"മഹത്തരമായ വലിയൊരു യാത്രയ്ക്കുള്ള സാഹചര്യമുണ്ടാവണമെങ്കിൽ ഓരോ തവണവും നിന്റെ ചന്തിയിൽ കട്ടുറുമ്പ് ചെറുതായി കടിക്കേണ്ടതായിട്ടുണ്ട്' എന്നു പറഞ്ഞ് മൊല്ലാക്ക, ഖുർആൻ തെറ്റി വായിക്കുമായിരുന്ന എന്റെ പിൻഭാഗത്ത് ചെറുതായി പിച്ചും. വേദനയേക്കാളുമധികമളവിൽ അലമുറയിട്ട് ഞാൻ അൽപനേരം ശരിയായി വായിക്കുകയും ചെയ്യും. കുറച്ചു കഴിഞ്ഞ് അദ്ദേഹത്തിന് വീണ്ടും നുള്ളേണ്ടതായി വരും. ഇങ്ങനെ ആയിരം തവണ പിച്ചിയശേഷം എനിക്ക് ഖുർആനിലെ ആദ്യ പത്ത് സൂറത്തുകൾ വായിക്കാൻ കഴിഞ്ഞു. "നീ തെറ്റില്ലാതെ നന്നായി വായിച്ചു തീർത്തത് നിന്റെ തലച്ചോറിന്റെ കഴിവു കൊണ്ടല്ല ചെറുക്കാ... അതെന്റെ വിരലുകളുടെ മാന്ത്രിക ശക്തിയാൽ' എന്ന് അദ്ദേഹം ചിരിക്കുമായിരുന്നു.
ഞാൻ പതിനൊന്നാം സൂറത്തിലേക്ക് കടക്കുന്ന സമയത്ത് അദ്ദേഹത്തിന് ഓർമക്കേട് തുടങ്ങി. അപ്പോഴേക്കും മൊല്ലാക്ക പിഞ്ഞാണപ്പാത്രവും എവിടെയോ നഷ്ടപ്പെടുത്തിയിരുന്നു. എന്നാൽ അതാരോടും പറഞ്ഞില്ല. "കളഞ്ഞുപോയ വസ്തുക്കളെക്കുറിച്ച്, അത് തന്നത്താനെ തിരിച്ചു കിട്ടുന്നതുവരെ ആരോടും പറയാൻ പാടില്ല. അങ്ങനെയാരോടെങ്കിലും പറഞ്ഞാൽ അതു തിരിച്ചു കിട്ടുമ്പോൾ അതിന്റെ ശക്തി അതിൽ ബാക്കികിടപ്പുണ്ടായിരിക്കില്ല. അതവരുടെ ഭാഗമായി മാറും' എന്നദ്ദേഹം പറയുമായിരുന്നു. അതിനാൽ കളഞ്ഞുപോയ പിഞ്ഞാണപ്പാത്രത്തിന്റെ കാര്യം അദ്ദേഹം ആരോടും പറയാതെ ഉള്ളിൽ ഒതുക്കിവെച്ച് സ്വയം പീഡയനുഭവിച്ചു. ഇതിന്റെ പരിണാമത്താലോ എന്തോ അദ്ദേഹത്തിന് ഓർമക്കുറവും അനവസരത്തിലുള്ള മൂത്രശങ്കയുമുണ്ടാവാൻ തുടങ്ങി. അതിൽ പിന്നീട് അദ്ദേഹം ഇടയ്ക്കിടെ മൂത്രിക്കാൻ പോകുന്നതും വുളു എടുത്തു വന്ന് വീണ്ടും ഖുർആൻ വായിപ്പിക്കാനിരിക്കുന്നതും വീണ്ടും എഴുന്നേറ്റ് ചെല്ലുന്നതും ആവർത്തിച്ചപ്പോൾ അദ്ദേഹത്തിന് സ്വന്തത്തോടുതന്നെ വെറുപ്പ് തോന്നാൻ തുടങ്ങുകയും ഞങ്ങളെ പിച്ചുന്നത് നിർത്തുകയും ശ്രദ്ധക്കുറവിന് അടിമപ്പെടുകയും ചെയ്തു.
ഇപ്പോൾ നോക്കുമ്പോൾ, അതുപോലുള്ള ഒരു കട്ടുറുമ്പിനാൽ കടിക്കപ്പെട്ട് ഞാനും ആ മൊല്ലാക്കയെപ്പോലെ എങ്ങോട്ടോ പുറപ്പെട്ട് ഇപ്പോൾ അദ്ദേഹത്തിന്റെ മൂലസ്ഥാനത്തേക്ക് തന്നെ വന്നെത്തിയിരിക്കുന്നു. കവരത്തിയെന്ന ഈ ദ്വീപിന്റെ ഹൃദയഭാഗത്തുള്ള മുന്നൂറു വർഷത്തോളം പഴക്കമുള്ള ഹുജറ പള്ളിയുടെ മുറ്റത്തെ മണൽത്തറയിൽ കാൽമുട്ടുകൾ വളച്ചുവെച്ച് മുന്നൂറു വർഷം മുമ്പ് പായ്ക്കപ്പലിലേറി ഇവിടെ വന്നിറങ്ങിയ കന്നടനാട്ടിലെ ഒരു സൂഫിഗുരുവിന്റെ അടഞ്ഞു കിടക്കുന്ന വാതിലുള്ള ദർഗയുടെ എതിർവശത്തെ പള്ളിയിൽനിന്ന് അദ്ദേഹത്തെക്കുറിച്ച് ഉയർന്നു വരുന്ന അറബിമലയാളത്തിലുള്ള മദ്ഹുകൾ ഞാൻ കേട്ടുകൊണ്ടിരിക്കുന്നു. വ്രതശുദ്ധി പാലിക്കാത്തവർ പ്രവേശിക്കാൻ പാടില്ലാത്ത ആചാരനിഷ്ഠയുള്ള പള്ളിയാണത്. മനസ്സിനകത്ത് സന്ദേഹവും തലയ്ക്കകത്ത് പിരിമുറുക്കവും ശരീരത്തിൽ അഴുക്കുമുള്ള ആരും ഉള്ളിൽകടക്കരുതാത്ത ശ്രീകോവിൽപോലുള്ള സ്ഥലം. വെളിച്ചെണ്ണ കത്തിച്ച ഒരു വിളക്ക് അവിടെ എരിയുന്നുണ്ടായിരുന്നു. മദ്ഹ് പാടുന്നതോടൊപ്പം പുകയുന്ന ധൂപകലശത്തിൽ അവർ കുന്തിരിക്കം വിതറുന്നുണ്ടായിരുന്നു. സുഗന്ധപൂരിതവും പുകപടലം നിറഞ്ഞതുമായ ആ ഒരു അന്തരീക്ഷത്തിനുനടുവിൽ ശുഭ്രവസ്ത്രമണിഞ്ഞ ദൃഢശരീരരായ പുരുഷന്മാർ പരവശരായി ഭക്തിയുടെ ഉന്മാദത്തിൽ തലയാട്ടിയും ഇരുന്നും എഴുന്നേറ്റും നിന്നും കൈയ്യിലുള്ള ദഫിനെ മാന്ത്രികരെപ്പോലെ കറക്കി കൊട്ടിപ്പാടുന്നുണ്ടായിരുന്നു.
ഞാനാണെങ്കിൽ ഇടവേളകളിൽ അശ്രദ്ധനായിരുന്ന് കഴിഞ്ഞുപോയ എന്റെ പഴയ പ്രേമത്തെക്കുറിച്ചും കൊഴിഞ്ഞുപോയ സുന്ദരമായ കാലത്തെക്കുറിച്ചും ഇടയ്ക്കിടെ തലയ്ക്കകത്ത് കട്ടുറുമ്പുകളെ അലയാൻവിട്ട് എങ്ങോട്ടോ പുറപ്പെട്ട് വീണ്ടും അവിടെത്തന്നെ തിരിച്ചെത്തുമായിരുന്നു. ഏതോ കാലത്ത് പായ്‌ത്തോണിയിലേറി കേരളതീരത്തെത്തി മലബാറിലേക്കും അവിടെനിന്ന് കുടകിലേക്കും ചെന്ന മൊല്ലാക്കയുടെയും അദ്ദേഹത്തിന്റെ പൂർവികരുടെയും പിൻഭാഗത്ത് എന്നെപ്പോലെത്തന്നെ ചെറുതായി കട്ടുറുമ്പ് കടിച്ചിരിക്കണം. അന്നു മുതലായിരിക്കണം അവരുടെ മഹായാത്രയുടെ തുടക്കമെന്നുമാണ് ഞാൻ കരുതുന്നത്.
മദ്ഹുകൾ പാടിക്കഴിഞ്ഞ ഗായകർ പള്ളിയുടെ മൂലയ്ക്കുള്ള അത്തർനിറച്ച താലത്തിലേക്ക് തങ്ങളുടെ വലതുകൈ താഴ്ത്തുന്നു, അതുകഴിഞ്ഞ് രണ്ടു കൈകൾകൊണ്ടും ദേഹത്ത് പുരട്ടി സൂഫിവര്യന്റെ മഖ്ബറയെ വണങ്ങി പുറത്തേക്ക് വരുന്നു. ഒരു കാലത്ത് തങ്ങളുടെ ബലിഷ്ഠമായ തോളുകളാൽ പങ്കായം പിടിച്ച് കടൽവെള്ളം വെട്ടിക്കീറി വള്ളങ്ങൾ ചലിപ്പിച്ചിരുന്നവരുടെ മക്കളാണവർ. ഇവരുടെ തോളും അതുപോലെ ഉറപ്പുള്ളതായിരുന്നു. ഒരു തരത്തിലുള്ള അവ്യക്തമായ രൗദ്രതയും ഉൽക്കണ്ഠയും നിറഞ്ഞുതുളുമ്പുന്ന വിചിത്രപുരുഷന്മാർ. ഇപ്പോൾ എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയും പാട്ടിന്റെ ശബ്ദം കേൾക്കുന്ന സമയത്ത് സൈക്കിളും ചവിട്ടി ഹാജരാകുന്ന എന്റെ നേരെ അവർ സലാം പറയുന്നു. ഞാനും സലാം മടക്കി പുഞ്ചിരിക്കുന്നു. ബാല്യം മുതൽ ഏതോ കാരണത്താൽ അവിശ്വാസിയായി, നിസ്‌ക്കാരവും സലാമുമില്ലാതെ പോത്തുപോലെ അലഞ്ഞുതിരിഞ്ഞവൻ ഈ ദ്വീപിൽ വന്നിറങ്ങിയതിൽപ്പിന്നെ ദ്വീപുവാസിയായി അവരെപ്പോലെതന്നെ നടക്കുന്നതും ഇരിക്കുന്നതും നിസ്‌കരിക്കുന്നതും പ്രാർഥിക്കുന്നതും ശീലമാക്കി അവ്യക്തമായ കുസൃതിത്തരവും സന്തോഷവും അനുഭവിക്കുന്നു. കുട്ടിക്കാലത്ത് മനഃപാഠമാക്കിയ ഖുർആനിലെ ആയത്തുകളും സലാത്തിലെ വരികളും റാത്തീബിലെ കീർത്തനങ്ങളും അതെങ്ങനെയോ മായാജാലം കണക്കെ എന്റെ തൊണ്ടയിൽനിന്ന് പുറപ്പെട്ടു വരുന്നുണ്ടായിരുന്നു.
മൊല്ലാക്കയെപ്പോലെ എനിക്കും അകാലത്തിലുള്ള ഓർമക്കുറവ് സംഭവിച്ചിരിക്കാമോ എന്ന സന്ദേഹവും പ്രാർഥിച്ചുകൊണ്ടിരിക്കുന്ന വേളയിൽ എന്റെ മനസിൽ ചെറിയൊരു അരുവി പോലെ ഒഴുകുന്നുണ്ടായിരുന്നു. പിഞ്ഞാണപ്പാത്രം നഷ്ടപ്പെട്ട് ഓർമക്കേട് സംഭവിച്ച മൊല്ലാക്ക. ആത്മഗുരുവിനെ നഷ്ടപ്പെട്ട് പ്രാർഥനയുടെ ഇടവേളകളിൽ അശ്രദ്ധനായി കണ്ണീരൊലിപ്പിക്കുന്ന ഞാൻ. ചുറ്റിലും ദൈവത്തിന്റെ കരുണപോലെ വ്യാപിച്ചിരുന്ന അഗാധമായ നീലക്കടൽ. ആയിരം കോടി വർഷങ്ങളായി ഈ കടലിന്റെ നീലനിറം ഇങ്ങനെത്തന്നെയാണ്. അതിനുള്ളിൽ വസിക്കുന്ന മാസ്മരികമായ വർണങ്ങളിലുള്ള മീനുകൾ ജനിച്ചും വളർന്നും മരിച്ചും മനുഷ്യന് ആഹാരമായും കോടിക്കണക്കിന് വർഷങ്ങളായി ജീവിച്ചുപോരുന്നു.
കടലിലെ പർവതങ്ങളും ജ്വാലാമുഖികളും പുൽമേടുകളും ഉദ്യാനങ്ങളും അതുപോലെത്തന്നെ കിടപ്പുണ്ട്. ഈ ഇടവേളകളിൽ നമ്മുടെ കുഞ്ഞുപ്രേമങ്ങളും രതിസുഖങ്ങളും സൂഫികളും അവരുടെ ദിവ്യാത്ഭുതങ്ങളും ഭക്തരുടെ ആർത്തനാദങ്ങളും കളഞ്ഞുപോയ പിഞ്ഞാണപ്പത്രങ്ങളും എല്ലാം കണ്ടറിയണമെന്ന് പുറപ്പെട്ടിരിക്കുന്ന ഞാനും. എന്തോ നിസ്‌ക്കരിക്കാനായി കൈ കെട്ടിയപ്പോൾ അവൾക്കായി ഞാനൊലിപ്പിച്ച കണ്ണീർ മതിയായിരുന്നില്ല എന്നു തോന്നി. അതുപോലും പോവുകയും വരികയും ചെയ്യുന്ന ഭക്തിപോലെ വരണ്ടതാണെന്ന് തോന്നുന്നു. എല്ലാ പ്രേമവും ശുഷ്‌കം, എല്ലാ ഭാവനകളും ശുഷ്‌കം, ഭക്തിയും ശുഷ്‌കം. ആ വേളയിൽ നിറഞ്ഞു കവിയുന്ന ഗദ്ഗദമായ സ്വരം, വിങ്ങുന്ന കഴുത്തിലെ ഞരമ്പുകൾ, ഉന്മത്തമാകുന്ന കൺമിഴികൾ. എല്ലാം സത്യമെന്ന് തോന്നിയതിനാൽ പ്രാർത്ഥനക്കായി മുട്ടു മടക്കി. വീണ്ടും ബാല്യകാലത്തേക്ക് തിരിച്ചു പോകുന്നതുപോലെ ഒരു വിചാരം എന്നെ പിടികൂടി.
എന്നിൽ ഞാൻ വികാരാതീതനായി. എന്താണെന്നറിയില്ല, നിന്റെ എഴുത്തിൽ വൈകാരികത കുറവാണെന്ന് ആരോ പറഞ്ഞിട്ടുണ്ട്. അതിനാലാണെന്ന് കരുതിക്കൊള്ളുക, പ്രശ്‌നമില്ല. അത് സംഭവിച്ചത് മറ്റൊരു അമാവാസി രാത്രിയുടെ മുമ്പോ പിമ്പോ ആയിരിക്കണം. എന്തോ കാരണത്താൽ ഹുജറ പള്ളിയുടെ ഭാഗത്തേക്ക് പോകാൻ ഞാൻ താമസിച്ചു. ദിക്ര് ആലപിക്കുന്നവർ പള്ളിയുടെ പടികളിറങ്ങി കുളത്തിനരികിലൂടെ മുന്നോട്ടു നടന്ന് ഇരുട്ടിൽ കണ്മറയുന്നുണ്ടായിരുന്നു. പള്ളിയുടെ മുഖ്യസ്ഥൻ ഗേറ്റിനു കൊളുത്തിടുകയായിരുന്നു. താമസിച്ചു ചെന്ന എന്നോട് അയാൾക്ക് ദേഷ്യമുള്ളതുപോലെ തോന്നി. "ക്ഷമിക്കുക, നാട്ടിലെ ചില പ്രശ്‌നങ്ങൾ. ഫോണിൽ സംസാരിച്ചിരുന്ന് താമസിച്ചു പോയി' എന്ന് മാപ്പു ചോദിച്ചു. "ഇത് മാപ്പിന്റെ സംഗതിയല്ല' എന്നു പറഞ്ഞു അയാൾ. "തിങ്കളാഴ്ച അസ്തമിച്ച ചൊവ്വാഴ്ച രാത്രിയിലും വ്യാഴാഴ്ച അസ്തമിച്ച വെള്ളിയാഴ്ച രാത്രിയിലും ഇശാ നമസ്‌കാരത്തിനുശേഷം നടക്കുന്ന മൗലീദ് പാരായണം കഴിഞ്ഞാൽ അതിനകത്തേക്ക് മനുഷ്യർക്കാർക്കും പ്രവേശനമില്ല. തുടർന്ന് അവിടെ നടക്കുന്നത് മുന്നൂറു വർഷങ്ങൾക്ക് മുമ്പ് ഇഹലോകം വെടിഞ്ഞ സൂഫീവര്യനും അതുകഴിഞ്ഞ് മരണമടഞ്ഞ അദ്ദേഹത്തിന്റെ മുരീദന്മാരും ജിന്നുകളും തമ്മിലുള്ള കുശലാന്വേഷണവും സമ്മേളനവും. ജീവിച്ചിരിക്കുന്ന മനുഷ്യർക്കാർക്കും അവിടെ പ്രവേശനമില്ല' എന്ന് അയാൾ കഥ പറഞ്ഞു.
എന്നാൽ കുറച്ചു വർഷങ്ങൾക്കുമുമ്പ് ഇതേക്കുറിച്ചറിയാത്ത ഈ പള്ളിയുടെ കാവൽക്കാരൻ അറിയാതെ ഉള്ളിൽ ഉറങ്ങിപ്പോയി. അർദ്ധരാത്രി എന്തോ ശബ്ദംകേട്ട് കണ്ണു തുറന്നു നോക്കിയപ്പോൾ കാലങ്ങളായി മണ്ണോടുമണ്ണായി കിടക്കുന്ന സൂഫീവര്യന്റെ മഖ്ബറയുടെ മുന്നിലുള്ള ഹുജറ പള്ളിയുടെ പൂമുഖത്ത് ദിവ്യമായ സമാഗമം നടക്കുന്നു. മരണം പൂകിയ സൂഫീവര്യനും അദ്ദേഹത്തിനുശേഷം സമാധിയടഞ്ഞ മുരീദന്മാരായ ശിഷ്യന്മാരും ആകാശത്തു നിന്നിറങ്ങി വന്ന ജിന്നുകളും ചാരുകസേരയിൽകാലു നീട്ടിയിരുന്നുകൊണ്ട് ദിവ്യമായ സത്സംഗം നടത്തുന്നു. കാവൽക്കാരന്റെ വായ അടഞ്ഞുപോയി. താൻ വർഷങ്ങളായി സേവനം ചെയ്തുകൊണ്ടിരിക്കുന്ന, മുന്നൂറു കൊല്ലങ്ങൾക്ക് മുമ്പ് മരിച്ച സൂഫീവര്യൻ മന്ദഹസിക്കുന്നു. അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളും ജിന്നുകളും ഇടയ്ക്കിടെ കണ്ണുകൾ ചിമ്മിയും പുഞ്ചിരിച്ചും സംവദിച്ചു കൊണ്ടിരിക്കുന്നു. കാവൽക്കാരനായ പാമരന്റെ മുഖത്തും മന്ദസ്മിതം വിടർന്നു. ആ ആനന്ദത്താൽ സ്വയംമറന്ന് അയാൾ ഓടിച്ചെന്ന് സൂഫീഗുരുവിന്റെ കാലിൽവീണ് ആ പാദങ്ങളെ ചുംബിച്ചു. അപ്പോൾ അവിടെ ഒരു കോലാഹലമുണ്ടായി. മരണപ്പെട്ടുപോയ മുരീദന്മാർ മുഖംകറുപ്പിച്ചു. ജിന്നുകൾ അസ്വസ്ഥരായി. എന്നാൽ സൂഫീവര്യൻ തന്റെ മഖ്ബറയ്ക്കു കാവൽനിൽക്കുന്ന ആ കാവൽക്കാരനെ ആലിംഗനം ചെയ്ത് അയാളുടെ നെറ്റിയിൽ ചുംബിച്ച് ആശിർവദിച്ചു. കാവൽക്കാരന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. അയാൾ ഉന്മാദമായ അവസ്ഥയിലായിരുന്നു. പക്ഷേ സൂഫീഗുരു അവന് താക്കീതു നൽകി: "ഈ സഭയിലേക്ക് ജീവിച്ചിരിക്കുന്ന മനുഷ്യർക്ക് പ്രവേശനമില്ല. എന്നാൽ ഇതിന് നീ സാക്ഷിയായിരിക്കുന്നു. ഇതു നിന്റെ സൗഭാഗ്യമാണ്, അതേപോലെ ദൗർഭാഗ്യവും. ഇത് സൗഭാഗ്യമായി ബാക്കി നിൽക്കണമെങ്കിൽ ഈ സന്തോഷത്തെ നിന്നിൽമാത്രം അടക്കിവെയ്ക്കണം. ആരോടും വെളിപ്പെടുത്താൻ പാടുള്ളതല്ല' എന്ന് അവനോട് അഭ്യർഥിച്ചു.
ആ സന്തോഷം പറഞ്ഞറിയിക്കാനും സൂക്ഷിക്കാനും സാധിക്കാതെ കാവൽക്കാരൻ പുഞ്ചിരിയെ മുഖത്തു തന്നെ നിലനിർത്തി, പ്രഭാതത്തിൽ വൈകി പ്രസന്നവദനായി വീട്ടിലേക്ക് മടങ്ങി. താമസിച്ചു വന്ന ഭർത്താവിന്റെ മുഖത്ത് പതിവില്ലാത്ത മന്ദഹാസം കണ്ട ഭാര്യയ്ക്ക് സ്വാഭാവികമായും സംശയങ്ങളുണർന്നു. അവൾ ഭർത്താവിനോട് അപേക്ഷിക്കുകയും അയാളെ ബുദ്ധിമുട്ടിക്കുകയും ചിത്രവധം ചെയ്യുകയും ചെയ്തു. വേറെ വഴിയില്ലാതെ അയാൾക്ക് സത്യം വെളിപ്പെടുത്തേണ്ടി വന്നു. ആ സത്യം അറിയാനിടയായ അയാളുടെ ഭാര്യ തന്റെ അയൽക്കാരായ സ്ത്രീകളോടും അത് പങ്കുവെച്ചു. അവരെല്ലാവരും ആനന്ദപുളകിതരായി കൂട്ടം ചേർന്ന് സൂഫീവര്യനെ കാണാൻ ചെന്നപ്പോൾനേരം പുലർന്ന് എല്ലാവരും അവിടം വിട്ട് പോയിരുന്നു. നിരാശയായി തിരിച്ചു വന്ന അവൾ കണ്ടത് മറ്റൊരു ഗതിയുമില്ലാതെ അവളോട് സത്യം തുറന്നു പറയേണ്ടി വന്ന ഭർത്താവ് കിടന്നിടത്തു തന്നെ മരണപ്പെട്ടിരിക്കുന്നതായാണ്.
ഈ കഥ പറഞ്ഞ പള്ളിയുടെ മുഖ്യസ്ഥൻ എന്റെ മുഖത്തേക്കൊന്നു ശ്രദ്ധിച്ചുനോക്കി. ഞാൻ പരിഭ്രമിച്ചില്ല എന്ന് മനസ്സിലാക്കിയ അയാളുടെ മുഖത്തു വിടർന്ന ചെറുപുഞ്ചിരി ആ ഇരുട്ടിലും എനിക്ക് കാണാൻ സാധിച്ചു; "നോക്കൂ, ഈ പള്ളിയുടെ പിഞ്ഞാണപ്പാത്രം തേടിക്കൊണ്ടിരിക്കുന്നത് നീ നിർത്തൂ. എന്തെന്നാൽ അത് ഉണ്ടെന്നത് സത്യമാണ്. എന്നാൽ അതുള്ളത് ഇവിടെയല്ല.' എന്നു പറഞ്ഞ് അദ്ദേഹം മൗനനായി.
കപ്പലിൽ പരിചയപ്പെട്ട പഴയ കാല അഭിനേത്രിയുടെ കഥ
കൊച്ചിയിൽനിന്ന് ഞാൻ വസിക്കുന്ന ലക്ഷദ്വീപിലെ കവരത്തിയിലേക്ക് വിമാനത്തിൽ പോകാനാകില്ല. അഗത്തിയെന്ന ദ്വീപിൽ വിമാനമിറങ്ങി അവിടെ നിന്ന് സ്പീഡ് ബോട്ടിൽ രണ്ടുമണിക്കൂർ സഞ്ചരിച്ചാൽ കവരത്തിയിൽ ചെന്നിറങ്ങാം. അല്ലെങ്കിൽ ഒരു രാത്രിയും മുക്കാൽ പകലും കപ്പലിൽ ഇരുന്നും ഉറങ്ങിയും ഏകദേശം ഇരുനൂറ്റൻപത് മൈൽ കടലിൽ ചെലവഴിച്ചാൽ
അവിടെയെത്താം. ഇപ്രാവശ്യം ഞാൻ ഈ രണ്ടും വേണ്ടെന്നു വെച്ച് ദ്വീപിലേക്ക് പോകുന്ന ഒരു സഞ്ചാര നൗകയിൽ കയറിപ്പറ്റി 415 മൈൽ ദൂരം കറങ്ങി. രണ്ടര പകലും കൃത്യം മൂന്നു രാത്രിയും കടലിൽ കഴിയാൻ മടിയനായ എനിക്ക് കിട്ടുന്ന അപൂർവാവസരം. പറയാൻ വാക്കില്ലാതെ കേൾക്കാൻ കഥകളുമില്ലാതെ ഭകാസുരന്റെ വയറുപോലെയുള്ള ഈ കൂറ്റൻകപ്പലിൽ അപരിചിതരായ സഞ്ചാരികളുടെ നടുവിൽ ദിശ തെറ്റിയവനെപ്പോലെ അലയുമ്പോഴുള്ള ആനന്ദം.
സഞ്ചാരികൾ ചോദിച്ചാൽ ഞാൻ സഞ്ചാരിയല്ല. ദ്വീപുവാസികൾ ചോദിച്ചാൽ ഞാൻ ദ്വീപുവാസിയുമല്ല. ഒരുവേള സാക്ഷാൽ മഹാവിഷ്ണുതന്നെ മുന്നിൽവന്നുനിന്ന് നീയാരാണെന്ന് ചോദിച്ചാൽ ‘നിന്റെ അറിവിൽ പെടാത്തത് ഈ പ്രപഞ്ചത്തിൽ എന്തുണ്ട് പ്രഭുവേ’ എന്നു ചോദിച്ച് ഭക്തിയോടെ വണങ്ങി രക്ഷപ്പെടാമെന്നോർത്ത് എനിക്ക് ചിരി വരുമായിരുന്നു. ആദ്യമായി വലിയ ഒരു ശിശുഭവനത്തിലേക്ക് ചെന്ന ബാലനെപ്പോലെ കപ്പലിലെ മുക്കും മൂലയും കണ്ണുകളിൽ നിറച്ചുകൊണ്ട് എവിടേയും നിലകൊള്ളാതെ നടക്കുകയായിരുന്നു. നിന്നിടത്ത് നിലയുറപ്പിക്കാത്ത കപ്പലിന്റെ ചെറുതായ ഉലച്ചിലിൽ മതിഭ്രമിച്ച കാലുകൾ മകനേ, നീ ചലിക്ക്... നടക്കാൻ ഞങ്ങളില്ലേ... എന്ന് പ്രേരിപ്പിക്കുന്നുണ്ടായിരുന്നു.
രാവണൻകോട്ട പോലുള്ള കപ്പലിനകത്തെ ഉൾവഴികൾ, കോണികൾ, ചവിട്ടുപടികൾ, ഭക്ഷണശാലകൾ, പ്രാർത്ഥനാമുറികൾ, വരേണ്യ സഞ്ചാരികളുടെ കാബിനുകൾ, അടിത്തട്ടിൽ സാധാരണക്കാരായ യാത്രികരുടെ റെയിൽവേ ബോഗികളിലേതുപോലെ തിങ്ങിനിറഞ്ഞ ബെർത്തുകൾ, ഇരുവശത്തും നിൽക്കാനും ഇരിക്കാനും നടക്കാനുമുള്ള മഹത്തായ അവസരം. നീലക്കടലിൽ സ്വപ്ന നൗകയെപ്പോലെ എള്ളോളമാടാതെ മന്ദഗമനിയായ സുന്ദരിയെപ്പോലെ ചലിക്കുന്ന കപ്പൽ. കടലിൽ കണ്മുമ്പിൽതന്നെ സൂര്യനുദിച്ച് നേരം പുലരുകയും അത് മുകളിലേറിക്കൊണ്ടിരിക്കേ കടൽ വെളുക്കുകയും ചെയ്യുന്നു. പകൽ അതിന്റെ പൂർണ്ണതയിലേക്ക് കടക്കുമ്പോൾ ആ വെട്ടിത്തിളങ്ങുന്ന വെളിച്ചത്തിലും സൂര്യന്റെ ചൂടറിയിക്കാത്ത, കടലിന് മേലെ വീശുന്ന തണുത്ത കാറ്റ്. കപ്പലിനെ പിന്തുടർന്ന് വെള്ളിയാഭരണങ്ങളെപ്പോലെ ഇടയ്ക്കിടെ മുകളിലേക്ക് ചാടി മിന്നിമറയുന്ന വിചിത്ര മത്സ്യങ്ങൾ. ആർത്തുല്ലസിക്കുന്ന കുട്ടികൾ. കടൽ കണ്ട് കുട്ടികളെപ്പോലെ ആഹ്ലാദഭരിതരാകുന്ന വയോധികരായ യാത്രക്കാർ. അവിടെയുമിവിടെയും അശ്രദ്ധരായി ഇരുന്ന് കളഞ്ഞുപോയ എന്തിനെയോ കടലിൽ തിരഞ്ഞുകൊണ്ടിരിക്കുന്നതുപോലെ, നീലാകാശത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന എന്നെപ്പോലെയുള്ള ചില മനുഷ്യർ. അവരുടെ തലയ്ക്കകത്ത് ഉലാത്തിക്കൊണ്ടിരിക്കാൻ സാധ്യതയുള്ള സ്വകാര്യ ദുഃഖങ്ങൾ.
സന്ധ്യയാകുമ്പോഴേക്കും സൂര്യൻ പടിഞ്ഞാറിന്റെ അറ്റത്ത് മുങ്ങിക്കഴിഞ്ഞതും രക്തരക്ഷസ്സിനെപ്പോലെ കൈകളും വീശി കപ്പലിനെയും ഞങ്ങളെയും പിടിക്കാൻ വന്നുകൊണ്ടിരിക്കുന്ന പലവിധ വർണ്ണത്തിലുള്ള മേഘക്കൂട്ടങ്ങൾ. അതുകഴിഞ്ഞ് മെല്ലെ കടലിനെ മൂടുന്ന ഇരുൾ. അപ്പോഴേക്കും വെളിപ്പെടുന്ന നവമിയിലെ ചന്ദ്രനും അതിനു തൊട്ടടുത്ത് മാനത്ത് മിന്നിത്തിളങ്ങാൻ തുടങ്ങുന്ന വെള്ളിനക്ഷത്രവും. സമൃദ്ധമായ ആ ഏകാന്തരാത്രിയിൽ അലകളെ കീറിമുറിച്ച് നീങ്ങുന്ന കപ്പലിന്റെ നേരിയ ശബ്ദത്തിനിടയിൽ ആ ചന്ദ്രനും നക്ഷത്രവും മേഘങ്ങൾക്കിടയിൽ കൂടുതൽ ശോഭിച്ചുക്കൊണ്ടിരിക്കവെ ഉണ്ടാകുന്ന, എന്തുകൊണ്ടോ മനുഷ്യർ ഏറെ ഒറ്റപ്പെട്ടവരാണെന്ന തോന്നൽ. കണ്ടുകൊണ്ടിരിക്കേ അവിടെയവിടെയായി ജ്വലിച്ച് പിന്നെയും പ്രത്യക്ഷപ്പെടുന്ന നക്ഷത്രങ്ങൾ.
മുകളിലുണ്ടായിരുന്ന മേഘങ്ങൾ ദൂരെയെങ്ങോട്ടേക്കോ നീങ്ങി. അവിടെയെവിടെയോ മഴ പെയ്യുകയാൽ കൂടുതൽ തെളിഞ്ഞു വരുന്ന ആകാശം. അപ്പോഴേക്കും ഞാൻ സാധാരണക്കാരായ യാത്രക്കാരുടെ ഭക്ഷണശാലയിൽനിന്ന് ഒരു കട്ടൻചായയും കുറച്ചു ബിസ്‌ക്കറ്റും വാങ്ങിക്കഴിച്ച് സിഗരറ്റും വലിച്ചു തീർത്ത് വെറുതെയിരിക്കുകയായിരുന്നു. ജീവിതത്തിൽ ചെയ്യാൻമാത്രം ഇനിയൊന്നുമില്ല എന്നു തോന്നിയ നിമിഷങ്ങൾ. തൊട്ടടുത്തിരുന്ന സഞ്ചാരിയായ സ്ത്രീ, ഇവിടെയിരുന്ന് സിഗരറ്റ് വലിക്കാൻ പാടുണ്ടോ എന്ന് ഇംഗ്ലീഷിൽ ചോദിച്ചു. "ഇത് സിഗരറ്റ് വലിക്കാൻ അനുവദിച്ചിട്ടുള്ള ഇടമാണ്. അതുകൊണ്ട് ആവാം' ; ഞാൻ പറഞ്ഞു. "കൈയ്യിലുള്ള കാലിയായ ഈ കടലാസ് കോപ്പ കടലിലെറിയുന്നതിൽ പ്രശ്‌നമുണ്ടോ' അവർ ചോദിച്ചു.
"അവിടെയൊരു കുപ്പത്തൊട്ടിയുണ്ട്. ദയവു ചെയ്ത് നിങ്ങൾക്കവിടെ നിക്ഷേപിക്കാം' ഞാൻ പ്രതിവചിച്ചു.
"താങ്കളെ ഞാൻ ശ്രദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കപ്പലെല്ലാം ചുറ്റിക്കറങ്ങി വന്ന് മണിക്കൂറോളം താങ്കളിവിടെ ഇരിക്കുകയാണ്. താങ്കൾ സഞ്ചാരിയാണോ?!' അവർ ആരാഞ്ഞു.
എനിക്ക് ചെറുതായി ചിരി വന്നു. എനിക്കറിയാൻ പാടില്ലാത്ത കാര്യത്തെക്കുറിച്ച് ഞാനെന്തു പറയാൻ!
"അല്ല, ഞാനൊരു സർക്കാരുദ്യോഗസ്ഥൻ. ഔദ്യോഗികാവശ്യവുമായി ബന്ധപ്പെട്ട് കൊച്ചിവരെ പോയതാണ്. ഇനി മൂന്നു ദിവസം നവരാത്രി അവധിയാണ്. അതിനാലാണ് ചുറ്റിക്കറങ്ങിപ്പോകുന്ന ഈ കപ്പലിൽകയറിയത്' ഞാൻ മറുപടി പറഞ്ഞു.
"ഞാനൊരു നടിയാണ്, ബംഗളൂരുവിലാണ് നാട്. ചില കന്നട സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ അതെല്ലാം നിർത്തി കല്യാണവും കഴിച്ച് കൊച്ചിയിലാണ് സ്ഥിരതാമസം. എന്താണെന്നറിയില്ല, ജീവിതം താളബദ്ധമല്ലെന്ന് തോന്നി. ഇതുവരെ കപ്പലിൽ യാത്ര ചെയ്തിട്ടില്ല. അതിനാൽ ടിക്കറ്റും വാങ്ങിച്ച് ഇതിൽ കയറി ഇരിക്കുന്നു.' അവർ പറഞ്ഞു.
ആ ഇരുട്ടിൽ വീശിയടിക്കുന്ന കാറ്റിന്റെ ശബ്ദത്തിനിടയിൽ അവരുടെ സംസാരം കഷ്ടപ്പെട്ട് കേൾക്കേണ്ടി വന്നു. "ഇവിടെ നല്ല ഒച്ചയാണ്. നിങ്ങളുടെ സംസാരം വ്യക്തമായും കേട്ടില്ല. എനിക്ക് കന്നട സിനിമകൾ കാണാനുള്ള അവസരങ്ങൾ ലഭിച്ചിരുന്നില്ല. നിങ്ങളുടെ പേര് എവിടെയോ കേട്ടതായി ഓർക്കുന്നു. കുറച്ച് ഇങ്ങോട്ട് വരൂ' എന്ന് വെളിച്ചമുള്ള ഭാഗത്തേക്ക് അവരെ ക്ഷണിച്ച് അവരുടെയടുത്ത് ഇരുന്നു.
ഒരു കാലത്ത് നടിയായിരുന്നതിന്റെ യാതൊരു അടയാളവും അവരുടെ മുഖത്ത് കണ്ടില്ല. എന്നാൽ അവരുടെ കണ്ണുകൾമാത്രം ആ അരണ്ട വെളിച്ചത്തിലും തേജസ്സാർന്നതും ഓജസ്സുള്ളതായും കാണപ്പെട്ടു. സംസാരിക്കുമ്പോഴെല്ലാം അവരുടെ കണ്ണുകൾ നിറഞ്ഞു കവിയുന്നുണ്ടായിരുന്നു. ക്ഷമിക്കൂ, വൈകാരികത എന്നിൽ ഇടയ്ക്കിടെ ഉണരുന്നു എന്ന് പറഞ്ഞ് കണ്ണടയെടുത്ത് മാറ്റി ആകാശത്തെയൊന്ന് ഉറ്റുനോക്കി നെടുവീർപ്പിട്ട് സംസാരം തുടർന്നു. അവർക്ക് എല്ലാത്തിനോടും ന്യായീകരിക്കത്തക്കതായ ധാർമ്മികരോഷമുണ്ടായിരുന്നു. സമ്പാദിക്കുകയെന്ന ഒറ്റ ലക്ഷ്യം മാത്രം വെച്ചുപുലർത്തുകയാൽ വയസ്സായിട്ടും കല്യാണം കഴിക്കാൻ തന്നെ അനുവദിക്കാത്ത ലുബ്ധയായ അമ്മയെക്കുറിച്ചും, വിവാഹബന്ധം വേർപ്പെടുത്തിയ ഒരു ആയുർവേദ ഡോക്ടറെ ഈ അടുത്തകാലത്ത് മാത്രം കല്യാണം കഴിക്കേണ്ടി വന്ന തന്റെ നിസ്സഹായതയെക്കുറിച്ചും, ബന്ധം വേർപ്പെട്ട ശേഷവും തന്റെ പഴയ ഭർത്താവിന്റെ കൂടെ കിടക്കാൻ വരുന്ന അയാളുടെ പഴയ ഭാര്യയെക്കുറിച്ചും തന്റെ സ്വവർഗരതിക്കാരനായ പങ്കാളിയുടെ കൂടെ കിടക്ക പങ്കിടാൻവരുന്ന പുരുഷനെക്കുറിച്ചും അവർ പറഞ്ഞുകൊണ്ടേയിരുന്നു.
അപ്രതീക്ഷിതമായി കപ്പലിൽ കണ്ടുമുട്ടിയ അപരിചിതനായ പുരുഷനോട് സാധാരണ പങ്കുവെക്കാൻ ലജ്ജ തോന്നിയേക്കാവുന്ന വിഷയങ്ങളാണിവ. ഞാൻ ഇതെല്ലാം കേൾക്കാൻ പാടുള്ളതല്ലായെന്ന സാമാന്യബോധമില്ലാത്തവനെപ്പോലെ എല്ലാം കേട്ടുകൊണ്ടിരുന്നു. അവരാണെങ്കിൽ സംസാരിച്ചുകൊണ്ടേയിരുന്നു. "നോക്കൂ, ഞാൻ നടിയായിരുന്നെങ്കിലും കുട്ടിപ്പാവാട ധരിക്കാൻ സങ്കോചപ്പെടുമായിരുന്നു. അമ്മയുടെ നിർബന്ധം കാരണമാണ് ധരിച്ചിരുന്നത്. കല്യാണം കഴിഞ്ഞാൽ സാധാരണ കുടുംബിനിയായി, ഭാര്യയായി, അമ്മയായി സാരിയുമുടുത്ത് ജീവിക്കാമെന്നു കരുതി. പക്ഷേ എന്നെ വിവാഹം ചെയ്ത ആയുർവേദ ഡോക്ടർ ഒരു നടിയെ കല്യാണം കഴിച്ചിരിക്കുന്നത് സാരിയുടുത്ത് കാണാനല്ല എന്നു പറഞ്ഞ് എന്നെ ചിത്രവധം ചെയ്യുമായിരുന്നു. അർദ്ധനഗ്‌ന മേനിയെ വെളിപ്പെടുത്തുന്ന വിവിധതരത്തിലുള്ള നേർത്ത വസ്ത്രങ്ങൾകൊണ്ടുവന്ന് അയാളെന്റെ മുഖത്തേക്ക് വലിച്ചെറിയുമായിരുന്നു'; ഒരു നാണക്കേടുമില്ലാതെ അവർ തുറന്നുപറഞ്ഞു.
ഞാൻ എല്ലാം കേൾക്കുന്നുണ്ടായിരുന്നു. പോകപ്പോകെ ഞങ്ങളറിയാതെത്തന്നെ കന്നടയിൽ സംസാരിക്കാൻ തുടങ്ങി. തമിഴ് വേര് മനസിലാവുന്ന വിധത്തിലുള്ള കന്നടയിലെ അവരുടെ സംസാരംകേട്ട്, ‘താങ്കൾ അയ്യർ കുടുംബത്തിൽനിന്നാണോ’ എന്നു ചോദിച്ച് സംഭാഷണം വഴിതിരിക്കാൻ ഞാൻ ശ്രമിച്ചു. "ഇതുപോലെ സ്വകാര്യമായ കാര്യങ്ങളെക്കുറിച്ച് താങ്കൾ ചോദിക്കരുത്' എന്ന് അവർ കാർക്കശ്യത്തോടെ മറുപടി പറഞ്ഞു. അതുകേട്ട് ഞാൻ മ്ലാനനായി.
"നിങ്ങളൊരു പുരുഷനായതുകൊണ്ട് കുറച്ചു കാര്യങ്ങൾ ചോദിക്കുകയാണ്' എന്ന് ആണുങ്ങളെക്കുറിച്ചുള്ള ചില സംശയങ്ങൾ അവർ എന്നോടു ചോദിച്ചു. ഞാൻ അവയ്ക്ക് അതേ അല്ലെങ്കിൽ അല്ല എന്ന് തുറന്ന മനസ്സോടെ മറുപടി പറഞ്ഞു. അവർ അവയെല്ലാം കൂടി ഒഴിവാക്കി തന്റെ സംശയങ്ങളെ സ്വയം പരിഹരിച്ചിരുന്നു.
നീ എപ്പോഴെങ്കിലും മറ്റൊരു പുരുഷന്റെ അടിവസ്ത്രം അലക്കിക്കൊടുത്തിട്ടുണ്ടോ എന്നവർ ചോദിച്ചു. ഞാൻ ഇല്ലെന്ന് പറഞ്ഞു. "എന്റെ ഭർത്താവിന്റെ അടിവസ്ത്രങ്ങൾ അയാളുടെ ആൺസുഹൃത്ത് അലക്കിക്കൊടുക്കുമായിരുന്നു. അത് സഹിച്ചു. ഞാൻ ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ വാതിലും പൂട്ടി അവർ രണ്ടുപേരും എന്റെ കട്ടിലിൽ കിടക്കുമായിരുന്നു. അതും സഹിച്ചു. പക്ഷേ ഇപ്പോഴാണെങ്കിൽ വിവാഹമോചനം നടത്തിയ ഭാര്യയും വരുന്നുണ്ട്. എന്നു മാത്രമല്ല, അവർ രണ്ടുപേരും എന്റെ മുമ്പിൽവെച്ച് ശാരീരികബന്ധത്തിൽ ഏർപ്പെടുന്നുമുണ്ട്. ഇടയ്ക്കിടെ അവർമൂന്നുപേർ ഒരുമിച്ചും കൂടാറുണ്ട്. എനിക്കതു സഹിക്കാൻ കഴിയുമായിരുന്നില്ല. അതുകൊണ്ടു തന്നെ പൊലീസ് സ്റ്റേഷനിൽചെന്ന് ഒരു പരാതി കൊടുത്ത് ആർക്കുമറിയാത്തതുപോലെ ഈ കപ്പലിൽ കയറിവന്ന് ഇരിക്കുകയാണ്. ഇനി എല്ലാറ്റിനെയും മാനസികമായി നേരിടാനുള്ള തയ്യാറെടുപ്പെന്ന നിലയ്ക്കാണ് ഈ യാത്ര. അടുത്തത് എന്താണ് സംഭവിക്കുകയെന്ന് എനിക്കറിയില്ല.' എന്നു പറഞ്ഞ് ഒരിക്കൽകൂടി കണ്ണട മൂക്കിൽനിന്നെടുത്ത് കണ്ണുകൾ തുടച്ചു.
ആളുകളെന്തിനാണ് അവരുടെ കഥകൾ എന്നോടു പറയുന്നതെന്നും ഞാനെന്തിനാണാവോ അവയ്‌ക്കെല്ലാം വിധേയനാകുന്നതെന്നോർത്തും എനിക്ക് എന്നോടു തന്നെ വെറുപ്പ് തോന്നി.
"താങ്കൾ രാത്രി ഭക്ഷണത്തിനുശേഷം ഇവിടെത്തന്നെ വന്നിരിക്കുകയാണെങ്കിൽ ഞാനും കഴിച്ച് ഇങ്ങോട്ട് വരാം. ഇതുവരെ ഞാനെന്റെ കഥയാണ് പറഞ്ഞത്. ഇനി നിങ്ങളുടെ കഥ പറയാം. ഞാൻ അല്പം വികാരാതീതയായി. അതുകൊണ്ട് എല്ലാം പറഞ്ഞു. ഭക്ഷണത്തിനുശേഷം നിങ്ങളുടെ ഊഴമാണ്' എന്നു പറഞ്ഞ് അവർ എഴുന്നേറ്റുനിന്നു.
അപ്പോൾ അവർ പൊക്കവും നല്ല ലക്ഷണവുമുള്ള ഒരു സ്ത്രീയായി കാണപ്പെട്ടു. അവർ പറഞ്ഞതെല്ലാം സത്യമായിരിക്കാം എന്നു തോന്നിപ്പിക്കുന്ന അവരുടെ കരുണയറ്റ കണ്ണുകൾ.
‘അങ്ങനെ പറയാൻമാത്രം എന്തു കഥയാണ് എനിക്കുള്ളത്. ഞാനൊരു സാധാരണ സർക്കാരുദ്യോഗസ്ഥൻ. രാവിലെ എഴുന്നേൽക്കുക, രാത്രി ഉറങ്ങുക ഇടയിൽ ഓഫീസ് ജോലി ചെയ്യുക... ഇതാണ് ചര്യ' എന്നു കള്ളം പറഞ്ഞെഴുന്നേറ്റ് ആകാശത്തെയും കടലിനെയും ഒരിക്കൽകൂടി നോക്കി ഞാൻ കപ്പലിനകത്തേക്ക് പ്രവേശിച്ച് എന്റെ ക്യാബിനിൽചെന്ന് കുളിമുറിയിലേക്ക് കയറി.
കുളിച്ച് പുറത്തേക്ക് വന്നപ്പോൾ കപ്പലിലെ ഉച്ചഭാഷിണിയിലൂടെ ആശുപത്രിയിലെ പരിചാരകർ എവിടെയുണ്ടെങ്കിലും എത്രയും പെട്ടെന്ന് അവരുടെ മുറിയിലേക്ക് തിരിച്ചു ചെല്ലണമെന്ന് വീണ്ടും വീണ്ടും വിളിച്ചു പറയുന്നുണ്ടായിരുന്നു. ഏതെങ്കിലും സഞ്ചാരി കടൽയാത്രയിലെ വല്ലായ്മ കാരണം ആലസ്യപ്പെട്ട് തീവ്രമായി അസ്വസ്ഥപ്പെട്ടിട്ടുണ്ടായിരിക്കാമെന്ന് തോന്നി.
ഭക്ഷണം കഴിച്ചുകഴിഞ്ഞ് എങ്ങോട്ടും പോകാതെ വെറുതെ കിടന്നു. എന്താണന്നറിയില്ല കഥ കേൾക്കാനും പറയാനും വിരക്തി തോന്നി. പ്രാതലിന് കപ്പലിലെ ഉപഹാരഗൃഹത്തിലേക്ക് പോയപ്പോൾ തലേന്ന് രാത്രി കണ്ട നടി വിവർണയായി ഇരിക്കുന്നതു കണ്ടു. ആശുപത്രി പരിചാരകൻ അവരുടെയരികിൽ ഇരുന്നുകൊണ്ട് അവരുടെ വായിലേക്ക് ഭക്ഷണം വെച്ചുകൊടുന്നുണ്ടായിരുന്നു.
"എല്ലാം ഇദ്ദേഹം കാരണം' എന്ന് അവർ ചെറിയ സ്‌കൂൾകുട്ടിയെപ്പോലെ എന്റെ നേരെ വിരൽചൂണ്ടി പരാതിപ്പെട്ടു. "ഇദ്ദേഹം അവിടെ ഉണ്ടായിരുന്നില്ലെങ്കിൽ ഞാൻ സംസാരിക്കുകയേയില്ലായിരുന്നു. സംസാരിച്ച് സംസാരിച്ചു പോകവേ എന്റെ കൺമുന്നിൽ ഭർത്താവിന്റെ മുഖം തെളിഞ്ഞപ്പോൾ ഞാൻ അസ്വസ്ഥയായി. നിങ്ങൾ കണ്ടില്ലായിരുന്നുവെങ്കിൽ ഞാൻ ഈ കപ്പലിൽതന്നെ മരിച്ചു വീഴുമായിരുന്നു' എന്ന് ക്ഷീണിതയായ അവസ്ഥയിലും അവർഎന്നെ കുറ്റപ്പെടുത്തിയും പരിചാരകനെ പ്രശംസിച്ചും കാപ്പിയിൽ മുക്കിയ ബ്രഡ് വായിക്കകത്തേക്കിറക്കി.
"ഇനി മുതൽ നമ്മൾ സ്വകാര്യവിഷയങ്ങളൊന്നും സംസാരിക്കേണ്ട. എന്നാൽ താങ്കൾ എന്റെ സിനിമക്കാലത്തെക്കുറിച്ച് കേൾക്കണം. എനിക്ക് വീണ്ടും നടിയായി ഭർത്താവിനോട് പക വീട്ടണം' ;അവർ നിർദ്ദയമായി പറഞ്ഞു.
"നീ പോകുന്ന വഴി കടലുപോലെ വിശാലവും ദുർഘടം പിടിച്ചതുമായിരിക്കാം. എന്നാൽ നിന്റെ കർമ്മങ്ങൾ മനസ്സുവെച്ചാൽ നീ എവിടെയുണ്ടെങ്കിലും അവ നിന്റെ പിറകെ വരും' എന്ന് ഖുർആൻ പഠിപ്പിച്ച മൊല്ലാക്ക തന്റെ ജീവിതത്തിലെ പല സംഭവങ്ങളെയും ഉദാഹരിച്ച് ഞങ്ങളോട് പറഞ്ഞിരുന്നു. അദ്ദേഹം അക്കാലത്ത് പറഞ്ഞത് വളരെയേറെ വാസ്തവമാണെന്നപോലെ എന്റെ കണ്മുമ്പിൽതന്നെ പഴയ കാല അഭിനേത്രിയായ ആ സ്ത്രീ ഭക്ഷണശാലയിൽ ഇരിക്കുന്നുണ്ടായിരുന്നു. എന്റേതുതന്നെ വലിയ കഥയെന്ന് ഞാനിരിക്കുമ്പോൾ അതിനെക്കാളും വലിയ കഥയാണെന്ന ഭാവത്തിലാണല്ലോ ഈ സുന്ദരിയെന്നോർത്ത് ഞാൻ മനസ്സിൽ ചിരിച്ചു.
ദ്വീപുവാസികളും മൂഷിക സാമ്രാജ്യത്വവും
പിഞ്ഞാണപ്പാത്രത്തിന്റെ രഹസ്യവും അന്വേഷിച്ച് ഞാൻ ഈ ദ്വീപിലേക്ക് പുറപ്പെടുന്നതിനും ഏതാണ്ട് നാലര ദശകം മുമ്പ്, അതായത് കന്നടനാടിലെ സൂഫീവര്യനായ ഒരാൾ പായക്കപ്പലിലേറി ഈ ദ്വീപിലിറങ്ങി ഏകദേശം മൂന്നു നൂറ്റാണ്ടിനുശേഷം, ഇനിയും കൃത്യമായി പറഞ്ഞാൽ 1974ൽ കുടകിൽനിന്നുള്ള യുവാവായ ഒരു മൂഷികശാസ്ത്രജ്ഞൻ എലിപ്പാഷാണത്തിന്റെ രഹസ്യവുമന്വേഷിച്ച് ഇതേ ലക്ഷദ്വീപിലേക്ക് വന്നിരുന്നു. ഇപ്പോൾ അദ്ദേഹത്തിന് 80 വയസ് കഴിഞ്ഞു. കുടകിലുള്ള അദ്ദേഹത്തിന്റെ കാപ്പിത്തോട്ടത്തിൽ ഒറ്റയ്ക്കാണ് അദ്ദേഹം കഴിയുന്നത്. കൂട്ടിന് അദ്ദേഹത്തിന്റെ തോട്ടത്തിലുള്ള പണിക്കാരുടെ മക്കളുമുണ്ട്. ഈ കുട്ടികൾ അദ്ദേഹത്തിന്റെ ചെറിയ ബംഗ്ലാവ് മുഴുവനും കുഞ്ഞനെലികളെയും ചുണ്ടെലികളെയും പോലെ കലപില കൂട്ടി ഓടിക്കളിച്ചുകൊണ്ട് നടക്കുന്നു. ആ കുട്ടികളെ അങ്ങനെ ഓടിക്കളിച്ചില്ലെങ്കിൽ അദ്ദേഹത്തിന് ഉറക്കം വരില്ലത്രെ. അതുകൊണ്ട് അവരെ വീട്ടിൽ കഴിഞ്ഞുകൂടാൻ അനുവദിച്ചിരിക്കുകയാണ്. ഇദ്ദേഹം യൂറോപ്യൻ ശീലങ്ങളുള്ള ഒരു മനുഷ്യനാണ്. നല്ല തമാശ പറച്ചിൽ അദ്ദേഹത്തിന് ഭയങ്കര ഇഷ്ടമാണ്. സന്ധ്യാസമയത്ത് നല്ല ഒന്നാന്തരം സ്‌കോച്ച് വിസ്‌കിയും കഴിച്ച് പ്രപഞ്ചത്തിലെ സംഭവവികാസങ്ങളെക്കുറിച്ച് തമാശകൾ പങ്കുവെക്കും. അങ്ങനെ പങ്കുവെക്കുമ്പോൾ ഒരു ചെറുചിരി അദ്ദേഹത്തിന്റെ തലയ്ക്കുള്ളിൽനിന്ന് പുറപ്പെട്ട് ശബ്ദമുണ്ടാക്കാതെ ഉരുണ്ട് വായിലൂടെ പുറത്തുവന്ന് ചെറിയ ഇടിമുഴക്കംപോലെ അവിടെയെല്ലാം വ്യാപിക്കും.
പത്തുവർഷം മുമ്പ് ഞാൻ കുടകിലായിരുന്നപ്പോൾ അദ്ദേഹത്തിന്റെ നർമ്മസല്ലാപങ്ങളെയും ഇടിമുഴക്കംപോലെയുള്ള ചിരിയെയും ആസ്വദിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്, കൂടെ ഇടയ്ക്കിടെ വിസ്‌ക്കിയും. ഇന്ത്യയിലെ വലിയൊരു മൂഷികശാസ്ത്രജ്ഞനായിരുന്ന ഇദ്ദേഹം ഇങ്ങനെ കുടകിലെ കാപ്പിത്തോട്ടത്തിലുള്ള ചെറിയ ബംഗ്ലാവിൽ കുഞ്ഞനെലികളെപ്പോലെയുള്ള പാവപ്പെട്ട കുട്ടികളോടൊത്ത് ലളിത ജീവിതം നയിച്ചുവരുന്നത് എന്നെസംബന്ധിച്ച് വളരെ സന്തോഷമുള്ള കാര്യമായിരുന്നു. എന്നാൽ അദ്ദേഹം നാലുദശകം മുമ്പ് എലിപ്പാഷാണത്തിന്റെ രഹസ്യവുംതേടി ഇപ്പോൾ ഞാൻ എത്തപ്പെട്ടിരിക്കുന്ന ഈ ദ്വീപിലേക്ക് വന്നിരുന്നുവെന്ന കാര്യം എനിക്കറിയില്ലായിരുന്നു.
ഏകദേശം നാൽപ്പതുവർഷം മുമ്പത്തെ കഥയാണിത്. അക്കാലത്ത് യുവാവായ അദ്ദേഹം മുംബൈയിലെ ഒരു കീടനാശിനി കമ്പനിയിൽ മൂഷികശാസ്ത്രജ്ഞനായിരുന്നു. അദ്ദേഹത്തിന്റെ കമ്പനി ഉത്പാദിപ്പിച്ച പാഷാണവുമായി എലികൾ സാവധാനം പൊരുത്തപ്പെടുകയും അവയുടെ വംശാവലിയിൽ പാഷാണത്തിനെതിരെ പ്രതിരോധശക്തി വർദ്ധിക്കുകയാൽ ഏതുവിധത്തിലുമുള്ള പാഷാണത്തെയും അതിജീവിക്കുവാൻ കെൽപ്പുള്ളയിനം മൂഷികന്മാർ തങ്ങളുടെ വംശത്തെ പരിപോഷിപ്പിക്കുന്നുണ്ടായിരുന്നു. അപ്പോൾ ആ ഇനം എലികളെ ഉന്മൂലനം ചെയ്യുന്നതിനുവേണ്ടിയുള്ള പുതിയ തരം പാഷാണം കമ്പനിക്ക് ഉണ്ടാക്കേണ്ടിയിരുന്നു. യുവശാസ്ത്രജ്ഞനായ അദ്ദേഹത്തിനായിരുന്നു ഗൗരവമായ ആ ചുമതല ലഭിച്ചത്. എങ്കിലും ആ സമയത്ത് പറയാൻതക്ക ശാസ്ത്രജ്ഞനായി അദ്ദേഹം അറിയപ്പെട്ടിരുന്നില്ല.
എന്നാൽ ഞാൻ ഇപ്പോൾ താമസിക്കുന്ന ലക്ഷദ്വീപിലെ സഹവാസം കാരണം പാഷാണത്തെ പ്രതിരോധിക്കാനുള്ള ശക്തിയാർജിച്ച് സങ്കൽപാതീതമാം വേഗത്തിൽ സന്താനമുൽപ്പാദിപ്പിക്കുന്ന ഒരു മൂഷിക കുടുംബത്തെ വളരെയടുത്തുനിന്ന് കാണാനുള്ള അവസരം അദ്ദേഹത്തിന് ലഭിച്ചു. ഈ എലി കുടുംബത്തെക്കുറിച്ച് കൂടുതൽ ഗവേഷണം നടത്തുകയും അതിന്റെ വംശത്തെ ഉന്മൂലനം ചെയ്യാനുള്ള പുതിയൊരു പാഷാണം കണ്ടുപിടിച്ച് പേരു സമ്പാദിക്കുകയും ചെയ്തു. ഈയൊരു നേട്ടം കാരണം ഐക്യരാഷ്ട്ര സഭയുടെ ഭക്ഷ്യ കാർഷികസംഘടനയുടെ ഉപദേഷ്ടാവായി അദ്ദേഹം നിയമിക്കപ്പെടുകയുണ്ടായി. "ഇതിനെല്ലാം കാരണം നീ ഓടിയൊളിച്ചുകൊണ്ടിരിക്കുന്ന ലക്ഷദ്വീപാണ്' എന്ന് ഈയ്യിടെ ഒരു താമാശ പൊട്ടിച്ച് കുടുകുടാ ചിരിച്ചുകൊണ്ട് പറഞ്ഞിരുന്നു. എൺപത് വയസ്സു കഴിഞ്ഞെങ്കിലും ഒരു മാറ്റവുമില്ലാത്ത ഗളഗളശബ്ദവും വികൃതിച്ചിരിയും!
അദ്ദേഹത്തിന്റെ അഭിപ്രായപ്രകാരം അറബിക്കടലിലെ അനന്തമായ ഈ ജലരാശിയുടെ നടുവിൽ വ്യാപിച്ചുകിടക്കുന്ന ഈ ദ്വീപ് കന്യകമാരുടെ സാരിത്തലപ്പുകൾക്കിടയിൽ ഒളിച്ചുനടക്കുന്നത് കന്നടനാട്ടിലെ ഒരു സുന്ദരിയുടെ പ്രണയാഭ്യർത്ഥനയിൽനിന്ന് രക്ഷപ്പെടാനാണത്രെ. "ഹെയ്, അങ്ങനെയൊന്നുമില്ല. ഞാനിവിടെ വന്നിരിക്കുന്നത് ഒരു പിഞ്ഞാണപ്പാത്രത്തിന്റെ രഹസ്യവുമന്വേഷിച്ചുകൊണ്ടാണ്.' എന്നു പറഞ്ഞപ്പോൾ അദ്ദേഹം പൊട്ടിച്ചിരിച്ചു. "പിഞ്ഞാണപ്പാത്രവുമല്ല മണ്ണാങ്കട്ടയുമല്ല. നിന്റെ പ്രേമകഥകളെക്കുറിച്ചൊക്കെ എനിക്കറിയാവുന്നതല്ലേ' എന്ന് അദ്ദേഹം വീണ്ടും വീണ്ടും കളിയാക്കുന്നു. എനിക്കാണെങ്കിൽ സങ്കടവും ചിരിയും വരുന്നു.
ജീവിതത്തിൽ ഇതെല്ലാം ഉള്ളതു തന്നെയാണ്. ഇപ്പോൾ നമ്മൾ ലക്ഷദ്വീപിനെയും എലിപ്പാഷാണത്തെയും കുറിച്ച് സംസാരിക്കാം. മുംബൈയിൽ ജോലി ചെയ്യുന്ന സമയത്ത് തന്റെ കമ്പനിയുടെ കോഴിക്കോടുള്ള ഡിപ്പോയിൽനിന്ന് ചാക്കുകണക്കിന് എലിപ്പാഷാണം ലക്ഷദ്വീപിലേക്ക് കയറ്റി അയക്കുന്നതിന്റെ കണക്ക് മുകളിൽ പറഞ്ഞ ഈ ശാസ്ത്രജ്ഞൻ അറിയാനിടയാകുന്നു. രാജ്യത്തെ മൊത്തം ഉത്പാദനത്തിന്റെ പകുതിയിൽ കൂടുതലും കോഴിക്കോട്ടെ ബേപ്പൂർ തുറമുഖത്തുനിന്ന് വഞ്ചികളിൽ ലക്ഷദ്വീപിലേക്കാണ് കയറ്റിയയച്ചുകൊണ്ടിരിക്കുന്നത്. എത്ര എത്തിച്ചുകൊടുത്തിട്ടും മതിയായില്ല ദ്വീപുവാസികളുടെ പാഷാണത്തിനുവേണ്ടിയുള്ള ആവശ്യം. ഇതിലെന്തോ രഹസ്യമുണ്ടെന്ന് കരുതി ഇതുവരെ പേരുപോലും കേട്ടിട്ടില്ലാത്ത ഈ ദ്വീപിലേക്ക് വരാൻ അദ്ദേഹം തയ്യാറാകുന്നു. മുംബൈയിൽനിന്ന് പുറപ്പെട്ട അദ്ദേഹത്തിന് പക്ഷേ കോഴിക്കോട്ടെ തുറമുഖത്തുനിന്ന് ലക്ഷദ്വീപിലേക്ക് പോകാൻ അനുമതി ലഭിക്കുന്നില്ല. എത്ര കണ്ട് അപേക്ഷിച്ചാലും ലഭിക്കാത്ത സർക്കാർ അനുമതി! ഒടുവിൽ അയാളൊരു ഉപായം കണ്ടെത്തുന്നു. ഏതു തരം പാഷാണത്തിനുമുമ്പിലും അടിയറവ് പറയാത്ത എലികളെ തീർത്തും ഉന്മൂലനം ചെയ്യാനുള്ള വിദ്യ തന്റെ കൈവശമുണ്ടെന്നും തനിക്കൊരു അവസരം തന്നാൽ ദ്വീപുവാസികൾ നേരിടുന്ന എലിശല്യം ശാശ്വതമായി ഇല്ലാതാക്കാമെന്നും ദ്വീപിലെ കൃഷിവകുപ്പിന്റെ തലവന് അദ്ദേഹം കത്തയക്കുന്നു. കുറേ മാസത്തെ കാത്തിരിപ്പിനുശേഷം അനുമതി ലഭിച്ചു.
ബേപ്പൂർ തുറമുഖത്തു ചെന്ന് ചെറുയാത്രാകപ്പലിൽ കയറി ഒരു ദ്വീപിലിറങ്ങി അവിടെനിന്ന്തോ ണിയിൽ കയറി ഏകദേശം നാൽപ്പത്തിയഞ്ച് വർഷം മുമ്പ് ഞാനിപ്പോൾ വസിക്കുന്ന ദ്വീപിൽ അദ്ദേഹം എത്തി. കടലിനു നടുവിലെ ഈ ദ്വീപുകളെക്കുറിച്ചുള്ള സുന്ദരകഥകൾ തലയ്ക്കകത്ത് നിറച്ച് ഇവിടെ ഉണ്ടായിരിക്കാൻ സാധ്യതയുള്ള അനന്യസുന്ദരികളെയും ദൃഢരായ ആണുങ്ങളെയും മനസ്സിൽ സങ്കൽപ്പിച്ച് തോണിയിറങ്ങി വന്ന അദ്ദേഹത്തിന് ശോഷിച്ച പെണ്ണുങ്ങളെയും വാടിയ മുഖമുള്ള ആണുങ്ങളെയും കണ്ട് വളരെയേറെ നിരാശ തോന്നി.
ആകാശത്തേക്ക് തലയുയർത്തി നിൽക്കുന്ന കൽപവൃക്ഷങ്ങളുടെ നീണ്ട നിരകൾ. ഓരോ മരത്തിനടിയിലും എലികൾ കരണ്ടെറിയപ്പെട്ടു കിടക്കുന്ന മച്ചിങ്ങകൾ. തെങ്ങിന്റെ ഓരോ കുലകളിലും പാരമ്പര്യമായി സന്താനോത്പാദനം നടത്തി സാമ്രാജ്യം സ്ഥാപിച്ചുകൊണ്ടിരിക്കുന്ന പല തരത്തിലുള്ള മൂഷികവംശങ്ങൾ. ദ്വീപുവാസികളുടെ വിവരണാതീതമായ സങ്കടങ്ങൾക്കും വിശപ്പിനും കാരണക്കാരായ എലികൾ യാതൊരു പാപബോധവുമില്ലാതെ ആൾക്കാരുടെ കാലിനിടയിൽക്കൂടിതന്നെ കിരികിരി ശബ്ദമുണ്ടാക്കി ഓടിക്കളിക്കുകയാണ്. മുംബൈയിലെ തങ്ങളുടെ കമ്പനിയിൽ തയ്യാറാക്കിയ എലിവിഷത്തിന്റെ കാലിപ്പാക്കറ്റുകൾ തെങ്ങിൻ ചുവട്ടിൽ ഉപയോഗശൂന്യമായ ആറ്റംബോംബുകളെപ്പോലെ ദയനീയമായി വീണുകിടക്കുന്നു. പാഷാണമുപയോഗിക്കുന്നതിലെ നിരർത്ഥകത ദ്വീപുവാസികൾ മനസ്സിലാക്കിയെങ്കിലും മറ്റൊരു വഴിയുമില്ലാത്തത്തിനാൽ അവ തന്നെ വീണ്ടും വീണ്ടും പ്രയോഗിക്കുന്നു. അരി, തേങ്ങ, വെല്ലം എന്നിവ ചേർത്തരച്ച് മാവുണ്ടാക്കി "എലിയപ്പം' എന്നൊരു പുതിയ പലഹാരം ചുട്ടെടുത്ത് അവയിൽ തേൻപോലെ വിഷം പുരട്ടി മൂഷിക പരമാത്മാവിന് അവരത് സമർപ്പിക്കുന്നു. അവ പ്രസാദം പോലെ സ്വീകരിക്കുന്ന എലിദേവൻമാർ ഒന്നുകൂടി കൊഴുത്തു തടിച്ചുവളർന്ന് തങ്ങളുടെ നാശം വിതയ്ക്കൽ യജ്ഞം തുടരുന്നു.
അക്കാലത്ത് ദ്വീപിലെ ആളുകൾക്ക് അന്നം നൽകിയിരുന്നത് കൽപവൃക്ഷങ്ങൾ മാത്രമായിരുന്നു. അതിൽനിന്ന് വെളിച്ചെണ്ണയുണ്ടാക്കി വിൽക്കണം. നീരയുപയോഗിച്ച് ശർക്കരയുണ്ടാക്കി വിൽക്കണം. കയർ നിർമ്മിച്ചെടുത്ത് ചരക്കുകപ്പലിൽ കയറ്റി കേരളത്തിലെയും മംഗലാപുരത്തെയും തുറമുഖങ്ങളിൽ ഇറക്കി അവിടെനിന്ന് അരി, മാംസം, പച്ചക്കറി, വസ്ത്രം, സോപ്പ്, ചീപ്പ്, കണ്ണാടി ഇത്യാദി വാങ്ങിക്കൊണ്ട് വരണം. യാതൊരു കാളകൂടവിഷത്തിനു മുമ്പിലും പത്തി മടക്കാത്ത മൂഷികവംശത്തെ മലർത്തിയടിക്കാൻ വാരാന്ത്യത്തിൽ പുതിയൊരു പ്രക്ഷോഭം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. അതെന്താണെന്നുവെച്ചാൽ ഒരാൾ ചുറുക്കോടെ തെങ്ങിൽ കയറുകയും അതിന്റെ മണ്ടയിലിരുന്ന് ശക്തിയായി തെങ്ങിനെ കുലുക്കുകയും വേണം. ആ ആടിയുലച്ചലിൽ പതറുന്ന എലികൾ തങ്ങളുടെ ആഢംബരക്കൂടുകളിൽനിന്ന് വെളിയിലേക്കുവന്ന് താഴെ നിലത്തേക്ക് വീണ് ദിക്കുതെറ്റി ഓടണം. അന്നേരം താഴെ കാത്തുനിൽക്കുന്ന ജനസമൂഹം അടിച്ചോടിച്ച് കൊല്ലണം. സന്ധ്യയാകുന്നതോടെ ദ്വീപിലെ തെങ്ങുകളുടെ ചുവട്ടിൽ കുമിഞ്ഞു കിടക്കുന്ന മൂഷികൻമാരുടെ മൃതദേഹം കണ്ട് ദ്വീപുവാസികളെല്ലാം വിജയോത്സവം ആചരിക്കണം. ആ എലിവേട്ടയെ "എലിനായാട്ട്' എന്നാണവർ വിളിച്ചിരുന്നത്. എന്നാൽ അവരുടെ അറിവിൽപ്പെടാതെ രക്ഷപ്പെട്ട് തെങ്ങിൽതന്നെ ബാക്കിയായ ചില എലികൾവീണ്ടും കുഞ്ഞുങ്ങളെ പ്രസവിച്ച് അവരുടേതായ വിജയഭേരിയും മുഴക്കുമായിരുന്നുവത്രെ.
നാലര ദശകം മുമ്പ് ഇതുപോലുള്ള ഒരു പകലിൽ യുവാവായ മൂഷികശാസ്ത്രജ്ഞൻ പാഷാണ രഹസ്യവും അന്വേഷിച്ച്തോണിയിൽവന്നിറങ്ങിയപ്പോൾ ദ്വീപുവാസികൾ ഇങ്ങനെയൊരു "എലിനായാട്ടും' കഴിഞ്ഞ് ക്ഷീണിച്ചിരിക്കുകയായിരുന്നുവത്രെ. കുറച്ചുകാലം ഇങ്ങനെ കുറേ കടൽയാത്രയും പലവിധത്തിലുള്ള വിഷപ്രയോഗങ്ങളും പരീക്ഷിച്ച നമ്മുടെ യുവശാസ്ത്രജ്ഞൻ ഒടുവിൽ ഫ്രാൻസിൽനിന്ന് വരുത്തിച്ച പ്രത്യേക പാഷാണം രഹസ്യമായ അനുപാതത്തിൽ ഉപയോഗിച്ച് പുതിയൊരു എലിവിഷമുണ്ടാക്കി ദ്വീപുവാസികളുടെ മുമ്പിൽ സമർപ്പിച്ചു.
"ഇപ്പോൾ നിങ്ങളുടെ ദ്വീപിലെ അവസ്ഥയെന്താണ്' എന്ന് 45 വർഷങ്ങൾക്ക് ശേഷം അദ്ദേഹം എന്നോട് അന്വേഷിച്ചു. അതിനകം സൂചീമുഖമുള്ള അനേകം ചുറുചുറുക്കന്മാരായ എലികൾ തെങ്ങിൽ കയറുന്നതും ഇറങ്ങുന്നതും പലതവണ കണ്ടിരുന്ന ഞാൻ "അവരെല്ലാം സുഖത്തിലുണ്ട്. ദ്വീപിലെ ആൾക്കാരും സുഖത്തിലുണ്ട്. ഇതിപ്പോൾ സർക്കാർ അവർക്ക് പലവിധത്തിലുള്ള സൗകര്യങ്ങളും സർക്കാരുദ്യോഗങ്ങളും നല്കിയിരിക്കുന്നതിനാൽ തെങ്ങിനോടുള്ള ബാധ്യത ഉപേക്ഷിച്ചിട്ടുണ്ട്. തെങ്ങു കയറ്റക്കാർ ആ തൊഴിലുപേക്ഷിച്ച് മീൻപിടുത്തം ആരംഭിച്ചിട്ടുണ്ട്. കയറുവ്യാപാരവുമില്ല, നീര ഉണ്ടാക്കേണ്ട ആവശ്യവുമില്ല. അതിനാൽതന്നെ മൂഷികസാമ്രാജ്യത്വത്തിലെ അധിപൻമാർ കല്പവൃക്ഷത്തിനു മുകളിലെ ലീലാവിലാസങ്ങളിൽ മുഴുകി ഒരുതരത്തിലുള്ള വിസ്മൃതിയിലാണ്ട് പോയിരിക്കുന്നു' എന്നു മറുപടി പറഞ്ഞു. അദ്ദേഹം കുടുകുടാ ചിരിച്ചു. "അല്ലെടോ, അവിടെ സ്‌കോച്ചുമില്ല പൂർവ്വദിക്കിലെ മോഹിനികളാരുമില്ല, ഇതൊന്നുമില്ലാതെ വെറുതെയിരിക്കുന്ന ആസാമിയുമല്ല നീ. വെറും പിഞ്ഞാണപ്പാത്രത്തെക്കുറിച്ചുള്ള രഹസ്യമറിയാനാണ് നീ ഈ ദ്വീപിൽ താമസിക്കുന്നതെന്നു കരുതാൻ തരമില്ല. പറ, അവിടുത്തെ ഏകാന്തവാസത്തിന്റെ രഹസ്യമെന്താണ്?' എന്നദ്ദേഹം പൊട്ടിച്ചിരിച്ചു.
കാലവർഷത്തിനുശേഷമുള്ള കുടകിലെ ഇളംവെയിൽ, മുഖത്തേക്കടിക്കുന്ന സ്നിഗ്ദ്ധമായ പച്ചപ്പ്, അകത്ത് കലപിലയുണ്ടാക്കുന്ന സഹായികളുടെ മക്കൾ, പതിയെ അദ്ദേഹത്തിന്റെ തലച്ചോറിനെയും ചിരിയെയും ആവരണം ചെയ്യുന്ന സ്‌കോച്ച് വിസ്‌ക്കിയുടെ ഹിതമായ ലഹരി. ഇവിടെ ഒറ്റയ്ക്ക് താമസിക്കുന്ന എനിക്ക് അദ്ദേഹത്തോട് എന്തു മറുപടി പറയണമെന്നറിഞ്ഞില്ല.
ഇതിപ്പോൾ പടിഞ്ഞാറൻ സീമയിൽ ഇത് ആദ്യമാണോയെന്നു തോന്നിപ്പിക്കുംവിധം തങ്കനിറമുള്ള വെള്ളത്തിലേക്ക് മുങ്ങിക്കൊണ്ടിരിക്കുന്ന ലക്ഷം ശതകോടി നക്ഷത്രവയസ്സുള്ള സൂര്യനെന്ന രേതസ് നിറഞ്ഞു തുളുമ്പുന്ന പുരുഷൻ. ഈ എല്ലാ അണ്ഡ ബ്രഹ്മാണ്ഡ പ്രപഞ്ച വ്യവഹാരങ്ങൾക്ക് നടുവിൽ ഒന്നുമറിയാതെ സൈക്കിളും ചവിട്ടിപ്പോകുന്ന ഞാൻ. എന്താണന്നറിയില്ല കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. മൂഷികശാസ്ത്രജ്ഞനോട് എന്തു മറുപടി പറയണമെന്ന് അറിഞ്ഞില്ല. "ഗുരുവേ, ഈ ദ്വീപിൽ അജ്ഞാതവാസിയായി കഴിയുന്നതിനു പിന്നിൽപല കാരണങ്ങളുണ്ട്. അവയിൽ പലതുമെന്താണെന്ന് എനിക്കു പോലുമറിയില്ല. അതിരിക്കട്ടെ, ഇപ്പോൾ വീട്ടിൽനിന്ന് ഉമ്മയുടെ ഫോൺ വരുന്നുണ്ട്.' എന്നു പറഞ്ഞ് നാട്ടിൽനിന്ന് ഉമ്മയുടെ വിളിക്കായി കാത്തിരുന്നു.
ഞാൻ കന്നടയിൽ എഴുതിയിരുന്ന ഖുർആൻ പഠിപ്പിച്ച മഹാനുഭവന്റെ കഥാപ്രസംഗങ്ങളെ ആരിൽനിന്നോ വായിച്ചുകേട്ട ഉമ്മ അതിൽവരുന്ന ചില വിഷയങ്ങളുടെ കൃത്യതയെക്കുറിച്ച് എന്നോട് സംസാരിക്കണമെന്ന് കുറച്ചു നാളുകളായി കാത്തിരിക്കുകയാണ്. ഈയ്യിടെ കപ്പലിൽ സഞ്ചരിക്കുമ്പോൾ എന്റെ മൊബൈൽ ഫോൺ കളഞ്ഞുപോയിരുന്നു. ആർക്കുമറിയാത്ത എന്റെ പുതിയ നമ്പർ ഉമ്മയ്‌ക്കെങ്ങനെ കിട്ടിയെന്നറിയാനുള്ള ആകാംക്ഷ എനിക്കുമുണ്ടായിരുന്നു.
(തുടരും)
മൊഴിമാറ്റം: എ .കെ. റിയാസ് മുഹമ്മദ്
ലക്ഷദ്വീപ് ഡയറി - 1 മൊല്ലാക്കയുടെ പിഞ്ഞാണപ്പാത്രവും തിരഞ്ഞുകൊണ്ട്!