കെ. കണ്ണൻ: ഇ ബുൾജെറ്റ് വ്ളോഗർമാരായ രണ്ട് മലയാളി സഹോദരന്മാരെ, മോട്ടോർ വാഹനനിയമ ലംഘനം നടത്തിയെന്ന കുറ്റത്തിന് അറസ്റ്റുചെയ്യുകയും കേസെടുക്കുകയും ചെയ്ത സംഭവം വ്യാപക ചർച്ചക്കിടയാക്കിയല്ലോ. വാഹനം അപകടകരമായ വിധത്തിൽ രൂപമാറ്റം വരുത്തി യാത്ര ചെയ്തു എന്നാണ് ഇവർക്കെതിരായ കുറ്റപത്രത്തിൽ പറയുന്നത്. എന്നാൽ, ഈ സംഭവം, നിയമലംഘനക്കേസ് എന്ന നിലയ്ക്കല്ല, സോഷ്യൽ മീഡിയ പരിഗണിച്ചത്. മോട്ടോർ വാഹന വകുപ്പിനും പൊലീസിനും എതിരെ ഈ വ്ളോഗർമാരുടെ ആരാധകസംഘം സോഷ്യൽ മീഡിയയിൽ വ്യാപക പ്രചാരണം നടത്തി. അതിൽ പലതും പ്രകോപനപരവുമായിരുന്നു. കേരളം കത്തിക്കും, ഔദ്യോഗിക വെബ്സൈറ്റുകൾ ഹാക്ക് ചെയ്യും തുടങ്ങിയ ആഹ്വാനങ്ങളുണ്ടായി. കൗമാരക്കാരായിരുന്നു ഇത്തരം പ്രതികരണങ്ങളിൽ മുന്നിലുണ്ടായിരുന്നത്, അവരിലേറെയും സാധാരണമായ സാമൂഹിക പാശ്ചാത്തലവുമുള്ളവരും ആയിരുന്നുവെന്ന് കാണാം. ഇതിനെ വെറുമൊരു ഇമോഷനൽ ഫാൻ ഫോളോയിങ്ങിന്റെ തലത്തിൽ മാത്രമായി നിസ്സാരവൽക്കരിക്കാൻ കഴിയുമോ? സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുന്ന ഒരാളെന്ന നിലയ്ക്ക് താങ്കൾ ഈ കൗമാര പ്രകടനങ്ങളെ ഒരു രോഗമായാണോ രോഗലക്ഷണമായാണോ വിലയിരുത്തുന്നത്?
ഡോ. ജിനേഷ് പി.എസ്.: ഇ ബുൾജെറ്റ് വ്‌ളോഗർമാർ മോട്ടോർ വാഹന നിയമം ലംഘിച്ച വിഷയത്തിൽ നിയമനടപടി അനിവാര്യമാണ്. തെറ്റുകൾ ആവർത്തിക്കാതിരിക്കാനും തിരുത്താനും വേണ്ടിയാവണം നിയമനടപടി. അതൊരിക്കലും ഒരു പ്രതികാരനടപടി ആയിക്കൂടാ. ഒരു രാജ്യത്തെ നിയമങ്ങൾ അനുസരിക്കാൻ ഏതൊരു പൗരനും കടമയുണ്ട്. ലക്ഷങ്ങൾ ഫോളോവേഴ്‌സുണ്ട് എന്നതുകൊണ്ടോ, ഉന്നത അധികാരസ്ഥാനങ്ങളിലുള്ളവരുടെ പിന്തുണയുണ്ട് എന്നതുകൊണ്ടോ, ഏതെങ്കിലും തരത്തിലുള്ള പ്രിവിലേജുണ്ട് എന്നുള്ളതുകൊണ്ടോ, അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണം കൊണ്ടോ നിയമം ലംഘിക്കാൻ ആർക്കും അധികാരം ലഭിക്കുന്നില്ല. ഓരോ നിയമലംഘനത്തിനും ഉചിതമായ അല്ലെങ്കിൽ ആനുപാതികമായ തിരുത്തൽ നടപടികളാണ് ആവശ്യം. അവരുടെ പ്രായവും മുൻകാല ചരിത്രവും അടക്കമുള്ള കാര്യങ്ങൾ ഇതിൽ പരിഗണിക്കേണ്ടതുണ്ട്. ഓരോരുത്തരെയും കൂടുതൽ മികച്ച വ്യക്തികൾ ആക്കുക എന്നതാവണം നടപടികളുടെ ലക്ഷ്യം.
കാറുകളിലെ ഡാഷ് ക്യാമറയും ഹെൽമെറ്റിലെ ക്യാമറയും ഒക്കെ പ്രോത്സാഹിപ്പിക്കണം. ഇത്തരം ക്യാമറകൾ വാഹനാപകടങ്ങളെ കുറിച്ച് കൃത്യമായി മനസ്സിലാക്കുന്നതിനും റോഡ് നിയമലംഘനങ്ങൾ ഉണ്ടാവുന്നുണ്ടോ എന്ന് മനസ്സിലാക്കുന്നതിനും ഒക്കെ വളരെയധികം സഹായിക്കും
സോഷ്യൽ മീഡിയയിൽ ഇവരുടെ ഫോളോവേഴ്‌സ് പ്രകോപനപരമായ പ്രതികരണങ്ങൾ നടത്തിയിരുന്നു. ഇതിൽ പലരും കൗമാരപ്രായക്കാർ ആയിരുന്നു. പക്ഷേ, അതുകൊണ്ട് കൗമാരപ്രായക്കാർ എല്ലാം എടുത്തുചാട്ടക്കാരാണ് എന്നോ പ്രകോപനപരമായി അഭിപ്രായം പറഞ്ഞ ചെറുപ്പക്കാർ എല്ലാം കുറ്റവാസനയുള്ളവരാണ് എന്നോ വിധി കല്പിക്കേണ്ടതില്ല. ഈ അഭിപ്രായം ആ ചെറുപ്പക്കാരുടെ മാത്രം പ്രശ്‌നമായി കരുതുന്നതും ശരിയല്ല. ഇത് സാമൂഹ്യമായ വിലയിരുത്തലുകൾ നടത്തേണ്ട ഒരു വിഷയമാണ്.
താരാരാധന അഥവാ ഫാനിസം എന്നത് എല്ലാ പ്രായക്കാരിലും കാണുന്ന ഒന്നാണ്. ഓരോ പ്രായത്തിലും താൽപര്യങ്ങൾക്കനുസരിച്ച് അത് മാറി വരും. കാലഘട്ടം അനുസരിച്ചും ഇതിൽ മാറ്റങ്ങളുണ്ടാവും. എല്ലാവർക്കും താരാരാധനയുണ്ട് എന്നല്ല പറയുന്നത്. കൗമാരക്കാരിലും മുതിർന്നവരിലും താരാരാധന ഉള്ളവരുണ്ട് എന്നാണ് പറഞ്ഞത്. 30 വർഷം മുൻപുള്ള രീതിയിലുള്ള താരാരാധന ആയിരിക്കില്ല ഇപ്പോൾ. ഇന്റർനെറ്റും യുട്യൂബും പോപ്പുലറായ കാലത്ത് തങ്ങൾ ഇഷ്ടപ്പെടുന്ന അല്ലെങ്കിൽ ആഗ്രഹിക്കുന്ന രീതിയിൽ വ്‌ളോഗ് ചെയ്യുന്നവരോടുള്ള ആരാധന ഉണ്ടാവാം. ഇതൊരു തെറ്റായി കരുതാനും സാധിക്കില്ല. പക്ഷേ ഈ വ്‌ളോഗർമാർ നിയമവിരുദ്ധമായ കാര്യങ്ങൾ ആഹ്വാനം ചെയ്താൽ, ആരാധകർ അതിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിൽ അത് എന്തുകൊണ്ട് എന്ന് പരിശോധിക്കണം. ഇത് ആ വ്യക്തികളെ മാത്രം കുറ്റക്കാരാക്കി നിർത്തിക്കൊണ്ടാവരുത്. ഒരു കുട്ടി ഒരു മുതിർന്ന പൗരൻ ആകുന്നതുവരെയുള്ള കാര്യങ്ങൾക്ക് കുടുംബവും, വിദ്യാലയവും, സമൂഹവും അടങ്ങുന്ന നമ്മുടെ നാട്ടിലെ സിസ്റ്റത്തിന് പങ്കുണ്ട്. ഇതിൽ ഓരോന്നിലും വിലയിരുത്തലുകൾ നടക്കണം.
മറ്റൊരാളുടെ സ്‌പേസിലേക്ക് കടന്നുകയറാൻ ആർക്കും അധികാരമില്ല എന്ന് ചെറുപ്പം മുതൽ ഒരാൾ മനസ്സിലാക്കി തുടങ്ങേണ്ടതുണ്ട്. വിദ്യാഭ്യാസ കാലഘട്ടത്തിൽ അത് ഊട്ടിയുറപ്പിക്കേണ്ടതുണ്ട്. നിയമം അനുസരിക്കേണ്ടത് ഏവരുടെയും കടമയാണ് എന്ന് കുട്ടിക്കാലം മുതൽ അറിയേണ്ടതുണ്ട്. ഉത്തരക്കടലാസിൽ മാർക്ക് കിട്ടാനുള്ള ചോദ്യങ്ങൾക്കുപരിയായി പ്രായോഗികമായി തന്നെ ഓരോരുത്തരും ഇത് മനസ്സിലാക്കേണ്ടതുണ്ട്.
ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കം പരിശോധിക്കാനോ വിലയിരുത്താനോ പറ്റിയ ഫലപ്രദമായ ഒരു സാഹചര്യം നിലവിലില്ല.
ഈ വിഷയത്തിലെ താരാരാധന എന്ന ഘടകം മാറ്റിവെച്ച്, മോട്ടോർ വാഹന നിയമവുമായി ബന്ധപ്പെട്ട്, ഗൗരവത്തോടെ ചർച്ച ചെയ്യേണ്ട ഒരു കാര്യം ചർച്ചയായിക്കണ്ടില്ല; അതുകൂടി സൂചിപ്പിക്കാം. കാറുകളിലെ ഡാഷ് ക്യാമറയും ഹെൽമെറ്റിലെ ക്യാമറയും ഒക്കെ പ്രോത്സാഹിപ്പിക്കണം എന്നാണ് എന്റെ അഭിപ്രായം. ഇത്തരം ക്യാമറകൾ വാഹനാപകടങ്ങളെ കുറിച്ച് കൃത്യമായി മനസ്സിലാക്കുന്നതിനും റോഡ് നിയമലംഘനങ്ങൾ ഉണ്ടാവുന്നുണ്ടോ എന്ന് മനസ്സിലാക്കുന്നതിനും ഒക്കെ വളരെയധികം സഹായിക്കുന്നു. മറ്റൊരു ഉദാഹരണം പറഞ്ഞാൽ സി.സി.ടി.വി ക്യാമറ വന്നതോടെ പല കുറ്റകൃത്യങ്ങളും കണ്ടുപിടിക്കാൻ സഹായകരമായി എന്നത് ഏവർക്കും അറിയാമല്ലോ. അതുപോലെതന്നെ പലരീതിയിലും ഗുണകരമായ ഒന്നാണ് വാഹനങ്ങളിലെ ക്യാമറ. ഇത് നിയമപരമായി തന്നെ പ്രോത്സാഹിപ്പിക്കപ്പെടണം എന്നാണ് അഭിപ്രായം. നിയമ പരിപാലനത്തിന് ഉപകാരപ്രദമായ ഒരു ടൂൾ ആയി ഇത് ഉപയോഗിക്കാൻ സാധിക്കും. ഏതൊരു വസ്തുവും നിയമപരിപാലനത്തിനും നിയമലംഘനത്തിനും ഉപയോഗിക്കാൻ സാധിക്കുമല്ലോ. അതിനെ വിവേചന ബുദ്ധിയോടെ ഉപയോഗിക്കുക എന്നത് പൗരന്റെയും സ്റ്റേറ്റിന്റെയും കടമയാണ്.
കോവിഡ് കാലം, ആഹ്ലാദിക്കാനുള്ള മനുഷ്യന്റെ ഇടങ്ങളെയും സന്ദർഭങ്ങളെയും വളരെ ചുരുക്കിക്കളഞ്ഞിട്ടുണ്ട്. മാത്രമല്ല, ഡിജിറ്റൽ റിയാലിറ്റിയാകും ഭാവിയിൽ സകല എക്സ്പ്രഷനുകളുടെയും പ്ലാറ്റ്ഫോം എന്ന സൂചനയും വന്നുകഴിഞ്ഞു. ഇത്തരമൊരു സാഹചര്യത്തിൽ, ഡിജിറ്റൽ പ്ലാറ്റ്ഫോമിലെ ആവിഷ്‌കാരങ്ങളെ കുറെക്കൂടി പൊളിറ്റിക്കലായി പരിവർത്തിപ്പിക്കാനുള്ള സ്പെയ്സ് ഇന്നുണ്ടോ? അതിന് എന്തുചെയ്യാൻ കഴിയും?
ഒരു രോഗം എന്നതിനേക്കാളുപരി എല്ലാ രീതിയിലുമുള്ള സാമ്പത്തിക- സാമൂഹ്യ പ്രതിസന്ധിയാണ് കോവിഡ്. തൊഴിൽനഷ്ടവും വരുമാനമില്ലായ്മയും ഒറ്റപ്പെടലും അടക്കമുള്ള നിരവധി പ്രശ്‌നങ്ങൾ ഉണ്ടാവുന്നുണ്ട്. ഔദ്യോഗിക കൃത്യനിർവഹണം ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലേക്ക് മാറുമ്പോൾ ഉണ്ടാവുന്നതിനൊപ്പമോ അതിൽ കൂടുതലോ പ്രശ്‌നങ്ങൾ വിദ്യാഭ്യാസമേഖലയും വിദ്യാർത്ഥികളും അഭിമുഖീകരിക്കുന്നുണ്ട്. കൗമാരപ്രായക്കാർക്കും വിദ്യാർഥികൾക്കും സംവദിക്കാനുള്ള വേദി തന്നെ നഷ്ടമാകുന്ന സാഹചര്യമുണ്ട്. ആഹ്ലാദിക്കാനുള്ള മനുഷ്യന്റെ ഇടങ്ങളെയും സന്ദർഭങ്ങളെയും അത് വളരെ ചുരുക്കിക്കളഞ്ഞിട്ടുണ്ട്. ഇതൊക്കെയുണ്ടാക്കുന്ന പ്രത്യാഘാതം ചെറുതല്ല.
ആരോഗ്യകരമായ ശീലങ്ങളും ഇന്റർനെറ്റ് ഉപയോഗവും വളർത്തിക്കൊണ്ടുവരിക എന്നത് പെട്ടെന്നൊരുദിവസം കൊണ്ട് സാധ്യമാകുന്ന കാര്യമല്ല. ക്രിയാത്മകമായ ചർച്ചകളിലേക്കും ഇടപെടലുകളിലേക്കും വിനോദങ്ങളിലേക്കും കൂടുതൽ ശ്രദ്ധ പതിയേണ്ടതുണ്ട്.
ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്ക് നിരവധി പരിമിതികളുണ്ട്. ഒരു വ്യക്തിയെ സംബന്ധിച്ച് സാങ്കേതിക സൗകര്യങ്ങളുടെ ലഭ്യതയും അതിനായി ചെലവാക്കാൻ സാധിക്കുന്ന പണവും അടക്കമുള്ള നിരവധി പ്രശ്‌നങ്ങളുണ്ട്. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കം പരിശോധിക്കാനോ വിലയിരുത്താനോ പറ്റിയ ഫലപ്രദമായ ഒരു സാഹചര്യം നിലവിലില്ല. ആരോഗ്യകരമായ ശീലങ്ങളും ഇന്റർനെറ്റ് ഉപയോഗവും വളർത്തിക്കൊണ്ടുവരിക എന്നതാണ് അഭികാമ്യം. ഇത് പെട്ടെന്നൊരുദിവസം കൊണ്ട് സാധ്യമാകുന്ന കാര്യമല്ല. ക്രിയാത്മകമായ ചർച്ചകളിലേക്കും ഇടപെടലുകളിലേക്കും വിനോദങ്ങളിലേക്കും കൂടുതൽ ശ്രദ്ധ പതിയേണ്ടതുണ്ട്. ഇതുപക്ഷേ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ നിന്ന് മാത്രം തുടങ്ങാൻ സാധിക്കുന്ന ഒരു കാര്യമല്ല. ഓരോ വ്യക്തിയും അവർ ഉൾപ്പെട്ട സാമൂഹ്യ പശ്ചാത്തലത്തിൽ നിന്ന് തുടങ്ങേണ്ട കാര്യമാണ്. ശാസ്ത്രീയമായ സമീപനം സ്വീകരിക്കുകയാണ് ഇത്തരം കാര്യങ്ങളിലൊക്കെ അഭികാമ്യം. ▮