അപാട്രിഡസ് (APATRIDAS) നാടകത്തില്‍ നിന്ന് / Photo: Raneesh Raveendran

ബ്രസീൽ, ബംഗ്ലാദേശ്, ചിലി, പലസ്തീൻ…
ലോകത്തെ തിയേറ്ററിലേക്ക് വികസിപ്പിച്ച 12 നാടകങ്ങൾ

ബ്രസീലിയൻ നാടകം അപാട്രിഡസ്, ടുണിഷ്യൻ നാടകം ‘ലേ ഫോ’, അരുൺലാൽ സംവിധാനം ചെയ്ത ‘അവാർഡ്’, തമിഴ്നാട്ടിലെ ആദിശക്തി തിയറ്റർ അവതരിപ്പിച്ച ഊർമ്മിള, സ്പർദ്ധ ഇന്റിപെന്റന്റ് തിയറ്റർ കളക്റ്റീവിന്റെ 4.48 മൊണ്ട്രാഷ്, സുമൻ മുഖോപാദ്ധ്യായ സംവിധാനം ചെയ്ത ബേച്ചറ ബിബി, ഫിൻലാന്റ് നാടകം ജോണി ഗോട്ട് ഹിസ് ഗൺ, ചിലിയൻ നാടകസംഘത്തിന്റെ ഫ്യൂഗോ റോജോ, പലസ്തീൻ ഡോക്യു നാടകം ഹൗ ടു മേക്ക് എ റെവലൂഷൻ, ദീപൻ ശിവരാമൻ സംവിധാനം ചെയ്ത ഉബു റോയ് എന്നിവയുടെ കാഴ്ചാനുഭവം.

‘ഇറ്റ്ഫോക്ക്- 2024’ തീർച്ചയായും സാർഥകമായ ഒരു ഫെസ്റ്റിവൽ ആയിരുന്നു. വ്യത്യസ്തതകൾ അവകാശപ്പെടാവുന്ന നാടകങ്ങൾ. അധികാര വിമർശങ്ങളുടെ പലതരം ആഖ്യാനങ്ങൾ. നിലവാരമുള്ള സംഘാടനം. സമയനിഷ്ഠ. അങ്ങനെ ആകെ ഫെസ്റ്റിവൽ കളറായി എന്നു പറയാം. തോപ്പിൽ ഭാസി ബ്ലാക്ക് ബോക്സിലും ടൗൺഹാളിലും നാടകം കാണുമ്പോൾ അനുഭവിച്ച ചൂട് ഭീകരമായിരുന്നു എന്നതുമാത്രമാണ് ന്യൂനതയായി തോന്നിയത്. കഴിയുന്നത്ര ‘ഇറ്റ്ഫോക്കു’കളിൽ കാഴ്ചക്കാരനായി പങ്കെടുക്കാൻ ശ്രമിച്ചിട്ടുള്ള ഒരാളാണ് ലേഖകൻ. ഒരു വർഷം നാടകം കളിക്കുകയും ചെയ്തു. ഈ വർഷത്തെ എന്റെ നാടകക്കാഴ്ചകളെക്കുറിച്ചാണ് എഴുതുന്നത്.

അപാട്രിഡസ്: സത്യസന്ധമായ രചന

ന്റെ ‘ഇറ്റ്ഫോക്’ കാഴ്ച തുടങ്ങുന്നത് അപാട്രിഡസിലാണ്.
ലെനേഴ്സൺ പോളോണിനി സംവിധാനം ചെയ്ത ബ്രസീലിയൻ നാടകമായ അപാട്രിഡസ് (APATRIDAS- സ്റ്റേറ്റ്ലസ്) നാല് സോളോ പെർഫോമൻസുകളുടെ നിലവാരമുള്ള സംഘാടനമായിരുന്നു. ഗ്രീക്ക് മിത്തോളജിയിൽനിന്ന് സ്വീകരിച്ച കസാന്ദ്ര, ഹെക്കുബെ, പ്രോമിത്യൂസ്, ഹെർക്കുലീസ് എന്നിവരുടെ വിലാപവും ഓർമപ്പെടുത്തലും പ്രായശ്ചിത്തവുമായിരുന്നു അവതരണത്തിന്റെ കാതൽ.

അപാട്രിഡസ് (APATRIDAS) / Photo: Raneesh Raveendran
അപാട്രിഡസ് (APATRIDAS) / Photo: Raneesh Raveendran

ചൂഷണം ചെയ്യപ്പെടുന്ന പ്രകൃതിയും പെണ്ണും മനുഷ്യരുമൊക്കെ കോളനിയാനന്തര സ്വത്വബോധത്തോടെ രാഷ്ട്രീയം പറയുന്ന നാടകം. സത്യം വിളിച്ചുപറയാൻ അനുഗ്രഹിക്കപ്പെട്ടിട്ടും ആരും വിശ്വസിക്കുകയില്ലെന്ന ശാപം കസാന്ദ്രയെ സത്യവിലാപത്തിന്റെ എരിയുന്ന ഉടലാക്കുന്നു. നാടില്ലാതായ ഒരുവളുടെ മക്കളെക്കരുതിക്കൂടിയുള്ള നിലവിളിയാണ് ഹെക്കുമ്പെ. ജ്ഞാനത്തിന്റെ പ്രയോജനമറിയാത്ത വിഡ്ഢികളുടെ ലോകമാണ് പ്രൊമിത്യൂസിന്റെ വിഫലബോധത്തിന്റെ കാതൽ. ആഫ്രിക്കൻ ആത്മീയതയുടെയും സ്വത്വനഷ്ടത്തിന്റെയും പാരിസ്ഥിതിക ബോധത്തിന്റെയും നിലവിളിയിൽ ഹെർക്കുലീസും പങ്കുചേരുന്നു. വീടും നാടും രാജ്യവും സ്വത്വവും നഷ്ടപ്പെട്ടവരുടെ ലാറ്റിനമേരിക്കൻ രാഷ്ട്രീയം പീഡിതരോടെല്ലാം കണ്ണിചേർന്ന് അവതരിപ്പിക്കപ്പെട്ടു. സംഭാഷണപ്രധാനമായിരുന്ന നാടകം കാട്ടിക്കൂട്ടലുകളോ ഗിമ്മിക്കുകളോ ഇല്ലാതെ സത്യസന്ധമായി അവതരിപ്പിച്ചു. (ആ സത്യസന്ധത വളരെ വളരെ പ്രധാനമായിരുന്നു എന്ന് പിന്നീട് കണ്ട നാടകം ഉറപ്പിക്കുകയും ചെയ്തു.)

ഉബു റോയ്: ഉട്ടോപ്യൻ ഒറ്റമൂലി

ണ്ടാമത് കണ്ട, ദീപൻ ശിവരാമൻ സംവിധാനം ചെയ്ത ഉബു റോയ് (UBU ROI) പൂർണാർഥത്തിൽ നിരാശപ്പെടുത്തി. മലയാളനാടകവേദി സ്വതേ വളരെ ദുഷ്കരമായ വഴിയിലാണ് എന്നതിൽ തർക്കമുണ്ടാകാനിടയില്ല. ഒരു പുതുജീവൻ നല്കാൻ ശേഷിയുണ്ടെന്ന് തോന്നിപ്പിച്ചിരുന്ന സംവിധായകനാണ് ദീപൻ. ദീപന്റെ മുൻനാടകങ്ങൾ അങ്ങനെയൊരു തോന്നലിന് കാരണമായിരുന്നു. ജാറി റഫറൻസോടെ വന്ന 140 മിനിറ്റ് ദൈർഘ്യമുള്ള ‘വൻ സന്നാഹം’ തീർച്ചയായും പ്രതീക്ഷയുടെ ആക്കം കൂട്ടിയിരുന്നു.

ഉബു റോയ് (UBU ROI) / Photo: Raneesh Raveendran
ഉബു റോയ് (UBU ROI) / Photo: Raneesh Raveendran

ആൽഫ്രഡ് ജാറിയുടെ നാടകാവതരണത്തിൽ അക്കാലത്ത് അനുഭവപ്പെട്ടതൊക്കെയും ഇക്കാലത്തും ഫലവത്താകുമെന്ന് കരുതിയതിൽ അത്ഭുതമാണ് തോന്നുന്നത്. അന്നത്തെ ചതിയും കൊലയും നികുതിയും റഷ്യയും കരടിയുംവരെ അതേപടി പകർത്തിയതോടെ ദീപന്റെ നാടകം സ്ഥൂലത്തിലേ തോറ്റുകഴിഞ്ഞിരുന്നു. പഴയ വേദിയൊരുക്കങ്ങളും വെൽഡ് ചെയ്ത് പിടിപ്പിച്ച പല രൂപത്തിലുള്ള ഇരുമ്പും തുണിക്കഷ്ണങ്ങളും പന്തങ്ങളും മണ്ണുമാന്തലും അസ്ഥികൂടവും മാത്രം. കയ്യിലുണ്ടായിരുന്ന ചിലത് ഒഴിവാക്കിയിട്ടുണ്ട് എന്നത് വിസ്മരിക്കുന്നില്ല. പ്രൊജക്ടർ, പാമ്പ്, മഴ തുടങ്ങിയ ചെറിയ ചിലത്. രണ്ടുഭാഗങ്ങളിൽ പവലിയൻ മാതൃകയിലിരുന്ന് കളി കാണാവുന്ന വിധത്തിലായിരുന്നു സജ്ജീകരണം. (സജ്ജീകരിച്ച ഇരുപ്പ് സാങ്കേതികമായി കാണിയെ അസ്വസ്ഥമാക്കുന്നതാണ്.)

പുരോഗമന സാഹിത്യത്തിലെ പ്രചാരണങ്ങളെക്കുറിച്ച്, അങ്ങനെ എഴുതുന്ന സാഹിത്യം നല്ല സാഹിത്യമാവില്ലെന്നതോ പോകട്ടെ, നല്ല പ്രചാരണം പോലുമാവില്ല എന്ന് എം.പി. പോൾ പറഞ്ഞിട്ടുള്ളത് ഓർമ വന്നു. ഫാഷിസത്തെ തുരത്താൻ ദീപന്റെ ഉട്ടോപ്യൻ ഒറ്റമൂലിയായിരുന്നു ഉബു റോയ്.

ദീപന്‍ ശിവരാമന്‍ / Photo: Muhammad Hanan
ദീപന്‍ ശിവരാമന്‍ / Photo: Muhammad Hanan

ലോകനാടകവേദിയിൽ ജാറി ചെയ്തത് ഇക്കാലത്ത് ആവർത്തിക്കുന്നതിൽ ഒരു കാര്യവുമില്ല.
സമകാല ഇന്ത്യൻ രാഷ്ട്രീയത്തെ തുറന്നുകാട്ടാനായിരുന്നു ദീപന്റെ ശ്രമം എന്ന് ഊഹിക്കുന്നു. ആലോചനകളോ നിരീക്ഷണങ്ങളോ ഒരളവ് ശരിയായിരുന്നുവെന്ന് വാദിച്ചാൽ തന്നെയും അതിനെടുത്ത രൂപം ബാലിശമായി. ഫാഷിസത്തിന്റെ സമഗ്രതയെ മനസ്സിലാക്കാത്ത, അതിന്റെ ഏറ്റവും പുതിയ (ഡിജിറ്റൽ കൂടിയായ) വ്യാപനത്തെ തിരിച്ചറിയാത്ത അവതരണം സൂക്ഷ്മാർഥത്തിൽ ഫാഷിസത്തിന് ഗുണകരമായ രാഷ്ട്രീയമാണ് പറഞ്ഞത്.

ഫാഷിസം തുടങ്ങുന്നത് ഒരു സ്ത്രീയുടെ ചിന്തയിൽനിന്നാണ് എന്ന് 2024- ലും പറഞ്ഞുവെക്കുന്നതോടെ ദീപൻ്റെ നാടകം സ്ത്രീവിരുദ്ധവും മണ്ടനായ ഫാഷിസ്റ്റിനെ അവതരിപ്പിക്കുന്നതിലൂടെ ഉപരിപ്ലവവും ആകുന്നു. അപ്രായോഗിക പ്രതിരോധ ജനസഞ്ചയത്തെ വിഭാവനം ചെയ്യുന്നതേ ബാലിശമായിരിക്കെ, അതിനെ പ്രായോജകർക്ക് തീറെഴുതുകൂടി ചെയ്യുന്നതിൽ പരിസമാപ്തിയും പാളി. മല്ലാർമെ പറഞ്ഞത് ഓർമിപ്പിച്ച് ഈ ഉബു റോയ് പ്രകരണം ചുരുക്കട്ടെ. വാച്യമാക്കൽ നശിപ്പിക്കലാണ്. വ്യഞ്ജിപ്പിക്കലാണ് കല.

ലേ ഫോ: കലയുടെ ജനായത്തം

ടുണിഷ്യൻ നാടകമായ ‘ലേ ഫോ’ (LE FOU) ഗംഭീരമായ കാവ്യാനുഭവമായി. കവിതയുടെ (ജിബ്രാൻ കവിതയുടെ) സൂക്ഷ്മസൗന്ദര്യത്തെ അരങ്ങിലെത്തിക്കുക എന്ന പ്രയാസകരമായ ദൗത്യം സമകാലിക ലോകരാഷ്ട്രീയത്തെ മുൻനിർത്തി അവർക്ക് വിജയത്തിലെത്തിക്കാൻ കഴിഞ്ഞിരിക്കുന്നു. കാലികമായ സ്പന്ദനങ്ങൾ ചേർക്കുക മാത്രമല്ല കലയുടെ ജനായത്തത്തെ അനുഭവിപ്പുകയാണ് സംഘം. ഫിലോസഫിക്കലായ ഒരു പരിപ്രേഷ്യം നാടകത്തെ കൂടുതൽ ഉജ്ജ്വലമാക്കുന്നു.

ലേ ഫോ’ (LE FOU) / Photo: Raneesh Raveendran
ലേ ഫോ’ (LE FOU) / Photo: Raneesh Raveendran

നാല് ആർട്ടിസ്റ്റുകളുടെ പരമാവധി സാധ്യതകളിൽനിന്ന് ഫിസിക്കൽ തിയറ്ററും നാല് ഫ്രൈമുകളും വെളിച്ചവും ചേർത്ത് പ്രൊജക്ടഡ് വീഡിയോ ടെക്നോളജിയുടെയും സംഗീതത്തിന്റെയും സൂക്ഷ്മകാവ്യവിന്യാസവും ചേർന്ന് മനോഹരമായ രൂപം സ്വീകരിക്കപ്പെട്ടിരിക്കുന്നു. 66 മിനിറ്റിൽ അത്ഭുതകരമായ അനുഭവമായി, എൽ തീയട്രോ അവതരിപ്പിച്ച നാടകം. ‘എനിക്ക് എന്റേതായ കാഴ്ചപ്പാടുകളുണ്ട്, നിങ്ങൾക്ക് നിങ്ങളുടേതും’ എന്ന രാഷ്ട്രീയം നാടകം ഉയർത്തിപ്പിടിക്കുന്നു.

അവാർഡ്: മിതം, ലളിതം

രുൺലാലിന്റെ സംവിധാനത്തിൽ മലയാളത്തിൽ കളിച്ച ‘അവാർഡ്’ (AWARD) എന്ന നാടകം തിയേറ്ററിന്റെ മിതത്വം കൊണ്ടും ക്ലാസിക് രംഗാവതരണരൂപത്തിന്റെ ഉചിതമായ സന്നിവേശം കൊണ്ടും നല്ല അനുഭവമായി. സരസമായി 65 മിനിറ്റ് നേരം കയ്യടക്കത്തോടെ വാചികവും ആംഗികവുമായി മിഴാവിന്റെ സവിശേഷ താളകമ്പടിയോടെ നാല് കലാകാരന്മാർ ആടി നിറയുന്നു. ഏറ്റവും ലളിതമായ അരങ്ങും ഹാസ്യത്തിന്റെ രംഗഭാഷയും ലിറ്റിൽ എർത്ത് സ്കൂൾ ഓഫ് തിയേറ്റർ അവതരിപ്പിച്ച ‘അവാർഡി’നെ നല്ല കാഴ്ചയാക്കുന്നു. മാധ്യമപ്രവർത്തനത്തിന്റെ പാപ്പരത്തം ആവിഷ്കരിക്കുന്ന നാടകം പക്ഷെ അതിന്റെ തന്നെ സൂക്ഷ്മശക്തികളെ, രാഷ്ട്രീയത്തെ വിട്ടുകളഞ്ഞിരിക്കുന്നു എന്നതും കാണാതിരിക്കുന്നില്ല. എങ്കിലും സംവിധായകന്റെ പരിമിതലക്ഷ്യം, ഉദ്യമം ലളിതമായ അർഥത്തിൽ വിജയിച്ചിരിക്കുന്നു എന്നുകാണാം. മലയാളനാടകവേദിയ്ക്ക് അഭിമാനിക്കാവുന്ന അവതരണമാണ് അവാർഡ്.

അവാർഡ്’ (AWARD) / Photo: Raneesh Raveendran
അവാർഡ്’ (AWARD) / Photo: Raneesh Raveendran

ഊർമ്മിള: ഉറക്കം കെടുത്തുന്ന ചോദ്യങ്ങൾ

മിഴ്നാട്ടിലെ ആദിശക്തി തിയറ്റർ അവതരിപ്പിച്ച ഊർമ്മിള (URMILA) എന്ന 65 മിനിറ്റ് നാടകം ഉറങ്ങിമാത്രം ജീവിക്കുന്നവരോട് ഉറക്കം കെടുത്തുന്ന ചോദ്യങ്ങൾ ചോദിക്കുന്നു. സമകാല രാഷ്ട്രീയ സാഹചര്യങ്ങളിൽ രാമപക്ഷം നേരിടാതെ പോകുന്ന പ്രതിഷേധമാണ് ഊർമ്മിള സാധ്യമാക്കുന്നത്. ഉറങ്ങുക എന്നത് ഭൗതികമായ നിഷ്ക്രിയത മാത്രമല്ല. അത് ആശയപരമായ കീഴ്പ്പെടലും നിശ്ശബ്ദമായ സമ്മതിയുമാണ്.

അവിടെയാണ് ഉറങ്ങാൻ കൂട്ടാക്കാത്ത പെണ്ണ് ശക്തമായ പ്രതിരോധവും പ്രതിനിധാനവുമാകുന്നത്. മിനിമലായ സജ്ജീകരണങ്ങളോടെ നടീനടന്മാരുടെ ഗംഭീരപ്രകടനമാണ് ഊർമ്മിളയെ സവിശേഷമാക്കുന്ന മറ്റൊരു ഘടകം. സി.എൻ. ശ്രീകണ്ഠൻ നായരുടെ കാഞ്ചനസീതയെ ഓർമിപ്പിച്ചു ഈ അവതരണം. എങ്കിലും ഭാഷാപരമായ മൗലികബോധം പുലർത്തുന്നവരാണ് തമിഴർ എന്ന നിലവിട്ട് ഇംഗ്ലീഷിൽ സംസാരിക്കുന്ന ഊർമ്മിളയാണ് നാടകത്തിലുള്ളത്. തമിഴായെങ്കിൽ കൂടുതൽ നന്നായിരുന്നു എന്ന് വ്യക്തിപരമായി തോന്നി.

ഊർമ്മിള (URMILA) / Photo: Raneesh Raveendran
ഊർമ്മിള (URMILA) / Photo: Raneesh Raveendran

4.48 മൊണ്ട്രാഷ്: സ്ത്രീയുടെ ദിനസരിക്കുറിപ്പുകൾ

തിയേറ്ററിന്റെ രൂപം കൊണ്ട്, പരമ്പരാഗതമായിരുന്നുവെങ്കിലും ഭാവപരമായി ആ രൂപം അനിവാര്യമെന്നും ഉചിതമെന്നും ഉറപ്പിക്കാനും സാർഥകമായി അവതരിപ്പിക്കാനും കഴിഞ്ഞതിനാൽ സ്പർദ്ധ ഇന്റിപെന്റന്റ് തിയറ്റർ കളക്റ്റീവിന്റെ 4.48 മൊണ്ട്രാഷ് (4.48 MONTRASH) ഇറ്റ്ഫോക്ക്- 2024 ലെ ഏറ്റവും മികച്ച അനുഭവങ്ങളിലൊന്നായി. ആ നാടകത്തിന്റെ അവസാനത്തെ അവതരണങ്ങളായിരുന്നു ‘ഇറ്റ്ഫോക്കി’ലേത് എന്നതും ശ്രദ്ധേയമാണ്.

ഒരു സ്ത്രീയുടെ ആഭ്യന്തര ജീവതത്തെ, അതിന്റെ സങ്കീർണമായ അവസ്ഥകളോടെയും ഉന്മാദങ്ങളോടെയും വിഹ്വലതകളോടെയും ആവിഷ്കരിക്കാനായി എന്നത് തിയേറ്ററിന്റെ ശക്തി ക്ഷയിച്ചിട്ടില്ല എന്നതിന്റെ സാക്ഷ്യം കൂടിയായിരുന്നു. ബംഗ്ലാദേശിൽനിന്നെത്തിയ ടീം 105 മിനിറ്റ് അക്ഷരാർഥത്തിൽ വേദിയിൽ ആടിത്തിമർത്തു എന്ന് പറയാം. ഡിപ്രഷന്റെ കടുത്ത പരീക്ഷണങ്ങളിലൂടെയാണ് കേന്ദ്രപാത്രം സഞ്ചരിക്കുന്നത്. അവൾക്ക് ഡോക്ടറോ മരുന്നുകളോ ആശ്രയമാവുന്നില്ല. അവളെ അസ്വസ്ഥയാക്കുന്നത് സ്ത്രീയെന്ന സ്വത്വദുരവസ്ഥകൾ മാത്രമല്ല, വർത്തമാനകാലം കൂടിയാണ്.

4.48 മൊണ്ട്രാഷ് (4.48 MONTRASH)  / Photo: Raneesh Raveendran
4.48 മൊണ്ട്രാഷ് (4.48 MONTRASH) / Photo: Raneesh Raveendran

ടീം ബംഗ്ലാദേശിന്റെ രാഷ്ട്രീയബോധ്യങ്ങൾ അതിർത്തികളെ വിപുലമാക്കുന്നു. ആസിഫയും നിർഭയയുമൊക്കെ ഉത്തരമില്ലാത്ത ചോദ്യങ്ങളാകുന്നു. ‘എനിക്ക് മറുപടി വേണം’ എന്നാണ് നാടകത്തിലെ സ്ത്രീ ഉറച്ചു പറയുന്നത്. അതുപക്ഷെ ഉന്മാദമായി, ഭ്രാന്തായി, അസ്വസ്ഥതയായി അവളെ രോഗിയാക്കുന്നു. പ്രണയമോ രതിയോ വിശ്വാസമോ ദൈവമോ പോലും അവളുടെ തുണയ്ക്കെത്തുന്നില്ല. ഒരു സ്ത്രീയുടെ ദിനസരിക്കുറിപ്പുകളിൽനിന്ന് ഒരു നാടകം ഉറച്ച രാഷ്ട്രീയത്തെ, കലാത്മകമായി ആവിഷ്കരിക്കുകയാണ്. മൊണ്ട്രാഷിന്റെ അവതരണത്തിലൂടെ ഈ ഫെസ്റ്റിവൽ മലയാളനാടകവേദിക്കു നല്കിയ ഉണർവ് വരുംവർഷങ്ങളിൽ പ്രകടമാകുമെന്ന് പ്രതീക്ഷിക്കുന്നു.

മിക്സഡ് ബിൽസ്, ഹൗ ലോങ്ങ് ഈസ് ഫെബ്രുവരി: തിയേറ്റർ ഇല്ലാത്ത നാടകങ്ങൾ

‘ഇറ്റ്ഫോക്കി’ലേക്കെത്തിയ രണ്ട് വർക്കുകൾ സൂക്ഷ്മാർഥത്തിൽ നല്ല തെരഞ്ഞെടുപ്പുകളായില്ല എന്ന് പറയാതിരിക്കാനാവില്ല. ആട്ടക്കളരി ഡാൻസ് തിയേറ്ററിന്റെ മിക്സഡ് ബിൽസ് (MIXED BILLS) എന്ന നൃത്തം മാത്രമായി എത്തിയ അവതരണവും ഡോക്യു തിയേറ്റർ എന്ന് വിളിക്കാവുന്ന ബാംഗ്ലൂർ ക്വാബിലയുടെ ഹൗ ലോങ്ങ് ഈസ് ഫെബ്രുവരി (HOW LONG IS FEBRUARY- A FANTASY IN THREE PARTS) എന്ന വർക്കും.

മിക്സഡ് ബിൽസ് (MIXED BILLS) / Photo: Raneesh Raveendran
മിക്സഡ് ബിൽസ് (MIXED BILLS) / Photo: Raneesh Raveendran

ആദ്യത്തേത് നൃത്താവതരണങ്ങൾ മാത്രമായിരുന്നു എന്നതും തിയറ്ററിന്റെ അംശങ്ങൾ വളരെ കുറവായിരുന്നു എന്നതും മാത്രമല്ല അത് ശരാശരി മാത്രം അവതരണവും ആയിരുന്നു. ഡോക്യു തിയറ്റർ പക്ഷെ ശക്തമായ വർക്കാണ്. പക്ഷെ അത് തിയറ്റർ ഫെസ്റ്റിവലിലേക്കല്ല വരേണ്ടത് എന്നുമാത്രം. കണ്ടത് നഷ്ടമായി എന്ന് ഒരിക്കലും പറയാനാവാത്ത ശക്തമായ രാഷ്ട്രീയം പറയുന്ന അനുഭവമായിരുന്നു അത്. വർത്തമാനകാല ഇന്ത്യനവസ്ഥകളെ സൂക്ഷ്മമായി തുറന്നുകാട്ടുകയാണ് ഈ തിയറ്റർ ഡോക്യുമെന്ററി. 2020- ലെ ഡൽഹി കലാപത്തിന്റെ വസ്തുതകളിലേക്കും ഓർമകളിലേക്കും നല്ല പഠനത്തോടെ എത്തിയ ഈ വർക്ക് പക്ഷെ വേദി ഉപയോഗിക്കുന്നില്ല എന്നതിനാലും വീഡിയോ പ്രദർശനം മാത്രമാണ് എന്നതിനാലും അന്താരാഷ്ട്ര നാടകോത്സവത്തിൽ വരേണ്ടതായിരുന്നില്ല. അഥവാ അത് പാസ് ഇല്ലാതെ തുറന്ന ഒരിടത്ത് രാത്രികളിൽ പ്രദർശിപ്പിക്കാമായിരുന്ന ഒന്നാണെന്നും മികച്ച വർക്കായിരുന്നു എന്നും കാണാതിരിക്കുന്നുമില്ല.

ബേച്ചറ ബിബി: നിലമറിഞ്ഞുള്ള രാഷ്ട്രീയം

ബ്രഹ്തിന്റെ 125-ാം ജന്മവാർഷികം കഴിഞ്ഞുപോകുന്ന സന്ദർഭത്തിൽ ബ്രഹ്തിയൻ രചനകളും ജീവിതവും പ്രമേയമാക്കി കൽക്കത്തയിലെ സെന്റർ ഫോർ ക്രിയേറ്റിവിറ്റി അവതരിപ്പിച്ച, സുമൻ മുഖോപാദ്ധ്യായ സംവിധാനം ചെയ്ത നാടകം ബേച്ചറ ബിബി (BECHARA BB) മികച്ച അനുഭവമായി. തിയേറ്റർ അറിഞ്ഞുപയോഗിക്കുന്നു എന്നതും മിതത്വമുള്ള ശബ്ദ, വെളിച്ച, വീഡിയോ സങ്കേതങ്ങളുടെ സമന്വയവും ബ്രഹ്തിയൻ സത്തയറിഞ്ഞുള്ള പ്രമേയവും നാടകത്തെ ‘ഇറ്റ്ഫോക്- 2024’ ന്റെ സാർഥകമായ അവതരണങ്ങളിൽ ഒന്നാക്കി.

ബേച്ചറ ബിബി (BECHARA BB) / Photo: Muhammad Hanan
ബേച്ചറ ബിബി (BECHARA BB) / Photo: Muhammad Hanan

ബ്രഹ്തിന്റെ രചനകളും (ദി ലൈഫ് ഓഫ് ഗലീലിയോ, മദർ കറേജ് ആൻഡ് ഹേർ ചിൽഡ്രൻ, ദി ത്രീപെനി ഓപറ, ദ് മെഷേർസ് ടേക്കൺ തുടങ്ങി യഹൂദന്റെ ഭാര്യ വരെ പ്രധാനപ്പെട്ടവ) തിയേറ്റർ സങ്കല്പനങ്ങളും രാഷ്ട്രീയവും മനോഹരമായി വിളക്കിച്ചേർക്കാനും അത് കാഴ്ചയ്ക്കും കേൾവിക്കും ചിന്തയ്ക്കും ഒരുപോലെ സൗന്ദര്യാത്മകമായി അനുഭവിക്കാനും അവസരമുണ്ടാക്കിയ നാടകസംഘത്തെ അഭിനന്ദിക്കാതെ വയ്യ. ആകെ രൂപത്തിൽ സൂക്ഷ്മാർഥത്തിലും 10 മിനിറ്റ് ഇന്റർവെൽ തന്ന് സ്ഥൂലാർഥത്തിലും കാണിയെ അന്യവൽകരിക്കാനും സംഘം ശ്രമിച്ചിട്ടുണ്ട്. 120 മിനിറ്റുള്ള ഈ സുമൻ മുഖോപാദ്ധ്യായാ സംരംഭം, കളിക്കുന്ന നിലമറിഞ്ഞുള്ള രാഷ്ട്രീയവും തെരഞ്ഞെടുത്തു എന്നത് കൗതുകമായിതോന്നി.

ജോണി ഗോട്ട് ഹിസ് ഗൺ:
യുദ്ധവിരുദ്ധ രാഷ്ട്രീയം

ഫിൻലാന്റ് നാടകമായ ജോണി ഗോട്ട് ഹിസ് ഗൺ (JHONNY GOT HIS GUN) എന്ന 60 മിനിറ്റ് അവതരണം നടനവൈഭവം കൊണ്ടും യുദ്ധവിരുദ്ധ രാഷ്ട്രീയം കൊണ്ടും മികച്ച അവതരണമായി. ഒറ്റയാൾ പ്രകടനമാണ് അവതരണത്തിന്റെ രൂപം. ഒന്നാംലോകമഹായുദ്ധത്തിൽ ജീവനൊഴികെ മറ്റെല്ലാം ഗ്രനേഡേറ്റ് നഷ്ടമായ ജോയുടെ കഥയാണ് ഇതിന്റെ പ്രമേയം. ഇതേ പേരിൽ മുമ്പേ വന്നിട്ടുള്ള നോവലും സിനിമയുമൊക്കെ ഉൾകൊള്ളുന്ന യുദ്ധവിരുദ്ധ ആഹ്വാനമാണ് റോസി സംവിധാനം ചെയ്ത നാടകവും നിർവഹിക്കുന്നത്. ആർഭാടങ്ങളൊന്നുമില്ലാതെ, മിതമായതും സത്യസന്ധമായതുമായ അവതരണം നിലവാരം പുലർത്തി.

ജോണി ഗോട്ട് ഹിസ് ഗൺ (JHONNY GOT HIS GUN)
ജോണി ഗോട്ട് ഹിസ് ഗൺ (JHONNY GOT HIS GUN)

ഹൗ ടു മേക്ക് എ റെവലൂഷൻ: അരങ്ങിലെയും അണിയറയിലെയും ഇസ്രായേലും പലസ്തീനും

നാത് വെയ്സ്മാനും ഇസ്സ അമ്രോയും ചേർന്നൊരുക്കിയ പലസ്തീൻ ഡോക്യു നാടകമായ ഹൗ ടു മേക്ക് എ റെവലൂഷൻ (HOW TO MAKE A REVALUTION) നിലപാടിന്റെയും രാഷ്ട്രീയത്തിന്റെയും കരുത്തിൽ നല്ല അവതരണമായിത്തീർന്നു. തിയേറ്റർ എന്ന നിലയിൽ ആസ്വാദനത്തിന്റെ തലം കുറവായിരുന്നു എന്നതൊഴിച്ചാൽ നാടകം അതിന്റെ മിതത്വംകൊണ്ടും ചൂഷിതരോടുള്ള ഐക്യം കൊണ്ടും ഗംഭീരമായി. ഇസ്രായേൽ പൗരയായ എനാതും പലസ്റ്റീൻ പൗരനായ ഇസ്സയുമാണ് അരങ്ങിലും അണിയറയിലും ഐക്യപ്പെടുന്നതെന്ന കൗതുകവും പ്രതീക്ഷയും സന്തോഷവും നാടകത്തിന്റെ ശോഭയേറ്റുന്നു. പലസ്റ്റീൻ മനുഷ്യാവകാശപ്രവർത്തകനായ ഇസ്സ നേരിടുന്ന വിചാരണകളാണ് നാടകത്തിന്റെ പ്രമേയമായി വികസിക്കുന്നത്. നാടകത്തിന്റെ രാഷ്ട്രീയം പ്രേക്ഷകർ സ്വീകരിക്കുന്നതാണ് ‘ഇറ്റ്ഫോക്കി’ൽ കണ്ടത്.

ഹൗ ടു മേക്ക് എ റെവലൂഷൻ (HOW TO MAKE A REVALUTION) / Photo: Raneesh Raveendran
ഹൗ ടു മേക്ക് എ റെവലൂഷൻ (HOW TO MAKE A REVALUTION) / Photo: Raneesh Raveendran

ഫ്യൂഗോ റോജോ: ഫിസിക്കൽ തിയറ്ററിന്റെ സാധ്യതകൾ

ചിലിയിൽനിന്നുള്ള ലാ പട്ടോഗല്ലിന നാടകസംഘം അവതരിപ്പിച്ച, മാർട്ടിൻ ഇറാസോ സംവിധാനം ചെയ്ത 70 മിനിറ്റ് ദൈർഘ്യമുള്ള ഫ്യൂഗോ റോജോ (FUEGO ROJO) കാഴ്ചയുടെ പൊലിമയുള്ള അവതരണമായിരുന്നു. സർക്കസും നാടകവും ഒന്നിക്കുന്ന ഒരു അവതരണം പക്ഷെ കേവലമായ ശരീരക്കസർത്തുമാത്രമായി ഒതുങ്ങിയില്ല എന്നതുകൊണ്ട് മികച്ചുനിന്നു.

ഫ്യൂഗോ റോജോ (FUEGO ROJO)
ഫ്യൂഗോ റോജോ (FUEGO ROJO)

അധികാരം ബൈബിൾ കൈയ്യിൽതന്ന് മണ്ണു കവർന്നതിനെക്കുറിച്ചു സംസാരിച്ച നാടകം, മരണം അവസാനവാക്കല്ല എന്നും പറഞ്ഞുവെയ്ക്കുന്നു. ശവപ്പെട്ടിയിലാണ് നാടകം തുടങ്ങുന്നത്. ശവപ്പെട്ടി വാതിലായി മാറുന്നു. ശക്തമായ പോസ്റ്റ് കൊളോണിയൽ രാഷ്ട്രീയം പറയുന്ന അവതരണമായി മാറി ഫ്യൂഗോ റോജോ. നാടകത്തിൽ പറയുന്നതുപോലെ ശരീരത്തിന്റെ ആഘോഷമായാണ് അവതരണവും കാണികളെ സന്തോഷിപ്പിച്ചത്. ഫിസിക്കൽ തിയറ്ററിന്റെ സാധ്യതകളെ പരമാവധി ഉപയോഗിച്ച ഒരു അവതരണമായിരുന്നു ഇത്. ലാറ്റിനമേരിക്കൻ ഭൂഖണ്ഡത്തിന്റെ വർത്തമാന പരിതോവസ്ഥകളെ മിത്തും ആചാരങ്ങളും ഒക്കെയായി സരസമായി അവതരിപ്പിക്കാൻ സംഘത്തിന് കഴിഞ്ഞിട്ടുണ്ട്.

വേണം, ലോകനിലവാരമുള്ള വേദികൾ

‘ഇറ്റ്ഫോക്കി’ൻ്റെ അവസാനദിവസം പൊലീസിങ്ങിൻ്റെ ഭാഗമായി നാടകപ്രവർത്തകർക്കുണ്ടായ അപമാനത്തിന് അക്കാദമി കൂടി ഖേദം പ്രകടിപ്പിക്കേണ്ടതുണ്ട്; ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പിക്കുകയും വേണം.

എനിക്ക് കാണാൻ കഴിയാതെപോയ മികച്ച നാടകങ്ങൾ എല്ലാ മേളയിലുമെന്നപോലെ ഇക്കുറിയും ഉണ്ടായിരുന്നിരിക്കും. അതൊക്കെയും നഷ്ടമായിത്തന്നെ നിൽക്കും. മലയാള നാടകവേദിക്ക് ഉണർവുണ്ടാക്കുകയാണ് ആത്യന്തികമായി മേള ലക്ഷ്യം വെക്കേണ്ടത്. അതിനായുള്ള തുടർപ്രവർത്തനങ്ങളും അക്കാദമി ഏറ്റെടുക്കണം. നാടകക്കാർ ഇല്ലാത്തതല്ല നമ്മുടെ പ്രശ്നം, അവർക്ക് വേണ്ട പിന്തുണയില്ലാത്തതാണ്. ലോകനിലവാരമുള്ള വേദികൾ പോലും നമുക്കില്ല. ഓരോ ജില്ലയിലും അത്തരത്തിൽ ഒരു വേദി ഈ നാട് ആവശ്യപ്പെടുന്നുണ്ട്.


Summary: ഈ വർഷത്തെ എന്റെ നാടകക്കാഴ്ചകളെക്കുറിച്ചാണ് എഴുതുന്നത്.


ഡോ. ശിവപ്രസാദ് പി.

കാലിക്കറ്റ് യൂണിവേഴ്സിറ്റി മലയാള വിഭാഗത്തിൽ അസി. പ്രൊഫസർ. ഓർമ്മച്ചാവ് എന്ന നോവൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments