കെ. വേണുവിന്റെ ജനാധിപത്യ അന്വേഷണങ്ങൾ - 11
▮
പി.സി. ഉണ്ണിച്ചെക്കൻ
എം.ജി.ശശി: വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ കാലത്ത് യു.സി എന്ന പി.സി. ഉണ്ണിച്ചെക്കനാണ് ഞങ്ങളുമായി ഏറ്റവുമടുത്ത് ഇടപഴകി പ്രവർത്തിച്ചിരുന്നത്. സി.പി.ഐ (എം.എൽ) റെഡ് ഫ്ലാഗിന്റെ സംസ്ഥാന സെക്രട്ടറിയായ, യു.സി എന്ന പി.സി.ഉണ്ണിച്ചെക്കനെക്കുറിച്ച്...
കെ. വേണു: തൃശൂരിൽ എം.എൽ പ്രസ്ഥാനത്തിൽ സജീവമായി പ്രവർത്തിച്ചിരുന്ന സഖാവായിരുന്നു ഉണ്ണിച്ചെക്കൻ. സായുധ സമരത്തിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി നാടൻ തോക്കു നിർമ്മാണവും ബോംബു നിർമ്മാണവും പലയിടത്തും നടക്കുന്നുണ്ടായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ഒരു ദിവസം ബോംബുകൾ സഞ്ചിയിലാക്കി തോളിൽ തൂക്കി കനാൽവരമ്പിലൂടെ നടന്നു പോകുമ്പോൾ പോലീസെത്തിയതറിഞ്ഞ് ഉണ്ണിച്ചെക്കൻ രക്ഷപ്പെടാൻ ശ്രമിച്ചു. പക്ഷേ, കാൽതട്ടി വീഴുകയും ബോംബുകൾ പൊട്ടിത്തെറിച്ച് വലതു കൈപ്പത്തി പൂർണ്ണമായും അറ്റുപോവുകയും ചെയ്തു. മറ്റു പരിക്കുകളൊന്നും ഗുരുതരമായിരുന്നില്ല. ഒരു കൈപ്പത്തി നഷ്ടപ്പെട്ട അവസ്ഥയിൽത്തന്നെ ഉണ്ണിച്ചെക്കൻ കൂടുതൽ സജീവമായി പാർട്ടി പ്രവർത്തന രംഗത്ത് തുടരുകയും ചെയ്തു. പാർട്ടിയിൽ ചേരിതിരിവുണ്ടാവുകയും പിളർപ്പിലേക്ക് നീങ്ങുകയും ചെയ്തപ്പോൾ ഉണ്ണിച്ചെക്കൻ റെഡ് ഫ്ലാഗ് ഗ്രൂപ്പിനൊപ്പമായിരുന്നു. പിന്നീട് ആ ഗ്രൂപ്പിന്റെ സ്റ്റേറ്റ് സെക്രട്ടറിയായി.
▮
ജയകുമാർ
ശാന്താലയം ജയകുമാർ എന്ന പേരിൽ കഥകളെഴുതിയിരുന്ന എം.എസ് ജയകുമാർ. 'നിന്റെ പ്രവർത്തന മണ്ഡലം കലാ-സാംസ്കാരിക-നാടക മേഖലകളാണ്, രാഷ്ടീയമല്ല' എന്ന് ജയകുമാർ വളരെ മുമ്പുതന്നെ എന്നോട് പറയാറുണ്ട്. 2024 ഒക്ടോബർ 2-ന് ജോയ് അനുസ്മരണത്തിന് കൊടുങ്ങല്ലൂരിൽ കണ്ടപ്പോൾ പണ്ട് പറഞ്ഞ ഇക്കാര്യം തമ്മിൽ വീണ്ടും ഓർത്തു. ജയകുമാറിനെക്കുറിച്ച്...
‘ജോയോർമ്മക്ക്’ എനിക്ക് എത്താനായില്ല. എന്റെ ചേട്ടൻ രാജന്റെ (നേരത്തേ മരിച്ചു) ഭാര്യ അന്ന് പുലർച്ചെയാണ് അന്തരിച്ചത്. 'ഭഗവത് ഗീത ഇരുപതാം നൂറ്റാണ്ടിൽ' എഴുതുന്ന കാലത്ത് എഴുത്തിന് സഹായം ചെയ്തുകൊണ്ട് കൂടെയുണ്ടായിട്ടുണ്ട് ചേട്ടത്തിയമ്മ. കോഴിക്കോട് അവരുടെ വീട്ടിൽ വെച്ചാണ് ഞാനത് എഴുതിയത്.
ഇപ്പോൾ റെഡ് ഫ്ലാഗ് വിഭാഗത്തിന്റെ അഖിലേന്ത്യാ സെക്രട്ടറിയായ ജയകുമാറിനെക്കുറിച്ച്- തിരുവനന്തപുരം ജയിലിൽ നിന്ന് 1975-ൽ ഞാൻ പുറത്തുവരുമ്പോൾ ടി.എൻ. ജോയിയുടെ മുൻകയ്യിൽ സംസ്ഥാനതലത്തിൽ ഒരു സംഘടനാ സംവിധാനമുണ്ടായിരുന്ന കാര്യം നേരത്തെ പറഞ്ഞിട്ടുണ്ട്. എറണാകുളം, തൃശൂർ ജില്ലകളിൽ സജീവമായി പ്രവർത്തിക്കുന്ന ജില്ലാ കമ്മിറ്റികളുണ്ടായിരുന്നു. എറണാകുളം ജില്ലയിലെ സജീവ അംഗമായിരുന്ന ജയകുമാർ ഞാൻ ജയിലിൽനിന്ന് വരുന്നത് കാത്തിരുന്ന സഖാക്കളിൽ ഒരാളായിരുന്നു.
ഭാഷാ-ദേശീയ പ്രസ്ഥാനങ്ങളെ അനുകൂലിക്കുന്ന നിലപാട് പാർട്ടിയുടെ കേന്ദ്ര നേതൃത്വം സ്വീകരിച്ചപ്പോൾ അത് വിഘടനവാദമാണെന്നു പറഞ്ഞ് എതിർക്കുന്ന സോമശേഖരന്റെ നിലപാട് തന്നെയായിരുന്നു ജയകുമാറിനും.
അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിനുശേഷം തൃശൂർ ജില്ലയിൽ പോലീസ് സ്റ്റേഷൻ ആക്രമണവും എറണാകുളം ജില്ലയിൽ ജന്മിക്കെതിരായ ആക്രമണവും നടത്താൻ തീരുമാനിച്ചതനുസരിച്ച്, എറണാകുളം ജില്ലയിലെ കുമ്പളം ഗ്രാമത്തിൽ നടത്തിയ ആക്രമണത്തിൽ ജയകുമാർ പങ്കെടുത്തിരുന്നു. അറസ്റ്റും അടിയന്തരാവസ്ഥയിലെ ജയിൽ വാസവുമെല്ലാം കഴിഞ്ഞ് പുറത്തുവന്നതിനുശേഷം, പിന്നീടും പാർട്ടി പ്രവർത്തനത്തിൽ ജയകുമാർ സജീവമായി തുടർന്നു. പഴയ നിലപാട് കയ്യൊഴിയാതെ തന്നെ, എന്നാൽ അതിൽ ഊന്നൽ കൊടുക്കാതെ, ട്രേഡ് യൂണിയനുകൾ ഉൾപ്പെടെ ബഹുജന സംഘടനകൾ കെട്ടിപ്പടുക്കുന്നതിലും പരസ്യ പ്രവർത്തനങ്ങൾ നടത്തുന്നതിലും കേന്ദ്രീകരിക്കാനാണ് സംസ്ഥാന കമ്മിറ്റിയിലെ ഭൂരിപക്ഷം തീരുമാനിച്ചത്. എന്നാൽ രഹസ്യ പ്രവർത്തനത്തിലും ജനശത്രുക്കളെ ഉന്മൂലനം ചെയ്യുന്നതിലും കേന്ദ്രീകരിക്കണമെന്നും പരസ്യ-പൊതുപ്രവർത്തനങ്ങൾ പാടില്ലെന്നുമുള്ള നിലപാടിനുവേണ്ടി സോമശേഖരനൊപ്പം വാദിക്കുകയാണ് ജയകുമാർ ചെയ്തത്. വയനാട്ടിൽ കേന്ദ്രീകരിച്ച് പ്രവർത്തിച്ച ജയകുമാർ ഒരു ജനശത്രുവിനെതിരെ ജനങ്ങളെ കൂട്ടി പരസ്യമായി ആവർത്തിച്ച് ജനകീയ വിചാരണ നടത്തുകയും, വധശിക്ഷ വിധിച്ചശേഷം അയാളെ ഉന്മൂലനം ചെയ്യുന്ന നടപടിയിലേക്ക് നീങ്ങുകയുമുണ്ടായി.
ഭാഷാ-ദേശീയ പ്രസ്ഥാനങ്ങളെ അനുകൂലിക്കുന്ന നിലപാട് പാർട്ടിയുടെ കേന്ദ്ര നേതൃത്വം സ്വീകരിച്ചപ്പോൾ അത് വിഘടനവാദമാണെന്നു പറഞ്ഞ് എതിർക്കുന്ന സോമശേഖരന്റെ നിലപാട് തന്നെയായിരുന്നു ജയകുമാറിനും. റെഡ് ഫ്ലാഗ് ഗ്രൂപ്പ് സംഘടിപ്പിക്കുന്നതിലും ജയകുമാർ മുന്നിലുണ്ടായിരുന്നു. ആ ഗ്രൂപ്പ് പിന്നീട് സി.പി.എം നിലപാടിലേക്കെത്തുകയാണ് ചെയ്തത്.
മാർക്സിസ്റ്റ് വിരുദ്ധമായ 'മാർക്കറ്റ് ഫെറ്റിഷിസം' എന്ന നിലപാടിലാണ്, ദേശീയതകളുടെ പ്രശ്നത്തിൽ കേവി നില്ക്കുന്നതെന്ന സൈദ്ധാന്തിക വിമർശനം ജയകുമാർ ഉന്നയിച്ചിരുന്നല്ലോ. അതുപോലെ തന്നെ പരിമിത ജനാധിപത്യത്തെയും കപട ജനാധിപത്യത്തെയും കുറിച്ചുള്ള നിലപാടുകൾ. നിലനില്ക്കുന്ന പരിമിത ജനാധിപത്യത്തെ ഉപയോഗപ്പെടുത്തേണ്ടതുണ്ട് എന്നായിരുന്നല്ലോ റെഡ് ഫ്ലാഗ് വിഭാഗത്തിന്റെ നിലപാട്...
ഈ രണ്ടു നിലപാടുകൾ പിന്നീട് വിശദമായിത്തന്നെ വിശകലനം ചെയ്യാനായി മാറ്റിവെക്കാം. രാഷ്ട്രീയമായി ഒട്ടും യോജിപ്പില്ലാത്തപ്പോഴും ജയകുമാറുമായുളള വ്യക്തിപരമായ ബന്ധം വലിയ ഇഴയടുപ്പത്തോടെ അല്ലെങ്കിലും നിലനിന്നു പോന്നിരുന്നു. മൂന്നാല് വർഷങ്ങൾക്ക് മുമ്പ്, അടുത്തിടെ അന്തരിച്ച വയനാട്ടിലെ വാളാട് കൃഷ്ണേട്ടൻ എന്നെ കാണണമെന്ന് താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട് എന്ന് ജയകുമാർ പറയുകയുണ്ടായി. പോകാമെന്ന് ഞാൻ സമ്മതിക്കുകയും ചെയ്തു. നിശ്ചയിച്ച പ്രകാരം ബസിൽ ഞങ്ങൾ രണ്ടു പേരും വയനാട്ടിലേക്ക് പുറപ്പെട്ടു. ചെറിയൊരു ദൂരം ഓട്ടോയും പിടിച്ച് കൃഷ്ണേട്ടന്റെ വീട്ടിലെത്തി, ഒരു ദിവസം അവിടെ താമസിച്ചു. ആദ്യം ജയിലിൽ നിന്ന് വന്ന കാലത്ത് ആ വീട്ടിൽ രണ്ടാഴ്ച്ച താമസിച്ചതിന്റെ ഓർമ്മകൾ പുതുക്കിയത് നല്ലൊരു അനുഭവമായിരുന്നു. തിരിച്ച് നാട്ടിൽ എത്തുന്നതുവരെയും ജയകുമാർ കൂടെ ഉണ്ടായിരുന്നു.
▮
കെ.എൻ. രാമചന്ദ്രൻ
അഖിലേന്ത്യാ തലത്തിൽ പാർട്ടി കെട്ടിപ്പടുക്കാൻ ഏറെ മുൻകയ്യെടുത്ത കെ.എൻ.രാമചന്ദ്രൻ...
തിരുവനന്തപുരത്ത് എഞ്ചിനീയറിംഗ് കോളേജിൽ വിദ്യാർത്ഥി ആയിരിക്കുമ്പോൾത്തന്നെ രാമചന്ദ്രൻ കമ്യൂണിസ്റ്റ് ബന്ധമുള്ള വിദ്യാർത്ഥി സംഘടനയിൽ സജീവമായിരുന്നു. കേന്ദ്രസർക്കാരിന് കീഴിൽ ഉത്തരേന്ത്യയിൽ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു. ചാരുമജുംദാർ പോലീസ് കസ്റ്റഡിയിൽ മരിച്ച വാർത്തയറിഞ്ഞ്, അദ്ദേഹം ജോലി രാജിവെച്ച് പ്രവർത്തന താല്പര്യത്തോടെ കേരളത്തിലെത്തി പാലായിൽ ജനതാ ബുക്സ്റ്റാൾ തുടങ്ങി. കൂടാതെ, അക്കാലത്ത് ലോകപ്രസിദ്ധനായിരുന്ന അമേരിക്കൻ എഴുത്തുകാരൻ എഡ്ഗാർ സ്നോയുടെ 'Red Star Over China' എന്ന പുസ്തകം മലയാളത്തിൽ തർജ്ജമ ചെയ്ത് പ്രസിദ്ധീകരിക്കുകയും ചെയ്തു. 'ചൈനയ്ക്ക് മേൽ ചുവപ്പു താരം' എന്നതായിരുന്നു പുസ്തകത്തിന്റെ മലയാളം പേര്. ഈ പുസ്തകം വായിച്ചിട്ട് ടി.എൻ. ജോയ് രാമചന്ദ്രനെക്കണ്ട് സംഘടന കെട്ടിപ്പടുക്കാനായി നടത്തുന്ന ശ്രമങ്ങളെ കുറിച്ച് പറഞ്ഞു. അതിന് സഹായകമായി നക്സലൈറ്റ് രാഷ്ട്രീയം പ്രചരിപ്പിക്കുന്ന ആനുകാലിക പ്രസിദ്ധീകരണം ആരംഭിക്കാൻ തീരുമാനിച്ചു. 'കോമ്രേഡ്' തുടങ്ങുന്നത് അങ്ങനെയാണ് - മാസികയായും വാരികയായുമൊക്കെ.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ പ്രസിദ്ധീകരണമൊന്നും സാദ്ധ്യമല്ലാതായി. അറസ്റ്റു ചെയ്യപ്പെടാതിരിക്കാൻ കെ.എൻ ഒളിവിൽ പോകണമെന്ന് പാർട്ടി നിർദ്ദേശിച്ചു. ആളെ പാർട്ടി സംസ്ഥാന കമ്മിറ്റിയിലേക്ക് എടുക്കുകയും ചെയ്തു. പാർട്ടി തീരുമാനപ്രകാരം കൊല്ലത്ത് നടന്ന ഒരു ആക്രമണത്തിന്റെ ഉത്തരവാദിത്വം രാമചന്ദ്രനായിരുന്നു. അത് പരാജയപ്പെട്ടു. താമസിയാതെ കെ.എൻ അറസ്റ്റു ചെയ്യപ്പെടുകയും ചെയ്തു. പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ഞങ്ങൾ നാലുപേർ നടത്തിയ പരാജയപ്പെട്ട ശ്രമത്തിൽ രാമചന്ദ്രനുമുണ്ടായിരുന്നു. രക്ഷപ്പെട്ട് പുറത്തുപോയി പ്രവർത്തിക്കണമെന്ന് യഥാർത്ഥത്തിൽ താല്പര്യമുള്ള ആളായിരുന്നു രാമചന്ദ്രൻ.
അടിയന്തരാവസ്ഥ പിൻവലിക്കപ്പെട്ടപ്പോൾ പാർട്ടി തീരുമാനപ്രകാരം കെ.എൻ സുപ്രീം കോടതിയിൽ കേസ് സ്വയം വാദിക്കുകയും ജാമ്യമെടുക്കുകയും ചെയ്തു. അതോടൊപ്പം അഖിലേന്ത്യാ തലത്തിൽ ഓടിനടന്ന് പാർട്ടി കെട്ടിപ്പടുക്കുന്നുമുണ്ടായിരുന്നു. അതിലെല്ലാം സമർത്ഥനുമായിരുന്നു. അടിയന്തരാവസ്ഥയ്ക്ക് ശേഷം ഞങ്ങളെല്ലാവരും പുറത്തുവന്നപ്പോൾ അഖിലേന്ത്യാ തലത്തിൽ പ്രസ്ഥാനത്തിന് അടിത്തറയായിക്കഴിഞ്ഞിരുന്നു. പിന്നീട് പ്രസ്ഥാനത്തിൽ ആശയപരമായ ചേരിതിരിവുണ്ടായപ്പോൾ കെ.എൻ, സോമശേഖരൻ്റേയും ജയകുമാറിൻ്റേയും കൂടെയായിരുന്നു. രാമചന്ദ്രനെ മുൻനിർത്തിയാണ് റെഡ് ഫ്ലാഗ് പാർട്ടി പ്രവർത്തനമാരംഭിച്ചത്.
കേവിക്കെതിരായി വ്യക്തിപരമായിപ്പോലും കെ.എൻ വിമർശനം ഉയർത്തിയല്ലോ...
രാമചന്ദ്രന്റെ ആത്മകഥാ സ്വഭാവമുള്ള ഒരു പാർട്ടി ചരിത്ര പുസ്തകം ഇംഗ്ലീഷിലും മലയാളത്തിലുമായി അടുത്ത കാലത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിന്റെ ആദ്യഭാഗത്ത് കേരളത്തിലെ കാര്യങ്ങൾ പറയുന്ന ഭാഗത്ത് എന്നെക്കുറിച്ച് തികച്ചും വസ്തുതാവിരുദ്ധമായ ആരോപണങ്ങൾ രാമചന്ദ്രൻ ഉന്നയിക്കുന്നുണ്ട്. ഞാനാണ് പ്രസ്ഥാനത്തെ തകർത്തതെന്നും ആരോപിക്കുന്നുണ്ട്. റെഡ് ഫ്ലാഗ് വേദികളിൽ രാമചന്ദ്രനും കൂട്ടരും പ്രചരിപ്പിച്ച് നടന്നത് നക്സലൈറ്റ് പ്രസ്ഥാനത്തിൽ ഞാൻ ഒന്നുമല്ലെന്നാണ്. അങ്ങനെ (ഒന്നുമല്ലാത്ത) ഒരാൾക്ക് പ്രസ്ഥാനത്തെ തകർക്കാൻ കഴിയുന്നതെങ്ങിനെയാണ്? കൗതുകകരമാണ് ഇത്തരം വാദങ്ങൾ. അതിനെക്കുറിച്ച് കൂടുതൽ പറയേണ്ട ആവശ്യമില്ല.
▮
ഫിലിപ്പ്. എം. പ്രസാദ്
സായി ഭക്തനായി മാറിയ വിപ്ലവകാരി…
ഇന്നത്തെ എസ്.എഫ്.ഐയുടെ സ്ഥാനത്ത് 1960-കളുടെ രണ്ടാം പകുതിയിൽ ഉണ്ടായിരുന്നത് കെ.എസ്.എഫ് ആണ്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ പഠിച്ചിരുന്ന ഫിലിപ്പ്. എം. പ്രസാദ് അവിടുത്തെ പ്രധാനപ്പെട്ട കെ.എസ്.എഫ് നേതാവായിരുന്നു. സോവിയറ്റ്- ചൈനീസ് സംവാദം നടന്നുകൊണ്ടിരുന്ന ആ കാലത്ത് ചൈനീസ് രേഖകൾ പ്രസിദ്ധീകരിച്ചിരുന്ന, കോഴിക്കോട്ടെ മാർക്സിസ്റ്റ് പബ്ലിക്കേഷൻസ് നടത്തിയിരുന്ന, കുന്നിക്കൽ നാരായണനുമായി പരിചയപ്പെട്ട ഫിലിപ്പ്; നക്സൽബാരി സമരത്തിന് ശേഷം കൽക്കത്തയിൽ വിളിച്ചു ചേർത്ത വിപ്ലവകാരികളുടെ ഏകോപനസമിതിയിൽ കുന്നിക്കലിനോടൊപ്പം പങ്കെടുക്കുകയുണ്ടായി. ചാരുമജുംദാർ മുന്നോട്ട് വെച്ച ജന്മിത്തത്തിനെതിരായ സായുധസമരം എന്ന നിലപാടിനുപകരം ബീജിംഗ് റേഡിയോ ഉദ്ധരിച്ചുകൊണ്ട് ഭരണകൂട രൂപങ്ങൾക്കെതിരായ സമരമാണ് വേണ്ടതെന്ന ആശയമാണ് കുന്നിക്കൽ നാരായണൻ നടപ്പിലാക്കിയത്.
മുന്നൂറിലധികം വിപ്ലവാശയക്കാരെ തലശ്ശേരിയിൽ വിളിച്ചുചേർത്ത് തലശ്ശേരി പോലീസ് സ്റ്റേഷനും പുൽപ്പള്ളി വയർലസ് സ്റ്റേഷനും ആക്രമിക്കുന്ന പദ്ധതിയാണ് കുന്നിക്കൽ നാരായണൻ നടപ്പിലാക്കിയത്. വർഗീസിനൊപ്പം ഫിലിപ്പ് പങ്കെടുത്തത് പുൽപ്പള്ളിയിലാണ്. വർഗീസും മറ്റു ചിലരും അന്ന് രക്ഷപ്പെട്ടെങ്കിലും ഫിലിപ്പും ഭൂരിപക്ഷം പേരും അറസ്റ്റു ചെയ്യപ്പെടുകയാണുണ്ടായത്. അടിയന്തരാവസ്ഥയ്ക്ക് ശേഷം ജനതാപാർട്ടിയുടെ മൊറാർജി സർക്കാർ രാഷ്ട്രീയ തടവുകാരെ വിട്ടയക്കുമ്പോൾ, അക്രമ രാഷ്ട്രീയത്തിൽ പങ്കെടുക്കില്ലെന്ന് എഴുതിക്കൊടുത്താലേ ജയിലിലുള്ള നക്സലേറ്റുകളെ വിട്ടയക്കുകയുള്ളു എന്ന നിബന്ധന വെക്കുകയുണ്ടായി. ഭൂരിപക്ഷം നക്സലൈറ്റുകളും അതിന് തയ്യാറായില്ല. അന്ന് തിരുവനന്തപുരം ജയിലിലായിരുന്ന ഫിലിപ്പ് മേൽപ്രകാരം എഴുതിക്കൊടുത്ത് പുറത്തുവരികയും മറ്റുള്ളവരെ അതിന് പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
വക്കീലായി തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഫിലിപ്പ് പിന്നീട് വലിയൊരു സായി ഭക്തനായി. ഇപ്പോഴും ആ ഭക്തി നിലനിർത്തുന്നുണ്ടെങ്കിലും പഴയതു പോലെ സായിസംഘവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സജീവമല്ല. ഫിലിപ്പുമായി എനിക്ക് ആദ്യഘട്ടങ്ങളിലൊന്നും പരിചയമോ ബന്ധമോ ഉണ്ടായിരുന്നില്ല. പിൽക്കാലത്ത് ഫിലിപ്പ് മുൻകൈയ്യെടുത്ത് എന്നെ ഫോണിൽ വിളിക്കുകയും അങ്ങിനെ പരിചയപ്പെടുകയും ചെയ്തു. വല്ലപ്പോഴും വിളിക്കാറുണ്ട്. ഞാൻ തിരുവനന്തപുരത്ത് പോയപ്പോൾ ഒരിക്കൽ വക്കീൽ ഓഫീസ് കൂടിയായ വീട്ടിൽ പോയി ഫിലിപ്പിനെ കാണുകയുണ്ടായി.
▮
വെള്ളത്തൂവൽ സ്റ്റീഫൻ
സുവിശേഷ പ്രസംഗകനായി മാറിയ വെള്ളത്തൂവൽ...
തലശ്ശേരി- പുൽപ്പള്ളി സംഭവത്തിൽ തലശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് വെള്ളത്തൂവൽ സ്റ്റീഫൻ എറിഞ്ഞ നാടൻ ബോംബ് പൊട്ടാതെ തെറിച്ചു പോയി. അത് പൊട്ടിയിരുന്നെങ്കിൽ കഥ മറ്റൊന്നായേനെ. മാസങ്ങൾക്കു ശേഷം തലശ്ശേരി-പുൽപ്പള്ളി ഓപ്പേറഷനുകളിൽ പങ്കെടുത്ത കുറെ പ്രവർത്തകർ പാലക്കാട്- തൃശൂർ അതിർത്തിയിലെ മായന്നൂരിൽ ഒരു ആലോചനായോഗം നടത്തുകയും ജന്മിമാർക്കെതിരായ ആക്രമണങ്ങളിൽ കേന്ദ്രീകരിക്കാൻ തീരുമാനിക്കുകയും ചെയ്തു.
അതിനെത്തുടർന്നാണ് തൃശ്ശിലേരിയിലും തിരുനെല്ലിയിലും വർഗ്ഗീസിന്റെ നേതൃത്വത്തിലും, പാലക്കാട് മുണ്ടൂരിൽ രാവുണ്ണിയുടെ നേതൃത്വത്തിലും, നഗരൂർ- കുമ്മിളിൽ വെള്ളത്തൂവൽ സ്റ്റീഫന്റെ നേതൃത്വത്തിലും ജന്മിമാർക്കെതിരായ ആക്രമണങ്ങൾ നടന്നത്. സ്റ്റീഫന്റെ മുൻകയ്യിൽ നഗരൂർ- കുമ്മിളിൽ നടന്ന ആക്രമണത്തിൽ ഒരു കോളേജ് വിദ്യാർത്ഥിയും ഒരു യുവ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടത് ജനങ്ങൾക്കിടയിൽ നക്സലൈറ്റുകളോട് വിയോജിപ്പും വെറുപ്പും വളർന്നുവരാൻ കാരണമായി.
നഗരൂർ- കുമ്മിളിൽ നടന്ന ആക്രമണത്തിൽ ഒരു കോളേജ് വിദ്യാർത്ഥിയും ഒരു യുവ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടത് ജനങ്ങൾക്കിടയിൽ നക്സലൈറ്റുകളോട് വിയോജിപ്പും വെറുപ്പും വളർന്നുവരാൻ കാരണമായി.
വേണ്ടത്ര തയ്യാറെടുപ്പില്ലാതെയും ധൃതിപിടിച്ചും ആക്രമണം നടത്തുന്നതിൽ സ്റ്റീഫൻ പ്രകടിപ്പിച്ച പക്വതയില്ലായ്മ ഈ തിരിച്ചടിക്ക് കാരണമായി. തുടർന്ന് ഏതാനും മാസങ്ങൾക്കുള്ളിൽ സ്റ്റീഫൻ അറസ്റ്റ് ചെയ്യപ്പെട്ടതോടെ കേരളത്തിലെ നക്സലൈറ്റ് പ്രവർത്തനങ്ങളുടെ ഒന്നാം ഘട്ടം അവസാനിച്ചു എന്നുപറയാം. വർഷങ്ങൾക്കു ശേഷം ജയിൽ മോചിതനായ സ്റ്റീഫൻ രാഷ്ട്രീയ പ്രവർത്തനത്തിൽ തുടരുകയുണ്ടായില്ല. തന്റെ നാടായ ഇടുക്കിയിലെ വെള്ളത്തൂവലിൽ ആദ്യകാലത്ത് ചെയ്തിരുന്ന തയ്യൽ പണിയിലേക്ക് തിരിഞ്ഞു. പിന്നീട് ആ മേഖലയിലെ നല്ലൊരു സുവിശേഷ പ്രസംഗകനായും സ്റ്റീഫൻ പരിണമിച്ചു.
(തുടരും)