സി.എസ്. ചന്ദ്രിക: പുതിയ കാലത്ത് നാടകരംഗത്തുണ്ടായ സ്ത്രീമുന്നേറ്റങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നവരൊക്കെ ആദ്യം പറയുന്ന പേര് സാറാ ജോസഫിന്റേതാണ്. ഇതെങ്ങനെ സംഭവിച്ചു?
സാറാ ജോസഫ്: 1985 ല്‍ ‘മാനുഷി’ തുടങ്ങിയപ്പോഴാണ് നാടകം എന്ന രൂപത്തിലൂടെ സ്ത്രീ പ്രശ്നങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ എത്തിക്കാനാവും എന്ന് തോന്നിയത്. അതിനു മുമ്പ് എന്റെ നാടകപ്രവര്‍ത്തനം പട്ടാമ്പി കോളേജില്‍ കാമ്പസ് തിയേറ്ററുമായി ബന്ധപ്പെട്ടിട്ടാണ് നടക്കുന്നത്. നാടകത്തിന്റെ ജൈവസ്വഭാവവും ടീംവര്‍ക്കിനോടുള്ള താല്പര്യവുമാണ് എന്നെ നാടകത്തിലേക്കാകര്‍ഷിച്ചത്. മാനുഷിക്കു വേണ്ടി ‘സ്ത്രീ’ എന്ന നാടകം ഞാനെഴുതി. ‘തൊഴില്‍കേന്ദ്രത്തിലേക്ക്’ എന്ന നാടകത്തിനുശേഷമാണ് ‘സ്ത്രീ’ എഴുതിയത്. സ്ത്രീ സംവിധാനം ചെയ്ത്, സ്ത്രീകള്‍ കളിച്ച നാടകമായിരുന്നു ‘സ്ത്രീ’.
ഈ നാടകത്തിന്റെ കേന്ദ്ര പ്രമേയം എന്തായിരുന്നു?
നാടകത്തിന്റെ കേന്ദ്രപ്രമേയം വിവാഹിതയായ പെണ്‍കുട്ടി ഭര്‍ത്താവിന്റെ പീഡനം സഹിക്കാതെ തിരിച്ച് വീട്ടിലെത്തിയപ്പോള്‍ സ്വീകരിച്ചില്ല. പല സ്ഥലത്തും അഭയം തേടിയെങ്കിലും എല്ലാവരും ഭര്‍ത്താവിന്റെ വീട്ടിലേക്ക് തിരിച്ചയച്ചു. ഒടുവില്‍ ഭര്‍ത്താവിന്റെ കൈകൊണ്ട് മണ്ണെണ്ണയൊഴിച്ച് കൊല്ലപ്പെട്ടു.
അന്ന് ‘മാനുഷി’ പോലുള്ള ഫെമിനിസ്റ്റ് ഗ്രൂപ്പുകള്‍ സ്ത്രീധന പീഡനവും കൊലപാതകവും പോലുള്ള പ്രശ്നങ്ങളില്‍ നേരിട്ടിടപെടുകയും സമരങ്ങള്‍ നടത്തുകയും ചെയ്തിരുന്നല്ലോ.
ഉണ്ട്. ഇതുമായി ബന്ധപ്പെട്ട കുറേ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ ഈ നാടകം കൊണ്ടു കഴിഞ്ഞു. സ്ഥാപനങ്ങള്‍ സ്ത്രീപക്ഷത്തു നിന്നിരുന്നെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു? പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യുകയോ കൊല്ലപ്പെടുകയോ ഇല്ല.
നാടകത്തിനോടുള്ള പ്രേക്ഷകരുടെ പ്രതികരണം എന്തായിരുന്നു?
ഞങ്ങള്‍ ചെയ്തത് തെരുവുനാടകമായിരുന്നു. അരമണിക്കൂറായിരുന്നു ദൈര്‍ഘ്യം. തെരുവില്‍ സ്ത്രീശരീരത്തിന്റെ അവതരണ സാധ്യതയായിരുന്നു ഞങ്ങള്‍ പരീക്ഷിച്ചത്. അന്നത്തെ കാലഘട്ടത്തില്‍ ഇതൊരു പുതിയ പരീക്ഷണമായിരുന്നു. സമൂഹം അടക്കിയൊതുക്കി വെച്ച പെണ്‍കുട്ടികളുടെ ദൃശ്യത പൊതുമണ്ഡലത്തില്‍ വളരെ കുറവായിരുന്നു. കൂക്കിവിളികളും ആക്രമണങ്ങളുമായിരുന്നു പ്രതീക്ഷിച്ചത്. വടുക്കുഞ്ചേരിയില്‍ ആല്‍ത്തറയില്‍ വെച്ച് നാടകം അവതരിപ്പിക്കുമ്പോള്‍ ഒരു വലിയ ആള്‍ക്കൂട്ടം നിശ്ശബ്ദമായി നിന്നു. നമ്മുടെ ജീവിതത്തിന്റെ അനുഭവങ്ങളാണ് ഇവര്‍ അവതരിപ്പിക്കുന്നത് എന്ന് വിചാരിക്കുന്നതു പോലെ. ഒരിക്കല്‍ക്കൂടി നാടകം ചെയ്യൂ എന്ന ആവശ്യപ്പെട്ട അനുഭവവും ഉണ്ടായി. പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലെ പല ഭാഗങ്ങളിലും നഗരങ്ങളിലുമായി ഈ നാടകം കളിച്ചിട്ടുണ്ട്.
‘മാനുഷി’യിലൂടെ ആദ്യമായി തെരുവുനാടകം കളിച്ച പെണ്‍കുട്ടികള്‍ എന്തൊക്കെ സവിശേഷ പ്രശ്നങ്ങളാണ് നേരിട്ടത്?
ഈ നാടകത്തിലുണ്ടായിരുന്ന എല്ലാ പെണ്‍കുട്ടികളും മാനുഷിയിലുള്ളവരായിരുന്നു. എല്ലാവര്‍ക്കും ധാരാളം പ്രശ്നങ്ങളുണ്ടായിരുന്നു. വീട്ടില്‍നിന്ന്, നാട്ടില്‍ നിന്ന്, കേളേജില്‍ നിന്ന് ഒക്കെ എതിര്‍പ്പുകളുണ്ടായിരുന്നു. കോളേജില്‍ നിന്ന് നേരിട്ടത് രാഷ്ട്രീയമായ എതിര്‍പ്പുകളായിരുന്നു. ആശയ സംവാദത്തിലൂടെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുക, അപവാദങ്ങള്‍ എഴുതി വെക്കുക, മാനുഷിയില്‍ പ്രവര്‍ത്തിക്കുന്ന ടീച്ചര്‍മാര്‍ വേശ്യകളാണ് എന്നു വരെ ബോര്‍ഡെഴുതി വെച്ചു. വീടുകളില്‍ നിന്ന് വളരെ വലിയ എതിര്‍പ്പുണ്ടായിരുന്നു. സവര്‍ണ്ണ സമുദായങ്ങളിലെ പെണ്‍കുട്ടികളാണ് വീടുകളില്‍ നിന്ന് ശക്തമായ എതിര്‍പ്പുകള്‍ നേരിട്ടത്. നാടകം കളിക്കാന്‍ പോകുന്നു, പുറത്തേക്ക് പോകേണ്ടി വരുന്നു എന്നതൊക്കെയാണ് എതിര്‍പ്പിനുള്ള കാരണങ്ങള്‍. ഞങ്ങള്‍ക്ക് റിഹേഴ്സല്‍ ചെയ്യാന്‍ കോളേജ് ഓഡിറ്റോറിയം തന്നിരുന്നില്ല. ഒരു വീടിന്റെ മുറ്റത്താണ് റിഹേഴ്സല്‍ നടത്തിയത്.
പിന്നീട് ‘മാനുഷി’യുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ജ്ജീവമാകുന്നതോടെ സ്ത്രീകളുടെ നാടകപ്രവര്‍ത്തനവും ഇല്ലാതാകുന്നുണ്ടോ?
ഞാന്‍ നാടകരചന നടത്താനും സംവിധാനം ചെയ്യാനും ആഗ്രഹിച്ചത് ആക്ടിവിസത്തിന്റെ ഭാഗമായിട്ടായിരുന്നു. ചില രാഷ്ട്രീയ ഇടപെടലുകളുടെ അനന്തരഫലമായി മാനുഷിയിലെ അംഗങ്ങള്‍ പിരിഞ്ഞു പോയി. പിന്നീട് ഞാന്‍ 'ബലിദാനം' എന്ന നാടകമെഴുതി. എം. ജി. ശശി, ഗീത, ശൈലജ എന്നിവരുമായി ചര്‍ച്ചകള്‍ നടത്തി. ആറങ്ങോട്ടുകര കേന്ദ്രീകരിച്ച് ശശിയുടെ നേതൃത്വത്തില്‍ നാടകസംഘം ഉണ്ടായിരുന്നു. ഈ നാടകം സ്റ്റേജിലായിരുന്നു അവതരിപ്പിച്ചത്. ഞാന്‍ തന്നെയാണ് നാടകം സംവിധാനം ചെയ്തത്. മകനെ ബലി കൊടുത്ത മേരിയുടെ ബലിയെ ഉദാത്തവല്‍ക്കിരിക്കുമ്പോഴും അമ്മയുടെ ദുഃഖം ആരും ശ്രദ്ധിക്കാറില്ല. ഇതായിരുന്നു ബലിദാനത്തിന്റെ പ്രമേയം.
ഈ സമയത്ത് സ്ത്രീനാടകം എന്ന ആശയം രൂപപ്പെട്ടു വന്നിട്ടുണ്ടോ?
സ്ത്രീനാടകം എന്ന ആശയം ഉന്നയിക്കാന്‍ തുടങ്ങിയതിപ്പോഴാണ്. നാടകം പുരുഷ പ്രധാനമായി നിലനില്‍ക്കുകയാണ്. എന്നാല്‍ ബലിദാനത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരു പോലെ പങ്കെടുത്തിരുന്നു.
സ്ത്രീനാടകം എന്ന ആശയം മുന്നോട്ടു വെക്കുമ്പോള്‍ എന്തൊക്കെ പ്രധാന പ്രശ്നങ്ങളാണ് ഉന്നയിക്കാന്‍ ശ്രമിച്ചത്?
‘മൃതിയിലും മഹിളകള്‍ മറക്കാമാനം’ എന്നാണ് സങ്കല്പം. മരണത്തില്‍പ്പോലും സ്ത്രീകള്‍ക്ക് ശരീരത്തിന്‍മേലുള്ള തടസ്സം നീങ്ങുന്നില്ല. ഈ തടസ്സം നീങ്ങണം. വേഷത്തില്‍ സ്ത്രീകള്‍ക്ക് സൗകര്യമുണ്ടാക്കണം. സാരി മാറി ചുരിദാര്‍ വന്നപ്പോള്‍ സ്ത്രീകള്‍ക്ക് കാലുകള്‍ സ്വതന്ത്രമായിക്കിട്ടി. സ്ത്രീകളുടെ സവിശേഷമായ ശരീരഘടനക്ക് ആവശ്യമായ വ്യായാമമുറകള്‍ ഉപയോഗിക്കുന്നില്ല. യഥാര്‍ത്ഥത്തില്‍ സ്ത്രീകളുടെ ശരീരം വളരെയധികം വഴക്കമുള്ളതാണ്. ഒരു കുഞ്ഞിനെ പ്രസവിക്കാന്‍ കഴിയുന്നത്രയും വഴക്കമുള്ളതാണ്. റഷ്യന്‍ ബാലേയില്‍ സ്ത്രീശരീരം നന്നായി പ്രയോഗിക്കുന്നുണ്ട്. നമ്മുടെ മോഹിനിയാട്ടത്തില്‍ ഈ വഴക്കം മറ്റൊരു തരത്തില്‍നന്നായി ഉപയോഗിക്കുന്നുണ്ട്.
നാടകത്തില്‍ സ്ത്രീകളുടെ ശരീരഭാഷയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ തുടക്കമായിരുന്നോ അത്?
നാടക കഥാപാത്രങ്ങളുടെ അംഗചലനങ്ങളിലൂടെയാണ് ശരീരഭാഷ രൂപപ്പെടുന്നത്. ആംഗികം, വാചികം എന്നീ രീതികളിലൂടെ പരിശോധിക്കാന്‍ തുടങ്ങി. ആംഗികം ഇല്ല. അതേ സമയം, സ്ത്രീകള്‍ക്ക് വിശേഷമായിട്ടുള്ള താളം, ചലനം, വേഗം എന്നിവയുണ്ട്. പുരുഷ നടത്തവും സ്ത്രീനടത്തവും വ്യത്യസ്തമായതു പോലെ. ഈ വ്യത്യസ്തത പക്ഷേ അരങ്ങില്‍ പരീക്ഷിക്കപ്പെടുന്നില്ല. സാമൂഹികമായ കാരണങ്ങളാല്‍ ഈ സാധ്യതകള്‍ കണ്ടെത്താനുള്ള പരിശ്രമങ്ങള്‍ ഉണ്ടായില്ല. മുലകള്‍ ഇളക്കാനോ തുടകള്‍ അകറ്റാനോ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യമില്ല. സദാചാരത്തിന്റെ കടുംപിടുത്തമുള്ള പുരുഷാധിപത്യത്തിന്റെ വ്യവസ്ഥകള്‍ സ്ത്രീകളെ ഇതിനനുവദിക്കാറില്ല. സ്ത്രീയെ ഇപ്രകാരം ഒരുക്കി വെക്കുന്നത് വിവാഹത്തിനു വേണ്ടിയാണ്. അവളുടെ ശരീരത്തിന്‍മേലോ ലൈംഗികതയിന്‍മേലോ അവള്‍ക്ക് അവകാശമില്ല. എവിടെയോ കിടക്കുന്ന ഒരുവന്റെ സ്വകാര്യ സ്വത്താവാന്‍ വേണ്ടിയുള്ളതാണ് സ്ത്രീ. നാടകരംഗത്ത് സ്ത്രീകള്‍ പ്രത്യക്ഷപ്പെട്ടതു തന്നെ വലിയ പ്രശ്നമുണ്ടാക്കിയിരുന്നു, എത്രയോ കാലം. ഇപ്പോഴും ഈ സ്ത്രീകള്‍ അമാന്യമായിട്ടാണ് സമീപിക്കപ്പെട്ടത്. നാടകം ദരിദ്രമേഖലയായതും അതിനൊരു ഘടകമാണ്. എന്നാല്‍ കുടുംബത്തിനു പുറത്ത് സ്ത്രീയുടെ പ്രത്യക്ഷപ്പെടല്‍ അംഗീകരിക്കപ്പെട്ടിട്ടില്ല എന്നതാണ് അടിസ്ഥാന പ്രശ്നം.
പുതിയ കാലത്ത് അരങ്ങില്‍ സ്ത്രീകളുടേതായി പുതിയൊരു ശരീരഭാഷ കണ്ടെത്താന്‍ശ്രീലത നടത്തിയ ശ്രമങ്ങളെ എങ്ങനെ കാണുന്നു?
ശ്രീലതയുടെ ‘ദേവശിലകള്‍’ അവതരിപ്പിച്ചപ്പോള്‍ ജനം അമ്പരന്നു പോയത് ഈ പുരുഷാധിപത്യ കടുംപിടുത്തങ്ങളെ വെല്ലുവിളിച്ചതു കൊണ്ടാണ്. ശ്രീലതയുടെ കൈ എവിടെയാണ്, കാല്‍ എവിടെയാണ് എന്നൊക്കെയാണ് കാണികള്‍ നോക്കിയത്. തിയേറ്റര്‍ആര്‍ട്ടിസ്റ്റിനെ സംബന്ധിച്ച് ശരീരം അവളുടെ ഉപകരണമാണ്. കൈ, കാല്‍, അടക്കം, ഒതുക്കം ഇവയൊന്നും അവള്‍ക്ക് പ്രസക്തമാകരുത്.
നിലവിലുള്ള മലയാള നാടകവേദിയില്‍ സ്ത്രീകളുടെ പ്രതിനിധാനത്തെ എങ്ങനെ വിലയിരുത്താം?
നിലവില്‍ നാടകരംഗത്ത് പ്രത്യക്ഷപ്പെടുന്ന പെണ്‍കുട്ടിയുടെ ശരീരപ്രദര്‍ശനം, ലൈംഗിക പ്രദര്‍ശനം എന്നിവ വഴി ലൈംഗികാകര്‍ഷണ സാധ്യതകള്‍ മുഴച്ചു നില്‍ക്കുന്ന ആഹാര്യമാണ്. സ്ത്രീ ഒരു സെക്സ് ബിംബം എന്ന നിലയില്‍ പ്രതിനിധാനം ചെയ്യപ്പെടുന്ന ആഹാര്യമാണ് പ്രബലമായിട്ടുള്ളത്. അതിനാല്‍ നാടകരംഗത്ത് സ്ത്രീകളൊന്നും യഥാര്‍ത്ഥ ശരീരഭാഷ ഉപയോഗിച്ചിട്ടില്ല. സ്ത്രീ ലൈംഗിക വസ്തുവല്ല എന്ന തലത്തില്‍ അവതരിപ്പിക്കപ്പെടുന്ന ആഹാര്യം കണ്ടെത്താനാണ് ശ്രമങ്ങള്‍ ശക്തമാക്കേണ്ടത്. ഫെമിനിസ്റ്റ് നാടകപ്രവര്‍ത്തനങ്ങളിലൂടെ ഇത്തരം പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.
മലയാളത്തില്‍ സ്ത്രീപക്ഷ നാടകകൃത്തുക്കള്‍ എന്നു വിളിക്കാവുന്ന പുരുഷ എഴുത്തുകാരുടെ രചനകളെക്കുറിച്ചുള്ള അഭിപ്രായമെന്താണ്?
ശ്രീകണ്ഠന്‍നായരുടെ കാഞ്ചനസീതയില്‍ നല്ല ബ്രേക്ക് നടക്കുന്നുണ്ട്. ഊര്‍മ്മിള അതിശക്തമായ കഥാപാത്രമാണ്. പുളിമാനയുടെ നാടകത്തില്‍ ശക്തമായ ഫെമിനിസ്റ്റ് ആശയങ്ങളുണ്ട്. സി. ജെ. നാടകരംഗത്തെ ബുദ്ധിമാനാണ്. സ്ത്രീപക്ഷ വീക്ഷണം കൊണ്ടു വന്നിട്ടുണ്ട് എന്നു തോന്നുന്നില്ല. തോപ്പില്‍ ഭാസി സ്ത്രീകളുടെ സഹനം, ത്യാഗം, തന്റേടം എന്നിവയാണ് അവതരിപ്പിച്ചത്. നിലനില്‍ക്കുന്ന സദാചാരത്തിന്റെ അകത്തു നിന്നു കൊണ്ടാണ് സ്ത്രീകഥാപാത്രസൃഷ്ടിയായാലും അരങ്ങിലെ അവതരണമായാലും നടത്തിയത്. സ്ത്രീയോട് അനുഭാവപൂര്‍വ്വം എന്‍. കൃഷ്ണപിള്ളയെപ്പോലുള്ളവര്‍ നിലപാടെടുത്തിട്ടുണ്ട്. പിന്നീട് ഫെമിനിസ്റ്റ് ആശയങ്ങള്‍ സമൂഹത്തില്‍ പ്രബലമായതിനു ശേഷം എഴുതപ്പെട്ട നാടകങ്ങളില്‍ നല്ല വ്യത്യാസങ്ങളുണ്ട്. സച്ചിദാനന്ദന്‍, എന്‍. ശശിധരന്‍ എന്നിവര്‍ എഴുതിയ നാടകങ്ങളില്‍ സ്ത്രീയുടെ വിമോചനപരമായ ആവശ്യങ്ങളുണ്ട്.
ഫെമിനിസ്റ്റ് നാടകത്തിന്റെ രൂപഘടനയെക്കുറിച്ചുള്ള ടീച്ചറുടെ സങ്കല്പമെന്താണ്?
ടെക്സ്റ്റിന് അമിത പ്രാധാന്യം പാടില്ല. നാട്യധര്‍മ്മിയായിരിക്കണം. ഒരു രംഗം അവതരിപ്പിക്കാന്‍ സംഭാഷണം മാത്രം പോരാ. ഓരോ നാടിനും അതിന്റേതായ കലാരൂപം, ഈണം, താളം എന്നിവയുണ്ട്. അവ ഉപയോഗിക്കപ്പെടണം.
സ്ത്രീനാടകവേദിക്കു വേണ്ടിയുള്ള പുതിയ അന്വേഷണങ്ങള്‍ ഇനി എന്തായിരിക്കും?
നമുക്ക് രണ്ടു ധാരകളുണ്ട്. ക്ഷേത്രകലകളും ജനകീയ കലാരൂപങ്ങളായ തുമ്പി തുള്ളല്‍, നാഗാരാധന, പാമ്പിന്‍കളം, മുടിയാട്ടം, പടയണി, പൊറാട്ടു നാടകം, തെയ്യം എന്നിവയുമുണ്ട്. അനുഷ്ഠാനമാണെങ്കിലും കൊടുങ്ങല്ലൂര്‍ ഭരണി പോലുള്ള ഉല്‍സവങ്ങളുമുണ്ട്. ഭരണിയില്‍ ഭാഷയുടെ കാവുതീണ്ടല്‍ നടക്കുന്നുണ്ട്. രണ്ടു ധാരകളിലും സ്ത്രീ ശരീര ഭാഷയുണ്ട്. മാത്രമല്ല ആധുനിക സിനിമാറ്റിക് ഡാന്‍സ്, പോപ്പ് സംഗീതം തുടങ്ങിയവയൊക്കെ സ്ത്രീശരീരത്തെ സജീവമായി അവതരിപ്പിക്കുന്നുണ്ട്. അതിനാല്‍ അന്വേഷണത്തില്‍ ഈ മേഖലകളും ഉള്‍പ്പെടണം. ഫാഷന്‍ ടി.വിയിലെ അവതരണം പോലും ശ്രദ്ധിക്കേണ്ടതുണ്ട്. സ്ത്രീകള്‍ നടത്തുന്ന വെല്ലുവിളിയുടെ ഭാവം, ഒന്നു തെറ്റിച്ച നടത്തം, കൂസലില്ലാത്ത നടത്തം എന്നിവയൊക്കെ പ്രധാനമാണ്. പുരുഷക്കാഴ്ചയെ തെറിപ്പിച്ചു കളയുന്ന ഒരു ശരീരഭാഷ ഫെമിനിസ്റ്റ് തിയേറ്ററില്‍ ഉണ്ടാകണം.
പക്ഷേ, നാടകത്തില്‍ ഇത്തരമൊരു അന്വേഷണം നടത്താന്‍ മുന്നോട്ടു വരുന്ന സ്ത്രീകള്‍ അപൂര്‍വ്വമാണ്.
നാടകപ്രവര്‍ത്തനം സമര്‍പ്പണമാണ്. കഥകളി നടന്‍ തന്റെ ശരീരത്തെ വിട്ടുകൊടുക്കുകയാണ്. ഇത്തരം നാടകപ്രവര്‍ത്തനത്തിന് വര്‍ഷങ്ങളോളമുള്ള കഠിനാദ്ധ്വാനം ആവശ്യമാണ്. ധാരാളമായി സ്ത്രീകള്‍ക്ക് ഇതിന് കഴിയുന്ന അവസ്ഥയില്ല. അതുകൊണ്ടാണ് ഇന്ന് സ്ത്രീനാടകവേദിയില്‍ ഏകാഭിനയത്തിന് പ്രാധാന്യം വരുന്നത്.
സ്‌കൂള്‍ ഓഫ് ഡ്രാമ പോലുള്ള സ്ഥാപനങ്ങളില്‍പ്പോലും ഓരോ ബാച്ചിലും ഒന്നോ രണ്ടോ പെണ്‍കുട്ടികളാണ് നാടകം പഠിക്കാനെത്തുന്നത്.
സ്‌കൂള്‍ ഓഫ് ഡ്രാമ പോലുള്ള സ്ഥാപനങ്ങളുടെ ലക്ഷ്യം കുറേക്കൂടി വികസിപ്പിക്കണം. ഇവിടെ പഠിക്കുന്നവരെ ദീര്‍ഘകാലത്തിലേക്ക് വേണ്ടി നിലനിര്‍ത്താന്‍ സംവിധാനമുണ്ടാവണം. കൂടുതല്‍ നാടകം ചെയ്യാനുള്ള പരിശീലനം വേണം. പെണ്‍കുട്ടികള്‍ക്ക് മുന്‍ഗണന കൊടുക്കണം. ഈ രംഗത്തെത്തിയാല്‍പ്പിന്നെ ഏററവും പ്രധാനം നാടകം ആവണം. അതേസമയം സാമ്പത്തികമായ സ്വയം പര്യാപ്തത ഇതില്‍നിന്ന് ഉണ്ടാവുകയും വേണം. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ശക്തമായ സഹായങ്ങള്‍ വേണം. റിഹേഴ്സല്‍ നടത്താന്‍ സ്ത്രീകള്‍ക്ക് വിശേഷ സൗകര്യങ്ങളോടുകൂടിയ ഇടങ്ങള്‍ വേണം. സ്ത്രീകള്‍ക്ക് നാടകത്തിലുള്ള അക്കാദമിക് സാധ്യതകള്‍ വികസിപ്പിക്കുകയും വേണം. ഇതിനെല്ലാം ആവശ്യമായ വിധത്തില്‍ അടിസ്ഥാനപരമായി ഇവിടെ സ്ത്രീകള്‍ക്ക് നാടകത്തില്‍ പ്രവര്‍ത്തിക്കാനാവശ്യമായ സാംസ്‌ക്കാരികാന്തരീക്ഷം ഉണ്ടായിരിക്കണം.
(കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന സി. എസ്. ചന്ദ്രികയുടെ ‘സ്ത്രീനാടകം - മലയാള നാടകവേദിയിലെ സ്ത്രീപ്രതിനിധാനങ്ങള്‍' എന്ന ഗവേഷണ പുസ്തകത്തില്‍ നിന്ന്.)