അപ്രതീക്ഷിത ഡിവൈസുകളാൽ അവതരണം പുതുക്കിയ ‘ആർട്ടിക്​’

മണ്ണും മനുഷ്യനും കാലവും കലരുമ്പോൾ, നിർമ്മിതമാകുന്ന പുതിയ അന്തരീക്ഷത്തിൽ ഒരു പുതിയ അരങ്ങു ഭാഷ രൂപപ്പെടുന്നുണ്ട്. ഏറ്റവും ലളിതമായ തിയറ്റർ ഡിവൈസുകളിലൂടെ അഭിനേതാക്കൾ രൂപപ്പെടുത്തുന്ന ഒരു ഗ്രാഫ് ഉണ്ട്. അതിന്റെ ശബ്ദവും വെളിച്ചവും ഗന്ധവും കലർന്ന സംവേദനം നാടകം ഉള്ളിൽ കലർത്തുന്ന രാഷ്ട്രീയത്തെ കൃത്യമായി വെളിപ്പെടുത്തുന്നു. അദൃശ്യപാഠങ്ങളിൽ സംവദിക്കപ്പെടുന്ന അർഥമാണ് സത്യത്തിൽ ആർട്ടിക്കിന്റെ ശക്തിയും സൗന്ദര്യവും.

Here's an easy way to figure out if you're in a cult: If you're wondering whether you're in a
cult, the answer is yes.

Stephen Colbert,

"നാം' എന്ന് പറയുമ്പോൾ അതിനടിയിൽ പലതരത്തിലുള്ള ആധിപത്യങ്ങളുടെ, വിധേയത്വങ്ങളുടെ, അടിച്ചമർത്തലുകളുടെ, ആജ്ഞകളുടെ, അധികാരനിർമ്മിതമായ അഹങ്കാരങ്ങളുടെ അദൃശ്യമായിക്കിടക്കുന്ന മുഴക്കങ്ങളുണ്ട്. തീർത്തും അരക്ഷിതമായ ആ മുഴക്കങ്ങൾ സൃഷ്ടിക്കുന്ന ഭീതി ചെറുതല്ല...

അവിടെ മനുഷ്യരെ വിഭജിക്കുന്ന പ്രതിലോമ രാഷ്രീയമുണ്ട്.
മനുഷ്യൻ എന്ന സംജ്ഞയെ പലമട്ടിൽ വ്യാഖ്യാനിക്കുന്ന പൊതു ബോധനിർമ്മിതികളുടെ ഭാരങ്ങൾ ഉണ്ട്. കെ.ആർ. രമേശിന്റെ ആർട്ടിക്അത്തരത്തിൽ മനുഷ്യനെ ആഴത്തിൽ അടയാളപ്പെടുത്തിയ ഒരു അനുഭവമായിരുന്നു.

കെ.ആർ. രമേശ്‌ സംവിധാനം നിർവഹിച്ച ആർട്ടിക്ക് എന്ന നാടകം ഉൾകൊള്ളുന്ന മനുഷ്യ രാഷ്ട്രീയത്തിന് അത്തരമൊരു സംവേദന ഇടമുണ്ട്. ഒരു
മനുഷ്യന് ഭൂഗുരുത്വബലം നഷ്ടപ്പെടുകയാണ്. അയാളിൽ നിന്ന് പ്രതീക്ഷയുടെ എല്ലാ സാധ്യതകളെയും വ്യാവഹാരിക ലോകം റദ്ദാക്കാൻ ശ്രമിക്കുന്നു.
ആർട്ടിക്കിന് മൂന്നോ നാലോ സംവേദന അടരുകൾ ഉണ്ട്. വൃദ്ധനായ ഒരു മനുഷ്യന്റെ വർദ്ധക്യകാല ജീവിതത്തിൽ സംഭവിക്കുന്ന അതിജീവനത്തിന്റെ അനുഭവം ഒരു അടർ. രണ്ടാമതായി ഭാവനലോകവും യഥാർത്ഥലോകവും തമ്മിലുള്ള അദൃശ്യമായ ഹിംസാത്മക സംഘർഷങ്ങൾ. മൂന്ന് മനുഷ്യനും പരിസ്ഥിതിയും ഇടയുന്ന, ഇടർച്ചയിലൂടെ ജീവിക്കുന്നതിന്റ അനക്കങ്ങൾ
നാല് വൃദ്ധന്റെ ഭൗതികാസക്തികളും കാമവും ഭോഗാസക്തിയും മണ്ണിന്മേലും
മൂലധനത്തിന്മേലും അയാൾ പുലർത്തുന്ന കാമനകളും മരണാഭിമുഖ്യവും കലർന്ന ജീവിതവും.

""I have always liked
people who can't
adapt themselves to life
pragmatically''

എന്ന് Andrei Tarkovsky പറയുന്നതു പോലെ

കാഴ്ച ശീലമാണ്, സംസ്‌കാരമാണ്...
നിരന്തരം നവീകരിക്കുകയും പുതുക്കുകയും ചെയ്യുന്ന ഒരനുശീലനം. അതിന്റെ പതിവ് മാതൃകകളിലൂടെ സഞ്ചരിച്ച് ഒരാൾക്ക് എത്ര ആഖ്യാനങ്ങൾ വരെ ആകാം. പക്ഷെ ആ ആഖ്യാനങ്ങൾക്കു പിന്നിലെ പാഠഭേദങ്ങളാണ് പ്രസ്തുത കലയുടെ രാഷ്ട്രീയം നിർണ്ണയിക്കുക.

ആർട്ടിക് സ്വീകരിച്ച തിയേറ്റർ സമീപനങ്ങൾ ഏറെ ലളിതമെന്ന് തോന്നുമെങ്കിലും നടന്റെ ശരീരമാണ് സംവേദന മാധ്യമം എന്ന ഗ്രോട്ടോവ്സ്കിയുടെ സങ്കല്പത്തെ ഏറ്റെടുക്കുന്നു ആർട്ടിക്ക് ടീം.

മണ്ണിൽ മനുഷ്യന്റെ നില തെറ്റുമ്പോൾ പരിസ്ഥിതിയിൽ നിന്ന് നിലനിൽപ്പിന്റെ അംശങ്ങൾ ഏറ്റെടുക്കേണ്ടി വരുന്നു മനുഷ്യന്.

അവനെ പരിചരിക്കുന്ന മനുഷ്യർ /സഹ ജീവികൾ പതിയെ അവന്റെ ഹിംസകരായി /പീഡകരായി മാറുന്ന കാഴ്ച നാടകത്തിൽ കാണാം. ഭൂഗുരുത്വം നഷ്ടപ്പെടുന്ന മനഷ്യൻ ഒരു പാള തൊപ്പിയും കലപ്പയും ചെളി മണ്ണും മണ്ണ് മണക്കുന്ന പെണ്ണിനേയും ചേർത്ത് പിടിക്കാൻ ശ്രമിക്കുന്നുണ്ട്. അതയാളുടെ ഒടുവിലത്തെ അതിജീവന ശ്രമമാണ്.

പലതായി പടർന്നു കിടക്കുന്ന മനുഷ്യ ശരീരങ്ങളുടെ, അവരുടെ ധാതു സ്‌മൃതികളുടെ, ശ്വാസത്തിന്റെ അനക്കങ്ങൾ ആണ് ഈ നാടകം.
അപ്രതീക്ഷിതമായ devise ഉപയോഗങ്ങൾ നാടകത്തിന്റെ അവതരണപാoത്തെ പുതുമയുള്ളതാക്കി.

സ്റ്റേജ്, സ്ഥലം, കാലം, ശരീരം എന്നീ സങ്കൽപ്പനങ്ങളെ പൊളിച്ചെഴുതി.
സംരക്ഷിക്കുന്നവർ തന്നെ പിന്നീട് ആക്രോശങ്ങളുമായി അയാളെ നിയന്ത്രിക്കുന്ന കാഴ്ച വേദനിപ്പിക്കുന്നതായിരുന്നു. മനുഷ്യന്റെ മുഖം ഇരയുടെയും വേട്ടക്കാരന്റെയുമായി പതിയെ പടരാവന്നതാണ് എന്ന യാഥാർഥ്യം അവതരണത്തിൽ ഉടനീളം നിഴലിച്ചു നിന്നു പലതായി പടർന്നു കിടക്കുന്ന മനുഷ്യ ശരീരങ്ങളുടെ, അവരുടെ ധാതു സ്‌മൃതികളുടെ, ശ്വാസത്തിന്റെ അനക്കങ്ങൾ ആണ് ഈ നാടകം.

മണ്ണും മനുഷ്യനും കാലവും കലരുമ്പോൾ, നിർമ്മിതമാകുന്ന പുതിയ അന്തരീക്ഷത്തിൽ ഒരു പുതിയ അരങ്ങു ഭാഷ രൂപപ്പെടുന്നുണ്ട്.
ഏറ്റവും ലളിതമായ തിയറ്റർ ഡിവൈസുകളിലൂടെ അഭിനേതാക്കൾ രൂപപ്പെടുത്തുന്ന ഒരു ഗ്രാഫ് ഉണ്ട്. അതിന്റെ ശബ്ദവും വെളിച്ചവും ഗന്ധവും കലർന്ന സംവേദനം നാടകം ഉള്ളിൽ കലർത്തുന്ന രാഷ്ട്രീയത്തെ കൃത്യമായി വെളിപ്പെടുത്തുന്നു. അദൃശ്യപാഠങ്ങളിൽ സംവദിക്കപ്പെടുന്ന അർഥമാണ് സത്യത്തിൽ ആർട്ടിക്കിന്റെ ശക്തിയും സൗന്ദര്യവും.


ഡോ. രോഷ്​നി സ്വപ്​ന

കവി, നോവലിസ്​റ്റ്​, വിവർത്തക, ചിത്രകാരി. തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവകലാശാലയിൽ സ്കൂൾ ഓഫ്​ ലിറ്ററേച്ചർ സ്​റ്റഡീസ്​ ഡയറക്​ടർ. കടൽമീനി​ന്റെ പുറത്തുകയറിക്കുതിക്കുന്ന പെൺകുട്ടി, ചുവപ്പ്​ (കവിതാ സമാഹാരങ്ങൾ), അരൂപികളുടെ നഗരം, ശ്രദ്ധ, കാമി (നോവലുകൾ), കഥകൾ- രോഷ്​നി സ്വപ്​നതുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments