truecoppy
MORE
Truecopy Home
Readers
are
Thinkers

Thursday, 30 March 2023

truecoppy
Truecopy Logo
Readers are Thinkers

Thursday, 30 March 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
gujarat riots 2002

Book Review

ഗുജറാത്ത് വംശഹത്യ ;
ഇന്ത്യന്‍ ചരിത്രത്തിലെ
ഏറ്റവും വലിയ രാഷ്ട്രീയ കുറ്റകൃത്യം

ഗുജറാത്ത് വംശഹത്യ ; ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ കുറ്റകൃത്യം

ഒരു നൂറ്റാണ്ടിനപ്പുറത്തുള്ള ഹിന്ദുത്വയുടെ പ്രവര്‍ത്തനം പഠിക്കുമ്പോള്‍, ഏഴരവര്‍ഷത്തോളമായുള്ള അവരുടെ ഫാസിസ്റ്റ് ഭരണം കാണുമ്പോള്‍, രേവതി ലോളിന്റെ വാക്കുകളുടെ കനം കൂടിക്കൂടി കൂടി വരും. ‘അക്രമാസക്തമായ ആള്‍ക്കൂട്ടങ്ങളെക്കു റിച്ചുള്ള ഏറ്റവും ഭയാനകമായ കാര്യം, അവരുടെ പ്രവര്‍ത്തനരീതി നമുക്കറിയില്ല എന്നതല്ല; നമുക്കറിയാം എന്നതാണ്.'

20 Jan 2023, 12:57 PM

ശ്രീജിത്ത് ദിവാകരന്‍

രേവതി ലോള്‍

ആരതിയുടെ സുഹൃത്തും അധ്യാപികയും രക്ഷകര്‍ത്താവും എല്ലാമായ പ്രൊഫ. ഇമ്രാന ഖദീറാണ് രേവതി ലോളിന്റെ ‘അനാട്ടമി ഓഫ് ഹേറ്റ്' വായിക്കാന്‍ നിര്‍ദേശിക്കുന്നത്. രേവതി ലോളിനെ നേരിട്ടല്ലെങ്കിലും എന്‍.ഡി. ടി.വി. റിപ്പോര്‍ട്ടര്‍ എന്ന നിലയില്‍ അറിയാമായിരുന്നു. ഗുജറാത്തിന്റെ അനുഭവങ്ങളാകട്ടെ പല ഘട്ടങ്ങളിലും കേള്‍ക്കുകയും വായിക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും,‘‘ലോകം മുഴുവന്‍ തകര്‍ന്ന് തരിപ്പണമാകാന്‍ പോവുകയാണ് എന്നതിന്റെ സൂചനകള്‍ പലതും അബ്​ദുൽ മജീദിന് ലഭിച്ചിരുന്നുവെങ്കിലും ‘കിച്ചഡി'യാണ് അത് പൂര്‍ണമായും ഉറപ്പിച്ചത്’’ എന്ന ആദ്യ വരിയില്‍ നിലംപരിശായി. സുരേഷിന്റെയും ദന്‍ഗറിന്റെയും പ്രണവിന്റെയും ഫര്‍സാനയുടെയും അബ്​ദുൽ മജീദിന്റെയും ജീവിതം കണ്‍മുന്നിലൂടെ സഞ്ചരിച്ചു. പലപ്പോഴും കണ്‍നിറഞ്ഞ് വായന തടസപ്പെട്ടു. ചിലപ്പോള്‍ ക്ഷോഭം കൊണ്ട് തളര്‍ന്നു. ചിലപ്പോള്‍ അസഹ്യമായി വേദനിച്ചു. അവസാനം ഇര എന്ന നിലയിലുള്ള അവരുടെ ജീവിതത്തിന്റെ അവസ്ഥകളും അനുഭവങ്ങളും പലകുറി ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞ് അബ്ദുൽ മജീദിനെ പോലുള്ളവര്‍ തളര്‍ന്നു. വീണ്ടും ഇതേ കഥകള്‍ അന്വേഷിച്ച് വരുന്നവരോട് അവര്‍ക്ക് ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ. 

View Ad

Your browser does not support the video tag.

View Ad

Your browser does not support the video tag.

‘ഞങ്ങള്‍ക്കുനേരെ നോക്കണ്ട. ഞങ്ങള്‍ക്കിനി ഒന്നും പറയാനില്ല. അവര്‍ക്ക് നേരെ നോക്കൂ.' എന്ന വരിയിലെത്തിയപ്പോള്‍ അസാധാരണമായ ഒരു വ്യക്തത വന്നു. ഇതാണ് ചെയ്യേണ്ടത്. അവരുടെ നേരെ നോക്കണം. ബി.ജെ.പി.യ്ക്ക് വോട്ടുചെയ്ത സൈക്കിള്‍ റിക്ഷക്കാരനെ മനസിലാകണമെങ്കില്‍ അവര്‍ക്കുവേണ്ടി കലാപത്തില്‍ പങ്കെടുക്കുന്ന മനുഷ്യരുടെ ജീവിതം കാണണം. നമ്മുടെ നിരാശകളില്‍ നിന്ന് കണ്ണാടി മാറ്റി അവരുടെ ജീവിതത്തിലേയ്ക്ക് നോക്കണം. എന്താണ് അവരെ നിര്‍മിക്കുന്നത്? രേവതി ലോള്‍ പറയുന്നത് അതാണ്. അതാണ് ഈ പുസ്തകം. 

ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ കുറ്റകൃത്യമാണ് ഗുജറാത്ത് വംശഹത്യയും അതിനെ തുടര്‍ന്നുള്ള രാഷ്ട്രീയനീക്കങ്ങളും. 21-ാം നൂറ്റാണ്ടിലേയ്ക്ക് ഇന്ത്യ പ്രവേശിച്ചത് ആ വെറുപ്പിന്റെ വ്യാപനത്തോടെയാണ്. അതിന്നും കൂടുതല്‍ വളര്‍ച്ചയോടെ തുടരുന്നു. എതിര്‍രാഷ്ട്രീയങ്ങള്‍ അപ്രസക്തമാകുന്ന തരത്തില്‍ അതിതീവ്ര ഹൈന്ദവതയുടെ രാഷ്ട്രീയ പദ്ധതി വിജയിക്കുന്ന കാലത്ത് നാം ആദ്യം അറിയേണ്ടത് അതിന്റെ അണികളെ തന്നെയാണ് എന്നുള്ളതില്‍ ഒരു സംശയവുമില്ല. ഗുജറാത്തില്‍ ഒരോ തവണ പോകുമ്പോഴും നരോദപാട്യയും ഗുല്‍ബര്‍ഗ ഹൗസിങ് സൊസൈറ്റിയും സന്ദര്‍ശിക്കുമ്പോഴും ജംഗ്പൂരയിലും മറ്റും ഇപ്പോഴും കഴിയുന്ന ഇരകളെ കാണുമ്പോഴും അവര്‍ക്ക് നീതി നേടിക്കൊടുക്കാന്‍ ചെറുവിരല്‍ അനക്കാന്‍ കഴിയാത്ത നമ്മുടെ ജീവിതം എന്താണ് എന്ന ചോദ്യം കുറ്റബോധമായി ഉയരാറുണ്ട്. അതുകൊണ്ടുതന്നെ വെറുപ്പിന്റെ വ്യാപനം കൊണ്ട് അവര്‍ വലയിലാക്കുന്ന മനുഷ്യരാരാണ് എന്ന കാഴ്ച അതീവ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. 

maya
നരോദപാട്യയിലെ കൊലപാതങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ച മായാ കോട്‌നാനി ആ പ്രദേശത്തുള്ള നൂറുകണക്കിന് കുഞ്ഞുങ്ങളെ ഭൂമിയിലേയ്ക്ക് പ്രവേശിപ്പിക്കാന്‍ ഇടനില നിന്ന ഗൈനക്കോളജിസ്റ്റായിരുന്നു / Photo: Facebook

ഗുജറാത്ത് വംശഹത്യാക്കാലത്ത് ഹന്ന ആരെന്റിന്റെ ‘ബനാലിറ്റി ഓഫ് ഈവ്ള്‍' എന്ന ആശയത്തെക്കുറിച്ച് അറിയില്ലായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷമാണ് ഹിറ്റ്ലറുടെ ജൂത കൂട്ടക്കൊലയ്ക്ക്, ‘ഹൊളോകോസ്റ്റി'ന്, നേതൃത്വം വഹിച്ചവരില്‍ ഒരാളായ അഡോള്‍ഫ് ഐഖ്‌മന്റെ വിചാരണയെക്കുറിച്ച് എഴുതി ബനാലിറ്റി ഓഫ് ഈവ്ള്‍ അഥവാ ‘തിന്മയുടെ സര്‍വസാധാരണത്വം' എന്ന എന്ന ആശയം ഹന്ന ആരെൻറ്​ വിശദീകരിക്കുന്നത് വായിക്കുന്നത്. ലക്ഷക്കണക്കിന് ജൂതരെ കൊല്ലുന്നതിനും പീഡിപ്പിക്കുന്നതിനുമായി കോണ്‍സെട്രേഷന്‍ കാമ്പുകളിലേയ്ക്ക് എത്തിക്കുന്നതിന്റെ ചുമതലയുണ്ടായിരുന്ന നാസി ഓഫീസറാണ് ഐഖ്മന്‍. ഹിറ്റ്​ലറുടെ മരണത്തിനും നാസി ജര്‍മനിയുടെ വീഴ്ചയ്ക്കും ശേഷം ഒളിവില്‍ താമസിച്ചിരുന്ന ഐഖ്മനെ പിടികൂടി വിചാരണ നടത്തുമ്പോള്‍ താന്‍ വെറുമൊരു ഓഫീസറായിരുന്നുവെന്നും കൃത്യമായും മേലധികാരികളുടെ നിര്‍ദേശം അനുസരിക്കുക മാത്രമായിരുന്നുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. കുട്ടികളോടൊത്ത് കളിക്കുന്ന, കുടുംബത്തിനും നാട്ടുകാര്‍ക്കും വേണ്ടപ്പെട്ട ആളായ, നന്നായി ജോലി ചെയ്യുന്ന, ദൈവഭയമുള്ള ഒരാളായിരുന്നു ഐഖ്മന്‍. ജൂതരെയും സ്വവര്‍ഗാനുരാഗികളെയും രോഗികളെയും കമ്യൂണിസ്റ്റുകാരെയും ഭിന്നശേഷിക്കാരെയും ജിപ്‌സികളെയും അടക്കം ദശലക്ഷക്കണക്കിന് മനുഷ്യരെ കൊല്ലാനായി തിരഞ്ഞെടുത്ത് കൊണ്ടുപോയിരുന്ന മനുഷ്യന്‍ തിന്മയുടെ മൂര്‍ത്തിയോ ക്രൂരതകളുടെ സമ്മേളന ഇടമോ അല്ല. കൃത്യമായി ജോലിക്കു പോകുന്ന, കുടുബത്തിനൊത്ത് ബാക്കി സമയം ചെലഴിക്കുന്ന ഒരാളായിരുന്നു. എങ്ങനെയാണ് അത്തരത്തില്‍ ഒരു സാധാരണക്കാരന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ക്രൂരതയുടെ നടത്തിപ്പുകാരനാകുന്നത്? 

ഇന്ത്യയിലിന്ന് നമ്മള്‍ ചുറ്റും നോക്കുമ്പോള്‍ ഏറ്റവുധികം കാണുന്നത് ‘ബനാലിറ്റി ഓഫ് ഈവ്ള്‍' ആണ്, മുഷിപ്പിക്കുന്ന വിധം സര്‍വസാധാരണമായ തിന്മ. പോലീസ് പിന്തുടര്‍ന്ന് പോയി വെടിവെച്ച് കൊന്നിട്ട ദരിദ്രനും അസഹായനുമായ ഒരു മുസ്​ലിമിന്റെ ശരീരത്തിനുമേല്‍ ചാടിത്തുള്ളുന്ന ഒരു ഫോട്ടോ ജേണലിസ്റ്റ് നമ്മുടെ വീട്ടിലും കുടുംബത്തിനും ഹൗസിങ് കോളനിയിലും ഗ്രാമത്തിലും സൗഹൃദസംഘങ്ങളിലും വാട്​സ്​ആപ്പ്​ ഗ്രൂപ്പുകളിലും സര്‍വസാധാരണക്കാരാനായുണ്ട്. നരോദപാട്യയിലെ കൊലപാതങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ച മായാ കോട്‌നാനി ആ പ്രദേശത്തുള്ള നൂറുകണക്കിന് കുഞ്ഞുങ്ങളെ ഭൂമിയിലേയ്ക്ക് പ്രവേശിപ്പിക്കാന്‍ ഇടനില നിന്ന ഗൈനക്കോളജിസ്റ്റായിരുന്നു. നാട്ടുകാര്‍ക്ക് സുപരിചിതയായ ഡോക്ടര്‍. അഥവാ ഹന്ന ആരെൻറിനെ ഇക്കാലത്ത് വീണ്ടും വിശദീകരിക്കുകയാണ് രേവതി ലോള്‍ അനാട്ടമി ഓഫ് ഹേറ്റിലൂടെ.   

eichmanns
അഡോൾഫ് എയ്‌ക്‌മാന്റെ ഓഫീസ് ഉണ്ടായിരുന്ന സ്ഥലത്ത് ഇന്നുള്ള ബസ്‌സ്റ്റോപ്.

ഒരു നൂറ്റാണ്ടിനപ്പുറത്തുള്ള ഹിന്ദുത്വയുടെ പ്രവര്‍ത്തനം പഠിക്കുമ്പോള്‍, ഏഴരവര്‍ഷത്തോളമായുള്ള അവരുടെ ഫാസിസ്റ്റ് ഭരണം കാണുമ്പോള്‍, രേവതി ലോളിന്റെ വാക്കുകളുടെ കനം കൂടിക്കൂടി കൂടി വരും. ‘അക്രമാസക്തമായ ആള്‍ക്കൂട്ടങ്ങളെക്കു റിച്ചുള്ള ഏറ്റവും ഭയാനകമായ കാര്യം, അവരുടെ പ്രവര്‍ത്തനരീതി നമുക്കറിയില്ല എന്നതല്ല; നമുക്കറിയാം എന്നതാണ്.' 

 ‘വെറുപ്പിന്റെ ശരീരഘടന’ എന്ന പുസ്​തകത്തിലെ ആദ്യ അധ്യായം

ലോകം മുഴുവന്‍ തകര്‍ന്ന് തരിപ്പണമാകാന്‍ പോവുകയാണ് എന്നതിന്റെ സൂചനകള്‍ പലതും അബ്​ദുൽ മജീദിന് ലഭിച്ചിരുന്നുവെങ്കിലും ‘കിച്ച്ഡി'യാണ് അത് പൂര്‍ണമായും ഉറപ്പിച്ചത്. 2002 ഫെബ്രുവരി 28-ന് ഉച്ചതിരിഞ്ഞ നേരമായിരുന്നു അത്. ഒരു വന്‍ ജനകൂട്ടം നരോദാപാട്യ വളഞ്ഞുകഴിഞ്ഞിരുന്നു. ഒരു വീടിന്റെ മുകളില്‍ ഒളിച്ചിരിക്കുമ്പോഴാണ് ജയ് ഭവാനി അവനെ കണ്ടുപിടിച്ച് സംസാരിക്കാന്‍ വന്നത്.
‘മജീദ് ഭായ്'- അവന്‍ പറഞ്ഞു; ‘‘നിങ്ങളാരും രാവിലെ മുതല്‍ ഒന്നും കഴിച്ചുകാണില്ലല്ലോ. താഴെയിറങ്ങി വന്ന് നിങ്ങടെ അടുക്കളേന്ന് കറിയുണ്ടാക്കുന്ന വലിയ പാത്രങ്ങളെടുത്തിട്ട് വാ. ഞാന്‍ നിങ്ങള്‍ക്കുവേണ്ടി നല്ല തൈരിന്റെ ‘കിച്ച്ഡി' ഉണ്ടാക്കിത്തരാം.'' 
‘‘തൈരിന്റെ കിച്ച്ഡിയോ? തൈരിന്റെ കിച്ച്ഡി! '' ചാടിയെഴുന്നേറ്റ് മജീദ് ചോദിച്ചു, ‘‘അത് ശവമടക്കിനല്ലേ ഉണ്ടാക്കുക?''- അവനപ്പോഴേയ്ക്കും പെ​ട്ടെന്ന് ഉടലാകെ വിറയ്ക്കുന്ന ഒരു പേടി തോന്നി. 
‘‘അതേ'', ജയ് ഭവാനി പറഞ്ഞു, ‘‘നീയെല്ലാം ചാവാന്‍ പോവുകയാണ്''.

മജീദ് പടികളിറങ്ങി ഓടി. ഭാര്യയെയും കുഞ്ഞുങ്ങളെയും ഭാര്യയുടെ അമ്മയെയും വീടിന്റെ തൊട്ടുപുറകിലുള്ള അമ്പലത്തില്‍ അടച്ചിട്ടായിരുന്നു അവനിവിടെ വന്നിരുന്നത്. അവിടെയാകുമ്പോള്‍ ജയ്ഭവാനിക്ക് അവരെ സുരക്ഷിതരാക്കാനാകുമെന്നായിരുന്നു അവന്റെ പ്രതീക്ഷ. നല്ല ബന്ധത്തിലുള്ള അയല്‍പക്കബന്ധങ്ങളെ വിശ്വസിക്കാമെന്നാണ് അവന്‍ കരുതിയത്. 

revathy-book

അവരെ അവിടെ നിന്ന് മജീദ് വെപ്രാളപ്പെട്ട് രക്ഷപ്പെടുത്തി, അവരൊരുമിച്ച് ഓടാന്‍ തുടങ്ങി. വേറിട്ടും. ആ തെളിഞ്ഞ പകല്‍വെളിച്ചത്തിലും സര്‍വതും ഇരുട്ടിലായി. തീസ്ര കുവാ, അഥവാ മൂന്നാം കിണറിനടുത്ത് ഒരു കൂനയ്ക്ക് മുകളിലാണ് മജീദ് കിടന്നിരുന്നത്. അവന്റെ തലക്കുപുറകില്‍ വാൾ പോലെയെന്തോ തറച്ചിരിക്കുന്നുണ്ടായിരുന്നു. ബോധത്തിനും അബോധത്തിനും ഇടയില്‍ അടുത്തുള്ള പാര്‍ക്കില്‍ നിന്ന് മോള്  ‘അബ്ബാ... അബ്ബാാാാാ' എന്നുകരഞ്ഞ് വിളിക്കുന്നത് അയാള്‍ കേട്ടു. എഴുന്നേറ്റ് അവളുടെ അരികില്‍ മജീദ് എത്തിയപ്പോഴേയ്ക്കും അവളുടെ ഉടല്‍ മരവിച്ചിരുന്നു. ആറ് മക്കള്‍, ഗര്‍ഭിണിയായ ഭാര്യ, ഭാര്യയുടെ അമ്മ എന്നിവരെ മജീദിനന്ന് നഷ്ടപ്പെട്ടു. തിരിഞ്ഞുനോക്കുമ്പോള്‍, ആ ദിവസത്തിന് തലേന്നേ സൂചനകള്‍ ഉണ്ടായിരുന്നുവെന്നും താനത് മനസിലാക്കാതിരുന്നതാണെന്നും മജീദിനറിയാം. 

സൂചനകളുണ്ടായിരുന്നു. മെയ്ന്‍ റോഡിലെ ബസുകളുടെ ഇരമ്പുന്ന ശബ്ദത്തില്‍ നിന്നകന്ന്, തെരുവിന്റെ മൂലയില്‍ ഓ​​ട്ടോ ഡ്രൈവർമാരും കച്ചവടക്കാരും അഹമ്മദാബാദിന്റെ ഈ പ്രദേശത്ത് അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്യുന്നത് അവന്‍ യദൃശ്ചയാ കേട്ടതാണ്. വിശ്വഹിന്ദു പരിഷദ് അഥവാ വി.എച്ച്.പി.യുടെ 59 വോളണ്ടിയര്‍മാര്‍ തീവണ്ടിയില്‍ ചുട്ടെരിക്കപ്പെട്ടതിന്റെ പ്രതികാരം ഗുജറാത്തിലുടനീളം തീപോലെ പടരുകയാണെന്ന് അവന്‍ കേട്ടു. മുസ്​ലിം ഭൂരിപക്ഷ പ്രദേശങ്ങളിലൊന്നായ ഗോധ്രയിലാണ് തീവണ്ടിയുടെ ബോഗിക്ക് തീപിടിച്ചത്. ഗോധ്ര വളരെ ദൂരയാണെന്ന് -അഹമ്മദാബാദിന്റെ വ്യാവസായിക പുറംപോക്കായ നരോദാപാട്യയില്‍ നിന്ന് 130 കിലോമീറ്ററോളം അകലെ- മജീദിനോടാരോ പറഞ്ഞു. അതുകൊണ്ട് തന്നെ, കാര്യം ഇതുമൊരു മുസ്​ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടമാണെങ്കിലും, ഈ ഭയപ്പാടൊക്കെ വെറുതെയാണെന്നാണ് മജീദ് കരുതിയത്.  പക്ഷേ, ഹിന്ദുക്കള്‍ കൊല്ലപ്പെട്ടു എന്ന വസ്തുതയെക്കുറിച്ചും അവന്‍ പിന്നെയാലോചിച്ചു. മുസ്​ലിംകളെ എല്ലായിടത്തും ഒരു പാഠം പഠിപ്പിക്കാനുള്ള സമയമായെന്ന് അവര്‍ തീരുമാനിച്ചാലെന്തു ചെയ്യും? സൂചനകളെ എങ്ങനെ വായിക്കണം എന്നതിനെക്കുറിച്ച് മജീദിന് ഉറപ്പില്ലായിരുന്നുവെങ്കിലും ഉച്ചയ്ക്കുശേഷമുള്ള വാര്‍ത്തകള്‍ കാര്യങ്ങള്‍ വ്യക്തമാക്കി. റെയില്‍വേ സ്റ്റേഷനിലെ സ്റ്റാളുകളില്‍ വില്‍ക്കുന്ന ഗുജറാത്തി പത്രം ‘സന്ദേശി’ന്റെതലക്കെട്ട് ‘ചോരയ്ക്ക് ചോര' എന്ന് ആേക്രാശിച്ചു. 

ALSO READ

ആരെയും പേടിക്കാതെ ജീവിക്കാനുള്ള അവകാശമെങ്കിലും എനിക്ക്​ തിരിച്ചുതരൂ- ബിൽക്കിസ്​ ബാനു

അന്നുരാത്രി തന്റെ പലചരക്ക് കടയുടെ, ഉച്ചത്തില്‍ കരയുന്ന ഇരുമ്പ് ഷട്ടര്‍ വലിച്ച് താഴ്​ത്തുന്നതിനിടെ മുപ്പത്തഞ്ച് ലിറ്ററിന്റെ വലിയ ബാരല്‍ ജയ്ഭവാനി കഷ്ടപ്പെട്ട് ചുമന്ന് കൊണ്ടുപോകുന്നത് മജീദ് കണ്ടു. 
‘ചാരായമാണോ വീട്ടിലേയ്ക്ക് കൊണ്ടുപോകുന്നേ', മജീദ് ചോദിച്ചു. 
‘അല്ല ഭായീ, ഇത് ശരിക്കും​ പെട്രോളാണ്​’, ജയ് ഭവാനി മറുപടി പറഞ്ഞു.

അത് തീര്‍ച്ചയായും കൃത്യമായ അപായസൂചനയായിരുന്നു. അത്രമാത്രം പെട്രോള്‍ അയാളെന്തിന് കൊണ്ടുപോകണം? പക്ഷേ, പിറ്റേദിവസത്തെ ‘കിച്ച്ഡി'യാണ് കാര്യങ്ങള്‍ കൃത്യമായും മനസിലാക്കി തന്നത്. ജയ് ഭവാനിയും സുഹൃത്തുക്കളും മജീദിന്റെ കുടുംബത്തെ കൊന്ന് തീസ്ര കുവായില്‍ മൃതദേഹം വലിച്ചെറിഞ്ഞ് പെട്രോൾ ഒഴിച്ച് തീകൊളുത്തി. ‘അവര്‍ മദ്യവും ലഘുഭക്ഷണങ്ങളുമായി തയ്യാറെടുപ്പോടെയാണ് വന്നത്'- പിന്നീട് മജീദ് ഓര്‍ത്തെടുത്തു. പതിനഞ്ച് വര്‍ഷത്തിലേറെ ആവര്‍ത്തിച്ച് പറഞ്ഞ് പറഞ്ഞ് മജീദിന്റെ വിവരണങ്ങള്‍ക്ക് ഇപ്പോള്‍ മൃതദേഹങ്ങളുടെ മരവിപ്പാണുള്ളത്. ഭാര്യയുടെ അമ്മയുടെ പൊളിയിസ്റ്റര്‍ സാരി തീയില്‍ എങ്ങനെയാണ് ഉരുകിപ്പോയതെന്നും രണ്ട് പെണ്‍മക്കള്‍- അഫ്രീന്‍ ബാനുവും ഷഹീന്‍ ബാനുവും- അവരുടെ അമ്മൂമ്മയെ കെട്ടിപ്പിടിച്ചിട്ടായിരുന്നു കരിഞ്ഞ് കരിക്കട്ടയായ നിലയിലും കിടന്നിരുന്നത് എന്നും മറ്റുമുള്ള വിവരണങ്ങള്‍ നിര്‍വികാരമായിരുന്നു.  

revathy
രേവതി ലോള്‍

അതേ ദിവസം തീസ്ര കുവായ്ക്കരികില്‍ കൗസര്‍ബീയെയും ആള്‍ക്കൂട്ടം വളഞ്ഞു. ഏത് ദിവസവും പ്രസവിക്കാന്‍ പാകത്തിന് നിറഗര്‍ഭിണിയായിരുന്നതിനാല്‍ കൗസര്‍ബീയ്ക്ക് ഓടാനായില്ല. അവളുടെ ഭര്‍ത്താവ് ഫിറോസ് ഭായ് റോഡിന്റെ മറ്റേ വശത്തായിരുന്നു. തീയും ഭ്രാന്തുപിടിച്ച ആള്‍ക്കൂട്ടവും നിറഞ്ഞ റോഡ് കടന്നിപ്പുറം വരുന്നത് അസാധ്യവുമായിരുന്നു. പിന്നീട് ഭാര്യയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ പോയപ്പോഴാണ്, മുടന്തന്‍ സുരേഷും ബാബു ബജ്രംഗിയും ജയ് ഭവാനിയും ഗുഡ്ഡു ബാരയും ചേര്‍ന്ന് അവളെ കൊന്നതും വയറ് കീറി കുഞ്ഞിനെ പുറത്തെടുത്ത് അതിനെയും വാളുകൊണ്ട് വെട്ടിക്കൊന്നതുമെല്ലാം ഫിറോസ് അറിഞ്ഞത്. കൗസര്‍ബീയുടെ മൃതദേഹം കണ്ടാല്‍ തന്നെ ഈ വിവരണങ്ങളൊക്കെ ശരിയായിരുന്നുവെന്ന കാര്യത്തില്‍ സംശയമുണ്ടാകില്ലായിരുന്നു. പോരാത്തതിന്, കുറച്ചപ്പുറം മൃതദേഹങ്ങളുടെ ഒരു കൂമ്പാരത്തില്‍ മരിച്ചപോലെ കിടപ്പുണ്ടായിരുന്ന, അവരുടെ 14 വയസുള്ള മരുമകന്‍ ജാവേദ് എല്ലാം കണ്ടിരുന്നു. എട്ടുവര്‍ഷത്തിന് ശേഷം അവനതെല്ലാം കോടതിയില്‍ വിശദീകരിച്ചു. 

അന്നുമുതല്‍ ഫിറോസ് ഭായ് എല്ലാദിവസവും സ്വപ്നത്തില്‍ കൗസര്‍ബീയോട് സംസാരിക്കുന്നുണ്ട്. ‘ഞങ്ങള്‍ രണ്ടുപേരും ഒരേപോലെയിരുന്നു, ശരിക്കും ഒരേ പോലുള്ള മനുഷ്യര്‍'- ഫിറോസ് പറയുന്നു. അന്ന് മുതലെല്ലാ വര്‍ഷവും കൗസര്‍ബീയുടെ ഖബറ് ഫിറോസ് പൂകൊണ്ട് അലങ്കരിക്കും. ചുവന്ന റോസാ പൂക്കള്‍. വിവാഹത്തിന്റന്ന് അവള്‍ ധരിച്ചിരുന്നത് അതിമനോഹരമായ ചുവന്ന സല്‍വാര്‍ കമ്മീസ് ആയിരുന്നു. 

28-ന്റെ അക്രമം അതീജീവിച്ചവരില്‍ ഒരാള്‍ക്ക് പതിമൂന്ന് വര്‍ഷമെടുത്തു താനുമൊരു ഇരയായിരുന്നുവെന്ന് മനസിലാക്കാന്‍. അവളുടെ ആരും അന്ന് അക്രമത്തില്‍ മരിച്ചിരുന്നില്ല. അവൾ യഥാര്‍ത്ഥത്തില്‍ അക്രമിക്കൂട്ടങ്ങളിലൊരാളുടെ ഭാര്യയായിരുന്നു. അബ്​ദുൽ മജീദിന്റെ കുടുംബത്തെയും കൗസര്‍ബീയെയും കൊന്ന ആള്‍ക്കൂട്ടത്തിലൊരാളുടെ. അയാളുടെ പേര് സുരേഷ് ജഡേജ എന്നായിരുന്നു. ഒരു കാലിന് സ്വാധീനക്കുറവുള്ളതുകൊണ്ടുതന്നെ ആ പ്രദേശങ്ങളിലയാള്‍ അറിയപ്പെട്ടിരുന്നത് സുരേഷ് ലംഗഡാ അഥവാ മുടന്തന്‍ സുരേഷ് എന്നാണ്. 

അക്രമങ്ങളുടെ തലേദിവസം, സുരേഷിന്റെ ഭാര്യയ്ക്ക് പനിയായിരുന്നു. പരിസരങ്ങളിലുള്ള ഒരു ഡോക്ടറുടെ ക്ലിനിക്കില്‍ നില്‍ക്കുമ്പോഴാണ് സബര്‍മതി എക്‌സ്പ്രസിന്റെ എസ് 6 കോച്ച് കത്തിയ വിവരം അവരറിയുന്നത്. ഉത്തര്‍പ്രദേശില്‍ ഒരു മതപ്രചാരണത്തിന് പോകുന്ന ഹിന്ദുക്കളായിരുന്നു- മിക്കവാറും പേര്‍ വി.എച്ച്.പി.ക്കാര്‍- ആ കോച്ചിലുണ്ടായിരുന്നത്. മുസ്​ലിം ഭൂരിപക്ഷ പട്ടണമായ ഗോധ്രയിലെ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ ആരോ തീവണ്ടിയുടെ അപായ ചങ്ങല വലിച്ച് വണ്ടി നിര്‍ത്തുകയായിരുന്നു. റെയില്‍വേ സ്റ്റേഷനില്‍ അതേ ചൊല്ലി ഒരു സംഘര്‍ഷം ഉണ്ടാവുകയും എസ് 6 ബോഗി ആരോ തീയിടുകയും ചെയ്തു. 

ആ ഡോക്ടറുടെ ഭാര്യയും മകളും അതേ ട്രെയിനിലുണ്ടായിരുന്നു. തീപിടിച്ച കമ്പാര്‍ട്ട്‌മെന്റിലല്ല ഉണ്ടായിരുന്നത് എന്നത് എത്ര ഭാഗ്യമായി എന്നവര്‍ വിവരിച്ചു. കണ്ട കാഴ്ചകളുടെ ഒരിക്കലും ഉണങ്ങാത്ത വൃണങ്ങളെ കുറിച്ചവര്‍ പറഞ്ഞു. കരിഞ്ഞ മൃതദേഹങ്ങളെപ്പറ്റിയും അതിന്റെ ദുര്‍ഗന്ധത്തെപ്പറ്റിയും പറഞ്ഞു. അപ്പോഴുണ്ടായ ഭയപ്പാടിനെക്കുറിച്ചും ജീവനും കൊണ്ട് ഓടിയതിനെക്കുറിച്ചും. 
ക്ലിനിക്കില്‍ നിന്ന് തിരികെ പോകുമ്പോള്‍ സുരേഷ് ദേഷ്യം കൊണ്ട് ജ്വലിക്കുകയായിരുന്നു. മുസ്​ലിംകളാണ് ഇത് ചെയ്തതെങ്കില്‍ അവരെ ഞാന്‍ വെറുതെ വിടില്ല- ഭാര്യയോടയാള്‍ പറഞ്ഞു. 
‘തീയില്‍ പെട്ട് മരിച്ചുപോയ മനുഷ്യരെ കുറിച്ചാലോചിക്ക്, കൊന്നവരെ കുറിച്ചല്ല'- സുരേഷിന്റെ ഭാര്യ പേടിച്ച് വിറച്ചുകൊണ്ട് മറുപടി പറഞ്ഞു. അവളുടെ പേര് ഫര്‍സാന ബാനു എന്നായിരുന്നു, അവള്‍ മുസ്​ലിമാമായിരുന്നു. 
തിരികെ വീട്ടിലെത്തിയ ഉടനെ അയല്‍ക്കാരനും ഇളയച്ഛനുമായ ജയന്തിഭായിയോട് തന്റെ ക്ഷോഭം സുരേഷ് പങ്കിട്ടു. ‘നീ വെറുതെ ഇതിലൊന്നും പോയി തലയിടണ്ട, കുടംബം നോക്കി വീട്ടിലിരി', സുരേഷിന്റെ കോപം തണുപ്പിക്കാന്‍ ഇളയച്ഛന്‍ ഒരു വൃഥാശ്രമം നടത്തി. 

Remote video URL

അടുത്ത ദിവസം രാവിലെ പ്രാതലിന് റൊട്ടിയുണ്ടാക്കാനായി ഗോതമ്പുപൊടി വാങ്ങാന്‍ ഫര്‍സാന പുറത്തിറങ്ങി. ഒന്‍പതുമണി കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. മിക്കവാറും കടകള്‍ ഒന്നുകില്‍ തുറന്നിട്ടില്ല, അല്ലെങ്കില്‍ താത്കാലികമായി അടച്ചിട്ടിരിക്കുകയാണ്. വി.എച്ച്.പി. ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്, ആരും അതിനെ ലംഘിക്കാന്‍ ധൈര്യപ്പെടുന്നില്ല. കുറച്ചുദൂരെ ആള്‍ക്കൂട്ടം വലുതായി വലുതായി വരുന്നത് ഫര്‍സാന കണ്ടു. ഒരു കടക്കാരന്‍ അവളെ കണ്ട് അത്ഭുതപ്പെട്ടുകൊണ്ട് വിളിച്ചുപറഞ്ഞു: ‘‘വേഗം വീട്ടില്‍ പോ. പ്രശ്‌നമുണ്ടാകാന്‍ പോവുകയാണ്.'' തിരികെ വീട്ടിലേയ്‌ക്കോടിയെത്തി സുരേഷിനോട് കണ്ടതെല്ലാം അവള്‍ പറഞ്ഞു. ‘‘നീ ഇവിടെ തന്നെ നില്‍ക്ക്, ഞാന്‍ പോയി നോക്കിയിട്ട് വരാം'' -സുരേഷ് പറഞ്ഞു. മക്കളോട് രണ്ടുപേരോടും വീട്ടില്‍ നിന്ന് പുറത്തിറങ്ങരുത് എന്ന് പറഞ്ഞ് അവള്‍, വീടിന്റെ നേരെ എതിര് താമസിക്കുന്ന, ജയന്തിഭായിയുടെയും ഭാര്യ രാധാ ബെന്നിന്റെയും വീട്ടിലേയ്‌ക്കോടി. എല്ലാവരും രാധാ ബെന്നിന്റെ ധാബയുടെ മുകളില്‍ കേറി നിന്ന് അപ്പുറം തെരുവില്‍ നടക്കുന്നതെന്താണെന്ന് വ്യക്തമായി കാണാന്‍ തീരുമാനിച്ചു. റോഡിന്റെ മറുവശത്ത് നിന്ന് സുരേഷിന്റെ അനുജന്‍ രാജുവിന്റെ മേല്‍ ഒരു സോഡാകുപ്പി വന്നുവീഴുന്നത് ഫര്‍സാന കണ്ടു. അവന്റെ നെറ്റി മുറിഞ്ഞു. ജയന്തി ബെന്‍ മരുമകനെ രക്ഷിക്കാന്‍ വേഗം റോഡിലേയ്ക്ക് ഓടി. 

ഫര്‍സാന റോഡില്‍ നിന്ന് കണ്ണെടുത്തില്ല. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ഒരു വലിയ മുളവടിയുമായി സുരേഷ് പ്രത്യക്ഷപ്പെടുന്നതും ഒരു ഓട്ടോറിക്ഷ തല്ലി തകര്‍ക്കുന്നതും അവള്‍ കണ്ടു. അപ്പോഴാണ് ആള്‍ക്കൂട്ടത്തില്‍ നിന്ന് രക്ഷപ്പെട്ട് ഒരു കൂട്ടം മുസ്​ലിം പെണ്‍കുട്ടികള്‍ അവരുടെ ദിശയിലേയ്ക്ക് ഓടി വരുന്നത് അവളുടെ ശ്രദ്ധയില്‍പെട്ടത്. നെഞ്ചത്ത് ഖുറാന്‍ അടുക്കിപിടിച്ച് അണച്ചും ദാഹിച്ചും ഭയന്നും അവര്‍ ജയന്തി ഭായിയുടെ വീട്ടിലേയ്ക്ക് ഓടിവരികയായിരുന്നു. അതിരാവിലെ ഖുറാന്‍ ക്ലാസിനടുത്തുള്ള മദ്രസയില്‍ പോയതാകും അവരെന്ന് ഫര്‍സാന ഈഹിച്ചു. അടുത്ത വീട്ടില്‍ സുരക്ഷിതരായിരിക്കുന്ന മകള്‍ റിച്ചി*യുടെ അതേ പ്രായമായിരിക്കും- ഒന്‍പത് വയസ്- അവര്‍ക്കെന്നും അവളോര്‍ത്തു. അവള്‍ മുകളില്‍ നിന്ന് ചാടിയിറങ്ങി രാധാ ബെന്നിനൊപ്പം ആ കുഞ്ഞുങ്ങളെ സമാധാനിപ്പിച്ചു. 

ALSO READ

‘വിഭജനത്തിന്റെ ഓർമദിന’ത്തിൽ ഒരു ആത്മപരിശോധന കൂടി നല്ലതാണ്​

ഉച്ചയ്ക്കുശേഷം മൂന്നുമണിക്ക് സുരേഷ് തിരിച്ച് വരുന്നതുവരെ അവരവിടെ ഇരുന്നു. അയാളുടെ ഷര്‍ട്ട് വിയര്‍പ്പില്‍ കുതിര്‍ന്നിരുന്നു. ‘കുറേ പേര്‍ മരിച്ചു. കുറേ പേരെ തീ കൊളുത്തി'-ഫര്‍സാനയോട് പറഞ്ഞ് തുടങ്ങിയപ്പോഴാണ് സ്ക്കൂള്‍ കുട്ടികള്‍ അയാളുടെ ശ്രദ്ധയില്‍പെട്ടത്. ‘ഇതുങ്ങളെ അരിഞ്ഞ് തള്ളണം'- അയാള്‍ പൊട്ടിത്തെറിച്ചു. പക്ഷേ അമ്മാവന്റെ വീടായതുകൊണ്ട് അയാള്‍ക്കൊന്നും ചെയ്യാനായില്ല. ജയന്തി ഭായ് ഉടനെ തന്നെ ചുറ്റുമതിലിന് എതിര്‍വശത്തുള്ള സംസ്ഥാന പോലീസിന്റെ കരുതല്‍ പോലീസ് സേന ക്വാർ​ട്ടേഴ്​സിന്റെ സുരക്ഷയിലേയ്ക്ക് കുട്ടികളെ കൊണ്ടുപോയി. 

സുരേഷ് തികച്ചും വ്യത്യസ്തമായ ഒരു ഭാവത്തില്‍ ഫര്‍സാനയെ നോക്കി. ‘നീ വേഗം പോയി ഒരു വലിയ സിന്ദൂരം നെറ്റിയില്‍ തൊടണം, മനസിലായോ?' മുസ്​ലിമായ ഭാര്യ ഇക്കൂട്ടത്തില്‍ വേറിട്ടുനില്‍ക്കുമോ എന്ന വേവലാതിയുള്ള ഭര്‍ത്താവായി അയാള്‍ മാറി. മുസ്​ലിമായിരിക്കും അവള്‍; അത് രണ്ടാമതാണ്. ആദ്യത്തേത് ഭാര്യയാണ് എന്നുള്ളതാണ്. ഭാര്യയ്ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞ ഉടനെ സുരേഷ് വീണ്ടും ആള്‍ക്കൂട്ടത്തിനൊപ്പം ചേരാന്‍ പുറത്തേയ്ക്ക് പോയി. 

കുറച്ച് മണിക്കൂറുകള്‍ക്കുശേഷം സ്വന്തം ചേരിയില്‍ നിന്ന് ഒരു മഹാപ്രയാണം ഫര്‍സാന കണ്ടു. ഇടറാത്ത ഒരു പ്രവാഹം പോലെ ആളുകള്‍ റോഡിനപ്പുറം പോയി ഉപേക്ഷിക്കപ്പെട്ട വീടുകളില്‍ നിന്ന് ടി.വി.യും ഫ്രിഡ്ജും ഏറ്റവും ചുരുങ്ങിയത്  ഓട്ടുരുളികളോ സ്റ്റീല്‍ പാത്രമോ എടുത്ത് തിരിച്ച് വീടുകളിലേയ്ക്ക് വരുന്നു. ഫര്‍സാനയും അവര്‍ക്കൊപ്പം പോയി. പക്ഷേ പാതിവഴിയില്‍ ഒരു കാഴ്ചകണ്ട് അവള്‍ തിരികെ വീട്ടിലേയ്ക്ക് ഓടി. ഉപേക്ഷിക്കപ്പെട്ട ഒരു സൈക്കിളിന്റെ ചക്രത്തിന്മേല്‍ ഒരു തല കുടുങ്ങി കിടക്കുന്നതാണ് അവള്‍ കണ്ടത്. ശരീരം ഇല്ലാത്ത ഒരു തല. 

ഫര്‍സാനയ്ക്കുണ്ടായ അതേ ഉൾപ്രേരണയാണ് പത്തുവയസുകാരന്‍ ഗുഡ്ഡുവിനും ഉണ്ടായത്. തെരുവില്‍ എരിയുന്ന നരകാഗ്​നി ടി.വി.യില്‍ കണ്ട അമിതാഭ് ബച്ചന്‍ സിനിമ അഗ്​നിപഥിലേതുമായി താരതമ്യപ്പെടുത്താന്‍ അവന്‍ ശ്രമിച്ചു. പക്ഷേ അത് വിജയിച്ചില്ല. ആള്‍ക്കൂട്ടത്തിനെതിരെയുള്ള വശത്തേയ്ക്ക് അവന്‍ ഓടാന്‍ തുടങ്ങി. ഒരു ജനാലയ്ക്കുള്ളില്‍ നിന്ന് തിരമാല പോലെ കട്ടിപ്പുക പുറത്തുവരുന്ന ദൃശ്യം കണ്ടാണ് അവന്‍ നിന്നത്. പുല്ലുമേഞ്ഞ, മണ്ണുകൊണ്ടുള്ള ഒരു കുടിലിന്റെ ജനാലയായിരുന്നു അത്. അതിനകത്ത് മരക്കാലില്‍ ഒരു സ്ത്രീയുടെ കത്തുന്ന ശരീരം കെട്ടിയിട്ടുണ്ടായിരുന്നു. ആ സ്​ത്രീ നിന്ന് കത്തുകയായിരുന്നു. പാദത്തില്‍ നിന്ന് തീ ആളിക്കത്തുന്നു. സാരി കത്തിപ്പടരുന്നു. അവരുടെ കണ്ണ് തുറന്ന് തന്നെയാണ് ഇരുന്നത്. പക്ഷേ കനത്ത നിശ്ശബ്​ദതയായിരുന്നു. അവരുടെ നിലവിളി ജീവനൊപ്പം നേരത്തേ നിലച്ചിരുന്നു. പക്ഷേ ആ കണ്ണുകള്‍ അവനെ തറച്ചുനോക്കി. അവന്‍ തിരികെ വീട്ടിലേയ്ക്ക് ഓടി.  

godhra
ഗോധ്ര സംഭവം: 2002 ഫെബ്രുവരി 27ന്​ അഗ്​നിക്കിരയായ സബർമതി എക്​സ്​പ്രസിന്റെ കോച്ച്​

ആ ദൃശ്യങ്ങള്‍ അവനെ പിന്തുടര്‍ന്നുകൊണ്ടിരുന്നു. അവ അവനെ ഉറങ്ങാന്‍ സമ്മതിച്ചില്ല. നിയന്ത്രണമില്ലാതെ അവന്‍ കരഞ്ഞുകൊണ്ടിരുന്നു. തെരുവില്‍ നടന്ന അറുംകൊല അവന്റെ തെറ്റാണെന്നായിരുന്നു അവന് തോന്നിയത്. അവന്റെ അമ്മ വീടിന് പുറത്തിറങ്ങരുത് എന്നവനോട് പറഞ്ഞതായിരുന്നു, പക്ഷേ അവന്‍ കേട്ടില്ല. രണ്ടുവര്‍ഷം മുമ്പുണ്ടായ ഒരു മാനസികാഘാതത്തെ ഈ ദിവസത്തെ സംഭവങ്ങള്‍ വര്‍ധിപ്പിച്ചു. രണ്ടുവര്‍ഷം മുമ്പൊരു ദിവസം അവന്റെ അമ്മൂമ്മ ഗുഡ്ഡുവിനോട് വെള്ളം നിറച്ച മണ്‍കൂജ കട്ടിലിനരികിലേയ്ക്ക് നീക്കിവയ്ക്കാന്‍ പറഞ്ഞു. അവന്‍ അതെടുത്തപ്പോള്‍ കൈയില്‍ നിന്ന് തെന്നി നിലത്ത് വീണ് കൂജയും പൊട്ടി, വെള്ളവും പോയി. അന്ന് വൈകി അമ്മൂമ്മ മരിച്ചു. വീട്ടില്‍ കൂടിയ മുതിര്‍ന്നവര്‍ പറഞ്ഞു-  ‘ഗുഡ്ഡു ആ കൂജ പൊട്ടിച്ചില്ലായിരുന്നുവെങ്കില്‍ അവരിപ്പോഴും ജീവനോടെ ഉണ്ടായേനെ' എന്ന്. 

അടുത്തുള്ള ചേരിയില്‍ തന്റെ ഭയത്തെ എങ്ങനെയെങ്കിലും അടക്കാനുള്ള ശ്രമത്തിലായിരുന്നു ഫര്‍സാന. അതോടൊപ്പം ഇതൊരു അവസരമായി കണക്കാക്കുന്ന സുരേഷിന്റെ വീട്ടുകാരുടെ ആവേശത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും അവള്‍ക്കറിയില്ലായിരുന്നു. അന്നത്തെ കൊള്ളമുതലുമായി രാധാ ബെന്‍ വീട്ടിലെത്തിയതേ ഉണ്ടായിരുന്നുള്ളൂ. ഫര്‍സാന തിരികെ ഓടിയതിനെ ഒന്ന് കളിയാക്കാതിരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ‘എന്തൊരു പേടിത്തൊണ്ടിയാണ്! ആ കണ്ടതൊന്നും ശ്രദ്ധിക്കാതെ പിന്നേം പോകേണ്ടതായിരുന്നു'. അവര്‍ പറഞ്ഞു.

രാത്രി ഏതാണ്ട് പതിനൊന്നരയോടെയാണ് സുരേഷ് തിരികെ വീട്ടിലെത്തിയത്. അയാള്‍ വിയര്‍പ്പില്‍ കുളിച്ചിരുന്നു. അസഹ്യമായ ദുര്‍ഗന്ധവുമുണ്ടായിരുന്നു. ഫര്‍സാന അയാള്‍ക്ക് റൊട്ടിയും ഉള്ളിയും തക്കാളിയും കൊണ്ടുള്ള കറിയും അത്താഴത്തിന് നല്‍കി. അത് കഴിച്ചുകൊണ്ടിരിക്കേ വീടിന് പുറത്തിറങ്ങിയതിന് അയാള്‍ അവളെ ചീത്തപറഞ്ഞുകൊണ്ടേയിരുന്നു. ‘നിന്നെയും അവര്‍ ലക്ഷ്യം വയ്ക്കാമെന്ന് എന്താണ് നിന്റെ തലയില്‍ കേറാത്തത്? ഇപ്പോ തന്നെ വി.എച്ച്.പി.ക്കാര് നിന്നെ അന്വേഷിക്കുന്നുണ്ട്.' സുരേഷ് ദേഷ്യം കൊണ്ട് വിറച്ചുകൊണ്ട് പറഞ്ഞു. ‘അവര് പറയുന്നത് എന്റെ വീട്ടില്‍ ഒരു മുസ്​ലിമുണ്ട് എന്നാണ്. നീ നമ്മളിലൊരാളാണ് ഇപ്പോ എന്ന് അവരോട് ഞാന്‍ പറഞ്ഞിട്ടുണ്ട്; നെറ്റിയില്‍ സിന്ദൂരമൊക്കെയിട്ടാണ് എപ്പോഴും നടക്കുന്നത് എന്നും. അങ്ങനെയാണെങ്കില്‍ നിന്നെ തൊടില്ല എന്നാ പറഞ്ഞിട്ടുള്ളത്.' 

ALSO READ

രണ്ട് ഗൂഢാലോചനകളും ഒരു ശവദാഹവും

രാത്രി വളരെ വൈകിയിരുന്നു. ആ പ്രദേശത്തൊന്നും കറന്റുമില്ലായിരുന്നു.
ജയന്തി ഭായിയുടെ വീടിന്റെ മുകളിലെ വാടക മുറിയിലായിരുന്നു അവരപ്പോള്‍ താമസിച്ചിരുന്നത്. അവരുടെ വീടപ്പോള്‍ പുതുക്കി പണിയുകയായിരുന്നു. ഒരു മണ്‍ വിളക്ക് കൊളുത്തിവച്ച് രാത്രി ഉറങ്ങാനുള്ള ശ്രമം ഫര്‍സാന ആരംഭിച്ചപ്പോഴേയ്ക്കും അയാള്‍ പറഞ്ഞു, വീട്ടിലന്ന് രാത്രി താമസിക്കുന്നത് ബുദ്ധിയാകില്ല. സുരേഷിന്റെ അച്ഛനമ്മമാര്‍ക്കൊപ്പം ഫര്‍സാനയും മക്കളും പുറത്തെ പാടത്ത് കിടന്നാല്‍ മതിയെന്ന്. രാത്രി മുസ്​ലിംകൾ പ്രതികാരത്തിന് വന്നാലോ എന്ന് കരുതി ആ തെരുവിലാരും അന്ന് വീടുകളില്‍ ഉറങ്ങിയിരുന്നില്ല.

പുറത്തേയ്ക്ക് പോകുന്നതിനുമുമ്പ് സുരേഷ് ഫര്‍സാനയെ വീടിന്നകത്തേയ്ക്ക് വലിച്ച് കയറ്റി അവളുടെ മേലേയ്ക്ക് കയറി. ‘അയാളെ അപ്പോഴും വല്ലാതെ നാറുന്നുണ്ടായിരുന്നു': ആ രാത്രി ഓര്‍ത്തെടുത്തപ്പോള്‍ അവള്‍ മുഖംകോട്ടി. 
അയാള്‍ മേലേയ്ക്ക് പടര്‍ന്ന് കയറിയപ്പോള്‍ മുഖം തിരിച്ച അവളോട് സുരേഷ് പറഞ്ഞു: ‘ആഹാ, നിനക്കിപ്പോള്‍ എന്നെ വേണ്ടാതായല്ലേ?' 
‘അങ്ങനെയൊന്നും ഒരിക്കലും സംഭവിക്കില്ല. പക്ഷേ ഇതിന്റെ എല്ലാം നടുവിലെങ്ങനെയാ? നമുക്ക് പെട്ടന്ന് പുറത്തേയ്ക്കിറങ്ങി ഓടേണ്ടി വന്നാലോ? ആരെങ്കിലും ഇടയ്ക്ക് കേറിവന്നാല്‍ നമ്മളെങ്ങനെയാണ് ഈ കോലത്തില്‍ ഓടുക?'
അയാള്‍ ചെയ്യാനുള്ളത് ചെയ്ത് കഴിഞ്ഞപ്പോള്‍ ഫര്‍സാനയ്ക്ക് സുരേഷ് ഒരു കഠാരി കൊടുത്തു. 
‘ഞാനൊരു പ്രാണിയെ പോലും കൊന്നിട്ടില്ല, ഇത് വച്ച് ഞാനെന്ത് ചെയ്യാനാണ്?'- അവള്‍ ചോദിച്ചു. 
‘നിന്റെ പരിസരത്തേയ്ക്കു പോലും ഏതെങ്കിലും മുസ്​ലിംകൾ വന്നാല്‍ ഇത് പള്ളേല്‍ കയറ്റിക്കോണം'- അയാള്‍ പറഞ്ഞു. 

സ്​തബ്​ദയായി അവള്‍ നില്‍ക്കുമ്പോള്‍ ചെവിയില്‍ പൊട്ടിച്ചിരികള്‍ മുഴങ്ങി. ഫര്‍സാനയ്ക്ക് കത്തി നല്‍കിയത് ഭയങ്കര തമാശയായാണ് സുരേഷിന്റെ കുടുംബത്തിന് തോന്നിയത്. അവര്‍ മുസ്​ലിംകളെ കുറിച്ചുള്ള അവഹേളന വാക്ക് വിളിക്കുന്നത് കേട്ടു; ‘ഖാജി'. താത്ത! 
‘‘താത്തയ്ക്ക് കത്തി പേടിയാണ്... ഹാ! ഹാ! ഹാ!''. 
അവള്‍ അകത്തേയ്ക്ക് പോയി. അവിടെ മൊത്തം ഇരുട്ടായിരുന്നു.

ആള്‍ക്കൂട്ടം ചെറുതായി ചെറുതായി ഒരു തുള്ളിപോലെ ആയ സമയത്താണ് റോഡിനപ്പുറം ജീവിച്ചിരുന്ന ഷേഖ് മോയുദ്ദീന്‍ ഒരു കാഴ്ച കണ്ടത്. അയാളുടെ തലയില്‍ നിന്ന് ആ ദൃശ്യം ഒരുകാലത്തും മാഞ്ഞുപോയില്ല. അഞ്ചുവയസുള്ള നിലോഫറും ഷാരൂഖും ഷഹ്‌സാദും തെരുവിന്‍ ആള്‍ക്കൂട്ടത്തിനിടയില്‍ സുഹൃത്തുക്കള്‍ക്കും കുറച്ച് മുതിര്‍ന്ന മനുഷ്യര്‍ക്കുമിടയില്‍ നിന്ന് നൃത്തം ചെയ്യുന്നു. അവളുടെ മൊട്ടത്തല താലത്തില്‍ വച്ചിരിക്കുന്ന തേങ്ങപോലെ ആടുന്നത് കാണാം. കഴിഞ്ഞ ആഴ്ചകളില്‍ തീയേറ്ററില്‍ കളിച്ചിരുന്ന പുതിയ സിനിമ -കഭി ഖുശി കഭി ഖം-യിലെ പാട്ട് ഹിന്ദുക്കള്‍ നടത്തിയിരുന്ന ധാബകളില്‍ ഉച്ചത്തില്‍ വച്ചിരുന്നു. 

അഹമ്മദാബാദ് നഗരത്തിലുനീളം ഭ്രാന്ത് പിടിച്ചിരിക്കുമ്പോള്‍ ചില കുഞ്ഞുങ്ങളെ ഈ ആള്‍ക്കൂട്ടം വെറുതെ വിടുന്നത് മനുഷ്യാതീതമായ എന്തോ ആണെന്ന് മോയുദ്ദീന് തോന്നി. അവിടെ ലോകത്ത് സംഭവിച്ചതിനെ കുറിച്ചൊന്നും ഒരു അറിവുമില്ലാതെ തീറ്റയും കുടിയും നടക്കുകയാണ്. 

അക്രമിക്കൂട്ടങ്ങളെക്കുറിച്ചുള്ള ഏറ്റവും ഭയാനകമായ കാര്യം 
ട്രൂകോപ്പി വെബ്സീന്‍ പാക്കറ്റ് 56 ല്‍ പ്രസിദ്ധീകരിച്ച് ലേഖനം

രേവതി ലോള്‍  

സ്വതന്ത്ര മാധ്യമപ്രവർത്തക, ചലച്ചിത്രപ്രവർത്തക, കോളമിസ്​റ്റ്​. The Anatomy of Hate എന്ന പുസ്​തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

  • Tags
  • #Saffronization
  • #2002 Gujarat riots
  • #Revati Laul
  • #Sreejith Divakaran
  • #Jama ath Islami
  • #Narendra Modi
  • #Sangh Parivar
  • #Holocaust
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
pinarayi-rahul

National Politics

പിണറായി വിജയൻ

എതിരഭിപ്രായങ്ങളെ അധികാരം ഉപയോഗിച്ച് അമര്‍ച്ച ചെയ്യുന്നത് ഫാഷിസ്റ്റ് രീതി

Mar 24, 2023

3 Minutes Read

Rahul Gandhi

National Politics

ടി.എന്‍. പ്രതാപന്‍

ഭരണകൂട ഭീഷണിയെ രാജ്യം​ ചെറുക്കും, അതിന്​ രാഹുൽ നേതൃത്വം നൽകും

Mar 23, 2023

3 Minutes Read

congress

National Politics

സന്ധ്യാമേരി

മതേതരത്വവും ​കോൺഗ്രസും: ചില പ്രതീക്ഷകൾ

Feb 26, 2023

8 minutes read

Jamaat Rss

Minority Politics

കെ.ടി. കുഞ്ഞിക്കണ്ണൻ

ആര്‍.എസ്.എസിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും അടഞ്ഞവാതില്‍ ചര്‍ച്ച എന്താണ് സന്ദേശിക്കുന്നത്?

Feb 17, 2023

8 minutes read

babri-masjid-demolition

Opinion

പ്രമോദ് പുഴങ്കര

അരുണ്‍ മിശ്ര, രഞ്ജൻ ഗോഗോയ്‌, അബ്ദുള്‍ നസീര്‍, ഉദ്ദിഷ്ടകാര്യത്തിന് സംഘപരിവാറിന്റെ ഉപകാരസ്മരണകള്‍

Feb 12, 2023

3 Minute Read

K KANNAN

UNMASKING

കെ. കണ്ണന്‍

വേദകാലത്തെ ബീഫ് മെനു മോദി കാലത്തെ കൗ ഹഗ്‌

Feb 09, 2023

3 Minutes Watch

Budget 2023

Union Budget 2023

ഡോ. രശ്മി പി. ഭാസ്കരന്‍

കേന്ദ്ര ബജറ്റ് മഹാ സംഭവമാണ്, 50 ലക്ഷം വിലയുള്ള കാറില്‍ യാത്ര ചെയ്യുന്നവര്‍ക്ക്

Feb 03, 2023

6 Minutes Read

pramod-raman

Freedom of speech

പ്രമോദ് രാമൻ

വരാന്‍ പോകുന്ന നാളുകള്‍ കഠിനം, അഭിപ്രായസ്വാതന്ത്ര്യത്തിനായി എല്ലാവരും ചേര്‍ന്നുനില്‍ക്കുക 

Feb 01, 2023

2 Minutes Read

Next Article

എലിപ്പത്തായത്തിലെ ഉണ്ണിത്താൻ വാല്

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster