ഒരു കടൽചാട്ടത്തിനപ്പുറം ഒളിമ്പിക്സ് നടക്കുമ്പോൾ പോകാതിരിക്കുന്നതെങ്ങനെ എന്ന ചോദ്യം കായികമേഖലയെപ്പറ്റി പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ഞങ്ങളുടെ ഡിപ്പാർട്ട്മെന്റിൽ സ്വാഭാവികമായും അലയടിക്കുന്നുണ്ടായിരുന്നു. വേനൽക്കാല ശീലങ്ങളായ ലീവും യാത്രകളുമൊക്കെ കുഴഞ്ഞുമറിഞ്ഞപ്പോൾ ടീമായി പോകുന്നത് നടക്കില്ലെന്നുറപ്പായി. എല്ലാരും ‘അപ്‌നാ അപ്‌നാ’ പോയിട്ട് പാരിസിൽ ഏതെങ്കിലും ദിവസം ഒരുമിച്ചുണ്ടെങ്കിൽ കാണാമെന്നായി. പക്ഷേ, ഞാൻ പണ്ടെപ്പോഴോ കേട്ട കാർട്ടൂൺ സംഭാഷണത്തോട് യോജിക്കുന്നയാളാണ്:
“Pooh, what’s more important- the journey or the destination?”
“The company, Piglet.”
എന്നാലും, പെട്ടെന്നൊരു ദിവസം ടിക്കറ്റൊത്തു വന്നപ്പോൾ എടുക്കാതിരിക്കാൻ തോന്നിയില്ല. അത്‍ലറ്റിക്സ് യോഗ്യതാറൗണ്ടുകളാണ്. വെബ്സൈറ്റ് നോക്കിയപ്പോൾ ഇപ്പോൾ ഒരൊറ്റ ടിക്കറ്റില്ലെങ്കിലും ഒന്നോ രണ്ടോ വേറെ ഇനങ്ങൾക്കുകൂടി ഒപ്പിക്കാമെന്നൊരു ശുഭാപ്തി വിശ്വാസം. അങ്ങനെ സൂര്യൻ കത്തിനിൽക്കുന്നൊരു ഉച്ചനേരത്ത് എന്റെ ഒളിമ്പിക്സ് സ്വപ്നങ്ങൾക്ക് ചിറകുമുളച്ചു.
ഇതിനുമുമ്പ് ഫ്രാൻസിൽ പോയത് യൂറോസ്റ്റാർ ട്രെയിനിലാണ്. രണ്ടുമണിക്കൂറിനുള്ളിൽ, ഇടയ്ക്ക് ട്രെയിനിനുള്ളിലെ കഫെയിലൊക്കെ പോയി നിന്ന്, രാജകീയമായി പാരിസിലെത്താം. എന്റെ പണ്ടത്തെ ഭാവനകളിൽ, കടലിനുള്ളിലുള്ള ടണലിലൂടെ പോകുമ്പോൾ മുകളിലും വശങ്ങളിലും അക്വേറിയം പോലെ മീനുകളും പവിഴപ്പുറ്റുകളും കാണാമെന്നായിരുന്നു. പക്ഷേ, ടണലിലൂടെയുള്ള പത്തിരുപത് മിനിറ്റ് ഇരുട്ടാണ്, വെറും ബോറാണ്. എന്നാലും, മനുഷ്യന്റെ അതിരുകളില്ലാത്ത ഭാവനയുടെയും ശാസ്ത്രത്തിന്റെ സാധ്യതകളുടെയും സാക്ഷ്യമാണ് ഇംഗ്ലീഷ് ചാനലിലൂടെയുള്ള ഈ തുരങ്കയാത്ര.
യൂറോസ്റ്റാറിൽ ലഗേജിന്റെ അഴകളവുകൾ അത്ര കർക്കശമല്ല. എന്നാൽ, ഈ യാത്ര പോകുന്ന വ്യൂലിങ് എന്ന വിമാനകമ്പനി അങ്ങനെയല്ല. 40 x 20 x 20 അളവുകൾക്കുളിലുള്ള, സീറ്റിനടിയിൽ വയ്ക്കാവുന്ന ഒരു ബാഗ് മാത്രമാണ് കാശ് മാത്രം നോക്കിയെടുത്ത എന്റെ ടിക്കറ്റിലുള്ളത്. പലപ്പോഴും ഇവർ ചതിയന്മാരാണ്. പൈസ കുറവുള്ളതു കൊണ്ടാണ് ഇങ്ങനെയുള്ള നോ- ഫ്രിൽസ് എയർലൈനുകൾ ആൾക്കാർ എടുക്കുന്നതുതന്നെ.
ചെക്കിങ്ങൊക്കെ കഴിഞ്ഞ് ബോർഡിങ് ഗേറ്റിലെത്തുമ്പോൾ ഈ ബാഗ് വലുതാണ്, കയറ്റണമെങ്കിൽ വേറെ കാശിറക്കണമെന്ന് പറയും. വിമാനത്തിലേക്ക് വലതുകാല് വയ്ക്കാനായി ഇളിച്ചു നിക്കുന്ന നമ്മൾക്ക് വേറെ വഴിയില്ലെന്ന് അവർക്കറിയാം. ഭാഗ്യം കൊണ്ട് ഇത്തവണ അങ്ങനെയൊന്നുമുണ്ടായില്ല. ലണ്ടൻ ഗാറ്റ്‌വിക്കിൽ നിന്ന് ഒരു മണിക്കൂറിനുള്ളിൽ പാരീസിലെത്തി. പ്രധാന എയർപോർട്ടായ ചാൾസ് ഡി ഗാളിൽ നിന്ന് കുറച്ചു ദൂരെയുള്ള പാരീസ് ഓർലീയിലായിരുന്നു ‘ബോൺജൂർ, പാരീസ്' പറഞ്ഞിറങ്ങിയത്.
ടൂറിസം കൊണ്ട് തിരക്കുമൂത്ത നഗരങ്ങൾ അന്നാട്ടുകാരായ സുഹൃത്തുക്കളാരെങ്കിലും കൊണ്ടുനടന്ന് കാണിക്കാനില്ലെങ്കിൽ ഒഴിവാക്കാൻ ഞാൻ ഇതിനകം പഠിച്ചിരിക്കുന്നു. പാരീസ് ഈ പ്രശ്നത്തിന്റെ മികച്ച ഉദാഹരണമാണ്. തിക്കിത്തിരക്കി ഈഫൽ ടവർ തൂക്കിപിടിക്കുന്ന ഫോട്ടോയൊക്കെയെടുത്ത് മാത്രം പോരാൻ പാരീസിൽ നിന്ന്. അതേസമയം, കുറച്ചപ്പുറത്ത്, ഒരു വളവ് തിരിഞ്ഞാൽ, ഇലച്ചാർത്തലങ്കരിക്കുന്ന തെരുവിൽ 'ക്യൂട്ട്' കഫേകളിൽ നമ്മൾ വായിച്ചിട്ടുള്ള പ്രണയത്തിന്റെയും കാല്പനികതയുടെയും പാരീസിനെയും കാണാം.
എത്രയും വേഗം നഗരഹൃദയത്തിന്റെ തിരക്കിൽ നിന്ന് രക്ഷപ്പെടുന്നതാണെങ്കിലും, തുടക്കം കൊള്ളാം: ഇന്നെന്റെ ലക്ഷ്യസ്ഥാനമായ സെയിന്റ് ഡെനീസിലേയ്ക്കായി കയറിയതൊരു പുതു പുത്തൻ മെട്രോ കോച്ചിൽ. പരിപാടി നടക്കുന്ന സ്റ്റേഡിയങ്ങൾക്കടുത്തുള്ള സ്റ്റേഷനുകൾ മെട്രോയുടെയുള്ളിൽ ഭംഗിയായി അടയാളപ്പെടുത്തിയിരിക്കുന്നു.
സെന്റ് ഡെനിസ് പ്രദേശത്തുള്ള ഒരു എയർ ബി എൻ ബിയാണ് താമസത്തിന് എടുത്തിരിക്കുന്നത്. സ്റ്റുഡിയോ അപ്പാർട്ട്മെൻറ് ആണെന്നൊക്കെ വെബ്‌സൈറ്റിൽ പറഞ്ഞിരുന്നെങ്കിലും, ഒരു മുറിയിൽ തന്നെ കിടക്കയായി രൂപം മാറ്റാവുന്ന സോഫയും, മേശയും കസേരയും, അടുക്കളയും, ടി.വിയും, വാഷിംഗ് മെഷീൻ അടക്കമുള്ള കുളിമുറിയും, ഭംഗിയായി ചെയ്തുവച്ചിരിക്കുന്നു. സ്ഥലവിനിയോഗത്തിനെ സൗന്ദര്യാത്മക രൂപകല്പനയിൽ വിളക്കിച്ചേർക്കുന്നതിൽ ഇതിനുമുമ്പും ലോകത്തിലെ പല നഗരവാസികളെയും ഞാൻ നമിച്ചിട്ടുണ്ട്.
ഫ്രഞ്ച് പട്ടാളത്തിന്റെ കാവലിന് മുന്നിലൂടെ ജനസാഗരം സ്റ്റേഡിയത്തിലേക്ക് ഒഴുകുകയാണ്. എത്രയെത്ര പതാകകൾ, മുടിയുടെ നിറങ്ങൾ, ഭാഷകൾ! മനുഷ്യരെ കൂട്ടിയിണക്കാൻ കായികലോകത്തിനുള്ള കഴിവിനെക്കുറിച്ചാണ് അപ്പോൾ ചിന്തിച്ചത്.
താമസസ്ഥലത്തിന് താഴെയുള്ള കഫെ ഉച്ചമയക്കത്തിൽനിന്ന് വൈകുന്നേരത്തിന്റെ തിരക്കുകളിലേക്ക് ഉണർന്നുവരുന്നതേയുള്ളൂ. ബാക്കി സമയം മൊത്തം തണുപ്പും ഒരുതരം ചാറ്റൽമഴയും ആയതുകൊണ്ടാകാം, വേനൽക്കാലത്തിന് മനോഹരമായ ആഘോഷ ഛായയാണ് ഇവിടെങ്ങളിലെന്നെനിക്ക് തോന്നിയിട്ടുണ്ട്. സൂര്യനെ ആവശ്യത്തിലധികം കാണുന്ന നമ്മൾക്ക് ആദ്യമൊന്നും ഇവർ വെയിലത്തു കുത്തിമറയുന്നത് അത്ര മനസ്സിലാകണമെന്നില്ല. ഒളിമ്പിക്സ് കൂടിയായപ്പോൾ സഞ്ചാരികളുടെ കലപില കൊണ്ട് മുഖരിതമാണ് നഗരം.
വൈകുന്നേരമായാൽ എനിക്കൊരു ചായ കുടിക്കണം, പറ്റുമെങ്കിൽ അടിച്ച ചായ തന്നെ. അതിപ്പോ ഏത് പാരീസിലായാലും അന്വേഷിക്കുന്നതിന് തെറ്റില്ലല്ലോ. ഗൂഗിൾ ട്രാൻസ്ലേറ്റിൽ tea with milk എന്നടിച്ച് the au lait എന്ന് കഫെ ചേട്ടനെ കാണിച്ച് ഒരു കപ്പ് ചായ ഒപ്പിച്ച് ഞാൻ നടപ്പാതയിൽ തന്നെയിട്ടിരിക്കുന്ന കസേരയിലിരുന്ന് കാര്യങ്ങളൊന്ന് നിരീക്ഷിക്കാൻ തീരുമാനിച്ചു. നഗരത്തിന്റെ പ്രാന്തപ്രദേശമായതുകൊണ്ടുതന്നെ കുടിയേറ്റ മേഖലയാണ് സെന്റ് ഡെന്നിസും. പാരീസിൽ യാത്ര ചെയ്‌തിട്ടുള്ള ഒരാൾക്ക് ഫ്രഞ്ച് ഫുട്ബോൾ ടീമിൽ അധികം വെള്ളക്കാരില്ലാത്തത് അത്ഭുതമായി തോന്നില്ല.
പിറ്റേദിവസം രാവിലെ തന്നെ സ്റ്റാഡ് ഡി ഫ്രാൻസ് എന്ന സ്റ്റേഡിയത്തിലേക്ക്. പ്രഭാതഭക്ഷണം കഴിക്കാൻ നോക്കുന്ന കഫെകളിലെല്ലാം നല്ല തിരക്ക്. ഒടുവിൽ ചെറിയൊരു ക്യൂ നിന്നാണെങ്കിലും ഞാനും ഒരു ക്രോഷാൻന്റും കാപ്പിയും വാങ്ങി സ്റ്റേഡിയത്തിലേക്ക് വച്ചടിച്ചു. തോക്കുമായി വഴിനീളെ നിൽക്കുന്ന ഫ്രഞ്ച് പട്ടാളത്തിന്റെ കാവലിന് മുന്നിലൂടെ ജനസാഗരം സ്റ്റേഡിയത്തിലേക്ക് ഒഴുകുകയാണ്. എത്രയെത്ര പതാകകൾ, മുടിയുടെ നിറങ്ങൾ, ഭാഷകൾ! മനുഷ്യരെ കൂട്ടിയിണക്കാൻ കായികലോകത്തിനുള്ള കഴിവിനെക്കുറിച്ചാണ് ഞാനപ്പോൾ ചിന്തിച്ചത്.
ഫ്രഞ്ച് അത്‍ലറ്റുകൾക്ക് കാതടിപ്പിക്കുന്ന സ്വീകരണമാണ്. 400 മീറ്റർ ഹീറ്റ്‌സിൽ ഫോട്ടോ ഫിനിഷായി കുറച്ചുസമയം കഴിഞ്ഞ് ഫ്രഞ്ചുകാരനാണ് ജേതാവ് എന്ന് സ്‌ക്രീനിൽ വന്നപ്പോൾ സ്റ്റാഡ് ഡി ഫ്രാൻസ് പ്രകമ്പനം കൊണ്ടു.
ഏകദേശം സ്റ്റേഡിയം മൊത്തം വലംവച്ചപ്പോഴാണ് എനിക്ക് കയറാനുള്ള ഗേറ്റിനടുത്തെത്തിയത്. അനൗൺസ്മെൻറ്കൾ തുടങ്ങിയിട്ടുണ്ട്. ഒരു കായികവേദിയെ യഥാർത്ഥ ആവേശാന്തരീക്ഷത്തിൽ എത്തിക്കുന്നതിൽ അനൗൺസ്മെൻറ്കൾക്ക് വളരെ പങ്കുണ്ട്. അതിപ്പോൾ, നമ്മുടെ സെവൻസ് മൈതാനങ്ങളായാലും ഒളിമ്പിക്സ് വേദിയായാലും! രണ്ടറ്റത്തുള്ള കൂറ്റൻ സ്ക്രീനുകളിൽ ആർട്ടിഫിഷൽ ഇൻറലിജൻസ് സഹായത്തോടെ സൃഷ്ടിച്ച, ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിലെ കഥാപാത്രങ്ങൾ പാടുന്ന രസകരമായൊരു വീഡിയോ മിന്നിമറഞ്ഞു.
എന്റെ അടുത്തുള്ള സീറ്റുകളിലിരുന്നത് കാനഡയിൽ നിന്നുള്ള ഒരമ്മയും മകളുമാണ്. ഓരോ കനേഡിയൻ അത്‍ലറ്റ് ഇറങ്ങുമ്പോഴും ചാടിത്തുള്ളിയ അവരുടെ രണ്ടാമത്തെ ഒളിംപിക്‌സാണിതെന്നു പറഞ്ഞു. പതിവുപോലെ, കേരളത്തെപ്പറ്റി കേട്ടിട്ടുണ്ടെന്നും ആ മനോഹര തീരത്ത് വരുമെന്നും കൂട്ടിച്ചേർത്തശേഷം ഏതൊക്കെ ഇന്ത്യൻ അത്‌ലറ്റുകളെ ചിയർ ചെയ്യാനാണ് വന്നിരിക്കുന്നതെന്ന ചോദ്യം സ്വാഭാവികമായി എന്റെ മുന്നിലേക്കിട്ടു: ‘‘അധികം പേരൊന്നുമിവിടെയെത്തിയിട്ടില്ല, അമ്മച്ചീ’’ എന്ന് പറയാനായി നാവ് പുറത്തേക്കിടുന്നതിനു മുമ്പ് കനലൊരു തരി മതിയെന്ന് ഓർമിപ്പിച്ചുകൊണ്ട് ഒരാരവം.
ആദ്യ ശ്രമത്തിൽ തന്നെ 100 കോടി ജനങ്ങളുടെ പ്രതീക്ഷകൾ ജാവലിലേക്ക് ആവാഹിച്ച് ഫൈനലിലേക്ക് നീരജ് ചോപ്ര. നേരത്തെ ഒരു റൗണ്ട് ആൾക്കാരുടെ പ്രകടനം കണ്ടതുകൊണ്ടുതന്നെ ഇത്ര 'കൂളായി' 80 മീറ്റർ കടന്ന ചോപ്രയെ സ്റ്റേഡിയം നിറഞ്ഞ കൈയ്യടിയോടെ അഭിനന്ദിച്ചു. ഇതുപോലെതന്നെ ആദ്യശ്രമത്തിൽ സ്റ്റേഡിയത്തെ വിസ്മയിപ്പിച്ചു പാക്കിസ്ഥാന്റെ നദീം അർഷാദ്. ഈ ഇനത്തിൽ പിന്നെ കാണികളെ രസിപ്പിച്ചത് ജാവലിൻ തറച്ചെടുത്ത് നിന്നെടുത്ത് സ്റ്റാർട്ടിങ് പോയിന്റിൽ കൊണ്ടുവയ്ക്കുന്ന, റിമോട്ടിൽ പ്രവർത്തിക്കുന്ന ഒരു കുഞ്ഞു കാറാണ്!
നിർഭാഗ്യവശാൽ ഗ്ലാമർ ഇനങ്ങളായ നൂറ് മീറ്റർ ഓട്ടമോ ‘നാലേ ഗുണം നൂറ് മീറ്റർ’ റിലേയോ ഒന്നും തന്നെ ഇന്നില്ല. സെന്റ് ലൂസിയ എന്ന കുഞ്ഞുകുഞ്ഞു രാജ്യത്തുനിന്ന് വന്ന് ട്രാക്കിൽ വിസ്മയം തീർക്കുന്ന ജൂലിയൻ ആൽഫ്രെഡ്, കുറച്ചു കാലമായി സീനിലുള്ള നോഹ ലൈൽസ് എന്നിവർക്കൊന്നും എന്നെ കാണാൻ ഭാഗ്യമുണ്ടായില്ല. (ഞാൻ പാരീസിൽ നിന്ന് പോന്നതിനുശേഷം, ജൂലിയൻ അമേരിക്കയുടെ ഷകാരി റിച്ചാർഡ്‌സണെ അട്ടിമറിച്ച് സ്വർണമെഡൽ നേടുന്നത് രണ്ടു ലക്ഷം പേർക്ക് മാത്രം കാണാനായി (അതെ, അത്രേയുള്ളൂ ആ രാജ്യത്ത് ജനങ്ങൾ!).
ഓട്ടത്തിൽ ഒരു ഹീറ്റ്‌സിൽ ഫൗൾ സ്റ്റാർട്ടായി ബ്രിട്ടീഷ് അത്‍ലറ്റിന് കാർഡ് കൊടുക്കുന്നതിന് സാക്ഷ്യം വഹിച്ചു. ഫ്രഞ്ച് അത്‍ലറ്റുകൾക്ക് കാതടിപ്പിക്കുന്ന സ്വീകരണമാണ്. 400 മീറ്റർ ഹീറ്റ്‌സിൽ ഫോട്ടോ ഫിനിഷായി കുറച്ചുസമയം കഴിഞ്ഞ് ഫ്രഞ്ചുകാരനാണ് ജേതാവ് എന്ന് സ്‌ക്രീനിൽ വന്നപ്പോൾ സ്റ്റാഡ് ഡി ഫ്രാൻസ് പ്രകമ്പനം കൊണ്ടു. വനിതകളുടെ ലോങ്ങ് ജംപ് മത്സരം പ്രതീക്ഷിച്ച നിലവാരം പുലർത്തിയില്ലെന്ന് കാണികളുടെ പ്രതികരണം സൂചിപ്പിച്ചു.
മൂന്ന് മണിക്കൂർ നേരത്തെ മികച്ച അനുഭവങ്ങൾക്ക് ശേഷം ഞാൻ സ്റ്റേഡിയത്തിന്റെ പുറത്തേക്ക് നടന്നു. ഭാഗ്യചിഹ്നവും ടീഷർട്ടും സുവനീറുകളുമൊക്കെ വിൽക്കുന്ന താൽക്കാലിക കടകൾ (pop-up stores) എല്ലാ വേദികൾക്ക് ചുറ്റിലുമുണ്ട്. പിന്നെ, സാധാരണപോലെ കൊക്കക്കോളയും ഹോട്ട് ഡോഗും ബർഗറും ഒക്കെ വിൽക്കുന്നവയും. ഒളിമ്പിക്സ് സ്പോൺസർമാരുടെ ഉല്പന്നങ്ങൾ മാത്രമാണ് വേദികൾക്ക് ചുറ്റും കാണുകയുള്ളൂ. ലോകത്തെവിടെയും സ്റ്റേഡിയത്തിലെ ഭക്ഷണം എപ്പോഴും പൈസ കൂടുതലും ഗുണമേന്മ കുറവുള്ളതുമായി അറിയപ്പെടുന്നതുകൊണ്ട് ഞാൻ എന്റെ സ്ഥിരം, ഒരിക്കലും മടുക്കാത്ത, വ്യത്യസ്ത ഭക്ഷണം തേടി നടപ്പുതുടങ്ങി.
കായികലോകം പലതരം ശേഷികളുള്ള മനുഷ്യരെയും ഉൾക്കൊള്ളുന്നതാണ് എന്ന ആശയം അനുഭവിച്ചറിയണമെങ്കിൽ പാരാലിമ്പിക്സ് കാണണമെന്ന് സഹപ്രവർത്തകർ പറഞ്ഞിരുന്നു.
എഴുപതിനായിരത്തിലധികം പേർ പുറത്തേക്കൊഴുകിയതുകാരണം പോലീസ് നിർത്തി നിർത്തിയാണ് നടപ്പാതകളിലൂടെ ജനങ്ങളെ കടത്തിവിടുന്നത്. കുറച്ചങ്ങ് തിരക്ക് മാറിയൊരു ഇടവഴിയിലെത്തിയപ്പോൾ ചെറിയൊരു കഫെയിൽ ചെറുതല്ലാത്ത ഒരു ക്യൂ. ഒരു മണിക്കൂറോളം കാത്തുനിന്ന് ഒരു ബേക്കൺ മുട്ട സാലഡ് ബോക്സ് വാങ്ങി. മെനുവിൽ ചിക്കൻ ടിക്ക ഫ്രഞ്ച് ഫ്യൂഷൻ അവതാരം എന്നെ കണ്ടപ്പോൾ ഒന്ന് ഇളകിയിരുന്നു. എന്നാൽ, അത്താഴത്തിന് പാരീസിയൻ ഭക്ഷണസംസ്കാരം അറിയാവുന്ന സഹപ്രവർത്തകർ വന്നപ്പോൾ എന്റെ വ്യത്യസ്ത കുതുകിയായ നാവിന് ചില പരീക്ഷണങ്ങൾക്ക് അവസരമുണ്ടായി. മിസ്റ്റർ ബീൻ എപ്പിസോഡുകളിലൊന്നിൽ കണ്ട അധികം വേവിയ്ക്കാത്ത മുത്തുച്ചിപ്പി കുറച്ചധികം ചില്ലി സോസൊഴിച്ചിട്ടാണെങ്കിലും നേരെ വായിലേയ്ക്ക് കമഴ്ത്തി. കുറച്ചു കഴിഞ്ഞപ്പോൾ, പാരീസിലെ പ്രശസ്തമായ ഒച്ച് വിഭവം നാവിനു ചിലപ്പോൾ പിടിച്ചാലും മനസ്സിന് പിടിക്കില്ലായെന്നു തോന്നിയതുകൊണ്ട് വേറൊരു കാര്യം നോക്കാമെന്നു വിചാരിച്ചു. അങ്ങനെ ആവിപറക്കുന്ന വഴുതനങ്ങയ്‌ക്കൊപ്പം എത്തിയത് നീരാളിയുടെ നീണ്ട കൈകൾ.
പിറ്റേദിവസം 'മുറി'യുടെ താക്കോൽ അക്ക പൂട്ടുള്ള പെട്ടിയുടെയുള്ളിൽ തിരികെവച്ചിട്ട് ഞാൻ സെന്റ് ഡെനിസിനോട് വിട പറഞ്ഞു. ഇന്നാണ് എന്റെ ഇഷ്ട ഇനങ്ങളിലൊന്നായ ബാസ്ക്കറ്റ്ബോൾ, അതും പാരിസിലെ പ്രശസ്തമായ ബേഴ്സി അരീനയിൽ. സ്ത്രീകളുടെ വിഭാഗത്തിൽ ഓസ്ട്രേലിയ- സെർബിയ എന്നീ കരുത്തരുടെ പോരാട്ടം. പൊന്നുംവില കൊടുത്ത് ടിക്കറ്റ് വാങ്ങിയത് തെറ്റായില്ലെന്ന് ഇൻഡോർ സ്റ്റേഡിയത്തിലെത്തിയപ്പോൾ തോന്നി, കോർട്ടിന്റെ തൊട്ടടുത്ത സീറ്റുകളിലൊന്നാണ്. അമേരിക്കയിലെയും ഓസ്ട്രേലിയയിലെയും ഉയർന്ന ലീഗുകളിൽ പേരെടുത്തവരാണ് കളിക്കാരിലേറെയും. ആവേശത്തിലാക്കുന്ന അനൗൺസ്മെന്റിന്റെ അകമ്പടിയോടെ അവർ ഓരോരുത്തരായി കോർട്ടിലേക്ക് ഓടിയെത്തുന്ന രീതിയാണ് ബാസ്കറ്റ്ബോളിലുള്ളത്.
ഓരോ ക്വാർട്ടറിന്റെയിടയ്ക്കും കാണികളെ രസിപ്പിക്കാനായി എന്തെങ്കിലും കലാപരിപാടികളുണ്ട്. പണ്ടൊക്കെ വടക്കേ അമേരിക്കൻ ലീഗുകളിൽ കണ്ടുവന്നിരുന്ന ഈ പ്രകടനങ്ങൾ ഇപ്പോൾ ലോകത്തുള്ള മിക്ക കായിക ടൂർണമെന്റുകളിലും കാണാം, നമ്മുടെ ഐ പി എൽ ചിയർ ലീഡേഴ്‌സൊക്കെ ഇങ്ങനെ വന്നതാണ്.
പതിഞ്ഞ താളത്തിൽ തുടങ്ങിയ ഓസ്ട്രേലിയ മികച്ച ഫോമിലേക്ക് ഉയരുകയാണ്. ഞാൻ പ്രതീക്ഷിച്ചയത്ര ആവേശമുയർത്തിയില്ല ഈ മത്സരം, സെർബിയ ഓരോ ക്വാർട്ടർ കഴിയുംതോറും നിഷ്പ്രഭരായിക്കൊണ്ടിരുന്നു. ഓരോ ക്വാർട്ടറിന്റെയിടയ്ക്കും കാണികളെ രസിപ്പിക്കാനായി എന്തെങ്കിലും കലാപരിപാടികളുണ്ട്. പണ്ടൊക്കെ വടക്കേ അമേരിക്കൻ ലീഗുകളിൽ കണ്ടുവന്നിരുന്ന ഈ പ്രകടനങ്ങൾ ഇപ്പോൾ ലോകത്തുള്ള മിക്ക കായിക ടൂർണമെന്റുകളിലും കാണാം, നമ്മുടെ ഐ പി എൽ ചിയർ ലീഡേഴ്‌സൊക്കെ ഇങ്ങനെ വന്നതാണ്. ഇവിടെ ആദ്യ ക്വാർട്ടറിൽ രണ്ടു ചെറുപ്പക്കാർ കോർട്ട് തുടയ്ക്കാനെന്നപോലെ വരുന്നു, പെട്ടെന്ന് കാണികളെ ആശ്ചര്യപ്പെടുത്തി ഡാൻസ് തുടങ്ങുന്നു. അടുത്ത ക്വാർട്ടറിലൊന്ന് ഫ്രഞ്ച് സ്കൂൾ കുട്ടികളുടെ നൃത്തമായിരുന്നു. രണ്ടു പരിപാടിയും കാണികൾക്ക് പെരുത്തിഷ്ടമായി, ചിലർ എഴുന്നേറ്റുനിന്ന് പതാകയൊക്കെ കാണിച്ച്, ഒപ്പം നൃത്തം ചവിട്ടി.
നാഷണൽ ബാസ്കറ്റ്ബാൾ ലീഗിലൊക്കെ കളിക്കുന്ന നിക്കോള ജോക്കിച്ച് പോലുള്ളവരെ സംഭാവന ചെയ്യുന്ന സെർബിയ അവരുടെ പ്രതിഭയോട് നീതിപുലർത്തുന്ന പ്രകടനമായിരുന്നില്ല കാഴ്ച്ച വച്ചത്. എന്നിരുന്നാലും ഇവ കായികമത്സരം മാത്രമായിട്ടല്ലല്ലോ സംഘാടകർ അവതരിപ്പിക്കുന്നത്. മത്സരത്തിനു ചുറ്റുമുള്ള അന്തരീക്ഷവും കലാപ്രകടനവും ഭക്ഷണവും എല്ലാമടങ്ങുന്ന ഒരു കംപ്ലീറ്റ് പാക്കേജാണ് ഇപ്പോൾ കായികലീഗുകളെല്ലാം തന്നെ.
ബേഴ്സി അരീനയിൽ നിന്ന് മെട്രോ പിടിച്ച് ഒർലി എയർപോർട്ടിലെത്തി. അടുത്തമാസം നടക്കുന്ന പാരാലിമ്പിക്‌സിന്റെ സമയത്തും ഒരു കോൺഫറൻസിനായി ഞാൻ പാരീസിലുണ്ടാവുമെന്ന് അറിയാമായിരുന്നു. കായികലോകം പലതരം ശേഷികളുള്ള മനുഷ്യരെയും ഉൾക്കൊള്ളുന്നതാണ് എന്ന ആശയം അനുഭവിച്ചറിയണമെങ്കിൽ പാരാലിമ്പിക്സ് കാണണമെന്ന് സഹപ്രവർത്തകർ പറഞ്ഞിരുന്നു. അപ്പോൾ അടുത്തമാസം കാണാമെന്ന പ്രതീക്ഷയോടെ കൂടി മറ്റൊരു ബജറ്റ് എയർലൈൻസിന്റെ ഇടുങ്ങിയ സീറ്റിലേക്ക് ഒതുങ്ങിയിരുന്നുകൊണ്ട് പാരീസിന്റെ ചക്രവാളങ്ങളിലേക്ക് നോക്കി പറഞ്ഞു: മേഴ്സി, പാരീസ്…
പാരീസ് ഒളിമ്പിക്‌സിലൂടെ…..