരു സംശയവുമില്ല. വിവർത്തനം ഒരു മൈനർ ആർട്ടല്ല. മാർകേസിനേയും ടാഗോറിനേയും നമ്മൾ വിവർത്തനങ്ങളിലൂടെയാണ് വായിക്കുന്നത്. അവരെഴുതിയ ഒറിജിനൽ ഭാഷയിലല്ല. ചോദ്യം ഇതാണ്- ഇംഗ്ലീഷ് പരിഭാഷകർക്ക്/ എഡിറ്റർക്ക് മലയാളി എഴുത്തുകാർ വൻ സ്വാതന്ത്ര്യം നൽകുന്നു. അധ്യായങ്ങൾ വെട്ടിമാറ്റാൻ പോലും അനുവദിക്കുന്നു. അതായത്, നോവലിലെ കൊളസ്ട്രോൾ എടുത്തുകളയുകയാണ് അവർ ചെയ്യുന്നതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. മലയാളവും പരിഭാഷയും വെച്ചു നോക്കിയാൽ ഇത് എളുപ്പം മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാൽ നമ്മുടെ എഴുത്തുകാർ ഇവിടെ ഒരു എഡിറ്ററെ (മലയാളത്തിൽ) ഇത്തരം എഡിറ്റിംഗിന്​ഒരിക്കലും അനുവദിക്കില്ല. ഞാനെഴുതിയ ഒരു അക്ഷരം പോലും എഡിറ്റ് ചെയ്യരുത് എന്നാണവരുടെ നിലപാട്. അങ്ങനെ ചെയ്താൽ കൊന്നു കളയും. പക്ഷെ ഇംഗ്ലീഷ് പരിഭാഷയുടെ കാര്യത്തിൽ ഈ കൊല്ലലൊന്നുമില്ല. വെറും വളർത്തൽ മാത്രം. മലയാളത്തിലെ എഴുത്തിനെ തന്നെ, അതിന്റെ ഗുണത്തെ, ഒതുക്കത്തെ, അതുവഴിയുണ്ടാകുന്ന സൗന്ദര്യത്തെ സത്യത്തിൽ നമ്മുടെ എഴുത്തുകാരുടെ ഈ സമീപനം ബാധിക്കുന്നില്ലേ? ഇവിടെ എഡിറ്റർമാരില്ലെന്ന് ഇതേ എഴുത്തുകാരൻ വെറുതെ പരാതിയും പതം പറച്ചിലുമായി നടക്കുകയും ചെയ്യും. ഈ പ്രശ്നത്തോട് താങ്കൾ എങ്ങിനെ പ്രതികരിക്കും?

ഇതിനുള്ളിൽ പല വിഷയങ്ങൾ ഉൾച്ചേർന്നിരിക്കുന്നുണ്ട് എന്നാണ് ഞാൻ വിചാരിക്കുന്നത്. നമ്മുടെ നോവലുകൾ ഇംഗ്ലീഷിലേക്ക് പരിഭാഷ ചെയ്യുന്നതു തന്നെ വലിയ കാര്യമായിട്ടാണ് നമ്മൾ കാണുന്നത്. അതിനുള്ള യോഗ്യത നമുക്കുണ്ടോ എന്ന സംശയവും ഞാൻ അത്രയൊക്കെയായി അല്ലേ എന്ന സന്തോഷവും അതിൽ ഉൾച്ചേർന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇംഗ്ലീഷ് പരിഭാഷകരുടെ മുന്നിൽ ഇത്തിരി മുട്ടുമടക്കി നിൽക്കുന്നതാവാം ഒന്നാമത്തെ കാര്യം. എഡിറ്റിംഗ് എന്നത് ഇംഗ്ലീഷിൽ ഒരു പ്രധാനപ്പെട്ട കാര്യമാണ്. എല്ലാ പ്രസാധകരും ഓരോ നോവലിനുവേണ്ടിയും അങ്ങനെ ഒരാളെ നിശ്ചയിക്കും. അയാൾ വളരെ സൂക്ഷ്മമായി കൃതി വിലയിരുത്തും. മേദസുകളുണ്ടെന്ന് തോന്നിയാൽ നിശ്ചയമായും അത് നീക്കും. അത് ഒഴിവാക്കാനാവാത്ത പ്രക്രിയയാണ്. അത് പാടില്ല എന്ന് ശഠിക്കാനും മാത്രം ഉയരം നമുക്കൊന്നും ഉണ്ടായിട്ടില്ല എന്നതാണ് രണ്ടാമത്തെ കാര്യം. പാമുക്കിന്റെയോ മുറകാമിയുടെയോ ശശി തരൂരിന്റെയോ പുസ്തകങ്ങൾ ഇതേപോലെ എഡിറ്റിങ് നടത്താൻ ഒരു എഡിറ്റർ തയ്യാറാവുമോ എന്നതും പ്രസക്തമാണ്. മൂന്നാമതായി, സ്വന്തം ഭാഷയിലെക്ക് വരുമ്പോൾ നമുക്ക് മുഷ്​ക്​ കൂടുന്നു എന്നതാണ്. അവിടെയാണ് എഡിറ്ററുടെ സാന്നിദ്ധ്യം എഴുത്തുകാരൻ വെറുക്കുന്നത്. ‘ഞാൻ എല്ലാം തികഞ്ഞവനാണ്, എന്റെ എഴുത്തിൽ കൈവയ്ക്കാൻ ഇവരാര്’ എന്ന അഹങ്കാരമാണ് അവിടെ ഭരിക്കുന്നത്. അതോടെ എഡിറ്റിംഗ് നടത്താൻ ഉണ്ടെങ്കിലും അത് കഴിയാതെ പോകുന്നു. നാലാമതായി, നമ്മുടെ പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പുകളിൽ എഡിറ്റിംഗ് നടക്കുന്നുണ്ടെങ്കിൽ അതിനർത്ഥം അതിന് അങ്ങനെയൊരു മേദസ് ഉണ്ടെന്നല്ലേ, എഴുത്തുകാർക്ക്​ അത് കണ്ടെത്താൻ കഴിയാതെ പോയി എന്നല്ലേ, അപ്പോൾ മലയാളത്തിലും ഒരു എഡിറ്ററുടെ മികച്ച സേവനം നമുക്ക് ആവശ്യമായി വരുന്നു. അതിൽ നാണക്കേട് വിചാരിക്കേണ്ടതില്ല, പക്ഷേ നിർഭാഗ്യകരമായ കാര്യം, നമ്മുടെ മിക്ക പ്രസാധകർക്കും അങ്ങനെ ഒരു പുസ്തകത്തിനായി ദീർഘകാലത്തേക്ക് നീക്കി വയ്ക്കാവുന്ന എഡിറ്റർമാരെ ലഭ്യമാക്കാൻ കഴിയില്ല എന്നതാണ്. അത് നമ്മുടെ പ്രസാധനലോകത്തിന്റെ പരിമിതിയാണ്. ഇതൊക്കെ സ്വയം തിരിച്ചറിഞ്ഞ് എഴുത്തുകാർ കൂടുതൽ സൂക്ഷ്മത പുലർത്തുകയും സ്വയം എഡിറ്റിംഗ് നടത്തുകയും പരിഭാഷപ്പെടുത്താനായി ചെല്ലുമ്പോൾ ഇതിൽ നിറയെ മേദസുണ്ട് എന്നു കേട്ട് അപമാനിതരാവാൻ നിന്നുകൊടുക്കാതിരിക്കുകയുമാണ് വേണ്ടത് എന്നു തോന്നുന്നു.

പ്രസാധകരുടെ വാക്കുകേട്ട് ഞങ്ങളും ചെറിയ നോവലുകൾ മാത്രം എഴുതിയിരുന്നു എങ്കിൽ മലയാള നോവൽ ഇന്നും മുരടിച്ച് നിക്കുമായിരുന്നു.

പൊതുവേദിയിൽ താങ്കൾ പറഞ്ഞിട്ടില്ലെങ്കിലും ആദ്യമായി എഴുത്തുജീവിതത്തിൽ ബെന്യാമിൻ ഒരു വിവർത്തകനാകാൻ കൂടി പോകുന്നു. നോവലിന്റെ വിവർത്തകൻ. ആ നോവലിനെക്കുറിച്ച്, അതിന്റെ വിവർത്തനാനുഭവങ്ങളെക്കുറിച്ച് സംസാരിക്കാമോ? താങ്കൾ ആ വിവർത്തനം പൂർത്തിയാക്കിയെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

അതെ, ഇതുവരെ പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലാത്ത ഒരു പദ്ധതിയാണത്. ഞാനത് പൂർത്തിയാക്കിയെങ്കിലും ഇനിയും ഒരുവട്ടം എഴുത്തുകാരനൊപ്പമിരുന്ന് അതിൽ ചില അവസാനവട്ട മിനുക്കുപണികൾ നടത്താനുണ്ട്. എന്നിട്ടുവേണം അത് പ്രഖ്യാപിക്കാൻ. എന്നാലും ചോദിച്ചതുകൊണ്ട് പറയാം, പ്രമുഖ ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരൻ ദീപക് ഉണ്ണികൃഷ്ണന്റെ ‘Temporary People' എന്ന നോവലാണത്. പരിഭാഷ എന്റെ മേഖല അല്ല എങ്കിലും എന്തുകൊണ്ട് ഞാൻ അതിലേക്ക് ഇറങ്ങിച്ചെന്നു എന്നുചോദിച്ചാൽ, എനിക്ക് ആ നോവൽ വല്ലാതെ ഇഷ്ടപ്പെട്ടതുകൊണ്ട് എന്ന് ഒറ്റവാക്കിൽ പറയാം. ഒന്നാമത്, അത് ഗൾഫിനെക്കുറിച്ചുള്ള കൃതിയാണ്. സ്വഭാവികമായും ആ വിഷയം എനിക്ക് നന്നായി റിലേറ്റ് ചെയ്യും. ഞാൻ എഴുതാതെ പോയ കഥകൾ എന്നാണ് അതിനെക്കുറിച്ച് എനിക്ക് തോന്നിയത്.

ദീപക് ഉണ്ണികൃഷ്ണൻ / Restless Books

രണ്ടാമതായി ദീപക്, ഗൾഫിൽ ജനിച്ചു വളർന്ന ഒരു എഴു ത്തുകാരനാണ്. അങ്ങനെ രണ്ടാം തലമുറയിൽ പെട്ട ഒരു എഴുത്തുകാരൻ ഗൾഫിനെ തന്നെയും മലയാളത്തെയും കേരളത്തെയും എങ്ങനെ നോക്കിക്കാണുന്നു എന്നറിയാൻ എനിക്കുള്ള ആകാംക്ഷയും അതിന്റെ പിന്നിൽ ഉണ്ടായിരുന്നു. ഭാവന അതിന്റെ വന്യതയിലും യാഥാർത്ഥ്യം അതിന്റെ സൂക്ഷ്മതയിലും സംഗമിക്കുന്ന അത്യപൂർവമായ നോവൽ എന്നാണ് എനിക്കതിനെക്കുറിച്ച് തോന്നിയിട്ടുള്ളത്. പരിഭാഷയ്ക്ക് ഒട്ടുമേ വഴങ്ങാത്ത ഒരു ഘടനയാണ് അതിനുള്ളത്. അതിനെ മലയാളത്തിലേക്ക് മെരുക്കിയെടുക്കാനുള്ള ആഗ്രഹവും ആ പരിഭാഷാശ്രമത്തിനു പിന്നിലുണ്ടായിരുന്നു. എനിക്ക് സാധ്യമാകില്ല എന്നുവിചാരിക്കുന്നത് സാധ്യമാക്കും എന്നൊരു ദൃഢനിശ്ചയത്തോടെയാണ് ഞാനതിൽ പണിയെടുത്തത്. കഠിനമായിരുന്നു എങ്കിലും അതെനിക്ക് വലിയ ഊർജ്ജം പകർന്നു നൽകിയിട്ടുണ്ട്. എന്നൊക്കൊണ്ട് സാധ്യമാകില്ല എന്നു കരുതി ഞാനുപേക്ഷിച്ച ചില നോവലുകളുണ്ട്, അത് വീണ്ടും പൊടിതട്ടിയെടുക്കാൻ ആ ഊർജ്ജം എനിക്ക് പ്രേരണയായിട്ടുണ്ട്. പരിഭാഷ എന്നത് നോവലെഴുത്തുപോലെ തന്നെ സർഗാത്മകത ആവശ്യമുള്ള ഒരു പ്രവർത്തിയാണെന്ന് എന്നെ അത് പഠിപ്പിച്ചു.

കെ.റെയിൽ വരണം എന്നാഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. അത് ഞാൻ സി. പി. എം ചായ്​വുള്ള ഒരാളായതുകൊണ്ടല്ല. യു. ഡി. എഫ് സർക്കാരിന്റെ കാലത്ത് ഇത് പ്രഖ്യാപിച്ചപ്പോഴും ഞാൻ ഇതിനെ അനുകൂലിച്ചിരുന്നു.

മലയാള സാഹിത്യത്തെ, പ്രത്യേകിച്ച് നോവൽ സാഹിത്യത്തെ സൂപ്പർലേറ്റീവ്സ് ബാധിക്കുന്നു എന്ന് തോന്നാറുണ്ട്. അതായത് തരക്കേടില്ല എന്നു പറയാവുന്ന രചനകളെ ഉദാത്തമാക്കുക, ലോക നിലവാരമുണ്ട് എന്നു പറയുക. ഒരു വായനക്കാരൻ എന്ന നിലക്ക് എനിക്കു തോന്നിയിട്ടുള്ളത്, ഈ സൂപ്പർലേറ്റീവിസം നമ്മുടെ സാഹിത്യത്തെ ചുമരിൽ ചാരി നിർത്താൻ ഇടയുണ്ടെന്നാണ്. വിമർശനം ഇല്ലാതായിരിക്കുന്നു. എഴുത്തു തന്നെ ഒരു വിമർശനമാണെന്ന സത്യം നാം മറന്നു പോയതുപോലെയുണ്ട്. അതിനിവിടെ നിരൂപകരെവിടെ എന്നാണ് ഇതിനോട് പലരും പ്രതികരിക്കാറുള്ളത്. ‘യൂറോ സെൻട്രിക്ക്’ എന്നു പറയുന്നതു പോലെ ‘നോവൽ സെൻട്രിക്ക്’ എന്നു പറയാവുന്ന അവസ്ഥ, അതായത് നോവൽ മാത്രം മതി എന്നു പറയുന്ന വിപണി അവസ്ഥയാണ് മലയാളത്തിലെ നിരൂപകരെ ഇല്ലാതാക്കിയതെന്ന് കരുതുന്ന ഒരാളാണ് ഞാൻ. നിരൂപണം എഴുതുന്നവരോടും നാലാൾ വായിക്കുന്ന ഒരു നോവൽ എഴുതൂ എന്നുപദേശിക്കുന്ന അവസ്ഥ. കുറച്ചു പഴയ ഒരു കാര്യം ഓർമ വരികയാണ്. എം.കൃഷ്ണൻനായരെക്കൊണ്ട് ഒരു പ്രസിദ്ധീകരണം കഥ എഴുതിച്ചു. അതാണ് സ്ഥിതി. കെ.പി. അപ്പൻ ഇപ്പോൾ ഉണ്ടെങ്കിൽ നിരൂപണം നിർത്തി നോവലോ കഥയോ എഴുതൂ എന്ന് നമ്മൾ ഉപദേശിക്കുമായിരുന്നുവെന്ന് ഭയപ്പെടാവുന്ന നില പോലുമുണ്ട്. മനുഷ്യജീവിതം ഒരു ഏകവിളത്തോട്ടമല്ല. അതുകൊണ്ടുതന്നെ സാഹിത്യവും. നോവലിന് എല്ലാ കാലത്തും സാഹിത്യത്തിൽ മേൽക്കൈ ഉണ്ട്. ഒരു സംശയവുമില്ല. പക്ഷെ, നോവൽ എന്ന ഏക വിളത്തോട്ടം മാത്രം മതി, അതിനെ ആരും വിമർശിക്കേണ്ട, ക്രിട്ടിക്കാലിറ്റി എന്ന ഫാക്കൽറ്റി ഊരി വെച്ചുകൊള്ളൂ എന്ന മനോഭാവം. ഇങ്ങനെയുള്ള ഒരു സ്ഥിതി നമ്മുടെ സാഹിത്യ- സാംസ്‌ക്കാരിക അവസ്ഥയെ ഭരിക്കുന്നതായി തോന്നിയിട്ടുണ്ട്. ഇതിനെക്കുറിച്ച് എന്തു തോന്നുന്നു?

വളരെ ഭീതിതമായ ഒരു സാഹിത്യയാഥാർത്ഥ്യമാണത്. പക്ഷേ അതിനെ മലയാളസാഹിത്യം എങ്ങനെ അഭിമുഖീകരിക്കുമെന്നോ മറികടക്കുമെന്നോ പറയാൻ ഞാനാളല്ല. എന്നാൽ ഇങ്ങനെയൊരു ബോധം, ചിന്ത, സാഹിത്യലോകത്ത് പരക്കുമ്പോൾ, സ്വഭാവികമായും മറ്റൊരു സാഹിത്യശാഖയിൽ- അത് കഥയിലാവാം, കവിതയിലാവാം, സാഹിത്യനിരൂപണത്തിലാവാം- അപാരമായ സർഗ്ഗശേഷിയുള്ള ഒന്നോ ഒരുകൂട്ടം ആളുകളോ ഉയർന്നുവരുകയും നിലനിൽക്കുന്ന ഘടനയെയും വിചാരത്തെയും അപ്പാടെ അട്ടിമറിച്ച്​ അവർ വായനയുടെ പുതിയ മാനദണ്ഡങ്ങൾ നിശ്ചയിക്കുകയും ചെയ്യും എന്നാണ് ഞാൻ കരുതുന്നത്. സാഹിത്യചരിത്രത്തിൽ തന്നെ അതിനുദാഹരണങ്ങളുണ്ട്. നോവൽ ഏതാണ്ട് അസ്തമിച്ചെന്നും നൂറു പേജിൽ കൂടുതലുള്ള നോവലുകൾ ഇനി ആരും വായിക്കില്ല എന്നും പ്രസാധകന്മാർ നിർണയിച്ചകാലത്താണ് ഞങ്ങളുടെ തലമുറ വരുന്നത്.

ഇട്ടിക്കോരയും ആരാച്ചാരും മനുഷ്യന് ഒരാമുഖവും അന്ധകാരനഴിയും മഞ്ഞവെയിൽ മരണങ്ങളും ഒക്കെ ആ പ്രസാധകവിചാരത്തെ അട്ടിമറിച്ച് വായന നേടിയെടുത്ത നോവലുകളാണ്. പ്രസാധകരുടെ വാക്കുകേട്ട് ഞങ്ങളും ചെറിയ നോവലുകൾ മാത്രം എഴുതിയിരുന്നു എങ്കിൽ മലയാള നോവൽ ഇന്നും കുള്ളത്വം പ്രാപിച്ചുകഴിയുമായിരുന്നു. എല്ലാവരും നോവൽ എഴുതേണ്ട സ്ഥിതിയാണ് വന്നിട്ടുള്ളതെങ്കിൽ, അതിന്​ പ്രസാധകലോകം സമ്മർദ്ദം ചെലുത്തുന്നു എങ്കിൽ അതിനെ അട്ടിമറിക്കാൻ കെല്പും ധീരതയുമുള്ള ഒരാൾ മുന്നോട്ട് വരുകയാണ് വേണ്ടത്, അപ്പോൾ പ്രസാധകർ സ്വയം മാറിക്കൊള്ളും. നിലനിൽക്കുന്ന ട്രെൻറിനൊപ്പം പോകുക എന്നതല്ലാതെ, പ്രസാധകൻ ട്രെൻറ്​ നിശ്ചയിക്കുന്നുണ്ട് എന്നെനിക്ക് തോന്നുന്നില്ല. അങ്ങനെ അട്ടിമറിക്കാൻ കഴിവുള്ള ഒരാൾ വരും എന്നാണ് എന്റെ വിചാരവും പ്രതീക്ഷയും. മുസഫർ സൂചിപ്പിച്ചതുപോലെ, മനുഷ്യജീവിതം പോലെ സാഹിത്യവും വൈവിധ്യമാർന്നതായി തീരട്ടെ, അതാണ് നമ്മുടെ വായനാലോകത്തിന്റെ സൗന്ദര്യം.

സമകാലിക പ്രശ്നങ്ങളോട് പ്രതികരിക്കുന്ന, ചിലപ്പോൾ വിവാദ കേന്ദ്രം പോലുമാകുന്ന, ഒരാളാണ് ബെന്യാമിൻ. പല സമീപനങ്ങളിലും സി.പി.എം ചായ്​വുമുണ്ട്​. കെ. റെയിൽ വിഷയത്തിൽ ബെന്യാമിന്റെ നിലപാട് എന്താണ്?

കെ.റെയിൽ വരണം എന്നാഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. അത് ഞാൻ സി. പി. എം ചായ്​വുള്ള ഒരാളായതുകൊണ്ടല്ല. യു. ഡി. എഫ് സർക്കാരിന്റെ കാലത്ത് ഇത് പ്രഖ്യാപിച്ചപ്പോഴും ഞാൻ ഇതിനെ അനുകൂലിച്ചിരുന്നു. കാരണം, അത് കാലത്തിന്റെ ആവശ്യകതയാണ്.

കേരളം നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്ന്, നാം നമ്മുടെ വികസനങ്ങളെക്കുറിച്ച് ചിന്തിക്കുന്നതത്രയും ഇരുപത്തിയഞ്ച് വർഷം പുറകിലാണ് എന്നതാണ്. ഒരു പാലം പണിയുമ്പോൾ നാളെ അതിലെത്ര ട്രാഫിക് വരും എന്ന് കണക്കുകൂട്ടിയല്ല അത് പണിയുന്നത്, ഇരുപത്തിയഞ്ച് വർഷം മുൻപ് ഉണ്ടാവേണ്ടിയിരുന്ന ഒന്ന് ഇന്ന് യാഥാർത്ഥ്യമാവുക മാത്രമാണ് ചെയ്യുന്നത്. അടുത്തിടെ ചില മേൽപ്പാലങ്ങൾ, ആലപ്പുഴ, കൊല്ലം ബൈപ്പാസുകൾ ഒക്കെ നിർമ്മിച്ചപ്പോൾ തന്നെ ഇരുപത്തിയഞ്ച് വർഷം പഴയതായിക്കഴിഞ്ഞു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. എന്തുകൊണ്ടാണ് വൈറ്റില മേൽപ്പാലം പണിഞ്ഞു കഴിഞ്ഞിട്ടും അവിടെ ട്രാഫിക് ബ്ലോക്കുള്ളത്? ഇതാണ് പ്രശ്നം, അത് ഇരുപത്തിയഞ്ചുവർഷം മുമ്പുണ്ടാവേണ്ടതായിരുന്നു. അതിനർത്ഥം മേൽപ്പാലമേ വേണ്ടായിരുന്നു എന്നല്ലല്ലോ. നമ്മുടെ ബുദ്ധിജീവികൾ അങ്ങനെയാണ് പറയുക, അത്രയും മണ്ടന്മാരാണവർ. ദീർഘവീക്ഷണമില്ലായ്മ കേരളത്തിൽ ജീവിക്കുന്നവരുടെ ശാപമായി ഞാൻ കാണുന്നു. ചില ബുദ്ധിജീവി നാട്യക്കാർ അതിൽ അഗ്രഗണ്യരുമാണ്. അവരാണ് കേരളത്തിന്റെ ഭാവിക്ക് ഏറെ ഗുണകരമാകുന്ന ഈ പദ്ധതിയെ കണ്ണടച്ച് എതിർക്കുന്നവരിൽ ഒരു കൂട്ടർ.

വിദേശ നോവലുകൾ നമുക്ക് നല്ല പരിചയമാണ്. ഓൾഗ ടോകാർചുക്കിനെ നമ്മൾ വായിച്ചു കഴിഞ്ഞു, പീറ്റർ ഹാൻകെയെ നമുക്ക് കാൽനൂറ്റാണ്ട് മുൻപേ അറിയാം, അബ്ദുൾ റസാഖ് ഗുർണയെയും നമ്മൾ വായിച്ചു. എന്നാൽ നമുക്ക് ഇത്രകാലമായിട്ടും ഗീതാജ്ഞലി ശ്രീയെ അറിയില്ല, ദാമോദർ മൗജോയെ അറിയില്ല

രണ്ടാമത്തേത്, പദ്ധതിയുടെ ആഘാതം നേരിട്ട് ഏൽക്കേണ്ടി വരുന്ന സാധാരണക്കരാണ്. അവരുടെ ആശങ്കയ്ക്ക് കാരണമുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. സർക്കാർ കൊടുത്ത ഉറപ്പുകളിൽ അവർക്ക് വിശ്വാസം വന്നിട്ടില്ല. അതിനു കാരണം ചില മുൻ അനുഭവങ്ങളാവാം. കൃത്യമായ നഷ്ടപരിഹാരം കിട്ടും എന്നുറപ്പുണ്ടെങ്കിൽ, അതിനുവേണ്ടി വർഷങ്ങളോളം ഫയലുകളും തൂക്കി സർക്കാർ ആപ്പീസറന്മാരുടെ തിണ്ണനിരങ്ങേണ്ടിവരില്ല എങ്കിൽ, ഇപ്പോൾ എതിർപ്പുയർത്തുന്ന ബഹുഭൂരിപക്ഷം ആളുകളും വികസനത്തിനൊപ്പം നിൽക്കും എന്ന് എനിക്കുറപ്പുണ്ട്. തീരദേശ പാതക്കുവേണ്ടിയും മലയോര പാതക്കുവേണ്ടിയും ഗെയിൽ പൈപ്പ് ലൈനിനു വേണ്ടിയും ഒരു എതിർപ്പും ഇല്ലാതെ നല്ല നിലയിൽ ഭൂമി ഏറ്റെടുക്കാൻ സർക്കാരിനു കഴിഞ്ഞു എന്നതിനർത്ഥം കഴിഞ്ഞ കാലത്തെ ചില തിക്താനുഭവങ്ങൾ വച്ച് ഈ സർക്കാരിൽ ആശങ്ക രേഖപ്പെടുത്തേണ്ടതില്ല എന്നു തന്നെയാണ്. സാധാരണക്കാർക്ക് സന്തോഷമുളവാകും വിധം നല്ല പ്രതിഫലം നൽകും എന്ന സർക്കാർ ഉറപ്പിൽ നമുക്ക് വിശ്വാസം രേഖപ്പെടുത്താം.

മൂന്നാമത്തെ വിഭാഗം, പ്രതിപക്ഷ / വർഗീയ കക്ഷികളാണ്. അവരുടെ ഇംഗിതം വേറെയായതുകൊണ്ട് അതിനെ ഗൗനിക്കേണ്ടതില്ല. ഈ സർക്കാർ അവരുടെ മാനിഫെസ്റ്റോയിൽ പ്രഖ്യാപിച്ച ഒരു പദ്ധതിയാണിത്. അത് മുന്നോട്ട് വച്ചുകൊണ്ടാണ് അവർ തിരഞ്ഞെടുപ്പിനെ നേരിട്ടതും ജനം അതിനെ അംഗീകരിച്ചതും. അതുകൊണ്ട് പ്രതിപക്ഷത്തിന്റെ എതിർപ്പ് കഴമ്പില്ലാത്തതാണ് , അവരെ ജനം തള്ളിക്കളഞ്ഞതാണ്.

Photo: keralarail.com

സമയത്തിന്​ മനുഷ്യജീവിതത്തിൽ പണത്തെക്കാൾ മൂല്യമുള്ള ഒരു കാലത്തിലാണ് ഇപ്പോൾ തന്നെ നാം ജീവിക്കുന്നത്, ഭാവിയിൽ അതിന്റെ മൂല്യം വളരെയേറെ വർദ്ധിക്കുക തന്നെ ചെയ്യും. ഇപ്പോൾ തന്നെ നാം ജീവിക്കുന്ന ഒരു പഴഞ്ചൻ ലോകത്തിലല്ല നമ്മുടെ കുട്ടികൾ ജീവിക്കുന്നത്. അവർ ഉപയോഗിക്കുന്ന ആപ്പുകളും ടേമുകളും ഒന്നും നമുക്ക് മനസിലാവുന്നത് പോലുമല്ല, അത്രമേൽ കണ്മുന്നിൽ വച്ച് മാറിക്കൊണ്ടിരിക്കുന്ന ഈ ലോകത്ത് നമ്മൾ പിന്തള്ളപ്പെടാതിരിക്കാൻ ഹൈ കണക്ടിവിറ്റിയുള്ള ഗതാഗത സംവിധാനം ആവശ്യമുണ്ട്. ഇപ്പോഴത്തെ കള്ളബുദ്ധിജീവികൾ പഴയ കാലത്തിൽ ജീവിക്കാതിരുന്നത് ഭാഗ്യം എന്നേ പറയാനുള്ളു. അവർ ഉണ്ടായിരുന്നെങ്കിൽ കാളവണ്ടിയുഗത്തിൽ നിന്ന് ഒരു ചുവട് മുന്നോട്ട് നടക്കാൻ ഇക്കൂട്ടർ കേരളത്തിനെ സമ്മതിക്കുമായിരുന്നില്ല.

താങ്കൾ വലിയ തോതിൽ യാത്ര ചെയ്​ത ഒരാളാണ്. ഇന്ത്യയിലും വിദേശത്തും സാഹിത്യോത്സവങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഇന്ത്യൻ സാഹിത്യാനുഭവങ്ങളിൽ നിന്ന്​ നമുക്ക് എന്താണ് പഠിക്കാനുള്ളത്. അതോ നമ്മുടെ സാഹിത്യം തന്നെയാണോ ഇന്ത്യൻ ഭാഷകളിൽ ഏറ്റവും മികച്ചത്? ഇന്റർനാഷണൽ ബുക്കർ പ്രൈസിലെ അന്തിമപ്പട്ടികയിലുള്ള ഹിന്ദി നോവൽ, ഗീതാജ്ഞലി ശ്രീയുടെ ടോമ്പ് ഓഫ് സാൻഡ്, എഴുത്തിന്റെ ഉള്ള് എങ്ങനെയായിരിക്കും എന്ന് വ്യക്തമാക്കുന്നതാണ്. ആ എഴുത്തുകാരിയെ താങ്കൾക്ക് പരിചയമുണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. മലയാളിക്ക് വിദേശ സാഹിത്യം കൂടുതലായി അറിയാം. ഇന്ത്യൻ സാഹിത്യം അറിയുകയുമില്ല. അയൽപ്പക്ക സാഹിത്യം (നൈബർ ഹുഡ് ലിറ്ററേച്ചർ) തമിഴ്, കന്നഡ, തെലുഗ് സാഹിത്യം അറിയില്ല. വിവർത്തനത്തിന്റൈ കുറവാണ് കാരണം. നമ്മുടെ കൃതികൾ ഈ പറഞ്ഞ ഭാഷകളിലും കാര്യമായി എത്തുന്നില്ല. രണ്ടോ മൂന്നോ വർഷം മുമ്പ് ബർലിൻ സാഹിത്യോത്സവത്തിൽ താങ്കൾ പങ്കെടുത്തു. ഇതിനു മുമ്പ് ഒ.വി.വിജയനാണ് ആ സാഹിത്യോൽസവത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത് എന്ന് കേട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ ഇന്ത്യൻ-വിദേശ സാഹിത്യോൽസവങ്ങളിൽ നിന്ന് ഒരെഴുത്തുകാരൻ എന്ന നിലയിൽ സ്വാംശീകരിച്ച നിരീക്ഷണങ്ങൾ പങ്കുവെക്കാമോ?

നമ്മുടെ വായന നേരിടുന്ന പ്രധാന പ്രതിസന്ധികളിലൊന്നാണ് മുസഫർ ഉന്നയിച്ചത്. വിദേശ നോവലുകൾ നമുക്ക് നല്ല പരിചയമാണ്. ഓൾഗ ടോകാർചുക്കിനെ നമ്മൾ വായിച്ചു കഴിഞ്ഞു, പീറ്റർ ഹാൻകെയെ നമുക്ക് കാൽനൂറ്റാണ്ട് മുൻപേ അറിയാം, അബ്ദുൾ റസാഖ് ഗുർണയെയും നമ്മൾ വായിച്ചു. എന്നാൽ നമുക്ക് ഇത്രകാലമായിട്ടും ഗീതാജ്ഞലി ശ്രീയെ അറിയില്ല, ദാമോദർ മൗജോയെ അറിയില്ല, വിവേക് ഷാൻബാഗിനെ വായിച്ചിട്ടില്ല. അതാണ് സ്ഥിതി, ഞങ്ങൾക്ക് പരിമിതികളുണ്ട് എന്ന് സാധാരണ വായനക്കാർക്ക് പറയാം, ഞങ്ങൾക്ക് സ്വന്തം വിഷയത്തിൽ ധാരാളമായി കേന്ദ്രീകരിക്കേണ്ടതുണ്ട് എന്ന് എന്നെപ്പോലെയുള്ള എഴുത്തുകാർക്ക് പറയാം, ഇവിടെ സാഹിത്യം തങ്ങളുടെ തലയിലാണ് എന്നു പറഞ്ഞു നടക്കുന്ന അക്കാദമിക് സമൂഹം ഇതുവല്ലതും വായിക്കുമോ? എവിടെയെങ്കിലും രേഖപ്പെടുത്തുകയോ ചെയ്തിട്ടുണ്ടോ..?

ഗീതാജ്ഞലി ശ്രീ

സാഹിത്യോത്സവങ്ങൾ അനേകം എഴുത്തുകാരെയും അവരുടെ രചനകളെയും പരിചയപ്പെടാനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളത്. ഗീതാജ്ഞലി ശ്രീയെ, അമിതാ ബക്ഷിയെ, സുഭാംഗി സ്വരൂപിനെ, അനുരാധാ റോയിയെ, ഹൻസ്ഡ ശേഖറിനെ ഒക്കെ പരിചയപ്പെടാനും വായിക്കാനും അത് അവസരമൊരുക്കി. അപ്പോൾ വേറെ ഒരു ലോകം തെളിഞ്ഞു വരുന്നതായി മനസിലാക്കാൻ പറ്റി. നമുക്ക് അറിയാത്ത ഒരു ഇന്ത്യയെപ്പറ്റി മറ്റൊരു കോണിലിരുന്ന് എഴുതുന്നു. അത് അവിടെ നിന്ന് ഉണ്ടായി വരുന്ന സാഹിത്യത്തിലെ ഏറ്റവും മികച്ചവയാണോ അതോ മികച്ച സാഹിത്യത്തിന്റെ ഒരു കുന്ന് ഇനിയും അവിടെ അവശേഷിക്കുന്നോ എന്നറിയണമെങ്കിൽ ഇനിയും പരിഭാഷകൾ ഉണ്ടാവേണ്ടിയിരിക്കുന്നു. ഉണ്ടായവയിൽ അതാണോ നല്ലത്, ഇതാണോ നല്ലത് എന്നു ചോദിച്ചാൽ എനിക്ക് അറിയില്ല. മലയാളം കുറേക്കൂടി നല്ലതാണ് എന്നാണല്ലോ ജെ. സി. ബി, ക്രോസ് വേർഡ് പുരസ്‌കാരങ്ങളൊക്കെ തെളിയിക്കുന്നത്. അത് പരിഭാഷയുടെ പ്രശ്‌നം കൂടി ആവാം. ഗീതാജ്ഞലി ശ്രീയുടെ നോവൽ പ്രഗത്ഭയായ ഡെയ്‌സി റോക്ക് വെൽ പരിഭാഷ പ്പെടുത്തിയപ്പോൾ ബുക്കർ ഇന്റർനാഷണലിലേക്ക് വന്നല്ലോ. അതിനർത്ഥം മലയാളത്തിനു പുറത്ത് സംഭവിക്കുന്ന സാഹിത്യം ഒട്ടും ചെറുതല്ല എന്നുതന്നെയാണ്. നല്ല പരിഭാഷകർ വന്നാൽ അവർ നമ്മെ അതിവേഗം കവച്ചുവച്ച് ലോകസാഹിത്യം കീഴടക്കാൻ സാധ്യതയുണ്ട്.

ബർലിൻ സാഹിത്യോത്സവം മറ്റൊരു അനുഭവമാണ്​. ഇന്ത്യക്കുപുറത്ത് നാം എങ്ങനെ വായിക്കപ്പെടുന്നു എന്നത് തിരിച്ചറിയാനുള്ള നല്ല അവസരം. അത് ടിക്കറ്റ് വച്ച് നടത്തപ്പെടുന്ന പ്രോഗ്രാം ആണ്. ആർക്കും എഴുത്തുകാരെ ഫ്രീ ആയി കാണാനോ സംസാരിക്കാനോ പറ്റില്ല. അപ്പോൾ വായനക്കാർ അവർക്ക് അത്രയും വേണ്ടപ്പെട്ട എഴുത്തുകാരുടെ പരിപാടിക്കേ പോകൂ. എന്നിട്ടും എന്നെ അദ്ഭുതപ്പെടുത്തിയത് ഭേദപ്പെട്ട കേൾവിക്കാർ എനിക്കവിടെയുണ്ടായിരുന്നു എന്നതാണ്. അവർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന്​ വന്നവരാണ്. അതിനർത്ഥം, മലയാള സാഹിത്യം അവിടവിടെ വായിക്കപ്പെടുന്നു എന്നാണ്.

ബെർലിൻ ലിറ്ററേച്ചർ ഫെസ്റ്റിവലിലെ സെഷനിൽ ബെന്യാമിൻ

എന്നാൽ, നമുക്ക് അഭിമാനാർഹമായ ഒരു നല്ല വായനക്കൂട്ടം തിരിച്ചറിയും വിധത്തിലേക്കൊന്നും എത്തിപ്പെടാൻ കഴിഞ്ഞിട്ടില്ല. ചൊവ്വ പര്യവേഷണത്തോടോ പണ്ട് യൂറോപ്യൻസ് കടൽയാത്ര നടത്തിയതുപോലെയോ ആണ് എനിക്കത് തോന്നാറ്​. ചെന്നെത്തപ്പെട്ടു എന്നുമാത്രം, അവിടുത്തെ വായനലോകത്തെ കീഴടക്കാൻ, മാർക്കേസും യോസയും കുന്ദേരയും കസാൻ സാക്കിസും ഒക്കെ നമ്മെ സ്വാധീനിച്ചതുപോലെ സ്വാധീനിക്കാനൊക്കെ നമുക്ക് ബഹുദൂരം സഞ്ചരിക്കേണ്ടതുണ്ട്. എന്നാലും ഇതൊരു നല്ല തുടക്കമാണ്. പുതിയ തലമുറ കൂടുതൽ വലിയ സഞ്ചാരങ്ങൾ നടത്തും എന്നാഗ്രഹിക്കാം.

പുതിയ സാഹിത്യം പരിശോധിക്കുക. എത്ര സൂക്ഷ്മമായാണ് ദലിത് -ജെൻറർ, സ്ത്രീ വിഷയങ്ങൾ ആവിഷ്‌കരിക്കുന്നത്. നിലനിൽക്കുമ്പോൾ പോലും അതിനെ കാണാതെ പോവുകയും ആവിഷ്‌കരിക്കാൻ മടിക്കുകയും ചെയ്ത തലമുറയിൽ നിന്നുള്ള വലിയ വിച്ഛേദമാണത്.

സാഹിത്യത്തിലെ ബഹുസ്വരത- കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ- മലയാളത്തിൽ ദൃശ്യത നൽകിയ ഇടങ്ങളെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായങ്ങൾ പങ്കുവെക്കാമോ? അതായത് മുൻ തലമുറകൾ എഴുതാതെ പോയ വിഷയങ്ങൾ നമ്മുടെ സാഹിത്യത്തിൽ ഇന്ന് മുൻനിരയിൽ തന്നെ സ്ഥാനം പിടിച്ചിട്ടുണ്ട്. ഈ മാറ്റത്തെക്കുറിച്ച്?

നോവലിനെക്കാൾ അത് സാധ്യമാക്കിയത് കവിതയും കഥകളുമാണ് എന്നാണ് എനിക്ക് തോന്നുന്നത്. ഓരോ തലമുറയും അവർക്ക് അനുഭവവേദ്യമായ, അവരെ മഥിക്കുന്നതായ, അവരെ മുറിപ്പെടുത്തുന്നതായ വിഷയങ്ങളാണ് എഴുതുന്നത്. അങ്ങനെയാണ് സാഹിത്യം കാലഘട്ടത്തിന്റെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്ന ഇടമായി മാറുന്നത്. പുതിയ സാഹിത്യം പരിശോധിക്കുക. എത്ര സൂക്ഷ്മമായാണ് ദലിത് -ജെൻറർ, സ്ത്രീ വിഷയങ്ങൾ ആവിഷ്‌കരിക്കുന്നത്. നിലനിൽക്കുമ്പോൾ പോലും അതിനെ കാണാതെ പോവുകയും ആവിഷ്‌കരിക്കാൻ മടിക്കുകയും ചെയ്ത തലമുറയിൽ നിന്നുള്ള വലിയ വിച്ഛേദമാണത്. അതായത് മുൻ തലമുറ കാണാതെ പോയ ഇടങ്ങളെ പൂരിപ്പിക്കുകയാണ് ഇപ്പോഴത്തെ തലമുറ ചെയ്യുന്നത്.

എസ്. ജോസഫ്, എം.ആർ. രേണുകുമാർ, ഡി. അനിൽകുമാർ

എസ്. ജോസഫിന്റെയോ രേണുകുമാറിന്റെയോ കവിതകളിൽ നിറയുന്ന ദലിത് ഐഡന്റിറ്റി പ്രശ്നങ്ങൾ, ഡി. അനിൽകുമാറിന്റെ കവിതകളിൽ വരുന്ന തീരദേശ ജീവിതവും ഭാഷയും, അശോകൻ മറയൂറിന്റെ കവിതകളിൽ പ്രത്യക്ഷപ്പെടുന്ന ഗോത്രഭാഷയും സംസ്‌കാരവും ഒക്കെ പുതിയ തലമുറ പുതിയ വിഷയങ്ങൾ കണ്ടെത്താനും ആവിഷ്‌കരിക്കാനും പ്രാപ്തരാണെന്ന് തെളിയിക്കുകയാണ്. ക്രിസ്ത്യാനികൾക്കിടയിലെ ദലിത് വിവേചനം എത്രയോ കാലമായി ഇവിടെ നിലനിൽക്കുന്നു എങ്കിലും പ്രിൻസ് അയ്മനത്തിന്റെ ‘പൊതിച്ചോർ നേർച്ച' പോലെ ഒരു ഉഗ്രൻ കഥ വേണ്ടി വന്നു അത് സാഹിത്യത്തിൽ ശക്തമായി അടയാളപ്പെടുത്താൻ.

അല്ലെങ്കിൽ എസ്. ഹരീഷ് ‘മോദസ്ഥിതനായങ്ങു വസിപ്പൂ മലപോലെ' എന്നൊരു കഥ എഴുതുമ്പോൾ ഇന്നോളം ശ്രീനാരയണ ഗുരുവിനെ സാഹിത്യം കണ്ടതിൽ നിന്നും എഴുതിയതിൽ നിന്നും ഒരു മാറ്റമുണ്ടാവുകയാണ്. വിനോയ് തോമസിന്റെ, ഫ്രാൻസിസ് നൊറോണയുടെ, ഷിനിലാലിന്റെ ഒക്കെ കഥകളിൽ പുതിയ ലോകത്തെയും അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെയും അഡ്രസ് ചെയ്യാനുള്ള ശ്രമം കാണാം. അത് പഴയ തലമുറ ഒരിക്കാലും കാണാതിരുന്ന ഒരു മേഖല തന്നെയാണ്.

നമ്മുടെ യൂണിവേഴ്​സിറ്റികളിൽ അധ്യാപക ലോബി എല്ലാത്തിനെയും നിഷേധിച്ച് അടക്കിവാഴുകയാണ്. അവിടെ നിന്ന് നല്ല നിലവാരമുള്ള കുട്ടികൾ ഉണ്ടായിവരുന്നെങ്കിൽ അത് അവരുടെ പരിശ്രമവും മികവും എന്നുമാത്രമേ പറയാനുള്ളൂ.

കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ സാഹിത്യം ഇന്നും ഇൻർഡിസിപ്ലിനറിയായി പഠിപ്പിക്കുന്നില്ല. അതിനാൽ സാഹിത്യ പഠനം ആവർത്തനം മാത്രമാകുന്നു. ഇന്ത്യയിലെ മറ്റു യൂണിവേഴ്സിറ്റികളിൽ, വിദേശത്ത് തീർച്ചയായും ഇങ്ങനെയല്ല. എന്തുകൊണ്ടാണ് സാഹിത്യ പഠനമുൾപ്പെടെയുള്ള കാര്യങ്ങളിൽ നമ്മുടെ കരിക്കുലത്തിന് ഒരു മുന്നേറ്റമുണ്ടാക്കാൻ കഴിയാത്തത്. പല യൂണിവേഴ്സിറ്റികളിലും എഴുത്തുകാർ നേരിട്ടുനടത്തുന്ന കോഴ്സുകൾ തന്നെയുണ്ട്. വിഷയം പഠിപ്പിക്കാനുള്ള എഴുത്തുകാരുടെ കഴിവ് മാത്രമാണ് പരിഗണിക്കുന്നത്. അവർക്ക് സർട്ടിഫിക്കറ്റുണ്ടോ എന്നല്ല. കേരളത്തിൽ സർട്ടിഫിക്കറ്റുള്ളവർ എത്രയോ കാലമായി സാഹിത്യവും മറ്റു വിഷയങ്ങളും ശരാശരിയിലും താഴെ മാത്രം പഠിപ്പിക്കുന്ന പാറ്റേൺ തുടരുന്നു. അതുകൊണ്ട് കുട്ടികൾ പഠനത്തിന് കേരളം വിടാൻ ആഗ്രഹിക്കുന്നു. അവർ വിട്ടുപോകുന്നു. ഇതിനോട് പ്രതികരിക്കാമോ?

നമ്മുടെ യൂണിവേഴ്‌സിറ്റികളുടെ നിലവാരം അനുദിനം താഴേക്ക് പൊയ്‌ക്കൊണ്ടിരിക്കുകയാണ് എന്ന സത്യം അംഗീകരിച്ചേ മതിയാവൂ. ഒരുകാലത്ത് ഇന്ത്യയിലെ തന്നെ മികച്ച യൂണിവേഴ്‌സിറ്റിയായിരുന്ന കേരള യൂണിവേഴ്‌സിറ്റിയുടെ സ്ഥിതിയൊക്കെ കഷ്ടമാണ്. എം.ജിയുടെയും കാലിക്കറ്റിന്റെയും കാര്യം പിന്നെ പറയാനുമില്ല. കെടുകാര്യസ്ഥതയും ഭാവനാരാഹിത്യവും സ്ഥാപിത താത്പര്യങ്ങളും ചേർന്നാണ് നമ്മുടെ കുട്ടികളുടെ ഭാവിയെ നശിപ്പിച്ചു കളയുന്നത്. നിങ്ങൾക്ക് ഒരുവിലയുമില്ലാത്ത സാധാരണ സർട്ടിഫിക്കറ്റ് മതിയെങ്കിൽ ഇവിടെ നിൽക്കാം. നിങ്ങൾക്ക് പഠിക്കുന്ന മേഖലയിൽ മികച്ചവരാവണമെങ്കിൽ പുറത്ത് പോകേണ്ടി വരും. അതാണ് സ്ഥിതി.

ഇത് തിരിച്ചറിയുന്ന കുട്ടികൾ വല്ലവിധേനയും ഇതരസംസ്ഥാനങ്ങളിലേക്കോ രാജ്യങ്ങളിലേക്കോ ഓടിപ്പോവുകയാണ് ചെയ്യുന്നത്. ഇവിടുത്തെ യൂണിവേഴ്‌സിറ്റികൾക്ക് സർട്ടിഫിക്കറ്റ് മാത്രം മതി. ഒരാൾ ഒരു വിഷയത്തിലുള്ള അറിവോ അയാൾ ഒരു വിഷയത്തിന്മേൽ നടത്തിയിട്ടുള്ള ആഴത്തിലുള്ള പഠനമോ ഒന്നും പരിഗണനാവിഷയമേ അല്ല. കോളേജുകളിൽ യു.ജി.സിയുടെ പലതരം സെമിനാറുകൾ സംഘടിപ്പിക്കാറുണ്ട്. അതൊരു ഫണ്ട് വെട്ടിക്കൽ- കൊടുക്കൽ- വാങ്ങൽ പദ്ധതികളായി മാറിയിട്ടുണ്ട്. ഈ കോളേജിലെ അധ്യാപകരെ ആ കോളേജിലെ അധ്യാപകർ ക്ഷണിക്കും, നേരേ തിരിച്ചും. എന്നാൽ ആ വിഷയത്തിൽ മികച്ച പഠനം നടത്തിയ, അറിവുള്ള ഒരാളുണ്ടെങ്കിലും ഇവർ ക്ഷണിക്കുകയില്ല, സർട്ടിഫിക്കില്ല എന്നാണ് പറയുക.

ചങ്ങനാശ്ശേരി എസ്.ബി. കോളജിൽ ചെങ്ങന്നൂരാദി പാട്ടുകൾ പഠിപ്പിച്ചിരുന്ന മറിയാമ്മയെക്കുറിച്ചുള്ള ഫീച്ചർ.

പണ്ട് ചങ്ങനാശ്ശേരി എൻ. എസ്. എസിൽ ചെങ്ങന്നൂരാദി പാട്ടുകൾ പഠിപ്പിച്ചിരുന്നത് അവിടുത്തെ ക്ലീങിങ് സ്റ്റാഫ് ആയിരുന്ന മറിയാമ്മ ചേട്ടത്തി ആയിരുന്നു എന്നൊരു വാർത്ത വന്നിരുന്നു. കാരണം അവരുടെ സർട്ടിഫിക്കറ്റല്ല അവരുടെ അറിവ് ആയിരുന്നു അവിടെ വിലക്കെടുത്തിരുന്നത്. അങ്ങനെ ഏതെല്ലാം മേഖലകളിൽ ഈ അധ്യാപകരെക്കാൾ മികച്ച അറിവുള്ളവർ കാണും, അവരെ ക്ഷണിച്ചുകൊണ്ടു വന്ന് വിദ്യാർഥികൾക്ക് കൂടുതൽ അറിവ് പകരാൻ നമ്മുടെ യൂണിവേഴ്സിറ്റികളോ അധ്യാപകരോ തയ്യാറാവുന്നുണ്ടോ..? അവർക്ക് അതിന്​ താത്പര്യമില്ല. അധ്യാപക ലോബി എല്ലാത്തിനെയും നിഷേധിച്ച് അടക്കിവാഴുകയാണ്. അവിടെ നിന്ന് നല്ല നിലവാരമുള്ള കുട്ടികൾ ഉണ്ടായിവരുന്നെങ്കിൽ അത് അവരുടെ പരിശ്രമവും മികവും എന്നുമാത്രമേ പറയാനുള്ളൂ.

കേരളത്തിന്റെ ഉള്ളിലിരുന്നുകൊണ്ട് അതീവ ഗൗരവമായ ഒരു നോൺ ഫിക്ഷൻ ഇനി ആലോചിക്കുക സാധ്യമല്ല. ഇവിടുത്തെ വിഭവങ്ങൾ പരിമിതപ്പെട്ടു കഴിഞ്ഞു.

പുറംനാടുകളിൽ കഴിയുന്ന മലയാളിയുടേത് പ്രവാസജീവിതമല്ല എന്ന് ഒരിക്കൽ താങ്കൾ പറയുകയുണ്ടായി. അതുമായി ബന്ധപ്പെട്ട ഒരു കാര്യം ചോദിക്കട്ടെ. മലയാളിയുടെ പുറംനാടുകളിലെ ജീവിതം, അത്തരം അനുഭവങ്ങൾ നമ്മുടെ എഴുത്തിലേക്ക് എങ്ങനെയെല്ലാം വരുമെന്നാണ് താങ്കൾ പ്രതീക്ഷിക്കുന്നത്. നമുക്ക് തൊഴിൽ പ്രവാസത്തിന്റെ നീണ്ട ചരിത്രമുണ്ടല്ലോ. അടുത്ത ദിവസങ്ങളിൽ ഹരിത സാവിത്രിയുടെ ‘സിൻ' എന്ന നോവൽ വായിച്ചപ്പോൾ ഈ ചോദ്യം വീണ്ടും ശക്തമായി. തുർക്കിയിലെ കുർദിസ്ഥാനിൽ ഒരു വർഷത്തോളം ജീവിച്ച് എഴുതിയ നോവലാണിത്. എൻ.എസ്. മാധവൻ ആ നോവലിന്റെ ആമുഖത്തിൽ പറയുന്നത് മലയാള നോവൽ ഭൂമിക ഗൾഫും കടന്ന് കുർദിസ്ഥാനിൽ എത്തിയിരിക്കുന്നു എന്നാണ്. മലയാളിയുടെ പുറംനാടനുഭവങ്ങൾ എഴുത്തിൽ വേണ്ടവിധം ഇപ്പോഴും വരുന്നില്ലെന്ന് തോന്നിയിട്ടുണ്ട്. അതിനോട് എങ്ങിനെ പ്രതികരിക്കും.?

മലയാളിയുടെ പ്രവാസാനുഭവം ഗൾഫ് നാടുകളിലേക്കുമാത്രം പരിമിതപ്പെട്ടു പോയ ഒന്നല്ല. ലോകമെമ്പാടും അത് വ്യാപിച്ചുകിടപ്പുണ്ട്. അതിന്​ ഒരുനൂറ്റാണ്ടിലധികം നീളുന്ന ചരിത്രവുമുണ്ട്. എണ്ണം കൊണ്ട് കൂടുതലാണെങ്കിലും അതിൽ ഒരു ചെറിയ ഭാഗം മാത്രമേ ഗൾഫ് ജീവിതം അടയാളപ്പെടുത്തുന്നുള്ളൂ. അതുതന്നെ വളരെ കുറച്ചേ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളൂ. അതിനർത്ഥം, വലിയൊരു ചരിത്രവും അനുഭവ വൈവിധ്യവും പകർത്തപ്പെടാതെ കിടക്കുന്നുണ്ട് എന്നാണ്. ആദ്യകാലങ്ങളിൽ ദേശം വിട്ടുപോയവരിൽ ബഹുഭൂരിപക്ഷവും ടെക്​നിക്കൽ അറിവ് നേടിയവരും ഭാഷാപരിമിതിയുള്ളവരും ആയിരുന്നു. അവർക്ക് അനുഭവങ്ങൾ പകർത്തുന്നതിൽ താത്പര്യമോ അതിനുള്ള ജ്ഞാനമോ ഉണ്ടായിരുന്നില്ല. അങ്ങനെയാണ് നമ്മുടെ കുടിയേറ്റ ചരിത്രാനുഭവങ്ങൾ അത്രയും അജ്ഞാതമായിപ്പോയത്.

ഹരിത സാവിത്രി

എന്നാൽ അവ പതിയെ ഉയർത്തെഴുന്നേറ്റുവരിക തന്നെ ചെയ്യും എന്നു ഞാൻ ആശിക്കുകയാണ്. അന്വേഷണതത്പരരായ യുവാക്കൾ വിദേശങ്ങളിൽ പഠിക്കാൻ പോവുകയും അവിടെ നിന്ന് ചരിത്രരേഖകൾ കുഴിച്ചെടുത്തുകൊണ്ടു വരുകയും ചെയ്യും എന്നതാണ് ഒരു സാധ്യത. മഹ്​മൂദ് കൂരിയയെയും വിനിൽ പോളിനെയും സനൽ മോഹനെയും​ പോലുള്ളവർ അതാണ് ഇപ്പോൾ ചെയ്യുന്നത്. അതിനേക്കാൾ എനിക്ക് പ്രതീക്ഷയുള്ളത്, ഈ കുടിയേറ്റ മേഖലകളിൽ ജനിച്ചു വളർന്ന് അവിടുത്തെ ജീവിതം അനുഭവിച്ചറിഞ്ഞ രണ്ടും മൂന്നും ചിലപ്പോൾ നാലും തലമുറകളിൽ നിന്നുണ്ടാവാൻ പോകുന്ന സാഹിത്യസൃഷ്ടികളിലാണ്. അവർ തങ്ങളുടെ പൂർവികരുടെ ചരിത്രവും ഓർമകളും അനുഭവങ്ങളും വീണ്ടെടുക്കുകയും അബ്ദുൾ റസാഖ് ഗുർണയെ വെല്ലുന്ന സാഹിത്യമാക്കി അതിനെ മാറ്റുകയും ചെയ്യും എന്നെനിക്ക്​ പ്രതീക്ഷയുണ്ട്. ഞാൻ നേരത്തെ സൂചിപ്പിച്ച ദീപക് ഉണ്ണികൃഷ്ണൻ അതിലൊരാളാണ്. ഗൾഫ് ജീവിതത്തിന്റെയും അനുഭവത്തിന്റെയും വേറിട്ട ഒരു മുഖമാണ് അയാൾ പകർത്തിക്കാണിക്കുന്നത്. അമേരിക്കയിൽ നിന്നെഴുതുന്ന ടാനിയ ജെയിംസ്, നമ്രതാ വർഗീസ്, കനിഷ്‌ക് തരൂർ എന്നിവരൊക്കെ അതിന്​ ശ്രമം നത്തുന്നുണ്ട്. അത് കൂടുതൽ ശക്തിപ്പെടുകയും നമ്മുടെ കുടിയേറ്റ ചരിത്രത്തിന്റെ അദൃശ്യമുഖം കൂടുതൽ വ്യക്തമാകുകയും ചെയ്യും.

എന്തായാലും, ജീവചരിത്രം പോലെ ഒന്ന് ഇതുവരെ പ്ലാൻ ചെയ്തിട്ടില്ല. പ്രായം അൻപതും പുസ്തകങ്ങൾ ഇരുപത്തിയഞ്ചും കടന്നല്ലോ, ഇനി എന്തായാലും വേറിട്ട ചില കാര്യങ്ങളിലേക്ക് നീങ്ങണം എന്നാഗ്രഹമുണ്ട്.

നിരന്തരമായി എഴുതുന്ന ഒരാളാണ് ബെന്യാമിൻ. 25 പുസ്തകങ്ങളുടെ കർത്താവ്. ‘ഗ്രന്ഥവരി’ പതിനൊന്നാമത്തെ നോവലാണ്. എപ്പോഴും എഴുത്തിൽ ജീവിക്കുകയും അതിനെക്കുറിച്ചു തന്നെ ആലോചിക്കുകയും ചെയ്യുന്ന താങ്കൾ ഇനി ഒരു നോൺ ഫിക്ഷൻ കൃതിയെക്കുറിച്ച് ആലോചിക്കുന്നുണ്ടോ. ലേഖനങ്ങളുടെ ഒരു പുസ്തകം ഈ അടുത്തു വന്നത് മറന്നുകൊണ്ടല്ല ഇത് ചോദിക്കുന്നത്. മാർകേസില്ലാത്ത മക്കോണ്ട, ഇരട്ടമുഖമുള്ള നഗരം എന്നീ യാത്രാപുസ്തകങ്ങൾ എല്ലാം ഉണ്ട്. നോവലല്ലാത്ത ഒരു പുസ്തകം, ഒരാളുടെ ജീവചരിത്രം പോലെ ഒന്ന്- അങ്ങനെയുള്ള പദ്ധതികൾ, നോൺ ഫിക്ഷൻ പ്രോജക്ട് വല്ലതുമുണ്ടോ?

കേരളത്തിന്റെ ഉള്ളിലിരുന്നുകൊണ്ട് അതീവ ഗൗരവമായ ഒരു നോൺ ഫിക്ഷൻ ഇനി ആലോചിക്കുക സാധ്യമല്ല. ഇവിടുത്തെ വിഭവങ്ങൾ പരിമിതപ്പെട്ടു കഴിഞ്ഞു. എന്നാൽ വിദേശങ്ങളിലെ പുരാവസ്തുരേഖകളിൽ നമ്മെ സംബന്ധിച്ച അനേകം ചരിത്രസത്യങ്ങൾ ഒളിച്ചുകിടക്കുന്നുണ്ട്. അവ ഇംഗ്ലീഷിൽ മാത്രമുള്ളതല്ല. ഡച്ച്, പോർച്ചുഗീസ്, ലാറ്റിൻ ഭാഷകളിലൊക്കെയാണ് കിടക്കുന്നത്. അവ കണ്ടെത്തണമെങ്കിൽ ആ ഭാഷയിൽ അഗാധ ജ്ഞാനം വേണം, പിന്നെ ഇതിനായി യാത്രകളൊക്കെ നടത്തി നല്ല ഗവേഷണത്തിലേക്ക് ഇറങ്ങിത്തിരിക്കണമെങ്കിൽ ചെറുതല്ലാത്ത പണവും വേണം. അതിന്​ പരിമിതികൾ എന്നെ സമ്മതിക്കുന്നില്ല. എന്നാൽ, അതിൽ തത്പരരായവർക്ക് ട്രാവൽ ഗ്രാൻറ്​ അനുവദിക്കാൻ, ഫെലോഷിപ്പുകൾ ഏർപ്പെടുത്താനൊക്കെ നമ്മുടെ സാഹിത്യ അക്കാദമി തയ്യാറാവണം എന്നുപറയാൻ ഞാനാഗ്രഹിക്കുന്നു. എന്തായാലും, ജീവചരിത്രം പോലെ ഒന്ന് ഇതുവരെ പ്ലാൻ ചെയ്തിട്ടില്ല. പ്രായം അൻപതും പുസ്തകങ്ങൾ ഇരുപത്തിയഞ്ചും കടന്നല്ലോ, ഇനി എന്തായാലും വേറിട്ട ചില കാര്യങ്ങളിലേക്ക് നീങ്ങണം എന്നാഗ്രഹമുണ്ട്.

കേരള സമൂഹത്തിലെ വർഗീയത പല തരത്തിലും പുറത്തു വരുന്നു. ഇതിനോട് വിശദമായി പ്രതികരിക്കാമോ? ഒപ്പം ദേശീയതലത്തിൽ വളരുന്ന ഭീകരതയേയും. കേരളം ഇക്കാര്യത്തിൽ ദേശീയതലത്തിലുള്ള അവസ്ഥയിലേക്കുള്ള റിഹേഴ്സലിലാണോ?

നമ്മൾ എത്രയൊക്കെ വേറിട്ട് ചിന്തിക്കാൻ ശ്രമിച്ചാലും കേരളം എന്നത് ദേശീയതയിൽ നിന്ന് ഭിന്നമായി നിൽക്കുന്ന സ്വതന്ത്രാസ്​തിത്വമുള്ള ഒരു ജനവിഭാഗമൊന്നുമല്ല. ഇന്ത്യയിലെവിടെയും ദൃശ്യമാകുന്ന വർഗീയരോഗങ്ങൾ കേരളത്തിനെയും ബാധിച്ചിട്ടുണ്ട്. അത് നമ്മെ നശിപ്പിക്കാതിരിക്കാനുള്ള ജാഗ്രത ഇപ്പോൾ നമ്മൾ പുലർത്തുന്നുണ്ട് എന്നതു മാത്രമാണ് ആശ്വാസം. എന്നാൽ, അത് എത്രകാലത്തേക്ക് എന്നത് എന്നെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇസ്​ലാം കേരളത്തിലെ ക്രിസ്ത്യാനികളുടെ ശത്രുവാണ് എന്നൊരാശയം നിശ്ശബ്ദമായി പ്രചരിപ്പിക്കുവാൻ സംഘപരിവാർ ശക്തികൾക്ക് കഴിഞ്ഞിരിക്കുന്നു. ലൗവ് ജിഹാദ് പോലെ ഒരു വിഷയത്തെ, ശ്രീലങ്കയിലെ പള്ളിയിൽ നടന്ന ചാവേറാക്രമണത്തെയൊക്കെ, ജോസഫ്​ സാറിന്റെ കൈവെട്ട് കേസിനെയൊക്കെ കൃത്യമായി പൊലിപ്പിച്ചെടുക്കാൻ അവർക്ക് കഴിഞ്ഞു. അത് നമ്മൾ പുറത്തുനിന്ന് വിചാരിക്കുന്നതിനേക്കാൾ അധികം ഡാമേജുണ്ടാക്കി കഴിഞ്ഞു. ഇതിനെതിരെ ജാഗ്രത പുലർത്താൻ ജനാധിപത്യ മതേതര വിശ്വാസികൾക്കോ ഇടതുപക്ഷത്തിനോ കഴിഞ്ഞില്ല എന്നത് ഒരു വീഴ്ചയായി നാം കാണേണ്ടതുണ്ട്.

പ്രൊഫ. ടി.ജെ. ജോസഫ്

ന്യൂനപക്ഷങ്ങളെ ഭിന്നിപ്പിക്കുക എന്നത് ഭൂരിപക്ഷ വർഗീതയുടെ അജണ്ട തന്നെയായിരുന്നു. അങ്ങനെ മാത്രമേ കേരളത്തിന്റേ മതേതര സമൂഹത്തിലേക്ക് നുഴഞ്ഞുകയറാൻ കഴിയൂ എന്ന് അവർക്കറിയാമായിരുന്നു. നമ്മൾ നിസ്സംഗരായി ഇരിക്കുമ്പോൾ അവർ അവരുടെ ലക്ഷ്യങ്ങൾക്കുവേണ്ടി പണിയെടുക്കയാണ്. ഇനി കേരളത്തിലെ ക്രിസ്ത്യാനികൾക്ക് ഒരു പ്രശ്നമുണ്ടായാൽ, അവർ ആക്രമിക്കപ്പെട്ടാൽ, അവരുടെ ദേവാലയങ്ങൾ പിടിച്ചെടുത്താൽ ഒരു മുസ്​ലീമും അനങ്ങുകയില്ല എന്നും മുസ്​ലിം ആക്രമിക്കപ്പെട്ടൽ ക്രിസ്ത്യാനി മിണ്ടാതെയിരുന്നുകൊള്ളും എന്നും അവർക്കറിയാം. ഇത് കേരളത്തിൽ വിജയിച്ചെങ്കിൽ ഇന്ത്യയുടെ ഇതരഭാഗങ്ങളിൽ വിവിധ മതസ്ഥരെയും ജാതികളെയും എത്​നിക് വിഭാഗങ്ങളെയും ഗോത്രങ്ങളെയും എത്ര ആഴത്തിൽ ഭിന്നിപ്പിച്ചിട്ടുണ്ടാവും എന്ന് നാം ഭയക്കേണ്ടതുണ്ട്. തുടക്കത്തിൽ മുസ്​ലിം എന്നൊരു മുഖ്യശത്രുവിനെ സൃഷ്ടിച്ച് സർവ്വരെയും അവർക്കെതിരാക്കി. പതിയെ മറ്റു ന്യൂനപക്ഷങ്ങളെയും ഇല്ലാതാക്കാം എന്നതാണ് അവരുടെ പദ്ധതി. അതുകൊണ്ടുതന്നെ ഇസ്​ലാമിനുള്ളിൽ ഒരു ചെറിയ തീവ്രവാദസംഘം ഉയർത്തുവരുന്നതിൽ അവർ വല്ലാതെ ആഹ്ലാദിക്കുന്നുണ്ട്. അതിനെ ചൂണ്ടിക്കൊണ്ട് ആ സമുദായം മുഴുവൻ അപകടകാരികളാണ് എന്നൊരു പ്രചാരണത്തിലെത്തിപ്പെടാൻ അവർക്ക് കഴിയുന്നുണ്ട്.

ഇത് പുതിയ ആശയമല്ല, ഹിറ്റ്​ലർ വിജയകരമായി പരീക്ഷിച്ച പദ്ധതിയാണ്. ജൂതരിലെ തീവ്രവാദികളായ ഒരു ന്യൂനപക്ഷം ഉയർത്തിക്കൊണ്ടുവന്ന സയണിസ്റ്റ് ആശയങ്ങൾ എങ്ങനെ ഹിറ്റ്​ലർ ഊതിപ്പെരുപ്പിക്കുകയും ആ മൊത്തം സമൂഹത്തെ ഇതര സമൂഹങ്ങളുടെ ശത്രുക്കളാക്കി നിർത്തിയതെന്നും നാം ചരിത്രത്തിൽ കാണുന്നുണ്ട്. അവസരം വന്നപ്പോൾ, ജൂതരെ ഇല്ലായ്മ ചെയ്തുകഴിഞ്ഞപ്പോൾ പതിയെ അയാളുടെ ശത്രുത ഇതര ന്യൂനപക്ഷ വിഭാഗങ്ങളിലേക്കും നീളുന്നത് നാം പിന്നെ കാണുന്നുണ്ട്. അതിൽ പോളണ്ടുകാരുണ്ടായിരുന്നു, കമ്യൂണിസ്റ്റുകൾ പെട്ടു, ജിപ്സികൾ പെട്ടു. വൃദ്ധന്മാരും രോഗികളും സ്ത്രീകളും പെട്ടു. ചരിത്രത്തിന്റെ ഒരു തനിയാവർത്തനമാണ് ഇന്ത്യയിൽ സംഭവിക്കാൻ പോകുന്നത് എന്നുഞാൻ ഭയക്കുന്നു. ജൂതവിരോധത്തിന്​ അടിത്തറ പാകുകയും അജണ്ട നിശ്ചയിക്കുകയും ചെയ്​ത വർഷങ്ങളായിരുന്നു 1920കൾ. 1930 കളിൽ അത് ആളിക്കത്തിച്ചു. 1940 കളിൽ അത് പ്രാവർത്തികമാക്കി. വത്തിക്കാൻ ഉൾപ്പെടെ ലോകസമൂഹം മൗനമായി അത് കണ്ടുനിന്നു. ഒരെതിർപ്പും എവിടെ നിന്നും ഉയർന്നില്ല. അതുകൊണ്ട് 2020 കൾ മുതൽ 2040 വരെയുള്ള രണ്ടു ദശാബ്ദം ഇന്ത്യയെ സംബന്ധിച്ച് നിർണായകമാണ് എന്നുഞാൻ കരുതുന്നു. ചരിത്രത്തിൽ നിന്ന് നാം പാഠം പഠിക്കേണ്ടതുണ്ട്.

‘തരകൻസ് ഗ്രന്ഥവരി’യിലൂടെ കടന്നുപോകുമ്പോൾ സമീപഭൂതകാലത്ത് നാം കേട്ട ചില സംഭവങ്ങൾ നമ്മുടെ മുന്നിലേക്ക് ഓടിയെത്തിയേക്കാം എന്ന ഒരു രഹസ്യം കൂടി നിങ്ങളോടു പറയാം

പുതിയ തലമുറ, പ്രത്യേകിച്ചും സ്ത്രീകൾ, കേരളം ഇന്നാവശ്യപ്പെടുന്ന നവോത്ഥാനത്തിനുള്ള മുൻനിര പോരാളികളായി മാറുമെന്ന് കരുതുന്നുണ്ടോ? അത്തരം സൂചനകൾ സമൂഹത്തിലെ പല തലങ്ങളിൽ നിന്ന്​ ഇന്ന് ലഭിച്ചു കൊണ്ടിരിക്കുന്നു.

എന്നാണ് എന്റെ വിശ്വാസവും പ്രതീക്ഷയും. ഇന്ത്യ മുഴുവൻ ഭീതിയിലമർന്ന് മൗനത്തിലേക്ക് വീണപ്പോൾ കലാലയങ്ങളാണ് ആദ്യമായി ശബ്ദമുയർത്തിയത്. ഞങ്ങളെ നിശ്ശബ്ദ​രാക്കാൻ, ഞങ്ങളെ അടിച്ചമർത്താൻ സമ്മതിക്കില്ല എന്നവർ പ്രഖ്യാപിച്ചു. അതിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ടാണ് പിന്നീട് കർഷകസമരങ്ങൾ പോലുമുണ്ടായത്. ഈ കലാലയ സമരങ്ങളിലെല്ലാം പെൺകുട്ടികളുടെ ശക്തമായ സാന്നിദ്ധ്യം നാം പ്രത്യക്ഷത്തിൽ കണ്ടു. അവരുടെ ശക്തമായ ചെറുത്തു നിൽകപ്പുകൾ കണ്ടു. ഇന്ന് ഇസ്​ലാമിലേക്ക് നോക്കുക, ധീരമായ നിലപാടുകളുമയി മുന്നോട്ടുവരുന്നത് പെൺകുട്ടികളാണ്. അവർ വ്യക്തമായ കാഴ്ചപ്പാടുള്ളവരാണ്. അവരിൽ എനിക്ക് വലിയ പ്രതീക്ഷയുണ്ട്. യുവാക്കൾ ഈ രാജ്യത്തെ വീണ്ടെടുക്കട്ടെ എന്നാണ് എന്റെ ആഗ്രഹം.

താങ്കളുടെ കഴിഞ്ഞ ദിവസത്തെ ‘തരകൻസ് ഗ്രന്ഥവരി’യെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയായിരുന്നു: 40 മനുഷ്യർ, 5 കത്തുകൾ, 17 ഓർമക്കുറിപ്പുകൾ, ഒരു വീട്, കപ്പൽ, കുതിര, ഒരു നുള്ള് വിഷം, അമ്മീറ എന്ന അപ്പം, തീവണ്ടി നിലയം, ആശുപത്രി റെക്കോഡ്, പാ എന്നു പേരായ നോവൽ, ആലപ്പുഴ പടിയോല, പാൽപുസ്തകം. ഇത്രയും മനുഷ്യരുടേയും വസ്തുക്കളുടേയും കണ്ണിലൂടെയാണ് 120 ഗ്രന്ഥവരികൾ പൂർത്തിയാക്കുന്നത്- ഇങ്ങനെ പൂർത്തിയാക്കപ്പെട്ട നോവലിനെക്കുറിച്ച് ഈ അഭിമുഖത്തിൽ മാത്രമായി പങ്കുവെക്കാവുന്ന ‘രഹസ്യ മുന്നേറുകൾ' വല്ലതുമുണ്ടോ?

അതുതന്നെ ഒരു വലിയ രഹസ്യമായിരുന്നു. വായനക്കാർ അത്രയെങ്കിലും അറിഞ്ഞുകൊള്ളട്ടെ എന്ന വിചാരത്തിലാണ് അത് ഇട്ടത്. പലരുടെ പലതരം വീക്ഷണകോണുകളിലൂടെ, ചരിത്രത്തിലേക്ക് നീളുന്ന, മനുഷ്യ മനസുകളിലേക്കും അവരുടെ ചില രോഗങ്ങളിലേക്കുമൊക്കെ നീളുന്ന ഹൈപ്പർ ലിങ്കുകളിലൂടെ എങ്ങനെ നമുക്ക് ഒരു സംഭവത്തിന്റെ സമ്പൂർണ ചിത്രം ഉണ്ടാക്കിയെടുക്കാം എന്ന ആലോചനയിൽ നിന്നാണ് ഈ നോവൽ ഉണ്ടായത്. ആദിയും അന്ത്യയും മധ്യവുമില്ലാത്ത ഒരു ഘടന തന്നെയാണ് ഇതിന്റെ പ്രത്യേകത. ഒരു ബോക്‌സിനുള്ളിൽ 120 കാർഡുകൾ. അതിൽ ഏതു വേണമെങ്കിലും വായിച്ചു തുടങ്ങാം. ചിലപ്പോൾ കഥയെ സംബന്ധിച്ച ഒരു സുപ്രധാന വിവരം അടങ്ങുന്ന ഒരു കാർഡ് ആവും ആദ്യം നിങ്ങൾ ആദ്യം വായിക്കുക. അപ്പോൾ അത് എന്താണെന്നറിയാൻ, അല്ലെങ്കിൽ അതെങ്ങനെ സംഭവിച്ചു എന്നറിയാൻ നിങ്ങൾ ബാക്കി കാർഡുകളിലേക്ക് പോകുന്നു. ഇനി മറ്റൊരാൾ കഥയുടെ തുടക്കഭാഗത്തുള്ള ഒരു കാർഡ് ആവാം വായിച്ചു തുടങ്ങുന്നത്. എങ്കിൽ അതിന്റെ ബാക്കി എന്തു സംഭവിച്ചു എന്നറിയാൻ തുടർന്നു വായിക്കാം. എന്നുപറഞ്ഞാൽ ഓരോ വായനക്കാർക്കും ഓരോ വിധമാകും ഇതിലെ സംഭവങ്ങൾ അറിയുക, ഈ നോവൽ ഗ്രഹിക്കുക എന്നതാണ് ഇതിന്റെ കൗതുകം. ഏതെങ്കിലും ഒരു കാർഡ് വായിച്ചാലുടൻ കഥ മുഴുവൻ വെളിപ്പെടുന്ന സസ്പെൻസ് പൊളിഞ്ഞുപോകുന്ന ഒരു മാന്ത്രികക്കാർഡ് ഇതിലില്ല. അതുകൊണ്ട് കഥയുടെ കൗതുകം നഷ്ടപ്പെട്ടു പോകുമോ എന്ന ഭയമില്ലാതെ ഏത് കാർഡും എടുത്ത് വായന തുടങ്ങാം. ഏത് ക്രമത്തിലും വായിക്കാം. ഈ നോവലിലൂടെ കടന്നുപോകുമ്പോൾ സമീപഭൂതകാലത്ത് നാം കേട്ട ചില സംഭവങ്ങൾ നമ്മുടെ മുന്നിലേക്ക് ഓടിയെത്തിയേക്കാം എന്ന ഒരു രഹസ്യം കൂടി നിങ്ങളോടു പറയാം. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


വി. മുസഫർ അഹമ്മദ്​

കവി, വിവർത്തകൻ, യാത്രികൻ, ‘കേരളീയം’ മാസികയുടെ എഡിറ്റർ. ​​​​​​​മരുഭൂമിയുടെ ആത്മകഥ, മരുമരങ്ങൾ, മരിച്ചവരുടെ നോട്ടുപുസ്​തകം, കുടിയേറ്റക്കാരന്റെ വീട്​ തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

ബെന്യാമിൻ

കഥാകൃത്ത്​, നോവലിസ്​റ്റ്​. അക്കപ്പോരിന്റെ 20 നസ്രാണിവർഷങ്ങൾ, ആടുജീവിതം, അൽ അറേബ്യൻ നോവൽ ഫാക്ടറി, മുല്ലപ്പൂനിറമുള്ള പകലുകൾ, മഞ്ഞവെയിൽ മരണങ്ങൾ, മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ, നിശ്ശബ്​ദസഞ്ചാരങ്ങൾ എന്നിവ പ്രധാന നോവലുകൾ.

Comments