Told By My Mother മക്കളെ നഷ്ടപ്പെട്ട അമ്മമാരുടെ നിലവിളി, ലെബനനിൽ നിന്ന്

യുദ്ധങ്ങൾ ഏൽപ്പിച്ച ആഴത്തിലുള്ള മുറിവുകളുടെ കഥയാണ് ലെബനനിൽ നിന്നെത്തിയ അലി ചെഹ്റൗർ സംവിധാനം ചെയ്ത ടോൾഡ് ബൈ മൈ മദർ എന്ന നാടകം. അഞ്ച് അഭിനേതാക്കൾ ഒരേ സമയം സംഗീതവും ശബ്ദവും ആഖ്യാനവും കൈകാര്യം ചെയ്യുന്നു. രേഖീയ ആഖ്യാനമല്ല അവതരണത്തിന്. ഒരാൾക്ക് ശേഷം മറ്റൊരാൾ എന്ന രീതിയിൽ മനുഷ്യർ അവരുടെ മുറിവുകളെക്കുറിച്ച് പറയുന്നു. യുദ്ധം ഏത് കാലത്തും സ്ത്രീകളെ വേട്ടയാടുന്നതിന്റെ സാക്ഷ്യങ്ങൾ അവതരണത്തിൽ കാണാം.

"How can there be exile,
When there is no homeland?'

- Mishka Mojabber mourani

യുദ്ധങ്ങൾ ഏൽപ്പിച്ച ആഴത്തിലുള്ള മുറിവുകളുടെ കഥയാണ് ലെബനനിൽ നിന്നെത്തിയ അലി ചെഹ്റൗർ സംവിധാനം ചെയ്ത ടോൾഡ് ബൈ മൈ മദർ എന്ന നാടകം.

വീട് വിട്ട് പോയവന്റെ നിഴലിൽ നീറുന്ന വെളിച്ചത്തിൽ നിന്ന് ഒരുവൾ രക്ഷകനു വേണ്ടി ആവശ്യപ്പെടുന്നു. മുറിവുകളുടെ കെട്ടുകൾ അഴിച്ചാണ് അവൾ ആത്മാവിന്റെ നോവുകളെ തോറ്റിയെടുക്കുന്നത്.

""എന്നെ ഈ പാതാളത്തിൽ നിന്ന് കെട്ടഴിച്ച് വിടുക
എല്ലാ ദുഖങ്ങളിൽ നിന്നും വിടുവിക്കുക
മരണത്തിലേക്ക് പ്രേരിപ്പിച്ചു കൊണ്ടിരിക്കുന്ന
പാപത്തിൽ നിന്ന് എന്നെ കരകയറ്റുക
നഗരങ്ങൾ പാപികൾക്ക് മേൽ കീഴ്മേൽ മറിച്ചവനേ....
ഇരുട്ടിൽ വിലപിച്ച നേരത്ത് ഉത്തരം നൽകിയവനേ...
മോശയെ വാക്കുകൾ കൊണ്ട് വാഴ്ത്തിയവനേ....
നൂഹിനെ മുങ്ങി മരണത്തിൽ നിന്ന് കാത്തവനേ....
സൂര്യൻ അസ്തമിച്ച സമയത്ത് പ്രകാശത്തെ വിളിച്ചു വരുത്തിയവനേ
ഓരോ അഭ്യർഥനയിലൂടെയും
ഞാൻ കേഴുന്നു''

എന്നാണ് അവളുടെ പ്രാർത്ഥന. ലോകം മുഴുവനുമുള്ള അമ്മമാർ തങ്ങളുടെ കളഞ്ഞു പോയ മക്കൾക്കായി ഒരുമിച്ചു നടത്തുന്ന പ്രാർത്ഥന പോലെ
അവളുടെ വാക്കുകൾ കാഴ്ചക്കാരിലേക്ക് പടരുന്നു.

അഞ്ച് അഭിനേതാക്കൾ ഒരേ സമയം സംഗീതവും ശബ്ദവും ആഖ്യാനവും കൈകാര്യം ചെയ്യുന്നു. ജീവിതത്തിനോട് മരണപെട്ടവർ നേരിട്ട് സംസാരിക്കുന്നു.

രേഖീയ ആഖ്യാനമല്ല അവതരണത്തിന്. ഒരാൾക്ക് ശേഷം മറ്റൊരാൾ എന്ന രീതിയിൽ മനുഷ്യർ അവരുടെ മുറിവുകളെക്കുറിച്ച് പറയുന്നു. യുദ്ധം ഏത് കാലത്തും സ്ത്രീകളെ വേട്ടയാടുന്നതിന്റെ സാക്ഷ്യങ്ങൾ അവതരണത്തിൽ കാണാം.

1975-90 ലെ ലെബനനിലെ ആഭ്യന്തരയുദ്ധം, അതിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയതും രക്തരൂക്ഷിതവുമായ ഒന്നായിരുന്നു.

സ്ത്രീകളിൽ ഈ യുദ്ധം ചെലുത്തിയ ആഘാതം ചില എഴുത്തുകാർ, കവികൾ, കലാകാരൻമാർ എന്നിവർ പരിശോധിച്ചുകൊണ്ടിരിക്കുന്നു. പുരുഷന്മാരേക്കാൾ സ്ത്രീകളെ അടിച്ചമർത്തുന്ന ശക്തമായ ഒന്നായി അവർ യുദ്ധത്തെ വിശേഷിപ്പിക്കുമ്പോൾ, എല്ലാത്തരം സാമൂഹിക കടുംപിടുത്തങ്ങളിൽ നിന്നും സ്ത്രീകൾക്ക് മോചനം വാഗ്ദാനം ചെയ്യുന്നതായുള്ള കലാസൃഷ്ടികൾ കലാകാലങ്ങളിൽ ലോകത്ത് സംഭവിക്കുന്നുണ്ട്.

നദീൻ ലബാക്കിയുടെ "where do we go now' എന്ന സിനിമ കൈകാര്യം ചെയ്യുന്നതും ഇത്തരത്തിൽ ഒരു വിഷയമാണ്. മക്കളെ നഷ്ടപ്പെട്ട അമ്മമാർ അവരുടെ ശവകുടീരങ്ങളിലേക്ക് കൂട്ടത്തോടെ നടന്നു പോകുന്ന നീറുന്ന ഒരു ദൃശ്യമുണ്ട് ആ ചിത്രത്തിന്റെ ആദ്യ ഭാഗത്ത്. ഒരേ ജോലികൾ ചെയ്യുന്നു, ഒരേ ഭക്ഷണം കഴിക്കുന്നു, ഒരേ സംഗീതം പോലെ, ഒരേ ഭാഷ സംസാരിക്കുന്നു.
പിന്നെ എന്തിനാണ് അവർ പരസ്പരം യുദ്ധം ചെയ്യുന്നത് എന്ന് ചലച്ചിത്രം ചോദിക്കുന്നു. മാനവരാശിയുടെ മുന്നിൽ മൂർച്ചയുള്ള ചോദ്യങ്ങളാണ് ഈ സിനിമ മുന്നോട്ട് വയ്ക്കുന്നത്.

"എനിക്ക് ഹസ്സനെ തിരിച്ചു തരൂ.'
എന്ന് ടോൾഡ് ബൈ മദർ ലെ അമ്മ ദിക്കുകളോട് യാചിക്കുകയാണ്.
സമയത്തിന്റെ ഒരു വക്കിൽ നിന്ന് വിട്ടു പോയ മകനെ അവർ മേഘങ്ങളിലും, നിലാവിലും ഓരോ മൺതരിയിലും പച്ചകളിലും സൂര്യന്റെ ഓരോ പ്രകാശചീളിലും പ്രതീക്ഷിക്കുന്നുണ്ട്. ജീവിച്ചിരിക്കുന്നവരുടെ ഇടയിലേക്ക് മരണപ്പെട്ടവരുടെ ലോകത്ത് നിന്ന് ഹസ്സൻ അവരെ കാണാൻ വരുന്നുണ്ട്.
അപ്പോൾ ഹസ്സനും അവന്റെ പ്രണയിനിയും ചേർന്ന് പാടാറുള്ള പാട്ടാണ് അമ്മ ഓർമ്മിക്കുന്നത്.

"എന്റെ ഹൃദയത്തിലേക്ക് ഞാൻ നിന്നെ നട്ടു
എന്റെ കണ്ണീരിൽ നിന്നെ ഞാൻ വളർത്തി
എന്നിട്ടും നീയെന്റെ കാഴ്ച്ചയിൽ മറഞ്ഞു നിൽക്കുന്നു'
എന്നാണ് അമ്മ വിലപിക്കുന്നത്.

മരണത്തെ മാറ്റി വയ്ക്കാൻ സംഗീതത്തിനല്ലാതെ മറ്റെന്തിനു കഴിയും എന്നാണവർ ചോദിക്കുന്നത്. ഹസ്സൻ മരണപ്പെട്ടു എന്നവർ കരുതുന്നില്ല. പ്രകൃതിയുടെ ഓരോ ചലനത്തിലും അവർക്ക് ഹസ്സനെ കാണാം.

"എന്റെ ആലിംഗനത്തിൽ
അവന്റെ ഉടൽ വിറച്ചു വേദനിക്കുമോ?'

എന്നവർ ഭയപ്പെടുന്നു. ഉടൽ മുഴുവൻ മുറിവുകളും വെടിയുണ്ടകൾ ഏൽപ്പിച്ച ആഴങ്ങളും കലർന്ന ഉടൽ കൊണ്ട് ഹസ്സൻ നൃത്തം ചെയ്യുന്നു. പലായനങ്ങളുടെ വേദനകൾക്ക്‌ മനുഷ്യന്റെ ആയുസ്സിനോളം പഴക്കമുണ്ട് എന്ന് ഈ അവതരണം പറയുന്നു.

മതത്തിന് വളരെ മുമ്പേ പരിണമിച്ച പുരാതന ഗോത്ര സഹജാവബോധത്തിന്റെ ഇരകളാണ് ലെബനനിലെ ഓരോ പുരുഷനും എന്ന പ്രാകൃത നിയമമാണ് ഹസനെ നമ്മുടെ കാഴ്ച്ചയിൽ നിന്ന് മറച്ചു വയ്ക്കുന്നത്. അതിൽ രാജ്യവും അധികാരവും സൈന്യവും യുദ്ധവും രാഷ്ട്രീയവും ഒരു പോലെ പങ്കാളികളാണ്.

രാജനെയും നജീബിനെയും രോഹിത്തിനെയും അലനെയും കുറ്റവാളികളാക്കുകയും കൊല ചെയ്യുകയും നിശബ്ദരാക്കുകയും ചെയ്യുന്ന ഭരണകൂട ഭീകരതകൾ നമുക്കും അപരിചിതമല്ലല്ലോ!

അധികാരത്തിനെതിരെ ചോദ്യങ്ങൾ ഉന്നയിക്കുന്നവർക്ക് വാക്കുകൾക്ക് നഷ്ടമാകുമെന്ന സത്യം ലോകത്ത് ആർക്കാണ് അറിയാത്തത്!
ചില വാക്കുകൾ പോലും ഉച്ചരിക്കുക നമുക്ക് എളുപ്പമല്ല. അധികാരം, യുദ്ധം, പാലായനം, പുറത്താക്കൽ, ചോര.....
അസാന്നിധ്യം.....

അത്ര ലളിതമല്ല, തീർച്ചയായും. ഇവിടെ യഥാർഥ ദുരന്തങ്ങൾ ഉണ്ടാകുന്നു. ഒരു അമ്മയ്ക്ക് തന്റെ കുഞ്ഞിനെ നഷ്ടപ്പെടുന്നു. മരണത്തിലേക്ക് നയിച്ചേക്കാവുന്ന വികാരങ്ങളെ ലോകം അത്ര എളുപ്പം നിർവീര്യമാക്കുന്നില്ല എന്നതാണ് ഈ അവതരണത്തിന്റെ കാതൽ.

എംബസികൾ, മന്ത്രാലയങ്ങൾ, ഉന്നതോദ്യോഗസ്ഥർ, മധ്യസ്ഥർ, രാഷ്ട്രീയക്കാർ,
കാവൽക്കാർ ഉദ്യോഗസ്ഥന്മാർ, ജയിലർമാർ, പുരോഹിതർ,
മയക്കുമരുന്നുകടത്തുകാർ, ആശുപത്രികൾ, സ്കൂളുകൾ, പൊതുസേവനങ്ങൾ, മസ്ജിദുകൾ, പള്ളികൾ, ദേവാലയങ്ങൾ,
ആയുധക്കച്ചവടക്കാർ,...
ഷേക്കുകൾ, കൈനോട്ടക്കാർ, മഷിനോട്ടക്കാർ, മന്ത്രവാദികൾ....
അധികാരത്തിന്റെ പല മുഖങ്ങളിലൂടെ തന്റെ മകനെതേടി അമ്മ യാത്രചെയ്യുന്നുണ്ട്.

സംഗീതമാണ് ടോൾഡ് ബൈ മൈ മദർ ന്റെ ആഖ്യാനത്തിന്റെ ഒരു പ്രധാന ഇടം. കാണാതായ ഹസ്സന്റെ അമ്മ 2016 -ൽ അർബുദം വന്നു മരണത്തിന് കീഴടങ്ങുന്നുണ്ട്..

"ദൈവം കരുണയുള്ളവനാണ്
എനിക്ക് മരണത്തെ
നീട്ടി വക്കാൻ കഴിയും.' എന്നാണ് ആ അമ്മ വിശ്വസിച്ചിരുന്നത്, ഹസ്സൻ തിരിച്ചു വരുമെന്നും. ഒരിക്കലും തിരിച്ചു വരാത്ത ഭൂതകാലത്തെ തിരിച്ചു പിടിക്കാനും മകന്റെ ശിരസ്സിൽ ഉമ്മ വക്കാനും ആ അമ്മ ആഗ്രഹിച്ചിരുന്നു. ഒരു പക്ഷെ താൻ മരിക്കുകയാണെങ്കിൽ, എന്നെങ്കിലും ഹസ്സൻ തിരിച്ചു വരുമ്പോൾ അവന്റെ വലിയ കണ്ണുകളിൽ നോക്കി അമ്മ അവനെ തിരഞ്ഞിരുന്നു എന്നും. എന്തിനാണ് തന്നെ വിട്ടു പോയതെന്ന് ചോദിക്കണമെന്നും അവർ ആവശ്യപ്പെടുന്നു.

നേരിയ ശരീര ചലനങ്ങളും വാമൊഴിയുടെ നീറിപ്പടരുന്ന സൗന്ദര്യവുമാണ് ഈ അവതരണത്തിന്റെ ശക്തി. ലെബനീസ് പാരമ്പര്യത്തിൽ അടിയൊഴുക്കുകളായി നിലനിൽക്കുന്ന നാടോടി ഭാഷയുടെ ഉള്ളിൽ കരച്ചിലുള്ള ഉച്ചാരണം സബ്ടൈറ്റിലുകൾ ഇല്ലാതെ തന്നെ കാണികളിലേക്ക് എത്തി.
പേർഷ്യൻ തന്ത്രി വാദ്യം തോക്കായി മാറുന്നതും ഉടലടക്കങ്ങളുടെ സൂക്ഷ്മമായ ആചാരചലനങ്ങൾ നാടകത്തിന്റെ ആഖ്യാനപാഠമായി മാറുന്നതുo ആസ്വാദ്യകരമായി തോന്നി.

സംഭാഷണങ്ങൾക്ക് പകരം വിട്ടുപോക്കിന്റെ, കാണാതാവലിന്റെ, നിലവിളികളുടെ വേദനകൾ പ്രതിഫലിക്കുന്ന കവിത പോലുള്ള ആഖ്യാനങ്ങൾ അവതരണത്തിന്റെ ആഴം കൂട്ടി.

"അവസാനമില്ലാത്ത ഒരു തെരുവിൽ നിൽക്കുകയായിരുന്നു ഞാൻ
അപ്പോൾ കടലിന്റെ സ്വരം കേട്ടു
തിരകളും മനുഷ്യരും
പാടുന്നത് കേട്ടു

നിന്റെ സ്പർശം എന്റെ ശോകത്തെ ശമിപ്പിക്കുമെന്നതുകൊണ്ട്
എന്റെ ദുഃഖവും വേദനയും ഇല്ലാതാവുമെന്നത് കൊണ്ട്
കിഴുക്കാം തൂക്കായ
ഒരിറക്കത്തിലേക്കാണ് ആ വഴി അവസാനിച്ചത്

അവനു സമീപം ഒരു പിഞ്ചു കുഞ്ഞ് വെള്ളത്തിൽപൊങ്ങി കിടക്കുകയായിരുന്നു
താഴെ കടപ്പുറത്ത് ഒരു സ്ത്രീ ഇരിക്കുന്നത് കണ്ടു.

..... മകനെ നഷ്ടപ്പെട്ട അമ്മക്ക് വേണ്ടി നക്ഷത്രങ്ങളും രാവുകളും വഴികളും ഒരുമിച്ച് പ്രാർത്ഥിക്കുന്നു.

ആത്മാവിനെ കീറി മുറിച്ചെത്തിയ വെടിയുണ്ടകൾക്കിടയിൽ മരണപ്പെട്ട അവളുടെ ശിരസ്സ് അമ്മ സ്വന്തം മടിയിലേക്ക് ചേർത്ത് കിടത്തുന്നു. മരണപ്പെട്ടവർ ആ കാഴ്ചക്ക്‌ കൂട്ടായി നിൽക്കുന്നു. ആ ശാന്തിയുടെ സംഗീതം മുഴങ്ങുന്നു

"ഞാൻ നിന്നെയെന്റെ രക്തത്തിൽ നട്ടു
എന്റെ കണ്ണീരിന്റെ പ്രളയം കൊണ്ട് നിന്നെ നനച്ചു.
എന്റെ ആത്മാവിൽ നിന്ന് ഞാൻ നിന്നെ കുഴിച്ചെടുത്തു
എന്റെ കണ്ണുകളിൽ തണലായി ചേർത്തു വച്ചു'

പലായനങ്ങളും പുറപ്പെട്ടു പോക്കുകളും അവസാനിക്കുന്നില്ലല്ലോ.
ഒരിക്കലും അടക്കാനാവാത്ത കണ്ണു കൊണ്ട് അവർ നമ്മളെ നിരീക്ഷിക്കുന്നിടത്തോളം കാലം.


ഡോ. രോഷ്​നി സ്വപ്​ന

കവി, നോവലിസ്​റ്റ്​, വിവർത്തക, ചിത്രകാരി. തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവകലാശാലയിൽ സ്കൂൾ ഓഫ്​ ലിറ്ററേച്ചർ സ്​റ്റഡീസ്​ ഡയറക്​ടർ. കടൽമീനി​ന്റെ പുറത്തുകയറിക്കുതിക്കുന്ന പെൺകുട്ടി, ചുവപ്പ്​ (കവിതാ സമാഹാരങ്ങൾ), അരൂപികളുടെ നഗരം, ശ്രദ്ധ, കാമി (നോവലുകൾ), കഥകൾ- രോഷ്​നി സ്വപ്​നതുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments