Photo: ITFOK FB Page

​'നാടകമേ, ഇനി മാറാതെ വയ്യ'

12 ‘ഇറ്റ്ഫോക്കു’കൾ കണ്ട കേരളം പറയുന്നു,

ഓരോ ‘ഇറ്റ്ഫോക്ക്​’ കഴിയുമ്പോഴും, ​മലയാളത്തിലെ നാടകപ്രേക്ഷകരുടെ കണ്ണുകൾ ഇനി പഴയ ദുർബലമായ നാടകാവതരണങ്ങൾ സ്വീകരിക്കില്ല. പുതിയ പരീക്ഷണങ്ങളാണ് അവർ നാടകകാരന്മാരിൽ നിന്ന്​പ്രതീക്ഷിക്കുന്നത്. അതായത്, നാടകം ഇനി മാറാതെ വയ്യ എന്ന ഉൾപ്രേരണയാണ് നാടകകാരന്മാരിലും പ്രേക്ഷകരിലും ഒരുപോലെ ‘ഇറ്റ്ഫോക്ക്​’ നിറയ്ക്കുന്നത്.

13-ാമത്തെ അന്താരാഷ്ട്ര നാടകോത്സവമാണ് (‘ഇറ്റ്ഫോക്ക്​’) ഫെബ്രുവരി അഞ്ച് മുതൽ തൃശൂരിൽ നാടകത്തിന്റെ അരങ്ങുണർത്തുന്നത്. ഇക്കുറി 10 അന്താരാഷ്ട്ര നാടകസൃഷ്ടികളും 14 ദേശീയ നാടകസൃഷ്ടികളും തൃശൂരിലെ വിവിധ വേദികളിൽ അരങ്ങേറുകയാണ്. തിരുവനന്തപുരം മുതൽ കാസർകോഡ് വരെയുള്ള കേരളത്തിലെ നാടകപ്രേമികൾ അത്യുത്സാഹത്തിലാണ്. 12 ‘ഇറ്റ്ഫോക്കു’കൾക്ക് ശേഷം കേരളത്തിലെ നാടകങ്ങളെ എങ്ങനെയൊക്കെയാണ് ‘ഇറ്റ്ഫോക്ക്’ സ്വാധീനിച്ചത്? അത് അന്വേഷിക്കുമ്പോൾ പ്രകടമായ ഒട്ടേറെ പരിവർത്തന ത്വരകൾ നമുക്ക് ദർശിക്കാനാവും.

കേരളത്തിലെ നാടകകലാകാരന്മാർക്ക് നാടകരംഗത്തെ പുതിയ രൂപം (form), ശൈലി (style), സംവേദനരീതി (communication method) എന്നിവ അനുഭവവേദ്യമാക്കാൻ ‘ഇറ്റ്ഫോക്ക്​’ വലിയ അളവിൽ സഹായിച്ചു. ലോകനാടകവേദിയെ തൊട്ടറിയുക വഴി അത് കേരളത്തിലെ നാടകവേദികളിൽ വലിയ മാറ്റങ്ങൾക്ക് തിരികൊളുത്തിക്കഴിഞ്ഞു.

ഓപ്പൺ എയർ തിയറ്റർ (open air theatre) എന്ന സങ്കൽപത്തിന്റെ സാധ്യതകൾ ‘ഇറ്റ്ഫോക്കി’ലെ വിദേശനാടകങ്ങൾ പ്രകടമായി കാണിച്ചുതന്നു. അതിൽ നിന്നുള്ള പ്രചോദനം കേരളത്തിലെ നാടകകലാകാരന്മാരുടെ സൃഷ്ടികളിൽ നിഴലിക്കാനും തുടങ്ങിയിട്ടുണ്ട്. പ്രൊസീനിയം തിയറ്ററിന് പുറത്തുള്ള എൻവയോൺമെൻറ്​ തിയറ്ററിന്റെ അനന്തസാധ്യതകൾ പ്രേക്ഷകർക്കും നാടകപ്രവർത്തകർക്കും മുൻപിൽ തുറന്നിടുന്നതായിരുന്നു 12 ‘ഇറ്റ്ഫോക്കു’കളിലെയും വിദേശ- ദേശീയ നാടകാനുഭവങ്ങൾ.

പ്രൊസീനിയം തിയറ്റർ

പ്രധാനമായും നാടകോപകരണങ്ങളുടെ (theatre devices) പ്രയോഗത്തിൽ പുതിയൊരു പാത ‘ഇറ്റ്ഫോക്ക്’ തുറന്നിട്ടുകൊടുത്തു. വലിയ ചെലവ് വരുന്നതാണ് അവർ നാടകത്തിന് ഉപയോഗിക്കുന്ന സെറ്റുകളും മറ്റ് ഉപകരണങ്ങളും. കേരളത്തെ പോലെ സാമ്പത്തിക പരിമിതികൾ ഉള്ള നാടകവേദികൾക്ക് അത് അതുപോലെ അനുകരിക്കാനും കഴിയില്ല. എങ്കിലും നാടകോപകരണങ്ങളുടെ പ്രാധാന്യവും സാധ്യതയും എത്രയുണ്ടെന്ന് ‘ഇറ്റ്ഫോക്കി’ൽ വരുന്ന വിദേശനാടകങ്ങൾ കാണിച്ചുതന്നു. ‘ഇറ്റ്ഫോക്കിദലെ നാടകങ്ങൾക്കെത്തുന്ന വിദേശസംഘങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചുതുടങ്ങിയ ശേഷം പ്രൊഫഷണൽ നാടകങ്ങൾക്ക് രംഗപടം തയ്യാറാക്കുന്ന ആർടിസ്റ്റ് സുജാതൻ ഈയിടെ നടത്തിയ പ്രഖ്യാപനം തന്നെ ശ്രദ്ധേയമാണ്. ‘ഞാൻ ഇനി പ്രൊഫഷണൽ നാടകങ്ങൾക്കുവേണ്ടി ഭാഗികമായി മാത്രമേ രംഗപടം ചെയ്യൂ’ എന്ന് സുജാതൻ പ്രഖ്യാപിച്ചത് ‘ഇറ്റ്ഫോക്കി’ലെ നാടകാനുഭവങ്ങളുടെ വെളിച്ചത്തിലാണ്. കാരണം പഴയ കാലത്തെ രംഗപടം എന്ന രീതി തന്നെ അടിമുടി മാറിയിരിക്കുന്നു. സ്റ്റേജ് എന്നത് ത്രിമാന (ത്രീ ഡൈമൻഷണൽ) അനുഭവമായി മാറുന്നതാണ് ‘ഇറ്റ്ഫോക്കി’ലെത്തുന്ന നാടകങ്ങളിൽ നമ്മൾ കണ്ടത്. ഇപ്പോൾ സുജാതൻ വിദേശ നാടകട്രൂപ്പുകൾക്ക് വേണ്ട ത്രിമാന രീതികളിലുള്ള സ്റ്റേജും പ്രോപ്പർട്ടികളും മറ്റും ഉണ്ടാക്കുന്നതിൽ സർഗ്ഗാത്മകമായി ഇടപെട്ടുകൊണ്ടിരിക്കുകയാണ്.

ഇറാനിയൻ നാടകം കൊറിയലനസിൽ നിന്ന് / Photo: ITFOK India FB Page

മാറുന്ന മലയാള നാടക സംഘങ്ങൾ

ഇതിന്റെ തുടർച്ചയായി പറയാവുന്നതാണ് കേരളത്തിലെ അമേച്വർ നാടകകലാകാരന്മാരിൽ ‘ഇറ്റ്ഫോക്ക്​’ സൃഷ്ടിച്ച മാറ്റം. കൂറ്റൻ സെറ്റിന്റെ സാധ്യതകൾ, ത്രിമാന സെറ്റിന്റെ സാധ്യതകൾ പഠിച്ച അവരിൽ പലരും നമ്മുടെ സാമ്പത്തിക പരിമിതകൾക്കകത്തുനിന്നുകൊണ്ട് എത്രത്തോളം ഇത് സാധ്യമാക്കാം എന്ന് ചിന്തിച്ചുതുടങ്ങിയിട്ടുണ്ട്. ആലപ്പുഴയിലെ നെയ്​തൽ നാടകസംഘം അവതരിപ്പിച്ച "കക്ക് കളി' എന്ന നാടകം ഇതിന് ഉദാഹരണമാണ്. ദലിത്, ക്രിസ്ത്യൻ കുട്ടികളുടെ അവസ്ഥ അവതരിപ്പിക്കുന്ന ഈ നാടകത്തിൽ സ്റ്റേജ് എന്നത് ഒരു പിരിയൻ ഗോവണിയും തട്ടും മാത്രമാണ്. ഈ പ്രോപ്പർട്ടിയിലൂടെ തീക്ഷ്ണമായാണ് ആ നാടകം അവതരിപ്പിക്കപ്പെട്ടത്.

സ്‌കൂൾ ഓഫ് ഡ്രാമ കേരളത്തിലെ തിയറ്റർ രംഗത്ത് സൃഷ്ടിച്ച നാടകാവബോധത്തിന്റെ ഒരു തുടർച്ച സൃഷ്ടിക്കാൻ കഴിഞ്ഞു എന്നതാണ് ‘ഇറ്റ്ഫോക്കി’ന്റെ വിജയം.

എന്തിന്, പ്രൊഫഷണൽ നാടകവേദികളിൽ വരെ ഈ മാറ്റം പ്രതിഫലിച്ചു തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരത്തെ സംഘകലയുടെ ഇതിഹാസം എന്ന നാടകം ഇതിന് ഉദാഹരണമാണ്. ഷേക് സ്പിയറുടെ ജീവിതം ആധാരമാക്കി സൃഷ്ടിച്ച ഈ നാടകത്തിന്റെ സ്‌ക്രീപ്റ്റ് തയ്യാറാക്കിയത് തന്നെ എട്ടുവർഷം കൊണ്ടാണ്. ഫിസിക്കൽ ആക്ടിങ് (physical acting) പോലുള്ള അഭിയന രീതി (acting method) യാണ് നടീനടന്മാർ പിന്തുടർന്നിരിക്കുന്നത്. സംഭാഷണങ്ങളേക്കാൾ ശരീരഭാഷ ഉപയോഗിച്ചാണ് നടീനടന്മാർ ഇവിടെ സംവദിക്കാൻ ശ്രമിക്കുക. സാധാരണ അമേച്വർ തിയറ്ററിൽ ഇത് ധാരാളമായി ഉപയോഗിക്കാറുണ്ടെങ്കിലും പ്രൊഫഷണൽ നാടകരംഗത്ത് ഇത്തരം പരീക്ഷണങ്ങൾക്ക് ആരും മുതിരാറില്ല. സാധാരണ പ്രൊഫഷണൽ നാടകങ്ങളിൽ ഉപയോഗിക്കുന്ന സെറ്റല്ല, നാലഞ്ച് ലക്ഷം രൂപ ചെലവ് ചെയ്തുള്ള സെറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് പ്രൊഫഷണൽ നാടകരംഗത്തുള്ള ‘ഇറ്റ്ഫോക്കി’ന്റെ സ്വാധീനത്തിന്റെ നല്ലൊരു ഉദാഹരണമാണ്.

നെയ്തൽ നാടകസംഘം അവതരിപ്പിച്ച 'കക്ക് കളി' എന്ന നാടകത്തിൽ നിന്ന് / Photo: Neythal Naataka Sangham FB Page

അമേച്വർ നാടകരംഗത്ത് ഈയിടെ വന്ന തിരുവനന്തപുരത്തെ കനൽ സാംസ്‌കാരികവേദിയുടെ "സോവിയറ്റ് സ്റ്റേഷൻ കടവ്' എന്ന ടൈം ട്രാവലർ നാടകം ‘ഇറ്റ്ഫോക്കി’ന്റെ സ്വാധീനമാണ്. 2023ൽ നിന്നും സമയപട്ടികയിൽ പിറകിലോട്ട് സഞ്ചരിച്ച് ബ്രഷ്‌നേവിന്റെ കാലത്തേക്കും മറ്റും പോകുന്ന നാടകമാണിത്. അതുപോലെ ഈയിടെ ചർച്ചാവിഷയമായ "രണ്ട് നക്ഷത്രങ്ങൾ' എന്ന നാടകം ഇതുപോലെ ‘ഇറ്റ്ഫോക്കി’ന്റെ സ്വാധീനം തന്നെ. പ്രൊഫഷണൽ നാടകമാണെങ്കിലും സ്റ്റേജിൽ മിക്കവാറും രണ്ട് നടന്മാർ മാത്രമാണ് രംഗത്ത് എത്തുന്നത്. തീമിലും ട്രീറ്റ്‌മെന്റിലും പരമ്പരാഗത പ്രൊഫഷണൽ നാടകരീതികളുമായി ഒരു ബന്ധവുമില്ല. എന്നാൽ ഉത്സവപ്പറമ്പിലെ വേദികളിൽ വരെ ജനം ഈ നാടകത്തെ വരവേൽക്കുന്നതായി മനസ്സിലാക്കുന്നു.

സാമുവൽ ബെക്കറ്റ്

സ്‌കൂൾ ഓഫ് ഡ്രാമ കേരളത്തിലെ തിയറ്റർ രംഗത്ത് സൃഷ്ടിച്ച നാടകാവബോധത്തിന്റെ ഒരു തുടർച്ച സൃഷ്ടിക്കാൻ കഴിഞ്ഞു എന്നതാണ് ‘ഇറ്റ്ഫോക്കി’ന്റെ വിജയം. സ്‌കൂൾ ഓഫ് ഡ്രാമ ലോകനാടകങ്ങളെയും പരീക്ഷണ നാടകവേദികളെയും പരിചയപ്പെടുത്തുമ്പോൾ അന്ന് കേരളത്തിലെ ശരാശരി പ്രേക്ഷകർക്ക്​ അതൊരു ഷോക്കായിരുന്നു. അതിനുദാഹരണമായിരുന്നു സാമുവൽ ബെക്കറ്റിന്റെ അസംബന്ധനാടകങ്ങളും (Absurd drama) മറ്റും. ഇപ്പോൾ ‘ഇറ്റ്ഫോക്ക്​’ ആ നാടകാവബോധങ്ങളെ ഒരു പടി കൂടി മുന്നോട്ടു കൊണ്ടുപോവുകയാണ്.

12 ‘ഇറ്റ്ഫോക്കു’കളും ഒട്ടേറെ നാടകവേദികളെയും പ്രവണതകളെയും കേരളത്തിലെ നാടകാസ്വാദകരുടെ മുൻപിലെത്തിച്ചു. ആഫ്രിക്കൻ നാടകവേദി, ലാറ്റിനമേരിക്കൻ നാടകവേദി, ഏഷ്യൻ നാടകവേദി എന്നിങ്ങനെ നിരവധി നാടകവേദികളെയും പരീക്ഷണനാടകങ്ങളേയും പരിചയപ്പെടുത്തിക്കഴിഞ്ഞു.

അഭയാർഥികളുടെ നാടകം

കഴിഞ്ഞ 12 ‘ഇറ്റ്ഫോക്കു’കളും ഓരോ തീമുകളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ഈ 12 ‘ഇറ്റ്ഫോക്കു’കളും ഒട്ടേറെ നാടകവേദികളെയും പ്രവണതകളെയും കേരളത്തിലെ നാടകാസ്വാദകരുടെ മുൻപിലെത്തിച്ചു. ആഫ്രിക്കൻ നാടകവേദി, ലാറ്റിനമേരിക്കൻ നാടകവേദി, ഏഷ്യൻ നാടകവേദി എന്നിങ്ങനെ നിരവധി നാടകവേദികളെയും പരീക്ഷണനാടകങ്ങളേയും പരിചയപ്പെടുത്തിക്കഴിഞ്ഞു. നാലഞ്ചു വർഷം മുൻപത്തെ ഒരു ‘ഇറ്റ്ഫോക്കി’ൽ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നെത്തിയ അഭയാർത്ഥികൾ അവതരിപ്പിച്ച നാടകം എളുപ്പത്തിൽ മറക്കാൻ കഴിയില്ല. നാടകം അവതരിപ്പിച്ച അവർ അവരുടെ ഡോക്യു തിയറ്റർ (documentary theatre) എന്ന സങ്കൽപം അവതരിപ്പിക്കുക മാത്രമാണ് ചെയ്തത്. സെറ്റോ, സംഗീതമോ, മേക്കപ്പോ, ശരീരഭാഷയോ ഒന്നുമില്ല. ‘ഞങ്ങൾക്ക് നാടകം ഇങ്ങിനെയേ പറയാൻ കഴിയൂ’ എന്നാണ് അവർ പറഞ്ഞത്. അവരുടെ രംഗഭാഷ അങ്ങനെയായിരുന്നു. അവരുടെ അനുഭവം നേരിട്ട് പറയുകയായിരുന്നു അവർ. സംഗീതത്തിന്റെയും നൃത്തത്തിന്റെയും പ്രധാന്യം തിയറ്ററിൽ എന്താണ് എന്ന് ആഴത്തിൽ ബോധ്യപ്പെടുത്താൻ കഴിഞ്ഞ ഡാൻസ് തിയറ്റർ (dance theatre) പുതുമയായിരുന്നു. ഇറാൻ പോലുള്ള ഒരു രാജ്യത്തുനിന്ന്​ എങ്ങനെയാണ് ഒരു നാടകം വരുന്നത് എന്ന് നമ്മൾ കണ്ടു. ഒരു രാഷ്ട്രീയവും പറയാൻ കഴിയാത്ത ഇറാനിൽ നിന്നെത്തിയ സംഘം ഷേക്‌സ്പിയറുടെ നാടകങ്ങൾ അവരുടെ സാമൂഹ്യാന്തരീക്ഷത്തിലേക്ക് വ്യാഖ്യാനിക്കുകയായിരുന്നു. നാടകം ഇറാനിൽ നിന്നുണ്ടാവുക എളുപ്പമല്ല. നാടകത്തിന്റെ റിഹേഴ്‌സൽ ക്യാമ്പിൽ അഞ്ചോ ആറോ തവണ പൊലീസ് കയറിയിറങ്ങും. ഈ അരക്ഷിതാവസ്ഥകളെ തരണം ചെയ്ത് വേണം ഒരു നാടകം ജനങ്ങളിലേക്കെത്തിക്കാൻ. ഇറാൻ നാടകസംഘത്തിന്റെ നാടകാവതരണം എളുപ്പത്തിൽ മറക്കാൻ കഴിയുന്ന ഒന്നല്ല.

2018 ലെ ഇറ്റ് ഫോക്കിൽ ഇറാൻ അഭയാർത്ഥികൾ അവതരിപ്പിച്ച 'മനുസ്' എന്ന നാടകത്തിൽ നിന്ന്‌

ലോക പരീക്ഷണങ്ങളുടെ അരങ്ങ്​

ലോകനാടകവേദികളിലെ പുതുപരീക്ഷണങ്ങൾ മുഴുവൻ അടുത്തറിയാൻ ‘ഇറ്റ്ഫോക്ക്​’ വേദികൾ സഹായകരമാണ്. പാശ്ചാത്യ നാടകലോകത്ത് നടന്ന ഉജ്ജ്വലമായ പരീക്ഷണങ്ങളായിരുന്നു ഫ്രഞ്ച് കവിയും നടനുമായ ആന്റനൻ ആറ്റോവ് (Antonin Artaud) പരിചയപ്പെടുത്തിയ ക്രൂരതയുടെ നാടകവേദി (Theatre of Cuelty), 1960കളിലെ ന്യൂ തിയറ്റർ പ്രസ്ഥാനത്തിന്റെ ഭാഗമായി റിച്ചാർഡ് ഷെക്നർ (Richard Schechner) പരിചയപ്പെടുത്തിയ പരിസ്ഥിതി നാടകവേദി (Environment Theatre) എന്നിവ. ഇതൊക്കെ തിയറിയായി മാത്രമേ മലയാളികൾ ഇതുവരെ കേട്ടിട്ടുണ്ടായിരുന്നുള്ളൂ. പ്രേക്ഷകർക്കും നടന്മാർക്കും ഇടയിലുള്ള സ്‌പേസ് നിരാകരിക്കാൻ പ്രേരിപ്പിക്കുന്നതാണ് പരിസ്ഥിതി നാടകവേദിയുടെ കാതൽ. കാണികളും നടീനടന്മാരും തമ്മിലുള്ള അകലം കുറയ്ക്കുന്ന പരീക്ഷണം തന്നെയാണ് ക്രൂരതയുടെ നാടകവേദിയും പിന്തുടരുന്നത്.

നാടകസിദ്ധാന്തങ്ങൾ വായിക്കുന്ന നാടകക്കാരായ മലയാളികൾ ഇതേക്കുറിച്ചെല്ലാം വായിച്ചറിഞ്ഞിട്ടുണ്ടെങ്കിലും അത്തരം നാടകാവിഷ്‌കാരങ്ങൾ നേരിട്ടനുഭവിക്കാൻ അവർക്ക് ‘ഇറ്റ്ഫോക്കി’ലൂടെ സാധിച്ചു. ഇങ്ങനെ ഒരു അവസരം മലയാള നാടകപ്രവർത്തകരുടെ മുൻപിൽ ‘ഇറ്റ്ഫോക്ക്​’ കൊണ്ടുവന്നു എന്നത് വലിയ സൗഭാഗ്യമാണ്.

ആന്റനൻ ആറ്റോവ്, റിച്ചാർഡ് ഷെക് നർ

സ്‌കൂൾ ഓഫ് ഡ്രാമയിൽ ഡയറക്ടറായിരുന്നു രാമചന്ദ്രൻ മൊകേരി ഇന്നില്ല. പക്ഷെ ഒരു ‘ഇറ്റ്ഫോക്കി’ൽ നടന്ന തെരുവുനാടക ഫെസ്റ്റിവലിൽ രാമചന്ദ്രൻ മൊകേരി രണ്ടു കിലോമീറ്റർ ദൂരം ഉപയോഗിച്ച് അവതരിപ്പിച്ച ദളിത് പീഡനങ്ങൾക്കെതിരായ തെരുവു നാടകം ആരും മറക്കില്ല. അന്ന് വിദേശത്തെയും കേരളത്തിലെയും തെരുവ് നാടകങ്ങൾ അവതരിപ്പിക്കപ്പെട്ടു. പലപ്പോഴും രാഷ്ട്രീയ അവബോധമുണർത്തുന്ന ഏറ്റവും വലിയ ജനകീയ മാധ്യമം തന്നെയാണ് തെരുവ് നാടകമെന്ന തിരിച്ചറിവും ‘ഇറ്റ്ഫോക്ക്​’ ഉണർത്തി.

രാമചന്ദ്രൻ മൊകേരി

‘ഇറ്റ്ഫോക്കി’ലെ മറ്റൊരു വലിയ പരീക്ഷണം കണ്ടത് പഴയ ക്ലാസിക്കൽ നാടകങ്ങൾക്ക് ഫലപ്രദമായ ആധുനിക വ്യാഖ്യാനങ്ങൾ നൽകുന്ന പ്രവണതകളാണ്. കേരളത്തിലും ഈ രീതി കേരളത്തിലെ ചില പരീക്ഷണ നാടകവേദികൾ നേരത്തെ പരിചയപ്പെടുത്തിയിട്ടുണ്ടെങ്കിലും വിദേശ നാടകവേദികളിൽ ഇത് അതിസാധാരണമായ പരീക്ഷണമാണെന്ന് ‘ഇറ്റ്ഫോക്കു’കളിൽ നമ്മൾ കണ്ടു. ഷേക്‌സ്പിയർ നാടകങ്ങളുടെ തികച്ചും ആധുനികമായ വ്യാഖ്യാനങ്ങൾ ‘ഇറ്റ്ഫോക്കി’ൽ നമ്മൾ കണ്ടതാണ്. അതായത് നാടകരചയിതാക്കൾ മനസ്സിൽ കണ്ട കാര്യങ്ങളെ സ്റ്റേജിൽ അതേ പടി പുനഃസൃഷ്ടിക്കാനല്ല പുതിയ സംവിധായകർ ശ്രമിക്കുന്നത്. അവർ അതിനെ പുതിയ കാലത്തിന്റെ പ്രശ്‌നങ്ങൾ വ്യാഖ്യാനിക്കാൻ തനതായ ഒരു നാടകഭാഷ കണ്ടെത്തുകയാണ്. അതായത് ക്ലാസിക്കൽ ടെക്​സ്​റ്റ്​ ഷേക്‌സ്പിയറിന്റേതാണെങ്കിലും സംവിധായകൻ തന്റെ കാലത്തിന്റേതായ ഒരു സമസ്യ പൂരിപ്പിക്കാൻ ശ്രമിക്കുകയാണ് ചെയ്യുന്നത്. അതായത്, ക്ലാസിക്കൽ ടെക്​സ്​റ്റുകൾ അത് സൃഷ്ടിച്ചവരുടെ സങ്കൽപനങ്ങൾക്കനുസരിച്ച് സ്റ്റേജിൽ അവതരിപ്പിക്കുന്നതല്ല സംവിധായകരുടെ ജോലി. അതിനപ്പുറം തന്റെ കാലത്തിന്റെ സമസ്യകൾ പൂരിപ്പിക്കാൻ ക്ലാസിക്കൽ ടെക്​സ്​റ്റിനെ ഒരു ഉപകരണമായി (tool) ആയി ഉപയോഗിക്കുക മാത്രമാണ് സംവിധായകൻ ചെയ്യുക. ക്ലാസിക്കൽ ടെക്​സ്​റ്റ്​ ഇവിടെ മറ്റൊന്നായി മാറുകയാണ് ചെയ്യുന്നത്. വിദേശത്തെ നാടക യൂണിവേഴ്‌സിറ്റികളിൽ ഈ രീതി നാടകവിദ്യാർത്ഥികളെ പ്രത്യേകം പരിശീലിപ്പിക്കുന്നുണ്ട് എന്നാണ് വിദേശനാടകകലാകരന്മാരുമായി സംവദിക്കുമ്പോൾ അറിയാൻ കഴിഞ്ഞത്. ഇത് നാടകവിദ്യാർത്ഥികളുടെ സൃഷ്ടിപരത (creativity) പുറത്തെടുക്കാൻ സഹായിക്കുന്ന ഒന്നാണ്. ഒപ്പം വളരെ എളുപ്പം, പ്രേക്ഷകരിലേക്ക് പുതിയൊരു പ്രശ്‌നത്തെ (issue) എല്ലാവരുടെയും മനസ്സിൽ ഉറങ്ങിക്കിടക്കുന്ന ക്ലാസിക്കൾ ടെക്​സ്​റ്റിലൂടെ അനായാസം എത്തിക്കാനും കഴിയും. അതായത് ഏത് നാടക ടെക്​സ്​റ്റിനെയും സ്വാംശീകരിച്ച ശേഷം അതിനെ ഒരു സ്വതന്ത്ര സൃഷ്ടിയായി വ്യാഖ്യാനം (interpretation) നൽകുന്ന കലാകാരരായിരിക്കണം ഇന്നത്തെ സംവിധായകർ എന്ന തിരിച്ചറിവ് നാടകപ്രവർത്തകരിൽ ഉണർത്താൻ ‘ഇറ്റ്ഫോക്കി’ന് സാധിച്ചു . സിനിമയിൽ സ്‌ക്രിപ്റ്റ് പോലെ, നാടകത്തിന്റെ ടെക്​സ്​റ്റിനെ മറ്റൊരു സർഗ്ഗാത്മകസൃഷ്ടിയാക്കി സംവിധായകൻ മാറ്റുകയാണ്. മറ്റൊരു വിധത്തിൽ, ഏത് ടെക്​സ്​റ്റിനെയും പരിവർത്തനത്തിന് വിധേയമാക്കാനുള്ള ശേഷിയാണ് സംവിധായകരുടെ സർഗ്ഗാത്മകത എന്ന് ‘ഇറ്റ്ഫോക്ക്​’ ഒന്നു കൂടി അടിവരയിട്ടു പറഞ്ഞിരിക്കുന്നു.

From Ramachandran Mokeri's "I am Rohit Vemula: a street performance by Dogtor Mockery" - ITFoK 2017

ആക്​റ്റിംഗിലെ സാധ്യതകൾ

അതുപോലെ അഭിനയശൈലികളിലും ഒട്ടേറെ പരീക്ഷണങ്ങൾ ഉണ്ടെന്ന് ‘ഇറ്റ്ഫോക്ക്​’ കാണിച്ചുകൊടുത്തു. നാടകം ആവശ്യപ്പെടുന്ന രീതിയ്ക്കനുസരിച്ചുള്ള ആക്ടിങ്ങ് ശൈലിയാണ് നടൻ നൽകേണ്ടത് എന്ന ധാരണ രൂപപ്പെട്ടിരിക്കുന്നു. ഫിസിക്കൽ ആക്ടിങ്ങ് (physical acting), യഥാത്ഥ അഭിനയം (realistic acting), സ്‌റ്റൈലൈസ്ഡ് ആക്ടിങ്ങ് (stylised acting) എന്നിങ്ങനെ നൂറുകണക്കിന് അഭിനയ സങ്കേതങ്ങൾ (acting techniques) ‘ഇറ്റ്ഫോക്ക്​’ നമുക്ക് മുന്നിൽ തുറന്നിട്ടു. ‘ഇറ്റ്ഫോക്കി’ൽ വന്ന ഇന്ത്യയിൽ നിന്നുൾപ്പെടെയുള്ള ഏകാംഗനാടകങ്ങൾ (Solo play) എല്ലാം സൂക്ഷ്മാഭിനയത്തിന്റെ വലിയ സാധ്യതകൾ കാണിച്ചു തന്നു. യഥാർഥ അഭിനയശൈലി പിന്തുടരുമ്പോൾ തന്നെ, അതിനപ്പുറം ചില തീമുകൾ സ്‌റ്റൈലൈസ്ഡ് ആക്ടിംങ്ങും ആവശ്യപ്പെട്ടേക്കാം. അവിടെ സ്‌റ്റൈലൈസ്ഡ് ആക്ടിംങ്ങ് തന്നെ വേണം. ‘ഇറ്റ്ഫോക്ക്​’ തുറന്നിട്ട ഈ നൂറുകണക്കായ അഭിനയശൈലികൾ നമ്മുടെ നടന്മാർക്കും നടിമാർക്കും വലിയ പ്രചോദനമായിട്ടുണ്ട്. അതെല്ലാം അമച്വർ, പ്രൊഫഷണൽ നാടകവേദികളിൽ കാണാനാകും.

‘ഇറ്റ്ഫോക്ക്​’ നാടകങ്ങളെ വളരെ സർഗ്ഗാത്മകമായി സ്വാംശീകരിച്ച് പുനരാവിഷ്‌കരിക്കുന്ന ആരോഗ്യകരമായ പ്രവണതകൾ പലയിടത്തും കാണുന്നു. അതേസമയം, ‘ഇറ്റ്ഫോക്ക്​’ നാടകങ്ങളിലെ ദൃശ്യപ്പൊലിമ കൃത്രിമമായി അനുകരിക്കുന്ന ചില പ്രവണതകളും കാണുന്നുണ്ട്.

അനുഭവത്തിൽ നിന്ന്​ മനസ്സിലാകുന്ന മറ്റൊരു കാര്യം, വിദേശ തിയറ്ററുകളുടെ തിയറ്റർ മേക്കിംഗ് രീതികൾ (theatre making method) കുറെക്കൂടി പ്രതിബദ്ധതയുള്ളതും സങ്കീർണവുമാണ്. അവരുടെ റിഹേഴ്‌സലുകൾ, നാടകോപകരണങ്ങളുടെ നിർമ്മാണം (theatre property making) എന്നിവ വളരെ ആസൂത്രിതമായ ഒന്നാണെന്ന് അടുത്തറിഞ്ഞാൽ മനസ്സിലാകും. നാടകം എന്നത് നടീനടന്മാരുടെ മാത്രം കാര്യമല്ല. അവിടെ സംഗീതജ്ഞർക്കും ലൈറ്റിങ്ങിനും സെറ്റ് നിർമിക്കുന്നവർക്കും എല്ലാം വലിയ പ്രാധാന്യമുണ്ട്. ലൈവ് മ്യൂസിക് വരെ ചെയ്യുന്നവരുണ്ട്. അവിടെയുള്ളതെല്ലാം പ്രൊഫഷണൽ തിയറ്ററുകളാണ്. അതിന് ഇത്തരം ആസൂത്രിതമായ സമീപനം കൂടിയേ കഴിയൂ. സിനിമ മേൽക്കൈ നേടിയ നമ്മുടെ സമൂഹത്തിൽ ഇതിന് ഒട്ടേറെ പരിമിതികൾ ഉണ്ടല്ലോ.

നാടകം എന്നത് നടീനടന്മാരുെട മാത്രം കാര്യമല്ല. അവിടെ സംഗീതജ്ഞർക്കും ലൈറ്റിങ്ങിനും സെറ്റ് നിർമ്മിക്കുന്നവർക്കും എല്ലാം വലിയ പ്രാധാന്യമുണ്ട്. / Photo: ITFOK FB Page

പക്ഷെ ഇവിടെ ഒരു കാര്യം പറയാതെ വയ്യ. ‘ഇറ്റ്ഫോക്ക്​’ നാടകങ്ങളെ വളരെ സർഗ്ഗാത്മകമായി സ്വാംശീകരിച്ച് പുനരാവിഷ്‌കരിക്കുന്ന ആരോഗ്യകരമായ പ്രവണതകൾ പലയിടത്തും കാണുന്നു. അതേസമയം, ‘ഇറ്റ്ഫോക്ക്​’ നാടകങ്ങളിലെ ദൃശ്യപ്പൊലിമ കൃത്രിമമായി അനുകരിക്കുന്ന ചില പ്രവണതകളും കാണുന്നുണ്ട്. അത് ആരോഗ്യകരമല്ല.

മലയാളത്തിലെ നാടകപ്രേക്ഷകരും ഓരോ ‘ഇറ്റ്ഫോക്ക്​’ കഴിയുമ്പോഴും ഈ ഊർജ്ജം ആവാഹിക്കുകയാണ് ചെയ്യുന്നത്. അവരുടെ കണ്ണുകൾ ഇനി പഴയ ദുർബലമായ നാടകാവതരണങ്ങൾ സ്വീകരിക്കില്ല. പുതിയ പരീക്ഷണങ്ങളാണ് അവരും കേരളത്തിലെ നാടകകാരന്മാരിൽ നിന്ന്​ പ്രതീക്ഷിക്കുന്നത്. അതായത്, നാടകം ഇനി മാറാതെ വയ്യ എന്ന ഉൾപ്രേരണയാണ് നാടകകാരന്മാരിലും പ്രേക്ഷകരിലും ഒരുപോലെ ‘ഇറ്റ്ഫോക്ക്​’ നിറയ്ക്കുന്നത്.

13-ാം ‘ഇറ്റ്ഫോക്കി’ൽ പുതിയ ചില പരീക്ഷണങ്ങൾ സംഘാടകർ കൊണ്ടുവരാൻ ശ്രമിക്കുന്നു. നാടകം അവതരിപ്പിക്കപ്പെടുമ്പോൾ തന്നെ ഇംഗ്ലീഷിലും മലയാളത്തിലും അതിന്റെ പരിഭാഷകൾ തത്സമയം കാണാനാവുന്ന സാങ്കേതികവിദ്യ എല്ലാ കുറവുകളും നികത്തി കുറെക്കൂടി വ്യാപകമായി നടപ്പാക്കും. വിദേശ- ഇതര ഇന്ത്യൻ ഭാഷകളിലെ നാടകങ്ങൾ ആസ്വദിക്കുമ്പോഴുള്ള ഭാഷാപരമായ പരിമിതികൾ ലംഘിക്കാൻ ഇത് സഹായകരമാവും. അത് നമ്മുടെ പ്രേക്ഷകരുടെ നാടകാസ്വാദനത്തെ കൂടുതൽ അനായാസമാക്കും.

Photo: ITFOK FB Page

ഇക്കുറി കേരളത്തിലെ കുടുംബശ്രീകളിലെ 50-ഓളം തെരഞ്ഞെടുക്കപ്പെട്ട സ്ത്രീകളെ ഉൾപ്പെടുത്തി ‘കില’യിൽ വെച്ചുനടക്കുന്ന ശിൽപശാല വലിയൊരു പരീക്ഷണമാണ്. സ്ത്രീനാടകവേദിയിലെ പ്രവർത്തകരാണ് അവർക്ക് ക്ലാസുകൾ എടുക്കുന്നത്. നേരിട്ട് നാടകവേദിയുമായി ബന്ധമില്ലാത്ത സ്ത്രീകളെ നാടകത്തിലേക്ക് കൊണ്ടുവരുന്നതാണ് ഈ പരീക്ഷണം. ഇത് പെൺനാടകവേദി (women theatre) ശക്തിപ്പെടുത്തുന്നതിൽ ഈ സംരംഭം സഹായിക്കും.

എന്തായാലും ‘ഇറ്റ്ഫോക്ക്​’ എന്നത് സാധാരണ ഉത്സവപ്പറമ്പിൽ ഒരു നാടകം കാണാൻ പോകുന്നതുപോലെ ആഘോഷമായി പോകേണ്ട ഒന്നല്ല. അത് ഒരു പഠനവേദി കൂടിയാണെന്ന് ഇപ്പോൾ കേരളത്തിലെ നാടക കലാകാരന്മാരും പ്രേക്ഷകരും തിരിച്ചറിഞ്ഞിരിക്കുന്നു. ഓരോ നാടകം കാണാൻ പുറപ്പെടുംമുമ്പ് അതേക്കുറിച്ച് ഗൃഹപാഠം ചെയ്യേണ്ടി വരും. നാടകം അവതരിപ്പിക്കുന്നവർ ഏത് രാജ്യത്ത് നിന്നും വരുന്നു, എന്താണ് അവരുടെ നാടകവേദി, അവതരിപ്പിക്കുന്ന നാടകങ്ങളുടെ പ്രത്യേകതകൾ എന്തൊക്കെ എന്ന് കൃത്യമായി പഠിക്കുക തന്നെ വേണം. അറിഞ്ഞാസ്വദിക്കുമ്പോൾ അത് വലിയ ഉൾവെളിച്ചമാണ് നൽകുക.

ദേവിക ഖോസ് ല എന്ന എഴുത്തുകാരി കുറിച്ചതുപോല, പരീക്ഷണപരതയിലെ നിർഭയത്വം (fearlessly experimental) , ഭാവനാത്മകതയുടെ ഉന്നതി (highly imaginative), തികച്ചും സമകാലികം (very contemporary) ഇതൊക്കെയാണ് ‘ഇറ്റ്ഫോക്കി’ന്റെ ഊർജ്ജം. ആ ഊർജ്ജപ്രവാഹം ഇനിയും അനുസ്യൂതം തുടരും. ▮


പി.ബി. ഗിരീഷ്

മാധ്യമപ്രവർത്തകൻ. സ്കൂൾ ഓഫ് ഡ്രാമയിൽ തെരുവുനാടകവേദികളിലും തെരുവ് ഗായകസംഘത്തിലും സജീവമായിരുന്നു. ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ തൃശൂർ (ഐ.എഫ്.എഫ്.ടി) ഓൺലൈനായി സിനിമാകോഴ്സുകൾ പഠിപ്പിക്കാൻ ആരംഭിച്ച ഓറഞ്ച് ഫിലിം അക്കാദമിയുടെ കോഴ്സ് കോ-ഓർഡിനേറ്റായിരുന്നു.

Comments