'നിരീക്ഷ' എന്ന ഫെമിനിസ്റ്റ് തിയേറ്റര്‍ പ്രവര്‍ത്തനങ്ങളിലൂടെ

സി.എസ്. ചന്ദ്രിക : നിരീക്ഷ ഏതു വര്‍ഷമാണ് തുടങ്ങുന്നത്? നിരീക്ഷ തുടങ്ങാനുണ്ടായ സാഹചര്യമെന്തായിരുന്നു? 

രാജരാജേശ്വരി കെ. : 1999 ജൂണ്‍മാസം 30 നാണ് രജിസ്റ്റര്‍ ചെയ്ത് നിരീക്ഷ എന്ന സംഘം നിലവില്‍ വരുന്നത്. ഞാനും സുധിയും ചേര്‍ന്നാണ് നിരീക്ഷ രൂപീകരിച്ചത്. നിരീക്ഷ രൂപീകരിക്കുന്നതിന്റെ പിന്നില്‍ ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും വ്യത്യസ്ത സാഹചര്യങ്ങളും കാരണങ്ങളുമാണ് ഉള്ളത്.

സുധി സി.വി. : എനിക്ക് കുറച്ച് പുറകോട്ട് പോയി തുടങ്ങേണ്ടി വരും. സ്‌കൂള്‍ ഓഫ് ഡ്രാമ പഠനകാലത്ത് എന്റെ ഡെസട്ടേഷന്‍ വിഷയം ഫെമിനിസ്റ്റ് തിയേറ്റര്‍ ആയിരുന്നു. എന്റെ ചുറ്റുപാടുകളില്‍ സ്ത്രീമുന്നേറ്റങ്ങളും സ്ത്രീപ്രസ്ഥാനങ്ങളും വളരെ സജീവമായിക്കൊണ്ടിരുന്ന കാലഘട്ടം കൂടിയാണത് എന്നതായിരുന്നു ഈ വിഷയം തിരഞ്ഞെടുക്കാനുള്ള കാരണം. സ്‌കൂള്‍ ഓഫ് ഡ്രാമ പഠനത്തിനു ശേഷം ഫെമിനിസ്റ്റ് തിയേറ്റര്‍ എന്റെ ഉള്ളിലുണ്ട്. അതെങ്ങനെയാണ് രൂപപ്പെടുത്തിയെടുക്കുക എന്നുള്ളതിനെക്കുറിച്ച് കൃത്യമായ രൂപങ്ങളൊന്നുമില്ല. കാരണം ഇവിടെ അങ്ങനെയൊരു തിയേറ്റര്‍ നിലവിലില്ല. അതിന്റെ ഒരു സ്ട്രക്ച്ചര്‍ എങ്ങനെയായിരിക്കുമെന്നും നമുക്കറിയില്ല. അതുകൊണ്ടു തന്നെ ഇത്തരം ആലോചനകള്‍ ഒരു വശത്തും അതിനുള്ള സാധ്യതകളെക്കുറിച്ചുള്ള ആലോചനകള്‍ മറുവശത്തുമായി നില്‍ക്കുന്ന സമയത്താണ് സജിതയും ശ്രീലതയുമായിട്ട് കാണുകയും അഭിനേത്രി എന്നൊരു സംഘം രൂപീകരിക്കുകയും ചിറകടിയൊച്ചകള്‍ എന്ന നാടകം ചെയ്യുകയുമുണ്ടായത്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ അഭിനേത്രി നിലച്ചു പോയി. അതിനു ശേഷമുള്ള വല്ലാത്തൊരു ശൂന്യതയിലാണ് രാജേശ്വരിയുമായിട്ട് കണ്ടു മുട്ടുന്നതും എന്റെ തിയേറ്റര്‍ സ്വപ്നങ്ങളെക്കുറിച്ച് ഞാന്‍ പങ്കു വെയ്ക്കുന്നതും. അത് നിരീക്ഷയുടെ രൂപീകരണത്തിലേക്ക് ഞങ്ങളെ നയിച്ചു. 

രാജരാജേശ്വരി: സെന്റ് സേവ്യേഴ്സ് കോളേജില്‍ ഞാന്‍ പഠിപ്പിച്ചോണ്ടിരുന്ന സമയത്ത് ആക്ടിവിസം കൂടിയുണ്ടായിരുന്നു. അതോടൊപ്പം തന്നെ ഫെമിനിസ്റ്റ് തിയറിയില്‍ ധാരാളം വായിക്കുകയും ചെയ്യുമായിരുന്നു. ആ സമയത്തുണ്ടായിരുന്ന തിയറികളിലൊരു പ്രധാന ഭാഗമായിരുന്നു ഫെമിനിസ്റ്റ് തിയേറ്റര്‍. തിയേറ്റര്‍ എന്നെ എന്തുകൊണ്ടോ വല്ലാതെ ആകര്‍ഷിച്ച ഒരു മീഡിയം ആണ്. പ്രത്യേകിച്ച് ഈ ഫെമിനിസ്റ്റ് ചിന്തകള്‍ക്ക് വളരെ പ്രധാനമായ, വളരെ പവര്‍ഫുള്‍ ആയിട്ടുള്ള ഒരു മീഡിയമായിട്ട് എനിക്ക് തോന്നി. ധാരാളം ആളുകള്‍ പറഞ്ഞു കഴിഞ്ഞു. പക്ഷേ അന്നും എനിക്ക് അതങ്ങനെ തോന്നിയതിന് പ്രധാന കാര്യം അത് സ്ത്രീകളുടെ റെപ്രസന്റേഷനെ ചലഞ്ച് ചെയ്യാമെന്ന കാര്യമായിരുന്നു. ആ സമയത്ത് അത്ര പുരോഗമനപരമായിട്ടുള്ള സ്ത്രീപക്ഷമായിട്ടുള്ള ചിന്തകള്‍ ഉണ്ടായിരുന്ന സമയത്തും ഗ്രൗണ്ട് ലെവലില്‍ ഒരു മുന്നേറ്റം സാധ്യമല്ലായിരുന്നു.

നിരീക്ഷയുടെ നോക്കുകുത്തി എന്ന തെരുവുനാടകത്തില്‍ നിന്ന്

ഇപ്പോഴും നമ്മള് വലിയ മുന്നേറ്റമൊന്നുമില്ലാതെ തുടരുന്നതിനും ഒരുപാട് ഘടകങ്ങള്‍ ഉണ്ട്. അതില്‍ ഒരു പ്രധാനഘടകമാണ് സ്ത്രീ എങ്ങനെ റെപ്രസന്റ് ചെയ്യപ്പെടുന്നു എന്നുള്ളത്. വിഷ്വലി യാഥാസ്ഥിതിക കോണ്‍ടെക്സ്റ്റില്‍ തന്നെയാണ് പ്രസന്റ് ചെയ്യപ്പെടുന്നത്. എന്നിട്ട് അവരെത്ര പുരോഗമനം പറഞ്ഞിട്ടും കാര്യമില്ല എന്നാണ് എന്റെ ഒരഭിപ്രായം. അത് അന്നുമുണ്ടായിരുന്നു. ഒരു ഫെമിനിസ്റ്റ് തിയേറ്ററില്‍ ഇത് ചലഞ്ച് ചെയ്യപ്പെടാം. ഈ പരമ്പരാഗതമായിട്ടുള്ള ഒരു റപ്രസന്റേഷന്‍, ഒരു സ്ത്രീയുടെ രൂപം ഇങ്ങനെ എന്നുള്ളതിനെ ചലഞ്ച് ചെയ്യാന്‍ പറ്റും എന്നുള്ളതായിരുന്നു എന്നെ തിയേറ്ററില്‍ ആകര്‍ഷിച്ചത്.

സുധിയെ പരിചയപ്പെടുമ്പോള്‍ത്തന്നെ തിയേറ്റര്‍ ആണ് സുധിയുടെ മേഖല എന്നറിഞ്ഞപ്പോള്‍ എനിക്കാ താല്പര്യം കുറച്ചുകൂടി പൊങ്ങി വന്നു. അങ്ങനെ ഞങ്ങള്‍ ചര്‍ച്ച ചെയ്യുമായിരുന്നു. തിയേറ്റര്‍, അതിന്റെ സാധ്യതകള്‍... അങ്ങനെ ഏറെക്കാലം ഞങ്ങള്‍ രണ്ടു പേരും ഇത് സംസാരിച്ചിട്ടുണ്ട്. അതിനോടൊപ്പം തന്നെ പറയുവാണെങ്കില്‍, അഭിനേത്രി എന്നൊരു സ്ത്രീകളുടെ കൂട്ടായ്മ രൂപപ്പെടുകയും രണ്ടു മൂന്നു വര്‍ഷത്തിന്റെ ഉള്ളില്‍ അതവസാനിക്കുകയും ചെയ്യുന്നത്- അതൊരു ഘടകമായിരുന്നു ഞങ്ങളുടെ ചര്‍ച്ചകളില്‍. ഒരു സംഘം രൂപീകരിക്കുന്നതിനു മുമ്പ് എന്ത്, എങ്ങനെയാണ് സ്ത്രീകളുടെ സംഘം ഇങ്ങനെ രൂപം കൊണ്ട് തകര്‍ന്നു പോകുന്ന ഒരവസ്ഥ - അത് വരാതിരിക്കാന്‍ എന്തായിരിക്കണം നിരീക്ഷയുടെ ഘടന - അങ്ങനെ ഞങ്ങള്‍ ധാരാളം ആലോചിച്ചിട്ടുണ്ട്. ഇപ്പോള്‍ നിലനില്‍ക്കുന്ന നിരീക്ഷയുടെ സ്റ്റ്രക്ചറിലേക്ക് അത് വന്നതും ഞങ്ങളുടെ ഈ ആദ്യകാല ചര്‍ച്ചകളുടെ തുടര്‍ച്ച തന്നെയാണ്. അങ്ങനെയെടുത്ത തീരുമാനങ്ങളുടെ തുടര്‍ച്ചയായിട്ടാണ് നിരീക്ഷ ഇപ്പോള്‍ ഈ സ്റ്റ്രക്ചറില്‍ നിലനില്‍ക്കുന്നത്.

നിരീക്ഷയുടെ അന്ധിക എന്ന നാടകം,  രചന: രാജരാജേശ്വരി, സംവിധാനം: സുധി ദേവയാനി / Photo: Prajith K.N.

നിരീക്ഷയുടെ പ്രധാനപ്പെട്ട പ്രവര്‍ത്തകര്‍ ആരൊക്കെയാണ്?

സുധി: രണ്ടാമത്തെ ചോദ്യത്തിനു തൊട്ടുള്ള ഉത്തരങ്ങള്‍ നിരീക്ഷയെക്കുറിച്ചുള്ള പൊതുവായ ചോദ്യങ്ങളാണല്ലോ. അതിനെക്കുറിച്ച് ഞങ്ങള്‍ ചര്‍ച്ച ചെയ്തു. രണ്ടു പേരും ചര്‍ച്ച ചെയ്തതിനു ശേഷം ആരെങ്കിലും ഒരാള്‍ പറയും. രാജി തന്നെ സംസാരിക്കുന്നതായിരിക്കും.
രാജരാജേശ്വരി: നിരീക്ഷയുടെ പ്രധാനപ്പെട്ട ഭാരവാഹികള്‍ ഞാനും സുധിയും തന്നെയാണ്. നിരീക്ഷ എന്ന സംഘം ഒരു ചാരിറ്റബിള്‍ സൊസൈറ്റി ആയിട്ട് രജിസ്റ്റര്‍ ചെയ്യണമെന്ന തീരുമാനമായപ്പോള്‍ അതിന്റെ ഒരു സാങ്കേതിക വശമുണ്ടല്ലോ, ഭരണസമിതി, എക്സിക്യൂട്ടീവ് കമ്മറ്റി വേണം, അതില്‍ ഇത്ര പേര്‍ വേണം അങ്ങനെയൊക്കെയുള്ള ചട്ടങ്ങളുണ്ട്. അതനുസരിച്ച് നമ്മളോട് അതു വരെ സഹകരിച്ച് പോന്നിട്ടുള്ള കുറച്ച് സ്ത്രീകളെ കൂട്ടിച്ചേര്‍ത്തുകൊണ്ട് രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ ഇരുപതു വര്‍ഷക്കാലം എടുത്തു നോക്കിയാല്‍ സംഘം പല ഇടങ്ങളിലായിട്ടാണ് പ്രവര്‍ത്തിച്ചു വന്നത്.

അവസാനം, കഴിഞ്ഞ പത്തു വര്‍ഷമായിട്ടാണ് സ്വന്തമായ ഒരാസ്ഥാനത്ത് നിരീക്ഷ പ്രവര്‍ത്തിച്ചു വരുന്നത്. ഈയൊരു ഇരുപതു വര്‍ഷക്കാലയളവില്‍ ഭാരവാഹികളില്‍ ചിലര്‍ ചില അസൗകര്യങ്ങള്‍ കാരണം പൊഴിഞ്ഞു പോയിട്ടുണ്ട്. ഇപ്പോഴുള്ള ഭാരവാഹികളില്‍ അധികം പേരും നിരീക്ഷയുടെ തന്നെ കുട്ടികളുടെ തിയേറ്റര്‍ ആയ 'അനുഭാവ'യിലെ കുറച്ചു കുട്ടികളുടെ അമ്മമാരുണ്ട്. ഭാരവാഹികളില്‍ ആര്‍ട്ടിസ്റ്റുകളെ നമ്മള്‍ പങ്കെടുപ്പിച്ചിട്ടില്ല. രണ്ടും രണ്ടു ടീമുകളായിട്ടാണ് നമ്മള്‍ നിലനിര്‍ത്തിയിട്ടുള്ളത്. തുടക്കത്തിലേ തന്നെ എടുത്ത തീരുമാനമാണത്. ഒരു സംഘത്തിന്റെ ഭാരവാഹിത്വം എന്നത് ഒരു ഉത്തരവാദിത്വമുള്ളതാണ്, അതുപോലെ തന്നെ ഒരു ആര്‍ട്ടിസ്റ്റ് ആയി പ്രവര്‍ത്തിക്കുക എന്നുള്ളത് വേറൊരു തരത്തില്‍ ഉത്തരവാദിത്വം കൂടുതലുള്ളതാണ്. നമുക്കറിയാലോ കലാപ്രവര്‍ത്തിനായിട്ട് സ്ത്രീകള്‍ക്കായി പലപ്പോഴും അധിക സമയമൊന്നും കിട്ടില്ല. ആ സമയം അവര്‍ കലാപ്രവര്‍ത്തനത്തിന് -ആക്ടിംഗ്, സാങ്കേതിക വശങ്ങള്‍ അതിനു വേണ്ടി ചിലവഴിക്കുമ്പോള്‍ ഈ സംഘത്തിന്റെ ചുമതല, മുന്നോട്ടു കൊണ്ടു പോകുന്നതിന്റെ ചുമതല കൂടി അവരെ ഏല്‍പ്പിച്ചാല്‍ അവര്‍ക്കതൊരു വലിയ ഭാരമായിട്ട് തന്നെ നിലനില്‍ക്കും. ഇതിന്റെ ഒരു തിരിച്ചറിവുണ്ട്. ആ ഒരു തിരിച്ചറിവിന്റെ പേരിലാണ് രണ്ടു ടീം ആയിട്ട് നിലനിര്‍ത്തുന്നത്. എന്നാല്‍, ഭാരവാഹിത്വത്തിലുള്ളവര്‍ക്ക് നാടകത്തിലോ വര്‍ക്ക് ഷോപ്പിലോ പങ്കെടുക്കാന്‍ പറ്റില്ലെന്നല്ല. പക്ഷേ ആര്‍ട്ടിസ്റ്റുകള്‍ അങ്ങനെ നില്‍ക്കാറില്ല. കാരണം, മെയിന്‍ ആര്‍ട്ടിസ്റ്റുകള്‍ ക്വാളിഫൈഡ് ആയിട്ടുള്ളവരാണ്. സ്‌കൂള്‍ ഓഫ് ഡ്രാമയോ അല്ലെങ്കില്‍ എവിടെയെങ്കിലും ആക്ടിംഗ് കോഴ്സ് ഒക്കെ കഴിഞ്ഞവരോ ഒക്കെയായ സ്ത്രീകളായിരിക്കും. അവര്‍ക്ക് അതിനുവേണ്ടിയുള്ള ഫുള്‍ ടൈം സ്വാതന്ത്ര്യമാണ് നമ്മള്‍ കൊടുത്തിരിക്കുന്നത്. ഇതൊരു നല്ല തീരുമാനമായിരുന്നു എന്നുള്ളതാണ് നമുക്കു പറയാന്‍ കഴിയുക. ഈ ഇരുപതു ഇരുപത്തൊന്നു വര്‍ഷം, നിരീക്ഷക്ക് സസ്റ്റെയിന്‍ ചെയ്യാന്‍ പറ്റി. ഈ ഒരു സംവിധാനമുള്ളതുകൊണ്ട് ഇത് ഇനിയും മുന്നോട്ടു പോകും എന്നാണ് എനിക്കു തോന്നുന്നത്. നമ്മുടെ മീറ്റിംഗുകളില്‍ എല്ലാവരും പങ്കെടുക്കും. ഭാരവാഹികളും ആര്‍ട്ടിസ്റ്റുകളും. മീറ്റിംഗുകള്‍ എപ്പഴും പൊതുവായിട്ടുള്ളതായിരിക്കും.

നിരീക്ഷ സംഘടിപ്പിച്ച സ്ത്രീ നാടകോത്സവത്തില്‍ ശ്രീജ ആറങ്ങോട്ടുകര എഴുതി താത്രി സംവിധാനം ചെയ്ത 'നിശബ്ദതയുടെ മ്യൂസിയം'

നിരീക്ഷ ചെയ്ത നാടകങ്ങള്‍ ഏതൊക്കെയാണ്? അതിന്റെ സംവിധാനം, രചന, അഭിനയം, സാങ്കേതിക മേഖല ഇതിലെല്ലാം പങ്കെടുത്തവര്‍ ആരൊക്കെയാണ്?

രാജരാജേശ്വരി: ഇരുപത് വര്‍ഷക്കാലയളവിനുള്ളില്‍ നിരീക്ഷ ധാരാളം നാടകങ്ങള്‍ ചെയ്തിട്ടുണ്ട്. നൂറില്‍ കൂടുതല്‍ നാടകങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. അത് പല രീതിയിലുള്ള നാടകങ്ങളാണ്. കുട്ടികളുടെ നാടകം, വര്‍ക്ക് ഷോപ്പിന്റെ ഭാഗമായി നടന്ന നാടകങ്ങള്‍, സ്ത്രീകൂട്ടായ്മകളുടെ ഭാഗമായി നടന്ന നാടകങ്ങള്‍, കാമ്പസുകളില്‍ നടത്തിയ വര്‍ക്ക്ഷോപ്പുകളുടെ ഭാഗമായി രൂപം കൊണ്ട നാടകങ്ങളുണ്ട്. തെരുവുനാടകങ്ങള്‍ ഉണ്ട്. അതോടൊപ്പം ലഘുനാടകങ്ങളുണ്ട്. ഇതൊക്കെ ചേര്‍ത്തു പറയുകയാണെങ്കില്‍ ഒരുപാട് നാടകങ്ങള്‍ നിരീക്ഷയില്‍ രൂപം കൊണ്ടിട്ടുണ്ട്. സാധാരണ ഇത്തരം ചോദ്യങ്ങള്‍ വരുമ്പോള്‍ എടുത്തു പറയാറുള്ളത് മത്സരങ്ങളില്‍ പങ്കെടുത്തതോ അല്ലെങ്കില്‍ ഫെസ്റ്റിവലുകളില്‍ പങ്കെടുത്തതോ ആയിട്ടുള്ള നാടകങ്ങളാണ്. ആ രീതിയില്‍ ഞാന്‍ പറയാം. അങ്ങനെ പറയുകയാണെങ്കില്‍ ആദ്യം പറയേണ്ടത് സംഗീത നാടക അക്കാദമി മത്സരത്തില്‍ ആദ്യമായി പങ്കെടുത്ത നാടകമാണ് പ്രവാചക. അവസാന റൗണ്ടിലുള്ള പതിനെട്ടു നാടകങ്ങളില്‍ ഒരു നാടകമായിരുന്നു 'പ്രവാചക'. സ്ത്രീ സംഘത്തിന്റെ, സ്ത്രീ രചനയും സ്ത്രീ സംവിധാനവും ചെയ്ത ഒരു നാടകമായിരുന്നു മൊത്തം പതിനേഴ് പുരുഷന്‍മാര്‍ സംവിധാനം ചെയ്ത നാടകത്തിന്റെ കൂടെ മത്സരിച്ചത്. മികച്ച നടിക്കുള്ള സമ്മാനം ആതിരക്ക് ലഭിക്കുകയും ചെയ്തു. അതിനു ശേഷം ഈ നാടകം ധാരാളം ഫെസ്റ്റിവലുകളില്‍ പങ്കെടുത്തു.

ഡല്‍ഹിയില്‍ ഫെസ്റ്റിവലില്‍ പങ്കെടുത്തു. പി ആര്‍ ഡിയുടെ, പിന്നെ കോഴിക്കോട് അങ്ങനെ ലോക്കല്‍ ആയിട്ടുള്ള ഫെസ്റ്റിവലുകളില്‍ പങ്കെടുത്തു. അതിനു ശേഷം 'ആണുങ്ങളില്ലാത്ത പെണ്ണുങ്ങള്‍' - അതൊരു ഇറാനിയന്‍ നോവലിനെ അടിസ്ഥാനമാക്കി സ്‌ക്രിപ്റ്റ് ചെയ്ത നാടകമാണ്. അത് ഇറ്റ്ഫോക്കില്‍ പങ്കെടുത്തു. പിന്നെ ഗോവ ഫെസ്റ്റിവലില്‍ പങ്കെടുത്തു. മത്സരത്തിലും പങ്കെടുത്തു. അതില്‍ മികച്ച സംവിധായികക്കുള്ള അവാര്‍ഡ് സുധിക്ക് ലഭിച്ചു. നല്ല ചമയത്തിന് സുരഭിക്ക് അവാര്‍ഡ് കിട്ടി. 'പുനര്‍ജ്ജനി' വീണ്ടും ഡെല്‍ഹിയില്‍ കളിച്ച നാടകമാണ്. തെരഞ്ഞെടുക്കപ്പെട്ട് വി ആര്‍ എമ്മില്‍ കളിച്ചു. ഇവിടത്തെ നാഷണല്‍ ഫെസ്റ്റിവലിലും കളിച്ചു. ഇതുപോലെ സമീപകാലത്തെ നാടകങ്ങളായ 'വര്‍ത്തമാനം', 'അവതാര്‍' ഇവയൊക്കെ ലോക്കല്‍ ഫെസ്റ്റിവലുകളില്‍ കളിച്ച നാടകങ്ങളാണ്. നിരീക്ഷയില്‍ രൂപപ്പെട്ടിട്ടുള്ള നാടകങ്ങളില്‍ തൊണ്ണൂറു ശതമാനം നാടകങ്ങളിലും രചന രാജരാജേശ്വരിയും സംവിധാനം സുധിയുമാണ്. മറ്റെല്ലാം ചിലപ്പോള്‍ മാസ്റ്റേഴ്സിന്റെ നാടകങ്ങള്‍ എടുത്ത് നാടകവായന നടത്തുകയും അതില്‍ നിന്ന് നാടകം രൂപം കൊള്ളാറുണ്ട്. ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍ നിരീക്ഷയുടെ നാടകങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. ഒരു നാടകത്തില്‍ പങ്കെടുക്കുന്നവര്‍ അടുത്ത നാടകത്തില്‍ പങ്കെടുക്കണമെന്നില്ല. അവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. വേറെ സംഘത്തില്‍ പോയി നാടകം അഭിനയിക്കാം. ആദ്യകാല നാടകങ്ങള്‍ അങ്ങനെയായിരുന്നു. ചിലര്‍ വരും അഭിനയിക്കും പോകും. വീണ്ടും തിരിച്ചു വരും. വിവാഹിതരായിട്ട് പോകുന്നവരുണ്ട്.

ഗതീയത നാടകത്തില്‍ നിന്ന്

അവര്‍ക്ക് മക്കളൊക്കെയായി വലുതാവുമ്പോ വീണ്ടും തിരിച്ചു വരും. അങ്ങനെയൊക്കെ ആര്‍ട്ടിസ്റ്റുകള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്. പാമാങ്കോട് ഒരു തിയേറ്റര്‍ ആയി സ്ഥാപനമായി മാറിയ ശേഷം സാലറി ഗ്രാന്റ് ഒക്കെ കിട്ടിയ ശേഷം കൃത്യമായി പത്ത് ആര്‍ട്ടിസ്റ്റുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ വര്‍ക്ക്ഷോപ്പുകളില്‍ പങ്കെടുത്ത് നമ്മളോടൊപ്പം പ്രവര്‍ത്തിക്കുന്നവരാണ്. സാങ്കേതികവശങ്ങള്‍ വ്യത്യസ്തങ്ങളായ സംഘങ്ങളാണ് കൈകാര്യം ചെയ്യുന്നത്. നിരീക്ഷയില്‍ പുരുഷ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നത് പുരുഷന്‍മാര്‍ തന്നെയാണ്. അതുപോലെ സാങ്കേതിക വശങ്ങള്‍ കൈകാര്യം ചെയ്യുന്ന ധാരാളം പുരുഷന്‍മാരുണ്ട്. സ്ത്രീകള്‍ മാത്രമുള്ള സ്ത്രീനാടകവേദിയല്ല നിരീക്ഷ. ഇവിടെ സ്ത്രീകളും പുരുഷന്‍മാരും ചേര്‍ന്ന് സ്ത്രീപക്ഷ നാടകങ്ങള്‍ രൂപപ്പെടുത്തുന്നു.

നിരീക്ഷയുടെ പ്രധാന ലക്ഷ്യം എന്താണ്? ആ ലക്ഷ്യത്തിലേക്കു വേണ്ടിയുളള പ്രവര്‍ത്തന രീതികള്‍ എന്തൊക്കെയാണ്? പ്രൊഡക്ഷന്‍ മാത്രമല്ലാതെ മറ്റെന്തൊക്കെയാണ്  ചെയ്യുന്നത്?

രാജരാജേശ്വരി : സ്ത്രീപക്ഷ നാടകങ്ങള്‍ സൃഷ്ടിക്കുക എന്നു മാത്രം  പറഞ്ഞാല്‍ അത് ചുരുങ്ങിപ്പോകും. സ്ത്രീപക്ഷ നാടകങ്ങള്‍ സൃഷ്ടിക്കുക എന്നതോടൊപ്പം തന്നെ പ്രധാനപ്പെട്ടതാണ് സ്ത്രീയുടെ റെപ്രസെന്റേഷന്‍ എങ്ങനെയാണ് കലാരൂപങ്ങളില്‍ ഒരു തരത്തില്‍ പ്രശ്നവല്‍ക്കരിക്കുക, അതിനെ മാറ്റിമറിക്കാനുള്ള ശ്രമം ഈ നാടകം എന്ന മാധ്യമത്തിലൂടെ എങ്ങനെ ചെയ്യാം എന്നുള്ള ഒരന്വേഷണം കൂടിയുണ്ട്. അതാണ് പ്രാഥമികമായിട്ടുള്ള പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനം. അതിന്റെ ഭാഗമായിട്ട് സ്ത്രീപക്ഷ നാടകങ്ങള്‍ ചെയ്യുന്നു, ശില്പശാലകള്‍ ചെയ്യുന്നു. ഈ ശില്പശാലകളില്‍ തന്നെ എപ്പോഴും വ്യത്യസ്തങ്ങളായ വ്യായാമങ്ങള്‍ ആണ് കൊടുക്കുന്നത്. പ്രധാനപ്പെട്ട ലക്ഷ്യം എന്നു പറയുന്നത് സ്ത്രീപക്ഷമായ ദൃശ്യങ്ങളാണ്, സ്ത്രീകള്‍ക്ക് ദൃശ്യങ്ങളെ സ്വന്തമാക്കാം, സ്ത്രീകളുടെ സൃഷ്ടിയായിട്ടു തന്നെ ഒരു ദൃശ്യമെങ്ങനെ നിലകൊള്ളുമെന്ന്, Makers of own visual എന്നൊരു കോണ്‍സെപ്റ്റ് ആണ് നമുക്ക് ഇതിലുള്ളത്. എപ്പഴും കാഴ്ചവസ്തുവായിട്ടാണല്ലോ, അതിപ്പഴും അങ്ങനെ തന്നെയാണ് കാഴ്ചവസ്തുവായിട്ടാണ് സ്ത്രീയെ ദൃശ്യവല്‍ക്കരിക്കുന്നത്. അതില്‍ നിന്നൊരു മാറ്റം വരുത്താന്‍, എങ്ങനെയായിരിക്കണം സ്വന്തം സൃഷ്ടി, അതില്‍ സ്വയം എങ്ങനെയാണ് നമ്മള്‍ ദൃശ്യപ്പെടുത്തുക എന്നുള്ളതൊക്കെ അടിസ്ഥാനചോദ്യങ്ങളൊക്കെ, അന്വേഷണങ്ങളൊക്കെയായിട്ടാണ് ഇത് പോകുന്നത്. ജെന്ററും പെര്‍ഫോമന്‍സും എന്ന നിലയിലാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. എങ്ങനെയാണ് ജെന്ററിനെ മറികടക്കാന്‍ പറ്റുമോ, ബിയോണ്ട് ദ ജെന്റര്‍ പോകാന്‍ പറ്റുമോ എന്നുള്ള അന്വേഷണത്തിലൊക്കെയാണ് ഇപ്പോള്‍ നിരീക്ഷ എത്തി നില്‍ക്കുന്നത്. ലക്ഷ്യം എന്നു പറയുന്നത് ഒരു അവതരണത്തിലെങ്ങനെയായിരിക്കും ജെന്റ്ര്‍ പ്രശ്നവല്‍ക്കരിക്കുന്നത്, മറികടക്കുന്നതെങ്ങനെ, പെര്‍ഫോമന്‍സില്‍ അതൊരു തടസ്സമാണോ, അല്ലെങ്കില്‍ അതിന്റെ സാധ്യതകളെന്തൊക്കെയാണ് എന്നൊക്കെയുള്ള അന്വേഷണങ്ങളില്‍ക്കൂടിയാണ് ഇപ്പോള്‍ പോയിക്കൊണ്ടിരിക്കുന്നത്.

മലയാള നാടകവേദിയില്‍ നില്‍ക്കുമ്പോള്‍ നിരീക്ഷയുടെ സവിശേഷമായ സംഭാവനകള്‍ എന്തൊക്കെയാണ്? എങ്ങനെയാണ് സ്വയം വിലയിരുത്തുന്നത്?

രാജരാജേശ്വരി : ഇന്ന് മലയാള നാടകവേദിയെപ്പറ്റിയുള്ള ഏതൊരു ഗൗരവതരമായ ചര്‍ച്ചകളിലും സ്ത്രീപക്ഷനാടകം എന്ന വിഷയം ഉള്‍പ്പെടുത്തിക്കാണാറുണ്ട്. അത് നിരീക്ഷയുടെ സംഭാവനയാണ്, നിരീക്ഷ അതിനൊരു കാരണമാണ് എന്ന് ധൈര്യപൂര്‍വ്വം പറയാന്‍ സാധിക്കും. സ്ത്രീപക്ഷനാടകപ്രവര്‍ത്തനം തുടര്‍ച്ചയായി നടത്തിവരുന്നു എന്നുള്ളതാണ് ഇതിന്റെ ഒരു പ്രധാന കാരണം. നേരത്തേ അതൊരു എക്സോട്ടിക് വിഷയമായിരുന്നു. എപ്പോഴെങ്കിലും ആരെങ്കിലുമൊക്കെ എടുത്തു കൊണ്ടു വരുന്ന ഒരു വിഷയമായിരുന്നു. ഇന്ന് അതൊരു ആവശ്യമാണ്. അതിനോടൊപ്പം തന്നെ മാര്‍ജിനലൈസ്ഡ് തിയേറ്ററുകളെക്കുറിച്ചുള്ള പഠനങ്ങള്‍ വളരെ ഗൌരവപൂര്‍വ്വം അക്കാദമിക തലത്തില്‍ തന്നെ നടന്നു വരുന്നു. ഇത് നിരീക്ഷയുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വന്നതാണെന്ന് തന്നെയാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്. അതുപോലെ സ്‌കൂള്‍ ഓഫ് ഡ്രാമ പോലയുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ ഫെമിനിസ്റ്റ് തിയേറ്റര്‍ ബിരുദാനന്തര തലത്തില്‍ ഒരു പേപ്പര്‍ ആയിട്ട് ഉള്‍പ്പെടുത്തപ്പെട്ടിരിക്കുന്നു. പ്രവാചക എന്ന നാടകം അതിലെ നാടക വായന പട്ടികയിലുണ്ട്. ഇതൊക്കെ നിരീക്ഷയുടെ തുടര്‍ച്ചയായിട്ടുള്ള പ്രവര്‍ത്തനം മൂലം കൊണ്ടു വന്നതു തന്നെയാണ്. അക്കാദമിക് തലത്തില്‍ ഇതു നടക്കുമ്പോള്‍ തന്നെയും ധാരാളം സ്ത്രീകൂട്ടായ്മകള്‍ ഈ പ്രവര്‍ത്തനങ്ങളിലേക്ക് വന്നതാണ്, സ്ത്രീകള്‍ മാത്രം പങ്കെടുക്കുന്ന നാടകസംഘങ്ങളെ രംഗശ്രീ എന്ന പേരിലുണ്ടാക്കി. നാടകം കളിച്ച് വരുമാനം ഉണ്ടാക്കുന്ന മൈക്രോ എന്റര്‍പ്രൈസ് ആയിട്ടാണ് ഇപ്പോള്‍ ഈ നാടകസംഘം പ്രവര്‍ത്തിക്കുന്നത്. നാടകം കളിച്ച് ഒരു വരുമാനം ഉണ്ടാക്കാമെന്നും അതൊരു തൊഴില്‍ ആണെന്നും സര്‍ക്കാര്‍ തലത്തില്‍ അതിന് അംഗീകാരം കിട്ടിയതാണ്. ഇതൊരു വലിയ മുന്നോട്ടു പോക്കാണ്. കാരണം സ്ത്രീകളുടെ മാത്രം സംഘങ്ങളാണിത്. അങ്ങനെ പത്തോളം സംഘങ്ങളുണ്ട്. ഇപ്പോള്‍ എല്ലാ ജില്ലകളിലുമുണ്ട്. ഈ ആശയം നിരീക്ഷയുടെ ഭാഗത്തു നിന്ന് ഉണ്ടായതാണ്. സ്ത്രീകളുടെ കമ്മ്യൂണിറ്റി തിയേറ്റര്‍ എന്നത്. അതിനെ ചുവടുപിടിച്ച് ഇപ്പോള്‍ പല ആളുകളും ചെയ്യുന്നുണ്ട്. നിരീക്ഷയുടെ ആശയത്തിലാണ് ഇതെല്ലാം ഇന്ന് പ്രയോഗിക്കപ്പെടുന്നതും പരീക്ഷിക്കപ്പെടുന്നതും. അതോടൊപ്പം റിസര്‍ച്ചിന്റെ തലത്തില്‍, ജെന്റര്‍ എങ്ങനെയാണ് പെര്‍ഫോമന്‍സുമായി ബന്ധപ്പെടുന്നത് എന്ന ചിന്ത വ്യാപിപ്പിക്കാന്‍ ഒരുപാടു പ്രഭാഷണത്തിലൂടേയും ചര്‍ച്ചകളിലൂടേയുമൊക്കെ നീരീക്ഷക്ക് സാധിച്ചിട്ടുണ്ട്. സ്‌കൂള്‍ ഓഫു ഡ്രാമ പോലുള്ള ഇടങ്ങളിലൊക്കെ ഇത് ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. പുതിയതായി വരുന്ന വിദ്യാര്‍ത്ഥികള്‍ ഇതൊക്കെ അവരുടെ പ്രൊഡക്ഷനുകളില്‍ കൊണ്ടു വരുന്നുണ്ട്. സ്‌കൂള്‍ തലത്തിലുമൊക്കെ കൂടുതല്‍ സ്ത്രീപക്ഷത്തോടുകൂടിയ നാടകങ്ങളുണ്ടാകുന്നു. ഇതൊക്കെ നിരീക്ഷയുടെ തുടര്‍ച്ചയായ ഇരുപതു വര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ടാണെന്ന് പറയാന്‍ കഴിയും.

തിരുവനന്തപുരത്ത് സംഘടിപ്പിച്ച നാടക വര്‍ക്ക്ഷോപ്പില്‍ നിന്ന്

സവിശേഷമായ സംഭാവനകള്‍ എന്നു പറയാനുള്ളത് നിരീക്ഷയുടെ നാടകങ്ങള്‍ തന്നെയാണ്. അവ ഓരോന്നും പ്രത്യേക രീതിയില്‍ പഠനം അര്‍ഹിക്കുന്നതു തന്നെയാണ്. കാരണം ആ നാടകങ്ങളുടെ ദൃശ്യങ്ങള്‍ എന്നു പറയുന്നത് ഒരു സ്ത്രീപക്ഷ കാഴ്ചയാണ്, അതിനൊരു പ്രത്യേകതയുണ്ട്. മറ്റു സ്ത്രീപക്ഷനാടകങ്ങളില്‍ കാണാത്ത തരത്തിലുള്ള ദൃശ്യങ്ങളുടെ കോമ്പസിഷന്‍സ് ഉണ്ട് ഇതില്‍. ദൃശ്യരൂപീകരണത്തില്‍ വരുന്ന പ്രത്യേകതയുണ്ട്. അതൊരു ഭാവിക്കുള്ള സവിശേഷ സംഭാവന തന്നെയാണ്. ഏതെങ്കിലും ഒരു കാലത്ത് ഗൗരവത്തോടെ ഒരു വിദ്യാര്‍ത്ഥി അല്ലെങ്കില്‍ വിദ്യാര്‍ത്ഥിനി സ്ത്രീപക്ഷനാടകദൃശ്യങ്ങള്‍ എന്നുള്ള ഒരു വിഷയം പഠിക്കുമ്പോള്‍ നിരീക്ഷയുടെ നാടകങ്ങള്‍ തീര്‍ച്ചയായും അതിന്റെ പ്രത്യേകത കൊണ്ട് പഠനവിധേയമാകും എന്നുറപ്പാണ്. ഏറ്റവും പ്രധാനപ്പെട്ട സംഭാവന നിരീക്ഷയുടെ നാടകങ്ങള്‍ തന്നെയാണ്. മലയാള നാടകവേദിയില്‍ എങ്ങനെയാണ് നിരീക്ഷയുടെ പ്രവര്‍ത്തനം വഴി ഒരു സ്ത്രീപക്ഷ നാടകങ്ങള്‍ എന്നതിന് പ്രാധാന്യം അതു വഴി മറ്റു സ്പെഷ്യലൈസ്ഡ് ആയിട്ടുള്ള തിയേറ്റര്‍ - ദലിത് തിയേറ്റര്‍ ആവട്ടെ, ട്രാന്‍സ്ജെന്റര്‍ തിയേറ്റര്‍ ആവട്ടെ - ഇന്ന് അത്തരം തിയേറ്ററുകളെക്കുറിച്ചാണ് എല്ലാവരും സംസാരിക്കുന്നത് അല്ലെങ്കില്‍ ചര്‍ച്ച ചെയ്യുന്നത്.

നിരീക്ഷയുടെ മുന്നോട്ടുള്ള പോക്കില്‍ നേരിടുന്ന വെല്ലുവിളികള്‍ എന്തൊക്കെയാണ്? സാധ്യതകള്‍ എന്തൊക്കെയാണ്?

രാജരാജേശ്വരി: ആദ്യകാലത്ത്, സ്ത്രീപക്ഷദൃശ്യങ്ങള്‍ എങ്ങനെയാണ് രൂപപ്പെടുത്തുക, ചിട്ടപ്പെടുത്തുക അതിന്റെ അഭിനയപദ്ധതികള്‍ എന്തായിരിക്കണം സ്ത്രീകളുടെ ശരീരത്തിനാവശ്യമായ വ്യായാമ പദ്ധതികള്‍ എങ്ങനെയുള്ളവയായിരിക്കണം എന്നൊക്കെയുള്ള ചോദ്യങ്ങളും അതിന്റെ ഉത്തരം കണ്ടെത്തലും ഒക്കെ ഒരു കാലം വരെ നമുക്ക് ഒരു വെല്ലുവിളിയായിരുന്നു. ഇന്ന് പറയുവാണെങ്കില്‍, ശരിക്കും ഒരു വെല്ലുവിളി എന്നു പറയുന്നത് ഒരു പെര്‍ഫോമന്‍സിലുള്ള ജെന്റര്‍ ആണ്. അതായത്, വളരെ ലളിതമായിട്ടുള്ളതല്ല, ജെന്റര്‍ ഇല്ലാത്ത ശരീരത്തെ സൃഷ്ടിക്കാന്‍ പററുമോ, അത് സൃഷ്ടിക്കുന്നതെന്തിന് ആ സൃഷ്ടിയിലൂടെ എന്താണ് സാധ്യമാകുന്നത്, ജെന്റര്‍ എന്നത് ഒരു ദൃശ്യപദ്ധതിക്ക്, അല്ലെങ്കില്‍ കാണുന്ന കാണിയില്‍ എന്തൊക്കെയാണ് ചലനങ്ങളുണ്ടാക്കുന്നത്, ആസ്വാദനത്തിന് തടസ്സമായി നില്‍ക്കുന്നത്, ആസ്വാദനം അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തിന് ജെന്റേഡ് ആയിട്ടുള്ള ശരീരം തടസ്സമായി നില്‍ക്കുന്നു, അതിനപ്പുറം ഒരു ആശയവിനിമയം സാധ്യമാണോ ഒരാശയത്തിന്റെ, ഒരു വികാരത്തിന്റെ ആശയവിനിമയം ജെന്ററിനപ്പുറത്തേക്ക് സാധ്യമാണോ - ഇങ്ങനെയൊക്കെയുള്ള ചോദ്യങ്ങള്‍ അതിന്റെ ഉത്തരങ്ങള്‍ കണ്ടെത്താനുള്ള പരീക്ഷണങ്ങള്‍, ചെറിയ തോതിലുള്ള വ്യായാമങ്ങള്‍, അങ്ങനെയൊക്കെയാണ് ഇന്ന് നിരീക്ഷ നടത്തിക്കൊണ്ട് വരുന്നത്. അവയുടെ തിയറ്ററിക്കല്‍ തലത്തിലും പ്രവര്‍ത്തന തലത്തിലും ഇത് ഞങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നു. ഇന്നത്തെ ഒരു പ്രവൃത്തി മണ്ഡലം അല്ലെങ്കില്‍ പ്രവര്‍ത്തന രീതി അതാണ്. അത് വെല്ലുവിളി എന്ന നിലയിലല്ല ഞങ്ങള്‍ കാണുന്നത്, കൂടുതലും പരീക്ഷണങ്ങള്‍ ആയിട്ടാണ് കാണുന്നത്. അതുകൊണ്ടു തന്നെ ഈ വെല്ലുവിളി ഒരേ സമയം സാധ്യതയും ആവുന്നുണ്ട്.

(കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് ഉടനെ പ്രസിദ്ധീകരിക്കുന്ന സി. എസ്. ചന്ദ്രികയുടെ "സ്ത്രീനാടകം: മലയാള നാടകവേദിയിലെ സ്ത്രീപ്രതിനിധാനങ്ങള്‍' എന്ന ഗവേഷണ പുസ്തകത്തില്‍ നിന്ന്. 2020 ജൂണ്‍ 26 ന് നടത്തിയ അഭിമുഖം.)


സി.എസ്. ചന്ദ്രിക

കഥാകൃത്ത്, നോവലിസ്റ്റ്, സ്ത്രീപക്ഷ പ്രവർത്തക. എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിൽ കമ്യൂണിറ്റി അഗ്രോ ഡൈവേർസിറ്റി കേന്ദ്രത്തിൽ സീനിയർ സയന്റിസ്റ്റ്. പിറ, എന്റെ പച്ചക്കരിമ്പേ ക്ലെപ്റ്റോമാനിയ, ഭൂമിയുടെ പതാക, ലേഡീസ് കമ്പാർട്ട്മെന്റ്, റോസ, പ്രണയകാമസൂത്രം - ആയിരം ഉമ്മകൾ, ആർത്തവമുള്ള സ്ത്രീകൾ, മലയാള ഫെമിനിസം, കേരളത്തിന്റെ സ്ത്രീചരിത്രങ്ങൾ : സ്ത്രീമുന്നേറ്റങ്ങൾ, കേരളത്തിലെ സ്ത്രീമുന്നേറ്റങ്ങളുടെ ചരിത്രം, കെ. സരസ്വതിയമ്മ എന്നിവ പ്രധാന കൃതികൾ.

Comments