രാമചന്ദ്രൻ മൊകേരി / ഫോട്ടോ: കമൽറാം സജീവ്

കൂത്തധികാരത്തിന്റെ
പാട്ടുകാരൻ

സവർണ നാട്യസംസ്‌കാരത്തിന്റെ മിച്ചമൂല്യത്തിൽ കെട്ടിപ്പടുത്ത നാടകങ്ങളാണ് ഇവിടെയുണ്ടാകുന്നത് എന്നതിൽ രാമചന്ദ്രൻ മൊകേരി ആശങ്കപ്പെട്ടു. ഫ്യൂഡൽ - ബ്രാഹ്‌മണിക്​ അധിനിവേശത്തിന്റെ മിച്ചമുള്ള ചോറാണ് ഇവിടെ നാടകമായി വേവുന്നത് എന്ന് ചെവിയുള്ളിടങ്ങളിലൊക്കെ വിളിച്ചുപറഞ്ഞു

‘കൈയ്യിൽനിന്ന് നിലത്തുവീണുടഞ്ഞുപോയ; ആയിരം, പതിനായിരം കഷണങ്ങളായി ചിന്നിച്ചിതറിപ്പോയ ഒരാൾക്കണ്ണാടി. ചോരയിൽ മുങ്ങി കഷണങ്ങളായി പിടയുന്ന സോവിയറ്റ് സ്വപ്നങ്ങൾ. ഹൃദയം പൊട്ടിത്തകർന്ന് ചിതറിപ്പോയ പ്രാർത്ഥനകളുടെ ബാബറി മസ്ജിദ്. തകർക്കപ്പെടുന്ന നമ്മുടെ സ്വന്തം മുഖങ്ങളും മുഖക്കണ്ണാടികളും... ആയിരമായിരം കഷണങ്ങളായി ചിതറിപ്പോവുന്ന നമ്മൾ, സമൂഹങ്ങൾ, തത്വചിന്തകൾ, പ്രത്യയശാസ്ത്രങ്ങൾ. ഞാൻ ആ കണ്ണാടിക്കഷണങ്ങളിൽ ചിതറിക്കിടക്കുന്നു’, സോവിയറ്റ് യൂനിയനും സുരാസുവും ഇല്ലാതായതിനുശേഷം രാമചന്ദ്രൻ മൊകേരി രചിച്ച നാടകപാഠമാണ് ‘സുരാസു അഥവാ ചിഹ്നഭിന്ന വിജ്ഞാനീയത്തിന് ഒരാമുഖ നാടകം' . ഒരു രണ്ടാം മൊകേരിയുടെ പിൽകാലത്ത് രൂപപ്പെടാനിരിക്കുന്ന കൂത്താട്ടപ്രകാരത്തിലേക്ക് നയിക്കുന്ന സൂചനകൾ ഈ കൃതി ഉൾക്കൊള്ളുന്നു. ഛിന്നഭിന്നമാക്കപ്പെട്ട മാക്‌സിനെ പറ്റി, എംഗൽസിനെ പറ്റി, മാവോയെ പറ്റി, വലിയ ചുടുകാടുകളിലും ചെറിയ ചുടുകാടുകളിലും ചിതറിക്കിടക്കുന്ന ചരിത്രപുരുഷൻമാരല്ലാത്ത രക്തസാക്ഷികളെ പറ്റി സാധാരണ മനുഷ്യരോട് പറഞ്ഞു​കൊടുക്കാൻ അത് നാടകത്തോട് നിലപാടെടുക്കുന്നു.

അമ്മ, സ്പാർട്ടക്കസ്, എമ്പറർ ജോൺസ് മുതലായ വലിയ നാടകങ്ങളിലും ആ കാലത്തിന്റെ സാഹസികമായ വലിയ മുൻകൈകളിലും ഒരു മൊകേരിയുണ്ട്. ആ മൊകേരി കേരളത്തിലെ നാടകപ്രസ്ഥാനത്തിന്റെ ചരിത്രത്തിലുമുണ്ട് . അങ്ങനത്തെ ഒരു വലിയ ചരിത്രത്തിൽ നിന്ന് ‘ഇല്ലാ നാടകവേദി'കളിലേക്കുള്ള ഇറങ്ങി നടത്തത്തിന്റെ ധീരതയായിരുന്നു മൊകേരി. സത്യസന്ധമായ ആ അന്വേഷണത്തിന്റെ ചരിത്രം രേഖപ്പെടുത്താനുള്ള മാപിനികൾ മലയാളം ആർജിച്ചിരുന്നില്ല എന്നത് മറ്റൊരു കാര്യം.

ഇന്ത്യയിലെ ദലിത് രാഷ്ട്രീയധാരയോട് മാർക്‌സിസ്റ്റുകൾ പുലർത്തുന്ന അലംഭാവം മൊകേരിയെ ഖിന്നനാക്കിയിരുന്നു. ശരിയാംവണ്ണം ഗൃഹപാഠം ചെയ്യാത്തതുകൊണ്ട് ക്ലാസിൽനിന്ന് പുറത്തു നിർത്തപ്പെട്ട ഒരു കുട്ടിയായി അദ്ദേഹം ഇന്ത്യൻ മാക്‌സിസത്തെ കണ്ടു.

‘നിൻ വിളിയാരും കേട്ടീലെങ്കിൽ പോകുകയൊറ്റക്കൊറ്റക്ക്’ എന്നതായിരുന്നു രണ്ടാം മൊകേരി സ്വീകരിച്ച വഴി. ദുരന്തങ്ങൾ മഴ പൊലെ പെയ്തപ്പൊ​ഴൊക്കെയും, അധികാരം ഫണം ഉയർത്തുന്നിടങ്ങളിലെല്ലാം, ഇതാ വാൾ കൊണ്ടവന്റെ വരവായ് എന്ന് സ്വയം വിളിച്ചറിയിച്ച് ഇടിമുഴക്കം പോലെ മൊകേരിയെത്തി. മട്ടാഞ്ചേരിയിലേയും കോഴിക്കോട്ടെയും തിരുവനന്തപുരത്തെയും തെരുവുസായാഹ്നങ്ങളിൽ അയാൾ വൈദ്യുതി പടർത്തി. ചിലപ്പോൾ യൂണിവേഴ്‌സിറ്റിയിലെ ചുമട്ടുതൊഴിലാളിയായ രാജനോടൊത്ത്, രക്തത്തിൽ എഴുതിയ ഒരു നാടക ഉടമ്പടി എന്ന് താൻ തന്നെ വിശേഷിപ്പിച്ച ഉണ്ണി കോഹിനൂറിനോടൊത്ത്, വയലിനിൽ ഉഷ ടീച്ചറുടെ ശിവരഞ്ജിനിയോടൊത്ത്, അല്ലെങ്കിൽ അപകടകരമായി ഒറ്റക്ക് അയാൾ വന്നു. അനീതികളെ ദൃശ്യതയിൽ എത്തിക്കുക എന്ന ദൗത്യമേറ്റു.

 രാമചന്ദ്രൻ മൊകേരി കുടുംബത്തോടൊപ്പം / ഫോട്ടോ: കമൽറാം സജീവ്
രാമചന്ദ്രൻ മൊകേരി കുടുംബത്തോടൊപ്പം / ഫോട്ടോ: കമൽറാം സജീവ്

സ്‌കൂൾ ഓഫ് ഡ്രാമ, വകുപ്പദ്ധ്യക്ഷന് ‘സ്‌കൂൾ ഓഫ് മെലോഡ്രാമ' ആയിരുന്നു. അവിടെ ഇതൊന്നുമല്ല മാഷേ നാടകം എന്ന വിഷയം പഠിപ്പിക്കുന്നതായി അയാൾ സ്വയം പരിഹസിച്ചു. അടിമുടി ബ്രാഹ്‌മണിക്കലും യൂറോ സംയോജിതവുമായ ഒരു ബോധനരീതി തുടക്കം മുതൽ പിൻപറ്റിയിരുന്ന ഒന്നായി മാഷ് പിൽക്കാലത്ത് സ്ഥാപനത്തെ വിലയിരുത്തുന്നുണ്ട്. അവിടെ ജോലി ചെയ്യുമ്പോഴാണ് ലാലൂർ എന്ന ഗ്രാമത്തെ തൃശൂർ നഗരത്തിന്റെ മാലിന്യപ്പറമ്പായി മാറ്റുന്നതിനെതിരെ കോളനിവാസികളായ നാട്ടുകാരുമായി ചേർന്ന് നാടകം ചെയ്യുന്നതും രണ്ട് വർഷം വരെ തടവ് കിട്ടാൻ സാധ്യതയുള്ള വകുപ്പുകൾ ചുമത്തപ്പെട്ട് അറസ്റ്റ് ചെയ്യപ്പെടുന്നതും.

ആദിവാസി ഭൂനിയമ ബില്ലിനെതിരെ ശക്തമായ പ്രതിഷേധം ഊരുകളിൽ ഉണ്ടായിരുന്ന സമയത്താണ് അട്ടപ്പാടി മൊകേരിയുടെ പ്രധാന പ്രവർത്തന മേഖലയായി മാറുന്നത്. ബില്ലിന്റെ ‘കഞ്ചിച്ചീര്’ (12 കൊല്ലം കൂടുമ്പോൾ ആദിവാസികൾ സാമൂഹികമായി നടത്തുന്ന മരണാനന്തരച്ചടങ്ങ്) നടക്കുമ്പോൾ തടിച്ചുകൂടിയ ഊരിലെ സ്ത്രീകളുടെ പ്രതികരണങ്ങളിലൂടെ ഒരു നാടകം രൂപപ്പെടുത്തുകയായിരുന്നു അവിടെ മൊകേരി ചെയ്തത്. നാടകത്തെ കൂട്ടായ അനുഭവങ്ങളുടെ ഒരു സമാഹാരമാക്കി മാറ്റുന്നതെങ്ങിനെയെന്ന അന്വേഷണങ്ങളുടെ ഒരാരംഭം ആയിരുന്നു അത്.

സംവിധായകരുടെ കലയായി മാറുന്നതോടെ നാടകം അടിമ- ഉടമ ബന്ധത്തിന്റെ ഒരു ഉടമ്പടിയായി മാറുന്നു എന്ന് മൊകേരി കരുതി. ലോകമെമ്പാടുമുള്ള നാടക വേദികളിൽ നടീനടന്മാർ സംവിധായകരുടെ നേതൃത്വത്തിൽനിന്ന് കുതറിച്ചാടുന്നത് മാഷ് കണ്ടു.

അടപ്പാടി ഒരു വാതിൽ തുറന്നു തന്നു എന്നാണ് മൊകേരി പറയുന്നത്. തുടർന്ന് മാഷുടെ മുൻ കൈയ്യിൽ സ്‌കൂളുകളിൽനിന്ന് പുറന്തള്ളപ്പെടുന്ന കുട്ടികൾക്കായി ‘കാനകം’ എന്ന ഒരു വിദ്യാലയത്തെ കുറിച്ചുള്ള ആലോചനകൾ അവിടെ സജീവമാകുന്നുണ്ട്. നാടകം ഒരു സാമൂഹ്യസ്ഥാപനമായി വികസിക്കുന്നതെങ്ങിനെയൊക്കെ എന്ന ഒരന്വേഷണം കൂടിയായിരുന്നു അത്. ഇതിനിടക്ക് ഭൂതിവഴി ഊരിലെ മൂപ്പനായിരുന്ന നാരായണൻ ഇന്ദിര പാർത്ഥസാരഥിയുടെ ‘രൗദ്ര കണ്ണകി 'നാടകം ആദിവാസി ഭാഷയിലേക്ക് തർജ്ജമ ചെയ്യുകയും അവരുടെ തന്നെ മുൻകൈയ്യിൽ ഊരുകളിൽ അവതരിപ്പിക്കപ്പെടുകയും ചെയ്തു. കൂത്തിൽ നിന്നാണ് മൊകേരി കോമാളി ബിംബത്തെ കണ്ടെടുക്കുന്നത്.

ഇന്ത്യയിലെ ദലിത് രാഷ്ട്രീയധാരയോട് മാർക്‌സിസ്റ്റുകൾ പുലർത്തുന്ന അലംഭാവം മൊകേരിയെ ഖിന്നനാക്കിയിരുന്നു. ശരിയാംവണ്ണം ഗൃഹപാഠം ചെയ്യാത്തതുകൊണ്ട് ക്ലാസിൽനിന്ന് പുറത്തു നിർത്തപ്പെട്ട ഒരു കുട്ടിയായി അദ്ദേഹം ഇന്ത്യൻ മാക്‌സിസത്തെ കണ്ടു. ഗുരുവായുരപ്പൻ കോളേജിലും സ്‌കൂൾ ഓഫ് ഡ്രാമയിലും ഒരു ‘റിസർവേഷൻ ' മാഷായി ജീവിച്ചു. രോഹിത് വെമുലയുടെ ആത്മഹത്യ സ്വന്തം അനുഭവങ്ങളിൽ നിന്ന് മൊകേരി ക്ക് വായിച്ചെടുക്കാൻ പറ്റുമായിരുന്നു. അതാണ് പിന്നീട്​ തൃശൂരിൽ നടന്ന ‘ഇറ്റ്‌ഫോക്കി’ലെ Untouchable I am Rohit Vemula എന്ന നാടകമായി സംഭവിക്കുന്നത്. ഫെയ്‌സ് ബുക്കും വാട്ട്‌സ് ആപ്പും ഉപയോഗിച്ച് നടൻമാരോട് നടത്തിയ ഒരു പരസ്യഅഭ്യർത്ഥനയുടെ തുടർച്ചയായാണ് ആ അവതരണം നടക്കുന്നത്. untouchable എന്നാൽ ‘തൊടാൻ പറ്റൂല മക്കളെ ' എന്നാണ് എന്നുപറയുന്നതുവഴി ഒരു പുതിയ രാഷ്ട്രീയശക്തിയെ പ്രവചിക്കുകയായിരുന്നു മൊകേരി. നാടകത്തിന്റെ ഒൻപത് യൂനിറ്റുകൾ അവതരണത്തിന്റെ തലേദിവസം മാത്രം കണ്ടുമുട്ടി നഗരത്തിന്റെ ഏതേതുഭാഗങ്ങളിൽ അവതരണം നടത്തണം എന്ന് തീരുമാനിച്ച്, ഒമ്പത് അവതരണങ്ങൾക്കും കുറുകേ മൃതദേഹവുമായി മെകേരി കടന്നുവരുന്ന രീതിയിൽ സങ്കല്പം ചെയ്യപ്പെട്ട നാടകം അഭിനയം കൊണ്ട് സ്ഥലകാല സ്ഥാപന വ്യവസ്ഥകളിൽ കൂത്തധികാരം (The Right To Act) സ്ഥാപിച്ചെടുക്കുന്നതിന് നടത്തിയ മുൻമാതൃകകളില്ലാത്ത ഇടപെടലായി .

സംവിധായകരുടെ കലയായി മാറുന്നതോടെ നാടകം അടിമ- ഉടമ ബന്ധത്തിന്റെ ഒരു ഉടമ്പടിയായി മാറുന്നു എന്ന് മൊകേരി കരുതി. ലോകമെമ്പാടുമുള്ള നാടക വേദികളിൽ നടീനടന്മാർ സംവിധായകരുടെ നേതൃത്വത്തിൽനിന്ന് കുതറിച്ചാടുന്നത് മാഷ് കണ്ടു. സവർണ നാട്യസംസ്‌കാരത്തിന്റെ മിച്ചമൂല്യത്തിൽ കെട്ടിപ്പടുത്ത നാടകങ്ങളാണ് ഇവിടെയുണ്ടാകുന്നത് എന്നതിൽ ആശങ്കപ്പെട്ടു. ഫ്യൂഡൽ - ബ്രാഹ്‌മണിക്​ അധിനിവേശത്തിന്റെ മിച്ചമുള്ള ചോറാണ് ഇവിടെ നാടകമായി വേവുന്നത് എന്ന് ചെവിയുള്ളിടങ്ങളിലൊക്കെ വിളിച്ചുപറഞ്ഞു. നിലനിൽക്കുന്ന എല്ലാറ്റിനേയും നിർദ്ദാക്ഷിണ്യം വിമർശിച്ചു, ആ വിമർശനങ്ങൾ എത്തിച്ചേരുന്ന നിഗമനങ്ങളെ തെല്ലുപോലും ഭയക്കാതെ.

വിട, പ്രിയപ്പെട്ട സഖാവേ... ​▮

Comments