പൃഥ്വീരാജിന്റെ മാപ്പുകൊണ്ട്​ തീരുമോ ‘കടുവ’ ഉയർത്തിയ വിഷയം?

ഭിന്നശേഷി സൗഹ്യദ സമൂഹമെന്ന നിലയിൽ നിയമപരമായി ലഭിക്കേണ്ട അവകാശങ്ങളും പരിരക്ഷകളും ഉറപ്പാക്കാനുള്ള പരിശ്രമങ്ങൾ ഒട്ടൊക്കെ നടക്കുന്നുണ്ടെങ്കിലും സമൂഹമനസ് ഇപ്പോഴും അറുപിന്തിരിപ്പനാണ് എന്നതിന്റെ തെളിവായി മാത്രമേ ‘കടുവ’ എന്ന സിനിമയിലെ പരാമർശത്തെ കാണേണ്ടതുള്ളൂ. ട്രാൻസ്, ട്രൈബൽ സമൂഹത്തിന്റെ ഉൾച്ചേരലിലും ഇതേ പൊതുബോധത്തിന്റെ വികലമായ ഇടപെടൽ കാണാം.

‘നീയൊക്കെ ചെയ്തു കൂട്ടുന്ന പാപത്തിന്റെ ഫലം അടുത്ത തലമുറ അനുഭവിക്കു’മെന്ന ഡയലോഗുണ്ട് ‘കടുവ' എന്ന പുതിയ മലയാള സിനിമയിൽ. സമാന അർത്ഥത്തിലും ഭാഷയിലും എത്രയോ സംഭാഷണങ്ങൾ നിത്യജീവിതത്തിലും സിനിമയിലുമൊക്കെ മുമ്പും നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ കടുവയിലെ ഈ രംഗം വിവാദമായി, സംവിധായകൻ ഷാജി കൈലാസും ഡയലോഗ് പറയുന്ന പൃഥ്വീരാജും പരസ്യമായി മാപ്പുപറഞ്ഞു. കാറിലിരിക്കുന്ന ഭിന്നശേഷിക്കാരനായ കുട്ടിയിലേക്കാണ് സംഭാഷണസമയത്ത് ക്യാമറയുടെ ഫോക്കസ് എന്നതാണ്, അല്ലെങ്കിൽ അച്ഛനമ്മമാർ ചെയ്യുന്ന പാപത്തിന്റെ ഫലമാണ് ഭിന്നശേഷിക്കാരായ കുട്ടികൾ എന്ന ധ്വനിയാണ് കടുവയെ വിവാദക്കുഴിയിൽ ചാടിച്ചത്.

ഷാജി കൈലാസിന്റെ മാപ്പിരക്കലും പൃഥ്വീരാജിന്റെ കുറ്റമേൽക്കലും കൊണ്ട് തീരുന്നതാണോ ഈ വിഷയം എന്നതാണ് ഇനിയുന്നയിക്കപ്പെടേണ്ട പ്രധാന ചോദ്യം. ഭിന്നശേഷിക്കാരെയോ അവരുടെ രക്ഷിതാക്കളെയോ അപഹസിക്കണമെന്നോ വേദനിപ്പിക്കണമെന്നോ തങ്ങൾ മനസാ വാചാ ഉദ്ദേശിച്ചിരുന്നില്ലെന്ന ഷാജി കൈലാസിന്റെ വാക്കുകൾ അവിശ്വസിക്കേണ്ട കാര്യമില്ലാത്ത സാഹചര്യത്തിൽ വിശേഷിച്ചും.

‘അങ്ങനെയൊരു സംഭാഷണം എഴുതുമ്പോൾ തിരക്കഥാകൃത്ത് ജിനുവോ അത് പറയുമ്പോൾ നായകനായ പൃഥ്വിരാജോ ആ സീൻ ഒരുക്കുമ്പോൾ ഞാനോ അതിന്റെ മറ്റ് വശങ്ങളെക്കുറിച്ച് ചിന്തിച്ചില്ല എന്നതാണ് സത്യം ' എന്ന ഷാജി കൈലാസിന്റെ വാക്കുകൾ സത്യം തന്നെയാവണം. കാരണം ഇങ്ങനെയൊന്നും ചിന്തിക്കേണ്ടതില്ലാത്ത കേരളത്തിന്റെ പൊതുബോധത്തിൽ നിന്നുതന്നെയാണ് ഇവരൊക്കെ എഴുതുകയും സിനിമയെടുക്കുകയും ചെയ്യുന്നത്.

ഇൻക്ലൂസീവ് സൊസൈറ്റി എന്ന ആശയത്തിന്റെ നാലയലത്തുപോലും മാനസികമായി നാമെത്തിയിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. ഭിന്നശേഷി സൗഹ്യദ സമൂഹമെന്ന നിലയിൽ നിയമപരമായി ലഭിക്കേണ്ട അവകാശങ്ങളും പരിരക്ഷകളും ഉറപ്പാക്കാനുള്ള പരിശ്രമങ്ങൾ ഒട്ടൊക്കെ നടക്കുന്നുണ്ടെങ്കിലും സമൂഹമനസ് ഇപ്പോഴും അറുപിന്തിരിപ്പനാണ് എന്നതിന്റെ തെളിവായി മാത്രമേ കടുവയുടെ മുരളലിനെ കാണേണ്ടതുള്ളൂ. ട്രാൻസ്, ട്രൈബൽ സമൂഹത്തിന്റെ ഉൾച്ചേരലിലും ഇതേ പൊതുബോധത്തിന്റെ വികലമായ ഇടപെടൽ കാണാം.

ചലനപരിമിതിയുള്ള ഒരാൾ കയറാൻ വരുന്നത് ബസിലിരിക്കുന്ന പലർക്കും ‘ബുദ്ധിമുട്ടാ'ണുണ്ടാക്കുക. ഉൾച്ചേർന്ന വിദ്യാഭ്യാസത്തിലും ചില അധ്യാപകർക്കെങ്കിലും ഭിന്നശേഷി കുട്ടികൾ ‘കുഴപ്പ'ക്കാരാണ്. കുടുംബക്കാർക്ക് ‘നാണക്കേടും ' രക്ഷിതാക്കൾക്ക് ‘ശാപ' വുമായ മക്കളും നമുക്കിടയിലുണ്ട്. പൊളിറ്റിക്കൽ കറക്ട്‌നസിന്റെ കാലത്തും ‘വികലാംഗ' വിദ്യാലയവും ‘വികലാംഗ' കോർപറേഷനും പേര് മാറ്റിയെടുക്കാനാവാതെ നെടുവീർപ്പിടുന്ന നാടാണ് നമ്മുടേത്. കടുവക്കെതിരെ നിയമ നടപടി സ്വീകരിച്ചത് ‘ഡിസബിലിറ്റി ' കമീഷണറാണെന്നതാണ് സങ്കടകരമായ യാഥാർത്ഥ്യം.

പൃഥ്വിരാജ്, ഷാജി കൈലാസ്, വിവേക് ഒബ്രോയ്

2016ലാണ് PWD Act (Persons with Disability Act) ഇന്ത്യൻ പാർലമെൻറ്​ പരിഷ്‌കരിച്ചത്. ഇതുപ്രകാരം ഭിന്നശേഷിക്കാർക്ക് ഉറപ്പാക്കേണ്ട അവകാശങ്ങൾ കൃത്യമായി നിർവചിക്കപ്പെട്ടിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മുന്നിലാണെങ്കിലും എന്താണ് നമുക്ക് ചുറ്റുമുള്ള അവസ്ഥ? എത്ര പൊതുസ്ഥലങ്ങൾ ഇപ്പോഴും ബാരിയർ ഫ്രീ ആയി മാറിയിട്ടുണ്ട്. റോഡുകൾ, ആശുപത്രികൾ, സ്‌കൂളുകൾ, ബാങ്കുകൾ, ബീച്ചുകൾ, തിയറ്ററുകൾ, ആരാധനാലയങ്ങൾ തുടങ്ങി എവിടെയെല്ലാം ഫ്രീയായി കടന്നുചെല്ലാൻ അവർക്ക് സാധിക്കും?

ഇപ്പറയുന്നതൊന്നും നേരല്ല, ഞങ്ങളങ്ങനെ കാണുന്നവരല്ല എന്ന് വിയോജിക്കുന്നവരുണ്ടാവാം. പക്ഷെ എങ്ങനെയാണ് നിങ്ങൾ കാണുന്നതെന്ന് തിരിച്ചുചോദിച്ചു നോക്കൂ. പരിഗണന, സഹതാപം, അനുകമ്പ, ചാരിറ്റി തുടങ്ങിയ പദങ്ങളുടെ ഘോഷയാത്ര തന്നെ നമുക്ക് കാണാനായേക്കും. ‘മനുഷ്യാവകാശം എന്ന ഒറ്റ വിഷയമേ ഇവിടെയുള്ളൂ. സഹതാപം (Sympathy) മാത്രമല്ല, അനുതാപം(Empathy) പോലും ഈ വിഷയത്തിൽ അസ്വീകാര്യമാണ് ' എന്ന് Against Empathy എന്ന കൃതിയിൽ പോൾ ബ്ലൂം നിരീക്ഷിക്കുന്നുണ്ട്.

ഭിന്നശേഷി വിഷയത്തെ മൂന്ന് രീതിയിൽ സമീപിക്കുന്നവരുണ്ട്. ചാരിറ്റി മോഡൽ, മെഡിക്കൽ മോഡൽ, സോഷ്യൽ മോഡൽ എന്നിങ്ങനെയാണ് ഈ സമീപനങ്ങൾ അറിയപ്പെടുന്നത്. ഭിന്നശേഷിക്കാർ ദയയും സഹതാപവും അർഹിക്കുന്നവരാണ്, കരുണയോടെ അവരെ ചേർത്തുപിടിക്കേണ്ടതുണ്ട് എന്ന കാലങ്ങളായി തുടരുന്ന സമീപനരീതിയാണ് ഒന്നാമത്തേത്. വളരെ നല്ല കാര്യം എന്ന് ഒറ്റ നോട്ടത്തിൽ തോന്നുമെങ്കിലും, ഇക്കാലത്ത് അത്ര പ്രോത്സാഹിപ്പിക്കപ്പെടേണ്ട ഒന്നല്ല ഇതെന്നതാണ് സത്യം. വ്യക്തികളുടെയോ സംഘടനകളുടെയോ ചാരിറ്റി കൊണ്ട് അതിജീവിക്കേണ്ടി വരിക എന്നത് ആധുനിക സമൂഹത്തിൽ അത്ര ആശാസ്യമല്ല. മാത്രമല്ല സ്റ്റേറ്റിനും സമൂഹത്തിനും തങ്ങളുടെ ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള ബൈപ്പാസ് ഒരുക്കലായും ഈ ചാരിറ്റി മാറുന്നുണ്ട്.

ശാരീരിക- മാനസിക സവിശേഷതകൾ വ്യക്തിപരമാണെന്നും ആയതിനാൽ വ്യക്തിക്ക് ആവശ്യമായ സഹായങ്ങളും ചികിത്സകളും ഉറപ്പാക്കുകയാണ് വേണ്ടതെന്നുമാണ് മെഡിക്കൽ മോഡൽ മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാട്. ജീവിത പ്രതിസന്ധികൾക്ക് വ്യക്തി തന്നെയാണ് ഉത്തരവാദി എന്ന ആശയമാണിത്. രോഗിയെ / വ്യക്തിയെ ചികിത്സിക്കുക എന്ന ആധുനിക വൈദ്യശാസ്ത്ര കാഴ്ചപ്പാട് ഭിന്നശേഷി ക്കാരുടെ കാര്യത്തിൽ പക്ഷെ വിശാലമായി സ്വീകരിക്കപ്പെട്ടിട്ടില്ല.

വിവാദപരാമർശത്തിൽ മാപ്പുപറഞ്ഞ് സംവിധായകൻ ഷാജി കൈലാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഭൂരിപക്ഷത്തിന്റെ സൗകര്യങ്ങൾക്കനുസരിച്ച് ലോകം ക്രമപ്പെടുത്തിയതിന്റെ കെടുതികളാണ് ഭിന്നശേഷിക്കാർ അനുഭവിക്കേണ്ടിവരുന്നത് എന്ന കാഴ്ചപ്പാടാണ് സോഷ്യൽ മോഡൽ ഡിസബിലിറ്റിയുടെത് . ലോകജനസംഖ്യയിൽ മൂന്ന് ശതമാനത്തോളം വരുന്ന വിവിധ വിഭാഗം ഭിന്നശേഷിക്കാർക്ക് കൂടി സൗകര്യപൂർവം ജീവിക്കാൻ കഴിയുംവിധം ലോകത്തെ പുനക്രമീകരിക്കേണ്ടതുണ്ട് എന്ന വാദമാണ് ഈ ആശയത്തിന്റെ അടിത്തറ. ഭൂരിപക്ഷ ഹിതം നടപ്പാക്കുകയല്ല, ന്യൂനപക്ഷത്തിന്റെ താൽപര്യങ്ങൾ കൂടി സംരക്ഷിക്കലാണ് ജനാധിപത്യത്തിന്റെ ആശയാടിത്തറ എന്നതിനാൽ ഈ മാതൃകയാണ് കൂടുതൽ സ്വീകാര്യം.

ശാരീരികമോ മാനസികമോ ആയ പരിമിതിയുള്ളവരുടെ ചികിത്സയും പരിചരണവും സ്റ്റേറ്റിന്റെ ഉത്തരവാദിത്വമാവേണ്ടതുണ്ട്. സവിശേഷ പിന്തുണ ആവശ്യമുള്ള കുട്ടികൾ ജനിക്കുന്നതോടെ തൊഴിലെടുക്കാൻ കഴിയാതെ വരുന്നവരുണ്ട്. ബാധ്യത ഏറ്റെടുക്കാൻ കഴിയാതെ മക്കളെ ഉപേക്ഷിച്ചു പോകുന്നവരും ഇല്ലാതില്ല. ഈ അവസ്ഥ മറികടക്കാൻ പല വികസിതരാജ്യങ്ങളിലും നിലവിലുള്ള മാതൃകകൾ കേരളം സ്വീകരിക്കേണ്ടതുണ്ട്.

ജനാധിപത്യം, മനുഷ്യാവകാശം എന്നിവയെക്കുറിച്ച് സമൂഹത്തിലെ ഓരോ വ്യക്തിയും ആഴത്തിൽ മനസിലാക്കുകയും ഉൾക്കൊള്ളുകയും ചെയ്യേണ്ടതുണ്ട്. വ്യക്തി സവിശേഷതകൾക്കനുസരിച്ച് ജീവിതപരിസരത്തെ അനുരൂപീകരിച്ചാൽ (adaptation) പിന്നീടവിടെ ഡിസബിലിറ്റി ഇല്ല എന്ന കാഴ്ചപ്പാടിലേക്കുള്ള വളർച്ചയാണ് സാധ്യമാക്കേണ്ടത്. നിയമനിർമാണം കൊണ്ടുമാത്രം സാധ്യമായ ഒന്നല്ല ഇത്. മുഴുവൻ മനുഷ്യർക്കും തുല്യമായ അന്തസ്സോടെ ജീവിക്കാനുള്ള അവകാശമുണ്ട് എന്ന രാഷ്ട്രീയബോധ്യമാണത്. പരിഷ്‌കൃത സമൂഹത്തെ സംബന്ധിച്ചിടത്തോളം തുല്യഅവസരം, മനുഷ്യാവകാശ സംരക്ഷണം, എല്ലാവരുടെയും പങ്കാളിത്തം എന്നീ മൂല്യങ്ങളിൽ വെള്ളം ചേർക്കുക സാധ്യമല്ല. ഈ മൂല്യങ്ങളിലൊന്നെങ്കിലും ചോർന്നുപോയാൽ ഉൾച്ചേർന്ന സമൂഹം എന്ന ആശയം യാഥാർത്ഥ്യമാവുകയുമില്ല.

Comments