പി.എം.പി. നമ്പൂതിരി

ഫസ്റ്റ്ബെൽ
നാടകം തുടരുന്നു

ഗ്രാമീണമായ ഒരു നാടകക്കാലം, നാടകങ്ങൾ ഊട്ടിയുറപ്പിച്ച മനുഷ്യബന്ധങ്ങൾ... ഒരു നാടകപ്രവർത്തകന്റെ ഓർമക്കുറിപ്പ്​

മയവും തിരയും പിടിച്ചു കെട്ടാനാവാത്തവിധം കുതിച്ചുകൊണ്ടിരിക്കും. എപ്പോഴും തിരക്കായിരുന്നു. വെറുതെയിരിക്കുക എന്നൊരു ശീലമേയില്ല. പകലുറക്കം തീരെയില്ല. ഈ ലോക്ഡൗൺ കാലത്ത് പഴയ കാര്യങ്ങൾ പലതും ഞങ്ങൾ വട്ടത്തിലിരുന്ന് പറയാൻ തുടങ്ങി.
ആറുവയസു മുതലുള്ള ജീവിതം... പറഞ്ഞു വരുമ്പോൾ ഈ കാലയളവിൽ ജീവവായു എന്നപോലെ ഏറ്റവും പ്രാധാന്യത്തോടെ കൂടെ ഉണ്ടായിരുന്നത് നാടകം തന്നെ ആയിരുന്നു. നാടകമില്ലാത്ത ഒരു ദിവസം പോലുമില്ല; നാടകം നമ്മുടെ നാട്ടകം വിട്ട് പോകുന്നതു വരെ.
നാടകത്തിന് ജീവിതത്തിൽ കൊടുത്ത പ്രാധാന്യം ഞാൻ മറ്റൊന്നിനും കൊടുത്തിട്ടില്ല. അതിന്ന് അഭിമാനത്തോടെ തന്നെയാണ് ഓർക്കുന്നത്.

മനസ്സ് ഇരമ്പി മറയുകയാണ്.
അടുത്ത ബെല്ലോടു കൂടി നാടകം ആരംഭിക്കും.
എന്നാൽ ഓർമകൾ അവിടെയൊന്നും നിൽക്കാൻ കൂട്ടാക്കാതെ പിറകോട്ട് ഓടുകയാണ്. അത് ചെന്നെത്തിനിൽക്കുന്നത് എന്റെ ഇല്ലത്തെ നാടകത്തിനുവേണ്ടി തന്നെ തളിച്ച് മെഴുകിയൊരുക്കിയ മുറ്റത്താണ്. അവിടെ ഇരുത്തിയിൽ മുറുക്കാൻ ചെല്ലം നിറച്ചുവെച്ച് അമ്മയിരിപ്പുണ്ട്. കറണ്ട് പോയാൽ നാടക റിഹേഴ്സൽ മുടങ്ങി പോകാതിരിക്കാൻ കരുതിവെച്ച പെട്രോമാക്സുണ്ട്... നാടകം കളിക്കുന്നവർക്കും റിഹേഴ്സൽ കാണാൻ വരുന്നവർക്കും കുടിക്കാൻ ഒരു വലിയ ഭരണി നിറയെ സംഭാരമുണ്ട്... പാതിരാത്രി റിഹേഴ്സൽ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നവർക്കെടുക്കാൻ പാകത്തിൽ തൂക്കിയിട്ട ഓലച്ചൂട്ടുകളുണ്ട്... അമ്മയുടെ കരുതൽ... അമ്മ തന്നെയാണ് കല! ആ കരുതലും സ്നേഹവുമൊന്നും എനിക്ക് മാത്രമുള്ളതായിരുന്നില്ല.

ഞാൻ ജനിച്ചുവളർന്ന കോട്ടൂർ - കോഴിക്കോട് ജില്ലയിലെ നടുവണ്ണൂരിനടുത്തുള്ള ഒരു ഗ്രാമം - അക്കാലത്ത് നാടകങ്ങളുടെ ഒരു കൂത്തരങ്ങായിരുന്നു. ഒരു യു.പി. സ്കൂൾ, ഒരു ചെറിയ പോസ്റ്റ് ഓഫീസ്. കുറച്ചുമാറി ഒരു വില്ലേജോഫീസ്... ഒന്നുരണ്ട് കിലോമീറ്ററിനുള്ളിൽ വർഷാവർഷം ഉത്സവം നടക്കുന്ന എട്ടുപത്ത് അമ്പലങ്ങൾ. മിക്ക അമ്പലങ്ങളിലും ഉത്സവം പ്രമാണിച്ച് കലാപരിപാടികളുണ്ടാവും. അതിൽ നാടകമായിരുന്നു മുഖ്യം. ഇന്നത്തെ പോലെ ബുക്കുചെയ്ത് പുറമേ നിന്നും കൊണ്ടുവരുന്ന നാടകമല്ല. നാട്ടിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന നാടകം. എല്ലാവർക്കും നാടകം വേണം. പിന്നെ ഞങ്ങൾ എങ്ങനെ നാടകം കളിക്കാതിരിക്കും!

രണ്ട്

ഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞാൻ ആദ്യമായി നാടകത്തിൽ അഭിനയിക്കുന്നത്. കുടുംബാസൂത്രണം എന്നൊരു നാടകം. കോട്ടൂർ എ.യു.പി. സ്കൂളിന്റെ വാർഷികത്തോടനുബന്ധിച്ചായിരുന്നു അത്. ഞങ്ങളുടെ ക്രാഫ്റ്റ് അധ്യാപകനായിരുന്ന മൺമറഞ്ഞുപോയ കുഞ്ഞുക്കുട്ടൻ മാസ്റ്ററായിരുന്നു ഈ നാടകം എഴുതിയത്. വടകര വള്ളിൽ സ്വദേശിയായ ചന്തുമാസ്‌റ്ററായിരുന്നു അത് സംവിധാനം ചെയ്തത്. ഞങ്ങളുടെ ഡ്രോയിങ്ങ് അധ്യാപകനായിരുന്ന ബാലുശേരിക്കടുത്ത് പനങ്ങാട് സ്വദേശിയായ കുട്ടികൃഷ്ണൻ മാസ്റ്റർ നല്ലൊരു കലാകാരൻ കൂടിയായിരുന്നു. സ്കൂളിലെ എല്ലാ കലാ പ്രവർത്തനങ്ങൾക്കും മാസ്റ്റർ മുമ്പിലുണ്ടായിരുന്നു. അതുപോലെ ഹിന്ദി അധ്യാപികയായ പത്മിനി ടീച്ചർ. സ്കൂളിലെ ഓരോ കുട്ടിയുടെയും കഴിവ് കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത ഒരധ്യാപിക. ഇവരൊക്കെ അമരക്കാരായി നിന്നുകൊണ്ട് ഞങ്ങൾ നാടകം കളിച്ചു.

ഒന്നുരണ്ട് നാടകങ്ങൾ കൊണ്ടു തന്നെ ഞാൻ തികച്ചും ഒരു നാടകക്കാരനായി മാറിക്കഴിഞ്ഞിരുന്നു. വളരെ വിശാലമായ അനുഭവലോകത്തിലേക്ക് നാടകം എന്നെ കൈപിടിച്ച് കൂട്ടികൊണ്ടു പോകുകയായിരുന്നു.

പിന്നീട് ഹൈസ്കൂൾ വിദ്യഭ്യാസത്തിനായി വാകയാട് ഹൈസ്കൂളിലാണ് ചേർന്നത്. അന്ന് നടുവണ്ണൂർ, പാലോറ, അവിടനല്ലൂർ, കോക്കല്ലൂർ എന്നിവിടങ്ങളിലൊന്നും ഹൈസ്കൂളുകളില്ല. അത്രയും ഭാഗത്തെ കുട്ടികൾ വാകയാട് ഹൈസ്കൂളിലാണ് പഠിച്ചിരുന്നത്. അന്ന് അവിടെനിന്നും എന്നെ നാടകത്തിന് തിരഞ്ഞെടുക്കുന്നു. ഉണ്ണി കെ. മാരാർ അന്നവിടെ വിദ്യാർഥിയായിരുന്നു. അദ്ദേഹം തന്നെ എഴുതി സംവിധാനം ചെയ്ത ആ പിശാച് മൺമറഞ്ഞു എന്ന നാടകത്തിലും അഭിനയിക്കാൻ എനിക്ക് അവസരമുണ്ടായി. അന്ന് ജില്ലാ നാടകോത്സവം നടന്നത് പുറമേരി വച്ചായിരുന്നു. അതിൽ ഒന്നാംസ്ഥാനം ഈ നാടകം നേടി.

ഏതായാലും ഒന്നുരണ്ട് നാടകങ്ങൾ കൊണ്ടു തന്നെ ഞാൻ തികച്ചും ഒരു നാടകക്കാരനായി മാറിക്കഴിഞ്ഞിരുന്നു. വളരെ വിശാലമായ അനുഭവലോകത്തിലേക്ക് നാടകം എന്നെ കൈപിടിച്ച് കൂട്ടികൊണ്ടു പോകുകയായിരുന്നു.

മൂന്ന്

സ്കൂൾ വിദ്യഭ്യാസം കഴിയുമ്പോഴേക്കും നാടകം എനിക്ക് ഒരു ജ്വരമായി മാറിയിരുന്നു. എങ്ങനെയെങ്കിലും നാടകം കളിക്കണം. അതു മാത്രമായിരുന്നു ചിന്ത.
അന്ന് വളരെ ഉണർവുള്ള ഒരു സാമൂഹികാന്തരീക്ഷമായിരുന്നു കോട്ടൂരും പരിസര പ്രദേശങ്ങളിലുമൊക്കെ നിലനിന്നിരുന്നത്. കലാരംഗമായാലും കായികരംഗമായാലും വളരെ സജീവമായിരുന്നു.

കോട്ടൂരിലെ 'കൂത്തരങ്ങ്' എന്ന കലാസംഘത്തിന്റെ 1981ലെ പോസ്റ്റർ
കോട്ടൂരിലെ 'കൂത്തരങ്ങ്' എന്ന കലാസംഘത്തിന്റെ 1981ലെ പോസ്റ്റർ

വൈകുന്നേരം സ്കൂൾ ഗ്രൗണ്ടിൽ കെ.എസ്. നമ്പൂതിരി, ചെക്കിണി മാസ്റ്റർ, കൃഷ്ണൻ നമ്പൂതിരി മാസ്റ്റർ, മുക്കുടിലിൽ കണ്ണൻ എന്നിവരുടെ നേതൃത്വത്തിൽ വോളിബോൾ പരിശീലനക്കളരി ഉണ്ടായിരുന്നു. ധനു, മകരം മാസങ്ങളിൽ താഴെ വട്ടക്കണ്ടി കുഞ്ഞിക്കണ്ണൻ എന്നിവരുടെ വീട്ടിൽ വെച്ച് കോൽക്കളി അഭ്യാസവും ഉണ്ടായിരുന്നു. നടുവിൽ ഉരലിനുമീതെ ഒരു നിലവിളക്ക് കൊളുത്തിവെച്ച് കുഞ്ഞിക്കണ്ണനാശാൻ കോൽക്കളി പരിശീലിപ്പിക്കുന്നത് ഇന്നലെയെന്നപോലെ ഓർമയിലുണ്ട്. ഇവിടെയൊക്കെ ഇഷ്ടമുണ്ടെങ്കിൽ പോകാം. ഇതിലൊക്കെ ഞാനും പങ്കെടുത്തിട്ടുണ്ട്. എല്ലാ വീടുകളിലും കയറിയിറങ്ങുന്ന ഈ പരിപാടിയൊന്നും നമ്പൂതിരിമാർക്ക് പറ്റിയതല്ല എന്ന പഴി ഞാനും അമ്മയും കുറേ കേട്ടിട്ടുണ്ട്.
അന്ന് നിലവിളക്കിനും കൊടിമരത്തിനും ക്ഷേത്രോത്സവത്തിനുമൊന്നും ഇന്നത്തെ അർഥമായിരുന്നില്ല. ക്ഷേത്രോത്സവങ്ങളും നാടകവും കൂട്ടുചേരലുകളുമെല്ലാം കേരളീയ നവോത്ഥാനത്തോട് ചേർത്തുവെക്കേണ്ടതും കൂടിയാണ്. അന്ന് ഞങ്ങളുടെ നാട്ടിലെ ഒരു ഉത്സവത്തിന്റെ ചെയർമാൻ മൂസക്കുട്ടി മാസ്റ്ററായിരുന്നു!

നാല്

പിന്നീടങ്ങോട്ട് നാടകങ്ങളുടെ ഒരു ജൈത്രയാത്രയായിരുന്നു. വീട്ടുമുറ്റത്ത് മാസങ്ങളോളം നീണ്ടു നിൽക്കുന്ന റിഹേഴ്സൽ ക്യാമ്പ്. ഒരു കൊല്ലം തന്നെ പുരാണ നാടകങ്ങളും സാമൂഹ്യ നാടകങ്ങളുമായി മൂന്നോ നാലോ നാടകങ്ങൾ.

ഒരു ആവേശത്തിൽ നാടകം കളിക്കും. നാടകം കഴിഞ്ഞ് പിറ്റേന്ന് കാലത്ത് ഓർക്കസ്ട്രാ, കർട്ടൻ, സ്റ്റേജ് , ശബ്ദം, വെളിച്ചം ഇതിന്റെയൊക്കെ ആളുകൾ മുറ്റത്ത് നിൽപ്പുണ്ടാവും. എല്ലാവരെയും പൈസ കൊടുത്ത് പറഞ്ഞയക്കണം. പിന്നെയൊരു പരക്കംപാച്ചിലാണ്.

അക്കാലത്ത് നാടകത്തിലേക്ക് നടിമാരെ കിട്ടാൻ വലിയ ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ട് നാടകം എഴുതുമ്പോൾ തന്നെ സ്ത്രീ കഥാപാത്രങ്ങളെ പരമാവധി കുറയ്ക്കും. ഉണ്ടെങ്കിൽ തന്നെ ആണുങ്ങളായിരുന്നു സ്ത്രീവേഷം കെട്ടിയിരുന്നത്. കോട്ടൂരിൽ തന്നെ ഉണ്ടായിരുന്ന സരോജിനി, നാരായണി എന്നിവരും പുതുപ്പാടി ശാന്ത, നളിനി, സരസ, സാവിത്രി മുതുകാട്, ശാന്ത വട്ടച്ചിറ തുടങ്ങി നിരവധി നടിമാരും അന്ന് റിഹേഴ്സലിനായി വീട്ടിൽ വന്നിരുന്നു. അവരൊക്കെ മാസങ്ങളോളം എന്റെ വീട്ടിൽ താമസിച്ചിട്ടുണ്ട്. അമ്മയ്ക്ക് പെൺകുട്ടികൾ ഇല്ലാത്തതിനാൽ അവരെയൊക്കെ സ്വന്തം കുട്ടികളെപ്പോലെയാണ് കരുതിയിരുന്നത്.

ഞങ്ങളുടെ ഇല്ലത്ത് അകത്താണ് ഭഗവതിയുടെ പ്രതിഷ്ഠയുള്ളത് (അത് ഇപ്പോഴുമുണ്ട്). നടിമാരുടെ ജാതിയേതെന്നും അമ്മ ചിട്ടയും വട്ടവുമൊക്കെ തെറ്റിച്ചാണോ അവരെ ഇല്ലത്ത് താമസിപ്പിക്കുന്നത് എന്നുമൊക്കെ അറിയാൻ പലരും ഒളിഞ്ഞും തെളിഞ്ഞുമൊക്കെ ശ്രമിച്ചിരുന്നു. അവർ ഏത് ജാതിയായാലും കലാകാരികളാണെന്ന് പറഞ്ഞ് വലിയ പരിഗണനയായിരുന്നു അമ്മ അവർക്ക് നൽകിയിരുന്നത്.

നാടകം തുടരുകയാണ്. ഇന്നത്തെപ്പോലെ നാടക മുതലാളിയോ പരസ്യ ഏജന്റുമാരോ അന്നുണ്ടായിരുന്നില്ല. ഒരു ആവേശത്തിൽ നാടകം കളിക്കും. നാടകം കഴിഞ്ഞ് പിറ്റേന്ന് കാലത്ത് ഓർക്കസ്ട്രാ, കർട്ടൻ, സ്റ്റേജ് , ശബ്ദം, വെളിച്ചം ഇതിന്റെയൊക്കെ ആളുകൾ മുറ്റത്ത് നിൽപ്പുണ്ടാവും. എല്ലാവരെയും പൈസ കൊടുത്ത് പറഞ്ഞയക്കണം. പിന്നെയൊരു പരക്കംപാച്ചിലാണ്. ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന കുഞ്ഞിക്കണ്ണൻ ആശാൻ ഒരിക്കൽ ഒരു നാടകത്തിന് തന്റെ സ്ഥലം ഗുണ്ടറുതി (സ്ഥലം കാണിച്ച് തീരെഴുതി പണം വാങ്ങുന്ന ഒരു രീതി) എഴുതിവെച്ചാണ് ഇതിന് പ്രതിവിധി കണ്ടത്. മറ്റൊരിക്കൽ നാടക നടനും ഞങ്ങളുടെ സുഹൃത്തുമായിരുന്ന വിശ്വൻ മാസ്റ്റർ തന്റെ വിവാഹമോതിരം പണയം വെച്ച് പ്രശ്നം പരിഹരിച്ചതും ഞാനോർക്കുന്നു. അന്ന് അദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞ് ഒരാഴ്ച പോലും തികഞ്ഞിട്ടില്ലായിരുന്നു.

ഇന്ന് കലയെയും സംസ്കാരത്തെയും പണം വിഴുങ്ങിക്കഴിഞ്ഞു. എങ്കിലും ഒരിക്കലെങ്കിലും നാടകത്തിന്റെ ഉള്ള് തൊട്ടറിഞ്ഞവർക്ക് നേരിൽ കാണുമ്പോൾ കാലുഷ്യങ്ങളൊന്നുമില്ലാതെ ഇന്നും തമ്മിൽ ചേർത്തുപിടിക്കാൻ കഴിയുമെന്ന വിശ്വാസം എനിക്കുണ്ട്. ▮

(ഐ ബുക്​സ്​ പ്രസിദ്ധീകരിക്കുന്ന ‘ഫസ്​റ്റ്​ബെൽ, നാടകം തുടരുന്നു’ എന്ന പുസ്​തകത്തിൽനിന്ന്​)


പി.എം.പി. നമ്പൂതിരി

കോഴിക്കോട്​ നടുവണ്ണൂരിനടുത്ത്​ കോട്ടൂർ സ്വദേശി. നാലുപതിറ്റാണ്ട്​ നാടകപ്രവർത്തകനായിരുന്നു. നാട്ടിലെ കലാസമിതികളിലും ക്ലബുകളിലും സജീവ സാന്നിധ്യമായിരുന്നു. പൊതുമരാമത്ത് വകുപ്പിൽ നിന്ന് വിരമിച്ചു.

Comments