എന്താണ് സംവരണം? മെറിറ്റിനെ അട്ടിമറിക്കുന്ന അനീതിയല്ലേ അത് ? ഇത്തരം ചോദ്യങ്ങൾക്ക് പെട്ടെന്ന് ഉത്തരം പറയാൻ പറ്റില്ല. നിങ്ങൾ ഒരു ക്ലാസിലെ കുട്ടികളോടു ചോദിക്കൂ. സ്കൂൾ പ്രവേശനത്തിന് മെറിറ്റല്ലേ നോക്കേണ്ടത് ? സംവരണം അർഹതയില്ലാത്തവരെ കയറ്റി വിടുന്ന ഏർപ്പാടല്ലേ? സംവരണം വഴി കയറിയ കുട്ടികളടക്കം ഉറപ്പായും പറയും സംവരണം തെറ്റാണ്, മെറിറ്റാണ് നോക്കേണ്ടത് എന്ന്.
എന്തുകൊണ്ടാണ് ചിലരെ മെരിറ്റിനപ്പുറം സംവരണത്തിലൂടെ കൂട്ടിക്കൊണ്ടു വരുന്നത് എന്ന് അവരോട് വിശദീകരിക്കുക പ്രയാസമാണ്. ഒരു ബസ്സിൽ പല തലങ്ങളിലായി ആളുകൾക്ക് സീറ്റ് നീക്കി വെച്ചത് പറയാൻ പറ്റും. ഇന്ത്യൻ സാഹചര്യത്തെക്കുറിച്ച്, ചരിത്രത്തെക്കുറിച്ച് നാമവരോട് ഏറെ പറയേണ്ടി വരും. അയിത്തത്തെക്കുറിച്ചും ജാതീയ വിവേചനത്തെക്കുറിച്ചും പറയേണ്ടി വരും. ബഹുഭൂരിഭാഗം വരുന്ന അവർണ ജനത എങ്ങിനെ ചരിത്രത്തിൽ നിന്നും അധികാരത്തിൽ നിന്നും അദൃശ്യരായി എന്നു വിശദീകരിക്കേണ്ടി വരും. സോഷ്യൽ ക്യാപിറ്റൽ എന്ന വാക്കിന്റെ അർഥം നാം പഠിപ്പിച്ചു കൊടുക്കേണ്ടി വരും.
നാം ഊറ്റം കൊള്ളുന്ന ഈ ആർഷഭാരതത്തിൽ ഒരു ന്യൂനപക്ഷം വരുന്ന സവർണ വിഭാഗത്തിന്റെ കൈയ്യിലായിരുന്നു വിഭവങ്ങൾ മുഴുവൻ കേന്ദ്രീകരിച്ചിരുന്നത് എന്നും ലോകം മുഴുവൻ മതിക്കുന്ന കായികാധ്വാനത്തെ നിന്ദിക്കുന്ന ബ്രാഹ്മണ്യമായിരുന്നു ഇവിടെ ആധിപത്യം സ്ഥാപിച്ചിരുന്നത് എന്നും പറയേണ്ടി വരും. അപ്പോൾ മെറിറ്റ് എന്ന വാക്ക് സാമൂഹികവും ചരിത്രപരവുമായും അളക്കേണ്ട ഒന്നാണ് എന്നു നാം വിശദീകരിക്കേണ്ടിയും വരും. വളരെ ശ്രമപ്പെട്ട് ദളിത് പിന്നാക്ക വിദ്യാർഥികളെ അത് ബോധ്യപ്പെടുത്താൻ കഴിഞ്ഞേക്കും. അവരുടെ അനുഭവ പരിസരങ്ങളിലല്ലാത്ത സവർണ വിഭാഗത്തിലെ കുട്ടികൾക്ക് പെട്ടെന്നൊന്നും അത് ബോധ്യമാകണമെന്നില്ല. കുട്ടികളുടെ കാര്യത്തിൽ മാത്രമല്ല മുതിർന്നവരുടെ കാര്യത്തിൽ അതിലും ശ്രമകരമാണ്.
അതുകൊണ്ടാണ് നാം പല കാര്യത്തിലും വിവേകമുണ്ടെന്നു വിചാരിച്ചിരുന്ന മാർക്കണ്ഡേയ കട്ജു സംവരണം എടുത്തു കളയണമെന്നും ദളിതർ സവർണനോട് മൽസരിച്ചു ജയിക്കണമെന്നും പറയുന്നത്. ബാക്കിയെല്ലാം നോർമൽ ആയിരിക്കുമ്പോഴും ജാതിബോധം ഉറച്ചു പോയ സോഫ്റ്റ് വെയർ ചരിത്രത്തിനും സാമൂഹികബോധത്തിനും അനുസരിച്ച് പ്രവർത്തിക്കില്ല. അത്തരക്കാരോട് തമിഴ് ബ്രാഹ്മണർ മാത്രം അധികാരം കൈയാളിയ ഒരു കാലത്ത് ഇവിടുത്തെ മറ്റു സമുദായങ്ങൾക്ക് അധികാരത്തിൽ പങ്കാളിത്തത്തിനു വേണ്ടി നടത്തിയ സമരങ്ങളുടെ ചരിത്രം പറയണം. മണ്ഡൽ കമ്മീഷൻ വന്നില്ലെങ്കിൽ ഒരു പിന്നാക്കക്കാരനെയും അധികാരത്തിൽ പങ്കാളിയാക്കാൻ ഇവിടുത്തെ സവർണപക്ഷം സമ്മതിക്കുമായിരുന്നില്ല എന്നും പറയണം.
പക്ഷേ അവരത് കേൾക്കാൻ കൂട്ടാക്കില്ല. ഡോ. പൽപുവിന് തിരുവിതാം കൂറിൽ ജോലി കിട്ടിയില്ല, ഇന്ത്യ കണ്ട ഏറ്റവും പ്രഗത്ഭനായ രാഷ്ട്രപതി കെ.ആർ. നാരായണന് തിരുവിതാംകൂറിൽ ലക്ചറർ ജോലി കിട്ടിയില്ല, തുടങ്ങി അനേകം കാര്യങ്ങൾ നാം പറയേണ്ടതുണ്ട്. ഇതിനൊക്കെ നിയാമകമായി വർത്തിച്ചത് ജാതി മാത്രമാണെന്നും അവരറിയണം. ഇങ്ങേയറ്റം ഇത്തരം ചരിത്ര പശ്ചാത്തലങ്ങളെ ജൈവികമായി ഉൾക്കൊള്ളാനാവാത്ത ഒരു ശരാശരിക്കാരനായ കെ.എൻ. ഗണേഷ് എന്ന ചരിത്രാധ്യാപകന് എങ്ങിനെ ബുദ്ധിജീവിപ്പട്ടവും എം. കുഞ്ഞാമനെ പോലെ അസാധാരണ ധൈഷണിക വ്യക്തിത്വത്തിന് നാടുവിട്ടുപോകലും വിധിക്കപ്പെട്ടു എന്നും നാം പറയേണ്ടതുണ്ട്. ഇതൊക്കെ പറഞ്ഞാലും ജാതി പ്രവർത്തിക്കുന്ന വഴികൾ പലർക്കും മനസ്സിലാവണമെന്നില്ല.
കുട്ടികൾക്കാണെങ്കിൽ കുറച്ചൊക്കെ കാര്യം മനസ്സിലാവും. ജാതിയായിരുന്നു മെറിറ്റ് എന്ന അടിവരയിടേണ്ട സത്യം അവർ തിരിച്ചറിയും. പക്ഷേ 99 ശതമാനം പേരും ഇത്തരം കാര്യങ്ങൾ പറയാറുണ്ടോ ? ഇല്ല.
അപ്പോൾ ജാതീയമായി ബഹിഷ്ക്കരിക്കപ്പെട്ട സമൂഹം, തൊഴിൽ കൊണ്ട് വർണം നിശ്ചയിക്കപ്പെട്ട ജനത, ജന്മം കൊണ്ട് ഒരാളുടെ മെറിറ്റ് നിശ്ചയിക്കുന്ന സമൂഹം ലോകത്ത് മറ്റെവിടെയുമില്ലെന്ന് നാം പറയാറുണ്ടോ ? ഗാന്ധിജിയെക്കുറിച്ച് പറയുമ്പോൾ ദക്ഷിണാഫ്രിക്കയിൽ നിന്ന് ഏൽക്കേണ്ടി വന്ന മർദ്ദനങ്ങളെക്കുറിച്ച് പഠിക്കാറുണ്ട്. ഇന്ത്യയുടെ ഭരണഘടനാ ശില്പി, സമാനതകളില്ലാത്ത ധിഷണാശാലി, ഭീം റാവു അംബേദ്ക്കർ സ്വന്തം നാട്ടിൽ അനുഭവിക്കേണ്ടി വന്ന മർദ്ദനങ്ങളെക്കുറിച്ച് പഠിക്കാറുണ്ടോ ? തന്റെ ഗുരുവായ കെ.എൻ. രാജിനോട് താങ്കളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ ഞാൻ നോബൽ സമ്മാനം നേടിയേനെ എന്ന് എം. കുഞ്ഞാമൻ പറഞ്ഞത് എന്തർഥത്തിലാണ് എന്ന് കുട്ടികളോട് ആലോചിക്കാൻ പറഞ്ഞിട്ടുണ്ടോ ?
എങ്കിൽ അവർക്ക് പ്രിവിലീജ് എന്താണെന്നും അതെങ്ങിനെ പ്രവർത്തിക്കുന്നു എന്നും മനസ്സിലാക്കാൻ പറ്റിയേക്കും. അപ്പോൾ നാം പറയും ചരിത്രപരമായ കാരണങ്ങളാൽ അധികാരത്തിൽ നിന്ന് പുറന്തള്ളപ്പെട്ട ജനതയ്ക്ക്, മത്സരിക്കാൻ കഴിയാത്ത വിധം മുടന്തു ബാധിച്ച ഒരു ജനവിഭാഗത്തിന് അധികാരത്തിൽ പ്രാതിനിധ്യം ഉറപ്പാക്കാനുള്ള ഭരണഘടനാപരമായ ഉപാധിയാകുന്നു സംവരണം. അത് ഒന്നാമനെ തെരഞ്ഞെടുക്കാനുള്ള ഓട്ടമത്സരമല്ല. അവിടെ പൂർണ ആരോഗ്യവാൻ എന്ന പ്രിവിലീജ് ക്ലാസ്സും സാമൂഹിക പിന്നാക്കാവസ്ഥ എന്ന മുടന്തു ബാധിച്ചവരുമുണ്ട്. അവരെ കൂടി പരിഗണിക്കലാണ് സംവരണം.
ഈ പ്രാതിനിധ്യം അവർക്ക് ഗവൺമെന്റ് മേഖലകളിൽ മാത്രമേ ഉള്ളോ എന്നു നമുക്ക് ചോദിക്കാം. എയിഡഡ് മേഖലകളിൽ ഉണ്ടോ? അവിടെ ജാതിയും മതവുമാണ് മെറിറ്റ്. പണവും പ്രധാനമാണ്. ശരി, പണം കൊടുത്താൽ ഒരു ദളിതന് NSS അല്ലെങ്കിൽ SN കോളജിൽ ജോലി കൊടുക്കുമോ? കൂടുതൽ പണം കൊടുത്താൽ ? പോരാ റാങ്ക് നേടിയാൽ ? ഈ ചോദ്യങ്ങൾക്ക് ഉത്തരം എന്തായിരിക്കും എന്നു നമുക്കറിയാം.
എല്ലാ മേഖലകളിലും ജാതിയും മതവുമാണ് മെറിറ്റ്. അവർക്ക് ശമ്പളം കൊടുക്കുന്നത് സർക്കാരും. KSRTC ബസ്സിൽ മാത്രം സീറ്റ് സംവരണവും പ്രൈവറ്റ് ബസ്സ്, ടാക്സി, വാൻ തുടങ്ങി നൂറായിരം വാഹനങ്ങൾ അവർക്ക് അപ്രാപ്യമാണ്. ആകെ പത്തെഴുപതു വർഷമായതേയുള്ളു അവരിങ്ങനെ അപകർഷതയോടെ അധികാരത്തിന്റെ ഈ ബസ്സിൽ കയറാൻ തുടങ്ങിയിട്ട്.
സർക്കാർ മേഖലയിൽ ദളിതൻ അഥവാ പിന്നാക്കക്കാരൻ മാർക്ക് കുറവോടെ കടന്നു വരുന്നെങ്കിൽ സവർണർ ഉന്നയിക്കുന്ന വാദമെന്താണ് ? മെറിറ്റ് ഇല്ലാത്തവൻ കയറുന്നു. സ്വാശ്രയ കോളജുകളിൽ കോടികൾ കൊടുത്ത് വളരെ കുറഞ്ഞ മാർക്കോടെ കയറുന്ന മുന്നാക്കക്കാരനെക്കുറിച്ച് ഈ മെറിറ്റ് വാദം ഉയർത്താറുണ്ടോ ?
ഒരു കാര്യം ആലോചിക്കുക. കോടികളുടെ സമ്പത്തും സൗകര്യങ്ങളുമുണ്ടായിട്ടും പഠിക്കാൻ കഴിയാത്തവരെക്കുറിച്ചല്ല, ഏറ്റവും ദരിദ്രമായ പശ്ചാത്തലത്തിൽ നിന്ന് അല്പം മാർക്ക് കുറവോടെ കടന്നു വരുന്നവരെ മാത്രമാണ് സമൂഹം പരിഹസിക്കാറുള്ളത്. പ്രിവിലിജുകൾ പ്രവർത്തിക്കുന്ന സൂക്ഷ്മ വഴികളെക്കുറിച്ച് പഠിക്കാനേറെയുണ്ട്. അപ്പോൾ സോഷ്യൽ ക്യാപിറ്റലിന്റെ പ്രിവിലീജ് ഉള്ള ഒരാൾ നേടുന്ന 60 മാർക്കും അതില്ലാത്ത ഒരാൾ നേടുന്ന 40 മാർക്കും സാമൂഹിക നീതിയുടെ അടിസ്ഥാനത്തിൽ ഒരേ മെറിറ്റായി കണക്കാക്കുന്നതാണ് സംവരണം.
ഇവിടെ സമ്പത്ത് മാനദണ്ഡമേയല്ല. അത് വിശദമാക്കാൻ ഒരു ചരിത്ര സംഭവം പറയാം. സി. കേശവന്റെ ആത്മകഥയിലാണെന്നു തോന്നുന്നു. വളരെ സമ്പന്നനായ ഒരു ഈഴവ പ്രമാണി. അയാൾക്ക് കാറുണ്ട്. ഡ്രൈവർ നായരാണ്. അമ്പലത്തിനു മുന്നിലുള്ള വഴിയിലൂടെ പോകുമ്പോൾ മുതലാളി കാറിൽ നിന്നിറങ്ങി അമ്പലത്തിനു പിന്നിലൂടെ നടന്ന് അപ്പുറം ചെന്ന് വണ്ടിയിൽ കയറണം. അമ്പലത്തിനു മുന്നിലൂടെ വഴി നടക്കാനുള്ള അവകാശം അയാൾക്കില്ല. ഡ്രൈവറായ നായർക്ക് ഉള്ള പ്രിവിലീജ് സമ്പന്നനായ ഈഴവനില്ല. ഇതാണ് ജാതി പ്രവർത്തിക്കുന്ന വഴികൾ. ഇത് ഒരു വിദേശിക്ക് മനസ്സിലാവില്ല. ഇന്റർനാഷണലായി ചിന്തിക്കുന്ന രവിചന്ദ്രന്മാർക്കും മനസ്സിലാവില്ല. അത്തരക്കാർക്ക് 4+ 4 = 8 എന്ന മാത്തമാറ്റിക്കൽ യുക്തി മാത്രമേ അറിയൂ. നൂറു മീറ്റർ ഓട്ടത്തിൽ പിന്നാക്കക്കാരൻ 80 മീറ്റർ ഓടിയാൽ പോരേ എന്നൊക്കെയുള്ള വംശീയമായ തമാശകൾ ഈ സങ്കുചിത ശാസ്ത്രീയ ബോധത്തിൽ നിന്നു വരുന്നതാണ്.
ഇതേ പിന്നാക്കാവസ്ഥയെ സവർണ്ണ സംവരണക്കാർ തിരിച്ച് ഉപയോഗിക്കുന്നതാണ് നാമിപ്പോൾ കാണുന്നത്. പട്ടികജാതിക്കാരന്റെ
മാർക്കിനെക്കാൾ വളരെ പിന്നിലുള്ള മുന്നോക്ക സമുദായക്കാരൻ പ്രധാന സ്ഥാനങ്ങൾ കൈയടക്കുമ്പോൾ അവർ പറയുന്നു നോക്കൂ സവർണ സമുദായത്തിന്റെ പിന്നാക്കാവസ്ഥയുടെ തെളിവാണിതെന്ന്. എങ്ങിനെയുണ്ട് കാര്യങ്ങൾ.
തിരുവനന്തപുരം ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിൽ (CET) ഇക്കൊല്ലം പ്രവേശനം ലഭിച്ച അവസാനത്തെ ജനറൽ മെറിറ്റ് റാങ്ക് - 247. അവസാനത്തെ മുസ്‌ലിം റാങ്ക് - 399. അവസാനത്തെ ഈഴവ റാങ്ക് - 413. അവസാനത്തെ എൽ സി റാങ്ക് - 503. മുന്നാക്കസംവരണം റാങ്ക് - 632 ഇത് പിന്നാക്കാവസ്ഥക്ക് തെളിവാണോ? സാമൂഹികമായ എല്ലാ പ്രിവിലീജുകളും ഉള്ള ഒരു വ്യക്തിയുടെ പിന്നാക്കാവസ്ഥയും യാതൊരു സോഷ്യൽ ക്യാപിറ്റലും ഇല്ലാത്ത സമുദായങ്ങളുടെ പിന്നാക്കാവസ്ഥയും സംവരണതത്വങ്ങൾക്ക് മുന്നിൽ ഒരു പോലെയാണോ? നിങ്ങൾക്ക് എന്തു തോന്നുന്നു?
ഇത്രയും പറഞ്ഞാൽ പിന്നെയും മനസ്സിലാക്കാൻ തയ്യാറില്ലാത്തവർ ചോദിക്കും പിന്നാക്കക്കാരിലെ സമ്പന്നരല്ലേ ജോലിയിൽ കയറുന്നത്. ദരിദ്രരുണ്ടോ എന്ന്. അതിന് മറുപടി ഭരണഘടനയിൽ പറഞ്ഞിട്ടുണ്ട്. സംവരണം ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയല്ല എന്നാണത്. എല്ലാവർക്കും ജോലി കൊടുക്കേണ്ടത് ഗവണ്മെന്റിന്റെ ബാധ്യതയല്ല. പക്ഷേ ജനം ദാരിദ്ര്യത്തിലാണെങ്കിൽ അത് പരിഹരിക്കാൻ ക്ഷേമപദ്ധതികൾ ഒരുക്കേണ്ട ബാധ്യതയാണ് ഗവണ്മെന്റിനുള്ളത്.
ഗവണ്മെന്റ് ഭരണഘടനാനുസൃതമായി ഉറപ്പാക്കേണ്ടത് പിന്നാക്ക ജനവിഭാഗങ്ങൾക്ക് ഗവണ്മെന്റ് ജോലികളിൽ അഥവാ അധികാരത്തിൽ പ്രാതിനിധ്യം ഉറപ്പാക്കുക എന്നതാണ്. അപ്പോൾ ചോദ്യം വരും 10 കൊല്ലത്തേക്ക് എന്ന് വിഭാവന ചെയ്ത സംവരണം ഒരു നൂറ്റാണ്ടു കഴിഞ്ഞാലും തീരില്ലേ എന്ന്. സംവരണം കാര്യക്ഷമമായി നടപ്പാക്കിയിരുന്നെങ്കിൽ 5 കൊല്ലം വേണ്ടിയിരുന്നില്ല. നമ്മുടെ ബ്യൂറോക്രസി സവർണന്റെതാണ്. അടിമുടി. അതെങ്ങനെ പറയാൻ പറ്റും എന്നാവും അടുത്ത ചോദ്യം.
ഏറ്റവും നല്ല ഉദാഹരണം ഇപ്പോൾ കൊണ്ടു വന്ന സവർണ സംവരണത്തിൽ കാണാം. ഒരു കാര്യം ഏതൊക്കെയോ തലത്തിൽ തീരുമാനിക്കപ്പെടുന്നു. പിന്നീട് അത് നടത്തിച്ചെടുക്കുന്നതിനുള്ള പശ്ചാത്തല സംഗീതമുയരുന്നു. അഗ്രഹാരങ്ങളിലെ ദുരിതങ്ങളെക്കുറിച്ച് വിലാപങ്ങൾ. തുടർന്ന് ദേവസ്വം ബോർഡിൽ 6000 ത്തിൽ 5500 ഉം സവർണരായിരിക്കെ മുന്നോക്കക്കാരിലെ പിന്നാക്കക്കാർക്ക് 10% സംവരണം എന്ന ട്രെയിലർ നടപ്പാക്കുന്നു. പിന്നെ രണ്ടു നായന്മാരുടെ നേതൃത്വത്തിൽ ഒരു കമ്മറ്റി ഉണ്ടാക്കുന്നു.
അവർ സവർണ സമുദായത്തിന്റെ സവിശേഷമായ ദാരിദ്ര്യത്തെക്കുറിച്ച് പഠനം നടത്തുന്നു. കേന്ദ്രം നിയമം പാസാക്കുന്നു. ഓപ്പൺ മെറിറ്റിലെ 10% വരെയാവാം എന്ന നിർദ്ദേശം വെക്കുന്നു. അവിടെ പാസാക്കുമ്പോഴേക്കും കേരളത്തിൽ നടത്തിക്കാണിക്കുന്നു. ഓപ്പൺ മെറിറ്റിലെ 10% അഥവാ 5 എന്നത് മുഴുവൻ സീറ്റിന്റെ പത്തു ശതമാനമാക്കുന്നു. അഥവാ ഓപ്പൺ മെറിറ്റിന്റെ
20% ആവുന്നു സംവരണം. നടപടികൾക്ക് റോക്കറ്റ് വേഗമാണ്. കൊടിയേറ്റത്തിലെ ഗോപിയെപ്പോലെ ഭക്തർ എന്തൊരു സ്പീഡ് എന്ന് അതിശയപ്പെടുന്നു. ഇനി ദളിതന് 1% കൂട്ടണമെന്ന് ഒരു കമ്മറ്റി തീരുമാനിച്ചു എന്നു വെക്കുക. ബ്യൂറോക്രസി അത് നടപ്പിലാക്കാൻ എത്ര കാലമെടുക്കും എന്നോർക്കുക.
നരേന്ദ്രൻ കമീഷൻ, പാലോളി കമ്മറ്റി ഇവയൊക്കെ സർക്കാർ ജോലികളിലെ പിന്നാക്ക പ്രാതിനിധ്യത്തെക്കുറിച്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഒച്ചിന്റെവേഗം പോലുമുണ്ടോ ? ഇതുവരെ ആരെങ്കിലും പഠിച്ചോ ? തീർച്ചയായും പിന്നാക്ക സമുദായങ്ങൾ അനർഹമായ പ്രാതിനിധ്യം കൈയടക്കിയിട്ടുണ്ടെങ്കിൽ സംവരണം ഒഴിവാക്കണം എന്ന അഭിപ്രായക്കാരനാണ് ഞാൻ. പക്ഷേ എന്തു കൊണ്ട് അത് ചെയ്യുന്നില്ല.
ഇത് സവർണ സംവരണം എന്നു പറയുന്നതെന്തുകൊണ്ടാണ്? അത് പാവപ്പെട്ടവരല്ലേ എന്ന ചോദ്യം വരാം. നമ്മൾ അടിസ്ഥാന ഭരണഘടനാ തത്വത്തെ മറച്ചുവെച്ചു കൊണ്ടാണ് ഈ ചോദ്യം ചോദിക്കുന്നത്. സംവരണം ദാരിദ്ര്യ നിർമ്മാർജന പദ്ധതിയല്ല. അത് അധികാരത്തിലുള്ള പങ്കാളിത്തമാണ്. അവിടെ വെള്ളാപ്പള്ളിയുടെ മകനാണോ നാട്ടിലെ ചെത്തുകാരന്റെ മകനാണോ എന്നത് തല്ക്കാലം വലിയ പ്രശ്നമല്ല. ചെറിയ ഉദാഹരണം പറയാം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് പ്രാതിനിധ്യം വന്നത് സംവരണം കൊണ്ട് മാത്രമാണ്. അതും ശമ്പളമുള്ള തൊഴിലാണ്. അധികാരവും. അവിടെ പാവപ്പെട്ട സ്ത്രീകൾക്ക് സംവരണം വേണം എന്നു പറയും പോലെയാണിത്. അഥവാ തൊഴിലിൽ പിന്നാക്കക്കാരിൽ ദരിദ്രർക്ക് സംവരണം വേണമെങ്കിൽ ഭാവിയിൽ ആ സമുദായത്തിലുള്ളവർ ഉന്നയിക്കട്ടെ, പരിഹരിക്കട്ടെ. നിങ്ങൾ അതിർ വേവലാതിപ്പെടേണ്ട അവരുടെ തന്ത ചമയേണ്ട എന്നേ അതിനു മറുപടി പറയാനുള്ളു.
അപ്പോൾ സാമ്പത്തിക സംവരണമെന്നത് ഭരണഘടന സംവരണത്തിലൂടെ വിഭാവനം ചെയ്യുന്ന സാമൂഹിക നീതിക്കു തുരങ്കം വെക്കലാണ്. മുസ്ലിങ്ങളോടെന്ന പോലെ പ്രത്യക്ഷമായല്ലെങ്കിലും സംഘപരിവാർ അഥവാ അതിന്റെ ബ്രാഹ്മണ്യ പ്രത്യയശാസ്ത്രം അകമെ വെറുക്കുന്നവരാണ് ദളിതുകളും പിന്നാക്കക്കാരും. അവർ അധികാരത്തിലേക്ക് കടന്നു വരുന്നതിനെ അവർ തുരങ്കം വെച്ചതെങ്ങിനെയെന്നു നമുക്കറിയാം.
ഇന്ത്യയിൽ പിന്നാക്കക്കാർക്ക് അധികാരത്തിൽ മുന്നോക്കക്കാരനായ വി.പി. സിങ്ങിന്റെ മണ്ഡൽ കമ്മിഷനാണ്. ഇപ്പോൾ ചെറിയ ശതമാനം വരുന്ന മുന്നോക്കക്കാരന് അനർഹമായ പ്രാതിനിധ്യം നൽകി സാമൂഹിക നീതിയെ അട്ടിമറിക്കുകയാണ് സംഘപരിവാർ ചെയ്യുന്നത്. അതേ തെറ്റ് ഇവിടെയും ആവർത്തിക്കുന്നു. സാമ്പത്തിക സംവരണം തന്നെ സംവരണ തത്വങ്ങൾക്ക് വിരുദ്ധമാണ്. ഏറ്റവും ലളിതമായ ഒരു ചോദ്യം നാമവരോട് ചോദിക്കുക. സാമ്പത്തിക സംവരണം ആണ് കൊണ്ടു വരുന്നതെങ്കിൽ ആ സംവരണത്തിൽ എല്ലാവരും ഉൾപ്പെടേണ്ടേ? സാമ്പത്തികാവസ്ഥ ഒരു സ്ഥിര നിലയാണോ? സവർണനു മാത്രമായി ഒരു സവിശേഷ ദാരിദ്യമുണ്ടോ ? അങ്ങിനെ ചോദിച്ചാൽ അവർ പറയും നിങ്ങൾക്ക് മറ്റു സംവരണമില്ലേ?
അത് സാമ്പത്തികമല്ല, സാമൂഹിക നീതി ഉറപ്പാക്കാനാണ് എന്ന് നമുക്കൊരിക്കലും അവരെ ബോധ്യപ്പെടുത്താനാവില്ല. അവിടെ ഒരു തരം കട്ജു സോഫ്റ്റ് വെയറാണ് പ്രവർത്തിക്കുന്നത്.
ഈ സോഫ്റ്റ് വെയർ പൊതുവെ മുന്നോക്കക്കാരിൽ പലരിലുമുണ്ട്. അങ്ങിനെയല്ലാത്തവരെ, സാമൂഹിക പിന്നാക്കാവസ്ഥ മനസ്സിലാക്കിയവരെ സോഷ്യൽ മീഡിയയിൽ നമുക്ക് കാണാൻ പറ്റും. സണ്ണി എം. കപിക്കാടിന്റെ
ഹിറ്റായ വാക്യങ്ങൾ അവർ ഷെയർ ചെയ്യുന്നത് സ്വന്തം പ്രിവിലീജിനപ്പുറം ഒരു ജനതയോട് അവർ ഐക്യപ്പെടുന്നതു കൊണ്ടാണ്.
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള പല കാര്യങ്ങളിലും ധീരനായിരുന്നുവെങ്കിലും സംവരണത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത് കഴുതയെയും കുതിരയെയും ഒന്നിച്ചു കെട്ടുന്നതു പോലെ എന്നാണ്. ഇ.എം.എസിന് ആശാൻ ബ്രിട്ടീഷുകാരുടെ പാദസേവകനായിരുന്നു. അത്തരം ആഖ്യാനങ്ങളാണ് ഞാനും മുമ്പ് വിശ്വസിച്ചത്. ജീവിതപരിസരങ്ങൾ കൂടിയാണ് നമ്മുടെ കാഴ്ചപ്പാടുകളെ നിർണയിക്കുന്നത്. വള്ളത്തോളിന് ഭാരതത്തിന്റെ അടിമത്തം വലിയ വേദനയായി. പക്ഷേ ആശാനെ സംബന്ധിച്ച് ബ്രിട്ടീഷുകാരാണ് വഴി നടക്കാനുള്ള സ്വാതന്ത്ര്യം നൽകിയത്. തൊടാവുന്ന മനുഷ്യനായി കണ്ടത്.
തീണ്ടൊല്ല തൊടൊല്ലെന്നു
തങ്ങൾ തങ്ങളിൽ മൗഢ്യം പൂണ്ടാട്ടിയോടിക്കുന്ന ഘോഷമെന്നോളം നിൽക്കും അന്നോളം ശ്രവിക്കാനാ-
മാർഷധർമ്മത്തിൻ ഗാന -
മന്നോളം തിരിച്ചെത്താ-
ഭ്രഷ്ടർ നാം സ്വരാജ്യത്തിൽ
സ്വന്തം നാട്ടിൽ തീണ്ടാപ്പാടകലെ നിൽക്കേണ്ടിവരുന്ന ആർഷ ധർമ്മത്തെ ആശാന് ഉൾക്കൊള്ളാൻ കഴിയുമായിരുന്നോ?. ഇതുവെച്ച് വേണം ബ്രിട്ടീഷുകാരാണ് നമുക്ക് സന്യാസം തന്നത് എന്ന ഗുരുവാക്യം വായിക്കാൻ. സംഘപരിവാറിന്റെ , ബ്രാഹ്മണ്യത്തിന്റെ പ്രത്യയശാസ്ത്രത്തിൽ അവർണൻ സന്യാസം പോയിട്ട് അക്ഷരം പോലും പിക്കാൻ പാടില്ല.
ഇത്തരം മനോവൈകല്യം ഇന്നും പലരും വെച്ചു പുലർത്തുന്നുണ്ട്.
അവർക്ക് സ്വന്തം ജാതിക്കപ്പുറം മറ്റുള്ളവരുടെ ദൈന്യതകൾ കാണാൻ കഴിയില്ല. കണ്ടാൽ തന്നെ അത് ആ സമുദായത്തിന്റെ സ്വാഭാവികതയായി തോന്നുന്ന സോഫ്റ്റ് വെയറാണവർക്ക്. ചെരുപ്പുകുത്തിക്ക് തൊഴിലില്ലേ? തെങ്ങുകയറ്റം തൊഴിലല്ലേ എന്നിങ്ങനെ. സവർണന്റെ ദാരിദ്ര്യം അളക്കാനുള്ള മാനദണ്ഡം കോർപറേഷൻ പരിധിയിൽ 50 സെൻറും മറ്റിടങ്ങളിൽ 2 ഏക്കറുമാണല്ലോ എന്നു പാവം പിടിച്ച നിങ്ങൾ ചോദിച്ചു എന്നു വിചാരിക്കുക. ഭൂമിയെ വെറും കച്ചവട വസ്തുവായി കാണുന്ന നിങ്ങളുടെ മനോഭാവമാണ് മാറേണ്ടത് സഹോദരാ എന്നു വിശദീകരണം.
എന്ത് ഡാറ്റയുടെ അടിസ്ഥാനത്തിലാണ് മുന്നോക്കക്കാരിലെ പിന്നാക്കക്കാർക്ക് ഭീമമായ ശതമാനം സംവരണം നൽകിയത് എന്ന് ചോദിച്ചു പോയാലോ, അതിൽ വേണമെങ്കിൽ ചർച്ചയാവാം എന്ന് ഉദാരത കാണിക്കും. അവർക്കും നമ്മൾക്കുമറിയാം രായ്ക്കുരാമാനം ഇംപ്ലിമെന്റ് ചെയ്ത ഈ സവർണ പ്രീണനത്തിൽ ഇനി ഒന്നും ചെയ്യാനില്ലെന്ന്. പക്ഷേ ഇത്തരം അനീതികൾ ചൂണ്ടിക്കാട്ടുന്നവരെ വർഗീയവാദിയാക്കാൻ അവർക്ക് കഴിയും. അതാണിപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത്.
അവസാനമായി നമ്മുടെ പൊതുബോധം രൂപപ്പെടുന്നതിൽ ചില ആഖ്യാനങ്ങൾക്ക് വലിയ പങ്കുണ്ട് എന്ന കാര്യം സൂചിപ്പിക്കട്ടെ. സംവരണം കൊണ്ടാണ് സവർണർ ദരിദ്രരായത് എന്നത് അത്തരത്തിലൊന്നാണ്. അഗ്രഹാരത്തിലെ സ്ത്രീകൾ അച്ചാറു വിറ്റു ജീവിക്കുന്നു എന്നത്, റേഷൻ കടയിൽ നമ്പൂതിരി ക്യൂ നിൽക്കേണ്ടി വരുന്നു എന്നത്, ഓട്ടോ ഓടിക്കേണ്ടി വരുന്നു എന്നത് നമ്മുടെ പൊതുബോധത്തിൽ വലിയ തെറ്റായി അടയാളപ്പെടുത്തുന്നു. പിന്നാക്ക സമുദായക്കാരാണ് അത്തരം തൊഴിൽ ചെയ്യാൻ ബാധ്യതപ്പെട്ടവർ എന്ന പൊതുബോധത്തിന് അവർ തന്നെ കീഴ്പ്പെടുന്നു. അതുകൊണ്ടാണ് ഒരു ഈഴവന് അഗ്രഹാരത്തിലെ പട്ടിണി വേദനാകരവും തന്റെ
ഇല്ലായ്മ സ്വാഭാവികവുമായി തോന്നുന്നത്. ഈ ആഖ്യാനങ്ങൾക്ക് യാഥാർഥ്യത്തിന്റെ ഒരു പിൻബലവുമുണ്ടാകാറില്ല.
കേരളത്തിൽ നടപ്പിലാക്കിയ ഭൂപരിഷ്കരണം മൂലം ഭൂരഹിതരായ ജന്മി/സവർണ്ണ കുടുംബത്തെ ആരെയെങ്കിലും നിങ്ങൾക്ക് കാണിച്ചു തരാൻ കഴിയുമോ? ഇല്ല. പ്രിയദർശന്റെയും മറ്റും സിനിമകളല്ലാതെ മറ്റെന്തെങ്കിലും പഠനങ്ങൾ വന്നിട്ടുണ്ടോ? ഈ ഒരു ശതമാനം പോലുമില്ലാത്ത ബ്രാഹ്മണസമൂഹത്തിന്റെ
ദയനീയ ചിത്രങ്ങൾക്കു പിന്നിൽ നിന്ന് യഥാർഥ നേട്ടം കൊയ്യുന്നതാരാണ്?
സർക്കാർ ഖജനാവിൽ നിന്നും ശമ്പളം നൽകുന്ന സർക്കാർ, ബോർഡ്, കമ്മീഷൻ, എയിഡഡ് കോളേജുകളിലെ ഉദ്യോഗസ്ഥരുടെ ജാതി തിരിച്ചുള്ള പ്രാതിനിധ്യ കണക്കു പുറത്തു വിടാൻ തയ്യാറുണ്ടോ എന്ന് നിങ്ങൾ വെല്ലു വിളിച്ചു നോക്ക്. മിണ്ടില്ല. ദളിതർ ഒരു ശതമാനം പോലുമുണ്ടാവില്ല എന്ന് ഞാൻ വെല്ലുവിളിക്കാം. അപ്പോൾ നമ്മൾ നേരത്തേ പറഞ്ഞ അധികാരത്തിന്റെ പല മേഖലകളിലുള്ള വാഹനങ്ങളിലെ സീറ്റുകൾ മുഴുവൻ കൈയടക്കി മിക്കവാറും ദുർബലമായി ഓടിക്കൊണ്ടിരിക്കുന്ന KSRTC ബസ്സിലെ പൊതു സീറ്റുകളിൽ കാൽ ഭാഗത്തോളം ദാരിദ്ര്യത്തെ അടിസ്ഥാനമാക്കി സവർണ്ണരിലെ പിന്നാക്കക്കാരെന്ന പുതിയ ഒരു വർഗത്തെ വിഭാവനം ചെയ്ത് അവിടെ പിടിച്ചിരുത്തിയിട്ട് അവർ ചോദിക്കുന്നു നിങ്ങൾക്ക് നഷ്ടമൊന്നും പറ്റിയില്ലല്ലോ എന്ന്. പിന്നാക്ക സമുദായങ്ങളേ നിങ്ങൾക്ക് പൊതു ഇടമില്ല എന്നാണ് അവർ പറഞ്ഞു കൊണ്ടിരിക്കുന്നു. ആ 'അവർ ' രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളെല്ലാം മറികടന്ന് ഒരൊറ്റ ശരീരമായി മാറിയിരിക്കുന്നു എന്നതാണ് സമകാല ദുരന്തം.