ലേ ഫോ എന്ന നാടകത്തില്‍ നിന്ന് / Photo: Raneesh Raveendran

നമുക്ക് കലയുടെ ഭാഷയിലേക്ക് ചേർന്നുനിൽക്കാം

‘‘വ്യവസ്ഥാപിത സങ്കൽപങ്ങളെ ചോദ്യം ചെയ്യുകയും നവഭാവുകത്വങ്ങളെ അടയാളപ്പെടുത്തുകയും പുതിയ ഭാഷയെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുകയും ചെയ്യുമ്പോഴാണ് നാടകോത്സവങ്ങൾ യഥാർത്ഥ ലക്ഷ്യത്തെ സ്പർശിക്കുന്നത്. എന്നാൽ അത്തരത്തിൽ ഒരു ശ്രമമായി ഈ വർഷത്തെ ‘ഇറ്റ്ഫോക്കി’നെ കാണാൻ സാധിക്കാതെ പോവുന്നു എന്നതാണ് യാഥാർഥ്യം’’- ‘ഇറ്റ്ഫോക്ക് -2024’ലെ നാടകങ്ങളെ വിലയിരുത്തുന്നു, എമിൽ മാധവി.

‘‘The greatest threat to freedom is the absence of criticism’’.
- Wole Soyinka

ലോക നാടകവേദിയിൽ നിന്ന് മികച്ച അവതരണങ്ങളെ കേരളത്തിന് പരിചയപ്പെടുത്തുകയും കേരളത്തിലെയും മറ്റ് ഇന്ത്യൻ ഭാഷകളിലേയും മികച്ച അവതരണങ്ങൾക്ക് അവതരണ ഇടം ഒരുക്കികൊടുക്കുകയും എന്ന വലിയ ദൗത്യമാണ് ‘ഇറ്റ്ഫോക്കി’നുള്ളത്.

വ്യത്യസ്തവും പരീക്ഷണാത്മകവുമായ ഒട്ടനവധി നാടകങ്ങൾ മുൻ വർഷങ്ങളിൽ ‘ഇറ്റ്ഫോക്കി’ൽ നിന്ന് പ്രേക്ഷകരിലേക്കെത്തിയിരുന്നു. ആഫ്രിക്കൻ ഫെസ്റ്റിവലും ലാറ്റിനമേരിക്കൻ ഫെസ്റ്റിവലും ഉൾപ്പെടെ ‘ഇറ്റ്ഫോക്കി’ലെ മികച്ച നാടകങ്ങളുടെ വലിയ നിര കേരളത്തിലെ പ്രേക്ഷകസമൂഹത്തിന്റെ ഓർമകളിൽ ഇപ്പോഴും സജീവമായി നിലനിൽക്കുന്നുണ്ട്.

‘ഇറ്റ്ഫോക്കി’ലെ കാണികൾ / Photo: Muhammad Hanan
‘ഇറ്റ്ഫോക്കി’ലെ കാണികൾ / Photo: Muhammad Hanan

പാട്രിക് സിംസ് സംവിധാനം ചെയ്ത ഹിലം, തിയ്യേറ്റർ പൊദ്റോസ്കിയുടെ കാർമൻ, മാക്ബത്ത്, ഹു ദ ബ്ലഡി മാൻ, റിച്ചാർഡ് ഷെഗ്നറിന്റെ imagining O, ട്രാൻസ്ഫിഗറേഷൻ, ഏലിയാസ് കോഹാന്റെ നാടകങ്ങൾ, റോമിനിയൻ നാടകം ടു ഓഫ് അസ്, ശങ്കർ വെങ്കിടേശ്വരന്റെ വാട്ടർ സ്റ്റേഷൻ തുടങ്ങിയവ ചില ഉദാഹരണങ്ങൾ മാത്രം.

തെരഞ്ഞെടുപ്പിലെ
പിഴവുകൾ

എന്നാൽ മുൻ വർഷങ്ങളെ അപേക്ഷിച്ച്, കഴിഞ്ഞ കുറച്ച് വർഷങ്ങളായി മികച്ച അവതരണങ്ങളുടെ അഭാവം ‘ഇറ്റ്ഫോക്കി’ന്റെ ആസ്വാദനത്തെ കാര്യമായി ബാധിക്കുന്നു. ചിന്തകളെയും, അനുഭവങ്ങളെയും, കാഴ്ചയെയും, കാഴ്ചപ്പാടുകളെയും പ്രചോദിപ്പിക്കുന്ന അവതരണങ്ങളാണ് മികച്ച ‘കല’കളായി പ്രേക്ഷകരിൽ പ്രവർത്തിക്കുന്നത്. നിലവാരമുള്ള മികച്ച കലാഅനുഭവങ്ങളെയാണ് നാടകോത്സവങ്ങളിൽ നിന്നും ചലച്ചിത്രോത്സവങ്ങളിൽ നിന്നും പ്രേക്ഷകരിലേക്ക് എത്തിച്ചേരേണ്ടത്, അപ്പോൾ മാത്രമാണ് കലോത്സവങ്ങളും അതിന്റെ നിലപാടുകളും പ്രേക്ഷകസമൂഹം ഉയർത്തിപ്പിടിക്കുക.

ഇറ്റ്ഫോക് വേദികള്‍ക്കരികിള്‍ ഡെലിഗേറ്റുകള്‍ / Photo: Muhammad Hanan
ഇറ്റ്ഫോക് വേദികള്‍ക്കരികിള്‍ ഡെലിഗേറ്റുകള്‍ / Photo: Muhammad Hanan

തിരഞ്ഞെടുപ്പുകളിൽ വൈവിധ്യം ഉൾപ്പെടുത്താൻ ശ്രമിച്ചു എങ്കിലും, അരങ്ങിൽ ആ വൈവിധ്യം അനുഭവപ്പെടാതെ പോയി. ഈ വർഷത്തെ ഏറ്റവും നല്ല നാടകങ്ങൾ എന്നുപറയാവുന്ന നാടകങ്ങൾ പോലും ശരാശരി നിലവാരം മാത്രാണ് പുലർത്തിയത്.

ഇന്ന് ഇന്ത്യയിലെ തന്നെ മികച്ച നാടകോത്സവമായി, നിലപാടുകളുള്ള നാടകോത്സവമായി ‘ഇറ്റ്ഫോക്കി’നെ ഇന്ത്യൻ നാടകലോകം അഗീകരിക്കുന്നുണ്ട്. എന്നാൽ മികച്ച നാടകങ്ങളിലൂടെ ആ നിലവാരത്തെ നിലനിർത്തേണ്ട ഉത്തരവാദിത്വം ‘ഇറ്റ്ഫോക്കി’നും സംഗീത നാടക അക്കാദമിക്കും സാംസ്കാരിക വകുപ്പിനും കേരള സർക്കാരിനുമുണ്ട്. ഇന്ത്യയിലെ കലാസ്ഥാപനങ്ങളും കലാപഠനകേന്ദ്രങ്ങളും ഹൈന്ദവ രാഷ്രീയത്തിന്റെ നിഴലിൽ പ്രവർത്തിക്കാൻ തുടങ്ങിയ ഈ കാലത്ത് ‘ഇറ്റ്ഫോക്ക്’ പോലുള്ള നാടകോത്സവങ്ങൾ ഇന്ത്യൻ സമൂഹത്തിന്റെയും കലാലോകത്തിന്റെയും ആവശ്യമാണ്. അതുകൊണ്ടുതന്നെ ‘ഇറ്റ്ഫോക്ക്’ നാടകങ്ങളുടെ തിരഞ്ഞെടുപ്പുകൾ ഒരു രാഷ്ട്രീയ പ്രഖ്യാപനം കൂടിയാണ്. ആ രാഷ്ട്രീയം കലയോളം വിശാലവും സർഗാത്മകവുമാവുമ്പോൾ മാത്രമേ മികച്ച നാടകങ്ങളും ‘ഇറ്റ്ഫോക്ക്’ വേദിയിൽ എത്തുകയുള്ളൂ.

ഒരു നാടകോത്സവം അതിന്റെ നിലപാട് വ്യക്തമാക്കുന്നത് നാടകങ്ങളുടെ തെരഞ്ഞെടുപ്പിലൂടെയാണ്. വ്യവസ്ഥാപിത സങ്കൽപങ്ങളെ ചോദ്യം ചെയ്യുകയും നവഭാവുകത്വങ്ങളെ അടയാളപ്പെടുത്തുകയും പുതിയ ഭാഷയെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുകയും ചെയ്യുമ്പോഴാണ് നാടകോത്സവങ്ങൾ യഥാർത്ഥ ലക്ഷ്യത്തെ സ്പർശിക്കുന്നത്. എന്നാൽ അത്തരത്തിൽ ഒരു ശ്രമമായി ഈ വർഷത്തെ ‘ഇറ്റ്ഫോക്കി’നെ കാണാൻ സാധിക്കാതെ പോവുന്നു എന്നതാണ് യാഥാർഥ്യം. അതിന്റെ പ്രധാന കാരണം, നാടകങ്ങളുടെ തിരഞ്ഞെടുപ്പിൽ വന്ന അശ്രദ്ധകളോ പിഴവുകളോ ആണ്.

തിരഞ്ഞെടുപ്പുകളിൽ വൈവിധ്യം ഉൾപ്പെടുത്താൻ ശ്രമിച്ചു എങ്കിലും, അരങ്ങിൽ ആ വൈവിധ്യം അനുഭവപ്പെടാതെ പോയി. ഈ വർഷത്തെ ഏറ്റവും നല്ല നാടകങ്ങൾ എന്നുപറയാവുന്ന നാടകങ്ങൾ പോലും ശരാശരി നിലവാരം മാത്രാണ് പുലർത്തിയത്. കൂട്ടത്തിൽ ആശ്വാസമായത്, Le foe എന്ന ട്യുണീഷ്യൻ നാടകവും മലയാളത്തിൽ നിന്നുള്ള അവാർഡുമാണ്.

Le foe

കാഴ്ചയെയും, ശബ്ദത്തെയും, കവിതകളെയും പരസ്പരം കോർത്തുകോർത്ത് ഉന്മാദത്തിന്റെ ഉച്ചസ്ഥായിയിലേക്കുള്ള യാത്രയാണ് Le foe. വെളിച്ചം കൊണ്ട് ഇരുട്ടിനെ വരയ്ക്കും പോലെ സൂക്ഷ്മമായ ലൈറ്റിങ്ങും വിഡിയോ പ്രൊജക്ഷന്റെ ഉപയോഗവും അവതരണത്തെ രൂപപരമായി നിർണയിക്കുന്നു. വലിയ കെട്ടുകാഴ്ചകളേക്കാൾ സൂക്ഷ്മമായും വ്യത്യസ്ത വേഗതകളിലും ദൃശ്യങ്ങളെ കോർത്തിടാൻ സംവിധായകനു സാധിക്കുന്നു. മിനിമലായിരിക്കുമ്പോഴും മിനിമലായി തോന്നാത്ത വിധമാണ് സംവിധായകൻ തൗഫിക് ജബാലി അവതരണത്തെ രൂപപ്പെടുത്തിയിരിക്കുന്നത്.

മാട്ടി കഥ, പാപ്പിസോറ, ഉബു റോയ്, ഡു യു നോ ദ സോംഗ്, ഫ്യൂഗോ റോജോ എന്നിവ സാമാന്യ നിലവാരത്തിൽ നിന്നെങ്കിലും മറ്റ് പല നാടകങ്ങളും പ്രേക്ഷകരുടെ ക്ഷമ പരിശോധിക്കുന്നതായി അനുഭവപ്പെട്ടു.

ഉന്മാദത്തിന്റെ നദിയിലെ വെള്ളം ഉടലിലൂടെയൊഴുക്കുംവിധം നൃത്തം ചെയ്യുന്നവരാണ് ഇതിലെ നടീനടൻമാർ. അവർ കവിതകളിൽ കുതിർന്ന കഥകൾ നമ്മളോട് പറയും. എന്നാൽ ആ ഉന്മാദത്തിന്റെ അനുഭവത്തിലേക്ക് ഇറങ്ങിച്ചെന്ന് നൃത്തം ചെയ്യാൻ നാടകം നമ്മെ ക്ഷണിക്കുന്നില്ല, അഥവാ, അവിടേക്ക് നമ്മെ കൊണ്ടെത്തിക്കുന്നില്ല. അങ്ങനെ വേണമെന്ന് നിർബന്ധവുമില്ല. മറിച്ച്; മാറിനിന്ന് നമുക്ക് കാണാം, കേൾക്കാം. സൂഫികളുടെ നൃത്തവും സംഗീതവും പോലെ, ഉസ്താദ് നുസ്റത്തിന്റെ ശബ്ദം പോലെ, ആദിയായ ഉന്മാദത്തിന്റെ ആ ചുഴിയിലേക്ക്, കറക്കത്തിന്റെ നിശ്ചലതയിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോകൂ എന്ന് പ്രേക്ഷകർക്കിടയിൽ നിന്ന് നിശ്ശബ്ദയുടെ ഭാഷയിൽ അവതരണത്തോട് ആവശ്യപ്പെട്ടുകൊണ്ടിരുന്നു. എന്നാൽ അവതരണം എന്നെ പുറത്തുനിർത്തി കറങ്ങിക്കൊണ്ടിരുന്നു. ആ കറക്കം ഒടുങ്ങും വരെ, ഇരുട്ടിന്റെ നിറമുള്ള അവസാന വെളിച്ചം വീഴും വരെ, പ്രേക്ഷകരെ ചേർത്തുനിർത്താൻ അവതരണത്തിന് സാധിച്ചു.

Le foe / Photo: Raneesh Raveendran
Le foe / Photo: Raneesh Raveendran

അവാർഡ്

അരുൺലാൽ സംവിധാനം ചെയ്ത ലിറ്റിൽ എർത്തിന്റെ അവാർഡ് എന്ന നാടകം വിരലുകളുടെ ആഖ്യാനമായി മാറുകയാണ്. ഒരു നടനൊഴികെ മറ്റ് മൂന്നു പേരും അരങ്ങിലെത്തി അവതരണം അവസാനിക്കും വരെ ഇരുന്നിടത്തിൽ നിന്ന് മാറുന്നില്ല. പകരം വിരലുകളും കണ്ണുകളും വാക്കുകളും മാത്രം പ്രയോഗിച്ച് ഉടൽ മുഴുവൻ അരങ്ങിലേക്ക് എടുത്തുപയോഗിക്കുകയാണ്. ചലനത്തെ ക്രമപ്പെടുത്തുന്നതിലൂടെ, സാധാരണ നാടകങ്ങളിൽ കണ്ട് ശീലിച്ച കഥാപാത്ര ചലനങ്ങളെ ഒഴിവാക്കാനും നവ്യമായ അനുഭവമാക്കി മാറ്റാനും സംഘത്തിന് സാധിക്കുന്നുണ്ട്. കൂടിയാട്ടത്തിലെയും കഥകളിയിലെയും മുദ്രകൾ എന്ന് തോന്നിപ്പിച്ച്, ജെ സി ബി മുദ്രയും കഞ്ഞി ഇളക്കുന്ന മുദ്രയും മലയാള അരങ്ങിന് സംഭാവന ചെയ്തു എന്നതുതന്നെയാണ് അവാർഡ് എന്ന നാടകത്തിന്റെ സമകാലിക പ്രസക്തി. ആ അർത്ഥത്തിൽ മലയാളത്തിന്റെ സമകാലിക ഫിഗർ പപ്പെട്രി അവതരണമായും അവാർഡിനെ വായിച്ചെടുക്കാം.

Award / Photo: Raneesh Raveendran
Award / Photo: Raneesh Raveendran

ഉബു റോയ്

ഡൽഹിയിൽ നിന്നുള്ള മാട്ടി കഥ, കോഗ്നിസൻസ് പപ്പറ്റ് തിയേറ്റർ ഒരുക്കിയ പാപ്പിസോറ, ദീപൻ ശിവരാമൻ സംവിധാനം ചെയ്ത ഉബു റോയ്, മല്ലിക തനേജയുടെ ഡു യു നോ ദ സോംഗ്, ചിലിയൻ സർക്ക്സ് നാടകം ഫ്യൂഗോ റോജോ എന്നിവ സാമാന്യ നിലവാരത്തിൽ നിന്നെങ്കിലും മറ്റ് പല നാടകങ്ങളും പ്രേക്ഷകരുടെ ക്ഷമ പരിശോധിക്കുന്നതായി അനുഭവപ്പെട്ടു.

മലയാള നാടകമായ ഉബു റോയ്-യിലേക്ക് വരുമ്പോൾ ജോസ് പി. റാഫേലിന്റെ പൊറോട്ടയടിയും ബിരേഷ് കൃഷ്ണന്റെ രക്ത നൃത്തവും കല്ലു കല്യാണിയുടെ ഉബുമ്മയ്യും മനസ്സിൽ തങ്ങിനിൽക്കുന്നു. തീയും വലിയ പപ്പറ്റുകളും മുൻ നാടകങ്ങളിൽ ദീപൻ ശിവരാമൻ തന്നെ ഉപയോഗിച്ച അതേ രീതി ആവർത്തിക്കുന്നു എന്നുമാത്രമല്ല, അതിന്റെ ബാഹുല്യത്തിൽ ഉബു റോയിലെ മനോഹരമായ ചെറിയ വസ്തുക്കളുടെ പ്രയോഗങ്ങളും, ചുവന്ന തുണികൊണ്ടുള്ള വെടിവെപ്പ് പോലുള്ള രംഗങ്ങളും മുങ്ങിപ്പോവുകയോ വേണ്ട രീതിയിൽ അനുഭവപ്പെടാതെ നഷ്ടപ്പെടുകയോ ചെയ്യുന്നുണ്ട്. തൂക്കിക്കൊല്ലൽ രംഗങ്ങളൊക്കെ വെറും ബാലിശമായ പ്രയോഗമായി മാത്രമാണ് അരങ്ങിൽ അനുഭവപ്പെടുന്നത്.

ഉബു റോയ് / Photo: Raneesh Raveendran
ഉബു റോയ് / Photo: Raneesh Raveendran

ഇന്ത്യൻ നാടകവേദിയും സംവിധായകരും സമകാലിക തെരുവ് അവതരണങ്ങളെ ഗൗരവപൂർവ്വം സമീപിക്കുന്ന കാലം തിരിച്ചുവരേണ്ടത് കാലത്തിന്റെ ആവശ്യമാണ്.

മലയാള നാടകവേദിയിലെ മികച്ച അഭിനേതാക്കളുടെ നീണ്ടനിര, പണം ചെലവഴിക്കാൻ സന്നദ്ധരായ നിർമാതാക്കൾ, മികച്ച സാങ്കേതിക പ്രവർത്തകർ, ദീപൻ ശിവരാമനെപ്പോലെ പ്രവീണ്യം തെളിയിച്ച സിനോഗ്രാഫർ എന്നിവർ ചേർന്ന് നിർമിക്കുന്ന ഉബു റോയ് സമകാലിക രാഷ്ട്രീയ വിഷയങ്ങളെ ഒരു സ്​പെക്റ്റാക്കുലർ സ്ട്രീറ്റ് തിയേറ്റർ എന്ന നിലയിലാണ് സമീപിക്കുന്നത്. ഉബു റോയ് ഒരു തെരുവിനെ തന്നെ അരങ്ങാക്കിയിരുന്നെങ്കിൽ ഭാഷാപരമായയും പ്രയോഗപരമായും ഇതിലും മികച്ച അനുഭവമായി തീരാനിടയുണ്ട്. ഒരുപക്ഷേ, ഇതൊരു സ്ട്രീറ്റ് തിയേറ്റർ എന്ന നിലയിൽ അവതരിപ്പിച്ചിരുന്നെങ്കിൽ ഇന്ത്യൻ തെരുവരങ്ങിന്റെ പുതിയ ചരിത്രമായി മാറിയേനെ.

ഇന്ത്യൻ നാടകവേദിയും സംവിധായകരും സമകാലിക തെരുവ് അവതരണങ്ങളെ ഗൗരവപൂർവ്വം സമീപിക്കുന്ന കാലം തിരിച്ചുവരേണ്ടത് കാലത്തിന്റെ ആവശ്യമാണ്. പുതിയ ഭാഷയിലും രൂപത്തിലും തെരുവുകൾ അരങ്ങുകളായി തീരുന്ന കാലം അതിവിദൂരമാവില്ല എന്ന് പ്രതീക്ഷിക്കാം.

ഫ്യൂഗോ റോജോ

ഫ്യൂഗോ റോജോ എന്ന ചിലിയൻ നാടകം അതിന്റെ പാഠരൂപത്തിൽ (text) അവതരണത്തേക്കാൾ മികച്ചുനിൽക്കുന്നതായി കാണാം.
അവർ ഞങ്ങൾക്ക് ബൈബിൾ തന്നിട്ട്
കണ്ണുകളടച്ച് പ്രാർത്ഥിക്കാൻ പറഞ്ഞു,
പ്രാർത്ഥന കഴിഞ്ഞ് കണ്ണുതുറന്ന് നോക്കിയപ്പോൾ
ഞങ്ങളുടെ കയ്യിൽ ബൈബിളും
അവരുടെ കൈയ്യിൽ ഞങ്ങളുടെ ഭൂമിയും…
എന്നു പറയുന്ന നാടകം, ചരിത്രവും രാഷ്ട്രീയവും മിത്തുകളുമെല്ലാം ഉൾചേർത്ത ഉടലനക്കങ്ങളാവുന്നുണ്ട്.

ഫ്യൂഗോ റോജോ
ഫ്യൂഗോ റോജോ

എഡ്വാർഡോ ഗാലെനോയുടെ Memory of Fire trilogy- യെ അടിസ്ഥാനമാക്കി സർക്കസ് തിയേറ്ററിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തിയാണ് സംവിധായകൻ മാർട്ടിൻ ഇറാസോ അവതരണം രൂപകല്പന ചെയ്തത്.
പള്ളി പറയുന്നു ശരീരം പിഴയാണെന്ന്
ശാസ്ത്രം പറയുന്നു, ശരീരം യന്ത്രമാണെന്ന്
പരസ്യം പറയുന്നു,
ശരീരം കച്ചവടമാണെന്ന്
ശരീരം പറയുന്നു,
ശരീരം ആഘോഷമാണെന്ന്.

ഉടൽ അരങ്ങിൽ ഒരു ആഘോഷമാക്കുകയാണ്. സംഗീതവും താളവും സർക്കസും കലർന്ന ഉടലിന്റെ ആഘോഷങ്ങൾ പ്രേക്ഷകരെ പിടിച്ചിരുത്തുന്നുണ്ടെങ്കിലും കലാസൃഷ്ടി എന്ന നിലയിൽ ശരാശരി അവതരണമായി മാത്രമാണ് ഫ്യൂഗോ റോജോ അനുഭവപ്പെടുന്നത്.

‘ഇറ്റ്ഫോക്കി’നോടൊപ്പമുണ്ട്,
നാടക പ്രവർത്തരും ആസ്വാദകരും

ഓരോ വർഷവും ‘ഇറ്റ്ഫോക്ക്‌’ അവസാനിക്കുമ്പോൾ അടുത്തവർഷം ഇതിലും മികച്ച അനുഭവങ്ങൾ തരുന്ന ‘ഇറ്റ്ഫോക്കി’നു വേണ്ടിയാണ് നാടകലോകവും പ്രേക്ഷകസമൂഹവും കാത്തിരിക്കുന്നത്. നാടകത്തിന്റെ തിരഞ്ഞെടുപ്പുകൾ എങ്ങനെ സർഗാത്മകമാക്കാം എന്ന ആലോചനയും മികച്ച നാടകങ്ങളെ ‘ഇറ്റ് ഫോക്കി’ൽ എത്തിക്കാനുള്ള സാധ്യതകൾ എന്തെല്ലാമാണ് എന്ന അന്വേഷണവും കൂടുതൽ കാര്യക്ഷമാവേണ്ടതുണ്ട്. ഓരോ വർഷവും ‘ഇറ്റ്ഫോക്ക്‌’ കഴിയുമ്പോൾ തന്നെ അടുത്ത വർഷത്തെ ക്യൂറേറ്റെഴ്‌സിനെ പ്രഖ്യാപിക്കുകകയും നാടകങ്ങൾ നേരിട്ട് കണ്ട് തിരിഞ്ഞെടുക്കാനുള്ള (ഇന്ത്യൻ നാടകങ്ങളെങ്കിലും) സാധ്യത ഒരുക്കി കൊടുക്കുകയും ചെയ്താൽ, കൂടുതൽ മികച്ച അവതരണങ്ങളെ എത്തിക്കാൻ സാധിക്കും.

ഇറ്റ്ഫോക്ക് ഓഡിയന്‍സ്
ഇറ്റ്ഫോക്ക് ഓഡിയന്‍സ്

സർഗാത്മക വിമർശനങ്ങൾ കൊണ്ട് ‘ഇറ്റ്ഫോക്കി’നെ കൂടുതൽ മികവുറ്റതാക്കാനുള്ള ബാധ്യത കേരളത്തിലെ നാടക പ്രവർത്തകർക്കും ആസ്വാദകർക്കുമുണ്ട്. അത്തരം വിമർശനങ്ങളെ സർഗാത്മകമായി ഉൾക്കൊള്ളാനുള്ള ബാധ്യത അക്കാദമിക്കുമുണ്ട്. എന്നാൽ, ക്രിയാത്മകമല്ലാത്ത വെറും ഒച്ചകളായോ വ്യക്തിതാല്പര്യങ്ങളായോ വിമർശനങ്ങൾ മാറുന്നതും വിമർശനങ്ങളെ ശത്രുവിന്റെ ശബ്ദമായി കണക്കാക്കുന്നതും നാടകലോകത്തിന് ഗുണകരമല്ല.

മലയാളത്തിന്റെ അഭിമാനമായി ലോക നാടക ഭൂപടത്തിൽ ‘ഇറ്റ്ഫോക്ക്‌’ ഉയർന്നുനിൽക്കാൻ നാടകലോകം ഒന്നിച്ചുനിൽക്കേണ്ടതുണ്ട്. പങ്കാളിത്തം കൊണ്ടും സർഗാത്മകവും ക്രിയാത്മകവുമായ വിമർശനങ്ങൾ ഉയർത്തിയും ‘ഇറ്റ്ഫോക്കി’നോടൊപ്പം കേരളത്തിലെ നാടകപ്രവർത്തരും ആസ്വാദകരും ചേർന്നുനിൽക്കും എന്നതിൽ സംശയമില്ല. സംഗീത നാടക അക്കാദമിക്കും സർഗാത്മമായി അത് സാധ്യമാവട്ടെ. കല മനുഷ്യരെ ചേർത്തുനിർത്താനുള്ളതാണല്ലോ, കലയുടെ ഭാഷയ്ക്ക് വേർതിരിക്കലിന്റെയും അധികാരത്തിന്റെയും ഭാഷ മനസിലാവില്ല. നമുക്ക് കലയുടെ ഭാഷയിലേക്ക് ചേർന്നുനിൽക്കാം, ഇനിയും മികച്ച നാടകരാവുകൾക്കുവേണ്ടി കാത്തിരിക്കാം, പ്രവർത്തിക്കാം.


Summary: about itfok by emil madhavi


എമിൽ മാധവി

നടൻ, സംവിധായകൻ, തിയേറ്റർ പ്രാക്ടീഷണർ അഭിനയ പരിശീലകൻ, എഴുത്തുകാരൻ. Actors body and performance making, performance studies, applied theatre, intimate thetre performance making എന്നീ മേഖലയിൽ റിസർച്ച് oriented ആയ വർക്കുകൾ ചെയ്യുന്നു. തിയേറ്റർ കമ്പനി പെർഫോമിംഗ് കമ്യൂണിറ്റിയുടെ സ്ഥാപകനും creative director- മാണ്. അപ്പക്കുഞ്ഞുങ്ങളുടെ ആകാശയാത്ര, വൈറ്റ് പേപ്പർ, കുമരു -ഒരു കള്ളന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments