സമകാലിക ജീവിതസമസ്യകളോടുള്ള തീക്ഷ്ണമായ പ്രതികരണങ്ങളാണ് ഡോ. ശ്രീജിത്ത് രമണന്റെ അരങ്ങുകൾ. സാധാരണക്കാരുടെ അതിജീവനം, കാലാവസ്ഥാ വ്യതിയാനം, മിത്തുകളുടെ പുനർവായന, പെണ്ണനുഭവങ്ങൾ തുടങ്ങി നിരവധി പ്രമേയങ്ങളുടെ ചടുലമായ അരങ്ങുകളാണ് അദ്ദേഹത്തിന്റെ നാടകങ്ങൾ.
യൂജിൻ അയനസ്കോയുടെ The chairs, The Museum of Lost Pieces (ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി വിദ്യാർഥികളുടെ പങ്കാളിത്തത്തോടെ ചെയ്ത devising പ്രൊജക്റ്റ്), നീരാവിൽ പ്രകാശ് കലാകേന്ദ്രത്തിലെ വനിതകൾക്കായി ചെയ്ത തീണ്ടാരിപ്പച്ച, ജലം തിയേറ്റർ കമ്പനിയ്ക്കായി ചെയ്ത ചെവിട്ടോർമ, സ്കൂൾ ഓഫ് ഡ്രാമ & ഫൈൻ ആർട്സിനു വേണ്ടി ചെയ്ത മഹാഭാരതത്തിലെ മഞ്ഞുമൂടിയ മലകൾ, കലാകേന്ദ്രത്തിനുവേണ്ടി ചെയ്ത ഏകാന്തം എന്നീ നാടകങ്ങൾ വളരെയധികം ശ്രദ്ധയാകർഷിച്ചവയാണ്. വില്യം ഷേക്സ്പിയറിന്റെ കോമഡി ഓഫ് എറേഴ്സ് എന്ന നാടകത്തിന്റെ ആവിഷ്കാരമായ അബദ്ധങ്ങളുടെ അയ്യരുകളി എന്ന നാടകവും ശ്രീജിത്ത് രമണൻ സംവിധാനം ചെയ്തിട്ടുണ്ട്.

അവ മ്യൂസിയം പീസുകളല്ല…
ഹൈദരാബാദ് സർവ്വകലാശാല നാടക കലാവിഭാഗം അവതരിപ്പിച്ച ദ മ്യൂസിയം ഓഫ് ലോസ്റ്റ് പീസസ് എന്ന നാടകം ഡിപ്പാർട്ട്‌മെൻ്റിലെ വിസിറ്റിംഗ് ഫാക്കൽറ്റിയായ ശ്രീജിത്ത് രമണന്റെ മേൽനോട്ടത്തിൽ മൂന്നു മാസം നീണ്ട പ്രക്രിയയുടെ ഭാഗമായി വികസിച്ചുവന്നതാണ്. ചരിത്ര മ്യൂസിയത്തിൽ നിന്ന് പുറത്തുവരുന്ന മ്യൂസിയം വസ്തുക്കളോടെയാണ് നാടകം ആരംഭിക്കുന്നത്. ഒരു നടന്റെ നെഞ്ചിൽ ഭാരമുള്ള കല്ല് പൊട്ടിക്കുക, മൂക്കിലൂടെ പുക വലിക്കുക എന്നിവ ഉൾപ്പെടെയുള്ള സാഹസികതയും ഉല്ലാസകരമായ പ്രകടനങ്ങൾ പ്രേക്ഷകരെ രസിപ്പിക്കുന്നവയാണ്. ബ്ലേഡുകൾ ചവയ്ക്കൽ, ഫിലിം പാട്ടുകൾ വച്ചുള്ള നൃത്തം, ഒരു കോഴിയുടെ ലേലം എന്നിവയെല്ലാം നാടകത്തിലുണ്ട്. ഈ മ്യൂസിയം പീസുകളെല്ലാം കുറച്ച് സമയത്തേക്ക് വിനോദകരമായി തോന്നുമെങ്കിലും പതുക്കെ അവയുടെ സാരാംശം വെളിപ്പെടാൻ തുടങ്ങുന്നു. ഇവയെല്ലാം ഒരു ചരിത്ര മ്യൂസിയത്തിൽനിന്ന് പുറത്തുവന്ന് പ്രേക്ഷകരിൽ ചില ചോദ്യങ്ങളുണർത്തുകയാണ്.
ആകാശത്തിന്റെ ഒരു കീറ് മാത്രം കാണാൻ കഴിയുന്ന കിളിവാതിൽ മാത്രമുള്ള അടച്ചിട്ട മുറിയ്ക്കുള്ളിൽ ഒരാൾക്ക് എത്ര കാലം സ്വതന്ത്രനായി ജീവിക്കാൻ കഴിയും എന്ന അന്വേഷണമാണ് 'ഏകാന്തം’ എന്ന നാടകം.
ഡോ. ബി.ആർ. അംബേദ്കർ, മാർട്ടിൻ ലൂഥർ കിംഗ്, ആൻ ഫ്രാങ്ക്, ചാർളി ചാപ്ലിൻ, സുഭാഷ് ചന്ദ്രബോസ്, എന്നിങ്ങനെ നിരവധി പേർ തങ്ങളുടെ പ്രസിദ്ധമായ പ്രസംഗങ്ങളിലൂടെ വേദിയിലേക്ക് വരുന്നു. തത്സമയ സംഗീതവും റെക്കോർഡ് ചെയ്ത സംഗീതവും അൾട്രാ വയലറ്റ് ലൈറ്റുകൾ ഉൾപ്പെടെയുള്ള വെളിച്ചങ്ങളും അകമ്പടിയാകുന്നു. കേവലം മ്യൂസിയം പീസുകളായി നിൽക്കാതെ ഇവയെല്ലാം സമകാലിക ഇന്ത്യയിലെ നിരവധി പ്രശ്നങ്ങളോട് സംവദിക്കുന്നതായി നമുക്ക് അനുഭവിക്കാം.
വ്യക്തിയും അധികാരവും തമ്മിൽ
ഒരു വ്യക്തിയും സ്ഥാപനങ്ങളും തമ്മിലുള്ള സങ്കീർണ്ണമായ ബന്ധത്തെ ഹിസ് ലാസ്റ്റ് മോമന്റ്സ് എന്ന നാടകം ചിത്രീകരിക്കുന്നു. കുടുംബം, ഭരണകൂടം, അധികാരം എന്നിവയെ ഒരു വ്യക്തിയുടെ അവസാന നിമിഷത്തിലൂടെ വിവരിച്ചിരിക്കുന്നു. ഒരു വ്യക്തിയുടെ ജീവിതത്തിൽ അത്തരം അധികാര കേന്ദ്രങ്ങൾ ചെലുത്തുന്ന ലൗകിക ആശങ്കകളുടെ സങ്കീർണ്ണതകളാണ് നാടകത്തിലൂടെ അവതരിപ്പിക്കുന്നത്. വയലാ വാസുദേവൻ പിള്ള ട്രസ്റ്റാണ് അവതരണം.
ഒരാൾ, അടച്ചിട്ട മുറിയിൽ…
നീരാവിൽ പ്രകാശ് കലാകേന്ദ്രത്തിന്റെ പുതിയ നാടകമായ 'ഏകാന്തം’ ആന്റൺ ചെക്കോവിന്റെ 'ദ ബെറ്റ്' എന്ന കഥയുടെ ആഖ്യാനമാണ്. ജീവിതത്തിൽനിന്ന് മൂല്യങ്ങൾ നഷ്ടമാകുന്ന പുതിയ കാലത്ത് ഒരു ക്ളാർനെറ്റും കുറേ പുസ്തകങ്ങളുമായി ആകാശത്തിന്റെ ഒരു കീറ് മാത്രം കാണാൻ കഴിയുന്ന കിളിവാതിൽ മാത്രമുള്ള അടച്ചിട്ട മുറിയ്ക്കുള്ളിൽ ഒരാൾക്ക് എത്ര കാലം സ്വതന്ത്രനായി ജീവിക്കാൻ കഴിയും എന്ന അന്വേഷണമാണ് ഇതിവൃത്തം.

ജീവിതം ആഘോഷിച്ചു കൊണ്ടിരിക്കുന്ന കാലത്ത് കേവലം ഒരു പന്തയത്തിന്റെ പേരിൽ നാല് ചുവരുകളുടെ ബന്ധനം സ്വയംവരിച്ച യുവ അഭിഭാഷകനും സമ്പത്തിലും ആഘോഷജീവിതത്തിലും ഭ്രമിച്ച് അഭിഭാഷകന്റെ സ്വാതന്ത്ര്യം പന്തയമായി വിലയ്ക്ക് വാങ്ങുന്ന ബാങ്കറും വർത്തമാനകാല ജീവിത കാഴ്ചകളാണ്. യാഥാർഥ്യത്തിനും ഭ്രമകൽപ്പനകൾക്കുമിടയിലൂടെയും യുക്തിക്കും അയുക്തിക്കു മിടയിലൂടെയുമുള്ള ഒരു യാത്രയാണ് ഈ നാടകം. പി ജെ. ഉണ്ണികൃഷ്ണനാണ് രചന.
തീണ്ടാരിക്കാല സംഘർഷങ്ങൾ
പെണ്ണുടലിന്റെ ‘ഒളിവുജീവിതച്ചുവപ്പിന്റെ’ കത്തലാണ് ‘തീണ്ടാരിപ്പച്ച’. അനുഭവ കഥകളുടെ ആഖ്യാനം നിറഞ്ഞ ഈ നാടകം സ്ത്രീപ്രേക്ഷകരെ കൂടുതലായി ആകർഷിക്കുന്നു. ഏഴു വീട്ടമ്മമാരും 5 വിദ്യാർഥിനികളുമാണ് അരങ്ങിൽ. നീരാവിൽ പ്രകാശ് കലാകേന്ദ്രത്തിന്റെ വനിതാവിഭാഗമാണ്, തീണ്ടാരിക്കാലത്തിന്റെ ആത്മസംഘർഷങ്ങളും സാമൂഹിക അടിച്ചമർത്തലും പ്രമേയമാക്കിയത്. അരീന സങ്കൽപത്തിലുള്ള വൃത്തപ്പന്തലിലാണ് നാടകാവതരണം.
ചെവിട്ടോർമ്മ എന്ന നാടകത്തിൽ പ്രൊഫഷനൽ നടീനടന്മാർ ആരുമില്ല. പകരം, ദുരന്തം നേരിട്ടനുഭവിക്കുന്ന പെരിയാറിന്റെ തീരത്തുള്ള പുത്തൻവേലിക്കര നിവാസികളാണ് അഭിനേതാക്കൾ.
ബാല്യകാലാനുഭവങ്ങളുടെ വിഷ്വൽ ഇമേജുകളും നാടോടികലകളുടെ സന്നിവേശവും അവതരണത്തിൽ നിറയുന്നു. വേദിക്കും വസ്ത്രാലങ്കാരത്തിനും ദീപവിതാനത്തിനും ചോരയുടെ നിറം. രണ്ടു വർഷം മുൻപാണ് പെൺനാടകത്തെക്കുറിച്ച് പ്രകാശ് കലാകേന്ദ്രം, സ്കൂൾ ഓഫ് ഡ്രാമ ക്യാംപസ് ഡയറക്ടർ ശ്രീജിത്ത് രമണനോട് പറയുന്നത്. നാടകത്തിന് രണ്ടു പാട്ടുകൾ എഴുതിയ ഭാര്യ അനിതയുമായി ശ്രീജിത്ത് രമണൻ പ്രമേയത്തിന്റെ സൂക്ഷ്മതലങ്ങൾ ചർച്ച ചെയ്തു. സ്ത്രീകളുടെ വാക്കും അനുഭവങ്ങളും കോർത്തിണക്കിയ എമിൽ മാധവിയുടേതാണ് എഴുത്ത്.
ഒരു തട്ടുപൊളിപ്പൻ തമാശക്കഥ
വില്യം ഷേക്സ്പിയറിന്റെ വിശ്വപ്രസിദ്ധ നാടകമായ കോമഡി ഓഫ് എറേഴ്സ് എന്ന നാടകത്തിന്റെ സമകാലിക ആവിഷ്കാരമാണ് അബദ്ധങ്ങളുടെ അയ്യരുകളി. ഒരു തട്ടുപൊളിപ്പൻ തമാശക്കഥയായി അവതരിപ്പിക്കുന്ന ഷേക്സ്പിയറിന്റെ നാടകത്തിലെ സങ്കടകരമായ അവസ്ഥകളെ ഇന്നത്തെ ലോകസാഹചര്യത്തിൽ അവതരിപ്പിക്കുകയാണ്. പേർഷ്യൻ ചരിത്രത്തിലെ അന്നത്തെ സാഹചര്യത്തെ മനസ്സിലാക്കി ഒരു സാങ്കല്പിക കഥ നിർമ്മിക്കുകയാണ് ഷേക്സ്പിയർ ഈ നാടകത്തിൽ. കച്ചവടത്തിലൂടെയും പ്രവാസത്തിലൂടെയും നൂറ്റാണ്ടുകളായി ഏഷ്യൻ നാടകവേദിയുമായി നമുക്ക് വളരെയധികം ബന്ധമുണ്ട്. മലയാളനാടകവേദി ആ പേർഷ്യൻ നാടകവേദിയെ ഓർത്തെടുത്ത് അവതരിപ്പിക്കുന്ന ഒരു സന്ദർഭം കൂടിയായി ഈ അവതരണത്തെ കാണാം.
ദുരന്തബാധിതരുടെ സ്വന്തം അരങ്ങ്
വെള്ളപ്പൊക്കത്തിന്റെ വിനാശകരമായ പ്രത്യാഘാതങ്ങളോട് പൊരുതുന്ന ഒരു സമൂഹത്തിന്റെ ജീവിതമാണ് ചെവിട്ടോർമ്മ. 2018-ലെ വെള്ളപ്പൊക്കത്തിന്റെ ഭീകര അനുഭവങ്ങളിൽ നിന്ന് കേരളീയർ മോചനം നേടിയിട്ടില്ല. തീരദേശത്തും നദീതീരത്തും താമസിക്കുന്നവർ ഓരോ വർഷകാലവും ഇപ്പോഴും പേടിയോടെയാണ് ജീവിച്ചുതീർക്കുന്നത്. സ്വന്തം വീടുകൾ വേലിയേറ്റത്തിനിരയാവുമ്പോൾ അതിനെതിരായ പോരാട്ടമായി സ്വന്തം ജീവിതങ്ങളെ മാറ്റേണ്ടിവരുന്ന ഒരു ജനതയാണ് ഈ നാടകത്തിലുള്ളത്. ഉയർന്ന വേലിയേറ്റ വെള്ളപ്പൊക്കവും അത് ഒരു സമൂഹത്തിലുണ്ടാക്കുന്ന ആഘാതങ്ങളും പൊതുബോധത്തിലേക്ക് കൊണ്ടുവരികയാണ് ഈ നാടകം.

നാടകത്തിൽ പ്രൊഫഷനൽ നടീനടന്മാർ ആരുമില്ല. പകരം, ദുരന്തം നേരിട്ടനുഭവിക്കുന്ന പെരിയാറിന്റെ തീരത്തുള്ള പുത്തൻവേലിക്കര നിവാസികളാണ് അഭിനേതാക്കൾ. 12 അംഗ ടീമിന് നാടകത്തിനകത്തും പുറത്തുമുള്ള ജീവിതം ഏറെക്കുറെ സമാനമാണ്. പുത്തൻവേലിക്കര ഗ്രാമത്തിൽ താമസിക്കുന്ന മനുഷ്യരുടെ ജീവിതം തന്നെയാണ് ഈ നാടകം. അതിനാൽ അവർ ഈ നാടകത്തിൽ അഭിനയിക്കുകയല്ല, ജീവിക്കുക തന്നെയാണ്. തങ്ങളുടെ ദുരവസ്ഥ അഭിനയിച്ചു ഫലിപ്പിക്കാൻ അവർക്ക് ഒരു ബുദ്ധിമുട്ടുമില്ല. ഈ നാടകത്തിന്റെ രംഗവിധാനം ശ്രദ്ധേയമാണ്. വെള്ളം നിറഞ്ഞ പരന്ന ടാങ്കു പോലെയുള്ള സജ്ജീകരണമാണ് രംഗത്ത്. ഒരു ചെറിയ വാട്ടർ ടാങ്കർ സ്റ്റേജ് എന്നു പറയാം. ഇവിടേയ്ക്ക് കഥാപാത്രങ്ങൾ ഓരോരുത്തരായി കടന്നുവരുന്നു. പുത്തൻവേലിക്കര ഗ്രാമത്തിൽ വേലിയേറ്റവും ഒഴുക്കും മൂലം അവരുടെ വീടുകളിലേക്കെല്ലാം വെള്ളം കയറുന്നത് നിത്യ സംഭവമായിരിക്കുന്നു. സ്റ്റേജ് രൂപകല്പന ചെയ്തപ്പോൾ വെള്ളം നിറഞ്ഞ സ്റ്റേജ് ആണ് ഡിസൈൻ ചെയ്തത്. കാരണം ഇവിടെയുള്ള താമസക്കാരുടെ ജീവിതം സദാ വെള്ളത്തിലാണ്. അത് അവതരിപ്പിക്കാൻ വെള്ളം നിറഞ്ഞ അരങ്ങ് തന്നെയാണ് ഉചിതം. വേലിയേറ്റവും വെള്ളപ്പൊക്കവും മനുഷ്യരെ എങ്ങനെയൊക്കെയാണ് ബാധിക്കുന്നതെന്നും അതിനു ശാസ്ത്രീയമായ പരിഹാരങ്ങൾ തേടേണ്ടതാണെന്നുമുള്ള തിരിച്ചറിവിലേക്ക് ഈ നാടകം പ്രേക്ഷകരെ കൊണ്ടു ചെന്നെത്തിക്കുന്നുണ്ട്. ഈ ആശയം മറ്റു ജനങ്ങളിലേക്കും അധികാരികളിലേക്കും ചെന്നെത്തിക്കാനായി എന്നതാണ് ഈ നാടകം കൊണ്ടുള്ള പ്രധാനപ്പെട്ട പ്രയോജനം.
“ആദ്യം ഞങ്ങളുടെ വീടുകളിൽ വെള്ളപ്പൊക്കത്തിന്റെ പ്രശ്നങ്ങളുന്നയിച്ചപ്പോൾ ആളുകൾ ഞങ്ങളെ ശ്രദ്ധിച്ചില്ല. നാടകത്തിൽ പങ്കെടുത്തതിന് പലരും ഞങ്ങളെ കളിയാക്കി. ഇപ്പോൾ ആളുകൾ കൂടുതൽ ബോധവാന്മാരാണ്. അവരുടെ മനോഭാവം മാറിയിരിക്കുന്നു’’- ചെവിട്ടോർമ്മ എന്ന നാടകത്തിലെ അഭിനേതാക്കളിലൊരാളായ ശ്രദ്ധ ദിലീപ് പറയുന്നു.
“ആദ്യം ഞങ്ങളുടെ വീടുകളിൽ വെള്ളപ്പൊക്കത്തിന്റെ പ്രശ്നങ്ങളുന്നയിച്ചപ്പോൾ ആളുകൾ ഞങ്ങളെ ശ്രദ്ധിച്ചില്ല. നാടകത്തിൽ പങ്കെടുത്തതിന് പലരും ഞങ്ങളെ കളിയാക്കി. ഇപ്പോൾ ആളുകൾ കൂടുതൽ ബോധവാന്മാരാണ്. അവരുടെ മനോഭാവം മാറിയിരിക്കുന്നു’’- ഈ നാടകത്തിലെ നാല് വനിതാ അഭിനേതാക്കളിലൊരാളായ ശ്രദ്ധ ദിലീപ് പറയുന്നു. നാടകം പലരെയും ആകർഷിക്കുകയും ഉയർന്ന വേലിയേറ്റത്തിന്റെ ആഘാതങ്ങളെ കുറിച്ചുള്ള അവബോധം ഉണ്ടാക്കുവാനും ചെയ്യുന്നുണ്ടെന്ന് പ്രേക്ഷകർ പറയുന്നുണ്ട്.
ദുരിതബാധിതരുടെ ജീവിതവും അവസ്ഥയും മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുള്ള നടപടികളിലേക്ക് ഭരണകൂടത്തെ പ്രേരിപ്പിക്കാനും ഈ നാടകം കാരണമായിട്ടുണ്ട്. ലാറ്റിൻ കത്തോലിക്ക വിശ്വാസമനുസരിച്ച് മരണക്കിടക്കയിൽ കിടക്കുന്നവർ ഉച്ചരിക്കുന്ന ഒരു വാക്യമാണ് ചെവിട്ടോർമ്മ. എന്നിരുന്നാലും ഒരാൾക്ക് ഇത് ജപിക്കാൻ കഴിയാത്തത്ര അസുഖം ഉണ്ടെങ്കിൽ അത് അവരുടെ ചെവിയിൽ മന്ത്രിക്കുന്നു.
‘‘ഈ നാടകം ജനങ്ങളുടെ ചെവിയിൽ മുഴങ്ങുന്ന പ്രാർത്ഥനയാണ്. മരണം കാത്തിരിക്കുന്ന ഒരു നാട്ടിലേക്ക് ജീവൻ ശ്വസിക്കാനുള്ള ഞങ്ങളുടെ എളിയ ശ്രമം”- ഒരു അഭിനേതാവ് പറയുന്നു.

മരിച്ചുകൊണ്ടിരിക്കുന്ന ഒരു ഗ്രാമത്തിന്റെ ജീവിതം വിവരിക്കുന്നതിന്, അതിനായി സ്ഥാപിതമായ ഒരു നാടകസംഘമാണ് ജലം തിയറ്റർ കമ്പനി. തങ്ങളുടെ ആവാസവ്യവസ്ഥയിൽ വെള്ളപ്പൊക്കമുണ്ടാക്കുന്ന വേലിയേറ്റ ഭീഷണിക്കെതിരെ അതിജീവനത്തിനായി പോരാടുന്ന പ്രാദേശിക ജനതയുടെ കൂട്ടായ്മ കൂടിയാണ് ഈ തിയറ്റർ കമ്പനി. ചവിട്ടുനാടകവും വീഡിയോ പ്രൊജക്ഷനുമെല്ലാം സമർത്ഥമായി ഉപയോഗിച്ച് ജലം തിയേറ്റർ ഈ നാടകം വളരെ ദൃശ്യാത്മകമായി അവതരിപ്പിക്കുന്നു.
മഹാഭാരതം എന്ന
ഗോത്രഭാരതകഥ
ഗ്രോത ജനതയുടെ ജീവിതാവിഷ്ക്കാരങ്ങളിലൂടെ മഹാഭാരതത്തിന്റെ പറയപ്പെടാത്ത പുതിയൊരു പാഠം കണ്ടെത്താനുള്ള ശ്രമമാണ് മഹാഭാരതത്തിലെ മഞ്ഞുമൂടിയ മലകൾ എന്ന നാടകം. മഹാഭാരതത്തെ മുൻനിറുത്തി മലയാളത്തിൽ പല നാടകങ്ങളുമുണ്ടായിട്ടുണ്ട്. കെ.പി.എ.സി വിൽസന്റെ ഘടോൽക്കചൻ എന്ന നാടകത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട ഘടോൽക്കചനേയും ഹിഡുംബിയേയും പ്രധാനമായി അവതരിപ്പിച്ചിട്ടുണ്ട്. സമകാലിക ദലിത് രാഷ്ട്രീയാവസ്ഥയിൽ നിന്നുകൊണ്ടാണ് ഈ നാടകം എഴുതിയിരിക്കുന്നത്. ഊരുഭംഗം എന്ന നാടകം മഹാഭാരതത്തെ മുൻനിർത്തി ആവിഷ്ക്കരിക്കപ്പെട്ടതാണ്. ഭീമന്റെയും അശ്വത്ഥാമാവിന്റെയും പ്രാധാന്യത്തിൽ ഊന്നുന്നതാണ് ഈ നാടകം. ദൂതഘടോൽക്കചം, മധ്യമവ്യായോഗം പോലെയുള്ളവയും മഹാഭാരത നാടകങ്ങളിൽ പ്രധാനപ്പെട്ടതാണ്. പ്രശാന്ത് നാരായണൻ സംവിധാനം ചെയ്ത ഛായാമുഖിയിൽ കീചകൻ പ്രധാന കഥാപാത്രമാണ്. കീചകനെ അവതരിപ്പിച്ചതിന് ശ്രീജിത്ത് രമണന് കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നടനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്.
എഴുതി വെച്ച മഹാഭാരതകഥയിൽ നിന്ന് വ്യത്യസ്തമായ ഒരു ഗോത്ര ഭാരതകഥയായി ഇതിനെ കാണാം. നാട്ടുപറച്ചിലിലൂടെയും മഹാഭാരതത്തിന്റെ മൂലയിലേക്ക് ഒതുങ്ങിപ്പോയ കഥാപാത്രങ്ങളിലൂടേയുമാണ് ഈ നാടകം പുരോഗമിക്കുന്നത്. മഹാഭാരതം എന്ന ഇതിഹാസത്തിന് ലോകത്ത് നിരവധി പാഠങ്ങളുണ്ട്. വാമൊഴിയിലൂടെ ഓരോ ജനതയും ഓരോ കഥകളും വിശ്വാസങ്ങളുമെല്ലാം നിർമ്മിച്ചുകൊണ്ടാണ് മഹാഭാരതത്തിന്റെ ബഹുപാഠങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്. ഓരോ ജനതയും തങ്ങൾക്കിഷ്ടപ്പെട്ട കഥാപാത്രങ്ങളിലൂടെ ഓരോ കഥകളും ഉണ്ടാക്കി കൊണ്ടിരിക്കുന്നു. നിരവധി സാഹിത്യകാരരും നാടക സംവിധായകരും പുതിയ പാഠങ്ങൾ നിർമ്മിച്ചുകൊണ്ടിരിക്കുന്നു.
2016 മാർച്ചിലാണ് മഹാഭാരതത്തിലെ മഞ്ഞുമൂടിയ മലകൾ എന്ന നാടകത്തിന്റെ ആദ്യ അവതരണം തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ നടന്നത്. ഇവിടുത്തെ കാടുമൂടിയതു പോലെയുള്ള മുളങ്കൂട്ടങ്ങളും പാറകളും ഒഴിഞ്ഞ പ്രദേശങ്ങളും കുറ്റിക്കാടുകളുമെല്ലാം ഉപയോഗപ്പെടുത്തിയാണ് നാടകം അവതരിപ്പിച്ചത്. പൂർണമായും വനപ്രദേശത്തിന് സാമ്യമായ സ്ഥലങ്ങളും കാട്ടുവള്ളികളും മരങ്ങളും നിറഞ്ഞ പ്രദേശത്തെയാണ് അരങ്ങായി ഉപയോഗിച്ചിരിക്കുന്നത്. പാരിസ്ഥിതിക തിയേറ്ററിന്റെ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തിയായിരുന്നു അവതരണം. ഗോത്ര ജീവിതത്തിന്റെ സാംസ്കാരിക സവിശേഷതകൾ ഉൾക്കൊണ്ടിട്ടുള്ള ഈ നാടകം ഗോത്രകാഴ്ചപ്പാടിലൂടെയാണ് അവതരിപ്പിക്കുന്നത്.

മുമ്പ് പീറ്റർ ബ്രൂക്ക് മഹാഭാരതത്തെ അരങ്ങിലെത്തിച്ചപ്പോൾ വിവിധ രാജ്യങ്ങളിലെ അഭിനേതാക്കളെ കഥാപാത്രങ്ങളായി തെരഞ്ഞെടുക്കുകയും തുറന്ന അരങ്ങും പ്രകൃതിയുമെല്ലാം അവതരണത്തിനായി ഉപയോഗിക്കുകയും ചെയ്തിരുന്നു.
കാടിന്റെ പശ്ചാത്തലത്തിൽ ഗോത്ര ജീവിതത്തിന്റെ നടന താളവാദ്യങ്ങൾ ഉപയോഗിച്ചാണ് മഹാഭാരതത്തിലെ മഞ്ഞുമൂടിയ മലകൾ എന്ന നാടകം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഏകലവ്യനും ഘടോൽക്കചനും ഹിഡുംബിയും മറ്റു കാട്ടുവാസികളുമെല്ലാം ഗോത്രഭാഷകളിലാണ് സംസാരിക്കുന്നത്. വിദുരർ, സഞ്ജയൻ, വ്യാസൻ, പാഞ്ചാലി എന്നീ കഥാപാത്രങ്ങളുമുണ്ട്. മറ്റു മഹാഭാരത കൃതികളിൽ കേന്ദ്ര കഥാപാത്രമായിരുന്ന ശ്രീകൃഷ്ണനെ പൂർണമായി ഒഴിവാക്കിയിരിക്കുന്നു. അങ്ങനെ മഹാഭാരതത്തിലെ സ്ഥിരം മുഖ്യ കഥാപാത്രങ്ങളിൽ നിന്നു വിട്ടുമാറി രാക്ഷസരും അസുരരുമായ കഥാപാത്രങ്ങളെ മുഖ്യമായെടുത്താണ് നാടകം മുന്നോട്ടു പോകുന്നത്. അധികാരത്തിനു വേണ്ടിയുള്ള ഓട്ടത്തിൽ ഞ്ഞെരിഞ്ഞമരുന്ന ആദിവാസികളേയും സ്ത്രീകളേയും ഇതിൽ കാണാം.
നാടകത്തിന്റെ ആരംഭത്തിൽ മുപ്പതടിയോളം ഉയരത്തിലുള്ള മുളങ്കൂട്ടത്തിൽ നിന്ന് വ്യാസൻ ശ്ലോകം ചൊല്ലുന്നതു കാണാം. മുളയുടെ ഉലച്ചിലും നടന്റെ ആയാസകരമായ നിലയും ആകാശത്തിന്റെയും മുളങ്കാടിന്റെ പിന്നരങ്ങുമെല്ലാം ചേർന്ന് അയാളുടെ വാക്കുകൾ അന്തരീക്ഷത്തിൽ മുഴങ്ങുന്നു. തുടർന്ന് നാടകത്തിൽ നിരവധി രംഗങ്ങൾ അങ്ങിങ്ങായി അരങ്ങേറുന്നു. കുരു- പാണ്ഡവ കഥയുടെ മുഹൂർത്തങ്ങൾ ശരീരപെരുമാറ്റങ്ങളിലൂടെ അവതരിപ്പിക്കപ്പെടുന്നു. ആയുധാഭ്യാസവും ചൂതും വസ്ത്രാക്ഷേപവും അശ്വമേധവും വനവാസവും അരക്കില്ലവും ഹിഡുംബ വധവുമെല്ലാം സംഭാഷണരഹിതമായിത്തന്നെ അരങ്ങേറുന്നു. ഹിഡുംബിയും പാഞ്ചാലി വസ്ത്രാക്ഷേപവും ശിഖണ്ഡിയുമെല്ലാം ചരിത്രത്തെയും വർത്തമാനത്തെയും വിചാരണ ചെയ്യാൻ കരുത്താർജ്ജിക്കുന്നു. ഘടോൽകചനും അശ്വത്ഥമാവുമെല്ലാം സ്വന്തം നിയോഗങ്ങളുടെ പൂരണത്തെപ്പറ്റി വേറിട്ട് ചിന്തിപ്പിക്കാൻ പ്രലോഭിപ്പി ക്കുന്നു. കടമ, പാപം, അധികാരം തുടങ്ങിയ സമസ്യകൾ അരങ്ങിലെത്തുന്നു. കാടിന്റെ സ്വാസ്ഥ്യത്തിൽ നിന്നും നഗരത്തിന്റെ അധികാര വടം വലിയിലേക്ക് ചതിച്ചിറക്കപ്പെട്ട കാട്ടുവാസികളുടെ വിലാപമുഴക്കങ്ങൾ കുരുക്ഷേത്രച്ചോരപ്പുഴയിൽ കൂടുതൽ ദീനമായി അലയടിക്കുന്നു. നാട്ടാളരാൽ കവർന്നെടുക്കപ്പെട്ട 'ധർമ്മ' നീതികളെക്കുറിച്ച് പുതിയൊരു ബോധ്യത്തിന് ഇടമുണ്ടെന്ന് നാടകം ഓർമ്മിപ്പിക്കുന്നു. പുത്തൻ നാടകാന്വേഷണം അരങ്ങിന്റെ ഭാഷയെ ഉന്നംവച്ചുള്ളതാകുന്നു. അരങ്ങു തന്നെ വ്യാവർത്തിക്കപ്പെടുന്നതും ത്രിമാനതയുള്ളതുമായി മാറുകയാണിവിടെ. ‘‘നടനശരീരത്തിന്റെ സാധ്യതകൾ അരങ്ങിലെത്തിക്കുകയാണ് നാടകധർമ്മമെന്ന് സംവിധായകൻ വിശ്വസിക്കുന്നു. അതിനാൽ സംഭാഷണത്തെ പരമാവധി ഉപേക്ഷിക്കുകയാണെന്ന്” ഡോ. എൽ. തോമസ് കുട്ടി അഭിപ്രായപ്പെടുന്നുണ്ട്.
വാക്കുകളേയില്ലാതെ മണിക്കൂറുകളോളം ചടുലമായി നാടകം മുന്നേറുന്നതാണ് നാം കാണുന്നത്. മരക്കൊമ്പുകളിലിരുന്നത് ഇണചേരുന്നതും കാട്ടുതേൻ പങ്കുവയ്ക്കുന്നതും മരത്തിൽ നിന്ന് ഇറങ്ങുന്നതുമെല്ലാം നാടകത്തിലുണ്ട്. ഗോത്രവിഭാഗത്തിന്റെ ജീവിതം ആവിഷ്ക്കരിക്കുന്നതിലുള്ള പൂർണ്ണതയ്ക്കുവേണ്ടിയുള്ള ശാരീരിക അദ്ധ്വാനങ്ങൾ അഭിനേതാക്കൾ എടുക്കുന്നുണ്ട്. മണ്ണും തീയും വെള്ളവുമെല്ലാം അരങ്ങിൽ ഉപയോഗിക്കുന്നു.

“ആദിമമായ വേഷവിധാനങ്ങളോടെ, ഗോത്രസമൂഹത്തിന്റെ ശാരീരിക പ്രത്യേകതകളോടെ വള്ളിയിൽ തൂങ്ങിയും വേട്ടയാടിയും തീ കൂട്ടിയും തപ്പുകൊട്ടിയും പന്തമെറിഞ്ഞുമൊക്കെയാണ് നാടകത്തിലെ ക്രിയകൾ മുന്നേറുന്നത്. മഹാഭാരതത്തിലെ കഥാസന്ദർഭങ്ങൾ ആദിമ ഗോത്രജീവിതമായി പുനർജനിക്കുകയാണ് ഇവിടെ. യുദ്ധവും ചൂതാട്ടവും പാഞ്ചാലി വസ്ത്രാക്ഷേപവുമെല്ലാം വന്യവും ചടുലവുമായ ചലനങ്ങളിലൂടെ ആവിഷ്കരിക്കുന്നു. പക്ഷേ, നാഗരികമായ രാഷ്ട്ര സങ്കൽപങ്ങളുടെ അധികാരവെറിയായാണ് ഈ സംഭവങ്ങൾ വിന്യസിക്കപ്പെട്ടിരിക്കുന്നത്. ഹിഡുംബൻ, ഘടോൽക്കചൻ തുടങ്ങിയ ആദിമരെ വേട്ടയാടി വശപ്പെടുത്തി രാജമാൽസര്യങ്ങളുടെ കുരുതിക്കളത്തിൽ കൊലപ്പെടുത്തുന്നതിന്റെ സൂചനകൾ നാടകത്തിലുണ്ട്.
ഹിഡുംബി, ഘടോൽക്കചൻ, ഏകലവ്യൻ തുടങ്ങിയ കാനനവാസികൾ ഈ നാടകത്തെ നിർണ്ണയിക്കുന്നവരായിത്തീരുന്നുണ്ട്. മഹാ ഭാരതത്തിന്റെ മുഖ്യധാരാ വ്യാഖ്യാനങ്ങളിൽ പുറന്തള്ളപ്പെട്ടുപോയ രാക്ഷസരും അസുരപ്രകൃതരും നാടകത്തിൽ പ്രധാനഭാഗം അഭിന യിച്ചു തീർക്കുന്നു. ഏകലവ്യനിൽനിന്ന് രോഹിത് വെമൂലയിലെത്തുന്ന സമകാലികതയാണ് ഈ നാടകത്തെ രാഷ്ട്രീയ പ്രക്ഷുബ്‌ധതയുടെ യാഥാർത്ഥ്യത്തിൽ നിലനിർത്തുന്നത്”- വി.ഹിക്മത്തുള്ള അഭിപ്രായപ്പെടുന്നു. (2019:106).

ഹിംഡുബിയുടേയും ഭീമസേനന്റെയും രംഗങ്ങൾ നാടകത്തെ ചടുലമാക്കുന്നുണ്ട്. കുന്തിയും അഞ്ചുമക്കളും സ്വരക്ഷയ്ക്കായി ദളിതരായ അമ്മയേയും അവരുടെ അഞ്ചു മക്കളേയും തന്ത്രപൂർവ്വം അരക്കില്ലത്തിൽ എത്തിച്ച് അവരെ അഗ്നിക്കു കൊടുത്ത് രക്ഷപ്പെടുന്ന രംഗം വർത്തമാനകാലത്തെ ദലിത് രാഷ്ട്രീയവുമായൊക്കെ ബന്ധപ്പെടുത്തി വായിക്കേണ്ടതാണ്. മഹാഭാരതത്തിന്റെ ഏകാത്മകസ്വരത്തിനു പകരം ബഹുസ്വരതയെ തേടുവാനാണ് ഈ നാടകം ശ്രമിക്കുന്നത്. മഹാഭാരതത്തിലെ അറിയപ്പെടാതിരുന്ന കഥാപാത്രങ്ങളിലൂടെ വർത്തമാനകാല ഇന്ത്യൻ ഗോത്രരാഷ്ട്രീയത്തിന്റെ സംവാദങ്ങളിലേക്കാണ് ശ്രീജിത്ത് രമണന്റെ മഹാഭാരതത്തിലെ മഞ്ഞുമൂടിയ മലകൾ എന്ന നാടകം സഞ്ചരിക്കുന്നത്.
▮
ഗ്രന്ഥസൂചി:
ഷാജി വലിയാട്ടിൽ (എഡിറ്റർ), 2020, രംഗസംവാദങ്ങൾ - നാടക പഠനങ്ങളും അഭിമുഖങ്ങളും, ദളിതമഹാഭാരതം, (ഡോ. എൽ. തോമസുകുട്ടി), പൂർണ പബ്ലിക്കേഷൻസ്, കോഴിക്കോട്.
ഹസ്ക്കറലി ഇ.സി. (എഡിറ്റർ), 2019, ആദിവാസി ഭാഷ -സംസ്കാരം, ഗോത്ര ജീവിതവും മലയാള നാടകവും: ശ്രീജിത് രമണന്റെ മഹാഭാരത നാടകത്തെ ആലോചിക്കുന്നു (വി. ഹിക്മത്തുള്ള), സാഹിത്യ അക്കാദമി, ന്യൂദൽഹി.