photo: manila c. mohan

വൈവിധ്യങ്ങളുടെ
​‘ഇറ്റ്​ഫോക്ക്​’

നിരവധി ചോദ്യങ്ങൾക്കുമുന്നിൽ നിന്നുകൊണ്ടുതന്നെയാണ് കഴിഞ്ഞ വർഷങ്ങളിൽ ‘ഇറ്റ്​ഫോക്കി’നെ അഭിമുഖീകരിച്ചതും അനുഭവിച്ചതും. അതിന് ആരോഗ്യകരമായ വിമർശന സ്വഭാവത്തോടെയുള്ള നീക്കിയിരിപ്പുകളുണ്ടുതാനും.

രു ചെറിയ ഓർമ്മയാണ്.

ഒന്നുരണ്ട് ‘ഇറ്റ്​ഫോക്കു’കൾ ഒഴിച്ച് ഏതാണ്ടെല്ലാത്തിലും അക്കാദമിയോടൊപ്പം പ്രവർത്തിച്ചിരുന്നു. കാഴ്ചകളിൽ നിന്ന് കവിതയിലേക്ക് പ്രചോദിതമാകുന്ന ചില അദൃശ്യസ്പർശങ്ങൾ തേടിയാണ് ഞാൻ അരങ്ങും അഭ്രപാളികളും തേടി അലയുന്നത്.

മൂന്നാമത്തെ ‘ഇറ്റ്​ഫോക്കി’നെക്കുറിച്ച് പെട്ടെന്ന് ഒരു ആർട്ടിക്കിൾ തയ്യാറാക്കാൻ ചുമതല കിട്ടിയിരുന്നു അന്ന്. വിശേഷിപ്പിക്കാൻ ടാഗ് ലൈൻ കിട്ടാതെ ദിവസങ്ങളോളം ആലോചിച്ചു. ഫെസ്റ്റിവൽ ബുക്ക് തയ്യാറായിക്കഴിഞ്ഞിരിക്കുന്നു. ഇനി ഡെയ് ലി ബുള്ളറ്റിന്റെ ജോലി. എല്ലാ വിശദാംശങ്ങളും ആദ്യ ദിവസത്തെ ബുക്ക് ലെറ്റിൽ തന്നെ വരണം എന്ന് എനിക്ക് നിർബന്ധമുണ്ട് എന്നറിയിച്ചു. ആറു വേദികളുണ്ട്. അങ്ങനെ ഒടുവിൽ കിട്ടിയ ടൈറ്റിൽ ‘വൈവിധ്യങ്ങളുടെ ഇറ്റ്​ഫോക്ക്’ എന്നായിരുന്നു.

നാടകം പോലുള്ള ഒരു കലയ്ക്ക് കൂടുതൽ ജനാധിപത്യ സാധ്യതകളുണ്ട്. ഒപ്പം സംവേദന സാധ്യതകളും. പാവലിനെ സംബന്ധിച്ച് നടൻ, നടി, നാടകക്കാർ എന്നിവർ തങ്ങളുടെ ആത്മീയ രാഷ്ട്രീയം തിരിച്ചറിയണം.

വൈവിധ്യങ്ങൾ ഉണ്ടാവില്ലേ?
ഉണ്ട്, അത് ഒരുറപ്പാണ്.

ഓരോ ‘ഇറ്റ്​ഫോക്കി’നും ഒരോ പ്രത്യേകതകളുണ്ടായിരുന്നു.
ലാറ്റിനമേരിക്കൻ അവതരണങ്ങൾ
ആഫ്രിക്കൻ തിയേറ്റർ
ചിലിയൻ, സ്പെയിൻ, പോർച്ചുഗൽ, റഷ്യൻ, ജപ്പാൻ, ഇറാൻ, ലബനൻ...

അങ്ങനെ ഏറെ വൈവിധ്യങ്ങൾ തന്നെ കാണികൾക്ക് കൊടുക്കാൻ കഴിഞ്ഞ ഒരു കാലത്തിന്റെ ഭാഗമായിരുന്നതിന്റെ ചെറിയ ഓർമ്മകൾ.
എങ്കിലും ചില ലക്കങ്ങൾ മടുപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ സംഭവിക്കുന്ന വലിയ രീതിയിലുള്ള സമരസപ്പെടൽ. നാടകങ്ങളുടെ നിലവാരത്തിൽ കാര്യമായി ഇടപെട്ട കാലങ്ങളും ഉണ്ട്.

നിരവധി ചോദ്യങ്ങൾക്കുമുന്നിൽ നിന്നുകൊണ്ടുതന്നെയാണ് കഴിഞ്ഞ വർഷങ്ങളിൽ (കൊറോണ കാലം ഒഴിച്ച് ) മുമ്പുവരെ ‘ഇറ്റ്​ഫോക്കി’നെ അഭിമുഖീകരിച്ചതും അനുഭവിച്ചതും. അതിന് ആരോഗ്യകരമായ വിമർശന സ്വഭാവത്തോടെയുള്ള നീക്കിയിരിപ്പുകളുണ്ടുതാനും.

2013ലെ തൃശൂർ അന്താരാഷ്ട്ര നാടകോത്സവത്തിൽ പോളണ്ടിലെ ബിയ്യറോ പോഡ്റോസി നാടകവേദി അവതരിപ്പിച്ച ‘മാക്ബത് -ഹു ഈസ് ദാറ്റ് ബ്ലഡിമാൻ' എന്ന നാടകത്തിൽ നിന്ന് /Photo : Aneesh Ravi Advaya

ആദ്യം ഓർമ്മ വരുന്നത് 2010 ലെ Memories in soul amarillo
എന്ന അവതരണം. ചർച്ചകൾ നീണ്ടുപോയ ആസ്വാദനം സമ്മാനിച്ച ഒരു അവതരണം.

‘ഒരു മഞ്ഞ വെയിലിൽ ചെറിയ പ്രകമ്പനങ്ങളുടെ ഓർമ്മകൾ' എന്നർഥമാക്കുന്ന
ഈ ബൊളീവിയൻ നാടകം പോരാട്ടത്തിന്റെ തീവ്രതയായിരുന്നു പങ്കുവച്ചത്.
അഴിമതിയും അന്യായവും വേരോടെ തുടച്ചുമാറ്റാൻ നാടകമെന്ന സങ്കേതത്തിലൂടെ പരിശ്രമിക്കുകയായിരുന്നു അവർ. പ്രകൃതിയും മനുഷ്യനും ഇടകലർന്ന അതിജീവനം. അധികാരത്തിലെ സൈനിക ഇടപെടലിലൂടെ സംഭവിച്ചേക്കാവുന്ന അഴിമതികൾ. ബൊളീവിയയിലെ എക്വിലെ എന്ന നഗരത്തിൽ 1998കളിൽ നടന്ന ഭീകരമായ ഭൂകമ്പശേഷം നടത്തിയ ഗവേഷണഫലങ്ങളായിരുന്നു ഈ നാടകത്തിൽ. അവതരണം കഴിഞ്ഞും ദിവസങ്ങളോളം ആളുകൾ സംസാരിച്ചു തീരാത്ത അനുഭവമായിരുന്നു.

ഒന്നാം ‘ഇറ്റ്​ഫോക്ക്​’ മുതൽ ഞാനും അതിന്റെ ഭാഗമാണ് എന്ന് പറഞ്ഞുവല്ലോ. പ്രസിദ്ധീകരണം, മീഡിയ, പബ്ലിക്കേഷൻ വിഭാഗങ്ങളിൽ തിരക്കിട്ട ഓട്ടങ്ങൾ, എഴുത്തുകൾ, അതിനിടയിൽ രാത്രി വെളുക്കുവോളമുള്ള അവതരണങ്ങൾ, കാഴ്ചകൾ.

ലാറ്റിനമേരിക്കൻ- ആഫ്രിക്കൻ ‘ഇറ്റ്​ഫോക്ക്​’ കാലമാണ് ഇന്നും ഓർമ്മയിലുള്ളത്. ഭാഷയുടെയും സമീപനങ്ങളുടെയും അവതരണനിലപാടുകളുടെയും വൈവിധ്യങ്ങൾ തന്നെയായിരുന്നു അക്കാലം.

ക്വാളിറ്റി എങ്ങനെയാണ് മെയിൻടെയിൻ ചെയ്തിരുന്നത് എന്ന് നന്നായി ഓർമ്മയുണ്ട്. ഫെസ്റ്റിവൽ ബുക്ക് മുതൽ ഓരോ ദിവസത്തെയും ബുക്ക്​ലെറ്റ്​ വരെ തയ്യാറാക്കിയിരുന്നത് കൃത്യമായ സിസ്റ്റത്തോടെയായിരുന്നു. ലാറ്റിനമേരിക്കൻ- ആഫ്രിക്കൻ ‘ഇറ്റ്​ഫോക്ക്​’ കാലമാണ് ഇന്നും ഓർമ്മയിലുള്ളത്. ഭാഷയുടെയും സമീപനങ്ങളുടെയും അവതരണനിലപാടുകളുടെയും വൈവിധ്യങ്ങൾ തന്നെയായിരുന്നു അക്കാലം. ചിത്രങ്ങൾ, സ്വകാര്യ ശേഖരങ്ങൾ എന്നിവ ഇപ്പോഴും കയ്യിലുണ്ട്. ആ കാലത്തെ ചരിത്രവുമായി ചേർത്തുവായിക്കുമ്പോൾ ചില ചിന്തകൾ കൂടി പങ്കു വക്കേണ്ടതുണ്ട് എന്നുതോന്നുന്നു.

2013ലെ തൃശൂർ അന്താരാഷ്ട്ര നാടകോത്സവത്തിൽ പോളണ്ടിലെ ബിയ്യറോ പോഡ്റോസി നാടകവേദി അവതരിപ്പിച്ച ‘മാക്ബത് -ഹു ഈസ് ദാറ്റ് ബ്ലഡിമാൻ'
എന്ന നാടകം ‘സ്ഥലം', ‘രൂപം' എന്നീ സങ്കല്പങ്ങളെ അപ്പാടെ പൊളിച്ചെഴുതിയ അനുഭവം സമ്മാനിച്ച് തുറന്നുവച്ച അരങ്ങിലേക്ക് സ്വയം മാറ്റിയെഴുതി.
നടൻ സ്വന്തം ശരീരം തിരഞ്ഞുപോകുന്ന അദൃശ്യമായ രംഗബിംബങ്ങളെക്കുറിച്ച് റിച്ചാർഡ് ഷെഗ്നറും വിക്തോർ ടർണറും മുമ്പേ നിർവചിച്ചു വെച്ചിട്ടുണ്ട്.

Photo : Manila C Mohan

പോഡ്റോസിയുടെ മാക്ബത് അവതരണത്തിൽ മാക്ബത്തായി അരങ്ങിലെത്തിയ നടന്റെ അപരശരീരങ്ങൾ ഉച്ചരിച്ച വാക്കിന്റെ ആഴത്തിൽ കാണികൾ നിശ്ശബ്ദരായിപ്പോയിരുന്നു അന്ന്. അരങ്ങിലെ ആക്രോശങ്ങൾ ആ നടന്റെ ചെവികളെ ചേർത്തടച്ചു. അയാളിൽനിന്ന് ഊർന്നുപോകുന്ന അയാളുടെ അതീതബോധത്തിന്റെ അപരശരീരങ്ങൾ അയാളുടെ തന്നെ നിഴലായി മാറി.
ആ നിഴലിൽ നിന്ന് ഒരു വാൾ ഉയർന്നുതൂങ്ങി. അയാളിലെ അപരനെ ആ വാൾ വെട്ടി വീഴ്ത്തുന്നു. അരങ്ങിൽനിന്ന് അണിയറയിലേക്ക് കയ്യേറുന്ന രംഗഭാഷ മേഘഗർജനമായി കാണികളിലേക്കെത്തി. രക്തം കൊണ്ട് പടയാളികളുടെ മുഖം കഴുകാൻ നിയുക്തനായ നടന് കാവലായി കറുത്ത രാത്രി മാത്രം.

2009 ‘ഇറ്റ്​ഫോക്കി’ലെ പ്രധാന ആകർഷണം ശങ്കർ വെങ്കിടേശ്വരന്റെ സഹ്യന്റെ മകനും ദീപൻ ശിവരാമന്റെ സ്‌പൈനൽ കോഡും ആഫ്രിക്കയിൽ നിന്നെത്തിയ മാക്ബതും ആയിരുന്നു.

വാക്കിനു പകരം ആളിക്കത്തുന്ന പന്തങ്ങൾ!
എനിക്കോ നിനക്കോ ഏറെ ഉന്മാദം എന്ന് വെല്ലുവിളിക്കുന്ന മണ്ണ്.
താഴെ നിന്ന് നോക്കുമ്പോൾ നക്ഷത്രങ്ങളിലേക്ക് പടരുന്ന പൊയ്ക്കാൽ രൂപങ്ങൾ. ‘രാവണാ' എന്നാണ് ആ നിമിഷം എന്റെ മനസ്സിൽ കത്തിപ്പടർന്ന വാക്ക്. രക്തരൂക്ഷിതമായ ആ രാത്രി. ആഖ്യാനഭാഷക്കപ്പുറം പണിതുയർത്തിയ നിശ്ശബ്ദതയുടെ വാക്കിൻമൂർച്ച തട്ടി മുറിഞ്ഞ പാട് ഉണ്ടായിരുന്നിരിക്കാം.

ആൾക്കൂട്ടത്തെ യുദ്ധശേഷമുള്ള സമാധാനം സ്വപ്നം കാണിച്ചത്, ‘നീ തന്നെ... നീ തന്നെ' എന്ന് സ്വന്തം നിഴൽ നോക്കി പറയാൻ പ്രേരിപ്പിച്ച ഒരു അദൃശ്യത.

മാക്ബത്തിന്റെ മുഴുവൻ ഏകാന്തതയും ആളിക്കത്തിയ ഒന്നായിരുന്നു ഈ അവതരണം.

2009 ‘ഇറ്റ്​ഫോക്കി’ലെ പ്രധാന ആകർഷണം ശങ്കർ വെങ്കിടേശ്വരന്റെ സഹ്യന്റെ മകനും ദീപൻ ശിവരാമന്റെ സ്‌പൈനൽ കോഡും ആഫ്രിക്കയിൽ നിന്നെത്തിയ മാക്ബതും ആയിരുന്നു. കാഴ്ചയുടെ തീർത്തും വ്യത്യസ്തമായ വ്യവഹാര പരിസരങ്ങളിൽ നിന്നുകൊണ്ടാണ് ഈ മൂന്ന് അവതരണങ്ങളും ക്രമീകരിച്ചത്. ഗബ്രിയേൽ ഗാർസ്യ മാർകേസിന്റെ Chronicle of a Death Foretold എന്ന നോവലാണ് സ്പൈനൽ കോഡിന് ആധാരമായ പാഠം. കാഴ്ചയിൽ വേരോടെയുള്ള മാറ്റങ്ങൾക്ക് ആഹ്വാനം ചെയ്ത ഈ നാടകം മലയാളിയുടെ കാഴ്ചയെ പുതുക്കിപ്പണിതിട്ടുണ്ട്. സംവിധാനത്തിൽ പുതുമയുള്ള ആവിഷ്‌കാര വ്യതിയാനങ്ങൾക്ക് പിന്നീട് കാബിനറ്റ് ഓഫ് കാലിഗരിയിലൂടെയും ഖസാക്കിന്റെ ഇതിഹാസത്തിലൂടെയും ദീപനനും ക്രിമിനൽ ആക്ട്, വാട്ടർ സ്റ്റേഷൻ പോലുള്ള അവതരണങ്ങളിലൂടെ ശങ്കറും നടത്തിയ ശ്രമങ്ങൾക്ക്, നാം സാക്ഷികളാണല്ലോ.

കാലത്തിനു കുറുകെ വരച്ച വരകൾ
('ഇറ്റ്ഫോക്കി'ലെ സ്ത്രീസാന്നിദ്ധ്യങ്ങൾ)

2010 ‘ഇറ്റ്​ഫോക്കിലെ ചില കാഴ്ചകൾ മനസ്സിനെ ഏകാന്തതയിലേക്ക് വലിച്ചെറിയുകയും, വാക്കിന്റെയും, ദൃശ്യത്തിന്റെയും ആഴങ്ങളിൽ നിന്ന് അവ നമ്മോടു സൂക്ഷിച്ചു നോക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട് ഇപ്പോഴും. ‘ഇറ്റ്​ഫോക്ക്​’ 2010ൽ ശ്രദ്ധേയരായവരിൽ ഏറിയകൂറും സ്ത്രീനാടക പ്രവർത്തകരായിരുന്നു. ചിതറിപ്പോയ ഭൂമിയിൽനിന്ന് മനുഷ്യർ ആർത്തിയുടെയും അക്രമത്തിന്റെയും അനീതിയുടെയും കൈകളിൽനിന്ന് രക്ഷനേടാൻ ശ്രമിക്കുന്ന ചിത്രങ്ങൾ രംഗത്തവതരിപ്പിച്ച് ചിലിയുടെ ‘എൻ ഉൻ സോൾ അമാരില്ലോ'യിലെ അമ്മയായഭിനയിച്ച കഥാപാത്രം പ്രേക്ഷകരെ ആകർഷിച്ചു. അതിർത്തികളിലെ അക്രമികളുടെ പീഡയും വേദനയും പേറുന്ന ‘ലോറൻഷ്യ' യുടെ സംവിധാന വൈദഗ്ധ്യത്തിലൂടെ എവഹാനിയോ ക്യാനോ പൂഗാ തന്റെ കാഴ്ചപ്പാടുകളുടെ പടം കൃത്യമായി അരങ്ങിൽ വരച്ചെടുത്തു.

സ്ത്രീ അരങ്ങിൽ പ്രത്യക്ഷപ്പെടുമ്പോൾ ദേശവും കാലവും സ്ഥലവും രൂപമെടുക്കുന്ന പുതിയൊരു ലോകത്തിലൂടെയാണ് ലോറൻഷ്യ എന്ന അവതരണം നടന്നത്. ദേശത്തെയും സ്ത്രൈണതയെയും ഒരു തുടർചിത്രമായി അവതരിപ്പിക്കുകയാണ് ഈ നാടകം ചെയ്തത്. ലാറ്റിനമേരിക്കയുടെ പ്രതിരോധ രാഷ്ട്രീയത്തെ സ്ത്രീഇടങ്ങൾ നിർണ്ണയിക്കുന്നതിന്റെ വ്യത്യസ്തതയാണ് ഓരോ അരങ്ങും തെളിച്ചെടുത്തത്.

ഏതുകാലത്തും സമൂഹത്തിന്റെ ചില അടങ്ങാത്ത ആവശ്യങ്ങളിൽ നിന്നാണ് പ്രതിരോധാത്മകമായ മികച്ച കലാസൃഷ്ടികളുണ്ടായിട്ടുളളത്. ആ കലാസൃഷ്ടികൾ സമൂഹത്തെ നിരന്തരം ആത്മവിമർശനത്തിന് പ്രേരിപ്പിക്കുകയും പിന്നീടുളള
കാലങ്ങളെ സ്വയം തിരുത്തിയെഴുതാൻ പ്രലോഭിപ്പിക്കുകയും ചെയ്യും.

ഉടലിന്റെ കഥ പറഞ്ഞ ‘Tales of the body ' യിലെ നടി അടയാളപ്പെടുത്തിയ ആഖ്യാനരാഷ്ട്രീയരൂപം അത്ഭുതപ്പെടുത്തുന്നതായിരുന്നു. വ്യവസ്ഥാപിതതത്വങ്ങളെയും ഒളിഞ്ഞുനോട്ടങ്ങളെയും പരസ്യമായി വെല്ലുവിളിച്ച് ഒരു അഭിനയ ശരീരം അരങ്ങ് നിറഞ്ഞാടിയ കാഴ്ച. ‘വിഷൻസ് ഡെ ലാ ക്യൂബനോസോഫിയ'യിലും അവതരണസാധ്യതയുള്ള ഒരു സ്ത്രീകഥാപാത്രമുണ്ടായിരുന്നു. ആത്മാവിന്റെ ആഴങ്ങളിൽ നിന്ന് രാജ്യത്തിന്റെ മൊത്തം രാഷ്ട്രീയത്തെയും ദൈവത്തേയും ദുർബലമായ ശബ്ദത്തിലവർ വെല്ലുവിളിക്കുന്നു.

സമയത്തിന്റെ തുലനമാണ് ‘ക്വിക് ഡെത്തി'ലൂടെ മന്ദാകിനി അവതരിപ്പിച്ച കഥാപാത്രത്തിന്റെ സവിശേഷത. കാലത്തിനുകുറുകെ വരച്ച വര ‘പോലെ' ശബ്ദം കൊണ്ട് മുറിവുതീർത്ത ‘സ്ട്രൈഞ്ച് ലൈസൻസിലെ' സ്ത്രീകഥാപാത്രവും വേറിട്ടുനില്ക്കുന്നു. സഹനത്തിന്റെ നാട്ടിൽനിന്നെത്തിയ‘തെ പോയിഡ'യിലെ കഥാപാത്രങ്ങൾ ആന്തരികമായി ഒരുപാട് ആഴങ്ങൾ സൂക്ഷിക്കുന്നവരാണ് എന്നനുഭവപ്പെട്ടു. ഭൂമിയും ആകാശവും കടന്നുപോകുന്ന സ്ത്രീസ്വത്വത്തിന്റെ കാണായിടങ്ങൾ ചർച്ച ചെയ്ത നാടകമായിരുന്നു ‘സാഗരകന്യക'.

ആഗോളീകരണകാലത്തെ സ്ത്രീജീവിതമാണ് ‘ഫാക്ടറി' കൈകാര്യം ചെയ്തത്.
ക്ഷമക്കും സഹനത്തിനുമപ്പുറം പ്രതിരോധത്തിന്റെ നാടകഭാഷയാണ് ‘ആണുങ്ങളില്ലാത്ത പെണ്ണുങ്ങൾ', ‘യക്ഷിക്കഥകളും നാട്ടുവർത്തമാനങ്ങളും' എന്നീ നാടകങ്ങൾ കൈകാര്യം ചെയ്തത്. മധ്യവർഗ ജീവിതക്കാഴ്ചകളുടെ ദൃശ്യഭാഷകളിലൂടെ, ലോക സ്ത്രീജീവിതങ്ങളുടെ അടരുകൾ, ഒറ്റപ്പെടലുകൾ എന്നിവ അവതരിപ്പിക്കുമ്പോൾ, ആ സ്ത്രീസ്വത്വങ്ങളെ ആസ്വാദകരുടെ അനുഭവതലത്തിലേക്ക് ഉൾക്കരുത്തോടെ എത്തിക്കുകയെന്ന ചരിത്രദൗത്യത്തിൽ ഇവർ ഏറെക്കുറെ വിജയിച്ചിരുന്നുന്നുവെന്നും കാണാം.

അനുരാധ കപൂർ, ഉഷ ഗാംഗുലി

പിന്നീട് സ്ത്രീസാന്നിധ്യം കൊണ്ട് ശക്തമായത് 2014ലെ ‘ഇറ്റ്​ഫോക്ക്​’ ആണ്.
സ്ത്രീയുടെ അരങ്ങിനെയും സംവേദന ഇടത്തെയും കൃത്യമായി അടയാളപ്പെടുത്തുന്ന സംവിധായികമാരാണ് ഉഷ ഗാംഗുലിയും അനുരാധ കപൂറും. സംവിധായികയും അഭിനേത്രിയും ആക്ടിവിസ്റ്റുമായി പടർന്നുകിടക്കുന്ന ഉഷ ഗാംഗുലിയുടെ നാടകങ്ങൾ കൽക്കത്തയിലെ നാടകവേദിയിൽ 1970 കൾ മുതൽ 80 കൾ വരെയുള്ള കാലഘട്ടത്തെ കൃത്യമായി തുറന്നുകാട്ടുന്നു. സ്ത്രീപക്ഷ നാടകങ്ങളുടെ രാഷ്ട്രീയം കൃത്യമായി തിരിച്ചറിയുന്നു ഉഷ ഗാംഗുലി. ഏതുകാലത്തും സമൂഹത്തിന്റെ ചില അടങ്ങാത്ത ആവശ്യങ്ങളിൽ നിന്നാണ് പ്രതിരോധാത്മകമായ മികച്ച കലാസൃഷ്ടികളുണ്ടായിട്ടുളളത്. ആ കലാസൃഷ്ടികൾ സമൂഹത്തെ നിരന്തരം ആത്മവിമർശനത്തിന് പ്രേരിപ്പിക്കുകയും പിന്നീടുളള കാലങ്ങളെ സ്വയം തിരുത്തിയെഴുതാൻ പ്രലോഭിപ്പിക്കുകയും ചെയ്യും.

കൊൽക്കത്തയിൽ നിന്നെത്തിയ ‘ഹം മുക്താര'യിലെ അഭിനേത്രികൾ ജീവിതത്തിന്റെ പ്രതിരോധാത്മകതയെ കൃത്യമായി തിരിച്ചറിയുന്നു. കൊൽക്കത്തയിലെ രാഷ്ട്രീയ- സാമൂഹിക- സാംസ്‌കാരിക പരിസരത്ത് സ്വന്തം മുദ്ര പതിപ്പിച്ചവരാണ് ഇവർ.

കൊൽക്കത്തയിൽ നിന്നെത്തിയ ‘ഹം മുക്താര'യിലെ അഭിനേത്രികൾ ജീവിതത്തിന്റെ പ്രതിരോധാത്മകതയെ കൃത്യമായി തിരിച്ചറിയുന്നു. കൊൽക്കത്തയിലെ രാഷ്ട്രീയ- സാമൂഹിക- സാംസ്‌കാരിക പരിസരത്ത് സ്വന്തം മുദ്ര പതിപ്പിച്ചവരാണ് ഇവർ. അധികാരവും ജനസമൂഹവും പരസ്പരം പോരാടുന്ന ഭൂമികയിലെ ബലിപ്പൂക്കളാകാൻ തങ്ങൾക്ക് താൽപര്യമില്ലെന്ന് സംഘത്തിലെ നിശ്വന്തിനി എന്ന അഭിനേത്രി പറഞ്ഞു. കലാപ്രവർത്തനവും നാടകപ്രവർത്തനവും ഒരു രാഷ്ട്രീയപ്രവർത്തനം തന്നെയാണെന്നും സ്വതന്ത്ര ആവിഷ്കാരങ്ങൾക്ക് തടയിടുന്നത് പുരുഷാധിപത്യപരം മാത്രമല്ല, പ്രതിലോമ രാഷ്ട്രീയത്തിന്റെ മറുമുഖം കൂടിയാണെന്നും ഇവർ കരുതുന്നു. വ്യക്തിജീവിതത്തിൽ അനുഭവിക്കുന്ന നിലനിൽപിനായുള്ള പോരാട്ടങ്ങൾ അരങ്ങിലെത്തുമ്പോൾ ആളിപ്പടരുന്ന അനുഭവമാണെന്ന് നിശ്വന്തിനി പറയുന്നു. അക്കാദമിക നാടക പരിസരത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണ് അനുരാധ കപൂർ സംസാരിക്കുന്നത്. ‘വിരാസത്' എന്ന അവരുടെ നാടകമാണ് അത്തവണ ‘ഇറ്റ്​ഫോക്കി’ലെത്തിയത്. സാമൂഹിക- സാംസ്‌കാരിക- അപരനിർമാണങ്ങളെക്കുറിച്ചാണ് അനുരാധ കപൂറിന്റെ നാടകം സംസാരിച്ചത്.

ഉഷ കുമാരി സംവിധാനം ചെയ്ത 'ഹം മുക്താര' നാടകത്തിൽ നിന്ന് / Photo : International Theatre Festival of Kerala, FB Page

ആധുനിക ഇന്ത്യയുടെ കൃത്യമായ പരിഛേദങ്ങൾ അവരുടെ നാടകങ്ങളിലുണ്ട്. ഇന്ത്യയിൽ വിഷയങ്ങളുടെ തെരഞ്ഞെടുപ്പിനേക്കാൾ കുഴക്കുന്നത് മറ്റൊരു കാര്യമാണ്; ഈ വിഷയങ്ങളിലുളള കൃത്യതയില്ലായ രൂപ- മാന സങ്കൽപങ്ങളെ എങ്ങനെ വികസിപ്പിച്ചെടുത്ത് അവതരണ സാധ്യതയിലേക്ക് പകർത്താമെന്നത് ആധുനികതയുടെ ഭാഗമായി വന്ന ഒരു പ്രശ്നമാണെന്ന് ഉദ്ഘാടന സമ്മേളനത്തിൽ അവർ സൂചിപ്പിച്ചിരുന്നു. പ്രാതിനിധ്യങ്ങളുടെ അധിക ലഭ്യത അവയുടെ തെരഞ്ഞെടുപ്പിന്റെ സാധ്യതയെ ചോദ്യം ചെയ്തേക്കുമെന്നാണ് അവരുടെ അഭിപ്രായം. അത് അരങ്ങിലും സമൂഹത്തിലും ഒരുപോലെ കുഴക്കുന്നത് പകർത്തപ്പെടുക എന്ന പ്രക്രിയയുടെ യാഥാർത്ഥ്യമാണെന്നും ഏറിവരുന്ന വേഗസങ്കൽപവും മനുഷ്യരാശിയെ കാർന്നുതിന്നുന്നുവെന്നതും അവരുടെ കാഴ്ചപ്പാടാണ്.

ഉത്തരേന്ത്യൻ സംവിധായികമാരെന്നതിലുപരി ഉഷ ഗാംഗുലിയും അനുരാധ കപൂറും സ്ത്രീഅരങ്ങിൽ തീർക്കുന്ന പ്രതിസ്പന്ദനങ്ങൾക്ക് പ്രസക്തിയുണ്ട്.

ഉത്തരേന്ത്യൻ സംവിധായികമാരെന്നതിലുപരി ഉഷ ഗാംഗുലിയും അനുരാധ കപൂറും സ്ത്രീഅരങ്ങിൽ തീർക്കുന്ന പ്രതിസ്പന്ദനങ്ങൾക്ക് പ്രസക്തിയുണ്ട്. സ്ത്രീശരീരങ്ങൾ വെറും ഉടലുകൾ മാത്രമായി പരിഗണിക്കപ്പെടുന്ന പൊതു ശരീരചിന്തയിൽ ഒരു ബദൽ വീക്ഷണം എന്ന നിലയിൽ ഇവർ ഉയർത്തുന്ന അഭിപ്രായങ്ങൾ സ്വാഗതാർഹമാണ്.

മിഴാവിന്റെ ഒറ്റ ശ്രുതി

പരമ്പരാഗത ശൈലിയിൽ കൂത്തിനും കൂടിയാട്ടത്തിനും അകമ്പടിയായി ഘോഷം മുഴക്കുന്ന മിഴാവ് എന്ന ശബ്ദത്തെ തീർത്തും വ്യത്യസ്തമായ മറ്റൊരിടത്തേയ്ക്ക് സ്ഥാപി ക്കുകയായിരുന്നു റോയ്സ്റ്റൺ ആബേലിന്റെ ‘കിച്ചൺ'. ഏകതാളത്തിൽ നിന്ന് പടർന്നുപോകുന്ന താളവിസ്മയത്തിൽ ആരംഭിച്ച് എട്ട്, നാല്, രണ്ട് മാത്രകൾ കടന്ന് താളം ഇരട്ടിച്ചു. ഒപ്പം അരങ്ങിലെത്തിയ അഭിനയശരീരങ്ങൾ ഈ താളത്തിനൊപ്പം ചേർന്ന് വ്യത്യസ്തമായൊരു ഭാഷ സൃഷ്ടിക്കുന്നു. ഒരു മിഴാവിൽ നിന്നും മൂന്നു മിഴാവിലേക്കും പിന്നീടത് പന്ത്രണ്ട് മിഴാവിലേക്കും കലർന്ന് ഒടുവിൽ ഒരൊറ്റ ശബ്ദമായി അരങ്ങിന്റെ കവിത തീർക്കുന്നു. ഇവിടെ സ്ഥലമോ വേദിയോ കാണികളോ വാദ്യകാരനെ നിർണയിക്കുന്നില്ല. എവിടെയാണോ മിഴാവ് തന്റെ അസ്ഥിത്വം ഉറപ്പിച്ചിരിക്കുന്നത് അവിടെ വാദ്യകാരൻ തന്റെ ഭൂമിക തീർക്കുന്നു. വാദ്യത്തെ തൊടുന്നത് വാദ്യകാരന്റെ കൈകൾ മാത്രമല്ല; ആത്മാവ് കൂടിയാണ്. ശബ്ദത്തിന്റെ സാധ്യതയിൽ കൂടി അരങ്ങിന്റെ ഒരു രണ്ടാം അർത്ഥം സംവദിക്കപ്പെടുന്നു. ശബ്ദം വർത്തുളമായി സഞ്ചരിച്ച് ഉറവിടത്തിലേക്കു തന്നെ തിരിച്ചെത്തുന്നു. പരമ്പരാഗത ശൈലിയിൽ നിന്ന് ഇത്തരമൊരു നൂതന സാങ്കേതിക ഇടത്തിലേക്ക് കൂടുമാറുമ്പോൾ വാദ്യകാരന്റെ സ്ഥാനം എവിടെയെന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല. കൂത്തമ്പലങ്ങളിൽ നിന്ന് പരമ്പരാഗത കലകൾ പുറത്തു കടക്കുന്നതിന്റെ അടയാളം കൂടിയാണിത്. വ്യവസ്ഥാപിതമായി ചിട്ടപ്പെടുത്തിയെടുത്ത അഭിനയശരീരങ്ങൾക്കു പുറത്ത് മൈക്രോഫോണും വെളിച്ച സംവിധാനവും കൂടുതൽ സ്വാതന്ത്ര്യവുമുള്ള അരങ്ങും... അവയിലൂടെ വാദ്യകാരന് കണ്ണടച്ചാൽ തന്റെ ഭൂമിയെ കാണാനാവുന്നു. കല പ്രവചനാതീതമാണ് എന്ന തത്വം സ്വാർത്ഥമാകുന്നു. കലാമണ്ഡലം രാജീവ്, ഹരിഹരൻ, നാരായണൻ നമ്പ്യാർ, ധനരാജൻ, രതീഷ് ഭാസ്, രവികുമാർ, വിനീഷ്, ജയരാജ്, സജിത് വിജയൻ, വിനീത്, മണികണ്ഠൻ, സജികുമാർ എന്നിവരാണ് മിഴാവുകളുമായി ഒറ്റശ്രുതി തീർത്തത്.

കലാകാരർക്കുവേണ്ടത് ആത്മീയ രാഷ്ട്രീയം

കലാകാരർക്കുവേണ്ടത് ആത്മീയ രാഷ്ട്രീയമാണ് എന്നുദ്ഘോഷിച്ചാണ് 2013 ൽ പോളണ്ടിലെ ബിയ്യറോ പോദ്റോസിയുടെ, പാവൽ സ്‌കോടാഹ് സംവിധാനം ചെയ്ത മാക്ബത്ത് അരങ്ങേറിയത്. തൊട്ടടുത്ത വർഷം ബിയ്യറോ പൊദ്റോസി നാടകവേദി ബേണിങ്​ ഫ്ലവേഴ്​സ്​ എന്ന വ്യത്യസ്ത അവതരണവുമായാണ് ഫെസ്റ്റിവലിനെത്തിയിരിക്കുന്നത്. ഇന്ത്യയിലെ സ്ത്രീസമൂഹത്തിനുനേരെ നടക്കുന്ന കടന്നാക്രമണങ്ങൾക്കു നേരെയുള്ള പ്രതിരോധമെന്നോണം ഒരവതരണമായിരുന്നു അത്. ഇന്ത്യയിലെയും പോളണ്ടിലെയും അഭിനേതാക്കൾ ഒരുമിക്കുന്ന ഈ അവതരണത്തിന്റെ സംവിധായ പാവൽ സ്‌കോടാഹിനെ (പോളണ്ട്) സംബന്ധിച്ച് നാടകവേദി എന്ന പരിപ്രേക്ഷ്യത്തിന് സമകാലിക സമൂഹത്തിൽ എത്രത്തോളം സാധ്യതയുണ്ട് എന്ന അന്വേഷണമായിരുന്നു പ്രധാനം. അദ്ദേഹത്തെ സംബന്ധിച്ച് നാടകവേദി സംവേദനത്തിന്റെ ഏറെ സാധ്യതകളുള്ള ഇടമാണ്. സംസ്‌കാരം, ലിംഗം, ജാതി, വർണ്ണം, രാഷ്ട്രീയം, ഭാഷ എന്നീ ഘടകങ്ങൾക്കതീതമായി മനുഷ്യൻ എന്ന ഒരൊറ്റ അടയാളവുമായി ഏവർക്കും എപ്പോഴും കടന്നുചെല്ലാവുന്ന ഒരിടം. നിലനിൽക്കുന്ന ഏറ്റവും ശക്തമായ ഒരു മാധ്യമം കൂടിയാണത്. മനുഷ്യരാശിയും അരങ്ങും തമ്മിലുള്ള ബന്ധം ഓർമ്മകളും ഭൂമിയുമെന്ന പോലെയാണ്. ജൈവികതയിലേക്കുള്ള ഏറ്റവും ചെറിയ പ്രാണിയുടെ പ്രവേശനം പോലെയാവണം നാടകവേദിയും സമൂഹവും തമ്മിലുള്ള ബന്ധം എന്നാണ് പവൽ പറയുന്നത്. പ്രതീതിയാഥാർത്ഥ്യത്തിന്റെ കാലത്തെ അരങ്ങിനെ എങ്ങനെ നോക്കി കാണുന്നു എന്ന് ചോദിച്ചപ്പോൾ, മാക്ബതിൽ നിന്ന് സ്വപ്നങ്ങളെ കുറിച്ചുള്ള ഈ നാടകത്തിലെത്തുമ്പോൾ ഈ യാഥാർത്ഥ്യബോധത്തിൽ വന്നു ചേർന്ന മാറ്റങ്ങൾ എന്തൊക്കെയാണ് എന്നതിനുള്ള ഉത്തരമാണ് തന്നത്. എല്ലാ കലാരൂപങ്ങളെയും ഒരു പരിധി വരെ പ്രതീതി യാഥാർഥ്യബോധം പുനർനിർവചിക്കുന്നുണ്ട് എന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

നാടകം പോലുള്ള ഒരു കലയ്ക്ക് കൂടുതൽ ജനാധിപത്യ സാധ്യതകളുണ്ട്. ഒപ്പം സംവേദന സാധ്യതകളും. ഭാഷയോ സംസ്‌കാരമോ ദേശമോ വ്യത്യസ്തമെങ്കിലും അരങ്ങ് ആവശ്യപ്പെടുന്ന ഒരു രാഷ്ട്രീയമുണ്ട്. അത് എല്ലാറ്റിനെയും മറികടക്കുന്ന രാഷ്ട്രീയമാണ്.

‘മാക്ബത്' ഒരു പ്രാപഞ്ചിക സമൂഹത്തെ പ്രതിനിധാനം ചെയ്യാൻ ആഗ്രഹിച്ച നാടകമാണ്. ​ബേണിങ്​ ഫ്ലവേഴ്​സ്​ ആകട്ടെ, കേട്ടറിഞ്ഞ ഇന്ത്യൻ സ്ത്രീ സമൂഹത്തിന്റെ അരക്ഷിതാവസ്ഥ കേന്ദ്രമാക്കി ഒരുക്കിയ നാടകവും. ഏതു കാലത്തിലും സമൂഹത്തിലും നടക്കുന്ന ഒരു അവസ്ഥയെയാണ് നേരിടേണ്ടതെന്നും തിയറ്ററിന്റെ നിലവിലുള്ള ഭാഷ മറികടന്ന് എങ്ങനെ അത് അരങ്ങിലേക്ക് പകർത്തു മെന്നും തീവ്രമായി ആലോചിച്ചിരുന്നു ഈ സംഘം. മാക്ബത്തിന്റെ ഒരു തുറന്ന രംഗശരീരം അഗ്നി പോലുള്ള ബിംബങ്ങളെ കൃത്യമായി ഒരു ഭാഷയായി തന്നെ ഉപയോഗിച്ചിരുന്നു. പ്രത്യേകിച്ച് ഇന്ത്യൻ സംസ്‌കാരത്തിൽ സ്ത്രീസമത്വവും സ്ത്രീ സുരക്ഷയും ഇത്ര ചർച്ച ചെയ്യപ്പെടുന്ന അവസരത്തിലാണ് ബേണിങ്​ ഫ്ലവേഴ്​സ്​അരങ്ങേറുന്നത് എന്നതും പ്രസക്തമാണ്. പ്രതീതി യാഥാർത്ഥ്യത്തെ അരങ്ങിന്റെ രാഷ്ട്രീയം കൊണ്ട് നേരിടുകയാണ് ഇവർ ചെയ്തത്. എന്താണ് താങ്കളുടെ നാടകങ്ങളുടെ രാഷ്ട്രീയം എന്ന ചോദ്യത്തിന്, കലാകാർക്ക് ആത്മീയ രാഷ്ട്രീയം ആവശ്യമാണെന്ന് പാവൽ പറഞ്ഞു.

നാടകം പോലുള്ള ഒരു കലയ്ക്ക് കൂടുതൽ ജനാധിപത്യ സാധ്യതകളുണ്ട്. ഒപ്പം സംവേദന സാധ്യതകളും. പാവലിനെ സംബന്ധിച്ച് നടൻ, നടി, നാടകക്കാർ എന്നിവർ തങ്ങളുടെ ആത്മീയ രാഷ്ട്രീയം തിരിച്ചറിയണം. തിയറ്റർ ഒരു പ്രത്യേക കാലത്തല്ല അരങ്ങേറുന്നത്. ചർച്ചയുടേയും പ്രതിരോധത്തിന്റെയും പ്രതിരോധ സാധ്യതകൾ അവിടെയുണ്ട്. ഒരു ആഗോള സംവേദന ഇടമാണത്. ഭാഷയോ സംസ്‌കാരമോ ദേശമോ വ്യത്യസ്തമെങ്കിലും അരങ്ങ് ആവശ്യപ്പെടുന്ന ഒരു രാഷ്ട്രീയമുണ്ട്. അത് എല്ലാറ്റിനെയും മറികടക്കുന്ന രാഷ്ട്രീയമാണ്. ഭാഷാതീതമായ ശബ്ദമാണ്. ഭാഷയും ഭാഷണവും പാവലിന്റെ നാടകങ്ങളുടെ പ്രതിരോധ ബിംബങ്ങളായി ശക്തമായി സംവദിക്കപ്പെടുന്നുണ്ട്. നാടകത്തിലെ ഭാഷയും നാടകത്തിന്റെ ഭാഷയും പരസ്പരം സംഘർഷമുണ്ടാക്കാൻ സാധ്യതയുള്ള ഇടങ്ങളിൽ പാവലിലെ സംവിധായകനെ നമുക്ക് കാണാം. സംവേദനം തന്നെയാണ് പ്രധാനം. ‘ഒരു തുറന്ന അരങ്ങിനെ സ്നേഹിക്കുന്നവനാണ് ഞാൻ' എന്നാണ് പാവലിന്റെ വാദം.

സെവൻ ഡ്രീംസ് ഒഫ് എ വുമൺ' എന്ന നാടകത്തിൽ നിന്ന്

ഇന്ത്യയിലെ ബിംബങ്ങളാണ് ‘സെവൻ ഡ്രീംസ് ഒഫ് എ വുമൺ' ൽ ഉപയോഗിച്ചിട്ടുള്ളത്. ആഖ്യാനത്തിലേക്ക് പ്രമേയത്തെ ചേർത്തുവെക്കുമ്പോൾ നടക്കുന്ന കൊടുക്കൽ വാങ്ങലുകളാണ് അവതരണപാഠത്തിന്റെ നിലനിൽപ്പിനെ അടയാളപ്പെടുത്തുന്നത്. പ്രത്യേകിച്ച് ഇതൊരു ‘ജെൻഡർ' പരിധിയിൽ വരുന്ന വിഷയമാണ്. ഉപയോഗിക്കുന്നത് ബിംബമാണോ രൂപകമാണോ എന്നതല്ല പ്രശ്നം. അത് എവിടെ, എപ്പോൾ, എങ്ങനെ പ്രയോഗിക്കുന്നുവെന്നതിലാണ്. പാവലിനെ സംബന്ധിച്ച് നാടകത്തിന്റെ ഭാഷയും ഭാഷണവുമെല്ലാം ഒരു വിശാലമായ സംവേദന ഇടത്തെ സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്നതാകണം എന്നേയുള്ളൂ. നടൻ- നടി / സംവിധായകൻ- സംവിധായിക / പ്രേക്ഷകർ എന്നീ മൂന്നു സ്പർശങ്ങളെ ചേർത്തുകെട്ടുന്നതിൽ പാവലിന് ചില മാന്ത്രിക ഇടങ്ങളുണ്ട്.

വിശദീകരിക്കാനാവാത്ത ചില ഓർമ്മകൾ പോലെ, അദൃശ്യമായ ചില പാഠങ്ങൾ സൃഷ്ടിച്ച് നടീനടന്മാരെയും പ്രേക്ഷകരെയും സംവേദനത്തിന്റെ നേർത്ത ചരടിൽ കോർക്കുക മാത്രമാണ് സംവിധായകർ ചെയ്യുന്നത് എന്നദ്ദേഹം വിശ്വസിക്കുന്നു. അതിനുമപ്പുറമുള്ള ഒരു സ്വപ്നത്തിലേക്കെത്തുക എന്നതാണ് പാവലിന്റെ സ്വപ്നം.

കെനിയൻ നാടകവേദിയുടെ ഊർജ്ജസ്വലമായ സാന്നിധ്യമാണ് കൈത്ത പിയർസൻ. ‘ഇറ്റ്​ഫോക്കി’ൽ തുടർച്ചയായ അവതരണങ്ങളുമായി ‘ദി തിയറ്റർ കമ്പനി' (TTC) എത്തിയത് ഒൻപത് കൊല്ലങ്ങളാണ്.

എട്ടാമത് ‘ഇറ്റ്​ഫോക്കി’ൽ ഏറെ പ്രിയപ്പെട്ട നാടകങ്ങളിൽ പ്രധാനംI cant imagine tomorrow ആയിരുന്നു. Fariborz karimi സംവിധാനം ചെയ്ത ഇറാനിലെ ബോഹിമി തിയറ്റർ ഗ്രൂപ് അവതരിപ്പിച്ച നാടകത്തിന്റെ ദൃശ്യഭാഷയായിരുന്നു ഏറെ ആകർഷിച്ചത്. കറുപ്പും വെളുപ്പും ചാരവും വെളിച്ചവും ഇരുട്ടും മാത്രം നിഴലിച്ച നിറ സങ്കല്പമാണ് ഓർമ്മയിൽ. ഒരു പുരുഷനും സ്ത്രീയും. ഇരുവരും അവരുടെ ദിനചര്യയിൽ മുഴുകുന്നു. അയാൾ ഒരു സ്‌കൂൾ അധ്യാപകനാണ്. വിഷാദവും മരവിപ്പും നിറഞ്ഞ ഒരു സത്രത്തിൽ താമസിക്കുന്നു. അവന്റെ മനസ് മുരടിക്കുന്നുണ്ട്, ഇതയാളെ ആത്മവിശ്വാസമില്ലായ്മയിലേക്ക് നയിക്കുന്നു. പുരുഷൻ എല്ലാ വൈകുന്നേരവും സ്ത്രീയെ അവളുടെ വീട്ടിൽ ചെന്ന് കാണുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്. അവർ ചാറ്റ് ചെയ്യുകയും കാപ്പി കുടിക്കുകയും ചെയ്യുന്നു, രാത്രിയാകുമ്പോൾ ആ മനുഷ്യൻ സത്രത്തിലെ മുറിയിലേക്ക് മടങ്ങുന്നു. സ്ത്രീക്ക് ഇത് പിന്നീട് ശീലമാകുന്നു. എല്ലാ ദിവസവും പുരുഷന്റെ സന്ദർശനത്തിനായി അവൾ കാത്തിരിക്കുന്നു. പുതിയ എന്തെങ്കിലും ചെയ്യാനും നിരാശാജനകമായ ഈ ദിനചര്യയോട് പോരാടാനും അവൾ തീരുമാനിച്ചു. തനിക്കായി പുതിയ സുഹൃത്തുക്കളെയും പരിചയക്കാരെയും കണ്ടെത്താൻ അവൾ ആഗ്രഹിക്കുന്നു, എന്നാൽ പുരുഷൻ ഈ അവസ്ഥയിൽ സംതൃപ്തനാണ്, യഥാർത്ഥത്തിൽ അത് ആസ്വദിക്കുന്നുണ്ട് അയാൾ. അവർ പരസ്പരം സ്‌നേഹത്തിലാണെങ്കിലും അത് പ്രകടിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല. ഈ സായാഹ്നത്തിൽ, ഈ ദൈനംദിന പതിവ് മാറേണ്ടതുണ്ട് എന്നാണ് നാടകം മുഴുനീളം പറയാൻ ശ്രമിച്ചത്. ആ ഉൾക്കനത്തിന്റെ ഭാഷ കസേരകളുടെ സ്ഥാനഭ്രംശങ്ങളിലൂടെ അവർ പ്രകടമാക്കി.

I cant imagine tomorrow എന്ന നാടകത്തിൽ നിന്ന്

ഉഴ്സ് ഡ്രൈട്രിക് (ജർമനി ) സംവിധാനം ചെയ്ത തലാമസ്, ഒരു പുതിയ അനുഭവമായിരുന്നു. ഈ അവതരണം മൂന്ന് ഭാഗങ്ങളിൽ ഒരു കൊറേയോഗ്രാഫി ആയിരുന്നു. അഭിനേതാവിന്റെ ശരീരത്തിന്റെ പല സാദ്ധ്യതകളാണ് സൊഗ്യോൽ റിൻ പോചേ അന്വേഷിച്ചത്. ചെറിയ വിവരണങ്ങൾ നറേഷൻ ആയി കേൾക്കാമായിരുന്നു. ഒരാൾ അയാളുടെ ഉടലിനെ ബോധപൂർവ്വവും അബോധപൂർവ്വവുമായ ചലനങ്ങളുടെ സാധ്യതയിലേക്ക് സ്വയം ആവാഹനം ചെയ്യുന്നതിന്റെ മനോഹരമായ ആഖ്യാനമായിരുന്നു തലാമസ്. ചലനവും നിശ്ചലതയും അനക്കങ്ങളും അയാളിൽ പല അരങ്ങുപാഠങ്ങളായി വെളിപ്പെട്ടു.

ലബനാനിലെ Zoukak theatre company അവതരിപ്പിച്ച The Battle scene, മല്ലിക തനേജ യുടെ thoda dhyan se, ലബനാനിലെ തന്നെ, ഒമർ അഭി അസറും ജുനൈദ് സരിയെദ്ദീനും ചേർന്ന് സംവിധാനം ചെയ്ത ‘ഹെവൻസ്', ബെൽജിയത്തിൽ നിന്നെത്തിയ മോഖല്ലാദ് രാസേം സംവിധാനം ചെയ്ത ‘വെയ്റ്റിംഗ്', സിങ്കപ്പുരിലെ ദാനിയേൽ കോക് സംവിധാനം ചെയ്ത ‘ചിയർ ലീഡർ ഓഫ് യൂറോപ്പ്​'
എന്നിവ 2016 ലെ ‘ഇറ്റ്​ഫോക്കി’ൽനിന്ന് കൂടെക്കൂടിയ നാടകങ്ങളാണ്.

ലോപ് ഡി വേഗയുടെ സ്പാനിഷ് നാടകമായ ഫ്യൂണ്ടെയോവെജുനയിലെ പ്രശസ്തമായ മോണോലോഗ് അടിസ്ഥാനമാക്കിയുള്ള ഒരു നൂതന ഹൈബ്രിഡ് നാടകമാണ് ലോറൻസിയ.

2009ൽ അതിജീവനത്തിന്റെ കനലുമായെത്തിയ ‘ഗിഥ' ഓരോ ചലനത്തിലും ഒരു ജനതയുടെ പ്രതിരോധം തുറന്നു കാട്ടി.

കെനിയൻ നാടകവേദിയുടെ ഊർജ്ജസ്വലമായ സാന്നിധ്യമാണ് കൈത്ത പിയർസൻ. ‘ഇറ്റ്​ഫോക്കി’ൽ തുടർച്ചയായ അവതരണങ്ങളുമായി ‘ദി തിയറ്റർ കമ്പനി' (TTC) എത്തിയത് ഒൻപത് കൊല്ലങ്ങളാണ്. സിനിമാ രംഗത്ത് സജീവമായ ഈ കൂട്ടം ഡെത്ത് ആൻഡ് മെയ്ഡൻ (1993-2003), ദ വെജീനമോണോ ലോഗസ് (2003 - 2005) തുടങ്ങിയ നാടകങ്ങളിലൂടെ അതിജീവനത്തിന്റെയും പ്രതിരോധത്തിന്റെയും സാമൂഹികവും രാഷ്ട്രീയവും തദ്ദേശീയവുമായ പ്രശ്നങ്ങളെ നാടകത്തിന്റെ ഭാഗമാക്കി മാറ്റി. സ്വന്തം സാമൂഹ്യഘടനയിൽ വന്നുചേർന്ന പ്രധാന വ്യതിയാനങ്ങൾക്ക് പ്രേരകമായി നിലനിന്ന ഈ നാടകങ്ങൾ പ്രേക്ഷകരിലും പുത്തനുണർവ്​ പകർന്നവയാണ്.

ഗിഥ മൂന്ന് ഭാഷകളിലാണ് കാണികളോട് സംവദിച്ചത്. യാദൃച്ഛികമായി ഒരു പെൺകുട്ടി ഒരു കൂട്ടം തെരുവുനാടകക്കാർക്കിടയിലേക്ക് എടുത്തെറിയപ്പെടുന്നു. അവളുടെ സ്വത്വവും അതിജീവനവും ആഖ്യാനമാവുന്നു. കാണികളിൽ നിന്ന് കാണികൾക്കുവേണ്ടിയുള്ള ഒരവതരണം എന്നാണ് ഗിഥയുടെ ഓർമ്മ അവശേഷിപ്പിക്കുന്നത്.

ലോപ് ഡി വേഗയുടെ സ്പാനിഷ് നാടകമായ ഫ്യൂണ്ടെയോവെജുനയിലെ പ്രശസ്തമായ മോണോലോഗ് അടിസ്ഥാനമാക്കിയുള്ള ഒരു നൂതന ഹൈബ്രിഡ് നാടകമാണ് ലോറൻസിയ. ഇത് കഥകളിയുടെ ഘടന, നൃത്തം, സംഗീതം എന്നിവയിലൂടെ പുനർവ്യാഖ്യാനം ചെയ്യപ്പെടുന്നു, ഒപ്പം മെക്സിക്കൻ പരമ്പരാഗത ഗാനങ്ങളും പ്രസംഗങ്ങളും ഉൾക്കൊള്ളുന്ന ഒരു അവതരണമായിരുന്നു. സംവിധായികയും അവതാരകയുമായ യൂജീനിയ കാനോ പ്യുഗ നാല് വർഷം കേരളത്തിൽ താമസിച്ച്, കേരള കലാമണ്ഡലത്തിൽ കഥകളി പഠിച്ച കലാകാരിയാണ്.

നാടകത്തിൽ, ലോറൻസിയ വിവാഹിതയായ ശേഷം, ഗവർണർ തട്ടിക്കൊണ്ടുപോയി റേപ്പ് ചെയ്യുന്നു. അതേസമയം, അവളുടെ പുതിയ ഭർത്താവ് ജയിലിലടയ്ക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നു. സമൂഹത്തിലെ പുരുഷന്മാർ കുറ്റവാളിക്കെതിരെ ഒരു നടപടിയും എടുക്കുന്നില്ലെന്ന് മനസ്സിലാക്കിയ ലോറൻസിയ, രോഷത്തോടെ നീതി ആവശ്യപ്പെടുമ്പോൾ പുരുഷ കൗൺസിലിനെ അഭിസംബോധന ചെയ്യുമ്പോൾ, മോണോലോഗുകളാണ് നാടകത്തെ നയിക്കുന്നത്. പ്രധാന കഥാപാത്രമായ ഒരു സ്ത്രീ തന്റെ പിതാവിനോടും മറ്റ് പുരുഷന്മാരോടുമുള്ള ദേഷ്യം ചലനത്തിലൂടെയും നൃത്തത്തിലൂടെയും ചെണ്ട താളവാദ്യത്തിലൂടെയും പ്രകടിപ്പിക്കുന്നു.

ലബനാനിലെ Zoukak theatre company അവതരിപ്പിച്ച The Battle scene എന്ന നാടകത്തിൽ നിന്ന്

കഴിഞ്ഞ വർഷങ്ങളിൽ മെക്സിക്കോയിലുണ്ടായ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ പ്രതിഭാസങ്ങളെ ഈ നാടകം പരാമർശിക്കുന്നു, ആയിരക്കണക്കിന് സ്ത്രീകൾ കൊല്ലപ്പെടുകയും അപ്രത്യക്ഷമാകുകയും ഛിന്നഭിന്നമാക്കപ്പെടുകയും ചെയ്ത സിയുഡാഡ് ജുവാരസ് ആണ് ഇതിന്റെ പ്രചോദനം. മെക്സിക്കൻ സ്വാതന്ത്ര്യത്തിന്റെ 200 വർഷം ആഘോഷിക്കുന്ന പശ്ചാത്തലത്തിൽ സ്ത്രീകൾക്കെതിരായ അതിക്രമം അവസാനിപ്പിച്ചിട്ടില്ലാത്തതിനാൽ ജീവിതം ആഘോഷിക്കാൻ ഒരു കാരണവുമില്ലെന്ന് യൂജീനിയ കാനോപ്യുഗ സൂചിപ്പിച്ചു. ലിംഗപരമായ അനീതികൾക്കും അക്രമങ്ങൾക്കുമെതിരെ പോരാടുന്നതിന് ലോകമെമ്പാടുമുള്ള സ്ത്രീകളെ അവരുടെ ശൃംഖല ശക്തിപ്പെടുത്താൻ ഈ നാടകത്തിലൂടെ അവർ ആഹ്വാനം ചെയ്യുകയായിരുന്നു.

സാന്റാ മരിയാ ഡി ലാ ഇക്വി

1907 ൽ ചിലിയിൽ നടന്ന കൂട്ടക്കൊലയുമായി ബന്ധപ്പെട്ടാണ് ഈ നാടകം സംവിധാനം ചെയ്തിരിക്കുന്നത്. കൊല്ലപ്പെട്ടവരുടെ 4000 ഓളം കുടുംബങ്ങൾ അനാഥമായി. അന്റോണിയോ രമോൻ എന്ന ഒരു സുരക്ഷാസേവകൻ കൊല്ലപ്പെട്ട തന്റെ സഹോദരനുവേണ്ടി പ്രതികാരം ചെയ്യാൻ തീരുമാനിക്കുന്നു. ചിലിയിലെ തിയട്രോ ഡെൽ ഒറാലോ കൺസെഷൻ ഗ്രൂപ്പിനുവേണ്ടി മാനുവൽ അലക്സാന്ദ്രോ ലയോളയാണ് ഈ നാടകം സംവിധാനം ചെയ്തത്. അഭിനേതാവിന്റെ ശരീരവും വേദിയും എത്തരത്തിലാണ് സംവദിക്കപ്പെടേണ്ടത് എന്ന അന്വേഷണത്തിന്റെ ഭാഗമായി ഇദ്ദേഹം ഒരുപാട് ദൃശ്യരൂപങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. അസാന്നിധ്യങ്ങളെയും ഇടങ്ങളെയും സംഭാഷണങ്ങളെയും എങ്ങനെ തിരിച്ചറിയാം എന്ന രീതിയിലാണ് മാനുവൽ തന്റെ സംവിധാനശൈലി വളർത്തിക്കൊണ്ടുപോകുന്നത്. തങ്ങളുടെ നാടകങ്ങളിൽ സ്വീകരിച്ചിരിക്കുന്ന സമീ പനങ്ങളുടെ പുതുമകൊണ്ടാണ് ഈ സംഘം ശ്രദ്ധിക്കപ്പെടുന്നത്.

hylum, transfiguration എന്നീ അവതരണങ്ങളുടെ ആഘാതം
ഇപ്പോഴും ഉള്ളിലുണ്ട്. ചിതറിയ ബിംബങ്ങൾ കൊണ്ട് ഒരു ദേശത്തിന്റെ നിലനിൽപ്പിനെ വരച്ചു കാട്ടിയ പപ്പറ്റ് തിയറ്റർ പെർഫോമൻസ് ആയിരുന്നു hylm.

ആഴങ്ങളിലെ നിലവിളികൾ

ആഴത്തിലൊരു ചുഴി, പ്രപഞ്ചത്തിന്റെ ആഴങ്ങളിൽ നിന്ന് മനുഷ്യർ എങ്ങനെയൊക്കയോ അങ്ങോട്ട് എത്തിപ്പെടുന്നു. ഇല്ലാത്ത ഒന്നിനെ നിർവ്വചിക്കാൻ, ഭൂമിയാഴങ്ങളിൽനിന്ന് അവരുടെ നിലവിളികൾ ഞാൻ കാണാക്കരയിലിരുന്ന് വേദനയോടെ കേട്ടു. ഓരോ ഭൂകമ്പവും ജീവിതത്തിൽനിന്ന് തുടച്ചുനീക്കുന്ന ജീവാണുക്കളെക്കുറിച്ചോർത്തു. ഏകാന്തതയുടെ ഏറ്റവും നിസ്സഹായമായ കരച്ചിലുകൾക്കുമേൽ, തീമുളളുകൾ പോലെ പതിക്കുന്ന, ജീവിച്ചിരിക്കുന്നവരുടെ സ്വാർത്ഥതകൾ. കത്തുന്ന വെയിലിലേക്ക് മറന്നുപോയവയെ തിരിച്ചുപിടിക്കുന്ന ഒരുകൂട്ടം ആളുകൾ. ദൈവത്തെ തിരഞ്ഞുപോയ ഹെർസോഗിന്റെ അഗിരയിലെ ആൾക്കൂട്ടത്തെ ഓർമ്മിപ്പിച്ചു.

അവരവരിലേക്കെത്താതെ പോയാൽ തെരയേണ്ടതാരെയാണ്?

വഴി അവരവർ തന്നെയോ? അതോ മറന്ന വഴിയോ? ഉൾവഴികളുളള നഗരത്തിൽ ആർക്കും വഴിതെറ്റി അവരവരെത്തന്നെ മറന്നുപോയേക്കാം. ജീവിതത്തെക്കുറിച്ചുളള ചോദ്യങ്ങൾക്കുത്തരം മരണമാണെന്ന് പിന്നിൽ നിന്നാരോ പറയുന്നു. ജീവിതത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ, അദ്യശ്യമായൊരിടത്തുനിന്ന് മരണത്തെക്കുറിച്ച് പ്രശംസിക്കുന്നു.

എൻ ഉൻ സോൾ അമാരിലോ യാഥാർത്ഥ്യത്തിന്റെ നിലവിളികളാണെങ്കിൽ പരാമോ തന്നത് സാന്നിധ്യത്തേയും അസാന്നിധ്യത്തേയും സംബന്ധിച്ച നാടകബോധമാണ്.

hylum, transfiguration എന്നീ അവതരണങ്ങളുടെ ആഘാതം
ഇപ്പോഴും ഉള്ളിലുണ്ട്. ചിതറിയ ബിംബങ്ങൾ കൊണ്ട് ഒരു ദേശത്തിന്റെ നിലനിൽപ്പിനെ വരച്ചു കാട്ടിയ പപ്പറ്റ് തിയറ്റർ പെർഫോമൻസ് ആയിരുന്നു hylm. അതിസൂക്ഷ്മ ചലനങ്ങളും തീക്ഷ്ണ സന്ദേശങ്ങളും ആഴമുള്ള നിശ്ശബ്ദതയും വസ്തുക്കളുടെ രൂപസങ്കൽപ്പത്തിൽ ഏറ്റെടുത്ത വൈവിധ്യങ്ങളും സ്ഥലം- രൂപം- ദർശനം എന്നീ അനുഭൂതികളെ പലപ്പോഴും തകിടം മറിച്ചു. അഭിനയ ശരീരങ്ങളുടെ ചലന വേഗങ്ങൾ (puppets) ക്രമീകരിച്ചപ്പോൾ അചേതന ലോകവും ജീവിലോകവും എന്ന വേർതിരിവ് കാണികളിൽ യഥാർത്ഥത്തിൽ വിട്ടുപോയി.

transfiguration എന്ന നാടകത്തിൽ നിന്ന്

ആന്റൺ അഡാൻസ്‌കിയുടെ മെഫിസ്റ്റോ വാൽട്സ് എന്ന നാടകം അവതരിപ്പിച്ചത് ജർമനിയിലെ ഡേറിവോ ഡർസാഡൻ തിയേറ്റർ ആണ്. പ്രതീകാത്മകതയുടെ ദൃശ്യാവിഷ്‌കാരമായിരുന്നു ഈ നാടകം. ഉൽപ്പത്തിയും ഉയിർത്തഴുന്നേൽപ്പും ഭൗമമണ്ഡലവും വിശ്വാസവും കുരിശേറ്റവും ബിംബകല്പനകൾ കവിതയെ സ്വാശീകരിക്കുന്നതുപോലെ നാടകത്തിൽ ഫലവത്തായി. ജീവിതത്തിന്റെ ആന്തരികതയും ബാഹ്യരൂപവും തമ്മിൽ ഇടയുമ്പോൾ ജീവനും മരണവും തമ്മിൽ നടത്തുന്ന അഭിമുഖങ്ങൾ ഈ അവതരണത്തിന്റെ ആന്തരിക പാoമായിരുന്നു.

മനുഷ്യായുസിന്റെ നിരർഥകത സൂചിപ്പിക്കുന്ന നാടകമാണ് കബികുറി തകുസൊവു സംവിധാനം ചെയ്​ത ‘the hangman’.

കൂട്ടക്കൊലകളുടെയും, കുരുതികളുടെയും വീഴ്ചകളുടെയും ചരിത്രം പറഞ്ഞ ഹെവൻസ്, സംവിധാനം ഒമർ അഭി അസർ, ജുനൈദ്.

കൊന്നൊടുക്കപ്പെടുന്നവരുടെയും പുറപ്പെട്ടു പോകുന്നവരുടെയും കഥ പറഞ്ഞ ദി ബാറ്റിൽ സീൻ, സംവിധാനം: ഒമർ അഭി അസർ (ലബനൻ).

സെൻ ഗിക് ഓസെക് സംവിധാനം ചെയ്ത, തുർക്കിയിൽ നിന്നെത്തിയ ‘മാജിക് ട്രീ'.

ഈ നാടകങ്ങളെല്ലാം ഓർമയിൽ മായാതെ നിൽക്കുന്നു. ഇനിയും ഓർമ്മയിലുണ്ട് ചില നാടകങ്ങൾ, അവതരണങ്ങൾ.

1. lauren cia 2. factory3. en un seul amarillo4. Sisyphus rock5. pedro paramo6. Strange lines7. santa maria de la iquico8. las indias9. Bitter belief of krottin the magician10. Pueta peralta11. Ugetsu monogatari12. della tua13. hum mukhtara14. Macbeth15. the battle scene16. waiting17. heavens18. cheerleader of europe19. thalamus 20. I cant imagine tomorrow 21. Silk thread22. hylum23. baling24. transfiguration

ഈ വർഷവും ‘ഇറ്റ്​ഫോക്കി’ ലുള്ളത് ഈ അവതരണങ്ങളുടെ ഓർമകൾ തന്ന പ്രണയം കൊണ്ടാണ്. ▮


ഡോ. രോഷ്​നി സ്വപ്​ന

കവി, നോവലിസ്​റ്റ്​, വിവർത്തക, ചിത്രകാരി. തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവകലാശാലയിൽ സ്കൂൾ ഓഫ്​ ലിറ്ററേച്ചർ സ്​റ്റഡീസ്​ ഡയറക്​ടർ. കടൽമീനി​ന്റെ പുറത്തുകയറിക്കുതിക്കുന്ന പെൺകുട്ടി, ചുവപ്പ്​ (കവിതാ സമാഹാരങ്ങൾ), അരൂപികളുടെ നഗരം, ശ്രദ്ധ, കാമി (നോവലുകൾ), കഥകൾ- രോഷ്​നി സ്വപ്​നതുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments