നൂറിലധികം നാടക സംരംഭങ്ങളിൽ ഇന്ത്യക്കകത്തും പുറത്തുമായി അഭിനയിച്ച ശ്രീജിത്ത് രമണൻ നടൻ, സംവിധായകൻ, നാടക പരിശീലകൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ സ്കൂൾ ഓഫ് ഡ്രാമ ഫൈൻ ആർട്സിൽ വകുപ്പദ്ധ്യക്ഷൻ, ഡോ. ജോൺ മത്തായി സെന്റെറിന്റെ കാമ്പസ് ഡയറക്ടർ. ശ്രീജിത്ത് പ്രധാന കഥാപാത്രമായ സാകേതം എന്ന നാടകം ജപ്പാനിൽ നിരവധി വേദികളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
പ്രശാന്ത് നാരായണന്റെ ഛായാമുഖി യിലെ അഭിനയത്തിന് സംസ്ഥാന സർക്കാറിന്റെ മികച്ച നടനുള്ള അവാർഡ് 2003- ൽ നേടി. ശ്രീജിത്തിന്റെ അര ഡസനോളം സംവിധാന സംരംഭങ്ങളിൽ യൂജിൻ അയനസ്കോയുടെ The chairs, The Museum of Lost Pieces (ഹൈദരാബാദ് സെൻട്രൽ യുണിവേഴ്സിറ്റി വിദ്യാർഥികളെ വച്ച് ചെയ്ത devising പ്രൊജക്റ്റ്), നീരാവിൽ പ്രകാശ് കലാ കേന്ദ്രത്തിലെ വനിതകൾക്കായി ചെയ്ത തീണ്ടാരിപ്പച്ച, ജലം തിയേറ്റർ കമ്പനിയ്ക്കായി ചെയ്ത ചെവിട്ടോർമ, സ്കൂൾ ഓഫ് ഡ്രാമ & ഫൈൻ ആർട്സിനു വേണ്ടി ചെയ്ത മഹാഭാരതത്തിലെ മഞ്ഞുമൂടിയ മലകൾ, കലാകേന്ദ്രത്തിനുവേണ്ടി ചെയ്ത ഏകാന്തം എന്നിവ ശ്രദ്ധയാകർഷിച്ചവയാണ്.
ഡൽഹി ഭാരത് രംഗ് മഹോൽസവത്തിൽ അഭിനേതാവ്, സാങ്കേതിക വിദഗ്ദ്ധൻ, സംവിധായകൻ എന്നീ നിലകളിൽ നിരവധി തവണ പങ്കെടുത്തിട്ടുണ്ട്. ഇന്റർ നാഷണൽ തിയേറ്റർ ഫെസ്റ്റിവൽ ഓഫ് കേരളയിൽ ആറു വർഷം ടെക്നിക്കൽ ഡയറക്ടറായിരുന്നു.
റാഷിദ നസ്റിയ: ലോക നാടകവേദിയിലെ ഏറ്റവും പുതിയ പ്രവണതകൾ എന്തുമാത്രം മലയാള നാടകവേദി പോലുള്ള പരിമിതമായ നമ്മുടെ സാമൂഹ്യ സാഹചര്യത്തിൽ പ്രയോഗ വൽക്കരിക്കപ്പെടുന്നുണ്ട്? ‘ഇറ്റ്ഫോക്ക്’ എത്രമാത്രം നമ്മെ ലോക അരങ്ങിന് സമകാലികമാക്കുന്നുണ്ട്?
ശ്രീജിത്ത് രമണൻ: മലയാള നാടകവേദി ഇന്ന് പരിതാപകരമായ ഒരവസ്ഥയിലാണ്. ഏറ്റവും കൂടുതൽ സജീവമായ ജനകീയമായ കച്ചവട നാടക വേദി ഏറെക്കുറെ മൃതാവസ്ഥയിലാണ്. വിരലിലെണ്ണാവുന്ന പ്രൊഫഷണൽ നാടക സമിതികൾക്ക് മാത്രമാണ് പിടിച്ചുനിൽക്കാൻ കഴിയുന്നത്. പത്തും പതിനഞ്ചും ലക്ഷം രൂപ ചെലവഴിച്ചു നിർമിക്കുന്ന ഇത്തരം നാടകങ്ങളുടെ മുടക്കുമുതൽ പോലും തിരികെ കിട്ടുന്നില്ലെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നത്. വിരലിലെണ്ണാവുന്ന ചില പ്രമുഖ സമിതികൾക്ക് മാത്രമാണ് പിടിച്ചുനിൽക്കാൻ കഴിയുന്നത്.
21-ാം നൂറ്റാണ്ടിലെത്തി നിൽക്കുമ്പോൾ ലോക നാടകവേദിയിലുണ്ടായിട്ടുള്ള ഉയർച്ചയുടെ അല്ലെങ്കിൽ നടന്നുകൊണ്ടിരിക്കുന്ന പരീക്ഷണങ്ങളുടെ അടുത്ത് എത്തിപ്പെടാൻ മലയാള നാടക വേദിക്ക് കഴിയുന്നില്ല. അതിന് ഒരുപാട് കാരണങ്ങളുണ്ട്. ചില ഒറ്റപ്പെട്ട ശ്രദ്ധേയമായ പ്രവർത്തനങ്ങൾ മാറ്റിനിർത്തിയാൽ മലയാള നാടകവേദിയെ സമഗ്രതയിൽ നോക്കിക്കാണുമ്പോൾ വേണ്ട രീതിയിലുള്ള പുരോഗതി നമ്മൾ ആർജിച്ചിട്ടുണ്ടോ എന്നത് സംശയമാണ്.
ഇന്ത്യയിൽ തന്നെ ശ്രദ്ധേയമായ കേരള അന്താരാഷ്ട്ര തിയേറ്റർ ഫെസ്റ്റിവലിന് (ITFOK) ആഥിതേയത്വം വഹിക്കാൻ സ്റ്റേറ്റിനും സംഗീത നാടക അക്കാദമിക്കും കൾച്ചറൽ മിനിസ്റ്ററിക്കും കഴിയുന്നു എന്നത് അഭിമാനകരമായ വസ്തുതയാണ്. പക്ഷേ അത് തുടർച്ചയായി നടത്തപ്പെടുന്ന സമയത്ത്, അതിലൂടെ ആർജിക്കേണ്ട ലക്ഷ്യങ്ങളിലേക്ക് നമ്മൾ എത്തുന്നുണ്ടോ എന്ന് പുനർവിചിന്തനം നടത്തേണ്ടിയിരിക്കുന്നു.
ഉദാഹരണമായി ലോകത്തിന്റ വിവിധ ഭാഗങ്ങളിൽ നിന്ന്, വികസിത അവികസിത രാജ്യങ്ങളിൽ നിന്നൊക്കെ, ‘ഇറ്റ്ഫോക്കി’ലേക്ക് നാടകങ്ങൾ വരുന്നുണ്ട്. പക്ഷേ എവിടുന്നു നാടകം വന്നാലും അത് മിനിമം പുലർത്തുന്ന ഒരു നിലവാരമുണ്ട്. അത് അവരുടെ ടെക്നിക്കൽ റൈഡറും, അവിടെ നിന്ന് വരുന്ന കലാകാരരുടെ പ്രൊഫഷണൽ സമീപനവും പരിശോധിച്ചാൽ നമുക്ക് മനസ്സിലാവും. ഇന്ത്യയിൽ നിന്ന് വരുന്ന, പ്രത്യേകിച്ച് കേരളത്തിൽ നിന്ന് വരുന്ന നാടകങ്ങൾക്ക് ലോകനിലവാരത്തിലുള്ള നാടക സംഘങ്ങളുടെ പ്രൊഫഷണലിസത്തിലേക്ക് എത്തിപ്പെടാൻ സാധിക്കുന്നില്ല.
അതുകൊണ്ടാണ് നമ്മുടെ നാടകങ്ങൾക്ക് പുറത്തേക്ക് പോവാൻ പറ്റാത്തത്. ഒരു ആഗോള കമ്യൂണിറ്റിയെ അഭിസംബോധന ചെയ്യാൻ തരത്തിലുള്ള നാടകങ്ങൾ ഇവിടെ ചെയ്യപ്പെടുന്നില്ല. അല്ലെങ്കിൽ ടൂറിങ്ങിനുള്ള ഒരു സമ്പ്രദായത്തിലേക്ക് നാടകത്തെ വികസിപ്പിക്കാൻ ഇപ്പോഴും നമ്മുടെ തിയേറ്റർ മേക്കേഴ്സിന് അറിയില്ല / കഴിയുന്നില്ല. അതിനുള്ള ആർട്സ് മാനേജ്മെന്റ് സംവിധാനം ഇവിടെ ഇതുവരെ ഡെവലപ്പ് ചെയ്തിട്ടില്ല.
സൈമൺ മക് ബർണിയുടെ തിയേറ്റർ കോമ്പ്ളിസിറ്റേ, ജർമൻ തിയേറ്റർ കമ്പനി റിമ്നി പ്രൊട്ടോകോൾ, ജേക്കബ് രാജന്റെ ഇന്ത്യൻ ഇൻക് തിയേറ്റർ കമ്പനി, സ്പാനിഷ് കമ്പനി ലാ ഫുറാ ഡെൽ ബാവുസ്, പോളിഷ് കമ്പനി തിയേറ്റർ ബുയിറോ പൊ ഡ്രോവ്സ്കി തുടങ്ങിയ നാടക കമ്പനികളുടെ പ്രവർത്തനശൈലിയും ടൂറിങ്ങും നോക്കിയാൽ തന്നെ മനസ്സിലാക്കാം, നമ്മൾ എത്രമാത്രം പിറകിലാണെന്ന്.
സ്കൂൾ ഓഫ് ഡ്രാമ ഉണ്ടെങ്കിൽ പോലും നമുക്ക് അപ്ഡേറ്റഡായ നൂതന സാങ്കേതികവിദ്യകളോ, ശാസ്ത്രീയമായി കാര്യങ്ങളെ മനസ്സിലാക്കാൻ പറ്റുന്ന രീതിയിലേക്കോ പരിശീലന പദ്ധതികൾ വികസിപ്പിക്കാൻ ഇന്നുവരെ സാധിച്ചിട്ടില്ല. അത്തരത്തിൽ ശ്രദ്ധ കൊടുക്കേണ്ട മേഖലയാണിതെന്ന ബോധ്യം അധികാരികൾക്കിതുവരെ വന്നിട്ടുമില്ല.
ഇത് കഴിവുറ്റ പ്രതിഭകളുടെ അഭാവമല്ല. ഏറ്റവും പ്രധാനമായത് അടിസ്ഥാന സൗകര്യങ്ങളാണ്. നമ്മുടെ നാടകവേദിയുടെ ഇപ്പോഴത്തെ സ്ഥിതി വിശകലനം ചെയ്യുകയാണെങ്കിൽ കാര്യങ്ങൾ കുറച്ചു പരിതാപകരമാണ് എന്ന് പറയേണ്ടിവരും. വളരെ ക്രിയേറ്റീവായ ഒട്ടനവധി നാടക കലാകാരർ കേരളത്തിലുണ്ട്.
ഇവർക്കൊന്നും അവരുടെ ഭാവനയെ വിനിയോഗിക്കാൻ അത്തരത്തിലുള്ള നാടക അരങ്ങോ, പരിശീലന ഇടങ്ങളോ, തിയേറ്റർ മാനേജ്മെന്റോ, പ്രഫഷണലിസമോ ഇവിടെ രൂപപ്പെടുത്തിയെടുക്കാൻ നമ്മുടെ സ്റ്റേറ്റിന് കഴിഞ്ഞിട്ടില്ല. ഇതാണ് ഏറ്റവും വലിയ പരിമിതിയായി തോന്നുന്നത്. വരുമാനം ഉല്പാദിപ്പിക്കാൻ കഴിയുന്ന രീതിയിലല്ല നമ്മുടെ കലാ അവതരണ രീതി സമ്പ്രദായങ്ങൾ. വളരെ ബുദ്ധിമുട്ടി സംഘാടകർ നാടകം കളിപ്പിക്കുന്നു, അത് നഷ്ടത്തിൽ കലാശിക്കുന്നു.
വളരെ ബുദ്ധിമുട്ടി ചില നാടകസംഘങ്ങൾ നാടകം ചെയ്യുന്നു, എന്നിട്ട് ഒന്നോ രണ്ടോ അവതരണത്തോടെ പൂട്ടേണ്ടി വരുന്നു. കേരളത്തിലെ മൊത്തം ആർട്സ് കമ്യൂണിറ്റിക്ക് ഈ അപചയമുണ്ട്. അത് ക്ലാസിക്കൽ കലാരൂപങ്ങളാവട്ടെ, ഫോക്ക് കലാരൂപങ്ങളാവട്ടെ, ഇതിനെയൊന്നും വേണ്ട രീതിയിൽ ഇന്നുവരെ നമുക്ക് ലോകത്തിനു മുമ്പിൽ ശരിയായ രീതിയിൽ അവതരിപ്പിക്കാനോ തുടർ അവതരണങ്ങൾ സൃഷ്ടിക്കാനോ അതിലൂടെ വരുമാനമുണ്ടാക്കാൻ പറ്റുന്ന രീതിയിലേക്ക് മാറ്റിയെടുക്കാനോ നമ്മുടെ സ്റ്റേറ്റിന് കഴിഞ്ഞിട്ടില്ല.
മറ്റൊരു പരിമിതി, വൈവിധ്യമുള്ള നല്ല നാടകശാലകളും പരിശീലന ഇടങ്ങളും ടിക്കറ്റിങ്ങ് സംവിധാനങ്ങളും ഇല്ല എന്നതാണ്.
ഡൽഹിയിലെ രംഗമഹോത്സവം നാഷണൽ സ്കൂൾ ഓഫ് ഡ്രാമയാണ് നടത്തുന്നത്. ഇവിടെ എന്താണ് സ്കൂൾ ഓഫ് ഡ്രാമക്ക് അത്തരം ഒരു നേതൃത്വപരമായ റോളില്ലാത്തത്?
അതിന് ഒരു പ്രധാന കാരണം സ്കൂൾ ഓഫ് ഡ്രാമ യൂണിവേഴ്സിറ്റി സംവിധാനത്തിലാണ് പ്രവർത്തിക്കുന്നത് എന്നതാണ്. നിയമപരമായി യൂണിവേഴ്സിറ്റി സംവിധാനത്തിന് ഒട്ടേറെ പരിമിതികളുണ്ട്. നാഷണൽ സ്കൂൾ ഓഫ് ഡ്രാമ ഓട്ടോണമസ് സംവിധാനമാണ്.
അവിടുത്തെ അധ്യാപകർക്ക് സ്വതന്ത്രമായി തീരുമാനങ്ങൾ എടുക്കാൻ പറ്റും. ഫെസ്റ്റിവൽ നടത്താൻ അവർക്ക് പത്ത് കോടി രൂപയ്ക്കു മുകളിൽ കിട്ടുന്നു. ഇന്ത്യയിൽ ഏറ്റവും ജനകീയമായ ‘ഇറ്റ്ഫോക്കി’ന് അത്രത്തോളം ധനസഹായം കിട്ടുന്നില്ല. എന്നാൽ ‘ഇറ്റ്ഫോക്ക്’ ജനകീയ പങ്കാളിത്തം കൊണ്ട് നാടക പ്രവർത്തകരെ, ഇന്റർനാഷണൽ തിയേറ്റർ പ്രവർത്തകരെ അതിശയിപ്പിച്ചുകൊണ്ട് നടത്തുന്ന ഫെസ്റ്റിവലാണ്.
ഇവിടെ ജനം മണിക്കൂറുകളോളം ക്യൂ നിന്ന് ഇരച്ച് നാടകം കാണാൻ കയറുന്ന അവസ്ഥയുണ്ട്. അത് സവിശേഷമായ കാഴ്ചയാണ്. ‘ഇറ്റ്ഫോക്കി’ന്റെ ചരിത്രം നോക്കിയാൽ, സ്കൂൾ ഓഫ് ഡ്രാമ കഴിഞ്ഞിറങ്ങിയിട്ടുള്ളവർ തന്നെയാണ് അതിന് നേതൃത്വം കൊടുത്തിട്ടുള്ളത്.
അതിന്റെ വിഷൻ സെറ്റ് ചെയ്യാൻ ഏറ്റവും സർഗാത്മകമായി ഇടപെട്ടിട്ടുള്ളത് അവരാണ്. ‘ഇറ്റ്ഫോക്കി’നെ സ്കൂൾ ഓഫ് ഡ്രാമ പോലുള്ള സംവിധാനത്തിലേക്ക് കൊണ്ടുവന്നാൽ കേരള തിയേറ്ററിന് ഏറെ ഗുണപ്രദമാകുന്ന രീതിയിലേക്ക് ഇതിനെ വിഭാവനം ചെയ്യാനാകും. പക്ഷേ അതിന് നിയമപരമായി ചില തടസ്സങ്ങളുണ്ട്. അത് കൂട്ടമായി ആലോചിച്ചു പരിഹരിക്കപ്പെടേണ്ടതാണ്.
‘ഇറ്റ്ഫോക്കി’ന് വേറൊരു സ്വതന്ത്രമായ സംവിധാനം രൂപപ്പെടണം. എന്നിട്ട് ഏറ്റവും ക്വാളിഫൈഡായ, വളരെ ശാസ്ത്രീയമായും പ്രൊഫഷണലായും സമീപിക്കാൻ അറിയാവുന്ന ഇന്റർനാഷണൽ എക്സ്പീരിയൻസുള്ളവരെ കണ്ടെത്തി ഏൽപ്പിച്ചാൽ ഒരുപക്ഷേ ഇതിനെക്കാളും മനോഹരമായി നടത്താനാകാവുന്ന സാധ്യത ഇതിനകത്ത് കാണുന്നുണ്ട്.
പലപ്പോഴും മാറിമാറി വരുന്ന പാർട്ടിയുടെ അനുഭാവികളാണ് ഇതിനകത്ത് കടന്നുകൂടുന്നത്. ഒരു യോഗ്യതയില്ലാത്തവർ കടന്നുവന്ന്, ജനകീയമാക്കുക എന്നൊക്കെ പറഞ്ഞ് കുറെ പദ്ധതികൾ ചെയ്യുന്നുണ്ട്. കേരളത്തിലെ തിയേറ്റർ കമ്യൂണിറ്റിയെ ശാക്തീകരിക്കുക എന്നതാണ് ‘ഇറ്റ്ഫോക്കി’ൻ്റെ ചുമതല.
കേരളത്തിൽ ഏറ്റവും ശ്രദ്ധേയമായ രീതിയിൽ വർക്ക് ചെയ്തുകൊണ്ടിരിക്കുന്ന യുവതലമുറയിലുള്ള തിയേറ്റർ പ്രവർത്തകരെ ഉണർത്തിക്കൊണ്ടുവരാൻ പറ്റുന്ന പദ്ധതികൾ, അവരെ മോട്ടിവേറ്റ് ചെയ്യാൻ പറ്റുന്ന റസിഡൻസി പ്രോഗ്രാമുകൾ, യുവതലമുറയെ പരിശീലിപ്പിക്കാനും അവർക്ക് പുതിയ കലാസൃഷ്ടികൾ അന്തർദേശീയ നിലവാരത്തിൽ ചെയ്യാനുമുള്ള സംവിധാനങ്ങൾ, ഫെലോഷിപ്പോടെ സാങ്കേതിക വിദഗ്ദ്ധർക്ക് വിദേശത്തെ വലിയ ഫെസ്റ്റിവലിൽ പരിശീലനം തുടങ്ങിയ കാര്യങ്ങളാണ് ‘ഇറ്റ്ഫോക്’ മുഖേന ചെയ്യേണ്ടത്.
സ്കൂൾ ഓഫ് ഡ്രാമയിൽ പഠിക്കാൻ വരുന്ന ഒരു വിദ്യാർത്ഥി നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെയാണ്? പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്ക് നാടകത്തിൽ തന്നെ തുടരാനാകാത്തത് എന്തുകൊണ്ടാണ്?
വലിയ കഴിവുള്ള വിദ്യാർത്ഥിയെ സംബന്ധിച്ച് പല മാർഗങ്ങളുണ്ട്. അവർ ഫ്രീലാൻസായി നിന്നുകഴിഞ്ഞാൽ തന്നെ ഈ മേഖലയിൽ സജീവമായി നിൽക്കാൻ പറ്റുന്ന ഒട്ടനവധി പരിപാടികൾ രൂപപ്പെട്ടുവന്നിട്ടുണ്ട്.
ഉദാഹരണമായി ഒ ടി ടി പ്ലാറ്റ്ഫോം, വെബ് സീരീസ്, പോഡ് കാസ്റ്റ്, അഭിനയ പരിശീലനം, കാസ്റ്റിംഗ് ഡയറക്ടർ, തിയേറ്റർ ഇൻ എഡ്യുക്കേഷൻ, ഇന്റർ കൾച്ചറൽ പ്രോജക്ടുകൾ, തിയേറ്റർ തെറാപ്പി, ഹോസ്പിറ്റൽ clowning, കുട്ടികളുടെ നാടകവേദി എന്നീ സാധ്യതകൾ അവർക്ക് ഉപയോഗിക്കാൻ കഴിയും. അഭിനയത്തിന്റെ മേഖല തെരഞ്ഞെടുക്കുന്നവരാകട്ടെ അല്ലെങ്കിൽ സാങ്കേതികത വിഭാഗങ്ങൾ തെരഞ്ഞെടുക്കുന്നവരാകട്ടെ അവർക്കൊക്കെ ജോലി അവസരങ്ങളുണ്ട്. ശരിയായ രീതിയിലുള്ള പരിശീലനം കഴിഞ്ഞ് പ്രൊഫഷണൽ മാനാഭാവത്തോടെ പുറത്തിറങ്ങുന്ന ഒരാളെ സംബന്ധിച്ച് ജോലിയെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല എന്നാണ് എനിക്ക് തോന്നുന്നത്.
എന്നാൽ സ്കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർത്ഥികൾക്ക് അന്തർദേശീയ നിലവാരത്തിലുള്ള പരിശീലനത്തിനുതകുന്ന സംവിധാനം ഇപ്പോൾ ഇവിടെ ലഭിക്കുന്നില്ല. അന്താരാഷ്ട്ര നിലവാരത്തിലുള്ള നൂതന സാങ്കേതികത സംവിധാനങ്ങൾ ഇവിടെ ഇല്ല.
ആക്ടേഴ്സിന് ആവശ്യമായ വുഡൻ ഫ്ലോർ പോലുള്ള സംവിധാനങ്ങളില്ല. ന്യൂ തിയേറ്റർ ടെക്നോളജി പരിശീലിക്കാൻ പറ്റുന്ന എല്ലാ സംവിധാനങ്ങളോടും കൂടിയ തിയേറ്റർ ലാബ്, അതിനുതകുന്ന സങ്കേതിക വിദഗ്ധരുടെ നിയമനം തുടങ്ങി ഒട്ടനവധി കാര്യങ്ങൾ ഡ്രാമാ സ്കൂളിൽ അടിയന്തിരമായി മെച്ചപ്പെടുത്തേണ്ടതുണ്ട്. ഈ സാങ്കേതികത സംവിധാനങ്ങൾ കൂടിയുണ്ടെങ്കിലേ ഇവരെ തികഞ്ഞ പ്രൊഫഷണലുകളായി പുറത്തിറക്കാൻ പറ്റൂ.
അഭിനയം പരിശീലിക്കപ്പെടേണ്ടതാണോ? ഒരു ട്രെയിൻഡ് അഭിനേതാവും ബോൺ അഭിനേതാവും തമ്മിലുള്ള വ്യത്യാസം എന്തൊക്കെയാണ്?
ലോകത്തുള്ള എല്ലാ അഭിനേതാക്കളും ജന്മസിദ്ധമായ കഴിവുള്ളവർ തന്നെയാണ്. അതിന് ചില ഏറ്റക്കുറച്ചിലുകളുണ്ടെന്നു മാത്രം. ജന്മസിദ്ധമായി അഭിനേതാക്കൾക്കൾക്ക് സ്വാഭാവികമായി ചില ശാരിരിക ശബ്ദ സവിശേഷതകളുണ്ട്.
ഇതിനപ്പുറം ചിട്ടയായ പരിശീലനമില്ലെങ്കിൽ അവർക്ക് ജന്മസിദ്ധമായി ലഭിച്ച കഴിവെന്താണോ അത് അവിടെത്തന്നെ നിൽക്കും. സിദ്ധിയും സാധനയും കൂടിച്ചേരുമ്പോഴാണ് അഭിനേതാവ് കൂടുതൽ മിഴിവാർന്ന മികവാർന്ന പ്രകടനത്തിലേക്ക് കടക്കുന്നത്. അഭിനേതാവിന്റെ ശബ്ദസാധ്യതകളെ , ശാരീരിക പ്രകടന ഉപാധികളെ, മനസ്സിന്റെ സവിശേഷതകളെ ഒക്കെ തന്നെ പരിശീലനത്തിലൂടെ ഉണർത്താനും ഉയർത്തിക്കൊണ്ടുവരാനും കഴിയും.
നാടകത്തെ സംബന്ധിച്ച് സിനിമയിൽ നിന്ന് വിഭിന്നമായി ശാരീരികമായിട്ടും ശബ്ദപരമായിട്ടും അസാമാന്യ കരുത്ത് പുറപ്പെടുവിക്കേണ്ടിവരുന്ന ഒട്ടനവധി കഥാപാത്രസൃഷ്ടികളുണ്ട്. അതുകൊണ്ടുതന്നെ അവരുടെ ശരീരത്തെ നിയന്ത്രണത്തിലേക്ക് കൊണ്ടുവരാൻ, അതിന്റെ വിവിധ സാധ്യതകൾ പ്രയോഗിക്കാനും വിവിധ തരത്തിലുള്ള പരിശീലത്തിലൂടെയും അഭിനേതാക്കൾ കടന്നു പോകേണ്ടതുണ്ട്.
ശാരീരിക പരിശീലനത്തിനുപരി സാമൂഹികമായ ഉയർന്ന തലത്തിലുള്ള അവബോധം അഭിനേതാവിനെ സംബന്ധിച്ച് വളരെ പ്രധാനമാണ്. അത് വായനയിലൂടെയും യാത്രയിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും അനുഭവസമ്പത്തുള്ളവരുമായുള്ള നിരന്തര സംസർഗ്ഗത്തിലൂടെയുമൊക്കെ ആർജിച്ചെടുക്കുന്നതാണ്.
തിയറ്ററിനകത്ത് ഹ്യൂമൻ എഫെർട്ടിനെ കോ ഓർഡിനേറ്റ് ചെയ്യേണ്ടി വരുന്നുണ്ട്. പുതിയ കാലത്ത് എങ്ങനെയാണ് ഒരു കൾച്ചറൽ ഇവൻ്റ് സംഘടിപ്പിക്കപ്പെടുന്നത്? അതിന്റെ പിന്നിലൊരു രാഷ്ട്രീയമില്ല?
നാടകം ആത്യന്തികമായി സംഘകലയാണ്. പുതിയ കാലത്ത് പല കൾച്ചറൽ ഇവൻ്റും സംഘടിക്കപ്പെടുന്നുണ്ട്. പക്ഷേ പാർട്ടി പൊളിറ്റിക്സിന്റെ വൃത്തികെട്ട മനോഭാവത്തിലാണ് ഇത് രൂപപ്പെട്ടുവരുന്നത്. അത്തരം വൃത്തികെട്ട ഇടങ്ങളായി ഇത് പരിണമിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ഇത്തരം കൂടിച്ചേരലുകളുടെ നിലവാരം ഇടിഞ്ഞുപോകുന്നു.
പുതിയ കലാകാരർക്ക് അർഹമായ വേദി ഇല്ല. നാടക ഇടങ്ങളെങ്കിലും ഇത്തരം കോക്കസിൽ നിന്ന് വിമുക്തമാക്കപ്പെട്ടില്ലെങ്കിൽ വലിയ അപകടം നേരിടേണ്ടി വരും. കലാകാരർ മാനവികതയിലൂന്നിയ കലയുടെ രാഷ്ട്രീയം മുന്നോട്ട് വയ്ക്കുന്നവരാകണം. അല്ലാത്തവർ, പുറമേ ഭയങ്കര ജനാധിപത്യ സംവിധാനത്തിലൂടെയാണ് ഇത് നടത്തപ്പെടുന്നതെന്ന് വരുത്തിത്തീർക്കാനുള്ള എല്ലാ അവകാശവാദങ്ങളും ഉന്നയിച്ചുകൊണ്ടേയിരിക്കും. ഇത്തരം സാംസ്ക്കാരിക ഫാഷിസം കലാകേരളത്തിനെ അടിമുടി നശിപ്പിക്കുമെന്നതിൽ സംശയമില്ല.
പുതിയ കാലത്തെ നാടകം, സിനിമ, വിഷ്വൽ മീഡിയ, ഓഡിയോ മീഡിയ എന്നത് ഒരു ഹൈബ്രിഡ് ഫോമിലാണല്ലോ നിലനിൽക്കുന്നത്. അരങ്ങിന് അരങ്ങായി മാത്രം നിൽക്കാൻ സാധ്യമാണോ? അരങ്ങിനെ അരങ്ങിന്റെതായി മാത്രമായ അസ്തിത്വമുണ്ടോ?
പെർഫോമിങ് ആർട്സിന്റെ ചരിത്രം പരിശോധിച്ചാൽ, അതിൽ തന്നെ നാടകത്തിന്റെ കാര്യമെടുക്കുകയാണെങ്കിൽ, ഏറ്റവും കൂടുതൽ പരീക്ഷണങ്ങൾക്ക് വിധേയകമാകുന്നതും, മാറ്റത്തിന് വിധേയമാകുന്നതും, അടിമുടി മാറിക്കൊണ്ടിരിക്കുന്നതുമായ രൂപവും ഭാഷയുമാണ് നാടകത്തിന്റേത്.
ആദ്യകാല നാടകങ്ങളായാലും ഭാരതീയ സങ്കല്പ പ്രകാരമുള്ള നാടകങ്ങളായാലും ഏത് കാലഘട്ടത്തിലുള്ള നാടകമായാലും നാടകം അടിമുടി മാറിക്കൊണ്ടിരിക്കുന്നുണ്ട്. നാടകം ഇന്ന നിയമാവലിക്കുള്ളിൽ നിൽക്കുന്നതാണ് എന്ന് ഒരിക്കലും ആർക്കും അവകാശപ്പെടാൻ പറ്റാത്ത രീതിയിലേക്ക് മാറ്റത്തിന് വിധേയമാകുന്നുണ്ട്. ഇത്തരമൊരു ഫ്ലെക്സിബിലിറ്റി വളരെ തുടക്കം തൊട്ട് നാടകം മുന്നോട്ടുവയ്ക്കുന്നുണ്ട്.
നാടകത്തിന്റെ ബഹുസ്വരത എക്കാലത്തും നിലനിർത്തേണ്ടത് അനിവാര്യതയാണ്. അടിമുടി മാറിക്കൊണ്ടിരിക്കുന്ന സാങ്കേതിക ലോകത്ത് പുതുകാലത്തെ അഡ്രസ്സ് ചെയ്യാൻ നാടകം എങ്ങനെയായിരിക്കണം എന്ന അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. സാങ്കേതികത ഓവർപവർ ചെയ്യുന്ന സമയത്ത് നാടകം മുന്നോട്ടുവെക്കുന്ന ഏറ്റവും സത്യസന്ധമായ അരങ്ങനുഭവം നഷ്ടപ്പെടുന്നു എന്ന രീതിയിൽ വിമർശനങ്ങൾ വരുന്നുണ്ട്.
പ്രേക്ഷകരും അതുപോലെ അഭിനേതാക്കളും തമ്മിലുള്ള പരസ്പരപൂരകമായ ബന്ധമുണ്ട്. ആ ബന്ധം നിലനിർത്തിക്കൊണ്ട് അതിനകത്ത് എന്ത് ചേർത്ത് വെച്ചാലും, പ്രേക്ഷകരും അഭിനേതാക്കളും തമ്മിലുള്ള ദൃഢബന്ധത്തിന് വിഘാതം വരാത്തിടത്തോളം കാലം, അരങ്ങ് മുന്നോട്ടുപോകും എന്നതാണ് എന്റെ വിശ്വാസം.
‘തീണ്ടാരിപ്പച്ച’ പോലെയുള്ള ഒരു അവതരണത്തിന് തയ്യാറെടുക്കുമ്പോൾ അതിൽ പങ്കെടുക്കുന്ന ഓരോ പെർഫോമേഴ്സിന്റെയും ഇമോഷണൽ മെമ്മറി ട്രിഗർ ചെയ്യുന്ന രീതിയിൽ ചെയ്തുവരുമ്പോൾ, വാരിവലിച്ചിട്ട അനുഭവമായിരിക്കും സംവിധായകന്റെ മുന്നിലുണ്ടാകുക. എങ്ങനെയാണ് ഇതിനെ ക്രോഡീകരിക്കാനും ചാനലൈസ് ചെയ്യാനും സാധിച്ചത്? എന്തായിരുന്നു അതിന്റെ അനുഭവം?
പോസ്റ്റ് ഡ്രമാറ്റിക് തിയേറ്ററിന്റെ സവിശേഷത കൂടിയാണ് സൂക്ഷ്മമായ ഈ വിളക്കി ചേർക്കലുകൾ. വളരെയധികം ചിതറിക്കിടക്കുന്ന ചിന്താധാരകളെയും പദ്ധതികളെയും കൂട്ടിയോജിപ്പിക്കുകയാണ് ഇവിടെ ചെയ്യുന്നത്. സുജാ ഭാരതി എഡിറ്റ് ചെയ്ത ‘ആർത്തവത്തിന്റെ രാഷ്ട്രീയം’, സി. എസ്. ചന്ദ്രികയുടെ പുസ്തകം ഡോക്യുമെന്ററികൾ, സിനിമ, പെയിന്റിംഗ് തുടങ്ങി ഇതിന്റെ റിസർച്ച് തുടങ്ങുമ്പോൾ ഒരു പാട് കാര്യങ്ങൾ റഫർ ചെയ്തിട്ടുണ്ട്. കൂടാതെ ആക്ടേഴ്സുമായി ചേർന്ന് അവരുടെ മെമ്മറി, ജീവിതാനുഭവങ്ങൾ, അവരുടെ ചുറ്റിലുമുള്ള കാഴ്ച എന്നിവയെല്ലാം സ്വാംശീകരിച്ച് ഒരു വിഷ്യൽ നറേറ്റീവുണ്ടാക്കിയെടുക്കുകയും ചെയ്തിട്ടുണ്ട്.
ഒരാളിന്റെ ചിന്താപദ്ധതിയെയല്ല ഇതിന്റെ അരങ്ങ് ഭാഷ കണ്ടെത്താൻ സംവിധായകൻ ആശ്രയിക്കുന്നത്. ഡ്രമാറ്റർഗ്, കോറിയോഗ്രാഫർ, അഭിനേതാക്കൾ, നാടകം ചെയ്യുന്ന സമയത്ത് സോഷ്യൽ നെറ്റ് വർക്കിലൂടെ വരുന്ന എഴുത്തുകൾ തുടങ്ങി ഒട്ടനവധി കാര്യങ്ങളെ കൂട്ടി യോജിപ്പിക്കേണ്ടിവരുന്നുണ്ട്, സമകാലീനമായ ഒരു അരങ്ങുഭാഷ കണ്ടെത്താൻ. അതുകൊണ്ടുതന്നെ പോസ്റ്റ് ഡ്രമാറ്റിക് തിയേറ്റർ കളക്ടീവ് കോൺഷ്യസ് നെസ്സിലൂടെയാണ് രൂപം കൊള്ളുന്നത്.
തീണ്ടാരിപ്പച്ച തിയേറ്റർ ഇൻ റൗണ്ടിൽ കാണികൾ ഏറ്റവും അടുത്തിരുന്നു കാണുന്ന രീതിയിലാണ് വിഭാവനം ചെയ്തത്. ആർത്തവത്തിന്റെ രാഷ്ട്രീയം ഉറക്കെ പറയുന്നതുകൊണ്ടു തന്നെ പ്രോസീനിയം അരങ്ങിന്റെ ഇല്യൂഷൻ സൃഷ്ടിക്കൽ തീരെ യോജിക്കുന്നതായിരുന്നില്ല. കാണിയുമായി വളരെ അടുത്ത് സംവദിക്കാനുതകുന്ന വിഷ്വൽ നറേറ്റീവ് സൃഷ്ടിക്കാനും അതിലേക്കുള്ള ശ്രദ്ധാപൂർവ്വമായ ക്രമീകരണവുമാണ് തീണ്ടാരിപ്പച്ചയുടെ അരങ്ങു ഭാഷയിലൂടെ ശ്രമിച്ചത്.
നിങ്ങളുടെ ഏറ്റവും പുതിയ അവതരണത്തിലേക്ക് വരാം. എല്ലാ വർഷവും വേലിയേറ്റ വെള്ളപ്പൊക്കത്തിൻ്റെ കെടുതിയനുഭവിക്കുന്ന ഒരു ജനതയെ തിയേട്രിക്കലായി ഡോക്യുമെന്റ് ചെയ്യാമെന്ന തീരുമാനം എങ്ങനെയാണ് വന്നു പെട്ടത്? തിയേട്രിക്കൽ ഡോക്യുമെന്റേഷൻ വളരെ എഫക്റ്റീവ് ആയി തോന്നുന്നുണ്ടോ?
വേലിയേറ്റ വെള്ളപ്പൊക്കം മൂലം നോർത്ത് പറവൂരിലെ വെള്ളോട്ടുപുറം, തുരുത്തിപ്പുറം, പുത്തൻവേലിക്കര തുടങ്ങി എട്ടു പത്ത് പഞ്ചായത്തുകൾ നിരന്തരം നേരിടുന്ന പ്രശ്നത്തെയാണ് നാടകം അഭിസംബോധന ചെയ്യുന്നത്.
ഒരു കമ്യൂണിറ്റി തിയേറ്ററിൽ എൻഗേജ് ചെയ്യുന്ന നേരത്ത് പ്രൊഫഷണലായിട്ടുള്ള നടീ നടന്മാരെ ഉപയോഗിച്ചല്ല നാടകം ചെയ്യാൻ തീരുമാനിച്ചത്. അത് ഏറ്റവും സത്യസന്ധമായി പുറത്തേക്കു കൊണ്ടുവരണമെന്നുണ്ടെങ്കിൽ ആ പ്രശ്നം പറയേണ്ടത് അവിടെ ജീവിക്കുന്ന മനുഷ്യർ തന്നെയാണ് എന്ന ഉത്തമബോധ്യം അവിടം സന്ദർശിച്ചപ്പോൾ മുതൽ കൂടെയുണ്ടായിരുന്നു.
അവരെ സംബന്ധിച്ച് പെർഫോമൻസ് എന്ന രീതിയിൽ പരിമിതിയുണ്ട്. ആ പരിമിതി നിലനിർത്തിക്കൊണ്ടുതന്നെ ഈ വിഷയം അതിന്റെ ഏറ്റവും ശക്തമായ അരങ്ങുഭാഷയിൽ പ്രേക്ഷകരിലേക്ക് സംവദിക്കപ്പെടണം. ഈ വിഷയം പറയാൻ തിയേറ്ററിൽ തന്നെ പുതിയ ഭാഷ കണ്ടെത്തേണ്ടിവരുന്നു.
ഈ വിഷയം നേരിടുന്ന ജനതയുടെ ഒരു ലാൻഡ്സ്കേപ്പിൽ നിന്നാണ് ഇതിൻ്റെ സീനോഗ്രാഫി രൂപപ്പെടുന്നത്. വെള്ളമാണ് ഇവരുടെ ഏറ്റവും വലിയ പ്രശ്നം. കണ്ടിരിക്കുന്ന പ്രേക്ഷകർക്ക് ആ അനുഭവം തീവ്രമായി കിട്ടുന്ന രീതിയിലേക്ക് അവിടുത്തെ മിത്തുകൾ, ചരിത്രം, ഓർമകൾ, ജീവിതാനുഭവങ്ങൾ, ചിത്രങ്ങൾ, പാട്ടുകൾ തുടങ്ങിയവയെല്ലാം കോർത്തിണക്കി സത്ത ചോരാതെ പ്രേക്ഷകരിലേക്കെത്തിക്കണം. ഒരേ സമയം ഇത് മൊത്തം വിഷയത്തിന്റെ ഡോക്യുമെന്റേഷനവണം. അതോടൊപ്പം, ലൈവായി എങ്ങനെയാണ് പുതിയ കാലത്തെ പ്രേക്ഷകരിലേക്ക് ഈ വിഷയം എത്തിക്കാൻ കഴിയുന്നത് തുടങ്ങിയ അന്വേഷണങ്ങളുടെ ഭാഗമായിട്ടാണ് ചെവിട്ടോർമ്മക്ക് മൗലികമായി മറ്റൊരു ഭാഷ രൂപപ്പെട്ടു വരുന്നത്.
പുതിയ നാടകാവതരണങ്ങൾ അകത്തുനിന്നും അടുത്തുനിന്നും കാണുന്ന ഒരാൾ എന്ന നിലയിൽ ചോദിക്കട്ടെ, എന്താണ് മലയാളം അരങ്ങിന്റെ വർത്തമാനവും ഭാവിയും?
ലോക നാടകവേദി വളരെയധികം പുരോഗമിച്ചു കഴിഞ്ഞിരിക്കുകയാണ്. നൂതന സാങ്കേതിക വിദ്യകളേയും രചനാസമ്പ്രദായങ്ങളേയും ഉപയോഗിച്ചുകൊണ്ടുള്ള അതിന്റെ ബൃഹത്തായ പരീക്ഷണ പദ്ധതികൾ ലോകമാകെ നടന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ നമ്മൾ ഇപ്പോഴും അതിന്റെ നാലയലത്ത് എത്തിയിട്ടില്ല. നല്ല പ്രൊഫഷണൽ സംവിധാനം കേരളത്തിൽ രൂപപ്പെടുത്താനാവശ്യമായ ഏറ്റവും പ്രധാനപ്പെട്ട സംഗതി, സകലവിധ സംവിധാനങ്ങളോടും കൂടിയ നാടകശാലകളുടെ നിർമ്മാണമാണ്. അതുപോലെ, അരങ്ങവതരണങ്ങളിലൂടെ വരുമാനം നേടിയെടുക്കാനും കഴിയണം. നിരന്തരം സംസ്ഥാനത്തിന്റെ സപ്പോർട്ട് സിസ്റ്റത്തിൽ സബ്സിഡിയോടെ നാടകം കളിക്കാനുതകുന്ന നാടകശാലകൾ എല്ലാ പഞ്ചായത്തിലും നഗരസഭകളിലും രൂപം കൊള്ളണം. എന്നാൽ മാത്രമേ മലയാള നാടകവേദിക്ക് ലോക നാടക വേദിയിൽ മലയാള നാടകവേദി എന്ന അസ്തിത്വമുണ്ടാകൂ.