കേരളത്തെ പൊതുവിൽ പുരോഗമന സമൂഹമായാണ് കണ്ടുവരുന്നത്. കേരളത്തിൻ്റെ തന്നെ ആഖ്യാനങ്ങൾ ആ വഴിയ്ക്ക് കുറേക്കൂടി മുന്നിലാണ് എന്നും കാണാം. മനുഷ്യൻ്റെ ഐഡൻ്റിറ്റിയെക്കുറിച്ച് (സ്വത്വം) ഡെന്നറ്റ് പറയുന്നത്, ഒരു വ്യക്തി സ്വയം പറയുന്നതും അയാളെക്കുറിച്ച് മറ്റുള്ളവർ പറയുന്നതുമായ ആഖ്യാനങ്ങൾ സംഗമിക്കുന്ന ബിന്ദു എന്നതാണ്. ദേശത്തെ സംബന്ധിച്ചാവുമ്പോഴും സ്വീകാര്യമായ ഒരു മാനകമായി ഇത് സാമാന്യമായെടുക്കാം. അങ്ങനെയെങ്കിൽ ഒട്ടനവധി പത്രമാസികൾ ഉല്പാദിപ്പിക്കപ്പെടുന്ന, വായനയും വിദ്യാഭ്യാസവുമുള്ള, സർവോപരി നവോത്ഥാനം സംഭവിച്ചു കഴിഞ്ഞ ഒരു സമൂഹമായാണ് കേരളം വിലയിരുത്തപ്പെടുന്നത്. ഇപ്പോൾ ഭരണത്തിലിരിക്കുന്ന സർക്കാറാകട്ടെ നവോത്ഥാനം എന്ന പദം പേരിനോട് അരച്ചുചേർത്തിട്ടുമുണ്ട്. എങ്കിലും ഇന്ദുലേഖയിലെ മാധവനെപ്പോലെയെങ്കിലും ഒന്ന് മാറിനിന്ന് നോക്കിയാൽ ഈവക പ്രഘോഷണങ്ങൾ മിക്കതും ഒന്നാന്തരം തള്ളാണെന്നും തള്ളേണ്ടതാണെന്നും മനസ്സിലാക്കാൻ കഴിയും. ഏറ്റവും ഒടുവിലെ ദൃഷ്ടാന്തമാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട്.
ഇന്നസെൻ്റും മോഹൻലാലും ഇടവേള ബാബുവുമൊക്കെ നേതൃത്വം കൊടുത്തിരുന്ന ‘A.M.M.A’ യും മമ്മൂട്ടിയും മുകേഷും ഗണേഷും ജഗദീഷും അടക്കമുള്ള മറ്റംഗങ്ങളും പ്രത്യക്ഷവും പരോക്ഷവുമായി അന്ന് കുറ്റവാളിക്കൊപ്പം നിന്നു.
സിനിമയെ എന്നല്ല, മലയാള സിനിമയെ എന്നുമല്ല, ലോകത്തുതന്നെ കേട്ടുകേൾവിയില്ലാത്ത ഒരു കുറ്റകൃത്യമാണ് ഹേമ കമ്മിറ്റിയുടെ ആവശ്യത്തിലേക്ക് കാര്യങ്ങളെ എത്തിച്ചത്. നടി ആക്രമിക്കപ്പെട്ട സംഭവം അക്ഷരാർഥത്തിൽ അപൂർവങ്ങളിൽ അപൂർവമായ കുറ്റമാണ്. ഒരു പ്രമുഖ താരം ബലാത്സംഗത്തിന് കൊട്ടേഷൻ കൊടുക്കുകയാണുണ്ടായത്. മലയാള സിനിമയിലെ ഒരു നായികനടിയാണ് വിക്ടിം എന്ന് വന്നിട്ടുകൂടി ഇൻ്റസ്ട്രിയ്ക്കകത്തുനിന്ന് കുറ്റവാളിക്കുള്ള ജയ് വിളികളാണ് മുഴങ്ങിയത്. ‘A.M.M.A’ എന്ന സംഘടന അനുബന്ധ മീറ്റിങ്ങുകളിലും മറ്റും തങ്ങളുടെ പേരിൻ്റെ ചുരുക്കരൂപത്തിലെ ആദ്യ രണ്ടക്ഷരങ്ങൾ വച്ചുമാറിയാണ് പെരുമാറിയത്. വിക്ടിമിന് ഈ ആൺകൂട്ടം നീതി ഉറപ്പാക്കുകയില്ല എന്ന തിരിച്ചറിവിൽ നിന്നാണ് WCC (Women in Cinema Collective) രൂപമെടുക്കുന്നത്. അന്ന് സിനിമക്കാരുടെ മുഖം സ്ക്രീനിൽ കാണുന്നതുപോലെ തിളക്കമേറിയതല്ല എന്ന് മുഴുവൻ മലയാളികൾക്കും വ്യക്തമായതാണ്. ഇന്നസെൻ്റും മോഹൻലാലും ഇടവേള ബാബുവുമൊക്കെ നേതൃത്വം കൊടുത്തിരുന്ന ‘A.M.M.A’ യും മമ്മൂട്ടിയും മുകേഷും ഗണേഷും ജഗദീഷും അടക്കമുള്ള മറ്റംഗങ്ങളും പ്രത്യക്ഷവും പരോക്ഷവുമായി അന്ന് കുറ്റവാളിക്കൊപ്പം നിന്നു. വിക്ടിം നടത്തിയ പോരാട്ടവും WCC- യുടെ പിന്തുണയും പക്ഷെ ആരെയും അതിശയിപ്പിക്കുംവിധം ധീരവും സാഹസികവുമായിരുന്നു.
അതിനാൽമാത്രം കേസ് മുന്നോട്ട് പോയി; ഇക്കാലയളവിലെ സിറ്റിങ്ങുകളും വാക്കാലുള്ള ന്യായാധിപരുടെ പരാമർശങ്ങളും മാത്രം മുൻനിർത്തി ദിലീപ് കുറ്റക്കാരനാണെന്ന് ഉറപ്പിക്കാവുന്നവിധം സർക്കാറിന് ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തിൽ കമ്മിറ്റി ഉണ്ടാക്കേണ്ടിവന്നതും WCC- യുടെ വിജയമാണ്. എന്നാൽ, സർക്കാറിന് റിപ്പോർട്ട് ലഭിച്ചിട്ട് നാലര വർഷമായിട്ടും നടപടിയുണ്ടായില്ല. ആർക്കെതിരെയും കേസെടുത്തില്ല. സിനിമാ മിനിസ്റ്റർ റിപ്പോർട്ട് വായിച്ചുപോലും നോക്കിയില്ല. ഫലം സർക്കാരിൻ്റെ കൂടി ഒത്താശയോടെ, മൗനസമ്മതത്താടെ നാളിതുവരെയും ഇൻഡസ്ടിയിൽ ലൈംഗിക അതിക്രമങ്ങൾ തുടരുന്നു. നിങ്ങൾ ഈ ലേഖനം വായിക്കുമ്പോഴും ഒരുപക്ഷെ ഒരു കുറ്റകൃത്യം ഇൻഡസ്ട്രിയിൽ നടക്കുന്നുണ്ടാവാം.
ജാതിയും പൗരുഷവും മാഫിയയും ഒക്കെയാണ് സിനിമയെ നിയന്ത്രിക്കുന്നത് എന്ന് തിലകൻ അർഥശങ്കയ്ക്കിടയില്ലാത്തവിധം പറഞ്ഞിരുന്നത് നാം കേട്ടിട്ടുണ്ട്. മലയാള സിനിമയിലെ എക്കാലത്തെയും വലിയ നടനെ ഒതുക്കാനും അവഹേളിക്കാനും അപമാനിക്കാനും അന്ന് മലയാള സിനിമയിൽ തന്നെ ആളുണ്ടായി.
മറ്റൊരു വസ്തുത, നടൻ തിലകനും സംവിധായകൻ വിനയനുമൊക്കെ വർഷങ്ങൾക്കുമുമ്പ് പറഞ്ഞതും അനുഭവിച്ചതുമായ കാര്യങ്ങൾ കൂടിയാണ് ഇപ്പോൾ സത്യമാണെന്ന് തെളിയുന്നത് എന്നതാണ്. ജാതിയും പൗരുഷവും മാഫിയയും ഒക്കെയാണ് സിനിമയെ നിയന്ത്രിക്കുന്നത് എന്ന് തിലകൻ അർഥശങ്കയ്ക്കിടയില്ലാത്തവിധം പറഞ്ഞിരുന്നത് നാം കേട്ടിട്ടുണ്ട്. മലയാള സിനിമയിലെ എക്കാലത്തെയും വലിയ നടനെ ഒതുക്കാനും അവഹേളിക്കാനും അപമാനിക്കാനും അന്ന് മലയാള സിനിമയിൽ തന്നെ ആളുണ്ടായി. വിക്ടിംസിനെ വിലക്കുകയും പുറത്താക്കുകയും ജോലിയില്ലാതാക്കുകയുമാണ് അന്നും സിനിമയിലെ അധികാരികൾ ചെയ്തത്. പിന്നീട് നടി ആക്രമിക്കപ്പെട്ട സംഭവത്തിലും WCC രൂപപ്പെട്ട സാഹചര്യത്തിലും സമാനമായ പ്രതികാരനടപടികൾ വിക്ടിംസിന് നേരിടേണ്ടിവന്നു. സിനിമകളില്ലാതാക്കി, അപ്രഖ്യാപിതമായി വിലക്കിയും ഒഴിവാക്കിയും ഏതാണ്ട് ഫീൽഡൗട്ടാക്കി പല നടിമാരെയും, ഇതേ അധികാരക്കൂട്ടം. നമ്മളപ്പോഴും നമ്മുടെ പൈസകൊടുത്ത് അവരെ ഊട്ടി. വാഴിച്ചു. അതിക്രമങ്ങൾക്ക് മൗനാനുവാദം നല്കി. വലിയ വേദികളിൽ വിളിച്ചുവരുത്തി, ആദരിച്ചു. ഇനിയും നമുക്ക് സിനിമ കണ്ട് ജയ് വിളിക്കാം. താരങ്ങളുടെ ഹോർഡിങ്സിൽ പാലും തേനും ഒഴുക്കാം. നടിമാരെ ആക്ഷേപിക്കാം. വീണ്ടും വീണ്ടും നവോത്ഥാന /പുരോഗമന കേരളമെന്ന് തള്ളിമറിക്കാം.
അൻവർ അബ്ദുള്ളയുടെ റിപ്പബ്ലിക് എന്ന നോവലിൽ സിനിമാപോസ്റ്ററിലെ നടിമാരുടെ മുഖത്തേക്ക് മൂത്രമൊഴിച്ചും സ്വയംഭോഗം നടത്തിയും ആനന്ദം കണ്ടെത്തുന്ന ഒരു കഥാപാത്രമുണ്ട്. അതുകണ്ട് ദേഷ്യം വരികയും അടുത്ത നിമിഷം സ്വന്തം ലിംഗം ഉയർന്നുപൊങ്ങുന്നതുകണ്ട് അന്ധാളിക്കുകയും ചെയ്യുന്ന സിനിമക്കാരനെയും അൻവർ ചിത്രീകരിക്കുന്നു. നിലവിലെ സാഹചര്യങ്ങളെ മനസ്സിലാക്കാൻ ഇതിലും മികച്ച മറ്റൊരു ആവിഷ്കാരം വേണ്ടിവരില്ലെന്ന് തോന്നുന്നു. നവോത്ഥാന- പുരോഗമന കേരളത്തിലെ ശരാശരി ആൺകൂട്ട മനഃശ്ശാസ്ത്രമാണ് നോവലിൽ തെളിഞ്ഞുവരുന്നത്. ഇത് എത്രമാത്രം അന്വർഥമായിരുന്നു എന്ന് വർത്തമാനകാലവും തെളിയിക്കുന്നു.
കൃത്യമായ രാഷ്ട്രീയവും നിലപാടും വ്യക്തതയോടെ പറയുന്ന പാർവതി തിരുവോത്തിൻ്റെ അഭിമുഖങ്ങൾക്കും ബൈറ്റുകൾക്കും താഴെവരുന്ന കമൻ്റുകൾ നോക്കുക. നോവലിലെ കഥാപാത്രങ്ങളുടെ അനേകായിരം പകർപ്പുകളെ അവിടെ കണ്ടുമുട്ടാം. അതും പരസ്യമായി, മിക്കവാറും റിയൽ ഐഡികളിൽതന്നെ. എങ്കിലും നമുക്ക് പുരോഗമനമില്ല എന്ന് പറഞ്ഞുകൂടാ. പാർവതിയെപ്പോലെ മറ്റൊരാൾ ഇപ്രകാരം ആക്രമിക്കപ്പെടാറില്ല എന്നത് കൗതുകമാണ്. ജാതിവാൽ ഉപേക്ഷിച്ചതും ഫെമിനിച്ചിയെന്ന് തെറി വിളിച്ചപ്പോൾ ‘Yes l am’ എന്ന് തിരിച്ചുപറഞ്ഞതും WCC യുമായി ഇത്രയേറെ ദൂരം കഠിനയാത്ര ചെയ്തതും ഏറ്റവും ഒടുവിൽ സർക്കാറിൻ്റെ മുട്ടാപോക്കുകളെ സരസമായി പൊളിച്ചടുക്കുകയും ചെയ്യുന്ന ഒരു പെണ്ണിനെ എങ്ങനെ അംഗീകരിക്കാനാണ്? അങ്ങനെ ചെയ്താൽ മലയാളി പൗരുഷം ‘വരിയുടക്കപ്പെട്ടു’ എന്ന് ആളുകൾ കരുതില്ലേ? അതിനാണ് സോഷ്യൽമീഡിയയുടെ ചുമരുകളിൽ മൂത്രവും ശുക്ലവും വാരിവിതറുന്നത്.
ഹേമ കമ്മിറ്റി കണ്ടെത്തിയതൊക്കെ വളരെവളരെ വൈകിയാണെങ്കിലും പുറത്തുവന്നിരിക്കുന്നു. (വൈകി കിട്ടുന്ന നീതി നീതിനിഷേധമാണ് എന്ന് ധാരാളം തവണ കോടതികൾ നിരീക്ഷിച്ചിട്ടുള്ളതാണ്. ഇവിടയത് നിർബാധം നടന്നുകഴിഞ്ഞു. ഇപ്പോഴും തുടരുകയുമാണ്) ഇനി വേണ്ടത് കർശനമായ നിയമനടപടികളാണ്. റിപ്പോർട്ടിന്മേൽ ഉടനെ അന്വേഷണം തുടങ്ങുകയും സമയബന്ധിതമായി കുറ്റക്കാർക്കെല്ലാം കടുത്ത ശിക്ഷ ഉറപ്പാക്കുകയും വേണം. സിനിമാരംഗത്ത് ഇക്കാലംവരെ നടന്ന അതിക്രമങ്ങളിലെല്ലാം പ്രതികൾ ശിക്ഷിക്കപ്പെട്ടു എന്ന് ഉറപ്പുവരുത്തുമ്പോഴാണ് ഈ സർക്കാർ കേരളത്തിൻ്റെ സർക്കാറാവുക. പുരോഗമനവും നവോത്ഥാനവും എന്നിട്ടാകാം തള്ളിമറിക്കുന്നത്.
നിയമവാഴ്ചയ്ക്കും ജനായത്തത്തിനും തുല്യനീതിക്കും മുകളിലല്ല ഒരു കലയും കലാകാരനും. ഇത്തരം നടപടികളിൽ മലയാള സിനിമ ഇല്ലാതാവുമെങ്കിൽ അതിൽപോലും നിരാശപ്പെടേണ്ടതില്ല.
കുറ്റക്കാർ, എത്ര വലിയ സൂപ്പർതാരവുമായിക്കോട്ടെ, അവർക്ക് ഏറ്റവും കടുത്ത ശിക്ഷതന്നെ ഉറപ്പാക്കേണ്ടതുണ്ട്. ഏറ്റവും അടുത്ത ദിവസം മുതൽ മുഴുവൻ ലൊക്കേഷനുകളും വനിതകളടക്കമുള്ള ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധിക്കാനും പരാതികൾ കേൾക്കാനും പരിഹരിക്കാനും നടപടിയുണ്ടാവണം. ലൈംഗികപീഡനക്കേസിൽ പ്രതിയായ ലിജു കൃഷ്ണയടക്കമുള്ള ക്രിമിനൽ സംവിധായകരെ ഉടനടി അറസ്റ്റ് ചെയ്ത് നിയമനടപടികൾ ആരംഭിക്കണം. നിയമവാഴ്ചയ്ക്കും ജനായത്തത്തിനും തുല്യനീതിക്കും മുകളിലല്ല ഒരു കലയും കലാകാരനും. ഇത്തരം നടപടികളിൽ മലയാള സിനിമ ഇല്ലാതാവുമെങ്കിൽ അതിൽപോലും നിരാശപ്പെടേണ്ടതില്ല. ഇന്നാട്ടിലെ ഓരോ പൗരർക്കുമുള്ള അവകാശങ്ങളും അധികാരങ്ങളും മാത്രമേ സിനിമക്കാർക്കും നൽകാവൂ. മൗനവും നിഷ്ക്രിയത്വവും ഈ വിഷയത്തിൽ ഏതെങ്കിലും വിധത്തിൽ പങ്കാളിത്തമുള്ളവരുടെ ലക്ഷണമാണ്. മൗനം മാത്രം മതിയാവും കുറ്റവാളികളെ തിരിച്ചറിയാൻ.
കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നപ്പോൾ ഉയർന്നുകേൾക്കുന്ന ഒരു വാദം, പേരുകൾ വെളിപ്പെടുത്തുന്നില്ല എന്നതാണ്. തീർച്ചയായും ഇതൊരു ന്യായമായ വാദമാണ്. വിക്ടിംസിൻ്റെ പേരുകൾ വെളിപ്പെടുത്തുന്നില്ല എന്നത് നിയമപരമായ ബാധ്യതയാണ്. മൊഴികൾ പലതും രഹസ്യമൊഴികളാണ് എന്നതും അംഗീകരിക്കാവുന്നതാണ്. എന്നാൽ കുറ്റവാളികളുടെ പേരുവിവരങ്ങൾ മറച്ചുവെയ്ക്കുന്നിൻ്റെ അർഥമെന്താണ്? ആവശ്യമെന്താണ്? സന്ദേശമെന്താണ്? തീർച്ചയായും കുറ്റവാളികളെ നഹായിക്കുന്ന നിലപാടാണ് അത്. നിയമപരമായ തടസ്സങ്ങൾ ഒന്നുമില്ലാത്തതും പൊലീസും നിയമസംവിധാനവും പൊതുജനവും അറിഞ്ഞിരിക്കേണ്ടതുമായ വിവരങ്ങളാണ് ഇപ്രകാരം മറച്ചുവെച്ചിരിക്കുന്നത്. കുറ്റവാളികൾ നടനോ മന്ത്രിയോ സംവിധായകനോ ആകട്ടെ പ്രതിചേർത്ത് അന്വേഷണം തുടങ്ങേണ്ടതാണ്. അല്ലാത്തപക്ഷം ഹേമ കമ്മിറ്റി റിപ്പോർട്ട് മറ്റൊരു ജനപ്രിയ നോവലായി /ഫിക്ഷനായി മാറും. നിലവിൽ അപ്രകാരമാണ് അത് പരിഗണിക്കപ്പെട്ടു വരുന്നത്. ‘എനിക്ക് വായിക്കാൻ പറ്റിയില്ല’ എന്ന് മിനിസ്റ്ററോ നടനോ പറയുന്നത് ഒരു കൊച്ചുപുസ്തകം എന്ന ധ്വനിയിലാണ്. ജസ്റ്റിസ് ഹേമയെ അവഹേളിക്കുന്നതിന് തുല്യവുമാണ് അത്.
സിനിമയടക്കമുള്ള എല്ലാ വ്യവഹാരമേഖലകളും കൂടിയോ കുറഞ്ഞോ ഈവിധം സ്ത്രീവിരുദ്ധമാണ് എന്ന വസ്തുത എല്ലാവർക്കും അറിയാവുന്നതാണ്. എല്ലായിടത്തും മാറ്റം അനിവാര്യവുമാണ്. പക്ഷെ ഇത്രയേറെ അപകടകരമായ ഒരു മേഖലയാണ് സിനിമ എന്നത് ചിലർക്കെങ്കിലും നടുക്കമുണ്ടാക്കിയിരിക്കും.
മറ്റൊരു വിചിത്ര വാദം, വിക്ടിംസ് പരാതിയുമായി രംഗത്തുവരണം എന്നതാണ്. വളരെയേറെ കൗതുകമുണ്ട് ഈ വാദത്തിൽ. കേരളത്തിലെ നാളിതുവരെയുള്ള ലൈംഗികാതിക്രമങ്ങളിൽ പരാതിയുമായി രംഗത്തുവന്ന എത്രപേർക്ക് നീതി ലഭിച്ചു എന്ന് ഈ വാദമുന്നയിക്കുന്നവർ വ്യക്തമാക്കണം. നടിയടക്കമുള്ള വിക്ടിംസ് ഇപ്പോഴും നീതിയ്ക്കായി പോരാട്ടത്തിലാണ്. സർക്കാർ സംവിധാനത്തിൽതന്നെ ആ കേസിലുണ്ടായ വീഴ്ചകൾ നമ്മുടെ മുന്നിലുണ്ട്. മറ്റൊരു കാര്യം, ഈ വാദം ശുദ്ധ അസംബന്ധവുമാണ് എന്നതാണ്. ഉറ്റവരോ ഉടയവരോ ഇല്ലാത്ത ഒരാൾ കൊല്ലപ്പെട്ടാൽ പരാതിയില്ലാത്തതിനാൽ കേസ് വേണ്ടെന്ന് വെക്കാറാണോ പതിവ്? ഇത്രയൊക്കെ ആലോചിക്കാൻ നിയമം പഠിക്കേണ്ട കാര്യമൊന്നുമില്ല. കോമൺസെൻസ് മതി.
ഭാഷാപരമായ പ്രശ്നങ്ങളും ഇവിടെയുണ്ട്. റിപ്പോർട്ടിൽനിന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്ന ഭാഗങ്ങൾപോലും പലപ്പോഴും ആലങ്കാരികമായാണ് കാണുന്നത്. ചതിക്കുഴിയും ആകാശവും നക്ഷത്രവുമൊക്കെ ഒറ്റനോട്ടത്തിൽ ഉചിതമായി തോന്നാമെങ്കിലും ഇത്തരമൊരു റിപ്പോർട്ടിൽ അനുചിതമാണെന്ന് പറയാതെ വയ്യ. ‘കാസ്റ്റിങ്ങ് കൗച്ച’ പോലുള്ള പ്രയോഗങ്ങളാകട്ടെ പാർവതി അഭിപ്രായപ്പെടുന്നതുപോലെ, കുറ്റകൃത്യത്തെ മയപ്പെടുത്തുന്നതുമാണ്. ഇര, വേട്ടക്കാരൻ തുടങ്ങിയ പ്രയോഗങ്ങൾപോലും അനുചിതമാണ് എന്നും കുറ്റത്തെ സ്വാഭാവികമാക്കിമാറ്റുന്നുണ്ടെന്നും കൃത്യമായ ബോധമുള്ളുകൊണ്ടാണ് ഈ പ്രകരണം അവയെ മാറ്റിനിർത്തുന്നത്. ഇരയായാൽ കർതൃത്വം നഷ്ടമാവുകയും തീറ്റി അഥവാ വിധേയത്വം സൂചിതമാവുകയും ചെയ്യും. വേട്ടക്കാരനും തത്തുല്യമായ ധർമമാണ് നിർവഹിക്കുക. ഇവ സൂക്ഷ്മമാണെങ്കിലും വസ്തുതയാണ്. വിക്ടിം എന്ന അർഥത്തിൽ ഇര എന്ന് പ്രയോഗിക്കുന്നത് ഉചിതമല്ല എന്നു മാത്രമല്ല കൗശലവും പുരുഷപ്രധാനവ്യവസ്ഥയുടെ വിജയവുമാണ്. അതിജീവിത എന്ന പദം പോലും താൽക്കാലികമായി മാത്രമേ ചേരുകയുള്ളൂ. എല്ലാ വിക്ടിംസും അതിജീവിക്കുന്നില്ല എന്നതുതന്നെ പ്രധാനം.
നമ്മൾ സ്ക്രീനിൽ കാണുന്നതിൻ്റെ എത്രയോ ഇരട്ടി മനുഷ്യർ പണിയെടുക്കുന്ന ഒരിടം എന്ന നിലയിലും കോടികൾ മറിയുന്ന വ്യവസായമാണ് എന്ന നിലയിലും സിനിമയ്ക്കു പിന്നിലെ അതിക്രമങ്ങൾക്ക് പ്രാധാന്യം ഏറെയാണ്.
കമ്മിറ്റി റിപ്പോർട്ടിന്മേൽ മൗനത്തിലിരിക്കുന്നവരും ചിരിച്ചും കളിച്ചും പുച്ഛിക്കുന്നവരുമായ മുഴുവൻ മനുഷ്യരും വാസ്തവത്തിൽ കുറ്റവാളികളോ അവർക്ക് സമ്മതി നൽകുന്നവരോ ആണ് എന്ന് പറയാതിരിക്കാനാവില്ല. സിനിമയടക്കമുള്ള എല്ലാ വ്യവഹാരമേഖലകളും കൂടിയോ കുറഞ്ഞോ ഈവിധം സ്ത്രീവിരുദ്ധമാണ് എന്ന വസ്തുത എല്ലാവർക്കും അറിയാവുന്നതാണ്. എല്ലായിടത്തും മാറ്റം അനിവാര്യവുമാണ്. പക്ഷെ ഇത്രയേറെ അപകടകരമായ ഒരു മേഖലയാണ് സിനിമ എന്നത് ചിലർക്കെങ്കിലും നടുക്കമുണ്ടാക്കിയിരിക്കും. ചിലരെങ്കിലും സ്വപ്നം കാണുന്ന തൊഴിൽ / കലാമേഖലയുമാവും അത്. നമ്മൾ സ്ക്രീനിൽ കാണുന്നതിൻ്റെ എത്രയോ ഇരട്ടി മനുഷ്യർ പണിയെടുക്കുന്ന ഒരിടം എന്ന നിലയിലും കോടികൾ മറിയുന്ന വ്യവസായമാണ് എന്ന നിലയിലും സിനിമയ്ക്കു പിന്നിലെ അതിക്രമങ്ങൾക്ക് പ്രാധാന്യം ഏറെയാണ്. അതിനാൽ ഉടനടി ഉചിതമായതും ശക്തമായതുമായ നടപടികളുണ്ടാവണം. കുറ്റവാളികളെക്കൂടി വിളിച്ചുവരുത്തി, വിരുന്നൂട്ടിത്തലോടുന്ന കോൺക്ലേവല്ല ഈ വിഷയത്തിൽ വേണ്ടത്. കുറ്റവാളികളോട് ചോദിച്ചിട്ട്, അവർക്കുകൂടി സ്വീകാര്യമായ ശിക്ഷ നടപ്പാക്കുന്ന പുതിയ രീതികൂടി ദയവായി തുടങ്ങിവെയ്ക്കരുത്. എല്ലാം എല്ലാവരും കാണുന്നുണ്ട്.