മലയാള നാടകവേദിയ്ക്ക് പ്രത്യേകിച്ചൊരു ദിശാബോധം ഇല്ലാതായിട്ട് കാലമേറെയായി. മുമ്പുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ചില ശ്രമങ്ങൾ ഉണ്ടായിരുന്നു എന്നുതന്നെ മറുപടി പറയേണ്ടിവരും. തനത് അടക്കമുള്ളവ ആ ശ്രമങ്ങളുടെ ഭാഗമായി മനസ്സിലാക്കാം. എന്നാൽ ഒറ്റപ്പെട്ട ചില വർക്കുകൾ സംഭവിക്കുന്നുണ്ട് എന്നതൊഴിച്ചാൽ വലിയ ചലനങ്ങളോ മാതൃകകളോ ഉണ്ടാക്കാൻ മലയാള നാടകവേദിയ്ക്ക് കഴിഞ്ഞിട്ടില്ല. നാടകവേദിയ്ക്ക് എന്നത് പ്രത്യേകം ശ്രദ്ധിക്കുമല്ലോ. എഴുതപ്പെട്ട നാടകങ്ങൾമാത്രം കണക്കിലെടുത്താൻ കുറച്ചുകൂടി മെച്ചമാണ് നിലയെന്ന് കാണാം.
രംഗരൂപങ്ങളിൽ പക്ഷെ, സ്കൂൾ ഓഫ് ഡ്രാമകളിൽനിന്ന് പഠിച്ചിറങ്ങിയ ചിലർ പരീക്ഷണാത്മകമായ ചിലത് നിർമ്മിക്കാൻ ശ്രമിച്ചിട്ടുണ്ട്. അവരിൽ പ്രധാനിയാണ് അലിയാർ അലി എന്ന ചെറുപ്പക്കാരൻ. പാലക്കാട് പവലിയനിൽ പ്രേക്ഷകരെ ഇരുത്തി, ഗ്രൗണ്ടിൽ നാടകം കളിച്ചുള്ള അലിയുടെ തുടക്കം ഇന്നും മായാതെ മനസ്സിലുണ്ട്. പെനാൽറ്റി കിക്ക് എന്ന പേരിൽ ഹിഗ്വിറ്റയുടെ സ്വതന്ത്രാവിഷ്കാരമാണ് അന്ന് അരങ്ങേറിയത്. ഒന്നിലധികം ജബ്ബാറുമാർ, ഒന്നിലധികം ലൂസിമാർ, ഒന്നിലധികം ഗീവറുഗീസുമാർ ഒക്കെയായി ആ നാടകം മികച്ച അനുഭവമാക്കി മാറ്റാൻ അലിയ്ക്ക് കഴിഞ്ഞിരുന്നു.

സ്‌പോർട്‌സും തിയറ്ററും കൂടിച്ചേർന്ന് ഒരു പുതിയ രംഗഭാഷ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പാലക്കാട് അലിയുടെ നേതൃത്വത്തിൽ അത്‌ലറ്റ് കായിക നാടകവേദി രൂപപ്പെടുന്നത്. പാലക്കാടിന് പരിചിതമല്ലാത്ത ഒരു പുതിയ രംഗഭാഷയെ ഉയർത്തിക്കൊണ്ടുവരുന്നതിനാണ് അലിയാരും സംഘവും ശ്രമിച്ചത്. ഇതിൻ്റെ ആദ്യപടിയായിരുന്നു പെനാൽറ്റി കിക്ക്.
വലിയൊരു കാലഘട്ടത്തിലെ പ്രസംഗങ്ങൾ എല്ലാം ചേർത്തുപിടിച്ച് അലിയാർ സംവിധാനം ചെയ്ത മറ്റൊരു നാടകമാണ് insolance. ഡിജെയും റാപ് മ്യൂസികും എല്ലാം ചേർത്തുകൊണ്ടുള്ള പുതിയൊരു പരീക്ഷണമായിരുന്നു അത്.
പി. പി. രാമചന്ദ്രന്റെ ലൈബ്രറേറിയൻ മരിച്ചതിൽ പിന്നെ എന്ന കവിതയെ അടിസ്ഥാനമാക്കി ചെയ്ത LIB (LET IT BOYHER), മഹാശ്വേതാ ദേവിയുടെ എന്തിനെന്തിന് പെൺകുട്ടി എന്ന കഥ അടിസ്ഥാനമാക്കി ചെയ്ത ഒരു എന്തിനെന്തിന് പെൺകുട്ടി എന്നിവ തുടർന്ന് ചെയ്ത നാടകങ്ങളാണ്. എന്തിനെന്തിന് പെൺകുട്ടിയ്ക്ക് കേരള സംഗീത നാടക അക്കാദമി അവാർഡ് - മികച്ച സംവിധായകൻ, മികച്ച നടി, മികച്ച നാടകം- ലഭിച്ചു. പി.പി. ഷാജികുമാറിൻ്റെ കഥയെ അടിസ്ഥാനമാക്കി ചെയ്ത മരണക്കളി, ഹ്യൂമൻ ഫാക്ടർ, ബോക്സിങ്ങിലെ രംഗഭാഷയെ ഉപയോഗിച്ച് ക്രാപ്പ്സ് ലാസ്റ്റ് ടേപ്പ് എന്ന കൃതിയെ അടിസ്ഥാനമാക്കി തയ്യാറാക്കിയ നോക്കൗട്ട്, മാപ്പ്, പാപ്പി സോറൈ, ബോയ്ലിങ് പോയിൻ്റ് എന്നിവയാണ് അലിയുടെ മറ്റ് പ്രധാന വർക്കുകൾ. മേരി ക്യൂറി പോലുള്ള പിന്നെയും എത്രയോ നാടകങ്ങളിൽ അയാൾ പ്രവർത്തിച്ചു. വസ്ത്രം, സീനോഗ്രഫി തുടങ്ങി എത്രയോ മേഖലകളിൽ പ്രതിഭയറിയിച്ചു.

അലിയുടെ പുതിയ നാടകം നന്മയിൽ ജോൺ ക്വിഹോത്തെ പാലക്കാട് വിക്ടോറിയ കോളേജ് ഗ്രൗണ്ടിൽ മാർച്ച് 29, 30 തീയതികളിൽ അരങ്ങേറി. സെർവാൻ്റീസിൻ്റെ പതിനേഴാം നൂറ്റാണ്ടിലെ ഡോൺ ക്വിക്സോട്ടിൽനിന്ന് അലിയുടെ നന്മയിൽ ജോൺ ക്വിഹോത്തെയിലേക്ക് കൃത്യമായതും മൂർച്ചയുള്ളതുമായ രാഷ്ട്രീയദൂരമാണുള്ളത്. ഒരേസമയം കൗതുകകരവും അതേസമയം അതിൽനിന്ന് വളരെ വ്യത്യസ്തവുമായ ധാരാളം ഓർമകളെ, ധ്വനികളെ നാടകത്തിന് ഉണർത്താനാവുന്നു.
സമത്വസുന്ദരമായ ഒരു ലോകം സ്വപ്നം കാണുകയും അതിനായി ഇറങ്ങിപ്പുറപ്പെടുകയുമാണ് അലോൺസോ ക്വിയാനോ എന്ന കഥാപാത്രം. വായിച്ചും കേട്ടും ആവേശം ജനിപ്പിച്ച വീരകഥകളാണ് സ്വയമൊരു ധീരയോദ്ധോവാകാനുള്ള പ്രേരണ അയാളിൽ ഉണ്ടാക്കിയത്. കുതിരപ്പുറത്തേറി, പടച്ചട്ടയണിഞ്ഞ് മർദ്ദിതരെ സഹായിക്കാനും തിന്മകളെ നശിപ്പിക്കാനുമായി ഒരു ലോകസഞ്ചാരത്തിന് ഇറങ്ങിത്തിരിക്കുകയാണ് അയാൾ. സെർവാൻ്റീസിൻ്റെ നോവലിലെ ഈ മനുഷ്യനിൽനിന്ന് ജോൺ ക്വിഹോത്തെയിലേക്ക് ആ നിലയിൽ നേരിട്ടൊരു കൈവഴിയുണ്ട്. ഭ്രാന്തനെന്ന് വിളിപ്പെടുന്ന ജോൺ പക്ഷെ ഉറപ്പിച്ചുപറയുന്നത് സ്വപ്നങ്ങൾ കൈവിടുന്നതാണ് യഥാർഥ ഭ്രാന്ത് എന്നാണ്. അലോൺസോയിൽനിന്ന് വ്യത്യസ്തമായി ജോണിന് പക്ഷെ ചേരമാൻകഥയും ഭഗവതിയും പള്ളിയും ചേർന്ന മറ്റൊരു സവിശേഷഭൂമികയാണുള്ളത്. ഇപ്രകാരം വ്യത്യസ്ത മതങ്ങളാൽ നിബിഡമായിടത്ത് അവയോടൊക്കെയും തുല്യതയോടെയാണ് ജോൺ പെരുമാറുന്നത്. അയാൾ അതിപുരാതന വൈദ്യപാരമ്പര്യങ്ങളെ വിശ്വസിക്കുന്നു. ഭഗവതിയുടെ അരുളപ്പാട് ചെവിക്കൊള്ളുന്നു. വികാരിയെ കേൾക്കുന്നു. ചേരമാൻ പെരുമാളുമായി ബന്ധപ്പെട്ട ഐതിഹ്യത്തെ ഓർമിപ്പിച്ച്, ചന്ദ്രനെ വെട്ടിയപ്പോൾ വളഞ്ഞ വാൾ നേരെയാക്കി തിന്മക്കെതിരായ യുദ്ധത്തിന് തയ്യാറാവുന്നു. (ഈ വാൾ നേരെയാക്കാനുള്ള ചാഞ്ചോ പാച്ചോയുടെ യാത്ര നാടകത്തിലെ ഗംഭീരമായ ഒരു ഭാഗമാണ്.)

ഇത്രയും സൂക്ഷ്മമായ ഒരു പാത്രസൃഷ്ടി സമീപകാലനാടകങ്ങളിലൊന്നും കണ്ടിട്ടില്ല. അതായത് ക്വിഹോത്തെയെ ഉപയോഗിച്ച് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും സെർവാൻ്റിസ് ക്യാരക്ടർ എന്ന ഓർമയുണർത്തുകയും മാത്രമല്ല വൈരുദ്ധ്യമേറെയുള്ള വർത്തമാനകാല രാഷ്ട്രീയ വായനകൾക്ക് സാധ്യതയൊരുക്കുകയുമാണ് അലി ചെയ്തിട്ടുള്ളത്. നാടകത്തിൻ്റെ രൂപവും അതിനെ ഗംഭീരമായി പിന്തുണച്ചു. നടീനടന്മാർ ആക്ഷരികമായിത്തന്നെ കൈമെയ് മറന്ന് നടിച്ചു. രംഗവും ചമയങ്ങളും വെളിച്ചവും രംഗവസ്തുക്കളുമെല്ലാം കൂറിണക്കമുള്ള കളിസാമഗ്രികളായി. കാലം രണ്ട് മണിക്കൂർ നാടകത്തിൻ്റെ ചലനങ്ങൾക്കായി വശപ്പെട്ടുകൊടുത്തു.
അലിയും സംഘവും തീർച്ചയായും ഒരു ചരിത്രനിർമ്മിതിയാണ് നടത്തിയത്. കാലമിത് കണ്ടില്ലെന്ന് നടിക്കില്ല എന്ന് പ്രത്യാശിക്കുന്നു. അലിയോളം പ്രതിഭയില്ലാത്തവർ നാടകത്തിൻ്റെ പേരിൽ ആദരിക്കപ്പെട്ടുകഴിഞ്ഞു എന്നത് വിസ്മരിക്കാവുന്നതല്ലല്ലോ.
കേട്ടതും വായിച്ചതുമായ പുസ്തകങ്ങളാൽ, കഥകളാൽ, ചരിത്രങ്ങളാൽ പ്രചോദിതനാണ് ജോൺ ക്വിഹോത്തെ. ഒരുപക്ഷേ അയാൾ ആ കഥകളിൽ തന്നെയാണ്. വായിച്ച പുസ്തകങ്ങൾ മാറ്റിയതുകൊണ്ട് അയാൾക്ക് മാറാനാവില്ല. അയാളുടെ സ്വപ്നം അത്രമേൽ തീക്ഷ്ണമാണ്. തൻ്റെ വിഭവങ്ങളുടെ പരിമിതി അയാളെ ചകിതനാക്കുന്നില്ല. അത്രയുമാണ് ലക്ഷ്യത്തിൻ്റെ ചാരുത. അയാൾക്ക് ചുറ്റുമുള്ളവർക്ക് അയാളെ മനസ്സിലാവില്ല. കാരണം അവർക്കൊക്കെയും പണ്ട് ഒ.വി. വിജയൻ പറഞ്ഞതുപോലെ കേട്ടുമറന്ന ഏതോ നാടോടിക്കഥയാണ് വിപ്ലവം. ക്വിഹോത്തെ പക്ഷെ അതിലാണ് സാഹസികമായി പുലരുന്നത്.

ദുൾസീനയെന്ന തൻ്റെ പ്രേയസിയോട് വഴി കാണിക്കാൻ ആവശ്യപ്പെട്ട് ലോകത്തെ മെച്ചപ്പെടുത്താൻ പടച്ചട്ടയണിഞ്ഞിറങ്ങുന്ന ഈ നന്മയിൽ ജോൺ ക്വിഹോത്തയെ നമുക്ക് പരിചയമില്ലാതിരിക്കില്ല. അതല്ലെങ്കിൽ നമ്മളിൽതന്നെ അയാളുണ്ട്. അല്ല, ഉണ്ടായിരുന്നു. എഴുപതുകളിലും എൺപതുകളിലുമായി ബാല്യകൗമാരങ്ങളോ യുവത്വമോ കഴിച്ചുകൂട്ടിയവർക്ക് ഒന്നിലധികം ക്വിഹോത്തമാരെ ഓർത്തെടുക്കാൻ കഴിഞ്ഞേക്കും. ആ ചുവപ്പിൻ്റെ യുഗം ഏതാണ്ട് എന്നല്ല എല്ലാ അർഥത്തിലും അവസാനിച്ചും കഴിഞ്ഞു. വിപ്ലവം നാടിനേയും നാട്ടുകാരേയും സമത്വത്തേയും നീതിയേയും വിസ്മരിച്ചു എന്ന് മാത്രമല്ല അതിൻ്റെ മാധ്യമമായ തോക്കിൻകുഴലിന് കീഴ്പ്പെട്ടും കഴിഞ്ഞു. ഇന്നതൊരു കാലഹരണപ്പെട്ട വാക്കാണ്. നിരോധിച്ച നോട്ടുപോലെ. ജോൺ ക്വിഹോത്തയ്ക്ക് സ്ഥിരബുദ്ധിയില്ലാത്തതുകൊണ്ടോ അയാൾ നന്മയിൽ ആകയാലോ ഇതൊന്നും അറിയില്ലെന്നേ ഉള്ളൂ. അതുകൊണ്ടയാൾ ഇന്നും ആട്ടിൻകൂട്ടത്തെയും പെരുന്നാൾ സംഘത്തേയും കാറ്റാടിമരങ്ങളേയും ശത്രുസൈന്യമായി കണ്ട് യുദ്ധം ചെയ്യുന്നു. എത്ര തോല്ക്കുമ്പോഴും തൻ്റെ കർത്തവ്യം ഉപേക്ഷിക്കാൻ കൂട്ടാക്കാതെ വീണ്ടും അധിനായകനായി സ്വയം വിലയിരുത്തുന്നു. ഇപ്രകാരമെല്ലാം നാടകത്തിലെ ജോൺ ക്വിഹോത്തെ സെർവാൻ്റീസിൻ്റെ ക്വിക്സോട്ടിനോട് ചേർന്നുനിൽക്കുന്നു. സഹായിയായ ചാഞ്ചോ പാഞ്ചോ ആദ്യം നിസ്വാർഥതയാലും പിന്നീട് സ്വാർഥതയാലും ഒടുവിൽ രാഷ്ട്രീയമായും ക്വിഹോത്തെയെ പിന്തുണയ്ക്കുന്നു.
ജോൺ വായിക്കുന്ന പുസ്തകങ്ങൾ, ജോണിനെ ആശിർവദിക്കുന്ന തെയ്യം, ജോൺ ആവർത്തിക്കുന്ന അധിനായകത്വം, വടക്കൻപാട്ടിൻ്റെയും കളരിയുടേയും ശീലുകളും മുറകളും തുടങ്ങി ശ്രദ്ധയോടെയാണ് മലയാളത്തിലേക്ക് ക്വിക്സോട്ട് എത്തുന്നത്. ഒരു നാടകത്തിൻ്റെ നിർമ്മിതിയിൽ ഇത്ര സൂക്ഷ്മവും ഉചിതവുമായ ഘടകങ്ങളെ പ്രമേയത്തിലും പരിചരണത്തിലും സന്നിവേശിപ്പിക്കുക അത്ര എളുപ്പമല്ല. പ്രത്യേകിച്ച് ക്വിക്സോട്ടുപോലെ ക്ലാസിക് ആയ ഒരു വർക്കിനെ. ചാഞ്ചോ പാച്ചോയിലൂടെ മുഴുനീളം ക്വിക്സോട്ട് വായനയിലെ നർമ്മവും നാടകം ശ്രദ്ധയോടെ നിലനിർത്തിയിരിക്കുന്നു. നോവലിലെ മിക്കവാറും ഘടകങ്ങൾ മലയാളത്തിലേക്ക് കൃത്യമായതും സ്വതന്ത്രമായതുമായ രൂപത്തിൽ മൊഴിമാറ്റിയും മിഴിവേറ്റിയും ഉൾച്ചേർത്തിരിക്കുന്നു എന്നത് അത്ഭുതത്തോടെയേ കാണാനാവൂ.

പ്രൊസീനിയത്തിൻ്റെ പരിമിതികളെ അതിലംഘിച്ച രീതി മുതൽ മിഥുൻ്റെ ചിത്രങ്ങളെക്കൂടി ഉപയോഗിച്ച് പശ്ചാത്തലത്തിലെ മേഘരൂപത്തിലുള്ള സ്ക്രീൻ ഉപയോഗംവരെ എടുത്തുപറയേണ്ടുന്ന മേന്മകൾ നാടകത്തിൽ അനവധിയുണ്ട്. ക്വിഹോത്തെയുടെ സ്വപ്നസഞ്ചാരം അതിൻ്റെ സ്വാഭാവികതയോടെയും സാധ്യതയോടെയും നാടകം ആവിഷ്കരിച്ചിരിക്കുന്നു. എന്നാലതിൻ്റെ അസംബന്ധതയെ സാഹായിയായ ചാഞ്ചോ പാഞ്ചോയുടെ വാമൊഴിയിലും മുറുമുറുപ്പിലും ഗംഭീരമായി തുറന്നുകാട്ടുകയും ചെയ്തിരിക്കുന്നു. കിറുക്കൻ സ്വപ്നങ്ങൾക്കു പിറകെ ഒരുപക്ഷേ ആരെയും അത്ഭുതപ്പെടുത്തുന്ന ആത്മാർഥതയോടെയും സത്യസന്ധതയോടെയുമാണ് ജോൺ സഞ്ചരിക്കുന്നത്. അയാളത് ഉന്മാദമില്ലാത്തവരെപ്പോലും സംശയിപ്പിക്കുംവിധം അനുഭവിപ്പിക്കുകയാണ്. ആരാണ് ഇങ്ങനെയൊരു ഉന്മാദം ആഗ്രഹിക്കാത്തത് എന്ന് ഒരുവേള കാണിയെക്കൊണ്ട് ചിന്തിപ്പിക്കുന്നു ജോൺ. എന്നാലത് അതേസമയംതന്നെ വർത്തമാനകാലത്തിൻ്റെ ചൂടുള്ള അനുഭവങ്ങളിലേക്ക് കാണിയെ വലിച്ചിടുകയും ചെയ്യുന്നു. ഇത് രണ്ടും സാധ്യമാക്കുന്നു എന്നിടത്താണ് നാടകം സമകാലനാടകങ്ങളെ അപേക്ഷിച്ച് പ്രസക്തമാവുന്നത്.
നന്മയിൽ ജോൺ ക്വിഹോത്തെയെ പക്ഷെ കാലികമാക്കുന്നത് ഈവിധം നിഷ്കളങ്കമായ പ്രജ്ഞാഹീനവൃത്തികൾ മാത്രമല്ല. കൈകൊട്ടി കളിച്ചുപാടി നിർമ്മിച്ചെടുക്കുന്ന അധിനായകസങ്കല്പങ്ങൾക്ക് അടിമപ്പെട്ടവനായാണ് ക്വിഹോത്തെ സൂക്ഷ്മമായി മലയാളത്തിൽ പെരുമാറുന്നത്. നാടകത്തിൽ അയാൾ ആവർത്തിച്ച് ഉരുവിടുന്ന ആ അധിനായകത്വം ഒരേസമയം പ്രത്യയശാസ്ത്രപരമായ അടിമത്തവും പാപ്പരത്തവും അട്ടിമറിയുമാണ്. ഈ സമകാല ദുരന്തബോധത്തിലേക്കാണ് നാടകം പതിയെ നാടിൻ്റെ അകമായി തെളിഞ്ഞുയിർക്കുന്നത്. നാടിൻ്റെ അകം എന്നതിന് പ്രത്യയശാസ്ത്രം എന്നൊരു അർഥവും സൂക്ഷ്മത്തിൽ ചേരുമല്ലോ. ആ നിലയിൽ സമകാല രാഷ്ട്രീയ ദുരവസ്ഥകളുടെ ആവിഷ്കാരംകൂടിയാണ് ക്വിഹോത്തെ. അയാൾ ഉന്മത്തനായിരിക്കുന്നത് താൻ തെരഞ്ഞെടുക്കപ്പെട്ടവനും ധീരനുമാണെന്ന ഉത്തമബോധ്യത്തിലാണ്. ഈ ബോധ്യം ഏതൊരു പ്രത്യയശാസ്ത്രച്ചാവേറിനും ആത്മാഹുതിയ്ക്ക് തൊട്ടുമുമ്പ് തോന്നാറുള്ളതുമാണ്. ദൈവത്തിൻ്റെ അനുഗ്രഹംപോലും ഈ നിയോഗിക്കപ്പെടലിൻ്റെ ന്യായീകരണമായി മെനഞ്ഞുണ്ടാക്കുന്നതാണ്. വാസ്തവത്തിൽ ഒരു മനോരോഗമോ സവിശേഷമായ മനോനിലയോ ആണ് ക്വിഹോത്തെയുടെത്. സകലരെയും രക്ഷിക്കാൻ താനൊരുത്തനേ ഉള്ളൂ എന്നതാണ് അതിൻ്റെ ചുരുക്കരൂപം. നോക്കൂ, നമുക്കുമുമ്പിൽ ക്വിഹോത്തെയ്ക്ക് നേർമാതൃകകൾ കുറവല്ലല്ലോ. അവരൊന്നും ജോൺ ക്വിഹോത്തെയെപ്പോലെ നന്മയിൽ പുലരുന്നവരോ നിഷ്കളങ്കരോ അല്ലെന്നുമാത്രം. ഈ ഓർമകളെക്കൂടി ഭീതിതമായി ഉണർത്തുന്നിടത്താണ് അലിയാർ അലിയുടെ നാടകം മികച്ചതും ശക്തമായ രാഷ്ട്രീയമുള്ളതും ആകുന്നത്.

നാടകത്തിൻ്റെ മേന്മ ഈവിധം പ്രമേയത്തിൽ ഒതുങ്ങുന്നില്ല എന്നതാണ് വസ്തുത. കളരിയും വാൾപ്പയറ്റും തെയ്യവും പള്ളിപ്പെരുന്നാളും നാടകത്തിനകത്തെ നാടകവും ഒക്കെയായി രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ഗംഭീരമായ ഒരു നിർവഹണരൂപവും നാടകത്തിനുണ്ട്. ഇഴമുറിയാത്തതും സാർഥകവുമായ നർമ്മം നാടകത്തിനെ ശക്തികുറയാതെ കാക്കുന്നു.
സജി, ദാസൻ കോങ്ങാട്, ഫിദ, ബിന്നി, സത്യൻ തുടങ്ങിയ അഭിനേതാക്കളുടെയെല്ലാം പ്രകടനം ഓരോന്നും എടുത്തുവിസ്തരിക്കാൻ പ്രേരിപ്പിക്കുംവിധം മഹത്തരമായിരുന്നു. വെളിച്ചവും ശബ്ദവും വസ്ത്രവും സിനോഗ്രഫിയുമെല്ലാം നാടകരൂപത്തെ മികച്ചതാക്കാൻ സഹായിച്ചു. നാരു, നിധീഷ്, സ്റ്റനു, ഷാൻ്റോ തുടങ്ങി എത്രയോ പ്രയത്നങ്ങൾ അരങ്ങിന് പിന്നിലുമുണ്ട്. ഒരുതരത്തിൽ അടിമുടി ശ്രദ്ധയോടെ നിർമ്മിക്കപ്പെട്ട ഒരു നാടകമായി നന്മയിൽ ജോൺ ക്വിഹോത്തെ മാറിത്തീർന്നു. അകാലത്തിൽ പൊലിഞ്ഞ ചിത്രകാരനായ മിഥുൻ മോഹൻ്റെ ഓർമകൾക്ക് ഒന്നാന്തരമൊരു ശ്രദ്ധാഞ്ജലിയൊരുക്കിയ അലിയും സംഘവും അതുവഴി മലയാളനാടകവേദിയ്ക്ക് പുതിയൊരു ഉണർവുണ്ടാക്കിയിരിക്കുന്നു.












