കൊൽക്കത്തയിലെ ആർ.ജി. കർ മെഡിക്കൽ കോളേജിലെ പി.ജി വിദ്യാർത്ഥിയായ വനിതാ ഡോക്ടറുടെ കൊലപാതകം മനസിനെ മരവിപ്പിക്കുന്നതാണ്. ആശുപത്രിയിൽ നൈറ്റ് ഡ്യൂട്ടിയ്ക്കിടെ നടന്ന ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത് സുരക്ഷാ പരാജയത്തിനപ്പുറം അവിശ്വസനീയമായ തരത്തിലുള്ള ഭയാനകമായ ചില ചുറ്റുപാടുകൾ കൂടിയാണ്.
2012-ൽ ഡൽഹിയിയിലുണ്ടായ നിർഭയ സംഭവത്തിലെന്ന പോലെ ഇത് രാജ്യത്ത്, പ്രത്യേകിച്ച് ഡോക്ടർ സമൂഹത്തിൽ, വൻ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. ഇപ്പോൾ സുപ്രീം കോടതി സ്വമേധയാ കേസെടുക്കുകയും വാദം കേൾക്കുകയും നേരിട്ട് അന്വേഷണത്തിൽ ഇടപെടുകയും ചെയ്തിരിക്കുന്നു. സുപ്രധാനമായ ചില ചോദ്യങ്ങളും കോടതി ഉയർത്തിട്ടുണ്ട്.- എന്തുകൊണ്ട് കേസെടുക്കാൻ വൈകി?. - വീട്ടുകാരെ അറിയിക്കുന്നതിൽ എങ്ങനെ പിഴവ് വന്നു?. - എന്തുകൊണ്ട് പരിസരം സീൽ ചെയ്യാതെ മാറ്റങ്ങൾ വരുത്തി?. - പ്രിൻസിപ്പലിനെ എന്തിന് ഉടനെ മറ്റൊരിടത്ത് നിയമിച്ചു?. എന്നിങ്ങനെ നിയമപരിപാലനത്തിൽ വന്ന പിഴവുകളെ കുറിച്ചായിരുന്നു ചോദ്യങ്ങൾ. കൂടുതൽ ശക്തമായ നിയമങ്ങൾക്കായി നമ്മൾ ആവശ്യപ്പെടുമ്പോൾ നിലവിലുള്ള നിയമങ്ങൾ പോലും അനാസ്ഥയോടെ ഉപയോഗിക്കുന്നത് ആവർത്തിച്ച് കാണുന്ന കാര്യമാണ്; പ്രത്യേകിച്ച് സ്ത്രീസുരക്ഷയുടെ കാര്യത്തിൽ.
ക്ഷോഭവും സങ്കടവും നമുക്കെല്ലാം ഉണ്ടായിട്ടുണ്ട്. എന്നാൽ, പെട്ടെന്നുള്ള വിക്ഷോഭത്തിനപ്പുറം സാഹചര്യങ്ങൾ വിശകലനം ചെയ്ത് ചെറിയ മാറ്റങ്ങളെങ്കിലും കൊണ്ടുവരാൻ കഴിയണം. പലതരം ആശങ്കകൾ ഉണർത്തുകയും അവ അധികാരവിന്യാസത്തിന്റെ പല തലങ്ങളിലായി കെട്ടുപിണഞ്ഞുകിടക്കുകയും ചെയ്യുകയാണ്. തൊഴിൽസ്ഥലത്ത് സ്ത്രീകൾ നേരിടുന്ന അക്രമണമാണ് ആശങ്കകളിൽ ഏറ്റവും മുന്നിലുള്ളത്. കൊലപാതകവും ബലാത്സംഗവുമുൾപ്പെടെ സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ നടക്കുകയാണ്. വല്ലപ്പോഴുമാണ് വലിയ പ്രതിഷേധങ്ങളുണ്ടാവുന്നത്. പുറത്തുവരുന്ന കേസുകൾ പോലും ദീർഘകാലം നിശ്ശബ്ദമായും ഇടക്കിടെ വിചാരണയും ഒക്കെയായി അവസാനം നടപടിയൊന്നുമുണ്ടാവാതെ തേഞ്ഞുമാഞ്ഞു പോവുന്നതും കാണാം. എങ്കിലും പ്രതിഷേധങ്ങൾക്ക് നിർഭയ കേസിലെന്ന പോലെ വ്യവസ്ഥയിലും പൊതുമനോഭാവത്തിലും മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയും.
1972- ൽ പോലീസ് സ്റ്റേഷനിലുണ്ടായ മഥുര ബലാത്സംഗ കേസ് ഇന്ത്യയിലെ സ്ത്രീപ്രസ്ഥാനങ്ങൾക്ക് ഈ വിഷയം ഒരു രാഷ്ട്രീയപ്രശ്‌നമായി ഉയർത്താനുള്ള സന്ദർഭമായി. 1992- ൽ രാജസ്ഥാനിൽ നടന്ന ലൈംഗികാതിക്രമത്തിനെതിരായ സ്ത്രീ സംഘടനകളുടെ പ്രതിഷേധമാണ് ''പ്രിവൻഷൻ ഓഫ് സെക്ഷ്വൽ ഹരാസ്‌മെൻറ് അറ്റ് വർക്ക് പ്ലേസ്'' (Prevention of Sexual Harassment at Workplace Act - POSH) നിയമത്തിലെത്തിച്ചത്. 2012- ലെ നിർഭയ കേസ്, ലൈംഗികാതിക്രമത്തെ സംബന്ധിച്ച നിയമം പുതുക്കിയെഴുതുന്നതിലേക്ക് നയിച്ചു.
കേരളത്തിൽ സിനിമാമേഖലയിലുണ്ടായ വലിയൊരു അതിക്രമം സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയിലും അതേ തുടർന്നുണ്ടായ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലും എത്തിനിൽക്കുന്നു. ഒരു പക്ഷെ, ആ രംഗത്ത് നയവും ട്രൈബൂണലും ഒക്കെ രൂപപ്പെട്ടേക്കാം. ഇതിനൊക്കെ വിധേയപ്പെട്ടവർ നൽകേണ്ടിവന്ന വില, ജീവനും സമാധാനപരമായ ജീവിതവുമൊക്കെയാണ്.
നിയമങ്ങളും അതിൽ വരുന്ന മാറ്റങ്ങളും എത്രത്തോളം നടപ്പിൽ വരുന്നുണ്ട് എന്നതും നോക്കേണ്ടതുണ്ട്. സ്ത്രീസുരക്ഷക്കായുള്ള നിയമങ്ങൾ പലപ്പോഴും നമ്മൾ ശീലിച്ചുവന്ന രീതികളുമായി പൊരുത്തപ്പെടുന്നതല്ല. അതുകൊണ്ട് മനോഭാവത്തിൽ വരേണ്ട മാറ്റവും പൊതു അന്തരീക്ഷവും കൂടി നിയമങ്ങളും വ്യവസ്ഥയിലെ പുതുക്കലുകളും ഫലപ്രദമായി നടപ്പാക്കാൻ ആവശ്യമായി വരും.
സിനിമാമേഖലയിൽ സ്ത്രീകൾ രൂപപ്പെടുത്തിയ WCC എന്ന സംഘടന അങ്ങേയറ്റം പണിപ്പെട്ടിട്ടാണ് അന്വേഷണ കമ്മിറ്റി ഉണ്ടായതും കുറച്ച് സ്ത്രീകളെങ്കിലും റിസ്‌ക് എടുത്ത് അനുഭവങ്ങൾ കമ്മിറ്റിക്ക് മുൻപാകെ സമർപ്പിച്ചതും. ആ റിപ്പോർട്ടിന്റെ നിയമപരമായ സാംഗത്യം ഉൾക്കൊണ്ട് നടപടികളിലേക്ക് പോകാൻ കഴിയുന്നില്ല എന്നത് നിയമപരിപാലനത്തിലെ പലവിധ തടസ്സങ്ങളെയാണ് കാണിക്കുന്നത്. സ്ത്രീകൾക്ക് പരാതിപ്പെടാൻ ഭയവും വൈമുഖ്യവും ഉണ്ടാക്കുന്ന ഒരു അന്തരീക്ഷം, വലിയ തോതിൽ പണവും അധികാരവും കേന്ദ്രീകരിച്ചിരിക്കുന്ന സിനിമാ മേഖലയിൽ നിലനിൽക്കുകയാണ്. ആ അന്തരീക്ഷത്തിന് നിയമനിർമാണം കൊണ്ടുമാത്രം വലിയ മാറ്റം ഉണ്ടാകുന്നില്ല. നിയമം ഫലപ്രദമായി ഉപയോഗിക്കുമ്പോൾ മാത്രമാണ് അന്തരീക്ഷവും മാറുന്നത്.
ഇതിനു സമാനമായി പണവും അധികാരവും സ്വാധീനവും കേന്ദ്രീകരിക്കുന്ന ഒരു സ്ഥിതിവിശേഷം ആരോഗ്യമേഖലയിലും ഉണ്ടായതിന്റെ പ്രതിഫലനമാണ് കൊൽക്കത്തയിൽ കണ്ടത്. അനീതിക്കെതിരെ സംസാരിക്കുന്നവരെ നിശ്ശബ്ദരാക്കുന്നിടത്ത് എങ്ങനെ നീതി നടപ്പാവും?. ആരോഗ്യമേഖലയിലെ കാര്യം മാത്രമെടുത്താൽ എത്ര സ്ഥാപനങ്ങളിൽ കംപ്ലയിന്റ് കമ്മിറ്റികളുണ്ടെന്നും അത് ഫലപ്രദമായി പ്രവർത്തിക്കുന്നുണ്ടോയെന്നും നോക്കിയാൽ ഇത് മനസ്സിലാവും.
ഒന്നാമതായി, പരാതി നൽകുന്നതിനുതന്നെ പരിശീലനം ആവശ്യമാണ്. പലപ്പോഴും കമ്മിറ്റികളുള്ളിടത്തും പരാതികൾ വരുന്നത് തൊഴിൽ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടാണ്. ലൈംഗികമായ അക്രമങ്ങളെ കുറിച്ച് പരാതിപ്പെട്ടാൽ തങ്ങൾ മോശക്കാരാകുമെന്നത് ഉൾക്കൊണ്ടവരാണ് കൂടുതൽ സ്ത്രീകളും. ആ സ്ഥലത്തുനിന്ന് ഒഴിഞ്ഞുപോയി എങ്ങനെയെങ്കിലും രക്ഷപ്പെടാമെന്ന് കരുതുന്നവരാണ് അധികവും. അതൊക്കെ മറികടന്ന് പരാതിപ്പെടുന്നവർക്കും നീതി ലഭിക്കാറില്ല. മാത്രമല്ല, അതുവരെയുണ്ടായിരുന്ന സ്വസ്ഥമായ ജീവിതം നഷ്ടപ്പെടുകയും ചെയ്‌തേക്കും. കുടുംബാംഗങ്ങളും സുഹൃത്തുക്കളും അധികാരികളും രാഷ്ട്രീയ നേതാക്കളുമെല്ലാം പരാതി പിൻവലിക്കണമെന്നുള്ള ശുപാർശയുമായി പിറകെ കൂടും. പരസ്പരം വിരോധം തീർക്കുന്നതിന് സ്ത്രീകളെ കരുവാക്കി നിയമം ദുരുപയോഗം ചെയ്യുന്നതും കാണാം. പറഞ്ഞുവന്നത് നിയമവ്യവസ്ഥയോടൊപ്പം സാംസ്‌കാരിക അന്തരീക്ഷം കൂടി മാറേണ്ടതിന്റെ ആവശ്യകതയാണ്. നിയമങ്ങളിലും നയങ്ങളിലും ഉണ്ടാകുന്ന മാറ്റങ്ങൾ മാറുന്ന സാമൂഹ്യ പ്രസ്ഥാനങ്ങളിലൂടെയാണെന്നതും ഇവ പതിയെ സാമൂഹ്യാന്തരീക്ഷത്തേയും മാറ്റുന്നുണ്ടെന്നതും യാഥാർഥ്യമാണ്. കൊൽക്കത്ത സംഭവവും തൊഴിൽസ്ഥലത്തെ സ്ത്രീകളുടെ സുരക്ഷാ സംവിധാനങ്ങൾ ഒരു പടികൂടെയെങ്കിലും മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം.
രണ്ടാമത് വരുന്ന വിഷയം, ആതുരാലയങ്ങളിലെ സുരക്ഷയെ സംബന്ധിച്ചാണ്. ഡോക്ടർമാർ ആക്രമിക്കപ്പെടുമ്പോൾ അതിനെ കുറിച്ച് ചർച്ച നടക്കുന്നത് പതിവാണ്. കേരളം പോലെയുള്ള സംസ്ഥാനങ്ങൾ ഇതിനായി നിയമങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ആശുപത്രികൾക്കുള്ളിൽ നടക്കുന്ന അക്രമസംഭവങ്ങൾക്ക് ആരോഗ്യ പ്രവർത്തകരുടെ തൊഴിൽ പ്രശ്നങ്ങൾക്കപ്പുറത്തുള്ള മാനങ്ങളുണ്ട്. ആശുപത്രികളും ആരോഗ്യപ്രവർത്തകരും സവിശേഷമാകുന്നത്, അത് രോഗശാന്തിക്കുള്ള ഇടവും അതിൽ പങ്ക് വഹിക്കുന്നവരും എന്ന നിലയ്ക്കാണ്. രോഗാവസ്ഥയിലുള്ള മനുഷ്യരോട് മറ്റു മനുഷ്യർക്ക് തോന്നുന്ന അനുകമ്പയാണ് രോഗചികിത്സയെയും ആതുരാലയങ്ങളെയും മൂല്യവത്താക്കുന്നത്. അവിടെ രോഗി തന്നെയാണ് കേന്ദ്രം. അതുകൊണ്ട് ആതുരാലയങ്ങളുടെ പരിരക്ഷ എന്നത് ആരോഗ്യ പ്രവർത്തകർക്കുള്ളതു മാത്രമല്ല, രോഗികൾക്കുകൂടിയുള്ളതാണ്. നിർഭാഗ്യവശാൽ, ഈയൊരു വശം ഇന്ന് ഡോക്ടർ സമൂഹത്തിൽ നടക്കുന്ന വ്യവഹാരങ്ങളിലൊന്നും കാണാറില്ല.
ആരോഗ്യ പ്രവർത്തകരും ജനങ്ങളും രണ്ടു ചേരികളിലല്ല നിൽക്കേണ്ടത്. എതിർ ചേരിയിൽ വരേണ്ടത് ക്രിമിനലുകളാണ്. ക്രിമിനലുകൾ എല്ലായിടത്തും വ്യാപിച്ചു കിടക്കുമ്പോൾ ഇത് വേർതിരിക്കാൻ പ്രയാസണ്. അവിടെയാണ് സാംസ്‌കാരികാന്തരീക്ഷം പ്രധാനമാകുന്നത്. പോലീസിനേയും പട്ടാളത്തിനേയും വച്ചു മാത്രം ആശുപത്രികളിൽ സുരക്ഷ ഒരുക്കാൻ കഴിയില്ല. പൊലീസിനും സെക്യൂരിറ്റി ഓഫീസർമാർക്കും പരിമിതമായ റോളുണ്ടാകും. കൊൽക്കത്ത കേസിൽ പോലീസ് ഔട്ട് പോസ്റ്റിൽ വോളണ്ടിയറായ ആൾ തന്നെയാണ് കുറ്റകൃത്യം നടത്തിയത്. വീടിനുള്ളിൽ ബന്ധുക്കളാലും സ്ഥാപനങ്ങളിൽ അടുത്ത സഹപ്രവർത്തകരാലും കൂടി സ്ത്രീകൾ ആക്രമിക്കപ്പെടുന്നു എന്നും ഓർക്കണം. ആശുപത്രികളിലേക്കുള്ള പൊതുജനങ്ങളുടെ പ്രാപ്യത തടസ്സപ്പെടുത്തി കൊണ്ടാകരുത് ആശുപത്രിയിൽ നിയന്ത്രണങ്ങളുണ്ടാക്കേണ്ടത്. എന്നാൽ, അനാവശ്യമായ ആൾക്കൂട്ടത്തെ ഒഴിവാക്കാൻ സെക്യൂരിറ്റി ഓഫീസർമാരൊക്കെ ആവശ്യവുമാണ്. എന്തിന് വേണ്ടിയാണ് ആശുപത്രികളും ഡോക്ടർമാരും എന്നത് മറന്നു പോകരുത് എന്ന് മാത്രം.
ഈ സംഭവത്തിൽ ഡോക്ടർമാരുടെ ഏറ്റവും വലിയ സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ രാജ്യമൊട്ടാകെ പ്രതിഷേധങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. രാജ്യത്തെ പ്രധാന വനിതാ സംഘടനകളും മറ്റു ജനകീയ സംഘടനകളും പ്രതിഷേധത്തിൽ ഒപ്പം ചേരുന്നുണ്ട്. ധാർമ്മികതയുടെ അടിസ്ഥാനത്തിൽ മനുഷ്യർ സഹജമായി പ്രതികരിക്കുന്നതാണ് നമ്മൾ കാണുന്നത്. ഈ ധാർമ്മികത സംഘടനകൾ ഉയർത്തുമ്പോൾ അത് കേവലം തൊഴിൽ പ്രശ്നം മാത്രമാകുന്നില്ല. അധികാര കേന്ദ്രങ്ങളുടെ അധാർമ്മികമായ അക്രമങ്ങളെ ചെറുക്കാൻ ധാർമ്മികമായ ഇടപെടലുകൾക്കേ കഴിയുകയുള്ളൂ. സഹപ്രവർത്തകക്ക് നേരിടേണ്ടി വന്ന ദുരന്തത്തിന് സാക്ഷിയായവർ സമാധാനപരമായി നടത്തുന്ന സമരത്തെ ഒതുക്കുന്ന സ്റ്റേറ്റ് നടപടിക്കെതിരെ സുപ്രീം കോടതി താക്കീത് നൽകിയിട്ടുണ്ട്. അധികാരത്തിന്റെ ദുരുപയോഗവും അഴിമതിയും ആരോഗ്യമേഖലയിലേക്ക് വ്യാപിച്ചു കൊണ്ടിരിക്കുന്നതിന്റെ സൂചനകൾ കൂടിയാണ് ഈ സംഭവത്തിൽ നിന്ന് ലഭിക്കുന്നത്. വസ്തുതകളും നുണകളും കൂടി കുഴഞ്ഞുമറിഞ്ഞതിനാൽ ഒന്നും തീർച്ചപ്പെടുത്താൻ കഴിയില്ല. എന്നാലും മെഡിക്കൽ കോളേജിനുള്ളിൽ തന്നെ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരുൾപ്പെട്ട ഒരു സംഘം കൂടി ഈ പാതകത്തിൽ ഉൾപ്പെട്ടതായ സൂചനകളുണ്ട്. അന്വേഷണങ്ങൾക്കുശേഷം സത്യം പുറത്തു വരുന്നതിന് കാത്തിരിക്കാം.
ധനവും അധികാരവും കേന്ദ്രീകരിക്കപ്പെടുന്നിടത്ത് സ്ത്രീകളും ദുർബ്ബലരും കൂടുതൽ പ്രകടമായി അക്രമിക്കപ്പെടും. മരുന്നുകളും മറ്റു മെഡിക്കൽ ഉപകരണങ്ങളും വാങ്ങുന്നതിലുള്ള അഴിമതിയും അതിൽ ഉൾപ്പെട്ട റാക്കറ്റും ചോദ്യം ചെയ്തത് കൊണ്ടാണ് ഡോക്ടർ കൊല ചെയ്യപ്പെട്ടതെന്ന് ചില റിപ്പോർട്ടുകൾ പറയുന്നുണ്ട്.
അമിതമായ സ്വകാര്യവൽക്കരണവും വാണിജ്യവൽക്കരണവും ആരോഗ്യസംവിധാനത്തെ തകർത്തുകൊണ്ടിരിക്കുകയാണെന്ന യാഥാർഥ്യം കാണാതിരിക്കാൻ കഴിയില്ല. ധനവും അധികാരവും കേന്ദ്രീകരിക്കപ്പെടുന്നിടത്ത് സ്ത്രീകളും ദുർബ്ബലരും കൂടുതൽ പ്രകടമായി അക്രമിക്കപ്പെടും. മരുന്നുകളും മറ്റു മെഡിക്കൽ ഉപകരണങ്ങളും വാങ്ങുന്നതിലുള്ള അഴിമതിയും അതിൽ ഉൾപ്പെട്ട റാക്കറ്റും ചോദ്യം ചെയ്തത് കൊണ്ടാണ് ഡോക്ടർ കൊല ചെയ്യപ്പെട്ടതെന്ന് ചില റിപ്പോർട്ടുകൾ പറയുന്നുണ്ട്. സത്യമാണോ എന്ന് തീർച്ചയില്ലെങ്കിലും മയക്കുമരുന്ന്, അവയവ കച്ചവട റാക്കറ്റുകളെ കുറിച്ചും പരാമർശങ്ങളുണ്ട്. വാണിജ്യവും സ്വകാര്യസ്ഥാപനങ്ങളും ആരോഗ്യസംവിധാനവുമായി ബന്ധപ്പെട്ട് ഒരു നൂറ്റാണ്ടിലധികമായി നിലനിൽക്കുന്നു. എന്നാൽ, ആശുപത്രികൾ നന്മയും ധാർമ്മികതയും കയ്യൊഴിഞ്ഞിരുന്നില്ല. ഈ അവസ്ഥയിലേക്കെത്തിയത് പല ഘട്ടങ്ങൾ കടന്നു കൊണ്ടാകണം. എല്ലാ ധാർമ്മികതയും മറികടന്നു കൊണ്ടുള്ള വിപണിയുടെ കടന്നുകയറ്റം, അധോലോകത്തിലേക്ക് വരെ മെഡിക്കൽ വ്യവസായത്തെ എത്തിച്ചുവോ എന്ന് സംശയം തോന്നാം. പലരും ബോധപൂർവ്വമായി പോലുമല്ല ഇതിന്റെ ഭാഗമാകുന്നത്. മരുന്നുകമ്പനികളിൽ നിന്നും മറ്റും സമ്മാനങ്ങൾ വാങ്ങുമ്പോഴും അധികാരത്തിന് കീഴടങ്ങുമ്പോഴും ഒക്കെ അത് സ്വാഭാവികമാണെന്ന് തന്നെ മിക്ക പേരും കരുതുന്നു. അരാഷ്ട്രീയരായിരിക്കുക എന്നതാണ് ശരി എന്ന് ചിന്തിക്കാനും അധികാരത്തിന് കീഴടങ്ങുന്നതിലും രാഷ്ട്രീയമുണ്ടെന്ന് കാണാതിരിക്കാനും പാകത്തിനുള്ള പൊതുബോധത്തിലാണ് അവർ ജീവിക്കുന്നത്.
സ്ത്രീകളെ തൊഴിലിടങ്ങളിൽ കാണുമ്പോഴും അവർ നമുക്ക് ലൈംഗികമായി ഉപയോഗിക്കാനുള്ളവരാണ് എന്ന തോന്നൽ പാട്രിയാർക്കൽ സമൂഹത്തിൽ ആണുങ്ങൾക്ക് സ്വാഭാവികമായി തോന്നുന്നതുപോലെയാണിത്. ഈ അന്തരീക്ഷത്തിൽ ക്രിമിനലുകൾക്ക് കടന്നു കയറാനുള്ള ഇടം ലഭിക്കുന്നു. ചികിത്സാചെലവ് കൊണ്ടു മാത്രം അനേകായിരം ജനങ്ങൾ ദാരിദ്ര്യത്തിലേക്ക് പതിക്കുന്നത് കാണാൻ ചികിത്സകർ പരിശീലിപ്പിക്കപ്പെടുന്നില്ല. മുന്നിൽ വരുന്ന രോഗികൾക്ക് ചെലവ് താങ്ങാൻ കഴിയുമോ എന്നത് ഡോക്ടറുടെ വിഷയമാവുന്നില്ല. ചികിത്സക്കായുള്ള പിരിവെടുപ്പ് ഇപ്പോൾ വ്യാപകമാണല്ലോ. ഈ ഭിക്ഷയെടുക്കൽ അപമാനകരമോ നിയമവിരുദ്ധമോ അല്ല. ലക്ഷങ്ങളും കോടികളും ചെലവാകുന്ന നൂതന ചികിത്സകൾക്കായി സാധാരണക്കാരിൽ നിന്ന് പിരിവെടുക്കുമ്പോൾ ഈ ചികിത്സാചെലവ് ഏതൊക്കെ തരത്തിലാണുണ്ടായത് എന്നറിയാൻ ആരും ശ്രമിക്കാറില്ല.
സർക്കാർ ആശുപത്രികളിൽ ഏറ്റവും ആധുനികമായ സംവിധാനങ്ങൾ ഉണ്ടായിരിക്കണമെന്നതിന് ഒരു നിബന്ധനയുമില്ല. ഉണ്ടായാൽ അത് ഭാഗ്യമോ ബോണസോ ഒക്കെയാണ്. അത് തങ്ങൾക്ക് ലഭിക്കേണ്ട അവകാശമാണെന്ന് ജനങ്ങളും കരുതുന്നില്ല. ഇതെല്ലാം സ്വാഭാവികവൽക്കരിക്കപ്പെടുകയാണ്. കേന്ദ്ര ആരോഗ്യനയത്തിൽ പറഞ്ഞിരിക്കുന്നത്, ദ്വിതീയ തലത്തിലുള്ള ചികിത്സ സ്ട്രാറ്റജിക് പർചേസ് എന്ന പേരിൽ സ്വകാര്യസ്ഥാപനങ്ങളിൽ നിന്ന് വാങ്ങണമെന്നാണ്. ചില സംസ്ഥാനങ്ങളിൽ പ്രാഥമികാരോഗ്യ സേവനം പോലും സ്വകാര്യ ഏജൻസികൾക്ക് കൊടുക്കാനുള്ള നീക്കം നടക്കുന്നു. ചികിത്സാസങ്കേതങ്ങൾ അനുദിനം വളരുകയും മെച്ചപ്പെടുകയുമാണെന്നതിൽ സംശയമില്ല. ആരോഗ്യം എന്നത് ജനങ്ങളുടെ ജീവന്മരണപ്രശ്‌നമായതിനാൽ ആ സേവനങ്ങൾ എല്ലാവരും ആഗ്രഹിക്കും. അതിനായി കിടപ്പാടം വിൽക്കുകയോ ഭിക്ഷ എടുക്കുകയോ ചെയ്യും. ഈ അവസ്ഥയുള്ളതു കൊണ്ടാണ് ഇരട്ടത്താപ്പ് ഒഴിവാക്കി ആരോഗ്യം അവകാശമായിരിക്കണം എന്ന ലക്ഷ്യം തത്വത്തിൽ എല്ലാവരും അംഗീകരിക്കുന്നത്. സ്വകാര്യമേഖലയും പൊതുമേഖലയും ചേർന്ന് സന്തുലിതമായി നീതി നില നിർത്താൻ ഇതു കൂടി കണക്കിലെടുക്കേണ്ടി വരും.
എല്ലാവർക്കും ഭയവും വിവേചനവും കൂടാതെ ജോലി ചെയ്യാൻ കഴിയണം. കമ്മിറ്റികൾ ഉണ്ടായാൽ പോരാ, പരാതികൾ രേഖപ്പെടുത്തുകയും പരിഹരിക്കുകയും അത് ഓഡിറ്റ് ചെയ്യുകയും വേണം.
മെഡിക്കൽ പ്രവേശനവും വിദ്യാഭ്യാസവും വാണിജ്യവൽക്കരണത്തിന്റെ ഭാഗമായി മാറുകയും അതോടൊപ്പം അഴിമതി ഉണ്ടാവുകയും ചെയ്യുന്നു. ആരോഗ്യസംവിധാനത്തിന്റെ ഈ അധഃപതനം കൂടിയാണ് ക്രിമിനൽ പ്രവൃത്തികൾക്കുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നത്. കുറേശ്ശെ ദ്രവിച്ച് ദ്രവിച്ചാണ് ഈ ജീർണ്ണതയിൽ എത്തിയിട്ടുള്ളത്. ആരോഗ്യസ്ഥാപനങ്ങളിലെ സംവിധാനത്തിലെ ഉച്ച നീചത്വങ്ങൾ കാണാതിരിക്കാൻ കഴിയില്ല. പുരുഷ ഡോക്ടർമാർ, വനിതാ ഡോക്ടർമാർ, ജൂനിയർ ഡോക്ടർമാർ, നഴ്സുമാർ, അസിസ്റ്റന്റുമാർ, തൂപ്പുകാർ എന്നിങ്ങനെയുള്ള ശ്രേണി പൂർണ്ണമായും ഒഴിവാക്കാൻ പറ്റില്ലെങ്കിലും എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. എല്ലാവർക്കും ഭയവും വിവേചനവും കൂടാതെ ജോലി ചെയ്യാൻ കഴിയണം. കമ്മിറ്റികൾ ഉണ്ടായാൽ പോരാ, പരാതികൾ രേഖപ്പെടുത്തുകയും പരിഹരിക്കുകയും അത് ഓഡിറ്റ് ചെയ്യുകയും വേണം. ജൂനിയർ ഡോക്ടർമാർക്ക് നൽകുന്ന 36 മണിക്കൂർ തുടർച്ചയായ ഡ്യൂട്ടിയും സുരക്ഷയില്ലായ്മയും മനുഷ്യാവകാശലംഘനം എന്ന തരത്തിൽ തന്നെ പരിഗണിക്കേണ്ടതാണ്.
പത്തൊമ്പതാം നൂറ്റാണ്ടിൽ പശ്ചിമബംഗാളിലെ ജനകീയ ഡോക്ടറായിരുന്ന രാധാ ഗോബിന്ദ കറിന്റെ പേരിൽ 1886- ൽ സ്ഥാപിതമായ മെഡിക്കൽ കോളേജാണ് ആർ.ബി. കർ മെഡിക്കൽ കോളേജ്. അദ്ദേഹം ലാഭേച്ഛയില്ലാതെ ഗ്രാമത്തിൽ സഞ്ചരിച്ച് ജനങ്ങൾക്ക് സേവനം നൽകിയിരുന്നു. 1899-ൽ പ്ലേഗ് പടർന്നു പിടിച്ചപ്പോൾ സിസ്റ്റർ നിവേദിതയോടൊപ്പം അദ്ദേഹം സേവനം നടത്തി. മെഡിക്കൽ സയൻസിന്റെ നേട്ടങ്ങൾ സാധാരണക്കാരിലെത്തിക്കാൻ ജീവിത കാലം മുഴുവൻ പണിയെടുത്തു. ഇഗ്ലണ്ടിൽ മെഡിക്കൽ വിദ്യാഭ്യാസം ചെയ്തെങ്കിലും തിരികെ നാട്ടിൽ വന്ന് ചികിത്സ നടത്തി. മെഡിക്കൽ സയൻസിനെ പറ്റി ബംഗാളിയിൽ പുസ്തകങ്ങളെഴുതി. സ്വന്തം ധനവും മറ്റുള്ളവരിൽ നിന്ന് ശേഖരിച്ച ധനവും ഉപയോഗിച്ച് ആശുപത്രി പണിതു. കൊൽക്കത്തയിൽ ഉണ്ടായിരുന്ന മെഡിക്കൽ കോളേജുമായും അദ്ദേഹം സഹകരിച്ചു പ്രവർത്തിച്ചു. വൈദ്യസേവനത്തെ നവോത്ഥാനത്തിന്റെ ഭാഗമായി കണ്ട ഡോക്ടർ കർ, വിദേശമരുന്നുകളുടെ വില താങ്ങാൻ സാധാരണക്കാർക്ക് കഴിയില്ലെന്ന് തിരിച്ചറിഞ്ഞ് നാട്ടിൽ ഫാർമസ്യൂട്ടിക്കൽ കമ്പനി തുടങ്ങുകയും ചെയ്തു. അദ്ദേഹത്തിന് മരിക്കുമ്പോൾ ആകെയുണ്ടായിരുന്ന സ്വത്തായ വീട് മെഡിക്കൽ കോളേജിന് നൽകി. 1948- ൽ ബി.സി. റോയ് ആണ് മെഡിക്കൽ കോളേജിന് അദ്ദേഹത്തിൻറെ പേര് നൽകിയത്. (ഒരു സുഹൃത്തിന്റെ വാട്ട്‌സ് ആപ്പ് സന്ദേശത്തിൽനിന്ന്).
ഈ കോളേജ് എങ്ങനെയാണ് ഇന്നത്തെ രീതിയിൽ അധഃപ്പതിച്ചതെന്ന് മനസ്സിലാക്കുന്നത്, ആരോഗ്യവ്യവസ്ഥയിൽ പൊതുവേ വന്ന മാറ്റത്തെ മനസ്സിലാക്കുന്നതിന് സമാനമായിരിക്കും. നവോത്ഥാന കാലത്ത് വ്യവസായവും വാണിജ്യവും സ്വകാര്യ ഉടമസ്ഥതയും ഒക്കെയായി മോഡേൺ മെഡിസിൻ കടന്നുവന്നെങ്കിലും അതിൽ മുഖ്യമായിരുന്നത് ശാസ്ത്രീയതയും ധാർമ്മികതയും ആയിരുന്നു. പിൽക്കാലത്ത് ക്രമേണ വാണിജ്യത്തിന്റെ അധാർമ്മികമായ ഒഴുക്കുകൾ എങ്ങനെയാണ് ആരോഗ്യ സംവിധാനങ്ങളിൽ ആധിപത്യമുണ്ടാക്കിയതും ഇപ്പോൾ പലയിടത്തും കാണുന്നതുപോലെ അധോലോക സമാനമായ സംഭവങ്ങളിൽ വരെ എത്തിയതും എന്നത് പഠിക്കേണ്ട വിഷയമാണ്. ധനത്തിന്റെയും അധികാരത്തിന്റെയും കൊഴുപ്പുകൊണ്ട് സിനിമാമേഖലക്ക് സമാനമായ ഒരന്തരീക്ഷം ഇവിടേയും കാണാം. രണ്ടിടത്തും പുറമെനിന്നുള്ള വ്യവസ്ഥാപരമായ മാറ്റങ്ങളും അതോടൊപ്പം ഉള്ളിൽ നിന്നും സാംസ്‌കാരികമായ മാറ്റങ്ങളും ഉണ്ടാകണം.
ആരോഗ്യവ്യവസ്ഥക്ക് നഷ്ടപ്പെട്ട ധാർമ്മികത തിരിച്ചുപിടിക്കാനുള്ള അവസരം കൂടിയാണ് ഇപ്പോൾ പടർന്നുകൊണ്ടിരിക്കുന്ന ധാർമ്മിക രോഷവും സമരവും. അത് സങ്കുചിത രാഷ്ട്രീയ താല്പര്യങ്ങളിലേക്ക് പോകരുത്. ഡോക്ടർമാരുടെ സംഘടന നിലപാട് ഉറപ്പിക്കാൻ മുന്നിൽ നിൽക്കണം. ജൂനിയർ ഡോക്ടർമാരുടെ ജോലിസമയം നീതിപൂർവ്വമായി നിശ്ചയിക്കാൻ ഡോക്ടർമാരുടെ സംഘടന ആവശ്യപ്പെടുന്നുണ്ട്. സംവിധാനത്തിനുള്ളിൽ കടന്നുകൂടിയിട്ടുള്ള അധാർമ്മികമായ പ്രവണതകളെ തൂത്തെറിഞ്ഞ് ധാർമ്മിക മൂല്യങ്ങൾ പുനഃസ്ഥാപിക്കണം. പ്രൊഫഷണൽ മേഖലയിൽ സ്വയം നിയന്ത്രണത്തിന് പ്രാപ്തിയുള്ള മെഡിക്കൽ കമ്മീഷനിലുള്ളവരും ഇതിന് ശ്രമിക്കേണ്ടതുണ്ട്. നിയമപാലനം വഴിയുള്ള സുരക്ഷാസംവിധാനങ്ങൾ വേണ്ടതുണ്ട്. പക്ഷെ, അതുമാത്രം മതിയാവില്ല എന്നതാണ് എടുത്തുപറയാനുള്ളത്. ഈ സംഭവത്തിൽ നീറിപ്പുകയുന്ന നമ്മുടെ ഉള്ളിൽ നിന്നും മാറ്റങ്ങളുണ്ടാകണം. സ്ത്രീകൾ, ട്രാൻസ്ജെൻഡർ മനുഷ്യർ, താഴെ തട്ടിലുള്ളവർ എന്നിവർക്കെല്ലാം തുല്യ നീതി നൽകുന്ന രീതിയിലേക്ക് ആരോഗ്യവ്യവസ്ഥ മാറുകയും ചികിത്സാലയങ്ങൾ രോഗികേന്ദ്രിതമാവുകയും വേണം. ഈയൊരു കാഴ്ചപ്പാടിലാണ് പല ജനകീയപ്രസ്ഥാനങ്ങളും ഈ ദുരിതാവസ്ഥയിൽ ആരോഗ്യപ്രവർത്തകരോട് ചേർന്ന് നിൽക്കുന്നത്. ധാർമ്മികതയെ അടിസ്ഥാനപ്പെടുത്തി ഡോക്ടർമാരുടെ സംഘടനകൾ മറ്റു ജനകീയ സംഘടനകളുമായി ഐക്യദാർഢ്യപ്പെട്ടാൽ മാത്രമേ, ആരോഗ്യസംവിധാനം മെച്ചപ്പെടൂ. അധികാരകേന്ദ്രിത രാഷ്ട്രീയത്തിന്റെ സങ്കുചിത താല്പര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കണം. ഇനിയും ഈ ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കണമെങ്കിൽ, നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ആരോഗ്യ പരിപാലന ധാർമ്മികത തിരിച്ചുപിടിക്കുകതന്നെ വേണം.