truecoppy
MORE
Truecopy Home
Readers
are
Thinkers

Thursday, 30 March 2023

truecoppy
Truecopy Logo
Readers are Thinkers

Thursday, 30 March 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
Thomas Joseph

Memoir

തോമസ് ജോസഫ്

തോമസ്​ ജോസഫ്​:
സ്വപ്നദംശനമേറ്റ
വാക്ക്​

തോമസ്​ ജോസഫ്​: സ്വപ്നദംശനമേറ്റ വാക്ക്​

യുക്തിക്ക് നിരക്കാത്ത ഒരു മനുഷ്യന്‍ എന്ന് ഒരാള്‍ തോമസ് ജോസഫിനെ വായിച്ചാല്‍ അത്ഭുതപ്പെടാനില്ല. അയാള്‍ അത് അര്‍ഹിക്കുന്നു. അയുക്തികളുടേയും മിഥ്യകളുടെയും ഉല്‍സവമാണ് തോമസ് ജോസഫിന്റെ കഥകള്‍ നിറയെ. മലയാളത്തില്‍ കഥയുടെ അയുക്തിലോകത്തെ സധൈര്യം പിന്തുടരുകയും വിചിത്രകല്പനകളിലൂടെ തന്റെ കാലത്തെ സാഹിത്യത്തോട് സംവദിക്കുകയും ചെയ്ത ആളായിരുന്നു അന്തരിച്ച തോമസ് ജോസഫ്.  

30 Jul 2021, 04:23 PM

സുധീഷ് കോട്ടേമ്പ്രം

ഉറങ്ങിയെഴുന്നേല്‍ക്കുമ്പോള്‍ ചിലന്തിയായി രൂപാന്തരപ്പെടുന്ന മനുഷ്യന്റെ രേഖാചിത്രമാണ് കാഫ്കയുടെ മെറ്റമോര്‍ഫോസിസിലുള്ളത്. ലോകകഥയുടെ ഭാവനാഭൂപടത്തില്‍ എക്കാലത്തും തിളങ്ങുന്ന കഥയുടെ കൊള്ളിയാന്‍ വെളിച്ചമാണ് രൂപാന്തരത്വം എന്ന പ്രമേയത്തിലൂടെ കാഫ്ക മുന്നോട്ടുവെച്ചത്.

ദൈനംദിന ജീവിതത്തിന്റെ ഏകതാനതകളില്‍നിന്ന് ഭാവനയുടെ വെള്ളിച്ചിറകിനാല്‍ ഒരെഴുത്താള്‍ കഥയുടെ വിചിത്രസങ്കല്പങ്ങളിലേക്ക് കയറിപ്പോകുന്നത് നാം അത്ഭുതാദരങ്ങളോടെ കണ്ടു. ഒന്നോര്‍ത്താല്‍ കല ചെയ്യുന്ന ഏതൊരാളും ഇങ്ങനെ ഒരു അപരനോട്ടത്തിന്റെ ആനുകൂല്യം പറ്റുന്നു. മലയാളത്തില്‍ കഥയുടെ അയുക്തിലോകത്തെ സധൈര്യം പിന്തുടരുകയും വിചിത്രകല്പനകളിലൂടെ തന്റെ കാലത്തെ സാഹിത്യത്തോട് സംവദിക്കുകയും ചെയ്ത ആളായിരുന്നു ജൂലായ് 29 ന് അന്തരിച്ച തോമസ് ജോസഫ്.  

ഭാഷയുടെ പ്രാദേശികവഴക്കങ്ങളെ നിരാകരിക്കുകയും പകരം പ്രാപഞ്ചികമായ അനുഭവലോകമായി കഥാപരിസരങ്ങളെ മാറ്റുകയും ചെയ്തുകൊണ്ട് കാഫ്കിയന്‍ സൗന്ദര്യശാസ്ത്രത്തിന് ഒരു മലയാളവകഭേദം എഴുതുകയായിരുന്നുവോ തോമസ് ജോസഫ്? പാറ്റയോ പ്രാണിയോ ആയി മാറാനിടയുള്ള മനുഷ്യജീവിതത്തിന്റെ നിസ്സാരതയെ സ്വപ്നമെഴുത്തിന്റെ മായികമൊഴികളാല്‍ ശുശ്രൂഷ ചെയ്യുകയായിരുന്നുവോ തോമസ് ജോസഫ്? 

അന്തമില്ലാത്ത അനിശ്ചിതത്വമാണ് അദ്ദേഹം കഥയില്‍ ആവിഷ്‌കരിച്ചത്. "മറുമുഖം' എന്ന കഥയില്‍ എഴുതുന്നതുപോലെ,  ""ജീവിതത്തിലേക്ക്, അല്ലെങ്കില്‍ മരണത്തിലേക്ക്'' എന്നതാണ് അദ്ദേഹത്തിന്റെ കഥകളുടെയെല്ലാം താക്കോല്‍വാചകം. അത് ഒരേസമയം ജീവിതത്തോടും മരണത്തോടും കടപ്പെട്ടിരിക്കുന്നു. അഥവാ ഈ രണ്ടറ്റങ്ങളില്‍നിന്നുമുള്ള വാക്കുകളാണ് അദ്ദേഹം കഥകളായി എഴുതിയത്. എത്രത്തോളം മരണം അജ്ഞാതമായിരിക്കുന്നുവോ അത്രത്തോളം തന്നെ ജീവിതവും അജ്ഞാതമാണെന്ന് ജോസഫിനറിയാം. ദൈവത്തിന്റെ ശിപാര്‍ശപ്രകാരം തൂപ്പുജോലി ലഭിച്ച ഒരുവളുടെ, ഒരുപക്ഷേ മരണശേഷമുള്ള പ്രേതജീവിതമെന്ന് തോന്നിക്കുന്ന സന്ദര്‍ഭം "ദൈവവും ഞാനും' എന്ന കഥയിലുണ്ട്.

രണ്ടാമതൊരാള്‍ എന്ന നിലയിലാണ് ഈ കഥയിലെന്ന പോലെ മറ്റുപല കഥകളിലും ദൈവസാന്നിധ്യം കാണാന്‍ കഴിയുക. സുഹൃത്തോ അയല്‍ക്കാരനോ വണ്ടിയോട്ടക്കാരനോ ആയ ദൈവം പല കഥകളിലും പ്രധാന റോളുകളില്‍ കടന്നുവരുന്നു. വലിയ നിലയിലേക്കെത്താന്‍ ശേഷിയില്ലാത്ത, ദൈവം എന്ന പദവി മാത്രം അലങ്കാരമായുള്ള വിചിത്രകഥാപാത്രങ്ങളാവും പല കഥകളിലെയും ദൈവം. മാജിക്കുകള്‍ മറന്നുപോയ ദൈവങ്ങളാവാം തോമസ് ജോസഫിന്റെ കഥയിലെ ദൈവങ്ങള്‍. അവരുടെ ടാര്‍ജറ്റുകള്‍ തീരെ ചെറിയതാവാം. ചാരുകസേരയില്‍ ഉറങ്ങുന്ന, അലസമായി നടക്കുന്ന, അല്ലെങ്കില്‍ മനക്കണക്കുകള്‍ തെറ്റിപ്പോവുന്ന സാധാരണത്വങ്ങള്‍കൊണ്ട് ഈ കഥകളിലെ ദൈവസാന്നിധ്യങ്ങള്‍ പ്രതിദൈവത്തെ സങ്കല്‍പനം ചെയ്യുകയാണെന്നും പറയാം. സൃഷ്ടാവായ ഒരാളിനെയാവണം കഥാകൃത്ത് ദൈവമെന്ന പദവിയില്‍ കാണുന്നത്. അവിടെ കലാകൃത്തും ദൈവവും ഒരേ പന്തിയില്‍ വരുന്നു. 

murali thomas
തോമസ് ജോസഫ്

കഥ ഈ എഴുത്തുകാരന് സ്വപ്നക്കമ്പനി നടത്തിപ്പാണെന്ന് ഒറ്റവാക്കില്‍ ഉത്തരമെഴുതാമെങ്കിലും ഓരോ കിനാത്തുണ്ടുകളും വിവിധ ഭാവലോകങ്ങളെ ഉള്ളടക്കം ചെയ്തിരിക്കുന്നു. അവിടങ്ങളിലെല്ലാം ഏകാന്തനും വിഷാദിയുമായ, അല്ലെങ്കില്‍ അത്യാഹ്ലാദഭരിതനായ ഒരാള്‍ അയാളുടെ വിചിത്രസങ്കല്‍പങ്ങള്‍ മെനയുന്നു. മേഘംമുട്ടുന്ന മുറികള്‍ അടിച്ചുവാരാന്‍ നിയോഗിക്കപ്പെട്ട സ്ത്രീ ഒരിടത്തു പറയുന്നുണ്ട്;  ""ഞാന്‍ നുണ പറയുകയാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? നുണ പറഞ്ഞിട്ട് എനിക്കെന്തു കിട്ടാനാണ്''എന്ന്.
നുണ പറഞ്ഞിട്ട് ഒന്നും കിട്ടാനില്ലാത്ത ലോകത്തു തന്നെയാണ് ഈ കഥാകൃത്ത് പണിയെടുത്തതും. സത്യാസത്യങ്ങളെ നിര്‍വീര്യമാക്കുന്ന കഥനസാക്ഷ്യങ്ങളുടെ ഭാഷമാത്രമേ ഈ എഴുത്തുകളില്‍നിന്ന് കണ്ടെടുക്കാനുള്ളു. അത് എല്ലായ്പ്പോഴും അനിശ്ചിതത്വത്തെയും അകാരണത്തെയും മുഖ്യപ്രമേയമായി അവതരിപ്പിച്ചു. 

ALSO READ

ജീവിത ഭൂമിശാസ്ത്രത്തിലെ അടയാളങ്ങളില്‍ തോമസ് ജോസഫ്

കടുംനിറങ്ങളുടെ ചിത്രഭാഷ ആധുനിക അമൂര്‍ത്തകലയില്‍ ചെയ്ത ധാരാളിത്തവും ആഘോഷവും ഭാഷയില്‍ ഈ കഥാകൃത്ത് യഥേഷ്ഠം വിനിയോഗിച്ചു. ആള്‍ക്കൂട്ടവൃക്ഷപ്പടര്‍പ്പിലെ ഒരില എന്നും വാഹനമൃഗങ്ങളെന്നും ചിത്രശലഭമോട്ടോര്‍സൈക്കിള്‍ എന്നും മറ്റും കല്പന ചെയ്യുമ്പോള്‍ വാക്ക് ശില്പവേല ചെയ്യുന്നു. കഥാത്മകമായിരിക്കുമ്പോള്‍ തന്നെ മിക്ക കഥകളും ദൃശ്യാത്മകവുമാണ്. അവയവപ്പൊരുത്തമുള്ള ചിത്രത്തേക്കാളും മാസ്റ്റര്‍ പ്ലാനുകളുള്ള ആര്‍ക്കിട്ടെക്ചറിനേക്കാളും നിരന്തരപരിണാമസാധ്യതകളുള്ള ഇന്‍സ്റ്റലേഷനോടാണ് അതിന്റെ കൂറ്.

അവധൂതവചനം പോലെ,  അരുളപ്പാടുകള്‍ പോലെ കഥയെ അയാള്‍ അവരവരുടെ ഉള്ളിനോടുള്ള സംവാദമാക്കി മാറ്റി. തന്റെ സമകാലികരെല്ലാം വിജയിച്ച കഥകളെഴുതിയപ്പോള്‍ തോറ്റവരുടെ സുവിശേഷമായി അയാളുടെ കഥകള്‍. അതിലൊരിടത്തും സമകാലികതയുടെ അടയാളങ്ങള്‍ പ്രകടമായി കാണാന്‍ കഴിയില്ല. അസമകാലികതയ്ക്കുവേണ്ടി അയാളുടെ കഥകള്‍ വാദിച്ചു. കാലികതയില്ലാത്തതുപോലെ പ്രകടരാഷ്ട്രീയവും തോമസ് ജോസഫിന്റെ കഥകളില്‍ കാണാന്‍ കഴിയില്ല. അതിനാലാവാം സമകാലിക കഥയുടെ കാനേഷുമാരി കണക്കുകളിലും അദ്ദേഹത്തിന്റെ മുഖം പതിഞ്ഞില്ല. അതിലയാള്‍ക്ക് സങ്കടവുമുണ്ടായിരുന്നില്ല. അയാളുടെ കഥകളുടെ വായനക്കാരും മറ്റൊരു ലോകത്തിന്റെ സങ്കല്പനങ്ങളില്‍ മുഴുകിയിരിക്കുകയാവണം. മറ്റൊരു ലോകം സാധ്യമാണെന്ന മാര്‍ക്സിയന്‍ രാഷ്ട്രീയം ആ കഥകളുടെ ഉള്ളടരില്‍നിന്ന് മറ്റൊരു കാലത്തില്‍ തെളിഞ്ഞുവന്നേക്കാം. 

ALSO READ

കാലത്തെ വാക്കുകളിലൂടെ പൂർത്തിയാക്കിയ റോബർട്ടോ കലാസോ

നിരൂപകനായ നരേന്ദ്രപ്രസാദും കഥാകൃത്തായ സക്കറിയയും ആ കഥകളെ അടുത്തറിഞ്ഞു. അവരുടെ വാക്കുകള്‍ ആ കഥകളെ ഒന്നുകൂടി വായിക്കാന്‍ ഇപ്പോഴും പ്രചോദിപ്പിച്ചുകൊണ്ടുമിരിക്കുന്നു. സാഹിത്യസദസ്സുകളില്‍ തോമാച്ചന്‍ മൗനം പാലിച്ചു. അയാളെഴുതിയ കഥകളിലെ കഥാപാത്രങ്ങളെപ്പോലെ നിരാധാരമായ മൗനത്തിന്റെയും മെല്ലെ നടപ്പിന്റെയും ചാഞ്ഞുനോട്ടങ്ങളുടെയും അലസഗമനമായിരുന്നു ആ ജീവിതവും. ജ്ഞാനവൃദ്ധന്റെ ക്ഷമയും കുഞ്ഞുങ്ങളുടെ കൗതുകവും അയാളില്‍ വറ്റാതെ കിടന്നു. പക്ഷാഘാതം പിടിപെട്ട് കിടപ്പിലാവുംവരെ വല്ലപ്പോഴും കാണാനും മിണ്ടാനും ഈ ലേഖകനും കഴിഞ്ഞിരുന്നു. ആഴ്ചപ്പതിപ്പുകളില്‍ വന്ന അദ്ദേഹത്തിന്റെ ചില പ്രധാനപ്പെട്ട കഥകള്‍ക്ക് ഇല്ലസ്ട്രേഷന്‍ ചെയ്യാന്‍ സാധിച്ച വകയിലാണ് ഞങ്ങള്‍ പരിചിതരാവുന്നത്. എന്റെ ചിത്രകൗതുകങ്ങളെ ആവേശിച്ച ആ വാക്ക് എനിക്ക് അങ്ങനെയും പ്രിയപ്പെട്ടതായി മാറി. പിന്നീട് പല സാഹിത്യക്കൂട്ടായ്മകളിലും സൗഹൃദവിരുന്നുകളിലും ഞങ്ങള്‍ മിണ്ടാതെ മിണ്ടി. ഏതൊക്കെയോ സാഹിത്യസദസ്സുകള്‍ കഴിഞ്ഞ് എറണാകുളത്തെ വാടകമുറികളിലും തോമാച്ചനൊപ്പം കിടന്നുറങ്ങി. ഒരു ക്രിസ്തുമസിനു കീഴ്​മാടിലെ അദ്ദേഹത്തിന്റെ വീട്ടില്‍ ഞങ്ങളൊത്തുകൂടി (ഞാനും എസ്. കലേഷും രാജേഷ് തില്ലങ്കേരിയും). ഞങ്ങള്‍ക്കിടയില്‍ പ്രായത്തിന്റെ അന്തരം തേഞ്ഞുമാഞ്ഞുപോയിരുന്നു അപ്പോഴേക്കും. അല്ലെങ്കില്‍, തോമാച്ചന്‍ പ്രായരഹിതമായ ഒരു മനോനിലയില്‍ എത്തിയിരുന്നു അപ്പോഴേക്കും.

thomas joseph
എസ്. കലേഷ്, സുധീഷ് കോട്ടേമ്പ്രം, എം.ആർ. വിഷ്ണുപ്രസാദ്, തോമസ് ജോസഫ്

ഒരിക്കല്‍ കവി അന്‍വര്‍ അലിയും ഒന്നിച്ച് ഡല്‍ഹിയില്‍ വന്നപ്പോള്‍ ജെ.എന്‍.യു വിലെ മലയാളി കൂട്ടായ്മയ്ക്കുവേണ്ടി രണ്ടുപേരെയും ജെ.എന്‍.യുവിലേക്ക് ക്ഷണിക്കാന്‍ എനിക്ക് സാധിച്ചു. രാത്രിഭക്ഷണശേഷം സ്‌കൂള്‍ ഓഫ് ആര്‍ട്സ് ആൻറ്​ ഏസ്തെറ്റിക്സിന്റെ ചവിട്ടുപടികളിലിരുന്ന് അവര്‍ കവിതയും കഥയുമായി ഏറെനേരം സംസാരിച്ചു. രാഷ്ട്രീയമുഖരിതമായ ആ അന്തരീക്ഷത്തില്‍ തോമാച്ചന്‍ തന്റെ സ്വതസിദ്ധമായ താഴ്ന്ന ശബ്ദത്തില്‍ ഒരു കഥ വായിച്ചു. നിരന്തരചോദ്യങ്ങള്‍ കൊണ്ട് സന്ദര്‍ശകരെ വീര്‍പ്പുമുട്ടിച്ചിരുന്ന ജെ.എന്‍.യു സംവാദരാവുകള്‍ക്ക് അതൊരു പുതിയ അനുഭവമായിരുന്നു. ഏവരും സാകൂതം തോമാച്ചനെയും അന്‍വറിനെയും കേട്ടു. ഭാഷ മറ്റൊരുവിധം വെളിപ്പെടുന്നതിന്റെ ജാഗ്രതയില്‍ ആ രാവിന് കനംവെച്ചിരിക്കണം. ചോദ്യങ്ങള്‍ ചോദിക്കാന്‍ നീട്ടിയ വിരലുകള്‍ സ്വയം പിന്മടങ്ങുകയും അനിര്‍വ്വചനീയമായ കലയുടെ രാത്രിസത്രത്തില്‍ എല്ലാവരെയും സന്ദേഹികളാക്കി മാറ്റുകയും ചെയ്തുകൊണ്ട് തോമാച്ചന്റെ കഥ അവസാനിക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ക്കിപ്പുറം ആ ശബ്ദത്തിന്റെ അലയൊലികള്‍ നിശാശലഭത്തെപ്പോലെ വന്നുപോവുന്നു. 

കഥയില്‍ ജീവിക്കുക മാത്രമായിരുന്നു തോമാച്ചന്റെ താല്പര്യം. ദൈനംദിന ജീവിതത്തിലെ ഏനക്കേടുകളെ അതായിത്തന്നെ നേരിട്ട ഒരു സാധാ മനുഷ്യനുമായിരുന്നു തോമാച്ചന്‍. പത്രമാസികകളില്‍ പ്രൂഫ് റീഡറായി ജോലി ചെയ്ത് തോമസ് ജോസഫ് ഔദ്യോഗികമായി അതില്‍ക്കൂടുതല്‍ ഉയരങ്ങളിലേക്ക് പോയില്ല, പോകാനൊട്ട് ആശിച്ചുമിരിക്കില്ല. കഥയുടെ അപരജീവിതത്തില്‍ അയാള്‍ ആമഗ്‌നനായിരുന്നു. തമ്മില്‍ കാണാനാവാതെ അകത്തടച്ചിരിക്കാന്‍ വിധിക്കപ്പെട്ട കോവിഡിനും ഒരു വര്‍ഷം മുന്‍പേ വര്‍ത്തമാനജീവിതത്തോട് പുറംതിരിഞ്ഞിരിക്കുകയായിരുന്നു രോഗഗ്രസ്തനായ തോമാച്ചന്‍. തന്റെ കഥകളിലേതുപോലെ അവിശ്വനീയമായ ഏകാന്തതയെ ഉടലാല്‍ ആവാഹിച്ചിരുത്തിയപോലെ ഒരേ കിടപ്പ് കിടന്നു തോമാച്ചന്‍. അഗാധമായ ആ മയങ്ങിക്കിടപ്പിന് മരണത്തോടെ തിരശ്ശീലയിട്ടിരിക്കുന്നു ഇപ്പോള്‍.
""യുക്തിക്ക് നിരക്കാത്ത ആ സ്വപ്നം ഞാനെന്തിനു കാണുന്നു?'' എന്ന് "അടച്ചിട്ട നീലവാതില്‍' എന്ന കഥയിലെ സ്വപ്നദര്‍ശിയുടെ ചോദ്യം ഇപ്പോള്‍ നമ്മെ വന്നു തൊടുന്നു.

യുക്തിക്ക് നിരക്കാത്ത ഒരു മനുഷ്യന്‍ എന്ന് ഒരാള്‍ തോമസ് ജോസഫിനെ വായിച്ചാല്‍ അത്ഭുതപ്പെടാനില്ല. അയാള്‍ അത് അര്‍ഹിക്കുന്നു. അയുക്തികളുടേയും മിഥ്യകളുടെയും ഉല്‍സവമാണ് തോമസ് ജോസഫിന്റെ കഥകള്‍ നിറയെ. ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും വേര്‍തിരിവില്ലാതെ കാണുന്ന ഒരു ദയാലുവായ മനുഷ്യനാണ് ആ കഥകളുടെ പൂന്തോട്ടക്കാവല്‍ക്കാരന്‍. കഥകളിലെ കല്പനകള്‍ ആ കഥാകാരന്റെ ജീവിതത്തെത്തന്നെ ഗ്രസിക്കുകയായിരുന്നുവെന്ന് ഇന്ന് നാം കാണുന്നു. 

ALSO READ

വണ്ടിപ്പെരിയാറിലെ പെണ്‍കുട്ടിയുടെ കൊല; പുറംലോകം അറിയേണ്ട ചില വാസ്തവങ്ങള്‍

മഹാമാരി ലോകത്തെയൊന്നാകെ തടങ്കലില്‍ പാര്‍പ്പിച്ച ഇക്കാലത്തെപ്പോലെ മറ്റൊരു നിലയില്‍ ലോകത്തിന്റെ വിഷാദഛായകളെ മുന്‍പേ എഴുതിയ ഒരാളെന്ന നിലയില്‍ തോമസ് ജോസഫിനു ഇതില്‍ കൂടുതല്‍ എന്തെങ്കിലും എഴുതാനുണ്ടായിരുന്നിരിക്കുമോ? ഉണര്‍വ്വിലായിരുന്നെങ്കില്‍ ഏതുവിധമായിരുന്നേനെ അയാള്‍ ഇക്കാലത്തെ വായിച്ചിരിക്കുക? പരലോകവാസത്തെക്കുറിച്ച് ആവശ്യത്തിലേറെ ഭാവന ചെയ്ത ഒരാള്‍ പോയിക്കഴിയുമ്പോള്‍ അവയൊക്കെയും നേരായി മാറുന്നപോലെ. തോമാച്ചന്റെ എഴുത്തില്‍ അയാള്‍ സുരക്ഷിതനായപോലെ. മരണം അയാളെ കൂടുതല്‍ സുന്ദരനാക്കിയപോലെ.  കഥയും കഥാകൃത്തും അത്രമേല്‍ ഒന്നായിത്തീര്‍ന്ന ഒരസുലഭ സന്ദര്‍ഭംകൂടി ഇതോടെ അവസാനിച്ചപോലെ. 
നന്ദി, നിങ്ങള്‍ അവശേഷിപ്പിച്ചുപോയ നീണ്ട മൗനങ്ങള്‍ക്ക്, നിത്യസന്ദേഹങ്ങള്‍ക്ക്, സ്വപ്നദംശനമേറ്റ വാക്കുകള്‍ക്ക്.


1

സുധീഷ് കോട്ടേമ്പ്രം  

ആർട്ടിസ്റ്റ്

  • Tags
  • #Thomas Joseph
  • #Memoir
  • #Sudheesh Kottembram
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.

ബഷീർ മേച്ചേരി

3 Aug 2021, 02:02 PM

തോമസ് ജോസഫിനെ എനിക്കു നേരിൽ പരിചയമുണ്ടായിരുന്നില്ല. ആ രചനാ ലോകവുമായി മാത്രമായിരുന്നു എന്റെ അടുപ്പം. എൺപതുകളിൽ കോവിലന്റെ "തെരഞ്ഞടുത്ത കഥകൾ " പുസ്തകപ്രകാശനം ഗുരുവായൂരിലെ ലിറ്റിൽ ഫ്ലവർ കോളജിൽ നടക്കുമ്പോൾ അവിടെ അദ്ദേഹം വന്നിരുന്നു. അകന്നു നിന്ന് കണ്ടു മൂവർ സംഘത്തെ .തോമസ് ജോസഫ് , George Joseph K , Pf Mathews .അത്ഭുതസമസ്യ എന്ന ക ഥയൊക്കെ അന്നേ വായിച്ചിരുന്നു. നീണ്ടവർഷങ്ങൾ ഈ എഴുത്തുകാരനെ പിന്തുടർന്നു. ദൂരെ നിന്ന് പല സുഹൃത്തുക്കളിലൂടെയും അയാളെ അറിഞ്ഞു കൊണ്ടുമിരുന്നു. മകൾ അപകടത്തിൽപ്പെട്ടപ്പോൾ , എങ്ങനെയൊക്കെയോ അന്ന് ഞാൻ പണിയെടുത്തു കൊണ്ടിരുന്ന വിദേശ നഗരത്തിലേക്കും അയാളുടെ സങ്കടക്കുറിപ്പ് എത്തി. അവിടത്തെ ചങ്ങാതിമാരുടെ സഹായ ദൗത്യത്തിൽ എനിക്കും പങ്കുചേരാനായി . മാസങ്ങൾക്കു മുമ്പ് അയാൾ നേരിട്ട വലിയ വിഷമഘട്ടങ്ങളെക്കുറിച്ചറിഞ്ഞ് എന്നെ ഇരുട്ട് വലയം ചെയ്തു. ജെസ്സേയുടെ നമ്പറുകളും എങ്ങനെയൊക്കെയോ എന്നിലേക്കു വന്നു. ബന്ധപ്പെട്ടു. Socraties K Valath ൽ നിന്നും സോഷ്യൽ മീഡിയാ ഇടങ്ങളിൽ നിന്നുമൊക്കെ അപായകരമായ വിഷമ വാർത്തകൾ തന്നെയാണ് കിട്ടിക്കൊണ്ടിരുന്നത് പ്രിയ എഴുത്തുകാരൻ ഈ ഭൂമി വിട്ടു പോയിരിക്കുന്നു. ആ മരണത്തിൽ ഞെട്ടലുകളൊന്നുമില്ല. ആശ്വാസം മാത്രം...😞😰 [വലിയ സങ്കടം ബാക്കിയാകുന്നുണ്ട് ] ആ കഥകൾ മാത്രമുണ്ടാകും ഇനി .... അപരിചിത ഭൂപ്രദേശങ്ങളും , മഞ്ഞും വെയിലും കറുത്തമഴകളും മേഘങ്ങളും , പ്രഭാത രശ്മികളുടെ വെള്ളി മത്സ്യങ്ങളും പാറക്കെട്ടുകളും , തകർന്നടിയുന്ന രാത്രികളുമൊക്കെ പിന്നിട്ട് ...... പ്രണാമം🙏

Hassankoya

30 Jul 2021, 07:06 PM

തോമാച്ചനെ നന്നായി നിർവചിച്ചു സുധീഷ്

Vivan Sundaram

Memoir

റിയാസ് കോമു

കലയെ പ്രതിരോധമാക്കി പോരാടാനാണ് വിവാന്‍ ആഗ്രഹിച്ചത്

Mar 30, 2023

6 Minutes Read

Vivan Sundaram

Memoir

സുധീഷ് കോട്ടേമ്പ്രം

ആര്‍ടിസ്റ്റ്-ആക്റ്റിവിസ്റ്റ് വിവാന്‍ സുന്ദരം

Mar 30, 2023

6 Minutes Read

innocent

Memoir

ദീദി ദാമോദരന്‍

സ്‌നേഹത്തോടെ, ആദരവോടെ, വിയോജിപ്പോടെ, പ്രിയ സഖാവിന് വിട

Mar 27, 2023

3 Minutes Read

innocent a

Memoir

ബി. സേതുരാജ്​

ഇന്നസെന്റ്‌​: പാർലമെന്റിലെ ജനപ്രിയ നടൻ

Mar 27, 2023

4 Minutes Read

sarah joseph

Podcasts

കെ.വി. സുമംഗല

വാതില്‍പ്പഴുതുകള്‍ ​​​​​​​ ദേശക്കാഴ്ചകള്‍

Feb 23, 2023

29 Minutes Listening

Sarah Joseph

Memoir

സാറാ ജോസഫ്

വാതില്‍പ്പഴുതുകള്‍ ​​​​​​​ദേശക്കാഴ്ചകള്‍

Feb 21, 2023

17 Minutes Read

-vani-jayaram

Memoir

സി.എസ്. മീനാക്ഷി

ഓരോ കേൾവിക്കും ഓരോ സ്വരമായ വാണി

Feb 06, 2023

5 Minutes Read

arun

OPENER 2023

അരുണ്‍ പ്രസാദ്

ഇറങ്ങിപ്പോന്ന ഇടങ്ങളിലെ, ഒഴിഞ്ഞ പൂന്തോട്ടങ്ങള്‍ നല്‍കിയ ശൂന്യത

Jan 03, 2023

5 Minutes Read

Next Article

ഓടുന്ന മനുഷ്യന് ഒരു മുഴം മുമ്പേ ഓടുന്ന കൊറോണ വൈറസ്

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster