‘ഊര്‍മ്മിള’ എന്ന നാടകത്തില്‍ നിന്ന് / ഫോട്ടോകൾ: മുഹമ്മദ് ഹനാൻ

ഒരു കണ്ണാടിയും അവളെ കാണിക്കുന്നില്ല,
അവളെത്തന്നെ തിരയുകയാണ് ഊർമ്മിള

മനുഷ്യരും അവരുടെ ചരിത്രവും എന്ന നിലയിലേക്ക് പുരാണങ്ങളുടെയും ഐതിഹ്യങ്ങളുടെയും സാങ്കല്പികതയെ വളർത്തിയെടുക്കുന്ന ഇന്നത്തെ കാലത്ത്, പോണ്ടിച്ചേരി ആദിശക്തി നാടകട്രൂപ്പ് ഊർമ്മിളയിലൂടെ അരങ്ങിലെത്തിക്കുന്ന രാഷ്ട്രീയാനുഭവത്തെക്കുറിച്ച്.

‘ഇറ്റ്ഫോക്കി’ൽ ഇത്തവണ പോണ്ടിച്ചേരി ആസ്ഥാനമായ ആദിശക്തി നാടകട്രൂപ്പ് അവതരിപ്പിച്ച നാടകമാണ് ഊർമ്മിള. രചനയും സംവിധാനവും നിമ്മി റാഫേൽ. മീതു മറിയം, സൂരജ് എസ്, വിനയകുമാർ എന്നീ അഭിനേതാക്കളെ വേദിയിലെത്തിച്ച് ഊർമ്മിളയെന്ന രാമായണകഥയിലെ രാമന്റെ സഹോദരഭാര്യയെ നായികയാക്കുകയാണ് നിമ്മി.

മൂന്ന് കണ്ണാടികൾക്കുമുന്നിൽ നിന്നാണ് നിമ്മി റാഫേലിന്റെ ഊർമ്മിള സംസാരിക്കുന്നത്. അവൾക്ക് പറയാനുള്ളത് കേൾക്കേണ്ടതുണ്ട്. കാരണം, തോളുകളുടെ അറ്റത്ത് അവൾക്ക് രണ്ട് കൈകളുള്ളത്, അവൾക്ക് ചെയ്യാനുള്ളത് ചെയ്യാൻ. ഉറക്കത്തിലേക്ക് വഴുതിയിറങ്ങാനായി ഇമകൾ അടഞ്ഞുപോകുന്നുണ്ടെങ്കിലും അവളത് തുറന്നുപിടിക്കുകയാണ്, കാരണം, അവൾക്ക് കാണാനുള്ളതെല്ലാം കണ്ടേ തീരൂ. ഒപ്പം, അവൾക്ക് പറയാനുമുണ്ട്. കണ്ണാടികൾ മാച്ചെഴുതി പുതിയ രൂപം വരച്ചുചേർക്കുന്ന അഭിനയഭാഷയായി ഊർമ്മിളയെ നിമ്മി റാഫേൽ അരങ്ങിലെത്തിക്കുന്നു.

മനസ്സിനെ വാചാലമാക്കുന്നത് ശരീരമാണ്. അത് ഒന്നല്ല, ഒരായിരം കാര്യങ്ങളാണ് ആവശ്യപ്പെടുന്നത്, അവതരിപ്പിക്കുന്നത്. പാരമ്പര്യത്തിന്റെ ശീലങ്ങൾ അനുസരിക്കാനാണ് ജനിച്ച കാലം തൊട്ട് അവളെ മനസ്സ് ശാസിക്കുന്നത്. എന്നാൽ അതനുസരിക്കേണ്ട എന്ത് ബാധ്യതയാണ് അവളെന്ന ശരീരത്തിനുള്ളത്?

ആദ്യത്തെ കണ്ണാടിയിലെ ശാസനങ്ങളത്രയും രോഷത്തോടെ മായ്ച്ചുകളയുന്ന ഊർമ്മിള, താനിനി ഉറങ്ങില്ലെന്ന് പ്രഖ്യാപിക്കുന്നു. തന്നെ ഉറക്കിക്കിടത്തി തന്റെ ഉണർവുകളെ നേടിയെടുക്കുന്നവരെ അവൾ തന്റേടത്തോടെ നേരിടുന്നു. ഉറക്കത്തിന്റെ സുരക്ഷിതത്വമല്ല, ഉണർന്നിരിക്കുന്നതിന്റെ ക്രിയാത്മകതയാണ് തനിക്കാവശ്യമെന്ന് തിരിച്ചറിയുന്നതിന്റെ പൊരുളിലേക്ക് അവൾ ഊർന്നിറങ്ങുന്നു. ശാസനകളെ നിരാകരിച്ച്, അടുത്ത കണ്ണാടിയിൽ തുറന്നിട്ട, തന്റെ കണ്ണുകളെ വരച്ചിട്ടുകൊണ്ട് അവളത് പ്രഖ്യാപിക്കുന്നു.

ചരിത്രം പഠിപ്പിക്കുന്നതെന്ത് എന്ന അന്വേഷണം നിരവധി തവണ ആദിശക്തി നടത്തിയിട്ടുണ്ട്. പുരാണങ്ങളിലെ വിടവുകളെ നിർവ്വചിക്കാതെ ചരിത്രമാക്കുന്ന രീതി ചോദ്യം ചെയ്യുന്ന നാടകങ്ങളാണ് ഗണപതി, ബൃഹന്നള, ആമയും മുയലും, പത്താമത്തെ തല എന്നിവയൊക്കെ. സാങ്കേതികമായി മനുഷ്യരും അവരുടെ ചരിത്രവും എന്ന നിലയിലേക്ക് പുരാണങ്ങളുടെയും ഐതിഹ്യങ്ങളുടെയും സാങ്കല്പികതയെ വളർത്തിയെടുക്കുന്ന ഇന്നത്തെ കാലത്ത്, ആദിമകഥാപാത്രങ്ങളിൽ ഉറഞ്ഞുകിടക്കുന്ന അപൂർണ്ണതകളെ തേടുന്നവയാണ് ആദിശക്തിയുടെ ഇത്തരം നാടകങ്ങൾ.

സ്ത്രീയെ ഒരു ലിംഗതലത്തിൽ എന്നതിനപ്പുറം ഒരു മനുഷ്യജന്മത്തിന്റെ അവകാശസ്വപ്നങ്ങളുമായിട്ടാണ് നിമ്മി കൂട്ടിയിണക്കുന്നത്. ഐതിഹ്യത്തെ ആധുനികതയുമായി കൂട്ടിക്കെട്ടുന്ന വൈദഗ്ദ്യത്തിൽ വെളിച്ചത്തിന്റെ അണഞ്ഞും തെളിഞ്ഞുമുള്ള വിന്യാസങ്ങൾ മാസ്മരികമാകുന്നുണ്ട്.

നിമ്മി റാഫേലാകട്ടെ, മനസ്സിന് വഴങ്ങാത്ത ശരീരങ്ങളെ ദൃശ്യവല്ക്കരിക്കുന്നതിൽ നിദ്രാവത്വം, ബാലി എന്നീ നാടകങ്ങളിലൂടെ അത് ഒന്നുകൂടി സ്പഷ്ടമാക്കുകയും ചെയ്തുകഴിഞ്ഞു. ഒരു കണ്ണാടിയും തന്നെ കാണിക്കുന്നില്ല എന്ന തിരിച്ചറിവോടെ അവൾ അവളെത്തന്നെ തിരയുന്നതിന് സജ്ജമാകുകയാണ് ഊർമ്മിളയിൽ. അതിനുള്ള പുതുവഴികൾ സ്വയം തേടുകയാണ്. ഒരു യാത്രക്കവളെ പ്രലോഭിപ്പിക്കുമ്പോൾ ഒറ്റക്കയറിൽ ചാഞ്ചാടി നടന്നുകൊണ്ട്, ‘ഞാനത് എപ്പഴേ തുടങ്ങിക്കഴിഞ്ഞു’ എന്നാണവൾ മറുപടി കൊടുക്കുന്നത്. ഭൂഗോളത്തിൽ കീഴ്മേൽ മറിഞ്ഞാലും അതവൾക്ക് തുടർന്നേ മതിയാകൂ എന്നും അറിയാം. പശ്ചാത്തലത്തിൽനിന്ന് ഒഴുകിവരുന്ന ഈണങ്ങൾ ഉർവ്വരതുംഗങ്ങളിലേക്കുള്ള ശരീരത്തിന്റെ പലായനങ്ങളെ സ്ഫുടപ്പെടുത്തുന്നു. സ്ത്രീയെ ഒരു ലിംഗതലത്തിൽ എന്നതിനപ്പുറം ഒരു മനുഷ്യജന്മത്തിന്റെ അവകാശ സ്വപ്നങ്ങളുമായിട്ടാണ് നിമ്മി കൂട്ടിയിണക്കുന്നത്. ഐതിഹ്യത്തെ ആധുനികതയുമായി കൂട്ടിക്കെട്ടുന്ന വൈദഗ്ദ്യത്തിൽ വെളിച്ചത്തിന്റെ അണഞ്ഞും തെളിഞ്ഞുമുള്ള വിന്യാസങ്ങൾ മാസ്മരികമാകുന്നുണ്ട്.

സഹോദരനായ രാമനെ പിന്തുടർന്ന് കാട്ടിലേക്കു പോകുന്ന ലക്ഷ്മണൻ ഒപ്പം വരുന്നതിന് ഊർമ്മിളക്ക് അനുവാദം കൊടുക്കുന്നില്ല. പാരമ്പര്യവിശ്വാസപ്രകാരം ഭർതൃജ്യേഷ്ഠനൊപ്പം സഞ്ചരിക്കുന്നതിനുള്ള അർഹതയില്ല അവൾക്ക്. പിന്നീട് ജ്യേഷ്ഠനേയും ഭാര്യയേയും കാത്തുസംരക്ഷിക്കുന്നതിന് ഉണർന്നിരിക്കാനുള്ള വരമാണ് ലക്ഷ്മണൻ നിദ്രാദേവിയോട് ആവശ്യപ്പെടുന്നത്. പകരം ആ ഉറക്കം തന്റെ സഹധർമ്മണിയെ ഏല്പിക്കുന്നു. ഒരു ദിവസമോ ഒരു മാസമോ ഒരു വർഷമോ അല്ല, 14 വർഷമാണ് ഊർമ്മിള ലക്ഷ്മണനുവേണ്ടി ഉറങ്ങിത്തീർത്തത്. ജീവിതത്തിന്റെ ഏറ്റവും പുഷ്കലമായ കാലം. ഈ അധികാരത്തെ നിഷേധിച്ച്, കണ്ണുകൾ വലിച്ചുതുറന്ന് ജീവിക്കുന്നവളാണ് നിമ്മി റാഫേലിന്റെ ഊർമ്മിള. തന്റെ ശരീരാധികാരം തന്റേതുമാത്രമെന്ന് നിശ്ചയിക്കുന്നവൾ. ത്യാഗത്തിന്റെ ചൂതാട്ടത്തിന് അവൾ ലക്ഷ്മണനെ വെല്ലുവിളിക്കുന്നുമുണ്ട്. സ്വന്തം ശരീരത്തിന് അവകാശം പറയുന്നതിനെ അവൾ നിഷ്കരുണം അവഗണിക്കുന്നു. പകരം ഇനി ഈ പരസ്പരയുദ്ധം തുടരാനാണ് അവൾ ലക്ഷ്ണനോട് ആവശ്യപ്പെടുന്നത്. തന്റെ കണ്ണുകളിലെ നീലരാത്രികളെ ലക്ഷ്മണനെതിരായി അങ്കം കുറിച്ചുകൊണ്ട് അവൾ അണിനിരത്തുന്നു.

മനോഹരമായ തീക്ഷ്ണതയാണ് രചനയുടെയും സംവിധാനത്തിന്റെയും ഭാഷയിൽ നിമ്മി ഊർമ്മിളയിലൂടെ വിനിമയം ചെയ്യുന്നത്. പുരാണങ്ങളെയും ഇതിഹാസങ്ങളെയും അറിയേണ്ടതെങ്ങനെയെന്ന കാതലായ അന്വേഷണ വിപ്ലവത്തെക്കൂടി ഊർമ്മിള പ്രതിനിധാനം ചെയ്യുന്നു. അധികാരത്തിന്റെ ആണയിടലുകളെ കൊടുങ്കാറ്റ് പോലെ പറത്തിപ്പിക്കുന്നു. ശരീരത്തിന്റെ അനുസരണയെയും സമ്മതത്തെയും ആൺനിശ്ചയത്തിന്റെ മുൻമാതൃകകളിൽനിന്ന് സ്വതന്ത്രമാക്കുന്നു. 14 വർഷത്തോളം ഉറഞ്ഞുപോയ സ്വന്തം ശരീരത്തിന്റെ ധ്യാനാത്മകതയിൽനിന്ന് ഒരു പുതിയ സമരമുഖത്തേക്ക് അവൾ എത്തുകയാണ്. കണ്ണാടികൾക്ക് നിശ്ചലമാക്കാവുന്ന ഒരു പ്രതിബിംബമല്ല താനെന്ന ശരീരത്തിന്റെ തിരിച്ചറിവുകൂടിയാണത്. പ്രകമ്പനങ്ങളിൽ ഇഴുകി ച്ചേർന്നുകൊണ്ട് ആ യാത്ര തുടരുന്നവളാണ് ഊർമ്മിള എന്ന സ്പഷ്ടതയിലാണ് നിമ്മി റാഫേലിന്റെ നാടകം അവസാനിക്കുന്നത്.


ഊർമ്മിള എന്ന നാടകത്തിലെ കൂടുതല്‍ ചിത്രങ്ങള്‍

ഫോട്ടോകൾ: മുഹമ്മദ് ഹനാന്‍

കെ.വി. സുമംഗല

ആനുകാലികങ്ങളിൽ ലേഖനങ്ങൾ എഴുതാറുണ്ട്. സാറാ ജോസഫ്- ഒരു എഴുത്തുകാരിയുടെ ഉള്ളിൽ, ലിംഗബന്ധങ്ങളുടെ ആഖ്യാനശാസ്ത്രം, പെൺയാത്ര എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments