'ഗുരു' എന്ന നാടകത്തിൽ നിന്ന്

അരങ്ങിലെ
കണ്ണാടിയിൽ
ഗുരുവിനെ
കാണുമ്പോൾ

കാലികമായ വ്യഖ്യാനങ്ങളോടെയാണ് ശ്രീനാരായണ ഗുരുവിനെ സച്ചിദാനന്ദൻ നാടകരൂപത്തിൽ കൊണ്ടുവരുന്നത്. ഡോ. എം. പ്രദീപൻ സംവിധാനം ചെയ്ത 'ഗുരു' എന്ന നാടകത്തിന്റെ കാഴ്ച, ഡോ. പ്രമോദ് കെ.എസ്. എഴുതുന്നു.

കേരളത്തിലെ ചരിത്രപുരുഷൻമാരെക്കുറിച്ച് നിരവധി നാടകങ്ങൾ അരങ്ങിൽ എത്തിയിട്ടുണ്ട്. എന്നാൽ ശ്രീനാരായണഗുരുവിനെക്കുറിച്ച് സമ്പൂർണ്ണം എന്നു പറയാവുന്ന നാടകം ഗ്രന്ഥരൂപത്തിലോ അരങ്ങിലേക്കോ എത്തിയിരുന്നില്ല. ശ്രീനാരായണഗുരുവിനെ കേന്ദ്രമാക്കി കവി സച്ചിദാനന്ദൻ രചനയും ഡോ. എം. പ്രദീപൻ സംവിധാനവും നിർവഹിച്ച 'ഗുരു' വിലൂടെ നാരായണ ഗുരുവിനെക്കുറിച്ചുള്ള ഒരു പൂർണനാടകം അരങ്ങിലെത്തിയിരിക്കുകയാണ്.

ഗുരുവിനെക്കുറിച്ച് ആധികാരികമായ ലിഖിത പാഠവും അതിനനുയോജ്യമായ രംഗപാഠവും ഉൾക്കൊള്ളുന്ന ഒരു നാടകമുണ്ടാകാൻ ഇത്ര വൈകിയത് എന്തുകൊണ്ടാകാം? സംഘർഷമില്ലാതെ നാടകമില്ല എന്ന് ബർണാഡ് ഷാ പറഞ്ഞിട്ടുണ്ട്. സംഘർഷഭരിതമായ മുഹൂർത്തങ്ങളിലേ നാടകം ഉണ്ടാകുന്നുള്ളൂ എന്നാണ് അതിനർത്ഥം. കവിതയും ചെറുകഥയും നോവലും ആഖ്യാനത്തിന്റെ സവിശേഷതകൾകൊണ്ടാണ് ശ്രദ്ധേയമാകുന്നതെങ്കിൽ ഒരു പ്രമേയത്തിലുള്ള, ജീവിതത്തിലുള്ള സംഘർഷാത്മകമായ മുഹൂർത്തങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടാണ് നാടകം ഭ്രമണം ചെയ്യുന്നത്. അങ്ങനെ ജീവത്തായി അരങ്ങിൽ പ്രതിഫലിക്കുന്നതിനുവേണ്ടിയാണ് നാടകം എഴുതുന്നത്.

വായിക്കാം: ചരിത്രത്തിലെ ഗുരു, അരങ്ങിൽ കാലത്തോട് സംവദിക്കുമ്പോൾ…

പ്രേക്ഷകരെ ആകർഷിക്കുന്നതിനുവേണ്ടിയാണ് നാടകകൃത്ത് ജീവത്തായ ഇത്തരം സന്ദർഭങ്ങൾ നാടകത്തിൽ ഒരുക്കുന്നത്. ഗുരു ജീവിതത്തിൽ നിരവധി സംഘർഷാത്മകമായ ചരിത്രമുഹൂർത്തങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. പക്ഷേ, ഗുരുവിന്റെ ജീവിതം സാധാരണ ഒരു വ്യക്തി നയിക്കുന്ന സംഘർഷാത്മകമായ ജീവിതമല്ല. ദാർശനികവും പ്രബോധനപരവുമായ ജീവിതമാണ് ഗുരു നയിച്ചത്. ഈ ദാർശനികതയെ ദൃശ്യവത്കരിക്കുകയും ചലനാത്മകമാക്കുകയും ചെയ്യുക എന്നത് നാടകരചയിതാവിനെയും സംവിധായകനെയും സംബന്ധിച്ചു വലിയ വെല്ലുവിളിയാണ്. ഭാരതീയ നാടകസിദ്ധാന്തമനുസരിച്ച് നവരസങ്ങളിൽ ഏതെങ്കിലുമൊന്നിനു പ്രാധാന്യം നൽകിയാണ് നാടകങ്ങൾ ഒരുക്കുന്നത്. അങ്ങനെ നോക്കിയാലും ഗുരുവിന്റെ ദാർശനികജീവിതം രസപ്രധാനമായി അവതരിപ്പിക്കുക എന്നതും എളുപ്പമല്ല.

രസപ്രധാനമായ അവതരണത്തിനായി ഗുരുവിനെ പുനഃരെഴുതുമ്പോൾ സന്യാസി എന്ന നിലയിൽ ശാന്തരസമായിരിക്കും മുന്നിൽ വരിക. ദാർശനികമായ ജീവിതം നയിച്ച ഗുരുവിൽ കണ്ടെത്താൻ കഴിയുന്ന രസം ശാന്തമാണ്. ചിന്തകരുടെയും സന്യാസിമാരുടെയും കഥാപാത്രങ്ങൾക്ക് അനുയോജ്യമായ രസമായി ശാന്തരസത്തെ കാണാനാവും. ശാന്തരസപ്രധാനമായ നാടകം ഉണ്ടോയെന്നു തന്നെ പരിശോധിക്കേണ്ടതാണ്. ശാന്തരസം പ്രധാനമായ, ചിന്താമഗ്‌നനായി ഇരിക്കുന്ന ഒരു കഥാപാത്രത്തെ പ്രേക്ഷകർക്ക് ആകർഷകമായി തോന്നണമെന്നില്ല. പ്രേഷകപക്ഷത്തുനിന്നുള്ള ഈ ആലോചനയാവാം ശാന്തരസപ്രധാനമായ നാടകരചനകൾക്ക് മുതിരാത്തതിന് ഒരു കാരണം.

വളരെ ചടുലമായ ഒരു കാലമാണ് ഇത് എന്നതും പ്രാധാന്യമുള്ള ഘടകമാണ്. അങ്ങനെയുള്ള കാലത്തിനനുസരിച്ചുള്ള ആഖ്യാനം നാടകത്തിന് അനിവാര്യമാണ്. ദാർശനികനായ മനുഷ്യന്റെ വളരെ പതിഞ്ഞ താളത്തിലുള്ള ദാർശനിക ജീവിതം അവതരിപ്പിച്ചു വിജയിപ്പിക്കുക എന്നതും ശ്രമകരമാണ്. എന്തായാലും ഇത്തരം ആശങ്കകളെ അകറ്റിനിർത്തി ഗുരു നാടകം രംഗത്തെത്തിക്കാൻ അണിയറപ്രവർത്തകർക്കു കഴിഞ്ഞു.

രസപ്രധാനമായ അവതരണത്തിനായി ഗുരുവിനെ പുനഃരെഴുതുമ്പോൾ സന്യാസി എന്ന നിലയിൽ ശാന്തരസമായിരിക്കും മുന്നിൽ വരിക. ദാർശനികമായ ജീവിതം നയിച്ച ഗുരുവിൽ കണ്ടെത്താൻ കഴിയുന്ന രസം ശാന്തമാണ്.
രസപ്രധാനമായ അവതരണത്തിനായി ഗുരുവിനെ പുനഃരെഴുതുമ്പോൾ സന്യാസി എന്ന നിലയിൽ ശാന്തരസമായിരിക്കും മുന്നിൽ വരിക. ദാർശനികമായ ജീവിതം നയിച്ച ഗുരുവിൽ കണ്ടെത്താൻ കഴിയുന്ന രസം ശാന്തമാണ്.

വായിച്ച് ആസ്വദിക്കുവാൻ എഴുതിയ നാടകം

സച്ചിദാനന്ദൻ, ഗുരുവിന്റെ ചരമശതാബ്ദി ആദരണത്തോടക്കുന്ന വേളയിൽ വായിച്ച് ആസ്വദിക്കാൻ വേണ്ടി എഴുതിയ നാടകമാണ് ഗുരു. സാഹിത്യപ്രധാനമായതിൽ നിന്ന് രംഗവേദി പഠനം വളർന്നിരിക്കുന്ന ഈ കാലത്ത് എല്ലാ നാടകങ്ങളും രംഗത്തിനും വഴങ്ങുമെന്ന് തെളിയിക്കുന്നതാണ് 'ഗുരു'വിന്റെ രംഗാവതരണം. ദൈർഘ്യമേറിയ സംഭാഷണങ്ങളാണ് നാടകത്തിലുള്ളത്. സാധാരണ നാടകങ്ങിൽ ഇത്രയും ദൈർഘ്യമേറിയ സംഭാഷണങ്ങൾ കാണാറില്ല. അരപ്പുറവും ഒരുപുറവും നിറഞ്ഞ സംഭാഷണങ്ങളാണ് അദ്ദേഹം എഴുതിയത്. ബെർതോൾഡ് ബ്രഹ്തിന്റെ പ്രബോധനാത്മകമായ നാടകസങ്കൽപ്പത്തിനോടു ചേർന്നുനിൽക്കുന്നതാണ് നാടകത്തിന്റെ രചനാ സ്വഭാവം. ഇത് യഥാർത്ഥത്തിൽ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ളതാണ്. അവതരണത്തെ ദീർഘസംഭാഷണങ്ങൾ സഹായിക്കുകയില്ല. കുട്ടിയായ നാണുവിന്റെ സംശയങ്ങൾ ശാസ്ത്രയുക്തിയോടെയാണ് സച്ചിദാനന്ദൻ എഴുതിയിരിക്കുന്നത്. അതേപോലെ ഗാന്ധിയും സി.വി. കുഞ്ഞുരാമനും സഹോദരൻ അയ്യപ്പനും പങ്കെടുക്കുന്ന സംവാദരംഗങ്ങളും.
ഈ സംഭാഷണങ്ങളെ അവതരണത്തിനായി പാകപ്പെടുത്തുകയാണ് പ്രദീപൻ ആദ്യം ചെയ്തത് എന്നുകാണാം. സംഭാഷണങ്ങളെ കഥാപാത്രങ്ങൾക്കും രംഗത്തിനും യോജിച്ച വിധത്തിലാക്കി. പ്രസംഗം പോലെ വിവരണാത്മകമായി പ്രേക്ഷകരുടെ ക്ഷമയെ പരീക്ഷിക്കാത്ത സംഭാഷണങ്ങളായി അവ അരങ്ങിൽ പ്രയോഗിക്കാനായി.

അവതരണരീതി

ഒറ്റനോട്ടത്തിൽ പ്രൊഫഷണൽ നാടകത്തിന്റെ ചിട്ടവട്ടങ്ങൾക്കുള്ളിൽനിന്നുകൊണ്ടുള്ള നാടകമാണ് 'ഗുരു' എന്നു തോന്നിയേക്കാം. എന്നാൽ ലോകനാടകവേദിയെ സംബന്ധിച്ച സംവിധായകന്റെ അക്കാദമിക പഠനാനുഭവങ്ങൾ ഗുരുവിന്റെ രംഗാവതരണവുമായി ഉൾച്ചേർക്കാൻ ശ്രമിക്കുന്നുണ്ട്. സ്വാഭാവികമായി തോന്നുംവിധമുളള രംഗക്രമീകരണങ്ങളായിരുന്നു മുൻകാലങ്ങളിൽ നാടകങ്ങളിൽ ഉപയോഗിച്ചുകൊണ്ടിരുന്നത്. പിന്നീട് അത് വലിയ കട്ടൗട്ടുകളായി. അവിടെ നാടകകലാകാരരേക്കാൾ ചിത്രകാരർക്ക് രംഗം ഒരുക്കുന്നതിൽ ഒരു സ്ഥാനവും ലഭിച്ചിരുന്നു.

പുതിയകാലത്ത് രംഗം മാറുന്നതനുസരിച്ചു കട്ടൗട്ടുകളും മാറുന്നരീതി വന്നു. യഥാതഥമായ അവസ്ഥ പ്രേക്ഷകർക്കു തോന്നാൻ വേണ്ടിയാണ് ഈ രീതിയിൽ രംഗം ഒരുക്കുന്നത്. അമേച്വർ നാടകങ്ങളുടെ രംഗസംവിധാനം അധികവും ധ്വന്യാത്മകങ്ങളാണ്. 'ഗുരു' നാടകത്തിന്റെ അമേച്വർ സ്വഭാവം വ്യക്തമാക്കുന്നതാണ് രംഗസംവിധാനം. സംവിധായകൻ പ്രദീപൻ തന്നെയാണ് രംഗസംവിധാനം (ടോട്ടൽ ഡിസൈൻ) നിർവഹിച്ചിരിക്കുന്നത്. രംഗസൂചനകളിലൂടെയാണ് (സജസ്റ്റീവായ) 'ഗുരു' നാടകത്തിൽ രംഗം ഒരുക്കിയിരിക്കുന്നത്. പഴയകാല കർട്ടനുകളിൽനിന്നു ഭിന്നമായി കലണ്ടർ രൂപത്തിലുള്ള ഇലസ്‌ട്രേഷനും ഡ്രോയിങ്‌സും രംഗക്രമീകരണത്തിന് ഉപയോഗിച്ചിരിക്കുന്നു. നടൻ മിനോണാണ് ഇതു തയാറാക്കിയിരിക്കുന്നത്. യഥാതഥ ജീവിതത്തിൽ നിന്നും ഭിന്നമായി കലാതമകമായ സൂചനകളുടേതായ രംഗമൊരുക്കലാണ് (suggestive set design) ഇവിടെ നിർവഹിക്കുന്നത്. കാലവും സ്ഥലവും എല്ലാം ഒരു അനുഭവമാക്കി മാറ്റാൻ അരങ്ങിലെ കഥാപാത്രങ്ങളുടെ പെരുമാറ്റംകൊണ്ടു കഴിയുന്നു. രംഗവേദിയും കഥാപാത്രങ്ങളും തമ്മിലുള്ള സംവാദങ്ങളിലൂടെ നാടകം ഇനിയും തെളിഞ്ഞുവരേണ്ടിയിരിക്കുന്നു. ദീപവിന്യാസവും ശബ്ദക്രമീകരണവും നാടകത്തിന്റെ സ്വഭാവത്തെ എടുത്തുകാട്ടുന്നവയാണ്. അവതരണത്തിന്റെ തലത്തിൽ ഈ ലയം നാടകത്തിൽ കാണാൻ കഴിയുന്നു.

രംഗവേദിയും കഥാപാത്രങ്ങളും തമ്മിലുള്ള സംവാദങ്ങളിലൂടെ നാടകം ഇനിയും തെളിഞ്ഞുവരേണ്ടിയിരിക്കുന്നു. ദീപവിന്യാസവും ശബ്ദക്രമീകരണവും നാടകത്തിന്റെ സ്വഭാവത്തെ എടുത്തുകാട്ടുന്നവയാണ്.
രംഗവേദിയും കഥാപാത്രങ്ങളും തമ്മിലുള്ള സംവാദങ്ങളിലൂടെ നാടകം ഇനിയും തെളിഞ്ഞുവരേണ്ടിയിരിക്കുന്നു. ദീപവിന്യാസവും ശബ്ദക്രമീകരണവും നാടകത്തിന്റെ സ്വഭാവത്തെ എടുത്തുകാട്ടുന്നവയാണ്.

കഥാപാത്രങ്ങൾ

നാരായണഗുരുവിന്റെ വ്യത്യസ്തകാലങ്ങൾ നാടത്തിൽ അവതരിപ്പിക്കുന്നുണ്ട്. നാലു പേരാണ് ഗുരുവിന്റെ വ്യത്യസ്ത കാലങ്ങൾക്ക് ജീവൻ പകർന്നത്. പക്വതയെത്തിയ ഗുരുവിന്റെ വേഷം അവതരിപ്പിച്ചത് വി.ഡി.ഡി. നമ്പ്യാരാണ്. ഗൗതം കൃഷ്ണ, മിനോൺ, ആദിഷ് രാജ് എന്നവിർ ഗുരുവിന്റെ മറ്റു കാലങ്ങളെയും അവതരിപ്പിച്ചു. ഗുരുവിന്റെ വ്യക്തിജീവിതത്തിൽ ബാല്യകാലത്തിനാണ് പ്രാധാന്യം. സ്ത്രീകഥാപാത്രങ്ങൾ ഒരാൾ മാത്രമാണ് അരങ്ങിലെത്തുന്നത്. ഗുരുവിന്റെ കൗമാരകാലത്തെ വിവാഹജീവിതവും പരാമർശവിധേയമാകുന്നുണ്ടെങ്കിലും ഭാര്യ കഥാപാത്രമായ രംഗത്തുവരുന്നില്ല. സ്ത്രീപക്ഷത്തുനിന്നുള്ള ഗുരുചിന്ത നാടകത്തിൽ പരിഗണിക്കപ്പെടുന്നില്ല. നാണുവിന്റെ അച്ഛനും അമ്മയും ഗുരുവും പ്രധാനകഥാപാത്രങ്ങളായി രംഗത്തെത്തുന്നുണ്ട്.

നാടകത്തിന്റെ രാഷ്ട്രീയം

കേരളീയ സമൂഹത്തിൽ ഏറ്റവും കൂടുതൽ ചർച്ചകൾക്കും വ്യാഖ്യാനങ്ങൾക്കും വിധേയനായിട്ടുള്ള വ്യക്തിത്വത്തിനുടമയാണ് ശ്രീനാരായണഗുരു. ഗുരുവിന്റെ വഴി ഏത് എന്നു സ്ഥാപിക്കലാണ് ഇന്നു നടക്കുന്ന ചർച്ചകളിൽ പ്രധാന ലക്ഷ്യമായിട്ടുളളത്. അത് രാഷ്ട്രീയമായ ലക്ഷ്യത്തിന്റെ ഭാഗവുമാണ്. പരിത്യാഗിയായ ഒരു സന്യാസി ലൗകികമായ കിടമത്സരങ്ങളുടെ ഏറ്റവും വലിയ ഉപകരണമായി മാറിയ ചരിത്രസന്ദർഭവും കൂടിയാണിത്. കേരളനവോത്ഥാനത്തിന്റെ പിതാവായി ഗുരുവിനെ കണക്കാക്കുമ്പോൾ പോലും ലക്ഷ്യംവയ്ക്കുന്നത് ഇന്നിന്റെ രാഷ്ട്രീയം തന്നെയാണ്.

ഈ ഘട്ടത്തിലാണ് കാലികമായ വ്യഖ്യാനങ്ങളുമായി ഗുരുവിനെ കെ. സച്ചിദാനന്ദൻ നാടകരൂപത്തിൽ കൊണ്ടുവരുന്നത്. കൺമുന്നിൽ കാണുന്നതെല്ലാം നാടകംപോലെ നാടകീയമാകുമ്പോൾ ഗുരുവിന്റെ ജീവിതത്തിന്റെ ആന്തരാർത്ഥങ്ങളെ തിരയാൻ ഏറ്റവും അനുയോജ്യമായ രൂപം നാടകത്തിന്റേതുതന്നെയാണെന്നു കരുതാം. ദേശാഭിമാനി ആഴ്ചപ്പതിപ്പിൽ മൂന്നു ലക്കങ്ങളായി വന്ന നാടകം ഉടൻതന്നെ ഡോ. എം. പ്രദീപന്റെ സംവിധാനത്തിൽ അരങ്ങിലെത്തുകയും ചെയ്തു. പിന്നീട് അത് ഡി.സി ബുക്‌സ് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു.

1987-ൽ സച്ചിദാനന്ദൻ തന്നെ എഴുതിയ 'ഗുരു' എന്ന കവിതയാണ് നാടകത്തിന്റെ ആദ്യ പ്രചോദനമെന്ന് നാടകത്തിന്റെ ആമുഖത്തിൽ പറയുന്നു. ഓരോ കാലത്തും രാഷ്ട്രീയപാർട്ടികൾ ശ്രീനാരായണഗുരുവിന്റെ ആശയങ്ങൾ തങ്ങളുടേതുകൂടിയണെന്നു വരുത്തിത്തീർക്കാൻ ശ്രമിക്കാറുണ്ട്. കാരണം ആ ആശയങ്ങൾ ഇന്ത്യൻ സാഹചര്യങ്ങളിലും കേരളീയ സാഹചര്യത്തിലും അത്രയ്ക്കു പ്രാധാന്യമുള്ളതായതുകൊണ്ടാണ്. ഗുരുവിന്റെ ചിന്തകളെ പരിശോധിച്ചാൽ യാഥാസ്ഥിതികനല്ലാത്ത, മറ്റു മതങ്ങളെയും അംഗീകരിക്കുന്ന മനോഭാവമുള്ള, സന്യാസിയാണ് അദ്ദേഹമെന്നു മനസിലാക്കാൻ പ്രയാസമില്ല. സഹോദരൻ അയ്യപ്പനുമായുള്ള അദ്ദേഹത്തിന്റെ സംഭാഷണങ്ങൾ അദ്ദേഹത്തിലെ മതസ്വത്വത്തെ ഉറപ്പിക്കുന്നതാണ്.

നാരായണഗുരുവിനെ അംഗീകരിക്കാൻ തയാറാകാതിരുന്ന ഇടതുപക്ഷം നവോത്ഥാന നായകനായി കണക്കാക്കി അദ്ദേഹത്തെ ഏറ്റെടുത്തു തുടങ്ങിയത് ജാതിരാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിലാണ്. അധികാരരാഷ്ട്രീയം പുതുരീതിയിൽ ഇടപെടാൻ തുടങ്ങിയതും നാരായണഗുരുവിന്റെ ആശയലോകം സംഘർഷാത്മക ചർച്ചകൾക്കു വിധേയമാക്കാൻ കാരണമായി. ഗുരു എന്ന നാടകത്തിനും അതുകൊണ്ടുതന്നെ രാഷ്ട്രീയപ്രാധാന്യമുണ്ട്. വ്യക്തമായ രാഷ്ട്രീയ നിലപാടുള്ള സച്ചിദാനന്ദനും ഗുരുവിനെ പതിവുവഴിയിൽ തന്നെയാണ് അടയാളപ്പെടുത്തുന്നത്. ഗുരുവിന്റെ മൂല്യങ്ങളെ സമകാലിക രാഷ്ട്രീയവുമായി കൂട്ടിക്കെട്ടുമ്പോൾ അത് അധികാരരാഷ്ട്രീയത്തിന്റെ വ്യാഖ്യാനങ്ങളായി മാറുകയാണു ചെയ്യുന്നത്.

സ്ത്രീകഥാപാത്രങ്ങൾ ഒരാൾ മാത്രമാണ് അരങ്ങിലെത്തുന്നത്. ഗുരുവിന്റെ കൗമാരകാലത്തെ വിവാഹജീവിതവും പരാമർശവിധേയമാകുന്നുണ്ടെങ്കിലും ഭാര്യ കഥാപാത്രമായ രംഗത്തുവരുന്നില്ല.
സ്ത്രീകഥാപാത്രങ്ങൾ ഒരാൾ മാത്രമാണ് അരങ്ങിലെത്തുന്നത്. ഗുരുവിന്റെ കൗമാരകാലത്തെ വിവാഹജീവിതവും പരാമർശവിധേയമാകുന്നുണ്ടെങ്കിലും ഭാര്യ കഥാപാത്രമായ രംഗത്തുവരുന്നില്ല.

ഗുരുവിന്റെ സംഭവബഹുലമായ ദീർഘജീവിതം ഒരു നാടകത്തിൽ ഒതുക്കുക എന്നത് പ്രയാസമേറിയ ഒരു ദൗത്യമാണ്. നാടകത്തിന്റെ ആന്തരിക സത്ത ചോർന്നുപോകാതെ എം.പ്രദീപൻ അരങ്ങിലെത്തിക്കുകയും ചെയ്തു. നാടകം പുസ്തകരൂപത്തിലാകുന്നതിനു മുമ്പുതന്നെ അരങ്ങിലെത്തിക്കാൻ 'ഗുരു' നാടകത്തിന്റെ പിന്നണി പ്രവർത്തകർക്കും മൂഴിക്കുളം ശാലയ്ക്കും കഴിഞ്ഞു.

ഗുരു കവിതയും നാടകവും

മൂന്നുഭാഗങ്ങളിലായിട്ടാണ് കവിതയിൽ സച്ചിദാനന്ദൻ ഗുരുവിനെ അവതരിപ്പിക്കുന്നത്. ജാതീയതയെ കുടഞ്ഞെറിയാൻ വഴികാണിക്കുന്നതിന്, ധ്യാനത്തിൽനിന്നുണണർന്ന് പുലിയോടൊപ്പം അത്ഭുതമായി ആളുകൾക്കു മുന്നിലേക്കു വന്നയാളാണ് കവിതയിലെ ഗുരു. ആറ്റുവെള്ളത്തിൽനിന്നു ശിലയെടുത്ത് പ്രതിഷ്ഠിച്ചും കണ്ണാടി മുഖത്തിനുനേരേ പ്രതിഷ്ഠിച്ച് ബോധവത്കരണം നടത്തിയും മുക്തിയുടെ ദൈവത്തെ പാവപ്പെട്ടവർക്കു നൽകിയയാളാണ് ഗുരു. അധ്വാനി്ക്കുന്ന അടിസ്ഥാനവർഗത്തിന്റെ അധ്വാനത്തിനു മൂല്യമുണ്ടാക്കിക്കൊടുക്കാൻ ഗുരുചിന്തയ്ക്കു കഴിയുന്നു എന്നു പറയുന്നു. കർമ്മനിരതരായ ഒരു സമൂഹത്തെ ഗുരുവിന്റെ വാഗ്‌വിലാസം സൃഷ്ടിച്ചെടുത്തു. കവിതയിലെ ആശയങ്ങൾ തന്നെയാണ് നാടകവും പിൻപറ്റുന്നത്.

ഗുരു നാടകം പ്രമേയം കൊണ്ട് നാരായണഗുരുവിന്റെ പുതിയ വായനകൾ സൃഷ്ടിക്കുന്നില്ല. അരങ്ങിൽ അതിന് പുതിയവ്യാഖ്യാനങ്ങൾ നൽകിയാൽ മാത്രമേ പുതുമയുള്ള ഒന്നായി നാടകം മാറുകയുള്ളു. ആ വെല്ലുവിളിയാണ് സംവിധായകൻ പ്രദീപൻ ഏറ്റെടുത്തത്. ഭൗതികവാദികളായ രണ്ടുപേർ ഗുരുവിനെ വരയ്ക്കുകയാണിവിടെ. ആ വരയിൽ തികച്ചും ഒരു സന്യാസിയായ ഗുരു നിഴലാകുകയും താർക്കികനും നവോത്ഥാനപ്രവർത്തകനുമായ ഗുരു തെളിഞ്ഞുവരികയും ചെയ്യുന്നു. കേരളത്തിൽ ഗുരുവിനെ പഠിക്കാൻ ശ്രമിച്ചവരിൽ ഏറെയും ഗുരുവിലെ ആത്മീയനായകന്റെ ഭൗതികവാദങ്ങളെയാണ് മുന്നിലേക്കു കൊണ്ടുവരാൻ ശ്രമിച്ചിരുന്നത്.

ആധുനികതയെയും ആത്മീയതയെയും കൂട്ടിക്കെട്ടാൻ ശ്രമിച്ച ചട്ടമ്പിസ്വാമികളും സ്വാമി വിവേകാനന്ദനും നാരായണഗുരുവിന്റെ സമകാലികരായിരുന്നു എന്നതും ഇവിടെ ഓർക്കാവുന്നതാണ്. വളരുന്ന ഗുരു ആത്മീയതയെ മനസിൽ ആഴത്തിൽ വേരുറപ്പിക്കുകയാണു ചെയ്യുന്നത്. ഗാന്ധിയും സഹോദരൻ അയ്യപ്പനും സി.വി. കുഞ്ഞിരാമൻ എന്നിവർ ഭൗതിക ജീവിതവുമായി ബന്ധപ്പെട്ടാണ് ഗുരുവുമായി സംവാദം നടത്തുന്നത്. ഗുരു അവരെ മനസിലാക്കിയുള്ള മറുപടി നൽകുന്നു. ഈ സംവാദങ്ങളുടെ സന്ദർഭത്തെ നാടകത്തിന്റെ സംഘർഷാത്മകസ്വഭാവം നിലനിർത്താനായി നാടകസ്രഷ്ടാക്കൾ ഉപയോഗിച്ചിരിക്കുന്നു. നാരായണഗുരുവിന്റെ ചെറുപ്പകാലത്തെ ദൈവടൊനുഭവങ്ങളെയും സംഘർഷാത്മകമായി നാടകത്തിൽ അവതരിപ്പിക്കുന്നുണ്ട്. എന്നാൽ ആത്മീയചിന്തയുടെ വളർച്ച പിന്നീട് നാടകത്തിൽ അപ്രത്യക്ഷമാകുന്നു. ഗാന്ധിയും സഹോദരൻ അയ്യപ്പനും അയ്യങ്കാളിയും നിത്യജീവിത സംഘർഷങ്ങളുടെ ഭാഗമായി സംവാദങ്ങളുടെ ഭാഗമാകുന്നു.

അരുവിപ്പുറം പ്രതിഷ്ഠയിലൂടെയും എസ്.എൻ.ഡി.പി. യോഗത്തിന്റെ രൂപീകരണത്തിലൂടെയും പൊതുസംവാദങ്ങളിലേക്ക് എടുത്തെറിയപ്പെട്ട ഗുരുവിന്റെ പ്രതികരണങ്ങളാണ് ഈ സംവാദങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്.
അരുവിപ്പുറം പ്രതിഷ്ഠയിലൂടെയും എസ്.എൻ.ഡി.പി. യോഗത്തിന്റെ രൂപീകരണത്തിലൂടെയും പൊതുസംവാദങ്ങളിലേക്ക് എടുത്തെറിയപ്പെട്ട ഗുരുവിന്റെ പ്രതികരണങ്ങളാണ് ഈ സംവാദങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്.

അരുവിപ്പുറം പ്രതിഷ്ഠയിലൂടെയും എസ്.എൻ.ഡി.പി. യോഗത്തിന്റെ രൂപീകരണത്തിലൂടെയും പൊതുസംവാദങ്ങളിലേക്ക് എടുത്തെറിയപ്പെട്ട ഗുരുവിന്റെ പ്രതികരണങ്ങളാണ് ഈ സംവാദങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. നാടകം ഈ സംവാദങ്ങൾക്കാണു പ്രാധാന്യം നൽകുന്നത്. ആത്മീയവാദിയായ ഗുരു ഒരു പരിധിവരെ അദൃശ്യനാണ്. ആത്മീയതയിലേക്കു കടക്കുന്ന ഗുരുവിനെ വ്യക്തമായി വരയ്ക്കുന്ന സന്ദർഭങ്ങൾ മാത്രമാണ് നാടകം തെരഞ്ഞെടുത്തിരിക്കുന്നത്. സാമാന്യജനവുമായി ബന്ധപ്പെടുന്ന ഗുരുവും ബൗദ്ധികവും രാഷ്ട്രീയവുമായി ഉയർന്നു നിൽക്കുന്ന ഗുരുവും എന്ന ദ്വന്തത്തിൽ നാടകം അവതരിപ്പിക്കപ്പെടുന്നുണ്ടോ എന്നു സംശയമാണ്. അങ്ങനെ നോക്കുമ്പോൾ രാഷ്ട്രീയ സ്വഭാവം കുറഞ്ഞ അവതരണമായും 'ഗുരു' നാടകത്തെ പരിഗണിക്കേണ്ടിവരും.

ഗുരുവിനെ അടിസ്ഥാനപരമായി മനസിലാക്കാതെ ഗുരുവിന്റെ കഥ പറയാൻ കഴിയില്ല. ഗുരുവിന്റെ വ്യക്തിജീവിതം മാത്രം അടിസ്ഥാനമാക്കി ഗുരുവിനെ പഠിക്കാനും കഴിയില്ല. ഗുരുവിന്റെ ബൗദ്ധിക വ്യാപാരങ്ങൾ നിറഞ്ഞ സാഹിത്യരചനകൾപോലും രാഷ്ട്രീയമത ചർച്ചകളിൽ പലപ്പോഴും ഉപയോഗിക്കപ്പെടുന്നില്ല. അദ്ദേഹത്തിന്റെ രചനകളിലെ തത്വചിന്താപരമായ നിലപാടുകൾ അതുകൊണ്ടുതന്നെ ചർച്ചകളിലേക്കു കടന്നുവരുന്നില്ല. അതുകൊണ്ടാണ് നാരായണഗുരുവിന്റെ മതസ്വത്വത്തെ എവിടെയെങ്കിലും ഉറപ്പിച്ച് ആ മതസ്വത്വത്തെ ചർച്ചകൾക്കു വിധേയമാക്കുന്നത്.

നാരായണഗുരുവിനെ കുറേക്കൂടി വായനകൾക്കു പ്രേരിപ്പിക്കാനും അടുത്തറിയാനും 'ഗുരു' നാടകം ഉപയോഗപ്പെടും. നാടകത്തിന്റെ ജനകീയത ഉറപ്പിക്കാനും ഈ നാടകം പ്രയോജനപ്പെടാം. ഗ്രന്ഥപാഠവും രംഗപാഠവും നാടകത്തിന്റെ മുന്നോട്ടുള്ള പോക്കിന് പ്രധാനമാണെന്ന തിരിച്ചറിവും ഈ നാടകം നൽകുന്നുണ്ട്.


Summary: Guru, play based on Sree Narayana Guru's life and ideology, written by poet K Satchidanandan and directed by Dr M Pradeepan. Dr. Pramod KS writes.


ഡോ. കെ. എസ്. പ്രമോദ്

കേരള സർവ്വകലാശാലയിലെ കേരളപഠന വിഭാഗത്തിൽ അസിസ്റ്റൻ്റ് പ്രൊഫസർ. 'മലയാളനാടകവേദി: ഭാവുകത്വപരിണാമം' എന്ന പുസ്തകത്തിൻ്റെ സഹരചയിതാവാണ്.

Comments