കെ. വേണുവിന്റെ ജനാധിപത്യ അന്വേഷണങ്ങൾ - 30
എം.ജി.ശശി: കരിക്കൊടി സമരം ട്രേഡ് യൂണിയൻ രംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്. അതിനോട് ബന്ധപ്പെട്ട് കേവിയുടെ വ്യക്തിജീവിതത്തിൽ വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങളും ഉണ്ടായല്ലോ...
കെ.വേണു: അന്തിക്കാടിൻ്റെ പടിഞ്ഞാറു ഭാഗത്ത് പുഴയോരത്തുള്ള ഒരു തൊണ്ടുതല്ലു തൊഴിലാളികേന്ദ്രമാണ് കരിക്കൊടി സഹകരണ സംഘം. അവിടെ ഒരു തൊഴിൽപ്രശ്നം ഉയർന്നു വന്നു. ആ സൊസൈറ്റിയിലെ സെക്രട്ടറിയായിരുന്ന ഒരു സ്ത്രീ പിരിച്ചുവിടപ്പെടുന്നു. കാരണം അവരുടെ ഭർത്താവ് ഉൾപ്പെടുന്ന വലിയൊരു സംഘം സാംസ്ക്കാരിക വേദിയിൽ സജീവമായി പ്രവർത്തിക്കാൻ തുടങ്ങിയിരുന്നു. അതിനെ നേരിടുന്നതിനു വേണ്ടിയാണ് കരിക്കൊടി സഹകരണ സംഘം ഭരിച്ചിരുന്ന മാർക്സിസ്റ്റ് പാർട്ടി സൊസൈറ്റി സെക്രട്ടറിയെ പുറത്താക്കുന്നത്. യഥാർത്ഥത്തിൽ ഇല്ലാത്തൊരു കുറ്റം ആരോപിച്ചുകൊണ്ടാണ് അവരെ പുറത്താക്കിയത്. അവരെ തിരിച്ചെടുക്കാൻ വേണ്ടി അവിടത്തെ തൊഴിലാളികൾ സമരം ആരംഭിച്ചു. കാരണം, തികഞ്ഞ അന്യായമാണ് സഹകരണ സംഘത്തിൻ്റെ നേതൃത്വം ചെയ്തത്. സാംസ്ക്കാരിക വേദി പ്രവർത്തകർ ആ സമരം ഏറ്റെടുത്തു. ആ പ്രദേശത്ത് നമ്മുടെ ധാരാളം പ്രവർത്തകരുണ്ട്. സമരം വലിയ രീതിയിൽ മുന്നോട്ടു പോയി. സംസ്ഥാനത്തിൻ്റെ പല ഭാഗങ്ങളിൽ നിന്നുമെത്തിയ വിദ്യാർത്ഥികളും യുവജനങ്ങളുമായ പ്രവർത്തകർ സമരത്തിനെ പിന്തുണച്ചു. ദിവസവും പിക്കറ്റിംഗും പ്രകടനവുമടക്കം പല രീതിയിലുള്ള പ്രവർത്തനങ്ങൾ നടന്നു, സമരം ശക്തമായി തുടർന്നു.
ആ സമരത്തിൽ കെ.എസ്. സദാശിവനും പി.സി. ഉണ്ണിച്ചെക്കനുമൊക്കെ സജീവമായിരുന്നല്ലോ.
അതെ. കെ.എസ്സിന് നേതൃത്വപരമായിത്തന്നെ വലിയ പങ്കുണ്ടായിരുന്നു. ആ സമരത്തിൻ്റെ കേന്ദ്രമായി മാറിയത് അതേ സഹകരണ സംഘത്തിലെ ഒരു തൊഴിലാളി കുടുംബമായിരുന്നു. അവരെ ഉണ്ണിച്ചെക്കനാണ് സമരത്തിൽ സജീവമാക്കുന്നത്. ആ വീട് പുറത്തുനിന്ന് വരുന്ന സഖാക്കളെല്ലാം ഒത്തു കൂടുന്ന സ്ഥലമായി മാറി. അതിനടുത്തുള്ള മറ്റൊരു വീട്ടിൽ ഒരു തവണ പാർട്ടിക്കമ്മറ്റി യോഗം നടത്താൻ തീരുമാനിച്ചു. മുമ്പ് ഭീകരവാദ സമീപനമുണ്ടായിരുന്ന സമയത്ത് സംഘടനയുടെ മുൻനിര പ്രവർത്തകരാരും വിവാഹം കഴിക്കാൻ പാടില്ലാ എന്നൊരു ധാരണയാണ് ഉണ്ടായിരുന്നത്. എപ്പോൾ വേണമെങ്കിലും അറസ്റ്റു ചെയ്യപ്പെടാം, ജയിലിലാകാം, കൊല്ലപ്പെടാം... അതുകൊണ്ട് വിവാഹത്തെക്കുറിച്ചൊന്നും അന്ന് ചിന്തിച്ചിരുന്നില്ല. പക്ഷേ, ഇപ്പോൾ ജനകീയ പ്രവർത്തന ശൈലിയിലേക്ക് നീങ്ങിയപ്പോൾ കുടുംബജീവിതമാകാം എന്നുള്ള രീതിയിൽ ചർച്ച തുടങ്ങിയിരുന്നു. നേരത്തേ നമ്മൾ പറഞ്ഞ - കായണ്ണ ആക്ഷനിൽ പങ്കെടുത്തിരുന്ന ഭരതേട്ടൻ കരിക്കൊടി സമരത്തിൽ സജീവമായിരുന്നു. വിവാഹത്തെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് ഭരതേട്ടനോട് വ്യക്തിപരമായി ഞാൻ സൂചിപ്പിച്ചു. അതിന് പറ്റിയ ഒരാളെ കണ്ടെത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എനിക്കന്ന് 35 വയസ്സായിരുന്നു. അഞ്ചു വയസ്സിൽ കൂടുതൽ സ്ത്രീക്ക് പ്രായവ്യത്യാസം ഉണ്ടാകാൻ പാടില്ല. ജാതിയിൽ താഴ്ന്ന വിഭാഗത്തിൽപ്പെട്ടവരാകണം. കഴിയുന്നതും ഒരു തൊഴിലാളി സ്ത്രീ ആയിരിക്കണം. ഇങ്ങനെ മൂന്നാല് നിബന്ധനകൾ എനിക്കുണ്ടായിരുന്നു. കുറച്ചു ദിവസം കഴിഞ്ഞ് ഭരതേട്ടൻ പറഞ്ഞു, പറ്റിയ ഒരാളെ കണ്ടെത്തിയിട്ടുണ്ട് എന്ന്. നേരത്തേ പറഞ്ഞ സമരകേന്ദ്രമായിരുന്ന വീട്ടിലെ സ്ത്രീയാണ്. 30 വയസ്സിനടുത്ത് പ്രായമുണ്ട്. സമീപത്തെ വീട്ടിൽ അടുത്ത കമ്മറ്റി കൂടുന്ന ദിവസം ഞാൻ ഇവരെ കാണുന്നു, ചെറിയ തോതിലൊക്കെ സംസാരിക്കുന്നു. തൊഴിലാളി സ്ത്രീയാണ്. അധികം വിദ്യാഭ്യാസമൊന്നുമില്ല. അത്യാവശ്യം വായിക്കാനും എഴുതാനും കഴിയുമോ എന്ന് ഞാൻ ചോദിച്ചിരുന്നു. ഒട്ടും വൈകാതെ വിവാഹം തീരുമാനമായി. പാർട്ടിക്കമ്മറ്റിയിലും അറിയിച്ചു. മൂന്നോ നാലാ ആഴ്ച കഴിഞ്ഞുള്ള ഒരു ദിവസമാകട്ടെ എന്നുറപ്പിച്ചു. നിശ്ചയിച്ച പ്രകാരം എൻ്റേയും മണിയുടേയും വിവാഹം നടന്നു.

അങ്ങനെയാണ് മണിച്ചേച്ചി ജീവിതത്തിലേക്ക് കടന്നുവന്നത് അല്ലേ...
അതെ.
രാഷ്ട്രീയത്തടവുകാരുടെ മോചനം
രാഷ്ട്രീയത്തവുകാരെ വിട്ടയക്കാനായി സംഘടിപ്പിക്കപ്പെട്ട പ്രക്ഷോഭം ജനകീയ സമരങ്ങളുടെ ഒരു നല്ല മാതൃകയായിരുന്നു.
14 വർഷം ജയിൽജീവിതം പൂർത്തിയാക്കിയ നക്സലേറ്റുകളെ വിട്ടയക്കാത്തതിനെതിരെ, അവരെ ജയിൽമോചിതരാക്കാനുള്ള സമരം ശക്തമായിരുന്നു. 71 മുതൽ 84-85 കാലം വരെ ജയിൽവാസം അനുഭവിച്ചവരെ വിട്ടയക്കണമെന്നായിരുന്നു ആവശ്യം. കേരളീയ സമൂഹത്തിൽ ജനാധിപത്യ ബോധമുള്ള വലിയൊരു വിഭാഗം ആളുകൾ ആ സമരത്തിൽ പങ്കെടുത്തു. സി.പി.ഐ-യിലെ പല നേതാക്കളും സജീവമായി രംഗത്തുണ്ടായിരുന്നു.
അന്ന് ആ സമരത്തിൻ്റെ ഭാഗമായി ജയിലിലേക്ക് ഒരുപാട് പേർ ഒപ്പിട്ട കത്തയക്കുകയും മറ്റും ചെയ്യുമ്പൊ പട്ടാമ്പി പോലീസ് ഞങ്ങൾ വിദ്യാർത്ഥി പ്രവർത്തകരെ അന്വേഷിച്ച് കോളേജിൽ വരുമായിരുന്നു. രാവുണ്ണിയേട്ടനുമായി നിരന്തരം കത്തിടപാടുകൾ ഉണ്ടായിരുന്നു. കത്തുകൾ ജയിലിലെത്തുമ്പൊ ആരാണ് എഴുതിയതെന്ന് പോലീസിന് പിടികിട്ടുമല്ലോ. മുണ്ടൂർ രാവുണ്ണിയൊക്കെ പുറത്തു വരാൻ കാരണമായ ആ സമരത്തിൽ വളരെ സജീവമായി പങ്കെടുത്ത വിദ്യാർത്ഥി സഖാക്കൾ നിരവധിയായിരുന്നു.
വിവിധ മേഖലകളിൽ വളരെ സജീവമായ ജനകീയ പ്രവർത്തനങ്ങൾ നടന്ന ഒരു കാലമായിരുന്നുവല്ലോ അത്.
പാർട്ടി പിളരുന്നു
പക്ഷേ, ഏറെ താമസിയാതെത്തന്നെ പാർട്ടി പിളരുന്നുണ്ടല്ലോ... 1987-ൽ. അത് കൂടുതൽ വിശദീകരിക്കേണ്ടതായ ആവശ്യമുണ്ട്. രണ്ടു പ്രശ്നങ്ങളാണ് എൻ്റെ ഓർമ്മയിൽ ഉള്ളത്. ഒന്ന്... ഭാഷാ-ദേശീയതകളുടെ സ്വയം നിർണ്ണയാവകാശത്തെക്കുറിച്ചുള്ളത്, അത് വിഘടനവാദമാണെന്ന മറു നിലപാട്... മറ്റൊന്ന്... കപട ജനാധിപത്യം-പരിമിത ജനാധിപത്യം എന്നീ രണ്ടു സമീപനങ്ങൾ. പരിമിത ജനാധിപത്യം നിലനില്ക്കുന്നുണ്ട്, അതിനെ തിരിച്ചു പിടിക്കേണ്ടതുണ്ട് എന്ന ഒരു നിലപാടും, അതിനെതിരെ കേവിയൊക്കെ മുന്നോട്ടുവെച്ച കപട ജനാധിപത്യമാണ് ഇവിടെയുള്ളത് എന്ന നിലപാടും... അങ്ങനെയല്ലേ പിളർപ്പുണ്ടാകുന്നത്?

പഞ്ചാബ്-ആസാം പ്രശ്നങ്ങളൊക്കെ സജീവമായി വന്ന 1980-കളുടെ ആരംഭത്തിലാണ് ഈ വിഷയങ്ങൾ വലിയ ചർച്ചയായി മാറുന്നത്. സുവർണ്ണക്ഷേത്ര ആക്രമണത്തിൻ്റെ സമയത്ത് അതൊക്കെ വിഘടനവാദ പ്രസ്ഥാനങ്ങളാണ് എന്നുള്ള പൊതു സമീപനമാണ് എല്ലാ വിഭാഗം കമ്മ്യൂണിസ്റ്റുകളും സ്വീകരിച്ചിരുന്നത്. എന്നാൽ അതിൻ്റെ പിന്നിൽ ഭാഷാ-ദേശീയ സമൂഹങ്ങളുടേതായ സ്വയം നിർണ്ണയാവകാശത്തിനു വേണ്ടിയുള്ള സമരമെന്നൊരു വിഷയമുണ്ട് എന്ന് മനസ്സിലാക്കിക്കാെണ്ട് അതിലിടപെടാനുള്ള ശ്രമമാണ് എൻ്റെയൊക്കെ ഭാഗത്തുനിന്ന് ഉണ്ടായത്. 81-82 കാലത്താണ് ഞാൻ അഖിലേന്ത്യ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്. അതിനു മുമ്പ് കെ.എൻ.രാമചന്ദ്രനായിരുന്നു. അക്കാലത്ത് അഖിലേന്ത്യാ തലത്തിൽ മുഴുവൻ സഞ്ചരിച്ചുകൊണ്ടിരുന്നത് രാമചന്ദ്രനായിരുന്നു. ആസാമിലൊക്കെ പോയിട്ട് രാമചന്ദ്രൻ റിപ്പോർട്ട് ചെയ്യാറുള്ളത് ആസാം പ്രക്ഷോഭത്തെ പിന്തുണക്കാൻ പറ്റില്ല -അതൊരു വിഘടനവാദ പ്രസ്ഥാനമാണ് എന്ന നിലയിലാണ്. ബംഗാളിലെ പാർട്ടി സഖാക്കളാണ് രാമചന്ദ്രന് അത്തരം വിശദീകരണങ്ങൾ നല്കുന്നത്. ദേശീയ പ്രശ്നം ഉന്നയിക്കുന്നുണ്ടെങ്കിലും ആസാമിലെ ബംഗാളി ആധിപത്യമായിരുന്നു ഒരു പ്രധാന വൈരുദ്ധ്യം. രാഷ്ട്രീയ- സാംസ്കാരിക പ്രവർത്തനങ്ങളിലെല്ലാം തന്നെ ബംഗാളികളാണ് മേധാവിത്വം പുലർത്തുന്നത്. അവിടെ അതാത് പ്രദേശത്തെ ആസാമുകാർ പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നുണ്ടെങ്കിലും അവർക്കൊന്നും നേതൃത്വപരമായ പങ്കില്ല. പൊതുവിൽ ബംഗാളികൾ എല്ലാ കാര്യത്തിലും മുൻപന്തിയിലുമാണ്. പക്ഷെ ഈ ഒരു വിഷയം ഇങ്ങനെ ഈ രീതിയിൽ രാമചന്ദ്രൻ റിപ്പോർട്ട് ചെയ്യാറില്ല. അഖിലേന്ത്യാ സെക്രട്ടറി ആയതിനു ശേഷം രാമചന്ദ്രൻ പരിചയപ്പെടുത്തിത്തന്ന പല മേഖലകളിലും പല സ്ഥലങ്ങളിലും ഞാൻ പോകാൻ തുടങ്ങി. അങ്ങനെ ആസാമിൽ നിന്നുള്ള ചില സഖാക്കള നേരിട്ട് കണ്ട് സംസാരിക്കാൻ ഇടയായി. അന്ന് എം.ബി.ബി.എസ് പാസായി പ്രാക്ടീസ് ചെയ്ത് കൊണ്ടിരുന്ന ഒരു ഡോക്ടർ നമ്മുടെ പ്രസ്ഥാനത്തിൻ്റെ അനുഭാവിയായിരുന്നു. അത്തരം ചിലരെക്കണ്ട് സംസാരിക്കുമ്പോഴാണ് ആസാമികൾക്ക് മേലുള്ള ബംഗാളി ആധിപത്യത്തിൻ്റെ പ്രശ്നം ശരിക്ക് മനസ്സിലാകുന്നത്. അത് ഞാൻ അഖിലേന്ത്യാ കമ്മറ്റിയിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. രാമചന്ദ്രനൊക്കെ ആ നിലപാടിനെ ഒട്ടും അംഗീകരിച്ചിരുന്നില്ല. ഭാഷാ-ദേശീയതയുടെ പ്രശ്നം എന്ന രീതിയിൽ ലെനിൻ്റെ രാഷ്ട്രങ്ങളുടെ സ്വയം നിർണ്ണയാവകാശത്തെക്കുറിച്ചുള്ള നിലപാട് ഞാൻ ആഴത്തിൽ പഠിച്ചിരുന്നതു കൊണ്ട് ഈ വിഷയം വളരെയധികം എൻ്റെ ശ്രദ്ധയിലേക്കെത്തി.
അതായത് എല്ലാ ഭാഷാ-ദേശീയ സമൂഹങ്ങൾക്കും സ്വയം നിർണ്ണയാവകാശത്തിൻ്റെ അടിസ്ഥാനത്തിൽ വേറിട്ടു പോകാൻ ഉൾപ്പടെയുള്ള അധികാരം ഉണ്ടായിരിക്കണം എന്ന നിലപാടാണ് ലെനിൻ ഉന്നയിച്ചിരുന്നത്. ആ നിലപാട് വെച്ചു കൊണ്ട് ഇന്ത്യയിലെ ദേശീയ സ്വയം നിർണ്ണയാവകാശത്തെക്കുറിച്ച് പഠിക്കാനുള്ള ഒരു ശ്രമം നടത്തി. അങ്ങനെ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ രേഖകളൊക്കെ തിരഞ്ഞു നോക്കുന്ന ഒരു വലിയ പ്രക്രിയയിലേക്ക് പോയി. അപ്പോഴാണ് വളരെ ഞെട്ടിക്കുന്ന ചില കാര്യങ്ങൾ പുറത്ത് വരുന്നത്. 1941 കാലത്ത് മുസ്ലീം ലീഗ് സ്വതന്ത്ര പാക്കിസ്ഥാനെന്ന ആവശ്യം ഉന്നയിക്കുന്ന സമയത്ത് കമ്യൂണിസ്റ്റ് പാർട്ടി ഒരു തീരുമാനം എടുക്കുകയുണ്ടായി.

മതപരമായ വിഭജനമെന്നതിനെ മറികടക്കാനായി ഇന്ത്യയിലെ ഭാഷാ സമൂഹങ്ങളെക്കുറിച്ച് വിശദമായ ഒരു പഠനം നടത്താൻ വേണ്ടി കമ്മ്യൂണിസ്റ്റ് നേതാവായ ജി.അധികാരി എന്ന സൈദ്ധാന്തികനെ ചുമതലപ്പെടുത്തി. തുടർന്ന് അദ്ദേഹം 1941-ൽ ഒരു റിപ്പോർട്ട് അവതരിപ്പിച്ചു. അതിൽ ലെനിൻ്റെ നിലപാടിനെ അടിസ്ഥാനമാക്കിക്കൊണ്ട് ഇന്ത്യയിൽ അന്ന് 17 വികസിത ഭാഷകളുണ്ടെന്നും അവക്കെല്ലാം തന്നെ സ്വയം നിർണയാവകാശത്തിൻ്റെ അടിസ്ഥാനത്തിൽ വേറിട്ട് പോകാനുൾപ്പടെയുള്ള അധികാരമുണ്ടെന്നും റിപ്പോർട്ട് ചെയ്തിരുന്നു.
ആ റിപ്പോർട്ട് 1941-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗീകരിക്കുകയും 1942-ൽ നടന്ന ആദ്യത്തെ പാർട്ടി കോൺഗ്രസിൽ ഒരു രേഖയായി അംഗീകരിക്കുകയും ചെയ്തു. ഇന്ത്യയിലെ ഭാഷാ-ദേശീയതകളെക്കുറിച്ചുള്ള അടിസ്ഥാന കാഴ്ചപ്പാട് മുന്നോട്ട് വെയ്ക്കുന്ന രേഖ. അതിനെത്തുടർന്ന് വിവിധ ഭാഷാ-ദേശീയതകളിലെല്ലാം തന്നെ പ്രവർത്തനം ഊർജ്ജിതമാക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടി തീരുമാനിക്കുകയും ബംഗാളിലും ആന്ധ്രയിലും കേരളത്തിലുമൊക്കെത്തന്നെ ഭാഷാ-ദേശീയതകളെക്കുറിച്ചുള്ള പഠനങ്ങൾക്ക് നിർദ്ദേശം നൽകുകയും ചെയ്തു. ഇവിടെ ഇ.എം.എസ് 'ഒന്നേകാൽ കോടി മലയാളികൾ' എന്ന പുസ്തകം 44-ൽ പ്രസിദ്ധീകരിച്ചു. 'നവീൻ ബംഗ്ലാ' എന്ന പേരിൽ -ഭവാനി സെന്നോ മറ്റോ ആണ് -ബംഗാളിൽ പുസ്തകമിറക്കുന്നത്. ആന്ധ്രയിൽ സുന്ദരയ്യയാണ് തെലുഗ് ദേശീയതയെക്കുറിച്ചുള്ള പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ഇത്തരം ഒരു മുൻചരിത്രം കമ്മ്യൂണിസ്റ്റ് പാർട്ടിക്കുണ്ടെന്ന് ഞാൻ കണ്ടെത്തുന്നു.

'കേരളം മലയാളികളുടെ മാതൃഭൂമി' എന്ന പുസ്തകവും ഇ.എം.എസ് എഴുതിയില്ലേ...
'ഒന്നേകാൽ കോടി മലയാളികൾ' എന്ന പുസ്തകം പരിഷ്ക്കരിച്ചതാണ് 'കേരളം മലയാളികളുടെ മാതൃഭൂമി'. 'National Question in Kerala' -(കേരളത്തിൻ്റെ ദേശീയപ്രശ്നം) എന്ന പേരിൽ 1951-ൽ ഒരു ഇംഗ്ലീഷ് പുസ്തകം ഇ.എം.എസ് എഴുതിയിട്ടുണ്ട്. ഇത്തരം കാര്യങ്ങളെല്ലാം ഞാൻ അന്വേഷിച്ച് കണ്ടെത്തുകയും ഇവിടെ വലിയ ചർച്ചാ വിഷയം ആക്കുകയും ചെയ്തു. അതിൻ്റെ അടിസ്ഥാനത്തിലാണ് 1984-ൽ എം.എൽ പാർട്ടിയുടെ നേതൃത്വത്തിൽ ഒരു ദേശീയ സെമിനാർ സംഘടിപ്പിക്കുകയും അതിൽ ഞാനീ വിഷയങ്ങൾ അവതരിപ്പിക്കുകയും ചെയ്യുന്നത്. രാമചന്ദ്രനും ജയകുമാറുമൊക്കെ വേറൊരു നിലപാട് അവതരിപ്പിച്ചു.
പിന്നീട് ഒരുമിച്ചു പോകാനാകാത്ത വിധം ആശയപരമായ ചേരിതിരിവ് ഉയർന്നു വരികയാണ് ചെയ്തത്. ഞാനുന്നയിക്കുന്നത് ഒരു തരം വിഘടനവാദം പോലുള്ള അപകടം പിടിച്ച നിലപാടാണ്; പഞ്ചാബ്-ആസാം പ്രക്ഷോഭങ്ങളെ അനുകൂലിക്കുന്ന എൻ്റെ കാഴ്ചപ്പാട് അംഗീകരിക്കാൻ പാടില്ലെന്നും ഇന്ത്യയുടെ അഖണ്ഡത സംരക്ഷിക്കുകയാണ് കമ്മ്യൂണിസ്റ്റുകാർ ചെയ്യേണ്ടതെന്നും അവർ നിലപാടെടുത്തു. അതാണ് പിളർപ്പിലേക്കെത്തിക്കുന്ന പ്രധാന കാരണം. മറ്റു കമ്മ്യൂണിസ്റ്റുകളെല്ലാം ഇതേ നിലപാടാണ് മുമ്പുതന്നെ സ്വീകരിച്ചിരുന്നത്. 51-നു ശേഷം ദേശീയതയെക്കുറിച്ചുള്ള അടിസ്ഥാന നിലപാട് കമ്മ്യൂണിസ്റ്റ് പാർട്ടി മുക്കിക്കളയുകയാണ് ചെയ്യുന്നത്. ഞാനിക്കാര്യം പല ലേഖനങ്ങളിലും അവതരിപ്പിച്ചിട്ടുമുണ്ട്. 42-ലെ ഒന്നാം പാർട്ടി കോൺഗ്രസ്സിലെ രേഖയെ ആർക്കും നിഷേധിക്കാനാവില്ല.

ദേശീയതയെക്കുറിച്ചുള്ള രണ്ടു സമീപനങ്ങളുടെ തുടർച്ചയായിട്ടാണ് ജനാധിപത്യത്തെക്കുറിച്ചുള്ള വ്യത്യസ്ത വീക്ഷണങ്ങൾ എം.എൽ പ്രസ്ഥാനത്തിൽ ഉയർന്നുവരുന്നത്. പാർലിമെൻ്ററി ജനാധിപത്യത്തിൽ പങ്കെടുത്തു കൊണ്ട്, അതിനെ വിപ്ലവകാരികളുടേതായ -കമ്മ്യൂണിസ്റ്റുകാരുടേതായ പുതിയൊരു ജനാധിപത്യ പ്രക്രിയയിലൂടെ മുന്നോട്ട് കൊണ്ടുപോണം എന്ന കാഴ്ച്ചപ്പാടിൽ, ഇവിടെ നിലനില്ക്കുന്ന ജനാധിപത്യത്തെ ഭാഗികമായി അംഗീകരിക്കുക എന്ന നിലയിലാണ് പരിമിത ജനാധിപത്യം എന്ന ആശയം അവർ മുന്നോട്ടു വെച്ചത്. നേരത്തേ ഭാസുരേന്ദ്രബാബുവൊക്കെ പ്രസ്ഥാനത്തിൽ നിന്ന് പോകുന്നതിനു മുമ്പുതന്നെ ഇത്തരം നിലപാട് ഉന്നയിച്ചിരുന്നതാണ്. സാംസ്ക്കാരിക വേദിയുടെ ജനകീയതയെ അടിസ്ഥാനമാക്കിക്കൊണ്ട് ഒരു പാർലമെൻ്ററി പാർട്ടി രൂപീകരിക്കുകയും തെരഞ്ഞെടുപ്പിൽ പങ്കെടുക്കുകയും ചെയ്യണമെന്ന നിലപാട് അന്നുതന്നെ ബാബുവൊക്കെ പറയാറുണ്ട്. പക്ഷേ, അതൊന്നും അന്ന് പാർട്ടിയിൽ സജീവമായി ചർച്ച ചെയ്യപ്പെടാൻ ഇടയായില്ല. അതിനു മുമ്പുതന്നെ അവർ പ്രസ്ഥാനം വിട്ടിരുന്നു.
ഞാനൊക്കെ അന്ന് ഇവിടെ നിലനിൽക്കുന്നത് കപട ജനാധിപത്യമാണെന്ന നിലപാടിലായിരുന്നു. അതുകൊണ്ട് അതിനെ തള്ളിക്കളയണമെന്നും തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ പാടില്ലാ എന്നുമുള്ള ഉറച്ച സമീപനം സ്വീകരിച്ചു. ഇന്ത്യയിൽ നിലനിൽക്കുന്ന ജനാധിപത്യത്തെ കപട ജനാധിപത്യമെന്ന രീതിയിൽ തള്ളിക്കളയാനാവില്ല. ശരിയായ ജനാധിപത്യം ആയിട്ടില്ല എങ്കിൽത്തന്നെയും പരിമിതമായ ഒരു ജനാധിപത്യം ഇവിടെ നിലനിൽക്കുന്നുണ്ട്. സോഷ്യലിസ്റ്റ് സമൂഹത്തിലേ ശരിയായ ജനാധിപത്യം ഉണ്ടാകൂ... എന്നാൽ ഉള്ള ജനാധിപത്യത്തെ നമ്മൾ അംഗീകരിക്കേണ്ടതുണ്ട്, അതിൽ പങ്കെടുക്കേണ്ടതുണ്ട് എന്നൊരു സമീപനം ഉയർന്നു വന്നു. ഞാനുൾപ്പെടുന്ന ഒരു വിഭാഗം അതിനെ തള്ളിക്കളയുന്നു. ഒരു സായുധ വിപ്ലവത്തിലൂടെ പുത്തൻ ജനാധിപത്യം നടപ്പാക്കുക എന്ന ലക്ഷ്യത്തിൽ നിന്ന് വ്യതിചലിക്കാൻ തയ്യാറല്ല എന്ന സമീപനമാണ് നമ്മളന്ന് സ്വീകരിച്ചത്.

നമ്മൾ ഓങ്ങല്ലൂർ പാടത്തിരുന്ന് രാത്രി മുഴുവൻ സംസാരിച്ചത് ഈ രണ്ടു വിഷയങ്ങളായിരുന്നു. പിളർപ്പിനു ശേഷം കേവി നേതൃത്വം നല്കുന്ന സംഘടനയിലാണ് ഞാൻ തുടർന്നത്. പക്ഷേ, വളരെ പ്രധാനപ്പെട്ട ഒരു ചോദ്യം ഇപ്പോൾ ചോദിക്കേണ്ടതുണ്ട്. പുതിയ ജനാധിപത്യ അന്വേഷണങ്ങളുടെ ഭാഗമായി കപട ജനാധിപത്യമല്ല പരിമിത ജനാധിപത്യം ഉണ്ടായിരുന്നു അല്ലെങ്കിൽ ഉണ്ട് എന്ന നിലപാടിനെ അംഗീകരിച്ചിട്ടുണ്ടോ?
തീർച്ചയായിട്ടും. ജനാധിപത്യപ്രക്രിയ ഇവിടെ ഉണ്ട് എന്നു തന്നെയാണ് ഇപ്പോഴത്തെ എൻ്റെ വിലയിരുത്തൽ. മാത്രവുമല്ല, ഇവിടെ നിലനിൽക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യമാണെന്ന നിലയിൽ ഇന്ത്യക്ക് അഭിമാനിക്കാൻ വകയുണ്ട് എന്ന് അടുത്ത കാലത്ത് ഞാനെഴുതിയ ലേഖനങ്ങളിലൊക്കെ ചൂണ്ടിക്കാണിക്കാറുണ്ട്. ഇവിടത്തെ ഇലക്ഷൻ കമ്മീഷൻ പ്രവർത്തനങ്ങളെ ലോകം മുഴുവൻ ഉറ്റു നോക്കാറുണ്ട്. കാരണം, അത്രയധികം സങ്കീർണ്ണതകളുള്ള അതിബൃഹത്തായ ഒരു സമൂഹം -140 കോടിയോളം ജനങ്ങളുള്ള, അനവധി ഭാഷകളും സംസ്കാരങ്ങളും ജാതികളും മതങ്ങളുമൊക്കെയുള്ള, വൈവിദ്ധ്യങ്ങളും വൈരുദ്ധ്യങ്ങളും ഏറെയുള്ള ഇന്ത്യയിൽ വളരെ ചിട്ടയായ തെരഞ്ഞെടുപ്പു നടക്കുന്നു. അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പു പോലും വേണ്ടത്ര ഭംഗിയായല്ല നടക്കുന്നത്.
അവിടത്തെ പല പ്രദേശങ്ങളിലേയും വളരെ വലിയ പ്രശ്നങ്ങളും മറ്റും തെരഞ്ഞെടുപ്പിൻ്റെ കാര്യത്തിൽ അവർക്ക് പരിഹരിക്കാനായിട്ടില്ല. അപ്പോൾ ഇന്ത്യയെപ്പോലെയൊരു പിന്നാക്ക രാജ്യത്തിൽ ഇത്രയും ഫലപ്രദമായി തെരഞ്ഞെടുപ്പു നടക്കുക എന്നത് ലോകം മുഴുവൻ ശ്രദ്ധിക്കുന്ന ഒരു കാര്യമായി മാറുന്നു. ഇവിടത്തെ ഒരു സംസ്ഥാന തെരഞ്ഞെടുപ്പു പോലും ലോകശ്രദ്ധയിൽ വരുന്നുണ്ട്. ആ രീതിയിൽ ജനാധിപത്യ പ്രക്രിയയുടെ കാര്യത്തിൽ ഇന്ത്യ വലിയൊരളവിൽ മുന്നോട്ട് പോയിരിക്കുന്നു എന്നുള്ള വിലയിരുത്തലാണ് ഇപ്പോൾ എനിയ്ക്കുള്ളത്.
തുടരും...