GOODBYE 2024! HELLO 2025!
ഓർമയാവുന്നത്, ബാക്കിവെക്കുന്നത്, പ്രതീക്ഷ നൽകുന്നത്

2024-ൽ എന്തെല്ലാമാണ് സംഭവിച്ചത്? ഇന്ത്യയിലെയും അമേരിക്കയിലെയും പൊതുതെരഞ്ഞെടുപ്പുകൾ, വയനാട്ടിലെ ഉരുൾപൊട്ടൽ, എം.ടിയുടെയും സാക്കിർ ഹുസൈൻെറെയും വിടവാങ്ങലുകൾ, ലോക ചെസ് ചാമ്പ്യനായ ഗുകേഷ്, ഇന്ത്യയുടെ ടി20 ലോകപ്പ് നേട്ടം, സിറിയയിലെയും ബംഗ്ലാദേശിലെയും രാഷ്ട്രീയ മാറ്റങ്ങൾ… ഒരു വർഷം കടന്നുപോവുമ്പോൾ ബാക്കിവെക്കുന്നത്, ഓർമയാവുന്നത്, പ്രതീക്ഷ നൽകുന്നത്… കടന്നുപോയ വർഷത്തെ വാർത്താലോകം - വിവിധ വിഷയങ്ങളെക്കുറിച്ച് 2024-ൽ ട്രൂകോപ്പി തിങ്ക് നടത്തിയ സമഗ്ര അവലോകനങ്ങളുടെയും റിപ്പോർട്ടുകളുടെയും സംക്ഷിപ്തം.

News Desk

വയനാട് ഉരുൾപൊട്ടൽ

കേരളം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളിലൊന്ന് സംഭവിച്ച വർഷമാണ് 2024. ജൂലൈ 30-ന് പുലർച്ചെയാണ് കേരളത്തെയാകെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിയിട്ട ദുരന്തം സംഭവിക്കുന്നത്. മുണ്ടക്കൈ, ചൂരൽമല എന്നീ പ്രദേശങ്ങളെയാണ് ഉരുൾപൊട്ടൽ വലിയ തോതിൽ ബാധിച്ചത്. ഔദ്യോഗിക കണക്കുകൾ പ്രകാരം ഏകദേശം 350-ലധികം പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത ദുരന്തത്തിൻെറ പുനരധിവാസ പ്രവർത്തനങ്ങൾ ഇപ്പോഴും പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. കേന്ദ്രസർക്കാരിൻെറ ഭാഗത്ത് നിന്നുള്ള സഹായം അനന്തമായി നീളുകയും ചെയ്യുന്നു. വയനാട് ഉരുൾപൊട്ടലിന് ശേഷം പ്രകൃതിദുരന്തങ്ങളുടെ കാരണങ്ങളെക്കുറിച്ചും കേരളത്തിൻെറ പൊതുസമൂഹത്തിനിടയിൽ വലിയ ചർച്ചയാണ് നടന്നത്.

2. ലോക്സഭാ തെരഞ്ഞെടുപ്പ്

ജനാധിപത്യ വിശ്വാസികൾക്ക് ആശ്വാസവും നിരാശയും ഒരുപോലെ സമ്മാനിച്ച തെരഞ്ഞെടുപ്പ് ഫലമാണ് 2024-ൽ ഉണ്ടായത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ മൂന്നാം തവണയും അധികാരത്തിലേറിയപ്പോഴും കോൺഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യാ മുന്നണി വലിയ തിരിച്ചുവരവാണ് നടത്തിയത്. പത്ത് വർഷത്തിന് ശേഷം രാജ്യത്ത് പാർലമൻെറിൽ അംഗസംഖ്യ കൊണ്ട് പ്രതിപക്ഷം കൂടുതൽ കരുത്തരായിരിക്കുന്നു.

ട്രൂകോപ്പി തിങ്ക് പ്രസിദ്ധീകരിച്ച 2024 പാർലമെൻറ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ലേഖനങ്ങൾ വീഡീയോകൾ

3. അമേരിക്കൻ തെരഞ്ഞെടുപ്പ്

ഡോണൾഡ് ട്രംപിൻെറ നേതൃത്വത്തിൽ റിപ്പബ്ലിക്കൻ പാർട്ടി അമേരിക്കയിൽ വീണ്ടും അധികാരത്തിലെത്തുന്നു. രാജ്യത്തിൻെറ ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡൻറാവുമെന്ന പ്രതീക്ഷയോടെ മത്സരിച്ച ഡെമോക്രാറ്റ് സ്ഥാനാർഥി കമലാ ഹാരിസിന് തോൽവി. ട്രംപിൻെറ വിജയത്തെ ലോകം വലിയ ആശങ്കയോടെയാണ് ഉറ്റുനോക്കുന്നത്. 2025-ജനുവരിയിലാണ് ജോ ബൈഡൻെറ പിൻഗാമിയായി ട്രംപ് ഔദ്യോഗികമായി അമേരിക്കയുടെ പുതിയ പ്രസിഡൻറാവാൻ പോവുന്നത്.

4. ഗാസ, ലെബനൻ - ഇസ്രായേൽ

ഗാസയിലും ലെബനനിലും ഇസ്രായേൽ നടത്തുന്ന ക്രൂരതകൾ തുടരുകയാണ്. അമേരിക്കയിൽ ട്രംപ് അധികാരത്തിലെത്തുന്നത് ബെഞ്ചമിൻ നെതന്യാഹുവിനെ കൂടുതൽ കരുത്തനാക്കുന്നു. പശ്ചിമേഷ്യയിൽ പിഞ്ചുകുഞ്ഞുങ്ങളെ പോലും വെറുതെവിടാത്ത വംശീയത്യയാണ് ഇസ്രായേൽ നിർബാധം തുടരുന്നത്. 2024-ൽ പശ്ചിമേഷ്യ കൂടുതൽ സംഘർഷഭരിതമാവുകയാണ് ചെയ്തത്.

5. വിടപറഞ്ഞവ‍ർ

മലയാളത്തിൻെറ പ്രിയപ്പെട്ട എഴുത്തുകാരൻ എം.ടി. വാസുദേവൻ നായർ 2024 ഡിസംബർ 25നാണ് അന്തരിക്കുന്നത്. സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, കോൺഗ്രസ് നേതാവും മുൻ പ്രധാനമന്ത്രിയുമായിരുന്ന മൻ മോഹൻ സിങ്, ഗസൽ ഗായകൻ പങ്കജ് ഉധാസ്, തബലയിൽ വിസ്മയം തീർത്ത സാക്കിർ ഹുസൈൻ, ടാറ്റ സൺസ് മുൻ ചെയർമാൻ രത്തൻ ടാറ്റ, മനുഷ്യാവകാശ പ്രവർത്തകൻ ജി. സായിബാബ, സാമൂഹ്യ പ്രവർത്തകനും കനവ് എന്ന ആദിവാസി ബദൽ വിദ്യാഭ്യാസ മോഡൽ മുന്നോട്ട് വെക്കകയും ചെയ്ത കെ.ജെ. ബേബി, ചലച്ചിത്ര പ്രവർത്തകൻ ശ്യാം ബെനഗൽ, മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് എം.എം ലോറൻസ്, മുൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ, പുഷ്പൻ, മലയാള ചലച്ചിത്രനടിമാരായ കവിയൂർ പൊന്നമ്മ, മീന ഗണേഷ്, കനകലത നടൻമാരായ ടി.പി മാധവൻ, മേഘനാഥൻ, മോഹൻരാജ്, സംവിധായകൻ ഹരികുമാർ എന്നിങ്ങനെ 2024-ൻെറ നഷ്ടങ്ങൾ എണ്ണിയാലൊടുങ്ങാത്തതാണ്.

6. കായികലോകം

ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ചൈനയുടെ ഡിങ് ലിറനെ തോൽപ്പിച്ച് ചാമ്പ്യനായ ഡി. ഗുകേഷാണ് 2024-ൽ ഇന്ത്യൻ കായികലോകത്തിൻെറ ഹീറോ. ലോക ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ് ചാമ്പ്യൻ കൂടിയായി ഗുകേഷ് മാറി. ക്രിക്കറ്റിൽ 2011-ന് ശേഷം ഇന്ത്യ ഒരു ഐസിസി കിരീടം സ്വന്തമാക്കിയിരിക്കുന്നു. രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ടീം ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ലോകകിരീടം നേടി. യൂറോകപ്പ് ഫുട്ബോളിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് സ്പെയിനും കോപ്പ അമേരിക്കയിൽ കൊളംബിയയെ തോൽപ്പിച്ച് അർജൻറീനയും ജേതാക്കളായി. 2024-ലെ പാരീസ് ഒളിമ്പിക്സിൽ ഒരു വെള്ളിയും അഞ്ച് വെങ്കലവുമടക്കം ഇന്ത്യ 6 മെഡലുകൾ നേടി. ഹോക്കിയിൽ വെങ്കലം നേടിയ ഇന്ത്യയുടെ ഗോൾകീപ്പറായ മലയാളി താരം പി.ആർ ശ്രീജേഷ് അഭിമാനതാരമായി മാറി. ടെന്നീസ് ഇതിഹാസം റാഫേൽ നദാൽ വിരമിക്കൽ പ്രഖ്യാപിച്ചു. തകർപ്പൻ സെഞ്ചുറിയുമായി സഞ്ജു സാംസൺ ഇന്ത്യൻ ടി20 ടീമിൽ തൻെറ സ്ഥാനം ഉറപ്പാക്കുന്നു.

7. നൊബേൽ സമ്മാനം

ദക്ഷിണ കൊറിയൻ എഴുത്തുകാരി ഹാൻ കാങ്ങിനാണ് 2024-ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം ലഭിച്ചത്. ആണവായുധങ്ങളില്ലാത്ത ലോകം എന്ന ആശയത്തിലൂന്നി പ്രവർത്തിക്കുന്ന നിഹോൻ ഹിഡാങ്ക്യോ എന്ന ജാപ്പനീസ് സംഘടനയ്ക്കാണ് സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം.

8. കേരളത്തിലെ ഉപതെരഞ്ഞെടുപ്പ്

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലേക്കും വയനാട് ലോക്സഭാ മണ്ഡലത്തിലുമാണ് കേരളത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസ് നേതാവായിരുന്ന ഡോ. പി.സരിൻ ഇടതുമുന്നണി സ്ഥാനാർഥിയായതും ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ കോൺഗ്രസിലെത്തിയതുമടക്കം വലിയ സംഭവവികാസങ്ങൾക്കാണ് ഉപതെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചത്.

9. കേരളം, രാഷ്ട്രീയം

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറും സിപിഎം നേതാവുമായ പി.പി ദിവ്യയുടെ വ്യക്തിഹത്യാപരമായ അധിക്ഷേപത്തെ തുടർന്ന് കണ്ണൂർ എ.ഡി.എം നവീൻ ബാബു ആത്മഹത്യയും ചെയ്തത് വലിയ കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചായ വർഷമാണ് 2024. മുനമ്പത്തെ വഖഫ് ഭൂമി വിവാദവും തെരഞ്ഞെടുപ്പ് തോൽവികൾക്ക് പിന്നാലെ മുസ്ലീം സംഘടനകളുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കൾ നിരന്തരം നടത്തിയ പ്രസ്താവനകളുമെല്ലാം രാഷ്ട്രീയകേരളം ചർച്ച ചെയ്തിരുന്നു.

10. ദേശീയ രാഷ്ട്രീയം

ലോക്സഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനാവാതെ പോയതിനാൽ ബി.ജെ.പിക്ക് തങ്ങളുടെ ഏകാധിപത്യ രാഷ്ട്രീയ തീരുമാനങ്ങളിൽ നിന്ന് പിൻമാറേണ്ടി വന്നിരിക്കുന്നു. തമിഴ് നടൻ വിജയ് പുതിയ രാഷ്ട്രീയ പാർട്ടിയുമായി വരുന്നത് ദക്ഷിണേന്ത്യൻ രാഷ്ട്രീയത്തിൽ പുതിയ ചുവടുവെപ്പായി മാറി. ദില്ലിയിൽ വീണ്ടും കർഷകർ സമരം നടത്തുന്നു. കൂടുതൽ ശക്തമായ പ്രതിപക്ഷം തന്നെയാണ് ദേശീയ രാഷ്ട്രീയത്തിൽ 2024-ലുണ്ടായ വലിയ മാറ്റം.

11. സംസ്ഥാന തെരഞ്ഞെടുപ്പുകൾ

ലോക്സഭാ തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റമുണ്ടാക്കിയ ഇന്ത്യാ മുന്നണിക്ക് സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ അത് ആവർത്തിക്കാനായില്ല. മഹാരാഷ്ട്രയിൽ ബി.ജെ.പി - ശിവസേനാ സഖ്യം വീണ്ടും അധികാരം പിടിച്ചതും ഹരിയാനയിൽ ഭരണം നേടാൻ സാധിക്കാതെ പോയതും കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടികളാണ്.

12. വിദ്യാഭ്യാസമേഖല

നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതും സംസ്ഥാനത്ത് പത്താം ക്ലാസിലെ പാദ, അർധവാർഷിക പരീക്ഷകളുടെ ചോദ്യപേപ്പറുകൾ പുറത്തായതുമെല്ലാം വിദ്യാഭ്യാസ മേഖലയിൽ ചർച്ചകളായി. പട്ടികജാതി - വർഗ വിദ്യാർഥികൾക്ക് ഇ-ഗ്രാൻറ്സ് മുടങ്ങുന്നതിന് ഇപ്പോഴും പരിഹാരമായിട്ടില്ല. നാലുവർഷ ബിരുദം നടപ്പാക്കുന്നതിലെ അപാകതകളും പരിഹരിക്കപ്പെടേണ്ടതുണ്ട്.

13. സിനിമ

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് മലയാള സിനിമാരംഗത്ത് 2024-ൽ പ്രധാന ചർച്ചയായത്. റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി ആരോപണങ്ങളാണ് മലയാള സിനിമയിലെ ചില നടൻമാർക്കും സംവിധായകർക്കുമെതിരെ വന്നത്. 2024-ലെ ഓസ്കാർ പുരസ്കാരത്തിൽ ഓപ്പൺ ഹൈമർ നേട്ടമുണ്ടാക്കി. ദേശീയ ചലച്ചിത്രപുരസ്കാരത്തതിൽ മികച്ച ചിത്രമായി ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ആട്ടം തെരഞ്ഞെടുക്കപ്പെട്ടു.

14. സാമ്പത്തികമേഖല

സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ചിനും അദാി ഗ്രൂപ്പ് ഉടമ ഗൗതം അദാനിക്കുമെതിരെ ആരോപണങ്ങളുമായി പുറത്തുവന്ന ഹിൻഡൻബർഗ് റിപ്പോർട്ട് സാമ്പത്തികരംഗത്ത് വലിയ ചർച്ചയായി. കർഷകരെ തിരിഞ്ഞുനോക്കാത്ത മൂന്നാം മോദി സർക്കാരിൻെറ കേന്ദ്ര ബജറ്റിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നു.

15. ലോകം - സിറിയ, ബംഗ്ലാദേശ്, ശ്രീലങ്ക

സിറിയയിൽ അഞ്ച് പതിറ്റാണ്ടായി തുടർന്നിരുന്ന അസദ് കുടുംബത്തിൻെറ ഭരണത്തിന് വിരാമമായിരിക്കുന്നു. അബു മുഹമ്മദ് അൽ ജൊലാനിയുടെ നേതൃത്വത്തിലാണ് വിമതർ അധികാരം പിടിച്ചത്. ബംഗ്ലാദേശിൽ ആഭ്യന്തര സംഘർഷങ്ങളെ തുടർന്ന് ഷെയ്ഖ് ഹസീനയ്ക്ക് അധികാരമൊഴിഞ്ഞ രാജ്യം വിടേണ്ടി വന്നു. ശ്രീലങ്കയുടെ ചരിത്രത്തിൽ ആദ്യമായി ഇടതുപക്ഷ കക്ഷി ഭരണത്തിലെത്തുന്നു.

16. മനുഷ്യാവകാശ പ്രശ്നങ്ങൾ

അടിസ്ഥാന ആവശ്യങ്ങൾ നേടിയെടുക്കാനുള്ള മനുഷ്യാവകാശ സമരങ്ങൾ ലോകത്തെമ്പാടും തുടരുന്നു. മണ്ണിന് വേണ്ടി, കുടിവെള്ളത്തിന് വേണ്ടി, അവകാശ നിഷേധങ്ങൾക്കെതിരെ, നീതിനിഷേധങ്ങൾക്കെതിരെ മനുഷ്യർ സമരത്തിലാണ്.

17. പരിസ്ഥിതി

മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലിനും ഷിരൂരിലെ മണ്ണിടിച്ചിലിന് ശേഷവും പരിസ്ഥിതി ദുർബല പ്രദേശങ്ങളിലെ മനുഷ്യരുടെ ഇടപെടലുമായി ബന്ധപ്പെട്ട് വലിയ ചർച്ചകൾ നടന്നു. കേരളത്തിലെ ചീമേനിയിൽ ആണവനിലയത്തിനുള്ള സാധ്യത ആരഞ്ഞുകൊണ്ടുള്ള ചർച്ചകൾക്കെെതിരെ പരിസ്ഥിതി പ്രവർത്തകരുടെ ഭാഗത്ത് നിന്നും പ്രതിഷേധമുയരുന്നുണ്ട്.

18. ആരോഗ്യം

പകർച്ചവ്യാധികളും പലതരത്തിലുള്ള പനികളും മനുഷ്യരെ ലോകമെമ്പാടും വേട്ടയാടുന്നു. കേരളത്തിൽ പല കേന്ദ്രങ്ങളിലായി മഞ്ഞപ്പിത്തം പടർന്നു പിടിച്ചു. 2024-ൻെറ പകർച്ചവ്യാധിയെന്ന വിശേഷണം മുണ്ടിനീരിന് ലഭിച്ചിരിക്കുന്നു.

19. ന്യൂനപക്ഷം

രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരായ വേട്ടയാടൽ നിർബാധം തുടരുന്നു. മുസ്ലീം ആരാധനാലയങ്ങൾ പലതും ഹിന്ദുക്ഷേത്രങ്ങൾ തകർത്ത് നിർമ്മിച്ചതാണെന്ന ആരോപണം സംഘപരിവാർ വീണ്ടും ഉയർത്തുന്നു. ഉത്തർപ്രദേശിലെ സംഭൽ മസ്ജിദ് വിഷയത്തിലുണ്ടായ സുപ്രീം കോടതി ഇടപെടൽ ഇതിൻെറ തുടർച്ചയാണ്.

20. ശാസ്ത്ര സാങ്കേതികരംഗം

ഡിജിറ്റലായ ലോകത്തിൻെറ വേഗത വർധിക്കുകയാണ്. ശാസ്ത്ര സാങ്കേതികരംഗത്ത് പുതിയ കണ്ടുപിടിത്തങ്ങളുണ്ടാവുന്നു. സാങ്കേതികവിദ്യ മനുഷ്യജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് വലിയ ചർച്ചകളാണ് 2024-ൽ നടന്നത്. അതിന് അടുത്ത വർഷവും തുടർച്ചകളുണ്ടാവുമെന്ന് ഉറപ്പാണ്.

21. സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയ മനുഷ്യ സമൂഹത്തെയാകെ തന്നെ വലിയൊരു വഴിത്തിരിവിലൂടെയാണ് കൊണ്ടുപോവുന്നത്. സോഷ്യൽ മീഡിയ നിയന്ത്രിക്കുന്ന ഒരു ലോകത്ത്, സോഷ്യൽ മീഡിയയുടെ നിയന്ത്രണങ്ങളെക്കുറിച്ചാണ് ചർച്ച നടക്കുന്നത്.

22. സാഹിത്യം

പുതിയ പുസ്തകങ്ങളും എഴുത്തുകാരും ചർച്ചയാവുന്നു. ഡിജിറ്റൽ വായനയുടെ കാലത്ത് പോപ്പുലർ എഴുത്തും മാർക്കറ്റിന് വേണ്ടിയുള്ള എഴുത്തുമെല്ലാം വായനക്കാരെ കൂടുതൽ സ്വാധീനിക്കുന്നു. എഴുത്ത് മാറുന്നു, വായനയും.

23. കാലാവസ്ഥ

കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ടുള്ള യുഎന്നിൻെറ ആഗോള സമ്മേളനം COP29 ഈ വർഷവും നടന്നു. പ്രതീക്ഷാനിർഭരമായ ഒന്നും സമ്മേളനം ബാക്കിവെക്കുന്നില്ല.

24. കല

സ്കൂൾ കലോത്സവങ്ങൾ, കലയെ പ്രോത്സാഹിക്കുന്നതിലപ്പുറത്ത് കടുത്ത മത്സരങ്ങളുടെ വേദിയാവുന്നു. ചലച്ചിത്ര മേഖലയിൽ ഒരു കൂട്ടം പുതിയ സംവിധായകർ ഐഎഫ്എഫ്കെയിലൂടെ വലിയ പ്രതീക്ഷ നൽകുന്നു.

Comments