താണു പത്മനാഭന്‍:
യമുനയ്ക്കുവേണ്ടി
പാടിയ ഗായകന്‍
താണു പത്മനാഭന്‍: യമുനയ്ക്കുവേണ്ടി പാടിയ ഗായകന്‍
20 Sep 2021, 12:29 PM
പ്രപഞ്ചഘടനാശാസ്ത്രത്തിന്റെ മേഖലയില്‍ പ്രാപഞ്ചിക സ്ഥിരാങ്കവുമായി ബന്ധപ്പെട്ട് താണു പത്മനാഭന്‍ നടത്തുന്ന ഗവേഷണങ്ങള്‍ അത്യന്തം പ്രാധാന്യമുള്ളതായിരുന്നു. ഭൗതികശാസ്ത്രലോകം ഏറെ പ്രതീക്ഷകളോടെ ആ ഗവേഷണങ്ങളെ നോക്കിക്കൊണ്ടിരുന്ന ഒരു സന്ദര്‍ഭത്തിലാണ് വളരെ ആകസ്മികമായി അദ്ദേഹത്തിന്റെ മരണം സംഭവിച്ചിരിക്കുന്നത്.
താണു പത്മനാഭന്റെ ഹോംപേജ് നിങ്ങളെ സ്വാഗതം ചെയ്യുന്നത് ഒരു കഥയിലേക്കാണ്.
അക്ബര്‍ ചക്രവര്‍ത്തിയുടേയും അദ്ദേഹത്തിന്റെ സദസ്സിലെ ഗായകനായിരുന്ന താന്‍സേനിന്റെയും കഥ. താന്‍സേനിന്റെ ആലാപനത്തില്‍ അത്ഭുതാധീനനായ ചക്രവര്‍ത്തി അദ്ദേഹത്തെ പ്രശംസകള്‍ കൊണ്ടു മൂടുന്നു. തന്നെ പുകഴ്ത്തുന്നതു കേട്ട താന്‍സേന്‍ തന്നേക്കാളും എത്രയോ മനോഹരമായി പാടുന്ന ഒരു ഋഷിയുണ്ടെന്ന് ബാദ്ഷായോടു പറയുന്നു. ആ ഋഷിയുടെ ആലാപനം കേള്‍ക്കാന്‍ അക്ബറും താന്‍സേനും യമുനയുടെ തീരത്തുള്ള വനാന്തരങ്ങളിലേക്കു പോകുന്നു. യമുനയില്‍ സൂര്യന്‍ അസ്തമിക്കുമ്പോള്‍, പ്രകൃതി നിശബ്ദതയുടെ സൗന്ദര്യത്തില്‍ മുങ്ങിനില്ക്കുമ്പോള്‍ ഋഷി തന്റെ കുടിലില്‍ നിന്ന് പുറത്തുവരികയും ഒരു പാറപ്പുറത്ത് യമുനയെ നോക്കി പാടുകയും ചെയ്യുന്നു. താന്‍സേന് ഒരിക്കലും സാധ്യമാകാത്ത അതീവ ഹൃദ്യമായ ഒരു സംഗീതമാണ് താന്‍ കേള്‍ക്കുന്നതെന്ന് അക്ബറിനു തോന്നി. മടക്കവഴിയില്‍ വച്ച് ചക്രവര്‍ത്തി താന്‍സേനോടു പറഞ്ഞു.
‘ആ ഋഷി നിന്നെ സംഗീതം പഠിപ്പിച്ചിരുന്നെങ്കിലും ചില കാര്യങ്ങളെങ്കിലും പഠിപ്പിച്ചിട്ടില്ലെന്നു തോന്നുന്നു.'
താന്‍സേന്‍ പറഞ്ഞു; ‘സംഗീതത്തിന്റെ എല്ലാ സങ്കേതങ്ങളും അദ്ദേഹം എന്നെ പഠിപ്പിച്ചിരുന്നു.'
‘എങ്കില്‍ അത്രയും ഇമ്പത്തോടെ പാടാന്‍ താന്‍സേന് കഴിയാത്തത് എന്തുകൊണ്ടാണ്?'
‘അത് ലളിതമായ കാര്യമാണ്. അദ്ദേഹം പാടുന്നത് യമുനക്കു വേണ്ടിയാണ്, ഞാന്‍ ചക്രവര്‍ത്തിക്കു വേണ്ടിയും.'

ഭൗതികശാസ്ത്രത്തിനു വേണ്ടി മാത്രമായി തന്റെ ജീവിതം മാറ്റി വച്ച താണു പത്മനാഭന്റെ ഹോം പേജിനു ഏറ്റവും യോജിച്ച കഥ തന്നെ ഇത്.
1957ല്‍ തിരുവനന്തപുരത്തിനടുത്താണ് പാഡി എന്ന് പ്രിയപ്പെട്ടവര്‍ വിളിക്കുന്ന താണു പത്മനാഭന്‍ ജനിച്ചത്. സ്‌കൂള്‍ ക്ലാസുകളില്‍ വച്ചുതന്നെ ഗണിതവും ഭൗതികവും അതീവതാല്‍പ്പര്യത്തോടെ പഠിക്കാനാരംഭിച്ച പത്മനാഭന്‍ എന്ന വിദ്യാര്‍ത്ഥി ബിരുദതലത്തില്‍ എത്തുമ്പോഴേക്കും ഗുരുത്വാകര്‍ഷണത്തെ കുറിച്ച് ഗവേഷണപ്രബന്ധം എഴുതാന്‍ പ്രാപ്തി നേടിയിരുന്നു.
പ്രമാണ എന്ന ശാസ്ത്രജേര്‍ണലിലൂടെ അത് പ്രസിദ്ധീകരിക്കപ്പെട്ടു. ഗഹനമായ ഭൗതികശാസ്ത്രപ്രശ്നങ്ങള്‍ നിര്‍ദ്ധാരണം ചെയ്യുന്നതിനു ഏറെ സമയം ചെലവഴിച്ച ഈ വിദ്യാര്‍ത്ഥിക്ക് കോളേജിലെ സിലബസ് അനുസരിച്ചുള്ള പഠനത്തിന് വര്‍ഷത്തില്‍ പത്തോ പതിനഞ്ചോ ദിവസം മതിയാകുമായിരുന്നു. ഗവേഷണത്തിനായി ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തുമ്പോഴേക്കും തനിക്കു ഗവേഷണം നടത്താനുള്ള വിഷയം ഏതെന്നു പത്മനാഭന്‍ സ്വയം തീരുമാനമെടുത്തിരുന്നു.
ഗവേഷണത്തിനു ചേര്‍ന്ന് ആറുമാസത്തിനുള്ളില്‍ മിടുക്കനായ ഈ ഗവേഷകനെ റിസേര്‍ച്ച് അസോസിയേറ്റായി വേതനത്തോടെ അവിടെ തന്നെ നിയമിച്ചു. ദിവസവും ഭൗതികശാസ്ത്രപഠനത്തിനും എഴുത്തിനുമായി പതിനാലു മണിക്കൂറിലേറെ ചെലവഴിച്ചിരുന്ന ഈ ശാസ്ത്രജ്ഞന്‍ യമുനയ്ക്കു വേണ്ടി പാടുന്ന താന്‍സേനിന്റെ കഥയിലെ ഋഷിയെ പോലെ ആയിരുന്നു. ഒരു യാത്രക്കിടയില്‍, തന്നോട് "വടക്കന്‍ വീരഗാഥ' കാണാന്‍ ആഗ്രഹമുണ്ടെന്നു പാഡി പറഞ്ഞതായി ജോ ജേക്കബ്ബ് അനുസ്മരിക്കുമ്പോള്‍ ഭൗതികശാസ്ത്രത്തോടുള്ള അഭിനിവേശത്തില്‍ സാധാരണമനുഷ്യന്റെ എത്രയോ ഇഷ്ടങ്ങളെ അദ്ദേഹം ഉപേക്ഷിച്ചിരിക്കണമെന്ന് ഞാന്‍ ആലോചിച്ചു പോയി!

ഇന്ത്യയിലെ പുതിയ തലമുറയിലെ ശാസ്ത്രജ്ഞനായിരുന്നു, അദ്ദേഹം. ഇന്ത്യയിലെ ആദ്യകാലശാസ്ത്രകാരന്മാര്‍ എല്ലാവരും തന്നെ; ജെ.സി. ബോസും പി.സി. റേയും സി.വി.രാമനും ജാനകിയമ്മാളും സാഹയുമെല്ലാം, സന്ദിഗ്ദ്ധതകളിലും അനിശ്ചിതത്വങ്ങളിലും പെട്ട് ഉഴലുന്ന ശാസ്ത്രജീവിതം നയിച്ചവരായിരുന്നു. പാരമ്പര്യവും ആധുനികശാസ്ത്രവും തമ്മിലുളള സംഘര്‍ഷങ്ങളും കൊളോണിയല്‍ ഭരണവും ജാതിവ്യവസ്ഥയും പുരുഷാധികാരവും എല്ലാം ചേര്‍ന്നൊരുക്കുന്ന വിവേചനങ്ങളും ഇവര്‍ക്ക് അഭിമുഖീകരിക്കേണ്ടി വന്നിരുന്നു.
ഇവയില്‍ പല മൂലകങ്ങളും ഇപ്പോഴും ശക്തമായി നിലനില്‍ക്കുന്നുണ്ടെങ്കിലും കൊളോണിയല്‍ ഭരണാധികാരികള്‍ ഇന്ത്യയിലെ ശാസ്ത്രപഠനത്തോടു സ്വീകരിച്ച മുന്‍വിധിയോടെയുള്ള സമീപനങ്ങളെ ചെറുക്കാന്‍, ഇന്ത്യക്കാര്‍ ശാസ്ത്രപഠനത്തിനു യോഗ്യരായിട്ടില്ലെന്ന കൊളോണിയല്‍ നിലപാടിനെ മാറ്റിത്തീര്‍ക്കാന്‍, താണു പത്മനാഭനെ പോലുള്ള ഒരു ശാസ്ത്രജ്ഞന്റെ ജീവിതത്തിനു കഴിയുമായിരുന്നു. സുബ്രഹ്മണ്യം ചന്ദ്രശേഖറിനെയോ ഹര്‍ ഗോവിന്ദ് ഖൊരാനെയെയോ ഇ.സി.ജി സുദര്‍ശനെയോ പോലുള്ള ശാസ്ത്രജ്ഞന്മാര്‍ക്കു കഴിയാതിരുന്ന കാര്യം താണു പത്മനാഭനെ പോലെ ചിലര്‍ക്ക് സാദ്ധ്യമാക്കാന്‍ കഴിഞ്ഞു.

അധിനിവേശപരമായ വിവേചനത്തെ അവര്‍ വെല്ലുവിളിച്ചു. ആധുനിക ഭൗതികശാസ്ത്രത്തിലെ ഏറ്റവും ഗഹനമായ മേഖലകളില്‍ ഉള്‍ക്കാഴ്ചയുള്ള ഇടപെടലുകള്‍ നടത്തുന്നതിലൂടെ ശാസ്ത്രം ഇന്ത്യയ്ക്കു സാദ്ധ്യമാണെന്നു പ്രഖ്യാപിക്കുക കൂടിയാണ് ടി പത്മനാഭന്‍ ചെയ്തത്. അദ്ദേഹം വിദേശത്തെ ആശ്രയിച്ചില്ല. സര്‍ക്കാരിന്റെ സ്‌കൂളിലും കലാലയങ്ങളിലുമാണ് അദ്ദേഹം പഠിച്ചത്. ഇന്ത്യയില്‍ തന്നെ സൈദ്ധാന്തികഭൗതികത്തില്‍ ഗവേഷണം നടത്താന്‍ അദ്ദേഹം തീരുമാനിച്ചു. അവസാനമായി നല്‍കിയ ഒരു അഭിമുഖത്തില്‍ പോലും ഇ.സി.ജി സുദര്‍ശന് രണ്ടു നോബല്‍ സമ്മാനം ലഭിക്കേണ്ടതായിരുന്നുവെന്നും രാഷ്ട്രീയതീരുമാനം കൊണ്ടാണ് അദ്ദേഹത്തിനു നോബല്‍ സമ്മാനം ലഭിക്കാതിരുന്നതെന്നും പറയുന്നതിലൂടെ ശാസ്ത്രരംഗത്ത് ഇന്ത്യക്കാരോട് വിദേശത്ത് ഇപ്പോഴും തുടരുന്ന വിവേചനത്തെ കുറിച്ചു പറയുകയും അതിനെ വിമര്‍ശിക്കുകയുമാണ് താണു പത്മനാഭന്‍ ചെയ്തത്.
രാജ്യത്ത് ഹിന്ദുത്വശക്തികള്‍ അധികാരത്തിലെത്തുന്നതോടെ ഇന്ത്യയിലെ ശാസ്ത്രമേഖലയില്‍ സംഭവിക്കുന്ന പ്രതിലോമപ്രവണതകളോട് താണു പത്മനാഭന്‍ പ്രതികരിച്ചത് ജനകീയശാസ്ത്രപ്രസ്ഥാനങ്ങളോട് കണ്ണി ചേര്‍ന്നു നിന്നുകൊണ്ടാണ്. ഈ വിശ്രുത ശാസ്ത്രകാരന്‍ സാധാരണമനുഷ്യര്‍ക്കു മനസ്സിലാകുന്ന രീതിയില്‍ നിരവധി ശാസ്ത്രലേഖനങ്ങളും പുസ്തകങ്ങളും എഴുതുകയും പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തു കൊണ്ടിരുന്നു. നല്ല ഒരു ശാസ്ത്രപ്രചാരകന്റെ വേഷത്തില്‍ അദ്ദേഹം പ്രത്യക്ഷപ്പെട്ടു.
പാഡി നല്ല ഒരു അദ്ധ്യാപകനായിരുന്നു. അദ്ദേഹം സദസ്സിലുള്ള സന്ദര്‍ഭങ്ങളില്‍ കൂടുതല്‍ നന്നായി ശ്രമപ്പെട്ട് തങ്ങളുടെ വാദഗതികള്‍ അവതരിപ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ നിര്‍ബ്ബന്ധിതരായിരുന്നുവത്രെ! എപ്പോഴും പാഡിയില്‍ നിന്നുള്ള ഒരു ചോദ്യം അവര്‍ മനസ്സില്‍ പ്രതീക്ഷിക്കേണ്ടിയിരുന്നു! രണ്ടു കൈകള്‍ കൊണ്ടും ഒരേ പോലെ സമര്‍ത്ഥമായി ബോര്‍ഡില്‍ സമവാക്യങ്ങള്‍ എഴുതുന്ന പാഡി നല്ലൊരു ആശയസംവേദകനും ഉയര്‍ന്ന ആശയവിനിമയശേഷിയുള്ളയാളും ആയിരുന്നു. ധാരാളം ശാസ്ത്രപുസ്തകങ്ങളുടെയും ലേഖനങ്ങളുടെയും രചയിതാവായിരുന്നു, അദ്ദേഹം. ശാസ്ത്രത്തിന്റെ ഉദയം (The Dawn of Science), ഭൗതികശാസ്ത്രത്തിന്റെ കഥ (The Story of Physics), ഗുരുത്വാകര്‍ഷണം : അടിസ്ഥാനങ്ങളും അതിര്‍ത്തികളും (Gravitation : Foundations and Frontiers), പ്രപഞ്ചഘടനാ രൂപീകരണം (Structure Formation in the Universe), ക്വാണ്ടം പ്രമേയങ്ങള്‍: കമനീയമായ സൂക്ഷ്മലോകം (Quantum Themes: The Charms of the Microworld), ആദ്യത്തെ മൂന്നു മിനുട്ടിനു ശേഷം : നമ്മുടെ പ്രപഞ്ചത്തിന്റെ കഥ (After First Three Minutes - The Story of Our Universe) സൈദ്ധാന്തിക ജ്യോതിര്‍ഭൗതികം (Theoretical AstroPhysics)എന്നിവ വളരെ വിഖ്യാതമായ പുസ്തകങ്ങളാണ്.
താണു പത്മനാഭന്റെ പ്രധാന ഗവേഷണമേഖല ഗുരുത്വാകര്‍ഷണത്തെ സംബന്ധിച്ചതായിരുന്നു. രണ്ടു വസ്തുക്കള്‍ക്കിടയിലെ ഗുരുത്വാകര്‍ഷണബലത്തെ വസ്തുക്കളുടെ ദ്രവ്യമാനത്തിന്റെ ഗുണനഫലത്തോട് നേര്‍ അനുപാതത്തിലും അവ തമ്മിലുള്ള അകലത്തിന്റെ വര്‍ഗ്ഗത്തോട് വിപരീതാനുപാതത്തിലും ബന്ധിപ്പിക്കുന്ന ന്യൂട്ടന്റെ നിയമത്തിനു ഒരു വലിയ പരിമിതിയുണ്ടായിരുന്നു. വസ്തുക്കള്‍ക്കിടയിലെ ആകര്‍ഷണം ഒരു വിദൂരപ്രവര്‍ത്തനം (Action at a distance) കൊണ്ടാണ് അതു വിശദീകരിച്ചത്. വസ്തുക്കള്‍ക്കിടയില്‍ എത്ര അകലമുണ്ടെങ്കിലും ഈ വിദൂരപ്രവര്‍ത്തനം മൂലം ഗുരുത്വാകര്‍ഷണബലം അനുഭവവേദ്യമാകുമെന്ന് അതു സങ്കല്‍പ്പിക്കുന്നു. ഐന്‍സ്‌റ്റൈന്റെ സാമാന്യ ആപേക്ഷികതാസിദ്ധാന്ത (General Theory of Relativity) മാണ് ഇതിനെ തിരുത്തിയത്. പ്രപഞ്ചത്തിലെ ഭൗതികസ്ഥലം ദ്രവ്യസാന്നിദ്ധ്യം കൊണ്ട് വളഞ്ഞതായിരിക്കുമെന്ന റീമാന്റെ ആശയത്തെ പ്രയോഗത്തില്‍ കൊണ്ടുവരുന്ന ഐന്‍സ്‌റ്റൈന്‍ നാലു മാനങ്ങളുള്ള സ്ഥല-കാലത്തുടര്‍ച്ചയുടെ ജ്യാമിതി വളവുള്ളതാണെന്നു സങ്കല്‍പ്പിക്കുന്നു. ജോണ്‍ വീലര്‍ ഇങ്ങനെ പറയുന്നു: ദ്രവ്യം സ്ഥല-കാലത്തുടര്‍ച്ചയോട് വളയേണ്ടതെങ്ങനെയെന്നു പറയുന്നു. സ്ഥല-കാലം ദ്രവ്യത്തോട് എങ്ങനെ സഞ്ചരിക്കണമെന്നു പറയുന്നു. 147 ദശലക്ഷം കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന സൂര്യന്റെ ഭൂമിയുടെ മേലുള്ള ആകര്‍ഷണം ഒരു വിദൂരപ്രവര്‍ത്തനമല്ല, സൗരദ്രവ്യം സ്ഥല- കാലത്തു സൃഷ്ടിക്കുന്ന വളവിന്റെ ഫലമാണ്. വലിയ ദ്രവ്യമാനം സ്ഥല- കാലത്തു സൃഷ്ടിക്കുന്ന വളവില്‍ ദ്രവ്യമാനം കുറഞ്ഞ വസ്തുക്കള്‍ ചലിക്കുകയും വലിയ ദ്രവ്യമാനത്തിലേക്ക് ആകര്‍ഷിക്കപ്പെടുകയും ചെയ്യുന്നു. സാമാന്യആപേക്ഷികസിദ്ധാന്തത്തിന്റെ ഗുരുത്വാകര്‍ഷണത്തെ കുറിച്ചുള്ള ധാരണ ഇതാണ്. എന്നാല്‍, ഇതില്‍ പുതുക്കലുകളോ കൂട്ടിച്ചേര്‍ക്കലുകളോ കൂടുതല്‍ ഗ്രാഹ്യമോ നേടേണ്ടിയിരിക്കുന്നുവെന്നാണ് ശാസ്ത്രജ്ഞന്മാര്‍ ഇപ്പോള്‍ കരുതുന്നത്.

പ്രപഞ്ചത്തിന്റെ ത്വരിതഗതിയിലുള്ള വികാസം, ഇരുണ്ട ദ്രവ്യം, ഇരുണ്ട ഊര്‍ജ്ജം എന്നിവയെ കുറിച്ചുള്ള അറിവുകള്‍, പ്രപഞ്ചത്തിലെ നാലു ബലങ്ങളേയും ഏകീകരിക്കാനുള്ള ശ്രമങ്ങള്‍ എന്നിവയെല്ലാം ഗുരുത്വാകര്‍ഷണത്തെ കുറിച്ചുള്ള നമ്മുടെ ധാരണകളെ വീണ്ടും പുതുക്കാന്‍ ആവശ്യപ്പെടുന്നുണ്ടെന്നാണ് ശാസ്ത്രജ്ഞന്മാര്‍ കരുതുന്നത്. ക്വാണ്ടം ബലക്ഷേത്ര സിദ്ധാന്തങ്ങളും സാമാന്യ ആപേക്ഷികതാ സിദ്ധാന്തവും തമ്മിലുള്ള ഉദ്ഗ്രഥനം ഇതിന്നാവശ്യമാണെന്നു പലരും കരുതുന്നു. എന്നാല്‍, ഇത് അത്യന്തം വിഷമകരമായ ഒരു പ്രശ്നമായി ഇപ്പോഴും അവശേഷിക്കുകയാണ്. ഇതില്‍ നിന്നും വ്യത്യസ്തമായ ഒരു പാതയില്‍ സഞ്ചരിക്കാന്‍ ശ്രമിക്കുന്ന ചില ചുവടുകള്‍ വയ്ക്കാന്‍ ശ്രമിക്കുകയും ചില മേഖലകളില്‍ വളരെയേറെ മുന്നോട്ടു പോകാന്‍ കഴിയുകയും ചെയ്തിട്ടുള്ള ഒരു സമീപനമാണ് താണുപത്മനാഭന്റെ ഗവേഷണത്തെ വ്യത്യസ്തമാക്കുന്നത്. ഐന്‍സ്‌റ്റൈന്റെ ഗുരുത്വബലക്ഷേത്ര സമവാക്യങ്ങള്‍ ദ്രവ ബലതന്ത്ര (Fluid Dynamics) ത്തിലെയോ താപഗതിക (Thermo Dynamics) ത്തിലെയോ സമവാക്യങ്ങള്‍ പോലെയാണെന്ന് താണു പത്മനാഭന്‍ അനുമാനിക്കുന്നു. സ്ഥല-കാലത്തിന്റെ വളവ് നിശ്ചയിക്കുന്ന സമവാക്യത്തെ താപഗതികസമവാക്യമായി മാറ്റിയെഴുതാന്‍ താണു പത്മനാഭനു കഴിഞ്ഞു. സ്ഥല-കാലത്തിന്റെ സൂക്ഷ്മഘടകങ്ങളെ മനസ്സിലാക്കാനും അത് എത്രയെന്ന് കണ്ടെത്താനും പത്മനാഭന്റെ ഗവേഷണത്തിനു കഴിയുമെന്നാണ് കരുതപ്പെടുന്നത്. അനുയോജ്യമായ അതിര്‍ത്തികളില്‍ ഇത് ഐന്‍സ്‌റ്റൈന്റെ നിയമത്തിലേക്കു നയിക്കപ്പെടുമെന്നും മനസ്സിലാക്കപ്പെടുന്നു. സാമാന്യ ആപേക്ഷികസിദ്ധാന്തത്തെ കൂടി ഉള്‍ക്കൊള്ളുന്ന കൂടുതല്‍ വിശാലമായ സിദ്ധാന്തത്തിലേക്കു ഇതു നയിക്കപ്പെടും.
പ്രപഞ്ചഘടനാശാസ്ത്രത്തിന്റെ മേഖലയില്‍ പ്രാപഞ്ചിക സ്ഥിരാങ്കവുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തുന്ന ഗവേഷണങ്ങളും അത്യന്തം പ്രാധാന്യമുള്ളതായിരുന്നു. ഗുരുത്വാകര്‍ഷണത്തെ കുറിച്ചുള്ള പഠനങ്ങളില്‍ ന്യൂട്ടനും ഐന്‍സ്‌റ്റൈനും ശേഷം മൂന്നാമത്തെ വിപ്ലവം സാദ്ധ്യമാക്കുന്ന ഗവേഷണങ്ങളിലാണ് നമ്മുടെ സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞന്‍ ഏര്‍പ്പെട്ടിരുന്നത്. ഭൗതികശാസ്ത്രലോകം ഏറെ പ്രതീക്ഷകളോടെ അദ്ദേഹത്തിന്റെ ഗവേഷണങ്ങളെ നോക്കിക്കൊണ്ടിരുന്ന ഒരു സന്ദര്‍ഭത്തിലാണ് വളരെ ആകസ്മികമായി അദ്ദേഹത്തിന്റെ നിര്യാണം സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ പതിനേഴാം തീയതി പൂനയില്‍ അദ്ദേഹം പ്രവൃത്തിയെടുത്തു കൊണ്ടിരുന്ന IUCAA യില്‍ വച്ച് അദ്ദേഹം അന്തരിച്ചു. താണു പത്മനാഭന്റെ വിയോഗം ഭൗതികശാസ്ത്രസമൂഹത്തിന് ഒരു വലിയ ഒരു നഷ്ടമാണ് വരുത്തിയിരിക്കുന്നത്.
ആ മഹാ ശാസ്ത്രജ്ഞന് ആദരാഞ്ജലികള്‍.
ദീദി ദാമോദരന്‍
Mar 27, 2023
3 Minutes Read
കെ.ടി. കുഞ്ഞിക്കണ്ണൻ
Feb 10, 2023
3 Minute Read
Dr. P. Rajendran
21 Sep 2021, 11:43 AM
The article which starts with an unique introduction by quoting the very story of his open page depicts a complete & true picture of Dr Thanu Padmanabhan as a theoretical physcist. Really the article gives inspiration to readers among science community and also helpful in understanding his research field. Well done Prof. Vijayakumar & congratulations.