കോർപറേറ്റ് താൽപര്യങ്ങളല്ല, പരിസ്ഥിതിയാണ് സംരക്ഷിക്കപ്പെടേണ്ടത്

പരിസ്ഥിതി സംരക്ഷണ നിയമങ്ങൾ വരുന്നത് പരിസ്ഥിതി ഇന്നത്തെയത്ര മോശമായി നിൽക്കുന്ന കാലത്തല്ല. എന്നാലതേ നിയമങ്ങൾ കോർപറേറ്റ് താൽപര്യങ്ങൾക്കായി ഭേദഗതി ചെയ്യുന്നത് പരിസ്ഥിതി ഏറ്റവും ദുർബലമായ സമയത്താണെന്നതാണ് ഇതിലെ വെെരുദ്ധ്യം. ട്രൂ കോപ്പി വെബ്​സീൻ പാക്കറ്റ്​ 82 ൽ പ്രസിദ്ധീകരിച്ച ലേഖനം.

രിസ്ഥിതി സംരക്ഷണത്തിന്റെ കാര്യത്തിൽ, സവിശേഷമായ ഒരു ഘട്ടത്തിലാണ് ഇന്ന് നമ്മളെത്തിനിൽക്കുന്നത്. ഇന്ത്യയിൽ സ്വാതന്ത്ര്യത്തിനുമുമ്പ് ബ്രിട്ടീഷുകാരുടെ കാലഘട്ടം മുതൽ തന്നെ വനം- പരിസ്ഥിതി സംരക്ഷണ നിയമങ്ങളുണ്ടായിട്ടുണ്ട്. 1853-ലാണ് തീരസംരക്ഷണത്തിന്​ The Shore Nuisances ആക്ട് നടപ്പിൽ വരുത്തിയത്. വനത്തേയും പരിസ്ഥിതിയെയും ജനങ്ങളുടെ ആരോഗ്യസുരക്ഷയേയും ബാധിക്കത്തക്ക വിധത്തിലുള്ള ഇടപെടലുകൾ നിയന്ത്രിക്കാൻ സ്വാതന്ത്ര്യാനന്തരവും പരിസ്ഥിതി നിയമങ്ങൾ പുതുക്കപ്പെട്ടു. ശ്രദ്ധേയമായ കാര്യം, അന്ന് പരിസ്ഥിതി നിലവിലുള്ളത്ര ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ടായിരുന്നില്ല എന്നതാണ്.

എന്നാൽ 1990- കൾക്കുശേഷം നമ്മൾ കാണുന്നത്, കേന്ദ്ര- സംസ്ഥാന ഭരണകൂടങ്ങൾ വനം- പരിസ്ഥിതി സംരക്ഷണ നിയമങ്ങളെ അട്ടിമറിക്കുന്ന കാഴ്ചയാണ്. വനത്തേയും, അതിലെ ആവാസവ്യവസ്ഥയേയും, അതിലെ വിഭവങ്ങളേയും, അവയെ ആശ്രയിക്കുന്ന വന്യജീവികളേയും, അതിന്റെ പശ്ചാത്തലത്തിൽ ജീവിക്കുന്ന മനുഷ്യരുടെയും നിലനിൽപ്പിനെയും തകിടം മറിച്ചുകൊണ്ടാണ് വൻകിട കോർപറേറ്റ് താൽപര്യങ്ങൾക്ക് അനുഗുണമായി ഭരണകൂടം നിയമങ്ങൾ ഭേദഗതി ചെയ്യുന്നത്.

കാട്ടിനുള്ളിൽ ധാതുഖനനത്തിനു മുന്നോടിയായ സർവേക്കും പര്യവേക്ഷണത്തിനും സ്വകാര്യ ഏജൻസികൾക്ക്​ നിർബാധം അനുമതി നൽകാനുള്ള ഭേദഗതി കേന്ദ്ര വനമന്ത്രാലയവും, കേന്ദ്ര ഖനി മന്ത്രാലയവും കൊണ്ടുവന്നത് ഈയിടെയാണ്. കാട്ടിനുള്ളിൽ സ്വകാര്യമേഖയ്ക്ക് ഖനനത്തിന് വഴിയൊരുങ്ങുകയാണിതിലൂടെ. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയിലെ ദേശീയ ഉദ്യാനങ്ങളുടെയും സംരക്ഷിതവനമേഖലകളുടെയും അതിർത്തികളിൽനിന്ന് ഒരു കി.മി. ദൂരം സുരക്ഷക്കുവേണ്ടി ബഫർ സോൺ ആയി ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന സുപ്രീംകോടതി ഉത്തരവിനെയും കാണേണ്ടത്. അതു കൊണ്ടുതന്നെ പ്രസ്തുത വിധി സ്വാഗതാർഹവുമാണ്.

ഗോവയിലെ ഒരു മെെൻ. 'ജനസാന്ദ്രത കൂടിയപ്രദേശമായിട്ടു പോലും കേരളത്തിലെ വനങ്ങൾ ഭീമമായ തോതിൽ ചൂഷണം ചെയ്യപ്പെട്ടിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് അന്ധമായ കോർപറേറ്റ് തല ഇടപെടൽ പരിസ്ഥിതിവിഷയത്തിൽ ഇല്ലതാനും.' / Photo: goamining.org

സുപ്രീംകോടതി വിധി വന്ന് ആഴ്ചക്കകം വനത്തിൽ സ്വകാര്യ മേഖലയ്ക്ക് ഖനനത്തിനുള്ള സാധ്യകൾ തുറന്നുകൊടുക്കുന്ന പുതിയ ഭേദഗതികൾ കൊണ്ടുവന്നതിലൂടെ വനം- പരിസ്ഥിതി സംരക്ഷണത്തിലെ കേന്ദ്രസർക്കാർ നിലപാട് കൂടുതൽ വ്യക്തമാവുകയാണ്. പരിസ്ഥിതി സംരക്ഷണ നിയമങ്ങൾ വരുന്നത് പരിസ്ഥിതി ഇന്നത്തെയത്ര മോശമായി നിൽക്കുന്ന കാലത്തല്ല. എന്നാലതേ നിയമങ്ങൾ കോർപറേറ്റ് താൽപര്യങ്ങൾക്കായി ഭേദഗതി ചെയ്യുന്നത് പരിസ്ഥിതി ഏറ്റവും ദുർബലമായ സമയത്താണെന്നതാണ് ഇതിലെ വെെരുദ്ധ്യം. നിലവിലത്തെ സാഹചര്യത്തിൽ ഇത്തരം കോടതിവിധികൾ അതുകൊണ്ടുതന്നെ അപൂർവവും പ്രതീക്ഷ നൽകുന്നതുമാണ്​.

"പരിസ്ഥിതി ഭേദഗതി വകുപ്പ്​’

1980-കളിൽ തന്നെ പരിസ്ഥിതി സംരക്ഷണവും വികസനവും ഒരുമിച്ച് എന്ന കാഴ്ചപ്പാട് നിലവിൽ വന്നിരുന്നു. ഇതിന്റെ ഭാഗമായാണ് പശ്ചിമഘട്ടത്തിലെ കുദ്രേമുഖിന്റെ ഒരു ഭാഗം സംരക്ഷിക്കപ്പെടുകയും മറ്റൊന്നിൽ ഖനനം നടത്തുകയും ചെയ്തത്. 1990-കളിൽ രൂപപ്പെട്ട പുതിയ സാമ്പത്തിക സാമൂഹിക ക്രമം പരിസ്ഥിതിയെക്കുറിച്ചുള്ള ഇത്തരം അശാസത്രീയമായ കാഴ്ചപ്പാടിന് ചേർന്നതായിരുന്നു. റവന്യു, ഊർജം, റെയിൽവേ, എന്നിങ്ങനെ ഒട്ടനവധി മേഖലകളിൽ നിരന്തരം ഭേദഗതികൾ നടത്തിക്കൊണ്ടിരിക്കുന്നിടത്ത് അതെത്തി നിൽക്കുന്നു. പരിസ്ഥിതി വകുപ്പ്, മറ്റു പദ്ധതികൾക്കനുസരിച്ച് നിയമങ്ങളിൽ മാറ്റം വരുത്താനുള്ള "പരിസ്ഥിതി ഭേദഗതി വകുപ്പായി' പരിണമിച്ചിരിക്കുകയാണിന്ന്.

2001-ൽ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ ആദ്യമായി ബഫർ സോൺ ഏർപ്പെടുത്താനുള്ള ആലോചനകൾ വന്നപ്പോൾ അത് പത്തു കിലോമീറ്ററായിട്ടായിരുന്നു നിജപ്പെടുത്തിയത്. 2011-ൽ പശ്ചിമഘട്ട മേഖലകളിലെ പരിസ്ഥിതി ലോല പ്രദേശങ്ങൾ തിരിച്ചറിയാൻ The Western Ghats Ecology Expert Panel (WGEEP) പോലുള്ള ശാസ്ത്രീയാടിത്തറയുള്ള പഠനം നടക്കുകയും ചെയ്തു. എന്നാൽ ഇവയോടൊക്കെത്തന്നെയുമുള്ള പ്രതികരണം നിരാശാജനകമായിരുന്നു. ഭരണതലത്തിൽ നിന്നുള്ള തണുത്ത പ്രതികരണവും, ജനങ്ങൾക്കിടയിലെ തെറ്റിദ്ധാരണകളും കാരണം ഇവ പ്രാവർത്തികമാവുകയോ, ഗുണകരമായി പുതുക്കപ്പെടുകയോ ഉണ്ടായില്ല.

ജോൺസി ജേക്കബ്‌ / Photo: N.J. Antony

2019-ൽ, പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ സംരക്ഷിത വനംപ്രദേശങ്ങൾക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ ദൂരം പരിസ്ഥിതി ലോല പ്രദേശമാക്കാനുള്ള നയം തത്വത്തിൽ അംഗീകരിച്ചിരുന്നു. ഇതേ ഇടതുസർക്കാരാണ് ഇന്ന് സുപ്രീംകോടതി വിധിക്കെതിരെ ഹർത്താൽ നടത്തിയത്. പുതിയ സുപ്രീംകോടതി വിധിയിൽ ന്യൂനതകളുണ്ടെങ്കിൽ അത് ഭരണകൂടങ്ങളുടെ പ്രതിലോമകരമായ ഇത്തരം സമീപനങ്ങളുടെ ഫലമായിക്കൂടിയാണ്. അതാത് സംസ്ഥാന സർക്കാരുകൾ പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി ശരിയായ ഡിമാന്റുകൾ മുന്നോട്ടു വെക്കുന്നതിൽ പരാജയപ്പെടുമ്പോൾ അത് കോടതിയുടെ പോരായ്മയായി വിലയിരുത്താനും സാധിക്കില്ല.

കാഴ്​ചപ്പാടില്ലാത്ത സർക്കാർ

പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് സർക്കാർ തലത്തിൽ തന്നെ ഘടനാപരമായ പ്രശ്‌നങ്ങളുണ്ട്. കേരളത്തിൽ പരിസ്ഥിതി, മലിനീകരണ നിയന്ത്രണ വകുപ്പ്, മൈനിങ്ങ് ആൻറ്​ ജിയോളജി, വനം വകുപ്പ് മുതലായ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന വകുപ്പുകൾ വ്യത്യസ്തങ്ങളായ മൂന്ന് മന്ത്രാലയങ്ങൾക്ക് കീഴിലാണ്. ഇങ്ങനെ ചിതറിക്കിടക്കുന്ന സാഹചര്യത്തിൽ പൊതുതാൽപര്യം നിലനിർത്തിയുള്ള നയരൂപീകരണം പലപ്പോഴും സാധിക്കാതെ വരുന്നു.
സർക്കാരിന് പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് കൃത്യമായ കാഴ്ചപ്പാടില്ലെന്ന് വേണം ഇതിൽ നിന്ന് അനുമാനിക്കാൻ. ഗൗരവവും ജനാധിപത്യപരവുമായ ഇടപെടൽ പരിസ്ഥിതി സംരക്ഷണത്തിൽ സർക്കാർ തലത്തിൽ നിന്നുണ്ടാവണം. പ്രതിപക്ഷം ഭരണപക്ഷത്തേയും, ഭരണപക്ഷം കേന്ദ്രത്തേയും പഴിപറയുന്ന പരിസ്ഥിതി സംരക്ഷണ സമീപനമല്ല നമുക്കാവശ്യം.

വൻകിട നിർമാണങ്ങളും, ക്വാറി പ്രവർത്തനങ്ങളും ലക്ഷ്യം വെച്ചാണ് സുപ്രീം കോടതി വിധി. സംസ്ഥാനങ്ങളുടെ ത്വരിതനേട്ടങ്ങൾക്ക് കാരണമാകുന്ന സാമ്പത്തിക ഇടപാടുകളിലെ ഇടനിലക്കാർ മാത്രമായി സർക്കാർ ചുരുങ്ങരുതെന്നാണ് വിധി പ്രസ്താവിച്ച്​ ജസ്റ്റിസ് ബോസ് അഭിപ്രായപ്പെട്ടത്. വിധി പ്രസ്താവത്തിൽ സുപ്രീംകോടതി എടുത്തുപറയുന്നതും ഇത്തരം മേഖലകളിലെ ഖനികളുടെ നിയന്ത്രണത്തെക്കുറിച്ചാണ്. വനമേഖലകളിലെ പ്രകൃതിവിഭവങ്ങളെ മുൻനിർത്തിയുള്ള വൻകിട പദ്ധതികൾ പ്രദേശവാസികൾക്ക് ഒരു തരത്തിലും പ്രയോജനകരമല്ലെന്ന് നമുക്കുമുന്നിൽ ഉദാഹരണങ്ങളുണ്ട്. മലയോര മേഖലകളിലും, കടലോര പ്രദേശത്തും താമസിക്കുന്നവരാണ് കേരളത്തിൽ ഇന്നേറ്റവും ദരിദ്രരായിട്ടുള്ളത്. ഈ രണ്ടു മേഖലകളിലും ഒരേ വ്യഗ്രതയോടെയാണ് വൻകിട പദ്ധതികൾ ആസൂത്രണം ചെയ്യപ്പെടുന്നതും. ചൂഷകരുടെ താൽപര്യങ്ങൾ ജനതാൽപര്യമായി അവതരിപ്പിക്കപ്പെടുന്ന സൂത്രം ഇതിൽ പ്രയോഗിക്കുന്നുണ്ട്. വനമേഖലകൾ കേന്ദ്രീകരിച്ചു കൊണ്ടുള്ള ആത്മീയ, ഉല്ലാസ ടൂറിസവും നിയന്ത്രിക്കപ്പെടേണ്ടതുണ്ട്.

ആഗോളതലത്തിൽ പുതിയ തലമുറ ക്ലൈമറ്റ് ആക്ടിവിസത്തെ നവീകരിക്കുകയും, പരിസ്ഥിതി സംരക്ഷണത്തിൽ അടിയന്തര ഇടപെടൽ ഡിമാൻറ്​ ചെയ്യുകയും ചെയ്യുമ്പോൾ, കേരളത്തിലെ വിദ്യാഭ്യാസരംഗത്തിന്​ മറ്റു പല മുൻഗണനകളുമാണുള്ളത്. / Photo: School Strike 4 Climate, Flickr

പരിസ്ഥിതി സംരക്ഷണം ഏതെങ്കിലും തരത്തിൽ ജനജീവിതത്തെ സൂക്ഷ്മാർത്ഥത്തിലെങ്കിലും ബാധിക്കുന്നെങ്കിൽ അതിന് പ്രായോഗിക പരിഹാരം കാണേണ്ടത് സർക്കാറിന്റെ ഉത്തരവാദിത്തമാണ്. കെ റെയിൽ, ഹൈവേ വികസനം പോലുള്ള പദ്ധതികളിൽ സർക്കാറിന്റെ താൽപര്യപൂർവമുള്ള ഇടപെടലുകൾ നാം കാണുന്നുണ്ട്. പരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യത്തിൽ പക്ഷെ ഈ ആത്മാർത്ഥതക്കുറവ് പ്രകടമാണ്. ജനം vs പരിസ്ഥിതി എന്ന അപകടകരമായ ദ്വന്ദ്വം ഈയൊരു സമീപനത്തിലൂടെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഇത് ജനങ്ങൾക്കോ പരിസ്ഥിതിക്കോ ഗുണകരമല്ലാതെ പോവുകയും ചെയ്യുന്നു.

പുതിയ തലമുറയും പരിസ്​ഥിതി ആക്​ടിവിസവും

ആഗോളതലത്തിൽ പുതിയ തലമുറ ക്ലൈമറ്റ് ആക്ടിവിസത്തെ നവീകരിക്കുകയും, പരിസ്ഥിതി സംരക്ഷണത്തിൽ അടിയന്തര ഇടപെടൽ ഡിമാൻറ്​ ചെയ്യുകയും ചെയ്യുന്ന സാഹചര്യമിന്നുണ്ട്. എന്നാൽ കേരളത്തിൽ, വിദ്യാഭ്യാസരംഗത്ത്​ 90-കൾക്കുശേഷമുണ്ടായത് മറ്റു പല മുൻഗണനകളുമാണ്. വിദ്യാർത്ഥികളുടെ കാര്യം പറയാൻ കാരണം, ശാസ്ത്രീയമായ പരിസ്ഥിതി ബോധം രൂപപ്പെടേണ്ടതും, അതിനെ യാഥാർത്ഥ്യ ബോധത്തോടെ കണ്ടുതുടങ്ങേണ്ടതും അക്കാലഘട്ടത്തിലാണെന്നതിനാലാണ്. ഒരു കാലത്ത് നമ്മുടെ നാട്ടിൽ പരിസ്ഥിതി സംരക്ഷണ സമരങ്ങളും മുന്നേറ്റങ്ങളും ആരംഭിച്ചത് വിദ്യാർത്ഥികളിൽ നിന്നാണെങ്കിൽ ഇന്നത്തരം ഇടപെടലുകൾ ഉണ്ടാകുന്നില്ല. സ്‌കൂളുകളിലെ പരിസ്ഥിതി പ്രവർത്തനങ്ങൾ പലപ്പോഴും കൃഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലേക്ക് ചുരുങ്ങുകയാണ്.

പരിസ്ഥിതിചിന്തയ്ക്ക് ദാർശനികമായി നേതൃത്വം നൽകുന്നതിൽ അധ്യാപകർ പരാജയപ്പെടുകയാണ്. എന്തുകൊണ്ടാണ് 70-കളിൽ ജോൺസി ജേക്കബിന്​ അത്​ സാധിക്കുകയും ഇന്നത്തെ അധ്യാപകർക്ക് സാധിക്കാതെ പോവുകയും ചെയ്യുന്നത്. അദ്ദേഹത്തിന് കക്ഷിരാഷ്ട്രീയത്തിനതീതമായ ഒരു കാഴ്ചപ്പാട് ഉണ്ടായിരുന്നതിനാലാണ് എതെന്നാണ് എന്റെ ബോധ്യം. 1972-ലെ സ്റ്റോക് ഹോം കോൺഫറൻസ് ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ആരംഭിച്ചതിനെ ചുവടുപിടിച്ചാണ് ജോൺസി മാഷ് അദ്ദേഹത്തിന്റെ ഡിപ്പാർട്ട്‌മെന്റിൽ അതേവർഷം സുവോളജിക്കൽ ക്ലബ്ബ് തുടങ്ങുന്നത്. അധ്യാപകരും വിദ്യാർത്ഥികളേയും കൂടാതെ കാമ്പസിനുപുറത്തുള്ള സമാനചിന്താഗതിക്കാരായ ആളുകളെയും ഉൾക്കൊള്ളിച്ചാണ് പിന്നീട് 1979-ൽ ‘സീക്ക്’ (സൊസൈറ്റി ഫോർ എൻവയോൺമെന്റൽ എജ്യുക്കേഷൻ ഇൻ കേരള) എന്ന സംഘടന 1979-ൽ രൂപീകരിക്കുന്നത്.

1977-ൽ ഏഴിമലയിൽ വെച്ച് നടന്ന ക്യാമ്പിലാണ് സൈലൻറ്​വാലി സമരം രൂപപ്പെടുന്നത്. ജോൺസി ജേക്കബ് ആയിരുന്നു ക്യാമ്പ് ഡയറക്ടർ. കെ.കെ. നീലകണ്ഠൻ, പ്രൊഫ. എം.കെ. പ്രസാദ്, തുടങ്ങിവരുടെ ക്ലാസുകളുണ്ടായിരുന്നു. സൈലൻറ്​വാലി സമരം ഏറ്റെടുക്കണം എന്ന നിർദ്ദേശമുണ്ടാകുന്നത് ആ ക്യാമ്പിൽ വെച്ചാണ്. 1978-ൽ പയ്യന്നൂർ കോളേജിൽനിന്ന്​ വിദ്യാർത്ഥികൾ പയ്യന്നൂർ ടൗണിലേക്ക് സൈലന്റവാലി ഉപേക്ഷിക്കുക എന്ന പ്രഖ്യാപനവുമായി പ്രകടനം നടത്തി. പിന്നീട് മറ്റു കോളേജുകളിലടക്കം അത് വ്യാപിക്കുകയായിരുന്നു.

സൈലന്റ് വാലി സമരം

ഇന്ന്​, വിദ്യാഭ്യാസ മേഖലയിലെ പാരിസ്ഥിതിക അവബോധ പ്രവർത്തനങ്ങളുടെ അവസ്ഥ സൂചിപ്പിക്കാൻ ഒരുദാഹരണം പറയാം. കണ്ണൂരിലെ കണ്ടങ്ങാളിയിൽ ബി.പി.സി.എല്ലും, പി.ഒ.എല്ലും എച്ച്.പി.സി.എല്ലും ചേർന്ന് എണ്ണസംഭരണ ശാല നിർമിക്കുന്നതിനെതിരെ സമരം നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടന്ന പബ്ലിക്ക് ഹിയറിങ്ങിൽ സമീപപ്രദേശത്തെ സ്‌കൂളുകളിൽ നിന്ന് വിദ്യാർത്ഥികളൊന്നും പങ്കെടുത്തിരുന്നില്ല. അതേസമയം കുറച്ചുദൂരത്തുള്ള മാത്തിൽ ഹൈസ്‌കൂളിലെ ഒരധ്യാപിക അഞ്ചു വിദ്യാർത്ഥികളുമായി വന്നു. പയ്യന്നൂരിലെയോ, കണ്ടങ്ങാളിയിലേയോ വിദ്യാർത്ഥികൾക്ക് അന്ന് ഇത്തരം വിഷയങ്ങളുമായി ഇടപഴകാനോ, അതിൽ നിന്ന് പുതിയ കാഴ്ചപ്പാടുകൾ രൂപപ്പെടുത്താനോ ഉള്ള അവസരം നിഷേധിക്കപ്പെടുകയായിരുന്നു. പരിസ്ഥിതി പ്രശ്‌നങ്ങളെ ഒരു ഐച്ഛിക വിഷയമോ, താൽപര്യ മേഖലയോ, അതുമല്ലെങ്കിൽ ഒരു പ്രശ്‌നമോ പോലുമായല്ല കാണേണ്ടത്. അതൊരു വസ്തുതയാണ്. അങ്ങനെ വേണം അതിനെ സമീപിക്കാനും.

വിദ്യാർത്ഥികൾക്ക് പാരിസ്ഥിതികാവബോധം ഇല്ലെന്നുപറയുന്നത് തെറ്റായിരിക്കും. അവരുടെ സാമൂഹിക ഇടങ്ങളിൽ അത് എത്തുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്നു. എന്നാൽ വ്യക്തികേന്ദ്രീകൃത ചിന്തയെ പ്രോത്സാഹിപ്പിക്കുന്ന, സ്വതന്ത്ര ചിന്തയെ വിലക്കുന്ന വിദ്യാഭ്യാസ സമീപനം അവരുടെ അവബോധത്തെ ചാനലൈസ് ചെയ്യുന്നതിൽ സ്വാഭാവികമായും പരാജയപ്പെടുകയാണ്. സ്വയം വിമർശനാത്മകമായി നോക്കുമ്പോൾ, പുതിയ തലമുറയുടെ സെൻസിബിലിറ്റിക്ക് അനുസരിച്ച് പരിസ്ഥിതി പ്രവർത്തനങ്ങൾ ആവിഷ്‌കരിക്കുന്നതിലും പരിമിതികളുണ്ടാവുന്നുണ്ട്.

മാധ്യമ തമസ്​കരണം

മാധ്യമ ഇടപെടലും ഇക്കാര്യത്തിൽ സുപ്രധാനമാണ്. മാധ്യമ മേഖല കൂടുതൽ മത്സരാധിഷ്ഠിതവും മൂലധന നിയന്ത്രിതവും ആയിക്കൊണ്ടിരിക്കുന്നത് പരിസ്ഥിതി വിഷയങ്ങൾ പൊതുജനങ്ങളിലേക്ക് എത്തുന്നതിന് തടസ്സമാകും. പണ്ട് പരിസ്ഥിതി വിഷയങ്ങൾ മാധ്യമങ്ങളിൽ വലിയ തോതിൽ ചർച്ച ചെയ്യപ്പെടാതെ പോയത് സാങ്കേതിക പരിമിതികൾ കൊണ്ടായിരുന്നെങ്കിൽ ഇന്ന് മുഖ്യധാരാ മാധ്യമങ്ങൾ അതിനെ അവഗണിക്കുകയാണ്. 1970-കളിൽ പയ്യന്നൂരിൽ സൈലൻറ്​ വാലി സമരം വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ആദ്യം നടന്നപ്പോൾ അത് പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നില്ല. കോഴിക്കോട്​ അന്ന്​ പത്രങ്ങൾ അച്ചടിച്ചിരുന്നത്. കേരളത്തിന്റെ പലഭാഗത്തുനിന്നും വരുന്ന ഒരുപാട് വാർത്തകളിൽ ഒന്നു മാത്രമായിരുന്നു അത്​. എന്നാൽ ഇന്ന് പരിസ്ഥിതിയുമായി ബന്ധപ്പെട്ട സൂക്ഷ്​മ വിശകലനങ്ങളും വാർത്തകളും നമുക്കുമുന്നിൽ സമാന്തര മാധ്യമങ്ങളിലൂടെ എത്തുകയും ചെയ്യുന്നുണ്ട്.

സൂചിമുഖി മാസികയുടെ പ്രവർത്തനം ഉദാഹരണമായി എടുക്കുകയാണെങ്കിൽ പരസ്യവരുമാനത്തെ ആശ്രയിച്ചല്ല അത് ഇത്രകാലവും നിലനിന്നത്. പരിസ്ഥിതി റിപ്പോർട്ടിങ്ങ് എന്ന പറയുന്നത് കേവലം കുന്നിടിക്കുന്നതിനെക്കുറിച്ചോ, കാടുമുറിക്കുന്നതിനെക്കുറിച്ചോ, അതിനെക്കുറിച്ചുള്ള സമരങ്ങളോ മാത്രമല്ല. മുഖ്യധാരാ മാധ്യമങ്ങൾ പലപ്പോഴും പരിസ്ഥിതിയുമായി ബന്ധപ്പെട്ട വാർത്തകളെ ആ ഗണത്തിൽ പെടുത്തുമ്പോൾ, പരിസ്ഥിതി സംരക്ഷണുമായി ബന്ധപ്പെട്ട ദാർശനിക ചിന്തകളും, അതിന്റെ ധാർമികതയും, ഫിലോസഫിയും ആളുകളിലേക്കെത്തേണ്ടതുണ്ട്. സൂചിമുഖി ഒരിക്കലും കമ്പോളയുക്തിക്കനുസരിച്ചല്ല പ്രവർത്തിച്ചത്. ഈ പ്രസിദ്ധീകരണത്തെ ഒരു ഉപജീവനമാർഗമാക്കാം എന്ന കാഴ്ചപ്പാടില്ല. എഴുതണമെങ്കിൽ സബ്‌സ്‌ക്രിപ്ഷൻ എടുക്കേണ്ട ഒരു മാസികയാണിത്. അത് മനഃപൂർവം രൂപപ്പെടുത്തിയ ഒരു മോഡൽ ആണ്. 1987 ലാണ് ഞാൻ സൂചിമുഖിയുടെ എഡിറ്റർഷിപ്പ്​ ഏറ്റെടുത്തത്. പൂർണമായും സബ്‌സ്‌ക്രിപ്ഷനേയും, സംഭാവനകളേയും ആശ്രയിച്ചാണ് ഈ കാലം വരെ അത് നിലനിന്നുപോന്നതും.

ജനസാന്ദ്രത കൂടിയപ്രദേശമായിട്ടു പോലും കേരളത്തിലെ വനങ്ങൾ ഭീമമായ തോതിൽ ചൂഷണം ചെയ്യപ്പെട്ടിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് അന്ധമായ കോർപറേറ്റ് തല ഇടപെടൽ പരിസ്ഥിതിവിഷയത്തിൽ ഇല്ലതാനും. സമൂഹമെന്ന നിലയിൽ നമ്മൾ ആർജിച്ച ജാഗ്രതയും സുസ്ഥിര വികസന കാഴ്ചപ്പാടുമാണ് ഇതിന് കാരണം. അതു തുടരേണ്ടതുണ്ട്.

ട്രൂ കോപ്പി വെബ്​സീൻ പാക്കറ്റ്​ 82 ൽ പ്രസിദ്ധീകരിച്ച ലേഖനം


ടി.പി. പത്മനാഭൻ

പാരിസ്​ഥിതികാവബോധ പ്രവർത്തനങ്ങളിൽ നേതൃപരമായ പങ്ക്​ വഹിക്കുന്നു. സൈലൻറ്​വാലി അടക്കമുള്ള പരിസ്​ഥിതി വിഷയങ്ങളിൽ പഠനങ്ങൾക്ക്​ നേതൃത്വം നൽകുകയും സമരങ്ങളിൽ പങ്കാളിയാകുകയും ചെയ്​തു. 1987-മുതൽ സൂചിമുഖി മാസികയുടെ എഡിറ്റർ. സൊസൈറ്റി ഫോർ എൻവയോൺമെന്റൽ എജ്യുക്കേഷൻ ഇൻ കേരള (സീക്ക്) ഡയറക്ടർ.

Comments