അന്താരാഷ്ട്ര നാടകവേദികളിലെ വ്യത്യസ്തധാരകളെ ഉൾക്കൊള്ളിച്ച് കൊണ്ടുള്ള മികച്ച അവതരണങ്ങൾ എക്കാലത്തും ITFOK-ൻെറ പ്രത്യേകതയാണ്. ഇത്തവണ ആ പട്ടികയിൽ ഏറ്റവും ശ്രദ്ധയാകർഷിക്കുന്ന ഒരു ഈജിപ്ഷ്യൻ അവതരണമാണ് മാസെൻ എൽ ഗരബാവിയുടെ ‘ശരീരം, പല്ലുകൾ, വിഗ് -‘Body, Teeth and Wig.’
വെസ്റ്റേൺ അവതരണങ്ങളിൽ കൂടുതലായി കാണാറുള്ള മൾട്ടി-സ്ക്രീൻ പ്രൊജക്ഷനുകളും ഫിസിക്കൽ തിയേറ്ററും മനോഹരമായ ലൈറ്റ് ഡിസൈനും ഒപ്പം അറബിക് കവിതകളും ചലനാത്മകമായി സംയോജിപ്പിക്കുന്നതിലാണ് ഈ അവതരണം വ്യത്യസ്തത പുലർത്തുന്നത്. സാങ്കേതികവിദ്യയും ഉപരിപ്ലവവും ആധിപത്യം സ്ഥാപിച്ചിരിക്കുന്ന പുതിയ ലോകക്രമത്തിൻെറ മൂർച്ചയുള്ളതും എന്നാൽ മിതത്വമുള്ളതുമായ അവതരണമാണ് എൽ ഗരബാവി നടത്തുന്നത്. ആധുനിക ലോകത്തെ നിരവധി വിഷയങ്ങളെയാണ് നാടകം പ്രതിനിധാനം ചെയ്യുന്നത്. അതിൽ മാനസികാരോഗ്യവും സ്ത്രീപക്ഷ രാഷ്ട്രീയവും അമിതമായ സ്മാർട്ട്ഫോൺ ഉപയോഗം മനുഷ്യരിലുണ്ടാക്കുന്ന സ്വാധീനത്തിൻെറ പ്രത്യാഘാതങ്ങളുമെല്ലാം ഉൾപ്പെടുന്നു.

വികാരവിചാരങ്ങൾ, സ്വത്വം, ജീവിതം, ശ്രമങ്ങൾ, മോഹഭംഗം, ചിഹ്നങ്ങൾ, സ്വപ്നം എന്നിങ്ങനെ വ്യത്യസ്ത വിഷയങ്ങളുള്ള ചാപ്റ്ററുകളായി നാടകത്തെ തിരിച്ചിട്ടുണ്ട്. സാങ്കേതികവിദ്യ അതിൻെറ ഏറ്റവും ഉന്നതിയിൽ നിൽക്കുന്ന ഒരു കാലത്ത് സ്ത്രീജീവിതത്തിൻെറ സങ്കീർണതകളിലേക്ക് ആഴത്തിൽ സഞ്ചരിക്കുകയാണ് ഈ നാടകം ചെയ്യുന്നത്. തീർത്തും വ്യത്യസ്തമായ സാഹചര്യങ്ങളിൽ ജീവിക്കുന്ന സ്ത്രീകളുടെ ദുർബലതകളും വിഫലമായിപ്പോവുന്ന അഭിലാഷങ്ങളും തുറന്നുകാണിക്കാൻ നാടകം പരിശ്രമിക്കുന്നു.
ആത്മാഭിമാനം ചോദ്യം ചെയ്യപ്പെട്ട കറുത്ത വംശജരായ സ്ത്രീകളും യുദ്ധത്തിൻെറ ഭീകരതയിൽ തകർക്കപ്പെട്ട സ്ത്രീകളുമെല്ലാം കഥാപാത്രങ്ങളാവുന്നു. വംശീയത, ഒറ്റയ്ക്ക് ജീവിക്കാനുള്ള അവകാശം, കുടിയേറ്റ പ്രതിസന്ധി, തകർന്ന ബന്ധങ്ങൾ, ലിംഗപരമായ സംഘർഷങ്ങൾ, മാനസികാരോഗ്യം എന്നിങ്ങനെ നിരവധി വിഷയങ്ങൾ പ്രേക്ഷകരിലേക്കെത്തിക്കുന്നതിലൂടെ അവരെ സഹാനുഭൂതിയോടെയുള്ള ഇടപെടലുകൾക്ക് പകരം അൽപം ഉൾവലിഞ്ഞുള്ള നിരീക്ഷണത്തിലേക്കാണ് കൊണ്ടുപോവുന്നത്. ഒരു മെട്രോപോളിസ് സാഹചര്യത്തിൽ ഇത്തരം വിഷയങ്ങൾ വാർത്താതലക്കെട്ടുകളുടെ ഭാഗമായി മാറുകയും അതിൻെറ വൈകാരിക സ്വാധീനം നഷ്ടപ്പെട്ട് പോവുകയും ചെയ്യാറുണ്ട്. ഗെഹാദ് എസ്സാം, നഘം സാലെ, ഇമാൻ യൂസഫ്, നിഹാൽ ഫഹ്മി എന്നിവരുടെ പ്രകടനങ്ങളിലൂടെ ‘ശരീരം, പല്ലുകൾ, വിഗ്’ എന്ന ഈ നാടകം, തങ്ങളെ ആഴത്തിൽ മുറിവേൽപ്പിക്കുന്ന ഒരു ലോകത്തോട് പോരാട്ടം നടത്തുന്ന സ്ത്രീകളുടെ ആന്തരിക ജീവിതത്തിലേക്ക് തുറന്നുവെച്ച കണ്ണാടിയായി മാറുന്നു.

“ഉറക്കമുണരുമ്പോൾ ഞാനൊരു വെളുത്തവളായി മാറുമെന്ന് സ്വപ്നം കാണുകയായിരുന്നു”, എന്ന കറുത്ത വംശജയായ സ്ത്രീകളുടെ വാക്കുകളും “എത്ര കാലം ഒരാൾക്ക് വാടകയ്ക്കെടുത്ത ഹൃദയവുമായി ജീവിക്കാൻ സാധിക്കും?” എന്ന മറ്റൊരു സ്ത്രീയുടെ ചോദ്യവും സ്ത്രീപക്ഷത്ത് നിന്ന് ശക്തമായ ചോദ്യങ്ങളാണ് ഉന്നയിക്കുന്നത്. വിഷാദം കാരണം പ്രതിസന്ധിയിലായ ഒരു കഥാപാത്രം അതിനെ വിശേഷിപ്പിക്കുന്നത് “ശപിക്കപ്പെട്ട ഈ പങ്കാളി, വിരസത എൻെറ രക്തത്തിലേക്ക് മരുന്ന് പോലെ ഒഴുക്കിവിടുകയാണ്,” എന്നാണ്. അവരെ പോരാട്ടങ്ങളിൽ നിന്ന് മോചിപ്പിച്ച്, നിസ്സഹായതകളിൽ നിന്ന് രക്ഷ തേടാനുള്ള വഴികളിലേക്ക് നയിച്ച്, പ്രേക്ഷകരെ വിജയം എന്തെന്ന് നിർണയിക്കാൻ വിടുകയാണ് നാടകം ചെയ്യുന്നത്.
അമൽ ഡൻക്യുലിൻെറ കവിതകളെ ഉത്തരാധുനിക ലെൻസിലൂടെ പുനർവ്യാഖാനിച്ച് ഉപയോഗപ്പെടുത്തിയിരിക്കുന്നു എന്നതാണ് ഈ അവതരണത്തിൻെറ ഒരു പ്രധാന ആകർഷണം. ഡൻക്യുലിൻെറ കവിതകളിലെ സ്വാതന്ത്ര്യം, അവകാശം, സൗന്ദര്യം എന്നീ ദർശനങ്ങളെ ഇന്ത്യൻ തത്വചിന്തയിലെ സത്യം, ശിവം, സുന്ദരം എന്നിവയുമായി സംയോജിപ്പിച്ച് അവതരിപ്പിക്കുകയാണ് എൽ ഗരബാവി ചെയ്യുന്നത്. ഡൻക്യുലിൻെറ ലോകവീക്ഷണം ഉൾക്കൊള്ളുന്ന നാല് കഥാപാത്രങ്ങൾ അർത്ഥവത്തായ അസ്തിത്വത്തിന്റെ പ്രതീക്ഷയിൽ മുറുകെപ്പിടിച്ചുകൊണ്ട് ലോകത്തിന്റെ നിരാശയെ അഭിമുഖീകരിക്കുകയാണ്. “ഞാനീ ലോകത്തെ മാറ്റാൻ ശ്രമിച്ചു, പക്ഷേ ഈ ലോകം എന്നെ മാറ്റി,” എന്ന അവരുടെ വിലാപം പോളിഷ് കവി വിസ്ലാവ സിംബോർസ്കയുടെ സാർവത്രിക ആശങ്കയായ “നമ്മൾ എങ്ങനെ ജീവിക്കുന്നു?” എന്ന ചോദ്യത്തെ പ്രതിധ്വനിപ്പിക്കുകയാണ് ചെയ്യുന്നത്.
അമൽ ഡൻക്യുലിൻെറ കവിതകളെ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചുവെന്നതാണ് ഈ നാടകം നൽകുന്ന വലിയൊരു സംഭാവന. 20ാം നൂറ്റാണ്ടിലെ ഏറ്റവും പ്രതിഭാശാലിയായ ഈജിപ്ഷ്യൻ കവികളിൽ ഒരാളായ ഡൻക്യുൽ അറബി സംസാരിക്കുന്ന ലോകത്തിന് പുറത്ത് അത്ര പരിചിതനല്ല. നാടകം അദ്ദേഹത്തിന്റെ കവിതകളെ ജീവസുറ്റതാക്കി മാറ്റുന്നു, അതിന്റെ എക്കാലത്തുമുള്ള പ്രസക്തിയെ തുറന്നുവെക്കുകയും ചെയ്യുന്നു.

സാമൂഹ്യ - മനഃശാസ്ത്ര വിഷയങ്ങൾക്കപ്പുറം ഈ നാടകം സമയത്തിൻെറ നിശ്ചയമില്ലാത്ത ഒഴുക്കിനെ തേടുകയാണ്. ആർട്ടിഫിഷ്യൽ ഇൻറലിജൻസിൻെറയും കാലത്തിൻെറ മുന്നോട്ടുള്ള കുതിപ്പിൻെറയും സമ്മർദ്ദങ്ങളൊന്നുമില്ലാത്ത ജീവിതത്തെ ആഗ്രഹിക്കുകയാണ് ഇതിലെ കഥാപാത്രങ്ങൾ. “ക്ലോക്കിലെ സൂചികളോട് ചലിക്കാതിരിക്കാൻ പറയൂ. എനിക്ക് ഭയമാവുന്നു, പ്രായമാവുന്നത് ഭയപ്പെടുത്തുന്നു. ലോകത്തെയും സമയത്തെയും എങ്ങനെയാണ് എനിക്ക് നിശ്ചലമാക്കാൻ സാധിക്കുക?” എന്ന അവരുടെ അഭ്യർഥന നശ്വരതയുടെ സാർവദേശീയമായ ആശങ്കയാണ് പങ്കുവെക്കുന്നത്.
കലാപരമായ നിരവധി ഘടകങ്ങളുടെ കയ്യൊതുക്കത്തോടെയുള്ള സംയോജനത്തിലാണ് ഈ അവതരണം വലിയ വിജയമായി മാറുന്നത്. അമൽ ഡൻക്യുലിൻെറ കവിതകൾ ഇതിന് അടിത്തറ പാകുന്നു, ഫിസിക്കൽ തിയേറ്ററിൻെറ സാധ്യതകൾ പൂർണമായി ഉപയോഗപ്പെടുത്തിയിരിക്കുന്നു. അഹ്മദ് അമീൻെറ ലൈറ്റ് ഡിസൈനാണ് എടുത്തുപറയേണ്ട മറ്റൊരു ഘടകം. പ്രേക്ഷകരെ വല്ലാതെ പിന്തുടർന്ന് കൊണ്ടേയിരിക്കുന്ന മഹ്മൂദ് ഷരാവിയുടെ സംഗീതവുമെല്ലാം ചേരുമ്പോൾ വൈകാരികമായ ഒരു അനുഭൂതിയിലേക്ക് നാടകം പ്രേക്ഷകരെ നയിക്കുന്നു. ഷരാവിയുടെ സംഗീതം നാടകത്തിൻെറ ആത്മാവ് തന്നെയാണെന്ന് പറയാം. സംഗീതത്തിലൂടെ കഥാപാത്രങ്ങളുടെ ആഴവും അവരുടെ വികാരങ്ങളും കൂടുതൽ ചാരുതയോടെ പ്രേക്ഷകരിലെത്തുന്നു. കൂട്ടിലടച്ച പക്ഷിയെപ്പോലുള്ള സംഗീതം ഈ അവതരണത്തിൻെറ ഹൃദയമിടിപ്പായാണ് മാറുന്നത്…

▮
‘ശരീരം, പല്ലുകൾ, വിഗ്
‘Body, Teeth and Wig.’
സംവിധാനം: മാസെൻ എൽ ഗരബാവി.
പ്രധാന അഭിനേതാക്കൾ: ഗെഹാദ് എസ്സാം, നഘം സാലിഹ്, ഇമാൻ യൂസഫ്, നിഹാൽ ഫഹ്മി.
ദീപസംവിധാനം: അഹ്മദ് അമീൻ
എക്സിക്യൂട്ടീവ് ഡയറക്ടർ: നൂർ എൽസായെദ്
ഡ്രാമറ്റർജി: എസ് എൽ ദിൻ ഹാഫെസ്
കോസ്റ്റ്യൂം ഡിസൈനർ: അർവ കഡോറ
സംഗീതനിർവഹണം: മഹ്മൂദ് ഷരാവി.




READ ALSO: #itfok2025: കർണാടിന്റെ ‘ഹയവദന’
നീലം മാൻ സിങ്ങിന്റെ പുതിയ തിയേറ്ററിൽ