ഉടുതുണിയഴിക്കുന്ന കല;
ഉരകല്ലാവുന്ന 'സദാചാരം'
ഉടുതുണിയഴിക്കുന്ന കല; ഉരകല്ലാവുന്ന 'സദാചാരം'
''കലയിലെ നഗ്‌നതയും ലൈംഗികതയും അതിന്റെ സൗന്ദര്യമണ്ഡലത്തില്‍ സുരക്ഷിതമായിരിക്കുമ്പോള്‍ പൊതുമണ്ഡലത്തില്‍ ആക്രമിക്കപ്പെടുന്ന ഉരുപ്പടിയായി മാറുന്നു. ഇവിടെ ഒരു കാര്യം സ്പഷ്ടമാണ്. കലാകൃതിയോ കലാസ്വാദനമോ അല്ല ഒരു കൃതിയുടെ നൈതികതയെ നിര്‍ണയിക്കുന്നത്. മറിച്ച് കലാബാഹ്യമായ ഒരു "പൊതുമണ്ഡലം' എപ്പോഴും കലയ്ക്കകത്ത് അന്നന്നത്തെ രാഷ്ട്രീയയുക്തി പ്രയോഗിച്ചുകൊണ്ടിരിക്കും എന്നതാണത്. "ഭഗവത് ഗീതയും കുറേ മുലകളും' എന്ന് വൈക്കം മുഹമ്മദ് ബഷീറിന് ഇന്നെഴുതാന്‍ കൈ അറയ്ക്കുമെന്നും, എഴുതിയാല്‍ ആ കൈ വെട്ടുമെന്നും പേടിക്കാനുള്ള മതിയായ കാരണങ്ങള്‍ ഇന്നുണ്ട്. കലാബാഹ്യമായ പൊതുമണ്ഡലം വളര്‍ന്നു വ്യാപിച്ചതിന്റെ തെളിവ് ആ പേടിയിലുണ്ട്.''
26 Jun 2020, 03:40 PM
നഗ്നത ഒരു സാമൂഹികവിഷയമാവുന്ന സന്ദര്‍ഭങ്ങളിലെല്ലാം നമ്മള്‍ തിരഞ്ഞുപോകുന്ന ഒരു സ്ഥലമുണ്ട് ഇന്ത്യന്‍ ആര്‍ട്ടില്‍. അത് ഖജുരാഹോ ശില്പങ്ങളിലാണ്. സദാചാര/ദുരാചാര വിഷയങ്ങള്‍ പൊങ്ങിവരുന്ന സാഹചര്യങ്ങളില്‍ പ്രത്യേകിച്ചും. മനുഷ്യ-മനുഷ്യേതര രതി പ്രമേയമാവുന്ന മഹാകേളികളുടെ ഗൂഗിള്‍പ്പടങ്ങള്‍ പോസ്റ്റ് ചെയ്തുകൊണ്ട് നമ്മള്‍ രതിയുടെ രാഷ്ട്രീയത്തെ സാധൂകരിക്കാന്‍ ശ്രമിക്കുന്നു. അതിലെ ശരീരത്തിന്റെ ഇരട്ടിപ്പുകളെ, അതിലെ നിഗൂഢമായ പ്രണയകേളികളുടെ ക്ലോസപ് ഷോട്ടുകള്‍ കാലബോധമോ സവിശേഷ സൗന്ദര്യശിക്ഷണമോ കൂടാതെ പങ്കുവെക്കാന്‍ നമുക്ക് കഴിയുന്നു. ഇന്നത്തെ ഏത് നൈമിഷിക ശരീരകേളിയെയും സാധൂകരിക്കാന്‍ ആയിരം വര്‍ഷങ്ങള്‍ പഴക്കമുള്ള കലാശില്പം വേണ്ടിയിരിക്കുന്നു എന്നുവരുന്നു. ചിലപ്പോള്‍ അന്‍പതുവര്‍ഷം മുന്‍പ് കേരളത്തില്‍ സ്ഥാപിക്കപ്പെട്ട പൊതുയിടശില്പം കാനായിയുടെ മലമ്പുഴ "യക്ഷി'യെ വെച്ച് നമ്മള്‍ കലയിലെ നഗ്‌നതയുടെ ശരികളെ ഉയര്‍ത്തിക്കാണിക്കുന്നു. നഗ്‌നതയുടെ ആവിഷ്‌കാരമാതൃകകളെ പൊതുസമൂഹത്തിന്റെ സര്‍ട്ടിഫിക്കറ്റിനായി സമര്‍പ്പിച്ചുകൊണ്ടിരിക്കുന്നു. എന്തെങ്കിലും ഫലമുണ്ടായോ എന്നതിലല്ല, "നഗ്‌നത ഈക്വല്‍ റ്റു സത്യം' എന്ന ഫോര്‍മുല അവതരിപ്പിക്കാനായി നഗ്‌നരായി ജനിച്ച എല്ലാവരുമായും നഗ്‌നരായി ജനിച്ചവരില്‍ തന്നെയുള്ള ചിലര്‍ മാത്രം ശണ്ഠ കൂടുന്നു.
എന്താണ് കലയിലെ നഗ്‌നത എന്ന വിപുലമായ ചര്‍ച്ചയേക്കാള്‍ നഗ്‌നതയും നൈതികതയും എന്ന അടിയന്തിരവിഷയത്തിലാണ് നമ്മുടെ ഊന്നല്‍. ഖജുരാഹോ രതിശില്പങ്ങള്‍ ഒരു ആരാധനാലായത്തില്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു എന്നതും കൂടിയാണ് കാഴ്ചയെ കൂടുതല്‍ സംഘര്‍ഷത്തിലാക്കുന്നത്. ഇന്നത്തെ ഒരു നഗ്‌നതാവിഷയത്തെ ശരികേടായി മനസ്സിലാക്കുന്ന ഒരാള്‍ പോലും ഖജുരാഹോ ശില്പങ്ങളിലെ നഗ്‌നതയോ ലൈംഗികതയോ അന്നത്തെ ശരിയായി വകയിരുത്തിയേക്കാം. അതില്‍ നാളിതുവരെയുള്ള കലാചരിത്രത്തിന്റെ താങ്ങും തണലുമുണ്ട് എന്നതാണ് കാര്യം. ഹിന്ദുയിസത്തിലെ പാഠപരവും താത്വികവുമായ വിഷയമേഖലകളെ മുന്‍നിര്‍ത്തിയുള്ള പ്രതീകാത്മക ചിത്രണങ്ങളാണ് ഖജുരാഹോയില്‍ ഉള്ളതെങ്കില്‍ ആധുനിക ശില്പങ്ങളിലെ നഗ്‌നത, പ്രതീകങ്ങളില്‍നിന്നും ഒട്ടൊക്കെ വിടുതിനേടിയ മാനുഷിക വ്യവഹാരങ്ങളിലാണ് ഊന്നുന്നത്. അതിനാല്‍ കാനായിയുടെ യക്ഷി സോഫ്റ്റ് പോണ്‍ മാസികകളുടെ കവര്‍ചിത്രമാവാന്‍ എളുപ്പമായിരുന്നു, ഖജുരാഹോയ്ക്ക് അത്തരം സാധ്യതകള്‍ കുറവായിരുന്നു. ശരീരസൗന്ദര്യത്തെക്കുറിച്ചും നഗ്‌നതയെക്കുറിച്ചുമുള്ള ആധുനിക സങ്കല്പങ്ങളോട് ഇണങ്ങുന്ന ഒന്ന് "യക്ഷി'യില്‍ ഉണ്ടായിരിക്കണം.
എന്തുതന്നെയായാലും കലയിലെ നഗ്‌നത സാധൂകരിക്കാവുന്നതുപോലെ എളുപ്പമല്ല, "സദാചാരസംരക്ഷണ'ത്തിന്റെയും സാമൂഹിക നീതിന്യായത്തിന്റെയും പരിധികളില്‍ പ്രത്യക്ഷപ്പെടുന്ന നഗ്‌നത. കലയിലെ നഗ്‌നതയ്ക്ക് സൗന്ദര്യശാസ്ത്രത്തിന്റെ താങ്ങുണ്ട്, ഒരുപക്ഷേ ആ താങ്ങ് പലപ്പോഴും പൊതുസമൂഹത്തിന്റെ നീതിവ്യവസ്ഥകള്‍ക്ക് താങ്ങാന്‍ കഴിയാത്തതുമായിരിക്കാം. അതുകൊണ്ടാണ് ബറോഡ എം.എസ്. യൂണിവേഴ്സിറ്റിയിലെ ചന്ദ്രമോഹന്‍ എന്ന കലാവിദ്യാര്‍ത്ഥി തന്റെ പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചെയ്ത ഒരു ചിത്രം- അതിലെ നഗ്‌നത മതവികാരം വ്രണപ്പെടുത്തുന്നുവെന്നപേരില്‍- ബജ്റംഗദള്‍ പ്രവര്‍ത്തകരാല്‍ ആക്രമിക്കപ്പെട്ടത് (2007). ക്യാമ്പസിനുള്ളില്‍ അത് കലാകൃതി ആയിരിക്കുകയും അതിന് മാര്‍ക്ക് ഇടുകയും ചെയ്യുമ്പോള്‍ ക്യാമ്പസിനുപുറത്ത് അത് ചെയ്ത ആളെ മാര്‍ക്ക് ചെയ്യുകയായിരുന്നു വര്‍ഗീയത മുഖമുദ്രയാക്കിയ ഒരു രാഷ്ട്രീയപക്ഷം. സദാചാരം എപ്പോഴും മാതൃകാകുടുംബപക്ഷത്തും മതപക്ഷത്തും നിലയുറപ്പിക്കുന്നു എന്നതാണതിലെ യാഥാര്‍ത്ഥ്യം. അതുകൊണ്ടുതന്നെ ഏത് വിമതശബ്ദങ്ങളെയും ഒതുക്കാനുള്ള മതവിഭവശേഷി സദാചാരകാംക്ഷികള്‍ കൊണ്ടുനടക്കുന്നു. അത് കലയിലായാലും മറ്റ് സാമൂഹികവിഷയങ്ങളിലായാലും പ്രയോഗിച്ചുനോക്കിക്കൊണ്ടിരിക്കും. ഭൂരിപക്ഷശരിയുടെ കൂടെനില്ക്കാം എന്ന സുരക്ഷിതത്വമാവാം ഈ മത/സദാചാര സംരക്ഷണത്തിലൂടെ കൈവരുന്നത്.
കല എപ്പോഴും ഈ കൂട്ടുകെട്ടില്‍ നിന്ന് പുറത്തുകടക്കാന്‍ വെമ്പുന്ന ഒന്നാകയാല്‍ കലാചരിത്രത്തിന്റെ ഏതെണ്ടെല്ലാ സന്ധികളിലും ഈ കലഹം പ്രകടമാണ്.
കലാചരിത്രം ഒരു ആണ്‍നോട്ടത്തിന്റെ ഉല്പന്നമാണെന്ന് ഗ്രസില്‍ഡ പൊള്ളോക്കിനെപ്പോലുള്ളവര്‍ വാദിക്കുന്നത് കലയില്‍ കാഴ്ചപ്പെട്ട പെണ്ണുടലിന്റെ ചരിത്രം മുന്നില്‍ വെച്ചുകൊണ്ടാണ്. സ്ത്രീ ആര്‍ട്ടിസ്റ്റിന്റെ അഭാവത്തില്‍ പുരുഷകലാകൃത്തിന്റെ കാഴ്ചയിലാണ് ലോകകലയില്‍ സ്ത്രീ അടയാളപ്പെട്ടത്. അതിനാല്‍ തന്നെ നഗ്‌നതയുടെ സുദീര്‍ഘചരിത്രത്തിലെമ്പാടും കാണപ്പെട്ട പെണ്ണുടലുകള്‍ പില്ക്കാല ലിംഗനീതി ചര്‍ച്ചകളില്‍ ഇടം പിടിച്ചേക്കാം. എങ്കിലും അവയൊന്നും തന്നെ സദാചാരസംഹിതകളാല്‍ വിചാരണ ചെയ്യപ്പെട്ടിരുന്നില്ല എന്നതും പ്രധാനമാണ്. അറുപതുകള്‍ മുതല്‍ രൂപപ്പെട്ട കലയിലെ ഉത്തരാധുനിക വിച്ഛേദങ്ങളില്‍ പ്രധാനമാണ് പെര്‍ഫോമന്‍സ് ആര്‍ട്ടിന്റേത്.

ശരീരം കലയില്‍ മാരകമായി പ്രയോഗിച്ചതിന്റെ അടയാളങ്ങള്‍ അതില്‍ കാണാം. പെര്‍ഫോമന്‍സ് ആര്‍ട്ടിലെ ആര്‍ട്ടിസ്റ്റ് നഗ്‌നരാവുന്നത് സര്‍വ്വസാധാരണമാണ് എന്ന് ശ്രദ്ധിച്ചാലറിയാം. പ്രത്യേകിച്ചും സ്ത്രീ ആര്‍ട്ടിസ്റ്റുകള്‍. ഇക്കാലം വരെ പ്രതീകവത്കരിച്ചു ചിത്രീകരിക്കപ്പെട്ട സ്ത്രീശരീരം ഉടല്‍യാഥാര്‍ത്ഥ്യങ്ങളോടെ പുതിയകലയില്‍ കയറിവരുന്നു എന്നും പറയാം. അത് കലാചരിത്രത്തോടുള്ള ഒരു പ്രതിപ്രവര്‍ത്തനം കൂടിയാണ്. ആണ്‍നോട്ടങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ട സ്ത്രീബിംബമല്ല, പുതിയ പെര്‍ഫോമന്‍സിലെ നഗ്‌നസ്ത്രീ.
"എന്റെ ആശയം എന്റെ ശരീരമാണ് ഞാനത് കണ്ടെത്തി തുടങ്ങുന്നേയുള്ളൂ' എന്ന് പെര്‍ഫോമന്‍സ് ആര്‍ട്ടിന്റെ "മാതാവ്' എന്ന് അവര്‍ തന്നെ വിശേഷിപ്പിക്കുന്ന മറീന അബ്രമോവിച്ച് പറയുന്നു. കൈത്തോക്കും കത്തികളും ചായങ്ങളും നിരത്തിവെച്ച് അബ്രമോവിച്ച് കാണികള്‍ക്കിടയില്‍ നഗ്‌നയായി നില്ക്കുമ്പോള്‍ ഈ ചരിത്രത്തോടുള്ള വെല്ലുവിളിയുണ്ട്. ഉടലിനെ ഇങ്ങനെ വെളിപ്പെടുത്തിക്കൊണ്ട് അവരുടെ കല ലൈംഗികകേളിയായി മാറിയില്ല. അവരുടെ കല സദാചാരലംഘനമെന്ന നിയമനടപടി നേരിട്ടില്ല. 1962-ല്‍ യയോമി കുസാമ എന്ന ആര്‍ട്ടിസ്റ്റ് ചെയ്ത "ലൈംഗികാഭിനിവേശം, ഭക്ഷണാഭിനിവേശം' എന്ന ഫോട്ടോ പെര്‍ഫോമന്‍സ് ലിംഗപ്രതിഷ്ഠകള്‍ക്കുമേലുള്ള പെണ്‍നടനമായി കാണാം.

വര്‍ഗപരമായും ലിംഗപരമായും കുസാമ മുന്നോട്ടുവെച്ച ഇരട്ട അപരത്വം പാശ്ചാത്യ ആണ്‍-ആധുനികതയോടുള്ള പ്രതിഷേധരചന എന്ന നിലയില്‍ ഏറെ പരാമര്‍ശിക്കപ്പെട്ടതുമാണ്. "Am I an object? Am I a subject?' എന്ന കുസാമയുടെ ചോദ്യം പെര്‍ഫോമന്‍സ് ആര്‍ട്ടിന്റെ തന്നെ അടയാളവാക്യമായി ഇന്ന് മനസ്സിലാക്കാം. കര്‍ത്താവും കര്‍മ്മവും ക്രിയയും ഒന്നാവുന്ന ഒരു കലാമുഹൂര്‍ത്തമാണ് പെര്‍ഫോമന്‍സ് ആര്‍ട്ടിന്റേത്. ലിംഗപദവിയിലൂന്നിയ ശരീരത്തിന്റെ കാണപ്പെടലുകളെ തുടര്‍ന്നുവന്ന നിരവധി പെര്‍ഫോമന്‍സ് ആര്‍ട്ടിസ്റ്റുകള്‍ മറികടക്കുന്നുണ്ട്. അവതരണസ്ഥലത്തുവെച്ച് നഗ്‌നരാവുകയും നഗ്‌നതയ്ക്കപ്പുറത്തെ "തന്മ'യെ കാണികള്‍ക്കിടയില്‍ വെളിപ്പെടുത്തുകയും ചെയ്തു അവര്‍. ലൗറി ആന്‍ഡേഴ്സണ്‍, കരേന്‍ ഫിന്‍ലി തുടങ്ങിയവരുടെ അവതരണകൃതികള്‍ പെണ്ണുടലില്‍ പച്ചകുത്തിയ പാരമ്പര്യനോട്ടങ്ങളെ പിഴുതെറിഞ്ഞു. ലൗറി ആന്‍ഡേഴ്സന്റെ ശരീരവാതരണം സാങ്കേതികവിദ്യയെ കൂട്ടുപിടിച്ചുള്ളതാണെങ്കില്‍, കരേന്‍ ഫിനിലിയുടേത് വൈരൂപ്യത്തെ/അസൗന്ദര്യത്തെ ആഘോഷിക്കുന്നവയായിരുന്നു. രണ്ടു പ്രകടനങ്ങളിലും സ്ത്രീ എന്ന ആര്‍ക്കിടൈപ്പിനെ വിമര്‍ശവിധേയമാക്കുന്ന സന്ദര്‍ഭങ്ങളാണ്.

പ്രകൃതിദത്തമായ ഒരു ലിംഗപദവി ഇല്ലെന്നും പൊതുസാമൂഹികതയില്‍ നാം നിര്‍മ്മിച്ചെടുക്കുന്നതാണ് അതെന്നുമുള്ള ഫെമിനിസ്റ്റ് സങ്കല്പമാണ് ലൗറിയുടെ പ്രകടനഭാഷയില്‍ കാണാന്‍ കഴിയുക. നേഹ ചോക്സി, ഇന്ദര്‍സലീം, നിഖില്‍ ചോപ്ര, മിത്തുസെന്‍ തുടങ്ങിയ സമകാലിക ഇന്ത്യന്‍ ആര്‍ട്ടിസ്റ്റുകളും ശരീരകേന്ദ്രിതമായ കലാപ്രവര്‍ത്തനങ്ങളിലൂടെ വിധ്വംസകമായ സൗന്ദര്യപരീക്ഷണങ്ങള്‍ നടത്തിയവരാണ്.
കൊളോണിയല്‍ കലാപഠനത്തിന്റെ സിലബസ്സില്‍ "ന്യൂഡ് സ്റ്റഡി' ഒരു ബിരുദവിഷയമായിരുന്നു എന്നതും നാം മറന്നുകൂടാ. ശരീരത്തിന്റെ അഴകളവുകളെ രേഖപ്പെടുത്തുന്ന കലാവിദ്യാര്‍ത്ഥികള്‍ക്ക് നടുവില്‍ ഉടുതുണിയില്ലാതെ ഇരിക്കുന്ന "മോഡലുകള്‍' കലാവിദ്യാഭ്യാസത്തില്‍ പുതുതല്ല. സദാചാരസംരക്ഷണം എന്ന പുതുകാലവാദം അതില്‍ ഉള്‍ക്കൊള്ളാവുന്ന ഒന്നായിരുന്നില്ല. ഇപ്പോള്‍ നിലവിലുള്ള "ലൈഫ് സ്റ്റഡി' എന്ന പ്രായോഗികകലാപരിശീലനവും യഥാര്‍ത്ഥത്തില്‍ മനുഷ്യശരീരത്തിന്റെ ഉടലനുപാതങ്ങളെ പഠിക്കാനുള്ള ശ്രമത്തിന്റെ ഭാഗം തന്നെയാണ്. ലൈഫ് സ്റ്റഡികളെ ന്യൂഡ് സ്റ്റഡികളാക്കി മാറ്റുന്ന നിരവധി പരിശീലനങ്ങള്‍ കലാപഠനമുറികളില്‍ നടന്നാലും അതില്‍ അത്ഭുതപ്പെടാന്‍ ഒന്നും തന്നെയില്ല എന്ന് കലാവിദ്യാര്‍ത്ഥികളും അധ്യാപകരും സാക്ഷ്യപ്പെടുത്തുന്നു. നഗ്‌നചിത്രം ആര്‍ട്ട് ഗ്യാലറിയിലെത്തുമ്പോള്‍ പ്രശ്നമാവുന്നു, നഗ്‌നചിത്രം അച്ചടിച്ചുവരുമ്പോള്‍ പ്രശ്നമാവുന്നു. ആര്‍ത്തവരക്തം കൊണ്ട് ചിത്രം വരച്ച ഒരാള്‍ക്ക് ഡിഗ്രിക്ക് മാര്‍ക്ക് കിട്ടുന്നു. അത് ആര്‍ത്തവരക്തം കൊണ്ടാണെന്നറിയുന്ന പൊതുസമൂഹം അതിനെതിര ആക്രമണം അഴിച്ചുവിടുന്നു. ഇവിടെയൊക്കെ ആവിഷ്‌കാരം പ്രതിക്കൂട്ടിലാവുന്നു. കലയിലെ നഗ്‌നതയും ലൈംഗികതയും അതിന്റെ സൗന്ദര്യമണ്ഡലത്തില്‍ സുരക്ഷിതമായിരിക്കുമ്പോള്‍ പൊതുമണ്ഡലത്തില്‍ ആക്രമിക്കപ്പെടുന്ന ഉരുപ്പടിയായി മാറുന്നു. ഇവിടെ ഒരു കാര്യം സ്പഷ്ടമാണ്. കലാകൃതിയോ കലാസ്വാദനമോ അല്ല ഒരു കൃതിയുടെ നൈതികതയെ നിര്‍ണയിക്കുന്നത്. മറിച്ച് കലാബാഹ്യമായ ഒരു "പൊതുമണ്ഡലം' എപ്പോഴും കലയ്ക്കകത്ത് അന്നന്നത്തെ രാഷ്ട്രീയയുക്തി പ്രയോഗിച്ചുകൊണ്ടിരിക്കും എന്നതാണത്. "ഭഗവത് ഗീതയും കുറേ മുലകളും' എന്ന് വൈക്കം മുഹമ്മദ് ബഷീറിന് ഇന്നെഴുതാന്‍ കൈ അറയ്ക്കുമെന്നും, എഴുതിയാല്‍ ആ കൈ വെട്ടുമെന്നും പേടിക്കാനുള്ള മതിയായ കാരണങ്ങള്‍ ഇന്നുണ്ട്. കലാബാഹ്യമായ പൊതുമണ്ഡലം വളര്‍ന്നു വ്യാപിച്ചതിന്റെ തെളിവ് ആ പേടിയിലുണ്ട്.

ഇപ്പോള്‍ രഹന ഫാത്തിമ എന്ന സോഷ്യല്‍ ആക്റ്റിവിസ്റ്റ് യൂറ്റ്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോ അതിലെ നഗ്‌നതയുടേയും നൈതികതയുടേയും പേരില്‍ വിവാദമായിരിക്കുമ്പോള്‍, വീണ്ടും കലയും നഗ്‌നതയും ഒരു സാമൂഹികവിഷയമായി മാറിയിരിക്കുന്നു. രഹന ഫാത്തിമയുടേത് കലാസന്ദര്‍ഭമായി വിലയിരുത്തന്നതിനേക്കാള്‍ യുക്തിസഹമായിരിക്കുന്നത് അത് സോഷ്യല്‍ ആക്റ്റിവിസത്തിന്റെ പരിധിയില്‍ പരിഗണിക്കുന്നതാണ്.

സോഷ്യല്‍ ആക്റ്റിവിസവും കലയാകാന്‍ കെല്പുള്ളതല്ലേ എന്ന് ന്യായമായും സംശയിക്കാവുന്നതാണ്. എന്നാല്‍, ആര്‍ട്ടിസ്റ്റ് എന്ന നിലയിലുള്ള കലാപരീക്ഷണം എന്നതിലുപരി ലിംഗാധിഷ്ടിതസമൂഹത്തിനുള്ളില്‍ അതിന്റെ കെട്ടുപാടുകള്‍ക്കെതിരെ നിലകൊള്ളുന്ന വ്യക്തി എന്ന നിലയില്‍ ഒരാള്‍ നടത്തുന്ന മൂല്യവിചാരണ കൂടിയാണ് ആ ചിത്രം. സോഷ്യല്‍ ആക്റ്റിവിസ്റ്റ് എന്ന നിലയിലാണ് രഹന ഫാത്തിമ അവരുടെ രാഷ്ട്രീയസ്വത്വത്തെ പരസ്യപ്പെടുത്തിയിട്ടുള്ളത്. ഇതിനകം തന്നെ മതാത്മകവും ഏകശിലാത്മകവുമായ പൊതുബോധത്തെ പരിക്കേല്പിച്ചുകൊണ്ടുള്ള ഫാത്തിമയുടെ ഇടപെടലുകള്‍ ഓര്‍ക്കുന്നവരാണല്ലോ ബഹുഭൂരിപക്ഷവും.
ആ നിലയില്‍, ശരീരത്തിന്റെ തുറസ്സുകളെ അവര്‍ അടിമുടി ആണത്തനിര്‍മ്മിതമായ സമൂഹശരീരത്തില്‍ പ്രയോഗിച്ചുനോക്കുന്നു. നഗ്‌നതയുടെ വെളിപ്പെടലേക്കാള്‍ ഇതില്‍ സ്വകാര്യജീവിതമുഹൂര്‍ത്തവും അതിന്റെ പരസ്യജീവിതമാണ് മുഖ്യം. ആക്റ്റിവിസത്തിന്റെ തുടര്‍ച്ചയിലാണ് അവര്‍ അവരുടെ ഈ സ്വകാര്യനിമിഷങ്ങളെയും ചേര്‍ത്തുവെക്കുന്നത്. ആ ഇന്റിമേറ്റ് വീഡിയോയില്‍ അവരുടെ ദേഹത്ത് വരയ്ക്കുന്ന കുട്ടികള്‍- ഏജന്‍സിയില്ല എന്ന് നാം കരുതുന്ന കുട്ടികള്‍-ആണ് ഒരുപക്ഷേ ഒറ്റനോട്ടത്തില്‍ കുറ്റകൃത്യമാവാന്‍ സാധ്യതയുള്ള കൃതിഘടകം. എന്നാല്‍ ആ കുട്ടികള്‍ എടുക്കുന്ന സ്വാതന്ത്ര്യത്തിന്റെ അനായാസത ഒരുപക്ഷേ അതിനെതിരെ ഉയരുന്ന നൈതികതയെക്കുറിച്ചുള്ള സന്ദേഹങ്ങളെ അപ്രസക്തമാക്കുന്നവ കൂടിയാണ്. നാം പോറ്റിവളര്‍ത്തിയ "കുടുംബഘടന'യെ തകര്‍ക്കുന്നു എന്നതാണതിലെ തീക്കളി. പൊതുസമ്മതിയുള്ള കുടുംബഘടന തകർക്കപ്പെടുന്നതിലുള്ള അരിശമാവാം അതിനെതിരെ ഉയരുന്ന മുഷ്ടികള്‍ വിളിച്ചുപറയുന്നത്. രതിബാഹ്യമായ ഉടലിനെ (വിശേഷിച്ചും സ്ത്രീ ഉടലിനെ. പുരുഷ ഉടലിന്റെ രതിബാഹ്യസൗന്ദര്യം എല്ലാ കവലകളിലും മസിലുയര്‍ത്തി നില്ക്കുന്നു) കാണാന്‍ കഴിയാത്തവിധം അടഞ്ഞുപോയ ഒരു സമൂഹത്തിന്റെ ലൈംഗികാപകര്‍ഷങ്ങളാവാം ഒരുപക്ഷേ സദാചാരത്തിന്റെ കുപ്പായമിട്ടുവരുന്ന താക്കീതുകള്‍. കലാപരമായ ആകാംക്ഷയ്ക്കപ്പുറം രഹന അതില്‍ സദാചാരപരീക്ഷണത്തിന്റെ "ലിറ്റ്മസ് പേപ്പര്‍' സൂക്ഷിക്കുന്നു. നഗ്‌നത അതിന്റെ എളിയ ഉപകരണം മാത്രം. കല അതിനുപയുക്തമാക്കാന്‍ കെല്പുള്ള മറ്റൊരുപകരണം.
ഇനി നമുക്ക് വീണ്ടും ഖജുരാഹോയിലേക്ക് നോക്കാം, ഭക്തിയും കാമവും കൂട്ടുപിണഞ്ഞുകിടക്കുന്ന അതിന്റെ അജ്ഞാതമായ തിരിവുകളില്‍ നിന്ന് ഇക്കാലത്തേക്കുള്ള ഇന്ധനം കിട്ടുമോ എന്നന്വേഷിക്കാം. നമ്മുടെതന്നെ ഉടലാഭിമുഖ്യങ്ങളെ അവയോട് ചേര്‍ത്തുനിര്‍ത്തി പരിഹാരമുണ്ടോ എന്നാരായാം. മലമ്പുഴയില്‍ കുടുംബവുമായി പോകാന്‍ കഴിയുമോ എന്ന് ശങ്കിച്ചുനില്‍ക്കുകയും ബാച്ചിലര്‍ ടൂറുകളില്‍ ഒന്നിച്ചൊരു പടമെടുക്കുകയും ചെയ്യാം. ശ്ലീലാശ്ലീലങ്ങളുടെ അതിര്‍വരമ്പുകള്‍ വരച്ചും മായ്ച്ചും പൊതുബോധനിര്‍മ്മാണത്തില്‍ പങ്കാളികളാകാം. അപ്പോഴും നഗ്‌നമായിരിക്കാന്‍ "കല' നിങ്ങള്‍ക്ക് അവസരം തരുന്നു, അതെപ്പോഴും സമരപക്ഷത്തുതന്നെ നിലയുറപ്പിക്കുന്നു.
ആർട്ടിസ്റ്റ്
വിഷ്ണുപ്രിയ കെ.
26 Aug 2020, 12:27 PM
അഭിപ്രായം പറയാൻ ഞാൻ ആളല്ല എങ്കിലും ആഴത്തിലുള്ള എഴുത്ത് . ഒരുപാട് ചിന്തിപ്പിച്ചു. എനിയ്ക്ക് കുറച്ച് സംശയങ്ങളുണ്ട് ചോദിയ്ക്കാൻ. 1. എന്താണ് കലയിലെ നഗ്നത? 2. നഗ്നത ശരീരം സൗന്ദര്യം ലൈംഗികത ഇതെല്ലാം സ്തീകളെക്കുറിച്ചാണ് . എഴുത്തും വരയും എല്ലാം സ്ത്രീ ശരീരത്തെ... ആഘോഷമാക്കുകയാണ്. എപ്പോഴും സുന്ദരി യായിരിയ്ക്കണം സൗന്ദര്യത്തിന്റെ മൂർത്തീഭാവമായിരിയ്ക്കണം!. ശില്പകലകളിലെല്ലാം എക്സ്പോസ്ഡ് ആവുന്ന വലിയ മാറിടങ്ങൾ നിതംബങ്ങൾ എന്താണ് കലയിൽ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്? സിനിമയിലായാലും എഴുത്തിലായാലും മറ്റ് ആർട്ടുകളിലായാലും സ്ത്രീ ശരീരം സെക്സിനും സൗന്ദര്യാസ്വാദനത്തിനും മാത്രമുള്ള ഒരു ഫാക്ടർ ആവുന്നത്. സ്ത്രീ ശരീരം ഇങ്ങനെയൊക്കെ ആയിരിക്കണം എന്ന് വാശിപിടിയ്ക്കുന്നത് എന്തിനാണ്? വെണ്ണക്കല്ലിൽ കൊത്തിയ ശരീരമുള്ളവൾ യക്ഷിയാവുന്ന സിനിമയും എഴുത്തും!?. മാറ്റങ്ങളില്ലാതെ ഇന്നും !
കരുണാകരൻ പേരാമ്പ്ര
24 Jul 2020, 08:28 PM
കലയിലെ ലൈംഗികതയെ നഗ്‌നതയെ കുറിച്ചുള്ള ഉത്ക്കണ്ഠകൾ താല്ക്കാലികമാണ്. അത് അതാത് ദേശത്തെ പുരുഷൻ്റെ മത.രാഷ്ട്രീയചിന്താഗതിയെ ആശ്രയിച്ച് നിൽക്കുന്നു. റിവേഴ്സ് ഗിയറിൽ സഞ്ചരിക്കുന്ന കേരളത്തിലെ കൺസ്യുമർ ചിന്തയ്ക്ക് ,അതിൻ്റെ ഇച്ഛയെ ആശയമാക്കി മാറ്റി ആധിപത്യം നേടാനാവുന്നുണ്ട്. അതിന് പശ്ചാത്തല സംഗീതം പകരുവാൻ മത വർഗീയ വാദവും സജീവമാണ്.
അഭിലാഷ് തിരുവോത്ത്
29 Jun 2020, 07:22 PM
കാലോചിതമായ ഗംഭീര എഴുത്ത്... ചിത്രവായനയുടെ അപര്യാപ്തയുള്ള മലയാളിക്ക് നിർബന്ധമായും ലഭിക്കേണ്ടിയിരുന്ന ലേഖനം...
neritam.com
29 Jun 2020, 02:18 PM
സമകാലീന രാഷ്ട്രീയ അവസ്ഥകളെ ഒന്നും മനസിലാക്കാതെ മുതലാളിത്തത്തിന്റെ അക്രമപരമായ സ്വാര്‍ത്ഥതക്ക് അപ്പുറം ഒന്നും സ്വന്തമായി ഇല്ലാത്ത സമ്പന്നര്‍ക്ക് വേണ്ടി നടത്തുന്ന വര്‍ഗ്ഗ സമരമാണ് ഈ ശരീരം വെച്ചുള്ള കളികള്‍. ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യുന്നു എന്ന് പറയുന്നത് പോലെ ജന ശ്രദ്ധ മാറ്റുകയും അനാവശ്യ സംവാദ ഊര്‍ജ്ജവ്യം മാത്രമാണ് അവരുടെ ധര്‍മ്മം.
ശശി ചെത്തിക്കോടൻ
28 Jun 2020, 12:29 PM
ശരാശരി ഭാരതീയന്റെ കപട സദാചാരത്തിന്റെ മുഖം ,നഗ്നതയുടെ രാഷ്ട്രീയ oഇവ തുറന്ന ചർച്ചയ്ക്ക് വിധേയമാക്കേണ്ടതുണ്ട്
വിനോദൻ എം.ടി
27 Jun 2020, 12:35 PM
കലയിലെ നഗ്നതയ്ക്ക് ലേഖനത്തിൽ സൂചിപ്പിചതു പോലെ നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. എല്ലാകാലത്തും അത് ചർച്ചെ ചെയ്തു കൊണ്ടിരിക്കുകയും ചെയ്യും. പക്ഷേ വർഗ്ഗത്തിന്റെ ഉദ്ദേശ്യവും ലക്ഷ്യവും ഒന്നായിരുന്ന കാലത്തിൽ നിന്നും മാറിയപ്പോൾ രചിക്കെപെടുന്നവന്റെ ലിംഗ നിർണ്ണയം പ്രധാനമായി. ചർച്ച ആ വഴിയിേലേക്ക് മാറി. നഗ്നതയെ ആഹാര തുല്യമായി കാണുന്നതിന്റെ യുക്തിചിന്തനീയമാണ്. കാഴ്ചക്കാരനു കൂടി ആഹരിക്കാൻ സാധിക്കുെമെങ്കിലേ അവന്റെ മുമ്പിൽ ആഹാരം കൊണ്ടു ചെല്ലാവൂ. കഴിക്കുന്നവന് ന്യായീകരണമുണ്ടായിരിക്കാo . വിശക്കുന്നവനും. അതുകൊണ്ട് തന്നെ കാഴ്ചക്കാരന്റെ യുക്തി പ്രധാനമാണ്. അത് നിയമമല്ല.മറിച്ച് മാന്യതയാണ്. ന്യായികരണങ്ങൾക്ക് ക്ഷാമമില്ലെങ്കിലും സ്ത്രീശരീരവും പുരുഷ ശരീരവും എതിരാളിയുടെ മനസ്സിലുണ്ടാക്കുന്ന ചലനത്തെ ശ്രദ്ധിക്കേണ്ടതും അത്യാവശ്യമല്ലേ ? സ്വശരീരത്തെ കുറിച്ചുളള അഹന്തക കൂടി പ്രദർശനത്തിലുണ്ട്. പുഷ്ടിയുള്ളതൊന്നും , ആഗ്രഹമുണ്ടെങ്കിലും പ്രത്യക്ഷപ്പെടാത്തതിന്റെ കാരണംമറ്റൊന്നല്ല.
ജോൺസ് മാത്യു
27 Jun 2020, 09:03 AM
നഗ്നത , ശരീര കല, ആക്റ്റിവിസം എന്നീ വിഷയങ്ങളെ കലാ ചരിത്രവുമായി ബന്ധപ്പെടുത്തിയ നല്ല ലേഖനം - -
Saju mannathur
27 Jun 2020, 08:55 AM
വളരെ കൃത്യമായ നിരീക്ഷണം അഭിനന്ദനങ്ങൾ സുധീഷ്
ഡോ. ഉമർ തറമേൽ
27 Jun 2020, 07:49 AM
ഭൂപടം നിറം മാറ്റി വരക്കുന്നതും നിറം കൂട്ടുന്നതു പോലും നമ്മുടെ ദേശ രാഷ്ട്രീയ സംഹിതക്ക് എതിരാണ്.. ശരീരത്തിന്റെ അതിരുകൾ ഈ ഭൂപടങ്ങളെ ഓർമിപ്പിച്ചു കൊണ്ടിരിക്കും വിധം രൂക്ഷമാകുകയാണിന്നു. അത്ര ഒതുക്കപ്പെട്ട അധികാര വേലികൾക്കിടയിൽ ഞെരുങ്ങികയാണ് ലോക രാഷ്ട്രീയം. ഭൂപടത്തിന്റെ വര മാറിപ്പോകുമ്പോൾ ദേശദ്രോഹം ചുമത്തുന്നത് പോലെ, കുട്ടികളാൽ വരക്കപ്പെട്ടതിനാൽ പോക്‌സോയും ചുമത്തുന്നു. ബഷീർ പോയിട്ട് .... മുലകളും എഴുതുന്ന ഒരു പൂച്ച പോലും ഇനി മലയാളത്തിൽ ഉണ്ടാകണമെനനില്ല.
മഞ്ചി ചാരുത
Jan 04, 2023
3 Minutes Read
സുധീഷ് കോട്ടേമ്പ്രം
Jan 01, 2023
5 Minutes Read
അനു പാപ്പച്ചൻ
Dec 31, 2022
5 Minutes Read
Think
Dec 30, 2022
3 Minutes Read
എസ്.കെ. മിനി
Dec 24, 2022
6 Minutes Read
പ്രസാദ് എം മങ്ങാട്ട്
20 Sep 2020, 11:04 AM
ആക്ടിവിസത്തിന്റെ പിന്തുടർച്ചക്കായി ആവിഷ്ക്കാരത്തിന്റെ നൂതനമേഖലകൾ തേടുമ്പോൾ താനുൾപ്പെടുന്ന സമൂഹത്തിന്റെ സുരക്ഷക്കായി രൂപപ്പെടുത്തിയിരിക്കുന്ന നിയമങ്ങളുടെ സാമാന്യബോധ്യങ്ങളും കലാകാരന് ആ വശ്യമല്ലേ?