എമിൽ മാധവി

പരീക്ഷണങ്ങളേക്കാൾ മത്സരനാടകങ്ങള്‍ പ്രാമുഖ്യം നേടുന്നു, അതാണ് തിയേറ്ററിന്റെ വെല്ലുവിളി

“പുതിയ എക്സ്പിരിമെന്റ് നടത്താൻ ആളുകൾ ശ്രമിക്കുന്നുണ്ടെങ്കിലും മത്സരത്തിന്റെ വ്യവസ്ഥാപിത ഫ്രെയിമിനകത്തുനിന്ന് പുറത്തേക്ക് വരാൻ പലപ്പോഴും സാധിക്കുന്നില്ല. അങ്ങനെ സാധിക്കാത്ത ഒരു ഇടമായതുകൊണ്ടാണ് ഞാൻ മത്സരനാടകങ്ങളിൽ നിന്ന് മാറിനിൽക്കുന്നത്. ”- മികച്ച നാടക സമാഹാരത്തിനുള്ള 2023 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ എമിൽ മാധവിയുമായി റാഷിദ നസ്റിയ സംസാരിക്കുന്നു.

റാഷിദ നസ്റിയ: സാഹിത്യ അക്കാദമി പുരസ്കാരം നേടിയ നാടകകൃത്ത് മാത്രമല്ല, ‘മരണാനുകരണം’ പോലുള്ള ശ്ര​ദ്ധേയ നാടകാവതരണങ്ങളുടെ സംവിധായകനുമാണ് താങ്കൾ. സ്വന്തം തിയേറ്റർ പ്രാക്ടീസിനെ എങ്ങനെയാണ് വിലയിരുത്തുന്നത്?

എമില്‍ മാധവി: തിയേറ്റർ പ്രാക്ടീസ് എന്ന് പറയുന്നതുതന്നെ യുണീക് ആയ പ്രവർത്തനമാണ്. ഒരർത്ഥത്തിൽ കലയുടെ ഭാഷയെ കണ്ടെത്താനുള്ള ശ്രമം. ഓരോ ആർട്ടിസ്റ്റുകളും അവരുടെ ഭാഷ കണ്ടെത്താൻ ശ്രമിക്കുന്നു. ഈ ഭാഷ എന്താണ് എന്ന നിരന്തര അന്വേഷണമാണ് തിയേറ്റർ പ്രാക്ടീസിനകത്ത് നടക്കുന്നത്.

തിയ്യേറ്ററിന്റെ ഭാഷയിൽ വ്യത്യസ്ത പരീക്ഷണങ്ങൾ ഇക്കാലത്തും നടന്നിട്ടുണ്ട്. നമ്മുടേത് മാത്രമായ ഭാഷ തിയേറ്ററിൽ അവകാശപ്പെടാൻ പറ്റില്ല. എന്നാൽ ആ കലയുടെ ഭാഷയിൽ നമുക്ക് കണ്ടെത്താൻ കഴിയുന്ന നമ്മുടെതായ ആഖ്യാനങ്ങളും വ്യാഖ്യാനങ്ങളുമുണ്ട്. കലയിലൂടെ മാത്രം പങ്കുവെയ്ക്കാൻ സാധിക്കുന്ന അനുഭവങ്ങളുണ്ട്. ആ അനുഭവങ്ങളിലേക്ക് നയിക്കുന്ന സയൻസ് ആണ് തിയേറ്ററിന്റെ ഭാഷ. തിയേറ്റർ പ്രാക്ടീസിൽ സമയവും സ്പെയ്സും എങ്ങിനെയാണ് പ്രവർത്തിക്കുന്നത് എന്ന് കണ്ടത്താൻ സാധിക്കുമ്പോഴാണ് നമ്മൾ ആ ഭാഷയെ അറിയാൻ തുടങ്ങുന്നത്.

ഒരു സ്പേസിനകത്താണ് തിയറ്റർ ഡെവലപ്പ് ചെയ്യുന്നത്. സമയവും സ്പെയ്സും തമ്മിലുള്ള ബന്ധമാണ് ഇതിന്റെ ഒരു ബേസിക് യൂണിറ്റ്. സമയത്തിലും സ്പെയ്സിലും നടത്തുന്ന എക്സ്പിരിമെന്റുകളാണ് നവഭാഷയായി മാറുന്നത്. സ്പേസിലും ടൈമിലും ഒരാൾ എന്താണ് ഡെവലപ്പ് ചെയ്യുക എന്നതിനനുസരിച്ചാണ് അവൾ അവളുടെ ഭാഷ കണ്ടെത്തുന്നത്. ഒരു അഭിനേതാവ് ഒരു സ്ഥലത്തുനിന്ന് ഓടുന്നതും വളരെ പതുക്കെ നടക്കുന്നതും പ്രേക്ഷകരിൽ സൃഷ്ടിക്കുന്നത് വ്യത്യസ്ത അനുഭവമാണ് എന്ന് നമുക്കറിയാം. യഥാർത്ഥത്തിൽ സമയവും ചലനവും ഇടവും അവിടെ അനുഭവമായി മാറുന്നു.

കലയിൽ സമയത്തെ എങ്ങനെ ഡീൽ ചെയ്യുന്നു എന്നതാണ് പ്രധാനം. സമയമാണ് എന്റെ ഭാഷ. സമയം എന്നത് പ്രാപഞ്ചിക ഭാഷയാണ്. ഈ ഭാഷയെ എടുത്താണ് നമ്മൾ തിയേറ്ററിൽ വർക്ക് ചെയ്യുന്നത്. ടൈം, സ്പെയ്സ് എന്ന ശാസ്ത്രീയമായ സങ്കൽപ്പത്തിനകത്ത് ടൈമിനേയും സ്പേസിനെയും പുനർനിർവചിക്കുകയും റീ ഡയറക്ട് ചെയ്യുകയും അതിനകത്ത് എക്സ്പിരിമെന്റ് ചെയ്യുകയും ചെയ്യുമ്പോഴാണ് അവതരണകലയുടെ ഭാഷ ഉണ്ടാകുന്നത്.

ഡ്രാമ സ്കൂൾ കാലം തൊട്ടേ വ്യത്യസ്തങ്ങളായ പ്രാക്സിസിലൂടെ കടന്നുപോവുകയും പലതരം പ്രൊഡക്ഷനുകൾ സംവിധാനം ചെയ്യുകയും അനേകം കലാപ്രവർത്തകാരുടെ പരിശീലന പദ്ധതികളെ കുറിച്ച് അറിയാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം നിരന്തരപ്രവർത്തനത്തിൽ നിന്ന് കലാപ്രവർത്തകൻ എന്ന നിലയിൽ ചില തിരിച്ചറിവുകൾ നമ്മളിലേക്ക് എത്തിച്ചേരും. ആ നിലയിൽ ഭാഷയെ കുറിച്ചുള്ള അന്വേഷണമാണ് എനിക്ക് തിയേറ്റർ പ്രവർത്തനം. ഭാഷ കണ്ടെത്തുക എന്നുള്ളതാണ് ഏതൊരു കലയുടെയും പ്രധാനപ്പെട്ട അന്വേഷണം. തിയേറ്റർ പ്രാക്ടീസ് യൂണിക് ആകുന്നത് കലയുടെ / ഭാഷയുടെ അടിസ്ഥാന റൂട്ടിനെ അഭിസംബോധന ചെയ്യുമ്പോഴാണ്. തിയേറ്ററിൽ ആ ബേസിക് റൂട്ട് സമയവും ചലനവും സ്പേസുമായും ബന്ധപ്പെട്ടതാണ്.

എന്നാൽ, പൊതുവേ നമ്മുടെ കലാചർച്ചകൾ ഉള്ളടക്കത്തെക്കുറിച്ചാണ്. കലയുടെ രാഷ്ട്രിയം ഉള്ളടക്കത്തിൽ മാത്രം തിരയുന്നവരാണ് നമ്മൾ. എന്നാൽ രാഷ്ട്രീയം എന്നത് ഒരു മനുഷ്യന്റെ ചലനത്തിലുണ്ടെന്ന് നമ്മൾ തിരിച്ചറിയണം. ആ രീതിയിലാണ് ഞാൻ എന്റെ കലയെ കണ്ടെത്താൻ ശ്രമിക്കുന്നത്.

‘ആൻ ഇമിറ്റേഷൻ ഓഫ് ഡെത്ത്’ അല്ലെങ്കിൽ ‘മരണാനുകരണം’ എന്ന അവതരണത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പിനെ പറ്റി പറയാമോ?

‘മരണാനുകരണം’ ഒരു സൈറ്റ് സ്പെസിഫിക് പെർഫോമൻസ് ആണ്. പല സ്പെയ്സുകളെ പെർഫോമൻസിനകത്തേക്ക് കൊണ്ടുവരികയാണ് ചെയ്യുന്നത്. മരണാനുകരണം ഒരു നാടകമല്ല, പെർഫോമൻസ് ആണ്. ഫുട്ബോളിനെ ഒരു പെർഫോമൻസ് ആക്കി കണക്കാക്കിയാൽ അതിനൊരു സമയമുണ്ട്. അതിനുള്ളിൽ എന്ത് നടക്കുന്നു എന്നതാണ് ആ പെർഫോമൻസ്. പന്തിന്റെയും കളിക്കാരുടെയും കാണികളുടെയും ചലനമാണ് അവിടെ പെർഫോമൻസ് ആവുന്നത്. നമ്മൾ ഡയലോഗിലൂടെ പറയുന്നതിനപ്പുറത്തേക്ക് പെർഫോമൻസിൻ്റെ വേറൊരു ഭാഷയുണ്ട്. അനുഭവങ്ങളുടെ ആ ഭാഷ പങ്കുവെയ്ക്കാനാണ് മരണാനുകരണത്തിലൂടെ ശ്രമിച്ചത്. അവതരണ പാഠം നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഒന്നായാണ് ഞാൻ കണക്കാക്കുന്നത്.

അഭിനേതാവ് മാറുമ്പോൾ ടെക്സ്റ്റ് മാറാം, മരണാനുകരത്തിൽ തന്നെ എഴുത്തുകാരൻ എന്ന രീതിയിൽ ഞാൻ സ്ക്രിപ്റ്റ് മുഴുവൻ എഴുതിയെങ്കിലും ആ സ്ക്രിപ്റ്റ് ഉപയോഗിച്ചിട്ടില്ല. അത് എന്റെ ബേസ് മാത്രമാണ്. അതിനകത്തുള്ള ഒരു ഡയലോഗ് പോലും ഉപയോഗിച്ചിട്ടില്ല. ഉദാഹരണമായി, ഒരു സൂയിസൈഡ് നോട്ട് നരേറ്റ് ചെയ്യുന്ന രംഗമുണ്ട്. അതിനുവേണ്ടി ഞാൻ സൂയിസൈഡ് നോട്ട് എഴുതിവച്ചിരുന്നു. എന്നാൽ ആ സൂയിസൈഡ് നോട്ട് ഞങ്ങൾ ഉപയോഗിച്ചില്ല. പെർഫോമൻസിന്റെ സമയത്ത് വ്യവസ്ഥാപിതമായ ആത്മഹത്യാ കുറിപ്പിനപ്പുറത്തേക്ക്, ഓരോ പ്രേക്ഷകർക്കും സ്വന്തം ആത്മഹത്യക്കുറിപ്പ് ഉണ്ടാക്കാനുള്ള വാതിൽ പെർഫോമൻസിലൂടെ തുറന്നു വയ്ക്കുന്നുണ്ട്. സൂയിസൈഡ് നോട്ടിനു പകരം നരേറ്റ് ചെയ്യുന്ന ആൾ ഗുണനപ്പട്ടിക തെറ്റിച്ച് പറയുകയാണ്. പഠിച്ചുവെച്ചതിനെ ബോധപൂർവ്വം തെറ്റിക്കുന്നുണ്ട്. തെറ്റിക്കൽ ഉണ്ടാക്കുന്ന കൺഫ്യൂഷൻ ചെറുതല്ല. ആ സമയത്തുണ്ടാകുന്ന അയാളുടെ ഇമോഷണൽ ഫ്രിക്ഷൻ അയാളുടെ എല്ലാ കൺഫ്യൂഷനെയും വഹിക്കുന്നു. ആളുകൾ ഇതിനെ ഇയാളുടെ ജീവിതത്തിന്റെ കണക്കുകൂട്ടലുകൾ തെറ്റിയതായി വായിക്കുന്നു. ഈ ഗുണനപ്പട്ടിക തെറ്റിക്കുന്നതിലൂടെ ചില കീ വേഡുകൾ ഉണ്ടാക്കുന്നു. ഇതൊരു ക്രിയേറ്റീവ് തിരഞ്ഞെടുപ്പാണ്. ആർട്ട് മേക്കിങ് എന്നത് ഒരു തിരഞ്ഞെടുപ്പാണ്. അത് വളരെ പ്രധാനപ്പെട്ട ഒന്നാണ്.

എമില്‍ മാധവി
എമില്‍ മാധവി

‘മരണാനുകരണം’ പോലെയുള്ള അവതരണങ്ങൾ പല അരങ്ങിലും ഇണങ്ങുന്ന രീതിയിലാണോ ഉണ്ടാക്കിയത്? പല അരങ്ങുകളിൽ കളിക്കുമ്പോഴുള്ള വ്യത്യാസം എന്താണ്? പല അരങ്ങുകൾക്ക് ഇണങ്ങുന്നതാണോ അതിന്റെ ഡിസൈനിങ്? ഒരു അരങ്ങിൽ കളിച്ച അതേ അവതരണം മറ്റൊരു അരങ്ങിൽ കളിക്കുമ്പോൾ നേരിടുന്ന പരിമിതികളും സാധ്യതകളും എന്താണ്?

മരണാനുകരണം എന്നത് സ്പേസിനെ റിലേറ്റ് ചെയ്തിട്ടുള്ള പെർഫോമൻസ് ആണെന്ന് പറഞ്ഞല്ലോ. സ്വാഭാവികമായി സ്പേസ് മാറുമ്പോൾ പെർഫോമൻസ് മാറും. അതാണ് ഇതിന്റെ ഏറ്റവും വലിയ സാധ്യത. പരിമിതികൾക്കപ്പുറം ഞാനിതിന്റെ സാധ്യതയാണ് നോക്കിക്കാണുന്നത്. സ്പേസ് എങ്ങനെ നിങ്ങളോട് സംസാരിക്കുന്നു എന്നത് പ്രധാനമാണ്. ഒരു ബിൽഡിങ്ങിനകത്ത് നടത്തിയ ഇതേ പെർഫോമൻസ് ഒരു കടൽത്തീരത്തോ ഗ്രൗണ്ടിലോ ചെയ്യുമ്പോൾ ടോട്ടലി മാറും എന്നതാണ് ഇതിന്റെ സാധ്യത. സ്പേസിനനുസരിച്ച് ചെയ്യാൻ പറ്റുന്ന തരത്തിലാണ് ഇതിൻ്റെ മൊത്തം ഡിസൈൻ. 15 പേർക്ക് കാണാൻ തരത്തിലാണ് ഡിസൈൻ. ഇൻഡിമേറ്റ് സ്പേസിൽ എങ്ങനെ ഇത് കമ്യൂണിക്കേറ്റ് ചെയ്യപ്പെടും എന്നത് അറിയാനാണ് 15 പേരിലേക്ക് ചുരുക്കുന്നത്. നിങ്ങളെ ഒരു അഭിനേതാവ് വന്നു തൊട്ടാൽ അത് നിങ്ങൾക്ക് എങ്ങനെ കമ്യൂണിക്കേറ്റ് ചെയ്യും എന്ന അന്വേഷണം ഇതിൽ നടക്കുന്നു. ചില ഡയലോഗുകൾ ചെവിയിലാണ് പറയുന്നത്. ആ സമയം എന്ത് വ്യത്യാസമാണ് അനുഭവപ്പെടുക എന്നത് പ്രധാനമാണ്. സ്പേസിനെ ഒരു മീഡിയം ആയിട്ടാണ് കണക്കാക്കുക. നമുക്ക് ലഭ്യമായ പല സ്പേസുകളിലേക്കും യൂണിറ്റുകളെ കൊണ്ടുവെക്കുന്നു. ഇതെങ്ങനെയാണ് നമ്മളോട് കമ്യൂണിക്കേറ്റ് ചെയ്യുക?

ഉദാഹരണമായി ടോയ്ലറ്റിനുള്ളിൽ നടന്ന ഒരു രംഗം അടുത്ത അവതരണ ഇടത്തിൽ ടോയ്ലറ്റ് ലഭ്യമല്ലാത്ത അവസ്ഥ ഉണ്ടായാൽ ആ പെർഫോമൻസിനെ മറ്റൊരു ഇടത്തിലേക്ക് മാറ്റും. ഒരേ പെർഫോമൻസ് സ്പെയ്സ് മാറുന്നതിനനുസരിച്ച് മാറും.

പെർഫോമൻസ് എന്നത് എന്നെ സംബന്ധിച്ച് എക്സ്പീരിയൻസ് സൃഷ്ടിക്കുകയാണ്. ഒരു സമയം വരെ തിയറ്റർ എന്നത് അർത്ഥം ഉണ്ടാക്കുന്നതിലോ, രാഷ്ട്രീയ മുദ്രാവാക്യം ഉണ്ടാക്കുന്നതിലോ ആയിരുന്നു ഫോക്കസ്. അവിടുന്ന് തിയേറ്റർ മാറിക്കഴിഞ്ഞു. തിയേറ്റർ മനുഷ്യന്റെ സ്വകാര്യ അനുഭവങ്ങളിലേക്കും സ്വകാര്യ ഓർമകളിലേക്കും ഒക്കെ പോകാനുള്ള സാധ്യതകളെ തുറന്നുകാട്ടുന്നു. പൊതുവേ തിയേറ്റർ പ്രാക്ടീസ് കളക്ടീവ് മെമ്മറിയിലാണ് വർക്ക് ചെയ്യുക. കളക്ടീവ് ഇമോഷനെയാണ് കണ്ടെത്തുക.

മുൻപ് ‘ഇറ്റ്ഫോക്കി’ൽ കണ്ട പല നാടകങ്ങളും എനിക്ക് പുതിയ പെർസ്പെക്ടീവ് തന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ വരുന്ന നാടകങ്ങൾ ഒന്നും എന്നെ അത്രമാത്രം സ്വാധീനിക്കുന്നില്ല.

അതേസമയം ഇമിറ്റേഷൻ ഓഫ് ഡെത്തിനകത്ത് കളക്ടീവ് ഇമോഷനേക്കാളേറെ സ്വകാര്യ ഓർമയെയാണ് അഭിസംബോധന ചെയ്യുന്നത്. ഓരോരുത്തർക്കും വ്യത്യസ്ത രീതിയിലാണ് ഈ പെർഫോമൻസ് അനുഭവപ്പെടുക. നിങ്ങൾ ഏതു വികാരങ്ങളിലൂടെ പോകണം എന്നതിലേക്ക് സ്പേസും അവിടുത്തെ പെർഫോമൻസും തുറന്നു വയ്ക്കുന്നു. പ്രൊസീസീനിയം നാടകത്തിനകത്തെ ഒരു ചുമര് മാത്രം തുറന്നിരിക്കുന്ന സങ്കല്പത്തിൽ നിന്നു മാറി പല വാതിലുകൾ ഉള്ളതോ അതോ വാതിലുകളേ ഇല്ലാത്തതോ ആയ സ്പേസുകളാണ് ഈ പെർഫോമൻസിലൂടെ സൃഷ്ടിക്കുന്നത്.

പോസ്റ്റ് ഡ്രമാറ്റിക് പിരീഡിൽ പെർഫോമൻസ് ആർട്ടിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്തിക്കൊണ്ട് ഒരു അവതരണ രൂപം എന്ന നിലയിൽ ദൃശ്യവൽക്കരിക്കുന്ന ഇത്തരം പ്രവണതകൾക്ക് എന്തുമാത്രം റിപ്പീറ്റബിലിറ്റി ഉണ്ട്?

പെർഫോമിംഗ് ആർട്സും പെർഫോമൻസ് ആർട്സും പൂർണമായും വ്യത്യാസമുള്ള ഒന്നാണ്. മരീന അബ്രമോവിക്കിനെ പോലുള്ള പെർഫോമൻസ് ആർട്ടിസ്റ്റുകൾ നമ്മളെ തന്നെ കണ്ടെത്താനുള്ള ചില സ്പേസുകളെ ഒരുക്കിത്തരുന്നു. നമ്മളും കൂടി അതിന്റെ ഭാഗമാണ്. പെർഫോമൻസ് ആർട്ടിൽ ആണെങ്കിലും പെർഫോമൻസ് മേക്കിങ്ങിൽ ആണെങ്കിലും പറച്ചിലിനപ്പുറത്തേക്ക് പല രീതിയിൽ എങ്ങനെയാണ് കമ്യൂണിക്കേഷൻ സാധ്യമാകുന്നത്? ഇതിനെ എങ്ങനെ ഡിസൈൻ ചെയ്യാം, എങ്ങനെ ഏത് രീതിയിലാണ് ലീഡ് ചെയ്യുന്നത് ഇതൊക്കെയാണ് ഒരു പെർഫോമൻസിനകത്ത് നോക്കുന്നത്.

മരീനയുടെ വളരെ പ്രശസ്തമായ പെർഫോമൻസുകൾ ഉണ്ട്. അവരുടെ ഒരു പെർഫോമൻസിൽ അവർ നഗ്നയായി ഒരു മ്യൂസിയത്തിന്റെ ഡോറിൽ നിൽക്കുന്നുണ്ട്. അവരുടെ നഗ്നശരീരം സ്പർശിച്ചുകൊണ്ടാണ് കാണികൾക്ക് മ്യൂസിയത്തിനകത്തേക്ക് കയറാൻ പറ്റുക. നിങ്ങൾക്ക് അതിനെ ഏത് രീതിയിലും സമീപിക്കാം. എന്താണിത് നിങ്ങളിൽ സൃഷ്ടിക്കുന്നത് എന്ന അന്വേഷണമാണ് ഈ പെർഫോമൻസ്. അതുപോലെ, മിലോ മോളിയറുടെ 'മിറർ ബോക്സ്' പോലെയുള്ള പെർഫോമൻസുകളിൽ മനുഷ്യന്റെ സെക്ഷ്യാലിറ്റി 'എങ്ങനെയാണ് ആളുകളുടെ സ്വകാര്യ ഇടത്തിലും പൊതുഇടത്തിലും വർക്ക് ചെയ്യുന്നത് എന്നതാണ് അഡ്രസ്സ് ചെയ്യുന്നത്. ഇതിൽ ഒരു ബോക്സ് ഉണ്ടാക്കി, അതിനകത്ത് ഒരു സുഷിരമുണ്ടാക്കുന്നു. ഈ സുഷിരത്തിലൂടെ പെർഫോമൻസ് ചെയ്യുന്ന ആൾ പബ്ലിക്കായി അവരുടെ സ്വകാര്യ അവയവങ്ങൾ സ്പർശിക്കാൻ ക്ഷണിക്കുന്നു. ആ ബോക്സിനുള്ളിൽ കൈവച്ചാൽ അവരുടെ സ്വകാര്യഭാഗങ്ങൾ സ്പർശിക്കാം. ഈ പ്രൈവറ്റ് പാർട്ടുകൾ എങ്ങനെയാണ് നിങ്ങൾ സ്പർശിക്കുന്നു എന്നതാണ് പെർഫോമൻസ്. ഇത് ഡോക്യുമെന്റ് ചെയ്യപ്പെടും. കാണികളുടെ വിരലുകളുടെ ചലനം ഡോക്യുമെന്റ് ചെയ്യപ്പെടും.

ഇന്ന് പെർഫോമൻസ് മേക്കിങ് ഒരു ഇന്റർ ഡിസിപ്ലിനറി പ്രാക്സിസ് എന്ന നിലയിൽ ശക്തമായികൊണ്ടിരിക്കുന്നു. അത് മറ്റ് കലകളുമായി ചേർന്ന് പ്രവർത്തിക്കുന്നു പെയിന്റിംഗ്, ചലനം, നൃത്തം, ശബ്ദം, ഡിജിറ്റൽ ആർട്ട് തുടങ്ങി പലതും അവതരണവുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഒരു നാടകം ചെയ്തിട്ട് അതൊരു തിയേറ്റർ കോംപ്ലക്ലിൽ പോയി പെർഫോം ചെയ്യണമെന്നു നിർബന്ധമില്ല. നാടകം എന്ന വാക്ക് തന്നെ മാറിക്കഴിഞ്ഞു. നമ്മൾ നിർമിച്ചെടുക്കുന്ന അവതരണം പല സ്പേസുകളിലേക്ക് പോവാം. ഒരാൾക്ക് മാത്രം കാണാൻ പറ്റുന്ന അവതരണം നമുക്ക് സൃഷ്ടിക്കാൻ പറ്റും. പൊതുവെ ആൾക്കൂട്ടത്തിന്റെ കലയാണല്ലോ നാടകം. എന്നാൽ നാടകം അതല്ലാതെയായി മാറുന്നുണ്ട്. അതല്ലാത്ത ചില അനുഭവങ്ങൾ ഷെയർ ചെയ്യപ്പെടുന്നു.

'മരണാനുകരണം' എന്ന നാടകം മരണചിന്ത എന്നതിൽ നിന്ന് മരണാനുഭവത്തിലേക്ക് പ്രേക്ഷകരെ എത്തിക്കുന്നുണ്ട്. നമ്മുടെ സാമൂഹ്യ ജീവിത പരിസരത്തുനിന്നുകൊണ്ട് എങ്ങനെയാണ് ആളുകൾക്കിത് റിലേറ്റ് ചെയ്യാൻ പറ്റുന്നത്?

സ്പെക്ടേറ്റർ ആണ് ഇതിനുള്ള ഉത്തരം തരേണ്ടത്. പല രീതിയിലാണ് ഈ പെർഫോമൻസ് ആളുകളെ ബാധിക്കുന്നത്. നാടകം കഴിഞ്ഞുപോകുമ്പോൾ ആരെങ്കിലും കയ്യടിച്ചാൽ ഈ പെർഫോമൻസ് പരാജയപ്പെട്ടു എന്ന് കരുതാനാണ് ഞാൻ എന്റെ സംഘത്തോട് പറഞ്ഞത്. കയ്യടിക്കാനുള്ള അനുഭവമല്ല നമ്മൾ ഇവിടെ സൃഷ്ടിക്കുന്നത്. നമ്മുടെത്തന്നെ മരണം നമ്മൾ അനുഭവപ്പെടുന്നതുപോലെ അല്ലെങ്കിൽ വളരെ ശാന്തമായ ഒരു നിമിഷമെങ്കിലും മനുഷ്യർക്കിടയിൽ സൃഷ്ടിക്കപ്പെടണം. ആൾക്കൂട്ടത്തിന്റെ കയ്യടികൾക്കും അഭിനന്ദനങ്ങൾക്കും പകരം ഒന്നരമണിക്കൂർ നീണ്ട അവതരണ അനുഭവത്തിനുശേഷം വളരെ നിശ്ശബ്ദമായി തന്നെ തൻ്റെ മരണമനുഭവിച്ച പോലെ നടന്നു പോകുന്നതായി കാണികൾ മാറുന്നുണ്ട്. ഈ പെർഫോമൻസിൽ നിങ്ങളുടെ ഇമോഷൻസിനെ കണ്ടെത്താനുള്ള വാതിൽ തുറന്നുവയ്ക്കുന്നു.

എന്റെ അച്ഛന്റെ മരണം നടക്കുന്നത് ‘മരണാനന്തരം’ എന്ന പെർഫോമൻസിനു ശേഷമാണ്. ഞാൻ മരണത്തെ നോക്കിക്കാണുന്നത് അച്ഛന്റെ മരണത്തിനു ശേഷവും മുൻപും വലിയ വ്യത്യാസമുണ്ട്.

കലാപ്രവർത്തകൻ എന്ന നിലയിൽ ഞാൻ എന്റെ പ്രേക്ഷകരെ പഠിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ല. ചില വഴികളിലൂടെ കൂടെ നടക്കാൻ പ്രേക്ഷകരെ ക്ഷണിക്കുക മാത്രമാണ് ചെയ്യുന്നത്. ഇമോഷൻസിനെ ഉണർത്താൻ പറ്റുന്ന അനുഭവത്തിലൂടെ ഇവർ കടന്നുപോകുന്നുണ്ടോ എന്നാണ് ഡയറക്ടർ എന്ന നിലയിലുള്ള എന്റെ ചോദ്യം. ഞാൻ എന്നെ പരിഗണിക്കുന്നത് ആദ്യത്തെ പ്രേക്ഷകൻ എന്ന നിലയിലാണ്. എന്റെ അച്ഛന്റെ മരണം നടക്കുന്നത് ഈ പെർഫോമൻസിനു ശേഷമാണ്. ഞാൻ മരണത്തെ നോക്കിക്കാണുന്നത് അച്ഛന്റെ മരണത്തിനു ശേഷവും മുൻപും വലിയ വ്യത്യാസമുണ്ട്. എന്റെ മരണാനുഭവം മാറി. അത് കൊണ്ട് തന്നെ ഒരു സ്പെക്ട്രേറ്റർ ആയി നിൽക്കുകയാണെങ്കിൽ ഈ പെർഫോമൻസ് എന്നിലുണ്ടാക്കുന്ന ടെക്സ്റ്റുകളും സബ് ടെക്സ്റ്റുകളും ഇനി മുൻപുള്ളതിൽ നിന്നും വ്യത്യാസമായിരിക്കും.

നാടകം തിയേറ്ററിനപ്പുറത്തേക്ക് കടക്കുകയാണ്. ഒരാൾക്കൂട്ട പ്രേക്ഷക സമൂഹത്തിനുപകരം ഇന്റിമേറ്റ് തിയേറ്ററുകൾ രൂപപ്പെടുകയാണ്. അതിനെക്കുറിച്ച് സംസാരിക്കാമോ?

ഇന്റിമേറ്റ് തിയേറ്റർ എന്നത് പുതിയ കാര്യമല്ല. നമ്മുടെ വീടുകളിലുള്ള റിച്വൽ വളരെ ഇന്റിമേറ്റ് ആണ്. നമ്മുടെ എല്ലാ പെർഫോമൻസുകളും ഇൻ്റിമേറ്റ് പെർഫോമൻസുകളാണ്. തെയ്യം പോലെ പബ്ലിക് സ്പേസിലേക്ക് വരുന്ന വലിയ റിച്വലുകളും നമുക്കുണ്ട്. നമ്മുടെ വീടിനകത്ത്, കുടുംബത്തിനകത്ത് മാത്രം നടക്കുന്ന ചെറിയ റിച്ചലുകളുണ്ട്. വീടിനകത്തെ ചർച്ചകളും സംഭാഷണങ്ങളും ഇന്റിമേറ്റ് പെർഫോമൻസുകളാണ്. നമ്മൾ ഒരുമിച്ച് ഭക്ഷണം കഴിക്കുന്നത് ഇന്റിമേറ്റ് പെർഫോമൻസ് ആണ് എന്ന് നമ്മൾ തിരിച്ചറിയുമ്പോൾ, നമ്മുടെ ആർട്ടിനെ കുറിച്ചുള്ള സങ്കല്പത്തിലും മാറ്റം വരും. നമ്മുടെ ഡൈനിങ് ടേബിൾ അനുഭവങ്ങൾ എടുത്തു നോക്കിയാൽ, നമുക്ക് ഒരുപാട് ഓർമകളുണ്ട്. ഇത് പെർഫോമൻസ് ആവാം എന്ന സാധ്യതയാണ് അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. നല്ല ഭക്ഷണം വിളമ്പുന്നതും കഴിക്കുന്നതുമെല്ലാം പെർഫോമൻസ് ആണ്. അത് കൊടുക്കുന്ന, കഴിക്കുന്ന രീതിയും പെർഫോമൻസ് ആണ്. പെർഫോമൻസ് അല്ലാത്ത ഒന്നും നമ്മുടെ ജീവിതത്തിലില്ല.

ഐ എഫ് എഫ് കെ- അന്തർദ്ദേശീയ ചലച്ചിത്രോത്സവം- ധാരാളം പുതിയ സംവിധായകരെ സൃഷ്ടിച്ചു. എന്നാൽ ‘ഇറ്റ്ഫോക്കി’ൽ- അന്തർദ്ദേശീയ നാടകോത്സവത്തിൽ- നിന്ന് അങ്ങനെ സംഭവിക്കുന്നില്ല. എന്താകാം ഇതിന്റെ കാരണം?

മുൻപ് ‘ഇറ്റ്ഫോക്കി’ൽ കണ്ട പല നാടകങ്ങളും എനിക്ക് പുതിയ പെർസ്പെക്ടീവ് തന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ വരുന്ന നാടകങ്ങൾ ഒന്നും എന്നെ അത്രമാത്രം സ്വാധീനിക്കുന്നില്ല. ഒരു സമയം വരെ ‘ഇറ്റ്ഫോക്കി’ൽ വന്നിരുന്ന ഇന്റർനാഷണൽ നാടകങ്ങൾ എന്റെ മൊത്തം ചിന്തയെ പുനർ നിർവചിച്ചിട്ടുണ്ട്. ഞാൻ തന്നെ സ്കൂൾ ഓഫ് ഡ്രാമയിൽ പഠിക്കുന്ന സമയത്ത് റിച്ചാർഡ് ഷെഷ്നറുടെ ഇമേജിനേഷൻ O എന്ന അവതരണത്തിൽ വർക്ക് ചെയ്തിട്ടുണ്ട്. എന്നെ സംബന്ധിച്ച് ഇന്റർനാഷണലി ടോപ്പ് ഫിഗറായി നിൽക്കുന്ന ഒരാളുടെ പെർഫോമൻസിന്റെ ഭാഗമാവുകയാണ്. ഒരു കാമ്പസ് മൊത്തം എടുത്താണ് പെർഫോമൻസ് ചെയ്യുന്നത്. ഞാൻ അതിനെ റീ ഡയറക്റ്റ് ചെയ്യുന്നത് എന്റെ റൂട്ടിലേക്കാണ്. നമ്മുടെ എല്ലാ സ്പേസുകളും നമുക്ക് ഇന്റിമേറ്റ് പെർഫോമൻസ് തരുന്ന സ്പേസുകളാണ്. അതിൽനിന്ന് എങ്ങനെ ഒരു ആർട്ടിനെ കണ്ടെത്താൻ പറ്റും. മുന്നോട്ടുള്ള യാത്ര എന്നത് പിന്നോട്ടുള്ള യാത്ര കൂടിയാണ്. പിന്നോട്ടുള്ള യാത്ര എന്നത് നമ്മുടെ ഓർമകളേയും ചരിത്രത്തെയും കണ്ടെത്തുന്ന യാത്രയാണ്. അത് യഥാർത്ഥത്തിൽ നമ്മളെ മുന്നോട്ടേക്ക് നയിച്ചുകൊണ്ടിരിക്കും.

കഴിഞ്ഞ വർഷം സിഡ്‌നി ഒപ്പേറാ ഹൗസ് സന്ദർശിച്ചപ്പോഴാണ്, അവതരണ ഇടങ്ങളുടെ അന്തർദേശീയ നിലവാരം നേരിൽ അനുഭവിക്കാൻ സാധിച്ചത്. നാടകോത്സവങ്ങൾ നാടകങ്ങളുടെ തിരഞ്ഞെടുപ്പിലൂടെ ഒരു നിലപാട് മുന്നോട്ട് വെക്കുന്നുണ്ട്. എന്താണ് ‘ഇറ്റ്ഫോക്കി’ന്റെ നിലവാരവും നിലപാടും എന്ന് നാടകങ്ങളുടെ തിരഞ്ഞെടുപ്പിലൂടെ അവർ വ്യക്തമാക്കുന്നുണ്ട്. പ്രേക്ഷകർ അത് വിലയിരുത്തട്ടെ, വിമർശിക്കട്ടെ. ഇനിയും മികച്ച നാടകങ്ങൾ കേരളത്തിലേക്ക് എത്തട്ടെ.

നാട്ടിൽ നല്ല നാടകാവതരണങ്ങൾ നടക്കുന്നുണ്ട്. എന്നാൽ നമുക്ക് നല്ല നാടക കൃതികളില്ല. എന്തുകൊണ്ടായിരിക്കണം നമുക്ക് നല്ല നാടക രചനകളില്ലാത്തത്?

നാടകത്തിന്റെ മൊത്തം ചരിത്രമെടുത്താൽ രചനയുടെ ചരിത്രത്തിലും വലിയ മാറ്റം വരുന്നുണ്ട്. പല പരീക്ഷണങ്ങളും പല സമയങ്ങളിൽ ലോക നാടകവേദിയിൽ നടക്കുന്നുണ്ട്. അർതാർഡിനെ പോലെയുള്ള ആളുകളുടെ പെർഫോമൻസ് ടെക്സ്റ്റുകൾ വരുന്നുണ്ട്. അതിനുശേഷം അബ്സേഡ് തിയേറ്റർ വരുന്നുണ്ട്. 90 കളിലേക്ക് എത്തുമ്പോൾ സാറാ കേനിനെ പോലെയുള്ള ആളുകളുടെ വർക്കുകൾ വരുന്നുണ്ട്. 90 കൾക്കുശേഷം ടെക്സ്റ്റിന് അടിസ്ഥാനമാക്കാത്ത ഒരുപാട് പെർഫോമൻസുകൾ വന്നു. ടെക്സ്റ്റ് അല്ല സെന്റർ എന്നത് അവതരണങ്ങൾ തെളിയിക്കാൻ തുടങ്ങി. ടെക്സ്റ്റിനെ അവതരണത്തിന്റെ കേന്ദ്രം എന്ന നിലയിൽ നിന്ന് മാത്രമേ മാറ്റിയുള്ളൂ. ടെക്സ്റ്റുകൾ വേറെ രീതിയിൽ കടന്നുവന്നു. വലിയ ഡയലോഗ് പറയുന്നതിന് പകരം വാക്കുകളും ഓർമകളും ഇതിലേക്ക് കടന്നുവന്നു.

ഒരു ഫോർമാറ്റിലാണ് പലരും ടെക്സ്റ്റിനെ സമീപിക്കുന്നത്. അതിനെ മറികടന്ന ചില അന്വേഷണങ്ങൾ മുന്നോട്ടുവെക്കുന്ന പാഠങ്ങളെ മലയാള നാടകവേദി വേണ്ടവിധം മനസിലാക്കി തുടങ്ങിയിട്ടില്ല.

കേരളത്തിന്റെ തിയേറ്റർ സംസ്കാരത്തിനകത്ത് പ്രധാനമായി നിൽക്കുന്നത് മത്സരനാടകങ്ങളാണ്. മത്സരനാടകങ്ങളും അമച്വർ നാടകങ്ങളും തിയേറ്ററിനോട് താല്പര്യമുള്ളവർ ഡെവലപ്പ് ചെയ്യുന്നുണ്ടെങ്കിലും അതിനകത്ത് ഭാഷാപരമായ അന്വേഷണങ്ങൾ വിരളമാവുകയും, ആവർത്തനങ്ങൾക്ക് ഊന്നൽ വരുകയും ചെയ്തു എന്നതാണ് പ്രശ്‌നം. പുതിയ എക്സ്പിരിമെന്റ് നടത്താൻ ആളുകൾ ശ്രമിക്കുന്നുണ്ടെങ്കിലും അതിന്റെ മത്സരത്തിന്റെ വ്യവസ്ഥാപിത ഫ്രെയിമിനകത്തുനിന്ന് പുറത്തേക്ക് വരാൻ പലപ്പോഴും സാധിക്കുന്നില്ല. അങ്ങനെ സാധിക്കാത്ത ഒരു ഇടമായതുകൊണ്ടാണ് ഞാൻ മത്സര നാടകങ്ങളിൽ നിന്ന് മാറിനിൽക്കുന്നത്. ഫ്രെയിമിനുപുറത്തേക്ക് നമുക്ക് എങ്ങനെ വരാം, ആ സ്പേസിനെ എങ്ങനെ ഉപയോഗിക്കാം എന്നതാണ് എന്റെ അന്വേഷണം.

ടെക്സ്റ്റ് വരുന്നതുതന്നെ നോക്കിക്കഴിഞ്ഞാൽ, ഒരു ഫോർമാറ്റിലാണ് പലരും ടെക്സ്റ്റിനെ സമീപിക്കുന്നത്. അതിനെ മറികടന്ന ചില അന്വേഷണങ്ങൾ മുന്നോട്ടുവെക്കുന്ന പാഠങ്ങളെ മലയാള നാടകവേദി വേണ്ട വിധം മനസിലാക്കി തുടങ്ങിയിട്ടില്ല.

പ്രധാനമായും, നാടകം ആളുകൾ വായിക്കുന്നത് കുറഞ്ഞു. പുതിയ ടെക്സ്റ്റുകളെ കുറിച്ച് പറയുമ്പോൾ, ഇപ്പോൾ ഞാൻ വർക്ക് ചെയ്ത് കൊണ്ടിരിക്കുന്ന വർക്കിനെ കുറിച്ച് പറയാം. വിഷ്ണു പത് ബർവേ സംവിധാനം ചെയ്യുന്ന, സ്കൂൾ ഓഫ് ഡ്രാമയിലെ എം ടി എ വിദ്യാർഥികളുമായി കൊളാബറേറ്റ് ചെയ്യുന്ന ഒരു വർക്കാണിത്. ഇതിനകത്ത് അഭിനേതാക്കളില്ല, പക്ഷേ ടെക്സ്റ്റ് ഉണ്ട്. ഞങ്ങൾ ഒരു ഡേറ്റിംഗ് ആപ്പ് ഡെവലപ്പ് ചെയ്യുന്നു. അതിലേക്കുള്ള കണ്ടന്റ് സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഡ്രമാറ്റർഗ് എന്ന നിലയിൽ ഇരുപതോളം വരുന്ന ക്യൂറേറ്റെഴ്സിനോടൊപ്പം പ്രവർത്തിക്കുകയാണ് ഞാൻ. ഡേറ്റിംഗ് വിത്ത് എ ട്രീ എന്ന സങ്കല്പത്തിൽ വെബ്സൈറ്റ് ക്രിയേറ്റ് ചെയ്യപ്പെടുകയാണ്. ഈ ഡേറ്റിംഗ് ആപ്പിലേക്കുള്ള പ്രൊഫൈലുകളാണ് ഉണ്ടാക്കുന്നത്. നമ്മുടെ വ്യവസ്ഥാപിത നാടക സങ്കല്പത്തിനകത്തേക്ക് ഒരുതരത്തിലും ഒതുങ്ങി നിൽക്കാത്ത വർക്കാണിത്. ഇരുപതോളം വിദ്യാർഥികൾ കണ്ടെത്തിയ മരങ്ങളെ അവർ പേരിട്ട് ഒരു പ്രൊഫൈലുണ്ടാക്കുന്നു. ഡ്രമാറ്റർഗ് എന്ന നിലയിൽ അവതരണപാഠത്തിലും അവതരണ രൂപത്തിലുമാണ് പ്രവർത്തിക്കുന്നത്. സംഘത്തിന്റെ ചർച്ചകൾ സമാഹാരിക്കുകയും പുതിയ അന്വേഷണത്തിലേക്ക് സംഘത്തെയും സംവിധായകനെയും നയിക്കുകയുമാണ് ഡ്രമാറ്റർഗ്. എങ്ങനെ ഇത് ആളുകളെ ഇംപാക്റ്റ് ചെയ്യുന്നു, ഇതെങ്ങനെ കമ്യൂണിക്കേറ്റ് ചെയ്യുന്നു, പോരായ്മകളും സാധ്യതകളും എന്തൊക്കെയാണ് എന്ന അന്വേഷണം കൂടിയാണ് ഡ്രാമറ്റർഗ് എന്ന നിലയിൽ എന്റെ ജോലി. നാടകരചയിതാവ് എന്ന സങ്കൽപത്തിൽ നിന്ന് വിശാലമായ അല്പം കൂടി തുറന്ന ഇടമാണ് ഡ്രാമറ്റാർജിക്കുള്ളത്.

അക്കാദമി പുരസ്കാരം നേടിയ ‘കുമരു’ എന്ന നാടക സമാഹാരത്തെക്കുറിച്ച് പറയൂ. പുതിയ പുസ്തകം ആലോചനയിലുണ്ടോ?

‘സ്വപ്നദംശനം, ഫാമിലി ഫോട്ടോ, തികച്ചും സാധാരണമായ അത്ഭുതം, കുമരു’ എന്നിങ്ങനെ നാല് നാടകങ്ങളാണ് ഈ സമാഹാരത്തിലുള്ളത്. ഐവറി ബുക്സ് ആണ് പ്രസാധകർ. ചുരുക്കി പറഞ്ഞാൽ വ്യത്യസ്ത സ്വഭാവങ്ങളുള്ള നാല് നാടകങ്ങളുടെ സമാഹാരം. സ്വപ്നങ്ങളെക്കുറിച്ച്, പരേതരെക്കുറിച്ച്, കുമരു എന്ന കള്ളനെ കുറിച്ച്, അത്ഭുതങ്ങളെ കുറിച്ച്, രണ്ട് സ്ത്രീളുടെ ചുംബനങ്ങളെകുറിച്ച്, അവരുടെ പ്രണയത്തെക്കുറിച്ച്, ആണ് നാടകങ്ങൾ സംസാരിക്കുന്നത്.

സ്വപ്നദംശനം സ്വപ്നത്തിന്റെയും ഫേസ്ബുക്ക് പോസ്റ്റുകളുടെയും ഭാഷയിൽ തുടങ്ങി മരിച്ചവരുടെ ഭാഷയിലൂടെ സംസാരിക്കാൻ ശ്രമിക്കുന്നു. ഫാമിലി ഫോട്ടോ ആദ്യഭാഗം പൂർണമായും എഴുത്തിന്റെ ചില പരീക്ഷണങ്ങൾക്ക് മുതിരുകയും രണ്ടാം ഭാഗത്തിൽ ചെറിയ വാക്കുകൾ കൊണ്ട് കനവും, നേർമയും, പ്രണയവും സൃഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്തു. തികച്ചും സാധാരണമായ അത്ഭുതം, പേരുപോലെ തന്നെ സാധാരണതയിലെ അസാധാരണതയെ അന്വേഷിക്കുകയാണ്. കുമരു ഒരു കള്ളന്റെ സത്യന്വേഷണകഥയാണ്. എന്റെ നാടിന്റെ ഭാഷയിൽ എഴുതിയ ഒന്ന്. കോഴിക്കോടൻ ഗ്രാമങ്ങളിൽ കുമാരുവിനെ പോലെ മിണ്ടുന്നവരെ നിങ്ങൾക്ക് കാണാം.

ഈ നാല് നാടകങ്ങളും 2014-നു മുൻപ് എഴുതിയവയാണ്. ഇപ്പോൾ പലരും കുമരുവിലെ നാടകങ്ങളെകുറിച്ച് സംസാരിക്കാറുണ്ട്. എന്നാൽ ഞാൻ അടുത്ത നാടകപുസ്തകത്തിലേക്ക് കടക്കുകയാണ്. 2014 മുതൽ 2024 വരെ എഴുതി വച്ച പല വർക്കുകളും പുസ്തകരൂപത്തിലാക്കണം. പലതും വ്യവസ്ഥാപിത രചനകളുമായി ചേർന്നു പോവുന്നതല്ല എന്നാണ് എന്റെ തോന്നൽ. പേജുകൾ നീണ്ടുനിൽക്കുന്ന വാക്കുകളുടെ ഇൻസ്റ്റലേഷൻ പോലെ ചില വർക്കുകകൾ എഴുതി പൂർത്തിയാക്കിയിട്ടുണ്ട്. എല്ലാം അധികം വൈകാതെ പുറത്തുവരും. എഴുതിയ നാടകങ്ങൾ പുസ്തകരൂപത്തിൽ കാണുന്നത് വലിയ സന്തോഷമാണ്. കലാപ്രവർത്തകൻ എന്ന നിലയിൽ ഇത്തരം സന്തോഷങ്ങൾ വലിയ ആശ്വാസമാണ്.


എമിൽ മാധവി

നടൻ, സംവിധായകൻ, തിയേറ്റർ പ്രാക്ടീഷണർ അഭിനയ പരിശീലകൻ, എഴുത്തുകാരൻ. Actors body and performance making, performance studies, applied theatre, intimate thetre performance making എന്നീ മേഖലയിൽ റിസർച്ച് oriented ആയ വർക്കുകൾ ചെയ്യുന്നു. തിയേറ്റർ കമ്പനി പെർഫോമിംഗ് കമ്യൂണിറ്റിയുടെ സ്ഥാപകനും creative director- മാണ്. അപ്പക്കുഞ്ഞുങ്ങളുടെ ആകാശയാത്ര, വൈറ്റ് പേപ്പർ, കുമരു -ഒരു കള്ളന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

റാഷിദ നസ്രിയ

കവി, അധ്യാപിക.

Comments