പീറ്റർ ബ്രൂക്ക്. / Photo : Douglas H Jeffery, Victoria and Albert Museum, London

തിയേറ്റർ സിവിലൈസേഷന്റെ
​പീറ്റർ ബ്രൂക്ക്​ കാലം

ഒരു സംവിധായകന്റെ കാഴ്ചപ്പാടും വ്യക്തിപരമായ വ്യാഖ്യാനങ്ങളും കാണികളിൽ അടിച്ചേൽപ്പിക്കുന്നതിനുപകരം, പീറ്റർ ബ്രൂക്ക്​ സ്വയം തുറന്നുവെച്ചു. പലതരം സംസ്‌കാരങ്ങളിൽ നിന്നും പലതരം മൂല്യബോധങ്ങളിൽ നിന്നും രൂപപ്പെടുന്ന പലതരം വ്യാഖ്യാനങ്ങൾ നടത്താൻ കാണികളെ തുറന്നുവിട്ടു.

നുഷ്യനിലനിൽപ്പിന്റെ ദൃശ്യതയ്ക്കും അദൃശ്യതയ്ക്കും നേരെ പിടിച്ച ഒരു മുഴുക്കണ്ണാടിയായിരുന്നു പീറ്റർ ബ്രൂക്കിന്റെ തിയറ്റർ. ലോകത്തെക്കുറിച്ചും സ്വന്തം ജീവിതത്തെക്കുറിച്ചും പുനർവിചിന്തനം ചെയ്യാൻ ബ്രൂക്കിന്റെ തിയറ്റർ ആവിഷ്‌കർത്താക്കളേയും കാണികളേയും ഒരുപോലെ വെല്ലുവിളിച്ചു.

ക്ലാസിക്കൽ ഇന്ത്യൻ തിയേറ്ററിലെ നാഴികക്കല്ലായിരുന്നു പീറ്റർ ബ്രൂക്കിന്റെ മഹാഭാരതം. ഞാനത് സിനിമയായി കണ്ടിട്ടുണ്ട്. 1980കളുടെ അവസാനം, പഠിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് മഹാഭാരതം ഇറങ്ങുന്നത്.
അതൊരു ട്രെൻഡ്‌സെറ്ററായിരുന്നു. അതേസമയം, വിമർശനാത്മകമായും അതിനെ നോക്കിക്കാണാൻ പറ്റിയിരുന്നു. മഹാഭാരതത്തെ എടുത്ത് ഒരു അന്താരാഷ്ട്ര കാസ്റ്റിങ്ങിലേക്കാക്കിയ ആദ്യ ഡയറക്ടറായിരിക്കാം പീറ്റർ ബ്രൂക്ക്. പിന്നീട് പലരും പല രീതികളിലും ഇന്റർനാഷണൽ കാസ്റ്റിങ്ങ് നടത്തിയിട്ടുണ്ട്. പക്ഷെ ബ്രൂക്കാണ് അതിന് തുടക്കമിട്ടത്.

പീറ്റർ ബ്രൂക്കിൻറെ മഹാഭാരതത്തിൽ നിന്ന്

തിയറ്ററിനെ ആഗോളതലത്തിൽ അറിയുക എന്നുപറയുന്ന സംഗതിയുണ്ട്. ആഫ്രിക്കയിൽ നിന്നും ഇംഗ്ലണ്ടിൽ നിന്നും ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമുള്ള ആക്​ടർമാർ, കളർ സ്‌പെസിഫിക്കായ കാസ്റ്റിങ്, അങ്ങനെ പലതും. ഒരു ഇതിഹാസത്തെ ലോകതലത്തിലേക്കാക്കുകയാണ്. ലോകസംസ്‌കാരത്തെക്കൂടി പരിഗണിച്ചുകൊണ്ടാണ് അതിനായി കാസ്റ്റിങ് ചെയ്യുന്നത്. ഓരോ പ്രദേശത്തിന്റെയും ചരിത്രവും സംസ്‌കാരവും മനസ്സിലാക്കിക്കൊണ്ടാണ് ആ നാടകം ഉണ്ടാക്കുക.

ഇംഗ്ലണ്ടിൽ പഠിക്കുമ്പോൾ ബ്രൂക്കിന്റെ മഹാഭാരതം കണ്ടവർ അവരുടെ അനുഭവം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. രാവിലെ സൂര്യനുദിക്കുമ്പോഴാണ് ഈ നാടകം അവസാനിക്കുന്നത്. ഒരു പർവതത്തിന്റെ മുകളിൽ സൂര്യൻ ഉദിക്കുന്നതും ആക്​ടർമാരെല്ലാം സ്വർഗത്തിൽ പോകുന്നതും. അതേസമയം, അവർ തിരിച്ചുവന്ന് പ്രേക്ഷകർക്കൊപ്പം ഇരിക്കുന്നതും, സ്വർഗം പ്രേക്ഷകർ തന്നെയാകുന്നതും. ഇതെല്ലാം ഞാൻ ആദ്യമായി കേട്ടത് ബ്രൂക്കിന്റെ മഹാഭാരതം കാണികൾക്ക് നൽകിയ ഇംപ്രഷനിൽ നിന്നും അനുഭവങ്ങളിൽ നിന്നുമാണ്. അതെന്നെ പിന്നീട് ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്​. ഞാൻ പിന്നീട് ‘സാകേത'വും സി.എൻ. ശ്രീകണ്ഠൻ നായരുടെ ‘ലങ്കാലക്ഷ്മി'യുമൊക്കെ ചെയ്തപ്പോൾ എന്റെ നാടകങ്ങളെ ഏറ്റവും സ്വാധീനിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്ത സംവിധായകൻ ബ്രൂക്കായിരുന്നു. ഒരു ബക്കറ്റ് ഓഫ് റെഡ് കളർ എടുത്ത്​ അതിൽ കുളിക്കുന്നതാണ് സിംബോളിക് മെറ്റഫറായി മരണത്തെ കാണിക്കുന്നത്. ഒരു ക്ലാസിക് എന്തായിരിക്കണം എന്നതിന്റെ സൂചനകളാണത്. അങ്ങനെയാണത് അനുഭവിപ്പിക്കുന്നത്.

യൂറോപ്പ് റിയലിസത്തിൽ കിടക്കുമ്പോഴാണ് ഇതുപോലെയൊരു പ്രൊഡക്ഷൻ ഓപ്പണായി വരുന്നത്. അത് ഞങ്ങളുടെ തലമുറയ്ക്ക് ഒരു വിപ്ലവം മാത്രമല്ലായിരുന്നു. അതിന്റെ രാഷ്ട്രീയ സാഹചര്യങ്ങളെല്ലാം ആ സമയത്ത് ഞങ്ങൾ ഒരുപാട് സംസാരിച്ചിട്ടുണ്ട്. അതിനോട് വിമർശനാത്മകമായ ധാരാളം കാഴ്ചപ്പാടുകളും ഉണ്ടായിട്ടുണ്ട്. ഒരു തിയറ്റർ പെർഫോമൻസിന്റെ സമയരീതിയെ, അതായത് രണ്ടര മണിക്കൂർ, മൂന്ന് മണിക്കൂർ, ഒന്നര മണിക്കൂർ ഷോ എന്ന പരമ്പരാഗത രീതിയെ പൊളിച്ചുകളഞ്ഞ് തുടർച്ചയായി ഒമ്പത് മണിക്കൂറിന്റെ ഷോ ഉണ്ടാക്കുകയാണ്. എന്നുപറഞ്ഞാൽ രാത്രി മുഴുവനിരുന്ന് കാണുന്ന നാടകം. ഞാൻ സിനിമയേ കണ്ടിട്ടുള്ളൂ.

ജീവിതത്തിലും കലയിലും വ്യക്തിപരതയ്ക്കപ്പുറം പോകേണ്ടതിന്റെ ആവശ്യം എത്രത്തോളമുണ്ട് എന്നത് തന്റെ തിയറ്റർ യാത്രയിലുടനീളം ബ്രൂക്ക് നിരന്തരം പറയുകയും അനുഭവിപ്പിക്കുകയും ചെയ്ത ആശയമായിരുന്നു. ഒരു സംവിധായകന്റെ കാഴ്ചപ്പാടും വ്യക്തിപരമായ വ്യാഖ്യാനങ്ങളും കാണികളിൽ അടിച്ചേൽപ്പിക്കുന്നതിനുപകരം സ്വയം തുറന്നുവെച്ചു. പലതരം സംസ്‌കാരങ്ങളിൽ നിന്നും പലതരം മൂല്യബോധങ്ങളിൽ നിന്നും രൂപപ്പെടുന്ന പലതരം വ്യാഖ്യാനങ്ങൾ നടത്താൻ കാണികളെ തുറന്നുവിട്ടു.

പീറ്റർ ബ്രൂക്ക് ഇതിഹാസങ്ങളിൽ വർക്ക് ചെയ്യുന്ന ആളാണ്. ഒരുപാട് യാത്ര ചെയ്ത മനുഷ്യനുമാണ്. യാത്രകളിലൂടെയാണ് അദ്ദേഹം മഹാഭാരതത്തിൽ ആകൃഷ്ടനായതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. മഹാഭാരതത്തിനുമുമ്പത്തെ പ്രൊജക്റ്റ് അദ്ദേഹം ചെയ്തത് ആഫ്രിക്കയിലായിരുന്നു. കുറേക്കാലം ആഫ്രിക്കയിൽ താമസിച്ച് ഉണ്ടാക്കിയ പ്രൊജക്റ്റായിരുന്നു. അത് കഴിഞ്ഞാണ് മഹാഭാരതം ഉണ്ടാകുന്നതെന്നാണ് എനിക്കുതോന്നുന്നത്.

തിയറ്ററിനെ ഫിലോസഫിക്കലായി ആഴത്തിൽ മനസ്സിലാക്കിയിരുന്നു എന്നതാണ് അദ്ദേഹത്തിന്റെ ക്വാളിറ്റി. അത് അദ്ദേഹത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും കാണാം. വെറുതെ ഓടിക്കളിക്കുന്ന ആക്ടേഴ്‌സില്ല.

പീറ്റർ ബ്രൂക്കിന്റെ ഞാൻ കണ്ട ഒരു പ്രൊഡക്ഷനുണ്ട്, സാമുവൽ ബെക്കറ്റിന്റെ ഹാപ്പി ഡെയ്‌സ്. 1990കളുടെ അവസാനം ഇംഗ്ലണ്ടിൽ ഹാപ്പി ഡെയ്‌സ് അവതരിപ്പിച്ചിരുന്നു. അത് നല്ല ഓർമയുള്ള ഒരു പ്രൊഡക്ഷനാണ്. കാരണം, അത് കാണാൻ ആദ്യം പോയപ്പോൾ ടിക്കറ്റ് കിട്ടിയില്ല. ടിക്കറ്റുവില കൂടുതലായിരുന്നത് വിദ്യാർഥികളായ ഞങ്ങൾക്ക് ബുദ്ധിമുട്ടുമായിരുന്നു. പക്ഷെ പീറ്റർ ബ്രൂക്ക് എന്ന വലിയൊരു സ്റ്റാർ ഡയറക്ടറുടെ പ്രൊഡക്ഷൻ ഇംഗ്ലണ്ടിൽ വന്നപ്പോൾ ഞങ്ങൾക്കത് കാണണമായിരുന്നു. മൂന്നു ദിവസത്തെ ഷോയായിരുന്നു ആദ്യം വെച്ചിരുന്നത്. പിന്നീട് ഷോ ഭയങ്കരമായി പോപ്പുലറാവുകയും ഒരുപാട് ആളുകൾക്ക് കാണാൻ പറ്റാതിരിക്കുകയും ചെയ്തതുകൊണ്ട് ഒരു മാസം കൂടി ഉണ്ടാകുമെന്ന് അനൗൺസ് ചെയ്തു. അതുകൊണ്ട് വിദ്യാർഥികൾക്കും കാണാൻ പറ്റി. ഇംഗ്ലണ്ട് എഡ്യുക്കേഷൻ ഫ്രൻറ്​ലിയായ രാജ്യമാണ്. ഇതുപോലെയുള്ള നല്ല സംഗതികൾക്കെല്ലാം വിദ്യാർഥികൾക്ക് കൺസഷൻ കൊടുക്കും. വിദ്യാർഥികൾ അവ കാണണമെന്ന ഉദ്ദേശ്യം കൊണ്ടുതന്നെയാണ് ഇളവുകൊടുക്കുന്നത്. അങ്ങനെ വിദ്യാർഥികൾക്ക് ഡിസ്‌കൗണ്ട് ലഭിച്ചപ്പോൾ ഞങ്ങളെല്ലാവരും നാടകം കണ്ടു. അത്​ വലിയൊരു അനുഭവമായിരുന്നു. ബ്രൂക്കിന്റെ ഭാര്യ നടാഷയാണ് അതിൽ പ്രധാന വേഷം ചെയ്തത്. തുടക്കം മുതൽ അവസാനം വരെ ഒരു സ്ത്രീ ഒരു കുട പിടിച്ചു നിൽക്കുകയാണ്. നല്ല രീതിയിലുള്ള ഡയലോഗുകളും റെൻഡറിങ്ങും. തിയറ്ററിനെ ഫിലോസഫിക്കലായി ആഴത്തിൽ മനസ്സിലാക്കിയിരുന്നു എന്നതാണ് അദ്ദേഹത്തിന്റെ ക്വാളിറ്റി. അത് അദ്ദേഹത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും കാണാം. വെറുതെ ഓടിക്കളിക്കുന്ന ആക്ടേഴ്‌സില്ല. ഭയങ്കര സ്റ്റാറ്റിക്കായ ഒരു നാടകമായിരുന്നു. ചെറിയ ചില മൂവ്‌മെൻറുകളും വലിയ പോസുകളും. ഒന്നര മണിക്കൂറായിരുന്നു സമയം, പക്ഷേ ആ സമയമത്രയും നമ്മളെ പൂർണമായും പിടിച്ചിരുത്തും. വല്ലാത്തൊരു ക്ലാസിസിസം അദ്ദേഹത്തിന്റെയുള്ളിലുണ്ടായിരുന്നു. നിലനിന്നിരുന്ന എല്ലാ സ്ട്രക്‌ചേഴ്‌സിനെയും പീറ്റർ ബ്രൂക്ക് വെല്ലുവിളിച്ചു. അതദ്ദേഹം നിരന്തരം ചെയ്തിരുന്ന ഒരു സംഗതി കൂടിയായിരുന്നു. റെഗുലറായ ഒരു സ്ട്രക്ചറിലല്ല അദ്ദേഹം തിയറ്റർ ചെയ്തിരുന്നത്. കൃത്യമായ പൊളിറ്റിക്കൽ- സോഷ്യൽ കോൺടെക്സ്റ്റിനകത്തുവെച്ച് സമകാലികമായി, ആ സമയത്ത് എന്താണ് ആവശ്യം എന്നതിനനുസരിച്ചാണ് കൈകാര്യം ചെയ്തിരുന്നത്.

ലോകത്തിലെ മോഡേൺ കണ്ടംപററി അവാങ്ങ്ഗാദ് തിയേറ്ററിലെ ഏറ്റവും പ്രധാന പുസ്തകങ്ങളിലൊന്നാണ് പീറ്റർ ബ്രൂക്കിന്റെ എംപ്റ്റി സ്​പെയ്​സ്​. അതിൽ അതിപ്രശസ്തമായ ഒരു വാചകമുണ്ട്, ‘I can take any empty space and call it a bare stage. A man walks across this empty space whilst someone else is watching him, and this is all is for an act of theatre to be engaged'. അദ്ദേഹം പറഞ്ഞത്​, തിയേറ്റർ എന്നു പറയുന്നത് ഒരു ഒഴിഞ്ഞ ഇടമാണ്. ഒരു മനുഷ്യൻ നടന്നുപോകുമ്പോൾ വേറെ മനുഷ്യൻ അത് കാണുന്നു, അവിടെ തിയേറ്റർ ജനിക്കുന്നു. ഇത്രയും ബേസിക്കാണ് തിയേറ്റർ. അതിൽ നിന്നാണ് പെർഫോമൻസ് സ്റ്റഡീസ് എന്ന ഒരു വലിയ സബ്ജക്റ്റ് തുടങ്ങുന്നത്. പെർഫോമൻസ് സ്റ്റഡീസ് ഒരുപാട് യൂണിവേഴ്‌സിറ്റികളിലുണ്ട്. പെർഫോമൻസ് ആർട്ടുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനം, ബ്രൂക്കിന്റെ ഈ പുസ്തകത്തിലാണ്.

ബ്രൂക്ക് ഒരു ഫിലോസഫറും വിഷനറിയും മാത്രമല്ല, അദ്ദേഹത്തിന്റെയുള്ളിൽ മിനിമലിസ്റ്റായ രീതിയിൽ ലോകത്തെ കാണുന്ന ഒരാൾ കൂടിയുണ്ട്. ആവശ്യമുള്ള സംഗതികൾ മാത്രം സ്റ്റേജിൽ കൊണ്ടുവരിക.

മോഡേണിസത്തെക്കുറിച്ച് പറയുമ്പോൾ, സ്റ്റാൻസ്ലാവ്‌സ്‌കിയുടെ തിയറികളെക്കുറിച്ചും ഗ്രോട്ടോവ്‌സ്‌കിയെക്കുറിച്ചും
ചർച്ച ചെയ്യുമ്പോൾ, അതിനു തുല്യമായാണ് ബ്രൂക്കിനെക്കുറിച്ചും ചർച്ച ചെയ്യുന്നത്. ഗ്രോട്ടോവ്‌സ്‌കിയുടെ കൂടെ ബ്രൂക്ക് ചെയ്ത ഇന്റർവ്യൂകൾ, ഗ്രോട്ടോവ്സ്‌കിയുടെ Towards a Poor Theatre എന്ന പുസ്തകത്തിന് ബ്രൂക്ക് എഴുതിയ ആമുഖം. ഇതെല്ലാം ടെക്​സ്​റ്റ്​ ബുക്ക്‌സ് പോലെയാണ് ഞങ്ങൾ തിയേറ്റർ പ്രവർത്തകർക്ക്.

തിയററ്റിക്കൽ ജാർഗൺസ് ഇല്ലാതെയാണ് ബ്രൂക്ക് എഴുതുന്നത്. സാധാരണക്കാരുടെ ഭാഷയിൽ. ആ പുസ്തകം വായിക്കുമ്പോൾ തിയേറ്റർ പ്രാക്റ്റീഷണർ എന്ന നിലയ്ക്ക് നമ്മളെ അത് സ്വാധീനിക്കും. അദ്ദേഹം എഴുതുന്നത് തിയറിയാണ്. പക്ഷെ സാധാരണക്കാരുടെ ഭാഷയിൽ എഴുതുമ്പോൾ നമ്മളെ എല്ലാവരെയും അത് കണക്റ്റ് ചെയ്യും. ബ്രൂക്ക് ഒരു ഫിലോസഫറും വിഷനറിയും മാത്രമല്ല, അദ്ദേഹത്തിന്റെയുള്ളിൽ മിനിമലിസ്റ്റായ രീതിയിൽ ലോകത്തെ കാണുന്ന ഒരാൾ കൂടിയുണ്ട്. ആവശ്യമുള്ള സംഗതികൾ മാത്രം സ്റ്റേജിൽ കൊണ്ടുവരിക. അതും അത്യാവശ്യമാണെങ്കിൽ മാത്രം. ഇല്ലെങ്കിൽ മനുഷ്യർ മാത്രമാണ് അവിടെ നിൽക്കുന്നത്. അവർ തമ്മിൽ കമ്യൂണിക്കേഷൻ നടക്കും. മിനിമം ടെക്നോളജിയാണ് ഉപയോഗിക്കുന്നത്. അതേസമയം, നാടകം കാണുമ്പോൾ ടെക്‌നിക്കലി പെർഫെക്റ്റുമായിരിക്കും. അദ്ദേഹത്തിന്റെ ഗ്രൂപ്പിലെ ആക്ടേഴ്‌സ് പല റേഞ്ചിലാണ് വർക്ക് ചെയ്തിരുന്നത്.

‘ഫ്രാഗ്​മെൻറ്​സ്​’ ആണ്​ ഞാൻ കണ്ട ബ്രൂക്കിന്റെ മറ്റൊരു വർക്ക്. അതും സാമുവൽ ബെക്കറ്റിന്റെ തന്നെയാണ്. 2009-ൽ ഗ്രോട്ടോവ്‌സ്‌കിയുടെ ശതാബ്ദി ആഘോഷത്തിലായിരുന്നു അത്​, ഗ്ലാസ്ഗോവിൽ വെച്ച്. അന്ന് പീറ്റർ ബ്രൂക്കിന്റെ പ്രസംഗമുണ്ടായിരുന്നു. അന്ന് ബ്രൂക്ക് ഓൺ ബ്രൂക്ക് എന്ന ഒരു സിനിമയും കണ്ടിരുന്നു. പീറ്റർ ബ്രൂക്കിനെക്കുറിച്ച് അദ്ദേഹത്തിന്റെ മകൻ തന്നെ ചെയ്തതാണ് ഈ സിനിമ. ബ്രൂക്ക് സ്റ്റേജിൽ വന്ന് സംസാരിച്ചത് ഞാൻ ഒരിക്കലും മറക്കില്ല. ആ സംസാരം കഴിഞ്ഞാണ് ഞങ്ങൾ നാടകം കണ്ടത്. ഏകദേശം ഒന്നൊന്നര മണിക്കൂർ സമയത്തെ ഇന്ററാക്ഷനായിരുന്നു അദ്ദേഹം നടത്തിയത്. ഇന്ത്യയിൽനിന്ന് ഞാനും ഒരു മഹാരാഷ്ട്രക്കാരനുമടക്കം രണ്ടുപേരാണ് ആ പരിപാടിയിൽ ഡെലിഗേറ്റ്‌സായി പങ്കെടുത്തിരുന്നത്. ഞങ്ങൾക്ക് ആ സമയത്ത് അവിടെ ഇരിക്കാനും അദ്ദേഹത്തിന്റെ സംസാരം കേൾക്കാനും ഭാഗ്യമുണ്ടായി. തിയേറ്റർ ഹിസ്റ്ററിയാണ് ബ്രൂക്ക് അന്ന് പറഞ്ഞത്.

പോപ്പുലർ - കമേഴ്‌സ്യൽ തിയേറ്റിന്റെ ഭാഗമായാണ് അദ്ദേഹം തിയറ്ററിലേക്ക് വരുന്നതും തിയറ്റർ ചെയ്ത് തുടങ്ങുന്നതും. അദ്ദേഹത്തിന്റെ മുപ്പതുകളിൽ. അതെക്കുറിച്ചാണ് സംസാരിച്ചത്. 2009 എന്നു പറയുമ്പോൾ അദ്ദേഹത്തിന്റെ പ്രായം 80 കളുടെ അവസാനത്തിലാണ്. Evoking Shakespeare എന്ന ബ്രൂക്കിന്റെ ചെറിയൊരു പുസ്തകമുണ്ട്. അതിലദ്ദേഹം ഇതിനെക്കുറിച്ച് എഴുതിയിട്ടുമുണ്ട്. തിയേറ്ററിൽ ഡയറക്ഷൻ എന്നുപറയുന്നത് ഒരു കലയാണ്. ആ കല, പലപ്പോഴും നമ്മൾ വിചാരിക്കും ഭയങ്കര പ്രധാനമാണെന്ന്. പക്ഷെ ഇനി വരാൻ പോകുന്ന കാലത്ത് ഡയറക്ടർ എന്നുപറയുന്ന ആൾ അപ്രത്യക്ഷമാകാൻ സാധ്യതയുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്. തിയേറ്ററിന് വളരെ ദീർഘമായ ചരിത്രമുണ്ട്, സിനിമ പോലെയല്ല. അദ്ദേഹം എപ്പോഴും പറയാറുണ്ട്, സിനിമാ സംവിധായകനാകാൻ വേണ്ടിയാണ് താൻ തിയേറ്ററിൽ വന്നതെന്ന്. ഒരുപാട് സിനിമകളും ഉണ്ടാക്കിയിട്ടുണ്ടെങ്കിലും തിയേറ്ററായിരുന്നു എന്നും അദ്ദേഹത്തിന്റെ താത്പര്യം നിലനിർത്തിയിരുന്നത്.

സിനിമയിൽ ഡയറക്ടർമാർ നിൽക്കുമായിരിക്കും, പക്ഷെ തിയേറ്ററിൽ ഡയറക്ടർമാർ ഇല്ലാതാകാൻ സാധ്യതയുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. തിയറ്റർ അതിന്റെ അടിസ്ഥാന രൂപത്തിലേക്ക് തിരിച്ചുപോവും. തിയേറ്റർ മനുഷ്യനെയാണ് കണക്കാക്കുന്നത്. അതൊരു ഗ്രൂപ്പ് ആക്റ്റിവിറ്റിയാണ്.

തിയേറ്ററിൽ പല കാലങ്ങളിലായി പല സെഗ്മെൻറ്​സും സിവിലൈസേഷനുകളും​ വന്നിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. നൂറോ ഇരുനൂറോ കൊല്ലമല്ല, തിയേറ്ററിന് ഒരുപാട് നൂറ്റാണ്ടുകാലത്തെ ചരിത്രമുണ്ട്. തിയേറ്ററിന് മാറ്റങ്ങൾ വന്നിട്ടുണ്ട്, എണ്ണമറ്റ പ്രൊഫഷണൽസ് വന്നുപോയിട്ടുണ്ട്. സിനിമയിൽ ഡയറക്ടർമാർ നിൽക്കുമായിരിക്കും, പക്ഷെ തിയേറ്ററിൽ ഡയറക്ടർമാർ ഇല്ലാതാകാൻ സാധ്യതയുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. തിയറ്റർ അതിന്റെ അടിസ്ഥാന രൂപത്തിലേക്ക് തിരിച്ചുപോവും. തിയേറ്റർ മനുഷ്യനെയാണ് കണക്കാക്കുന്നത്. അതൊരു ഗ്രൂപ്പ് ആക്റ്റിവിറ്റിയാണ്. സാമൂഹിക സമതയ്ക്കുവേണ്ടിയുള്ള ആക്റ്റിവിറ്റിയാണ്. ഒരു സമയത്താണ് ലീഡർഷിപ്പിനുവേണ്ടി ഡയറക്ടറുടെ ആവശ്യം വന്നത്. അതിനുമുമ്പ് സ്റ്റേജ് മാനേജരായിരുന്നു ഡയറക്ടർ. അല്ലെങ്കിൽ ഏതെങ്കിലും സീനിയർ പേഴ്‌സണായിരുന്നു, ഗ്രൂപ്പിനെ മാനേജ് ചെയ്തിരുന്നത്, ഡയറക്ടർ എന്ന് പറയാനാകില്ല. കാലാകാലങ്ങളായി അങ്ങനെയായിരുന്നു. ഇപ്പോൾ അതിനെ ഡയറക്ടർ എന്നു പറയുന്നു.

പീറ്റർ ബ്രൂക്ക് പറഞ്ഞ രസകരമായ ഒരു കഥയുണ്ട്. ബ്രൂക്കും അദ്ദേഹത്തിന്റെ തത്വചിന്തകനും ദീർഘദർശിയുമായ അധ്യാപകനും കൂടി ഒരു സിനിമ കാണാൻ പോയി. സിനിമ കാണുന്ന സമയത്ത് അവർ തമ്മിൽ സംസാരിച്ചു. അതൊരു റഷ്യൻ സിനിമയായിരുന്നു. ഒരു കർഷകൻ വരുന്നു. അവിടെ മണ്ണൊക്കെ ചിതറിക്കിടക്കുകയാണ്, വെള്ളവുമുണ്ട്. അതിനകത്ത് നടന്നുനടന്ന് പോകുന്നു. ആദ്യം ഒരു ലോങ് ഷോട്ട്, പിന്നെ ക്ലോസ് ഷോട്ട്, പിന്നെ ടോപ് ഷോട്ട്, പിന്നെ താഴെ കാലുകളുടെ ഷോട്ട്. വീണ്ടും ഒരു ലോങ് ഷോട്ടിൽ നടന്നുപോകുന്നു. ഇത്രയേയുള്ളൂ സിനിമ. ചെറിയ സിനിമകളായിരുന്നല്ലോ അന്ന്. സിനിമ ആർട്ടായി മാറിക്കൊണ്ടിരിക്കുന്ന സമയം. സിനിമ സയന്റിസ്റ്റുകളുടെ കൈയിലായിരുന്നു. അതിൽ ചെറിയ നരേറ്റീവ് ഇട്ടുനോക്കുന്ന സമയമാണ്. ലെൻസൊക്കെ ഡെവലപ് ചെയ്യുന്ന സമയം. എഡിറ്റർ വന്നുകഴിഞ്ഞിട്ടാണല്ലോ സിനിമ സിനിമയാകുന്നത്.

അദ്ദേഹം പറഞ്ഞത്, തിയേറ്ററിൽ നാടകം കണ്ടുകൊണ്ടിരിക്കുമ്പോൾ, മനുഷ്യൻ മനസ്സിൽ ചെയ്യുന്ന സംഗതിയാണ് ഇന്ന് ടെക്‌നോളജി സിനിമയിലൂടെ ചെയ്തുകൊടുക്കുന്നത്. ഒരു ആക്ടർ സ്റ്റേജിൽ ഭയങ്കരമായി കരയുമ്പോൾ പിന്നിലിരിക്കുന്നയാൾക്ക് അതിന്റെ ക്ലോസപ്പ് വരെ കാണാം. ഏറ്റവും പിന്നിലിരിക്കുന്നയാളും ചിലപ്പോൾ കൂടെ കരഞ്ഞുപോകും. ചിലപ്പോൾ ആ കണ്ണീരും കാണാൻ പറ്റും. പലപ്പോഴും കണ്ണിന്റെ ഫോക്കസിലൂടെ മാത്രമല്ല, അതിലൊരു ഇമാജിനേഷൻ കൂടിയുണ്ട്. ആ സംഗതി പ്രേക്ഷകർക്ക് ടെക്‌നോളജി ചെയ്തുകൊടുക്കുന്നു. സിനിമയില്ലാത്ത സമയം വരെ മനുഷ്യൻ അത് തന്നെത്താൻ ഭാവനയിൽ ചെയ്തു. അവസാനം ഇരിക്കുന്ന ആളും ഭയങ്കരമായി ഇമോഷണലി കണക്ടഡാകും. അവർക്കും എല്ലാം ക്ലോസപ്പിൽ കാണാനാകും. അവരുടെ മനസ്സ് വെച്ചാണ് അത് കണക്ടാകുന്നത്. ആ ഒരു സംഗതിയാണ് സിനിമ ചെയ്തുകൊടുക്കുന്നത്. അപ്പോൾ തിയേറ്ററിലും ഇത് ചെയ്യണമെന്ന് മനുഷ്യൻ പ്രതീക്ഷിക്കാൻ തുടങ്ങും. തിയേറ്ററിന് അങ്ങനെ ചെയ്യാൻ പറ്റില്ല. തിയേറ്ററിന് തിയേറ്റർ തന്നെയെ ചെയ്യാവൂ. തിയേറ്റർ സിനിമയാകുന്ന സമയം വന്നിരുന്നു. പക്ഷെ തിയേറ്റർ വീണ്ടും അതിന്റെ ബേസിക് ഫങ്ങ്ഷനിലേക്ക് മടങ്ങിപ്പോയി. സിനിമ എന്താണോ അതിലേക്ക് സിനിമയും പോയി.

ഷേക്‌സ്പിയർ നാടകങ്ങൾ കാണണമെങ്കിൽ ഇംഗ്ലണ്ടിന്റെ പുറത്ത് കാണണമെന്നാണ് ബ്രൂക്ക് പറഞ്ഞിട്ടുള്ളത്. ഇംഗ്ലീഷുകാർ ചെയ്യുന്നല്ല, ഇംഗ്ലീഷുകാർ ചെയ്യാത്ത ഷേക്‌സ്പിയറാണ് ഏറ്റവും ഇന്ററസ്റ്റിങ് എന്നാണ് അദ്ദേഹം പറഞ്ഞത്.

സ്റ്റിൽ ഫോട്ടോഗ്രാഫി വന്നപ്പോൾ ആളുകൾ ചോദിച്ചിരുന്നു, പെയിന്റിങ് ചെയ്തവർ ഇനിയെന്തു ചെയ്യുമെന്ന്. പക്ഷെ പെയിന്റിങ് അങ്ങനെ തന്നെ നിലനിൽക്കുന്നില്ല. പലരീതിയിലുള്ള കളറുകളും രീതികളും എക്‌സിബിഷനുകളുമൊക്കൊയി. അതുപോലെ തന്നെ തിയേറ്റർ, തിയേറ്ററിന്റേതായ രൂപത്തിലേക്ക് തിരിച്ചുപോകും. തിയേറ്റർ കൃത്യമായി അവിടെ നിൽക്കും. കാരണം, മനുഷ്യസമൂഹം ഇവിടെയുണ്ട്. തിയേറ്റർ എന്നുപറയുമ്പോൾ പ്ലേ ആണ്. മലയാളത്തിൽ നമ്മൾ കളി എന്നാണ് പറയുന്നത്. ബ്രൂക്ക് പറയുന്നത് ഇത് വികാരങ്ങളുടെ ഒരു കളിയാണ് എന്നാണ്. ഒരു കുട്ടിക്ക് പാൽ കുടിക്കണമെങ്കിൽ കുട്ടി ചിലപ്പോൾ കരഞ്ഞുകൊണ്ട് പറയും. ചിലപ്പോൾ വിശപ്പില്ലെങ്കിലും വേറെ എന്തെങ്കിലും കളിച്ചുകൊണ്ട് പറയും. അങ്ങനെ പല ഇമോഷനുകളുടെ കളിയാണ് ജീവിതം. അതുതന്നെയാണ് തിയേറ്ററും എക്‌സ്‌പ്ലോർ ചെയ്തുകൊണ്ടിരിക്കുന്നത്. റിലേഷൻഷിപ്പിന്റെ കളികൾ. തിയേറ്റർ ആൻഡ് പെർഫോമൻസ്, മനുഷ്യനുമായി കണക്റ്റഡ് തന്നെയാണ്. തിയേറ്റർ മരിച്ചുപോകുമെന്ന് വിചാരിച്ച് തിയേറ്ററിൽ വരേണ്ട ആവശ്യമില്ല. മനുഷ്യൻ ജീവിച്ചാൽ തിയേറ്ററും ജീവിക്കും. തിയറ്ററിനെ ഒരു തരത്തിലും വെല്ലുവിളിക്കാനാവില്ല. ഈ ആശയങ്ങളെല്ലാം ഉൾക്കൊള്ളിച്ചുള്ള ഗംഭീര സ്പീച്ചാണ് അന്ന് ബ്രൂക്ക് നടത്തിയത്.

തിയേറ്റർ, തിയേറ്ററിന്റേതായ രൂപത്തിലേക്ക് തിരിച്ചുപോകും. തിയേറ്റർ കൃത്യമായി അവിടെ നിൽക്കും. കാരണം, മനുഷ്യസമൂഹം ഇവിടെയുണ്ട്. മനുഷ്യർ ജീവിക്കുന്നുണ്ട്.

ഷേക്‌സ്പിയറുടെ ഒരുപാട് നാടകങ്ങൾ ബ്രൂക്ക് ചെയ്തിട്ടുണ്ട്. ഷേക്‌സ്പിയർ നാടകങ്ങൾ കാണണമെങ്കിൽ ഇംഗ്ലണ്ടിന്റെ പുറത്ത് കാണണമെന്നാണ് ബ്രൂക്ക് പറഞ്ഞിട്ടുള്ളത്. ഇംഗ്ലീഷുകാർ ചെയ്യുന്നല്ല, ഇംഗ്ലീഷുകാർ ചെയ്യാത്ത ഷേക്‌സ്പിയറാണ് ഏറ്റവും ഇന്ററസ്റ്റിങ് എന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹം അങ്ങനെ വിശ്വസിക്കുന്നയാൾ മാത്രമല്ല, അങ്ങനെ പ്രാക്റ്റീസ് ചെയ്യുകയും കൂടിയായിരുന്നു. വിപ്ലവകരമായ രീതിയിലാണ് അദ്ദേഹം ഷേക്‌സ്പിയറെ മാറ്റിയത്. കൊളോണിയൽ രാജ്യങ്ങളിൽ ഷേക്‌സ്പിയർ സ്വാധീനം വലിയരീതിയിലുണ്ടല്ലോ. ഇത് നോക്കുമ്പോഴാണ് നമുക്ക് മനസ്സിലാകുന്നത്, ഗ്രാസ്‌റൂട്ട് ലെവലിൽ വെച്ചിട്ടാണ് അദ്ദേഹം ഷേക്‌സ്പിയറെ കൗണ്ടർ ചെയ്തിട്ടുള്ളത്. വൈറ്റ് സ്റ്റേജാക്കുക. നിറങ്ങൾ എടുത്തുകളയുക. എന്നിട്ട് കൃത്യമായി ഒരു ഹൊറൈസന്റെ ഉള്ളിൽ വെച്ച് ചെയ്യുക. ആശയപരമായി അദ്ദേഹത്തിന്റെ വർക്ക് വളരെ സ്‌ട്രോങ്ങായിരുന്നു. ഒരുപാട് പേർക്ക് അത് പഠിക്കാനായി. അതേസമയം, ആർട്ടിസ്റ്റിക്കലി ഇത് ഭയങ്കര സമ്പന്നവുമായിരുന്നു. സാധാരണക്കാർ തൊട്ട് ഏറ്റവും ഉയരത്തിലുള്ള ആർട്ടിസ്റ്റ് വരെ എല്ലാവരെയും കണക്റ്റ് ചെയ്ത് പിടിച്ചുനിർത്താൻ കഴിയുന്ന സംഗതിയാണ് അദ്ദേഹം എപ്പോഴും സൃഷ്ടിച്ചിരുന്നത്. അതാണ് യഥാർഥത്തിൽ അദ്ദേഹം ലോകത്തിന് നൽകിയത്. അതുകൊണ്ടാണ് അദ്ദേഹം വളരെ സ്പെഷ്യലാകുന്നത്. കാരണം, ഒരുപാട് പേർക്ക് ഇത് ചെയ്യാനാകില്ല. ഹൈ ആർട്ടിസ്റ്റിക് വർക്ക് ചെയ്യുമ്പോൾ അത് ചിലപ്പോൾ സാധാരണക്കാർക്ക് കണക്റ്റാകണമെന്നില്ല. അതിന്റെ ഇന്റലക്ച്വൽ ലെയേഴ്‌സൊന്നും ഇല്ലാത്ത ആളുകൾക്ക് അത് മനസ്സിലാകില്ല. പക്ഷെ ബ്രൂക്കിന്റെ വർക്കുകൾ അങ്ങനെയല്ല. അത് എപ്പോഴും അങ്ങേയറ്റം ബൗദ്ധികശേഷിയുള്ളപ്പോഴും സാധാരണക്കാരെ പിടിച്ചുനിർത്തും. അത് മാത്രമല്ല, അതിനകത്ത് കുറേ ചർച്ചകളുമുണ്ടാകും. ഇതെല്ലാം എപ്പോഴും ആളുകൾക്ക് മനസ്സിലാകും.

കണ്ണൂരിൽ എത്തിയ പീറ്റർ ബ്രൂക് മഹാഭാരത സിനിമയുമായി ബന്ധപ്പെട്ട തെയ്യം പരിശീലനത്തിനത്തിനിടെ

തിയേറ്ററിലും സിനിമയിലും ഒരുപോലെ തിളങ്ങിയിട്ടുള്ളയാളാണ് പീറ്റർ ബ്രൂക്ക്. എപ്പോഴും ബേസിക് ഫോമുകളെടുത്തിട്ടാണ് ബ്രൂക്ക് ചോദ്യംചെയ്തിരുന്നത്. സിനിമ പല ഴോണറുകളുണ്ട്. ആ ഴോണറുകളെയെല്ലാം ചോദ്യംചെയ്യും. അതിൽ ഒരു പുതിയ ഴോണറുണ്ടാകും. ബേസിക് സ്ട്രക്ചറിനെയും ഗ്രാമറിനെയും തന്നെയാണ് അദ്ദേഹം ചോദ്യംചെയ്തിരുന്നത്. ബേസിക് ഫോമുകളെ കാലികമായി സമകാലീനമായി ചോദ്യം ചെയ്യും. കാണിയുടെ ഉള്ളിൽ നിന്ന് ആ ചോദ്യം വന്നുകാണും. നമ്മുടെ ഉള്ളിൽ നേഗേറ്റ് ചെയ്ത് നമ്മളത് സ്വീകരിക്കുകയാണ്. ഹൊറർ സിനിമ കാണുമ്പോഴോ, റൊമാന്റിക് കോമഡി കാണുമ്പോഴോ, അബ്‌സ്വേഡ് കാണുമ്പോഴോ ചോദ്യം വരുമ്പോൾ നെഗേറ്റ് ചെയ്ത് നമ്മൾ അതിലേക്കങ്ങ് കയറിപ്പോകും. ബ്രൂക്ക് ഒരിക്കലും നെഗേറ്റ് ചെയ്യില്ല. ആ ചോദ്യങ്ങൾ വെച്ചിട്ടാണ് അതിനെ തന്നെ വീണ്ടും ഡെവലപ് ചെയ്യുന്നത്. അതുകൊണ്ടാണ് അദ്ദേഹത്തെ ‘ഗ്രേറ്റസ്റ്റ് ഇനോവേറ്റർ ഓഫ് എ ജനറേഷൻ’ എന്ന് പറയുന്നത്.

യാത്രകൾ നടത്തിയാണ് അദ്ദേഹം ആർട്ടിസ്റ്റുകളെ കണ്ടെത്തുന്നത്. കണ്ണൂരിൽ വന്ന് കുറേക്കാലം താമസിച്ച് തെയ്യം കലാകാരൻമാരെയെല്ലാം തന്റെ നാടകത്തിലേക്കെടുത്തിട്ടുണ്ട്.

ഷേക്‌സ്പിയർ, ബെക്കറ്റ്, ചെക്കോവ് തുടങ്ങി ഒരുപാടു പേരുടെ വർക്കുകൾ അദ്ദേഹം ചെയ്തിട്ടുണ്ട്. ഒരുപാട് ഗ്രേറ്റ് ആക്ടേഴ്‌സിനെയും അദ്ദേഹം ഡയറക്ട് ചെയ്തിട്ടുണ്ട്. ലോറൻസോ, ജോൺ വിൽഹുഡ്, ബ്ലിൻഡ ജാക്‌സൺസ് തുടങ്ങിയവരുമായിട്ടെല്ലാം പ്രവർത്തിച്ചിട്ടുണ്ട്. പരീക്ഷണം നടത്താനും റിസ്‌ക് എടുക്കാനും തയ്യാറാകുന്നയാളായിരുന്നു അദ്ദേഹം. ഒമ്പത് മണിക്കൂറുള്ള മഹാഭാരതം ചെയ്യാൻ അങ്ങനെയുള്ളയാൾക്കല്ലേ പറ്റൂ. അതേസമയം, വേറെ ഒരുതരത്തിൽ ലോകം മുഴുവൻ നോക്കിക്കൊണ്ടിരുന്ന ഒരാളായിരുന്നു. അദ്ദേഹത്തിന് മാർക്കറ്റിങ് അറിയാമായിരുന്നു, ഗ്ലോബലൈസേഷൻ അറിയാമായിരുന്നു. അദ്ദേഹം ഒരു വിഷനറി ആയിരുന്നതുകൊണ്ട് അദ്ദേഹത്തിന് അറിയാമായിരുന്നു തിയേറ്റർ എങ്ങോട്ടാണ് പോകുന്നതെന്ന്.

ഗ്ലോബൽ ആർട്ട് ഫോമിനെ എവിടെയെല്ലാം കൊണ്ടെത്തിക്കാമെന്ന ഒരു ടേണിങ് പോയിന്റായിരുന്നു 1980കൾ. പല രാജ്യങ്ങളിൽ നിന്നുള്ള അത്രയും വലിയ കാസ്റ്റിങ്, അതെല്ലാം വളരെ അറിയപ്പെടുന്ന ആർട്ടിസ്റ്റുകൾ. അമേരിക്കയിലെയും യൂറോപ്പിലെയും പ്രധാന ആർട്ടിസ്റ്റുകളോടൊപ്പം വർക്ക് ചെയ്ത് കഴിഞ്ഞിട്ടാണ് അദ്ദേഹം ഇതിലേക്കിറങ്ങുന്നത്. യാത്രകൾ നടത്തിയാണ് അദ്ദേഹം ആർട്ടിസ്റ്റുകളെ കണ്ടെത്തുന്നത്. കണ്ണൂരിൽ വന്ന് കുറേക്കാലം താമസിച്ച് തെയ്യം കലാകാരൻമാരെയെല്ലാം തന്റെ നാടകത്തിലേക്കെടുത്തിട്ടുണ്ട്. ജെനുവിനായിട്ടുള്ള എക്‌സ്‌പേർട്‌സിനെയാണ് അദ്ദേഹം തെരഞ്ഞെടുക്കുന്നത്. അവരെ ലോക മാർക്കറ്റിലേക്ക് കൊണ്ടുവെക്കുകയാണ്. അത് ഭയങ്കര വെല്ലുവിളിയാണ്.

സാമുവൽ ബെക്കറ്റ്

അദ്ദേഹം എപ്പോഴും ഒരു കാഴ്ചപ്പാടുള്ളയാളായിരുന്നു. വ്യത്യസ്തതയുള്ള മനുഷ്യനുമായിരുന്നു. അതേസമയം, അദ്ദേഹം ഗിഫ്റ്റഡുമായിരുന്നു. യുവാവായപ്പോൾ തന്നെ ബ്രൂക്ക്, ഷേക്‌സ്പിയറുടെ പ്ലേ സ്റ്റാറ്റ്ഫോഡ് അപ്പോൺ എവണിൽ ചെയ്തപ്പോൾ അപ്പോഴത്തെ ഏറ്റവും വലിയ ഡയറക്ടർ സർ ബാരി ജാക്‌സൺ പറഞ്ഞത്, The youngest earthquake I've known, എന്നാണ്. ചെറുപ്പമായിരിക്കുമ്പോൾ തന്നെ അദ്ദേഹത്തിന് അങ്ങനെയുള്ള അംഗീകാരങ്ങൾ കിട്ടിയിട്ടുണ്ട്. വേറെ തരത്തിൽ പറഞ്ഞാൽ പ്രിവിലേജ്ഡായിരുന്നു. ഒരിക്കലും ട്രഡീഷണൽ, റെഗുലർ, പോപ്പുലാരിറ്റിക്കുവേണ്ടി ഒന്നും ചെയ്യുന്നതിലേക്ക് തിരിച്ചുപോയില്ല. അതെല്ലാം ചെറിയ പ്രായത്തിൽ ചെയ്തു. അത് കഴിഞ്ഞിട്ടാണ് അദ്ദേഹം ഇതിലേക്ക് വരുന്നത്. he could make things possible and sometimes he can make impossible എന്നത് അദ്ദേഹത്തെ സംബന്ധിച്ച് പ്രധാനമായിരുന്നു. ഇപ്പോൾ അത് ഞങ്ങൾ പറയുമ്പോൾ ഇപ്പോഴത്തെ തലമുറയ്ക്ക് മനസ്സിലാകില്ല. അദ്ദേഹത്തിന്റെ പുസ്തകത്തിൽ നിന്ന് കിട്ടിയ ഈ വാചകം എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതാണ്. അത് അദ്ദേഹം എപ്പോഴും ഡയറക്ഷനിൽ ഉപയോഗിക്കുന്നതാണ്.

ഒരു ആക്ടറിൽ നിന്ന് എന്താണ് വേണ്ടാത്തതെന്ന് എനിക്കറിയാം. എന്താണ് വേണ്ടതെന്ന് കണ്ടെത്തണം. ആ രീതിയിലാണ് ബ്രൂക്കിനെ ഞാൻ മനസ്സിലാക്കിയത്.

കാസ്റ്റിങ്ങിൽ അദ്ദേഹം ചെയ്യിക്കുന്ന ഒരു എക്സർസൈസുണ്ട്. രണ്ട് കൈകളും ചേർത്തുപിടിച്ച് കുറച്ച് വെള്ളമെടുത്ത് സ്റ്റേജിന്റെ ഒരറ്റത്തുനിന്ന് മറ്റേയറ്റേത്തേക്ക് നടക്കുക. ഒരു തുള്ളി വെള്ളം താഴെ വീഴരുത്. വെള്ളം വീണാൽ നിങ്ങൾക്ക് സ്റ്റേജ് വിട്ട് പോകാം. ഇങ്ങനെയാണ് അദ്ദേഹം ചെയ്തിരുന്നത്. ഇത് വളരെ മനോഹരമായ ഒരു എക്‌സർസൈസാണ്. ഇങ്ങനെയാണ് ഒരു മനുഷ്യൻ പെർഫോം ചെയ്യുക. എല്ലാ അടിസ്ഥാന ഘടനകളും വ്യാകരണങ്ങളും ബ്രേക്ക് ചെയ്യുന്നയാളായതിനാൽ, എന്താണ് വേണ്ടതെന്ന് എങ്ങനെ വ്യക്തമാകും. അപ്പോൾ അദ്ദേഹം പറയുന്ന ഒരു കാര്യമുണ്ട്. ‘എന്റെ ആക്ടേഴ്‌സ് സ്റ്റേജിൽ വന്നുകഴിയുമ്പോൾ എനിക്ക് ഒരു സംഗതിയേ അറിയാവൂ, what I don't want. എനിക്ക് എന്താണ് വേണ്ടാത്തതെന്ന് മാത്രമെ എനിക്കറിയാവൂ. അത് ആക്ടറും ഡയറക്ടറും കൂടി എക്‌സ്‌പ്ലോർ ചെയ്തിട്ടാണ് കണ്ടെത്തുക. അതൊരു ഭയങ്കര സെന്റൻസാണ്. എന്താ വേണ്ടാത്തതെന്ന് പറയുമ്പോൾ ഇന്നത്തെ തലമുറ കറക്റ്റ് ചെയ്യുന്നത് സെൻസർ ബോർഡ് വെച്ചിട്ടാണ്. എന്താണ് സംഭവിക്കുന്നത്, അതിൽ നമുക്ക് വേണ്ടാത്തതെന്താണ് എന്നതിനെക്കുറിച്ചാണ് അദ്ദേഹം എപ്പോഴും പറയുന്നത്. What we need is something which can really crack the thing in the mind and soul of an organization. അതിന് എന്താണ് നമ്മൾ ചെയ്യുന്നത്. സെൻസർബോർഡുമായി ഒരു ബന്ധവുമില്ല. ഇതിൽ ഒന്നും ചെയ്യാനില്ല. ഒരു ആക്ടറിൽ നിന്ന് എന്താണ് വേണ്ടാത്തതെന്ന് എനിക്കറിയാം. എന്താണ് വേണ്ടതെന്ന് കണ്ടെത്തണം. ആ രീതിയിലാണ് ബ്രൂക്കിനെ ഞാൻ മനസ്സിലാക്കിയത്.

എപ്പോഴും സ്വയം തിരുത്തലിന് സന്നദ്ധനായ മഹാനായ മനുഷ്യൻ, നാടകകാരൻ. ദ ടൈംസിന് 1998 ൽ നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറയുന്നുണ്ട്, ‘ഞാനെന്റെ അഭിപ്രായത്തിനു മേലുള്ള അവകാശത്തെ കയ്യൊഴിയാൻ തയ്യാറാണ്. അത് ഇന്നലെ പറഞ്ഞ അഭിപ്രായമാണെങ്കിലും പത്ത് മിനുട്ട് മുൻപ് പറഞ്ഞ അഭിപ്രായമാണെങ്കിലും. കാരണം എല്ലാ അഭിപ്രായങ്ങളും ആപേക്ഷികമാണല്ലോ'. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


അഭിലാഷ്​ പിള്ള

സംവിധായകൻ, തിയേറ്റർ ഗവേഷകൻ. നാഷനൽ സ്‌കൂൾ ഓഫ് ഡ്രാമയിൽ പ്രൊഫസർ. ഇന്ത്യയിലെയും വിദേശത്തെയും സർവകലാശാലകളിൽ വിസിറ്റിങ് ഫാക്കൽറ്റിയും പ്ലേ ഡയറക്ടറുമാണ്.

Comments