truecoppy
MORE
Truecopy Home
Readers
are
Thinkers

Sunday, 29 January 2023

truecoppy
Truecopy Logo
Readers are Thinkers

Sunday, 29 January 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
Image
opener
Image
opener
https://truecopythink.media/taxonomy/term/5797
padmini

Art

ടി.കെ. പത്മിനി

മദ്രാസ് സ്‌കൂളില്‍നിന്ന്
പുറപ്പെട്ടുപോയ പത്മിനി

മദ്രാസ് സ്‌കൂളില്‍നിന്ന് പുറപ്പെട്ടുപോയ പത്മിനി

സ്ത്രീപ്രാതിധ്യത്തിന്റെ സംവരണാനുകൂല്യമോ ചിത്രംവരയ്ക്കുന്ന സ്ത്രീയെക്കുറിച്ചുള്ള കാല്പനികസ്മരണകളോ അല്ലാതെ ആധുനിക ഇന്ത്യന്‍ കലയുടെ പ്രകരണത്തിലോ കേരളീയകലയുടെ ചരിത്രസന്ദ്രഭത്തിലോ വെച്ച് പത്മിനിയുടെ കല ഗവേഷണോന്മുഖമായി പഠിക്കപ്പെട്ടോ? 

14 May 2021, 10:13 AM

സുധീഷ് കോട്ടേമ്പ്രം

2021 മെയ് 11ന് ചിത്രകാരി ടി.കെ. പത്മിനിയുടെ അകാലവിയോഗത്തിന് 52 വയസ് തികഞ്ഞു. കേവലം 29 വയസ്സിനുള്ളില്‍ പത്മിനി മുന്നോട്ടുവെച്ച കലാസങ്കല്‍പങ്ങള്‍ ദക്ഷിണേന്ത്യന്‍ കലയിലെ ആധുനികതാപ്രവണതകളുടെ ഒറ്റപ്പെട്ട മാതൃകയായി ഇന്ന് കാണാം. ആധുനിക ‘കലാകാരന്റെ' ധൈഷണികപ്രഭാവത്തിനുമുന്നില്‍ ചിത്രകാരിയുടെ അസ്തിത്വം ഇനിയും വേണ്ടവിധം പരിഗണിക്കപ്പെട്ടോ? സ്ത്രീപ്രാതിധ്യത്തിന്റെ സംവരണാനുകൂല്യമോ ചിത്രംവരയ്ക്കുന്ന സ്ത്രീയെക്കുറിച്ചുള്ള കാല്പനികസ്മരണകളോ അല്ലാതെ ആധുനിക ഇന്ത്യന്‍ കലയുടെ പ്രകരണത്തിലോ കേരളീയകലയുടെ ചരിത്രസന്ദ്രഭത്തിലോ വെച്ച് പത്മിനിയുടെ കല ഗവേഷണോന്മുഖമായി പഠിക്കപ്പെട്ടോ?

രാജാ രവിവര്‍മ്മയുടെ കലാഭാവുകത്വത്തിനുശേഷം കേരളീയ ചിത്രകലയിലെ രണ്ടാം തലമുറ ആധുനികരുടെ നേതൃനിരയില്‍ കടന്നുവന്നത് കെ.സി.എസ്. പണിക്കരായിരുന്നു.

ALSO READ

ചിത്രകലയിൽ ഇപ്പോൾ സ്​ത്രീകൾ എന്താണ്​ ചെയ്യുന്നത്​?

പണിക്കരുടെ വിദ്യാര്‍ത്ഥിനിയായ പത്മിനി സ്വാഭാവികമായും മദ്രാസ് സ്‌കൂള്‍ കലാഭാവുകത്വത്തിന്റെ മുഖ്യശ്രേണിയില്‍ ഇടം പിടിച്ചിരുന്നില്ല. ആധുനിക കേരളീയചിത്രകലയിലെ ആണ്‍കൂട്ടത്തിനിടയില്‍ ഒറ്റപ്പെട്ട തുരുത്തായി പത്മിനി മാറുകയായിരുന്നോ? ലിംഗനീതിയെക്കുറിച്ചുള്ള ആലോചനകള്‍ക്കൊപ്പം തന്നെ പത്മിനിച്ചിത്രങ്ങള്‍ ഒരു പുനര്‍വായന അര്‍ഹിക്കുന്നു. ലോകകലയിലെ ആധുനികതാപ്രവണതകളെ തന്റെ സമകാലികരില്‍നിന്ന് വ്യത്യസ്തമായി പത്മിനി പിന്തുടര്‍ന്നു. 

രവി വര്‍മ്മയുടെ സ്വാധീനവലയത്തില്‍പ്പെട്ട ആധുനികസങ്കല്പങ്ങളെ ഏറെക്കുറെ കൈയ്യൊഴിയാനും യൂറോപ്യന്‍ ആധുനികതയ്ക്ക് ബദലായ ഒരു കലാസങ്കല്പം അവതരിപ്പിക്കാനും ഉത്തരേന്ത്യയില്‍ ബംഗാള്‍ സ്‌കൂള്‍ കലാകൂട്ടായ്മയ്ക്കും ദക്ഷിണേന്ത്യയില്‍ മദ്രാസ് സ്‌കൂള്‍ ഗ്രൂപ്പിനും സാധ്യമായി. മദ്രാസ് സ്‌കൂള്‍ കലാകാരന്മാര്‍ പാശ്ചാത്യ ആധുനികപ്രവണതകളെ മറികടക്കാന്‍ ശ്രമിച്ചത് പൊതുവെ അമൂര്‍ത്ത ചിത്രകലാപദ്ധതികളുമായി കൂട്ടുപിടിച്ചുകൊണ്ടായിരുന്നു. തദ്ദേശീയ അമൂര്‍ത്തതയ്ക്ക് വേണ്ടിയുള്ള അന്വേഷണം കെ.സി.എസ്സിലും കെ.സി.എസ്സിന്റെ വിദ്യാര്‍ത്ഥികളിലും വ്യാപകമായി കാണാം. (ബംഗാള്‍ സ്‌കൂളിനെ മുന്‍നിര്‍ത്തി പാശ്ചാത്യ ആധുനികതയ്ക്ക് ബദലായ കലാരീതിയെ സാന്ദര്‍ഭിക ആധുനികത (Contextual Modernism) എന്ന് ആര്‍. ശിവകുമാര്‍ നിരീക്ഷിക്കുന്നു).

രവി വര്‍മ്മയുടെ പിന്തുടര്‍ച്ചക്കാരില്‍ നിന്നും മദ്രാസ് സ്‌കൂള്‍ കലാഭാവുകത്വത്തില്‍ നിന്നും മാറി സഞ്ചരിച്ച ഒരാളായിരുന്നു പത്മിനി. കേരളീയ പരിസ്ഥിതിയും ജീവിതവും പത്മിനിയുടെ പെയിന്റിംഗുകളില്‍ സാന്ദ്രമായ അടയാളങ്ങളായി കിടക്കുന്നു. ഭൂമിശാസ്ത്രപരവും സൗന്ദര്യശാസ്ത്രപരവുമായ പാരിസ്ഥിതികബന്ധം ചിത്രങ്ങള്‍ സംവഹിച്ചിരിക്കുന്നു. അമൂര്‍ത്ത ദൃശ്യഭാഷയ്ക്ക് കൈവന്ന ആധുനിക മേല്ക്കൈ വേണ്ടെന്ന് വയ്ക്കുകയും ആകൃതിവാദത്തിന്റെ (ഫിഗറേറ്റീവ്) പതിവുരീതികളില്‍നിന്നുകൊണ്ടുതന്നെ സ്വയം ആധുനികീകരിക്കാന്‍ നടത്തിയ ശ്രമങ്ങളായിരുന്നു പത്മിനിയുടേത്. ആധുനികതയില്‍ തന്നെ പ്രത്യക്ഷപ്പെട്ട പ്രാചീനതാസങ്കല്പങ്ങളെയും പത്മിനി പിന്‍പറ്റിയിരുന്നുവെന്ന് മാറിനിന്നുനോക്കിയാല്‍ കാണാം. 

Padmini
പത്മിനിയുടെ ഡ്രോയിങ്ങ്  (സ്​കെച്ച്​ പുസ്​തകം )

പലപ്പോഴും ആധുനികം എന്ന ‘പുതുമ'യ്ക്ക് എതിര്‍നില്‍ക്കുന്ന ‘പഴമ',  പ്രാചീനം എന്ന വാക്കില്‍ ആമഗ്‌നമായിട്ടുണ്ട്. സംഘര്‍ഷാത്മകവും വൈരുദ്ധ്യാത്മകവുമായ ആശയസംഘാതമായി ‘പ്രിമിറ്റിവിസം' കലയില്‍ പ്രത്യക്ഷപ്പെട്ടത് ഇരുപതാം നൂറ്റാണ്ടിലെ യൂറോ-അമേരിക്കന്‍ കലയിലാണ്. പോള്‍ ഗോഗിന്‍, പിക്കാസോ, മതീസ് തുടങ്ങി നിരവധി കലാകൃത്തുക്കള്‍ പെയിന്റിങ്ങിലും ശില്പത്തിലും ഗോത്രമാതൃകകള്‍ വിനിയോഗിച്ചുകൊണ്ട് കല ചെയ്തു. 1878-ല്‍ പാരീസില്‍ ആദ്യത്തെ എത്‌നോളജിക്കല്‍ മ്യൂസിയം സ്ഥാപിക്കപ്പെടുകയും അതുവഴി ലോകത്തിന്റെ പല ഭാഗത്തുനിന്നുമുള്ള പാരമ്പര്യകലാവസ്തുക്കള്‍ക്ക് കൂടുതല്‍ ദൃശ്യത ലഭിക്കുകയും ചെയ്തു.

പൂര്‍വ്വകാലത്തേക്കുള്ള നോട്ടം കലാകൃത്തുക്കളില്‍ ശക്തിപ്പെടുന്നതിന് ഇത്തരം നീക്കങ്ങള്‍ കാരണമായിട്ടുണ്ടെന്ന് കലാചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ആധുനികകല വ്യത്യസ്തരീതികളിലാണ് പ്രാചീനതയെ ദത്തെടുത്തത്. തദ്ദേശീയമിത്തുകളെയും കല്പിതമിത്തുകളെയും ഒരുമിപ്പിച്ചുകൊണ്ട് നിറങ്ങളുടെയും വരയുടെയും വീണ്ടെടുക്കലിലൂടെ ഗോഗിന്‍ സൃഷ്ടിച്ച പ്രാചീനതാസങ്കല്പമല്ല പിക്കാസോയില്‍ കാണാന്‍ കഴിയുക. പിക്കാസോ ആഫ്രിക്കന്‍ ഗോത്രകലയുടെ രൂപപരതയെയാണ് പിന്‍പറ്റിയത്. ബാഹ്യരൂപങ്ങളെ തന്റെ കലാഭാഷയില്‍ വിളക്കിച്ചേര്‍ത്തുകൊണ്ടാണ് പിക്കാസോ ആധുനികമിത്തുകള്‍ക്ക് രൂപംകൊടുത്തത്.

ആധുനികകല പ്രാചീനതാസങ്കല്പങ്ങളെ കലയില്‍ ഏറ്റെടുക്കുന്നതിനെക്കുറിച്ച് നടത്തിയ പഠനത്തില്‍ അമേരിക്കന്‍ കലാചരിത്രകാരന്‍ റോബര്‍ട്ട് ഗോള്‍വാറ്റെര്‍ പ്രാചീനതാ ദത്തെടുപ്പിനെ കാല്പനികമെന്നും, വൈകാരികമെന്നും, ബൗദ്ധികമെന്നും, അബോധമെന്നും നാലുതരത്തില്‍ വിശകലനം ചെയ്യുന്നുണ്ട്. ഗോഗിന്റേതും മതീസിന്റേതും കാല്പനികബദ്ധമായ പ്രാചീനതയാണെന്നും, ജര്‍മ്മന്‍ എക്‌സ്പ്രഷണിസ്റ്റുകളുടെ, പ്രത്യേകിച്ചും ക്രിച്‌നറുടെ കലയെ വൈകാരികബദ്ധമായതെന്നും, പിക്കാസോയുടേത് ബൗദ്ധികബദ്ധമായ പ്രാചീനതയെന്നും ഗോള്‍വാല്‌റ്റെര്‍ നിരീക്ഷിക്കുന്നു. ഒപ്പം ദാദായിസ്റ്റുകളിലും സര്‍റിയലിസ്റ്റുകളിലും ഉള്ള പ്രാചീനതയുടെ അബോധപ്രേരണകളും അദ്ദേഹം തിരിച്ചറിയുന്നുണ്ട്. (Robert Goldwater, Primitivism in Modern Art, 1938)

padmini
‘കാവും കമിതാക്കളും ’- പത്മിനിയുടെ ഡ്രോയിങ്ങ്​

ഇന്ത്യന്‍ ആധുനികകലയില്‍ പ്രാചീനതാപ്രവണതകള്‍ സ്വാംശീകരിച്ചവര്‍ ചുരുക്കമെങ്കിലും വളരെ പ്രധാനപ്പെട്ട സംഭാവനകള്‍ നല്‍കിയ ജാമിനി റോയ്, രാംകിങ്കര്‍ ബെയ്ജ്, കെ.ജി. സുബ്രഹ്‌മണ്യന്‍, ജോഗന്‍ ചൗധരി, കെ.എസ്. കുല്‍ക്കര്‍ണി, ഹിമ്മത് ഷാ തുടങ്ങിയവരുടെ കലാകൃതികളില്‍ പ്രിമിറ്റിവിസത്തിന്റെ വ്യത്യസ്തമായ പിന്തുടര്‍ച്ചകള്‍ കാണാം. മദ്രാസ് സ്‌കൂള്‍ ആര്‍ട്ടിസ്റ്റുകളിലും പ്രാചീനതാവാദ പ്രവണതകള്‍ ഉണ്ടായിരുന്നു. കെ.സി.എസ്സിന്റെ  ‘വാക്കുകളും ബിംബങ്ങളും' പോലെയുള്ള ചിത്രപരമ്പരകളും പില്‍ക്കാല കലാകൃത്തുക്കളുടെ താന്ത്രിക് ചിഹ്നങ്ങളും അടങ്ങുന്ന ദൃശ്യഭാഷയായിരുന്നു അതിന്റെ മുഖമുദ്ര. എന്നാല്‍ പത്മിനി മറ്റൊരു വഴിയിലൂടെ സഞ്ചരിച്ചാണ് പ്രാചീനതാസങ്കല്പങ്ങളുമായി സംവദിക്കുന്നത്. അത് നിലവിലുള്ള ഏതെങ്കിലും ചിത്രമാതൃകകള്‍ ഉപയുക്തമാക്കിക്കൊണ്ടല്ല, വിശേഷിച്ചും മദ്രാസ് സ്‌കൂളിന്റെ പ്രാചീനതാസങ്കല്പങ്ങള്‍ അല്ല പദ്മിയുടെ കലയില്‍ കാണാന്‍ കഴിയുക. 

പെണ്മയുടെ കാവേറ്റം

പത്മിനിയുടെ ചിത്രങ്ങളില്‍ ആവര്‍ത്തിച്ചുവരുന്ന ബിംബമാണ് കാവുകള്‍. കാര്‍ഷിക സംസ്‌കാരത്തില്‍ കാവുകള്‍ക്ക് സവിശേഷ സ്ഥാനമുണ്ട്. ഗോത്രസമൂഹമായി ജീവിച്ച മനുഷ്യരുടെ ഭയത്തെയും ആശ്രിതത്വത്തെയും കാവുകള്‍ പ്രതിനിധീകരിക്കുന്നു. അമ്മദൈവസങ്കല്പങ്ങളുമായും ഭൂമിയുടെ ഉര്‍വരതാസങ്കല്പങ്ങളുമായും കാവുകള്‍ക്ക് ബന്ധമുണ്ട്. അത് ആധുനികതയ്ക്ക് അപരമായ തദ്ദേശേീയതയുടെ ചിഹ്നം കൂടിയാണ്. കാവും കുളവും കല്‍വിളക്കും പാമ്പും പക്ഷികളും മലയും കാടും കൈത്തോടും ഇടവഴികളുമുള്ള പൊന്നാനിയുടെ ഭൂമിശാസ്ത്രമണ്ഡലമായിരുന്നു പത്മിനിയുടെ ചിത്രങ്ങളിലെ പരിസ്ഥിതി. പത്മിനിക്ക് ആത്മബന്ധമുണ്ടയിരുന്ന ഇടശ്ശേരിയുടെ കവിതകളിലും നിറസാന്നിധ്യമായി കടന്നുവരുന്ന ഒന്നാണ് കാവുകളും നാട്ടുസംസ്‌കൃതിയുടെ ചിഹ്നങ്ങളും. ഇടശ്ശേരിയുടെ കാവിലെപ്പാട്ടിന്റെയും പൂതപ്പാട്ടിന്റെയും ഭാവുകത്വപരിസരങ്ങള്‍ പത്മിനിയുടെ ചിത്രങ്ങളില്‍ അങ്ങിങ്ങായി കിടപ്പുണ്ട്.

padmini
‘കാവും സ്ത്രീകളും’- പത്മിനിയുടെ ​ഡ്രോയിങ്ങ്​

തലക്കെട്ടില്ലാത്ത ഒരു പെയിന്റിങ്ങില്‍ കാവിന്റെ പശ്ചാത്തലത്തില്‍ നില്‍ക്കുന്ന രണ്ടുമനുഷ്യരൂപങ്ങളുടെ ചിത്രം നോക്കാം. ഇരുണ്ടുകൂടിയ അന്തരീക്ഷത്തില്‍ ഇരുട്ടിന്റെ ലാഞ്ഛനപോലെ നീലനിറം ചിത്രത്തില്‍ പരന്നിരിക്കുന്നു. നിയതമായ രൂപങ്ങളല്ല ഇതിലെ ഒരു വസ്തുവിനുമുള്ളത്. മനുഷ്യാകരങ്ങളും മരങ്ങളും പശ്ചാത്തലവുമെല്ലാം അതിര്‍വരകളിട്ട് കടുംനിറങ്ങളില്‍ രേഖപ്പെടുത്തിയ സൂചനകള്‍ മാത്രമാണ്. കൈകള്‍ വിടര്‍ത്തിനില്‍ക്കുന്ന പുരുഷരൂപവും ഒപ്പം നില്‍ക്കുന്ന സ്ത്രീരൂപവും ചായത്തേപ്പിന്റെ ദ്വിമാനശൈലിയിലാണ് വരയ്ക്കപ്പെട്ടിരിക്കുന്നത്. അവരുടെ സമീപത്തുകൂടി ഇഴയുന്ന രണ്ടു പാമ്പുകളെയും പത്മിനി വരച്ചു ചേര്‍ത്തിരിക്കുന്നു. ഈ രൂപങ്ങളും പശ്ചാത്തലവും നാടകീയമായ ഒരു അന്തരീക്ഷസൃഷ്ടി നടത്തുന്നു. സ്ത്രീയെയും പുരുഷനെയും അവരുടെ ലിംഗചേഷ്ടകളില്‍നിന്ന് വിടുവിച്ച് സമഭാവത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. ലിംഗനിരപേക്ഷമായ സമഭാവന പത്മിനിയുടെ മിക്ക ചിത്രങ്ങളിലും തുടരുന്ന ഒരു ആശയം കൂടിയാണ്.

padmini
സ്​കെച്ച്​ പുസ്​തകത്തിൽനിന്ന്​

മറ്റൊരു ഡ്രോയിങ്ങില്‍, ഒരുപക്ഷേ ഈ ചിത്രത്തിലേക്കുള്ള പ്രാരംഭഡ്രോയിങ്ങില്‍ ഈ വിഷയത്തെ കുറേക്കൂടി സുവിദിതമായി വ്യാഖ്യാനിച്ചിരിക്കുന്നു. ഈ ഡ്രോയിങ്ങിലെ മനുഷ്യരൂപം അതിന്റെ ലിംഗതന്മയെ പ്രകടമായി തന്നെ വിളംബരം ചെയ്യുന്നുണ്ട്. ഡ്രോയിങ്ങില്‍ പശ്ചാത്തലചിത്രീകരണം ഇല്ല. പ്രധാന വിഷയത്തെ മാത്രം ഊന്നുന്നുനതിനാല്‍ തന്നെ ഇതില്‍ വിഷയപരത പ്രമുഖസ്ഥാനത്ത് നില്‍ക്കുന്നു. ഇതില്‍ ആണും പെണ്ണും പാമ്പും എന്ന രൂപകം വിഷയപ്രധാനമായിത്തന്നെ കടന്നുവരുന്നു. എന്നാല്‍ പെയിന്റിങ്ങിലേക്കെത്തുമ്പോള്‍ ഈ വിഷയാത്മകത മായുകയും കാവിനകത്തെ മനുഷ്യപ്പെരുമാറ്റം മാത്രമായി മാറുകയും ചെയ്യുന്നു. പശ്ചാത്തല പ്രകൃതിയാണ് ഇത്തരമൊരു മാറ്റത്തിലേക്ക് നയിക്കുന്നത്.

ALSO READ

ഒട്ടും ജീവിതഗന്ധിയായില്ല നമ്മുടെ കലാ വിദ്യാഭ്യാസം

കാവ് ഇവിടെ മുഖ്യവിഷയത്തിനുമേല്‍ ആവരണമായി പൊതിയുന്നു. അങ്ങനെ അതിന്റെ പ്രകടനപരതയെ കൈയ്യൊഴിയുകയും പാരിസ്ഥിതികമായ സാകല്യത്തില്‍ നിന്നുള്ള ഒരു കാഴ്ചയായി പരിവര്‍ത്തിക്കപ്പെടുകയും ചെയ്യുന്നു. ഡ്രോയിങ്ങിലെ മനുഷ്യരൂപങ്ങള്‍ തങ്ങളുടെ ലിംഗസ്വത്വത്തില്‍ അധിഷ്ഠിതമായ പെരുമാറ്റങ്ങളോടെ പ്രത്യക്ഷപ്പെടുമ്പോള്‍ പെയിന്റിങ്ങില്‍ അത് സമഗ്രമായ അവതരണനിഷ്ഠതയോടെ വെളിപ്പെടുന്നു. 

padmini
‘ശിശു’

രവി വര്‍മ്മയിലും രവി വര്‍മാനന്തരകലയിലും ആഘോഷിക്കപ്പെട്ട ഉടലുകള്‍ പലപ്പോഴും ജാതീയമായി ഉയര്‍ന്ന ശ്രേണിയിലുള്ള ഉടലുകളായിരുന്നു എന്നുകാണാം. പോര്‍ട്രെയിറ്റുകള്‍ പലപ്പോഴും പ്രഭുക്കന്മാരോ വൈസ്രോയിമാരോ ആയിരിക്കുമ്പോള്‍, സബ്ജക്റ്റീവ് പെയിന്റിംഗുകളില്‍ നായര്‍ സ്ത്രീകളോ തമ്പുരാട്ടിമാരോ കൂടുതലായി കടന്നുവന്നു. സമൂഹത്തിന്റെ അപരര്‍ എന്നമട്ടില്‍ ചിലപ്പോള്‍ ജാതിശ്രേണിയില്‍ താഴെയുള്ള വിഭാഗങ്ങളെ ചിത്രീകരണവിഷയമായി കണ്ടിരുന്നിരിക്കാം, അത്തരം ചില ഉദാഹരണങ്ങള്‍ ഉണ്ട്. എന്നാല്‍ മുഖ്യവിഷയത്തിനകത്ത് അപരര്‍ക്ക് പ്രാതിനിധ്യമുണ്ടായിരുന്നോ എന്നത് ചിന്തനീയമാണ്. രവി വര്‍മ്മയുടെ ദൃശ്യഭാഷാ പിന്തുടര്‍ച്ചക്കാരിലും കാല്പനികഭാവങ്ങളോടുകൂടിയ സ്ത്രീചിത്രീകരണങ്ങളിലൊന്നും തന്നെ ജാതിശ്രേണിയില്‍ താഴെയുള്ള ഉടലുകളുടെ അസാന്നിധ്യം പ്രകടമാണ്. എന്നാല്‍ പത്മിനിയുടെ ചിത്രങ്ങളില്‍ ഈ ജാതി അയിത്തം ഉണ്ടായിരുന്നില്ല എന്ന് കാണാം. പല ചിത്രങ്ങളിലും ലിംഗതന്മകള്‍ അധികാര ചിഹ്നങ്ങളില്ലാതെ പ്രത്യക്ഷപ്പെടുന്നതുപോലെ, ജാതി ചിഹ്നങ്ങളും അധികാരരൂപമായി കാണാന്‍ കഴിയില്ല. പല ചിത്രങ്ങളിലും മുസ്​ലിം പ്രതിനിധാനവും സ്വാഭാവികമായി കടന്നുവരുന്നു.  സവിശേഷ അപരം എന്ന നിലയില്ല പത്മിനിയുടെ ചിത്രങ്ങളിലെ മുസ്​ലിം എന്നതും ശ്രദ്ധിക്കേണ്ടതാണ്. സ്വാഭാവിക പ്രതിനിധാനമാണത്. 

padmini
പത്മിനി ഒരു സെൽഫ്​ പോർട്രെയ്​റ്റ്​

കാവുകളുടെ ചിത്രങ്ങളില്‍ ആവര്‍ത്തിച്ചുവരുന്ന സ്ത്രീകളുടെയും വീട്ടിടങ്ങളില്‍ ചിത്രീകരിക്കപ്പെട്ട സ്ത്രീ- പുരുഷ സമന്വയത്തിന്റെയും ചിത്രങ്ങള്‍ ഒരു ഗോത്രഭാവനയായി നില്‍ക്കുന്നു. പക്വമായ ഉടലുകളുടെ സ്വാതന്ത്ര്യം അവയില്‍ ദൃശ്യമാണ്. അത്തരം സീരീസുകളില്‍നിന്ന് വ്യത്യസ്തമായ ഒരു കാഴ്ച കമിഴ്ന്നുകിടക്കുന്ന ഒരു കുട്ടിയുടെ ചിത്രത്തില്‍ കാണാം. ശൈലീപരമായി തന്റെ മറ്റുചിത്രങ്ങളുടെ രീതി പിന്തുടരുമ്പോഴും കുട്ടിയുടെ ചിത്രം ആശയപരമായും സൗന്ദര്യശാസ്ത്രപരമായും മറ്റൊരു വഴി ആരായുന്നു. ബാല്യത്തിന്റെ നിഷ്‌കളങ്കതയ്ക്കപ്പുറം സ്വയം തിരിച്ചറിഞ്ഞ ഒരു കുട്ടിയുടെ പക്വത ആ ചിത്രത്തില്‍ വെളിവാകുന്നു. (കുട്ടി സ്വന്തം സ്വത്വം തിരിച്ചറിയുന്ന ഘട്ടത്തെ ലകാന്‍ ‘മിറര്‍ സ്റ്റേജ്' എന്ന് വിളിക്കുന്നു.) പത്മിനിയുടെ അവസാനചിത്രമായ  പട്ടം പറത്തുന്ന പെണ്‍കുട്ടിയാണ് കുട്ടി പ്രമേയമാവുന്ന മറ്റൊരു ചിത്രം.  പ്രസവത്തോടെ മരണപ്പെട്ട പത്മിനിയുടെ ഈ രണ്ടുചിത്രങ്ങളും പ്രവചനസ്വഭാവമുള്ള ദുരന്തപ്രതീകമായി മാറുന്നു. 

‘ആര്‍ട്ടിസ്റ്റ്' പത്മിനി

കലാപഠനകാലത്തിനും മുന്‍പത്തെ ചിത്രപുസ്തകത്തിലൊരിടത്ത് അക്ഷരം വരച്ചുപഠിക്കുന്നതിനിടയില്‍ അലസമായി കോറിയിട്ട ‘ആര്‍ട്ടിസ്റ്റ് പത്മിനി' എന്ന എഴുത്ത് ഇന്ന് കാണുമ്പോള്‍ ആധുനിക കലയുടെ വ്യവഹാരത്തിലേക്ക് ഒരു ചിത്രകാരി കണ്ട സ്വ്പനത്തിന്റെ ചീളുപോലെ വന്നുതറയ്ക്കുന്നു. അക്കാലത്തെ മിക്ക ചിത്രകാരന്മാരും പേരിനൊപ്പം ആര്‍ട്ടിസ്റ്റ് എന്ന പൂര്‍വ്വനാമം വെച്ചിരുന്നു. അതൊരു സാമൂഹികാംഗീകാരം കൂടിയായിരുന്നു. രവിവര്‍മ്മ മുന്നോട്ടുവെച്ച ആധുനിക കലാകാര വ്യക്തിത്വത്തിന്റെ തുടര്‍ച്ചയാണത്. താന്‍ തന്നെ തന്റെ ഭാവനയുടെ ഉടമസ്ഥനായിരിക്കുന്ന ആധുനിക ‘വ്യക്തി’ ഈ പൂര്‍വ്വനാമത്തില്‍ ഉള്ളടങ്ങിയിരിക്കുന്നു. പത്മിനി അത്തരമൊരു വ്യക്തിത്വത്തെ ആഗ്രഹിച്ചിരുന്നു. അതിനാല്‍ അവര്‍ തന്റെ സ്വകാര്യമായ ആനന്ദമായി അത് രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ചിത്രകാരികള്‍ സ്വന്തം ഛായാപടങ്ങള്‍ വരയ്ക്കുന്നത് കലാചരിത്രത്തിന്റെ പല ഘട്ടങ്ങളിലും സുപരിചിതമാണ്. (ഫ്രിഡ കാഹ്ലോയെയും അമൃത ഷെര്‍ഗിലിനെയും ഓര്‍ക്കാം). പത്മിനി സ്വന്തം ഛായാപടങ്ങള്‍ ചെയ്തില്ല. എന്നാല്‍ അത്തരം ശ്രമങ്ങള്‍ അവര്‍ സ്വകാര്യമായി നടത്തിയിരുന്നു എന്ന് പുറംലോകം കാണാത്ത അവരുടെ സ്‌കെച്ച് പുസ്തകത്തില്‍ കാണാം. അവയൊന്നും പൂര്‍ണമായ പെയിന്റിങ്ങായോ ഡ്രോയിങ്ങായോ പുനര്‍സൃഷ്ടിക്കപ്പെട്ടില്ല. അങ്ങനെ സ്വയം പ്രകാശിപ്പിക്കപ്പെടാനുള്ള സമയം തന്റെ ശുഷ്‌കമായ കലാജീവിതത്തിനുള്ളില്‍ ലഭിച്ചില്ല എന്നും കരുതാം. 

painting-by-padmini.jpg
പത്മിനിയുടെ ഒരു പെയ്​ൻറിങ്​

ചുരുക്കത്തില്‍, തന്മയെക്കുറിച്ചുള്ള അന്വേഷണമാണ് പത്മിനിയെ നയിച്ചത് എന്നുകാണാം. രവിവര്‍മ്മാനന്തര കലയിലെ ആര്‍ട്ടിസ്റ്റിന് ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ ജാഗ്രത ഈ കാര്യത്തില്‍ പത്മിനി പ്രദര്‍ശിപ്പിച്ചു എന്നുവേണം അനുമാനിക്കാന്‍. കാരണം, രവി വര്‍മ്മ അവശേഷിപ്പിച്ച കലാകാര പ്രതിഭയുടെ വെളിച്ചം മതിയായിരുന്നു ആണ്‍ കലാകാരന് ആധുനികകലയില്‍ ഇടം പിടിക്കാന്‍. രവി വര്‍മ്മ അവശേഷിപ്പിച്ചു പോയ കലാഭാഷയും അതിനെ ഊട്ടി. എന്നാല്‍ ഒരു കലാകാരി എന്ന നിലയില്‍ അതേ ഭാവുകത്വത്തിന്റെ പിന്തുടര്‍ച്ചയെ ലംഘിച്ചുകൊണ്ടല്ലാതെ കലയില്‍ നില്‍ക്കാന്‍ കഴിയില്ലെന്ന് പത്മിനി തിരിച്ചറിഞ്ഞു. 

ALSO READ

സെന്റ് മാര്‍ക്ക് സ്‌ക്വയറിലെ ഒഴിഞ്ഞ ഇരിപ്പിടങ്ങള്‍

ജാതിതന്മയില്‍ നിന്ന് ലിംഗതന്മയിലേക്കുള്ള മാറ്റം ആധുനികതയുടെ ബോധ്യമാണ്. മദ്രാസ് സ്‌കൂള്‍ കലാകാരന്മാരില്‍ അത് ദൃശ്യമായിരുന്നില്ല. സ്ത്രീവാദം എന്നത് സ്ത്രീകള്‍ മാത്രം ഏറ്റെടുക്കേണ്ട ഒന്നാണെന്ന നിലയിലേക്ക് അവര്‍ക്കിടയില്‍ അത്തരം ചര്‍ച്ചകള്‍ നിലനിന്നിരുന്നില്ല എന്നും കാണാം. പത്മിനിയുടെ സന്ദര്‍ഭം ഇങ്ങനെ ലിംഗതന്മയെക്കൂടി ഉള്‍ക്കൊണ്ടുകൊണ്ട് കലയെ ആധുനീകരിക്കേണ്ടതിന്റെ ബാധ്യതയായി മാറി. അതിന് അവര്‍ക്ക് കിട്ടിയതാകട്ടെ വളരെ കുറഞ്ഞ സമയവും. എങ്കിലും പുനര്‍വായിക്കപ്പെടുന്ന പത്മിനി ആധുനികകലാ പൗരത്വത്തെക്കുറിച്ചുള്ള നിരവധി ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കും എന്നത് തീര്‍ച്ചയാണ്.

(പത്മിനിയുടെ കൂടുതല്‍ ചിത്രങ്ങള്‍ കാണാം: https://www.edasseri.org/tk_padmini/paintings_1.htm)

സുധീഷ് കോട്ടേമ്പ്രം  

ആർട്ടിസ്റ്റ്

  • Tags
  • #Sudheesh Kottembram
  • #Padmini
  • #Art
  • #Painting
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.

Sreedev, suma

14 May 2021, 05:07 PM

🙌🙌👍❤

KS Radhakrishnan

Art

കവിത ബാലകൃഷ്ണന്‍

കെ. എസ്. രാധാകൃഷ്ണന്‍: ഒരു ശിൽപിയുടെ ആത്മകഥ

Jan 23, 2023

10 Minutes Read

Manji Charutha

OPENER 2023

മഞ്ചി ചാരുത

ആണാണോ പെണ്ണാണോ ? 2022 ല്‍ ഏറ്റവും കൂടുതൽ കേട്ട ചോദ്യം

Jan 04, 2023

3 Minutes Read

Kanni M

OPENER 2023

കന്നി എം.

റോളര്‍കോസ്റ്റര്‍ റൈഡ്

Jan 02, 2023

6 Minutes Read

sudheesh

OPENER 2023

സുധീഷ് കോട്ടേമ്പ്രം

ജെ.എൻ.യു ദിനങ്ങളേ, ഒരു ‘silent farewell’

Jan 01, 2023

5 Minutes Read

anu pappachan

OPENER 2023

അനു പാപ്പച്ചൻ

2022; നരബലി മുതല്‍ തല്ലുമാല വരെ, മന്‍സിയ മുതല്‍ മെസ്സിവരെ

Dec 31, 2022

5 Minutes Read

kr-narayanan-film-institute

Statement

Think

കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നേതൃത്വത്തിനെതിരെ അടിയന്തര നടപടി വേണം:  ‘ഫിപ്രസി'

Dec 30, 2022

3 Minutes Read

Nireeksha-Women's-Theatre

Theatre

എസ്.കെ. മിനി

അത്ര സുഖകരമല്ല, അരങ്ങിലേക്കുള്ള പെൺസഞ്ചാരങ്ങളിപ്പോഴും

Dec 24, 2022

6 Minutes Read

Vijayakumar Menon

Memoir

സുധീഷ് കോട്ടേമ്പ്രം

വിജയകുമാർ മേനോൻ: കലാചരിത്രമെഴുത്തിലെ ഒരു ക്ലാസ്​റൂം

Nov 02, 2022

8 Minutes Read

Next Article

‘ടൗട്ടേ' ആഞ്ഞുവീശിയേക്കാം; കേരള തീരത്തും കടലാക്രമണ സാധ്യത

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster